'തുര്‍തുക്കും ഒരു വിഷാദിയാണ്, അഗാധമായ ഒരു ആത്മീയ നഷ്ടം ആ ഗ്രാമത്തെ മൂടുന്നുണ്ട്'

പുതിയ സാഹചര്യത്തില്‍ തങ്ങള്‍ ഇന്ത്യയിലെ പൗരന്മാരാണ് എന്ന് സ്ഥാപിച്ചെടുക്കണമെങ്കില്‍ ഭൂരേഖകള്‍ എന്തെങ്കിലും കൈവശം വേണമായിരുന്നു. അതില്ലാതെ വന്നതോടെ ജനിച്ച മണ്ണില്‍ അവര്‍ ഒന്നടങ്കം അഭയാര്‍ത്ഥികളായി
'തുര്‍തുക്കും ഒരു വിഷാദിയാണ്, അഗാധമായ ഒരു ആത്മീയ നഷ്ടം ആ ഗ്രാമത്തെ മൂടുന്നുണ്ട്'

കൂട്ടത്തിലുള്ളവര്‍ കുട്ടികളോടും അവരുടെ അദ്ധ്യാപകനോടും സംസാരിച്ചു നില്‍ക്കവേ ഞാന്‍ വഴിയുടെ അറ്റംവരെ നടക്കാന്‍ തീരുമാനിച്ചു. അത് ഗ്രാമത്തിന്റെ കിഴക്കേ അതിരിലെ പ്രൈമറി സ്‌കൂളിലേക്കുള്ള വഴിയായിരുന്നു. അതിനടുത്തായി ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവുമുണ്ട്. ഗ്രാമത്തിനു പിന്നിലായി വാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍. പലതരം കാട്ടുറോസുകള്‍ വഴിയുടെ അരികിലായി പൂത്തുനില്‍ക്കുന്നു. അരിപ്പൂവുകള്‍ പോലെ ചിലത് കാലില്‍ തൊടുന്നു. ബര്‍ച് മരങ്ങള്‍ ആകാശത്തേക്ക് കൈചൂണ്ടിയതുപോലെ നില്‍ക്കുന്നു. വഴിയരികിലെ മരങ്ങളില്‍ നിറയെ പക്ഷികളാണ്. അവയുടെ പാട്ടുകേട്ട് ഞാന്‍ മുന്നോട്ടു നടന്നു.

ഇന്ത്യ പിടിച്ചെടുക്കുമ്പോള്‍ ടാക്ഷിയുള്‍പ്പെടെയുള്ള ഈ അതിര്‍ത്തി ഗ്രാമങ്ങളുടെയെല്ലാം ഭൂരേഖകള്‍ സ്‌കര്‍ദുവിലെ വില്ലേജ് ഓഫീസിലായിരുന്നു സൂക്ഷിച്ചിരുന്നത്. യുദ്ധം അവസാനിച്ചപ്പോള്‍ സ്‌കര്‍ദു പാകിസ്താനില്‍ തന്നെ തുടര്‍ന്നതിനാല്‍ ടാക്ഷിയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമിയുടെ മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാന്‍ കഴിയാതെ വന്നു. പുതിയ സാഹചര്യത്തില്‍ തങ്ങള്‍ ഇന്ത്യയിലെ പൗരന്മാരാണ് എന്ന് സ്ഥാപിച്ചെടുക്കണമെങ്കില്‍ ഭൂരേഖകള്‍ എന്തെങ്കിലും കൈവശം വേണമായിരുന്നു. അതില്ലാതെ വന്നതോടെ ജനിച്ച മണ്ണില്‍ അവര്‍ ഒന്നടങ്കം അഭയാര്‍ത്ഥികളായി. രേഖകള്‍ ഇല്ലാത്തവര്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ചും ജീവിച്ചിരിക്കുന്നില്ല. ടാക്ഷിയിലെ ജനങ്ങളും അതേ അവസ്ഥയില്‍പ്പെട്ടു.

ഡബ്ല്യു.എച്ച്. ഓഡന്‍ തന്റെ 'റെഫ്യുജി ബ്ലൂസ്' എന്ന കവിതയില്‍ രേഖകള്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് പാടുന്നുണ്ട്. തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാന്‍ ഓഫീസുകള്‍തോറും കയറിയിറങ്ങുന്ന അഭയാര്‍ത്ഥികളോട് ദയാശൂന്യമായി ഭരണകൂടം പറയുന്നത് 'If you have got no passport, you are officially dead' എന്നാണ്. പക്ഷേ, അവര്‍ അപ്പോഴും ജീവനോടെയുണ്ട്. രാവിലെ ഉണര്‍ന്നു പാടത്തു പണിയെടുത്തു രാത്രി ഉറങ്ങി. ഇതിനിടയില്‍ സ്‌നേഹിച്ചും വെറുത്തും കലഹിച്ചും കൂട്ടുകൂടിയും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. ആ തുടര്‍ച്ചയെ രാഷ്ട്രം അംഗീകരിക്കുന്നില്ല എങ്കിലും. 

ടാക്ഷിയിലെ ജനങ്ങള്‍ക്ക് ജമ്മുവിലെ ഹൈക്കോടതിയില്‍നിന്നും തങ്ങള്‍ മുന്‍പ് പാകിസ്താന്‍ പൗരന്മാര്‍ ആയിരുന്നു എന്നും 1971 മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ ആണെന്നും സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം സംഘടിപ്പിക്കേണ്ടിവന്നു ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കാന്‍. ഓഡന്‍ തന്റെ കവിതയുടെ അവസാന ഭാഗത്ത് മനുഷ്യന്‍ സാധ്യമാക്കുന്ന വിഭജനങ്ങളുടെ യുക്തിക്കു വെളിയില്‍ പുലരുന്ന പക്ഷികളെക്കുറിച്ച് കൂടി പറയുന്നുണ്ട്. അതിങ്ങനെയാണ്:

'Walked through a wood, saw the birds in thet rees; 
They had no politicians and sang at their ease: 
They weren't the human race, my dear, they weren't the human race.'

ടാക്ഷിയിലെ മരച്ചില്ലകളില്‍ തത്തിക്കളിക്കുന്ന പക്ഷികള്‍ സന്ധ്യയ്ക്ക് ചേക്കേറാന്‍ പോവുന്നത് ഒരുപക്ഷേ, പാകിസ്താനിലേക്കാവും. അല്ലെങ്കില്‍ ഇവിടെ താമസിച്ച് രാവിലെ അവിടെ ഇരതേടാന്‍ പോവുന്നവരും ഉണ്ടാവും. ഞാനോര്‍ത്തു, അവര്‍ക്ക് എങ്ങനെ അതിനു സാധിക്കുന്നു? ഉയരങ്ങളിലേക്ക് പറക്കുമ്പോള്‍ താഴദേശത്തെ അതിരുകള്‍ മാഞ്ഞുപോവും. പക്ഷികള്‍ അതിര്‍ത്തികള്‍ വകവെയ്ക്കാത്തത് അവര്‍ക്ക് ഉയര്‍ന്നു പറക്കാം എന്നതിനാലാണ്. ലോകം മുഴുവനും ഒരു പക്ഷിക്കൂടാവണം എന്ന് ആഗ്രഹിച്ച ടാഗോര്‍ ദേശബോധത്തിനെതിരുനിന്നത് വെറുതെയല്ല. വിഭജനത്തിന്റെ കഥാകാരന്‍ സാദത്ത് ഹസ്സന്‍ മന്റോയെ ഓര്‍ക്കാതെ ഈ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാനാവില്ല. ഞാന്‍ അദ്ദേഹത്തിന്റെ 'തിത്വാളിലെ നായ' എന്ന കഥ ഓര്‍ത്തു. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ കുടുങ്ങിപ്പോകുന്ന ഒരു പാവം നായക്കുട്ടി. അവന്റെമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇരുരാജ്യത്തേയും പട്ടാളക്കാര്‍. ഭക്ഷണം തന്നവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അതിര്‍ത്തി മുറിച്ചുകടന്ന് അപ്പുറത്തേയ്ക്കുമിപ്പുറത്തേയ്ക്കും സഞ്ചരിക്കുമ്പോള്‍ പാവം അത് അറിയുന്നില്ല താന്‍ രണ്ടു രാജ്യങ്ങളുടെ അഹന്തയ്ക്കു മുകളിലൂടെയാണ് കവാത്ത് നടത്തുന്നതെന്ന്. ഒടുവില്‍ ഇരു രാജ്യങ്ങളുടേയും വെടിയുണ്ടകളേറ്റു മരിച്ചുവീഴുമ്പോള്‍ ആ നായക്കുട്ടിക്ക് ചാര്‍ത്തിക്കിട്ടുന്ന പേര് ഭീരു എന്നും രാജ്യദ്രോഹി എന്നുമാണ്!

ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

ഇങ്ങനെയോരോന്ന് ഓര്‍ത്ത് നടന്നുപോകവേ  അവിടെ, തണുത്ത അരുവിയുടെ ഓരം ചേര്‍ന്ന് ആയിഷ കുന്തിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അവളുടെ കണ്ണുകളില്‍ എന്തോ പരിഭ്രമം ഉള്ളതുപോലെ. അവളുടെ ചുണ്ടുകള്‍ വിറയ്ക്കുന്നതുപോലെ. അവള്‍ കരയുകയാണോ? ഒരുപക്ഷേ, അവള്‍ എന്തോ ചിന്തയില്‍ മുഴുകിയിരിക്കുന്നതുമാകാം. എന്റെ കാല്‍പ്പെരുമാറ്റം കേട്ടതും ആയിഷ ചാടി എഴുന്നേറ്റു.

'ക്ഷമിക്കണം, ഞാന്‍ നിങ്ങളെ ശല്യപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല...' ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

'അത് സാരമില്ല.'

'എന്റെ പേര് സജിന്‍. നിങ്ങളുടേയോ?'

'ഞാന്‍ ആയിഷ.'

ആയിഷ ടാക്ഷിയിലെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയാണ്. എനിക്കവരോട് അവിടുത്തെ പഠനസമ്പ്രദായത്തെക്കുറിച്ചും അവരുടെ സ്‌കൂളിനേക്കുറിച്ചും കുട്ടികളെ കുറിച്ചുമൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, ആയിഷ ആകെ പരിഭ്രമിച്ചതുപോലെ തോന്നി. അവര്‍ ഒന്നും പറയാന്‍ തയ്യാറായിരുന്നില്ല. അവരുടെ സ്വകാര്യതയ്ക്ക് തടസ്സം സൃഷ്ടിക്കാന്‍ താല്പര്യമില്ലാതിരുന്നതുകൊണ്ട് ആയിഷയെ കടന്ന് ഞാന്‍ മുന്നോട്ടു നടന്നു. ഇതിനിടയില്‍ അവരുടെ കണ്ണുകളിലെ ആകാശനീലിമ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അഗാധതയില്‍ സ്വയം നഷ്ടപ്പെടുന്ന നദിപോലെ എന്തോ ഒന്ന് അവര്‍ തീര്‍ച്ചയായും ഒളിക്കുന്നുണ്ട്. എന്തായിരിക്കാം അത്? 

എഴുത്തുകാര്‍ക്കുപോലും അവരുടെ കഥാപാത്രങ്ങളുടെ മനോവികാരങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയില്ല. ലൂയിജി പിരാന്തെലോയുടെ ആറു കഥാപാത്രങ്ങളെപ്പോലെ അവര്‍ തനിയെ അവരവര്‍ക്കു തോന്നിയ വഴിയേ നടക്കുന്നു. ആയിഷ പക്ഷേ, എന്റെ കഥാപാത്രമല്ല. അവര്‍ ഒരു യഥാര്‍ത്ഥ വ്യക്തിയാണ്. ഈ സത്യം സത്യത്തിന്റെ തന്നെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു, എഴുത്തിലെ സത്യം, യാത്രയിലെ സത്യം, മനസ്സിലാക്കലിലെ സത്യം. ഒന്നും പൂര്‍ണ്ണമല്ല. എല്ലാം വെറും നോട്ടങ്ങള്‍. അവ കോര്‍ത്തുകെട്ടിയ പൂമാലയാണ് എഴുത്ത്. അതില്‍ സത്യം തിരയുന്നതോളം, ശരികള്‍ പരതുന്നതോളം വിഡ്ഢിത്തം വേറെയില്ല. 

കാലത്തെ കടന്ന് ഒരു കൃതി ചരിത്രത്തിലൂടെ സഞ്ചരിക്കുന്നുവെങ്കില്‍ അത് അതിലെ ശരികളുടേയോ സത്യങ്ങളുടേയോ ഉറപ്പുകൊണ്ടല്ല, മറിച്ച് നുണകളുടെ മാന്ത്രികതയാലാണ് സംഭവിക്കുന്നത്. സത്യം പറയാന്‍ ഭാവന ആവശ്യമില്ല. പക്ഷേ, നുണ എന്ന് ആലോചിക്കണമെങ്കില്‍ തന്നെ ഭാവനയുടെ മുനമ്പില്‍നിന്നും കുതിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ആ വീഴ്ചയില്‍ എഴുത്തുകാരന്‍ മരണപ്പെട്ടേക്കാം; പക്ഷേ, കൃതി അതിന്റെ പാഠാന്തരങ്ങള്‍കൊണ്ട് വരും തലമുറയെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു സ്ഥലവും ഒരിക്കല്‍ നിങ്ങള്‍ കണ്ട സ്ഥലമല്ല. അടുത്ത തവണ ചെല്ലുമ്പോള്‍ അത് വേറെ ഇടമായിരിക്കും. അവിടെ നിങ്ങള്‍ക്ക് പുതിയ നോട്ടങ്ങള്‍ ആവശ്യമായും വരും.

വഴിവക്കിൽ കണ്ടുമുട്ടിയ ലൈലയുടെ മകൻ ആകിഫ്
വഴിവക്കിൽ കണ്ടുമുട്ടിയ ലൈലയുടെ മകൻ ആകിഫ്

ആകിഫും ലൈലയും

ടാക്ഷിയും മറ്റു ഗ്രാമങ്ങളുമുള്‍പ്പെടുന്ന ബാള്‍ട്ടിസ്താന്റെ ചരിത്രവും സംഭവബഹുലമാണ്. ആദ്യമായി ഇസ്‌ലാം മതം സ്വീകരിച്ച പടിഞ്ഞാറന്‍ ടിബറ്റുകാരാണ് ബാള്‍ട്ടികള്‍. ഖാപുലു, ഖര്‍മാങ്, റോങ്ദു, ഷിഗാര്‍, സ്‌കര്‍ദു എന്നിങ്ങനെ അഞ്ച് ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബാള്‍ട്ടിസ്ഥാന്‍. സ്‌കര്‍ദുവും ഖര്‍മാങും ഭരിച്ചിരുന്നത് മഖ്‌പോണുകള്‍ ആയിരുന്നെങ്കില്‍ ലൗഞ്ചകളായിരുന്നു റോങ്ദുവിന്റെ ഭരണകര്‍ത്താക്കള്‍. ഷിഗാര്‍ അമച്ഛകളും ഖാപുലു യാഗ്‌ബോ രാജാക്കന്മാരും വാണുപോന്നു. ഇവയില്‍ ഏറ്റവും ശക്തര്‍ സ്‌കര്‍ദുവിലെ രാജാക്കന്മാരായിരുന്നു. അവര്‍ക്കു പിന്നില്‍ തുര്‍തുക്കിലെ കാച്ചോ രാജാവിന്റെ യാഗ്‌ബോ രാജവംശം. പട്ടുപാതയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഈ രാജാക്കന്മാരുടെ കൈവശമായിരുന്നതിനാല്‍ അവര്‍ക്ക് ബാള്‍ട്ടിസ്ഥാന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. 

