ഗോള്‍വല്‍ക്കറെ മാത്രമല്ല, മൗദൂദിയേയും പഠിക്കട്ടെ

കണ്ണൂര്‍ സര്‍വ്വകലാശാല അതിന്റെ കീഴിലുള്ള തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എന്ന പുതിയ കോഴ്സ് തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്
ഗോള്‍വല്‍ക്കറെ മാത്രമല്ല, മൗദൂദിയേയും പഠിക്കട്ടെ

ണ്ണൂര്‍ സര്‍വ്വകലാശാല അതിന്റെ കീഴിലുള്ള തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എന്ന പുതിയ കോഴ്സ് തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. ഈ അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന അതിന്റെ മൂന്നാം സെമസ്റ്ററില്‍ 'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന ഒരു പേപ്പറുണ്ട്. അതില്‍ പഠിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു ഭാഗം ഹിന്ദുത്വ എന്ന രാഷ്ട്രീയാശയത്തെക്കുറിച്ചാണ്. സ്വാഭാവികമായി എം.എസ്. ഗോള്‍വല്‍ക്കര്‍, വി.ഡി. സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെ കൃതികള്‍ തദ്വിഷയ സംബന്ധമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. 

ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ടിന്റെ ഭാഗമായി ഗാന്ധിസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗാന്ധിജിയുടെ കൃതികള്‍ നിശ്ചയമായും വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടിവരും. നെഹ്‌റുവിസം ഉള്‍പ്പെടുത്തിയാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും അംബേദ്കറിസം ഉള്‍പ്പെടുത്തിയാല്‍ ബി.ആര്‍. അംബേദ്കറുടേയും ലോഹ്യായിസം ഉള്‍പ്പെടുത്തിയാല്‍ രാം മനോഹര്‍ ലോഹ്യയുടേയും കൃതികള്‍ സിലബസില്‍ ഉള്‍പ്പെടുത്തപ്പെടാതെ പോവില്ല. ഇന്ത്യന്‍ ഫിലോസഫിക്കല്‍ തോട്ടിന്റെ ഭാഗമെന്നപോലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ടിന്റെ കൂടി ഭാഗമായ ഭാരതീയ നിരീശ്വരവാദം പാഠ്യപദ്ധതിയില്‍ ചേര്‍ത്താല്‍ ദേബിപ്രസാദ് ചതോപാധ്യായയുടെ 'ഇന്ത്യന്‍ നിരീശ്വരവാദം', കെ. ദാമോദരന്റെ 'ഭാരതീയ ചിന്ത', ഇ.വി. രാമസാമിയുടെ കൃതികള്‍ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമായിത്തീരും. തികച്ചും അതുപോലെ വേണം ഹിന്ദുത്വയെക്കുറിച്ച് പഠിക്കുന്നതിന് സവര്‍കര്‍, ഗോള്‍വല്‍ക്കര്‍ തുടങ്ങിയവരുടെ കൃതികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിലബസില്‍ ചേര്‍ത്തതിനെ കാണാന്‍.

നിര്‍ഭാഗ്യകരമെന്നു പറയണം, പരാമൃഷ്ട സിലബസിന്റെ വിമര്‍ശകര്‍ മുന്‍വിധിയോടെയാണ് വിഷയത്തെ സമീപിച്ചു കാണുന്നത്. കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസ്സടക്കമുള്ള ചില പാര്‍ട്ടികളുടെ നേതാക്കളും ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍വ്വകലാശാലയില്‍ ഹിന്ദുത്വാപഠനം ഏര്‍പ്പെടുത്തിയെന്നും അത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബന്ധം അനാവരണം ചെയ്യുന്നുവെന്നുമുള്ള തരത്തിലാണ് പ്രതികരിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒത്താശ ചെയ്യുന്നു എന്നും അത്തരക്കാര്‍ ആരോപിക്കുന്നു. 

