വിറ്റ്ജന്‍സ്റ്റൈനും ഡ്യൂഷാമ്പും ചെസ്സ് കളിക്കുന്നു 

വ്യത്യസ്ത കലകളുടേയും സൗന്ദര്യശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഇതിഹാസങ്ങളുടേയും റിസേര്‍ച്ചിന്റേയും സമ്മേളനമാണ് ദത്തയുടെ സിനിമകള്‍
അമിത് ദത്തയുടെ വിറ്റ്ജൻസ്റ്റൈൻ പ്ലെയ്സ് ചെസ്സ് വിത്ത് മാർഷൽ ഡ്യൂഷാമ്പ് എന്ന ആനിമേഷൻ ചിത്രത്തിൽ നിന്ന്
അമിത് ദത്തയുടെ വിറ്റ്ജൻസ്റ്റൈൻ പ്ലെയ്സ് ചെസ്സ് വിത്ത് മാർഷൽ ഡ്യൂഷാമ്പ് എന്ന ആനിമേഷൻ ചിത്രത്തിൽ നിന്ന്

''Words and chess pieces are analogous; knowing how to use a word is like knowing how to move a chess piece' -Ludwing Wittegenstein 

ന്ത്യന്‍ സിനിമയിലെ ഏറ്റവും ക്രിയാത്മകമായ സാന്നിധ്യമാണ് അമിത് ദത്ത. പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു സിനിമ പഠിച്ച ദത്ത നമ്മുടെ മെയിന്‍സ്ട്രീം ആര്‍ട്ട് സിനിമാ വേദികളില്‍ അത്ര പരിചിതനല്ല. അദ്ദേഹത്തിന്റെ സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല. മ്യൂസിയങ്ങളിലും മേളകളിലും മാത്രമാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രശസ്തങ്ങളായ മേളകളില്‍നിന്ന് ഈ സിനിമകള്‍ക്ക് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഈയടുത്ത് മുബി അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു ഓണ്‍ലൈന്‍ റെട്രോസ്പെക്റ്റീവ് അവതരിപ്പിക്കുകയുണ്ടായി. 

വ്യത്യസ്ത കലകളുടേയും സൗന്ദര്യശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഇതിഹാസങ്ങളുടേയും റിസേര്‍ച്ചിന്റേയും സമ്മേളനമാണ് ദത്തയുടെ സിനിമകള്‍. പല മേഖലകളുടെ സമ്മേളനം. ഈ മേഖലകളുടെ പരസ്പരാശ്രിതത്വം മാത്രമല്ല, ഒന്നിന്റെ മറ്റൊന്നിലേയ്ക്കുള്ള തുളുമ്പല്‍ പ്രധാനമാണ്. എല്ലാ മേഖലയിലും സ്പെഷ്യലൈസേഷന് പ്രാധാന്യമുള്ള ഇക്കാലത്ത് കലകള്‍ തമ്മിലുള്ള പരസ്പരബന്ധത്തിനു വലിയ പ്രാധാന്യമുണ്ട്. കലകള്‍ പൊതുവായി പങ്കുവെയ്ക്കുന്ന സംസ്‌കാരിക മൂലധനത്തിന് ഭാരതീയ ചിന്തകള്‍ പ്രാധാന്യം കൊടുത്തിരുന്നു. മറ്റൊന്ന്, സിനിമ അദ്ദേഹത്തെ സംബന്ധിച്ച് ഒരു പ്രക്രിയയാണ്. ഭാരതീയര്‍ പ്രക്രിയയില്‍ വിശ്വസിക്കുന്നവരാണല്ലോ. അന്വേഷിക്കുക, അന്വേഷിച്ചുകൊണ്ടേയിരിക്കുക. അപ്പോള്‍ അതുവരെ കാണാതിരുന്നത് പലതും പ്രകടമാവും. ആനന്ദ കുമാരസ്വാമി പറയുന്നു, ഇതുവരെ അറിയാതിരുന്ന അനന്തവും അക്ഷയവുമായത്, ഭാവനയിലൂടെയും പ്രതിഭയിലൂടെയും സഹജാവബോധത്തിലൂടെയും കണ്ടെത്തേണ്ടത്. ദത്ത സ്വയത്തെ 'മാര്‍ഗ്ഗി' എന്നാണ് വിശേഷിപ്പിക്കുന്നത്. മുന്നോട്ടുള്ള പാത തിരയുന്ന ആളെന്ന അര്‍ത്ഥത്തില്‍. അദ്ദേഹത്തിന്റെ രചനകള്‍ എപ്പോഴും മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുന്നു. തനിക്കൊപ്പം അദ്ദേഹം തന്റെ പ്രേക്ഷകരേയും നിരന്തര യാത്രയില്‍ കൂടെ കൊണ്ടുപോകുന്നു. അദ്ദേഹം പറയുന്നു: ''പര്യവേക്ഷണം, അന്വേഷണം - ഇവ മാത്രമാണ് ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. അന്വേഷണം മാത്രമാണ് സത്യം. പ്രക്രിയ മാത്രമാണ് സത്യം.'' 

അമിത് ദത്ത
അമിത് ദത്ത

കുറേ വര്‍ഷങ്ങളായി ദത്ത ഇന്ത്യന്‍ ചിത്രകലയേയും അതിന്റെ ചരിത്രത്തേയും - മിനിയേച്ചര്‍, ചിത്രങ്ങള്‍, കലാകാരന്മാര്‍ - തന്റെ സിനിമകളില്‍ ധാരാളമായി അവതരിപ്പിക്കുന്നു. കലാകാരന്മാര്‍ ജീവിച്ച പ്രദേശങ്ങള്‍, അവര്‍ പ്രവര്‍ത്തിച്ച മേഖല, അവരുടെ സൃഷ്ടികള്‍, അവരുടെ അലച്ചില്‍ - അങ്ങനെ ഇതുമായി ബന്ധപ്പെട്ട പല മേഖലകളും അവതരിപ്പിക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ദത്ത ഒരു നരവംശ ശാസ്ത്രജ്ഞന്റേയും വിദ്യാര്‍ത്ഥികളുടേയും കൂടെ അവരുടെ പഠനയാത്രയില്‍ രാംഖിന്ദ് എന്ന സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. അങ്ങനെയാണ് വാര്‍ളി ചിത്രകാരന്മാരേയും അവരുടെ നാടന്‍ കലയേയും കുറിച്ചുള്ള Ramkhind: A Warli Village എന്ന സിനിമ ജന്മമെടുക്കുന്നത്. മിഥില മ്യൂസിയം ഓഫ് ജപ്പാനില്‍ താമസിച്ച് പ്രവര്‍ത്തിച്ചിരുന്ന Jangarh Singh Shyam എന്ന ഇന്ത്യന്‍ നാടോടി കലാകാരന്റെ ആത്മഹത്യയെക്കുറിച്ചാണ് ദത്തയുടെ Invisible Webs: An Art Historical Enquiry into the Life and Death of Jangarh Singh Shyam എന്ന പുസ്തകം. പല റിസേര്‍ച്ചിന്റെ ഫലമായി ദത്തയ്ക്ക് India Foundation for the Arts-ല്‍ നിന്ന് ഗ്രാന്റ് ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം Jangarhന്റെ മധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് ഒരു ഡിജിറ്റല്‍ ക്യാമറയുമായി ചെന്ന് നൂറില്‍ കൂടുതല്‍ മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ചിത്രീകരണം നടത്തുകയുണ്ടായി. ഇതില്‍നിന്ന് ഉണ്ടാക്കിയ സിനിമയാണ് Jangarh: One Film.

