നിയമ നിര്‍മ്മാണ രംഗത്ത് തേന്‍ കുപ്പിയിലെ വിഷ ദ്രാവകം

ജനാധിപത്യത്തിന്റെ താക്കോലിതാ രാജ്യത്തെ ഒരോ പൗരന്റേയും കരങ്ങളിലേല്പിക്കുന്നുവെന്നാണ് 2005-ല്‍ വിവരാവകാശ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് പച്ചൂരി പറഞ്ഞത്
നിയമ നിര്‍മ്മാണ രംഗത്ത് തേന്‍ കുപ്പിയിലെ വിഷ ദ്രാവകം

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ടെക്നോളജി മന്ത്രാലയം 2022 നവംബര്‍ 18-ന് പൊതു ജനാഭിപ്രായത്തിനായി പ്രസിദ്ധം ചെയ്ത 2022-ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിലെ 30(2) എ വകുപ്പനുസരിച്ച് 2005-ലെ വിവരാവകാശ നിയമത്തിലെ 8(1) (ജെ) വകുപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട ഭേദഗതി മൂലനിയമത്തെ ദുര്‍ബ്ബലമാക്കുകയും ഫലത്തില്‍ അറിയാനുള്ള അവകാശ നിയമം ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. സ്വകാര്യത മൗലികാവകാശമാണെന്നുള്ള സുപ്രീംകോടതി വിധിയുടെ മറവില്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കുന്ന നിയമഭേദഗതിയെന്ന വ്യാജേനയാണ് 2005-ലെ വിവരാവകാശ നിയമം എന്ന ജനപ്രിയ നിയമത്തെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. സ്വകാര്യത പരിരക്ഷിക്കാനുള്ള ഒരു നിയമഭേദഗതിയെന്ന തെറ്റിദ്ധാരണയിലാണ് നിര്‍ദ്ദിഷ്ട ഭേദഗതി ബില്ലിനെ സംബന്ധിച്ച് മാധ്യമങ്ങളുടെ പോലും വേണ്ടത്ര ശ്രദ്ധ നിര്‍ദ്ദിഷ്ട നിയമഭേദഗതി നിര്‍ദ്ദേശത്തിനു ശ്രദ്ധ പിടിച്ചുപറ്റാതെ പോയതെന്നു വേണം കരുതാന്‍. വിവരാവകാശ നിയമഭേദഗതി എന്നതിനു പകരം ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ എന്ന പേരില്‍ പ്രസിദ്ധം ചെയ്ത നിയമഭേദഗതി ഫലത്തില്‍ നിയമനിര്‍മ്മാണരംഗത്ത് തേന്‍കുപ്പിയിലെ വിഷദ്രാവകമാണെന്നു പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. 

