ബാബേല്‍ മരണ സര്‍ട്ടിഫിക്കറ്റ്: മരിച്ച സ്ഥലം-Z; കാരണം-Z

വെറുമൊരു കഥാപുസ്തകത്തിനുപരി എഴുതിപൂര്‍ത്തീകരിക്കാനാവാതെ ഭൂമിയില്‍ നിന്ന് ''അപ്രത്യക്ഷ''നാകേണ്ടി വന്ന, റഷ്യന്‍ ഭരണകൂടം വെടിവെച്ചുകൊന്ന ഇസാക് ബാബേലിന്റെ ജീവിതവും കഥാലോകവും 
ഇസാക് ബാബേൽ
ഇസാക് ബാബേൽ

''ഈ വിരുന്നിലേക്ക് ഞങ്ങള്‍ക്കായി ബറാബസിനെ തുറന്നുവിടൂ'' 
എന്ന് ആക്രോശിച്ചവരുണ്ട്, അവര്‍ തന്നെയാണ് സോക്രട്ടീസിനോട് 
ശൂന്യവും ഇടുങ്ങിയതുമായ തടവറയില്‍ 
വിഷം കഴിക്കാന്‍ കല്പിച്ചതും.

അവരാണ് അവരുടെ നിഷ്‌കളങ്കമായ 
അപഖ്യാതി പറഞ്ഞുപരത്തുന്ന വായിലേക്ക് 
വിഷമിറ്റിക്കേണ്ടത്, 
പീഡനത്തിന്റെ ഈ മധുരപ്രണയികള്‍, 
അനാഥരെയുണ്ടാക്കുന്നതില്‍ നിപുണര്‍.
സ്റ്റാലിന്റെ പ്രതിരോധകര്‍ക്ക്,

അന്ന അഖ്മത്തോവ

ഴുത്തിലും ജീവിതത്തിലും കാര്‍ക്കശ്യം പുലര്‍ത്തിയ അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളായിരുന്നു ബോര്‍ഹസ്. കാലം ചെല്ലുംതോറും അദ്ദേഹത്തിന്റെ ഭാഷയും കഥനരീതികളും അതതു കാലത്തിനും മുന്‍പേ ചുവടുവെയ്ക്കുന്നു എന്നതാണ് ഈ എഴുത്തുകാരന്റെ സവിശേഷത. സമയത്തിന് എത്തിപ്പിടിക്കാന്‍ കഴിയും മുന്‍പേ വേഗത്തില്‍ സഞ്ചരിക്കുന്നു ബോര്‍ഹസ്. സൂക്ഷ്മതയില്‍ മാത്രം ദര്‍ശിക്കാവുന്ന രാഷ്ട്രീയ കണികകള്‍ ഒട്ടും ഉച്ചത്തില്‍ ഉരിയാടാതിരിക്കുന്നതിലെ ശ്രദ്ധയും വിവേകവുമാണ് അദ്ദേഹത്തെ  മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നതില്‍ വിമുഖനായിരുന്നു ബോര്‍ഹസ്. എന്നാല്‍, അത്രയൊന്നും എഴുതപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യാത്ത ഈ സംഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജാഗ്രതയ്ക്കുള്ള നിദര്‍ശനമാണ്: 1946-ല്‍ ബോര്‍ഹസിനെ  പ്രാദേശിക മുനിസിപ്പല്‍ വായനശാലയിലെ ജോലിയില്‍നിന്നും തരംതാഴ്ത്തി. സമീപത്തെ മുയല്‍ - കോഴി വളര്‍ത്തു കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരനാക്കിയ പെറോണിസ്റ്റ് സര്‍ക്കാരിന്റെ നടപടി അദ്ദേഹത്തിന്റെ രാജിയിലാണ് അവസാനിച്ചത്. ഒരുകൂട്ടം എഴുത്തുകാര്‍ ബോര്‍ഹസിനെ ആദരിക്കാന്‍ നടത്തിയ വിരുന്നില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ''ഒരു ദിവസമോ മാസമോ ഒരു പ്ലേറ്റോണിക് വര്‍ഷത്തിനോ മുന്‍പ് (മറവി നന്നായി  നുഴഞ്ഞുകയറുന്നുണ്ട്, പറയുന്ന സംഭവം അത്രയേറേ അപ്രധാനവുമാണ്) എത്ര അനര്‍ഹനെങ്കിലും തെക്കന്‍ പ്രവിശ്യയിലെ മുനിസിപ്പല്‍ ലൈബ്രറിയിലെ അസിസ്റ്റന്റ് ക്ലാര്‍ക്ക് എന്ന സ്ഥാനം  ഞാന്‍ വഹിച്ചിരുന്നു. ഒന്‍പത് കൊല്ലം ഞാന്‍ ആ ലൈബ്രറിയില്‍ ജോലിചെയ്തു, എന്റെ ഓര്‍മ്മയില്‍ ഒരൊറ്റ അപരാഹ്നം പോലെ രേഖപ്പെടുത്തപ്പെട്ട ഒന്‍പത് വര്‍ഷങ്ങള്‍, ഞാന്‍ എണ്ണമറ്റ പുസ്തകങ്ങള്‍ തരംതിരിച്ചുകൊണ്ടിരുന്ന ഭീതിദമായ അപരാഹ്നത്തില്‍, റീഹ് ഫ്രാന്‍സിനെ വിഴുങ്ങിക്കൊണ്ടിരുന്നു; പക്ഷേ, ബ്രിട്ടനെ വിഴുങ്ങിയില്ല, ജര്‍മനിയില്‍നിന്നും നിഷ്‌കാസിതമായ നാസിസം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിത്തുടങ്ങി. ആ അപരാഹ്നത്തിലെ ഒരു നിമിഷത്തിന്റെ ഇടവേളയില്‍ ഞാന്‍ ഭയലേശമില്ലാതെ ഒരു ജനാധിപത്യ പ്രഖ്യാപനത്തില്‍  ഒപ്പുവച്ചു. ഒരു ദിവസമോ മാസമോ പ്ലേറ്റോണിക് വര്‍ഷത്തിനോ മുന്‍പ്,  മുനിസിപ്പാലിറ്റിയുടെ പൊലീസ് പരിശോധനയില്‍ സേവനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചു.  ഈ പുതിയ ഭരണ അവതാരത്തില്‍ അത്ഭുതപ്പെട്ട് ഞാന്‍ സിറ്റി ഹാളില്‍ എത്തിച്ചേര്‍ന്നു. ജനാധിപത്യ പ്രഖ്യാപനത്തില്‍ ഒപ്പിട്ടതിനുള്ള ശിക്ഷയായാണ് ഈ വേഷപ്പകര്‍ച്ച എന്ന് അവിടെവെച്ച്  സ്വകാര്യമായി അറിഞ്ഞു. അതര്‍ഹിക്കുന്ന താല്പര്യത്തോടെ ഈ വിവരം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ആ ഗൗരവമുള്ള ഓഫീസിനെ അലങ്കരിക്കുന്ന ഒരു ചിഹ്നത്തിലേക്ക് എന്റെ ശ്രദ്ധ മാറി. അത് ദീര്‍ഘചതുരാകൃതിയിലുള്ളതും സംക്ഷിപ്തവുമായിരുന്നു; സാമാന്യം വലിപ്പമുള്ള അതില്‍ രസകരമായ ഒരു ലഘുവാക്യം ഉണ്ടായിരുന്നു. തുടരൂ... തുടരൂ... എന്നോട് സംസാരിച്ചുകൊണ്ടിരുന്ന ആളുടെ മുഖം എനിക്കോര്‍മ്മയില്ല, അയാളുടെ പേരെനിക്കറിയില്ല. പക്ഷേ, എന്റെ മരണം വരെ ആ കാലഹരണപ്പെട്ട എഴുത്തു ഞാന്‍ ഓര്‍ക്കും. ഞാന്‍ രാജിവെക്കേണ്ടിവരും, ഞാന്‍ സിറ്റി ഹാളില്‍നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ആ പ്രതീകാത്മക  ചിഹ്നമായിരുന്നു, എന്റെ തലവരെയെക്കാള്‍ എന്റെ മനസ്സ് മുഴുവന്‍. 