18ാം നൂറ്റാണ്ടില്‍ ഹിമാചല്‍ പ്രദേശിലെ ഗുലേറില്‍ ജീവിച്ചിരുന്ന പഹാഡി ചിത്രകാരനെക്കുറിച്ചാണ് ദത്തയുടെ 'നൈന്‍സുഖ്' എന്ന സിനിമ. ഈ സിനിമ ഉണ്ടാക്കുന്നതിനായി ഉൃ. Eberhard Fischer എന്ന സ്വിസ്സ് കലാകാരനോടൊപ്പം ദത്ത ഹിമാചല്‍ പ്രദേശില്‍ സ്ഥിതിചെയ്യുന്ന കാംഗ്ര സമതലത്തില്‍ ചെന്ന് റിസേര്‍ച്ച് നടത്തി. (ഇദ്ദേഹം 'നൈന്‍സുഖി'ന്റെ നിര്‍മ്മാതാവുമാണ്). നൈന്‍സുഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സ്ഥലങ്ങള്‍ അവര്‍ സന്ദര്‍ശിക്കുകയുണ്ടായി. മാത്രവുമല്ല, സിനിമയ്ക്കാവശ്യമുള്ള പല കാര്യങ്ങളും കാംഗ്രയിലെ പഹാഡി മിനിയേച്ചര്‍ ചിത്രങ്ങളുടെ പഠനത്തില്‍ ആധികാരികതയുള്ള ബി.എന്‍. ഗോസ്വാമി എന്ന ചിത്രകലാ ചരിത്രകാരന്റെ പഠനങ്ങളെ ആസ്പദമാക്കിയുമാണ്. 

ദത്തയും ഗോസ്വാമിയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നാണ് Museum of Imagination, Field Trip, Chithrashala എന്നീ ചെറു സിനിമകള്‍ ജനിക്കുന്നത്. 12-ാം നൂറ്റാണ്ടിലെ ഗീതാ ഗോവിന്ദത്തെ പഹാഡി ചിത്രങ്ങളുമായി ഇണക്കിയാണ് ദത്ത 'ഗീതാഗോവിന്ദ' എന്ന സിനിമ സംവിധാനം ചെയ്തത്. Saatvin Sair എന്ന സിനിമ പരംജിത് സിംഗ് എന്ന ചിത്രകാരന്റെ കലാലോകത്തെക്കുറിച്ചാണ്. കാംഗ്രയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 
ചിത്രകലയെ ആധാരമാക്കിയുള്ളതാകയാല്‍ ഒരുപോലെ തോന്നുമെങ്കിലും ഇവ ഓരോന്നും വളരെ വ്യത്യസ്തമാണ്. സിനിമയുടെ പല സാധ്യതകളെ അദ്ദേഹം പരീക്ഷിക്കുന്നു. ഇതിലൂടെ ഒരു പുതിയ സൗന്ദര്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. പ്രശസ്ത ഫ്രെഞ്ച് ചലച്ചിത്രകാരനും സൈദ്ധാന്തികനുമായിരുന്ന ബ്രസ്സോയുടെ കണ്ടെത്തുക, വീണ്ടും കണ്ടെത്തുക (Invent, reinvent) എന്ന ആശയമാണ് ഇവിടെ ഓര്‍മ്മവരുന്നത്. പല സങ്കേതങ്ങളുടെ ഉപയോഗത്തിലൂടെ സ്ഥലത്തേയും കാലത്തേയും കുറിച്ചുള്ള സാമ്പ്രദായിക സങ്കല്പങ്ങളെ ദത്ത തകര്‍ക്കുന്നു. അതുപോലെ ദൃശ്യവും ശബ്ദവും പാഠവും തമ്മിലുള്ള ബന്ധത്തെ പുതിയ രീതിയില്‍ കാണുന്നു. ഇതു നമ്മുടെ ആര്‍ട്ട് സിനിമകളില്‍നിന്നും വളരെ വ്യത്യസ്തമാണ്. ദത്ത പറയുന്നു: ''എന്റെ ആദ്യകാല വിദ്യാര്‍ത്ഥി ഹ്രസ്വ സിനിമകളില്‍, ഒരു മാധ്യമം എന്ന നിലയിലുള്ള സിനിമയുടെ പ്രത്യേകതകള്‍ എങ്ങനെ മനസ്സിലാക്കാമെന്നും എന്നെ പ്രചോദിപ്പിച്ച പരമ്പരാഗത കലകളുടെ - സാഹിത്യത്തിന്റേയും ചിത്രകലയുടേയും - സൗന്ദര്യശാസ്ത്രത്തില്‍നിന്ന് അതിനെ എങ്ങനെ സ്വതന്ത്രമാക്കാമെന്നും ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഞാന്‍ ക്യാമറയ്ക്ക് മാത്രം സാധ്യമായ ദൃശ്യ ഭാവുകത്വം സിനിമയില്‍ കൊണ്ടുവരുന്നത്.''

ചെസ് പ്രേമിയായ ദത്ത

ഒരു സിനിമാക്കാരനാകുന്നതിനു മുന്‍പ് ദത്ത ഒരു ചെസ്സ് കളിക്കാരനാവാന്‍ ആഗ്രഹിച്ചിരുന്നു. ജമ്മുവില്‍ പഠിക്കവെ കോളേജിന്റെ ചെസ്സ് ടീമിന്റെ ഭാഗമായിരുന്നു. 2017-ല്‍ All India Correspondence Championship-ല്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ചെസ്സിന്റെ ചരിത്രത്തെക്കുറിച്ച് റിസേര്‍ച്ച് ചെയ്ത അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. കളിക്കാര്‍ പരസ്പരം കാണാതെ അകലെ ഇരുന്നുകൊണ്ട് ചെസ്സ് കളിക്കുന്നതില്‍ (Correspondence Chess) മുന്‍നിരയില്‍ സ്ഥാനമുള്ള ദത്ത പല അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2015-ല്‍ ചെസ്സിന്റെ ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രൊജക്റ്റിന് Cetnre National des Arts Plastiques, Paris-ല്‍ നിന്ന് ബഹുമതി ലഭിച്ചിട്ടുണ്ട്. 

തന്റെ ചെസ്സ് പ്രേമത്തെക്കുറിച്ച് ദത്ത പറയുന്നു: ''ചെറുപ്പത്തില്‍ ദൃശ്യപരമായിട്ടാണ് ചെസ്സ് എന്നെ ആകര്‍ഷിച്ചത്. അത്ഭുതകരമാംവിധം കൊത്തുപണികളുള്ള മരത്തിന്റെ കരുക്കള്‍. കറുപ്പിലും മഞ്ഞയിലുമുള്ള പാറ്റേണ്‍, കരുക്കളുടെ ചലനങ്ങള്‍, ഗൂഢരീതിയിലുള്ള കോഡ് ഭാഷയില്‍ കളിക്കാര്‍ നീക്കങ്ങള്‍ കുറിച്ചുവെയ്ക്കുന്നത് - ഇവയെല്ലാം എന്നെ സംബന്ധിച്ച് സംഗീതത്തിലെ നൊട്ടേഷന്‍ പോലെ ആകര്‍ഷകമായിരുന്നു. അക്കാലത്ത് ഒരു ചെസ്സ് പുസ്തകം കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. വളരെ പണിപ്പെട്ടതിനുശേഷം Howard Staunton എഴുതിയ The Chess Player's Handbook എന്ന പുസ്തകം എനിക്ക് കിട്ടി. ഈ പുസ്തകം കവറോടു കവര്‍ ഞാന്‍ വായിച്ചു.'' 

ചെറുപ്പത്തില്‍ ചെസ്സിന്റെ കോച്ചിംഗോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ കിട്ടിയിരുന്നെങ്കില്‍ ദത്ത ചെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേനെ. അദ്ദേഹത്തിന്റെ രണ്ട് അഭിനിവേശങ്ങളായിരുന്നു ചെസ്സും സിനിമയും. അക്കാലത്ത് ചെസ്സില്‍ പരിശീലനം നല്‍കുന്ന ഒരു സ്ഥാപനം അദ്ദേഹത്തിന്റെ നാട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഏകദേശം രണ്ടായിരത്തോളം കിലോമീറ്റര്‍ അകലെ പൂനയില്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടായിരുന്നു. അങ്ങനെയാണ് ദത്ത സിനിമ പഠിക്കാനായി അവിടെ ചേരുന്നത്. 