മൂര്‍ച്ച നഷ്ടമാകുന്ന വജ്രായുധം

വളരെ നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ഭേദഗതി ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെടുന്ന ഏതൊരു പൗരനും പ്രാപ്യമാക്കുന്നത് മൂലം സ്വകാര്യത പരിരക്ഷിക്കാന്‍ ഉദ്ദേശ്യം വെച്ചുള്ളതെന്നാണ്  തെറ്റിദ്ധരിച്ചേക്കാം. കാരണം നിര്‍ദ്ദിഷ്ട ബില്ലിലെ 30(2) എ വകുപ്പനുസരിച്ച് വിവരാവകാശ നിയമം 8(1) (ജെ) വകുപ്പില്‍ വിവരിച്ച പ്രകാരം നിയമമനുസരിച്ച് എല്ലാ വ്യക്തിഗത വിവരങ്ങളും വിവരാവകാശ നിയമമനുസരിച്ച് പ്രാപ്യമാക്കുന്നതില്‍നിന്നും ഒഴിവാക്കപ്പെടുന്നുവെന്നാണ് വിവരിച്ചിരിക്കുന്നത്. എന്നാല്‍, നിര്‍ദ്ദിഷ്ട ഭേദഗതിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചാല്‍ ഫലത്തില്‍ വിവരാവകാശ നിയമമെന്ന പൗരന്റെ കൈകളിലെ മൂര്‍ച്ചയേറിയ വജ്രായുധത്തെ ഒരു തുണ്ടു കടലാസാക്കി മാറ്റുമെന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിന്റെ താക്കോലിതാ രാജ്യത്തെ ഒരോ പൗരന്റേയും കരങ്ങളിലേല്പിക്കുന്നുവെന്നാണ് 2005-ല്‍ വിവരാവകാശ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് പച്ചൂരി പറഞ്ഞത്. ലോകത്തിലെ 125 രാജ്യങ്ങളില്‍ പല പേരുകളിലായി പൗരന്മാര്‍ക്ക് അറിയാനുള്ള അവകാശ നിയമം നിലവിലുണ്ടെന്നാണ് യുനെസ്‌കൊ നടത്തിയ പഠനത്തില്‍നിന്നും വ്യക്തമാക്കപ്പെട്ടത്. ലോകത്തില്‍ ആദ്യമായി പൗരന്മാര്‍ക്ക് അറിയാനുള്ള അവകാശം നടപ്പിലാക്കിയത് 1766-ല്‍ സ്വീഡനിലായിരുന്നു. അത് രാജാവില്‍നിന്നും പ്രജകള്‍ക്കു വിവരമറിയാനുള്ള അവകാശമായിരുന്നു. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ അറിയാനുള്ള അവകാശം ഭരണഘടനാപരമായ ഒരു അവകാശമാണ്. ലോകത്തിലെ മറ്റേതൊരു രാജ്യത്തെ അറിയാനുള്ള അവകാശ നിയമത്തെക്കാളും ശക്തവും ഫലപ്രദവുമാണ് ഇന്ത്യയിലെ വിവരാവകാശ നിയമം. നിയമം 8 ഉപവകുപ്പനുസരിച്ച് പാര്‍ലമെന്റിനും നിയമസഭയ്ക്കും നിഷേധിക്കാന്‍ പറ്റാത്ത യാതൊരു വിവരവും യാതൊരു പൗരനും നിഷേധിക്കാന്‍ പാടില്ലയെന്നാണ് വ്യവസ്ഥ. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി പാര്‍ലമെന്റിലേയും നിയമസഭയിലേയും ചോദ്യോത്തര വേള തികച്ചും നിര്‍ജ്ജീവമായി എന്നാണ് മുന്‍ ലോകസഭ സ്പീക്കര്‍ പരേതനായ സോമനാഥ് ചാറ്റര്‍ജ്ജി ഒരിക്കല്‍ പറഞ്ഞത്. പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്കും നിയമസഭാസാമാജികന്മാര്‍ക്കും സഭാസമ്മേളനങ്ങള്‍ ചേരുമ്പോള്‍ മാത്രം ലഭിക്കുന്ന ഒരവകാശം, രാജ്യത്തില്‍ ഓരോ പൗരനും ആണ്ടില്‍ 365 ദിവസവും ലഭിക്കുന്നുവെന്നതാണ് വിവരാവകാശ നിയമം നമ്മുടെ രാജ്യത്തുണ്ടാക്കിയ മാറ്റം. ഫലത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി നമ്മുടെ ജനാധിപത്യ വ്യവസ്ഥ പ്രാതിനിധ്യ ജനാധിപത്യമെന്നതില്‍നിന്നും പങ്കാളിത്ത ജനാധിപത്യമാക്കി മാറ്റി എന്നതാണ് യാഥാര്‍ത്ഥ്യം. 

