എത്രയോ ജനപഥങ്ങളെ കണ്ടുപഴകിയ കണ്ണുകള്‍...

നിമിഷംപ്രതി നീലയും പച്ചയും വെള്ളയുമൊക്കെയായി നമ്മുടെ മനോവികാരങ്ങളോട് പ്രതികരിക്കാനെന്നവണ്ണം പാംഗോങ് തടാകം നിറം മാറിക്കൊണ്ടിരിക്കും
എത്രയോ ജനപഥങ്ങളെ കണ്ടുപഴകിയ കണ്ണുകള്‍...

നേരം പുലര്‍ന്നു. പാംഗോങ് സോയിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. സൊ എന്നാല്‍ ലഡാക്കി ഭാഷയില്‍ തടാകം എന്നര്‍ത്ഥം. ചെറുതും വലുതുമായ നിരവധി ചുരങ്ങളും തടാകങ്ങളും നിറഞ്ഞതാണ് ലഡാക്ക്. അതുകൊണ്ടുതന്നെ ലഡാക്കിനെ പൊതുവെ ചുരങ്ങളുടേയും തടാകങ്ങളുടേയും ഭൂമി എന്നാണ് വിളിക്കുന്നത്. 

തുര്‍തുക്കില്‍നിന്നും തിരിച്ച് ഖല്‍സാറില്‍ വന്ന് അവിടെനിന്നും കാര്‍തുംഗ് ലാ ചുരത്തിനടിവാരത്തില്‍ക്കൂടി ആകെ 198 കിലോമീറ്ററുകള്‍ സഞ്ചരിച്ച് ദുര്‍ബുക്കില്‍ എത്തണം. അവിടെനിന്നും വീണ്ടും പാംഗോങ് ലേയ്ക്ക് റോഡുവഴി താങ്‌സിയില്‍ എത്തി നദി മുറിച്ചുകടന്ന് തികച്ചും വിജനമായ വഴികളിലൂടെ 53 കിലോമീറ്ററുകള്‍ കൂടി താണ്ടുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ നമ്മളേയും കാത്ത് ഒരു ബോര്‍ഡ് കാണാം. 'പ്രസിദ്ധമായ പാംഗോങ് തടാകത്തിന്റെ ആദ്യ ദര്‍ശനം ഇവിടെനിന്നും ലഭിക്കും' എന്നെഴുതിയ ഒരു ബോര്‍ഡ്. അതൊരു കാഴ്ച തന്നെയാണ്. നിമിഷംപ്രതി നീലയും പച്ചയും വെള്ളയുമൊക്കെയായി നമ്മുടെ മനോവികാരങ്ങളോട് പ്രതികരിക്കാനെന്നവണ്ണം പാംഗോങ് തടാകം നിറം മാറിക്കൊണ്ടിരിക്കും.

പക്ഷേ, ആ സൗഭാഗ്യത്തിലേക്ക് എത്തും മുന്നേ വഴിയില്‍ ഞങ്ങളെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ മറ്റൊരു പ്രതിസന്ധിയാണ്. തുര്‍തുക്കില്‍നിന്നും വെളിച്ചം വീഴുമ്പോള്‍ തന്നെ യാത്ര തിരിച്ച് ഒരു പകല്‍ മുക്കാലും സഞ്ചരിച്ച് രാത്രിയാകും മുന്നേ പാംഗോങില്‍ എത്തി അവിടെ ഇളവേല്‍ക്കുക. എന്നിട്ട് പിറ്റേന്ന് സൊ മോരിരി കാണാന്‍ പോവുക. ഇതായിരുന്നു ഞങ്ങളുടെ പദ്ധതി. 

അലിയോടും വീട്ടുകാരിയോടും യാത്ര പറഞ്ഞ് ഞങ്ങള്‍ ഷയോക്കിന് എതിര്‍ദിശയിലേക്കു സഞ്ചരിച്ചു തുടങ്ങി. മുന്നേ കണ്ട പരിചയമൊന്നും നദിക്കിപ്പോഴില്ല. അല്ലെങ്കില്‍ തന്നെ എത്രയോ ജനപഥങ്ങളെ കണ്ടുപഴകിയ കണ്ണുകളാണ് ഷയോക്കിന്റേത്. സിന്ധുവും ഗംഗയും യമുനയും നിളയും പെരിയാറും എന്തിനധികം പറയണം എന്റെ നാടിനെ നനച്ചൊഴുകുന്ന മീനച്ചിലാറു വരെ എത്രയോ സംസ്‌കാരങ്ങളെ കണ്ടിരിക്കുന്നു! എത്രയോ നാളുകളായി മനുഷ്യര്‍ ഈ നദികളുടെ കരയില്‍ അവരുടെ ജീവിതം അലക്കിവിരിക്കുന്നു! 2010ലെ പ്രളയത്തില്‍ ഷയോക്ക് തന്റെ കരയിലുള്ള ജനവാസ കേന്ദ്രങ്ങളെ നേരിട്ട് കാണാനായി ഒന്നു കയറിവന്നതാണ്. അന്ന് പക്ഷേ, മനുഷ്യര്‍ ജീവനുംകൊണ്ട് പാഞ്ഞു. ഇന്നും എപ്പോള്‍ വേണമെങ്കിലും നദിക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടാകാവുന്നതേയുള്ളൂ.

അര്‍ദ്ധരാത്രിക്ക് പൊടുന്നനെ പെയ്തിറങ്ങിയ പേമാരിയില്‍ ലേയിലും ലഡാക്കിലാകെയും 255 പേരോളം അന്ന് മരണപ്പെട്ടു. കാണാതായ നിരവധി ആളുകളെക്കുറിച്ച് ഇന്നും വിവരമൊന്നുമില്ല. ആശുപത്രികളുള്‍പ്പെടെ സര്‍വ്വതും വെള്ളം വിഴുങ്ങി. ലേയിലെ എയര്‍പോര്‍ട്ടും ബസ് സ്റ്റാന്റുമൊക്കെ പൂര്‍ണ്ണമായി തകര്‍ന്നു. ബസുകള്‍ ഒരു മൈലോളം ഒഴുകിപ്പോയി. ഒരുവര്‍ഷം കൊണ്ട് പെയ്യേണ്ടുന്ന മഴ രണ്ടു മണിക്കൂര്‍കൊണ്ട് പെയ്തു എന്നാണ് മീറ്റിയറോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പറയുന്നത്. ഹിമാലയത്തില്‍ ഇത്തരം മിന്നല്‍ പ്രളയങ്ങള്‍ സര്‍വ്വസാധാരണമാണ്. സാധാരണഗതിയില്‍ മഴ നന്നേ കുറവുള്ള പ്രദേശമാണ് ലഡാക്ക്. നദികളിലൊക്കെ വെള്ളം വരുന്നത് ഹിമാനികള്‍ ഉരുകിയിട്ടാണ്. ഇവിടെയുള്ള എല്ലാ നദികളും ഏതെങ്കിലും ഹിമാനികളില്‍നിന്നാണ് ഉത്ഭവിക്കുന്നത്. അതുകൊണ്ടുതന്നെ വേനലിലും മിന്നല്‍ പ്രളയങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പക്ഷേ, 2010ലേതുപോലെ അപ്രതീക്ഷിതമായ മേഘവിസ്‌ഫോടനങ്ങളും വിരളമല്ല. എന്നു മാത്രമല്ല, ഇപ്പോള്‍ ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നുമുണ്ട്. 

