നാണം കുണുങ്ങിയായ പക്ഷികളെപ്പോലെ വളരെ സൗമ്യസാന്ദ്രമായിരുന്നു കെ.കെ. നീലകണ്ഠന്റേയും ജീവിതം  

ഒച്ചയും ബഹളവുമില്ലാതെ, പ്രകടനങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ തന്റെ കര്‍മ്മം ചെയ്ത് തീര്‍ക്കുന്ന ശീലക്കാരന്‍. കര്‍മ്മം ചെയ്യുക ഫലം ഇച്ഛിക്കരുതെന്ന ഗീതാവചനം ജീവിതത്തിന്റെ മുദ്രയാക്കിയ വ്യക്തിത്വം
നാണം കുണുങ്ങിയായ പക്ഷികളെപ്പോലെ വളരെ സൗമ്യസാന്ദ്രമായിരുന്നു കെ.കെ. നീലകണ്ഠന്റേയും ജീവിതം  

ക്ഷികള്‍ കൂടൊരുക്കുന്ന സമയത്ത് അവയെ പഠിക്കാനാണ് കെ.കെ. നീലകണ്ഠന്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് തന്റെ സൈ്വരമായ ജീവിതത്തേയും തൊഴിലിനേയും കാര്യമായി ബാധിക്കാതെ തന്നെ പക്ഷി പഠനം നടത്താന്‍ കഴിയുമെന്നതാണ്. കൂടൊരുക്കുന്ന കാലത്ത് പക്ഷികള്‍ കൂട്ടിലും പരിസരത്തും എപ്പോഴും കാണും സമയം കിട്ടുമ്പോഴൊക്കെ കൂട്ടിനരികില്‍ ചെന്ന് നിരീക്ഷിക്കേണ്ടതായെ വരുന്നുള്ളൂ. പക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ചു പഠിക്കാനായിരുന്നു അദ്ദേഹത്തിന് ഏറെ താല്പര്യം. സാധാരണ നമ്മള്‍ കാണുന്ന പക്ഷികളുടെപോലും ജീവിതരഹസ്യങ്ങളൊന്നും അത്രകണ്ട് സാധാരണമായിരുന്നില്ലെന്ന് ഓര്‍ക്കുമ്പോഴാണ് കെ.കെ. നീലകണ്ഠന്റെ ഈ രംഗത്തുള്ള സംഭാവനയുടെ മൂല്യം നമ്മള്‍ തിരിച്ചറിയുന്നത്. കരിക്കൊച്ച (black bittern), നീലമാറന്‍കുളക്കോഴി (Stay-breasted Rail), തീപ്പൊരിക്കണ്ണന്‍ (Water -Cocks) തുടങ്ങിയ പക്ഷികളെക്കുറിച്ചുള്ള കെ.കെ. നീലകണ്ഠന്റെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അവയുടെ സന്താനോല്പാദനത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങളെ നമ്മുടെ പക്കലുണ്ടായിരുന്നുള്ളൂ.

നെല്ല് വിളഞ്ഞുകിടക്കുന്ന വയലുകളിലും പുഴകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും തീരത്തുള്ള കുറ്റിക്കാട്ടിലും ഒളിഞ്ഞുകഴിയുന്ന പക്ഷികളാണ് മഴക്കൊച്ചയും കരിങ്കൊച്ചയും. ഇവ ഞാറവര്‍ഗ്ഗക്കാരാണ്. മഴക്കൊച്ച ആകപ്പാടെ ചെമ്പിച്ച തവിട്ടുനിറക്കാരാണ്. എന്നാല്‍, കരിക്കൊച്ച പേരു സൂചിപ്പിക്കുന്നതുപോലെ കറുമ്പനാണ്. കഴുത്ത് ഇരുഭാഗത്തും നേര്‍ത്ത് ഓറഞ്ച് നിറത്തില്‍ വീതിയുള്ള പട്ടകള്‍ താഴോട്ടിറങ്ങി കിടക്കുന്നുണ്ടാവും. മുന്‍കഴുത്തും മാറിടവും കാവിനിറവും മഞ്ഞയും ഇടകലര്‍ന്നിരിക്കും. പൂവനാണ് ശോഭ കൂടുതല്‍. ഇരുണ്ട കൈതക്കാട്ടിലാണ് കരിങ്കൊച്ചകളെ കൂടുതലായി കാണാറുള്ളത്. പൊന്തകളിലാണ് ഇവയുടെ കൂടൊരുക്കല്‍. കൈതയോല, വള്ളിത്തണ്ട്, ചെറിയ ചുള്ളി എന്നിവകൊണ്ടാണ് കൂടൊരുക്കുക. ഒരുതവണ മൂന്ന് നാലു മുട്ടകളാണിടുക. കെ.കെ. നീലകണ്ഠന്റെ പഠനം നാണം കുണുങ്ങിയായ കരിങ്കൊച്ചകളെക്കുറിച്ച് ധാരാളം പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചു. കാവുകളിലും കുറ്റിക്കാട്ടിലും കുളക്കരയിലെ ചതുപ്പിലുമൊക്കെ സാധാരണ കാണുന്ന പക്ഷിയാണ് കുളക്കോഴി. ഇവയുടെ ബന്ധുവാണ് തീപ്പൊരിക്കണ്ണന്‍. പൂവന്‍ ആകെ കറുത്തിട്ടായിരിക്കും. കൊക്കും കണ്ണും തലയ്ക്കുമീതെ ഉയര്‍ന്നു നില്‍ക്കുന്ന പൂവും ചുവപ്പ്. കാലുകളും ചുവന്നിട്ടാണ്. മറ്റു കാലത്ത് പൂവന്‍ തവിട്ടുനിറത്തിലായിരിക്കും. പൂവിനു പകരം ഒരു മഞ്ഞപ്പൊട്ടു കാണാം. പിടയ്ക്ക് പൂവുണ്ടാവില്ല. ഇവ ഏതുകാലത്തും തവിട്ടുനിറത്തില്‍ തന്നെ. ഇവയെക്കുറിച്ചുള്ള കെ.കെ. നീലകണ്ഠന്റെ പഠനം ശ്രദ്ധേയമായിരുന്നു. 

