ദൃശ്യകലയിലെ ജീവിതപക്ഷം 

നവസിനിമയില്‍ വ്യക്തമായി സ്ത്രീപക്ഷരാഷ്ട്രീയം ആവിഷ്‌കരിച്ച സംവിധായകനാണ് ജിയോ ബേബി. അദ്ദേഹം തന്റെ സിനിമയേയും ജീവിതത്തേയും കുറിച്ച്
കലയുടെ രാഷ്ട്രീയ പക്ഷത്ത്: ജിയോ ബേബി
കലയുടെ രാഷ്ട്രീയ പക്ഷത്ത്: ജിയോ ബേബി

ശകങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ 'നിര്‍മാല്യം' എന്ന സിനിമയില്‍ ദേവീ വിഗ്രഹത്തില്‍ വെളിച്ചപ്പാട് ആഞ്ഞുതുപ്പുന്ന ഒരു രംഗമുണ്ട്. അന്ന് ആ രംഗം നമ്മുടെ പൊതുബോധത്തിനു നിശ്ശബ്ദമായ നടുക്കമാണ് നല്‍കിയത്. ഇന്നാണെങ്കില്‍ അങ്ങനെയൊരു രംഗം സാധ്യമാകുമായിരുന്നോ എന്ന് അന്ന് ആ സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ചവരടക്കമുള്ളവര്‍ ഇപ്പോള്‍ സന്ദേഹിക്കുന്നുണ്ട്. ആ സിനിമ പിറന്നിട്ട് ഏതാണ്ട് അരനൂറ്റാണ്ടാകുമ്പോഴാണ് ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ പുറത്തിറങ്ങുന്നത്. 

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമയില്‍ നായിക സഹികെട്ട് ഭര്‍ത്താവിന്റെ മുഖത്ത് അഴുക്കുവെള്ളം കോരിയൊഴിക്കുന്ന രംഗമുണ്ട്. മിക്കവാറും അടുക്കളകളില്‍ തളച്ചിടപ്പെടുകയും അടിമസമാന ജീവിതം നയിക്കുകയും ചെയ്യുന്ന ഏതൊരു മധ്യവര്‍ഗ്ഗ സ്ത്രീയും അങ്ങനെയൊരു പ്രവൃത്തി ചെയ്യണമെന്ന് എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിരിക്കും എന്ന് ഉറപ്പാണ്. അതേസമയം, ഒരുപാടു 'പുരുഷകേസരി'കള്‍ ആ സിനിമ കാണുന്ന സന്ദര്‍ഭത്തില്‍ പെട്ടെന്നൊരു നടുക്കത്തോടെ സ്വന്തം മുഖം തുടച്ചിരിക്കാനും ഇടയുണ്ട്. ഏതായാലും നമ്മുടെ പൊതുബോധത്തില്‍ 'നിര്‍മാല്യ'ത്തിലെ മേല്‍പ്പറഞ്ഞ രംഗത്തിനു സമാനമായ നടുക്കമാണ് 'മഹത്തായ ഇന്ത്യന്‍ അടുക്കള' സൃഷ്ടിച്ചത്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീകളെ അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് കൊണ്ടുവരാനാണ് താല്‍പ്പര്യപ്പെട്ടത്. നാടുവാഴിത്ത മൂല്യങ്ങള്‍ തീര്‍ത്ത തടവറ ഭേദിച്ച്, സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവപരമായ വൈജാത്യങ്ങള്‍ നിലനില്‍ക്കേത്തന്നെ അവര്‍ സമന്മാരായ മനുഷ്യജീവികള്‍ എന്നു പ്രഖ്യാപിക്കാനാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുനിഞ്ഞത്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ആ ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല. നാടുവാഴിത്ത മൂല്യങ്ങളോടു വിട പറയാന്‍ മടിച്ചുനിന്ന സമൂഹത്തില്‍ മനുഷ്യനെ ഉപഭോഗവസ്തുവായി കാണുന്ന കമ്പോളക്രമം നിലവില്‍ വരികയും ചെയ്തു. ഇങ്ങനെയൊരു സന്ദര്‍ഭത്തിലാണ് മഹത്തായ ഇന്ത്യന്‍ അടുക്കളപോലുള്ള സിനിമകള്‍ക്ക് സാംഗത്യമുണ്ടാകുന്നത്. ഉറച്ച സാമൂഹ്യബോധ്യമുള്ള ഒരു സംവിധായകന്റെ കൃതഹസ്തത ആ സിനിമയ്ക്ക പിറകില്‍ വ്യക്തമായി ദര്‍ശിക്കാനാകും. ശരിക്കും പറഞ്ഞാല്‍ മഹത്തായ ഇന്ത്യന്‍ അടുക്കള എന്ന സിനിമയല്ല, നമ്മുടെ അടുക്കളകളില്‍ ജീവിക്കുന്ന സഹജീവികളുടെ നരകയാതനകളാണ് നമ്മെ നടുക്കേണ്ടത്. 

'2 പെണ്‍കുട്ടികള്‍', 'കുഞ്ഞുദൈവം', 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്', 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്നീ സിനിമകളുടെ സംവിധായകന്‍ ജിയോ ബേബി സിനിമകള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരിക്കണമെന്ന പക്ഷക്കാരനാണ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലത്രയും സൂക്ഷ്മമായോ വ്യക്തമായോ രാഷ്ട്രീയം പറയാനുള്ള ശ്രമമുണ്ട്. സിനിമ എന്ന കലയിലെ ആദ്യശ്രമങ്ങളിലൊന്നു തന്നെ തന്റെ ജീവിതത്തെ ബാധിച്ചതിന്റെ ചരിത്രവും ജിയോ ബേബിക്കുണ്ട്. തന്റെ രാഷ്ട്രീയബോധ്യങ്ങളനുസരിച്ച് ഒരു സിനിമ പിടിച്ചതിന്- സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ചുള്ള സിനിമ-ചങ്ങനാശ്ശേരി സെയ്ന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. 

ജിയോ ബേബി
ജിയോ ബേബി

സിനിമാലോകത്തെ ആദ്യ ചുവടുവയ്പ് 

സെയിന്റ് ജോര്‍ജ് കോളേജ് അരുവിത്തറയില്‍ പഠിക്കുമ്പോഴാണ് ജിയോയുടെ സിനിമാരംഗത്തെ ആദ്യശ്രമം. 2001-ല്‍ തൃശൂരില്‍ നടന്ന ഗ്രാഫിക്‌സ് ക്രിയേഷന്‍സിന്റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ കോളേജിനുവേണ്ടി ഒരു ഷോര്‍ട്ട് ഫിലിം തയ്യാറാക്കി. ജിയോയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ആ സിനിമയുടെ എല്ലാ ജോലിയും തീര്‍ത്ത് അതു കാണാനിരുന്നപ്പോള്‍ ജിയോ ''മാനസികമായി തകര്‍ന്നുപോയി'' എന്നാണ്. ഇനി അതവിടെ പ്രദര്‍ശിപ്പിച്ചാല്‍ കോളേജിനു നാണക്കേടാകും എന്നു വിചാരമുണ്ടായെങ്കിലും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് അദ്ധ്യാപകരുടേയും മറ്റും നിര്‍ബ്ബന്ധത്തിനു വഴങ്ങി അതയയ്ക്കുകതന്നെ ചെയ്തു. 

''ഇത്തരം കാര്യങ്ങള്‍ക്ക് കോളേജില്‍നിന്നു ക്രിയേറ്റാവായിട്ടൊക്കെ സപ്പോര്‍ട്ട് തരുന്നത് മലയാള വിഭാഗം മേധാവി ശശിധരന്‍ സാറാണ്. ഞാനന്ന് ബി.കോം സെക്കന്റ് ഇയറാണ്. എങ്ങനെയുണ്ട് ഷോര്‍ട്ട് ഫിലിം എന്നു ചോദിച്ചപ്പോള്‍ നമ്മള് വിചാരിച്ചതൊന്നുമല്ല എടുത്തുവെച്ചിരിക്കുന്നത് എന്നു പറയാനാണ് തോന്നിയത്. ഇത് സാറിനെപ്പോലും കാണിക്കാന്‍ കൊള്ളില്ല. സാറ് ദയവു ചെയ്ത് ഇതില്‍നിന്നും എന്നെ ഒഴിവാക്കിത്തരണം.'' ഇതായിരുന്നു സിനിമയെക്കുറിച്ചു അന്വേഷിച്ച അദ്ധ്യാപകനുമായുള്ള സംഭാഷണമെന്ന് ജിയോ ഇപ്പോഴും ഓര്‍ക്കുന്നു.

ഉറങ്ങിയിട്ടുതന്നെ ഒരാഴ്ച കഴിഞ്ഞിരുന്നു. ഇനിയും ഉറക്കമിളച്ചിരിക്കുന്നതുകൊ ണ്ടു ശരിയാകുമെന്നു തോന്നിയതുമില്ല. തനിക്ക് മടുത്തുവെന്ന് ശശിധരന്‍ സാറിനോടു പറഞ്ഞു. എന്നാല്‍, സാറ് വിട്ടില്ല. ഒന്നുകില്‍ നീ സിനിമ ചെയ്യും. അല്ലെങ്കില്‍ ഇതോടുകൂടി നിര്‍ത്തും. സിനിമ തന്നെയായിരിക്കും നിന്റെ മേഖല എന്നാണ് തനിക്കു തോന്നുന്നതെന്നും സാറ് കൂട്ടിച്ചേര്‍ത്തു. ''എനിക്ക് സിനിമ അറിയില്ല. ഞാനെങ്ങനെ സിനിമ ചെയ്യാനാണ്?'' എന്നായിരുന്നു അപ്പോള്‍ ജിയോയുടെ ഉത്തരം. 

