അതിനാല്‍, നമുക്ക് ഇപ്പോള്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കാം: 'ആവേ മരിയ!'

യഹൂദരെ സംബന്ധിച്ചിടത്തോളം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഇസ്രയേലിന്റെ രക്ഷകനും രാജാവുമാണ് യഹോവ. ദൈവം മോശയിലൂടെ നല്‍കിയ നിയമങ്ങളായിരുന്നു പഴയ ഉടമ്പടി
അതിനാല്‍, നമുക്ക് ഇപ്പോള്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കാം: 'ആവേ മരിയ!'

ജൂതനില്‍നിന്ന് ക്രൈസ്തവനിലേക്കുള്ള ഭാവാന്തരമാണ് യേശുക്രിസ്തുവിന്റെ ജീവിതം. യഹൂദനായി പിറവികൊണ്ട ഒരാള്‍ മരിക്കുന്നതോടെ ഒരു പുതിയ മതം ഉടലെടുക്കുന്നത് അങ്ങനെയാണ്. യേശു ജൂതന്‍ തന്നെയാണെന്നു പറയുന്നതിനു ചില കാരണങ്ങള്‍ ഉണ്ട്. യേശു തന്റെ അമ്മയോടൊപ്പമാണ് ജീവിച്ചത്. മേരി തന്റെ മകനെ എപ്പോഴും വിളിച്ചത് 'ഏറ്റവും നല്ലത്' എന്ന അര്‍ത്ഥത്തിലാണ്. 'താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു' എന്ന വരി (ഉല്പത്തി 1:31) ഓര്‍ക്കുക. രണ്ടു വിറകുകഷണങ്ങള്‍കൊണ്ട് യേശു ഒരു രാജ്യാന്തര സ്ഥാപനംതന്നെയുണ്ടാക്കി എന്ന് ഓഷോ പറഞ്ഞതില്‍ കാര്യമുണ്ട്. കുരിശുതന്നെയാണല്ലോ ഏറ്റവും നല്ല ഉദാഹരണം. 

യഹൂദരെ സംബന്ധിച്ചിടത്തോളം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഇസ്രയേലിന്റെ രക്ഷകനും രാജാവുമാണ് യഹോവ. ദൈവം മോശയിലൂടെ നല്‍കിയ നിയമങ്ങളായിരുന്നു പഴയ ഉടമ്പടി. ക്രൈസ്തവവിശ്വാസമനുസരിച്ച് യേശുവിലൂടെ ദൈവം ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചു. യേശുവില്‍ വിശ്വസിക്കുന്നവരെ ആ പുതിയ ഉടമ്പടിയിലൂടെ പഴയനിയമത്തില്‍നിന്നും സ്വതന്ത്രരാക്കി. യഹൂദമതത്തില്‍നിന്നും ക്രിസ്തുമതത്തിലേക്കുള്ള വഴിപിരിയലില്‍ ഒരുപാട് മലകളും നദികളും ദൃശ്യമാകുന്നു. 

അബ്രഹാമാണ് യഹൂദമതത്തിന്റെ പരമപിതാവ്. ബി.സി. 1700 വരെ ചെല്ലുന്ന ഒരു പാരമ്പര്യം യഹൂദമതത്തിനുണ്ട്. ഇസ്രയേല്‍ ജനം കാനാനില്‍ എത്തിയത് വലിയൊരു വഴിത്തിരിവുണ്ടാക്കി. യഹൂദമതവിശ്വാസം വ്യക്തതയാര്‍ജ്ജിച്ചത് അപ്പോഴാണ്. പെസഹാതിരുനാളും (Passover) കൂടാരത്തിരുനാളും (Feast of Tabernacles) അവര്‍ക്കു പ്രധാനമാണ്. ഈജിപ്തിന്റെ അടിമത്തത്തില്‍നിന്നുള്ള മോചനത്തിരുനാളാണ് പെസഹാതിരുനാള്‍; വാഗ്ദത്തഭൂമി അവകാശമാക്കിയതിന്റെ അനുസ്മരണമായി കൂടാരത്തിരുനാളും. 

മോറിയാമലയില്‍ സോളമന്‍ രാജാവ് യഹൂദരുടെ ആരാധനയ്ക്കുവേണ്ടി ദേവാലയം നിര്‍മ്മിച്ചു. പിന്നീട് സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുഭാഗം ഇസ്രയേല്‍ രാജ്യമെന്നും തെക്കുഭാഗം യൂദാരാജ്യമെന്നും വിഭജിക്കപ്പെട്ടു. അസീറിയന്‍ രാജാവായ തിഗ്‌ലാത്ത് പിലേസര്‍ മൂന്നാമന്‍ ബി.സി. എട്ടാം നൂറ്റാണ്ടില്‍ വടക്കുഭാഗം പിടിച്ചെടുത്തു. ബി.സി. 587ല്‍ ബാബിലോണിയന്‍സേന യൂദാരാജ്യം കീഴടക്കുകയും സോളമന്റെ ദേവാലയം തകര്‍ക്കുകയും ചെയ്തു. സൈറസ് രാജാവ് ജെറുസലേം ദേവാലയം പുതുക്കിപ്പണിതു. അദ്ദേഹം ബാബിലോണിയ കീഴടക്കിയതോടെ ജൂതര്‍ക്ക് സ്വാതന്ത്ര്യം കിട്ടി. 

ബി.സി. 516ല്‍ ജെറുസലേം ദേവാലയം പുനരുദ്ധരിക്കപ്പെട്ടു. പക്ഷേ, യഹൂദരുടെ ദുരിതം തീര്‍ന്നില്ല. ഗ്രീസിന്റേയും റോമിന്റേയും കീഴില്‍ ജൂതരെ ഭരിക്കാന്‍ ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട സെറുബാബേല്‍ വന്നതോടെ ആളുകള്‍ ഈജിപ്തിലേക്ക് ഓടിപ്പോയി. ജെറുസലേം വീണതോടെ പിന്നീടുള്ള പതിന്നാലു നൂറ്റാണ്ടുകാലം അവിടം ബാബിലോണിയയുടെ താവളമായി. ബി.സി. 331ല്‍ അലക്‌സാണ്ടര്‍ പേര്‍ഷ്യ കീഴടക്കിയപ്പോള്‍ പാലസ്തീന ഗ്രീക്ക് ആധിപത്യത്തിലായി. ബി.സി. 63ല്‍ പോംപെയ് പാലസ്തീന കീഴടക്കിയപ്പോള്‍ യഹൂദര്‍ റോമിന്റെ ആധിപത്യത്തിലായി. തുടര്‍ന്ന് ബി.സി. 4 വരെ ഹെരോദോസിന്റെ ഭരണകാലം. ബി.സി. 4 മുതല്‍ എ.ഡി. 29 വരെ യേശുക്രിസ്തുവിന്റെ സംഭവബഹുലമായ കാലഘട്ടം.
സോളമന്‍ രാജാവിന്റെ കാലം മുതല്‍ക്കുതന്നെ കേരളീയര്‍ക്ക് യഹൂദരുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ക്രിസ്തുവിനു മുന്‍പുതന്നെ കേരളത്തില്‍ ജൂതത്തെരുവുകള്‍ രൂപപ്പെട്ടത് അങ്ങനെയാണ്. എ.ഡി. 319ല്‍ ഭാസ്‌കരരവിവര്‍മ്മ ജോസഫ് റമ്പാനും ജൂതര്‍ക്കും താമ്രശാസനങ്ങള്‍ നല്‍കി. പാലയൂര്‍, പറവൂര്‍, ചേനാട്ട്, മറ്റം എന്നിവിടങ്ങളില്‍ സിനഗോഗുകളെ കേന്ദ്രീകരിച്ച് 473 കുടുംബങ്ങള്‍ പുതിയൊരു ജീവിതം രൂപകല്പനചെയ്ത് മുന്നോട്ടു പോയി.

