'ബ്രിംഗ് അപ് ദ ബോഡീസി'ന്റെ മുഖപേജില്‍ നിന്ന് ഹിലാരി ചിരിക്കുകയാണ്

ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായൊരു എഴുത്തുകാരിയെയാണ് സാഹിത്യലോകത്തിനു നഷ്ടമായതെന്നാണ് ഹിലാരി മാന്റെലിന്റെ ലിറ്റററി ഏജന്റ് ബില്‍ ഹീത്ത് ലണ്ടനില്‍ പ്രഖ്യാപിച്ചത്
'ബ്രിംഗ് അപ് ദ ബോഡീസി'ന്റെ മുഖപേജില്‍ നിന്ന് ഹിലാരി ചിരിക്കുകയാണ്

2009 ലെ ദ മാന്‍ ബുക്കര്‍ പ്രൈസ് ജേതാവ് ഹിലാരി മാന്റെല്‍ എന്ന ബ്രിട്ടീഷ് നോവലിസ്റ്റിന്റെ 'ബ്രിംഗ് അപ് ദ ബോഡീസ്' എന്ന കൃതി 69 ദിര്‍ഹം (1500 രൂപ) നല്‍കി എനിക്ക് ദുബായിയില്‍ നിന്നയച്ചുതന്ന സുഹൃത്ത് വടക്കാഞ്ചേരിക്കാരന്‍ ബാബുരാജിനെ സസ്‌നേഹം ഇപ്പോഴോര്‍ക്കുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച (22ന്) തന്റെ 70ാം വയസ്സില്‍ ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറുള്ള എക്‌സെ നദീതീരത്തെ എക്‌സറ്റര്‍ നഗരത്തില്‍വെച്ച് ഹിലാരി, കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായി. ദ ഗാര്‍ഡിയന്‍ പത്രം അവരുടെ സര്‍ഗ്ഗസംഭാവനകളെക്കുറിച്ച്, ഉണ്‍മയും മിഥ്യയും കലര്‍ന്ന ചരിത്രകഥനങ്ങളെക്കുറിച്ച് സമഗ്രമായി എഴുതിയിട്ടുണ്ട്. ബ്രിംഗ് അപ് ദ ബോഡീസിന്റെ മുഖപേജില്‍നിന്ന് ഹിലാരി ചിരിക്കുകയാണ്. പ്രസിദ്ധമായ 'വോള്‍ഫ് ഹാള്‍' ഉള്‍പ്പെടെ പത്ത് മികച്ച നോവലുകള്‍ രചിച്ച ഹിലാരിയുടെ പതിനൊന്നാമത്തെ ഈ കൃതിയില്‍ കഥാപാത്രങ്ങളേയും കഥാപരിസരങ്ങളേയും വ്യവച്ഛേദിച്ച് വിശദമായൊരു പട്ടികയും (കാസ്റ്റ് ഓഫ് ക്യാരക്ടേഴ്‌സ്) അനുബന്ധമായ ഫാമിലി ട്രീയും എട്ടു പേജുകളിലായി വരച്ചുവച്ചിട്ടുണ്ട്. ഒരു നാടകാസ്വാദനംപോലെ, 407 പേജുള്ള ബ്രിംഗ് അപ് ദ ബോഡീസിന്റെ വായനയെ കഥാപാത്രങ്ങളുടെ ഈ നഖചിത്രം സര്‍വ്വഥാ സുഗമമാക്കുന്നു. ഇംഗ്ലീഷ് ഭാഷയെ പൊന്നും പൂവുംപോലെ ഉപയോഗിക്കുന്ന എഴുത്തുകാരനെന്ന് വി.എസ്. നയ്‌പോളിനെ വിശേഷിപ്പിച്ച എം.ടിയുടെ വാക്കുകള്‍, ഹിലാരി മാന്റെലിന്റെ ഭാഷാപ്രയോഗത്തിനും എഴുത്ത് രീതിക്കും കൂടി ബാധകമാണെന്നു വ്യക്തമാകുന്നതാണ്, അവര്‍ കഥ പറയാനുപയോഗിച്ച ഇംഗ്ലീഷിന്റെ ലാളിത്യവും പദസംഘാതത്തിന്റെ സൂക്ഷ്മതയും. ദുര്‍ഗ്രഹമെന്ന് പറയാവുന്ന വാക്കുകളൊന്നും അവരുടെ രചനയെ പിന്‍പറ്റിയിട്ടില്ല. 

ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായൊരു എഴുത്തുകാരിയെയാണ് സാഹിത്യലോകത്തിനു നഷ്ടമായതെന്നാണ് ഹിലാരി മാന്റെലിന്റെ ലിറ്റററി ഏജന്റ് ബില്‍ ഹീത്ത് ലണ്ടനില്‍ പ്രഖ്യാപിച്ചത്. എല്ലാ അര്‍ത്ഥത്തിലുമതൊരു സത്യപ്രസ്താവമാണെന്ന് ബ്രിട്ടനിലും പുറത്തുമുള്ള അസംഖ്യം വായനക്കാര്‍ സമ്മതിക്കും. പത്താമത്തെ നോവലായ 'വോള്‍ഫ് ഹാള്‍' പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഭാവുകത്വത്തിന്റെ പുതിയൊരു ശൈലീവിശേഷമാണ് (സ്‌റ്റൈലിസ്റ്റിക്‌സ്) ഡിസ്‌കവര്‍ ചെയ്യപ്പെട്ടതെന്ന് ഇംഗ്ലീഷ് നിരൂപകര്‍ വാഴ്ത്തിയതും ഹിലാരി ഉയരങ്ങളിലെത്തിയതിന്റെ ഉദാഹരണമാണ്.

എഴുത്തിന്റെ തുടക്കം ജിദ്ദയില്‍നിന്ന് 

1983 മുതല്‍ നാലു വര്‍ഷം ഹിലാരി മാന്റെല്‍ സൗദി അറേബ്യയുടെ കവാടനഗരമായ ജിദ്ദയിലായിരുന്നു. താന്‍ കണ്ട ഏറ്റവും സുന്ദരമായ കോസ്‌മോപോളിറ്റന്‍ സിറ്റിയെന്നാണ് ഹിലാരി, ജിദ്ദയെ വിശേഷിപ്പിക്കുന്നത്. ജിദ്ദ, രണ്ട് തരത്തില്‍ ഹിലാരിക്കു പ്രാധാന്യമുള്ളതാണ്. ഒന്ന് തന്റെ നോവലെഴുത്തിന്റെ ഹരിശ്രീ കുറിച്ച നഗരം, മറ്റൊന്ന് ഇടക്കാലത്ത് വിവാഹമോചനം നേടിയ ഭര്‍ത്താവിനെ തിരികെ കിട്ടിയ പട്ടണം. ഇരുവരും പിരിഞ്ഞിരുന്നപ്പോള്‍ അവരെ ആകര്‍ഷിച്ചതും ഒരുമിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനമെടുത്തതും ജിദ്ദയില്‍ വച്ചായിരുന്നുവെന്ന് ഹിലാരി തന്നെ തന്റെ ഓര്‍മ്മക്കുറിപ്പിലെഴുതിയിട്ടുണ്ട്. 
ഭര്‍ത്താവ് ജെറാള്‍ഡ് മെക്വിവന്‍, ജിദ്ദയില്‍നിന്നു മാറി ബഹ്‌റാ പ്രദേശത്തെയൊരു ഖനനഫാക്ടറിയിലെ എന്‍ജിനീയറായിരുന്നു. ജിദ്ദാ നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി മാറിത്താമസിച്ച ഹിലാരി വീട്ടമ്മയായി ഒതുങ്ങിക്കൂടി. മദീനാ റോഡിലെ അവരുടെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വഴി പുലരികളില്‍ പള്ളികളില്‍നിന്നുയരുന്ന ബാങ്ക് വിളി കേട്ടുണരാം. വേപ്പുമരങ്ങളെ തഴുകിയെത്തുന്ന പ്രഭാതക്കാറ്റും ചെങ്കടലിനു മീതെ ഉദിച്ചുയരുന്ന പ്രഭാതസൂര്യനും ആസ്വദിച്ച ജിദ്ദാകാഴ്ചകളാണ് ഹിലാരിയുടെ സര്‍ഗ്ഗഭാവനയെ ആദ്യമായി ഉദ്ദീപിപ്പിച്ചത്. താഴെ ഫ്‌ലാറ്റിലെ രണ്ടു അറബ് വനിതകളുമായുള്ള സൗഹൃദവും ഇംഗ്ലീഷറിയാത്ത അവരുമായുള്ള ആംഗ്യഭാഷയിലെ വിനിമയവും മറ്റും ഹിലാരിക്കു ഹരമായി. ജിദ്ദാ നഗരത്തില്‍ അറബ് ന്യൂസ്, സൗദി ഗസറ്റ് എന്ന ഇംഗ്ലീഷ് ദിനപത്രങ്ങള്‍ മാത്രമേയുള്ളൂ. ടൈം മാഗസിനോ ന്യൂസ്‌വീക്കോ മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങളോ കിട്ടാനില്ല. 1987ല്‍ ജിദ്ദ വിട്ടുപോയ ഈ എഴുത്തുകാരി മരിക്കുന്നതിനു മുന്‍പ് ജിദ്ദയിലേക്ക് ഒരിക്കല്‍ക്കൂടി വന്നിരുന്നുവെങ്കില്‍ യഥേഷ്ടം വിദേശ ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും അടുക്കിവെച്ച് അസംഖ്യം ന്യൂസ് സ്റ്റാന്റുകളും വെര്‍ജിന്‍, ജരീര്‍ പുസ്തകഷോപ്പുകളിലെ നൂറുകണക്കിന് ക്ലാസിക് ഗ്രന്ഥങ്ങളും കണ്ട് അമ്പരന്നുപോയേനെ.