എങ്കിലും ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തന്നെ തീരുമാനിച്ചു. അയയ്ക്കുന്ന എല്ലാ സിനിമയും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നത് ഗുണകരമായി തോന്നി. താനയച്ച സിനിമയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പോകണോ വേണ്ടയോ എന്നൊക്കെ സന്ദേഹമുണ്ടായിരുന്നു. കോളേജിന്റെ പേരിനു നാണക്കേടുണ്ടാക്കണോ? പക്ഷേ, ഈരാറ്റുപേട്ടയില്‍നിന്നും തൃശൂരുവരെ യാത്ര ചെയ്യുകയെന്നു പറയുന്നതൊക്കെ ജിയോവിനും ചങ്ങാതിമാര്‍ക്കും വലിയൊരു സംഗതിയായിരുന്നു അക്കാലത്ത്. 

ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഷൂട്ടിങ് വേളയിൽ
ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഷൂട്ടിങ് വേളയിൽ

അവിടെ പോയി മറ്റു പടങ്ങളൊക്കെ കണ്ടുനോക്കാം. ഞങ്ങളുടെ പടം രണ്ടാമത്തെ ദിവസമാണ്. നമ്മുടെ പടം തീരെ മോശമാണെങ്കില്‍ മുങ്ങാം-ഇങ്ങനെയായിരുന്നു വിചാരിച്ചത്. പക്ഷേ, അവിടെപ്പോയി കുറച്ചു സിനിമകളൊക്കെ കണ്ടപ്പോള്‍ മനസ്സിലായി നമ്മുടെ പടം തീരെ മോശമായിട്ടൊന്നും വരില്ലെന്ന്. എല്ലാവരും ആദ്യമായിട്ട് ചെയ്യുന്നവരാണ്. ആദ്യമായതുകൊണ്ടുള്ള എല്ലാ പ്രശ്‌നങ്ങളും എല്ലാ സിനിമകള്‍ക്കുമുണ്ട്. ഭേദപ്പെട്ട സിനിമയാണ് നമ്മുടേത് എന്ന തോന്നലുണ്ടായി. മികച്ചത് എന്നൊന്നും പറയാനില്ല. 

''ആ ഫെസ്റ്റിവലിനെക്കുറിച്ച് മലയാളം വാരിക യില്‍ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. അതില്‍ പല സിനിമകളും പരാമര്‍ശിക്കുന്നുണ്ടായിരുന്നു. പ്രതീക്ഷ നല്‍കുന്ന സിനിമകളെക്കുറിച്ചു പറയുന്ന കൂട്ടത്തിലെ 'ശിശിരത്തിലെ ഇലകള്‍' എന്ന എന്റെ സിനിമയെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. എന്റേയും സഹ സംവിധായകനായ ജിജോ ജെ ഒഴാക്കലിന്റേയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു. അത് പിന്നീട് വലിയ പ്രോത്സാഹനമായി'' - ജിയോ ബേബി പറയുന്നു.

എന്തായിരുന്നു  ആ സിനിമയുടെ പ്രമേയം? 

പറഞ്ഞുപഴകിയ പ്രമേയം തന്നെ. കോളേജ് ജീവിതവും റാഗിംഗും ഒക്കെത്തന്നെ. അന്നത്തെ കാലത്തെ ഒരു പതിവു പ്രമേയമായിരുന്നു അത്. എന്നാല്‍, പ്രതീക്ഷ നല്‍കുന്ന സിനിമകളുടെ പട്ടികയില്‍ 'ശിശിരത്തിലെ ഇലകള്‍' വന്നത് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. അതും കേരളത്തിലെ ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണത്തില്‍. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന എന്റെ അച്ഛന്‍ നല്ല വായനക്കാരനായിരുന്നു. നല്ല സിനിമകള്‍ കാണാന്‍ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. അച്ഛന്‍ വലിയ പ്രാധാന്യത്തോടെ വായനക്കെടുയ്ക്കാറുള്ള ഒന്നായിരുന്നു മലയാളം വാരിക. അതില്‍ ഇങ്ങനെയൊന്ന് വന്നുകണ്ടത് വലിയ ഉത്സാഹമുണ്ടാക്കി. അതോടെ ഈ രംഗം വിടേണ്ട എന്നായി തീരുമാനം. വീണ്ടും അടുത്തവര്‍ഷം ഇതേ ഫെസ്റ്റിവല്‍ വന്നു. അന്നു കൂടുതല്‍ നന്നായി സിനിമയെടുക്കാനും പ്രദര്‍ശിപ്പിക്കാനും പറ്റി. എന്നാലും നമ്മള്‍ വിഷ്വലൈസ് ചെയ്യുന്ന രീതിയില്‍ കൊണ്ടുവരാന്‍ പറ്റിയില്ല. പകുതിപോലും കൊണ്ടുവരാന്‍ പറ്റിയില്ല. അതൊക്കെ ആളുകളെ ഇപ്പോള്‍ കാണിച്ചാല്‍ ഇതൊക്കെ എന്തു സിനിമയാണ് എന്നു ചോദിക്കുന്ന തരത്തിലുള്ളവ തന്നെയാണ്. പക്ഷേ, ആദ്യത്തേതില്‍നിന്നും ക്രമേണ മെച്ചപ്പെട്ടുവന്നു. ഇതേ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. 2002-ലോ 2003-ലോ ആണ്. സിനിമാലോകത്തെ തന്റെ ആദ്യചുവടുകളെക്കുറിച്ച് ജിയോ ബേബി അനുസ്മരിക്കുന്നത് ഇങ്ങനെ.

ഏതായാലും കോളേജ് പഠനകാലത്തെ സിനിമാനുഭവങ്ങള്‍ ജിയോ ബേബിയെ ഒരു സിനിമാക്കാരനെന്ന നിലയില്‍ പരുവപ്പെടുത്തിയെടുക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ടു. എന്നാല്‍, പഠനം ഉഴപ്പി. ബിരുദപരീക്ഷയില്‍ പരാജയം നേരിട്ടു. 

ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ പണിപ്പുരയിൽ
ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ പണിപ്പുരയിൽ

''മൂന്നുവര്‍ഷത്തെ ഡിഗ്രി പഠനം ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരു വിഷയത്തിലായിരുന്നു. മനസ്സു മുഴുവന്‍ സിനിമയായിരുന്നു. നേരത്തെ പറഞ്ഞ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകര്‍ സിനിമാ സംബന്ധിയായ ക്ലാസുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രഗത്ഭരും പ്രതിഭാശാലികളുമായ ഡയറക്ടര്‍മാരും മറ്റും ഉള്‍പ്പെടുന്ന ചര്‍ച്ചകള്‍ തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് സംഘടിപ്പിക്കുമായിരുന്നു. അവയിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. അതൊക്കെ സിനിമ എന്ന മീഡിയത്തെ കുറേക്കൂടി മനസ്സിലാക്കാന്‍ സഹായിച്ചു. പക്ഷേ, പഠനം അവതാളത്തിലായി. ബി.കോം രണ്ടു സബ്ജക്ടില്‍ തോറ്റു. അതെഴുതിയെടുക്കാന്‍ എനിക്കു രണ്ടുവര്‍ഷം വേണ്ടിവന്നു. ഇതിനിടയില്‍ റിലയന്‍സില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു. ജോലി ചെയ്തുകിട്ടുന്ന പൈസയെല്ലാം സൂക്ഷിച്ചുവെച്ചു. ഒതുങ്ങുന്ന ബജറ്റില്‍ ഒരു ഷോര്‍ട്ട് ഫിലിമും ചെയ്തു. എന്നാല്‍, ഞാനപ്പോഴും അന്വേഷണത്തിലായിരുന്നു. എന്നാണ് മനസ്സിലെ സങ്കല്പത്തില്‍ ഉള്ള നമുക്കു പറ്റുന്ന ഒരു സിനിമയെടുക്കാനാകുക എന്ന്'' -ജിയോ ബേബി പറയുന്നു.

''ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എന്റെ വീട്ടിലാണ്. പ്രിയ എന്നു പേരുള്ള കരോളിന്‍ ബേബി എന്ന എന്റെ അനിയത്തിയുമായിട്ടാണ്. ഇപ്പോള്‍ കോളേജ് അദ്ധ്യാപികയായി ജോലി ചെയ്യുകയാണ് അവള്‍. ഞാന്‍ പറഞ്ഞ കഥയും കാണുന്നതും തമ്മില്‍ പ്രശ്‌നമുണ്ട് എന്നാണ് എപ്പോഴും അവള്‍ പറയുക. എന്റെ ഏറ്റവും വലിയ വിമര്‍ശക അവളാണ്. അതേസമയം, അച്ഛന്‍ വളരെ സപ്പോര്‍ട്ടിംഗ് ആയിരുന്നു. അവന്‍ ചെയ്തു ശരിയാകുന്നതല്ലേ ഉള്ളൂ. ശരിയാകും എന്നൊക്കെ പറയും. എനിക്ക് എന്തായാലും വലിയ കണ്‍ഫ്യൂഷന്‍ ആയിരുന്നു. എനിക്ക് ഇത് ചെയ്യാന്‍ പറ്റുന്നതാണോ ഇത് എന്നായിരുന്നു സംശയം. എന്നിട്ടും വീണ്ടും കുറച്ചു പൈസയൊക്കെ സംഘടിപ്പിച്ച് വീണ്ടും ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുകയാണ്. എന്തൊക്കെയോ തലങ്ങളില്‍ അവ മെച്ചപ്പെടുന്നുണ്ട് എന്നു മനസ്സിലായി. എവിടെയൊക്കെയാണ് മെച്ചപ്പെടാനുള്ളത് എന്നതിനെക്കുറിച്ചുള്ള ഐഡന്റിഫിക്കേഷന്‍ ഓരോ പടം കഴിയുമ്പോഴും നടക്കുന്നുണ്ട്. ചിലപ്പോള്‍ തോന്നും ചില സിനിമകള്‍ വേണ്ടവിധം ആകാതെ വന്നത് അഭിനേതാക്കളുടെ പ്രശ്‌നംകൊണ്ടാണ് എന്ന്. അല്ലെങ്കില്‍ ആക്ടിംഗിലുള്ള കണ്ടിന്യൂവിറ്റി മിസ്സിംഗ്, ആക്ഷനിലുള്ള കണ്ടിന്യൂവിറ്റി മിസ്സിംഗ് ഇതൊക്കെ സിനിമയെ ബാധിക്കുന്നുണ്ട് എന്നു തിരിച്ചറിഞ്ഞു. അവയൊക്കെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിത്തുടങ്ങി. കുറേയൊക്കെ ശരിയായി വരുന്നുണ്ട് എന്നല്ലാതെ ടോട്ടാലിറ്റിയില്‍ 70 ശതമാനംപോലും ആകുന്നില്ല. ഞാന്‍ തന്നെ എനിക്കു നല്‍കുന്നത് 50 ശതമാനം മാര്‍ക്കാണ്. സിനിമയെക്കുറിച്ച് അനുജത്തിയുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അവള്‍ പറയാറുണ്ടായിരുന്നത് നീ നിന്റെ തിരക്കഥ വേണമെങ്കില്‍ എഴുതിക്കോ, സംവിധാനം ചെയ്യാന്‍ പോകരുത് എന്നാണ്. ഞാനും ഏകദേശം തിരക്കഥയില്‍ ഫോക്കസ് ചെയ്യാം എന്നുള്ള തീരുമാനത്തിനായി സ്വയം പാകപ്പെട്ടുവരികയായിരുന്നു. അപ്പോഴും ഏതെങ്കിലും രീതിയില്‍ കുറച്ചു പണം കൈയില്‍ വന്നാല്‍ ഹ്രസ്വ ചിത്രങ്ങള്‍ ചെയ്യുന്ന പതിവു വിട്ടില്ല.''

