തിരുത്തപ്പെടേണ്ട വിധി

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തമാക്കിക്കൊണ്ടുള്ള കോട്ടയം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി കേരളീയ സമൂഹത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു
തിരുത്തപ്പെടേണ്ട വിധി

ലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തമാക്കിക്കൊണ്ടുള്ള കോട്ടയം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി കേരളീയ സമൂഹത്തില്‍ പൊതുവായും നിയമരംഗത്ത് പ്രത്യേകമായും സജീവമായി ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മത മേലദ്ധ്യക്ഷനെതിരെ തന്റെ നിയന്ത്രണത്തിന്‍ കീഴില്‍ സേവനം ചെയ്യുന്ന ഒരു കന്യാസ്ത്രീ ഉന്നയിച്ച അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്നാണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 342 (അന്യായമായ തടങ്കല്‍ വെക്കല്‍), 376(2) (K) (തന്റെ നിയന്ത്രണത്തിലും അധീനതയിലുമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുക) 362 (2) (N) (തുടര്‍ച്ചയായി നിരവധി തവണ ബലാത്സംഗം ചെയ്യുക) 376 (C) (A) (സ്ത്രീകളുടെ സ്ഥാപനത്തിലെ നിയന്ത്രണാധികാരിയെന്ന നിലയില്‍ തന്റെ പദവിയും അധികാരവും ദുരുപയോഗിച്ച് സ്ത്രീയെ ബലാത്സംഗം ചെയ്യുക) 377 (പ്രകൃതി വിരുദ്ധ കുറ്റം) 506 (2) മരണഭീഷണി ഉയര്‍ത്തി ദേഹോപദ്രവം ഏല്പിക്കുക) എന്നീ കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയത്.  ഒരു വര്‍ഷവും മൂന്ന് മാസവും നീണ്ട രഹസ്യവിചാരണയ്ക്ക് ശേഷം ചുമത്തപ്പെട്ട എല്ലാ കുറ്റാരോപണങ്ങളില്‍നിന്നും പരിപൂര്‍ണ്ണമായി പ്രതിയെ കുറ്റമുക്തമാക്കിയ വിധി പരിശോധിച്ചാല്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ബോദ്ധ്യപ്പെടും. പ്രോസിക്യൂഷന്റെ പല വാദങ്ങളും കോടതി യാതൊരു ന്യായീകരണങ്ങളുമില്ലാതെ അവഗണിക്കുകയും പ്രതിഭാഗത്തിന്റെ യാതൊരു നിയമസാധുതയുമില്ലാത്ത വാദങ്ങള്‍ പര്‍വ്വതീകരിച്ച് പ്രതിയെ കുറ്റമുക്തമാക്കാന്‍ കോടതി വളരെ പ്രയാസപ്പെട്ടതായി വിധിയില്‍ പ്രകടമായി കാണാം.

ഡല്‍ഹി നിര്‍ഭയ കേസിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി സ്ത്രീ സുരക്ഷാ നിയമങ്ങള്‍ക്കുവേണ്ടിയുള്ള ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നത് കണക്കിലെടുത്താണ് ഇന്ത്യന്‍ ശിക്ഷാനിയമം 2013-ല്‍ സമഗ്രമായി ഭേദഗതി ചെയ്ത് ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ വ്യവസ്ഥ ചെയ്തത്. പുതിയ ഭേദഗതിയനുസരിച്ച് ബലാത്സംഗമെന്നത് സ്ത്രീയുടെ സമ്മതമില്ലാത്ത ലൈംഗികവേഴ്ചയ്ക്ക് പുറമെ സ്ത്രീകള്‍ക്കെതിരെയുള്ള വിവിധതരം പ്രകൃതിവിരുദ്ധ കുറ്റങ്ങളും ബലാത്സംഗ കുറ്റത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തി. ഉന്നതസ്ഥാനീയര്‍ തങ്ങളുടെ നിയന്ത്രണത്തിലും ആധിപത്യത്തിലുമുള്ള സ്ത്രീകളെ വശപ്പെടുത്തി ബലാത്സംഗം ചെയ്തുള്ള കുറ്റം പത്ത് വര്‍ഷം വരെ കഠിനതടവ് ചുരുങ്ങിയ ശിക്ഷയായും ശേഷിക്കുന്ന ജീവിതകാലം മുഴുവനും തടവ് ശിക്ഷ നല്‍കുന്ന ജീവപര്യന്തം തടവ് കൂടിയ ശിക്ഷയായും വ്യവസ്ഥ ചെയ്തു.  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന കുറ്റത്തിന് വധശിക്ഷ വരെ വ്യവസ്ഥയും ഭേദഗതിയില്‍ കൊണ്ടുവന്നു. 