തീപ്പൊരി കണ്ണന്‍ കൂടൊരുക്കുന്ന കാലത്ത് വയല്‍വരമ്പുകളിലൂടെ ഓടിനടക്കുകയും ഇടയ്ക്കിടെ ഉച്ചത്തില്‍ കരയുകയും ചെയ്യും. ആണ്‍പക്ഷികളാണ് ഇങ്ങനെ കിടന്ന് ബഹളം വയ്ക്കുക. കൊക്‌കൊക്‌കൊക് എന്നു തുടങ്ങുന്ന പാട്ട് ഉഡും..ഉഡും..ഉഡും എന്ന് ഉടുക്കുകൊട്ടുന്നതുപോലെയാണ് മുഴങ്ങുകയെന്ന് കെ.കെ. നീലകണ്ഠന്‍ എഴുതിയിട്ടുണ്ട്. നീലമാറന്‍ കുളക്കോഴിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ശാസ്ത്രലോകത്തു ശ്രദ്ധിക്കപ്പെട്ടു. പക്ഷികള്‍ കൂടൊരുക്കുന്ന കാലത്ത് അവയെ തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്ന നീലകണ്ഠന്‍ പക്ഷികളുടെ കൂടുനിര്‍മ്മിതിയുടെ വൈവിധ്യത്തെക്കുറിച്ചും പഠിച്ചിരുന്നു. നമുക്ക് ചുറ്റും കാണുന്ന പക്ഷികളൊക്കെ എത്ര വൈവിധ്യമാര്‍ന്ന രീതിയില്‍ കൂടൊരുക്കുന്ന പക്ഷികളാണ്! എത്ര കരകൗശല വൈവിധ്യമുള്ളയാള്‍ക്കും തൂക്കണാംകുരുവിയുടേതുപോലൊരു കൂട് ഉണ്ടാക്കാനാവുമെന്നു തോന്നുന്നില്ല. നാരുകൊണ്ട് അറയും ഇടനാഴിയും തള്ളക്കിളി അടയിരിക്കുന്ന അറയ്ക്കുമുന്നില്‍ പടിപ്പുരയുമൊക്കെ നിര്‍മ്മിച്ചിട്ടുള്ള കൂടൊരു ശില്പകലയാണ്. രണ്ടും മൂന്നും അറകള്‍ ഒന്നിനുമുകളില്‍ മറ്റൊന്നായി നിര്‍മ്മിച്ചിട്ടുള്ള കൂടുകളും സാധാരണമാണ്. ഇങ്ങനെയുള്ള കൂടുകളില്‍ ഇടനാഴി വഴിയല്ലാതെ മുകളിലത്തെ അറകളിലേക്ക് കിളികള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക ദ്വാരം ഉണ്ടാക്കിയതും കണ്ടിട്ടുണ്ട്. തൂക്കണാംകുരുവികളുടെ കൂട്ടില്‍ ചെളിമണ്ണ് കൊണ്ടുവന്ന് ഒട്ടിച്ചുവയ്ക്കുന്ന ശീലവും കാണാം. വേഴാമ്പലുകളുടെ കൂട് നിര്‍മ്മിതിയെ കുറിച്ച് നീലകണ്ഠന്‍ എഴുതുന്നത് ഇങ്ങനെ:

'ഇണചേര്‍ന്നു കഴിഞ്ഞാല്‍ പിടപ്പക്ഷി പ്രകൃത്യാ ഉള്ള ഒരു വൃക്ഷ കോടരത്തിനകത്തു കടന്ന് ഗുഹാമുഖത്തെ സ്വന്തം പുരീഷം കൊണ്ട് അടയ്ക്കുന്നു. ഇതില്‍ നടുക്ക് ലംബമായ ഒരു വിടവുമാത്രം തുറന്നിരിക്കും. പിന്നീട് കുറെ ആഴ്ചകള്‍ കഴിഞ്ഞേ സ്വമേധയാ കാരഗൃഹവാസിയായിത്തീര്‍ന്ന പിടപ്പക്ഷി പുറത്തുവരുകയുള്ളൂ. അക്കാലമത്രയും അവള്‍ക്കും മുട്ടകള്‍ വിരിഞ്ഞ ശേഷം കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം കൊണ്ടുവന്നു കൊടുക്കുന്നത് ആണ്‍പക്ഷിയാണ്. കുഞ്ഞുങ്ങള്‍ക്ക് തൂവല്‍ മുളച്ചു കഴിഞ്ഞാല്‍ തള്ളപ്പക്ഷി കോടരത്തിന്റെ അടപ്പു പൊളിച്ച് പുറത്തുവരും. ഉടനെ തന്നെ വീണ്ടും ഗുഹാമുഖത്തെ അടയ്ക്കും. അതിനുശേഷം കുഞ്ഞുങ്ങള്‍ പ്രായമാകുന്നതുവരെ പൂവനും പിടയും സഹകരിച്ച് കുഞ്ഞുങ്ങളെ തീറ്റും. വായ അടക്കുന്നത് കൂട് ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാനും ശത്രുക്കള്‍ എളുപ്പത്തില്‍ കൂട്ടിനുള്ളിലേക്ക് കടക്കാതിരിക്കാനുമാണ്.'

സ്വന്തമായി കൂടൊരുക്കാതെ മറ്റു ജീവികളുടെ കൂടുകള്‍ കയ്യേറി കൂടൊരുക്കുന്ന പക്ഷികളുണ്ട്. ചെമ്പന്‍ മരംകൊത്തി ഇത്തരത്തില്‍പ്പെട്ട ഒരു പക്ഷിയാണ്. കാട്ടില്‍ കാണുന്ന ഒരു ജാതി ഉറുമ്പിന്‍ കൂടുകളിലാണിവ മുട്ടയിടുന്നത്. ഉറുമ്പുകള്‍ കൂട്ടില്‍ കഴിയുമ്പോള്‍ തന്നെയാണിങ്ങനെ അവയുടെ കൂട് കയ്യേറുന്നത്. ഉറുമ്പുകള്‍ എന്തുകൊണ്ടാണ് ചെമ്പന്‍ മരംകൊത്തിയേയും മുട്ടയേയും നശിപ്പിക്കാത്തതെന്നത് അത്ഭുതകരമാണ്. ഒരു കൂട്ടില്‍ കഴിയുന്ന ഉറുമ്പുകള്‍ക്കെല്ലാം ഒരേ മണമാണെന്നും അതേ മണം തന്നെ ചെമ്പന്‍ മരം കൊത്തിക്കും മുട്ടയ്ക്കും ഉള്ളതുകൊണ്ടാണത് ആക്രമിക്കപ്പെടാത്തതെന്നുമാണ് കരുതപ്പെടുന്നത്. ഉറുമ്പുകള്‍ ശത്രുക്കളെയും ഭക്ഷണസാധനങ്ങളേയും തിരിച്ചറിയുന്നത് അവയുടെ ഘ്രാണശക്തികൊണ്ടാണ്.

തെങ്ങോലയും പുല്ലും വള്ളിത്തണ്ടുകളുംകൊണ്ട് ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത മുളങ്കൂട്ടത്തിലോ കുറ്റിച്ചെടിയിലോ കൂടൊരുക്കുന്ന പക്ഷിയാണ് ഉപ്പന്‍ (crow pheasant). ഉമിനീരും ചെറിയ കച്ചിത്തുരുമ്പും പക്ഷിത്തൂവലും ഒക്കെ ചേര്‍ത്ത് കൂട് ഒരുക്കുന്നവരാണ് ശരപ്പക്ഷികള്‍ (swift) ഇതേക്കുറിച്ച് നീലകണ്ഠന്‍ എഴുതിയത് ഇങ്ങനെ:

