നൈപുണ്യ പരിശീലനത്തിലെ കള്ളനാണയങ്ങള്‍

അഞ്ചു വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്കു തൊഴില്‍ എന്ന വാഗ്ദാനം രണ്ടാമതു മുഖ്യമന്ത്രിയായ ശേഷം ആദ്യ വാര്‍ത്താസമ്മേളനത്തില്‍ത്തന്നെ പിണറായി വിജയന്‍ ആവര്‍ത്തിക്കുകയും ചെയ്തു
അസാപ് കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ സെൽഫി എടുക്കുന്നു (2016)
അസാപ് കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ സെൽഫി എടുക്കുന്നു (2016)

രുപത് ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കു തൊഴില്‍ നല്‍കാന്‍ 50 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും എന്നതു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നാമത്തേതായിരുന്നു. 900 വാഗ്ദാനങ്ങള്‍ 50 ഇന പരിപാടിയാക്കിയപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് എന്തിനാണ് എന്ന കാര്യത്തില്‍ സംശയമുണ്ടായില്ല: അഞ്ചു വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്കു തൊഴില്‍ എന്ന വാഗ്ദാനം രണ്ടാമതു മുഖ്യമന്ത്രിയായ ശേഷം ആദ്യ വാര്‍ത്താസമ്മേളനത്തില്‍ത്തന്നെ പിണറായി വിജയന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് അഭ്യസ്ഥവിദ്യര്‍ക്ക് ആധുനിക ഡിജിറ്റല്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ സ്‌കില്‍ മിഷന്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റ് 12-നു നിയമസഭയില്‍ പറഞ്ഞത്. 

വാഗ്ദാനം ചെയ്ത തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെയാണ് നല്‍കുക എന്നതു തീരുമാനിച്ചു കഴിഞ്ഞ കാര്യമാണ്. ഡോ. ടി.എം. തോമസ് ഐസക് കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഒരു സമഗ്രപദ്ധതി കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി ഉദ്ഘാടനവും നിര്‍വ്വഹിച്ചു. അതിന്റെ ഭാഗമായാണ് കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) അനുബന്ധ സ്ഥാപനമായി ആഗസ്റ്റ് 17-നു കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം) തുടങ്ങിയത്. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം), തൊഴില്‍ വകുപ്പിനു കീഴിലെ കെയ്സ് (കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്), ഐ.ടി വകുപ്പിലെ ഐ.സി.ടി അക്കാദമി എന്നീ സ്ഥാപനങ്ങളുടേയും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടേയും നൈപുണ്യ പരിശീലന പരിപാടികള്‍ വിപുലീകരിച്ച് 50 ലക്ഷം പേരെ പരിശീലിപ്പിക്കുക എന്നതാണ് കെ.കെ.ഇ.എമ്മിന്റെ ലക്ഷ്യം. അസാപ്, കെയ്സ്, ഐ.സി.ടി അക്കാദമി എന്നിവ നടത്തിക്കൊണ്ടിരിക്കുന്നത് 'നൈപുണ്യ വികസന വ്യായാമം' മാത്രമാണ് എന്ന പരസ്യമായി പറയാത്ത തിരിച്ചറിവാണ് കെ.കെ.ഇ.എം രൂപീകരണത്തിലേക്ക് എത്തിച്ചത്. ഈ സ്ഥാപനങ്ങള്‍ കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി കോടികള്‍ ചെലവിട്ടിട്ടും ലക്ഷ്യത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിഞ്ഞിട്ടില്ല. ഇവയ്ക്കു പുറമെ കെല്‍ട്രോണ്‍, സി-ഡിറ്റ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്നതും എന്‍ജിനീയറിംഗ് കോളേജുകളിലേയും പോളിടെക്നിക്കുകളിലേയും നൈപുണ്യ പരിശീലനവും വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യും. എല്ലാം ഒരു കുടക്കീഴിലേയ്ക്ക്; ഇത്തരത്തില്‍ മറ്റൊന്നില്ല എന്നാണ് കെ.കെ.ഇ.എം രൂപീകരണവേളയിലെ അവകാശവാദം. ''അസാപ്, കെയ്സ്, ഐ.സി.ടി അക്കാദമി എന്നിവയില്‍ ആരു കൊടുക്കുന്നതിനേക്കാള്‍ വ്യാപ്തിയുണ്ടാകും കെ.കെ.ഇ.എമ്മിന്റെ പരിശീലനത്തിന്. ഈ മേഖലയില്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നവരുമായി സഹകരിക്കാവുന്ന വിധത്തിലൊക്കെ സഹകരിക്കും. തൊഴില്‍ വിപണിക്ക് എന്തുവേണം എന്ന പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പരിശീലനം'' കെ.കെ.ഇ.എം മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്റെ വാക്കുകളില്‍ ലക്ഷ്യവും പ്രതീക്ഷയുമായി ബന്ധപ്പെട്ട എല്ലാമുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള എല്ലാവര്‍ക്കും നൈപുണ്യ പരിശീലനവും തൊഴിലും നല്‍കുന്നതു സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി രൂപരേഖ ഉണ്ടാക്കാന്‍ ശ്രമിച്ചുവരികയാണ് കെ-ഡിസ്‌ക്. ''അവര്‍ തൊഴിലന്വേഷിക്കുന്ന യുവജനങ്ങളോ വീട്ടുജോലി ചെയ്യുന്നവരോ തൊഴില്‍ നഷ്ടപ്പെട്ട പ്രൊഫഷണലുകളോ പരിമിതികളുള്ളവരോ ആരുമാകട്ടെ, മികച്ച തൊഴിലുറപ്പാക്കാന്‍ അവരുടെ താല്‍പ്പര്യമനുസരിച്ചുള്ള സാങ്കേതികവിദ്യാ അധിഷ്ഠിത പരിശീലനം നല്‍കും.'' കെ.കെ.ഇ.എം രൂപീകരണം സംബന്ധിച്ച നയരേഖയില്‍ കെ-ഡിസ്‌ക് വ്യക്തമാക്കുന്നു. 

2013-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അസാപ് തുടങ്ങുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മുന്നോട്ടുവച്ച ചെലവ് 3000 കോടിയോളം രൂപയാണ്. ഇതില്‍ 1500 കോടി രൂപ എ.ഡി.ബി വായ്പ എടുത്തു. വായ്പാ തിരിച്ചടവു പൂര്‍ത്തിയാക്കിയതായാണ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. കെ-ഡിസ്‌ക് മുഖേന നൈപുണ്യ നവീകരണ പ്രോത്സാഹനത്തിനും സാങ്കേതിക പരിവര്‍ത്തനത്തിനും ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമായി 'നോളജ് ഇക്കോണമി ഫണ്ട്' എന്ന നിലയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ഒന്നാം ബജറ്റില്‍ അനുവദിച്ചത് 300 കോടി രൂപ. ഡോ. തോമസ് ഐസക് വകയിരുത്തിയ 200 കോടി കെ.എന്‍. ബാലഗോപാല്‍ 300 കോടിയായി ഉയര്‍ത്തുകയായിരുന്നു. അത്രയ്ക്കു പ്രാധാന്യമാണ് സര്‍ക്കാര്‍ അതിനു നല്‍കുന്നത് എന്നര്‍ത്ഥം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തം നിലയില്‍ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ക്ക് ഫണ്ട് ചെലവഴിക്കുന്നുണ്ട്. കെയ്സിന്റെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആവശ്യപ്പെട്ടു വാങ്ങിയത് 290 കോടി രൂപ. ഇതുകൂടാതെ 100 കോടിരൂപ കേന്ദ്ര ബജറ്റില്‍പ്പെടുത്തി അനുവദിച്ചു. സംസ്ഥാനത്തെ നൈപുണ്യ വികസനത്തിന് 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 2017-'18 ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. ബജറ്റു പിന്തുണ തുടര്‍ന്നും നല്‍കി വരികയുമാണ്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പി.പി.പി) രൂപീകരിച്ച ഐ.സി.ടി അക്കാദമി യുവജനങ്ങള്‍ക്ക് ഐ.ടി അധിഷ്ഠിത നൈപുണ്യ പരിശീലനവും തൊഴിലുമാണ് വാഗ്ദാനം ചെയ്യുന്നത്. ചില പ്രമുഖ ഐ.ടി കമ്പനികളുടെ പങ്കാളിത്തവുമുണ്ട്. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നവര്‍ എന്നാണ് 'പ്രചാരണ മുദ്രാവാക്യം' തന്നെ. ഈ മൂന്ന് ഏജന്‍സികളും കൂടി പ്രതിവര്‍ഷം നൈപുണ്യ പരിശീലനത്തിന് 250 കോടി രൂപയെങ്കിലും ചെലവഴിക്കുന്നു എന്നാണ് തോമസ് ഐസക്ക് ഒടുവിലത്തെ ബജറ്റില്‍ പറഞ്ഞത്. 