സോമനാഥ് ചാറ്റർജി
സോമനാഥ് ചാറ്റർജി

നിര്‍ദ്ദിഷ്ട ഭേദഗതി ആവശ്യമായി വന്ന സാഹചര്യം സംബന്ധിച്ച് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞുപരത്തുന്നത് നിലവിലുള്ള നിയമം 8(1) (ജെ) വകുപ്പനുസരിച്ച് വ്യക്തിയുടെ സ്വകാര്യതയ്ക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്തവിധം വിവരാവകാശ നിയമമനുസരിച്ച് സര്‍വ്വവിധ വ്യക്തിഗത വിവരങ്ങളും അനഭിലഷണീയമായവരുടെ കൈകളിലെത്തുന്നത് തടയാന്‍ ഇത്തരമൊരു ഭേദഗതി ആവശ്യമാണെന്നാണ്. എന്നാല്‍, ഇതു യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല; കാരണം ഏതെങ്കിലും പൗരനുമായി ബന്ധപ്പെട്ട വിവരവും വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ടിരിക്കുന്നിടത്തും അതിന്റെ വെളിപ്പെടുത്തല്‍ പൊതു താല്പര്യമായോ അല്ലെങ്കില്‍ പൊതു പ്രവര്‍ത്തനവുമായോ യാതൊരു ബന്ധവും ഇല്ലാത്തിടത്തും അല്ലെങ്കില്‍ വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്നുള്ളപ്പോഴും അത്തരത്തിലുള്ള വിവരത്തിന്റെ വെളിപ്പെടുത്തല്‍ നല്‍കേണ്ടതില്ലെന്നാണ് വ്യവസ്ഥ. വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച് നിലവിലെ നിയമത്തില്‍ ഇത്ര വ്യക്തമായ വ്യവസ്ഥ ഉണ്ടായിരിക്കെ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരില്‍ മറ്റൊരു നിയമഭേദഗതിയുടെ ആവശ്യകത എന്തെന്നതിനു കേന്ദ്ര സര്‍ക്കാറിനും നിയമഭേദഗതിയെ ന്യായീകരിക്കുന്നവര്‍ക്കും മറുപടിയില്ല. ഇനി മൂന്നാം കക്ഷിയുടെ വിവരമാണ് നിലവിലെ നിയമം അനുസരിച്ച് ആവശ്യപ്പെടുന്നതെങ്കിലും നിയമത്തില്‍ പരിരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ വിവരം ആവശ്യപ്പെട്ടാല്‍ തക്കതായ അധികാര സ്ഥാനത്തിനു ഭൂരിപക്ഷ പൊതു താല്പര്യം അത്തരം വിവരത്തിന്റെ വെളിപ്പെടുത്തല്‍ ആവശ്യപ്പെടുന്നു എന്നു ബോദ്ധ്യപ്പെടുന്നുവെങ്കില്‍ അല്ലാതെ മൂന്നാംകക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുന്നു എന്നുള്ള വാണിജ്യ രഹസ്യത്തിന്റേയും വ്യാപാര രഹസ്യത്തിന്റേയും ഭൗതിക സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരത്തിന്റെ വെളിപ്പെടുത്തലും വിവരവകാശ നിയമം 8(1) (ഇ) ഉപവകുപ്പനുസരിച്ച് വിവരം നല്‍കുന്നതില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്. ഇനി കസ്റ്റംസ്, നര്‍ക്കോട്ടിക്ക് സെല്‍, പൊലീസ് എന്നീ കേസന്വേഷണ ഏജന്‍സിക്കു കുറ്റകൃത്യം നടന്നത് സംബന്ധിച്ച് വിവരം നല്‍കിയ ഏതെങ്കിലും മൂന്നാംകക്ഷിയെ തിരിച്ചറിയുന്നത് സംബന്ധിച്ച വിവരം അത്തരം വിവരം നല്‍കിയ വ്യക്തികളുടെ ജീവിതസുരക്ഷയെ ബാധിക്കും എന്നതിനാല്‍ വിവരാവകാശ നിയമം 8(1) (ജി) അനുസരിച്ച് വിവരത്തിന്റെ വെളിവാക്കല്‍ ഒഴിവാക്കിയിട്ടുള്ളതാണ്. 

