'മമ്മൂട്ടിയുടെ ബ്രാഹ്മണ കഥാപാത്രത്തിനു ലഭിക്കുന്ന ശ്രദ്ധയോ പരിചരണമോ അപ്പുണ്ണി ശശിയുടെ കുട്ടപ്പന്‍ എന്ന കഥാപാത്രത്തിനു കിട്ടിയിട്ടില്ല'

പുതുതലമുറ മലയാള സിനിമകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അവയുടെ ദൃശ്യകല്പനയിലെ കൃത്യതകൊണ്ടോ ആഖ്യാനപരമായ ഭദ്രതകൊണ്ടോ അല്ല
'മമ്മൂട്ടിയുടെ ബ്രാഹ്മണ കഥാപാത്രത്തിനു ലഭിക്കുന്ന ശ്രദ്ധയോ പരിചരണമോ അപ്പുണ്ണി ശശിയുടെ കുട്ടപ്പന്‍ എന്ന കഥാപാത്രത്തിനു കിട്ടിയിട്ടില്ല'

പുതുതലമുറ മലയാള സിനിമകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അവയുടെ ദൃശ്യകല്പനയിലെ കൃത്യതകൊണ്ടോ ആഖ്യാനപരമായ ഭദ്രതകൊണ്ടോ അല്ല. ഏതെങ്കിലും തരത്തില്‍ മുന്‍തലമുറ സിനിമാപാരമ്പര്യത്തില്‍നിന്നുള്ള വിച്ഛേദമോ പ്രമേയപരമായ ആകര്‍ഷകത്വമോ സംവേദനശൈലിയിലെ പരീക്ഷണ വ്യഗ്രതകൊണ്ടോ ഒക്കെയാണ്. രത്തീന സംവിധാനം ചെയ്ത് സോണി ലിവില്‍ റിലീസ് ചെയ്ത 'പുഴു' ഇങ്ങനെയൊരു നിരീക്ഷണത്തെ സാധൂകരിക്കുന്ന ചിത്രമാണ്. ജാതിയുടെ സമകാലിക സാമൂഹ്യസ്വഭാവത്തെ പ്രശ്നവല്‍ക്കരിക്കുന്ന ചിത്രം എന്ന് സ്വയം നിര്‍വ്വചിക്കാന്‍ ശ്രമിക്കുമ്പോഴും ജാതി എന്ന പ്രതിഭാസത്തെക്കുറിച്ച് രാഷ്ട്രീയ കൃത്യതയുള്ള നിരീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ചിത്രമല്ല അത്. എങ്കിലും 'പുഴു'വിന്റെ ആഖ്യാനത്തിലും കഥാപാത്ര നിര്‍മ്മിതിയിലും പുലര്‍ത്തുന്ന ചില സൂക്ഷ്മകൗതുകങ്ങള്‍ ചിത്രത്തെ ഗൗരവമായ ആലോചനയ്ക്ക് വിധേയമാക്കാന്‍ പ്രേരകമാകുന്നുണ്ട്. പ്രധാനമായും രണ്ടു കാര്യങ്ങള്‍ ഈ ചിത്രത്തെ സവിശേഷമാക്കുന്നുണ്ട്. ഒന്ന്, പ്രതിനായക സ്വഭാവമുള്ള കുട്ടന്‍ എന്ന ബ്രാഹ്മണ കഥാപാത്രത്തിന്റെ നടനവിസ്താരത്തില്‍ മമ്മൂട്ടി എന്ന താരം പ്രകടിപ്പിക്കുന്ന പ്രാഗത്ഭ്യം. രണ്ട്-ജാതി എന്ന പ്രതിഭാസം തീര്‍ത്തും സമകാലികവും ആധുനികവുമായ ഇടങ്ങളില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ചിത്രം മുന്നോട്ടുവെയ്ക്കുന്ന നിരീക്ഷണങ്ങള്‍. ഇവ മലയാള സിനിമയില്‍ മുന്‍പില്ലാത്തവിധം ചില അടയാളപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. 