കൊച്ചിയിലെ തെക്കുംഭാ​ഗം സിന​ഗോ​ഗ്
കൊച്ചിയിലെ തെക്കുംഭാ​ഗം സിന​ഗോ​ഗ്

ജൂതര്‍ അഞ്ചുതരക്കാര്‍

ജൂതര്‍ അഞ്ചു തരക്കാരാണ്ഫരിസേയര്‍, സദുക്കായര്‍, എസീനുകള്‍, തീവ്രവാദികള്‍, പ്രവാസികള്‍. ദൈവത്തിന്റെ പരിശുദ്ധസമൂഹമാണ് തങ്ങള്‍ എന്നു വിശ്വസിക്കുന്ന പുരോഗമനാശയക്കാരാണ് ഫരിസേയര്‍. സദുക്കായര്‍ യാഥാസ്ഥിതികരാണ്. എസീനുകള്‍ കര്‍ക്കശമായ നിയമാനുഷ്ഠാനവും സ്വന്തമായ താത്ത്വിക നിലപാടുകളും പുലര്‍ത്തുന്നു. റോമിന്റെ ശാസനം തള്ളിക്കളഞ്ഞ് ദൈവത്തെ മാത്രം ആരാധിക്കുന്നവരാണ് തീവ്രവാദികള്‍. പലസ്തീനു പുറത്തു താമസിക്കുന്നവരും ശാബത്തിനും പെസഹായ്ക്കും ജെറുസലേമിലെത്തുന്നവരുമാണ് പ്രവാസികള്‍. 

'പുതിയനിയമ'ത്തിന് 'മലയാളം ബൈബിള്‍ സമാനവാക്യസമാഹാരം' എന്നൊരു പതിപ്പ് നമ്മുടെ ഭാഷയിലുണ്ട്. അതിന്റെ ആമുഖത്തില്‍ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ കാര്യങ്ങള്‍ ആധികാരിക രേഖകളാണ്. ലൂക്കോസും മര്‍ക്കോസും ക്രിസ്തുവിന്റെ ശിഷ്യന്മാരായിരുന്നില്ലെങ്കില്‍പ്പോലും അവര്‍ പത്രോസില്‍നിന്നും പൗലോസില്‍നിന്നും നേരിട്ടു ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിന്റെ മരണശേഷം നടന്ന സംഭവങ്ങളെക്കുറിച്ചും അറിവുനേടിയവരായിരുന്നു. 

യഹൂദരുടെ ആരാധനാകേന്ദ്രം ജെറുസലേം ദേവാലയമാണെങ്കിലും ബാബിലോണിയന്‍ അടിമത്തത്തിന്റെ കാലം മുതല്‍ പ്രാദേശിക യഹൂദരുടെ കൂട്ടായ്മ നടന്നത് സിനഗോഗുകളിലായിരുന്നു. എന്നാല്‍, സിനഗോഗുകള്‍ ദേവാലയങ്ങളായിരുന്നില്ല. ബാബിലോണിയന്‍ അടിമത്തത്തിനു ശേഷം ചിന്നിച്ചിതറിപ്പോയ യഹൂദര്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ സംരക്ഷണകേന്ദ്രങ്ങളെന്ന നിലയിലാണ് സിനഗോഗുകള്‍ക്കു രൂപംകൊടുത്തത്. സിനഗോഗുകളില്‍ മതപഠനം നടന്നിരുന്നു. സിനഗോഗിലെ പ്രാര്‍ത്ഥനയ്ക്ക് പുരുഷന്മാരായ പത്ത് യഹൂദരുടെ സാന്നിദ്ധ്യം ആവശ്യമാണ്. വേദജ്ഞര്‍ മോശയുടെ നിയമം പഠിപ്പിച്ചുപോന്നു. അവിടെ പുരോഹിതന്മാരുണ്ടായിരുന്നില്ല.

12 എന്ന സംഖ്യ യഹൂദരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം, ഇസ്രയേല്‍ ജനത 12 ഗോത്രങ്ങളായിരുന്നു. ആധുനിക ഇസ്രയേലായ ക്രൈസ്തവസഭയ്ക്ക് 12 അപ്പസ്‌തോലന്മാര്‍ ആവശ്യമാണെന്ന തോന്നല്‍ യഹൂദസാമൂഹ്യചിന്തയുടെ പ്രതിഫലനമായിരിക്കാം. മാളയിലെ ജൂതപ്പള്ളിയിലൊക്കെ കാണുന്നതുപോലെ, 12 ജനാലകള്‍ 12 ഗോത്രങ്ങളെ സൂചിപ്പിക്കുന്നു.

ഉല്പത്തിപുസ്തകം ഇരുപത്തിയഞ്ച് മുതല്‍ അന്‍പത് വരെയുള്ള അദ്ധ്യായങ്ങള്‍ യാക്കോബിന്റേയും പന്ത്രണ്ടു പുത്രന്മാരുടേയും കഥ പറയുന്നു. കൊടിയ ക്ഷാമം നേരിട്ട കാലത്ത് അവര്‍ കാനാന്‍ദേശംവിട്ട് ഈജിപ്തിലെ ഗോഷനില്‍ താമസമാക്കി. അവര്‍ പിന്നീട് കാനാനിലേക്ക് തിരിച്ചെത്തിയതിനെപ്പറ്റിയാണ് പുറപ്പാടുപുസ്തകം പറയുന്നത്.

ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ അരമായിക് ഭാഷ ഹീബ്രുവിനോടു ചേര്‍ന്ന് ജൂഡിയായിലെ സംസാരഭാഷയായി മാറി. ബി.സി. മൂന്നില്‍ ചില ജൂതന്മാര്‍ ഗ്രീക്ക് സംസാരിച്ചിരുന്നു. ബാബിലോണിയയിലെ ജൂതസമൂഹത്തിലെ ചിലര്‍ ഹീബ്രുവും അരമായിക്കും സംസാരിച്ചിരുന്നു. അവ രണ്ടും അക്കാലത്തെ ഇസ്രയേല്‍ ജൂതരുടെ പൊതുഭാഷയായിരുന്നു. 
 
അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം (21:3740) നോക്കുക: 

'നിനക്കു യവനഭാഷ അറിയാമോ? കുറെനാള്‍ മുന്‍പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യന്‍ നീ അല്ലയോ എന്നു ചോദിച്ചു. അതിനു പൗലോസ്: ഞാന്‍ കിലിക്യയില്‍ തര്‍സൊസ് എന്ന പ്രസിദ്ധ നഗരത്തിലെ പൗരനായോരു യെഹൂദന്‍ ആകുന്നു. ജനത്തോടു സംസാരിപ്പാന്‍ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവന്‍ അനുവദിച്ചപ്പോള്‍ പൗലോസ് പടിക്കെട്ടിന്മേല്‍ നിന്നുകൊണ്ടു ജനത്തോട് ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞതാവിതു.' (സത്യവേദപുസ്തകം)

'You speak Greek, do you?' the commander asked, 'Then you are not that Egyptian fellow who some time ago started a revolution and led four thousand armed terrorists out into the desert?' 

Paul answered, 'I am a Jew, born in Tarsus in Cilicia, a citizen of an important ctiy. Please let me speak to the people.'

The commander gave him permission, so Paul stood on the steps and motioned with his hand for the people to be silent. 'When they were quiet, Paul spoke to them in Hebrew.' (The Message of Love- The New Testament)

]t£, Nne ]Xn¸pIfn 'He said to them in Aramaic' (The Bible - New International Version), 'He addressed them in the Hebrew language' (The Holy Bible - Catholic Edition), 'He addressed them in hebrew' (The Catholic Answer Bible) എന്നിങ്ങനെയാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇത് ഹീബ്രു/അരമായിക് സന്നിവേശത്തെ ബലപ്പെടുത്തുന്ന ഒരു താരതമ്യമാകുന്നു. 

ക്രിസ്തുവിനു മുന്‍പ് ഒന്‍പതാം നൂറ്റാണ്ടില്‍ താല്‍ഹാലഫിലെ ഒരു ബലിപീഠത്തില്‍ കാണുന്ന എഴുത്താണ് അരമായിക്കിന്റെ ആദ്യമാതൃക. ഉത്തര മെസെപ്പൊട്ടേമിയയിലെ ഫലഭൂയിഷ്ഠമായ അറാം നഹറായി എന്ന സ്ഥലത്ത് ബി.സി. പതിനൊന്നാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയ്ക്ക് അധിവസിച്ചിരുന്ന ചില ഗോത്രങ്ങള്‍ക്ക് പൊതുവേ പറഞ്ഞിരുന്ന പേരാണ് 'അരമീയര്‍' (എന്‍.കെ. രാജഗോപാല്‍/ബൈബിളിലെ ഹീബ്രുഅരമായിക് പദങ്ങള്‍/കേ.ഭാ.ഇന്‍സ്റ്റിറ്റിയൂട്ട് 1992). 'ദയവായി അരമായഭാഷയില്‍ സംസാരിക്കേണമേ; ഞങ്ങള്‍ക്ക് അരമായഭാഷ മനസ്സിലാകും' (2 രാജാക്കന്മാര്‍ 18:26). കിഴക്കന്‍ അരമായിക്കിനെ 'സിറിയക്' എന്നു പറയുന്നു. അഞ്ചാം നൂറ്റാണ്ടില്‍ നെസ്‌തോറിയന്‍ (സിറിയക്കിന്റെ പാശ്ചാത്യരൂപം), യാക്കോബായ (സിറിയക്കിന്റെ പൗരസ്ത്യരൂപം) എന്നിങ്ങനെ സിറിയക് രണ്ടായി വിഭജിക്കപ്പെട്ടു. അരമായിക്കിനെ കല്‍ദായഭാഷ എന്നും വിളിച്ചിരുന്നു. 

എ.ഡി. 70ല്‍ ജെറുസലേമിന്റെ പതനത്തോടെ യഹൂദര്‍ വിവിധ ദേശങ്ങളിലേക്കു ചിന്നിച്ചിതറുകയും, പലസ്തീനില്‍ അവശേഷിച്ച യഹൂദര്‍ക്ക് അറബിക്ഭാഷ സ്വീകരിക്കേണ്ടിവന്നു. തല്‍ഫലമായി അരമായിക് തിരോഭവിക്കുകയും ചെയ്തു. അരമായിക് ഭാഷയില്‍ 'എബ്രായി' (ഹീബ്രുവില്‍ 'ഇബ്രി') എന്നതിന് 'അപ്പുറത്തുനിന്നു വന്നവന്‍' എന്നാണര്‍ത്ഥം. യൂഫ്രട്ടീസ് നദി താണ്ടി കാനാന്‍ദേശത്തേക്കു വന്ന അബ്രഹാമിനെയാണ് ആ പദംകൊണ്ടു വിവക്ഷിക്കുന്നത്. അബ്രഹാമിന്റെ പരമ്പരയില്‍പ്പെട്ട യഹൂദരുടെ ഭാഷയാണ് ഹീബ്രു. ഒരു പ്രത്യേക ഘട്ടത്തില്‍ യഹൂദര്‍ക്ക് എബ്രായഭാഷ (ഹീബ്രു) ഉപയോഗിക്കുവാന്‍ സാധിക്കാതെവന്ന സന്ദര്‍ഭത്തില്‍ അവര്‍ അരമായിക് ഉപയോഗിച്ചുവെന്നും അതുകൊണ്ടാണ് യേശുക്രിസ്തു അരമായിക് സംസാരിച്ചത് എന്നും പറയപ്പെടുന്നു.  

മൂവായിരം കൊല്ലത്തിലേറെ പഴക്കമുണ്ട് ഹീബ്രുഭാഷയ്ക്ക്. ബി.സി. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട 'ദിബോറയുടെ ഗീത'ത്തില്‍ എബ്രായസാഹിത്യത്തിന്റെ ഉദയചക്രവാളം ദര്‍ശിക്കുവാന്‍ കഴിയും. യെരുശലേമിലെ ഒന്നാം ദേവാലയത്തിന്റെ പ്രഥമവത്സരങ്ങളില്‍ ലോകത്തിലെ മികച്ച സാഹിത്യത്തിന്റെ പ്രഭവതന്തുക്കള്‍ നമുക്ക് ഹീബ്രുബൈബിളില്‍ കാണാം. 