ഞാന്‍ വിവരിച്ച സംഭവം എത്രത്തോളം ഒരു ഉപമയാണെന്ന് എനിക്കറിയില്ല. ഓര്‍മ്മയും മറവിയും താന്‍ ചെയ്യുന്നത് എന്തെന്നറിയുന്ന ദൈവങ്ങള്‍ എന്നുതന്നെ ഞാന്‍ സംശയിക്കുന്നു. 

ബാക്കിയെല്ലാം നഷ്ടപ്പെട്ടതിനുശേഷം ഈ അസംബന്ധം ആയ ഇതിഹാസം ഓര്‍ക്കണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും കാരണം ഉണ്ടായിരിക്കണം. ഇങ്ങനെയാണ് ഞാന്‍ അതിനെ മനസ്സിലാക്കുന്നത്. ഏകാധിപത്യം അടിച്ചമര്‍ത്തലുകള്‍ സൃഷ്ടിക്കുന്നു; ഏകാധിപത്യം അടിമത്തം സൃഷ്ടിക്കുന്നു. ഏകാധിപത്യം ക്രൂരതകള്‍ സൃഷ്ടിക്കുന്നു. അതിനേക്കാളേറെ വെറുപ്പിക്കുന്നത്, ഏകാധിപത്യം വിഡ്ഢിത്തം ഉണ്ടാക്കുന്നു എന്നതാണ്. ഇടറുന്ന ആജ്ഞകളുടെ ബാഡ്ജുകള്‍, നേതാക്കളുടെ കോലങ്ങള്‍, മുന്‍കൂട്ടി കാണാവുന്ന ഉയരട്ടെ, താഴട്ടെ  മുദ്രാവാക്യങ്ങള്‍, ചുമരിനെ അലങ്കരിക്കുന്ന പേരുകള്‍, ഏകകണ്ഠമായ ആഘോഷങ്ങള്‍, വെളിവിന്റെ സ്ഥാനം വെറും അച്ചടക്കം കയ്യേറുന്നത്... ഇത്തരം ദുഃഖകരമായ ഏകതാനതക്കെതിരെ കലഹിക്കുക, യുദ്ധം ചെയ്യുക എന്നതാണ് ഒരു എഴുത്തുകാരന്റെ പല ദൗത്യങ്ങളില്‍ ഒന്ന്. 

വ്യക്തി കേന്ദ്രീകരണം എന്നത് ഒരു പഴയ അര്‍ജന്റീനിയന്‍ നന്മയാണെന്നു ഞാന്‍ മാര്‍ട്ടിന്‍ ഫിയെര്‍റോയുടേയും ഡോണ്‍ സെഗുന്തോ സോംബ്രായുടേയും വായനക്കാരെ ഓര്‍മ്മിപ്പിക്കേണമോ? 