ടീസറും ട്രെയിലറും ഒക്കെ ഇറങ്ങിയപ്പോള്‍ തന്നെ വളരെ ആകാംക്ഷയുണര്‍ത്തുന്നതായിരുന്നു 'പുഴു'വിലെ മമ്മൂട്ടിയുടെ കഥാപാത്രം. ഈ ചിത്രത്തില്‍ 'ശിശുപീഡക'ന്റെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നതെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ മുന്‍പേതന്നെ ധാരാളമായി പ്രചരിച്ചു. അതേസമയം ലഭ്യമായ ദൃശ്യങ്ങളൊന്നും കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയതുമില്ല. ഈയൊരു ആകാംക്ഷ 'പുഴു'വിനു ലഭിച്ച സ്വീകാര്യതയില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന താരത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ കഥാപാത്രമായിരിക്കും ഇതെന്ന തോന്നല്‍ മുന്‍പേ ഉണ്ടായിരുന്നു. അത് ശരിവെയ്ക്കുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം.

സവര്‍ണ്ണ ഇടം എന്നു വിശേഷിപ്പിക്കാവുന്ന, നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കിച്ചു എന്ന മകനോടൊപ്പം ജീവിക്കുന്ന ഐ.പി.എസ് ഓഫീസറായ ബ്രാഹ്മണ കഥാപാത്രമാണ് കുട്ടന്‍ എന്ന മമ്മൂട്ടി കഥാപാത്രം. ഫ്‌ലാറ്റ് എന്ന പരിമിത ഇടത്തിലെ ഇരുവര്‍ക്കുമിടയിലെ ദൈനംദിന സംഘര്‍ഷങ്ങളും ദിനചര്യയിലെ നിര്‍ബ്ബന്ധിതമായ ആവര്‍ത്തനങ്ങളും ചിത്രത്തിലെ പ്രധാന ഭാഗമാണ്. ദൈനംദിന ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും പ്രവൃത്തിയിലും ജാതിശുദ്ധിയെ ഉറപ്പുവരുത്തുന്ന പുരുഷ സ്വേച്ഛാധികാരിയാണ് കുട്ടന്‍. സ്നേഹം എന്ന ഭാവത്തില്‍ പൊതിഞ്ഞ് അയാളുടെ നിഷ്ഠകള്‍ മകനില്‍ നിര്‍ബ്ബന്ധം ചെലുത്തി അടിച്ചേല്‍പ്പിക്കുകയാണ്. ജാതിബദ്ധമായ പുരുഷാധികാരവും ആചാര-സൗന്ദര്യശീലങ്ങളും തന്റെ മകനും പരിശീലിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള പിതൃരൂപം. തിരക്കഥയില്‍ ലഭിക്കുന്ന ഊന്നല്‍ മൂലവും മമ്മൂട്ടിയുടെ നടനവൈഭവത്തിന്റെ മികവും കാരണം പ്രേക്ഷക ശ്രദ്ധ ഈ കഥാപാത്രത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുക. പൂര്‍ണ്ണമായും സ്വാഭാവികാഭിനയത്തിലൂടെ വെളിവാകുന്ന കഥാപാത്രമല്ല കുട്ടന്റേത്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പരിചയപ്പെടുത്തുന്ന നാടകത്വം ഇതിലെ കഥാപാത്രങ്ങളുടെ അവതരണത്തിലും പ്രതിഫലിക്കുന്നുണ്ട്. ഒരേസമയം, സാമൂഹ്യമായ തലത്തിലും മാനസികമായ തലത്തിലും വികസിക്കുന്ന മനോ-സാമൂഹികത(spychooscialtiy) 'പുഴു'വിന്റെ ആഖ്യാനത്തിലുണ്ട്.

