ആധുനിക കംബോഡിയായുടെ കൊടിയടയാളം

ഇന്ത്യയില്‍നിന്നുപോയ കച്ചവടക്കാരും അവരെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന കണക്കെഴുത്തുകാരായ ബ്രാഹ്മണരും പോരാളികളുമാണ് കംബോഡിയക്കാരെ രാഷ്ട്രവ്യവഹാരവും ഹിന്ദുമതവും പഠിപ്പിച്ചത്
ആധുനിക കംബോഡിയായുടെ കൊടിയടയാളം

ലോകത്തിലെ ഏറ്റവും വിസ്മൃതമായ ക്ഷേത്രമെന്നു വിശേഷിപ്പിക്കാറുള്ള അങ്കോര്‍വാട്ട് കാണാന്‍ പുറപ്പെട്ടത് കുലാലമ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നാണ്. രണ്ടു മണിക്കൂര്‍ വേണ്ടിവന്നില്ല കംബോഡിയായുടെ തലസ്ഥാനമായ നോംപെനില്‍ എത്താന്‍. പിറ്റെ ദിവസമാണ് അങ്കോര്‍വാട്ട് ക്ഷേത്രവും തൊട്ടടുത്തുള്ള ഖെമര്‍ ദേവാലയങ്ങളും സ്ഥിതിചെയ്യുന്ന സിയെംറീപ്പിലേക്ക് തിരിച്ചത്. സീയെംറീപ്പെന്നാല്‍ 'സിയാമിനെ തോല്‍പ്പിച്ച സ്ഥലം' എന്നാണര്‍ത്ഥം. 15-ാം നൂറ്റാണ്ടിലായിരുന്നു കംബോഡിയന്‍ ജനതയ്ക്ക് അഭിമാനം പകര്‍ന്ന സയാമിനു എതിരായുള്ള ആ യുദ്ധം നടന്നത്.

നെല്‍പ്പാടങ്ങളും വാഴത്തോപ്പുകളും മാവിന്‍തോട്ടങ്ങളും കാര്‍ഷികഭവനങ്ങളും ഇടകലര്‍ന്ന ചെറുഗ്രാമങ്ങള്‍ പിന്നിട്ടായിരുന്നു. 389 കിലോമീറ്റര്‍ അകലെയുള്ള സിയെംറീപ്പിലേക്കുള്ള പിറ്റെ ദിവസത്തെ കാര്‍ യാത്ര. ഡ്രൈവര്‍ ചീയായുടെ തൊട്ടടുത്തുള്ള സീറ്റിലായിരുന്നു മോംവണക്ക് എന്ന ചുറുചുറുക്കുള്ള ടൂര്‍ഗൈഡ്. കംബോഡിയായുടെ ഗതകാലചരിത്രവും വര്‍ത്തമാനകാല വിശേഷങ്ങളും അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. വണക്കം എന്ന തമിഴ് വാക്കിന്റെ ഖെമര്‍ തത്ഭവമാണ് വണക്ക് എന്നും അയാള്‍ വിശദമാക്കി. തന്റെ പേര് പറയേണ്ട സന്ദര്‍ഭങ്ങളില്‍ വണക്കം എന്നു ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചു.

ക്രിസ്തുവര്‍ഷാരംഭം മുതല്‍ തെന്നിന്ത്യന്‍ സംസ്‌കാരവുമായും പശ്ചിമേന്ത്യന്‍ വിശ്വാസങ്ങളുമായും കംബോഡിയായ്ക്കുള്ള ആത്മബന്ധങ്ങളെക്കുറിച്ചും വണക്ക് തുടര്‍ന്നറിയിച്ചു. സിംഹതുല്യനായ നരോത്തമനാണ് തങ്ങളുടെ പഴയ രാജകുമാരനും പിന്നീട് പ്രധാനമന്ത്രിയുമായിരുന്ന നരോത്തം സിഹാനുക്ക് എന്നറിയിക്കാനും അയാള്‍ മറന്നില്ല. സിഹാനുക്കിന്റെ മകനായ നരോദം സിംഹമൊണിയാണ് ഇപ്പോഴത്തെ രാജാവ്. ശാക്യദേവന്റെ പര്യായങ്ങളിലൊന്നാണ് സിംഹമൊണി. കൊച്ചിന്‍ ചൈനയെന്നാണ് കംബോഡിയായും വിയറ്റ്‌നാമും ചേര്‍ന്ന പ്രദേശം 17-ഉം 18-ഉം നൂറ്റാണ്ടുകളില്‍ അറിഞ്ഞിരുന്നത്.