ഇമ്മട്ടിലുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കും അതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന വൈസ് ചാന്‍സലര്‍ ഗോപിനാഥന്‍ രവീന്ദ്രനും വിവാദ സിലബസ് തയ്യാറാക്കിയ ഡോ. ബിജു ലക്ഷ്മണ്‍, ഡോ. സുധീഷ്, ഡോ. ജോബി വര്‍ഗീസ്, ഡോ. പി.ആര്‍. ബിജു എന്നിവര്‍ക്കും വല്ല പിഴവുകളും സംഭവിച്ചോ എന്ന പരിശോധനയ്ക്ക് പ്രസക്തിയുണ്ട്. വൈസ് ചാന്‍സലര്‍ പത്രസമ്മേളനദ്വാരാ വെളിപ്പെടുത്തിയത് ഫ്രെഞ്ച് ബുദ്ധിജീവിയും ഗ്രന്ഥകാരനുമായ ക്രിസ്റ്റഫര്‍ ജാഫെര്‍ലോട്ട് 'റീഡര്‍ ഓണ്‍ ഹിന്ദു നാഷണലിസം' എന്ന പുസ്തകത്തില്‍ ആര്‍.എസ്.എസ് താത്ത്വികരെക്കുറിച്ചെഴുതിയ ലേഖനങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ്. ഇന്ത്യയില്‍ ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയെക്കുറിച്ച് മനസ്സിലാക്കാന്‍ അവ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. പുറമെ, ദേശീയതയെക്കുറിച്ച് ടാഗോറും ശ്രീഅരബിന്ദോയും ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമെഴുതിയ പ്രബന്ധങ്ങള്‍ വായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നുകൂടി അദ്ദേഹം വിശദീകരിക്കുന്നു. 

ഇതില്‍നിന്നു മനസ്സിലാക്കേണ്ടത് ഹിന്ദുത്വ എന്ന മതമൗലിക രാഷ്ട്രീയ ചിന്താധാരയെ മഹത്വവല്‍കരിക്കാനോ അത് അധ്യേതാക്കളില്‍ അടിച്ചേല്‍പ്പിക്കാനോ ഉള്ള ഉദ്ദേശ്യം വൈസ് ചാന്‍സലര്‍ക്കോ നിര്‍ദ്ദിഷ്ട സിലബസ് തയ്യാറാക്കിയവരും യൂണിവേഴ്സിറ്റി-കോളേജ് തലങ്ങളില്‍ പഠിപ്പിക്കുന്നവരുമായ അദ്ധ്യാപകര്‍ക്കോ ഉണ്ടായിരുന്നില്ല എന്നാണ്. പക്ഷേ, ഒട്ടും ചെറുതല്ലാത്ത ഒരു പിഴവ് അവര്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ വിചാരങ്ങളെ സംബന്ധിക്കുന്ന പാഠ്യപദ്ധതിയില്‍ ഹിന്ദുത്വ ഉള്‍പ്പെടുത്തപ്പെടുമ്പോള്‍ അവശ്യമായും ചേര്‍ക്കപ്പെടേണ്ട മറ്റൊരു മതമൗലിക രാഷ്ട്രീയ വിചാരധാരയാണ് ഇസ്ലാമിസം. അവിഭക്ത ഇന്ത്യയില്‍ ഇസ്ലാമിസത്തിന്റെ ഏറ്റവും ശക്തനായ വക്താവും താത്ത്വികനുമായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ശില്പിയായ എ.എ. മൗദൂദി. ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ സംബന്ധിച്ച് തന്റേതായ വ്യതിരിക്ത നിലപാടുകളുള്ളയാളും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമാണ് അദ്ദേഹം. ലോകത്താകമാനമുള്ള  ഇസ്ലാമിസ്റ്റുകളെ അദ്ദേഹത്തിന്റെ ചിന്തകള്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിനെക്കുറിച്ച് പഠനഗ്രന്ഥങ്ങളെഴുതിയ പൗരസ്ത്യരും പാശ്ചാത്യരുമായ എഴുത്തുകാരില്‍ ഒരാള്‍ പോലും മൗദൂദിയന്‍ ചിന്തകളെ പരാമര്‍ശിക്കാതെ പോയിട്ടില്ല. അങ്ങനെ പോവുക സാധ്യമല്ല എന്നതാണ് കാര്യം. രാഷ്ട്രീയ ഇസ്ലാമിന്റെ ഉള്‍ക്കാമ്പിലെത്തണമെങ്കില്‍ മൗദൂദിയെ വായിച്ചേ മതിയാവൂ. 