പഠനം ആസ്വാദ്യകരമായതും പിന്നെ മുറിഞ്ഞുപോയതും 

രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ജിയോ ബേബി ബിരുദപരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ എഴുതിയെടുത്തു. ഇനി ഏതായാലും സിനിമാസംബന്ധമായ പഠനം മതിയെന്നും തീരുമാനിച്ചു. അങ്ങനെയാണ് ചങ്ങനാശ്ശേരി സെയ്ന്റ് ജോസഫ് കോളേജ് ഒഫ് കമ്യൂണിക്കേഷന്‍സില്‍ ചേരുന്നത്. ജീവിതത്തിലാദ്യമായാണ് പഠനം ഇത്ര ആസ്വാദ്യകരമായ ഒന്നായി ജിയോവിനു അനുഭവിക്കാനായത്. പത്താം ക്ലാസ്സു മുതല്‍ 50 ശതമാനം മാര്‍ക്കോടെ മാത്രം ജയിച്ചു പോരുകയും ബി.കോമിന് രണ്ടു വിഷയത്തിനു തോറ്റുപോകുകയും ചെയ്ത ജിയോ പിന്നീടങ്ങോട്ട് ക്ലാസ്സില്‍ 80 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിയായി മാറി. ഒരിക്കലും കഷ്ടപ്പെട്ടിരുന്നു പഠിക്കേണ്ടി വന്നില്ല. പഠനം ഒരിക്കലും ഒരു ശ്രമമായി തോന്നിയതുമല്ല. ''ഏറ്റവും ആസ്വാദ്യകരമായി പഠിച്ച കാലമാണ്. പഠിക്കാന്‍ വേണ്ടി പ്രത്യേകം സമയം കണ്ടെത്തേണ്ടിവന്നില്ല. അന്നു തുടങ്ങി പഠനം. ഇപ്പോഴും താന്‍ സിനിമയെന്നത് പഠിച്ചുകൊണ്ടിരിക്കുകയാണ്'' എന്നും ജിയോ കൂട്ടിച്ചേര്‍ക്കുന്നു. 

ഷൂട്ടിങ് ലൊക്കേഷനിൽ
ഷൂട്ടിങ് ലൊക്കേഷനിൽ

എന്നാല്‍, സിനിമയെന്ന കലയോടുള്ള താല്‍പ്പര്യവും പരീക്ഷണങ്ങള്‍ക്കുള്ള ആഗ്രഹവും ദുരനുഭവമായി മാറിയതും അതേ കലാലയത്തില്‍ വെച്ചുതന്നെയായിരുന്നു. തന്റെ വിദ്യാഭ്യാസ കാലത്തെ ഏറ്റവും ആസ്വാദ്യകരമായ പഠനാനുഭവങ്ങള്‍ നല്‍കിയതെന്നും കവിയൂര്‍ ശിവപ്രസാദിനെപ്പോലുള്ള ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ അദ്ധ്യാപകരുള്ള വിദ്യാലയമെന്നും ജിയോ വിശേഷിപ്പിക്കുന്ന കലാലയത്തില്‍നിന്നു സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണച്ചുകൊണ്ടുള്ള ഒരു ഷോര്‍ട്ട് ഫിലിമെടുത്തിന് ജിയോയും സിനിമയില്‍ അഭിനയിച്ച മറ്റു മൂന്നു വിദ്യാര്‍ത്ഥികളും പുറത്തായി. 

''ഷോര്‍ട്ട് ഫിലിമിലെ ഹോമോ സെക്ഷ്വല്‍ കൊണ്ടെന്റ് കോളേജ് അധികാരികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഞാനും അതില്‍ അഭിനയിച്ച മൂന്നുപേരും കോളേജില്‍നിന്നും പുറത്തായി. നഗ്‌നരായി അഭിനയിച്ചു എന്നു പറഞ്ഞാണ് ഞാനൊഴികെയുള്ളവരെ പുറത്താക്കിയത്. പത്താം ക്ലാസ്സ് കഴിഞ്ഞ കാലം തൊട്ടേ എനിക്കു വീട്ടില്‍നിന്നു പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍, ബാക്കി മൂന്നുപേരുടെ കാര്യം ഓര്‍ത്ത് ഞാന്‍ മാനസികമായി വലിയ വൈഷമ്യത്തിലായി. അങ്ങനെ കോളേജില്‍നിന്നും പുറത്തുപോരേണ്ടിവന്നു. കോളേജില്‍നിന്നും ഇറങ്ങിയതില്‍ പിന്നെ സ്വന്തമായിട്ട് എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്നായിരുന്നു തീരുമാനം. കോളേജില്‍, ഷോര്‍ട്ട് ഫിലിമുകളൊക്കെ എടുക്കുന്നതിന്റെ ഭാഗമായിട്ട് ജിംഗിളുകളൊക്കെ ചെയ്യുമായിരുന്നു. മ്യുസീഷ്യനൊന്നുമല്ലെങ്കിലും കുറച്ചു സംഗീതമൊക്കെ അറിയാം. ഒപ്പമുണ്ടായിരുന്ന ജോമേഷ് എന്ന ഒരു സുഹൃത്ത് ഒരു വീഡിയോ ആല്‍ബം ചെയ്തു. 'ണവലൃല വേല വമിറ െീേ മെ്‌ല' എന്ന ആ ആല്‍ബം കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ നെറികേടുകളെക്കുറിച്ചുള്ള ഒരു സംഗീത വിഡിയോ ആണ്. ഇതു നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ആ സംഗീത ആല്‍ബം കണ്ടിട്ട് മാത്യു പോള്‍, ബിജോയ് ഉറുമീസ് എന്ന രണ്ടു പരസ്യ ചിത്രസംവിധായകര്‍ അവരുടെ പരസ്യചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ എന്നെ വിളിച്ചു. കേരളത്തിലെ പ്രഗദ്ഭനായ ആദ്യകാല പരസ്യചിത്ര സംവിധായകനായ മാത്യു പോളിന്റെ പോപ്പിക്കുടയുടെ പരസ്യമൊക്കെ നമ്മള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. ഒരു വലിയ മനുഷ്യസ്‌നേഹി. കോളേജില്‍നിന്ന് പുറത്തായപ്പോള്‍ എനിക്ക് വലിയ സപ്പോര്‍ട്ട് എന്ന നിലയിലാണ് മാത്യുപോള്‍ ആ ജോലി എന്നെ ഏല്‍പിച്ചത്'' -ജിയോ ഓര്‍മ്മിക്കുന്നു. 

എന്നാല്‍, പരസ്യചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി ഉപജീവനം കണ്ടെത്തുമ്പോഴും ജിയോവിന്റെ മനസ്സില്‍ നിറയേ സിനിമയായിരുന്നു. സംഗീതം അറിയാമെന്നല്ലാതെ താനൊരു സംഗീത സംവിധായകനാകില്ലെന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ''നീയൊരു സംഗീതജ്ഞനല്ലെന്നും സംഗീതം കൊണ്ടുനടക്കേണ്ടതില്ലെന്നും'' അച്ഛനും ജിയോവിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ചില ഹ്രസ്വചിത്രങ്ങളൊക്കെ ചെയ്തു തന്റെ സിനിമയോടുള്ള ബന്ധം ജിയോ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്തു. 2010 ആകുമ്പോഴേക്കും സിനിമയില്‍ വലിയ തോതില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

അങ്ങനെയിരിക്കേ അക്കാലത്ത് ജിയോ ഒരു തിരക്കഥയെഴുതി. 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' എന്ന സിനിമ ഉരുവം കൊള്ളുന്നത് അക്കാലത്താണ്. പലരോടും ജിയോ അതിന്റെ കഥ പറഞ്ഞു. മലയാളത്തില്‍ യാത്രാസിനിമ എന്നൊന്ന ആശയം അന്നുണ്ടായിട്ടില്ല. ജിയോയുടെ കഥയില്‍ പുതുമയുണ്ടെന്ന് പലര്‍ക്കും തോന്നി. എന്നാല്‍, ആരു സിനിമയെടുക്കും? ആര് അഭിനയിക്കും? ജിയോ എന്ന തുടക്കക്കാരനെ വിശ്വസിക്കാന്‍ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമൊക്കെ പ്രയാസമായിരുന്നു. 