പ്രകൃതിയോട് മല്ലിട്ടുതന്നെയാണ് മനുഷ്യന്‍ ഇന്ന് ഈ കാണുന്നതെല്ലാം നേടിയത്. പക്ഷേ, ഇതിനിടയില്‍ എവിടെയോ നമ്മള്‍ പ്രകൃതിയെക്കാള്‍ ശക്തരാണെന്ന തോന്നല്‍ ഉണ്ടായിത്തുടങ്ങിയതാണ് കുഴപ്പമായത്. ഫ്രെഡറിക് എംഗെല്‍സ് തന്റെ പ്രശസ്തമായ 'Dialectics of Nature' എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു: 'പ്രകൃതിയുടെമേല്‍ മനുഷ്യന്‍ നേടിയിട്ടുള്ള വിജയങ്ങളുടെപേരില്‍ നമുക്ക് ഒരുപാട് മിഥ്യാഭിമാനം തോന്നേണ്ടതില്ല. കാരണം, അത്തരം ഓരോ വിജയങ്ങള്‍ക്കും പ്രകൃതി നമ്മോടു പകരം വീട്ടും. ഓരോ വിജയത്തിലും നമ്മള്‍ പ്രതീക്ഷിച്ച ഫലം ആദ്യപടിയായി ലഭിച്ചേക്കാം. പക്ഷേ, രണ്ടാമത്തേയും മൂന്നാമത്തേയും തവണ അതിനു തികച്ചും വ്യത്യസ്തമായ, ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഫലമാവും ഉണ്ടാവുക. അതാവട്ടെ, മിക്കവാറും ആദ്യത്തേതിനെ റദ്ദ് ചെയ്യുന്നതുമാവും. ആകയാല്‍ ഒരു വിദേശജനതയെ കീഴടക്കുന്ന ആക്രമിയെപ്പോലെ പ്രകൃതിയെ നമ്മള്‍ ഭരിക്കുകയല്ലെന്നും പ്രകൃതിക്ക് വെളിയിലല്ല നമ്മുടെ നിലനില്‍പ്പെന്നും നമ്മള്‍ ചോരയിലും മാംസത്തിലും ബുദ്ധിയിലും ഈ പ്രകൃതിയുടെ ഭാഗമാണെന്നും അതിന്റെ നടുവിലാണ് നമ്മുടെ വാസമെന്നും പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ എല്ലാ അറിവുകളും അതിന്റെ നിയമങ്ങള്‍ മനസ്സിലാക്കാനും ശരിയാംവണ്ണം അവ പ്രയോഗിക്കാനുമുള്ള ആനുകൂല്യം മാത്രമാണെന്നും പ്രകൃതി നമ്മെ ഓരോ പടിയിലും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.'

2013ന് കേദാര്‍നാഥിനെ തകര്‍ത്തെറിഞ്ഞ പ്രളയം, 2014ല്‍ ജമ്മുവിനെ ബാധിച്ച ഒന്ന്, 2015ല്‍ സന്‍സ്‌കാര്‍ താഴ്‌വരയെ മൂടിയ മറ്റൊന്ന്, 2021ല്‍ ഉത്തരാഖണ്ഡിലെ ചമോളിയിലും ഇതേ വര്‍ഷം തന്നെ നൈനിറ്റാളിലും സംഹാരതാണ്ഡവമാടിയ വേറൊന്ന്. താരതമ്യേന ചെറുപ്പമായ ഹിമാലയന്‍ മലനിരകള്‍ക്ക് ഇപ്പോളത്തെ കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാനുള്ള കെല്‍പ്പില്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഏറിവരുന്ന ചൂടില്‍ ഹിമാനികള്‍ ഉരുകി പലയിടത്തും തടാകങ്ങള്‍ രൂപംകൊള്ളുന്നതാണ് പ്രധാന പ്രശ്‌നം. വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാനാവാതെ വരുമ്പോള്‍ അവ തകരുകയും അതിന്റെ ഫലമായി മണ്ണും കല്ലും കുത്തിയൊലിച്ചുവന്ന് സമതലങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്യും. 

നാം​ഗ്യാലിന്റെ യാക്കുകൾ/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
നാം​ഗ്യാലിന്റെ യാക്കുകൾ/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

ഹിമാലയത്തില്‍ ആകെ പന്ത്രണ്ടായിരത്തിലധികം ഹിമാനികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടു ചേര്‍ന്ന് രണ്ടായിരത്തോളം തടാകങ്ങളുമുണ്ട്. ഇവയില്‍ ഇരുന്നൂറില്‍ കൂടുതലെണ്ണം ഏതു സമയവും തകരാവുന്ന അവസ്ഥയിലാണ്. ജമ്മുവിലെ ചെനാബ് താഴ്‌വരയിലും ലഡാക്കിലെ സന്‍സ്‌കാര്‍ താഴ്‌വരയിലും ഏതു സമയവും ഇതു സംഭവിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കശ്മീരിലെ ഏറ്റവും വലിയ ഹിമാനിയായ കോലാഹോയി ഗ്ലേഷിയര്‍ വര്‍ഷത്തില്‍ ഇരുപതു മീറ്ററാണ് ഉരുകിത്തീരുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാരുകള്‍ ഹിമാലയസാനുക്കളില്‍ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നത്. ചെനാബ് നദിയില്‍ തന്നെ എട്ടോളം പുതിയ ഡാമുകള്‍ പണികഴിപ്പിക്കുന്നുണ്ട്.

പാംഗോങിലേക്കുള്ള വഴിയിലെല്ലാം നദിക്കരയില്‍ വന്നടിഞ്ഞിരിക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ കാണുമ്പോള്‍ പേടിയാവും. എംഗല്‍സ് പറഞ്ഞതാണ് ശരി. രണ്ടാമത്തേയും മൂന്നാമത്തേയും തവണ പ്രകൃതി നമ്മോടു പകരം വീട്ടാന്‍ തീരുമാനിച്ചാല്‍ ഒളിച്ചോടാന്‍ നമുക്ക് വേറെ വഴികളില്ല. പോയി താമസിക്കാന്‍ ഈ ഭൂമിയല്ലാതെ വേറെ വീടുമില്ല. ഗോളാന്തര യാത്രകളുടെ ഭാവിസാധ്യതകള്‍ അഭ്രപാളിയില്‍ മാത്രമേ നമ്മെ ത്രസിപ്പിക്കൂ. ഇന്നും പാതിയിലധികം മനുഷ്യര്‍ പട്ടിണി കിടക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് സ്വന്തം കാല്‍ച്ചുവട്ടിലെ ഇത്തിരി മണ്ണ് ചോര്‍ന്നു പോകുന്നത് അത്തരം വിദൂരസാധ്യതകള്‍കൊണ്ട് മറച്ചുപിടിക്കാന്‍ കഴിയുന്നതുമല്ല. കാള്‍ സാഗന്‍ എഴുതിയതുപോലെ 'സൂര്യപ്രകാശത്തില്‍ തൂങ്ങിക്കിടക്കുന്ന ചെറിയ ഈ വിളറിയ നീല പൊട്ടി'നെ പൊന്നുപോലെ പരിപാലിക്കേണ്ടത് നമ്മുടെ മാത്രം ബാധ്യതയാണ്. പ്രകൃതിയുടെ ശക്തിക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മനുഷ്യനെ രക്ഷിക്കാന്‍ ആകാശമേഘങ്ങള്‍ തുറന്ന് ഒരു ദൈവവും വരില്ല എന്ന തിരിച്ചറിവുകൂടിയായാണ് യാത്രകള്‍. അങ്ങനെ എങ്കിലും നമ്മുടെ ദുരകള്‍ക്ക് ഒരു കുറവുണ്ടാവുമെങ്കില്‍!

ദുര്‍ബുക്ക് എത്തുന്നതിനു കുറച്ചു മുന്നേ ഷയോക്ക് നമ്മെ വിട്ട് ഇടതുവശത്തുള്ള മലനിരകള്‍ക്ക് പിന്നില്‍ മറയും. പക്ഷേ, അപ്പോഴും ഷയോക്കിന്റെ ഒരു കൈവഴി നമ്മോടൊപ്പം താങ്‌സി വരെ കൂട്ടിനുണ്ടാകും. അതുകഴിഞ്ഞാല്‍ നമ്മള്‍ ഒറ്റയ്ക്കാണ്. ഒരു വലിയ മലയുടെ മുകളിലേയ്ക്ക് വണ്ടി കയറി പോകുകയായിരുന്നു. ഇടയ്ക്ക് എതിരെ ഒരു പട്ടാള ട്രക്ക് വന്നു. ഞങ്ങള്‍ അവര്‍ക്ക് വഴികൊടുത്തു പതിയെ റോഡിന്റെ ഇടതുവശത്തേക്ക് നീക്കി വണ്ടി നിര്‍ത്തി. അപ്പോള്‍ സോജന്‍ പറഞ്ഞു: 

'ഇനി ഒരു രസമുണ്ട്. പിടിച്ചിരുന്നോണം.' 

ഞാന്‍ അയാള്‍ പറഞ്ഞപോലെ ചെയ്തു. സോജന്‍ വീണ്ടും വണ്ടി മുന്നോട്ടെടുത്തു. ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി കയറ്റമവസാനിച്ചു. ഞാന്‍ നോക്കിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്തവണ്ണം ആഴമുള്ള ഒരു ഇറക്കമാണ് മുന്നില്‍! കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ഒന്ന്! വളഞ്ഞുപുളഞ്ഞ് മലയിടിക്കിലെവിടെയോ പോയി മറയുന്ന വഴി!