ദത്തയും ഇന്റര്‍നാഷണല്‍ ചെസ്സ് മാസ്റ്ററായ വെങ്കിടാചലം ശരവണനുമായുള്ള ദീര്‍ഘ സംഭാഷണം പ്രസിദ്ധമാണ്. രണ്ടു പേര്‍ ചെസ്സ് കളിക്കുന്ന രീതിയിലാണ് ഈ സംഭാഷണം. ചെസ്സിനെക്കുറിച്ചു മാത്രമല്ല, സിനിമയേയും മറ്റു കലകളേയും കുറിച്ച് ഇവര്‍ ചര്‍ച്ചചെയ്യുന്നു. ശരവണന്‍ ഒരു ചെസ്സ് കളിക്കാരന്‍ മാത്രമല്ല, ചെസ്സിനെ ഒരു കലാരൂപം എന്ന നിലയില്‍ ആസ്വദിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹം സാഹിത്യത്തിലും സിനിമയിലും മറ്റു കളികളിലും തല്പരനാണ്. സത്യജിത് റായി സിനിമകളുടെ വലിയ ആരാധകനായ അദ്ദേഹം റായിയുടെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. റായിയുടെ സിനിമകള്‍ പലവട്ടം കണ്ടതിനു ശേഷമാണത്രെ അദ്ദഹം ഒരു സിനിമാ സ്‌നേഹിയായത്.

ഈ സംഭാഷണത്തില്‍ ചെസ്സിനേയും സംഗീതത്തേയും ബന്ധപ്പെടുത്തി ദത്ത പറയുന്നു: 'സ്ഥാനമാറ്റം' എന്ന ആശയം ചെസ്സിനെ ഭാരതീയ ശാസ്ത്രീയ സംഗീതവുമായി ബന്ധിപ്പിക്കുന്നു. ഇതൊരു സംഭവം ഓര്‍മ്മിപ്പിക്കുന്നു. രുദ്രവീണാവാദകനായ എന്റെ സുഹൃത്ത് ഉസ്താദ് ബഹാവുദ്ദീന്‍ ഡാഗര്‍ തന്റെ പിതാവ് മഹാനായ സിയാ മൊഹിയുദ്ദീന്‍ ഡാഗറുമായി ബന്ധപ്പെട്ട ഒരു കഥ പറയുകയുണ്ടായി. അദ്ദേഹം ഒരു നല്ല ചെസ്സ് കളിക്കാരനുമായിരുന്നു. ''നിങ്ങള്‍ക്കറിയാമോ, ഞങ്ങളുടെ രാഗപദ്ധതിയില്‍ ഓരോ രാഗവും നിര്‍വ്വചിച്ചിരിക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ച സ്വരങ്ങളുടെ നിശ്ചിത ക്രമത്തിലാണ്; അതായത് ചെസ്സിലെ നീക്കങ്ങളുടെ ക്രമം പോലെ. ചില സ്വരങ്ങളിലുള്ള ഊന്നല്‍ സ്വരമാധുര്യമുള്ള ഘടന സൃഷ്ടിക്കുകയോ അല്ലെങ്കില്‍ മുഖ്യരാഗത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു. ഒരു ഗായകന് ഒരു പ്രത്യേക രാഗം മറ്റൊന്നിലേക്ക് സ്ഥാനം മാറ്റാന്‍ കഴിയും. ഉസ്താദ് അദ്ദേഹത്തിന്റെ പക്കവാദ്യക്കാരനെ പരീക്ഷിക്കുമായിരുന്നു. ഒരു പ്രത്യേക രാഗം വായിക്കുമായിരുന്നു, എന്നാല്‍, മറ്റൊരു രാഗത്തെക്കുറിച്ച് ചിന്തിച്ചായിരുന്നു. പക്കവാദ്യക്കാരന്‍ ''താങ്കള്‍ ഈ രാഗം വായിക്കുകയായിരുന്നു, പക്ഷേ, ഞാന്‍ മറ്റൊരു രാഗമാണ് മനസ്സിലാക്കിയത്'' എന്നു പറഞ്ഞപ്പോള്‍ ഉസ്താദ് മറുപടി പറഞ്ഞു: ''താങ്കള്‍ തീര്‍ത്തും ശരിയാണ്. ചിലപ്പോള്‍ ഒരു പ്രത്യേക രാഗം വായിക്കുമ്പോള്‍ മറ്റൊരു രാഗം നമ്മുടെ സമീപത്തുകൂടെ നിശ്ശബ്ദമായി ഒഴുകുന്നത് നമുക്ക് കാണാം'' അതുപോലെ, ഒരു നീക്കം നടത്തുമ്പോള്‍ ഒരു ചെസ്സ് കളിക്കാരന്‍ മറ്റു നീക്കങ്ങള്‍ സമീപത്തുകൂടെ നിശ്ശബ്ദമായി ഒഴുകുന്നതു കാണണം.''

ചിത്രത്തിൽ നിന്ന്
ചിത്രത്തിൽ നിന്ന്

ചെസ്സുമായി ബന്ധപ്പെടുത്തി സിനിമയിലെ കാലസങ്കല്പത്തെക്കുറിച്ചും ദത്ത സംസാരിക്കുന്നു: 'Although cinema develops in time (like music), it is also made of time (Tarkovsky called film making 'sculpting in time'). As in chess, a film sequence that develops linearly is alos developing vertically. The vertical time is the realm of the 'initiate', the Saturday or Rasika, who can process significant associations,symbols and ideas as they unfold and carry them over to the next surging moment on the screen.' 

ചെസ്സിനേയും കവിതയേയും ബന്ധപ്പെടുത്തിയുള്ള Marcel Duchamp-sâ hm¡pIÄ C¯cpW¯n kvacWobamWv: 'Beauty in chess is closer to beauty in poetry; the chess pieces are the block alphabet which shapes thoughts; and these thoughts, although making a visual design on the chessboard, express their beauty abstractly, like a poem... From my close contact with artists and chess players, I have come to the personal conclusion that while all artists are not chess players, all chess players are artists.'

ഇവിടെ സ്മരിക്കാവുന്ന മറ്റൊരു കാര്യം ചെസ്സ് പ്രേമികളും കളിക്കാരുമായ സിനിമാക്കാരെയാണ്. സത്യജിത് റായ് വലിയ ചെസ്സ് പ്രേമിയായിരുന്നു. പ്രേംചന്ദിന്റെ കഥയെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'Shathranj Ke Khilari' എന്ന സിനിമ പ്രസിദ്ധമാണല്ലോ. സ്റ്റാന്‍ലി കുബ്രിക്, സെര്‍ഗി ഐസെന്‍സ്റ്റീന്‍ അതുപോലെ പല സംവിധായകരും ചെസ്സ് പ്രേമികളായിരുന്നു. അമിത് ദത്തയുടെ കൈവശം താര്‍കോവ്‌സ്‌കി പിതാവുമൊത്ത് ചെസ്സ് കളിക്കുന്ന ഒരു ഫോട്ടോ ഉണ്ടത്രേ. അദ്ദേഹം മോസ്‌കോയിലെ Gerasimov Institute of Cinematography-ല്‍ അതിഥിയായി പോയപ്പോള്‍ കിട്ടിയ സമ്മാനമാണ് ഈ ഫോട്ടോ. ദത്ത കൂട്ടിച്ചേര്‍ക്കുന്നു: ''ഒരുപക്ഷേ, സോവിയറ്റുകളായിരിക്കും ആദ്യമായി ചെസ്സിന്റേയും സിനിമയുടേയും ശക്തി തിരിച്ചറിഞ്ഞ് ദേശീയ സ്ഥാപനങ്ങളിലൂടെ ചിട്ടയോടുകൂടി പ്രോത്സാഹിപ്പിച്ചവര്‍. ആദ്യകാല പ്രധാനപ്പെട്ട ചെസ്സ് സിദ്ധാന്തങ്ങള്‍ റഷ്യനിലാണ് എന്നതുപോലെ പ്രബലമായ സിനിമാ സിദ്ധാന്തങ്ങളും റഷ്യയില്‍നിന്നാണ്. ഉപരിതലത്തിലുള്ള യാദൃച്ഛികതയ്ക്കപ്പുറം ഇതിനു പിന്നില്‍ മറ്റെന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.'' 