'അമ്പലം ചുറ്റി (House Swift) കൂടുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ തൂവലുകളും മറ്റുമാണ്. ഇതൊക്കെ കാറ്റില്‍ പാറിവരുമ്പോള്‍ പക്ഷി പറന്നുകൊണ്ടു തന്നെയാണ് ശേഖരിക്കുന്നത്. ഈ സാമഗ്രികളെ വരയന്‍ കത്രിയെപ്പോലെ തന്നെ കെട്ടിടങ്ങളിലും പാലങ്ങള്‍ക്കിടയിലും പാറക്കെട്ടുകളിലും പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് സ്വന്തം ഉമിനീരാണ്. അസാധാരണ പശിമയുള്ള ഈ ദ്രാവകം ഉണങ്ങുമ്പോള്‍ വജ്രപ്പശപ്പോലെ വര്‍ത്തിക്കുന്നു. പനങ്കൂളന്‍ (palmswift) എന്ന ശരപ്പക്ഷി ചെറുതൂവലുകളും അപ്പൂപ്പന്‍താടിയും മറ്റും ആകാശത്തില്‍നിന്നു തന്നെ ശേഖരിച്ച് പിടിപ്പിക്കും. നമ്മുടെ തള്ളവിരലോളം മാത്രം വലുപ്പമുള്ള ഈ കൂട് നേരെ താഴോട്ട് തൂങ്ങിക്കിടക്കുന്ന ഓലയുടെ ഉള്‍വശത്താണ് ഉറപ്പിക്കുക. ഇതില്‍ നിക്ഷേപിക്കുന്ന രണ്ടു മുട്ടകളേയും ഉമിനീരുപയോഗിച്ചു തന്നെയാണ് ഉറപ്പിക്കുന്നത്. ഉമിനീരുകൊണ്ട് കൂടുകെട്ടുന്ന ഈ വര്‍ഗ്ഗക്കാര്‍ക്കിടയില്‍ അതിസമര്‍ത്ഥന്‍ ചിത്രകൂടന്‍ എന്ന ശരപ്പക്ഷിയാണ്. (Edible -net-swiftlet) അതിന്റെ കൂട്ടില്‍ തൊണ്ണറുശതമാനത്തിലേറെ കട്ടപിടിച്ച ഉമിനീരു തന്നെയായിരിക്കുമത്രെ. ഈ കൂടുകള്‍കൊണ്ടാണ് ചൈനക്കാര്‍ അമൃതതുല്യമെന്നു ഗണിക്കുന്ന ഒരുതരം സൂപ്പുണ്ടാക്കുന്നത്.'

എന്നാല്‍, ചിലജാതി പക്ഷികള്‍ കൂടുകെട്ടുന്ന സ്വഭാവക്കാരല്ല. രാച്ചുക്കു (Night jars), ചിലജാതി കടല്‍പ്പറവകള്‍ എന്നിവ വെറും നിലത്താണ് മുട്ടയിടുന്നത്. എന്നാല്‍, ആറ്റുമണല്‍ കോഴികളും ചെങ്കണ്ണിതിത്തിരിയും മഞ്ഞക്കണ്ണി തിത്തിരിയുമൊക്കെ നിലത്ത് ചെറിയ തോതില്‍ ചില കല്ലുകളൊക്കെ വച്ചാണ് കൂടുണ്ടാക്കുന്നത്. മുട്ട ഉരുണ്ടുപോകാതിരിക്കാനാവണം കല്ലുകൊണ്ടുള്ള അടവയ്പ്. ഇവയുടെ കൂടുകളൊക്കെ നിരീക്ഷിക്കാനും അതൊക്കെ ഡോക്യുമെന്ററിയാക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്. മുങ്ങാങ്കോഴിയും (Little Grebs) താമരക്കോഴികളുമൊക്കെ ജലാശയങ്ങളിലെ ചണ്ടികളും മറ്റും ഉപയോഗിച്ച് കൂടുണ്ടാക്കുന്നവരാണ്. മരത്തിലുള്ള മാളങ്ങളില്‍ കൂടൊരുക്കുന്ന പക്ഷികളാണ് മാടത്ത (Common Myna), കിന്നരി മൈന (Jungle Myna), ഉപ്പൂപ്പന്‍ (Hoopoe), പുള്ളിനത്ത് (Spotted O wlet) തുടങ്ങിയ പക്ഷികള്‍. മണ്ണ് തുരന്ന് അവിടെ മുട്ടയിടുന്ന പക്ഷികളാണ് പൊന്‍മാനുകള്‍ (മീന്‍കൊത്തികള്‍ – Kingfisher). ഇങ്ങനെ പക്ഷികളുടെ കൂടൊരുക്കലുകളെക്കുറിച്ചു തന്നെ വളരെയധികം കാര്യങ്ങള്‍ അറിയാനുണ്ട്. കെ.കെ. നീലകണ്ഠന്‍ പക്ഷിക്കൂടുകളെ സംബന്ധിച്ചും പുതുതായി ധാരാളം വിവരങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുകയുണ്ടായി.

നാകമോഹൻ/ ഫോട്ടോ: സിജി അരുൺ
നാകമോഹൻ/ ഫോട്ടോ: സിജി അരുൺ

പക്ഷി പഠനങ്ങള്‍

കെ.കെ. നീലകണ്ഠന്റേതായി 114 വിശദമായ പക്ഷി പഠനങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതില്‍ 5 എണ്ണം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബോംബെ നാച്ച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ളവ സമാന സ്വഭാവമുള്ള ബാംഗ്ലൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ് ലെറ്റര്‍ ഫോര്‍ ബേര്‍ഡ് വിച്ചേഴ്‌സിലൂടെയാണ് പുറത്തുവന്നത്. 

നാണം കുണുങ്ങിയായ പക്ഷികളെപ്പോലെ വളരെ സൗമ്യസാന്ദ്രമായിരുന്നു കെ.കെ. നീലകണ്ഠന്റേയും ജീവിതവുമെന്ന് പറയാം. ഒച്ചയും ബഹളവുമില്ലാതെ, പ്രകടനങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ തന്റെ കര്‍മ്മം ചെയ്ത് തീര്‍ക്കുന്ന ശീലക്കാരന്‍. കര്‍മ്മം ചെയ്യുക ഫലം ഇച്ഛിക്കരുതെന്ന ഗീതാവചനം ജീവിതത്തിന്റെ മുദ്രയാക്കിയ വ്യക്തിത്വം. അദ്ധ്യാപകനെന്ന നിലയിലും കുടുംബനാഥനെന്ന നിലയിലും അദ്ദേഹം വിരാജിച്ചിരുന്ന സര്‍വ്വമേഖലയിലും ഒരു അടുക്കും ചിട്ടയും കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധവച്ചിരുന്നു. അമിത ബഹളം വിദ്യാര്‍ത്ഥികളില്‍ നിന്നായാലും ബന്ധുക്കളില്‍ നിന്നായാലും അദ്ദേഹം സഹിച്ചിരുന്നില്ല. തന്നെപ്പോലെ ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണമായ ആത്മാര്‍ത്ഥത എല്ലാവരില്‍നിന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഒഴിവു ദിവസങ്ങളിലും നീലകണ്ഠന് ഒഴിവുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആവശ്യമായ നോട്ടുകള്‍ ഓരോ തവണയും പുതുക്കി എഴുതുകയെന്നതില്‍ കൃത്യനിഷ്ഠയുള്ള ആളായിരുന്നു. അദ്ദേഹം ഇതൊക്കെ വീട്ടിലിരുന്നാണ് ചെയ്യുക. വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പറുകളും നോക്കണം. പുസ്തകവായനയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കും. നാട്ടിലെ പ്രധാന വിനോദമായ സിനിമയില്‍ യാതൊരു കമ്പവും അദ്ദേഹത്തിനുണ്ടായിരുന്നില്ല; അഥവാ ഉണ്ടായിരുന്നെങ്കില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളോടു മാത്രം.

ത്യാഗരാജസ്വാമികളുടെ കൃതികളോട് വല്ലാത്തൊരു അഭിനിവേശം കെ.കെ. നീലകണ്ഠനുണ്ടായിരുന്നു. എപ്പോഴും അദ്ദേഹം മൂളിനടന്നിരുന്ന ഒരു കീര്‍ത്തനം എന്തരോ മഹാനുഭാവുലു അന്തരിഗീ വന്ദനമുലു (എല്ലാ മഹാനുഭാവന്മാരേയും ഞാന്‍ വന്ദിക്കുന്നു) എന്നു തുടങ്ങുന്ന പ്രസിദ്ധ കീര്‍ത്തനമായിരുന്ന ഈ കീര്‍ത്തനം അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ പ്രതിഫലം കൂടിയായിരുന്നു. മുതിര്‍ന്നവരോടും ജ്ഞാനികളോടും വലിയ ആദരവോടെ മാത്രമെ കെ.കെ. നീലകണ്ഠന്‍ പെരുമാറിയിരുന്നുള്ളൂ. 