ആധുനിക ഹീബ്രുവിന്റെ പ്രകാശരേണുക്കള്‍ 1880കളില്‍ റഷ്യയില്‍ സാന്നിദ്ധ്യമറിയിക്കുകയും ഇരുപതാം നൂറ്റാണ്ടില്‍ പലസ്തീനില്‍ വേരുറപ്പിക്കുകയും ചെയ്തു. അക്കാലത്ത് റഷ്യയിലും പലസ്തീനിലും ഉണ്ടായ നവീനമായ ഉണര്‍വ്വിനെയാണ് നാം 'ഹീബ്രുപുനരുജ്ജീവനം' എന്നു പേരിട്ടുവിളിക്കുന്നത്. 1916-'18 കാലയളവിലെ ഒന്നാം ലോകയുദ്ധമാകുന്നതുവരെ അത് ശക്തമായിത്തന്നെ നിന്നു. അക്കാലത്ത് ഹൈഫയില്‍ ജര്‍മന്‍ഭാഷയിലധിഷ്ഠിതമായ ഒരു സാങ്കേതിക ഹൈസ്‌കൂള്‍ നിലവില്‍ വരികയും ജര്‍മന്‍ ഭാഷ അടിച്ചേല്പിക്കുകയും ചെയ്തപ്പോള്‍, അതുവരെ ഹീബ്രുവിനെ ജീവശ്വാസമായി കൊണ്ടുനടന്ന അന്നത്തെ ജൂതയുവത അതിനെ ചെറുത്തത് സ്വാഭാവികം. ഗൃഹാന്തരത്തിലും കാര്യാലയത്തിലും വ്യക്തികളുടെ സമ്പര്‍ക്കത്തിനുപയോഗിച്ച ഭാഷയായിരുന്നു ഹീബ്രു. ചിതറിപ്പാര്‍ക്കപ്പെട്ട ഇടങ്ങളിലായിട്ടുപോലും ജൂതജനത ഹീബ്രുവിനെ ആത്മാവിലണിഞ്ഞു. (സമീപകാലത്ത് കേരളത്തിലെ ജൂതരുടെ പെണ്‍പാട്ടുകള്‍ സ്‌കറിയ സക്കറിയയും ഒഫീറാ ഗംലിയേലും കണ്ടെടുത്ത് കാര്‍കുഴലി എന്ന പേരില്‍ പുസ്തകമാക്കി.) ജൂതരുടെ ഈ പുനരുജ്ജീവനത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്നത്തെ ഇസ്രയേല്‍രാജ്യം എന്ന് ചെയിം റാബിന്‍ (ഏരിയല്‍/നവംബര്‍ 59/1985) വികാരനിര്‍ഭരമായി രേഖപ്പെടുത്തുന്നു.

ഇസ്രയേലില്‍ കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിതോവസ്ഥയുടെ ഭാഗമായി അറബിക് ഔദ്യോ ഗിക ഭാഷയായി ഹീബ്രുവിനോടൊപ്പം കടന്നുകൂടിയെങ്കിലും, ഇസ്രയേലിന്റെ ദേശീയഭാഷ ഹീബ്രു ആണ്. ജൂതസമൂഹത്തിന്റെ പെരുപ്പംതന്നെയാണ് അതിനു ഹേതു. സയണിസത്തെ (Zionism) തല്പരകക്ഷികള്‍ ഭീകരവാദമെന്നു വിശേഷിപ്പിക്കുമെങ്കിലും, അത് ജൂതരുടെ ദേശീയപ്രസ്ഥാനമായിട്ടാണ് ക്രിയാത്മകമാകുന്നത്. ലോകത്ത് ചിതറിപ്പാര്‍ക്കുന്ന ജൂതരുടെ പൊതുഭാഷയായി ഹീബ്രുവിനെ പ്രതിഷ്ഠിക്കുവാന്‍ സയണിസപ്രസ്ഥാനം ശ്രമിച്ചുപോരുന്നു. ഹീബ്രുവിനെ സംസാരഭാഷ എന്ന നിലയിലും എഴുത്തുഭാഷ എന്ന നിലയിലും ചാലകമാക്കുന്നതിനാല്‍ അത് ജൂതവിദ്യാഭ്യാസത്തിന്റെ അടിത്തറയായി മാറിക്കഴിഞ്ഞു. ചിതറിപ്പോയ ജൂതജനത 1948ല്‍ തങ്ങളുടേതായ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടി അവിരാമം പോരാടുകയും ആ മഹാദൗത്യം ഫലപ്രദമാവുകയും ചെയ്തു. അതിനു പിന്നില്‍ ഊര്‍ജ്ജവികിരണം നടത്തിയത് ഹീബ്രു എന്ന വികാരംതന്നെയാണ്. ഭാഷയുടെ പേരിലല്ല, സ്വത്വത്തിന്റെ പേരിലാണ് ജൂതര്‍ തങ്ങളുടെ വാഗ്ദത്തഭൂമി വീണ്ടെടുത്തത്. 

1889 ആഗസ്റ്റ് 28ന് ഏലിയെസര്‍ ബെന്‍ യഹൂദാ രൂപീകരിച്ച 'ഹീബ്രു ഭാഷാസമിതി' ആ പ്രാചീന ഭാഷയുടെ നവീകരണപ്രവര്‍ത്തന ങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അത് പുതിയൊരു വിദ്യാഭ്യാസപദ്ധതിക്കു രൂപരേഖ വരച്ചു. മതപരമോ മതേതരമോ ആയ എല്ലാ കാര്യങ്ങളിലും, പഠനത്തിന്റെ സര്‍വ്വതലങ്ങളിലും ഹീബ്രുവിനെ അതിശക്തമായ ഒരു മാധ്യമമായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം അതിനുണ്ടായിരുന്നു.

മട്ടാഞ്ചേരിയിലെ പരദേശി സിന​ഗോ​ഗ്
മട്ടാഞ്ചേരിയിലെ പരദേശി സിന​ഗോ​ഗ്

പാലസ്തീനിലേക്കുള്ള കുടിയേറ്റ തരംഗം

'ഇസ്രയേല്‍ നാട്' (Ertez sIrael) എന്ന ലക്ഷ്യത്തോടെ പലസ്തീനിലേക്കുള്ള ആദ്യത്തെ കുടിയേറ്റതരംഗം ആവിര്‍ഭവിച്ചത് 18821903 കാലയളവിലാണ്. ഹീബ്രു പുനരുജ്ജീവിക്കേണ്ടത് തങ്ങളുടെ ജന്മാവകാശമാണെന്ന് ജൂതര്‍ക്കു വെളിപ്പെട്ടതും ആ അന്തരാളത്തിലാണ്. ഹീബ്രു സംസാരിച്ചിരുന്നവര്‍ പല നൂറ്റാണ്ടുകളിലായി പല നാടുകളിലും ജീവിക്കേണ്ടിവന്നപ്പോള്‍, സ്വാഭാവികമായും അവര്‍ക്ക് ആ ദേശങ്ങളിലെ വിനിമയഭാഷകളുമായി ഇടകലരേണ്ടിവന്നു. ആ ഹതാശമായ അവസരത്തെപ്പറ്റി ദാവീദ് യൂദലേവിത്‌സ് എഴുതുന്നു: 'ജൂതരായ പലരും സംസാരിച്ചിരുന്നത് യിദ്ദിഷ്, റഷ്യന്‍, റൊമാനിയന്‍ ഭാഷകളുടെ പൊട്ടും പൊടിയുമാണ്. ഹീബ്രു എവിടെയോ കൈമോശംവന്നതുപോലെ. അക്കാലത്തെ ഭാഷാവിനിമയം തികച്ചും നിസ്വവും ക്ഷീണിതവുമായിരുന്നു. ടവല്‍, സോക്‌സ്, കോളര്‍, പ്ലേറ്റ്, പിന്‍, മീറ്റിങ് തുടങ്ങിയ വാക്കുകള്‍ നിരര്‍ത്ഥകമായി ഞങ്ങള്‍ക്കിടയില്‍ പറന്നു. ഞങ്ങളെല്ലാം വിക്കുള്ളവരെപ്പോലെ ആയിരുന്നു. ഞങ്ങള്‍ ഹീബ്രു സംസാരിച്ചത് കൈകള്‍കൊണ്ടും കണ്ണുകള്‍കൊണ്ടും ആയിരുന്നു...!' സ്വന്തം ഭാഷയെ ജീവശ്വാസം പോലെ കൊണ്ടുനടന്ന ഒരു ജനതയുടെ സമര്‍പ്പണമാണ് ചരിത്രത്തില്‍ നാം കണ്ടത്. ലോകമെമ്പാടും ചിന്നിച്ചിതറിയ ജൂതകുടിയേറ്റങ്ങളില്‍പ്പോലും ആ മനുഷ്യര്‍ എഴുത്തുശീലം കൈവെടിഞ്ഞില്ല. 