ഇന്ത്യയില്‍നിന്നുപോയ കച്ചവടക്കാരും അവരെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന കണക്കെഴുത്തുകാരായ ബ്രാഹ്മണരും പോരാളികളുമാണ് കംബോഡിയക്കാരെ രാഷ്ട്രവ്യവഹാരവും ഹിന്ദുമതവും പഠിപ്പിച്ചത്. പശ്ചിമേന്ത്യയില്‍നിന്നു പിന്നീട് എത്തിയ ശ്രേഷ്ഠികളും അവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബുദ്ധഭിക്ഷുക്കളും മഹായാനബുദ്ധമതത്തിന്റെ തത്ത്വങ്ങള്‍ കംബോഡിയക്കാരെ പിന്നീട് ഉദ്‌ബോധിപ്പിച്ചു.

ഇന്ത്യയില്‍നിന്നു വന്ന ഈ കച്ചവടക്കാരും പോരാളികളും രാജകുമാരന്മാരും കംബോഡിയന്‍ യുവതികളെ വിവാഹം കഴിക്കുകയും അങ്ങനെ ഉണ്ടായ സങ്കരജനത പുതിയ സംസ്‌കാരത്തിന്റെ പ്രചാരകന്മാരായി മാറുകയുമായിരുന്നു. എട്ടാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടുവരെയുള്ള കാലമായിരുന്നു ഖെമര്‍കലയുടെ സുവര്‍ണ്ണകാലം. അങ്കോര്‍വാട്ടുപോലെയുള്ള മഹാക്ഷേത്രങ്ങളും അങ്കോര്‍തോം പോലുള്ള രാജകീയ നഗരങ്ങളും ഇക്കാലത്ത് രൂപംകൊണ്ടവയാണ്.

ജാവയിലെ ശൈലേന്ദ്ര രാജാക്കന്മാരും മലാക്കയിലെ ശ്രീവിജയ സാമ്രാജ്യത്തിന്റേയും (6821090) സൗഹൃദത്തണലില്‍ ഖെമര്‍ രാജാക്കന്മാര്‍ ഇന്ത്യന്‍ സങ്കല്പങ്ങള്‍ക്ക് ആഴത്തിലുള്ള വേരോട്ടങ്ങള്‍ ഉണ്ടാക്കി. ചമ്പയിലും (വിയറ്റ്‌നാമിലും) സയാമിലും (തായ്ലന്റ്) സ്വാഭാവികമായും അതിന്റെ അനുരണനങ്ങള്‍ വൈകാതെ ഉരുവം കൊണ്ടു.

ശങ്കരാചാര്യരുടെ പ്രശിഷ്യനായ ഇന്ദ്രവര്‍മ്മന്‍ (877-897) എന്ന രാജാവായിരുന്നു ഖെമര്‍കലയുടെ ആദ്യകാല പുരസ്‌കര്‍ത്താവ്. അതിനുമുന്‍പ് രാജ്യം ഭരിച്ചിരുന്ന ജയവര്‍മ്മന്‍ രണ്ടാമന്‍ (790-850) സനാതന ധര്‍മ്മത്തെ കംബോഡിയായിലെ ഔദ്യോഗിക മതമായി അവതരിപ്പിച്ചിരുന്നു. ജയവര്‍മ്മന്‍ മൂന്നാമനും ജയവര്‍മ്മന്‍ അഞ്ചാമനും ചോഴരാജാക്കന്മാരുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. ഖെമര്‍ രാജാക്കന്മാരില്‍ വെച്ച് ഏറ്റവും വിഖ്യാതനായ ജയവര്‍മ്മന്‍ ഏഴാമന് (12ാം നൂറ്റാണ്ട്) ബുദ്ധമതത്തോടായിരുന്നു കൂടുതല്‍ പ്രതിപത്തി.