പക്ഷികളുടെ ശബ്ദത്തെക്കുറിച്ച് അദ്ദേഹം പഠിച്ചിരുന്നു. കാക്കകള്‍ ഏതാണ്ട് 18 തരത്തില്‍ ശബ്ദിക്കാറുണ്ടെന്ന് നമ്മളില്‍ എത്രപേര്‍ക്കാണ് അറിയുക. ചെമ്പന്‍ നത്ത് (Brown Hawkowl) പുള്ളുനത്ത് (Jungle owlet), കാടുമുഴക്കി (Greater Racket -tailed Drogo) എന്നിവയുടെ ശബ്ദവിന്യാസങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം വിശദമായി എഴുതി. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ കമ്പം പക്ഷികളുടെ ശബ്ദങ്ങളെക്കുറിച്ചു പഠിക്കുന്നതിനും ഏറെ സഹായിച്ചു. കെ.കെ. നീലകണ്ഠന്‍ പക്ഷികളെക്കുറിച്ചെഴുതുമ്പോഴൊക്കെ അതിന്റെ ശബ്ദങ്ങളും പ്രത്യേകമായി അടയാളപ്പെടുത്താറുണ്ട്. ഉദാഹരണം തത്ത ചിന്നനെ (Indian lorikeet) കുറിച്ച് എഴുതിയതു നോക്കുക. 'മഴ തുടങ്ങിയാലുടനെ നമ്മുടെ വളപ്പുകളില്‍ ചീചീചീ എന്നൊക്കെ ചൂളം വിളി കേട്ടു തുടങ്ങും. നേരിയതെങ്കിലും മണ്ണട്ടയുടേതുപോലെ ചെവി തുളയ്ക്കുന്ന ശബ്ദമാണത്. വളരെ ധൃതിയില്‍ ചീ... ചീ... ശബ്ദം മൂന്നാവര്‍ത്തിച്ചുകൊണ്ട് തത്ത ചിന്നന്മാര്‍ തെങ്ങുകളിലും മറ്റും കിടന്നുകളിക്കും. പക്ഷികളുടെ ശബ്ദമാണ് ആദ്യം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുക.'

1979 ഒക്‌ടോബര്‍ 21ന് തിരുവനന്തപുരത്ത് സൈലന്റ് വാലി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധ ജാഥ കെ.കെ. നീലകണ്ഠന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. കേരള നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. കെ.കെ. നീലകണ്ഠന്റെ ശിഷ്യരും ആരാധകരുമാണ് അദ്ദേഹത്തിനോടൊപ്പമുള്ളത്. വി.ജെ.ടി ഹാളില്‍ സൈലന്റ് വാലി പ്രൊജക്ട് ഏരിയ ആക്ടിനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ നോട്ടീസില്‍ ഡോ. സാലിം അലി സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി. (K.S.E.B)യുടെ ഹര്‍ജിയില്‍ കോടതി സെമിനാര്‍ നിരോധിച്ചു. ഇതിനെതിരെ എല്ലാവരും കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടി ഒരു ജാഥ സംഘടിപ്പിച്ചു. സര്‍ക്കാരിന്റേയും കോടതിയുടേയും സൈലന്റ് വാലിയോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ചാണ് ജാഥ. പ്രതിഷേധ ജാഥ മുന്നോട്ടുപോകുമ്പോള്‍ പാതയോരത്തെ മരക്കൊമ്പില്‍നിന്ന് ഒരു പക്ഷിയുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങി. അതു ശ്രദ്ധിച്ചുകൊണ്ട് കെ.കെ. നീലകണ്ഠന്‍ തന്റെ അരികിലുണ്ടായിരുന്ന ശിഷ്യനോട് ചോദിച്ചു: ഏതു പക്ഷിയുടെ ശബ്ദമാണെന്നറിയാമോ? അപ്രതീക്ഷിതമായ സാറിന്റെ ചോദ്യത്തില്‍ ശിഷ്യന്‍ ഒന്നു പകച്ചു. ഇങ്ങനെ എപ്പോള്‍ വേണമെങ്കിലും ശിഷ്യര്‍ക്കു നേരെ അദ്ദേഹം ചോദ്യമെറിഞ്ഞിരുന്നു.

കുട്ടികളുമായുള്ള യാത്രകള്‍

സുഹൃത്തുകളും മറ്റും അയയ്ക്കുന്ന കത്തുകളിലെ പ്രകൃതിനിരീക്ഷണം സംബന്ധമായ വിവരങ്ങള്‍ വര്‍ഷവും ദിവസവും കുറിച്ചു കൃത്യമായി തന്റെ ഡയറിയില്‍ രേഖപ്പെടുത്തി കെ.കെ. നീലകണ്ഠന്‍ വയ്ക്കുമായിരുന്നു. വേണ്ടപ്പെട്ടവര്‍ക്ക് കത്തെഴുതുമ്പോള്‍ അതില്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളുമൊക്കെ വരച്ചുചേര്‍ക്കുന്ന ശീലക്കാരനായിരുന്നു അദ്ദേഹം. കളിയും തമാശയും കാര്യവും ഒക്കെ ഇടകലര്‍ത്തിയുള്ള കെ.കെ. നീലകണ്ഠന്റെ കത്തുകള്‍ വിലപിടിച്ച ജീവിതനിരീക്ഷണങ്ങളും പ്രകൃതിനിരീക്ഷണങ്ങളും ഉള്‍പ്പെട്ടവയാണ്. 

ജനിച്ചുവളര്‍ന്ന നാടിന്റെ പ്രശാന്തമായ ചുറ്റുപാടുകളെ അദ്ദേഹം ഇഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് ജീവിച്ച നാടെന്ന നിലയില്‍ ആ പ്രകൃതിയോടും പരിസരത്തോടും ഗൃഹാതുരമായൊരു സ്‌നേഹം അദ്ദേഹം ഉള്ളില്‍ സൂക്ഷിച്ചു. അവിടുത്തെ ശാന്തത മലിനപ്പെടുന്നത് അദ്ദേഹം സഹിച്ചിരുന്നില്ല. മതത്തെക്കുറിച്ച് കാഴ്ചപ്പാടിങ്ങനെ അദ്ദേഹം രേഖപ്പെടുത്തുന്നു: 'ഞാന്‍ ഒരു ഹിന്ദുവാണ്. ബഹുസഹസ്രം ദേവന്മാരേയും ദേവിമാരേയും പൂജിക്കുന്ന സമുദായത്തില്‍ ജനിച്ച് ഇന്നും ഹൈന്ദവാനുഷ്ഠാന മുറകള്‍ തുടര്‍ന്നുപോരുന്ന എന്നോട് ആരെങ്കിലും നിങ്ങള്‍ ഏതു ദൈവത്തെയാണ് ആത്മാര്‍ത്ഥതയോടെ ആരാധിക്കുന്നത് എന്നു ചോദിച്ചാല്‍ ഒട്ടും ശങ്കിക്കാതെ 'പ്രകൃതിയെ' എന്നാണ് ഞാന്‍ ഉത്തരം പറയുക.' കെ.കെ. നീലകണ്ഠന്‍ ശരിയായ തരത്തിലുള്ള ഒരു പ്രകൃതി ആരാധകനായിരുന്നുവെന്ന് ഈ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. സസ്യഭക്ഷണം മാത്രമേ അദ്ദേഹം കഴിച്ചിരുന്നുള്ളു. കാലത്ത് ദോശ, ഇഡ്ഡലി ഇതിലേതെങ്കിലും ഒന്ന് രുചിയുള്ള ചമ്മന്തിയോ സാമ്പാറോ കൂട്ടി കഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് ചോറും സാമ്പാറും തൈരും രസവും തൊടുകറികളും ഒക്കെ കൂട്ടിയുള്ള ഊണിനോടാണ് പ്രിയം. രാത്രി ചപ്പാത്തിയും ഒഴിക്കാനെന്തെങ്കിലും കറിയും. ഇതായിരുന്നു പതിവ് ശീലം. ഇടയ്ക്കിടയ്ക്ക് കാപ്പികുടിക്കുന്ന ശീലക്കാരനായിരുന്നു. 