വിധിക്ക് ശേഷം കോടതിക്കു പുറത്തേക്കു വരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ
വിധിക്ക് ശേഷം കോടതിക്കു പുറത്തേക്കു വരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കൊലപാതകത്തേക്കാള്‍ ഹീനകൃത്യം

1996-ല്‍ സ്റ്റേറ്റ് ഓഫ് പഞ്ചാബ് V/s ഗുര്‍മീത് സിംഗ്   (AIR 1996 SC 1393) കേസില്‍ ബലാത്സംഗം കൊലപാതകത്തേക്കാളും ഹീനമായ കുറ്റമാണെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ബലാത്സംഗം ചെയ്ത കുറ്റവാളി ഇരയുടെ സ്വകാര്യത മാത്രമല്ല കവര്‍ന്നെടുക്കുന്നത്, മറിച്ച് ഇരയ്ക്ക് ശാരീരികവും മാനസികവും മന:ശാസ്ത്രപരവുമായ ക്ഷതമാണ് വരുത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഒരു കൊലയാളി ഇരയെ ശാരീരികമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നതെങ്കില്‍ ഒരു ബലാത്സംഗക്കാരന്‍ നിരാലംബരായ സ്ത്രീയുടെ ആത്മാവിനെയാണ് നശിപ്പിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ട്  ബലാത്സംഗക്കേസ് വിചാരണ ചെയ്യുന്ന കോടതികള്‍ ഹീനമായ കുറ്റം ആരോപിക്കപ്പെട്ട കേസെന്ന നിലയില്‍ തെളിവുകള്‍ അതീവ സൂക്ഷ്മബോധത്തോടെ മാത്രമേ പരിശോധിക്കാവൂവെന്നും സുപ്രീംകോടതി എല്ലാ കോടതികള്‍ക്കുള്ള നിര്‍ദ്ദേശമായി പ്രസ്തുത കേസില്‍ നിരീക്ഷിക്കുകയുണ്ടായി.