കേരളത്തില്‍ ഇത്രയും സ്ഥാപനങ്ങളില്‍ നൈപുണ്യ പരിശീലനം നടന്നുവരികയാണ്. സ്വാഭാവികമായും ഈ മേഖലയില്‍ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ടാകും എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. അസാപ്പും കെയ്സും ഐ.സി.ടി അക്കാദമിയും കൂടി കെട്ടി ഉയര്‍ത്തിയിരിക്കുന്ന അടിത്തറയില്‍ നോളജ് ഇക്കോണമി മിഷന്റേയോ നൈപുണ്യ വികസന മിഷന്റേയോ തൂണുകളും ചുമരുകളും കെട്ടി ഉയര്‍ത്തിയാല്‍ മതി എന്ന പ്രതീക്ഷയും സ്വാഭാവികം. എന്നാല്‍, അത്രയ്ക്കങ്ങ് നിഷ്‌കളങ്കവും പ്രതീക്ഷാനിര്‍ഭരവുമാണോ കാര്യങ്ങള്‍. അല്ല എന്നതിന് ഈ മൂന്നു സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന ചരിത്രമാണ് തെളിവ്. മുടക്കിയ പണത്തിനും അദ്ധ്വാനത്തിനും വലിയ വര്‍ത്തമാനങ്ങള്‍ക്കും ഒത്തവിധം നൈപുണ്യ വികസനം നടന്നില്ല, തൊഴിലും കൊടുക്കാന്‍ കഴിഞ്ഞില്ല. നൈപുണ്യ വികസനത്തിനു കോടികള്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയും തൊഴിലില്ലായ്മ രൂക്ഷമായി നിലനില്‍ക്കുകയും ചെയ്യുന്ന വിരോധാഭാസം. വേറെന്തൊക്കെയാണ് നടന്നത്? എന്തുകൊണ്ടാണ് വായ്പയെടുത്തും അല്ലാതേയുമായി 3000 കോടിയോളം പൊതുപണം ചെലവഴിച്ച ശേഷവും വെറുംകയ്യുമായി അതേ കാര്യത്തിലേയ്ക്ക് കേരളത്തിനു വീണ്ടും ഇറങ്ങേണ്ടി വരുന്നത്? 

കേരള നോളജ് മിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കേരള നോളജ് മിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

നിയമസഭ സാക്ഷി 

നൈപുണ്യ വികസനം എന്നു കേള്‍ക്കാന്‍ ഇമ്പമുള്ള പേരില്‍ വിളിക്കുന്ന തൊഴില്‍ശേഷി വികസനത്തില്‍ (സ്‌കില്‍ ഡെവലപ്മെന്റ്) കേരളം എവിടെ നില്‍ക്കുന്നു എന്നു മനസ്സിലാക്കാന്‍ ഉതകുന്ന ഒരു നിയമസഭാ ചോദ്യത്തില്‍നിന്നു തുടങ്ങാം. പിന്നാലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും വരുന്നുമുണ്ട്. നേതാക്കളുടേയും ഭരണാധികാരികളുടേയും പുറത്തെ വര്‍ത്തമാനങ്ങളേക്കാള്‍ നിയമനിര്‍മ്മാണ സഭയിലെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമാണ് ആധികാരികത എന്നതുകൊണ്ടാണ് അത്. ''ലോകബാങ്ക് സഹായത്തോടെയുള്ള സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി അനുസരിച്ച് എന്തെല്ലാം സ്‌കീമുകളാണ് സംസ്ഥാനത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്?'' കൃത്യം 31 വര്‍ഷം മുന്‍പ്, 1990 ജൂലൈ 23-നു നിയമസഭയില്‍ കേരളം കേട്ട ചോദ്യം. ഒ. ഭരതന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരുടെ ചോദ്യത്തിനു തൊഴില്‍ മന്ത്രി കെ. പങ്കജാക്ഷന്‍ നല്‍കിയതു ലോകബാങ്ക് സഹായത്തോടെയുള്ള സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി അനുസരിച്ച് വ്യാവസായിക പരിശീലന വകുപ്പില്‍ നടത്തുന്ന സ്‌കീമുകളുടെ വിശദ മറുപടി. യന്ത്രസാമഗ്രികളുടെ നവീകരണം, അറ്റകുറ്റപ്പണി, ദൃശ്യ-ശ്രവണ പാഠ്യ സഹായോപകരണങ്ങള്‍ നല്‍കല്‍, ഐ.ടി.ഐകളുടെ നവീകരണം, വനിതാ ഐ.ടി.ഐകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള പരിപാടി എന്നിങ്ങനെ നിരവധി കാര്യങ്ങള്‍. 1989-'90 മുതല്‍ 1994-'95 വരെ അഞ്ചു വര്‍ഷത്തേയ്ക്ക് ലോകബാങ്കില്‍നിന്നു പ്രതീക്ഷിക്കുന്ന ആകെ സഹായം 1791.72 ലക്ഷം രൂപയാണെന്നും അറിയിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണമായിരുന്നു അന്ന്. 

പിറ്റേ വര്‍ഷം ഭരണമാറ്റമുണ്ടായി. 1991 ജൂലൈ 31-ന് കെ. കരുണാകരന്‍ സര്‍ക്കാരിലെ തൊഴില്‍ മന്ത്രി എന്‍. രാമകൃഷ്ണനോട് കെ. ശിവദാസ മേനോന്‍, എം. വിജയകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ ഇതേ ചോദ്യം എഴുതിച്ചോദിച്ചു. ചോദ്യകര്‍ത്താക്കളിലെ അഞ്ചാമന്‍ പിണറായി വിജയന്‍. കെ. പങ്കജാക്ഷന്റെ അതേ മറുപടി വള്ളിപുള്ളി വ്യത്യാസമില്ലാതെ എന്‍. രാമകൃഷ്ണനും നല്‍കി. അതേ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി. മമ്മു മാസ്റ്റര്‍, എം. നാരായണന്‍ (കുഴല്‍മന്ദം) എന്നിവരുടെ ഇതേ ചോദ്യവും രാമകൃഷ്ണന്റെ ഇതേ മറുപടിയുമുണ്ടായി. ഇന്ന് കേരളം ഏറ്റവുമധികം സംസാരിച്ചു തുടങ്ങിയിരിക്കുന്ന നൈപുണ്യ വികസനത്തേക്കുറിച്ച് ആദ്യമായി കേരളം കേട്ടതും കണ്ടതും ഈ ചോദ്യങ്ങളും മറുപടികളുമാണ്. വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ (ഐ.ടി.ഐകള്‍) കേന്ദ്രീകരിച്ച് ചില കാര്യങ്ങള്‍ ചെയ്തു, പലതും ചെയ്തുവെന്നു വരുത്തി. 

യു.ഡി.എഫ് മാറി വീണ്ടും എല്‍.ഡി.എഫും അവര്‍ മാറി യു.ഡി.എഫും വന്നു. പുതിയ നൂറ്റാണ്ട് പിറന്നു. കേരളം വികസനത്തിന്റേയും പ്രതീക്ഷയുടേയും അവസാന ബസ് കാത്തു നില്‍ക്കുകയാണ് എന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അവകാശപ്പെട്ട കാലം വന്നു. 2001-2006 കാലത്തെ യു.ഡി.എഫ് സര്‍ക്കാരില്‍ ബാബു ദിവാകരനായിരുന്നു തൊഴില്‍ മന്ത്രി. 2005 ഫെബ്രുവരി മൂന്നിന് കളത്തില്‍ അബ്ദുല്ല, യു.സി. രാമന്‍, ടി.പി.എം. സാഹിര്‍, സി. മോയിന്‍കുട്ടി, സി. മമ്മൂട്ടി എന്നിവര്‍ ആ പഴയ ചോദ്യം വീണ്ടും ഉന്നയിച്ചു. ''ലോകബാങ്ക് സഹായത്തോടെ സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശമൊന്നും നിലവിലില്ല'' എന്നായിരുന്നു മന്ത്രിയുടെ മറുപടി. ലോകബാങ്ക് പദ്ധതി അവസാനിപ്പിച്ച 1995-നു ശേഷം നൈപുണ്യ വികസനത്തിനു പദ്ധതികളൊന്നും കേരളം സ്വന്തം നിലയില്‍ പിന്നീട് അതുവരെ നടത്തിയില്ല എന്നാണ് അതില്‍നിന്നു മനസ്സിലാക്കേണ്ടത്. തൊട്ടുപിന്നാലെ വന്നതു വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍. 2010 മാര്‍ച്ച് 29-ന് ഒറ്റപ്പാലം എം.എല്‍.എ എം. ഹംസ തൊഴില്‍ മന്ത്രി പി.കെ. ഗുരുദാസനോട് ഇതേ കാര്യം ചോദിച്ചു. അതിനു മന്ത്രി മറുപടിയും പറഞ്ഞു. പക്ഷേ. ആ മറുപടി സഭാരേഖകളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ്സില്‍ ലഭ്യമല്ല. ചോദ്യോ ത്തരവേളയുടെ നടപടിക്രമത്തില്‍ നൈപുണ്യ വികസന മിഷന്‍ എന്ന തലക്കെട്ടിനു താഴെ ചോദിച്ച അംഗത്തിന്റെ പേരും മറുപടി പറഞ്ഞ മന്ത്രി ആരെന്നുമുണ്ട്. പക്ഷേ, ചോദ്യവും ഉത്തരവും ഇല്ല. 'നോട്ട് ഫൗണ്ട്' എന്നാണ് പ്രതികരണം. 

2014 ജനുവരി 20-നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനോട് കോണ്‍ഗ്രസ് എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ.പി. അബ്ദുല്ലക്കുട്ടി, ഡൊമനിക് പ്രസന്റേഷന്‍, ആര്‍. ശെല്‍വരാജ് എന്നിവര്‍ അസാപ്പിനെക്കുറിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, അപ്പോഴല്ല വീണ്ടും നൈപുണ്യ വികസന വാചകം സജീവമായത്. തൊട്ടു മുന്‍വര്‍ഷം തങ്ങളുടെ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യത്തിന്റെ സ്ഥിതി എന്തായി എന്നു സഭയില്‍ പറയിക്കാനുള്ള യു.ഡി.എഫിന്റെ മേനി നടിക്കല്‍ മാത്രമായിരുന്നു അത്. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അസാപ് എന്നു തുടങ്ങി, ഉന്നയിച്ച നാലു ചോദ്യങ്ങള്‍ക്കും കാര്യമായിത്തന്നെ അബ്ദുറബ്ബ് മറുപടി നല്‍കി. ലക്ഷ്യം ഹയര്‍ സെക്കന്‍ഡറി, ബിരുദ തലങ്ങള്‍, പഠനത്തോടൊപ്പം വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യം, പഠനത്തിനൊപ്പം ഐ.ടി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഇരുപതോളം മേഖലകളില്‍ ഏതെങ്കിലുമൊരു തൊഴില്‍ മേഖലയില്‍ നൈപുണ്യം എന്നിങ്ങനെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍. 