സാലിം അലിയെപ്പോലെ നര്‍മ്മപ്രിയനായിരുന്നു കെ.കെ. നീലകണ്ഠനും. സന്ദര്‍ഭത്തിനനുസരിച്ച് ഫലിതരൂപേണ കാര്യം പറയാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. കുട്ടികള്‍ മണ്ണില്‍ കളിക്കുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

'കുട്ടികള്‍ മണ്ണില്‍ കിടന്ന് ആവശ്യത്തിനു കളിക്കട്ടെ. ദേഹത്ത് മണ്ണ് പുരണ്ടെന്നു കരുതി അവര്‍ക്കൊരു ദോഷവും വരില്ല. എന്നാല്‍ ഗുണമുണ്ട് താനും. അവര്‍ കളി കഴിഞ്ഞു വന്നാല്‍ ഒന്നു കുളിപ്പിച്ചാല്‍ മാത്രം മതിയാകും.' ഇതായിരുന്നു ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട്. കുട്ടികളെ അടുത്തു കിട്ടിയാല്‍ അവരുമായി പ്രകൃതിരമണീയമായ നാട്ടിടവഴികളിലൂടെയും മരങ്ങള്‍ നിറഞ്ഞ ഒറ്റയടിപാത വഴിയോ പാടവരമ്പിലൂടെയോ ഒരു നടത്തമുണ്ട്. ചുറ്റുപാടുകളെ സസൂക്ഷ്മം നിരീക്ഷിച്ചുള്ള ഈ നടത്തം കുട്ടികളില്‍ പ്രകൃതിയെക്കുറിച്ച് വലിയ അറിവുകള്‍ പകര്‍ന്നു നല്‍കാനുള്ള സുവര്‍ണ്ണാവസരമായാണ് അദ്ദേഹം കണ്ടിരുന്നത്. പാടത്തെ വരമ്പില്‍നിന്ന് മണ്ണിരകളെ ഇളക്കി അവര്‍ക്ക് കാട്ടിക്കൊടുക്കും. മണ്ണിരകള്‍ എങ്ങനെയാണ് കര്‍ഷക മിത്രങ്ങളാകുന്നതെന്ന് പറഞ്ഞുകൊടുക്കും. അവയുടെ ജീവിതക്രമം മനസ്സിലാക്കി കൊടുക്കും. 

കുട്ടിക്കാലത്ത് നമ്മുടെ മനസ്സില്‍ ഉറയ്ക്കുന്ന കാര്യങ്ങള്‍ കല്ലില്‍ കൊത്തിയതുപോലെ ജീവിതാവസാനം വരെ അവിടെയുണ്ടാകും. പ്രായം കൂടുന്തോറും കുട്ടിക്കാല ഓര്‍മ്മകള്‍ കൂടുതല്‍ തെളിമയോടെ വരുന്നത് ഇതുകൊണ്ടു കൂടിയാവാം. രവീന്ദ്രനാഥ ടാഗോര്‍ 'എന്റെ കുട്ടിക്കാലം' എന്ന ബാല്യകാല സ്മരണകള്‍ എഴുതിയത് അദ്ദേഹത്തിന്റെ എണ്‍പതാമത്തെ വയസ്സിലായിരുന്നു. കുട്ടിക്കാലത്ത് നമ്മളെ സ്വാധീനിക്കുന്ന ആശയങ്ങളും സംഭവങ്ങളും ഒരിക്കലും മനസ്സില്‍നിന്നു മായില്ല. കുട്ടിക്കാലത്തുതന്നെ ചുറ്റുപാടുകളേയും സഹജീവികളേയും ഇഷ്ടപ്പെടുന്ന ഒരു കുട്ടി മുതിരുമ്പോള്‍ ഒരു പ്രകൃതി സംരക്ഷകനോ പ്രകൃതിശാസ്ത്രജ്ഞനോ ആകാനുള്ള സാധ്യത വളരെയധികമുണ്ട്. ഡോ. സാലിം അലിയും ഈ രഹസ്യം മനസ്സിലാക്കിയിരുന്നു. സാലിം അലി കുട്ടിക്കാലത്തുത്തന്നെ പ്രകൃതിനിരീക്ഷണത്തിലേക്ക് ആകര്‍ഷിച്ച പലരും പിന്നീട് വലിയ പ്രകൃതിശാസ്ത്രജ്ഞരായി മാറുകയുണ്ടായി. പള്ളിക്കൂടത്തിലുള്ള പഠനംപോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പ്രകൃതിനിരീക്ഷണവും. സ്വയം നിരീക്ഷിച്ചുണ്ടാക്കുന്ന അറിവിന് മാറ്റ് കൂടും. ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കിയതിനാലാണ് കെ.കെ. നീലകണ്ഠന്‍ കുട്ടികളെ പ്രകൃതിസ്‌നേഹത്തിലേക്ക് ആകര്‍ഷിച്ചത്. അതിനു കിട്ടുന്ന ഏത് അവസരവും അദ്ദേഹം പ്രയോജനപ്പെടുത്തി. ഇംഗ്ലീഷ് പ്രൊഫസര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുമായി നിരന്തരം ഇടപെടേണ്ടതായി വരുന്ന നീലകണ്ഠന്‍ അവരെ പ്രകൃതിസ്‌നേഹത്തിന്റെ മഹത്തായ പാതയിലേക്ക് അവരറിയാതെ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ പരിശ്രമിച്ചിരുന്നു. 

'പ്രകൃതിസ്‌നേഹം മനുഷ്യരില്‍ അന്തര്‍ലീനമാണെന്നും പുഷ്ടിപ്പെടുത്തി നല്ല വഴിക്കു തിരിച്ചു വിട്ടാല്‍ അത് അവന് കേവലം വിനോദമോ സന്തോഷമോ മാത്രമല്ല, അളവില്ലാത്തവിധത്തില്‍ വിജ്ഞാനവും പ്രദാനം ചെയ്യുമെന്ന' വിശ്വാസക്കാരനായിരുന്നു കെ.കെ. നീലണ്ഠന്‍.