''ഞാന്‍ ആദ്യമായി പ്രഭു രാധാകൃഷ്ണന്‍ എന്നയാള്‍ സംവിധാനം ചെയ്ത ഒരു സിനിമയില്‍ സംവിധായക സഹായിയായിട്ടാണ് വരുന്നത്. മഴവില്‍ മനോരമയുടെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടൊക്കെ നിര്‍മ്മിക്കപ്പെട്ടതും ടി.വിയില്‍ കാണിച്ചതുമായ 'ദൂരെ' എന്ന സിനിമയിലാണ്. കുറഞ്ഞ ബജറ്റ് ചിത്രമായതുകൊണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ ചെയ്യേണ്ടിവരുന്നതിനു പുറമേ പല ഉത്തരവാദിത്വങ്ങളും എന്നിലേക്ക് വന്നുചേര്‍ന്നു. അതിന്റെ ടൈറ്റിലില്‍ ഞാന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. അതിനുശേഷം ഞാന്‍ പ്രവര്‍ത്തിച്ച സിനിമയാണ് 'നീ.കൊ.ഞാ.ചാ.' അതില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറാണ്'' -ജിയോ ഓര്‍മ്മിക്കുന്നു.

അപ്പോഴൊക്കെയും ജിയോ പലരോടും പറയുകയും സിനിമയാക്കണമെന്ന താല്‍പ്പര്യം കൊണ്ടുനടക്കുകയും ചെയ്ത ഒന്നായിരുന്നു 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്.' ഇതുവരേയും സിനിമയാക്കാനായിട്ടില്ലാത്ത വേറൊരു തിരക്കഥയും അപ്പോള്‍ കൈയിലുണ്ടായിരുന്നു. ഒരു നിര്‍മ്മാതാവിന്റെയടുത്ത് അല്ലെങ്കില്‍ ഒരു താരത്തിന്റെയടുത്ത് ഒരു കഥ പറഞ്ഞിട്ട് ഏറ്റില്ലെങ്കില്‍ മറ്റൊരു കഥ ഉണ്ടെന്നു പറയുന്നു. അതു കൂടി പറയുന്നു. ഇതായിരുന്നു പതിവ്. 

എന്നാല്‍, ഈ ശ്രമങ്ങളൊന്നും ഫലവത്തായില്ല. അതിനിടയില്‍ 'നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി' എന്നൊരു സിനിമ വന്നു. അതോടെ 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' എന്ന സിനിമയെക്കുറിച്ചുള്ള പദ്ധതികള്‍ ജിയോ ഉപേക്ഷിച്ചു. ആ സമയത്ത് തന്റെ ജീവിതം വല്ലാത്ത ഒരു പ്രതിസന്ധിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും മദ്യപാനം ഒരു ശീലമായി മാറിയിരുന്നെന്നും അദ്ദേഹം ഓര്‍ക്കുന്നു. 

നിമിഷ സജയനുമൊത്ത് ജിയോ ബേബി
നിമിഷ സജയനുമൊത്ത് ജിയോ ബേബി

''സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നതിലൊന്നും ശ്രദ്ധയേ ഇല്ലാതെയായി. എന്റെ സൃഷ്ടികളുടെ ഗുണനിലവാരം കുറഞ്ഞു കുറഞ്ഞുവരുന്നതുപോലെ. ഒടുവില്‍ മദ്യപാനം നിര്‍ബ്ബന്ധപൂര്‍വ്വം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലെത്തി. അതു നടപ്പാക്കി. അതോടെ ജീവിതം എനിക്ക് കൂടുതല്‍ ആസ്വാദ്യകരമാകുകയായിരുന്നു. ജീവിതം തന്നെ ലഹരി പിടിപ്പിച്ചു. സിനിമ എന്ന സ്വപ്നത്തേക്കാള്‍ വലുതായി ജീവിച്ചിരിക്കുക എന്ന അനുഭവം എനിക്ക്.'' അക്കാലത്തെക്കുറിച്ച് ജിയോയുടെ വാക്കുകളിങ്ങനെ. മദ്യപാനം ഉപേക്ഷിക്കുന്ന സമയത്ത് ജിയോ 'മറിമായം', 'ഉപ്പും മുളകും', 'എം.80 മൂസ' എന്നീ ജനപ്രിയ ടി.വി. പരിപാടികള്‍ക്കുവേണ്ടി എഴുതുന്നുണ്ടായിരുന്നു. അതില്‍നിന്നൊക്കെ കിട്ടുന്ന വരുമാനം തൃപ്തിയും നല്‍കിയിരുന്നു. ആ പണം അധികം ചെലവാകാതെ സൂക്ഷിച്ചുവെച്ചു. 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ തിരക്കഥയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ കാണുകയായിരുന്നു ലക്ഷ്യം. സിനിമക്കുവേണ്ടിയെന്ന ഉദ്ദേശ്യമൊ ന്നുമില്ലാതെ ആ സ്ഥലങ്ങളിലേക്ക് സുഹൃത്തായ ഡിജോ അഗസ്റ്റിനുമൊത്ത് യാത്ര നടത്തി. തീവണ്ടിയില്‍ 12 ദിവസം നീണ്ട യാത്ര. അതില്‍ രണ്ടേ രണ്ടുദിവസം മാത്രമാണ് ജിയോയും സുഹൃത്തും മുറിയെടുത്തു താമസിച്ചത്. വളരെ ചെലവു കുറഞ്ഞ യാത്രയായിരുന്നു അതെന്ന് ജിയോ ഓര്‍ക്കുന്നു. ആ യാത്രയ്ക്ക് ശേഷം മനസ്സിലുറപ്പിച്ച കാര്യമായിരുന്നു സിനിമ ചെയ്യുക എന്നത്. 

പണം പ്രശ്‌നമല്ലാത്ത സിനിമയെടുക്കല്‍ 

സിനിമയെടുക്കുന്നതിനു പണം ഒരു പ്രശ്‌നമാണെന്ന് ജിയോക്കു തോന്നിയില്ല. സിനിമ ചെയ്യാന്‍ ക്യാമറാമാന്‍ വേണം, അഭിനേതാക്കള്‍ വേണം, എഡിറ്റ് ചെയ്യാന്‍ ഒരാള്‍ വേണം ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചാണ് തനിക്കു ഇപ്പോഴും വേവലാതിയെന്ന് അദ്ദേഹം പറയുന്നു. തീര്‍ച്ചയായും ഇതൊക്കെ നടത്താന്‍ പണം വേണം. അന്ന് നല്ല ഒരു ക്യാമറ കൈവശമുള്ള ഒരു സുഹൃത്ത് കൂടെയുണ്ടായി. അദൈ്വത് ഷൈന്‍. വാടകയില്ലാതെ ക്യാമറ തരാന്‍ അദൈ്വത് തയ്യാറായി. ക്യാമറാമാനാകാനും. അഭിനേതാക്കളാകാന്‍ തയ്യാറുള്ളവര്‍ പ്രതിഫലം വേണ്ടെന്നാണ് പറഞ്ഞത്. എഡിറ്ററാകട്ടെ, എപ്പോഴും കൂടെയുള്ളയാളാണ്. അങ്ങനെ '2 പെണ്‍കുട്ടികള്‍' എന്ന സിനിമയ്ക്ക് തുടക്കമായി. പത്തുമുപ്പതുദിവസം കൊണ്ട് സിനിമയായി. ആ സിനിമയുടെ ഒരു ഘട്ടം വന്നപ്പോള്‍ കയ്യില്‍ ഒട്ടും പണമില്ലെന്നു വന്നു. ഫൈനല്‍ സൗണ്ട് മിക്‌സിംഗ്, കളര്‍ കറക്ഷന്‍ ഇതിനൊക്കെയാണ് കുറേ പണം വേണ്ടത്. സിനിമയുടെ അവസാനഘട്ടത്തില്‍ നസീബ് എന്ന ഒരു സുഹൃത്ത് സാമ്പത്തിക സഹായം നല്‍കി. ഒടുവില്‍ നസീബ് ആ സിനിമയുടെ നിര്‍മ്മാതാവ് ആയിത്തീരുകയും ചെയ്തു. അങ്ങനെയൊരു സിനിമ ചെയ്തു കഴിഞ്ഞശേഷം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സിനിമ എങ്ങനെ തിയേറ്ററിലെത്തിക്കണമെന്ന് അറിയില്ലായിരുന്നു. നടക്കുന്ന എല്ലാ ഫിലിം ഫെസ്റ്റിവലുകളിലേക്കും സിനിമ അയച്ചുനോക്കി. ഒരു ദിവസം ഒരു മെയില്‍ വന്നു. ബുസാന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ കിഡ്‌സ് സെക്ഷനിലേക്കു ഈ സിനിമ തിരഞ്ഞെടുത്തിട്ടുണ്ട് എന്നായിരുന്നു മെയിലിലെ സന്ദേശം. വലിയ ഊര്‍ജ്ജമാണ് അതു നല്‍കിയത്. മദ്യപാനം നിര്‍ത്തുമ്പോള്‍ എടുത്തൊരു തീരുമാനം ഇന്ത്യയില്‍ വെച്ച് മദ്യം കഴിക്കില്ല എന്നായിരുന്നു. എന്തെന്നാല്‍ വിദേശത്തേക്ക് പോകേണ്ട ഒരു സന്ദര്‍ഭം വിദൂരഭാവിയില്‍പോലും താന്‍ കണ്ടിരുന്നില്ല. പക്ഷേ, വൈകാതെ തന്നെ വിദേശത്തേക്കുള്ള വിമാനയാത്ര നടത്തേണ്ടിവന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലൊന്നാണ് സൗത്ത് കൊറിയയിലെ ബുസാനിലേത്. അവിടെ പോയി. പിന്നെ സ്വീഡനിലെ ഫെസ്റ്റിവല്‍. അവിടേയ്‌ക്കൊരു യാത്ര. ഇതൊക്കെ സിനിമ തനിക്കു തന്ന വലിയൊരു അവസരമായിട്ടാണ് കാണുന്നത്. വീണ്ടും നല്ല സിനിമകളുണ്ടാക്കണമെന്ന തോന്നലും വാശിയും ഉണ്ടായി. വീണ്ടും നസീബ് നിര്‍മ്മാതാവായി. 