ഇതിനു രണ്ടു വര്‍ഷം മുന്‍പ് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സ്റ്റേറ്റ് സ്‌കില്‍ ഡെവപ്മെന്റ് പ്രോഗ്രാമിനു രൂപം നല്‍കിയിരുന്നു. അതിനു കീഴിലാണ് അസാപ്പും അഡീഷണല്‍ സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമും വിഭാവനം ചെയ്തത്. മാത്രമല്ല, ഐ.ടി മേഖലയിലെ സര്‍ക്കാരിതര വ്യവസായ സംഘടയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ സര്‍വ്വീസ് കമ്പനീസിന്റെ (നാസ്‌കോം) ഗ്ലോബല്‍ ബിസിനസ് ഫൗണ്ടേഷന്‍ സ്‌കില്‍ എന്ന പരിശീലനം നല്‍കാന്‍ ധാരണാപത്രവും ഒപ്പുവച്ചിരുന്നു. എന്നാല്‍, അഡീഷണല്‍ സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമും നാസ്‌കോമുമായുള്ള ധാരണയും എവിടെപ്പോയി എന്നറിയില്ല. 2016 മേയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോകുന്നതുവരെ അതായിരുന്നു സ്ഥിതി.
 
നിര്‍ഭാഗ്യവശാല്‍ 2013-ലെ അസാപ് മുതല്‍ 2021 ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നോളജ് ഇക്കോണമി മിഷന്‍ ഉദ്ഘാടനം ചെയ്തതു വരെയുള്ള കേരളത്തിലെ നൈപുണ്യ വികസനത്തിന്റെ എട്ടു വര്‍ഷങ്ങളേക്കുറിച്ച് ഒരു പ്രാഥമിക അന്വേഷണം നടത്തിയാല്‍ കോടികള്‍ സംസ്ഥാനത്തിനു ബാധ്യത വരുത്തിയ ധൂര്‍ത്തിന്റേയും കെടുകാര്യസ്ഥതയുടേയും പ്രതിബദ്ധത ഇല്ലായ്കയുടേയും വലിയ പട്ടികയാണ് കിട്ടുന്നത്. അതുകൊണ്ട് ഏറ്റവും കുറഞ്ഞത് ഇത്രയും ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി പറഞ്ഞുകൊണ്ടുവേണം കേരളം ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്ന വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലേക്കും നൈപുണ്യ വികസന ദൗത്യത്തിലേക്കും കടക്കാന്‍: സ്വന്തം യുവജനങ്ങളുടെ കഴിവുകള്‍ സ്വയം തേച്ചുമിനുക്കി സ്വന്തമായി ഉപയോഗിക്കുന്നതില്‍ കേരളത്തിനു ദിശാബോധമില്ലാത്തത് എന്തുകൊണ്ടാണ്? നൈപുണ്യ വികസനം ലക്ഷ്യമാക്കി എട്ടു വര്‍ഷം മുന്‍പ് വലിയ അവകാശവാദങ്ങളോടെ പുറപ്പെട്ടിടത്തുനിന്ന് കേരളം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാത്തത് എന്തുകൊണ്ടാണ്? ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍നിന്നു കോടികള്‍ കടമെടുത്തും ബജറ്റില്‍ വലിയ വിഹിതം ഉള്‍പ്പെടുത്തിയും മാറിവന്ന സര്‍ക്കാരുകള്‍ പ്രകടിപ്പിച്ച നൈപുണ്യവികസന താല്‍പ്പര്യം അഴിമതിക്കാണോ കളമൊരുക്കിയത്? അത് അന്വേഷിക്കേണ്ടതല്ലേ? ഒരേ ഉദ്ദേശ്യലക്ഷ്യങ്ങളോടെ എന്തിനാണ് ഒരേ സംസ്ഥാനത്ത് ഒന്നിലധികം സ്ഥാപനങ്ങള്‍? 

അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് മന്ത്രിയായിരിക്കേ കെടി ജലീൽ ഉദ്ഘാടനം ചെയ്യുന്നു
അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് മന്ത്രിയായിരിക്കേ കെടി ജലീൽ ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്രത്തിലെ  മാറ്റങ്ങളും കേരളവും 

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലം മുതല്‍ നൈപുണ്യ വികസനം പല തലങ്ങളില്‍ കേന്ദ്രം നടപ്പാക്കിക്കൊണ്ടിരുന്നെങ്കിലും കേരളം അതിനു 'പിടി കൊടുത്തിരുന്നില്ല' എന്നതാണ് വസ്തുത. അതു മനസ്സിലാക്കണമെങ്കില്‍ 2011-'16 കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ അറിയണം; അതു കേരളത്തിന്റെ നൈപുണ്യ വികസനത്തിന് എന്തെങ്കിലും സംഭാവന നല്‍കിയോ എന്ന് അന്വേഷിക്കണം. കേരളം ആദ്യമൊക്കെ കേരള മോഡലിന്റെ ഗൃഹാതുരത്വത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് ഒരു വര്‍ഷം മുന്‍പ് യു.ഡി.എഫ് സര്‍ക്കാര്‍ അസാപ് തുടങ്ങിയെങ്കിലും കേന്ദ്രത്തിലെ സാങ്കേതികമായ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പിന്നീടുണ്ടായ രാഷ്ട്രീയ മാറ്റം തടസ്സമായി. സ്‌കൂള്‍തലം മുതല്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള കേരള മോഡല്‍ എന്ന നിലയിലാണ് അസാപ് തുടങ്ങിയത്. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാകാതെ കൊഴിഞ്ഞു പോയവരായിരുന്നു കെയ്സിന്റെ ഉന്നം. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അന്നത്തെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്തില്‍ പോയതും വിവാദമുണ്ടായതും. എ.ഡി.ബി വായ്പയെക്കുറിച്ചാണ് അസാപ്പിനു നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ത്തന്നെ ഭരണ നേതൃത്വത്തോടു സംസാരിച്ചത്. പരിശീലനവും തൊഴിലും വേണ്ടവരുടെ എണ്ണമോ യോഗ്യതയോ നൈപുണ്യ വികസനത്തില്‍ കൃത്യമായ ധാരണയോ പോലും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇത്. 2001-ല്‍ എ.കെ. ആന്റണി സര്‍ക്കാരിനെക്കൊണ്ട് ഗവണ്‍മെന്റ് നവീകരണ പരിപാടിക്ക് (എം.ജി.പി) എ.ഡി.ബി വായ്പ എടുപ്പിച്ചു വന്‍ വിവാദത്തിനു കളമൊരുക്കിയ അതേ ഉദ്യോഗസ്ഥ പ്രമുഖരായിരുന്നു അണിയറയിലും അരങ്ങത്തും. വിചിത്രമായ കാര്യം, അവര്‍ വിരമിച്ച ശേഷവും ശക്തരും ഇപ്പോഴും നയങ്ങളേയും തീരുമാനങ്ങളേയും നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരായി തുടരുന്നു എന്നതാണ്. അസാപ്പിന്റേയും കെയ്സിന്റേയും പരാജയം അവരുടെതന്നെ പുതിയ ആശയങ്ങളെ അന്ധമായി വിശ്വസിക്കാന്‍ പിണറായി വിജയനുപോലും തടസ്സമാകുന്നില്ല. ''വിജ്ഞാനാധിഷ്ഠിതമോ സേവനപ്രദമോ വൈദഗ്‌ദ്ധ്യോന്മുഖമേ മൂല്യവര്‍ദ്ധിതമോ ആയ വ്യവസായങ്ങളാണ് കേരളത്തിലെ വിദ്യാസമ്പന്നരായ തൊഴില്‍ സേനയ്ക്കും പരിസ്ഥിതിക്കും അനുയോജ്യം എന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്'' എന്ന് 2018-ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞപ്പോള്‍ത്തന്നെ സൂചനകള്‍ വ്യക്തമായിരുന്നു. ഈ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളും അവയ്ക്ക് അനിവാര്യമായ പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നു പറഞ്ഞുവയ്ക്കുകകൂടി ചെയ്തപ്പോള്‍ പിന്നെ സംശയമേയില്ലാതായി. 

യുവജനങ്ങളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തും പുറത്തും ഉല്‍പ്പാദനക്ഷമമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായാണ് കേരള സര്‍ക്കാര്‍ 2012 ജൂലൈയില്‍ കേരള സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് പ്രോജക്റ്റ് തുടങ്ങിയത്. അതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപിനു രൂപം നല്‍കിയത്. കുറഞ്ഞ തൊഴില്‍ക്ഷമത പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പും ശ്രമിച്ചു. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവജനങ്ങളെ 'പുനര്‍ നൈപുണ്യവല്‍ക്കരിക്കുക' എന്ന ലക്ഷ്യത്തോടെ തൊഴില്‍, തദ്ദേശ സ്വയംഭരണ വകുപ്പുകളും ചില പദ്ധതികള്‍ ആവിഷ്‌കരിച്ചു. മറ്റു ചില സംസ്ഥാനങ്ങളുടെയെങ്കിലും പിന്നിലായാണ് കേരളം നൈപുണ്യ വികസനത്തിലേക്ക് കാല്‍വച്ചത്. 2014-നു ശേഷം എന്‍.ഡി.എ സര്‍ക്കാര്‍ തുടങ്ങിയ എന്‍.എസ്.ഡി.എ (നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് അതോറിറ്റി)യുടേയും എന്‍.എസ്.ഡി.സി (നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍)ന്റേയും നയവും മാര്‍ഗ്ഗദര്‍ശനങ്ങളുമാണ് കേരളം പിന്തുടര്‍ന്നത്. ദേശീയതലത്തിലെ സ്‌കില്‍ വികസന നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ദൗര്‍ബ്ബല്യങ്ങളും കേരളത്തേയും ബാധിക്കുകയും ചെയ്തു. കേരളം നൈപുണ്യ വികസനത്തോട് കണ്ണുംപൂട്ടി നിന്ന കാലത്ത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മാറിമാറി വന്നത്. പക്ഷേ, എല്ലാക്കാലത്തും അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് യു.ഡി.എഫും എല്‍.ഡി.എഫും പ്രതീക്ഷിച്ചു. സമയമുണ്ടല്ലോ എന്നും കരുതി. 2014-ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നപ്പോഴാണ് രണ്ടുകൂട്ടരും മേല്‍പ്പോട്ടു നോക്കിയത്. പിന്നെ നെട്ടോട്ടമായി. 