ഈ ബഹുമുഖമായ രാത്രിയെക്കുറിച്ചും സജീവമായ സുഹൃദ് ബന്ധത്തെക്കുറിച്ചും ഞാനേറെ അഭിമാനിക്കുന്നു എന്നു പറയാന്‍ ആഗ്രഹിക്കുന്നു.''

ആ സുഹൃദ് സദസ്സിനെ അഭിസംബോധന ചെയ്ത ഈ ചെറു പ്രസംഗത്തില്‍ അദ്ദേഹം പറയുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കുക, ഏകാധിപത്യം അടിച്ചമര്‍ത്തലുകള്‍ സൃഷ്ടിക്കുന്നു, ഏകാധിപത്യം അടിമത്തം സൃഷ്ടിക്കുന്നു. ഏകാധിപത്യം ക്രൂരതകള്‍ സൃഷ്ടിക്കുന്നു. അതിനേക്കാളേറെ വെറുപ്പിക്കുന്നത്, ഏകാധിപത്യം വിഡ്ഢിത്തം ഉണ്ടാക്കുന്നു എന്നതാണ്. ഈ വിഡ്ഢിത്തത്തിന് സാധാരണ ജനങ്ങള്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ എല്ലാം വിധേയരാക്കപ്പെടുന്നു.

പാര്‍ട്ടി വരച്ച അതിരിനോളം മാത്രമേ സ്വാതന്ത്ര്യം പാടുള്ളൂ എന്ന കര്‍ക്കശ നിയമത്തെ എതിരിടുന്നവര്‍ക്കെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന പരിണതി അവരുടെ ഇല്ലാതാകല്‍ ആണ്. ഒന്നുകില്‍ സ്വയംഹത്യ അല്ലെങ്കില്‍ ഉന്മൂലനം. അതുമല്ലെങ്കില്‍, സ്വയം തെറ്റുതിരുത്തി, മാപ്പു പറഞ്ഞ് നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കുകയും എഴുതുകയും ചെയ്യുക എന്നതാണ് ഭരണകൂടം സാദ്ധ്യമാക്കുന്ന ഏക പോംവഴി. ആത്മാഭിമാനവും അതിരില്ലാത്ത സ്വാതന്ത്ര്യ ഇച്ഛയും ജീവിതത്തില്‍ സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും വിലകുറഞ്ഞ ഭരണകൂട താല്പര്യത്തെ അവഗണിച്ചുകൊണ്ട് സ്വബോധത്തിന്റെ പരമമായ വിലയും ഉന്നതിയും കാത്തുസൂക്ഷിക്കുക മാത്രമാണ് ചെയ്യാനാവുക. ആ ഔന്നത്യം കാട്ടിയവരുടെയെല്ലാം അന്ത്യം ചരിത്രത്തില്‍ പല കാലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിത്യതയെക്കുറിച്ചുള്ള വിഡ്ഢിത്തം നിറഞ്ഞ ഭാവി കല്പനയില്‍ ജീവിച്ചിരുന്ന ഏകാധിപതികള്‍ക്കാവട്ടെ, അവര്‍ കൊല ചെയ്തവരുടെ മരണാനന്തര ജീവിതമുയര്‍ത്തിയ ചോദ്യങ്ങള്‍ക്കും ആ ജീവിതങ്ങളുടെ പ്രഭാപൂര്‍ണ്ണമായ സങ്കല്പനങ്ങള്‍ക്കും മുന്നില്‍ ഏറ്റവും തരംതാണ സ്ഥാനം മാത്രമായി അവശേഷിക്കേണ്ടിവന്നു. എന്നാല്‍, ഇന്നും കേരളത്തിലെ ചുവരുകളില്‍ സ്റ്റാലിന്‍ എന്ന ഏകാധിപതിയുടെ ചിത്രം മായാതെ നില്‍ക്കുന്നു എങ്കില്‍ ആ ചിത്രങ്ങള്‍ക്കു പിന്നില്‍ നിലയുറപ്പിച്ചിട്ടുള്ള കമ്യൂണിസ്റ്റ് യുക്തിയെ വിമര്‍ശനത്തോടെയല്ലാതെ കാണാന്‍ കഴിയില്ല. ഇസാക് ബാബേലിനെ പോലൊരു എഴുത്തുകാരന്റെ ജീവിതകാലത്തിന്റെ പുനര്‍വായനകളില്‍ അതുകൊണ്ടുതന്നെ സ്റ്റാലിനും അക്കാലത്തെ കമ്യൂണിസ്റ്റ് ഭരണകൂടവും ചോദ്യം ചെയ്യപ്പെടുന്നത് ചരിത്രത്തിന്റെ അനിവാര്യതകളിലൊന്നു മാത്രമാണ്.