ഇതേ അവസരത്തില്‍ '2 പെണ്‍കുട്ടികള്‍' എന്ന സിനിമയുടെ തിയേറ്റര്‍ റിലീസിനുവേണ്ടി ശ്രമം നടക്കുകയായിരുന്നു. ഇറോസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ആളുകള്‍ക്ക് സിനിമ കാണണമെന്നു പറഞ്ഞു. ഇറോസുകാര്‍ സിനിമ കാണുകയും അവര്‍ക്കിഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍, ഈ സിനിമയില്‍ അറിയപ്പെടുന്ന താരങ്ങള്‍ കൂടി വേണം. അവരുടെ സീനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കണം. ഇങ്ങനെയൊരു വ്യവസ്ഥ കൂടി അവര്‍ മുന്നോട്ടുവെച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് മുഖ്യമായും ഈ സിനിമ. പക്ഷേ, ആ കുട്ടികളുടെ മുതിര്‍ന്ന കാലം കൂടി വ്യവസ്ഥപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടു. അമലാപോളും ടോവിനോയും ആണ് ആ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തത്. ടൊവിനോവിനെ അന്ന് ഒരു പരിചയവുമുണ്ടായിരുന്നില്ല. ടൊവിനോയെ കിട്ടുമോ എന്ന ശ്രമത്തിന്റെ ഭാഗമായി വെറുതേ ഒന്നു വിളിച്ചുനോക്കുകയാണ് ചെയ്തത്. ''രണ്ടുമൂന്നു ഫെസ്റ്റിവലിനൊക്കെ പോയ സിനിമയല്ലേ'' എന്ന് ടോവിനോ പ്രതികരിച്ചു. '2 പെണ്‍കുട്ടികളി'ല്‍ അഭിനയിച്ച അന്നാ ഫാത്തിമ എന്ന കുട്ടിക്ക് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡും കിട്ടിയിരുന്നു. ആരും കണ്ടിട്ടില്ലെങ്കിലും ആ സിനിമ ഇതിനകം സിനിമാവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ടായിരുന്നു. ടൊവിനോ വരികയും പണം വാങ്ങാതെ അഭിനയിക്കുകയും ചെയ്തു. ആളുകള്‍ക്ക് താല്പര്യം തോന്നിക്കുന്ന കഥകളുണ്ടെങ്കില്‍ സിനിമ ചെയ്യാം എന്ന് ആ അവസരത്തില്‍ ടൊവിനോ പറഞ്ഞു. അങ്ങനെയാണ് 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സി'ന്റെ കഥ ടൊവിനോയോട് പറയുന്നത്. ടൊവിനോവിന് അതു വളരെയധികം ഇഷ്ടപ്പെടുകയും ഈ സിനിമ ചെയ്യാം എന്നറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ടൊവിനോയും ജിയോയും ഈ നിര്‍മ്മാതാക്കളെ അന്വേഷിച്ചു തുടങ്ങി. നിര്‍മ്മാതാവാകാന്‍ തയ്യാറുള്ള ഒരാള്‍ ആദ്യം അഡ്വാന്‍സ് തന്നിരുന്നു. അയാള്‍ പിന്നീട് ചില കാരണങ്ങളാല്‍ പിന്മാറി. വലിയ വിഷമം തോന്നി. ഇക്കാര്യം ടൊവിനോയെ അറിയിച്ചപ്പോള്‍ ''ഈ സിനിമ നിര്‍മ്മിക്കാന്‍ ആരും തയ്യാറായില്ലെങ്കിലും താനത് നിര്‍മ്മിക്കുമെന്നായിരുന്നു'' അപ്പോള്‍ ടൊവിനോയുടെ പ്രതികരണം. വീണ്ടും നിര്‍മ്മാതാവിനെ തേടിയുള്ള അന്വേഷണം തുടര്‍ന്നു. ഇതിനിടയിലാണ് 'കുഞ്ഞുദൈവം' എന്ന മറ്റൊരു സിനിമ ഉണ്ടാകുന്നത്. ആ സിനിമയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ആദിഷ് പ്രവീണിനു കിട്ടി. 'കുഞ്ഞുദൈവം' പിന്നീട് കുറേയേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഹൂസ്റ്റണ്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ കുറേ അംഗീകാരങ്ങള്‍ നേടി. അപ്പോഴേയ്ക്കും ടൊവിനോയും ടൊവിനോയുടെ ഒരു സുഹൃത്തും ചേര്‍ന്ന് 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' നിര്‍മ്മിക്കാന്‍ ധാരണയായിട്ടുണ്ടായിരുന്നു. 2010-ല്‍ ജിയോ മനസ്സില്‍ കണ്ട സിനിമയുടെ ചിത്രീകരണം അങ്ങനെയാണ് 2018-ല്‍ നടക്കുന്നത്. 

ആദിഷ് പ്രവീൺ
ആദിഷ് പ്രവീൺ

''എട്ടുവര്‍ഷം മുന്‍പേയുള്ള എന്റെ ചിന്താഗതികളേയും കാഴ്ചപ്പാടിനെയുമൊക്കെ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു അത്. സിനിമ 2020-ലാണ് ഇറങ്ങുന്നത്. അതായത് പത്തുവര്‍ഷം കഴിഞ്ഞ്.'' പത്തുവര്‍ഷം കൊണ്ട് സിനിമയ്‌ക്കോ ജിയോ ബേബിയെന്ന കലാകാരനോ ഉണ്ടായ മാറ്റം ആ സിനിമയിലുണ്ടായില്ലെന്ന് ജിയോ ബേബി സമ്മതിക്കുന്നു. 

ആ സിനിമയുടെ രാഷ്ട്രീയത്തിനു ചില പ്രശ്‌നങ്ങളുണ്ട്. അത് തനിക്ക് ഇതിലും മികച്ച രീതിയില്‍ പറയാമായിരുന്നെന്നും ഇപ്പോള്‍ തോന്നുന്നുണ്ട്- ജിയോ പറയുന്നു. 2010-ല്‍ മനസ്സില്‍ കണ്ട കഥ പലപ്പോഴായി പലരോടും പറഞ്ഞു. പറയുമ്പോള്‍ ഒരു മാറ്റവും സംഭവിച്ചില്ല. താനതില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ന് അതിനൊരു റീമേക്ക് ഉണ്ടാകുകയാണെങ്കില്‍ ഇങ്ങനെയായിരിക്കില്ല. 

പഴകിയ ചാലുകളിലൊന്നുമല്ലല്ലോ ഇപ്പോള്‍ മലയാള സിനിമ. ധനാത്മകവും ആശാവഹവുമായ പലമാറ്റങ്ങളും വരുന്നില്ലേ? മാറുന്ന കാലത്തിനോടും അതിന്റെ രാഷ്ട്രീയത്തോടുമൊക്കെ നമ്മുടെ സിനിമ പ്രതികരിക്കുന്നില്ലേ? 

പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും 'കുഞ്ഞുദൈവം' പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോഴാണ് നമ്മുടെ രാജ്യത്തുള്ളവരുടെ ശ്രദ്ധയിലൊന്നും പെടാത്ത നിരവധി നല്ല സിനിമകള്‍ കാണാനൊത്തത്. അപ്പോഴാണ് നമ്മുടെ സിനിമകള്‍ എത്രമാത്രം പഴയതാണ് എന്നു ബോധ്യം വരുന്നത്. 'കുഞ്ഞുദൈവ'മാണെങ്കില്‍പോലും. 'കുഞ്ഞുദൈവ'ത്തിലേത് ഒരു പറഞ്ഞുപഴകിയ പ്രമേയം തന്നെയാണ്. പക്ഷേ, പറയുന്ന രീതിയിലെ പുതുമകൊണ്ട് ഇതു പുതിയതാണെന്നു തോന്നിക്കാന്‍ പറ്റിയെന്നു മാത്രം. അത് ഒരു തോന്നിക്കല്‍ മാത്രമാണ്. ലോകത്തു മറ്റിടങ്ങളിലുണ്ടായ നല്ല സിനിമകള്‍ കണ്ടത് എന്നെ ഇതേക്കുറിച്ചു കാര്യമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒരാള്‍ക്ക് ഒരു പ്രശ്‌നം വരുന്നു. അയാളെ എല്ലാവരും അതോടെ ഉപേക്ഷിക്കുന്നു. എന്നിട്ടും അയാള്‍ അത് മറികടക്കുന്നു. ഇങ്ങനെ പോകുന്നു നമ്മുടെ സിനിമകള്‍. സിനിമ വളരെയേറെ മാറേണ്ടതുണ്ട് എന്ന തീവ്രമായ ആഗ്രഹമുണ്ടായി. ഇനിയുള്ള ശ്രമങ്ങള്‍ ആ വഴിക്കാകണം എന്നും തീരുമാനിച്ചു. 

സിനിമയിലെന്നപോലെ ജീവിതത്തിലും പഴകിയ വഴികള്‍ ഉപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നയാളാണ് ജിയോ ബേബി. ഒരു 'അറേഞ്ച്ഡ്' മിശ്രവിവാഹമായിരുന്നു അദ്ദേഹത്തിന്റേത്. വളാഞ്ചേരിക്കാരിയായ ബീനയാണ് ജിയോയുടെ ജീവിതപങ്കാളി. കുട്ടികളുണ്ടായപ്പോള്‍ അവര്‍ക്കു പേരിടുമ്പോഴും പുതിയ വഴികള്‍ തേടുക എന്ന ശീലം കൈവിട്ടില്ല. മ്യൂസിക് എന്നും കഥയെന്നും മക്കള്‍ക്കു പേരിട്ടു. ഒരു കുട്ടിയുടെ പേരിനു കൂടെ തന്റെ പേരും മറ്റൊരു കുട്ടിയുടെ പേരിനു കൂടെ ഭാര്യയുടെ പേരും ചേര്‍ത്തു. 