2008-ല്‍ റിസര്‍വ് ബാങ്ക് നിയമിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്രനയത്തില്‍ മാറ്റത്തിനു തുടക്കമിട്ടത്; ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഇപ്പോള്‍ ചെയ്യുന്നതൊന്നും പോരെന്നും അഭ്യസ്ഥവിദ്യര്‍ക്ക് പുതിയ കാലത്തിനനുസരിച്ചുള്ള നൈപുണ്യം നല്‍കണം എന്നുമായിരുന്നു ശുപാര്‍ശകളുടെ കാതല്‍. അന്നത്തെ ധനമന്ത്രി പി. ചിദംബരം മുന്‍കയ്യെടുത്ത് ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി) രൂപീകരിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത, ഉദ്യോഗസ്ഥതലത്തില്‍ മാത്രം നടക്കുന്ന എല്ലാ കാര്യങ്ങളിലുമെന്നതുപോലെ എന്‍.എസ്.ഡി.സിക്കും തുടക്കത്തില്‍ ചില പോരായ്മകളുണ്ടായിരുന്നു. അതേ കാരണങ്ങളാല്‍ അതേ പോരായ്മകള്‍ കേരളം അസാപ് രൂപീകരിച്ച ശേഷവും ഉണ്ടായത് ശ്രദ്ധിക്കേണ്ട കാര്യമാണ്. നിലവിലെ തൊഴില്‍ സംരംഭകര്‍ക്കു കൂടുതല്‍ വായ്പ കൊടുക്കുക, അവരെക്കൊണ്ട് കൂടുതല്‍ ശാഖകള്‍ തുടങ്ങിക്കുക, പരിശീലിപ്പിക്കുക എന്നതൊക്കെയാണ് എന്‍.എസ്.ഡി.സി തുടക്കത്തില്‍ ചെയ്തത്. ഒരു സമീപനം എന്ന നിലയില്‍ അതു നല്ലതായിരുന്നു. പക്ഷേ, ഈ പ്രവര്‍ത്തനങ്ങളൊന്നും ഏകോപിപ്പിക്കാന്‍ ഒരു വകുപ്പ് ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ ധനവകുപ്പിനു കീഴിലായിരുന്നു എന്‍.എസ്.ഡി.സി. പിന്നീട് യുവജനക്ഷേമ വകുപ്പിനു കീഴിലാക്കി, അതുകഴിഞ്ഞ് മാനവവിഭവശേഷി വികസന മന്ത്രാലയത്തിലേക്കു മാറ്റി. ഇതിനിടെയാണ്, നൈപുണ്യ വികസനത്തില്‍ ഉള്‍പ്പെടെ ജനപക്ഷ കാഴ്ചപ്പാട് സ്വീകരിച്ച ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാത്ത രണ്ടാം യു.പി.എ സര്‍ക്കാര്‍ വന്നത്. നൈപുണ്യ വികസനം വെറും വാക്കായി; കോര്‍പ്പറേഷന്‍ നാഥനില്ലാ കളരിയായി. അഴിമതിയായി അജന്‍ഡ. വന്‍കിട സ്വകാര്യ കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ ഈ അവസരം ദുരുപയോഗം ചെയ്തു. തൊട്ടുപിന്നാലെ, 3000 കോടിയോളം രൂപയുടെ അഴിമതിയേക്കുറിച്ച് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടു വന്നു. 

ഒന്നാം മോദി സര്‍ക്കാര്‍ വന്ന പിന്നാലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കം മാനേജിംഗ് ഡയറക്ടറേയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറേയും ഒരേ ദിവസവം പിരിച്ചുവിട്ടു. വേറെ കാരണങ്ങളാണ് പറഞ്ഞതെങ്കിലും അഴിമതി ആരോപണമായിരുന്നു പ്രധാന കാരണം. അവര്‍ ഒരുകാര്യം കൂടി ചെയ്തു. നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമായി സ്‌കില്‍ ഡെവലപ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് വകുപ്പുണ്ടാക്കി. രാജീവ് പ്രതാപ് റൂഡിയായിരുന്നു മന്ത്രി. പല വകുപ്പുകളും തോന്നുന്നതുപോലെ തൊഴില്‍ പരിശീലനങ്ങള്‍ എന്ന പേരില്‍ എന്തൊക്കെയോ ചെയ്തു വരികയായിരുന്നു. പൊതുവായ ഒരു ചട്ടക്കൂടോ രൂപരേഖയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വകുപ്പ് രൂപീകരണം പ്രതീക്ഷ നല്‍കിയ നീക്കമായി. ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ എന്തൊക്കെയാകാം എന്നു സ്വാഭാവിക ഉല്‍ക്കണ്ഠയോടെ ഉറ്റുനോക്കി നില്‍ക്കുന്നതിനിടെ സംഗതി പ്രയോജനപ്പെടുത്താന്‍ കേരളം മറന്നു. പുതിയ വകുപ്പ് ദേശീയതലത്തില്‍ ഒരു ചട്ടക്കൂട് കൊണ്ടുവന്നു; നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്. എല്ലാ തൊഴില്‍ നൈപുണ്യ പരിശീലനവും അതിനു കീഴിലാകണം എന്നും നിര്‍ദ്ദേശിച്ചു. ഒന്‍പതാം ക്ലാസ് മുതല്‍ പി.എച്ച്.ഡി വരെ നൈപുണ്യ പരിശീലനം കൊടുക്കാം. ദേശീയതലത്തില്‍ അങ്ങനെയാണ് ക്രോഡീകരിച്ച ഒരു പ്രവര്‍ത്തനം ഉണ്ടായത്. പി.എം.കെ.വി.വൈ (പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന), പ്രധാനമന്ത്രി കൗശല്‍ കേന്ദ്ര (പി.എം.കെ.കെ) തുടങ്ങിയ പരിശീലന പദ്ധതികള്‍ തുടങ്ങി. 

കേരളം അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ നില്‍ക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ പലതും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോയി. സി.എസ്.ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) ഫണ്ട് നൈപുണ്യ വികസനത്തിനുകൂടി ഉപയോഗപ്പെടുത്തണം എന്നു സ്വകാര്യ വ്യവസായ സ്ഥാപനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പകരം ആദായ നികുതി ഇളവും വാഗ്ദാനം ചെയ്തു. സി.എസ്.ആര്‍ ഫണ്ട് നൈപുണ്യ വികസനത്തിന് ഉപയോഗിച്ചാല്‍ തുല്യമായ തുക നികുതി ഇളവ് ലഭിക്കും എന്നത് കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ക്ക് വളരെ ആകര്‍ഷകമായി. 

2012-2017 കാലയളവില്‍ കേരളത്തിന്റെ 12-ാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്ത നൈപുണ്യ വികസന ലക്ഷ്യം 1.48 ദശലക്ഷം ആയിരുന്നു. അസാപ് വഴി ഇതുവരെ പരിശീലിപ്പിക്കാന്‍ സാധിച്ചത് 310,000 പേരെ. ഇതിനാണ് 1500 കോടി രൂപ എ.ഡി.ബിയില്‍ നിന്നു വായ്പ എടുത്തത്. എ.ഡി.ബിയുടെ വെബ്സൈറ്റില്‍ ഇതിന്റെ ലക്ഷ്യങ്ങളേക്കുറിച്ചു വിശദ രേഖയുണ്ട്. വായ്പ തിരിച്ചടച്ചു കഴിഞ്ഞതായാണ് എ.ഡി.ബി അറിയിക്കുന്നത്.

സംസ്ഥാന വ്യാപകമായി പല സ്ഥലങ്ങളിലും അസാപ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. അതും ചെറിയ കെട്ടിടങ്ങളല്ല; 25000 ചതുരശ്ര അടിയില്‍ കുറയാത്ത കൂറ്റന്‍ കെട്ടിടങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ ഈ ധൂര്‍ത്തും ദുര്‍വിനിയോഗവും തടയും എന്നാണ് പൊതുവേ പ്രതീക്ഷിച്ചിരുന്നത്. അസാപ്പിന് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പുതിയ ബജറ്റ് വിഹിതം നല്‍കരുത് എന്നു പല തലങ്ങളില്‍നിന്ന് ഉപദേശവും അഭ്യര്‍ത്ഥനയും ഉണ്ടായി. എന്നാല്‍, 540 കോടി രൂപയാണ് ഡോ. ടി.എം. തോമസ് ഐസക് അനുവദിച്ചത്. 16 കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഒന്‍പതെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പക്ഷേ, അവ ഏറ്റെടുക്കാന്‍ ആളില്ലാതായി. അസാപ്പിന്റെ ലക്ഷ്യം മറന്ന് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലേക്കു കടന്ന സ്ഥിതിയായി. ഈ കെട്ടിടങ്ങള്‍ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുന്നു. വിചിത്രമായ കാര്യം, ഈ കെട്ടിടങ്ങള്‍ സര്‍ക്കാരിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് പുറത്തറിയിക്കാതെ വിദഗ്‌ദ്ധോപദേശം തേടുകയാണ് സര്‍ക്കാര്‍ എന്നതാണ്. അസാപ് സമീപകാലത്ത് ഒരു കമ്പനിയാക്കി. ലാഭ, നഷ്ടങ്ങളില്ലാത്ത കമ്പനി എന്ന നിലയിലാണ് രജിസ്ട്രേഷന്‍. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വിരമിച്ച ഉഷാ ടൈറ്റസിനെ സി.എം.ഡി ആയി നിയമിക്കുകയും ചെയ്തു. കൂടുതല്‍ നന്നാക്കാനാണ് കമ്പനിയാക്കിയത് എന്നാണ് വാദം.