വിവരാവകാശനിയമം 8(2) ഉപവകുപ്പനുസരിച്ച് 1923-ലെ ഔദ്യോഗിക രഹസ്യനിയമം അനുസരിച്ചു നല്‍കാന്‍ പാടില്ലാത്ത വിവരവും 8(1) ഉപവകുപ്പില്‍പ്പെടുത്തി പൗരനു പ്രാപ്യമല്ലെന്നു വിവരിച്ചു നല്‍കുന്നതില്‍നിന്നും ഒഴിവാക്കപ്പെട്ട ഭാരതത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും രാജ്യത്തിന്റെ സുരക്ഷിതത്വത്തേയും തന്ത്രപ്രാധാന്യത്തേയും ശാസ്ത്രീയവുമായ താല്പര്യത്തേയും വിദേശ രാജ്യവുമായുള്ള ബന്ധത്തെ ഹാനീകരമായി ബാധിക്കുന്നതും അല്ലെങ്കില്‍ ഒരു കുറ്റകൃത്യത്തിനു പ്രേരണ നല്‍കുന്നതുമായ വിവരങ്ങളും ഏതെങ്കിലും കോടതിയാലോ ട്രൈബ്യൂണല്‍ ഉത്തരവ് മൂലമോ ആയതിന്റെ പ്രസിദ്ധീകരണം പ്രത്യക്ഷമായി നിരോധിച്ച വിവരങ്ങളോ വിശ്വാസാധിഷ്ഠിതമായ ബന്ധത്തിന്മേല്‍ ഏതെങ്കിലും ഒരു വ്യക്തിക്കു ലഭ്യമായ വിവരമോ വിദേശ സര്‍ക്കാരില്‍നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരമോ അന്വേഷണത്തിന്റേയോ കുറ്റവാളിയുടെ അറസ്റ്റിനേയോ പ്രോസിക്യൂഷന്‍ നടപടിയെ തടസ്സപ്പെടുത്താന്‍ ഇടയുള്ള വിവരമെന്നു കരുതുന്ന വിവരമോ സാധാരണഗതിയില്‍ നല്‍കാന്‍ പാടില്ല എന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും വിവരം പൗരനു നല്‍കുന്നത് സംരക്ഷിത താല്പര്യങ്ങള്‍ക്കുള്ള ദോഷത്തെക്കാള്‍ ഉപരിയാണ് വെളിപ്പെടുത്തലിലുള്ള പൊതുതാല്പര്യം എങ്കില്‍ ഒരു പൊതു അധികാര സ്ഥാനത്തിനുമേല്‍ വിവരിച്ച മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ടാല്‍ നല്‍കാവുന്നതാണെന്ന നിലവിലെ നിയമവ്യവസ്ഥയില്‍നിന്നുതന്നെ വിവരം നല്‍കാനുള്ള പരമപ്രധാന അളവുകോല്‍ പൊതുതാല്പര്യം ആണെന്ന് വളരെ വ്യക്തമാണ്. 