''2015-ലാണ് എന്റെ വിവാഹം. വിവാഹത്തിനുശേഷം അടുക്കളയില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴാണ് അടുക്കള ഒരു ദുരന്തമേഖലയാണല്ലോ എന്നു ബോധ്യപ്പെട്ടത്. 2017 ആകുമ്പോഴേക്കും രാവിലെ മുതല്‍ രാത്രിവരെ പൂര്‍ണ്ണമായും അടുക്കളയില്‍ ചെലവഴിക്കേണ്ടിവന്നു. അങ്ങനെയാണ് അടുക്കളയിലെ സ്ത്രീജീവിതത്തെ ഫോക്കസ് ചെയ്ത് ഒരു സിനിമ എന്ന ആശയം ഉണ്ടാകുന്നത്.'' ജീവിതാനുഭവങ്ങളില്‍ തൊട്ടുനിന്നാണ് താന്‍ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയെടുത്തത് എന്ന് അദ്ദേഹം പറയുന്നു. 

അടുക്കള മിക്കപ്പോഴും നമ്മുടെ സിനിമകളില്‍ വന്നിട്ടുണ്ട്. 'ഭരതം' എന്ന സിനിമയിലേതുപോലെയൊക്കെ മിക്കപ്പോഴും ഗൃഹാതുരത്വം ഉണര്‍ത്തുന്ന സീനുകളിലൊക്കെ അടുക്കള എന്ന ഇടം ഒതുങ്ങിപ്പോകാറുണ്ട്. 'മേലേപ്പറമ്പില്‍ ആണ്‍വീടു' പോലെയുള്ള ചില ജനപ്രിയ സിനിമകളിലൊക്കെ അടുക്കളയിലെ ദുരിതം കടന്നുവരുന്നുണ്ട്. എന്നാല്‍, അതു സംബന്ധിച്ചു പറയുന്ന രാഷ്ട്രീയം തലതിരിഞ്ഞുപോകുന്നതായിട്ടാണ് കാണാറ്. അടുക്കളയിലെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കാന്‍ പ്രേരിപ്പിച്ചത് എന്താണ്? 

മിക്കപ്പോഴും അടുക്കള വളരെ 'ഗ്ലാമറൈസ്' ചെയ്താണ് സിനിമകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സിനിമയെടുക്കുന്നവര്‍ അടുക്കളയില്‍ ജോലി ചെയ്തു നോക്കിയിട്ടില്ല. അതുകൊണ്ടാണ്. ബാച്ചിലര്‍ ലൈഫില്‍ പലരും കുക്കിംഗ് ഒക്കെ ചെയ്തിട്ടുണ്ടാകും. അതു സംഗതി വേറെയാണ്. അവിടെ ലിംഗപരമായ വിവേചനങ്ങളുടെ പ്രശ്‌നങ്ങളില്ല. നമുക്കിഷ്ടമുള്ളതു കുക്ക് ചെയ്യാം. വീടിന്റെ അടുക്കള അങ്ങനെയല്ല. അടുക്കളയില്‍നിന്നു തുടങ്ങും സ്ത്രീയുടെ ഉത്തരവാദിത്വം. കെ.ജി. ജോര്‍ജ്ജിന്റെ 'ആദാമിന്റെ വാരിയെല്ല്' എന്ന സിനിമയിലേതുപോലെ ചില സിനിമകളിലൊക്കെ അടുക്കളയുടെ രാഷ്ട്രീയം കടന്നുവരുന്നുണ്ട്. എന്നാല്‍, അതു വിശദാംശങ്ങളിലേക്കു പോയിട്ടില്ല. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമയെടുക്കുമ്പോള്‍ ശബരിമല കടന്നുവരുമോ എന്നൊന്നും ആദ്യം എനിക്കറിയില്ലായിരുന്നു. എന്നാല്‍, ഈ സിനിമയുടെ അവസാനദൃശ്യങ്ങളിലൊന്നില്‍ അയാളുടെ മുഖത്ത് അഴുക്കുവെള്ളം ഒഴിക്കും എന്നു ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഒഴിക്കണം എന്ന ഉറച്ച തീരുമാനം എനിക്കുണ്ടായിരുന്നു. അത് എല്ലാ ആണുങ്ങളുടേയും മുഖത്തേക്കുള്ള ഒഴിക്കലായിരിക്കും എന്നും ഭാര്യയോടു പറഞ്ഞിരുന്നു. മൂന്നുവര്‍ഷമെടുത്തു അതിന്റെ തിരക്കഥ രൂപപ്പെട്ടുവരാന്‍. ആ സിനിമയില്‍ എനിക്ക് നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന ക്യാമറാമാനായി സാലു എന്ന ആത്മമിത്രമുണ്ടായതും ഉപകാരപ്പെട്ടു. '2 പെണ്‍കുട്ടികള്‍' എന്ന സിനിമയില്‍ എനിക്ക് ഒരൊറ്റ സംവിധായക സഹായിയേ ഉണ്ടായിരുന്നുള്ളൂ. അത് ഇതിലെ ക്യാമറാമാനായ സാലുവാണ്. ഞാന്‍ മറ്റു ചിത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ കല്‍ക്കത്ത സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമോട്ടൊഗ്രഫി പഠിക്കുകയാണ് സാലു. സത്യം പറഞ്ഞാല്‍ സാലുവിനുവേണ്ടി ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. വ്യത്യസ്തമായ ഒരു ചിത്രം ചെയ്യണമെന്നു പറഞ്ഞപ്പോള്‍ സാലുവിനും വലിയ താല്‍പ്പര്യമായി. ആ സിനിമയില്‍ നല്ല ഇന്‍വോള്‍വ്‌മെന്റാണ് സാലുവിനുള്ളത്. പിന്നെ എഡിറ്ററായ ഫ്രാന്‍സിസ്. സമാനചിന്താഗതിക്കാരായ ഞങ്ങള്‍ ഈ സിനിമ വ്യത്യസ്തമായിരിക്കണം എന്നു നിശ്ചയിച്ചിരുന്നു. തീര്‍ച്ചയായും സിനിമയുടെ ഭാഷയൊക്കെ പതിവുരീതിയിലായിരിക്കാം. സാധാരണ സിനിമയായിരിക്കാം. എന്നാല്‍, ഒരു മാറ്റം കൊണ്ടുവരാന്‍ ഞങ്ങള്‍ തീര്‍ച്ചയായും ശ്രമിച്ചിട്ടുണ്ട്. ചെറിയൊരു മാറ്റം ഉണ്ടായിട്ടുമുണ്ട്. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കൊക്കെ സിനിമ മനസ്സിലായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ നമ്മുടെ ചാനലുകളൊക്കെ ബഹിഷ്‌കരിച്ച സിനിമയായിരുന്നു അത്. സിനിമ ഇറങ്ങിക്കഴിഞ്ഞാലാണല്ലോ ബിസിനസ് നടക്കുന്നത്. ബഹിഷ്‌കരണത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ എന്തുമാത്രം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയിട്ടുണ്ടാകുമെന്ന് ഊഹിക്കാമല്ലോ. ആ സിനിമയുടെ കഥ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഒരു നിര്‍മ്മാതാവിനും ആ കഥ പറഞ്ഞാല്‍ മനസ്സിലാകില്ല എന്നതുകൊണ്ടുതന്നെ. എനിക്ക് കംഫര്‍ട്ടബ്ള്‍ ആയിട്ടുള്ള ഒരു പ്രൊഡക്ഷന്‍ ഹൗസ് ആയിരിക്കണം സിനിമ ചെയ്യുന്നത് എന്നു നേരത്തേ നിശ്ചയിച്ചിരുന്നു. ഞാനും എന്റെ കൂട്ടുകാരുമാണ്-എന്റെ കൂടെ കോളേജില്‍ പഠിച്ച ജോമോന്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍, വിഷ്ണു എന്നീ നാലു പേരാണ്-ആ സിനിമ നിര്‍മ്മിച്ചത്. 

ഒരു Cause ലേക്ക് സിനിമ ഫോക്കസ് ചെയ്യുന്ന പ്രവണത താങ്കളുടേതടക്കമുള്ള സിനിമകളില്‍ കാണുന്നുണ്ട്. അപ്പോള്‍ സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ വശങ്ങളില്‍ ശ്രദ്ധ കുറയുന്നതായി തോന്നുന്നുണ്ടോ?  