ചെസും തത്ത്വചിന്തയും

തത്ത്വചിന്തകര്‍ പലപ്പോഴും അവരുടെ സൃഷ്ടികളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ചെസ്സ് ഉപയോഗിച്ചിട്ടുണ്ട്. വാള്‍ട്ടര്‍ ബെഞ്ചമിന്‍ ചരിത്രത്തിന്റെ പ്രയാണത്തെ ചെസ്സ് കളിക്കുന്ന ഒരു യന്ത്രപ്പാവയുമായി താരതമ്യപ്പെടുത്തുന്നു. ജോണ്‍ ഡേവി, ചാള്‍സ് സാണ്ടേഴ്‌സ് പിയേഴ്‌സ് എന്നിവര്‍ അവരുടെ ആശയങ്ങള്‍ വിശദീകരിക്കാന്‍ ചെസ്സ് ഉപയോഗിക്കുന്നു. ഭാഷാപണ്ഡിതന്‍ ഫെര്‍ഡിനാന്റ് ഡി സോസൂര്‍, ചെസ്സുമായി ബന്ധപ്പെടുത്തി സൂചകങ്ങളുടെ കൈമാറ്റം വിശദീകരിക്കുന്നു. വിറ്റ്ജന്‍സ്റ്റൈനിന്റെ പ്രസിദ്ധീകരിച്ച കൃതികളില്‍ ചെസ്സ് എന്ന വാക്കോ അല്ലെങ്കില്‍ സമാന വാക്കോ 181 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ഭരണഘടനാപരവും നിയന്ത്രണപരവുമായ നിയമങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് ചെസ്സ് ഗെയിം പരിശോധിക്കുന്നതിലൂടെ നന്നായി മനസ്സിലാക്കാം എന്ന് ജോണ്‍ റോള്‍സ് വിശദീകരിക്കുന്നു. Hubert Dreyfus, Daniel Dennett എന്നിവര്‍ ചെസ്സിനേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനേയും ബന്ധിപ്പിച്ച് ധാരാളം പൊതുചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചെസ്സിലെ ഉദാഹരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് Dreyfus കംപ്യൂട്ടറുകള്‍ക്ക് ഇപ്പോഴും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മാര്‍ക്‌സ്, റസ്സല്‍, സാര്‍ത്രെ മുതലായ ചിന്തകര്‍ ചെസ്സ് കളിക്കാരായിരുന്നു.

തന്റെ ചെസ്സ് പ്രേമമായിരിക്കും ദത്തയെ വിറ്റ്ജന്‍സ്റ്റൈന്‍ പ്ലെയ്സ് ചെസ്സ് വിത്ത് മാര്‍ഷല്‍ ഡ്യൂഷാമ്പ് (Wittgenstein Plays Chess with Marcel Duchamp, or How Not to Do Philoosphy) എന്ന സിനിമ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. സ്റ്റീവന്‍ ബി. ജെറാര്‍ഡ് എന്ന തത്ത്വചിന്തകന്റെ ഇതേ പേരിലുള്ള ഒരു ഉപന്യാസത്തെ ആധാരമാക്കിയാണ് ദത്ത 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ അനിമേഷന്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചെസ്സ് കളിക്കാരായ ലുഡ്വിംഗ് വിറ്റ്ജന്‍സ്റ്റൈനും മാര്‍സെല്‍ ഡ്യൂഷാമ്പും എങ്ങനെയാണ് ഭാഷയേയും പരിപ്രേക്ഷ്യത്തേയും ചോദ്യം ചെയ്യുന്നത് എന്നു പരിശോധിക്കുകയാണ് ഉപന്യാസം. ഇതിനെ അനിമേഷനിലൂടെയാണ് ദത്ത അവതരിപ്പിക്കുന്നത്. സാധാരണരീതിയിലുള്ള അനിമേഷനല്ല. ദത്തയുടെ ഭാര്യ ഐശ്വര്യ എസ്. ദത്തയുടെ ഒരു സവിശേഷ രീതിയിലുള്ള (Winking style) അനിമേഷനിലാണ് സിനിമ. 

വിറ്റ്ജന്‍സ്റ്റൈന്‍ ഒരു ആസ്ട്രിയന്‍-ബ്രിട്ടീഷ് തത്ത്വചിന്തകനായിരുന്നു. പ്രധാനമായും ലോജിക്, ഗണിതത്തിന്റെ തത്ത്വചിന്ത, മനസ്സിന്റെ തത്ത്വചിന്ത, ഭാഷയുടെ തത്ത്വചിന്ത എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഡ്യൂഷാമ്പ് ഒരു അമേരിക്കന്‍-ഫ്രെഞ്ച് ചിത്രകാരനും ശില്പിയും എഴുത്തുകാരനും ആയിരുന്നു. ക്യൂബിസം, ദാദായിസം മുതലായ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കലാകാരന്‍. രണ്ടു പേരും ചെസ്സ് കളിക്കാരും ആയിരുന്നു. വസ്തുക്കളിലേക്കുള്ള നമ്മുടെ നോട്ടത്തെ എങ്ങനെ മാറ്റാം, ലോകത്തെ നോക്കുന്ന നമ്മുടെ രീതിയെ എങ്ങനെ മാറ്റാം എന്നാണ് വിറ്റ്ജന്‍സ്റ്റൈന്‍ ചിന്തിച്ചത്. ഈ ആശയത്തെ അധികരിച്ചാണ് ജെറാര്‍ഡിന്റെ ഉപന്യാസം. ഡ്യൂഷാമ്പിന്റേയും പ്രശസ്ത ചിത്രകാരനും ശില്പിയും ഗ്രാഫിക് ആര്‍ട്ടിസ്റ്റും കവിയും ആയിരുന്ന (അദ്ദേഹം ദാദായിസം, സര്‍റിയലിസം എന്നീ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു) മാര്‍ക്‌സ് ഏണ്‍സ്റ്റിന്റേയും സൃഷ്ടികളിലൂടെ രണ്ടു വ്യത്യസ്തമായ രീതികളിലൂടെ നാം ലോകത്തെ നോക്കുന്ന രീതിയെ എങ്ങനെ മാറ്റാം എന്നാണ് ജെറാര്‍ഡ് പറയുന്നത്. ഡ്യൂഷാമ്പിന്റെ രീതിയെ ഉപരിതല രീതിയായും ഏണ്‍സ്റ്റിന്റെ രീതിയെ ആഴത്തിന്റെ രീതിയായും അദ്ദേഹം കാണുന്നു. ചെസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ കളിയുടെ അനുഗ്രഹമായി ഇവര്‍ കാണുന്നത് ഇവിടെ ഒന്നും ഒളിച്ചുവെച്ചിട്ടില്ല എന്നതാണ്. ചെസ്സ് ബോര്‍ഡില്‍ ഉള്ളത് എല്ലാവര്‍ക്കും കാണാം. എന്നാല്‍, ഏണ്‍സ്റ്റിന്റെ രചനകള്‍ ആഴത്തിന് പ്രാധാന്യമുള്ളവയാണ്. ഉപരിതലത്തിനടിയില്‍ ഒളിച്ചിരിക്കുന്ന ഘടനയില്‍ ഉള്ളത്. ലോകം ആഴമുള്ളതായിത്തീരുന്നത് എങ്ങനെയാണ്? അല്ലെങ്കില്‍, എങ്ങനെയാണ് ഉപരിതലം ആഴത്തിലേക്ക് പോവുക? ഇത്തരം ചിന്തകളാണ് ജെറാര്‍ഡ് മുന്നോട്ട് വെയ്ക്കുന്നത്. ഇതുപോലെ തന്നെയാണ് പരിചിതമായതും അപരിചിതമായതും തമ്മിലുള്ള വ്യത്യാസം. ഇതിനായി രണ്ടു രചനകള്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്യൂഷാമ്പിന്റെ Trebuchet എന്ന ഫോട്ടോയും (ഇത് 1917-ലെ കോട്ട് തൂക്കാനുള്ള ഹാംഗറിന്റെ ഫോട്ടോയുടെ പകര്‍പ്പാണ്. ഈ ഹാംഗറിനെ യഥാര്‍ത്ഥ ധര്‍മ്മത്തില്‍നിന്നു മാറ്റി അതിനെ തറയില്‍ സ്ഥാപിച്ചിരിക്കയാണ്). ഈ ശീര്‍ഷകത്തിന് (Trebuchet) ചെസ്സിലെ സംജ്ഞയുമായി സാമ്യമുണ്ടത്രേ. ഡ്യൂഷാമ്പ് ചെസ്സില്‍ വളരെ തല്പരനായിരുന്നു എന്നു മാത്രമല്ല, ഫ്രെഞ്ച് നാഷണല്‍ ടീമില്‍ കളിച്ചിട്ടുമുണ്ട്. 