ആദ്യകാലങ്ങളില്‍ ടിബറ്റിന്റെ മറ്റു ഭാഗങ്ങള്‍പോലെ ബാള്‍ട്ടികളും ബുദ്ധ മതാനുയായികളായിരുന്നു. ഏതാണ്ട് 34 നൂറ്റാണ്ടുകളിലാവണം ബുദ്ധമതം ഇവിടങ്ങളില്‍ പ്രചാരം നേടിയത്. പിന്നീട് പതിയെ ഇസ്‌ലാം മതം സ്വാധീനമുറപ്പിച്ചു തുടങ്ങി. ലഡാക്കി രാജാവ് റിഞ്ചന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതോടെയാണ് ഇതിനു തുടക്കം കുറിച്ചത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ബാള്‍ട്ടിസ്താനിലെ അവസാനത്തെ രാജാവ് ആണ്‍മക്കള്‍ ഇല്ലാതെ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഏക മകള്‍ ഭരണം ഏറ്റെടുത്തു. ഇവര്‍ പിന്നീട് ഒരു സൂഫി സന്ന്യാസിയെ വിവാഹം കഴിക്കുന്നതോടെയാണ് ഇസ്‌ലാം മതത്തിലേക്കുള്ള ബാള്‍ട്ടിസ്താന്റെ മാറ്റം പൂര്‍ണ്ണമാകുന്നത്. എങ്കിലും ബുദ്ധമതാനുയായികളും മുസ്‌ലിങ്ങളും സാഹോദര്യത്തോടെ തന്നെയാണ് കഴിഞ്ഞുപോന്നത്. അവര്‍ക്കിടയില്‍ മതം ഒരിക്കലും ഒരു വിഷയമേ ആയിരുന്നില്ല. സ്‌കര്‍ദുവിലെ രാജാവ് അലി ലേയിലെ രാജാവ് ജാമ്യാങിന് തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ നേരം അയാളോട് മതം മാറണം എന്ന് ആവശ്യപ്പെടുന്നതേയില്ല എന്ന് നമ്മള്‍ മുന്‍പ് കണ്ടതാണ്.

ഗ്രീക്ക് പണ്ഡിതനായ ടോളമിയാണ് ബാള്‍ട്ടികളെക്കുറിച്ചെഴുതിയിട്ടുള്ള ആദ്യകാല പണ്ഡിതന്‍. ഈ പ്രദേശങ്ങളില്‍ അക്കാലത്ത് താമസിച്ചിരുന്നത് മോണ്‍ വംശജര്‍ ആയിരുന്നു. പടിഞ്ഞാറന്‍ ടിബറ്റിലെ ആദ്യകാല ഗ്രാമങ്ങളും പട്ടണങ്ങളുമൊക്കെ ഇവരാണ് നിര്‍മ്മിച്ചത്. പിന്നീടാണ് ഡാര്‍ഡുകള്‍ വരുന്നത്. കീഴടക്കപ്പെട്ട മോണ്‍ വംശജരുടെ പിന്മുറക്കാര്‍ ഇന്നും ഗില്‍ഗിത് ബാള്‍ട്ടിസ്താനിലുണ്ട്. അവര്‍ മിക്കവരും നാടോടി ഗായകരോ ആശാരിമാരോ ആണ്. 

എന്തായാലും ബാള്‍ട്ടികള്‍ അന്ന് തങ്ങളുടെ നാടിനെ 'തുറുക്' എന്നാണു വിളിച്ചിരുന്നത്. ചൈനക്കാരാവട്ടെ, 'പൊലോലോ' എന്നും. പിന്നീട് പേര്‍ഷ്യയില്‍ നിന്നുള്ള സഞ്ചാരികളും കച്ചവടക്കാരും മതപണ്ഡിതരും വന്നുതുടങ്ങിയപ്പോള്‍ അവര്‍ നല്‍കിയ പേരാണ് 'ബാള്‍ട്ടിസ്താന്‍' എന്നത്. ഇത് പിന്നീട് ബാള്‍ട്ടികള്‍ സ്വന്തം പേരായി സ്വീകരിക്കുകയായിരുന്നു. ഇവര്‍ക്ക് സ്വന്തമായി ഭാഷയും അത് രേഖപ്പെടുത്താന്‍ വലത്തുനിന്നും ഇടത്തേക്കെഴുതുന്ന അക്ഷരമാലയുമുണ്ട്. സ്‌കര്‍ദുവിന്റെ യഥാര്‍ത്ഥ ഉര്‍ദു നാമം 'അക്‌സ്‌കര്‍ദു' എന്നാണ്. ബ്രിട്ടീഷുകാര്‍ അവരുടെ എളുപ്പത്തിന് സ്‌കര്‍ദു എന്നാക്കി മാറ്റിയെങ്കിലും ഇതായിരുന്നു അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ച അലക്‌സാന്‍ഡ്രിയ എന്നു വാദിക്കുന്നവരുമുണ്ട്. ഇതു പക്ഷേ, പൂര്‍ണ്ണമായും തെറ്റാണ്. അലക്‌സാണ്ടര്‍ ബാള്‍ട്ടിസ്താന്‍ സന്ദര്‍ശിച്ചിട്ടേയില്ല എന്നു ചരിത്രകാരന്മാര്‍ തെളിവുകളുടെ സഹായത്തോടെ വ്യക്തമാക്കുന്നുണ്ട്. 

ആദ്യകാലങ്ങളില്‍ ചൈനക്കാര്‍ക്കു പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത ശക്തിയായിരുന്നു ബാള്‍ട്ടികള്‍. എ.ഡി എട്ടാം നൂറ്റാണ്ടില്‍ ചൈനക്കാര്‍ ബാള്‍ട്ടികളുമായി യുദ്ധത്തിന് പോയതിന്റെ രേഖകള്‍ ലഭ്യമാണ്. ഈ യുദ്ധങ്ങളിലെല്ലാം തന്നെ അവര്‍ പരാജയപ്പെടുകയാണുണ്ടായത്.

നടന്നു നടന്ന് ഞാന്‍ സ്‌കൂള്‍ മുറ്റത്തെത്തി. അവിടെ എന്നെ ചൂഴുന്ന കൊടുമുടികളുടെ മുന്നില്‍ സ്വയം ചെറുതായി നില്‍ക്കുന്നതിനിടയിലാണ് ലൈലയും മകനും ആ വഴി വന്നത്. അവള്‍ പക്ഷേ, ആയിഷയെപ്പോലെയായിരുന്നില്ല. എന്നെ കണ്ടതും ലൈല നിറയെ ചിരിച്ചു. പിന്നെ വാതോരാതെ സംസാരിച്ചു തുടങ്ങി. അവള്‍ക്ക് ഇരുപത് വയസ്സാണ് പ്രായം, മകന്‍ ആകിഫിനു രണ്ടും. ടാക്ഷിയുടെ അടുത്ത ഗ്രാമമായ പച്ചെത്താങ്ങിലുള്ള വാപ്പയേയും ഉമ്മയേയും കണ്ടു മടങ്ങുന്ന വഴിയായിരുന്നു അവര്‍. ലൈലയുടെ ഭര്‍ത്താവ് അഹമ്മദ് ലേയില്‍ ടാക്‌സി ഡ്രൈവറാണ്. തുര്‍തുക്കിലേക്ക് വല്ലപ്പോഴുമൊരു ട്രിപ്പ് തരപ്പെടുമ്പോള്‍ അവന്‍ ലൈലയേയും ആകിഫിനേയും കാണാനായി വരും. പ്ലസ് ടു പഠനം കഴിഞ്ഞയുടനെയാണ് ലൈലയുടെ വിവാഹം നടന്നത്.