കെ ഡിസ്കിൽ ആനിമേറ്റർമാർക്ക് മഴവില്ല് എന്ന പേരിൽ നൽകിയ പരിശീലനം
കെ ഡിസ്കിൽ ആനിമേറ്റർമാർക്ക് മഴവില്ല് എന്ന പേരിൽ നൽകിയ പരിശീലനം

പരിശ്രമങ്ങള്‍ക്കെന്തര്‍ത്ഥം 
 
പഠിതാവ്, പരിശീലകന്‍, ജോലി കൊടുക്കുന്ന ആള്‍ എന്നിവരാണ് ഏതൊരു നൈപുണ്യ വികസന, പരിശീലനത്തിലേയും പ്രധാന പങ്കാളികള്‍. പിന്നെയാണ് മറ്റ് അനുബന്ധ കാര്യങ്ങള്‍. ഈ മൂന്ന് ആളുകള്‍ പറയുന്നതു കേള്‍ക്കാന്‍ തയ്യാറല്ലാത്ത നൈപുണ്യ വികസന, പരിശീലന സ്ഥാപനമായാണ് അസാപ് ഇതുവരെ പ്രവര്‍ത്തിച്ചത്. താഴേക്കിടയില്‍ എന്താണ് നടക്കുന്നതെന്ന് ഇവര്‍ക്ക് അറിയില്ല. മറ്റുള്ളവര്‍ക്കു പണം കൊടുത്ത് തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനം മാത്രമായി അസാപ് മാറി. കൊവിഡ് കാലമായതുകൊണ്ട് ഈ പരിശീലനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ മാത്രമാണുതാനും. പുതിയ സാഹചര്യത്തില്‍ എന്തു മാറ്റം ഉണ്ടാകും എന്നാണ് ഇനി കാണേണ്ടത്. ഐ.ടി മേഖലയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം, അതിലൂടെ ഐ.ടി വികസനം ആണ് ഐ.സി.ടി അക്കാദമിയുടെ ലക്ഷ്യം. 26.9 കോടി രൂപ പ്രാരംഭ നിക്ഷേപത്തോടെ തുടങ്ങിയ കെയ്സ് വേറൊരു ലോകത്താണ്. എന്‍.എസ്.ഡി.സിയുമായി സഹകരിക്കാനോ നൈപുണ്യ വികസനത്തില്‍ സമകാലികമാകാനോ അവര്‍ തയ്യാറല്ല. ഏറ്റെടുത്തു നടപ്പാക്കേണ്ട പരിശീലന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ആറ് സമിതികളെ വച്ചിട്ടുണ്ട് കെയ്സ്. ഇവരെ കിട്ടിയിട്ടു കമ്മിറ്റി ചേരുകതന്നെ മിക്കപ്പോഴും അപ്രായോഗികം. 

കേരളത്തിന്റെ ഔദ്യോഗിക നൈപുണ്യ മിഷന്‍ എന്നാണ് കെയ്സിന്റെ അവകാശവാദം. അങ്ങനെയാണെങ്കില്‍ കേന്ദ്ര നൈപുണ്യ വികസന മിഷന്റെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ പറ്റില്ല എന്ന് എന്‍.എസ്.ഡി.സി അറിയിച്ചു. അപ്പോള്‍ തിരക്കിട്ട് തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ അടിയന്തര യോഗം വിളിച്ചു. ഉദ്യോഗസ്ഥ അപ്രമാദിത്വം കാണിക്കാന്‍ വീണ്ടുമൊരു കാര്യോപദേശക സമിതി രൂപീകരിച്ചു. എന്നിട്ട് അക്രഡിറ്റേഷന്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍നിന്ന് കേന്ദ്ര മാനദണ്ഡത്തിനു വിരുദ്ധമായി വരുമാനത്തിന്റെ അഞ്ചു ശതമാനം ഈടാക്കാന്‍ തുടങ്ങി. കേന്ദ്ര മിഷന്‍ പരിശീലകര്‍ക്കു പരിശീലനം നല്‍കുന്നതുള്‍പ്പെടെ കാര്യക്ഷമമായ സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. അക്രഡിറ്റേഷന്‍ നല്‍കുന്നതിന്റെ ഭാഗമായ പരിശോധനകള്‍ കര്‍ക്കശവുമാണ്. ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് അക്രഡിറ്റേഷന് അപേക്ഷിച്ച സ്ഥാപനം ആ മേഖലയിലെ ദേശീയാംഗീകൃത വിദഗ്ദ്ധരാണ് പരിശോധന നടത്തുന്നത്. കെയ്സ് ആകട്ടെ, ആരെയെങ്കിലും അയയ്ക്കുകയാണ് ചെയ്യുന്നത്. കെയ്സിലെ സാധാരണ ഉദ്യോഗസ്ഥരാണ് മിക്ക സ്ഥാപനങ്ങളിലും പോകുന്നത്. അവര്‍ സ്ഥാപനത്തിനുള്ളില്‍ കയറാതെ മടങ്ങിപ്പോകുന്ന അനുഭവങ്ങള്‍ പോലുമുണ്ട്. എല്ലാം ശരിയല്ലേ എന്നു ചോദിക്കാന്‍ മാത്രമായി സര്‍ക്കാര്‍ ചെലവില്‍ യാത്രയും താമസവും. ചില സംഘങ്ങള്‍ കൃത്യമായി പരിശോധന നടത്തും. പക്ഷേ, ചിലരെ ബോധിക്കും, ചിലരെ ബോധിക്കില്ല. ബോധിച്ചവര്‍ക്കു മാത്രം അക്രഡിറ്റേഷന്‍. അതിനിടെ, കൊവിഡ് കാലത്ത് കെയ്സ് ഒരു താല്‍പ്പര്യപത്രം ക്ഷണിച്ചു. രണ്ടരക്കോടി രൂപ വാര്‍ഷിക വിറ്റുവരവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. വരുമാനത്തിന്റെ 15 ശതമാനം അവര്‍ക്കു കൊടുക്കണം. ഇവരും കെട്ടിടങ്ങള്‍ പണിത് ഇട്ടിട്ടുണ്ട്. കൊല്ലം ചവറയില്‍ നിര്‍മ്മിച്ചത് ഒരു ലക്ഷം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടം. പക്ഷേ, എടുക്കാനാളില്ലാതെ കുറേ കിടന്നു. ഇപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി) എടുത്ത് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ഉപയോഗിക്കുന്നു. അങ്കമാലി ഇന്‍കല്‍ പാര്‍ക്കാണ് മറ്റൊരു കെട്ടിടം. 20,000 ചതുരശ്ര അടി ഇപ്പോഴും ഉപയോഗശൂന്യം. സംരംഭകരും തൊഴിലില്ലാത്തവരും വീടില്ലാത്തവരും ഒരിഞ്ചു ഭൂമിക്കും കെട്ടിടത്തിനുമായി നെട്ടോട്ടമോടുന്ന കേരളത്തിലാണ് ഇതെല്ലാം. 

2013 മുതല്‍ നോക്കിയിട്ടു മൂന്ന് ലക്ഷത്തില്‍പ്പരം പേര്‍ക്കു മാത്രമാണ് അസാപ് വഴി നൈപുണ്യ പരിശീലനം നല്‍കിയത് എന്നത് സര്‍ക്കാരിലെ അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ, തുറന്നു പറയുന്നില്ല. സ്വന്തം കുട്ടിയായതുകൊണ്ട് പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. ബാക്കി മൂന്ന് ഏജന്‍സികളും ചേര്‍ന്നു പരിശീലനം നല്‍കിയത് ലക്ഷത്തില്‍ താഴെ പേര്‍ക്കു മാത്രം. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ 50 ലക്ഷം പേര്‍ക്കെങ്കിലും പരിശീലനം നല്‍കാനുള്ള പ്രയത്‌നത്തില്‍ അസാപ്പും കെയ്സും ഐ.സി.ടി അക്കാദമിയും കുടുംബശ്രീയും കൂടി ഓടി എത്തില്ലെന്നു മനസ്സിലാക്കിയാണ് പുതിയ പ്ലാറ്റ്ഫോം തുടങ്ങുന്നത്. ശരിക്കും കേരളം നൈപുണ്യ വികസന പരിശീലനത്തില്‍ ഓടിത്തുടങ്ങുന്നതേയുള്ളു.