ജലന്ധര്‍ അതിരൂപതാ ബിഷപ്പിന്റെ കീഴിലുള്ള കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോമിലെ മദര്‍ സൂപ്പീരിയറായിരുന്നു കേസിലെ ഇര. പ്രതി ഫ്രാങ്കോ മുളയ്ക്കല്‍ സെന്റ് ഫ്രാന്‍സിസ് ഹോം കോണ്‍വെന്റില്‍ താമസിക്കാറുണ്ടായിരുന്നു. 2014 മെയ് അഞ്ചിന് കോണ്‍വെന്റ് ഗസ്റ്റ് ഹൗസില്‍ താമസിച്ച പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ സംഭവം പുറത്തറിയാതിരിക്കാന്‍ ഇരയെ  ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്രകാരം 2014 മെയ് ആറിനും പിന്നീട് 2016 സെപ്തംബര്‍ 23-നുമിടയില്‍ പ്രതി 13 തവണ ബലാത്സംഗം ചെയ്തുവെന്നതാണ് കുറ്റപത്രത്തിലെ ആരോപണം. പൗരോഹിത്യ ശ്രേണിയില്‍ അത്യുന്നത സ്ഥാനത്തിരിക്കുന്ന പ്രതിക്കെതിരെ ശബ്ദിക്കുവാനോ പരാതിപ്പെടാനോ ആരും ധൈര്യപ്പെടാന്‍ തയ്യാറാവാത്ത സാഹചര്യമാണ് കോണ്‍വെന്റിലേതെന്നും ആയതിനാല്‍ സംഭവം സംബന്ധിച്ച് ഇര തന്റെ സഹപ്രവര്‍ത്തകരായ സിസ്റ്റര്‍മാരോടു മാത്രം വിവരം പങ്കിട്ടു. പിന്നീട് സഭാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇരയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പ്രതി ഇരയെ മദര്‍ സൂപ്പീരിയര്‍ പദവിയില്‍നിന്നും സാധാരണ സിസ്റ്റര്‍ ആയി തരംതാഴ്ത്തി. കേരള ചുമതലയുള്ള മദര്‍ സുപ്പീരിയര്‍ പദവിയില്‍നിന്നും നീക്കം ചെയ്തു. 

പ്രോസിക്യൂഷന്‍ ഭാഗം 39 സാക്ഷി മൊഴികളും - 122 രേഖകളും കോടതി നേരിട്ട് രണ്ട് രേഖകള്‍ വിളിച്ചുവരുത്തി തെളിവായി സ്വീകരിച്ചു. പ്രതിഭാഗം ആറ് സാക്ഷി മൊഴികളും 58 രേഖകളും തെളിവായി സ്വീകരിച്ചു. ഒന്നാം സാക്ഷിയായി വിസ്തരിച്ച ഇരയുടെ മൊഴിയും അത് ശരിവെയ്ക്കുന്ന 2 മുതല്‍ 9 വരെയുള്ള സാക്ഷി മൊഴികളും പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നിരാകരിച്ചു. മാത്രമല്ല, സംഭവ ദിവസങ്ങളില്‍ പ്രതി കോണ്‍വെന്റ് ഗസ്റ്റ് ഹൗസില്‍ താമസിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. തന്നെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നതിന് ഡോക്ടര്‍ക്ക് കൊടുത്ത മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തെളിവിലേക്ക് ഹാജരാക്കിയെങ്കിലും കോടതി അവയൊന്നും സ്വീകരിച്ചില്ല.
 
സ്വന്തം ഇഷ്ടാനുസരണം സര്‍വ്വ ജീവിത സുഖസൗകര്യങ്ങളും ത്യജിച്ച് സ്വന്തം ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അര്‍പ്പിക്കപ്പെട്ട കന്യാസ്ത്രീയെന്ന നിലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മദര്‍ സുപ്പീരിയര്‍ പദവിവരെയെത്തിയ നിഷ്‌കളങ്കതയുടേയും സത്യസന്ധതയുടേയും മൂര്‍ത്തീഭാവമായ ഇരയുടെ മൊഴി യാതൊരു സാഹചര്യത്തിലും അവിശ്വസിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി സ്വീകരിച്ചില്ല. ഒരു കന്യാസ്ത്രീയെന്ന നിലയില്‍ തന്റെ സ്വകാര്യ ദുഃഖങ്ങളും യാതനകളും ദുരിതങ്ങളും അവര്‍ വിവരിച്ചിരുന്നു. ലൈംഗിക അതിക്രമത്തിനുശേഷം സഭാപരിപാടികളില്‍ പ്രതിയുമായി ചേര്‍ന്നു വേദി പങ്കിടേണ്ടിവന്ന ദുരവസ്ഥയും ഇര മൊഴി നല്‍കിയിട്ടുണ്ട്.   ലൈംഗിക ചൂഷണം പുറത്തു പറഞ്ഞാല്‍ സമൂഹഭ്രഷ്ടിനു വിധേയമാകേണ്ടിവരുമോയെന്ന ആശങ്കയും ഭയവും ഇരയെ ആദ്യാവസാനം വേട്ടയാടിയിട്ടുണ്ടായിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിലുണ്ടായ മരണഭയം മൂലമാണ് പ്രതിക്കെതിരെ പരാതി ബോധിപ്പിക്കാന്‍ വൈകിയതെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി സ്വീകരിച്ചില്ല. എല്ലാം സഹികെട്ട് രണ്ടും കല്പിച്ച് 2018 ജൂണ്‍ 27-ാം തീയതി കോട്ടയം ജില്ലാ പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പാലാ ഡി.വൈ.എസ്.പി. അന്വേഷണം നടത്തി കുറ്റപത്രം ബോധിപ്പിച്ചത്.