അലിയുടെ ​ഗസ്റ്റ് ഹൗസ്
അലിയുടെ ​ഗസ്റ്റ് ഹൗസ്

'ഇവിടെ ഒരു കോളേജില്ല സാര്‍. ഉപരിപഠനത്തിനായി ഡിസ്‌കിറ്റിലോ ലേയിലോ വരെ പോകണം. ആണ്‍കുട്ടികള്‍ പോകുന്നുണ്ട്. പെണ്‍കുട്ടികള്‍ ആരും തന്നെ പോകാറില്ല. ഇവിടുത്തുകാര്‍ ഒരു കോളേജ് അനുവദിച്ചു കിട്ടുന്നതിനായി സമരമൊക്കെ ചെയ്തിരുന്നു, പക്ഷേ, ഒന്നും സംഭവിച്ചില്ല. അല്ലെങ്കില്‍ ഞാന്‍ കോളേജില്‍ പഠിക്കാന്‍ പോയേനെ.'

എനിക്ക് ലൈലയുടെ വാക്കുകളില്‍ നിരാശാബോധം നിഴലിട്ടു നില്‍ക്കുന്നതു കാണാന്‍ കഴിഞ്ഞു. എന്താണ് കേരളത്തില്‍നിന്നും വരുന്ന ഒരു അദ്ധ്യാപകനായ ഞാന്‍ ഈ കുട്ടിയോട് പറയേണ്ടത്? 'നിങ്ങള്‍ക്ക് ഒരു ആഗ്രഹമുണ്ടെങ്കില്‍ അത് സാധിച്ചുതരാന്‍ ലോകം മുഴുവനും പരിശ്രമിക്കും' എന്ന കല്ലുവെച്ച നുണയോ? എത്രയെത്ര ആഗ്രഹങ്ങളുടെ ശവപ്പറമ്പില്‍ കാലൂന്നി നിന്നുകൊണ്ടാണ് ഞാനും ജീവിതം തുഴയുന്നത്! എന്റെ നിസ്സഹായത കണ്ടിട്ടാവാം അവള്‍ വിഷയം മാറ്റി.

'സാര്‍ എവിടുന്നാ?'

'ഞാന്‍ കേരളത്തില്‍നിന്നും. കേട്ടിട്ടുണ്ടോ?'

'ഓ തെങ്ങുകളുടെ നാടല്ലേ?'

'അതെ! എങ്ങനെ മനസ്സിലായി?'

'ഞങ്ങളുടെ ജനറല്‍ നോളെജ് ബുക്കിലുണ്ട് സാര്‍.'

'അത് കൊള്ളാലോ!'

'ഞങ്ങളുടെ നാട് എങ്ങനെ ഉണ്ട്?'

'എന്ത് ചോദ്യമാണ് ഇത് ലൈലാ! നിങ്ങളുടെ നാട് ഒരു സ്വര്‍ഗ്ഗമല്ലേ!'

'ഒന്നു പോണം സാര്‍! ഇവിടെ എന്താണ് കാണാന്‍ ഉള്ളത്, ഈ കുന്നുകളല്ലാതെ!'

ഞാന്‍ ചുറ്റും നോക്കി. മഞ്ഞുതൊപ്പിയണിഞ്ഞതും അല്ലാത്തതുമായ മലകള്‍ ആണെങ്ങും. അവയുടെ നരച്ചനിറം ശൂന്യതയുടെ ആഴം കൂട്ടുന്നതുപോലെ. എങ്കിലും നിവര്‍ന്നുള്ള അവയുടെ നില്‍പ്പിനു വല്ലാത്ത ഒരു സൗന്ദര്യമുണ്ട്. നമ്മെ ചെറുതാക്കുന്ന ഒരു സൗന്ദര്യം. പക്ഷേ, ജീവിതത്തില്‍ ഒരുവേള ആദ്യവും അവസാനവുമായി ഇവിടേയ്ക്ക് യാത്ര വന്ന എന്നെപ്പോലെയുള്ളവരുടേതല്ല ജീവിതം മുഴുവനും ഈ മലയിടുക്കില്‍ താമസിക്കേണ്ടി വരുന്നവരുടെ മനസ്സ്. ഇവിടുത്തുകാര്‍ക്ക് സ്വന്തമായി ടി.വി വാങ്ങാന്‍ പോലും അനുവാദം കിട്ടിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അതിര്‍ത്തിക്കപ്പുറത്തുനിന്നും റേഡിയോ തരംഗങ്ങളിലൂടെ ദേശവിരുദ്ധത പാകിസ്താന്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നതായിരുന്നു കാരണം. എല്ലാം അറിഞ്ഞുകൊണ്ട് മറുത്തൊന്നും പറയാന്‍ എനിക്കാവുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഒരു വിഡ്ഢിച്ചിരി ചിരിച്ചു. ആകിഫ് എന്നെ നോക്കി അവന്റെ പാല്‍പല്ലുകള്‍ കാട്ടി. ഞാന്‍ അവനൊരു ഉമ്മ കൊടുത്തു.

'ശരിക്കും പറഞ്ഞതാണ് സാര്‍. ഇതൊരു നശിച്ച സ്ഥലമാണ്. ഞങ്ങള്‍ ഈ കൊടുമുടികള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരാണ്!'

ലഡാക്കി സ്ത്രീകൾ പരമ്പരാ​ഗത വേഷത്തിൽ
ലഡാക്കി സ്ത്രീകൾ പരമ്പരാ​ഗത വേഷത്തിൽ

ലൈലയ്ക്ക് അവളുടെ ഗ്രാമം ഇഷ്ടമാണെന്നെനിക്കുറപ്പാണ്. ഇവിടെ മാത്രമാണ് അവള്‍ക്ക് ജീവിക്കാന്‍ താല്പര്യവുമുള്ളൂ. പക്ഷേ, അവളോളം ഉത്കര്‍ഷേച്ഛയുള്ള ഒരു പെണ്‍കുട്ടി തന്റെ സ്വപ്നങ്ങള്‍ കെട്ടുപോകുന്നത് കാണുമ്പോള്‍ ഖിന്നയായി പോവുക സ്വാഭാവികമാണ്. കല്യാണവും കഴിഞ്ഞ് ഒരു കുഞ്ഞുമായി, ലൈലയുടെ ഭാവി ഏതാണ്ട് ഇരുളടഞ്ഞതായിരിക്കുന്നു. എങ്ങനെയാണ് ഞാന്‍ അവളെ ആശ്വസിപ്പിക്കേണ്ടത്? നിശ്ശബ്ദത പാലിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

ലൈല അവളുടെ ഗ്രാമത്തെക്കുറിച്ചും മകനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. കുറേ നേരത്തെ ഉത്സാഹഭരിതമായ സംസാരത്തിനു ശേഷം വിഷയങ്ങള്‍ തീര്‍ന്നതുപോലെ അവള്‍ പറഞ്ഞു:

'എന്റെ ഇംഗ്ലീഷ് വളരെ പരിതാപകരമാണ് സാര്‍!'

'എന്റെ ഹിന്ദിയും!'

ഞങ്ങള്‍ രണ്ടാളും കുറേ നേരം ചിരിച്ചു. ഞാന്‍ ആകിഫിന്റെ ഒരു ഫോട്ടോ എടുത്തു. കുറേ നേരം കൂടി എന്തൊക്കെയോ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:

'ശരി സാര്‍, കണ്ടതില്‍ സന്തോഷം. എനിക്ക് പോകാറായി.'