'2 പെണ്‍കുട്ടികള്‍', 'കുഞ്ഞുദൈവം' 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' -വിശേഷിച്ചും ഇക്കൂട്ടത്തില്‍ അവസാനത്തെ രണ്ടെണ്ണത്തിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് എനിക്ക് ഒന്നുമേ സംസാരിക്കാനില്ല. '2 പെണ്‍കുട്ടികള്‍' എന്ന സിനിമയാണെങ്കില്‍ അത് ഇപ്പോഴുള്ള വേര്‍ഷനല്ല. ഞങ്ങളാദ്യം ഉണ്ടാക്കിയ ഒരെണ്ണമുണ്ട്. 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഉള്‍പ്പെടെ സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ ഒരു കാര്യത്തിലും ഞങ്ങള്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. അതൊക്കെ ഇവിടുത്തെ മാസ്റ്റേഴ്‌സ് ചെയ്തുവെച്ചിട്ടുളളതിനപ്പുറം ഒരു ചുവട് മുന്നോട്ടു പോയിട്ടില്ല. അവരെന്തോ ചെയ്തുവെച്ചത് അവയുടെയൊക്കെ പരിസരത്തുവെച്ച് കറങ്ങുകയല്ലാതെ ഞങ്ങളാരും തന്നെ ഒന്നും എവിടേയും ചെയ്തിട്ടില്ല. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ചെയ്തിട്ട് 'ആദാമിന്റെ വാരിയെല്ല്' പോയിക്കാണുമ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട് എന്റെ വലിപ്പക്കുറവ്. അരവിന്ദനോ അടൂര്‍ ഗോപാലകൃഷ്ണനോ കെ.ജി. ജോര്‍ജ്ജോ ഒക്കെ ചെയ്തുവെച്ചതിന്റെ താഴെ മാത്രമേ നവസിനിമകളെ അടയാളപ്പെടുത്താനാകൂ. അടൂരിന്റെ 'എലിപ്പത്തായ'മോ ജോര്‍ജ്ജിന്റെ 'ആദാമിന്റെ വാരിയെല്ലോ' ഒക്കെ ഉണ്ടായ കാലം ഏതാണ് എന്നുകൂടി പരിഗണിക്കണം. ലോകമെമ്പാടും സിനിമ എന്ന ദൃശ്യകലയില്‍ വലിയ ചലനങ്ങളുണ്ടായ കാലമാണ് അത്. അന്ന് അവരൊക്കെ ഉണ്ടാക്കിയ ക്രാഫ്റ്റിനെ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ ഇന്നും നമുക്കു പറ്റിയിട്ടില്ല. ചിലപ്പോള്‍ ചില അപവാദങ്ങളൊക്കെ കണ്ടേയ്ക്കാമെങ്കിലും. 

സിനിമ ആത്യന്തികമായി കമ്പോളകലയാണ്. ഇപ്പോള്‍ തിയേറ്ററുകള്‍ മുഴുവന്‍ അടഞ്ഞുകിടക്കുന്നു. എല്ലാ കമ്പോളങ്ങളും മുഴുവന്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് സിനിമാവ്യവസായം വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഒ.ടി.ടിയൊക്കെ തിയേറ്ററുകള്‍ക്ക് പകരമാകുമെന്ന് പറയാനാകുമോ? പ്രേക്ഷകന്റെ അനുഭവതലത്തില്‍നിന്നു നോക്കിയാലും ശരി, കമ്പോളത്തിലെ വിജയം എന്ന വസ്തുത കണക്കാക്കുമ്പോഴാണെങ്കിലും. തിയേറ്ററുകളില്‍നിന്നു പടം കണ്ടിറങ്ങുന്നവര്‍ നല്‍കുന്ന പരസ്യപ്രചരണത്തോളം വരില്ല വീട്ടിനുള്ളില്‍ അടച്ചിരിക്കുന്നവര്‍ നല്‍കുന്ന പബ്ലിസിറ്റി. എങ്ങനെയാണ് ഇങ്ങനെയൊരു കാലത്ത് സിനിമയുടെ നിലനില്‍പ്? 

ഞാനിപ്പോള്‍ കാണുന്ന ഏറ്റവും വലിയ സൗകര്യം അതാണ്. ഈ ഒ.ടി.ടിക്കാലത്ത് കമ്പോളത്തെ നമ്മള്‍ മൈന്‍ഡ് ചെയ്യേണ്ട. പ്രേക്ഷകരെക്കുറിച്ച് മാത്രം ആലോചിച്ചാല്‍ മതി. അവര്‍ക്കു കാണാനിഷ്ടമുള്ള സിനിമയേയും പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന ഉള്ളടക്കത്തെ അവര്‍ തീര്‍ച്ചയായും പ്രമോട്ട് ചെയ്യുന്നുണ്ട്. കൊവിഡ് ഒന്നുമില്ലാത്ത കാലത്താണെങ്കില്‍ ഒരുപക്ഷേ, 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' നിങ്ങള്‍ പറയുന്നതുപോലെ പ്രേക്ഷകന്‍ നല്‍കുന്ന പബ്ലിസിറ്റി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിമിത്തം വിജയിച്ചേക്കാം. പക്ഷേ, ഇങ്ങനെയൊരു കാലത്ത് ഒ.ടി.ടി റിലീസിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ല. ഒ.ടി.ടിയെ മുന്‍പില്‍ കണ്ട് ഉണ്ടാക്കിയ സിനിമ തന്നെയാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.' ഈ കൊവിഡ് കാലത്ത് തിയേറ്ററില്‍ പോയാല്‍ അതു വിജയിക്കണമെന്നില്ല. നമ്മള്‍ നാലുപേര്‍ കൂടി നില്‍ക്കുന്നിടത്ത് ഒരു കാര്യം സംസാരിക്കുന്നതും ഉത്സവപ്പറമ്പില്‍ മൈക്കുകെട്ടി ഒരു പതിനായിരം പേര്‍ കേള്‍ക്കെ എന്തെങ്കിലും വിളിച്ചുപറയുന്നതും തമ്മില്‍ വ്യത്യാസമില്ലേ? നാലുപേര്‍ കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ മൈക്കുകെട്ടി പറയുന്നതിനു കിട്ടിയെന്നു വരില്ല. നൂറു രൂപ കൊടുത്തോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടോ, എങ്ങനെയായാലും ആളുകള്‍ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമ കണ്ടു. ഒ.ടി.ടിയില്‍ വരുന്ന സിനിമകള്‍ ആളുകള്‍ കാണുന്നുണ്ട്. 'സാറാസ്' എന്ന സിനിമ എടുക്കൂ. സിനിമ എന്ന നിലയില്‍ പല അഭിപ്രായങ്ങളും ഉണ്ടെന്നുവരാം. എന്തുമായിക്കോട്ടെ, അത് കുറേയാളുകള്‍ കണ്ടു; അതിന്റെ ഉള്ളടക്കം കുറേയാളുകള്‍ ചര്‍ച്ച ചെയ്തു. അതൊരു വലിയ കാര്യമാണ്. ഒരുപക്ഷേ, നമ്മുടെ സ്വീകരണമുറികളില്‍ ഇത്തരം സിനിമകളൊക്കെ എത്തിയില്ലായിരുന്നെങ്കില്‍ എത്ര പേര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു എന്ന് ആലോചിക്കണം. 
 
 

അന്ന ഫാത്തിമ
അന്ന ഫാത്തിമ

സൗന്ദര്യാനുഭവം തന്നെ മുഖ്യം 

കൊവിഡ് കാലത്തിന്റെ വെല്ലുവിളികളെ മറികടക്കാന്‍ ഒ.ടി.ടി സംവിധാനം ഒരു അനുഗ്രഹമാണ് എന്ന് അഭിപ്രായം സൂക്ഷിക്കുമ്പോഴും തിയേറ്റര്‍ പ്രേക്ഷകനു നല്‍കുന്ന അനുഭവത്തെ തള്ളിപ്പറയാനാകില്ല എന്നുതന്നെയാണ് ജിയോ ബേബി വ്യക്തമാക്കുന്നത്. മൊബൈല്‍ഫോണ്‍ സ്‌ക്രീനിന്റേയോ ടിവിയുടെയോ ദീര്‍ഘചതുരത്തിലെ ദൃശ്യാനുഭവം തീര്‍ച്ചയായും സാധാരണഗതിയില്‍ ദൃശ്യങ്ങളില്‍ ഉള്‍ച്ചേരുന്ന പല അനുഭവങ്ങളും നല്‍കുന്നില്ല. ശബ്ദം, ദൃശ്യങ്ങളിലെ മികവ് ഇതൊക്കെ ഇവയേക്കാള്‍ ആയിരമിരട്ടി വലിപ്പമുള്ള സ്‌ക്രീനിനു നല്‍കാന്‍ കഴിയുന്നതുപോലെ ഇവയ്ക്കു കഴിയില്ല. തിയേറ്റര്‍ സ്‌ക്രീനുവേണ്ടി ചെയ്യുന്നവ ചെറുതാക്കിക്കാണിക്കുന്നതിലെ വിഷമം അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. പക്ഷേ, ഈ സാഹചര്യത്തില്‍ അതേ സാധ്യമാകുകയുള്ളൂവെങ്കിലും ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ സിനിമ തിയേറ്ററുകളില്‍ വന്നുകാണുന്നതിലാണ് മറ്റേതു ഫിലിംമേക്കറേയും പോലെ തനിക്കും താല്‍പര്യമെന്ന് ജിയോ ബേബി അടിവരയിട്ട് പറയുന്നു. 

സിനിമയില്‍ ഒരു സവിശേഷധാരയില്‍ പെട്ടയാളാണെങ്കിലും വ്യത്യസ്തങ്ങളായ ദൃശ്യാവിഷ്‌കാരങ്ങളെ അംഗീകരിക്കുന്നയാളാണ് ജിയോ. മലയാള സിനിമയിലും വലിയ ആഖ്യാനങ്ങളുടെ കാലം തീര്‍ച്ചയായും കഴിഞ്ഞു. ചെറിയ ചെറിയ ജീവിത പരിസരങ്ങളിലേക്ക് സിനിമ ഒതുങ്ങുന്നുണ്ട്. സൂക്ഷ്മരാഷ്ട്രീയം പറയുന്നുണ്ട്. എന്നാല്‍, വലിയ ക്യാന്‍വാസിലുള്ള, ഏറെ കഥാപാത്രങ്ങളുള്ള, തിരക്കഥ ആവശ്യപ്പെടുന്നപക്ഷം കൂടുതല്‍ ദൈര്‍ഘ്യമുള്ള സിനിമകള്‍ക്കൊക്കെ മലയാളത്തില്‍ ഇടമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 'ദേവാസുരം' സിനിമ മലയാളത്തില്‍ ഉണ്ടാകേണ്ട സിനിമ തന്നെയാണ്. പക്ഷേ, ഒരുതവണ മതി. ഒരുപാടു ദേവാസുരങ്ങള്‍ വേണ്ട -അദ്ദേഹം അഭിപ്രായപ്പെടുന്നു. 