നിര്‍ദ്ദിഷ്ട ഭേദഗതി നിയമമായി കഴിഞ്ഞാല്‍ പൊതു അധികാരസ്ഥാനത്തുള്ള ഏത് വിവരവും എത്ര വലിയ പൊതുതാല്പര്യം ഉണ്ടായാലും 'വ്യക്തിഗത വിവരം' എന്ന ഗണത്തില്‍പ്പെടുത്തി നിഷേധിക്കാന്‍ അവസരമൊരുക്കും. ഉദാഹരണമായി കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കിടേഷ് നായക്കിനു ലഭിച്ച വിവരമനുസരിച്ച് പ്രധാന്‍മന്ത്രി കിസാന്‍ സ്‌കീം പ്രകാരം അനര്‍ഹരായ 20.48 ലക്ഷം പേര്‍ക്ക് 1,364 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആസ്സാം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് അനര്‍ഹര്‍ ഏറെയും വ്യാജരേഖകള്‍ ഹാജരാക്കി തങ്ങളുടെ കൈവശത്തില്‍ ഹെക്ടര്‍ ഭൂമിയുണ്ടെന്നു കാണിച്ച പണം തട്ടിയെടുത്തതായി കണക്കാക്കുന്നത്. നിര്‍ദ്ദിഷ്ട ഭേദഗതി നിയമമായാല്‍ പണം തട്ടിയെടുത്ത അനര്‍ഹരായവരുടെ പേരുവിവരം ആവശ്യപ്പെട്ടാല്‍ 'വ്യക്തിഗത വിവരം' എന്ന കാരണത്താല്‍ നിഷേധിക്കപ്പെടും. അതുവഴി പൊതുഖജനാവിലെ പണം തട്ടിയെടുത്ത ലക്ഷക്കണക്കിനു അനര്‍ഹര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍നിന്നും രക്ഷപ്പെടും.

വ്യാജ മെഡിക്കല്‍, എന്‍ജിനീയറിങ്ങ് ബിരുദങ്ങളുപയോഗിച്ച് സര്‍ക്കാര്‍ ജോലിയില്‍ കയറിപ്പറ്റിയവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റാവശ്യപ്പെട്ടാലും 'വ്യക്തിഗത വിവരത്തിന്റെ' പരിരക്ഷയില്‍ രക്ഷപ്പെടും. അയോഗ്യരായ വ്യാജ ബിരുദമുപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ മൂലം നടന്ന മരണം, അനര്‍ഹരായ ബിരുദധാരികള്‍ നിര്‍മ്മിച്ച പാലങ്ങള്‍ തകര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ എന്നീ പൊതുതാല്പര്യങ്ങള്‍ നിര്‍ദ്ദിഷ്ട ഭേദഗതി നിയമമായാല്‍ മറച്ചുവെയ്ക്കപ്പെടും  നിര്‍ദ്ദിഷ്ട ഭേദഗതിയില്‍ 'വ്യക്തിഗതവിവരം' എന്നത് നിര്‍വ്വചിച്ചിട്ടില്ലാത്തിടത്തോളം അഴിമതിക്കാരായ മന്ത്രിമാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നീ സമൂഹത്തിന്റെ നാശത്തിനുവേണ്ടി നിലനില്‍ക്കുന്ന 'പൊതു സേവകരെ' എല്ലാ അര്‍ത്ഥത്തിലും പരിരക്ഷിക്കപ്പെടുന്ന നിയമമായി ഭേദഗതി മാറും. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയുള്ള അച്ചടക്കനടപടിക്കടിസ്ഥാനമായ ഫയല്‍ക്കുറിപ്പുകളും 'വ്യക്തിഗതവിവരമായി' വ്യാഖ്യാനിച്ച് വെളിച്ചം കാണാതിരുന്നാല്‍ അഴിമതിക്കാര്‍ പുതിയ ഭേദഗതിയോടെ പരിപൂര്‍ണ്ണമായി പരിരക്ഷിക്കപ്പെടും. 

നിയമം പാസ്സാക്കി നടപ്പിലാക്കിയ കാലത്ത് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിലെ ഒരു വിഭാഗം പ്രബല ഉദ്യോഗസ്ഥ ലോബി നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ തീവ്രശ്രമം നടത്തിയിരുന്നുവെങ്കിലും പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടേയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്നീട് ആ നീക്കങ്ങള്‍ യു.പി.എ സര്‍ക്കാറിന് ഉപേക്ഷിക്കേണ്ടിവന്നത്. 'ഫയല്‍ കുറിപ്പുകള്‍ക്ക്' ഉള്ള നിര്‍വ്വചനത്തില്‍ സാമൂഹ്യവും വികസനവും സംബന്ധിച്ച ഫയല്‍കുറിപ്പുകള്‍ എന്നാക്കി ചുരുക്കിക്കൊണ്ടുള്ളതായിരുന്നു ആദ്യത്തെ ഭേദഗതി നീക്കം. പിന്നീട് വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലുകള്‍ അപ്പീലന്യായക്കാരന്റെ മരണത്തോടുകൂടി അവസാനിച്ചു എന്ന ഭേദഗതി നിരവധി വിവരാവകാശ പ്രവര്‍ത്തകന്മാരുടെ ദുരൂഹ മരണത്തോടുകൂടി രൂക്ഷമായ എതിര്‍പ്പുണ്ടാകുകയും പിന്നീട് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഉപേക്ഷിക്കുകയുമാണുണ്ടായത്. 

ഡോ. മൻമോഹൻ സിങ്
ഡോ. മൻമോഹൻ സിങ്

പാര്‍ലമെന്റിനും നിയമസഭയ്ക്കും നിഷേധിക്കാനാവാത്ത യാതൊരു വിവരവും പൗരന്‍ ആവശ്യപ്പെട്ടാല്‍ നിഷേധിക്കാന്‍ ആവില്ലെന്ന നിലവിലെ നിയമം 8 ഉപവകുപ്പ് നിലനിര്‍ത്തിക്കൊണ്ട് വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന ഭേദഗതി പരസ്പര വിരുദ്ധമായിരിക്കും. ഇനി പാര്‍ലമെന്റിനും നിയമസഭയ്ക്കും നിഷേധിക്കാനാവാത്ത വിവരം പൗരനു നിഷേധിക്കാനാവില്ലെന്ന 8 ഉപവകുപ്പ് ഭേദഗതിയില്‍ കൂടി എടുത്തുമാറ്റിയാല്‍ ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്യപ്പെടും. കാരണം ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനപ്രതിനിധികള്‍ അവരുടെ ഏജന്റുമാരാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് പൊതുജന താല്പര്യം ഉള്‍പ്പെട്ട ഏതൊരു വിവരവും അറിയാന്‍ അവകാശമുണ്ട്. ആയതുകൊണ്ടുതന്നെ നിര്‍ദ്ദിഷ്ട ഭേദഗതി ഫലത്തില്‍ മൂലനിയമത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം എന്ന വിവരാവകാശത്തിന്റെ പ്രായോഗിക ഭരണക്രമം പ്രതിപാദിക്കുന്നതിനും പൊതു അധികാര സ്ഥാനങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ പൗരന്മാര്‍ക്കു വിവരം പ്രാപ്യമാക്കുന്നതിനായും ഓരോ പൊതു അധികാരസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുന്നതിനുമായുള്ളതെന്ന ലക്ഷ്യത്തെ തകര്‍ക്കുന്നതാണ്. പൊതു അധികാര സ്ഥാനത്തിരിക്കുന്ന സ്ഥാനീയന്റെ വ്യക്തിഗത വിവരങ്ങള്‍ പൊതുഖജനാവിലെ പണവുമായും പൊതുജന താല്പര്യവുമായും ബന്ധപ്പെട്ടതാണെങ്കില്‍ സംരക്ഷിത താല്പര്യത്തെക്കാള്‍ മുന്‍തൂക്കം പൊതുതാല്പര്യത്തിനു നല്‍കിക്കൊണ്ട് വിവരം ലഭിക്കുവാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന നിര്‍ദ്ദിഷ്ട ഭേദഗതി പൊതുസമൂഹം ശക്തിയുക്തം ചെറുത്തു പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു. 

(ലേഖകന്‍ മുന്‍ കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ & മുന്‍ കേരള ലോകായുക്ത സ്‌പെഷല്‍ അറ്റോര്‍ണിയാണ്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com