ഇറ്റലി, ഹോളണ്ട്, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു കടന്ന് യൂറോപ്പിലാകെ തുളച്ചുകയറിയ വെളിച്ചമായിരുന്നു ഹീബ്രു എന്നത് ജൂതകുടിയേറ്റത്തോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ്. വ്യത്യസ്ത മേഖലകളില്‍ ലോകത്ത് പരിവര്‍ത്തനമുണ്ടാക്കിയ കാള്‍ മാര്‍ക്‌സ്, സ്പിനോസ, സിഗ്മണ്ട് ഫ്രോയ്ഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, കാമിലേ പിസാറോ, ലിയോണ്‍ ട്രോട്‌സ്‌കി, യഹൂദി മെനൂഹിന്‍, ഈലീ വീസല്‍, എലിസബത്ത് ടെയ്‌ലര്‍, മാര്‍ക് ഷഗാള്‍, വൂഡി അലന്‍, ബോബ് ഡിലന്‍, കാള്‍ സാഗന്‍, നീല്‍സ് ബോര്‍, സ്റ്റാന്‍ലി കുബ്രിക്, ഫ്രീഡാ കാഹ്‌ലോ, മോദ്ഗ്ലിയാനി, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, സ്റ്റീവ് ജോബ്‌സ്, മാര്‍ക് സുക്കര്‍ബെര്‍ഗ് തുടങ്ങിയവര്‍ ജൂതരാണ് എന്നത് രഹസ്യമൊന്നുമല്ല. 

വിശ്വസാഹിത്യത്തില്‍ ഹീബ്രുവിനുള്ള സ്ഥാനം ചെറുതൊന്നുമല്ല. യെഹൂദാ അമിച്ചായ്, ഏമസ് ഓസ്, എ.ബി. യെഹോഷ്വ, മെന്‍ഡേല്‍ മോഖെര്‍ സെഫോറിം, റിവ്കാ മിറിയം, അസേനാത് പെത്രീ, എലേസര്‍ ഫ്രീഫെല്‍ഡ്, യോറാം കനൂയിക്, ഡേവിഡ് ഗ്രോസ്മന്‍, ഹയിം ചെര്‍ടോക്, ഡാന്‍ പേഗിസ്, യെഹൂദാ ബുര്‍ലാ തുടങ്ങിയ ഗോപുരങ്ങളെ ഒഴിവാക്കിക്കൊണ്ട് ഹീബ്രു സാഹിത്യചരിത്രം പൂര്‍ണ്ണമാവുകയില്ല. ആധുനിക ഹീബ്രു കവികളില്‍ പ്രമുഖനായ ഹയിം നഹ്മാന്‍ ബിയാലിക് ആണ് ഇസ്രയേലിന്റെ ദേശീയ കവി. രണ്ടാമത്തെ കുടിയേറ്റത്തില്‍ യോസെഫ് അഗ്‌നോണ്‍, യോസെഫ് ഹെയിം ബ്രെന്നര്‍, യാക്കോബ് ഫിച്മാന്‍ എന്നിവര്‍ ഹീബ്രു സാഹിത്യത്തിന് പെരുമയാര്‍ന്ന സംഭാവന നല്‍കി. ഐസക് ബാഷേവിസ് സിങ്ങര്‍, സോള്‍ ബെലോ, പ്രിമോ ലെവി, ആന്‍ ഫ്രാങ്ക്, മാര്‍സല്‍ പ്രൂസ്ത്, നോര്‍മന്‍ മെയ്‌ലര്‍ എന്നിവര്‍ ജൂതസ്വത്വത്തെ ജ്വലിപ്പിച്ച എഴുത്തുകാര്‍ എന്ന നിലയിലും വിഖ്യാതരാണ്.

പ്രപഞ്ചത്തിന്റെ പരമശക്തിക്കു താല്പര്യങ്ങളും വൈരുദ്ധ്യങ്ങളും കാണുമെങ്കിലും അതിന്റെ മുഖ്യതാല്പര്യം അതിന്റെ ഇസ്രയേല്‍ ഭൂമിയിലെ ചെറിയ ജൂതരാഷ്ട്രത്തിലാണെന്ന് ജൂദായിസം വാദിക്കുന്നു എന്ന് യുവാല്‍ നോവാ ഹരാരി നിരീക്ഷിക്കുന്നു.(Yuval Noah Harari: Sapiens, Vintage, 2014) ക്രൈസ്തവത ഉയര്‍ന്നുവന്നതോടുകൂടിയാണ് വിശ്വാസത്തില്‍ വലിയ ഭൂകമ്പമുണ്ടാകുന്നത്. തങ്ങള്‍ കാലങ്ങളായി കാത്തിരുന്ന മിശിഹയാണ് നസറേത്തിലെ യേശു എന്ന വിശ്വാസത്തിലേക്ക് അത് ജൂതരെ മാറ്റിപ്പണിതു.

നഫ്ഥാലി ഹെര്‍സ് ഇംബര്‍ എന്ന ജൂതകവി 1877ല്‍ രചിച്ച 'ഹാതിക്‌വാ' (Hatikvah) എന്ന കവിതയാണ് പിന്നീട് ഇസ്രയേലിന്റെ ദേശീയഗാനമായി മാറിയത്. 1888ല്‍ സാമുവേല്‍ കൊഹേന്‍ ആ കവിതയ്ക്ക് സംഗീതരൂപം നല്‍കി. 'ഹാതിക്‌വാ'യുടെ ഹാര്‍മണി ജി മേജര്‍ സ്‌കെയിലില്‍ എസ്‌പ്രെസീവോ എന്ന താളത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. അതൊരു ദേശീയഗാനമാണെങ്കിലും അതിന്റെ ആധാരശ്രുതി വിഷാദഭരിതമാണ്. ആ ഗാനത്തില്‍ ജൂതരുടെ വിഹ്വലത മുഴുവന്‍ നിഴലിക്കുന്നുണ്ട്:

Kol Od Balevav Penimah
Nefesh Yehudi Homiyah
Ulfaatey Mizrach Kadimah
Ayin Ltezion Tzofiyah
Od Lo Avdah Tikvateinu
Hatikvah Bat Shnot Al Payim
Lihyotam Chofshi Betarzenu
Ertez Tzion Yerushalayim

ഒരുപാടു കാലമായ് ഹൃദയത്തിന്നാഴത്തില്‍
ഒരു യഹൂദാത്മാവ് കേഴുന്നൂ നിരന്തരം. 
കിഴക്കന്‍ ചക്രവാളത്തില്‍ സിയോനിലേ
ക്കിമവെട്ടാതെ നോക്കുന്നുണ്ടൊരു
കണ്ണിപ്പോഴും.