അവളെ കണ്ടത് ഈ യാത്രയിലെ മറക്കാനാവാത്ത സന്ദര്‍ഭങ്ങളിലൊന്നാണെന്നു ഞാന്‍ ലൈലയോടു പറഞ്ഞു. തികച്ചും അപരിചിതനായ എന്നോട് അത്രയും ആത്മാര്‍ത്ഥമായി സംസാരിക്കാന്‍ മനസ്സ് കാണിച്ചതിന് ഞാന്‍ ലൈലയോടു നന്ദി പറഞ്ഞു. അവള്‍ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് നടന്നുപോയി. ലൈല വഴിയില്‍ ഒരു വളവില്‍ മറയുന്നതുവരെ ഞാന്‍ നോക്കി നിന്നു. വഴിയരികിലെ മരങ്ങള്‍ കാറ്റില്‍ ഇളകിയാടി. തണുപ്പിന്റെ ഉടുപ്പണിഞ്ഞ അരുവി എന്നോട് എന്തോ പറഞ്ഞതുപോലെ. പക്ഷേ, എനിക്കത് മനസ്സിലായില്ല!

ഒറ്റരാത്രികൊണ്ട് ഒറ്റപ്പെട്ടവര്‍

ടാക്ഷിയും കണ്ടുകഴിഞ്ഞു ഞങ്ങള്‍ വൈകുന്നേരത്തോടെ തുര്‍തുക്കില്‍ തിരിച്ചെത്തിയപ്പോള്‍ അലി ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു. അത്താഴത്തിന്റ സമയം, 1971ല്‍ ഇന്ത്യന്‍ പട്ടാളം തുര്‍തുക്കുള്‍പ്പെടെയുള്ള അതിര്‍ത്തിഗ്രാമങ്ങള്‍ പിടിച്ചടക്കിയതിനെക്കുറിച്ച് അയാള്‍ സംസാരിച്ചു തുടങ്ങി. ആ കഥ കേള്‍ക്കാനായി ഞങ്ങള്‍ എല്ലാവരും ചേര്‍ന്നിരുന്നു. പുറത്ത് നിലാവ് പെയ്യുന്നുണ്ടായിരുന്നു. അലി പറഞ്ഞുതുടങ്ങി.

ഇന്ത്യന്‍ ആര്‍മിയിലെ പട്ടാളക്കാരനായിരുന്നു മേജര്‍ ചേവാങ് റിഞ്ചന്‍. അയാളുടെ സ്വദേശം നൂബ്ര താഴ്‌വരയിലെ സുമൂര്‍ ആണ്. റിഞ്ചന്റെ അച്ഛന്‍ തുര്‍തുക്കില്‍ സുപരിചിതനായിരുന്നു. ബംഗ്ലാദേശ് വിമോചന സമരകാലത്ത് ബാള്‍ട്ടിക് പ്രവിശ്യ പിടിച്ചടക്കാന്‍ ഇന്ത്യന്‍ പട്ടാളം മേജര്‍ റിഞ്ചനെ നിയോഗിച്ചു. അദ്ദേഹവും സഹപട്ടാളക്കാരും ബാള്‍ട്ടിക് പ്രവിശ്യ ലക്ഷ്യമാക്കി നീങ്ങി. അത് അത്ര അനായാസമായ ഒരു നീക്കം ആയിരുന്നില്ല. പലയിടങ്ങളിലും അവര്‍ക്ക് ശക്തമായ ഏറ്റുമുട്ടലുകള്‍ നേരിടേണ്ടിവന്നു. പക്ഷേ, ചോര്‍ബത് താഴ്‌വരയുടെ സ്ഥലരാശികളെക്കുറിച്ചുള്ള റിഞ്ചന്റെ അറിവ് ഇന്ത്യന്‍ സൈന്യത്തെ ഓരോ ദിവസവും മുന്നേറാന്‍ സഹായിച്ചുകൊണ്ടിരുന്നു. 

ഓരോ നീക്കവും കൃത്യമായി കണക്കുകൂട്ടി നടപ്പിലാക്കിയ റിഞ്ചനേയും കൂട്ടാളികളേയും തോല്‍പ്പിക്കുക എളുപ്പമല്ല എന്നു മനസ്സിലാക്കിയ പാക് പട്ടാളം പിന്തിരിയാന്‍ തീരുമാനിച്ചു. അവര്‍ ഗ്രാമങ്ങളോരോന്നായി മുന്നേറുന്ന 'ശത്രു'വിന്റെ ദാക്ഷിണ്യത്തിനു വിട്ടിട്ട് പിന്തിരിഞ്ഞു. പട്ടാളം പിടിച്ചടക്കുമെന്നു മനസ്സിലാക്കി തുര്‍തുക്കിലേക്കുള്ള വഴിക്കരികിലെ ചാലുങ്ക എന്ന ഗ്രാമത്തിലെ എല്ലാവരും ഒറ്റരാത്രികൊണ്ട് പാകിസ്താനിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയി. പിറ്റേന്ന് ഇന്ത്യന്‍ പട്ടാളമെത്തിയപ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ മാത്രമുള്ള ആളൊഴിഞ്ഞ ഒരു ഗ്രാമമാണ് അവര്‍ക്ക് കാണാനായത്. ബൊഗ്ദാങ്ങില്‍നിന്നും ഇരുട്ടത്ത് വണ്ടി ഓടിക്കുന്നതിനിടയില്‍ ഞങ്ങള്‍ വിട്ടുപോയ ഒരു ഗ്രാമമാണിത്. നദിയുടെ വലത്തേക്കരയില്‍ ഒരു കുന്നിന്റെ വശങ്ങളില്‍ പരന്നുകിടക്കുന്ന മനോഹരമായ മറ്റൊരു ഗ്രാമം. ഇന്നിപ്പോള്‍ വെറും നാല്‍പ്പത്തിരണ്ട് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസമുള്ളത്. 
 
ചാലുങ്കയില്‍നിന്നും പതിമൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ തുര്‍തുക്കിലേക്ക്. ആ ദൂരം താണ്ടി ഏതു നിമിഷവും ഇന്ത്യന്‍ പട്ടാളം തുര്‍തുക്കില്‍ എത്താം. വിവരം അറിഞ്ഞപ്പോള്‍ തുര്‍തുക്കിലെ ആളുകള്‍ ഗ്രാമത്തില്‍ ഒത്തുകൂടി. എന്താണ് ചെയ്യേണ്ടത്? പാകിസ്താനിലേക്ക് പോകണോ അതോ ഗ്രാമത്തില്‍ തന്നെ തുടരണോ? ആളുകള്‍ പല തട്ടിലായിരുന്നു. ആക്രമിക്കുന്ന പട്ടാളം ഗ്രാമവാസികളോട് എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്ന് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. തങ്ങളുടെ കുട്ടികളേയും സ്ത്രീകളേയും അവര്‍ ഉപദ്രവിക്കുമോ? ആകെയുള്ള സ്വത്തും സമ്പാദ്യങ്ങളും ഇട്ടെറിഞ്ഞു പോകണോ? അതോ വരുന്നതു വരട്ടെ എന്നു കരുതി ഗ്രാമത്തില്‍ തന്നെ തുടരണോ? പലരും പലവട്ടം സംസാരിച്ചതിനൊടുവില്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ കാത്തിരുന്നു കാണാം എന്ന തീരുമാനത്തിലാണെത്തിയത്. 

അലിയുടെ ​ഗസ്റ്റ് ഹൗസിന്റെ അടുക്കള
അലിയുടെ ​ഗസ്റ്റ് ഹൗസിന്റെ അടുക്കള

പാക് സൈന്യം പിന്മാറിയ കാര്യമറിയാതെ മേജര്‍ റിഞ്ചനും കൂട്ടരും തുര്‍തുക്കിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായി അതിശക്തമായ മോര്‍ട്ടാര്‍ ആക്രമണം അഴിച്ചുവിട്ടു. ശത്രുവിനെ നിഷ്പ്രഭരാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 1971ലെ ഡിസംബര്‍ മാസമായിരുന്നു അത്. ഒരു ദിവസം മുഴുവനും ആക്രമിച്ചിട്ടും ആരും പ്രതികരിക്കുന്നില്ല എന്നു കണ്ട റിഞ്ചന്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. 