ആന്തരിക വൈരുദ്ധ്യങ്ങള്‍ മേളിക്കുന്ന എഴുത്തുകാരിലൊരാളായിരുന്നു ബാബേല്‍. ഏതൊരു ജീവചരിത്രകാരനേയും കുഴപ്പിക്കുംവിധം സങ്കീര്‍ണ്ണമായ ഒരു ചുറ്റുവഴി ബാബേല്‍ സ്വയം തീര്‍ത്തിരുന്നു. തന്നിലേക്ക് എത്തുവാന്‍ അത്ര എളുപ്പമല്ലെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ബാബേല്‍ സൃഷ്ടിച്ച പല നുണകളും ആത്യന്തികമായ ഉത്തരം എന്ന തീര്‍പ്പിനെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. ആന്ദ്രേ മല്‍റോവിന്റെ ഭാര്യ ക്ലാരയോടു ബാബേല്‍ പറഞ്ഞ ഒരു കഥയുണ്ട്: ''ആഴ്ചയിലൊരിക്കലെങ്കിലും ഞാന്‍ സ്റ്റാലിനും ഗോര്‍ക്കിയുമൊന്നിച്ചു വൈകുന്നേരങ്ങള്‍ ചെലവഴിക്കാറുണ്ട്. ഞങ്ങള്‍ അടുപ്പിനരികില്‍ അലസമായി കിടന്ന് വിശ്രമിക്കാറുണ്ട്.'' പക്ഷേ, യഥാര്‍ത്ഥത്തില്‍ ഒരിക്കല്‍പ്പോലും സ്റ്റാലിനെ ബാബേല്‍ നേരിട്ട് കണ്ടിട്ടില്ല. സ്റ്റാലിന്‍ വിളിച്ചിരുന്ന എഴുത്തുകാരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്  ബാബേല്‍ ഒഴിവാക്കി. കടങ്കഥ പോലൊരു ജീവിതവും അതിലേറെ നിഗൂഢമായ മരണവുമായിരുന്നു ബാബേലിന്റേത്. ജീവിതത്തിന്റെ പോക്കുവരവുകള്‍ സ്വയം സൃഷ്ടിച്ചപ്പോള്‍ അതിന്റെ വിരാമചിഹ്നം സ്റ്റാലിന്‍ ഭരണകൂടത്താല്‍ നിര്‍വ്വഹിക്കപ്പെട്ടു.

ബാബേലിന്റെ സമാഹൃത രചനകളുടെ ആമുഖമായി സിന്തിയ ഓസിക് പങ്കിടുന്ന ചിന്തകള്‍ ഇവ്വിധമാണ്: ''റഷ്യന്‍ സാമ്രാജ്യത്തിലെ ഏറ്റവും മനോഹരം എന്ന് ബാബേല്‍ വിശേഷിപ്പിച്ച, കടലിനും അതിനപ്പുറവും കാണുന്ന ഒഡേസയിലാണ് അദ്ദേഹം ജനിച്ചത്. ജീവിക്കാന്‍ പാകത്തിന് ശാന്തവും സൗമ്യവുമായ സ്ഥലം, ലളിത ജീവിത സത്യങ്ങള്‍ തിരിച്ചറിഞ്ഞ ധാരാളം ജൂതന്മാരുണ്ട് അവിടെ. തനിച്ചാവാതിരിക്കാന്‍ ചെറുപ്പത്തില്‍ വിവാഹിതരാകുന്ന, നൂറ്റാണ്ടുകള്‍ നിലനില്‍ക്കാന്‍ പ്രണയിക്കുന്ന, വീട് വെക്കാനും ഭാര്യമാര്‍ക്ക് ആഡംബര ജാക്കറ്റ് വാങ്ങാനും പണം സമ്പാദിക്കുന്ന, കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് അത്യാവശ്യം ആയതുകൊണ്ട് അവരെ സ്നേഹിക്കുന്ന, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്കണ്ഠ ഉളവാക്കുന്ന സാധാരണ ജൂതന്മാര്‍. അവരില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. അവര്‍ മൂലമാണ് ഒഡേസ ഇത്ര ലളിതവും സൗമ്യവുമായിരിക്കുന്നത്. 

ബാബേല്‍ ഒരു ദരിദ്ര ജൂതനായി ജീവിതം ആരംഭിച്ചു. ജനങ്ങള്‍ ഇടകലര്‍ന്ന് താമസിക്കുന്ന തെമ്മാടിക്കൂട്ടങ്ങള്‍ അവിടവിടെയുള്ള മോള്‍ദാവങ്ക എന്ന  സ്ഥലത്ത്. ഒരു മിടുക്കന്‍ പയ്യന്റെ ഉള്‍ക്കാഴ്ചയോടെ അവിടെ അനുഭവിച്ച വിശാലമായ ഒരു ലോകസങ്കല്പം അദ്ദേഹത്തിന്റെ ബെന്‍ ക്രീക്കിന്റേയും കൂട്ടരുടേയും കഥകളില്‍ പ്രസരിച്ചു. അദ്ദേഹത്തെപ്പറ്റി ആദ്യം എഴുതിയ ലയണല്‍ ട്രില്ലിങ് അദ്ദേഹത്തെ ഗെട്ടോയിലെ ജൂതന്‍ എന്ന് വിശേഷിപ്പിച്ചു. ഗെട്ടോ  എന്ന വാക്കുകൊണ്ട് ഇടുങ്ങിയ ചിന്താഗതിയാണ് ട്രില്ലിങ് ഉദ്ദേശിച്ചതെങ്കില്‍ ബാബേല്‍ നേരെ മറിച്ചായിരുന്നു. 