മുഖ്യമന്ത്രി പിണറായി വിജയൻ, അസാപ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഉഷ ടൈറ്റസ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ
മുഖ്യമന്ത്രി പിണറായി വിജയൻ, അസാപ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഉഷ ടൈറ്റസ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ

പാഠങ്ങള്‍
 
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റായി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച പുതുക്കിക ബജറ്റില്‍ ഈ മേഖലയക്കു 100 കോടി രൂപയാണ് അധികം വകയിരുത്തിയത്. ഡോ. ടി.എം. തോമസ് ഐസക്ക് വകയിരുത്തിയത് 200 കോടി, ബാലഗോപാല്‍ 300 കോടി. സംഗതി തത്വത്തില്‍ സദുദ്ദേശപരമാണ്. അസാപ്പും കെയ്സും സദുദ്ദേശപരമായിത്തന്നെ തുടങ്ങിയവയും സര്‍ക്കാര്‍ ഖജനാവില്‍നിന്നു കോടികള്‍ ചെലവിട്ടവയുമാണ്. അവ എവിടെ എത്തി, അല്ലെങ്കില്‍ കേരളത്തെ എവിടെയെങ്കിലും എത്തിച്ചോ എന്ന ചോദ്യത്തോടു ചേര്‍ത്തു വേണം ഇതിനേയും കാണാന്‍. കെ.കെ.ഇ.എമ്മിനെക്കുറിച്ചുള്ള കെ-ഡിസ്‌കിന്റെ സ്ട്രാറ്റജി റിപ്പോര്‍ട്ടില്‍ നൈപുണ്യ വികസനത്തെക്കുറിച്ചു വിശദാംശങ്ങള്‍ ഇല്ല. സ്ഥാപനങ്ങളുടെ കൂട്ടത്തിലാകട്ടെ കൊല്ലത്ത് തൊഴില്‍ വകുപ്പിനു കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ പേരു മാത്രമാണുള്ളത്. സംസ്ഥാനത്തു നാലായിരത്തോളം കൊച്ചുകൊച്ചു സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 

നൈപുണ്യ വികസനം കേരളത്തിന്റെ പ്രധാന മുന്‍ഗണനയാകണം എന്ന തലക്കെട്ടില്‍ 2016-ലെ കേരള പഠനകോണ്‍ഗ്രസ്സില്‍ പ്രബന്ധം വന്നിരുന്നു. അതില്‍ ചൂണ്ടിക്കാണിച്ച സാഹചര്യങ്ങളില്‍ ഒന്നാമത്തേത്, രാജ്യത്തെ തൊഴിലില്ലായ്മാ നിരത്തില്‍ കേരളം മുന്നിലാണ് എന്നതാണ്. ദേശീയ ശരാശരിയെക്കാള്‍ രണ്ടിരട്ടിയോളം കൂടുതല്‍. വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം കൂടുതല്‍ ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് തൊഴിലില്ലായ്മാ നിരക്കും ഉയരുന്നു. സമീപകാലത്തെ ഏകദേശ കണക്കുകള്‍ പ്രകാരം പ്രാഥമിക വിദ്യാഭ്യാസം ഉള്ളവരുടെ തൊഴിലില്ലായ്മ 6.1 ശതമാനവും സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ 12.4 ശതമാനവുമാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ 33.7 ശതമാനം, ബിരുദധാരികളുടെ തൊഴിലില്ലായ്മ 26 ശതമാനം. കേരളത്തിലെ വിദ്യാഭ്യാസമുള്ള തൊഴില്‍രഹിതരുടെ ഈ 'പ്രശ്‌ന'ത്തിനു കാരണം സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരതയും സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോക്കിന്റെ കുറവുമാണ്. അതിനനുസരിച്ചു തൊഴില്‍ വിപണി ഉയരുന്നില്ല. 2030 ആകുമ്പോഴേയ്ക്കും ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി മാറുക എന്ന കേരളത്തിന്റെ സ്വപ്നത്തിന് ഈ തൊഴിലില്ലായ്മ ഭീഷണിയാണ്. സമീപ വര്‍ഷങ്ങളില്‍ കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ മേഖലകളില്‍ എന്‍ജിനീയറിംഗ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോളേജുകളുടെ എണ്ണം കുത്തനേ വര്‍ദ്ധിച്ചതും തൊഴിലില്ലാ സേനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പഠിച്ചിറങ്ങുന്നവര്‍ക്കു പണിയില്ല. 

ശരിയായ വിധം പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതുകൊണ്ട് എന്‍.എസ്.ഡി.സിക്ക് ലക്ഷ്യത്തിലേക്ക് കാര്യമായി അടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ എന്‍.എസ്.ഡി.സിക്ക് പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് പ്രഖ്യാപിത ലക്ഷ്യത്തിന്റെ പത്തു ശതമാനത്തോളം മാത്രം. എത്ര വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു എന്നതിനു കൃത്യമായ വിവരശേഖരംപോലും എന്‍.എസ്.ഡി.സിയുടെ പക്കല്‍ ഇല്ല. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പി.പി.പി) തുടങ്ങിയ എന്‍.എസ്.ഡി.സിയിലെ കേന്ദ്ര പങ്കാളിത്തം 49 ശതമാനമാണ്. ഇതിനകം 3000 കോടി രൂപയോളം കേന്ദ്രം വിനിയോഗിക്കുകയും ചെയ്തു. സ്വകാര്യ പങ്കാളികളുടെ വിഹിതം വളരെ കുറവും. ഈ അനുഭവപാഠങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയില്‍നിന്നു പഠിക്കുന്നതിനു പകരം അതേ അനുഭവങ്ങളിലേക്കു വീഴുകയാണ് കേരളം ഇതുവരെ ചെയ്തുപോന്നത്. 

ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, 2017 മെയ് ഒന്നിനും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 2018 ഡിസംബര്‍ ഏഴിനും തൊഴില്‍ നൈപുണ്യരംഗത്തെ സമഗ്ര വികസനത്തെക്കുറിച്ചും തൊഴില്‍ നൈപുണ്യ പരിശീലന നയത്തെക്കുറിച്ചും വളരെ വിശദമായ മറുപടികളാണ് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയത്. കെയ്സ് അത്രയ്‌ക്കൊക്കെ ചെയ്തതില്‍ കാര്യമുണ്ടെങ്കില്‍, ആ കാര്യങ്ങള്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് തൊഴിലും തൊഴില്‍ നൈപുണ്യവും നല്‍കുമെങ്കില്‍ ഈ സര്‍ക്കാര്‍ എന്തിനാണ് വിപുലമായ നൈപുണ്യ വികസന പദ്ധതി ആവിഷ്‌കരിക്കുന്നത്, ആവിഷ്‌കരിക്കേണ്ടി വന്നത് എന്ന ചോദ്യം പ്രസക്തം. നാമമാത്രമായി കുറച്ചുപേര്‍ക്ക് തൊഴിലോ നൈപുണ്യമോ കൊടുക്കാന്‍ സാധിച്ചതിനപ്പുറം ഒന്നുമുണ്ടായില്ല എന്ന സമ്മതം കൂടിയാണ് ഇപ്പോഴത്തെ നീക്കം. ടി.പി. രാമകൃഷ്ണന്റെ മറുപടിയില്‍ത്തന്നെ ബഹുഭൂരിപക്ഷവും ചെറുകിട സ്വകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള നൈപുണ്യ വികസന പരിശീലന പദ്ധതികള്‍ക്കുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ച കാര്യമാണ് പറഞ്ഞത്. നൈപണ്യ വികസനം നേടിയിട്ടുള്ള തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന വിധത്തില്‍ ഒരു ജോബ് പോര്‍ട്ടല്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു എന്ന് 2017-ലും 2018-ലും തൊഴില്‍ മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കേന്ദ്രീകൃതമാക്കുന്നതിനുമുള്ള ഭരണസംബന്ധമായ ചട്ടക്കൂട് രൂപീകരിച്ചു എന്നും അതിന്റെ ഭാഗമായി സംസ്ഥാന നൈപുണ്യ മിഷന്‍ ഒരു സ്‌കില്‍ സെക്രട്ടേറിയറ്റായി പ്രവര്‍ത്തിക്കുമെന്നും ഉള്‍പ്പെടെ അവകാശപ്പെട്ടു. നൈപുണ്യ വികസന മിഷനുമില്ല സ്‌കില്‍ സെക്രട്ടേറിയറ്റുമില്ല; ഉണ്ടെങ്കില്‍ കടലാസില്‍ മാത്രം. 

2021 മേയില്‍ നോളജ് ഇക്കോണമി വികസന മിഷന്‍ തുടങ്ങുന്നതിന്റെ നയരേഖയില്‍ വീണ്ടും പറയുന്നത് ജോബ് പോര്‍ട്ടലിനെക്കുറിച്ചുതന്നെ. തൊഴിലന്വേഷകര്‍ക്കുവേണ്ടി കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കെ-ഡിസ്‌ക് 2021 ഫെബ്രുവരിയില്‍ തുടങ്ങിയ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍. ഇതിനകം അന്‍പതിനായിരത്തോളം പേര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരുടെ നൈപുണ്യവും മുന്‍പരിചയവും പരിശോധിക്കുന്നതിനും അവരുമായി സംസാരിച്ച് തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് ആവശ്യമുള്ള അധിക പരിശീലനം എന്താണെന്നു നോക്കാനും ഐ.സി.ടി അക്കാദമിയെ ഏല്‍പ്പിച്ചിരിക്കുന്നു. ഐ.സി.ടി അക്കാദമിക്കു പുറമേ കെയ്സ്, അസാപ്, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവയും ഈ പ്രവര്‍ത്തനങ്ങളില്‍ കെ- ഡിസ്‌കിന്റെ പങ്കാളികളാണ്. 'എന്റെ ജോലി എന്റെ അഭിമാനം' എന്നൊരു പ്രചാരണ മുദ്രാവാക്യവുമുണ്ട്; ഇനി അതിന്റെ കുറവ് വേണ്ട എന്ന മട്ടില്‍. 