ഡിസംബര്‍ 13ന്റെ ആ രാത്രിയും പതിവുപോലെ മരവിച്ചതായിരുന്നു. ശൈത്യകാലത്ത് തുര്‍തുക്കിലെ താപനില മൈനസ് 22 ഡിഗ്രി വരെ താഴാറുണ്ട്. അത്തരമൊരു രാത്രിയില്‍ വീടിനു പുറത്തു താമസിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമുണ്ടാവുക? പക്ഷേ, അലിയുടെ ഉപ്പ അവനേയും കുടുംബത്തേയും ഗ്രാമത്തിനു പുറകിലുള്ള നദിക്കരയിലേക്ക് കൊണ്ടുപോയി. അലിക്ക് അന്ന് ഏഴു വയസ്സായിരുന്നു പ്രായം. തുര്‍തുക്കിലെ മറ്റു കുഞ്ഞുങ്ങള്‍ അന്നു ചെയ്തതുപോലെ അലിയും തന്റെ ഉമ്മയുടെ മാറോട് ചേര്‍ന്നിരുന്നു. 

ഗ്രാമവാസികള്‍ മുഴുവനും ആക്രമണം ഒഴിവാക്കാനായി മലയടിവാരത്തിലുള്ള നദിക്കരയിലാണ് അന്നു രാത്രി ചെലവഴിച്ചത്. പരസ്പരം ഒട്ടിയിരിക്കുന്ന മനുഷ്യദേഹങ്ങള്‍ ഒരുവിധം പുറത്തെ തണുപ്പ് മറികടന്നെങ്കിലും ഉള്ളിലെ ഭീതിയുടെ തണുപ്പ് അവരെ വിറങ്ങലിപ്പിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ അന്നു മുതല്‍ തങ്ങള്‍ പാകിസ്താനികളല്ല ഇന്ത്യക്കാരാണ് എന്ന് ഉമ്മ അലിയോടു പറഞ്ഞു. അലിക്ക് പക്ഷേ, അതിന്റെ വ്യത്യാസം എന്താണെന്നു മനസ്സിലായില്ല. അവന് അറിയേണ്ടിയിരുന്നത് ഇന്ത്യയില്‍ അവര്‍ക്ക് രാത്രി വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കഴിയുമോ എന്നായിരുന്നു!

തുര്‍തുക്കിലെ സ്ത്രീകളും കുട്ടികളും പട്ടാളക്കാരുടെ ആക്രമണം ഭയന്ന് ഒളിച്ചിരിക്കുകയാണെന്നു മനസ്സിലാക്കിയ റിഞ്ചന്‍ ഗ്രാമത്തിലെ മുതിര്‍ന്നവരെ നേരില്‍ കാണാന്‍ തീരുമാനിച്ചു. അദ്ദേഹം ഗ്രാമീണരുടെ സുരക്ഷ ഉറപ്പാക്കുകയും അവരോട് അപമര്യാദയായി പെരുമാറുന്ന പട്ടാളക്കാര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കുമെന്ന് ഗ്രാമവാസികളെ അറിയിക്കുകയും ചെയ്തു. ശത്രുരാജ്യത്തെ ഒരു പട്ടാളക്കാരന്റെ വാക്കുകളെ തങ്ങള്‍ എത്രമാത്രം വിശ്വസിക്കണം? കീഴടക്കിയ പ്രദേശത്തെ ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുന്നത് തടയുക മാത്രമാവില്ലേ ഇയാളുടെ ലക്ഷ്യം? അതിനുവേണ്ടി ഇയാള്‍ തങ്ങളെ വെറുതെ പറഞ്ഞു പറ്റിക്കുന്നതാവില്ലേ? ക്ഷണിക്കാതെ തങ്ങളുടെ ഗ്രാമത്തില്‍ വന്നിരിക്കുന്ന ഇയാളും കൂട്ടരും എങ്ങനെയുള്ളവരാണ്? ഇനി എന്താണ് സംഭവിക്കാന്‍ പോവുന്നത്? പാക് പട്ടാളം തിരികെ വരുമോ? തങ്ങള്‍ ഇനി മുതല്‍ ഏതു രാജ്യക്കാരാണ്? ഗ്രാമവാസികള്‍ക്കുള്ളില്‍ സംശയങ്ങളുടെ പ്രളയം ഇരുകരമുറ്റി ഒഴുകിക്കൊണ്ടിരുന്നു.

അപ്പോഴാണത് സംഭവിച്ചത്. ഗ്രാമത്തിലെ മുതിര്‍ന്നവരിലൊരാള്‍ റിഞ്ചനെ തിരിച്ചറിഞ്ഞു. നൂബ്ര താഴ്‌വരയില്‍നിന്നുള്ള തന്റെ സുഹൃത്തിന്റെ മകനാണോ നീ എന്നയാള്‍ റിഞ്ചനോട് ചോദിച്ചു. ആണെന്ന അയാളുടെ മറുപടി അവരുടെ ആശങ്കകളകറ്റാന്‍ പോന്നതായിരുന്നു. തങ്ങളുടെ തന്നെ നാട്ടുകാരിലൊരാള്‍ തങ്ങളോട് ക്രൂരത കാണിക്കില്ല എന്നവര്‍ വിശ്വസിച്ചു. റിഞ്ചന്‍ ആ വിശ്വാസം തകര്‍ത്തതുമില്ല. അങ്ങനെ അലിയും മറ്റുള്ളവരും ഗ്രാമത്തിലേക്ക് തിരിച്ചു വന്നു. 

ആ പടപ്പുറപ്പാടില്‍ റിഞ്ചനും കൂട്ടരും ഥാങ്, ടാക്ഷി, പച്ചെത്താങ്, ഗാരി തുടങ്ങിയ ഗ്രാമങ്ങള്‍കൂടി കീഴടക്കി. പിറ്റേ ദിവസം റിഞ്ചനും സൈന്യവും ചെറുത്തുനില്‍പ്പുകള്‍ ഒന്നുമില്ലാതെയാണ് ടാക്ഷിയിലും ഥാങ്ങിലും എത്തിയത്. വീണ്ടും ഉത്തരദിക്കിലേക്ക് നീങ്ങി ബാള്‍ട്ടിക് പ്രവിശ്യ മുഴുവനായി കീഴടക്കാനായിരുന്നു റിഞ്ചന്റെ പദ്ധതി. എന്നാല്‍, അപ്പോഴേക്കും പാക് സൈന്യം വെടിനിര്‍ത്തലിനു സമ്മതിച്ചു. ഡിസംബര്‍ 17ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പോരാട്ടം അവസാനിപ്പിച്ചെങ്കിലും പിന്നെയും ആറു മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ് ഷിംലയില്‍വെച്ച് രണ്ടു രാജ്യങ്ങളും തമ്മില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിടുന്നത്. പക്ഷേ, തുര്‍തുക്ക് ഉള്‍പ്പെടെ പിടിച്ചെടുത്ത പ്രദേശങ്ങളൊന്നും തിരിച്ചുകൊടുക്കാന്‍ ഇന്ത്യ തയ്യാറായില്ല.
ഇന്ദിരാഗാന്ധിയും സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പിട്ട ആ സമാധാന ഉടമ്പടി തുര്‍തുക്കിലേയും മറ്റ് അതിര്‍ത്തി ഗ്രാമങ്ങളിലേയും മനുഷ്യരുടെ ജീവിതം അടിമുടി മാറ്റിമറിച്ചു. അവര്‍ ദയാരഹിതമായി വിഭജിക്കപ്പെട്ടു. ഉപ്പ പാകിസ്താനില്‍, ഉമ്മയും മക്കളും ഇന്ത്യയില്‍! കുടുംബത്തിലെ വരുമാനമുള്ള ഏക ആള്‍ ഇന്ത്യയില്‍, അയാളുടെ പ്രായമായ ഉമ്മയും വാപ്പയും പാകിസ്താനില്‍! അങ്ങനെ പല വഴിക്കവര്‍ ചിതറി. അലിക്കും വീട്ടുകാര്‍ക്കും അവരുടെ അമ്മാവനും മറ്റു കുടുംബക്കാരുമായുള്ള ബന്ധം എന്നത്തേക്കുമായി മുറിഞ്ഞുപോയി. ആശയവിനിമയത്തിനുള്ള വഴികളെല്ലാമടഞ്ഞ അവര്‍ക്ക് വീണ്ടും പരസ്പരം ജീവനോടെയുണ്ട് എന്ന് തിരിച്ചറിയുവാന്‍ തന്നെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു! പക്ഷേ, ബന്ധുക്കളെ കാണാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ക്ക് എന്നത്തേക്കുമായി അവസാനിപ്പിക്കേണ്ടിവന്നു. തന്റെ സഹോദരനെ അവസാനമായി കാണാന്‍ കഴിയാതെ മരിക്കേണ്ടിവന്ന വാപ്പയെ ഓര്‍ക്കുമ്പോള്‍ അലിക്ക് ഇന്നും കണ്ണ് നിറയും. 