പാർവതി 'പുഴു'വിൽ 
പാർവതി 'പുഴു'വിൽ 

ജാതിയെ മനോ-സാമൂഹിക ഘടനയുടെ ദൈനംദിന വിന്യാസം എന്ന തരത്തിലാണ് ചിത്രം വികസിപ്പിച്ചെടുക്കുന്നത്. അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് പോലുള്ള തീര്‍ത്തും ആധുനികമായ ഇടങ്ങളിലേക്ക് സാമൂഹ്യശ്രേണിയുടെ വിവിധ തട്ടുകളില്‍ പെടുന്നവരുടെ കടന്നുവരവ് പരമ്പരാഗത യാഥാസ്ഥിതിക വിഭാഗങ്ങളിലുണ്ടാക്കുന്ന അസ്വസ്ഥതയും ഭീതിയും അരക്ഷിതാവസ്ഥയുണ്ട് അതില്‍. എ.വി.സി ഹോംസ് എന്ന പാര്‍പ്പിട സമുച്ചയത്തിലേക്ക് ദളിതനായ കുട്ടപ്പന്‍ എന്ന നാടകപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ പങ്കാളി ഭാരതിയും (പാര്‍വ്വതി) സവര്‍ണ്ണ സുഹൃത്തിന്റെ സഹായത്തോടെ കുറച്ചുകാലത്തേക്ക് താമസിക്കാനെത്തുന്നതാണ് കുട്ടന്റെ മാനസിക സംഘര്‍ഷ ഹേതു. ഭര്‍ത്താവിന്റെ മരണശേഷം, കീഴ്ജാതിക്കാരനായ കുട്ടപ്പനോടുള്ള ഏറെക്കാലത്തെ പ്രണയം വെളിപ്പെടുത്തി ഇറങ്ങിപ്പോവുകയും ഒപ്പം താമസിക്കുകയും ചെയ്യുന്ന ആളാണ് ഭാരതി. അവര്‍ കുട്ടന്റെ സഹോദരിയുമാണ്. ജാത്യാഭിമാനത്തേയും തറവാട്ടുപാരമ്പര്യത്തേയും കളങ്കപ്പെടുത്തിയ സഹോദരിയുടേയും അന്യജാതിക്കാരനായ പങ്കാളിയുടേയും സാന്നിധ്യം അക്ഷമയും അസഹിഷ്ണുതയുമാണ് കുട്ടനില്‍ ഉണ്ടാക്കുന്നത്. അന്യവര്‍ഗ്ഗ ഭയം ആണ് കുട്ടന്റെ വ്യക്തിത്വത്തിന്റെ പ്രധാന ഘടകം. തന്റെയോ മകന്റെയോ വൃത്തങ്ങളില്‍ എത്തിപ്പെടുന്നവരുടെ ശുദ്ധിയും പൂര്‍വ്വകാല മഹിമയും അയാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പേരുകൊണ്ടോ രൂപംകൊണ്ടോ ആളുകളെക്കുറിച്ച് മുന്‍ധാരണകള്‍ രൂപപ്പെടുത്തിയിരിക്കും അയാള്‍. തങ്ങളുടെ സ്വത്വശുദ്ധിയുടേയും ആചാരശുദ്ധിയുടേയും ഇടങ്ങളെ പരിരക്ഷിക്കുക എന്നത് അയാളുടെ കടമയും ജീവിതദൗത്യവുമാണ്. ഫ്‌ലാറ്റിലേക്ക് കുട്ടപ്പനും ഭാരതിയും എത്തുന്ന സന്ദര്‍ഭത്തില്‍ പരിഭ്രാന്തനാകുന്ന കുട്ടന്‍ അസോസിയേഷന്‍ ഭാരവാഹിയായ റിട്ട. ജസ്റ്റിസ് മോഹന്‍ വര്‍മ്മയോട് ചോദിക്കുന്നു: ''നമ്മുടെ കൂട്ടര്‍ക്ക് മാത്രമേ കൊടുക്കൂ എന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇവിടെ വീടെടുത്തത്. എന്നിട്ടിപ്പോ.'' നമ്മുടെ നഗരങ്ങളിലെ വരേണ്യ പാര്‍പ്പിട സമുച്ചയങ്ങളുടെ വര്‍ഗ്ഗ-വംശസ്വഭാവം എന്താണ് എന്ന ചോദ്യം ഉന്നയിക്കാനുതകുന്നതാണ് ഈ രംഗം. ഒപ്പം, കീഴാള വിഭാഗങ്ങളുടെ മുഖ്യധാരയിലേയ്ക്കും പൊതുഇടങ്ങളിലേയ്ക്കുമുള്ള കടന്നുവരവ് ഉണ്ടാക്കുന്ന ആധുനികമായ സംഘര്‍ഷത്തിന്റെ സൂചനകളും ഇതിലുണ്ട്. പൊതുഇടങ്ങളിലെ ഇത്തരം കടന്നുകയറ്റങ്ങളെ ചെറുക്കുകയും സ്വത്വശുദ്ധിയുടെ ഇടങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കുട്ടന്റെ പരമമായ ലക്ഷ്യം. കീഴാള കലര്‍പ്പുകളുടെ കടന്നുവരവിനെ ചെറുക്കുന്നത് ആചാര-വൃത്തികളുടെ ആവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിച്ചും സജീവമാക്കിയുമാണ്. 'പുഴു'വിലെ പല്ലുതേപ്പിന്റെ, വീഡിയോ കാണലിന്റെ, ഓണ്‍ലൈന്‍ കര്‍ണാടക സംഗീതപാഠത്തിന്റെ എല്ലാം അനുഷ്ഠാനസ്വഭാവമുള്ള ആവര്‍ത്തന ദൃശ്യങ്ങള്‍ ഈ തലത്തിലാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ശീലങ്ങളെല്ലാം നിലനിര്‍ത്തുന്നത് പുതുമാധ്യമങ്ങളുടേയും സാങ്കേതികവിദ്യയുടേയും സഹായത്തോടേയുമാണ്. ഇത്തരം ആവര്‍ത്തിച്ചുള്ള അവതരണങ്ങളിലൂടെയാണ് (repeated performances) ജാതി സമകാലിക സമൂഹത്തില്‍ പുനഃപ്രതിഷ്ഠ നേടുന്നത്. ജാതി എന്നത് സാമൂഹ്യാവതരണമാണ് എന്നു പറയാം.