2018 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് ഒരു ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നൈപുണ്യ വികസനം എന്ന ഒരേ ലക്ഷ്യത്തോടെ ഒരേ സര്‍ക്കാരിനു കീഴില്‍ പല ഏജന്‍സികള്‍ എന്തിനാണ് എന്ന ചോദ്യമാണ് അന്ന് മുഖ്യമന്ത്രി പ്രധാനമായും ഉന്നയിച്ചത്. കൃത്യമായ ഉത്തരം യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മുഖമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു കേന്ദ്രീകൃത സംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ കെയ്സ് മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ ശുപാര്‍ശകളില്‍ പെട്ടതാണ് സ്റ്റേറ്റ് സ്‌കില്‍ സെക്രട്ടേറിയറ്റ്, സ്‌കില്‍ സെക്ട്രട്ടേറിയറ്റിന്റെ 'തിങ്ക് ടാങ്ക്' ആയി പ്രവര്‍ത്തിക്കാന്‍ വേള്‍ഡ് സ്‌കില്‍ ലൈസിയം, നൈപുണ്യ വികസന നയം രൂപീകരിക്കുന്നതിന് സ്റ്റേറ്റ് ലെവല്‍ സ്റ്റിയറിംഗ് കമ്മിറ്റി, ഹൈ പവര്‍ കമ്മിറ്റി, ബിസിനസ് ഹൈ പവര്‍ കമ്മിറ്റി എന്നിവ. മുഖ്യമന്ത്രി എക്‌സ് ഒഫീഷ്യോ ചെയര്‍മാനായി സ്റ്റിയറിംഗ് കൗണ്‍സിലും ചീഫ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ ചെയര്‍മാനായി ഹൈ പവര്‍ കമ്മിറ്റിയും ഉള്‍പ്പെടെ രൂപീകരിച്ച്, ശുപാര്‍ശകള്‍ നടപ്പാക്കിക്കൊണ്ട് 2018 മെയ് 28-ന് തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 

വിചിത്രമായ കാര്യം, സംസ്ഥാനത്ത് നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമാണ് കെയ്സ് രൂപീകരിച്ചത് എന്നതാണ്. 2013 ഫെബ്രുവരി 14-നും 2015 ജൂലൈ 24-നും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിനു നിയമസഭയില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നല്‍കിയ മറുപടിയിലും അത് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഒരേ ചോദ്യങ്ങള്‍, രണ്ടു വര്‍ഷത്തിനു ശേഷവും ഒരേ മന്ത്രി നല്‍കിയത് ഒരേ മറുപടികള്‍. പ്രത്യേകിച്ച് ഒരു പുരോഗതിയുമില്ല. മുന്‍ സര്‍ക്കാരിന്റെ ലക്ഷ്യബോധമില്ലായ്കയുടെ തുടര്‍ച്ചയായി ഇതു മാറുകയും ചെയ്തു. സംസ്ഥാനത്ത് നൈപുണ്യ വികസന മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ ചോദ്യങ്ങള്‍ക്കാണ് ഷിബു ബേബി ജോണിന്റെ മറുപടി എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് 'നൈപുണ്യ വികസന മിഷന്‍' വെറുമൊരു വാചകമടിയാണ് എന്നു വ്യക്തമാവുക. അത് ഒന്നാം പിണറായി സര്‍ക്കാരും തുടര്‍ന്നു. ഏതു ലക്ഷ്യത്തിനുവേണ്ടി മുന്‍ സര്‍ക്കാര്‍ കെയ്സ് രൂപീകരിച്ച് വന്‍ തുക നല്‍കിയോ അതേ സ്ഥാപനത്തെ, അതേ ലക്ഷ്യങ്ങളില്‍ വേറെ സംവിധാനം രൂപീകരിക്കുന്നതിനു ശുപാര്‍ശ നല്‍കാന്‍ നിയോഗിക്കുന്ന സ്ഥിതി. ഇപ്പോഴത്തെ ശ്രമങ്ങള്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്നാണ് ഇനി കാണേണ്ടത്. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ ഒടുവില്‍, 2021 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ പ്രസിദ്ധീകരണം കേരള ഇക്കോണമിയുടെ ഒരു പ്രത്യേക പതിപ്പ് ഇറങ്ങി. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കല്‍ എന്നതായിരുന്നു വിഷയത്തിലായിരുന്നു ഇത്. അത് എഡിറ്റു ചെയ്ത രണ്ടുപേരില്‍ ഒരാള്‍ കെ -ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍ ആയിരുന്നു. പിന്നീടു കെ-ഡിസ്‌ക് തയ്യാറാക്കിയ നോളജ് ഇക്കോണമി മിഷന്‍ നയരേഖയുടെ പ്രാഥമികരൂപമായിരുന്നു ആ വിശദ ലേഖനം. വൈജ്ഞാനിക സമ്പദ്വ്യവസ്ഥ സംബന്ധിച്ച സങ്കല്‍പ്പങ്ങളെക്കുറിച്ച് പിണറായി വിജയനും ഡോ. ടി.എം. തോമസ് ഐസക്കും വി.കെ. രാമചന്ദ്രനും കെ.എം. എബ്രഹാമും ഉള്‍പ്പെടെ അതില്‍ വിശദീകരിച്ചു. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനേക്കുറിച്ച് 2021-ലെ സംസ്ഥാന ബജറ്റിനുശേഷം നടന്ന അന്തര്‍ദ്ദേശീയ സംവാദം ഉദ്ഘാടനം ചെയ്തു പിണറായി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപമാണ് പ്രസിദ്ധീകരിച്ചത്. ''ഡിജിറ്റല്‍ ഇടം ജനാധിപത്യവല്‍ക്കരിക്കുന്നു; കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനു നാന്ദി'' എന്നായിരുന്നു അതിന്റെ തലക്കെട്ടു തന്നെ. ''നാമിതു പറയുമ്പോള്‍ നമ്മള്‍ ഉട്ടോപ്യന്‍ പകല്‍ക്കിനാവു കാണുകയാണ് എന്നു നിരവധിപ്പേര്‍ പറഞ്ഞേക്കും. നമുക്കൊരു പദ്ധതിയുണ്ട്, നമുക്കു നിര്‍ദ്ദേശങ്ങളും അതു നടപ്പാക്കാനുള്ള വൈദഗ്ദ്ധ്യവും വേണം'' മുഖ്യമന്ത്രി പറഞ്ഞു; മാത്രമല്ല, ഇത് ഏതെങ്കിലു കാലത്ത് ചെയ്തു തീര്‍ത്താല്‍ പോരാ, സമയബന്ധിതമായി പൂര്‍ത്തീകരിക്കണം എന്നുകൂടി അദ്ദേഹം കൃത്യമായി ഓര്‍മ്മിപ്പിച്ചു. അഞ്ചു വര്‍ഷമാണ് ഈ പറഞ്ഞ സമയം. പക്ഷേ, സ്വഭാവികമായും ഇടയ്ക്കിടെ അവലോകനം നടത്താതെ കഴിയില്ല. മുഖ്യമന്ത്രി പറഞ്ഞതും പിന്നീട് നയരേഖയില്‍ വ്യക്തമാക്കിയതും പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞതും സമയബന്ധിതമായി ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനേക്കുറിച്ചാണ്. എല്ലാം എത്തിച്ചേരുന്ന ആ ഒറ്റവരി ലക്ഷ്യം ഇതാണ്; അഞ്ചു വര്‍ഷംകൊണ്ട് കേരളത്തില്‍ നൈപുണ്യ വികസനം മുഖേന 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കാനാകുമോ?

''കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള മാനിഫെസ്റ്റോ'' തന്നെയാണ് ഡോ. തോമസ് ഐസക് വച്ചത്. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തേയും ബജറ്റിനു ശേഷ നടന്ന അന്തര്‍ദ്ദേശീയ സംവാദത്തേയും അടിസ്ഥാനമാക്കി തയ്യാറാക്കിയതായിരുന്നു ലേഖനം. രസമെന്താണെന്നുവച്ചാല്‍, നൈപുണ്യ വികസനത്തിന്റെ പേരില്‍ കടമെടുത്തും അല്ലാതേയും കോടികള്‍ തുലച്ച അസാപിന് നാടുമുഴുവന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ബജറ്റില്‍ 540 കോടി രൂപ ഒരു ചര്‍ച്ചയുമില്ലാതെ അനുവദിച്ച ധനമന്ത്രിയായിരുന്നു തോമസ് ഐസക് എന്നതാണ്. ആ കൂറ്റന്‍ കെട്ടിടങ്ങളില്‍ മിക്കതും വെറുതേ കിടക്കുമ്പോള്‍ കൂടിയാണ് നൈപുണ്യ വികസനത്തേക്കുറിച്ചു വലിയ വര്‍ത്തമാനം പറഞ്ഞതും 'മാനിഫെസ്റ്റോ' അവതരിപ്പിച്ചതും.
 
എല്‍.ഡി.എഫിന്റെ 2016-ലെ പ്രകടനപത്രികയില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞ് രണ്ടാം പിണറായി സര്‍ക്കാര്‍ പറയുന്നത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കും എന്നാണ്. അപ്പോള്‍ നേരത്തേ പറഞ്ഞ 10 ലക്ഷത്തിന്റെ സ്ഥിതിയെന്താണ്? എത്ര പേര്‍ക്ക് തൊഴില്‍ കൊടുത്തു? കേരളത്തില്‍ തൊഴിലില്ലായ്മയാണോ പ്രശ്‌നം. അതോ ഉള്ള അവസരങ്ങള്‍ക്കു നമ്മുടെ യുവജനങ്ങള്‍ യോഗ്യത നേടാത്തതാണോ പ്രശ്‌നം? വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്കൊത്ത് അവരെ എത്തിക്കാന്‍ കഴിയുന്നുണ്ടോ? പിന്നെ, 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കും എന്നു പറയുമ്പോള്‍ ഈ സംഖ്യയിലേക്ക് എത്തിയത് എങ്ങനെയാണ് എന്ന ചോദ്യവും ബാക്കി. കേരളത്തിന്റെ പക്കല്‍ ഇതു സംന്ധിച്ച ആധികാരിക വിവരങ്ങള്‍ ഇല്ല. അതില്ലാതെയാണ് കേരളം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. 

നൈപുണ്യ വികസവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാഴ്ചപ്പാടിന്റെ കുറവു പ്രകടമാണ്. മുഖ്യമന്ത്രി പിണറായി തീരുമാനമെടുത്താല്‍ നടപ്പാക്കാന്‍ കഴിയും. പക്ഷേ, പാര്‍ട്ടിയുടേയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടേയും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും തലയില്‍ ഈ രാഷ്ട്രീയം കയറിയിട്ടില്ല. കുട്ടിക്കാലം മുതല്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി അഭിരുചി നിര്‍ണ്ണയം നടത്തണം എന്ന വിദഗ്‌ദ്ധോപദേശം ഇവര്‍ മുഖവിലക്കെടുക്കുന്നില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ ഇങ്ങേയറ്റമായാണ് തൊഴില്‍ നൈപുണ്യമുള്ളവരുടെ വിവരശേഖരം ഉണ്ടാവുക. 