'ദേഹത്തിന്റെ പുഷ്ടിക്ക് നല്ല ഭക്ഷണമെന്നപോലെ മനുഷ്യന്റെ മാനസികവും ആത്മീയവുമായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ചില പോഷകാഹാരങ്ങള്‍ അത്യന്താപേക്ഷിതമാണ്. സൗന്ദര്യബോധം, കലാവാസന, പ്രകൃതിസ്‌നേഹം എന്നിവയെല്ലാം ഈ കൂട്ടത്തില്‍പ്പെടും' പക്ഷികളുടെ അത്ഭുതപ്രപഞ്ചം എന്ന കൃതിയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ചൊട്ടയിലെ ശീലം ചുടലവരെയെന്ന തത്ത്വം അറിയാമായിരുന്നതുകൊണ്ടു കൂടിയാവും തന്റെ മുന്നിലെത്തുന്ന ഏതു കുട്ടിയേയും പ്രകൃതിസ്‌നേഹത്തിലേക്ക് ആകര്‍ഷിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധവച്ചത്. കെ.കെ. നീലകണ്ഠന്റെ എഴുത്തുശൈലി തന്നെ കുട്ടികളേയും മുതിര്‍ന്നവരേയും ഒരേപോലെ ആകര്‍ഷിക്കുന്ന തരത്തിലാണ്. കൃഷ്ണപ്പരുന്തിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: 'ശുഭശകുനം മഹാവിഷ്ണുവിന്റെ വാഹനം. സാധാരണ കാണുന്ന പരുന്തുകള്‍ക്കിടയില്‍ അതിസുന്ദരന്‍. ചക്കി പരുന്തിന്റെ വലുപ്പം. തടിച്ചുരുണ്ട ദേഹത്തിലെ പ്രധാന നിറങ്ങള്‍ തൂവെള്ളയും കടുത്ത കാവിവര്‍ണ്ണവും. പൂവനും പിടയും കാഴ്ചയ്ക്ക് ഒരുപോലിരിക്കും. പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞുങ്ങള്‍ക്ക് കടുത്ത തവിട്ടുനിറമാണ്. ഇവ ചക്കിപ്പരുന്തിനെപ്പോലിരിക്കും. പക്ഷേ, വാലില്‍ വെട്ടു കാണില്ല.'

ഇതു വായിക്കുന്ന ആള്‍ കൃഷ്ണപ്പരുന്തിനെ ഒരിക്കലും മറക്കില്ല. ഇങ്ങനെ പക്ഷികളെ പരിചയപ്പെടുത്താന്‍ ഒരാള്‍ നമുക്കുണ്ടായി എന്നതാണ് മലയാള ഭാഷയുടെ ഭാഗ്യം. നാട്ടുവിശ്വാസവും പുരാണപരാമര്‍ശവും പക്ഷിയെ ഓര്‍ത്തുവെയ്ക്കാന്‍ ഏറെ സഹായകരവുമാണ്. ഇങ്ങനെ ഏതൊരു മലയാളിയുടേയും മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന രചനാശൈലിയാണ് കെ.കെ. നീലകണ്ഠന്റേത്. അദ്ദേഹത്തിന്റെ എഴുത്തിന്റെ ഈ പ്രത്യേകത കൊണ്ടുകൂടിയാവാം പക്ഷി നിരീക്ഷണം കേരളത്തില്‍ ഒരു ജനകീയ ശാസ്ത്രശാഖയായി വളരെ വേഗം വികസിച്ചതെന്നു കരുതാം. 

പശ്ചിമഘട്ട മലനിരകളില്‍നിന്ന് അറബിക്കടലിലേക്ക് ചാഞ്ഞുകിടക്കുന്ന ചെറിയൊരു ഭൂപ്രദേശമാണ് കേരളമെങ്കിലും പക്ഷി സമ്പന്നതയുടെ കാര്യത്തില്‍ കേരളം വളരെ മുന്‍പിലാണ്. ഏതാണ്ട് 518ലധികം ജാതി പക്ഷികള്‍ കേരളത്തില്‍ ജീവിക്കുന്നുണ്ടെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന മലനിരകളും നിത്യഹരിത വനങ്ങളും തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും പുഴകളും വയലുകളും പാറക്കെട്ടുകളും വരണ്ട പ്രദേശങ്ങളും ഇലപൊഴിക്കും കാടുകളും വിശാലമായ കടലോരവും ഒക്കെയുള്ളതാവാം പക്ഷികളുടെ ഈ വൈവിധ്യത്തിനു കാരണം. ഇഷ്ടം പോലെ പക്ഷികള്‍ ഇവിടെ ജീവിക്കുന്നുണ്ടെങ്കിലും അവയൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുകയോ അവയ്ക്കു പേരുകള്‍ നല്‍കുന്നതിനോ ഒന്നും പരിശ്രമങ്ങള്‍ മുന്‍പിവിടെ നടന്നതായി അറിവില്ല. മലയാള ഭാഷയില്‍ വളരെക്കുറച്ചു പേരുകള്‍ മാത്രമെ പക്ഷികള്‍ക്കുണ്ടായിരുന്നുള്ളൂ. ഇതിനര്‍ത്ഥം പക്ഷികളുടെ ഇടയിലെ ജാതി വ്യത്യാസമൊന്നും ആരും ഗൗരവമായി ഇവിടെ പരിഗണിച്ചിരുന്നില്ലെന്നു തന്നെയാണ്. ബ്രിട്ടീഷുകാരാണ് കേരളത്തില്‍ കാണുന്ന പക്ഷികളെ വര്‍ഗ്ഗീകരിക്കാന്‍ പരിശ്രമങ്ങള്‍ തുടങ്ങിവച്ചത്. ഇന്ത്യയിലെ പക്ഷികളെക്കുറിച്ച് ആദ്യമായൊരു പുസ്തകം എഴുതിയ ടി.സി. ജര്‍ഡന്‍ 18471851 കാലത്ത് കണ്ണൂരിലെ തലശ്ശേരിയില്‍ താമസിക്കുന്ന കാലത്ത് മലബാറില്‍ പക്ഷികളെ നിരീക്ഷണം നടത്തിയിരുന്നു. 'ബേര്‍ഡ്‌സ് ഓഫ് ഇന്ത്യ' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ രചനയ്ക്ക് മലബാറില്‍ നടത്തിയ പഠനങ്ങളും സഹായിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ മ്യൂസിയം ഡയറക്ടര്‍ ആയിരുന്ന എച്ച്.എസ്. ഫെര്‍ഗസന്‍ (Fergson), ലെഫ്. കേണല്‍. എച്ച്.ആര്‍. ബേക്കര്‍ ലെഫ്. കേണല്‍ ഫിസിഷിയന്‍ അദംസ്, ഡേവിസന്‍, മോര്‍ഗണ്‍ എന്നിവരും ചില പഠനങ്ങളൊക്കെ നടത്തി. 

എന്നാല്‍, ഡോ. സാലിം അലി 1933ല്‍ നടത്തിയ തിരുകൊച്ചി പക്ഷിസര്‍വ്വേ കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ചു. 'ബേര്‍ഡ്‌സ് ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചി' എന്ന പേരില്‍ ഇതു പുസ്തകമാക്കുകയും പിന്നീട് 'ബേര്‍ഡ്‌സ് ഓഫ് കേരള' എന്ന പേരില്‍ പുതിയ പതിപ്പിറക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ ഒരു ചെറു ന്യൂനപക്ഷത്തെ മാത്രമേ സ്വാധീനിച്ചിരുന്നുള്ളൂ. കെ.കെ. നീലകണ്ഠന്റെ പക്ഷി എഴുത്താണ് പക്ഷിനിരീക്ഷണത്തെ ഒരു ജനകീയ ശാസ്ത്രമാക്കി ഇവിടെ മാറ്റിയത്. ഇന്ന് കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാല്‍ പക്ഷിനിരീക്ഷകരുടേതായ ചെറുസംഘങ്ങളെ കാണാനാവും. പക്ഷികളെക്കുറിച്ച് മറ്റൊരു ഇന്ത്യന്‍ ഭാഷയ്ക്കും അവകാശപ്പെടാനാവാത്തവിധം പുസ്തകങ്ങള്‍ നിരന്തരം മലയാള ഭാഷയില്‍ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷിവിജ്ഞാനത്തില്‍ ഈ അടുത്തകാലത്തുണ്ടായ ഈ വമ്പിച്ച കുതിച്ചുചാട്ടത്തിന് നമ്മള്‍ കെ.കെ. നീലകണ്ഠനോട് കടപ്പെട്ടിരിക്കുന്നു. 