മറ്റേത് ഏണ്‍സ്റ്റിന്റെ മിക്‌സഡ് മീഡിയാ രചനയാണ്. ഒരു സെയില്‍സ് കാറ്റലോഗില്‍നിന്ന് പുരുഷന്മാരുടെ തൊപ്പികള്‍ വെട്ടിയെടുത്ത് ഒന്നിനു മുകളില്‍ മറ്റൊന്നായി ക്രമമില്ലാതെ ഒട്ടിച്ചതാണ് ഈ രചന. ആദ്യത്തേത് (ഹാംഗര്‍) കടയില്‍നിന്നു വാങ്ങിയ വളരെ സാധാരണമായ വസ്തുവും ഇതു പരിചിതമല്ലാത്തതും വിചിത്രവും ആണ്. ഇതിലൂടെ പരിചിതം, അപരിചിതം എന്നതിനെക്കുറിച്ചുള്ള വിറ്റ്ജന്‍സ്റ്റൈനിന്റെ ആശയങ്ങള്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. 

സിനിമയിലെ മറ്റൊരു വിഷയം പരിപ്രേക്ഷ്യത്തെക്കുറിച്ചാണ്. ഡ്യൂഷാമ്പിന്റെ അഭിപ്രായത്തില്‍ ദൃശ്യവും അതിന്റെ അര്‍ത്ഥപ്പെരുക്കങ്ങളും ചേര്‍ന്നു നാം വസ്തുക്കളിലേക്ക് നോക്കുന്ന രീതിയെ മാറ്റുന്നു എന്നാണ്. അദ്ദേഹത്തെ സംബന്ധിച്ച് പരിപ്രേക്ഷ്യം എന്നാല്‍, ഒറ്റ രീതിയില്‍, അല്ലെങ്കില്‍ ഇളക്കമില്ലാത്ത രീതിയില്‍ വസ്തുക്കളിലേക്കുള്ള നോട്ടമല്ല, മറിച്ച് കാഴ്ചക്കാരെ സാധാരണരീതിയിലുള്ള ധാരണകളില്‍നിന്നു മാറ്റുക എന്നതാണ്. കാഴ്ച ഒരു ബിന്ദുവില്‍ അപ്രത്യക്ഷമാവുകയല്ല, മറിച്ച് പല തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇവിടെ പല വീക്ഷണകോണുകള്‍ക്കാണ് പ്രാധാന്യം. 

ലുഡ് വിം​ഗ് വിറ്റ്ജൻസ്റ്റൈൻ
ലുഡ് വിം​ഗ് വിറ്റ്ജൻസ്റ്റൈൻ

ഈ രീതിയില്‍ ഒറ്റ പരിപ്രേക്ഷ്യം എന്ന ആശയത്തെ നിരാകരിക്കുകയാണ് ദത്ത മിനിയേച്ചര്‍ ആധാരമാക്കിയുള്ള തന്റെ സിനിമകളില്‍. പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന മണി കൗള്‍ ഇക്കാര്യം ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ നവോത്ഥാനത്തിലൂടെ നമുക്ക് ലഭിച്ചത് പരിപ്രേക്ഷ്യത്തിന്റെ സംയോജനത്തെക്കുറിച്ചുള്ള ആശയമാണ്. എന്നാല്‍, ഇന്ത്യയില്‍ അത്തരത്തിലുള്ള ഒറ്റ പരിപ്രേക്ഷ്യം ഉണ്ടായിരുന്നില്ല; പ്രത്യേകിച്ച് മുഗള്‍ മിനിയേച്ചര്‍ ചിത്രങ്ങളില്‍. മിനിയേച്ചറിന്റെ പരന്ന പ്രതലത്തില്‍ പല സംഭവങ്ങള്‍ ആലേഖനം ചെയ്തിരിക്കയാണ്. ഇതിലൂടെ ഒരേ ചിത്രത്തില്‍ പല തലങ്ങളിലുള്ള വീക്ഷണകോണുകളാണ് ഉണ്ടാവുന്നത്. പരിപ്രേക്ഷ്യത്തെക്കുറിച്ചുള്ള ഇത്തരം ആശയങ്ങളായിരിക്കും മിനിയേച്ചര്‍ ഉപയോഗിച്ചുകൊണ്ടുള്ള തന്റെ സിനിമകളില്‍ ദത്തയും വിഭാവനം ചെയ്യുന്നത്. ഇതിലൂടെ ജാഗ്രത്തിന്റെ ഒരു വാതില്‍ ഉണ്ടാക്കുന്നതിലൂടെ, പ്രേക്ഷകര്‍ ആ വാതിലില്‍ത്തന്നെ വളരെ ശ്രദ്ധയോടുകൂടി ദീര്‍ഘനേരം നോക്കുമ്പോള്‍ അവിടെ സ്വപ്നത്തിന്റെ ഒരു വാതില്‍ കൂടി സന്നിഹിതമായതായി അനുഭവപ്പെടുന്നു. അതുപോലെ ഗാഢനിദ്രയുടെ (സുഷുപ്തിയുടെ) വാതില്‍ കൂടി കാണുന്നു. 