കണ്ണൂര്‍ സര്‍വ്വകലാശാല എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എന്ന കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ 'ഹിന്ദുത്വ'യേയും അതിന്റെ സൈദ്ധാന്തികരേയും ഉള്‍പ്പെടുത്തിയപ്പോള്‍ ഇസ്ലാമിസത്തേയും അതിന്റെ മുഖ്യസൈദ്ധാന്തികനേയും വിട്ടുകളഞ്ഞു. അതത്രേ സര്‍വ്വകലാശാലയ്ക്ക് സംഭവിച്ചതായി മുന്‍ സൂചിപ്പിച്ച പിഴവ്. ദേശീയതയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമെല്ലാം ഹിന്ദുത്വവാദത്തിന്റെ ആചാര്യന്മാര്‍ക്ക് തങ്ങളുടേതായ വീക്ഷണങ്ങളുള്ളതുപോലെ ഇസ്ലാമിസത്തിന്റെ ആചാര്യനുമുണ്ട് ആ വിഷയങ്ങളെക്കുറിച്ച് തന്റേതായ വീക്ഷണങ്ങള്‍. ഗോള്‍വല്‍ക്കറെപ്പോലുള്ളവര്‍ക്ക് ഇന്ത്യന്‍ ദേശീയത എന്നത് ഹിന്ദു ദേശീയതയാണ്. ഗാന്ധിയേയോ നെഹ്‌റുവിനേയോ ആസാദിനേയോ പോലെ ഇന്ത്യന്‍ ദേശീയത സങ്കര ദേശീയത (composite nationalism)യാണെന്ന കാഴ്ചപ്പാട് ഗോള്‍വല്‍ക്കര്‍ അംഗീകരിക്കുന്നില്ല. രാജ്യത്തുള്ള ഉപദേശീയതകളെ ഒഴിച്ചുനിര്‍ത്തുന്ന വ്യാവര്‍ത്തക ദേശീയത (exclusive nationalism)യുടെ വക്താവാണ് അദ്ദേഹം.

മൗദൂദിയുടെ ആശയങ്ങള്‍

മൗദൂദിയിലേക്ക് വന്നാലോ? അദ്ദേഹം ദേശീയത എന്ന പരികല്പനയെത്തന്നെ നിരാകരിക്കുന്നു. ദേശീയതയും മതേതരത്വവും ജനാധിപത്യവും ഇസ്ലാമിനു കടകവിരുദ്ധമാണെന്നത്രേ അദ്ദേഹം അറുത്തുമുറിച്ചെഴുതിയത്. ദേശീയതയുടെ സ്ഥാനത്ത് ഇസ്ലാമിക സാര്‍വ്വദേശീയത അദ്ദേഹം പകരം വെയ്ക്കുന്നു. ഭൂപരമായ അതിരുകള്‍ക്കതീതമായി ലോകത്താകമാനമുള്ള മുസ്ലിങ്ങള്‍ ഒരു സമുദായം എന്നതാണ് മൗദൂദിയന്‍ മതം. ജനങ്ങളില്‍ പരമാധികാരം നിക്ഷിപ്തമാക്കുന്ന ജനാധിപത്യം തള്ളിക്കളയുന്ന മൗദൂദി അതിനു ബദലായി തിയോ ഡെമോക്രസി (മത ജനാധിപത്യം) എന്ന ആശയമാണ് അവതരിപ്പിച്ചത്. ഇച്ചൊന്നതിയോ ഡെമോക്രസി ഇസ്ലാമിസ്റ്റ് പൗരോഹിത്യാധിപത്യത്തിന്റെ  മറുപേര് മാത്രമാണ്. 