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പാലാ സബ് ജയിലിൽ നിന്ന് പുറത്തേക്കു വരുന്ന ഫ്രാങ്കോ മുളയ്ക്കൽ
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പാലാ സബ് ജയിലിൽ നിന്ന് പുറത്തേക്കു വരുന്ന ഫ്രാങ്കോ മുളയ്ക്കൽ

നീതിനിഷേധത്തിന്റെ കുറ്റസമ്മതം

തന്റെ മുകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന മതമേലദ്ധ്യക്ഷനായ പ്രതിക്കെതിരെ നല്‍കിയ പരാതി കെട്ടച്ചമച്ചതാണെങ്കില്‍ അതിനുള്ള യാതൊരു കാരണവും ചൂണ്ടിക്കാണിക്കാന്‍ പ്രതിഭാഗത്തിനു സാധിച്ചിട്ടില്ലെന്നതാണ് ഏറെ വിചിത്രം. ഇരയ്‌ക്കെതിരെ 16-ാം സാക്ഷി ജയ നല്‍കിയ പരാതിയിന്മേല്‍ പ്രതി അന്വേഷണത്തിന് ഉത്തരവിട്ടതാണ് ഇതുപോലൊരു ലൈംഗികാരോപണം പ്രതിക്കെതിരെ ഉന്നയിച്ചതെന്ന വിധിയിലെ അവ്യക്തമായ പരാമര്‍ശം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. അപ്രകാരമുള്ള വിരോധമാണെങ്കില്‍ 13 തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയേണ്ടതില്ലെന്നത് വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. 1996-ലെ ഗുര്‍മീത് സിംഗ് കേസില്‍ സുപ്രീംകോടതിയുടെ വിധിയില്‍ ബലാത്സംഗ കേസുകളില്‍ ഇരയുടെ മൊഴി സംബന്ധിച്ചുള്ള ചില സുപ്രധാന പരാമര്‍ശങ്ങള്‍ വളരെ പ്രസക്തമാണ്. 