സംവിധായിക രത്തീന
സംവിധായിക രത്തീന

'പുഴു' മുന്നോട്ടുവെയ്ക്കുന്ന കലാവിമര്‍ശനവുമുണ്ട്. നാടകോത്സവത്തിലെ അവതരണത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ദളിതനായ കുട്ടപ്പനെ (അപ്പുണ്ണിശശി) അവതരിപ്പിക്കുന്നതും അവിടെയാണ്. നാടകത്തെക്കുറിച്ചും ഏകാംഗാവതരണത്തെക്കുറിച്ചും കുട്ടപ്പന്‍ പങ്കുവെയ്ക്കുന്ന ഓര്‍മ്മയും ഒരു രംഗത്തിലുണ്ട്. കുട്ടിക്കാലത്ത് സ്‌കൂളിലെ നാടക സംഘത്തിന്റെ തിരഞ്ഞെടുപ്പിന് 'കുളിച്ച് കുട്ടപ്പനായി' എത്തിയിട്ടും 'കോലം' പോരാത്തതിന്റെ പേരില്‍ തഴഞ്ഞതും പിന്നീട് ഒറ്റയ്ക്ക് പരിശീലിച്ച് നാടകം അവതരിപ്പിച്ചതുമായ സംഭവം. നാടകം ബഹുജന കലയാണ്. സിനിമയും അതെ. സാമൂഹികവും പൊതുവായ ഇടങ്ങളാണ് നാടകം നിര്‍മ്മിക്കുന്നത്. അതേസമയം, കിച്ചുവിന്റെ ഇന്റര്‍നെറ്റ് കര്‍ണാടക സംഗീതപാഠം അവന്റെ സ്വത്വനിര്‍മ്മിതിയുമായി ബന്ധപ്പെട്ടതാണ്. വീടിനുള്ളില്‍ ഒഴുകിനീങ്ങുകയും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ഗാര്‍ഹികവല്‍ക്കരിക്കപ്പെട്ട കലാരൂപവുമാണ് അത്. അത് വ്യക്തിഗതമായി മാത്രം കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ കലര്‍പ്പുകള്‍ ഉണ്ടാകുന്നുമില്ല- 'ശുദ്ധ സംഗീതം.' കുട്ടന്‍ താമസിക്കുന്ന സമുച്ചയത്തിലെ സി.കെ. നന്ദന്‍ നാടകത്താല്‍ ആകൃഷ്ടനായ ആളാണ്. സി.കെ. ആണ് കുട്ടപ്പനേയും ഭാരതിയേയും തന്റെ വസതിയില്‍ താല്‍ക്കാലിക താമസത്തിനായി ക്ഷണിക്കുന്നത്. എന്നാല്‍, അയാളെക്കുറിച്ച് മോഹന്‍ വര്‍മ്മ പറയുന്നത് അവനൊരു 'സമ്പ്രദായ'വുമില്ലാത്തവനാണെന്നാണ്. കലയുടെ സവര്‍ണ്ണ സമ്പ്രദായങ്ങളേയും അതിന്റെ ശുദ്ധിയേയും കുറിച്ച് 'പുഴു' പങ്കുവെയ്ക്കുന്ന ഈ വിമര്‍ശനങ്ങള്‍ ആലോചനാവിധേയമാകേണ്ടതുണ്ട്. 