കെകെ നീലകണ്ഠൻ ഭാര്യ
പാർവതിയോടൊപ്പം

ജന്മനാട്ടിലേക്ക് മടക്കം

1986ലാണ് ദീര്‍ഘകാലത്തെ തിരുവനന്തപുരം വാസം അവസാനിപ്പിച്ച് കെ.കെ. നീലകണ്ഠന്‍ ജന്മനാട്ടിലേക്ക് മടങ്ങിയത്. കാവശ്ശേരിയിലെ ഗ്രാമ പ്രകൃതിയോടുള്ള ഗൃഹാതുരമായ ഓര്‍മ്മകളാണ് കെ.കെ. നീലകണ്ഠനെ തിരികെ അവിടെയെത്തിച്ചത്. കാവശ്ശേരിയിലെ ഓരോ തുണ്ടുഭൂമിയും മരങ്ങളും കല്ലും കെട്ടിടങ്ങളും കുളവും പുഴയും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. കാവശ്ശേരിയില്‍ അപരിചിതമായൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പുതിയ മനുഷ്യരുണ്ടായിട്ടുണ്ടാവും. അപൂര്‍വ്വമായി പുതിയ ചില കെട്ടിടങ്ങള്‍ വന്നിരിക്കാം. ഗായത്രിപ്പുഴ അതുപോലെ തന്നെയുണ്ട്. പരക്കാട് ഭഗവതിക്കാവിന് കാര്യമായ മാറ്റമില്ല. പൂരങ്ങളൊക്കെ അതുപോലെ നടക്കുന്നുണ്ട്. തന്നെ താനാക്കി മാറ്റിയ കാവശ്ശേരിയില്‍ത്തന്നെ ശിഷ്ടകാലം ജീവിക്കാന്‍ കെ.കെ. നീലകണ്ഠന്‍ തീരുമാനിച്ചു. മികച്ച ആശുപത്രികളും മറ്റ് അനവധി കാര്യങ്ങളും തിരുവനന്തപുരത്തുണ്ടായിട്ടും അതിനെക്കാളൊക്കെ തനിക്ക് പ്രിയപ്പെട്ടത് തന്റെ ഗ്രാമസൗകുമാര്യങ്ങളാണെന്ന് ആ പ്രകൃതി ഉപാസകന്‍ ചിന്തിക്കുക സ്വാഭാവികം മാത്രം. ഭാരതപ്പുഴയുടെ പ്രധാന കൈവഴികളിലൊന്നായ ഗായത്രിപ്പുഴയോരങ്ങളിലൂടെ സായാഹ്ന നടത്തം അദ്ദേഹം ആസ്വദിച്ചിരുന്നു. ഗായത്രിപ്പുഴയോട് വൈകാരികമായൊരു അടുപ്പം കെ.കെ. നീലകണ്ഠനുണ്ടായിരുന്നു. കുട്ടിക്കാലത്ത് പക്ഷികളെ നോക്കിനടന്ന പുഴയോരമാണിത്. ഭാരതപ്പുഴയുടെ നാലു പ്രധാന കൈവഴികളിലൊന്നാണിത്. കണ്ണാടിപ്പുഴ, കല്‍പ്പാണിപ്പുഴ, തൂതപ്പുഴ, ഗായത്രിപ്പുഴ എന്നിവയില്‍ ഗരിമ ഗായത്രിപ്പുഴയ്ക്കു തന്നെ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ പുഴയാണിത്. ആനമലയില്‍ നിന്നുത്ഭവിച്ച് കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, വഴി മായന്നൂരില്‍ ചെന്ന് ഭാരതപ്പുഴയോട് ചേരും. ധാരാളം ജാതി പക്ഷികളുടെ ആവാസകേന്ദ്രമാണ് ഇവിടം. ചിങ്ങനിലാവ് കാവശ്ശേരിയെ ചന്ദനം പൂശിയെടുക്കുമ്പോള്‍ പുഴയൊന്നാകെ സുവര്‍ണ്ണ പ്രകൃതിയില്‍ മുങ്ങും. ഇതൊക്കെ കണ്ടും കേട്ടും കെ.കെ. നീലകണ്ഠന്‍ കാവശ്ശേരിയില്‍ ഓര്‍മ്മകള്‍ അയവിറക്കി ജീവിച്ചു. ഇതിനിടയില്‍ ഗൗരവമായൊരു ജോലികൂടി അദ്ദേഹം ഏറ്റെടുത്തിരുന്നു. ഡോ. സാലിം അലിയുടെ 'ബേര്‍ഡ്‌സ് ഓഫ് കേരള'യില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പക്ഷികളെ ഉള്‍പ്പെടുത്തി അതിന്റെ പുതുക്കിയ ഒരു പതിപ്പ് കെ.കെ. നീലകണ്ഠന്റെ സ്വപ്‌നമായിരുന്നു. ഇക്കാര്യം കെ.കെ. നീലകണ്ഠന്‍ സാലിം അലിക്ക് എഴുതി. എന്നാല്‍, കെ.കെ. നീലകണ്ഠന്റെ പക്ഷിവിജ്ഞാനത്തില്‍ നല്ല മതിപ്പുണ്ടായിരുന്ന സാലിം അലി അദ്ദേഹത്തോട് സ്വതന്ത്രമായൊരു ഇംഗ്ലീഷ് പുസ്തകം എഴുതാന്‍ നിര്‍ദ്ദേശിച്ചു. 1990 മുതല്‍ രണ്ടു വര്‍ഷം എ ബുക്ക് ഓഫ് കേരളാബേര്‍ഡ്‌സ് (A book of Kerala Birds) എന്ന പുസ്തകത്തിന്റെ രചനയ്ക്കായാണ് അദ്ദേഹം ചെലവഴിച്ചത്. ഇതിനിടയ്ക്ക് കെ.കെ. നീലകണ്ഠനെ തേടി തേന്‍കൊതിച്ചിപ്പരുന്ത് (crested honey buzzard) എന്ന കാട്ടുപക്ഷിയെത്തി. കെ.കെ. നീലകണ്ഠന്‍ താമസിക്കുന്ന വീട്ടുമുറ്റത്തെ ഒരു മാവിന്‍കൊമ്പില്‍ അപൂര്‍വ്വമായ ഈ കാട്ടുപക്ഷി കൂടൊരുക്കാന്‍ ആരംഭിച്ചു. 1959ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍വെച്ച് ഒരു തേന്‍കൊതിച്ചിപ്പരുന്തിനെ അതിന്റെ പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനൊപ്പം കെ.കെ. നീലകണ്ഠന്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍, ഈ പക്ഷിയെക്കുറിച്ച് കാര്യമായി പഠിക്കാന്‍ നീലകണ്ഠനു കഴിഞ്ഞിരുന്നില്ല.