ദത്തയുടെ ഈ സിനിമയില്‍ പല വസ്തുക്കള്‍ പറന്നുനടക്കുന്നു. തൊപ്പി, പലതരത്തിലുള്ള ടൈംപീസുകള്‍, ചീര്‍പ്പ്, വാതിലുകള്‍  പക്ഷേ, ഇവയുടെ ക്രമീകരണവും ചലനങ്ങളും ഫ്രെയിമിങ്ങും നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് - സര്‍റിയല്‍ രീതിയിലാണ്. ഇവ നിത്യ ജീവിതത്തിലെ സാധാരണ വസ്തുക്കളാണ്. ഇതുപോലെ ജീവിതത്തിലെ പല സംഗതികളും അത്ഭുതപ്പെടുത്തുന്ന രീതിയിലാണെന്നും എല്ലാം നമ്മുടെ വീക്ഷണ കോണുകളെ/ പരിപ്രേക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് എന്നും വിറ്റ്ജന്‍സ്റ്റൈന്‍ പറയുന്നു. ഏറ്റവും പരിചിതമായ വസ്തുക്കളെയായിരിക്കും നാം പലപ്പോഴും വ്യക്തമായി കാണാത്തത്. വസ്തുക്കളെ ആദ്യമായി കാണുന്നതുപോലെ നോക്കുമ്പോള്‍ സാധാരണ അനുഭവങ്ങളുടെ അതിശയകരമായ വശങ്ങള്‍ വെളിപ്പെടുന്നു. അതായത് മുന്‍നിശ്ചിതത്വത്തില്‍നിന്നു വിട്ടുമാറി തുടക്കക്കാരന്റെ മനസ്സോടെ എല്ലാം കാണുക. വസ്തുക്കളുടേയും സംഗതികളുടേയും പല വശങ്ങളും അവയുടെ ലാളിത്യംകൊണ്ടും പരിചിതത്വംകൊണ്ടും സാധാരണത്വംകൊണ്ടും മറയ്ക്കപ്പെട്ടിരിക്കുന്നു എന്ന് വിറ്റ്ജന്‍സ്റ്റൈന്‍ പറയുന്നു. നമ്മുടെ കണ്ണുകള്‍ക്കു മുന്നിലുണ്ട് എന്നതിനാല്‍ നാം അതൊന്നും കാണുന്നില്ല എന്നുമാത്രം. ഈ പ്രവണതയെ ചെറുക്കാനായി നിസ്സാരമായി കാണുന്ന കാര്യങ്ങളില്‍/വസ്തുക്കളില്‍ നാം അതിശയങ്ങള്‍ ദര്‍ശിക്കണം. ഈ കാഴ്ചപ്പാട് ചിരപരിചിതവും സുഖകരമായതുമായ വസ്തുക്കളെക്കുറിച്ചു മാത്രമല്ല, നമ്മെ അസ്വസ്ഥമാക്കുന്ന അപരിചിതമായ വസ്തുക്കളെക്കുറിച്ചും പുതിയ ദര്‍ശനം നല്‍കുന്നു. (മുകളില്‍ പരാമര്‍ശിച്ച പരിചിതം, അപരിചിതം എന്ന ആശയം ഇതോടൊപ്പം ചേര്‍ത്തു വായിക്കുക).

ഒരു പ്രശ്‌നത്തെ ലളിതമായ/നേരെ ചൊവ്വെയുള്ള കാഴ്ചയില്‍ മനസ്സിലാക്കുന്നതിനെ ചെസ്സില്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ച് വിറ്റ്ജന്‍സ്റ്റൈന്‍ പറയുന്നുണ്ട്. ഡ്യൂഷാമ്പിന്റെ റെഡിമെയ്ഡുകളെപ്പോലെ (Readymade) ഉപരിതലം പരിചിതവും സാധാരണവും ആയിത്തോന്നാം, പക്ഷേ, മറഞ്ഞിരിക്കുന്ന അടുക്ക്, ഈ മനസ്സിലാക്കലില്‍നിന്നു തെന്നിമാറുന്നു. ഇത് ഒരു കെണിയായിത്തീരുന്നു. സമാനമായ കെണി ചെസ്സിലുമുണ്ടെന്ന് അദ്ദേഹം ഉദാഹരിക്കുന്നു. (ഒരു ഘട്ടത്തില്‍ ഡ്യൂഷാമ്പിന് ചിത്രരചന മടുത്തതിനെ തുടര്‍ന്ന് അദ്ദേഹം പുതിയ മേഖലകള്‍ അന്വേഷിച്ചു. ''എനിക്ക് ആശയങ്ങളിലായിരുന്നു താല്പര്യം, വെറും ദൃശ്യ ഉല്പന്നങ്ങളില്‍ ആയിരുന്നില്ല'' - എന്നാണ് ഇക്കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം വസ്തുക്കളെത്തന്നെ കലയായി അവതരിപ്പിച്ചു. പുരുഷ യൂറിനല്‍ ഒരു പ്രശസ്ത ഉദാഹരണം. ഈ രീതിയെ അദ്ദേഹം റെഡിമെയ്ഡ്സ് എന്നു വിളിച്ചു).

ഈ കെണിയില്‍നിന്ന് എങ്ങനെയാണ് പുറത്തുകടക്കുക? (കലയും തത്ത്വചിന്തയും ഇത്തരം കെണികളെ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് എന്ന് വിറ്റ്ജന്‍സ്റ്റൈന്‍). ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഒരു ഉദ്ധരണിയുണ്ട്. ''ഒരു മനുഷ്യന്‍ ഒരു മുറിയില്‍ നില്‍ക്കുന്നു എന്നു കരുതുക. ധാരാളം ഡമ്മി വാതിലുകള്‍ വരച്ചുവെച്ചിരിക്കുന്ന ഒരു ചുമരിനെ അഭിമുഖീകരിച്ചാണ് അയാള്‍ നില്‍ക്കുന്നത്. പുറത്തുകടക്കാനുള്ള വെപ്രാളത്തിനിടയില്‍ ആ മനുഷ്യന്‍ ഓരോ വാതിലും പലപ്പോഴായി തുറക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. എന്നാല്‍, എപ്പോഴും തനിക്കു പിറകില്‍ ഒരു യഥാര്‍ത്ഥ വാതില്‍ ഉണ്ടെന്ന് ആ മനുഷ്യന്‍ മനസ്സിലാക്കുന്നില്ല. പിറകിലേക്കു തിരിഞ്ഞ് ആ വാതില്‍ തുറക്കുകയേ വേണ്ടൂ, അയാള്‍ക്ക് പുറത്തുകടക്കാം. മറ്റൊരു ദിശയിലേക്കു നോക്കാന്‍ നാം അയാളെ സഹായിച്ചാല്‍ അയാള്‍ക്ക് മുറിയില്‍നിന്നു പുറത്തുകടക്കാം. ഇതു ശ്രമകരമാണ്, കാരണം വാതില്‍ മുന്നിലാണ് എന്ന ധാരണയില്‍ പുറത്തുകടക്കാനുള്ള ശ്രമം നടത്തുന്ന ഈ മനുഷ്യന്‍ നമ്മുടെ ശ്രമങ്ങളെ തടയുന്നു. ദത്തയുടെ സിനിമ നമ്മെ ഇത്തരം ഒരവസ്ഥയില്‍ എത്തിക്കുന്നു. 

ഭാഷയുടെ കളി/ലീല (Language game) എന്ന ഒരു ആശയം വിറ്റ്ജന്‍സ്റ്റൈന്‍ അവതരിപ്പിക്കുന്നുണ്ട്. ഈ ആശയം കളിയുമായി (Games) ബന്ധപ്പെടുത്തിയാണ് അദ്ദേഹം ചിന്തിക്കുന്നത്. ഭാഷയെ വിവിധ രീതിയില്‍ നാം ഉപയോഗിക്കുന്നുണ്ട്. ഭാഷയുടെ ഒരു കളിയില്‍ ഒരു വാക്ക് ഒരു വസ്തുവിനായി നിലകൊള്ളുന്നു; അല്ലെങ്കില്‍ പരാമര്‍ശിക്കുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ അതേ വാക്ക് ആജ്ഞാപിക്കുന്നതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ ചോദ്യം ചോദിക്കുന്നതിനായി, അങ്ങനെ പലതിനും ഉപയോഗിക്കാം. 'കളി' (Game) എന്ന വാക്ക് ഇതിന്റെ നല്ല ഉദാഹരണമാണ്. വിറ്റ്ജന്‍സ്റ്റൈന്‍ ഈ പ്രയോഗത്തെ വാക്കുകളുടെ അര്‍ത്ഥത്തില്‍ മാത്രം ഒതുക്കുന്നില്ല. അദ്ദേഹം ഈ രീതിയെ വാചകങ്ങളുടെ അര്‍ത്ഥത്തിലും പ്രയോഗിക്കുന്നു. ഈ അര്‍ത്ഥങ്ങള്‍ ഒന്ന് മറ്റൊന്നില്‍നിന്ന് കൃത്യമായ അതിരിലൂടെ വേര്‍തിരിഞ്ഞതല്ല. ഒന്ന് മറ്റൊന്നിലേക്ക് കൂടിക്കലര്‍ന്നതാണ്, കുടുംബപരമായ സാദൃശ്യം പോലെ. ഇതിലൂടെ ഭാഷയുടെ നിയമം കളിയുടെ നിയമത്തിനു സമാനമാണ് എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. അതായത് കളിയിലെ ഒരു നീക്കത്തിനു സമാനമാണ് ഭാഷ. ഇതിലൂടെ അദ്ദേഹം ഭാഷയെ നിസ്സാരവല്‍ക്കരിക്കുകയല്ല. അല്ലെങ്കില്‍ ഭാഷ വെറും ഒരു കളിയാണ് എന്നും അര്‍ത്ഥമാക്കുന്നില്ല. 