ബലാത്സംഗം ആരോപിച്ച് പരാതി ബോധിപ്പിക്കുന്ന ഏതൊരു സ്ത്രീയും തന്റെ ശേഷിക്കുന്ന ജീവിതകാലം മുഴുവനും സ്വയം ബലികഴിച്ചുകൊണ്ട് സമൂഹഭ്രഷ്ട് പോലും നേരിടേണ്ടിവരുമെന്ന് കരുതിയാണ് നിയമനടപടിക്ക് ഒരുങ്ങിപ്പുറപ്പെടുന്നതെന്നും ആത്മാഭിമാനമുള്ള തന്റെ ചാരിത്ര്യം മറ്റൊരുവന്‍ കവര്‍ന്നെടുത്തുവെന്നു കളവായി പരാതിപ്പെടില്ലെന്നും ആയതിനാല്‍ അത്തരം ഇരകളുടെ അവിശ്വസിക്കാന്‍ മതിയായ ശക്തമായ തെളിവില്ലാത്ത പക്ഷം സത്യമാണെന്നു കരുതേണ്ടിയിരിക്കുമെന്ന് നിരീക്ഷിക്കുകയുണ്ടായി. ഈ കേസിലെ ഇര ഒരു കന്യാസ്ത്രീയും ദീര്‍ഘകാലം കന്യാമഠത്തില്‍ സേവനമനുഷ്ഠിച്ച് മദര്‍ സുപ്പീരിയര്‍ പദവി വരെ എത്തിപ്പെട്ട നിഷ്‌കളങ്കയായ വ്യക്തിയെന്നതിന് തര്‍ക്കമില്ല. 16-ാം സാക്ഷി ഇരയ്‌ക്കെതിരെ ബോധിപ്പിച്ച പരാതി വ്യാജമാണെന്ന് ആ സാക്ഷി തന്നെ കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളതാണ്. തെളിവിലെ നെല്ലും പതിരും കലര്‍ന്നിരിക്കയാണെന്നും അവ വേര്‍തിരിക്കാന്‍ കഴിഞ്ഞില്ലെന്നുള്ള കോടതിയുടെ വിലയിരുത്തല്‍ ഇരയ്ക്ക് നീതി നിഷേധിച്ചതിന്റെ കുറ്റസമ്മതമെന്നു വേണം കരുതാന്‍.നാലു വര്‍ഷത്തിനിടയില്‍ 13 തവണ ലൈംഗികമായി തന്നെ പീഡിപ്പിച്ചതായും ലൈംഗികാതിക്രമത്തിന്റെ വിശദാംശങ്ങള്‍ ഇര ഡോക്ടറോടും കോടതിയിലും വിശദമായി വിവരിച്ചെങ്കിലും അവയുടെ വിവരങ്ങള്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതാണ് പ്രതിയെ കുറ്റമുക്തമാക്കാന്‍ കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയ തെളിവിലെ പോരായ്മ. പ്രഥമ വിവര റിപ്പോര്‍ട്ട് ഒരു വിജ്ഞാനകോശമൊന്നുമല്ലെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുവാനുള്ള പ്രാരംഭ നടപടി മാത്രമാണെന്ന് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളില്‍ ആവര്‍ത്തിച്ച് വിശദമാക്കി. ഇക്കാര്യം വിചാരണക്കോടതി വിസ്മരിച്ചുവെന്നത് അത്യന്തം ഖേദകരമാണ്. ഒരു ബലാത്സംഗക്കേസില്‍ പരാതി നല്‍കുവാനുണ്ടാവുന്ന കാലതാമസം സ്വാഭാവികമാണെന്നും വിവിധങ്ങളായ കാരണങ്ങള്‍ തനിക്കെതിരെയുണ്ടാവുന്ന ലൈംഗികാക്രമണ വിവരം പുറത്തു പറഞ്ഞ് നിയമനടപടിക്ക് തയ്യാറാവാന്‍ കാലതാമസമുണ്ടാവുന്നത് ഒരിക്കലും ഇരയുടെ മൊഴി അവിശ്വസിക്കാനുള്ള കാരണമല്ലെന്ന് 1996-ലെ ഗുര്‍മീത് സിംഗ് കേസിലും പിന്നീടുണ്ടായ നിരവധി കേസുകളിലും രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കിയ നിയമം വിചാരണ കോടതി സൗകര്യപൂര്‍വ്വം വിസ്മരിച്ച് പരാതി നല്‍കാനുണ്ടായ കാലതാമസം ഇരയുടെ മൊഴി അവിശ്വസിക്കുവാനുള്ള കാരണമായി കണ്ടെത്തിയത് ദൗര്‍ഭാഗ്യകരമാണ്. 