ഹീബ്രുവും യിദ്ദിഷും ഒരുപോലെ കൈകാര്യം ചെയ്യുന്ന, ഫ്ലൊബേറിനേയും, മോപ്പസാങ്ങിനേയും ചേര്‍ത്തുവെച്ചയാള്‍. ഒഴുക്കുള്ള ഫ്രെഞ്ച് സാഹിത്യഭാഷയില്‍ ആദ്യ കഥകള്‍ രചിച്ച ആള്‍. കര്‍ഷകരുടേയും പട്ടാളക്കാരുടേയും പുരോഹിതരുടേയും റബ്ബിയുടേയും കുട്ടികളുടേയും സ്ത്രീകളുടേയും കലാകാരന്മാരുടേയും നടന്മാരുടേയും കണ്ണുകളിലൂടെ ലോകം കണ്ടയാള്‍. വേശ്യകളേയും ഡ്രൈവര്‍മാരേയും  കുതിരപ്പന്തയക്കാരേയും സുഹൃത്താക്കിയ ആള്‍. ദാരിദ്ര്യം എന്തെന്ന് അറിഞ്ഞ ആള്‍. ഒരേസമയം  നഗരത്തിന്റേയും ഗ്രാമത്തിന്റേയും കവി. സാമൂഹ്യ സ്വാതന്ത്ര്യത്തിന് ദാര്‍ശനികമായ പ്രലോഭനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടു വിപ്ലവത്തെ സ്വാഗതം ചെയ്ത ആള്‍. മാക്സിം ഗോര്‍ക്കിയുടെ അടുത്ത് താമസിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നിയമം ലംഘിച്ച് താമസിച്ചിരുന്നവന്‍ (അക്കാലത്ത് ജൂതന്മാര്‍ക്ക് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ താമസിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല). വിപ്ലവത്തോടെ എല്ലാത്തരം നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെട്ട റഷ്യയില്‍ ബാബേല്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ, ഉത്സാഹത്തോടെ ബോള്‍ഷെവിക് പദ്ധതികളുമായി ചേര്‍ന്നുനിന്നു. 1920-ല്‍ ഒരു യുദ്ധ ലേഖകനായി, കമ്യൂണിസത്തില്‍ ചേരാന്‍ അറച്ചുനിന്നിരുന്ന പോളണ്ടിലെ ഗ്രാമങ്ങളിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം അതിന്റെ മാസ്മരിക പ്രഭാവത്തില്‍നിന്ന് മെല്ലെ മുക്തനാകാന്‍ തുടങ്ങി. ബാബേലിന്റെ ഭാര്യ എവിജിനിയ പാരിസിലേക്കു താമസമായി. അവിടെ നതാലിയാ എന്ന മകള്‍ ജനിച്ചു. അമ്മയും സഹോദരിയും ബ്രസ്സല്‍സിലേക്കും പോയി. പക്ഷേ, ബാബേല്‍ തന്റെ ഭാഷയോടും നാടിനോടും ആജീവനാന്തം ഇഷ്ടം നിറഞ്ഞ് മോസ്‌കോയില്‍ തുടര്‍ന്നു. ചില ബാല്യകാലക്കുറിപ്പുകളും നാടകരചനയുമായി അവിടെ കഴിച്ചുകൂട്ടി. അവയില്‍ ചില നിശ്ശബ്ദ സിനിമകളുടെ തിരക്കഥകള്‍ മനോഹരങ്ങളായിരുന്നു. വര്‍ത്തമാനകാലത്തിന്റേയും ക്യാമറാക്കണ്ണിന്റേയും പ്രഭാവത്തില്‍ ബാബേലിന്റെ ഗദ്യം പുതിയ മാനങ്ങള്‍ കൈവരിച്ചു. പലതും ജനപ്രീതി നേടിയെങ്കിലും പലതും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നു തമസ്‌കരിക്കപ്പെട്ടു. ടര്‍ജനീവിനെ ആസ്പദമാക്കി ചെയ്ത ഒരു ചിത്രത്തിന്റെ  സംവിധായകന്‍ പരസ്യമായി മാപ്പ് പറയേണ്ടിവന്നു. ഇതായിരുന്നു അന്നത്തെ അവസ്ഥ.''

ബോള്‍ഷെവിക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ അതുവരെ സ്വകാര്യ പാര്‍ട്ടി പരിപാടികളില്‍ മാത്രം ദൃശ്യമായിരുന്ന വിപ്ലവത്തിന്റെ ഭാഷ പൊതുസമൂഹത്തിന്റെ ഭാഗമായി. കേന്ദ്രവും പ്രാന്തപ്രദേശങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തീര്‍ക്കേണ്ടതും ഭരണത്തിന്റെ ഭാഷ ജനങ്ങളിലെത്തിക്കേണ്ടതും  എഴുത്തുകാരുടെ ചുമതലയായി. ഇതിനുവേണ്ടി വലിയ അളവില്‍ ഭാഷാ പുനര്‍നിര്‍മ്മാണം ആരംഭിച്ചു; ഇക്കാലത്തെ എല്ലാ എഴുത്തുകാരും കലാകാരന്മാരും വാക്കുകളിലൂടെ സോഷ്യലിസ്റ്റ് റിയലിസം എന്ന ആദര്‍ശം ജനങ്ങളില്‍ എത്തിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ കാണാവുന്നതാണ്. ഈ ഭാഷാ പുനര്‍നിര്‍മ്മിതിയിലൂടെ തൊഴിലാളി സംസ്‌കാരത്തിന്റെ വാഹകരാകുവാന്‍ നിര്‍ബ്ബന്ധിക്കുന്ന ഭരണകൂടത്തോട് എതിര്‍ നിന്നവരായിരുന്നു ബാബേലിനെപ്പോലുള്ള എഴുത്തുകാര്‍. ഈ ധിഷണകള്‍ എല്ലാം ചാരന്മാരോ രാജ്യദ്രോ ഹികളോ ആയി വിലയിരുത്തപ്പെട്ടു. ഓസീപ് മാന്ദേല്‍ സ്റ്റാമിന്റെ  എപ്പിഗ്രാമാ കോണ്‍ട്രാ സ്റ്റാലിന്‍ എന്ന കവിതയില്‍ എഴുതപ്പെട്ട പത്തടി അകലത്തിനുള്ളില്‍പ്പോലും കേള്‍ക്കാനാവാത്ത ഒച്ചയടക്കല്‍ എത്രമാത്രം ഭീതിദമാണെന്ന്  ഓര്‍ക്കുക. ഒരു ഇടനിലക്കാരന്റെ നിലവാരത്തിലേക്ക് തരം താഴാന്‍ വിസമ്മതിച്ചതിന്റെ  രേഖകളാണ് അദ്ദേഹത്തിന്റെ രചനകള്‍. പുതിയ രാഷ്ട്രത്തിന്റെ കാതലായ പല വസ്തുതകളേയും ബാബേല്‍ കഥകള്‍ അവഗണിച്ചു. ഭരണകേന്ദ്രം ഉദ്ദേശിച്ചത് കഥകളിലൂടെ പലപ്പോഴും നടപ്പായില്ല; ബാബേല്‍ കഥകളിലെ ആഖ്യാതാവ് പാര്‍ട്ടിയുടെ തീവ്ര അനുയായി ആയിട്ടല്ല വര്‍ത്തിക്കുന്നത്. പകരം പാര്‍ട്ടി ദര്‍ശനങ്ങളില്‍നിന്നും കൊസ്സാക് പട്ടാളക്കാരില്‍നിന്നും ഒരുപോലെ അകലം പാലിക്കുന്ന ഒരു ജൂതബുദ്ധിജീവിയാണ് ബാബേലിന്റെ ഹീറോ. 

ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ഈ വരികള്‍ ശ്രദ്ധിക്കുക: ''ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാരരീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. കിഴക്കുനിന്ന് വന്നവര്‍ ഷീനാര്‍ സമതലത്തില്‍ പാര്‍പ്പിടമുറപ്പിച്ചു. നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്നവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്ത് പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍ നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ് ഇറങ്ങിവന്നു. ഒരു ജനതയും ഒരു ഭാഷയും കണ്ട് ദൈവം അസ്വസ്ഥനായി. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കം മാത്രമാണ് ഇതെന്നും ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കില്ല എന്നും ദൈവം അറിഞ്ഞു. സ്വര്‍ഗ്ഗത്തിലെത്തിനില്‍ക്കുന്ന  ഈ ഗോപുരം കണ്ട് അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ എന്നും ഇനി അവരെ പിടിച്ചാല്‍ കിട്ടില്ലെന്നും തിരിച്ചറിഞ്ഞ ദൈവം അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണം പണി ഉപേക്ഷിച്ചു. ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും നാടാകെ ചിതറിച്ചതും അവിടെവച്ചാണ്. അതുകൊണ്ടാണ് ആ സ്ഥലത്തിനു ബേബല്‍  എന്ന് പേരു വന്നത്. 

നിഘണ്ടുവില്‍ ബാബേല്‍ എന്ന വാക്ക് പരതുമ്പോള്‍ മൂന്ന് വിശദീകരണങ്ങള്‍ കാണാം. 

ഒന്ന്: ഇന്നത്തെ ബാബിലോണില്‍ ഷിനാര്‍ എന്ന സമതലപ്രദേശത്ത് ദൈവം ഭാഷ ചിതറിപ്പിച്ച് നിര്‍മ്മാണം തടഞ്ഞ ഗോപുരം.

രണ്ട്: ഭാഷയുടേയും ശബ്ദങ്ങളുടേയും ആശയക്കുഴപ്പം. 
മൂന്ന്: റഷ്യന്‍ ചെറുകഥാകൃത്ത് ഐസക്ക് എമ്മാന്ന്വലോവിച്ച് ബാബേല്‍.

ദൈവവും സ്വേച്ഛാധിപതിയും ഒരുപോലെ പ്രവര്‍ത്തിക്കുന്നു എന്നു നിശ്ചയിക്കുന്നതിനേക്കാള്‍ ദൈവമെന്ന സ്വേച്ഛാധിപതി എന്ന് പ്രയോഗിക്കുക ആവും യുക്തം. ദൈവമാകുക എന്ന ചിന്തയുടെ ക്രൗര്യമാണ് ഹിറ്റ്ലറിലും സ്റ്റാലിനിലും മറ്റും ലോകം കണ്ടത്. ബാബേല്‍ എന്ന പേരും ആ സാങ്കല്പിക ഗോപുരത്തെ ഭയന്ന് ദൈവം ഭാഷകളെ തിരിച്ചറിയാനാവാത്തവിധം സങ്കീര്‍ണ്ണമാക്കി വിഘടിപ്പിക്കുകയും ചെയ്തത് ഇസാക് ബാബേലിനെ വായിച്ചെടുക്കുവാന്‍ എളുപ്പം നിറഞ്ഞ ഉദാഹരണങ്ങളിലൊന്നാണ്. ദൈവം ബാബേലെന്ന ഗോപുരത്തെ ഭയന്നു എങ്കില്‍ സ്റ്റാലിന്‍ ബാബേല്‍ എന്ന അച്ചടക്കമില്ലാത്ത, നിഷേധിയായ എഴുത്തുകാരനെ ഭയന്നു. ബാബേല്‍ സ്വന്തം ജീവിതഭാഷയെ ഒരാള്‍ക്കും പിടികൊടുക്കാനാവാത്തവിധം കശക്കിയിരുന്നു. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എത്തുവാന്‍ കഴിയാത്തവിധം ശ്രമകരമാക്കിത്തീര്‍ത്ത ഈ കളിയിലെ ജേതാവ് അന്നും ഇന്നും ബാബേല്‍ തന്നെ. ഒരു നാടോടിക്കഥയ്ക്ക് സമാനമായൊരു ജീവിത ഇതിവൃത്തം, അതിസങ്കീര്‍ണ്ണമായ രാഷ്ട്രീയ പകയുടെ ഇര, ബാബേല്‍ ഇങ്ങനെയൊക്കെ വായിക്കപ്പെടുവാനായാണ് ഇന്നും സ്വയം വിട്ടുതരിക. ബാബേല്‍ പഠിതാക്കളും മകള്‍ നതേലി ബാബേലും ഒഴിച്ചിട്ട ചില ഇടങ്ങളെ പൂരിപ്പിക്കാനാവാതെ അവര്‍ തന്നെ ആ ശ്രമങ്ങളില്‍നിന്നും പിന്മാറുകയാണ് ഉണ്ടായത്. ഒരേ സമയം ജീവിതത്തിന്റെ ഒഴിവിടങ്ങളും അതേസമയം സാഹിത്യത്തിലെ ആധുനികവും തെളിച്ചം നിറഞ്ഞതുമായ വാക്കിടവുമായി ബാബേല്‍ എന്ന ഇന്ദ്രജാലക്കാരന്‍  മാറുന്നത് നമുക്ക് അദ്ദേഹത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണാന്‍ കഴിയും.