മാർഷൽ ഡ്യൂഷാമ്പ് 
മാർഷൽ ഡ്യൂഷാമ്പ് 

തത്ത്വചിന്ത സിനിമയാക്കുമ്പോള്‍

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടൈംപീസുകളും അവയുടെ ടിക് ടിക് ശബ്ദവും ശ്രദ്ധേയമാണ്. സമയത്തെക്കുറിച്ച് വിറ്റ്ജന്‍സ്റ്റൈന്‍ പറയുന്നുണ്ട്. ''സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരേപോലെയാണ്, എന്നാല്‍, ഓരോ അസന്തുഷ്ടമായ കുടുംബവും അവരുടേതായ രീതിയില്‍ അസന്തുഷ്ടരാണ്'' എന്ന് ടോള്‍സ്റ്റോയി പറഞ്ഞിട്ടുണ്ട്. ഓരോരുത്തരും ഓരോ തെറ്റ്/ അബദ്ധം ആണോ? ഈഡിപ്പസ് സ്വയം അറിയാതെ അമ്മയെ വിവാഹം കഴിച്ച തെറ്റ് ആവര്‍ത്തിക്കുകയാണോ? തത്ത്വചിന്തയില്‍ ഇത്തരം തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഉദാഹരണമായി; സമയം ഒരു വിചിത്ര സംഗതിയായി നമുക്ക് തോന്നുമ്പോള്‍ സമയത്തിന്റെ പ്രകൃതത്തെക്കുറിച്ച് ആലോചിച്ച് നാം അമ്പരക്കുന്നു. അപ്പോള്‍ നാം വളരെ ശക്തമായി ചിന്തിക്കാന്‍ പ്രേരിതരാവുന്നു, എന്തോ ഒളിഞ്ഞിരിപ്പുണ്ട്; നമുക്ക് പുറത്തുനിന്നു കാണാന്‍ പറ്റുന്ന ഒന്ന്. പക്ഷേ, നമുക്ക് അങ്ങനെ നോക്കാന്‍ കഴിയില്ല. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ല. സമയത്തെക്കുറിച്ചുള്ള പുതിയ കാര്യങ്ങളല്ല നമുക്ക് അറിയേണ്ടത്. നമുക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും നമുക്കു മുന്നില്‍ തുറന്നിരിപ്പുണ്ട്. ചെസ്സില്‍ ഒന്നും ഒളിച്ചുവെച്ചിട്ടില്ല; ചെസ്സ് ബോര്‍ഡില്‍ ഉള്ളത് എല്ലാവര്‍ക്കും കാണാം എന്നതാണ് ഈ കളിയുടെ അനുഗ്രഹമായി വിറ്റ്ജന്‍സ്റ്റൈനും ഡ്യൂഷാമ്പും കാണുന്നത് എന്നു മുകളില്‍ സൂചിപ്പിച്ച കാര്യം ഇവിടെ സ്മരണീയമാണ്. 

ഈ ആശയങ്ങളെ അതേപോലെ, അല്ലെങ്കില്‍ സമാന്തരങ്ങള്‍ ഉണ്ടാക്കി സിനിമയില്‍ അവതരിപ്പിക്കുകയാണ് ദത്ത എന്ന് ഇതിന് അര്‍ത്ഥമില്ല. (സിനിമയില്‍ പ്രതിപാദിക്കുന്ന ആശയങ്ങളേയും രചനകളേയും വായനക്കാരെ പരിചയപ്പെടുത്താനാണ് ഇത്രയും എഴുതിയത്). പ്രത്യേക രീതിയിലുള്ള അനിമേഷനിലൂടെയും Chris Zabriskie, Kevin McLeod എന്നിവരുടെ സംഗീതത്തിലൂടെയും ഡയഗ്രാമുകള്‍, കട്ടൗട്ടുകള്‍, ഫൗണ്ട് ഫൂട്ടേജ്, ഫോട്ടോകള്‍, നരേഷന്‍, Duchamp, Max Ernst എന്നിവരെ കൂടാതെ Rene Magritte (Belgian Surrealist) Man Ray (Visual artist), Alfred Jarry (French writer, he coined the philoosphical concept called pataphysics) എന്നിവരുടെ രചനകളും Aldous Huxley, Albert Camu െഎന്നിവരുടെ രചനകളില്‍നിന്നുള്ള സൂചനകളും രൂപകങ്ങളും Sophocles, Eugene Znosko-Borovsky (Russian Chess Player, music and drama critic, teacher and author) Lewis Carrol (English writer of children's fiction), Ajeeb (A chess-playing automation created by Charles Hooper), Sigmund Freud, Tolstoy എന്നിവരുടെ ഉദ്ധരണികളും ഉപയോഗിച്ചുകൊണ്ട് നമ്മെ വശീകരിക്കുന്ന രീതിയിലും അസാധാരണത്വം നിറഞ്ഞതുമായ ദൃശ്യ-ശ്രാവ്യാനുഭവം സൃഷ്ടിക്കുന്നു ദത്ത. 

ചിത്രത്തിലെ മറ്റൊരു ഭാ​ഗം
ചിത്രത്തിലെ മറ്റൊരു ഭാ​ഗം

ആത്യന്തികമായി സിനിമ പരിപ്രേക്ഷ്യങ്ങളെക്കുറിച്ചാണ്. കൃത്യമായി പറഞ്ഞാല്‍ മാറുന്ന പരിപ്രേക്ഷ്യങ്ങളെക്കുറിച്ചാണ്. ചില ചിന്തകരും കലാകാരന്മാരും ഉപരിതലത്തില്‍ ഊന്നുമ്പോള്‍, മറ്റു ചിലര്‍ ഉപരിതലത്തേയും കടന്ന് ആഴങ്ങളിലേക്കു പോവുന്നു. രണ്ടിടത്തും അര്‍ത്ഥങ്ങളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഉദാഹരണമായി, Ernst-ന്റെ The Hat Makse the Man എന്ന രചനയിലൂടെ മനുഷ്യന്റെ പരിചിതമായ വശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ആഴങ്ങളിലേക്ക് പോവുമ്പോള്‍ ഡ്യൂഷാമ്പ് തന്റെ രചനയില്‍ വസ്തു സ്ഥിതിചെയ്യുന്ന ഇടത്തേയും പദവിയും മാറ്റുന്നതിലൂടെ പരിചിതമായതില്‍ അപരിചിതത്വവും അസാധാരണത്വവും കൊണ്ടുവരുന്നു. ഈ സൃഷ്ടികളുടെ രണ്ടു വ്യത്യസ്തമായ രീതികളിലൂടെ നാം ലോകത്തെ നോക്കുന്ന രീതിയെ എങ്ങനെ മാറ്റാം എന്നാണ് Gerrard പറയുന്നത്. ചെസ്സ് ആശ്രയിക്കുന്നത് ഗുപ്തമായ നീക്കങ്ങളില്‍ അല്ല. എല്ലാം ബോര്‍ഡില്‍ തുറന്ന പ്രതലത്തില്‍ സംഭവിക്കുന്നതാണ്. അതില്‍ പുനര്‍വിന്യാസങ്ങള്‍ സംഭവിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സന്തോഷത്തിന്റെ ശരിയായ അര്‍ത്ഥം ലോകത്തെക്കുറിച്ചുള്ള പരിപ്രേക്ഷ്യത്തിലൂടെ ഉണ്ടാവുന്നതാണ്. ഇവിടെ മുകളില്‍ പരാമര്‍ശിച്ച സന്തുഷ്ടിയേയും അസന്തുഷ്ടിയേയും കുറിച്ചുള്ള ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ സംഗതമാവുന്നു. 