നോംപെൻ മ്യൂസിയത്തിലെ
ബാലി- സു​ഗ്രീവ
യുദ്ധത്തിന്റെ ശില്പം

ടൂറിസത്തെ മുഖ്യമായും ആശ്രയിച്ചു പുലരുന്ന കംബോഡിയായ്ക്ക് കൊവിഡിന്റെ കാലം ദുരിതപൂര്‍ണ്ണമായിരുന്നു. ഏഷ്യയിലെ മൂല്യംകുറഞ്ഞ കറന്‍സികളില്‍ ഒന്നാണ് കംബോഡിയന്‍ റിയാല്‍. ഒരു ഡോളര്‍ കൊടുത്താല്‍ 4000 കംബോഡിയന്‍ റിയാല്‍ ലഭിക്കും.

1998 മുതല്‍ കംബോഡിയാ ഭരിക്കുന്നത് ഹൂണ്‍സെന്‍ എന്ന കരുത്തനായ പ്രധാനമന്ത്രിയും. അദ്ദേഹം നേതൃത്വം നല്‍കുന്ന കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമാണ്. 17 ലക്ഷം കംബോഡിയക്കാരെ പൈശാചികമായി വധിച്ച പോള്‍പോര്‍ട്ടിന്റെ പഴയ അനുയായി. പിന്നീട് അയാളോടു തെറ്റിപ്പിരിഞ്ഞ്, പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുകയും നേതാവായി ഉയരുകയും ചെയ്ത ചരിത്രമാണ് ഹൂണ്‍സെന്നിനെക്കുറിച്ചു കംബോഡിയാക്കാര്‍ക്കു പറയാനുള്ളത്. പാതയോരത്തെ പ്രചരണഫലകങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം ഉപപ്രധാനമന്ത്രിയുടേയും ചിത്രങ്ങള്‍ കാണാനുണ്ടായിരുന്നു. പ്രധാനമന്ത്രി പദത്തില്‍നിന്നു റിട്ടയര്‍ ചെയ്യുമ്പോള്‍ എന്നാല്‍ പകരക്കാരനാകാന്‍ പോകുന്നത് ഈ ഉപപ്രധാനമന്ത്രിയല്ലെന്നും ഇപ്പോള്‍ പട്ടാള ഓഫീസറായി ജോലിചെയ്യുന്ന ഹൂണ്‍സെന്നിന്റെ മകനായിരിക്കുമെന്നും കംബോഡിയക്കാര്‍ വിശ്വസിക്കുന്നു.

ജനങ്ങളില്‍ 80 ശതമാനവും തേരവാദ ബുദ്ധമതക്കാരാണ്. മുസ്ലിങ്ങളാണ് പ്രധാന ന്യൂനപക്ഷം. അതുകഴിഞ്ഞാല്‍ ക്രിസ്ത്യാനികളും നിരീശ്വരരും. മാവോസേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവത്തില്‍ പ്രചോദിതനായാണത്രേ പോള്‍പോട്ട്, വര്‍ഗ്ഗശത്രുക്കള്‍ എന്നു മുദ്രകുത്തി 17 ലക്ഷത്തോളം കംബോഡിയക്കാരെ (1976-79 കാലത്ത്) വധിച്ചത്. നഗരവാസികളോടു നാട്ടിന്‍ പുറങ്ങളില്‍ പോയി കൃഷിപ്പണികളില്‍ ഏര്‍പ്പെടാനായിരുന്നു ഖെമര്‍റൂഷ് ഭരണകൂടം തുടക്കത്തില്‍ നിര്‍ദ്ദേശിച്ചത്. അനുസരിക്കാത്തവരെ പട്ടാളക്കാര്‍ പിടികൂടി വധിച്ചു. എതിര്‍ത്തവരെ വര്‍ഗ്ഗശത്രുക്കളായി മുദ്രകുത്തി. വധിക്കാനായി 22 വ്യത്യസ്ത തടവുപാളയങ്ങള്‍ അന്നു കംബോഡിയായില്‍ ഉണ്ടായിരുന്നു, സ്ത്രീകളേയും കുട്ടികളേയും ആ നരാധമര്‍ വെറുതെ വിട്ടില്ല. റഷ്യയും ചൈനയും ഈ അരുംകൊലകള്‍ തടഞ്ഞില്ല.

നോംപെനില്‍നിന്ന് 314 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഞങ്ങള്‍ സ്‌പൈഡര്‍ സിറ്റിയില്‍ എത്തി. എട്ടുകാലികളേയും മറ്റും പാമോയിലില്‍ പൊരിച്ചുവില്‍ക്കുന്ന സ്ഥലമായതുകൊണ്ട് ഈ ഇടത്താവളത്തിനു വിദേശികള്‍ നല്‍കിയ പേരാണ് സ്‌പൈഡര്‍ സിറ്റി. ഭരണകൂടവും പിന്നീടത് അംഗീകരിച്ചു.