അനാഥത്വത്തിന്റെ വ്യഥകള്‍ 

അച്ഛനും അമ്മയും പരസ്പരം വേര്‍പിരിഞ്ഞ കണ്ണീരിന്റെ ഭൂതകാലത്തിലൂടെയാണ് ഹിലാരി ബാല്യം പിന്നിട്ടത്. പതിനൊന്നു വയസ്സിനുശേഷം അച്ഛനെ കണ്ടിട്ടില്ല. അമ്മയെ ഉപേക്ഷിച്ച് പോവുകയായിരുന്നു അയര്‍ലണ്ടുകാരനായ അച്ഛന്‍. പഠനത്തില്‍ മിടുക്കിയായ ഹിലാരി ടൗണ്‍ കോണ്‍വെന്റിലെ പഠനശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചു. പ്രശസ്തമായ ഒരു ആതുരാലയത്തിന്റെ സോഷ്യല്‍വര്‍ക്ക്‌സ് വകുപ്പില്‍ ജോലി സ്വീകരിച്ചു. ജോലി ലഭിച്ച് മൂന്നു കൊല്ലത്തിനുശേഷം ജെറാള്‍ഡ് മെക്വിവനെ വിവാഹം കഴിച്ചു. 1974ല്‍ ആദ്യ നോവലെഴുതാനുള്ള ഒരുക്കവും പരീക്ഷണവുമാരംഭിച്ചു. പക്ഷേ, പ്രസാധകരെ ലഭിക്കാതെ ആ യത്‌നം മുടങ്ങി. ഫ്രെഞ്ച് വിപ്ലവമായിരുന്നു പ്രമേയം. പിന്നീട് അഞ്ചുവര്‍ഷം ദക്ഷിണാഫ്രിക്കയുടെ സമീപനഗരമായ ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബറോണിലായിരുന്നു ഹിലാരിയും ഭര്‍ത്താവും. വജ്രഖനികളുടേയും ആനകളുടേയും നാടാണ് ബോട്‌സ്വാന. അവിടം പക്ഷേ, തന്റെ സര്‍ഗ്ഗസാഫല്യത്തിനു പറ്റിയ പ്രദേശമായിരുന്നില്ല. ബോട്‌സ്വാനയില്‍നിന്നാണ് സൗദിയിലെത്തുന്നതും ജിദ്ദയില്‍ സെറ്റില്‍ ചെയ്യുന്നതും. 1983ല്‍ ജിദ്ദയിലെത്തിയ ഹിലാരി പിറ്റേ വര്‍ഷം തൊട്ട് എഴുത്തിനെ ഗൗരവമായെടുത്തു. ഫിക്ഷന്‍ എഴുതിത്തുടങ്ങുമ്പോള്‍ തന്നെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍, രാഷ്ട്രീയ കോളം എന്നിവയൊക്കെ എഴുതി. ലണ്ടന്‍ റെവ്യൂ ഓഫ് ബുക്‌സിലാണ് ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ ആഫ്രിക്കന്‍ അനുഭവവും സൗദി അനുഭവവുമുണ്ട്. പ്രസാധകരെ കിട്ടാതെ പോയ നോവല്‍ പ്രമേയം ഹിലാരി മറക്കുകയും 'എവരിഡേ ഈസ് മദേഴ്‌സ് ഡേ' എന്ന ആദ്യ നോവല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ കൃതിയുടെ ജനപ്രിയത അവരെ രണ്ടാമത്തെ നോവലെഴുത്തിലേക്ക് നയിച്ചു. അപ്പോഴേക്കും ജിദ്ദയോട് വിടവാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. 1987ല്‍ ജിദ്ദ വിട്ട് ലണ്ടനിലെത്തി. 'ദ സ്‌പെക്‌ടേറ്റര്‍' പത്രത്തിന്റെ ഫിലിം ക്രിട്ടിക്ക് എന്ന നിലയിലും ഹിലാരി അറിയപ്പെട്ടു. തുടര്‍ന്ന് നിരവധി പത്രങ്ങളുടേയും ആനുകാലികങ്ങളുടേയും സ്ഥിരം കോളമിസ്റ്റുമായി. 'ഗാസാ തെരുവിലെ എട്ടു മാസം' എന്ന നോവല്‍, സൗദിയിലിരുന്നു കൊണ്ട് പലസ്തീന്‍ പ്രതിരോധത്തിന്റെ കാഴ്ചകള്‍ വര്‍ണ്ണിക്കുന്ന മികച്ച നോവലാണ്. 

1987ല്‍ ശിവ നയ്‌പോള്‍ സ്മാരക പുരസ്‌കാരം ഹിലാരിയെ തേടിയെത്തി. 2009ല്‍ 'വോള്‍ഫ് ഹാളി'ന് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നതിനു മുന്‍പ് വാള്‍ട്ടര്‍ സ്‌കോട്ട്, കോസ്റ്റാ നോവല്‍ പ്രൈസുകളും മറ്റു നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും ഹിലാരി മാന്റെലിനു ലഭിച്ചു. എഴുത്തിലും ജീവിതത്തിലും കൂട്ടായിരുന്ന ജെറാള്‍ഡ് മക്വിവനുമായി ഇടയ്ക്ക് പിണങ്ങിപ്പിരിഞ്ഞ ഹിലാരി മാന്റെലിലേക്ക് സ്‌നേഹത്തിന്റെ അരുവിയായി അദ്ദേഹം വീണ്ടും ഒഴുകിവന്നതും പുനര്‍വിവാഹത്തിലൂടെ പൊട്ടിപ്പോയിരുന്ന ബന്ധം വിളക്കിച്ചേര്‍ക്കപ്പെട്ടതും തന്റെ സൗദി പ്രവാസത്തിന്റെ നന്മയാണെന്ന് ജിദ്ദാ ജീവിതസ്മരണകളില്‍ ഹിലാരി എഴുതിയിട്ടുണ്ട്. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com