തത്ത്വചിന്ത, വിഷ്വല്‍ ആര്‍ട്ട്, ചെസ്സ്, ഗണിതം, ജ്യോമെട്രി, ഭാഷാശാസ്ത്രം, മന:ശാസ്ത്രം എന്നിവയില്‍ നിന്നുള്ള ആശയങ്ങളുടെ സംയോജനമാണ് സിനിമ. തത്ത്വചിന്തയുടേയും കലയുടേയും ശക്തി ഊന്നിപ്പറയാന്‍ ചെസ്സിന്റെ രൂപകത്തെ മികച്ചതും മനോഹരവുമായ മാര്‍ഗ്ഗമായി അദ്ദേഹം ഉപയോഗിക്കുന്നു. പ്രായോഗികതയ്ക്ക്, പ്രയോജനവാദത്തിന് പ്രാമുഖ്യമുള്ള ഇന്നത്തെ ലോകത്തില്‍ ഫലം കാംക്ഷിച്ചാണ് നാം എല്ലാം പ്രവൃത്തിയും ചെയ്യുന്നത്. സാഹിത്യം വായിക്കുന്നതുകൊണ്ട്, അല്ലെങ്കില്‍ ചിത്രം കാണുന്നതുകൊണ്ട് എന്ത് പ്രയോജനം എന്നാണ് നാം ഭൂരിഭാഗവും ചിന്തിക്കുന്നത്. അഥവാ എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ അത് വളരെ പെട്ടെന്നുതന്നെ ഉള്ളതായാല്‍ അത്രയും ഉത്തമം. ഫലം എന്നാല്‍, പൊതുവെ സാമ്പത്തികവുമായി ബന്ധിപ്പിച്ചാണ് നാം കാണുന്നത്. എന്നാല്‍, തത്ത്വചിന്തകര്‍ വൈജ്ഞാനിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതും ശാസ്ത്രജ്ഞര്‍ എന്തെങ്കിലും കണ്ടുപിടിക്കുന്നതും അതിന് എന്തെങ്കിലും പ്രയോജനം ഉണ്ടെന്ന് ചിന്തിച്ചുകൊണ്ടല്ല. അവര്‍ ജിജ്ഞാസുക്കളായതുകൊണ്ടാണ്. ലോകത്തേയും മനുഷ്യരേയും അറിയാന്‍ അവര്‍ സദാ വെമ്പുന്നവരാണ്. ഈ ആകാംക്ഷയില്‍നിന്നാണ് അവര്‍ ഓരോന്നും കണ്ടുപിടിക്കുന്നതും എഴുതുന്നതും. പിന്നീട് അവയ്ക്ക് പ്രയോജനം ഉണ്ടായി എന്നു വരാം. 

സിനിമയിൽ ആനിമേഷൻ നിർവഹിച്ച ഐശ്വര്യ ദത്ത
സിനിമയിൽ ആനിമേഷൻ നിർവഹിച്ച ഐശ്വര്യ ദത്ത

ഇന്നു നാം പഠനത്തിന് ഒരു വിഷയം തെരഞ്ഞെടുക്കുന്നത് അതിന്റെ പ്രയോജനം മുന്നില്‍ കണ്ടുകൊണ്ടാണ്. നാളെ ഇതുകൊണ്ട് എന്തു നേടാന്‍ പറ്റും? ഒരു ജോലി, ജോലിക്കയറ്റം, കല്യാണം. അതുപോലെ തന്നെയാണ് ഉപരിപഠനത്തിന്/ഗവേഷണത്തിന് വിഷയം തെരഞ്ഞെടുക്കുന്നതും. ഇതിലൂടെ എന്തു നേടാം, ജോലിക്കയറ്റം കിട്ടുമോ എന്നൊക്കെയാണ് ചിന്തിക്കുന്നത്. മാനസിക വികാസത്തിനുള്ള ത്വര ആര്‍ക്കുമില്ല. അത്തരം മേഖലകള്‍ തെരഞ്ഞെടുക്കുന്നില്ല. അതില്‍നിന്ന് ഏതെങ്കിലും രീതിയില്‍ നേരിട്ട് - സാമ്പത്തികമായും മറ്റും - പ്രയോജനം കിട്ടുന്നില്ലെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ സ്വയത്തിനും താന്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്ന മേഖലയില്‍ പരോക്ഷമായും സാഹിത്യത്തിന്റെ വായനയോ തത്ത്വചിന്തയുടെ വായനയോ ചിത്രം കാണുന്നതോ നമുക്ക് സഹായകമാവുന്നുണ്ടല്ലോ. അതായത് ഉടനടി നേരിട്ട് ഫലം ചെയ്യുന്നില്ലെങ്കിലും ഇതൊക്കെ പിന്നീട് മറ്റൊരു സന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുന്നു എന്നര്‍ത്ഥം. ഉപയോഗശൂന്യമായതിന്റെ ഉപയോഗത്തെക്കുറിച്ചും ഉപയോഗപ്രദമായതിന്റെ നിഷ്പ്രയോജനത്തെക്കുറിച്ചും Nuccio Ordine The Usefulness of the Useless എന്ന പുസ്തകത്തിലും Abraham Flexner The Usefulness of Useless Knowledge എന്ന പുസ്തകത്തിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ രീതിയില്‍ തത്ത്വചിന്തയുടേയും കലയുടേയും മേഖലയിലെ സംവാദത്തിന്റെ സന്തോഷവും എല്ലാറ്റിനുമുപരിയായി, പ്രയോജനത്തേയും കുറിച്ചു കൂടിയാകുന്നു സിനിമ. 

പലരീതിയിലുള്ള തത്ത്വചിന്തയുള്ള സിനിമകള്‍ നമുക്ക് ധാരാളമുണ്ട്. അതുപോലെ തത്ത്വചിന്താപരമായ സിനിമകളും ഉണ്ട്. തത്ത്വചിന്തകരെക്കുറിച്ചുള്ള ബയോപ്പിക്കുകളും നമുക്കുണ്ട്. അത്തരമൊരു സിനിമയാണ് വിറ്റ്ജന്‍സ്റ്റൈനിനെക്കുറിച്ചുതന്നെയുള്ള ഡെറെക് ജാര്‍മാന്‍ സംവിധാനം ചെയ്ത സിനിമ (വിറ്റ്ജന്‍സ്റ്റൈന്‍, 1993). എന്നാല്‍, തത്ത്വചിന്തയെത്തന്നെ സിനിമയാക്കുന്ന സിനിമകള്‍ അധികമില്ല. അമിത് ദത്തയുടെ ഈ സിനിമ അതിന്റെ മഹത്തായ ഉദാഹരണമാണ്. അതുമാത്രമല്ല, തീര്‍ത്തും വ്യത്യസ്തമായ ആവിഷ്‌കാര രീതികള്‍ ദത്ത ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com