മതേതരത്വത്തെക്കുറിച്ചാണെങ്കില്‍ ഹിന്ദുത്വവാദികള്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും ഏറെക്കുറെ ഒരേ അഭിപ്രായമാണുള്ളത്. ഗോള്‍വല്‍ക്കറെപ്പോലുള്ളവരുടെ കണ്ണില്‍ മതേതരത്വം (സെക്യുലറിസം) അഭാരതീയ സങ്കല്പമാണ്; അതിനാല്‍ത്തന്നെ വര്‍ജ്ജ്യവും. മൗദൂദിയുടെ ദൃഷ്ടിയില്‍ സെക്യുലറിസം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അസ്വീകാര്യമായ പാശ്ചാത്യ സങ്കല്പമാണ്. മതത്തേയും രാഷ്ട്രീയത്തേയും വേര്‍തിരിച്ചു നിര്‍ത്താനാവില്ലെന്നും മതത്തിന്റെ (ഇസ്ലാമിന്റെ) അവിച്ഛിന്ന ഭാഗമാണ് രാഷ്ട്രീയമെന്നും രാഷ്ട്രീയമില്ലാത്ത ഇസ്ലാം അപൂര്‍ണ്ണമാണെന്നുമാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകാചാര്യന്‍ സിദ്ധാന്തിച്ചത്. 

കണ്ണൂര്‍ യൂണിവേഴ്സിറ്റി അതിന്റെ പി.ജി. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സിന്റെ സിലബസില്‍ ഹിന്ദുത്വ ആശയധാരയോടൊപ്പം ഇസ്ലാമിസ്റ്റ് ആശയധാരകൂടി ചേര്‍ത്തിരുന്നെങ്കില്‍, മതമൗലിക രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പഠനമായി അത് പരിഗണിക്കപ്പെടുകയും വിവാദത്തിന് ഇടം കിട്ടാതെ പോവുകയും ചെയ്‌തേനെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതമൗലിക രാഷ്ട്രീയ ചിന്താധാരകള്‍ എന്ന നിലയില്‍ ഹിന്ദുത്വയ്ക്കും ഇസ്ലാമിസത്തിനും തുല്യപ്രാധാന്യമാണുള്ളത്. രണ്ടും നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ഗോള്‍വല്‍ക്കറിസത്തേയും മൗദൂദിസത്തേയും വിമര്‍ശനാത്മകമായി വിലയിരുത്തുന്നതും അവര്‍ക്കെന്നപോലെ പൊതുസമൂഹത്തിനും ഗുണം മാത്രമെ ചെയ്യൂ. കാരണം, ഗോള്‍വല്‍ക്കറെപ്പോലുള്ളവരുടെ കൃതികളും മൗദൂദിയെപ്പോലുള്ളവരുടെ കൃതികളും പ്രക്ഷേപിക്കുന്നത് സത്തയില്‍ ഒന്നുതന്നെയായ ഫണ്ടമെന്റലിസ്റ്റ് വിചാരങ്ങളാണെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക് കൈവരും. ഇരു ചിന്താധാരകളും മതേതര ജനാധിപത്യം, ബഹുസ്വരത, വിയോജന സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ പരികല്പനകളുടെ ശത്രുപക്ഷത്ത് നിലകൊള്ളുന്നവയും അതിനാല്‍ത്തന്നെ തള്ളിക്കളയേണ്ടവയുമാണെന്ന ബോധത്തിലേയ്ക്ക് അവര്‍ ഉയരും. അതുകൊണ്ട് വിവാദവിധേയമായ പാഠ്യപദ്ധതിയെ അന്ധമായി എതിര്‍ക്കുകയല്ല, അതിലേക്ക് ഇസ്ലാമിസ പഠനം കൂടി ചേര്‍ക്കണമെന്നാവശ്യപ്പെടുകയാണ് വിവേകമതികള്‍ ചെയ്യേണ്ടത്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഗോള്‍വല്‍ക്കറെ മാത്രമല്ല, മൗദൂദിയേയും വിമര്‍ശനാത്മകമായി പഠിക്കട്ടെ. വര്‍ഗ്ഗീയ, മതമൗലിക വിഷബാധയില്‍നിന്നു യുവതലമുറയെ വിമോചിപ്പിക്കാന്‍ നിശ്ചയമായും അതുപകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com