ബാബേലിന്റെ അറസ്റ്റിലേയ്ക്കും മരണത്തിലേയ്ക്കും നയിച്ച കാരണങ്ങള്‍ ഇന്നും അവ്യക്തമായി തുടരുകയാണ്. ബാബേലും സ്റ്റാലിന്‍ ഭീകരവാഴ്ചയുടെ നേതാവുമായ ഇഷെവിന്റെ ഭാര്യയുമായി നീണ്ടകാലം ബന്ധം നിലനിന്നിരുന്നു എന്ന് ബാബേലിന്റ സുഹൃത്തുക്കള്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ, അതായിരിക്കാം അറസ്റ്റിനു വഴിവെച്ചതെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍, ബാബേല്‍ ചാരപ്രവര്‍ത്തനം നടത്തി എന്നതായിരുന്നു സ്റ്റാലിന്‍ ഭരണകൂടം ആരോപിച്ച കുറ്റം. താന്‍ നിരപരാധിയാണന്നും ''എന്നെ എന്റെ ജോലി പൂര്‍ത്തീകരിക്കുവാന്‍ അനുവദിക്കൂ'' എന്നും ബാബേല്‍ അപേക്ഷിച്ചിട്ടും അത് നിരസിക്കപ്പെടുകയാണുണ്ടായത്. 1939, മെയ് 15-ന് അറസ്റ്റ് ചെയ്യപ്പെട്ട ബാബേല്‍ ഒരു തെളിവുമില്ലാതെ അപ്രത്യക്ഷനായി. താമസ സ്ഥലങ്ങള്‍ അരിച്ചു പെറുക്കിക്കൊണ്ടുപോയ ഒരു കടലാസ് കഷണം പോലും തിരിച്ചു വന്നില്ല. ഒരിക്കലും ജീവിച്ചിരിക്കാത്തതുപോലെ അതെല്ലാം തുടച്ച് നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തിലെ ഒരുപാട് രഹസ്യങ്ങള്‍, ചിലപ്പോള്‍ പരസ്യമായി, ചിലപ്പോള്‍ രഹസ്യമായും തുടര്‍ന്നു.  ഒരുപാട് അവ്യക്തതകള്‍, സങ്കീര്‍ണ്ണതകള്‍, വൈരുദ്ധ്യങ്ങള്‍, ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ച എഴുത്തുകാരന്‍ ആയിരുന്നു ബാബേല്‍. നതാലിയ ബാബേല്‍ എഴുതുന്നു: ''ഇത്രയും സൗഹൃദങ്ങളുള്ള ഒരു മനുഷ്യന്‍ എങ്ങനെയാണ് അപ്രത്യക്ഷനായത്? ഊഹാപോഹങ്ങളിലൂടെ, കഥകളിലൂടെ ബാബേല്‍ ഒരു മിത്ത് ആയി മാറി. 1935-ല്‍ പാരീസില്‍ എഴുത്തുകാരുടെ സമ്മേളനത്തിന് വന്നപ്പോള്‍ എന്റെ അമ്മയോട് മോസ്‌കോയിലേക്ക് അദ്ദേഹത്തോടൊപ്പം മടങ്ങാന്‍ ആവശ്യപ്പെട്ടു. അമ്മയുടെ നിരാസം അവര്‍ ഒരിക്കലും മറന്നില്ല.''