പുതിയ പ്രതീക്ഷകള്‍ 

തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം അവര്‍ ചെയ്ത ആദ്യത്തെ പ്രധാന കാര്യങ്ങളിലൊന്ന് നൈപുണ്യ നയം രൂപീകരിക്കുക എന്നതായിരുന്നു. കേരളം ഇതുവരെ അതിനേക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല. കേരളത്തിന്റെ പ്രത്യേക സാമ്പത്തിക, സാമൂഹിക സാഹചര്യം കണക്കിലെടുക്കുന്നതും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യവുമായ നൈപുണ്യ വികസനനയം രൂപീകരിക്കണം എന്ന ആവശ്യം സി.പി.എമ്മിനു മുന്നിലുണ്ട്. നൈപുണ്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടതു സഹയാത്രികര്‍ പിണറായി സര്‍ക്കാരിനു മുന്നിലും ഈ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ആസൂത്രണ ബോര്‍ഡിനു മുന്നിലുമുണ്ട് ഇത്. കുറേ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാല്‍ വൈജ്ഞാനിക സമ്പദ്ഘടനയാകും എന്നാണ് കേരളത്തിന്റെ പരമ്പരാഗത ധാരണ. നോളജ് ഇക്കോണമി എന്ന പേരു വിളിച്ചു തുടങ്ങുന്നത് ഇപ്പോഴാണെന്നു മാത്രം. 

കെയ്സ് കൊല്ലത്ത് ഒരു ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി; എന്‍.ഐ.ഡി.സിയുമായി ചേര്‍ന്ന്. കെ.എസ്.ഐ.ഡി. അതു സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനുള്ള ആലോചന ഉപേക്ഷിച്ചു. എ.ഐ.സി.ടി.ഇ അഫിലിയേഷന്‍ എടുത്ത് പരമ്പരാഗത രീതിയിലുള്ള മറ്റൊരു സ്ഥാപനാക്കി മാറ്റി. അതേസമയം, ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോട്ടയം ഉഴവൂരിലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നപ്പോള്‍ സ്വയംഭരണ സ്ഥാപനമാക്കി. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മാതൃകയിലാണ് പ്രവര്‍ത്തനം. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ് കേരളത്തിനു വേണ്ടത് എന്ന തിരിച്ചറിവ് അതിലുണ്ട്. സിംഗപ്പൂരില്‍നിന്ന് ടൂറിസം മേഖലയില്‍ സമീപകാലത്ത് ഒരു ഔദ്യോഗിക സംഘം കേരളത്തില്‍ വന്നിരുന്നു. അവര്‍ രാജസ്ഥാനിലും പോയിരുന്നു. അതിനു ശേഷം ടൂറിസം മേഖലയില്‍ മികവിന്റെ കേന്ദ്രം ജയ്പ്പൂരില്‍ തുടങ്ങി. കേരളത്തില്‍ ഒന്നുമായില്ല. കിറ്റ്സില്‍ നടത്തുന്നത് എം.ബി.എ കോഴ്സാണ്. പക്ഷേ, ടൂറിസം മേഖലയില്‍ വേണ്ടത് എം.ബി.എ അല്ല എന്ന തിരിച്ചറിവു കേരളം പ്രകടിപ്പിക്കുന്നില്ല. നൈപുണ്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളൊന്നും ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കുന്നില്ല എന്നതാണ് ദുരന്തം. രക്ഷിതാക്കളുടെ അജ്ഞതയും ഇതു തിരുത്താന്‍ തടസ്സമാകുന്നു. രക്ഷിതാക്കളെക്കൂടി നയിക്കേണ്ടവരാണ് ഈ സ്ഥാപനങ്ങള്‍. 

പ്രതിപക്ഷത്തിനു ഈ മേഖലയില്‍ വലിയ ധാരണയില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപീകരിച്ച അസാപ്പിന്റെ സ്ഥിതിയെന്താണെന്നുപോലും ശ്രദ്ധിക്കാറില്ല. എം.കെ. മുനീറാണ് ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ഇടപെടല്‍ നടത്തിയത്. അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതുകയും നിയമസഭയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അസാപ് മോഡല്‍ പ്രചരിപ്പിക്കാന്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം പര്യടനം നടത്തുക വരെ ചെയ്തിരുന്നു. ''കാമ്പസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരല്ലാത്ത എല്ലാ അഭ്യസ്ഥവിദ്യരെയും കെ.കെ.ഇ.എമ്മിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ അഭിരുചിയും നൈപുണ്യവും വച്ച് എന്തുതരം അവസരമാണ് വേണ്ടത് എന്ന പരിശോധന നടത്തും. ഓരോരുത്തര്‍ക്കും വ്യക്തിപരമായ പിന്തുണ നല്‍കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി (സി.ഐ.ഐ) ഉള്‍പ്പെടെ സഹകരിച്ച് വ്യവസായ മേഖലയുടെ ആവശ്യം അനുസരിച്ചുള്ള നൈപുണ്യമാണ് പരിശീലിപ്പിക്കുന്നത്'' -പി.വി. ഉണ്ണികൃഷ്ണന്‍ പറയുന്നു. ഉള്ള നൈപുണ്യം അനുസരിച്ചു ജോലി കിട്ടാത്തവരുടെ പോരായ്മ പരിശോധിച്ചു പരിഹരിക്കുന്നു എന്നതാണ് പുതിയ സമീപനത്തില്‍ പ്രധാനം. പ്രാപ്തി കുറഞ്ഞവരേയും പ്രത്യേകമായി കണക്കിലെടുത്ത് അവര്‍ക്ക് പ്രത്യേക അവസരം നല്‍കും. ഇതു മുന്‍പില്ലാത്തതാണ്. പ്രത്യേകതരം ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നൈപുണ്യ കേന്ദ്രങ്ങള്‍ പ്രാപ്തമാക്കാന്‍ ശ്രമിക്കും. പ്രാദേശികമായി തൊഴില്‍ സൃഷ്ടിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഉദാഹരണം ഡ്രോണ്‍ അധിഷ്ഠിത കൃഷി. പുതിയ രീതിയാണ് ഇത്. അതിനു പ്രായോഗിക പരിശീലനം ലഭിച്ചവര്‍ വേണം. കാര്‍ഷിക സര്‍വ്വകലാശാലയുമായി ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സഹകരിക്കാനാണ് പദ്ധതി. തൊഴിലാളി ചൂഷണം അവസാനിപ്പിച്ചുകൊണ്ട് പുതിയ തൊഴിലുകള്‍ നല്‍കാന്‍ 'കോപ്പറേറ്റീവ് പ്ലാറ്റ്ഫോം' ആണ് ലക്ഷ്യങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. ഊബര്‍ ഉദാഹരണം. എട്ടു മണിക്കൂര്‍ ജോലിയുടെ 30 ശതമാനമെങ്കിലും യാത്രക്കാരെ കാത്തുകിടക്കുന്നു എന്നാണ് കണക്കാക്കുന്നത്. ഇതിന്റെ നഷ്ടം സഹിക്കേണ്ടത് തൊഴിലാളികള്‍. പകരം തുല്യമായി തൊഴിലുടമയും കൂടി സഹിക്കുന്ന സാഹചര്യമാണ് കൊണ്ടുവരുന്നത്. ''ഫ്രീലാന്‍സ് ജോലികള്‍ ഇന്ന് ലോകത്ത് ധാരാളം വരുന്നു. അത്തരം തൊഴില്‍ ദാതാക്കളുടെ നിബന്ധനകള്‍ പരിഗണിച്ചുള്ള നൈപുണ്യ പരിശീലനമാണ് നല്‍കുക. കഴിവുള്ളവര്‍ക്ക് ആ ജോലി കിട്ടും. നിലവില്‍ അത്തരം ജോലികള്‍ വളരെ പ്രൊഫഷണലാണെങ്കിലും സുരക്ഷയില്ല. കേരളം അവര്‍ക്കു സാമൂഹിക സുരക്ഷ കൂടി കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.'' അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുക മാത്രമല്ല, ഏഴു വര്‍ഷംകൊണ്ട് ലാഭത്തിലാവുകയും കേരള നോളജ് ഇക്കോണമി മിഷന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അസാപ്, കെയ്സ്, ഐ.സി.ടി അക്കാദമി, കുടുംബശ്രീ എന്നീ നാല് ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അതേസമയം ഓരോ ഏജന്‍സിയും സ്വന്തം നിലയില്‍ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) ഉണ്ടാക്കുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ ഏജന്‍സിയുടേയും മികവിന്റെ മേഖലകള്‍ പൊതുവായി പ്രയോജനപ്പെടുത്താനാകും എന്നാണ് കണക്കുകൂട്ടുന്നത്. 

അതെ, കേരളം നൈപുണ്യ വികസനത്തിന്റേയും പരിശീലനത്തിന്റേയും തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഇടപെടലുകളുടേയും പുതിയ കണക്കുകള്‍ കൂട്ടിത്തുടങ്ങുകയാണ്; ഇതുവരെയുള്ള കണക്കുകളെക്കുറിച്ച് വേവലാതിപ്പെടാതെ. അത് അങ്ങനെ മതിയോ എന്നതും പൊതുഖജനാവിലെ പണം പോയവഴിയെക്കുറിച്ച് അങ്ങനെയങ്ങ് നിശ്ശബ്ദരാകാന്‍ പറ്റുമോ എന്നതും പ്രധാനമാണ്; വളരെ പ്രധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com