എട്ടുകാലികള്‍ക്കു പുറമേ തവളകള്‍, പാറ്റകള്‍, വിട്ടിലുകള്‍ എന്നിവയെല്ലാം പെട്ടിക്കടകളില്‍ എണ്ണയില്‍ പൊരിച്ചു വെച്ചിട്ടുണ്ടായിരുന്നു. വില്‍പ്പനക്കാരികള്‍ പരസ്പരം കൂടിയിരുന്നു നേരമ്പോക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പഴാണ് ഞങ്ങളുടെ കാര്‍ അവര്‍ക്കു മുന്നില്‍ എത്തിയത്. ഫോട്ടോയെടുക്കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശ്യം എന്നറിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ അവഗണിച്ചു കൊച്ചുവര്‍ത്തമാനങ്ങളിലേക്കു മടങ്ങി.

പുഴമത്സ്യങ്ങള്‍ തേങ്ങാപ്പാലില്‍ വേവിച്ച് തയ്യാറാക്കുന്ന മീന്‍കറിയും നെല്ലരിച്ചോറുമാണ് കംബോഡിയക്കാരുടെ പ്രധാനഭക്ഷണമെന്ന് മോംവണക്ക് പറഞ്ഞു. ഒരു കംബോഡിയന്‍ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോകാമോ എന്ന ഞങ്ങളുടെ ആവശ്യത്തിന് അയാള്‍ സമ്മതം മൂളി. വഴിയോരത്തെ മിക്ക വീടുകളും മരത്തൂണുകളിലോ കോണ്‍ക്രീറ്റ് തൂണുകളിലോ തയ്യാറാക്കിയ ഉയരമുള്ള തറയില്‍ പണിത വീടുകളായിരുന്നു. മെയ് മുതല്‍ ഒക്ടോബര്‍ വരെ കംബോഡിയായില്‍ മഴക്കാലമാണെന്നും വെള്ളപ്പൊക്കങ്ങള്‍ സാധാരണമാണെന്നും അതില്‍നിന്നുള്ള മുന്‍കരുതലിനാണ് ഇവിടെയുള്ളവര്‍ ഈ ഭവനനിര്‍മ്മാണരീതി പിന്‍തുടരുന്നതെന്നും മോംവണക്ക് അറിയിച്ചു.

അങ്കോർവാട്ടിലെ ശില്പങ്ങൾ
അങ്കോർവാട്ടിലെ ശില്പങ്ങൾ

മഞ്ഞക്കോളാംബി പൂക്കളുമായി നില്‍ക്കുന്ന ചെടികള്‍ ഒരുക്കിയ വേലിയുള്ള ഒരു ഗ്രാമീണ ഭവനത്തിലേക്കു മോംവണക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പ്രേഹ്ഭും (Preaphum) എന്ന പരേതസ്ഥാനം ഈ വീടിനു മുന്‍പിലും കാണാനുണ്ടായിരുന്നു. പഴവര്‍ഗ്ഗങ്ങളോടുകൂടിയ ഒരു നിവേദ്യ തട്ടവും പ്രേതാത്മാക്കള്‍ക്കുള്ള ഈ കുര്യാകളില്‍ കണ്ടു.

കൊവിഡ് കാലത്ത് നേരിടേണ്ടിവന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ഇടത്തരക്കാര്‍ തങ്ങള്‍ താമസിക്കുന്ന പ്രധാന ഭാഗം വാടകയ്ക്കു കൊടുത്തിരിക്കുകയാണെന്നും പകരം അവരിപ്പോള്‍ ബേസ്മെന്റിലേക്കു താമസം താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണെന്നും മോവണക്ക് പറഞ്ഞു. ഭാര്യമാരോടൊപ്പം താമസിക്കുന്ന മൂന്ന് ആണ്‍മക്കളാണ് ആ കൂട്ടുകുടുംബത്തിലെ മറ്റു താമസക്കാര്‍.