അവസാനം ആയപ്പോഴേയ്ക്കും സോവിയറ്റ് യൂണിയന്റെ ബാരക് മനോഭാവം ബാബേലിനു സഹിക്കാന്‍ കഴിയുമായിരുന്നില്ല. കലാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ബാബേലിന്റെ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. 1932-ലെ ഒരു സംഭാഷണത്തെക്കുറിച്ച് അന്നെന്‍കോവ് ഇപ്രകാരം പറയുന്നു: ''ഒരൊറ്റ വിഷയം മാത്രം അദ്ദേഹം ചിന്തിച്ചു: ഇനി മുന്നോട്ടെങ്ങനെ ജീവിക്കും?'' ഈ ആലോചന അവസാനിക്കുവാന്‍ വേണ്ടിവന്നത് ഏഴ് വര്‍ഷങ്ങള്‍ മാത്രമാണ്. 1939 മെയ് 15-ന് ഇസാക് ബാബേലിനെ  അറസ്റ്റ് ചെയ്യുകയും  ലുബിയാങ്ക ജയിലില്‍ അടക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കയ്യിലിരുന്ന എല്ലാ കടലാസുകളും പിടിച്ചെടുക്കുകയും ചിലവ നശിപ്പിക്കുകയും ചെയ്തു. അവയില്‍ മുഴുമിക്കാത്ത കഥകള്‍, വിവര്‍ത്തനങ്ങള്‍, കവിതകള്‍ എന്നിവയുണ്ടായിരുന്നു. ആറു മാസങ്ങള്‍ക്കു ശേഷം, മൂന്നു ദിവസത്തെ നരകയാതനകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം അദ്ദേഹം ചാരവൃത്തിയില്‍ ഏര്‍പ്പെട്ടു എന്ന തെറ്റായ ആരോപണം സമ്മതിച്ചു. അടുത്ത വര്‍ഷം ജനുവരി 26-ന് രാത്രി ഒരു രഹസ്യവിചാരണയില്‍ കുറ്റം നിഷേധിക്കുകയും നിരപരാധിത്വം വെളിപ്പെടുത്തുകയും ചെയ്‌തെങ്കിലും അടുത്ത ദിവസം വെളുപ്പിന് 1.40-ന് യാതൊരു ദാക്ഷിണ്യവും കൂടാതെ ബാബേലിനെ  വെടിവച്ചു കൊന്നു. അദ്ദേഹത്തിനപ്പോള്‍ നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു.

ബാബേലിന്റെ അറസ്റ്റിനെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി അപേക്ഷിക്കാന്‍, ബാബേലിന്റെ എക്കാലത്തേയും പ്രിയപ്പെട്ട മാക്സിം ഗോര്‍ക്കിയുടെ (ഗോര്‍ക്കി ജീവിച്ചിരുന്നുവെങ്കില്‍ ബാബേല്‍ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു എന്ന് വിശസിച്ചവരുണ്ട്) ഭാര്യ പാവ്‌ലോവ്ന പേഷ്‌കോവ രഹസ്യപ്പൊലീസിന്റെ ആസ്ഥാനമായ ലുബിയാങ്ക ജയിലില്‍ പോയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

ഇസാക് ബാബേലിന്റെ ഒന്നോ രണ്ടോ കഥകളല്ലാതെ അധികമൊന്നും മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടില്ല. പത്ത് വായനക്കാരിലധികമില്ലാത്ത ഒരെഴുത്തുകാരന്‍ എന്ന മുന്‍ വിധിയാവാം ബാബേലിലേയ്ക്കുള്ള ശ്രദ്ധയില്‍നിന്ന് പ്രസാധകരെ ഇത്രനാളും മാറ്റിനിര്‍ത്തിയത്. മാതൃഭൂമി ബുക്സ് ഈ കഥകളുടെ പ്രസാധന ദൗത്യം നിര്‍വ്വഹിക്കുമ്പോള്‍, ഉന്നതനായ ഒരെഴുത്തുകാരനുവേണ്ടി അവര്‍ തീര്‍ക്കുന്ന ശ്രേഷ്ഠ സ്മാരകമായി, മലയാളത്തിന്റെ ആദരമായി, ഈ പരിഭാഷകള്‍ മാറുമെന്നത് ഏറെ സന്തോഷം നല്‍കുന്നു. ബാബേല്‍ എഴുത്തിന്റെ രാസകത്വം ചോരാതെ, വിവര്‍ത്തനത്തിലൂടെ മലയാളത്തിലേയ്ക്ക് അദ്ദേഹത്തിനു നല്‍കിയ ഈ കുടിയിരിപ്പിന് സുരേഷ് എം.ജിക്ക് നന്ദി. വെറുമൊരു കഥാപുസ്തകത്തിനുപരി, എഴുതി പൂര്‍ത്തീകരിക്കാനാവാതെ ഭൂമിയില്‍നിന്നും 'അപ്രത്യക്ഷ'നാകേണ്ടിവന്ന ബാബേലിന്റെ വേദനയും ഏകാധിപതിയുടെ നിഷ്ഠൂരതയും മുഖാമുഖം നില്‍ക്കുന്ന ഈ സമാഹാരം ഏകാധിപതികളുടെ 'ശുദ്ധ'മാക്കലിനുള്ള ഓര്‍മ്മയുടെ തിരുത്താണ്.   


* ഈ അവതാരികയ്ക്ക് സഹായകമായ പുസ്തകങ്ങള്‍: Savage Shorthand by Jerome Charyn, The complete works of Isaac Babel, The Enigma of Isaac Babel, Red Cavalry and other stories.

സിന്തിയ ഓസിക്കിന്റേയും നതാലി ബാബേലിന്റേയും എഴുത്തുകളുടെ ആശയ സ്വീകരണമാണ് അവരുടേതായി ചേര്‍ത്തിരിക്കുന്നത്. എഴുത്തിന്റെ പദാനുപദ തര്‍ജ്ജമയല്ല.

( സുരേഷ് എം.ജി. വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന ഇസാക്ക് ബാബേലിന്റെ കഥകള്‍ക്ക് എഴുതിയ ആമുഖം)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com