വണ്ടി ഫസ്റ്റ് ഗിയറിലിട്ട് ഞങ്ങള്‍ പതിയെ ഇറക്കമിറങ്ങിത്തുടങ്ങി. വഴിയില്‍ പലയിടത്തും ചാറല്‍ക്കൂനകളുണ്ട്. അറിയാതെങ്ങാന്‍ അതില്‍ കയറി വണ്ടി ഒന്ന് പാളിയാല്‍! ഗിയര്‍ മാറ്റിയാല്‍ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട് ഞങ്ങള്‍ ഫസ്റ്റ് ഗിയറില്‍ തന്നെ ഇറക്കം ഇറങ്ങി. എനിക്ക് കണ്ണടച്ചിരിക്കണമെന്നുണ്ട് പക്ഷേ, കണ്ണടക്കുമ്പോഴെങ്ങാന്‍ വണ്ടി മറിഞ്ഞാലോ? അത് മാത്രമല്ല, ചുറ്റിനും വാപിളര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കു നടുവിലൂടെ ആകാശം കാണാനില്ലാത്ത ഇടുക്കിലേക്ക് കൂപ്പുകുത്തുന്ന അനുഭവം നേരിട്ട് കണ്ടറിയണം. അതുകൊണ്ട് കണ്ണടക്കാനും മേല. ഏറ്റവും പതിയെ ഞങ്ങള്‍ വണ്ടി ഓടിച്ചു. കൂട്ടുകാര്‍ ജിഷാദും റയീസും പുറകിലുണ്ട്. ഇടയ്ക്ക് അവരോടു ഞങ്ങള്‍ ഗിയര്‍ ഒരു കാരണവശാലും മാറ്റരുത് എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവര്‍ കേട്ടുകാണുമോ ആവോ!

അരമണിക്കൂറിനടുത്ത് സമയമെടുത്തിട്ടാണ് ഞങ്ങള്‍ ആ ഇറക്കമിറങ്ങിക്കഴിഞ്ഞത്. ഇറങ്ങി താഴെയെത്തുമ്പോള്‍ മലവെള്ളം തകര്‍ത്തുകളഞ്ഞ ഒരു പഴയ ഇരുമ്പുപാലമുണ്ട് നദിക്കു കുറുകെ. അതിലൂടെ വേണം മറുകരയെത്താന്‍. ഞരങ്ങിയും മുരണ്ടും അത് നദിക്കു മേലേക്കൂടി നിവര്‍ന്നു കിടന്നു. ഞങ്ങള്‍ പാലം കടന്ന് മറുകരയിലെത്തിയിട്ട് തിരിഞ്ഞ് ഇറങ്ങിവന്ന മലയെ ഒന്ന് നോക്കി. അതിന്റെ തുഞ്ചത്ത് ആകാശം തൊട്ടു നില്‍ക്കുന്നു! ഞങ്ങള്‍ തന്നെയാണോ ഇതിറങ്ങി വന്നവര്‍? വിശ്വസിക്കാനാവുന്നില്ല, അത്രയ്ക്ക് കിളരമാണ് ആ മലയിടുക്കിന്. ഞങ്ങള്‍ വീണ്ടും വണ്ടി എടുത്തു. 

കുറേ ദൂരം പോയപ്പോള്‍ മറ്റൊരിടത്ത് വഴിയോട് ചേര്‍ന്നുള്ള നദിയുടെ ഒരു തിരിവില്‍ മെര്‍ഗാന്‍സര്‍ പക്ഷികളുടെ ഇണകള്‍ നീന്തുന്നു. മനോഹരങ്ങളായ ആ പക്ഷികളേയും നോക്കി കുറച്ചു നേരം ഞങ്ങള്‍ നദിക്കരയിലിളവേറ്റു. നദിയെന്നു പറഞ്ഞാല്‍ വലിയ വീതിയുള്ള നദിയൊന്നുമല്ല. ഷയോക്കിന്റ ഒരു കൈവഴി എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഒരു ചെറിയ തോട് അത്രമാത്രം. പക്ഷേ, വെള്ളത്തിനു അസഹനീയമായ തണുപ്പായിരുന്നു. മലവെള്ളപ്പാച്ചിലില്‍ ഭീമാകാരങ്ങളായ പാറകള്‍ ഒഴുകിവന്നു പലയിടത്തും ഇരുകരകളിലും തങ്ങിനില്‍ക്കുന്നു. അവയ്ക്കിടയിലൂടെ നദിയില്‍ ഇറങ്ങുക അത്രയെളുപ്പമല്ല. എന്നാലും മുന്നില്‍ കണ്ട ഒരു ചെറിയ പാറയിടുക്കിലൂടെ ഞങ്ങള്‍ നദിയിലിറങ്ങി കൈയും മുഖവും കഴുകി. അങ്ങനെ വേണം. ഉയരങ്ങളിലെ നദികള്‍ നമ്മുടെ മുഖത്ത് തൊടുന്നത് വല്ലാത്ത അനുഭൂതിയാണ്. അതറിഞ്ഞേ യാത്ര പോകാവൂ.

ഒരുപാട് നേരം അവിടെ ചെലവഴിക്കുന്നത് ബുദ്ധിയല്ല. ഒന്നാമത് ഞങ്ങള്‍ നാല് പേര്‍ മാത്രമാണ് ആ മലയിടുക്കിലുള്ളത്. രണ്ടാമത് നദി വളരെ ഇടുങ്ങിയ ഒരു വിടവിലൂടെയാണൊഴുകുന്നത്. എങ്ങാനും ഒരു മിന്നല്‍പ്രളയമുണ്ടായാല്‍ രക്ഷപ്പെടുക അസാധ്യമാണ്. മാത്രമല്ല, നേരം വൈകിത്തുടങ്ങി. നേരത്തെ ഒരനുഭവം ഉള്ളതുകൊണ്ട് എത്രയും വേഗത്തില്‍ ഇരുട്ട് വീഴും മുന്നേ പാംഗോങില്‍ എത്തുകയെന്നതാണ് പ്രധാനം. തുര്‍തുക്കിലേതു പോലെ ഇവിടെ നേരത്തെകൂട്ടി മുറിയൊന്നും പറഞ്ഞുവെച്ചിട്ടില്ല. പാംഗോങ്ങിലെത്തിയിട്ട് വേണം താമസം തരപ്പെടുത്താന്‍. ഞങ്ങള്‍ വണ്ടി എടുത്തു. അപ്പോള്‍ സമയം ഏതാണ്ട് ഉച്ച കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. 

നാം​ഗ്യാലിന്റെ മകൻ ദോർജെ
നാം​ഗ്യാലിന്റെ മകൻ ദോർജെ

മഴയില്‍ കുളിച്ച മുഗ്ലുബ്

ഇനിയും കിലോമീറ്ററുകള്‍ താണ്ടണം. പക്ഷേ, കാലാവസ്ഥ അനുകൂലമാണ്. ചൂടുണ്ട്, എന്നാലും സാരമില്ല. അധികം വൈകാതെ തന്നെ നദിക്കു കുറുകെ മറ്റൊരു പഴഞ്ചന്‍ പാലം കണ്ടു. അതിലൂടെ കടന്ന് മറുകര എത്തിയതും കയറ്റം വീണ്ടും തുടങ്ങി. കണ്ണെത്തും ദൂരംവരെ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മണ്‍വഴിയാണ്. അതിലൂടെ എങ്ങനെ വണ്ടി ഓടിക്കാനാണ്? പക്ഷേ, ഓടിക്കുകയല്ലാതെ വേറെയെന്തു വഴി! പാലത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണ സാധനങ്ങള്‍ അകത്താക്കി ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. പലയിടത്തും വണ്ടി പാളിയെങ്കിലും മറിഞ്ഞില്ല. 

ഒരുവിധം ആ മലമ്പാത ഞങ്ങള്‍ താണ്ടി. വഴി വീണ്ടും നല്ലതായി. ഈ പ്രദേശങ്ങളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (BRO) നിരന്തരം വഴി നന്നാക്കുന്നതാണ്. പക്ഷേ, കാലാവസ്ഥയുടെ ഓരോ മാറിമറിയലിലും ഒന്നുകില്‍ നദി അല്ലെങ്കില്‍ മല അതൊക്കെ ചുരുട്ടിയെറിയും. ഒറ്റനിമിഷം കൊണ്ട് ഒരു മലയൊന്നാകെ ഇടിഞ്ഞിരിക്കാം, അല്ലെങ്കില്‍ തികച്ചും അപ്രതീക്ഷിതമായി നദി കരകവിഞ്ഞ് റോഡും വീടുമൊക്കെ നക്കിയെടുത്തു പോകാം.