മലയാള സിനിമാരംഗത്തുണ്ടാകുന്ന പുതിയ ചലനങ്ങളേയും പരീക്ഷണങ്ങളേയും പ്രതീക്ഷയോടെ കാണുന്ന ഒരു സിനിമാക്കാരനാണ് ജിയോ. എന്നാല്‍, അവയോട് വേണ്ടവിധം മലയാളികളായ പ്രേക്ഷകര്‍ പ്രതികരിക്കുന്നില്ല എന്നതില്‍ അദ്ദേഹം ഖിന്നനുമാണ്. 

''റിക്ടര്‍ സ്‌കെയില്‍ 7.6 എന്നൊരു സിനിമയുണ്ട്. ജീവ കെ. ജനാര്‍ദ്ദനന്‍ എന്നൊരു സ്ത്രീ സംവിധാനം ചെയ്തതാണ് ഇത്. ഇവിടെ വനിതാസംവിധായകരില്ലാ... ഇല്ലാ എന്നൊക്കെയാണല്ലോ നിലവിളി. പക്ഷേ, നിലവിളിക്കുന്നവര്‍ എന്തുകൊണ്ട് ഈ സിനിമ കാണുന്നില്ല? സിനിമയുടെ സൗന്ദര്യശാസ്ത്രമനുസരിച്ചും തിരക്കഥാഘടനകൊണ്ടുമൊക്കെ മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിലൊന്നാണിത്. വനിതാ സംവിധായക എന്ന ഒരൊറ്റ പരിഗണനയിലല്ല ഇതു കാണണമെന്നു പറയുന്നത്. മികച്ച സിനിമയായതുകൊണ്ടാണ്. ഒ.ടി.ടി. പ്ലാറ്റ് ഫോമിലുണ്ട്. ഈ സിനിമ. ഇത് വേണ്ടവിധം കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നില്ലാ എന്നത് നമ്മുടെ സാമൂഹ്യാന്തരീക്ഷത്തിന്റെ ഒരു പ്രശ്‌നമാണ്. ഇന്ന് അതു ചര്‍ച്ചയായില്ലെങ്കില്‍ വരുംകാലം നമ്മള്‍ ഖേദിക്കും. എന്തുകൊണ്ട് നമ്മളിതുപോലുള്ള സിനിമകള്‍ കാണാതെ പോകുന്നു എന്നാണ് എനിക്ക് പ്രേക്ഷകരോട് ചോദിക്കാനുള്ളത്.''

നമുക്ക് എല്ലാതരം സിനിമകളും വേണം എന്ന കാര്യത്തില്‍ ജിയോക്ക് സംശയമില്ല. 90-കളിലെ ബ്രഹ്മാണ്ഡചിത്രങ്ങള്‍ മലയാളി പ്രേക്ഷകരുടെ സംവേദനശീലങ്ങളെ തീര്‍ച്ചയായും പിറകോട്ടടിപ്പിച്ചിട്ടുണ്ട്. 'ദേവാസുരം' പോലുള്ള സിനിമകള്‍ വേണ്ടതുതന്നെയാണ്. പക്ഷേ, അത്തരം സിനിമകള്‍ റീസൈക്കിളിംഗ് ചെയ്യുന്ന പതിവ് നമുക്കുവേണോ എന്നാണ് ചോദ്യം. ഉള്ളടക്കത്തില്‍ അശ്ലീലം എന്നു പറയാവുന്ന - ലൈംഗികതയില്‍ ഊന്നിയ അശ്ലീലം മാത്രമല്ല- സിനിമകള്‍പോലും ഇവിടെ ഉണ്ടാകണം. അശ്ലീലത്തിനും സിനിമയില്‍ സ്ഥാനമുണ്ട്. പക്ഷേ, സിനിമ ആത്യന്തികമായി സമൂഹത്തെ പിറകോട്ടടിപ്പിക്കുന്നതോ, ഏതെങ്കിലും വിഭാഗത്തെ താഴ്ത്തിക്കെട്ടുന്നതോ ഒന്നും ആകരുത്. 

സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന വിഭാഗങ്ങളോടുള്ള പുച്ഛം നമ്മള്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. 'നായാട്ട്' എന്ന സിനിമ തന്നെ ഉദാഹരണം. ആരൊക്കെ എന്തു വിമര്‍ശനമുന്നയിച്ചാലും ശരി അതില്‍ ദളിത് ജീവിതത്തെ പരാമര്‍ശിക്കുന്നുണ്ട്. ദളിത് ജീവിതത്തെ സിനിമ സ്പര്‍ശിക്കാന്‍ തുടങ്ങുന്നു എന്ന ഒറ്റക്കാരണം ഒന്നുകൊണ്ടുതന്നെ അത് മലയാള സിനിമാചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ട സിനിമയാണ്. എന്നാല്‍, ആ രീതിയില്‍ ആ സിനിമ വിലയിരുത്തപ്പെടാതിരിക്കുന്നതിനുള്ള കാരണം ഇവിടെ സൂചിപ്പിച്ച ഈ മനോഭാവം തന്നെയാണ്. 'സാറാസ്' എന്ന സിനിമയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാം. എന്നാല്‍, അത് സ്ത്രീജീവിതത്തെ, അവളുടെ സ്വാതന്ത്ര്യം എന്ന വിഷയത്തെ സ്പര്‍ശിക്കുന്നുണ്ട്. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എങ്ങനെയാണ് വാല്യൂ ചെയ്യപ്പെടുന്നത്? അത് സ്ത്രീജീവിതവുമായി ബന്ധപ്പെട്ട്, അവര്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച സമൂഹമദ്ധ്യത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന നിലയ്ക്കാണ്. ഇത്തരം സിനിമകള്‍ ഈ വര്‍ഷം തന്നെ ഉണ്ടായത് നമ്മുടെ സിനിമയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായിട്ടാണ് ജിയോ നിരീക്ഷിക്കുന്നത്. 'ആര്‍ക്കറിയാം' എന്നൊരു സിനിമ വന്നു. ഒട്ടും ലൗഡ് അല്ലെങ്കിലും ചില കാര്യങ്ങള്‍ ആ സിനിമയിലും പറയുന്നുണ്ട്. ഇത്തരം മാറ്റങ്ങളെ പോസിറ്റീവ് ആയി തന്നെ കാണണം എന്ന് ജിയോ വാദിക്കുന്നു. സൗന്ദര്യശാസ്ത്രപരമായി ഈ സിനിമകള്‍ ഒന്നുമല്ലായിരിക്കാം. എന്നാല്‍, സിനിമയും നമ്മളും മാറ്റത്തിനു വിധേയമാകുന്നുണ്ട് എന്നതു സംബന്ധിച്ചുള്ള സൂചികകളുടെ പട്ടികയില്‍ ഈ സിനിമകളൊക്കെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ''ബിരിയാണി എന്ന സിനിമ മുസ്‌ലിം വിരുദ്ധമെന്ന് വിലയിരുത്തപ്പെടുകയും ആ നിലയ്ക്ക് വിവാദമാകുകയും ചെയ്തു എന്നത് നേരാണ്. എന്നാല്‍, ആ അഭിപ്രായത്തെ കണക്കിലെടുക്കുമ്പോഴും 'ബിരിയാണി' മുസ്‌ലിം സ്ത്രീജീവിതത്തിലെ നിരവധി പ്രശ്‌നങ്ങളെ കാഴ്ചയില്‍ കൊണ്ടുവരുന്നുണ്ട്'' -ജിയോ വാദിക്കുന്നു.

നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും കാഴ്ചാശീലങ്ങളും സിനിമയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നും ജിയോയ്ക്ക് വിലയിരുത്തലുണ്ട്. പുരോഗമനത്തിന്റെ പടവുകള്‍ കയറുന്നുവെന്നു പറയുന്ന സമൂഹത്തില്‍ നടീനടന്മാര്‍ക്ക് വസ്ത്രമില്ലാതെ അഭിനയിക്കുക എന്ന സംഗതിയെക്കുറിച്ച് ആലോചിക്കാന്‍ പോലും ആകില്ലെന്നതാണ് വൈചിത്ര്യം. വസ്ത്രമില്ലാതെ ഒരു പുരുഷനുപോലും അഭിനയിക്കാനാകില്ല. ഒരു നടന്‍ അല്ലെങ്കില്‍ നടിയുടെ ശരീരമാണ് പ്രധാനം. അതിനെ ഉപകരണമാക്കുകയാണ് അവള്‍/അയാള്‍ അഭിനയകലയില്‍ ചെയ്യുന്നത്. അതില്‍ വസ്ത്രമുണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നം. താരം എന്നാണ് സിനിമയിലെ അഭിനേതാവിനു വന്നുചേരുന്ന വിശേഷണം. തിയേറ്ററില്‍ പടം കണ്ടു കയ്യടിക്കുന്ന പ്രേക്ഷകരുണ്ടാക്കുന്നവരാണ് ഇങ്ങനെ ഈ താരങ്ങള്‍. കാണികളെ സംബന്ധിച്ച് അവര്‍ക്കുവേണ്ടി സംസാരിക്കുന്ന നായകനെയാണ് അവര്‍ക്ക് ഇഷ്ടം. പതിയേ പതിയേ അങ്ങനെയൊരാള്‍ താരമാകുകയാണ്. ലോകമെമ്പാടും ഇതേ പ്രവണത തന്നെയാണ്. ലോകത്തെവിടേയും താരങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. പുരുഷനായ കഥാനായകന്‍. എല്ലായിടത്തും പുരുഷകേന്ദ്രീകൃതമാണ് സിനിമാലോകം. മലയാളത്തില്‍ മഞ്ജു വാര്യരെ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയി വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇവിടേയും സിനിമ പുരുഷകേന്ദ്രീകൃതം തന്നെയാണ്. ഈ അവസ്ഥ കാലം കൊണ്ടു മാറിയേക്കാം. മാറുക തന്നെ വേണം -ജിയോ പ്രത്യാശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com