പുഴു സിനിമയിലെ ഒരു രം​ഗം
പുഴു സിനിമയിലെ ഒരു രം​ഗം

'പുഴു'വിലെ ബ്രാഹ്മണ്യാനുഭവം മാനസിക-സാമൂഹിക തലങ്ങളില്‍ 'കന'മുള്ളതും 'ഗൗരവ'മാര്‍ന്നതുമാണ്. കുട്ടന്‍ എന്ന ബ്രാഹ്മണ രക്ഷാകര്‍ത്താവിന് അസാമാന്യമായ സങ്കീര്‍ണ്ണതലവും സംഘര്‍ഷഭാവവും പകരാന്‍ മമ്മൂട്ടി എന്ന താരത്തിനു കഴിയുന്നുണ്ട്. ഒരുപക്ഷേ, താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിനു കിട്ടുന്ന അത്രയും ആഴം എതിര്‍പക്ഷത്ത് നില്‍ക്കുന്ന അപ്പുണ്ണി ശശിയുടെ ദളിത് കഥാപാത്രത്തിനു കൈവരുന്നില്ല. മമ്മൂട്ടിയുടെ ബ്രാഹ്മണ കഥാപാത്രത്തിനു ലഭിക്കുന്ന ശ്രദ്ധയോ പരിചരണമോ തിരക്കഥയിലും അവതരണത്തിലും കുട്ടപ്പന്‍ എന്ന കഥാപാത്രത്തിനു കിട്ടിയിട്ടില്ല എന്നു പറയാം. ജാതിയെ വിമര്‍ശനവിധേയമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളില്‍പ്പോലും സാവര്‍ണ്യം എങ്ങനെ അതിന്റെ സാമൂഹ്യശ്രേണികളെ വിന്യസിക്കുന്നുവെന്നതിന് ഉദാഹരണമായും പുഴുവിനെ വിലയിരുത്താം. രണ്ട് സന്ദര്‍ഭങ്ങള്‍ നോക്കുക. ഒന്ന് ഫ്‌ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റില്‍ കുട്ടനും കുട്ടപ്പനും ഒരുമിച്ച് വരുന്ന രംഗം. മമ്മൂട്ടിയുടെ കഥാപാത്രം കുട്ടപ്പന്റെ വരവില്‍ വളരെയധികം അസ്വസ്ഥതയും സംഘര്‍ഷവും അനുഭവിക്കുന്നുവെന്ന് മുഖഭാവത്തില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍, കുട്ടപ്പനാകട്ടെ, അയാള്‍ ഉണ്ടെന്നു കണ്ടിട്ടും ലാഘവത്തോടെ, ഉള്ളിലുള്ള ഭാവത്തിന്റെ പ്രകാശനമെന്നോളം ലിഫ്റ്റിന്റെ ലോഹച്ചുമരില്‍ വിരലുകളിളക്കി താളംപിടിക്കുന്നതുപോലെ പെരുമാറുന്നു. രണ്ടാമത്തെ രംഗം, കുട്ടപ്പന്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് കുട്ടന്‍ എത്തുന്നതാണ്. കുട്ടന്‍ നേരത്ത അവിടെ ഇരിക്കുന്നുണ്ട്. പിന്നീട് കയറിവരുന്ന കുട്ടപ്പന്‍ കുട്ടന്‍ ഇരിക്കുന്ന മേശയുടെ അരികില്‍ത്തന്നെ കസേരയിട്ടിരിക്കുന്നു. കുട്ടന്‍ ആണെങ്കില്‍ കുട്ടപ്പനെ അത്രയൊന്നും ഗൗനിക്കാതെ ആലോചനാമഗ്‌നനായി ഇരിക്കുകയാണ്. ഈ ഇരിപ്പിന്റെ ഭാവപരമായ ആഴത്തിന്റേയും ഏകാഗ്രതയുടേയും മുന്നില്‍ കുട്ടപ്പന്റെ ലാഘവത്വം ഉപരിപ്ലവമായാണ് അനുഭവപ്പെടുക. കുട്ടപ്പന്‍ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ തന്നെ നോക്കൂ. അയാള്‍ എല്ലായ്പ്പോഴും തന്റെ അസ്തിത്വത്തെ ജീവിതാനുഭവങ്ങളുടേയും കലാപ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കാനോ സ്ഥാപിച്ചെടുക്കാനോ ഉള്ള ശ്രമത്തിലാണ്. അതിനപ്പുറം ഭാവനിമഗ്‌നതയോ ആന്തരികമായ ആഴമോ സംഘര്‍ഷങ്ങളോ ഒന്നും ദളിത് കഥാപാത്രത്തിനു വന്നുചേരുന്നില്ല. ഇത് അപ്പുണ്ണിശശിയുടെ അഭിനയശേഷിയുടെ കുറവായി പറയാനാകില്ല. തനിക്കു ലഭിച്ച വേഷം, അതിന്റെ അതിരുകള്‍ക്കുള്ളില്‍ അനായാസമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, കഥാപാത്രങ്ങളുടെ പരസ്പരബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അത് അസന്തുലിതമായി തോന്നുന്നു. വേറൊന്നുകൂടി നോക്കുക. കുട്ടപ്പനെ സിനിമയില്‍ അവതരിപ്പിക്കുന്നത് നാടകാവതരണ സ്റ്റേജിലെ ഒരു ഫുള്‍ ഷോട്ടില്‍ അല്ലെങ്കില്‍ ലോങ് ഷോട്ടില്‍ ആണ്. അതേസമയം, മമ്മൂട്ടി ചിത്രത്തില്‍ പ്രവേശിക്കുന്നത് ഒരു മീഡിയം ഷോട്ടിലേക്കും. സ്വാഭാവികമായും ദൂരത്തിന്റെ ഈ വ്യത്യാസം കഥാപാത്രങ്ങളുടെ പ്രാധാന്യത്തേയും ക്രമപ്പെടുത്തുന്നു.