സിയോനും യെരുശലേമും ഉണര്‍ന്നിരിക്കുന്ന
സ്വന്തം ഭൂമിയിലൊരു സ്വതന്ത്രജനതയെന്ന
ഞങ്ങളുടെ പ്രത്യാശരണ്ടായിരം കൊല്ലത്തെ
പ്രത്യാശ നഷ്ടപ്പെട്ടിട്ടില്ലൊരിക്കലും. 

(പരിഭാഷ: കെ.പി. രമേഷ്) 
    
എ.ഡി. 70ല്‍ റോമന്‍സൈന്യം ജറുസലേം ആക്രമിച്ചു. പതിനൊന്നുലക്ഷം ജൂതരെ വധിക്കുകയും ഒരു ലക്ഷത്തോളം പേരെ ബന്ധിതരായി യൂറോപ്പിലെ അടിമച്ചന്തയിലേക്കു കൊണ്ടുപോവുകയും ചെയ്തു. ജീവനോടെ ശേഷിച്ചവര്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. അങ്ങനെ, യഹൂദിയയുടെ പേര് 'സിറിയപലസ്തീനിയ' എന്നായിത്തീര്‍ന്നു. റോമാക്കാരുടെ അധീനത്തിലല്ലാത്ത എഡേസയിലാണ് മറ്റൊരു കൂട്ടം ജൂതര്‍ എത്തിയത്.

ചിതറിപ്പോയ ജൂതരുടെ ഒരു സംഘം എ.ഡി. 72ല്‍ കൊടുങ്ങല്ലൂരിലെത്തി. അവരില്‍ ചിലര്‍ പുല്ലൂറ്റില്‍ താവളമുറപ്പിച്ചു. വേറൊരു കൂട്ടര്‍ മാള, പാലയൂര്‍, ചാവക്കാട്, മാടായി, പന്തലായിനി എന്നിവിടങ്ങളിലേക്കു പോയി. 1504ല്‍ പോര്‍ച്ചുഗീസുകാര്‍ കൊടുങ്ങല്ലൂരിലെ തെക്കുംഭാഗം ആക്രമിച്ചപ്പോള്‍ തെക്കുംഭാഗ ജൂതരും പലായനം ചെയ്തു. തെക്കുംഭാഗ ജൂതക്രിസ്ത്യാനികളും തെക്കുംഭാഗ ജൂതരും പതിനൊന്നര നൂറ്റാണ്ടുകാലം ഒരുമയോടെ ജീവിച്ചു എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. ജൂതക്രൈസ്തവര്‍ വടക്കുംകൂറിലെ കടുത്തുരുത്തിയിലേക്കു കുടിയേറിയപ്പോള്‍, ജൂതര്‍ കൊച്ചിയിലേക്കാണ് പോയത്. എ.ഡി. 1550ല്‍ കടുത്തുരുത്തിയില്‍നിന്ന് തെക്കുംഭാഗ സുറിയാനിക്കാരുടെ ഒരു സംഘം കോട്ടയത്തേക്കു മാറിത്താമസിച്ചു. കടുത്തുരുത്തിയില്‍നിന്ന് ഒരു സംഘം സുറിയാനിക്കാര്‍ തൊടുപുഴയ്ക്കടുത്തുള്ള ചുങ്കത്തേക്കു മാറി. അവിടുത്തെ കീഴ്മല ദേശാധിപതി 1578ല്‍ ചുങ്കത്തുള്ള മരുതോലില്‍പുരയിടം സുറിയാനിക്കാര്‍ക്ക് പള്ളിവെക്കുവാന്‍ നല്‍കി. അവര്‍ അവിടെ മറിയത്തിന്റെ നാമത്തില്‍ ഒരു പള്ളി പണിതു.
 
മാല്യങ്കരയിലുള്ള പെരിയപട്ടണത്തിലാണ് ജൂതക്രിസ്ത്യാനികള്‍ താമസിച്ചത്. അതൊരു പ്രമുഖ യഹൂദകോളനിയായിരുന്നു. പാലയൂരും മാളയിലും ശലോമോന്റെ കാലശേഷം കുടിയേറിയ പത്തുഗോത്രത്തില്‍പ്പെട്ട ജൂതര്‍ നേരത്തേതന്നെ വാസം ഉറപ്പിച്ചിരുന്നു. തൊടുപുഴ ചുങ്കം സെയ്ന്റ് മേരീസ് ഫൊറേന്‍ ചര്‍ച്ച്, കോട്ടയം സെയ്ന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് (വലിയ പള്ളി), കടുത്തുരുത്തിയിലെ സെയ്ന്റ് മേരീസ് ക്‌നാനായ കത്തോലിക്കാപള്ളി എന്നിവ ജൂതപാരമ്പര്യം അവകാശപ്പെടുന്ന ദേവാലയങ്ങളാണ്. ജൂതസിനഗോഗുകളുടെ വാസ്തുവിദ്യ ആ ദേവാലയങ്ങളില്‍ പ്രൗഢിയോടെ ശോഭിക്കുന്നതു കാണാം. 'കോഴിയും പിടിയും' പോലുള്ള ഭക്ഷണരീതികളും ക്‌നാനായക്കാര്‍ പിന്തുടരുന്നുണ്ട്. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരുന്നതിനു മുന്‍പ് അവിടെ ലാറ്റിന്‍കുരിശുകള്‍ ഉണ്ടായിരുന്നില്ല. പേര്‍ഷ്യയില്‍ നിലവിലിരുന്ന പഹ്‌ലവിഭാഷയിലുള്ള, ലിഖിതമുള്ള രണ്ടു കുരിശുകള്‍ കോട്ടയത്തെ ക്‌നാനായപ്പള്ളിയില്‍ (വലിയപള്ളി) ഉണ്ട്.

സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍നിന്നു പുറത്താക്കപ്പെട്ട 'വെളുത്ത ജൂതര്‍' 1568ല്‍ കൊച്ചിയിലെത്തി. അവര്‍ മട്ടാഞ്ചേരിയില്‍ 'പരദേശിപ്പള്ളി' സ്ഥാപിച്ചു. അഞ്ചുവണ്ണം എന്ന വര്‍ത്തകസംഘത്തിന്റെ ഉടമകളായിരുന്നവരും കേരളത്തിനു മഹത്തായ പാരമ്പര്യവും സംഭാവനയും നല്‍കിയവരുമായ തെക്കുംഭാഗകടവുംഭാഗ ജൂതസമൂഹം ('കറുത്ത ജൂതര്‍' എന്നറിയപ്പെടുന്നവര്‍) യഹൂദചരിത്രത്തില്‍നിന്നു വിസ്മരിക്കപ്പെട്ടു. അതായത്, പതിനാറാം നൂറ്റാണ്ടില്‍ മാത്രം കൊച്ചിയിലെത്തിയ 'വെളുത്ത ജൂത'രെ ജൂതസമൂഹത്തിന്റെ വക്താക്കളായി കേരളീയര്‍ തെറ്റിദ്ധരിച്ചു. എ.ഡി. 1000ല്‍ ചേരതലസ്ഥാനത്തിനു നേരെ വന്ന ചോഴസൈന്യത്തെ നേരിടുവാന്‍ ചേരരാജാവിന് ആളും അര്‍ത്ഥവും നല്‍കി കേരളത്തെ രക്ഷിച്ച 'അഞ്ചുവണ്ണം', 'മണിഗ്രാമം' വര്‍ത്തകസംഘങ്ങളേയും അഞ്ചുവണ്ണത്തിന്റെ നേതാവായിരുന്ന ജോസഫ് റമ്പാനേയും മണിഗ്രാമത്തലവന്മാരായ തെക്കുംഭാഗ സുറിയാനിനേതാക്കളേയും തമസ്‌കരിച്ചുവെന്ന് റ്റി.ഒ. ഏലിയാസ് (സിറിയന്‍ മാന്വല്‍സമഗ്ര കേരളചരിത്രം) ഖേദപൂര്‍വ്വം രേഖപ്പെടുത്തുന്നു.

നഫ്ഥാലി ഹെർസ് ഇംബർ
നഫ്ഥാലി ഹെർസ് ഇംബർ

കൊടുങ്ങല്ലൂര്‍ ഉപേക്ഷിച്ച ജൂതര്‍

പോര്‍ച്ചുഗീസുകാരുടെ കയ്യേറ്റത്തെത്തുടര്‍ന്ന് 1565ല്‍ ജൂതര്‍ കൊടുങ്ങല്ലൂര്‍ ഉപേക്ഷിച്ച് കൊച്ചിരാജാവായ കേശവവര്‍മ്മയെ അഭയംപ്രാപിച്ചു. അങ്ങനെയാണ് 1568ല്‍ മട്ടാഞ്ചേരിയില്‍ ജൂതത്തെരുവും ജൂതപ്പള്ളിയും ഉണ്ടായത്. ചാവക്കാടിനടുത്തുള്ള ജൂതക്കുന്നും മാടായിയിലെ ജൂതക്കുളവും ആ ജനസമുദായത്തിന്റെ സാന്നിദ്ധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു. 

കൊച്ചങ്ങാടി, മുട്ടം, ഫോര്‍ട്ട്‌കൊച്ചി, പാലയൂര്‍ എന്നിവിടങ്ങളില്‍ സിനഗോഗുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തകര്‍ന്നടിഞ്ഞു. കൊച്ചങ്ങാടി ജൂതപ്പള്ളി 1344ല്‍ നിര്‍മ്മിക്കപ്പെടുകയും 1789ല്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ബാബിലോണിയയില്‍നിന്നു വന്ന ജൂതര്‍ മുസിരിസിലെ നദിക്കരയില്‍ കടവുംഭാഗം സിനഗോഗ് പണിതു. ഒരു വിഭാഗം കടവുംഭാഗക്കാര്‍ എറണാകുളത്ത് ജൂതത്തെരുവില്‍ നിര്‍മ്മിച്ച സിനഗോഗിനും 'കടവുംഭാഗം സിനഗോഗ്' എന്നാണ് പേര്. ജൂതത്തെരുവിന്റെ വടക്കുവശത്തായി നിലകൊള്ളുന്ന തെക്കുംഭാഗം സിനഗോഗ് 1580ല്‍ നിര്‍മ്മിക്കപ്പെടുകയും 1939ല്‍ പുതുക്കിപ്പണിയുകയും ചെയ്തു. മട്ടാഞ്ചേരി ജ്യൂടൗണില്‍ കടവുംഭാഗക്കാര്‍ നിര്‍മ്മിച്ച കടവുംഭാഗം സിനഗോഗ് 2019ലെ പ്രളയകാലത്ത് തകര്‍ന്നു. മറ്റൊരു കാലത്ത് മുസിരിസില്‍ എത്തിയ യഹൂദരാണ് തെക്കുംഭാഗക്കാര്‍. അവരുടെ പള്ളി സ്വാഭാവികമായും 'തെക്കുംഭാഗം സിനഗോഗ്' എന്നറിയപ്പെട്ടു. വെളുത്ത ജൂതരുടേതാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. അത് നിര്‍മ്മിക്കപ്പെട്ടത് എ.ഡി. 1200ല്‍ ആണ്; അഞ്ചു നൂറ്റാണ്ടു കഴിഞ്ഞ് പുനര്‍നിര്‍മ്മിക്കപ്പെട്ടു.  

കൊച്ചിയിലെ പുരോഹിതരായ യഹൂദരെ 'കോച്ചമാര്‍' എന്നു വിളിക്കുന്നു. കോച്ചമാരുടെ അങ്ങാടി 'കൊച്ചങ്ങാടി' ആയി മാറി. ഹീബ്രുവില്‍ 'മത്താന്‍' എന്നതിന് 'ദാനം' എന്നര്‍ത്ഥം. കൊച്ചിരാജാവ് യഹൂദര്‍ക്കു ദാനം നല്‍കിയ പ്രദേശമാണ് 'മത്താന്‍ചേരി' (മട്ടാഞ്ചേരി). മധ്യേഷ്യയില്‍നിന്നു കുടിയേറിയ യഹൂദവംശം ഭക്ഷണസംസ്‌കാരത്തെ ഇപ്പോഴും പിന്തുടരുന്നുണ്ട് എന്നതിന്റെ തെളിവാണ് 'ഖുബ്ബ' എന്ന വിഭവം. എറണാകുളം ചന്തയിലെ പല സംഖ്യാവാക്കുകളും ഹീബ്രു ആണ്. 

1948 മെയ് 14ന് ഇസ്രയേല്‍ എന്ന പേരില്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടപ്പോള്‍ ജൂതര്‍ മടക്കയാത്ര തുടങ്ങി. അന്ന് അവര്‍ക്ക് കേരളത്തില്‍ എട്ടു സിനഗോഗുകളാണ് ഉണ്ടായിരുന്നത് (കൊച്ചിയിലെ ജൂതത്തെരുവിലെ തെക്കുംഭാഗപ്പള്ളി, കടവുംഭാഗപ്പള്ളി, മട്ടാഞ്ചേരിയിലെ പരദേശിപ്പള്ളി, എറണാകുളം ജൂതത്തെരുവിലെ തെക്കുംഭാഗപ്പള്ളി, കടവുംഭാഗപ്പള്ളി, ചേന്ദമംഗലംപള്ളി, മാളപ്പള്ളി, പറവൂര്‍പ്പള്ളി).