വിധിയില്‍ കീഴ്ക്കോടതി പ്രധാനമായും പ്രതിയെ കുറ്റമുക്തമാക്കാനുള്ള ഒരു കാരണം പ്രഥമ വിവര റിപ്പോര്‍ട്ടിലും മജിസ്ട്രേട്ടിന്റെ മുന്‍പാകെ നല്‍കിയ രഹസ്യമൊഴിയിലും പ്രതി ഇരയുമായി സംഭോഗത്തിലേര്‍പ്പെട്ടുവെന്ന് പറഞ്ഞിട്ടില്ലെന്നതാണ്. 2013-ലെ നിയമഭേദഗതിയില്‍ കൂടി ബലാത്സംഗത്തിന്റെ നിര്‍വ്വചനം പാടെ മാറ്റിയെഴുതിയത് വിസ്മരിച്ചുകൊണ്ടുള്ള ഒരു നിഗമനം മാത്രമായിട്ടേ അത്തരമൊരു കണ്ടെത്തലിനെ കണക്കാക്കാനൊക്കൂ. ഇരയുടെ കോടതിയിലെ മൊഴിയിലും പ്രഥമ വിവര റിപ്പോര്‍ട്ടിലും കോടതി കണ്ടെത്തിയ വൈരുദ്ധ്യം ഒരിക്കലും ഇരയുടെ മൊഴിയെ പാടെ തള്ളിക്കൊണ്ട് പ്രതിയെ കുറ്റമുക്തമാക്കാന്‍ പര്യാപ്തമായതല്ലെന്നതാണ് നിയമപരമായ സത്യം. അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി തന്റെ നിയന്ത്രണത്തിലും അധീനതയിലുമുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ആരോപണത്തില്‍ ഇരയുടെ മൊഴി ഒരു സാധാരണ വ്യക്തിക്കെതിരെ ഉന്നയിക്കപ്പെടുന്ന കുറ്റാരോപണമായി കാണരുതെന്ന് സുപ്രീം കോടതി സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര V/s ചന്ദ്രപ്രകാശ് കേവല്‍ ചന്ദ് കേസില്‍  (AIR 1990 SC 658) വിധിച്ചിട്ടുണ്ടായിരുന്നു. പ്രതിയെ കളവായി കേസില്‍ പ്രതിയാക്കുവാനുള്ള വ്യക്തവും ശക്തവുമായ കാരണങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ ഇരയുടെ മൊഴി വിശ്വസിച്ചേ പറ്റൂവെന്ന് ചന്ദ്രപ്രകാശ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

ബലാത്സംഗ കേസിലെ ഇരയുടെ മൊഴിയിലെ ഒറ്റപ്പെട്ട ന്യൂനതകള്‍, വൈരുദ്ധ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മൊഴി പാടെ അവഗണിക്കാന്‍ നിയമപരമായി പാടില്ല. താന്‍ ദൈവതുല്യനായും സ്വന്തം പിതാവിനു സമാനമായും കരുതുന്ന ഒരു വ്യക്തിയില്‍നിന്നും ക്രൂരവും നിന്ദ്യവുമായ പെരുമാറ്റവും തന്റെ കന്യകാത്വം കവര്‍ന്നെടുത്ത് ലൈംഗികാസക്തിയില്‍ നില്‍ക്കുന്ന പ്രതിക്കെതിരെ മറ്റൊരു ഉന്നത മതമേലദ്ധ്യക്ഷനായ മാര്‍ ആലഞ്ചേരിക്ക് ഇര അയച്ച കത്തില്‍ പ്രതി ലൈംഗികമായി സംഭോഗം ചെയ്തുവെന്ന് എഴുതിയിട്ടില്ലെന്നതാണ് വിചാരണ കോടതി പ്രോസിക്യൂഷന്റെ ന്യൂനതയായി കണ്ടെത്തിയത്. ഇത്തരം ചെറിയ ന്യൂനതകളും വീഴ്ചയും മാത്രം അടിസ്ഥാനപ്പെടുത്തി ഇരയുടെ മൊഴി പാടെ തള്ളിക്കൊണ്ട് പ്രതിയെ കുറ്റമുക്തമാക്കാന്‍ പാടില്ലായെന്നും ഇരയുടെ മൊഴി മൊത്തത്തില്‍ പരിശോധിച്ചു സത്യസന്ധമായി വിലയിരുത്തിക്കൊണ്ടു മാത്രമേ ബലാത്സംഗ കേസുകളില്‍ വിധി കല്പിക്കാവൂവെന്ന് സുപ്രീം കോടതി ചന്ദ്രപ്രകാശ് കേവല്‍ ചന്ദ് കേസിലും അതിനുശേഷമുണ്ടായ നിരവധി വിധിന്യായങ്ങളിലും സുപ്രീംകോടതി നിയമം ആവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.

ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജോയിൻ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം
ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജോയിൻ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം

2013-ലെ നിയമഭേദഗതിയനുസരിച്ച് ബലാത്സംഗ കേസിലെ ഇരയെ എതിര്‍ വിസ്താരം ചെയ്യുമ്പോള്‍ സാധാരണ കേസുകളിലെ സാക്ഷികളെ എതിര്‍ വിസ്താരം ചെയ്യുന്നതിന് പ്രതിഭാഗത്തുനിന്നുള്ള പല അവകാശങ്ങളും തെളിവ് നിയമഭേദഗതി വഴി എടുത്തു മാറ്റപ്പെട്ടു. പ്രസ്തുത ഭേദഗതിയനുസരിച്ച് 1872-ലെ തെളിവ് നിയമം 146-ാം വകുപ്പില്‍ പുതുതായി എഴുതിച്ചേര്‍ത്ത ഉപവകുപ്പനുസരിച്ച് ഇരയെ പ്രതിഭാഗം എതിര്‍ വിസ്താരം ചെയ്യുമ്പോള്‍ തന്റെ സ്വഭാവത്തെ സംബന്ധിച്ചോ അസാന്മാര്‍ഗ്ഗിക ജീവിതരീതി ആരോപിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് വിലക്കിയിട്ടുണ്ട്. അത്രയും പരിരക്ഷ ഇരയ്ക്ക് നല്‍കിയ ഒരു ഭേദഗതി നിയമമാണ് 2013-ല്‍ നടപ്പിലാക്കിയത്.

അവിശ്വാസത്തിന്റെ കാരണം

ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്‍ സംഭോഗമുണ്ടായിയെന്ന് വിവരിക്കുന്ന ഭാഗം വെട്ടിത്തിരുത്തിയതാണ് വിചാരണ കോടതി കന്യാസ്ത്രീയുടെ മൊഴി അവിശ്വസിക്കാനുള്ള ഒരു കാരണം. ബലാത്സംഗ കേസുകളില്‍ ഡോക്ടറെ വിസ്തരിച്ചില്ലെങ്കിലും ഇരയുടെ അവിശ്വസിക്കാനുള്ള കാരണമല്ലെന്ന് സ്റ്റേറ്റ് ഓഫ് മദ്ധ്യപ്രദേശ് V/s ദയാല്‍ സാഹു എന്ന കേസില്‍ (AIR 2005 SC 3570) സുപ്രീം കോടതി വിധിയുണ്ട്. അതുകൊണ്ടു ഡോക്ടറുടെ മൊഴിയിലും സര്‍ട്ടിഫിക്കറ്റിലും ഉണ്ടായേക്കാവുന്ന വീഴ്ചകള്‍ ബലാത്സംഗ കേസുകളില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള കാരണമേയല്ല. പ്രതിയെ കുറ്റമുക്തമാക്കാനായി തെളിവ് വിശകലനം ചെയ്ത് വിചാരണ കോടതിയുടെ 21 കാരണങ്ങളും തെളിവുകളുടേയും നിയമത്തിന്റേയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ നിലനില്‍ക്കുന്നതല്ല. പ്രതി ഇരക്കയച്ച ലൈംഗിക ചുവയുള്ള ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്ത് കോടതിയില്‍ തെളിവായി ഹാജരാക്കാതിരുന്നതിനാല്‍ കോടതി ഇരയുടെ മൊഴി അവിശ്വസിച്ചത് നിയമപരമായി ശരിയല്ല. ഇനി അങ്ങനെ ഒരു വീഴ്ച കേസന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നു സംഭവിച്ചാല്‍ തന്നെ പ്രതിക്കെതിരെ ലൈംഗിക ചുവയുള്ള സന്ദേശമയച്ച കുറ്റം തെളിയിക്കാന്‍ സാധിച്ചില്ലെന്നേ പറയാനൊക്കു. 