പാംഗോങിലേക്കുള്ള വഴിയാകെ ഇങ്ങനെ തന്നെയാണ്. പലയിടത്തും വഴിയേയില്ല. ഒരുവേള പണ്ടെങ്ങോ ഉണ്ടായിരുന്ന പാതയുടെ നേര്‍ത്ത ഒരു ഓര്‍മ്മപോലെ എന്തോ ഒന്ന് മുന്നിലുണ്ടെങ്കില്‍ തന്നെ ഭാഗ്യം. എന്തായാലും താരതമ്യേന ദുര്‍ഘടമായ വഴി കഴിഞ്ഞതുകൊണ്ട് ഞങ്ങള്‍ കുറച്ച് ആശ്വസിച്ചു. പക്ഷേ, ഇവിടെയും നമ്മള്‍ ഒറ്റയ്ക്കാണ്. വഴിയിലെങ്ങും ഒരു മനുഷ്യക്കുഞ്ഞിനെ പോയിട്ട് ഒരു യാക്ക് കുഞ്ഞിനെപ്പോലും കാണുന്നില്ല! മലയിടുക്കിലൂടെയുള്ള യാത്രയ്ക്കിടയില്‍ പൊടുന്നനെ മറ്റൊരു വളവില്‍വെച്ച് ഞങ്ങള്‍ ഒരു താഴ്‌വരയില്‍ പ്രവേശിച്ചു. ഇരുവശവും വിശാലമായ പുല്‍മേട്. അവിടവിടെ ഒന്നും രണ്ടും യാക്കുകളെ കാണാം. അതിനര്‍ത്ഥം അടുത്തെവിടെയോ ഒരു ഗ്രാമമുണ്ടെന്നാണ്. ഞങ്ങള്‍ ഉല്ലസിച്ചു വണ്ടിയോടിച്ചുതുടങ്ങി.

ജീവനും കയ്യില്‍ പിടിച്ച് ചുരത്തിലൂടെ സഞ്ചരിച്ച് താഴ്‌വരയിലെത്തുമ്പോള്‍ കിട്ടുന്ന ഒരു മനസുഖമുണ്ട്. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. സ്വയം അനുഭവിക്കണം. വഴി മുന്നില്‍ നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുകയാണ്. ചക്രവാളത്തില്‍ നീലമേഘം കൈകള്‍ വിടര്‍ത്തിനില്‍ക്കുന്നു. ആരുമില്ലാത്തവര്‍ക്ക് ആകാശമുണ്ട് കൂട്ട് എന്ന് തോന്നിപ്പോകും. അടുക്കുംതോറും അകന്നകന്നു പോകുമെങ്കിലും കുറച്ചു നിമിഷത്തേക്കെങ്കിലും നമുക്ക് കൂട്ടുള്ളതുപോലെ ഒരു തോന്നല്‍. ഗ്രാമത്തില്‍ നിര്‍ത്തി ഒരു ചായ കുടിക്കണം. എന്തെങ്കിലും കഴിക്കാന്‍ കിട്ടിയാല്‍ അതുമാകാം. പക്ഷേ, എത്ര ഓടിച്ചിട്ടും ഗ്രാമം മാത്രം വരുന്നില്ല! വഴി അനന്തമായി നീളുകയാണ്. 

ഇടയ്‌ക്കെപ്പോളാണ് ചക്രവാളത്തില്‍നിന്നും കണ്ണ് തെറ്റിയതെന്നറിയില്ല. പിന്നീട് നോക്കുമ്പോള്‍ നീലയല്ല വാനം. വഴിയുടെ മുന്നില്‍ അങ്ങകലെ രാത്രി ആരംഭിച്ചതുപോലെ. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുന്നേ മഴ ചാറിത്തുടങ്ങി. അല്ല മഴയല്ല. ആലിപ്പഴം പൊഴിയുന്നതാണ്. ചെറിയ മുത്തുകളോളം വലിപ്പമുള്ള മഞ്ഞുകട്ടകള്‍. ഞങ്ങള്‍ക്ക് സന്തോഷം അണപൊട്ടി. ആകാശം പൊഴിക്കുന്ന വെളുത്ത മുത്തുകള്‍ക്ക് ഇടയിലൂടെ ഒരു സിനിമാ ഗാനത്തിലെന്നവണ്ണം ഞങ്ങള്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. പക്ഷേ, അധികം വൈകും മുന്നേ മഞ്ഞുവീഴ്ച ശക്തമായി. മഴയും കൂട്ടത്തില്‍ ചേര്‍ന്നതോടെ കോട്ട് ഇടാന്‍വേണ്ടി ഞങ്ങള്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ ഒരു ബൈക്ക് എതിര്‍ദിശയില്‍നിന്നും ഞങ്ങളുടെ നേര്‍ക്ക് വന്നു. ഏതോ ഒരു ഒറ്റയാന്‍. അയാള്‍ വണ്ടി നിര്‍ത്തി. 

'എങ്ങോട്ടാണ് പോകുന്നത്?'

'പാംഗോങ്ങിലേക്ക്,' ഞാന്‍ മറുപടി പറഞ്ഞു. 

'അങ്ങോട്ടേയ്ക്ക് ഇപ്പോള്‍ പോകാന്‍ പറ്റില്ല. ഭീകര മഴയാണ്. വഴിയിലെല്ലാം വെള്ളം കുത്തിയൊഴുകുന്നുണ്ട്. 

ഇവിടെ അടുത്തെങ്ങാനും തങ്ങിയിട്ടു നാളെ പോകുന്നതാണ് നല്ലത്.'

'പക്ഷേ, ഇവിടെ എവിടെ തങ്ങാനാണ്?'

'മുന്നിലൊരു ചെറിയ ഗ്രാമമുണ്ട്. അവിടെ ഹോംസ്റ്റേകള്‍ കണ്ടേക്കും. എന്തായാലും പാംഗോങ്ങിലേക്കു പോകരുത്. നിങ്ങള്‍ അവിടെയെത്തില്ല.'

അയാള്‍ കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്തിട്ടുണ്ട്. മലയാളികളാണെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം. അതുകൊണ്ട് കൂടിയാണ് മുന്നോട്ട് ഒരു കാരണവശാലും പോകരുത് എന്ന് അയാള്‍ തീര്‍ത്തുപറഞ്ഞത്. ഇത്രയും പറഞ്ഞിട്ട് അയാള്‍ വണ്ടി എടുത്തു പോയി. 

ആ മുന്നറിയിപ്പിന്റെ ദൈര്‍ഘ്യമേ ബാഗില്‍നിന്നും ഒരു മഴക്കോട്ട് എടുത്തിടാന്‍ ഹിമാലയം ഞങ്ങള്‍ക്ക് അനുവദിച്ചു തന്നുള്ളൂ. കണ്ണടച്ചു തുറക്കും മുന്നേ ശക്തമായ കാറ്റും മഴയും ഞങ്ങള്‍ക്കുമേല്‍ പതിച്ചു. ഇടുന്നതിന്റെ വെപ്രാളത്തില്‍ ജിഷാദിന്റെ മഴക്കോട്ടിന്റെ കുടുക്ക് പൊട്ടി! കേറിനില്‍ക്കാന്‍ ഒരു മരത്തണല്‍ പോലുമില്ലാത്ത വിജനതയിലാണ് ഞങ്ങള്‍. മുന്നോട്ടു പോകുകയല്ലാതെ വേറെ വഴിയില്ല. വണ്ടി ഓടിക്കുമ്പോള്‍ ചൂളം വിളിക്കുന്ന കാറ്റ് ഞങ്ങളെ ക്രൂരമായി പരിഹസിച്ചു കൊണ്ടിരുന്നു. ഒന്ന് വിട്ടുകൊടുത്താല്‍ പിന്നെ മടക്കമില്ലാത്ത വണ്ണം ഞങ്ങളെ ഈ കൊടുമുടികള്‍ പരാജയപ്പെടുത്തിയേക്കാമെന്ന് ഞങ്ങള്‍ക്കു തോന്നി. പക്ഷേ, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല.