വസുദേവ് സജീഷ്
വസുദേവ് സജീഷ്

മമ്മൂട്ടിയും പാര്‍വ്വതിയും ഒരുമിച്ചുവരുന്ന സിനിമ എന്ന് പരസ്യം ചെയ്യുമ്പോഴും കുട്ടനും കുട്ടപ്പനും ഇടയില്‍ നൈസര്‍ഗ്ഗികമായ ബന്ധം സ്ഥാപിച്ചെടുക്കാനാകാത്ത കഥാപാത്രമായിപ്പോകുന്നു പാര്‍വ്വതിയുടേത്. എങ്കിലും 'പുഴു'വിലെ ചില ഉദ്യമങ്ങള്‍ പരാമര്‍ശിക്കാതിരുന്നുകൂടാ. ഇതിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാള്‍, പുരുഷേച്ഛാധിപത്യമുള്ള ഭവനത്തില്‍നിന്ന് ഇറങ്ങിപ്പോയയാളും മറ്റൊരാള്‍ തറവാട്ടില്‍ ശരീരം തളര്‍ന്ന് 'ശയ്യാവലംബി'യായ അമ്മയും. മൂന്നാമത്തെ സ്ത്രീ ടെലിവിഷനിലെ കാഴ്ചയില്‍ മാത്രം സാന്നിധ്യമറിയിക്കുന്ന, കുട്ടന്റെ ഭാര്യയാണ്. തളര്‍ന്ന, ശയ്യാവലംബിയായ സ്ത്രീശരീരം എന്നത് സിനിമയില്‍ കേവലമായ കാഴ്ചയ്ക്കപ്പുറം സവിശേഷമായ അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ട്. വളരെ ചുരുക്കം രംഗങ്ങളില്‍ മാത്രം വരുന്ന മനോഹരി ജോയ് അവതരിപ്പിച്ച, കുട്ടന്റെ അമ്മയുടെ കഥാപാത്രം ഈ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. സ്ത്രീ കഥാപാത്രങ്ങളുടെ വിന്യാസത്തിലെ ഇത്തരം സവിശേഷതകള്‍ രത്തീനയുടെ സംവിധാന മികവിന്റെ സ്ഫുരണമായിത്തന്നെ വിലയിരുത്താം. മമ്മൂട്ടി എന്ന നടനൊപ്പം പിടിച്ചുനില്‍ക്കുന്ന തരത്തില്‍ കിച്ചു എന്ന ഋഷികേശിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ അനായാസമെന്നോണം അവതരിപ്പിച്ച വസുദേവ് സജീഷ് ആണ് ഈ ചിത്രത്തില്‍ പ്രശംസയര്‍ഹിക്കുന്ന നടന്‍. 'കള്ളനോട്ടം' പോലുള്ള സിനിമകളിലൂടെ നേരത്തെ തന്നെ ദേശീയ ശ്രദ്ധ നേടിയ നടനാണ് വസുദേവ്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയിയുടെ പശ്ചാത്തല ശബ്ദവിന്യാസവും ചിത്രത്തോട് നീതിപുലര്‍ത്തിയിട്ടുണ്ട്. 'ഉണ്ട' സിനിമയുടെ തിരക്കഥ എഴുതിയ ഹര്‍ഷദും ഷറഫുവും സുഹാസും ചേര്‍ന്നാണ് എഴുത്ത് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com