'തേന്‍കൊതിച്ചി കേരളത്തില്‍ സ്ഥിരവാസിയാണോ ശരത്കാല അതിഥി മാത്രമാണോ എന്നുള്ളത് ഇന്നും സംശയാസ്പദമാണ്. പക്ഷേ, പ്രത്യേകിച്ചും നമ്മുടെ മലപ്രദേശങ്ങളില്‍ ചില കാലത്തെങ്കിലും ഇതിനെ പതിവായി കാണാറുണ്ട്. സാധാരണ ഈ പരുന്ത് ഒറ്റയ്ക്ക് ഉയരെ ചിറകടിക്കാതെ വട്ടമിട്ടു പറക്കുന്നതാണു കാണുക. പക്ഷേ, പെരിയാര്‍ വന്യമൃഗ സങ്കേതത്തില്‍ രണ്ടുമൂന്നെണ്ണം ഒരു മരത്തില്‍ത്തന്നെ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.' (കേരളത്തിലെ പക്ഷികള്‍) കേരളത്തിലെ പക്ഷികളിലെ തേന്‍കൊതിച്ചിപ്പരുന്ത് എന്ന അദ്ധ്യായത്തില്‍ ഇവയെ തിരിച്ചറിയുകതന്നെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. തേന്‍ കൊതിച്ചിപ്പരുന്തുകള്‍ എല്ലാം ഒരേ നിറക്കാരാവണമെന്നില്ല. അതുകൊണ്ട് ഇവയെ വളരെ സൂക്ഷിച്ചുവേണം തിരിച്ചറിയേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇങ്ങനെയൊക്കെ ദുരൂഹമായ ഒരു പക്ഷി വീട്ടുമുറ്റത്തെ മാവിന്‍കൊമ്പില്‍ കൂടൊരുക്കാന്‍ എത്തിയാല്‍ കെ.കെ. നീലകണ്ഠനെപ്പോലൊരു പക്ഷിഭ്രാന്തന് പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാകുമോ? ആവേശത്തോടെ തന്റെ വീട്ടുമുറ്റത്ത് കൂടൊരുക്കാനെത്തിയ അതിഥിയെ അദ്ദേഹം വരവേറ്റു. വളരെ ചിട്ടയോടും ശാസ്ത്രീയവുമായ നിരീക്ഷണം അദ്ദേഹം ആരംഭിച്ചു. കെ.കെ. നീലകണ്ഠന്റെ വീടുതന്നെ ഒരു പക്ഷി പഠനകേന്ദ്രം പോലെയായിരുന്നുവെന്ന് അക്കാലത്ത് അവിടെയെത്തിയ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ എഴുതിയിട്ടുണ്ട്. 'പാലക്കാട് ജില്ലയിലെ കാവശ്ശേരിക്കടുത്തുള്ള കോണ്ടളക്കോട് ഗ്രാമത്തിലെ വലിയ കുളത്തിനടുത്ത് നാട്ടുമാവുകളുടെ തണലില്‍ മൗനം കൊള്ളുന്ന ആ പഴയ വീടിന്റെ പൂമുഖത്തേക്ക് കയറിച്ചെല്ലുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക പക്ഷികളുടെ വിവിധതരം പോസ്റ്ററുകളാണ്. തട്ടിന്‍പുറത്ത് വരാന്തയില്‍ തൂക്കിയിട്ടിരിക്കുന്ന ഒരുപാട് ഒഴിഞ്ഞ പക്ഷിക്കൂടുകളും പൂമുഖത്തുനിന്നു നോക്കിയാല്‍ കാണാം.' 

കാവശ്ശേരിയുടെ പ്രകൃതിക്കുണ്ടായ മാറ്റം പക്ഷികളിലൂടെയാണ് കെ.കെ. നീലകണ്ഠന്‍ മനസ്സിലാക്കിയത്. ഇതേക്കുറിച്ച് അദ്ദേഹം പി. സുരേന്ദ്രനോടു പറഞ്ഞു: 'എന്റെ ചെറുപ്പകാലത്ത് കണ്ടിരുന്ന പല പക്ഷികളേയും ഇപ്പോള്‍ ഇവിടങ്ങളില്‍ കാണാറില്ല. അന്നിവിടെ കൃഷ്ണപ്പരുന്തുകള്‍ (BRAHMINY KITE) ധാരാളമുണ്ടായിരുന്നു. ആകാശത്തു വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തുകളുടെ ശുഭശകുനം അറിഞ്ഞതിനു ശേഷമേ അന്നൊക്കെ ആളുകള്‍ യാത്ര പുറപ്പെടൂ. ഇന്ന് അവയെ വളരെ അപൂര്‍വ്വമായേ കാണൂ. മുന്‍പ് കാവശ്ശേരിയിലൊന്നും കണ്ടിട്ടില്ലാത്ത വെള്ളി എറിനെ (BLACK WINGED KITE) അപൂര്‍വ്വമായെങ്കിലും കാണാന്‍ കഴിയുന്നു. പരുന്തുവര്‍ഗ്ഗത്തിലെ ഏറ്റവും സുന്ദരനാണ് ഈ വെളുത്ത പക്ഷി. തീപ്പൊരിക്കണ്ണന്‍ (WATERCOCK) എന്ന നീര്‍പ്പക്ഷിയും ഇവിടുത്തെ വയലുകളില്‍ മഴക്കാലത്തു കാണുന്ന പുതിയ വിരുന്നുകാരനാണ്.' 

'എ ബുക്ക് ഓഫ് കേരള ബേര്‍ഡ്‌സി'ന്റെ രചനയ്ക്കിടയിലാണ് തേന്‍കൊതിച്ചിപ്പരുന്തിനെക്കുറിച്ചുള്ള ഗൗരവമായ പഠനവും അദ്ദേഹം നടത്തിയത്. തന്റെ നിരീക്ഷണ പഠനങ്ങളും പുതിയ ഇംഗ്ലീഷ് പുസ്തകത്തിന്റെ പണികളും ഒക്കെ തീര്‍ത്ത് ഇനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന ഒരു തോന്നലായിരുന്നു കെ.കെ. നീലകണ്ഠന്. എന്നാല്‍, വിധിയതിന് അനുവദിച്ചില്ല. 1992 ജൂണ്‍ 14നു രാവിലെ 5.15 ഓടെ കെ.കെ. നീലകണ്ഠന്റെ ശ്വാസം പൂര്‍ണ്ണമായും പ്രകൃതിയില്‍ ലയിച്ചു. കെ.കെ. നീലകണ്ഠന്റെ മരണശേഷം 1993ല്‍ ബോംബെ നാച്ച്യൂറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേര്‍ണലില്‍ തേന്‍കൊതിച്ചിപ്പരുന്തിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയേറിയ പഠനം പ്രസിദ്ധീകരിക്കപ്പെട്ടു. അതുവരെ ആരും രേഖപ്പെടുത്താത്ത ധാരാളം വിവരങ്ങള്‍ ആ പഠനത്തിലുണ്ടായിരുന്നു. സാലിം അലിയുടെ ബേര്‍ഡ്‌സ് ഓഫ് കേരളയില്‍ ഇടം കിട്ടാതെ പോയ 95 ഇനം പക്ഷികളെക്കുറിച്ചു പ്രതിപാദിക്കുന്ന കെ.കെ. നീലകണ്ഠന്റെ 'എ ബുക്ക് ഓഫ് കേരള ബേര്‍ഡ്‌സ് അദ്ദേഹത്തിന്റെ കാലശേഷം 1993ല്‍ പ്രസിദ്ധീകൃതമായി. കെ.കെ. നീലകണ്ഠന്റെ ജീവിതം ഇന്നും പ്രകൃതിസ്‌നേഹികളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

(അവസാനിച്ചു)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com