ദോർജെ യാക്കുകളോടൊപ്പം
ദോർജെ യാക്കുകളോടൊപ്പം

പക്ഷേ, മനുഷ്യഗര്‍വ്വുകളുടെ കടപിഴുതെറിയാന്‍ പ്രകൃതിക്കു നിമിഷനേരം മതി. മഴയുടെ ശക്തിയില്‍ വഴിപോലും കാണാനാവുന്നില്ല. കുപ്പായത്തിലെ വിടവുകളിലൂടെയെല്ലാം മഴയിറങ്ങിവന്നു ദേഹത്ത് തൊടുന്നു. തണുപ്പിലുറഞ്ഞുപോയ ദേഹത്തിനുള്ളില്‍ ഹൃദയമിടിപ്പിന്റെ ആക്കം കൂടി ശരീരമാകെ വിറയ്ക്കുന്നു. താടിയെല്ലുകള്‍ കൂട്ടിയിടിച്ച് ഒന്നും പറയാന്‍ പോലുമാവുന്നില്ല. ഒടുവില്‍ ഞങ്ങള്‍ പരാജയം സമ്മതിച്ചു. വണ്ടി നിര്‍ത്തി. കോരിച്ചൊരിയുന്ന മഴയാണ്. മേഘങ്ങളുടെ സംഭരണി കവിഞ്ഞൊഴുകുന്നതുപോലെ. എന്ത് ചെയ്യണം? പരസ്പരം പറഞ്ഞു പറഞ്ഞു വഴക്കായി. പക്ഷേ, അതുകൊണ്ട് കാര്യമില്ല. എന്തെങ്കിലും ചെയ്യണം. എവിടെയെങ്കിലും എത്തിപ്പെടുകയാണ് മുഖ്യം. യാക്കുകള്‍ മഴയും കാറ്റുമൊന്നും അറിഞ്ഞതായിപ്പോലും തോന്നുന്നില്ല. അവ പുല്ലു തിന്നുന്നത് തുടര്‍ന്നു. അടുത്തെവിടെയോ ഒരു ഗ്രാമമുണ്ട്. അതുറപ്പാണ്. അല്ലെങ്കില്‍ ഈ കന്നുകാലികള്‍ ഇവിടെ വരില്ല. മുന്നോട്ടുപോവുകതന്നെ. ഗ്രാമത്തിലെത്തി ഏതെങ്കിലും വീട്ടുവാതിലില്‍ മുട്ടാം. ഇത്രമേല്‍ നനഞ്ഞൊലിച്ച് സ്വയം ഇളിഭ്യരായി വന്നുകേറുന്ന നാല് മനുഷ്യാത്മാക്കളോട് ആരെങ്കിലും കരുണ കാണിക്കാതിരിക്കില്ല. മുന്നിലെ ഇരുട്ടിനു കട്ടികൂടി. മാത്രമല്ല, അതിപ്പോള്‍ ഞങ്ങളുടെ നേര്‍ക്ക് ഒരു വേട്ടമൃഗത്തെപ്പോലെ ഓടിയോടി വരികയുമാണ്!

എത്ര ദൂരം ഞങ്ങളങ്ങനെ വണ്ടിയോടിച്ചുവെന്നറിയില്ല. കപ്പല്‍ച്ഛേദത്തിലകപ്പെട്ട നാവികരെപ്പോലെ വിജനതയുടെ ആ കടലില്‍ ഞങ്ങള്‍ സര്‍വ്വശക്തിയുമെടുത്ത് തുഴഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ വിളക്കുമാടം പോലെ ആ ഇടയഗ്രാമം ഞങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞുവന്നു. മുഗ്ലുബ്! അവിടവിടെയായി ഒന്ന് രണ്ടു വീടുകള്‍. വഴിയില്‍ ഒരു വൃദ്ധന്‍ തലയില്‍ വിറകുകെട്ടുമായി നടന്നു നീങ്ങുന്നു. ഞങ്ങള്‍ വണ്ടി നിര്‍ത്തി താമസിക്കാന്‍ ഇടമന്വേഷിച്ചു. അയാള്‍ ലഡാക്കി ഭാഷയില്‍ പറഞ്ഞതൊന്നും ഞങ്ങള്‍ക്ക് മനസ്സിലായില്ല. കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോള്‍ വഴിയരികില്‍ ഒരു ബോര്‍ഡ്. 'നംഗ്യാല്‍ ഹോംസ്റ്റേ.' ഹോ, ആനന്ദാതിരേകത്തേക്കാള്‍ ആശ്വാസമായിരുന്നു ഞങ്ങള്‍ക്ക്. വണ്ടി ഒരുവിധം കല്ലുകള്‍കൊണ്ട് വേലി തിരിച്ച നംഗ്യാലിന്റെ വീട്ടുമുറ്റത്തേയ്ക്ക് ഓടിച്ചിറക്കി അവശ്യം വേണ്ട ബാഗുകള്‍ മാത്രമെടുത്ത് ഓടി അയാളുടെ വാതിപ്പടിയില്‍ കയറി തടികൊണ്ടുള്ള കതകില്‍ ഞങ്ങള്‍ ആഞ്ഞുമുട്ടി. ഒരു ചെറിയ പയ്യനാണ് വാതില്‍ തുറന്നത്. കൂടുതലൊന്നും പറയുന്നതിനു മുന്നേ അവന്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

നംഗ്യാല്‍ ഹോംസ്റ്റേ

ചെറുതല്ലാത്ത ഒരു ഹാളും ഒരു സ്റ്റോര്‍ റൂമും അടുക്കളയും ഉള്‍ക്കൊള്ളുന്നതാണ് നംഗ്യാലിന്റെ ഹോംസ്റ്റേ. അക്ഷരാര്‍ത്ഥത്തില്‍ വീട്ടിനുള്ളില്‍ താമസം! ഹാളിന്റെ നടുവില്‍ ഒരു നെരിപ്പോടെരിയുന്നുണ്ട്. അതിനു ചുറ്റും രജായികള്‍ വിരിച്ചിരിക്കുന്നു. ഒരു മൂലയ്ക്ക് ജനാലയോടു ചേര്‍ന്നൊരു കട്ടില്‍. നേരെ എതിരില്‍ മേശമേലൊരു ടി.വി. അടുക്കളയിലും സദാനേരവുമെരിയുന്ന നെരിപ്പോടുണ്ട്. അതിനു മുകളില്‍ അലുമിനിയം കെറ്റിലില്‍ വെള്ളം വെച്ചിരിക്കുന്നു. തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമില്‍ തടിപ്പത്തായത്തില്‍ അരിസാമാനങ്ങള്‍. അത് പക്ഷേ, അടച്ചിട്ടിരിക്കുകയാണ്. പാതകത്തില്‍ ഒന്നു രണ്ടു സ്റ്റീല്‍ കലങ്ങളും ചീനച്ചട്ടിയും. വിറകെരിയുന്ന അടുപ്പില്‍ കലത്തില്‍ അരിക്ക് വെള്ളം വെച്ചിരിക്കുന്നു. നെരിപ്പോടിലും അടുപ്പിലുമെല്ലാം കത്തിക്കുന്നത് യാക്കിന്റെ ചാണകവറളിയാണ്. 

അടുക്കളയില്‍ നെരിപ്പോടിനോട് ചേര്‍ന്ന് ഒരു പെയിന്റ് ബക്കറ്റില്‍ നിറയെ ചാണകവറളി ഇരിപ്പുണ്ട്. തീ അണയാന്‍ അനുവദിക്കാതെ നംഗ്യാലോ അല്ലെങ്കില്‍ അയാളുടെ മകനോ നെരിപ്പോടിലേക്ക് അവ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. ലഡാക്കി ശൈലിയില്‍ പണികഴിപ്പിച്ച ആ വീടിന്റെ ഭിത്തിയില്‍ വിലങ്ങനെ വലിയ തടികള്‍ വെച്ചിട്ടാണ് മേല്‍ക്കൂര ഉണ്ടാക്കിയിരിക്കുന്നത്. അടുക്കളയില്‍ത്തന്നെ ഒരു കിടക്കയുമുണ്ട്. അതില്‍ കമ്പിളി പല അടുക്കായി മടക്കി വിരിച്ചിരിക്കുന്നു. മുട്ട കൊണ്ടുവരുന്ന പേപ്പറുകൊണ്ടുള്ള ട്രേകള്‍ അടുക്കിയുണ്ടാക്കിയിരിക്കുന്ന ഒരു ചെറിയ സ്റ്റൂളുണ്ടവിടെ. പിന്നെ ഒരു പ്ലാസ്റ്റിക് കസേരയും.

ഞങ്ങള്‍ ഹാളിലെ നെരിപ്പോടിനു ചുറ്റിലുമിരുന്നു. ചൂട് തട്ടിയപ്പോള്‍ ഒരു ഉന്മേഷം. വിശപ്പ് പതിയെ തലപൊക്കിത്തുടങ്ങി. നംഗ്യാല്‍ ഞങ്ങള്‍ക്ക് ആവിപറക്കുന്ന ഒരു ചായ തന്നു. അരി വെക്കണമെങ്കില്‍ സ്റ്റോര്‍ റൂം തുറക്കണം. അതിന്റെ താക്കോല്‍ പക്ഷേ, അയാളുടെ കയ്യിലില്ല. അത് ഭാര്യയുടെ പക്കലാണ്. അവരാകട്ടെ, ദൂരെയെവിടെയോ ബുദ്ധപൂര്‍ണ്ണിമയോടനുബന്ധിച്ചുള്ള ഉത്സവം കൂടാന്‍ പോയിരിക്കുകയാണ്. പാപി ചെന്നിടം പാതാളം എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പൊ നേരിട്ട് അനുഭവിച്ചു! 'ദയവായി പട്ടിണി കിടക്കാന്‍ പറയല്ലേ' എന്ന തരത്തിലുള്ള ഞങ്ങളുടെ ദയനീയ നോട്ടമാകണം നംഗ്യാലിനെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. അയാള്‍ സ്റ്റോര്‍ റൂമിന്റെ താഴ് കുത്തിത്തുറന്നു! 