അലിക്കിപ്പോള്‍ 55 വയസ്സുണ്ട്. യുദ്ധത്തിന്റെ നേരനുഭവമുണ്ടായ തലമുറ പതിയെ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറ അലി ഉള്‍പ്പെടെയുള്ളവരുടെ കഥകളിലൂടെയാണ് ചരിത്രമറിയുന്നത്. തന്റെ സംസാരത്തിലുടനീളം ഇന്ത്യന്‍ പട്ടാളക്കാരെക്കുറിച്ച് അലിക്ക് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അയാള്‍ ഇപ്പോള്‍ തുര്‍തുക്കിലെ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ ഉറുദു അദ്ധ്യാപകനാണ്. തുര്‍തുക്കിനെ യൂള്‍ എന്നും ഫാറൂള്‍ എന്നും രണ്ടായി തിരിക്കുന്ന തടിപ്പാലത്തിനു മറുകരയിലാണ് അയാളുടെ സ്‌കൂള്‍. യുദ്ധത്തെക്കുറിച്ചല്ലാതെ തന്റെ ഗ്രാമത്തെക്കുറിച്ച് വേറെയും ഒരുപാട് കാര്യങ്ങള്‍ അലിക്കു പറയാനുണ്ടായിരുന്നു.

ലഡാക്കിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുര്‍തുക്ക് ഒരു താണ പ്രദേശമാണ്. 2900 മീറ്ററില്‍ ഇവിടെ വേനല്‍ ചുട്ടുപൊള്ളും. അക്കാലങ്ങളില്‍ ഇറച്ചിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങളും യാക്ക് തൈരും മറ്റ് പാല്‍ ഉല്പന്നങ്ങളും കേടാകാതെ ഇരിക്കാന്‍ ഗ്രാമീണര്‍ക്ക് തനതായി ഉണ്ടാക്കിയ പാറകൊണ്ടുള്ള ഒരു ശീതീകരണ സംവിധാനമുണ്ട്. ബാള്‍ട്ടി ഭാഷയില്‍ ഇതിനെ നാങ്ജിങ് എന്നാണു പറയുന്നത്. അട്ടിയട്ടിയായി അടുക്കിയ പാറകള്‍ക്കിടയിലൂടെ തണുത്ത വായു സഞ്ചരിക്കുമ്പോഴാണ് ഇവരുടെ 'ഫ്രിഡ്ജ്' പ്രവര്‍ത്തനക്ഷമമാകുന്നത്. അലി ഇതിനെക്കുറിച്ചും ഞങ്ങളോടു പറഞ്ഞു.

തുർതുക്കിലെ ​ഗലി
തുർതുക്കിലെ ​ഗലി

തുര്‍തുക്ക് നിവാസികളുടെ മതവിശ്വാസത്തെക്കുറിച്ച് കൂടുതലറിയാന്‍ താല്പര്യമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ അലി വീണ്ടും പറഞ്ഞുതുടങ്ങി: 1617 നൂറ്റാണ്ടുകളില്‍ എപ്പോഴോ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ബാള്‍ട്ടികള്‍ പാകിസ്താനിലെ സ്‌കര്‍ദുവിലാണ് സാധാരണ താമസിക്കുന്നത്. സല്‍വാര്‍ കമ്മീസ് ധരിക്കുന്ന, ബാള്‍ട്ടി ഭാഷ സംസാരിക്കുന്ന ബാള്‍ട്ടിസ്താനിലെ ഇസ്‌ലാം മത വിശ്വാസികളോടാണ് തുര്‍തുക്കിലെ മനുഷ്യര്‍ക്ക് കൂടുതല്‍ സാമ്യം. അവര്‍ നൂര്‍ബക്ഷ്യ എന്ന സൂഫി പാരമ്പര്യം പിന്തുടരുന്നവരാണ്. പക്ഷേ, അവരുടെ പല ആചാരങ്ങളിലും ബുദ്ധമതത്തിന്റേയും അതിനും മുന്‍പ് ടിബറ്റില്‍ പ്രചാരത്തിലിരുന്ന 'ബോണ്‍' മതത്തിന്റേയും സ്വാധീനം കാണുവാന്‍ കഴിയും. 

ഇന്നത്തെ ടാജിക്കിസ്ഥാനില്‍ ഉടലെടുത്തുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു മതമാണ് ബോണ്‍. പേര്‍ഷ്യന്‍ സൂഫി കവിയും മതപ്രചാരകനുമായ സയിദ് അലി ഷാ ഹംദാനി ആണ് തുര്‍തുക്കില്‍ ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായിയായിരുന്ന സയിദ് മുഹമ്മദ് നൂര്‍ബക്ഷിന്റെ പിന്‍ഗാമികള്‍ എന്ന നിലയിലാണ് 'നൂര്‍ബക്ഷ്യ മുസ്‌ലിങ്ങള്‍' എന്ന് അവരെ വിളിക്കുന്നത്. എന്നാല്‍, പത്തൊന്‍പതാം നൂറ്റാണ്ടോടെ പലരും ഇസ്‌ലാമിലെ തന്നെ മറ്റു പല കൈവഴികളിലേക്കും മാറിയിട്ടുണ്ട് എന്നും അലി പറഞ്ഞു.

രാത്രി ഒരുപാട് വൈകിയെങ്കിലും അലി കഥപറച്ചില്‍ നിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. ജനാലയിലൂടെ കാരക്കോറം മലനിരകളുടെ നിലാവില്‍ കുളിച്ച ദൃശ്യം അതിമനോഹരമായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കെ2 ആ മലനിരകള്‍ക്ക് പിന്നിലെവിടെയോ ഒളിഞ്ഞുനില്‍പ്പുണ്ട്. തെളിഞ്ഞ ആകാശമുള്ള പകലില്‍ തുര്‍തുക്കില്‍നിന്നും നോക്കിയാല്‍ കെ2 കാണാം എന്ന് അലി പറഞ്ഞു. അപ്പോള്‍ ഞാന്‍ അലിയോട് കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചു ചോദിച്ചു. ശക്തമായ പോരാട്ടം നടന്ന സ്ഥലമായിരുന്നിട്ടും പട്ടാളം ഗ്രാമീണരെ ഒഴിപ്പിക്കാന്‍ പിന്നീടാണ് തീരുമാനിച്ചത്. അതിനു മുന്നേയുള്ള രാത്രികള്‍ ഭയാനകമായിരുന്നു.