ബിഷപ്പിന്റെ പദവിയിലുള്ള ഉന്നത സ്ഥാനീയര്‍ മഠം സന്ദര്‍ശിക്കുമ്പോള്‍ സാധാരണയായി ബിഷപ്പ് ഹൗസിലാണ് താമസിക്കുകയെന്നും പ്രതി കോണ്‍വെന്റിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത് ദുരുദ്ദേശ്യം വെച്ചാണെന്നുള്ള പ്രോസിക്യൂഷന്‍ വാദവും കോടതി സ്വീകരിച്ചില്ല. പ്രതി ബിഷപ്പായി ചുമതലയേറ്റതിനു ശേഷം 18 കന്യാസ്ത്രീകള്‍ മഠം വിട്ടുപോയത് പ്രതിയുടെ സ്വഭാവദൂഷ്യം കൊണ്ടാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചില്ല. നിയമപരമായും വസ്തുതാപരമായും ധാരാളം പോരായ്മകള്‍കൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തമാക്കിയ കോട്ടയം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ല. അതുകൊണ്ടുതന്നെയാണ് വിദഗ്ദ്ധ നിയമോപദേശത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാരും ഇരയും വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രഖ്യാപിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേസന്വേഷണ വഴികളിൽ തെളിവെടുപ്പിനായി കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചപ്പോൾ (ഫയൽ ചിത്രം)
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേസന്വേഷണ വഴികളിൽ തെളിവെടുപ്പിനായി കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചപ്പോൾ (ഫയൽ ചിത്രം)

ഏതൊരു കേസിലും വിചാരണ കോടതിയുടെ വിധി അത് അന്തിമമല്ല. ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസില്‍ കീഴ്കോടതി ഒന്നാം പ്രതിയെ ജീവപര്യന്തം തടവിനും മറ്റ് പ്രതികളെയെല്ലാം വിവിധ കുറ്റങ്ങള്‍ക്ക് 10 വര്‍ഷം തൊട്ടുള്ള ശിക്ഷ നല്‍കിയിട്ടും പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അനുവദിച്ചുകൊണ്ട് ഒന്നാം പ്രതിയുടെ ശിക്ഷ ജീവപര്യന്തം മാറ്റി അഞ്ച് വര്‍ഷത്തെ തടവാക്കി മാറ്റുകയുണ്ടായി. പിന്നീട് സര്‍ക്കാരും ഇരയും സുപ്രീംകോടതിയില്‍ ബോധിപ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതിയിലേക്ക് പുനര്‍വാദത്തിനായി തിരിച്ചയച്ച കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തവും മറ്റ് 23 പ്രതികള്‍ക്കും വ്യത്യസ്ത കാലയളവിലെ തടവ് ശിക്ഷ നല്‍കിയ കീഴ് കോടതി വിധി ശരിവെച്ചുകൊണ്ടുള്ള കേസില്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ 9 മാസം നീണ്ടുനിന്ന കേസില്‍ ഈ ലേഖകന് ഹാജരാകേണ്ടിവന്നിട്ടുണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ തിളക്കം തന്നെയാണ്.  ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്ത വിധിയെ പുന:പരിശോധിക്കാന്‍ അപ്പീല്‍ കോടതിക്ക് സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് 
പ്രോസിക്യൂഷനാണ് ലേഖകന്‍)

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com