പുറത്ത് മഴ വീണ്ടും കനക്കുകയാണ്. ഒരു ഒഴിവുമില്ലാതെ കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നു. അരി വേവുന്നതുവരെ ഉറങ്ങുകയല്ലാതെ വേറെ വഴിയില്ല. ഞങ്ങള്‍ നെരിപ്പോടിനു ചുറ്റിലും രജായിയില്‍ കിടന്നു. ക്ഷീണം കാരണം നന്നായി ഉറങ്ങി. കുറെ കഴിഞ്ഞപ്പോള്‍ നംഗ്യാല്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി ചോറും മുട്ട ഓംലറ്റും തന്നു. അപ്പോഴേക്കും പുറത്ത് മഴ അല്പം ശമിച്ചിരുന്നു. പക്ഷേ, ഇരുട്ട് മുഗ്ലുബിനെ ചേര്‍ത്തുപിടിച്ച് പതിയെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. ഗ്രാമത്തില്‍ ഇനി നാളെ നേരം പുലര്‍ന്നാലേ എന്തെങ്കിലും കാണാന്‍ കഴിയൂ.

ഞങ്ങള്‍ നംഗ്യാലിന്റെ മകന്‍ ദോര്‍ജെയോട് കുറെ നേരം സംസാരിച്ചിരുന്നു. അവന് 12 വയസ്സാണ് പ്രായം. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. മുഗ്ലുബില്‍ സ്‌കൂളില്ല. അതുകൊണ്ട് ദൂരെയുള്ള ഏതോ ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് ദോര്‍ജെ പഠിക്കുന്നത്. ഇപ്പോള്‍ അവധിക്കു വീട്ടില്‍ വന്നതാണ്. ഇനി തിരിച്ചുപോകുന്ന കാര്യത്തില്‍ അവനു വലിയ താല്പര്യമൊന്നുമില്ല. കൃഷിയും കന്നുകാലി വളര്‍ത്തലുമൊക്കെയായി ഗ്രാമത്തില്‍ത്തന്നെ കൂടാനാണ് ഇഷ്ടന് ഇഷ്ടം. ഞങ്ങള്‍ അതുമിതുമൊക്കെ സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഉറങ്ങാന്‍ പോയി. മഴമാറിയ ആകാശത്ത് നിലാവ് പരന്നു. ജനാലച്ചില്ലിലൂടെ ചന്ദ്രിക മുറിയിലേക്ക് എത്തിനോക്കി. നംഗ്യാലും മകനും അടുക്കളയിലെ കിടക്കയിലാണ് കിടന്നത്. കിടന്നപാടെ അവര്‍ ഉറക്കം പിടിച്ചു. നേരം അധികം രാത്രിയൊന്നുമായിട്ടുണ്ടായിരുന്നില്ല. 

വിരലില്‍ എണ്ണാവുന്ന മനുഷ്യര്‍ മാത്രം താമസിക്കുന്ന വിജനമായ ലഡാക്കി ഗ്രാമങ്ങളില്‍ മനുഷ്യര്‍ നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നതാണ് പതിവ്. ഇരുട്ട് വീണുതുടങ്ങിയാല്‍ ആ വിജനതയില്‍ അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. നേരം പുലര്‍ന്നാലാവട്ടെ, തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ആവര്‍ത്തനങ്ങളിലേക്ക് ഒരു മടിയുമില്ലാതെ അവര്‍ വീണ്ടും പോകും. എല്ലാത്തിനും സാക്ഷിയായി കൊടുമുടികള്‍ അവര്‍ക്കു മുകളില്‍ ഉയര്‍ന്നുനില്‍ക്കും. ഒരു അമാവാസി ദിനത്തില്‍ നംഗ്യാലിന്റെ വീട്ടുമുറ്റത്ത് മാനം നോക്കിയിരിക്കുന്നതാണ് ഞാനപ്പോള്‍ ആലോചിച്ചത്. ആകാശം നിറയെ നക്ഷത്രങ്ങള്‍ വിതറിയ ഒരു രാത്രി ഉറക്കമിളച്ച് പര്‍വ്വതങ്ങളേയും നോക്കിയിരിക്കണം.

മാർമറ്റുകൾ
മാർമറ്റുകൾ

പിറ്റേന്ന് നേരം പുലര്‍ന്നത് നംഗ്യാലിന്റെ വീടിനു ചുറ്റുമുള്ള മരങ്ങളില്‍ കലപില കൂട്ടുന്ന പക്ഷികളിലേക്കാണ്. അയാളുടെ വീടിനു പിന്നില്‍ വിശാലമായ ഒരു പുല്‍മൈതാനമുണ്ട്. മൈതാനത്തിനതിരിട്ടു മലനിരകള്‍. അവയുടെ മുകളിലാകെ മഞ്ഞുപെയ്തിരുന്നു. തലേന്ന് രാത്രി പെയ്തതാവാം. പുല്‍മൈതാനത്ത് കുറെ യാക്കുകള്‍ മേയുന്നു. അത് നംഗ്യാലിന്റെ കന്നുകാലികളാണ്. ഇനിയുമുണ്ട് കുറെയെണ്ണം കൂടി. അവ പക്ഷേ, ദൂരെ എവിടെയോ മേയാന്‍ പോയിരിക്കുകയാണ്. നേരം നന്നേ പുലരുമ്പോള്‍ തന്നെ അവയെ നംഗ്യാല്‍ അഴിച്ചുവിടും. ദൂരെ പുല്‍മേടുകളില്‍പോയി മേഞ്ഞിട്ട് അന്തികൂടുമ്പോള്‍ അവ തിരിച്ചുവരും. ഇടയ്ക്ക് ചിലതിനെ ഒക്കെ കാണാതാവും. അപ്പോള്‍ അവയെ തിരഞ്ഞ് അയാളും ദോര്‍ജെയും പോകും. വിരളമായി ഹിമപ്പുലികള്‍ നംഗ്യാലിന്റേയും മറ്റു ഗ്രാമവാസികളുടേയും യാക്കുകളെ വേട്ടയാടാറുണ്ട്. പക്ഷേ, മിക്കപ്പോഴും പ്രതി ചെന്നായ്ക്കള്‍ ആയിരിക്കും.

രാവിലത്തെ തണുപ്പ് മാറ്റാന്‍ ഞങ്ങള്‍ പെയിന്റ് ബക്കറ്റിന്റെ മുകളിലും മുട്ട ട്രേ സ്റ്റൂളിലും പ്ലാസ്റ്റിക് ഇരിപ്പിടത്തിലുമൊക്കെയായി അടുക്കളയിലെ നെരിപ്പോടിനു ചുറ്റുമിരുന്നു തീ കാഞ്ഞു. ഞങ്ങളുടെ കയ്യില്‍ പൈസ വളരെ കമ്മിയാണ്. നംഗ്യാലിനു താമസത്തിന്റെ വകയില്‍ കൊടുക്കാനുള്ളതു മാത്രമേയുള്ളൂ. പാംഗോങില്‍ ചെന്നിട്ട് എ.ടി.എം കണ്ടെത്തി പണമെടുക്കാം എന്നാണു തീരുമാനിച്ചിരുന്നത്. വരുന്ന വഴിയില്‍ ഖല്‍സാറില്‍ എ.ടി.എം ഉണ്ടായിരുന്നിരിക്കണം. പക്ഷേ, അന്നേരം പൈസ കുറവാണെന്ന കാര്യം യാത്രയുടെ രസത്തില്‍ ഓര്‍ത്തില്ല. എന്തായാലും വെയില്‍ ഉദിച്ചാല്‍ യാത്ര തുടരണം. 

കോടമഞ്ഞു മാറിത്തുടങ്ങിയപ്പോള്‍ ഞാനും സോജനും ക്യാമറയുമെടുത്ത് പിന്നിലെ വയലിലേക്കിറങ്ങി. നല്ല ചതുപ്പാണ്. ചെറിയ ഒരു നീരൊഴുക്കുണ്ട്. അത് പുല്‍മൈതാനത്തെ പലതായി പകുത്ത് വളഞ്ഞുപുളഞ്ഞൊഴുകുന്നു. ഇടയ്ക്കുള്ള മണ്‍തിട്ടകളില്‍ പലതരം പക്ഷികള്‍ ഇര തേടുന്നു. ഞങ്ങള്‍ അവിടെ കുറേ നേരം ചെലവഴിച്ചു. ഇടയ്ക്ക് ദോര്‍ജെയും ഞങ്ങളോടൊപ്പം കൂടി. അവനോട് പലതും പറഞ്ഞ് പക്ഷികളേയും കണ്ട് സമയം പോയി. ഇതിനിടയില്‍ പുല്‍മേട്ടില്‍ അമ്മയോടൊപ്പം മേയാന്‍ വന്ന ഒരു യാക്കിന്‍ കുട്ടിയെ അവന്‍ എടുത്തോമനിച്ചു. 