ഒ.എന്‍.വി.യുടെ 'വാഗ്ദത്തഭൂമി' എന്ന കവിത ജൂതരുടെ ആത്മവിലാപത്തിന്റേയും വൈലോപ്പിള്ളിയുടെ 'കേരളത്തിലെ യഹൂദര്‍ ഇസ്രായേലിലേക്ക്' എന്ന കവിത കേരളത്തില്‍ കുടിയേറിയ ജൂതജനത നല്‍കുന്ന കൃതജ്ഞതയുടേയും നേര്‍സാക്ഷ്യങ്ങളാണ്. ജെറുസലേമില്‍നിന്ന് കുടിയിറക്കപ്പെട്ട് പല രാജ്യങ്ങളിലായി അലയുവാന്‍ വിധിക്കപ്പെട്ട ജൂതരുടെ സ്വപ്‌നമാണ് ആ രചനയുടെ പ്രമേയം. വൈലോപ്പിള്ളിയുടെ കവിത വേറൊരു ദിശയില്‍ സഞ്ചരിക്കുന്നു. അനേകകാലം കേരളത്തില്‍ പാര്‍പ്പുറപ്പിച്ച ജൂതജനത ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവിടേക്കു പോയി. വാഗ്ദത്തഭൂമി എന്ന സ്വപ്‌നം അവിടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. വൈലോപ്പിള്ളിയുടെ കവിത, അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുംപോലെ, കേരളത്തിലെ യഹൂദരുടെ ഇസ്രയേല്‍ പ്രവേശത്തിന്റെ ജീവരേഖയാണ്. അക്കാലംവരെ കേരളജനത ജൂതര്‍ക്കു നല്‍കിയ സ്‌നേഹവും കരുതലും നെഞ്ചേറ്റിക്കൊണ്ട്, കേരളീയരോടുള്ള നന്ദി പ്രകാശിപ്പിക്കുന്ന രീതിയിലാണ് ആ കവിത രചിക്കപ്പെട്ടിട്ടുള്ളത്. ജൂതരുടെ ശാശ്വത വിശ്രമസ്ഥാനമാണ് ഇസ്രയേല്‍ എന്ന് അത് ഓര്‍മ്മപ്പെടുത്തുന്നു. 'പിതൃഭൂവില്‍നിന്നും പുറന്തള്ളപ്പെട്ട്, പ്രാണരക്ഷാര്‍ത്ഥം പായക്കപ്പലിലേറി, കറുത്തപൊന്നു കായ്ക്കുന്ന കേരളത്തിന്റെ മടിത്തട്ടിലെത്തിയ' ജൂതര്‍ ഇവിടെ കച്ചവടംകൊണ്ടും ഭക്ഷണശീലംകൊണ്ടും വ്യത്യസ്തത പുലര്‍ത്തി. കുത്സിതമായ മതഭ്രാന്തും ആര്യവര്‍ഗ്ഗവാദിയായ ഏകാധിപത്യവും അനേകലക്ഷം യഹൂദരെ ദീര്‍ഘകാലം ഹിംസിച്ചത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, ഏറ്റവും ശാന്തമായി ജീവിക്കാനനുവദിച്ച കേരളത്തിലെ മനുഷ്യകുലത്തെയപ്പാടെ വന്ദിക്കുന്ന കാവ്യമാണത്. 

പുതുക്കിപ്പണിത കൊച്ചിയിലെ കടവുംഭാ​ഗം സിന​ഗോ​ഗിന്റെ ഉൾവശം
പുതുക്കിപ്പണിത കൊച്ചിയിലെ കടവുംഭാ​ഗം സിന​ഗോ​ഗിന്റെ ഉൾവശം

കേരളത്തിലെ ജൂതരെപ്പറ്റി മലയാളത്തിലെ നോവല്‍/കഥാസാഹിത്യം തീരെ ആലോചിച്ചിട്ടില്ല. പ്രവാസത്തെക്കുറിച്ചും ചിതറിപ്പാര്‍ക്കുന്നവരെക്കുറിച്ചും വേവലാതികൊള്ളുന്ന നമ്മുടെ എഴുത്തുകാര്‍ക്ക് അത്തരം ഗഹനവിഷയങ്ങള്‍ അപ്രാപ്യമാണെന്നുണ്ടോ? ജൂതരുടെ തിരിച്ചുപോക്കിനെക്കുറിച്ച് സേതുവിന്റെ 'ആലിയ' എന്ന കൃതിയെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഇങ്ങനെ കുറിക്കുന്നത്.  

ഇസ്രയേല്‍ 'പിതൃഭൂമി'യാണെന്ന് ജൂതര്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍, ജൂതരുടെ 'മാതൃഭൂമി' ഏതാണ്?  ആ ചോദ്യം നമ്മെ നടുക്കുന്നു. അത് രാഷ്ട്രീയപരമെന്നതിനേക്കാള്‍ മതപരമാണ്. സെമിറ്റിക് മതങ്ങളുടെ മാരകമായ പിഴവ് അവയില്‍ അമ്മ ഇല്ല എന്നതാണ്! അത്തരമൊരു ആത്മീയശൂന്യത സൃഷ്ടിച്ച സാമൂഹിക വിപത്ത് വളരെ വലുതാണ് എന്ന് ലോകം നമ്മെ പഠിപ്പിക്കുന്നു. 

'കരപുടങ്ങളില്‍ നിറയെ ആണിപ്പഴുതുകളോടെ ഇവിടെ നിന്നെ കാത്തുനില്‍പ്പൂ മനുഷ്യപുത്രന്മാര്‍' എന്ന് ഒ.എന്‍.വി. എഴുതിയത് സ്മൃതിയില്‍ ആര്‍ദ്രമാകുന്നു.

പിതാവിന്റെ അനുശാസനങ്ങളുടെ പേശീബലത്തിലല്ല, മാതൃവാത്സല്യത്തിന്റെ മടിത്തട്ടിലാണ് ആത്മീയമനുഷ്യന് ആശ്വാസം ലഭിക്കുക എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. മോശയുടെ കാര്‍ക്കശ്യത്തെ ക്രിസ്തു സ്വജീവിതത്തില്‍ സഹനംകൊണ്ടു മസൃണമാക്കി മാറ്റി. ആ ക്രിസ്തുവിന്റെ മഹിതനാമത്തെ സ്വജീവിതത്താല്‍ വഴിനടത്തുകയായിരുന്നു മേരി. പിതാവിന്റെ വഴിയില്‍നിന്ന് മാതാവിന്റെ വഴിയിലേക്കു നീങ്ങിയ ഒരു മനോഭാവത്തെ മേരിയുടെ ജീവിതം എത്രയും അര്‍ത്ഥപൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്നു. 

ക്രിസ്തുദര്‍ശനത്തെ വഴിനടത്തിയ അമ്മ, ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥയായി നിലകൊള്ളുന്നു. അതിനാല്‍, നമുക്ക് ഇപ്പോള്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കാം: 'ആവേ മരിയ!'

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com