'അന്ന് രാത്രി മുഴുവന്‍ ആകാശം കത്തുകയായിരുന്നു. ഇടതടവില്ലാതെ എയ്ത്തു നക്ഷത്രങ്ങള്‍ പാഞ്ഞുപോകും പോലെയാണു തോന്നിയത്. അവ പക്ഷേ, പീരങ്കി ഷെല്ലുകളായിരുന്നു. ഭീതിപ്പെടുത്തുന്ന കാഴ്ചയും അനുഭവവുമായിരുന്നു ഞങ്ങള്‍ക്കത്'  അലി പറഞ്ഞു.

ആ യുദ്ധത്തില്‍ ഗ്രാമത്തിലെ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മിക്കവര്‍ക്കും അവരുടെ കന്നുകാലികളെ നഷ്ടമായി. യുദ്ധത്തിനു മുന്നോടിയായി പാകിസ്താനില്‍നിന്നും ചിലര്‍ തുര്‍തുക്കിലെത്തി. അവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. അവ വീടുകളില്‍ ഒളിപ്പിക്കാന്‍ അവര്‍ ഗ്രാമവാസികളെ നിര്‍ബ്ബന്ധിച്ചു. പലതരം പ്രലോഭനങ്ങള്‍ നല്‍കിയും ചിലപ്പോഴൊക്കെ ഭീഷണികൊണ്ടുമാണ് അവര്‍ ഗ്രാമവാസികളെ അതിനു സമ്മതിപ്പിച്ചത്. പക്ഷേ, അത് ഇന്ത്യക്കെതിരെയുള്ള പടയൊരുക്കമാണ് എന്ന് തിരിച്ചറിഞ്ഞ ഗ്രാമീണര്‍ എതിര്‍ത്തു. മഞ്ഞുവീഴ്ച ആരംഭിച്ചപ്പോള്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്നും വന്നവര്‍ കാര്‍ഗിലിലെ പ്രധാന മലനിരകളില്‍ ഒക്കെ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലുള്ള ചിലരെ അന്ന് ഇന്ത്യന്‍ പട്ടാളം അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ, അവരുടെ നിരപരാധിത്വം തിരിച്ചറിഞ്ഞ സൈന്യം എല്ലാവരേയും വെറുതെ വിട്ടു. ജീവിതവും കയ്യില്‍പിടിച്ചുകൊണ്ട് തോക്കിന്‍മുനയില്‍ ജീവിക്കേണ്ടി വരുന്നതിന്റെ അനുഭവം ആരെക്കാളും നന്നായി തുര്‍തുക്കുകാര്‍ക്ക് അറിയാം. അവര്‍ക്കു വേണ്ടത് സമാധാനമാണ്. അല്ലെങ്കിലും യുദ്ധം ഭരണകൂടങ്ങളുടെ ആവശ്യമാണല്ലോ.

'അതിര്‍ത്തിയിലെ ജീവിതം കഠിനമാണല്ലേ?' ഞാന്‍ ചോദിച്ചു.

'പക്ഷേ, ഇത് ഞങ്ങളുടെ വീടാണ് മോനെ!' അലി പറഞ്ഞു. 'ഇവിടെ സൗകര്യങ്ങളുടെ കുറവ് മാത്രമാണ് പ്രശ്‌നം. പട്ടാളം പലതും ഞങ്ങള്‍ക്ക് ചെയ്തു തരുന്നുണ്ട്. ഒരു ആശുപത്രി ആവശ്യം വന്നാല്‍ അവരാണ് ഞങ്ങളെ കൊണ്ടുപോകുന്നത്. അങ്ങനെ പലതും. പക്ഷേ, ഞങ്ങള്‍ക്ക് വേറെ ചില കാര്യങ്ങള്‍ കൂടി വേണം, അതിര്‍ത്തിക്കപ്പുറത്തുള്ള ഞങ്ങളുടെ ഉറ്റവരോട് സംസാരിക്കാനുള്ള ഒരു സംവിധാനം. എല്‍.ഒ.സിക്ക് അരികില്‍ പൊതുവായുള്ള ഒരു സന്ദര്‍ശനസ്ഥലം ഉണ്ടാക്കാന്‍ ഇന്ത്യന്‍ പട്ടാളത്തിനു സമ്മതമാണ്; പക്ഷേ, പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ക്ക് ഞങ്ങളെ കാണണമെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും ഒക്കെ എടുത്ത് ദില്ലി വഴി മാത്രമേ ഇവിടെ എത്താന്‍ കഴിയൂ. ഞങ്ങള്‍ക്കും അങ്ങനെ തന്നെ. എത്ര ബുദ്ധിമുട്ടാണ് അതെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ. ഇതെല്ലാം ദാ, ആ മലകള്‍ക്കപ്പുറത്ത് അവരുള്ളപ്പോഴാണ് എന്നോര്‍ക്കണം!'

അലി അതിര്‍ത്തിയിലേക്കാണ് കൈ ചൂണ്ടിയിരുന്നത്. അയാളുടെ ചൂണ്ടുവിരലിനപ്പുറം ഇരുള്‍ നേരത്തെതന്നെ ചക്രവാളത്തില്‍ ചേക്കേറിയിരുന്നു. മങ്ങിയ ചന്ദ്രക്കല വാല്‍നട്ട് മരങ്ങള്‍ക്കും ആപ്രിക്കോട്ട് മരങ്ങള്‍ക്കുമിടയില്‍ പതുങ്ങിനിന്നിരുന്ന രാത്രിയുടെ കട്ടി കൂട്ടി. വെളിയില്‍ തണുപ്പിന്റെ മല്‍മല്‍കോട്ടണ്‍ ആരോ വിരിച്ചിട്ടിരുന്നു. ഇരുട്ടില്‍നിന്നും ഷയോക്കിന്റെ ദീര്‍ഘനിശ്വാസം കേള്‍ക്കുന്നുണ്ടോ? രാത്രി ഒരുപാട് വൈകി കഥകളെല്ലാം പറഞ്ഞുകഴിഞ്ഞ് അലി പോയപ്പോള്‍ ഞാന്‍ ആ ഗ്രാമത്തെക്കുറിച്ചാണ് ഓര്‍ത്തത്. 
ഖുര്‍ആനില്‍ മുഹമ്മദ് നബി വിഷാദത്തെ സൂചിപ്പിക്കാന്‍ 'ഹുസ്ന്‍' എന്ന വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒര്‍ഹാന്‍ പാമുക്ക് Istanbul: Memories and The Ctiy എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ആത്മീയമായ ഒരു നഷ്ടത്തെ കുറിക്കാനാണ് നബി ആ വാക്ക് ഉപയോഗിക്കുന്നത്. തന്റെ ഭാര്യയും അമ്മാവനും മരണപ്പെട്ട വര്‍ഷത്തെ 'സെനെത്ഉല്‍ഹുസ്ന്‍' എന്നാണ് നബി വിളിച്ചത്. നയനമനോഹരമായ ഭൂപ്രകൃതിയേയും സ്‌നേഹനിര്‍ഭരരായ മനുഷ്യരേയും മാറ്റിനിര്‍ത്തിയാല്‍ തുര്‍തുക്കും ഒരു വിഷാദിയാണെന്നെനിക്കു തോന്നി. അഗാധമായ ഒരു ആത്മീയ നഷ്ടം ആ ഗ്രാമത്തെ മൂടുന്നുണ്ട്. തുര്‍തുക്ക് വേര്‍പാടിന്റെ വലിച്ചുനീട്ടിയ ഒരു തന്ത്രിയാണ്. അത്രമേല്‍ ലോലമാകയാല്‍ ഇനിയൊരു യുദ്ധമാണ് അതില്‍ വായിക്കാവുന്ന ഏറ്റവും വിചിത്രവും ഭീകരവുമായ സംഗീതം.

നേരമൊരുപാട് വൈകിയിരിക്കുന്നു. നാളെ ഞങ്ങള്‍ തുര്‍തുക്കിനോട് വിടപറയും. നേരെ പോകേണ്ടത് ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന തടാകക്കരയിലേക്ക്, പാംഗോങ് സോയിലേക്കാണ്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com