ജിഷാദും റയീസും പോകാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഞാനും സോജനും വയലില്‍നിന്നും കയറി. നംഗ്യാലിന്റെ വീട്ടുമുറ്റത്തു തന്നെ ഒരു മ്യൂസിയം ഉണ്ട്. അതില്‍ പഴയകാല പണിയായുധങ്ങളും മറ്റും പ്രദര്‍ശനത്തിനുവെച്ചിട്ടുണ്ട്. പക്ഷേ, കേറി കാണണമെങ്കില്‍ പൈസ കൊടുക്കണം. ഞങ്ങളുടെ കൈയില്‍ അതാണല്ലോ ഇല്ലാത്തതും. പ്രാതലുണ്ടാക്കിത്തരാമെന്ന് നംഗ്യാല്‍ പറഞ്ഞിട്ടും ഞങ്ങള്‍ വേണ്ട എന്നു പറഞ്ഞു. നനഞ്ഞൊലിച്ചു വന്നുകേറി രാത്രി ചെലവഴിച്ചതും പോരാ, ഇനി കൊടുക്കാന്‍ പൈസകൂടി ഇല്ലാ എന്നു പറയാന്‍ വയ്യ. അതുകൊണ്ട് നംഗ്യാലിന്റെ സ്‌നേഹപൂര്‍വ്വമുള്ള ക്ഷണം നിരസിച്ചു ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ഉറുമ്പുകള്‍

മുഗ്ലുബില്‍നിന്നും യാത്ര തിരിച്ചപ്പോള്‍ വഴിയില്‍ വേറെയും യാത്രികരുടെ വാഹനങ്ങളുമുണ്ടായിരുന്നു. എല്ലാവരും പാംഗോങ് തടാകം കാണാന്‍ പോകുന്നവരാണ്. ഗ്രാമത്തില്‍നിന്നും വളരെയകലെയല്ലാതെ വഴിയരികില്‍ മറ്റൊരു പുല്‍മൈതാനത്ത് നിറയെ ഹിമാലയന്‍ മാര്‍മറ്റുകളെ ഞങ്ങള്‍ കണ്ടു. ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കരണ്ടുതീനി (Rodent) വിഭാഗത്തില്‍പ്പെട്ട ഒരു ജീവിയാണ് മാര്‍മറ്റുകള്‍. മഞ്ഞുകാലത്ത് ശിശിരനിദ്ര നടത്തുന്നവരാണിവര്‍. ചെറിയ ഒരു നായയുടെ വലിപ്പമുള്ള ഇവയുടെ ദേഹമാസകലം സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കട്ടിരോമം കൊണ്ട് പൊതിഞ്ഞിരിക്കും. ഭൂമി തുരന്നുണ്ടാക്കുന്ന മാളങ്ങളില്‍ കൂട്ടമായിട്ടാണ് താമസം. മനുഷ്യരെ വലിയ ഭയമൊന്നുമില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ യാത്രികരില്‍ ചിലര്‍ കൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ അവരുടെ കയ്യില്‍നിന്നും വാങ്ങി കഴിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ വണ്ടി നിര്‍ത്തി. നൂറ്റാണ്ടുകള്‍ക്കു മുന്നേ ലഡാക്ക് സന്ദര്‍ശിച്ച സഞ്ചാരികള്‍വരെ ഇവയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി 324 മുതല്‍ ഇന്ത്യ ഭരിച്ചിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ കാലത്ത് ഗ്രീസില്‍നിന്നും ഇന്ത്യയില്‍ വന്ന മെഗസ്തനീസ് അദ്ദേഹത്തിന്റെ Indica എന്ന പുസ്തകത്തില്‍ 'സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ഉറുമ്പുകള്‍' എന്നാണ് ഇവയെ വിളിക്കുന്നത്. മെഗസ്തനീസ് എഴുതുന്നു:

'കിഴക്ക് വലിയ ഒരു പീഠഭൂമിയുണ്ട്. അതിനു താഴെയുള്ള സ്വര്‍ണ്ണഖനികളില്‍ സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ഉറുമ്പുകളുണ്ട്. കാഴ്ചയില്‍ കുറുക്കനോളം വലിപ്പം തോന്നിക്കുന്ന ഇവ ശരവേഗത്തിലോടും. ശരത്കാലത്താണ് ഇവ സ്വര്‍ണ്ണം കുഴിച്ചെടുക്കുന്നത്. ഖനികളില്‍നിന്നും ഇവ തോണ്ടിയെറിയുന്ന മണ്ണില്‍നിറയെ ലോകത്തുള്ളതില്‍വെച്ചേറ്റവും ശുദ്ധവും തിളക്കവുമുള്ള സ്വര്‍ണ്ണത്തരികള്‍ ഉണ്ടായിരിക്കും. ഈ ഉറുമ്പുകള്‍ കുഴിച്ചെടുക്കുന്ന സ്വര്‍ണ്ണത്തരികള്‍ വെറുതെയൊന്ന് ഉരുക്കിയെടുത്താല്‍ മാത്രം മതി. ഈ പ്രദേശത്തു താമസിക്കുന്നവര്‍ രഹസ്യമായി ഈ സ്വര്‍ണ്ണം തട്ടിയെടുക്കാറുണ്ട്. നേരിട്ടുവന്നാല്‍ ഈ ഉറുമ്പുകള്‍ മനുഷ്യരെ ആക്രമിക്കും. അതുകൊണ്ട് പലയിടത്തായി ഇറച്ചിക്കഷണങ്ങള്‍വെച്ച് ഇവയുടെ ശ്രദ്ധ തിരിച്ചിട്ടാണ് മനുഷ്യര്‍ സ്വര്‍ണ്ണത്തരികള്‍ എടുത്തുകൊണ്ടു പോകുന്നത്.'

മെഗസ്തനീസ് കണ്ട 'സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ഉറുമ്പുകള്‍' മാര്‍മറ്റുകളാണ്! അവയാണ് ഞങ്ങളുടെ മുന്നില്‍! ലഡാക്കിലെ പീഠഭൂമികളിലൂടെ ഒഴുകുന്ന നദീതീരങ്ങളില്‍ സ്വര്‍ണ്ണം കണ്ടെത്തിയിട്ടുണ്ട്. ശീതനിദ്രയ്ക്കായി ഇവിടങ്ങളില്‍ മാളങ്ങള്‍ കുഴിക്കുന്ന മാര്‍മറ്റുകള്‍ ആ പ്രവൃത്തിക്കിടയില്‍ സ്വര്‍ണ്ണത്തരികള്‍ തോണ്ടിയെറിഞ്ഞിരിക്കാം. ഇത് മനസ്സിലാക്കിയ മനുഷ്യര്‍ അവിടങ്ങളില്‍ ചെന്നിരിക്കാനും ഇടയുണ്ട്. തങ്ങളുടെ വാസസ്ഥലം ആക്രമിക്കാന്‍ വന്നവര്‍ എന്ന് കരുതി മാര്‍മറ്റുകള്‍ ആ മനുഷ്യരെ ആക്രമിച്ചിട്ടുമുണ്ടാകും. അലക്‌സാന്‍ഡ്രിയയില്‍നിന്നും ഇന്ത്യയിലേക്ക് വന്ന മഹാനായ ആ യാത്രികന്‍ നേരിട്ടു കണ്ടതോ അതല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞുകൊടുത്തതോ ആവാം ഇതെല്ലാം. എന്തായാലും മാര്‍മറ്റുകളെ ഉറുമ്പെന്നു വിളിച്ചത് ഒട്ടും ശരിയായില്ല!

ഞങ്ങള്‍ പോകുന്ന ഈ വഴിയും പഴയ പട്ടുപാതയുടെ ഭാഗമാണ്. പാട്ടുപാതയിലൂടെ എത്രപേര്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്നു! മെഗസ്തനീസിനും തൊള്ളായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഹുയാന്‍ സാങ് വന്നു. അതിനുശേഷം ഫാഹിയാന്‍ വന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ് ഗസ്‌നിയോടൊപ്പം ആല്‍ബിറൂണി വന്നു. പിന്നെ ഇബ്‌നു ബത്തൂത്തയും മാര്‍ക്കോ പോളോയും വന്നു. ഇവരൊക്കെയും ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്രാനുഭവങ്ങള്‍ എഴുതിയെങ്കിലും അവയില്‍ പലതും നഷ്ടമായി. ഇതിന് ഒരു പ്രധാന കാരണമായി അനു കുമാര്‍ തന്റെ In the Coutnry of Gold-digging Ants എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത് പേപ്പറും അച്ചടിയും ചൈനയ്ക്ക് വെളിയില്‍ അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല എന്ന വസ്തുതയെയാണ്. 

എ.ഡി 105ല്‍ തന്നെ ചൈനക്കാര്‍ പേപ്പര്‍ കണ്ടെത്തിയെങ്കിലും അത് ഏഷ്യയില്‍ പ്രചാരത്തിലായത് പിന്നെയും 600 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. രണ്ടാം നൂറ്റാണ്ടില്‍ തന്നെ അവര്‍ അച്ചടിവിദ്യ വികസിപ്പിച്ചെങ്കിലും പതിന്നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മാത്രമാണത് യൂറോപ്പിലെത്തിയത്. മറ്റു പലരുടേയും എഴുത്തുകളിലൂടെയാണ് ഇന്ന് നമുക്ക് ഇവരുടെയൊക്കെ യാത്രാനുഭവങ്ങള്‍ ലഭ്യമായിട്ടുള്ളത്. 1999ല്‍ സുന്‍ ഷുയുന്‍ പ്രസിദ്ധീകരിച്ച 'Ten Thousand Miles Without a Cloud', 2004-ല്‍ സാലി ഹോവെയ് റിഗ്ഗിന്‍സ് പ്രസിദ്ധീകരിച്ച 'The Silkroad Journey with Huanzang' എന്നീ പുസ്തകങ്ങള്‍ ഹുയാന്‍ സാങിനെക്കുറിച്ചുള്ളവയാണ്. ഡോ. ഷ്വാന്‍ബെക്ക് ക്രോഡീകരിച്ച 'Ancient India as described by Megasthanes and Arrian' എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കപ്പെടേണ്ട ഒരു പ്രമുഖ കൃതിയാണ്.  

നാം​ഗ്യലിന്റെ ഹോംസ്റ്റേയ്ക്ക് സമീപം കണ്ട പക്ഷി/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
നാം​ഗ്യലിന്റെ ഹോംസ്റ്റേയ്ക്ക് സമീപം കണ്ട പക്ഷി/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

മാര്‍മറ്റുകളേയും താണ്ടി യാത്ര തുടര്‍ന്ന ഞങ്ങളുടെ മുന്നില്‍ വീണ്ടുമൊരു നദി പ്രത്യക്ഷപ്പെട്ടു. ഈ പ്രദേശം 'പഗ്ലാ നള്ളാ,' 'പാഗല്‍ നള്ളാ' എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. രണ്ടിന്റേയും അര്‍ത്ഥം ഒന്നുതന്നെ, ഭ്രാന്ത്! ഈ മലയിടുക്കില്‍ നദിയില്‍ ഏതു നേരവും വെള്ളമുയരാം. സാധാരണ ഉച്ചതിരിഞ്ഞ് രണ്ടു മണിയോടടുപ്പിച്ചാണ് അതു സംഭവിക്കുന്നത്. പക്ഷേ, അപ്പോള്‍ തന്നെയാവണം എന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ല. ഒരു മുന്നറിയിപ്പും കൂടാതെ ചിലപ്പോള്‍ നദി കരകവിയും. നദിയുടെ ഉത്ഭവത്തിലെ ഹിമാനിയില്‍ മഞ്ഞുരുകുന്നതാണ് കാരണം. ഇങ്ങനെ യാതൊരു കൃത്യതയുമില്ലാതെ പെരുമാറുന്ന ഒരു നദി ഒഴുകുമിടത്തെ ഭ്രാന്തന്‍ ഗര്‍ത്തം എന്നല്ലാതെ വേറെ എന്ത് വിളിക്കാനാണ്? അങ്ങനെ നോക്കിയാല്‍ ലഡാക്കിലെ പലയിടങ്ങളിലും ഭ്രാന്തിന്റെ നിലാവ് പരന്നിട്ടുണ്ട്. നിമിഷങ്ങള്‍ക്കൊണ്ട് നിറം മാറുന്ന ഈ പ്രകൃതിയില്‍ യുക്തിയുടെ വെയില്‍ വീണയിടങ്ങള്‍ കണ്ടെത്തുക ശ്രമകരമാണ്. അതുകൊണ്ടുതന്നെയാണ് ലഡാക്ക് എന്നും ആളുകളെ ആകര്‍ഷിക്കുന്നതും. ഭ്രാന്തില്ലാതെ എങ്ങനെ മനുഷ്യന് ജീവിക്കാനാകും? 'അല്പം ഭ്രാന്ത് വേണം, ഇല്ലെങ്കില്‍ മനുഷ്യനൊരിക്കലും സ്വതന്ത്രനാവാന്‍ ആഗ്രഹിക്കില്ല' എന്ന് പറഞ്ഞത് നിക്കോസ് കസാന്ത്‌സാക്കിസ് ആണ്.

നദിയോട് ചേര്‍ന്ന ഈ പ്രദേശങ്ങളില്‍ വഴി തീര്‍ത്തും മോശമാണ്. ഒരുവിധം ഞങ്ങള്‍ അവിടം കടന്നു. പിന്നെയും മുന്നോട്ടു പോകുമ്പോള്‍ വഴിയുടെ വലതു വശത്ത് 'ചഗാര്‍ സൊ' എന്നൊരു ചെറിയ തടാകമുണ്ട്. 13756 അടി ഉയരത്തില്‍ ഈ തടാകത്തില്‍ നിറയെ പലതരം നീര്‍പ്പക്ഷികളെ കാണാം. പാംഗോങ് കാണാനുള്ള തിടുക്കത്തില്‍ ഈ ചെറുതടാകത്തെ മിക്കവരും ഉപേക്ഷിച്ചു പോകലാണ് പതിവ്. പക്ഷേ, ഞങ്ങള്‍ ചഗാര്‍ സോയില്‍ വണ്ടി നിര്‍ത്തി കുറച്ചു പക്ഷികളുടെ പടങ്ങളെടുത്തു. വിശപ്പ് തോന്നിത്തുടങ്ങിയതിനാല്‍ എത്രയും പെട്ടെന്ന് പാംഗോങിലെത്തി വല്ലതും കഴിക്കാമെന്നു തീരുമാനിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. ഉച്ചയാവും മുന്നേ ഞങ്ങള്‍ക്ക് അവിടെനിന്നും സൊ മോരിരി തടാകം ലക്ഷ്യമാക്കി യാത്ര തുടരേണ്ടതാണ്. 

ചെറിയ ദൂരമല്ല ഈ രണ്ടു തടാകങ്ങള്‍ക്കുമിടയില്‍ യാത്രികരെ കാത്തുകിടക്കുന്നത്. ദുര്‍ഘടമായ പാതകളിലൂടെ 200നു മുകളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ സൊ മോരിരി എത്തൂ. പക്ഷേ, അത്രയും ദൂരം ഒറ്റയടിക്ക് താണ്ടുക ബുദ്ധിമുട്ടായതുകൊണ്ട് ചുസൂലില്‍ എത്തി രാത്രി താമസിച്ച് പിറ്റേന്ന് സൊ മോരിരി പോകണം. ഇന്ത്യയിലെ ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ ഒരു സെറ്റില്‍മെന്റാണ് ചുസൂല്‍. തടാകക്കരയില്‍നിന്നും മണ്‍വഴികളിലൂടെ തന്നെ ദൂരമൊരുപാട് സഞ്ചരിച്ച് സ്പാങ്മിക്, മാന്‍, മെറാക്, ഖല്‍സി വഴി ചുസൂലില്‍ എത്താം. അവിടെനിന്നും ചഗ്ഗ ലാ കടന്ന് സാഗാ, ലോമ, ന്യോമ വഴി മാഹിയിലെത്തണം. പിന്നെയും സഞ്ചരിച്ച് സുംദോ വഴി നമഷാങ് ലാ കയറി സൊ മോരിരി എത്തി തിരികെ വീണ്ടും മാഹിയില്‍ തിരിച്ചെത്തി അവിടെനിന്നും ചുമതാങ് കുംഡോക്, ഉപ്‌സി, കാരു വഴി ലേയില്‍ ചെല്ലുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ചുസൂല്‍ പോലെ തന്നെ ന്യോമയും ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഗ്രാമമാണ്. പക്ഷേ, ഇതിനേക്കാളൊക്കെ പ്രധാനം എ.ടി.എം കണ്ടെത്തി പൈസ എടുത്തിട്ട് വല്ലതും നല്ലതുപോലെ കഴിക്കുകയും കുടിക്കുകയും ചെയ്യുകയാണ്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com