വീട്ടമ്മ പേരക്കുട്ടിക്കു മീന്‍കറിയില്‍ മുക്കിയ ചോറുരുള കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ അവിടേക്ക് എത്തിയത്. ഇന്ത്യയില്‍ നിന്നെത്തിയ ഞങ്ങളെ മോംവണക്ക് അവര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. ഇറുകിയ കണ്ണുകളും മംഗോളിയന്‍ മഞ്ഞനിറവുമുള്ള അവര്‍ ഞങ്ങളോടും പ്രത്യേകിച്ചടുപ്പമൊന്നും കാണിച്ചില്ല. അങ്കോര്‍വാട്ടില്‍ ടൂറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയോ എന്നോ മറ്റോ മോംവണക്കിനോട് അവര്‍ ആരാഞ്ഞു. മക്കളില്‍ ഒരാള്‍ക്ക് അവിടെ ഉണ്ടായിരുന്ന സുവനീര്‍ ഷോപ്പ് അടുത്തകാലത്തെങ്ങാനും തുറക്കാന്‍ കഴിയുമോ എന്ന ഉല്‍ക്കണ്ഠയായിരുന്നു അവരുടെ ചോദ്യത്തിനു പിന്നില്‍. കമ്പികള്‍ വലിച്ചുകെട്ടി അതില്‍ കര്‍ട്ടനിട്ടായിരുന്നു മക്കള്‍ക്കുള്ള മുറികള്‍ വേര്‍തിരിച്ചിരുന്നത്.

അകാലത്തില്‍ വിധവയാകേണ്ടിവന്ന അവരുടെ കദനകഥ മോംവണക്ക് കാറില്‍ തിരിച്ചെത്തിയശേഷം ഞങ്ങളോടു പറഞ്ഞു. ഖെമര്‍റൂഷ് ഭരണകാലത്ത്, തടവുകാരനാക്കപ്പെട്ട ഭര്‍ത്താവിനെ പിന്നീടൊരിക്കലും അവര്‍ക്കു കാണാനൊത്തിട്ടില്ല. ഗറില്ലകളുടെ ബലാല്‍ക്കാരങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ സ്വന്തം മുലകള്‍ അവര്‍ ശസ്ത്രക്രിയ ചെയ്തു ചെറുതാക്കി. ആണുങ്ങളുടെ വേഷത്തില്‍ അവര്‍ക്കൊപ്പം പാടത്തു പണിയെടുത്തു. കില്ലിങ്ങ് ഫീല്‍ഡുകളില്‍ പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട മ്യൂസിയങ്ങളിലെ തലയോട്ടികളിലൊന്ന് തന്റെ ഭര്‍ത്താവിന്റേതാകാമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. കംബോഡിയായില്‍ കണ്ട കണ്ണകിയുടെ കഥ കേട്ടപ്പോള്‍ മനസ്സ് വിങ്ങി.

വീട്ടിന്റെ പിന്നാമ്പുറത്തുള്ള തൊടി കാണാനാണ് ഞങ്ങള്‍ മറ്റൊരു വീട്ടില്‍ പോയത്. വാഴത്തോപ്പായിരുന്നു ആ തൊടി. പടറ്റി വാഴക്കുലകളെയാണ് വാഴക്കുലകള്‍ ഓര്‍മ്മിപ്പിച്ചത്. വീട്ടമ്മയുടെ പുത്രഭാര്യ ദുരിയാന്‍ തൈകള്‍ നടാനായി കുഴികള്‍ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ അവിടെ എത്തിയത്. നരകത്തിന്റെ ദുര്‍ഗന്ധവും സ്വര്‍ഗ്ഗത്തിന്റെ രുചിയുമുള്ള ദുരിയാന്‍ പഴങ്ങള്‍ക്കുവേണ്ടിയായിരുന്നു പുത്രവധു കുഴിയെടുത്തു തൈകള്‍ നടുന്നത്. ചൈനയിലേയ്ക്കു കയറ്റിയയ്ക്കാന്‍, അവര്‍ക്കിഷ്ടമുള്ള ദുരിയാന്‍ പഴങ്ങള്‍ തരുന്ന വൃക്ഷത്തൈകള്‍ നടുന്ന തിരക്കിലാണ് കംബോഡിയക്കാര്‍ ഇപ്പോഴെന്ന് മോംവണക്ക് അറിയിച്ചു. വലിയ വലിയ മാന്തോട്ടങ്ങള്‍പോലും ദുരിയാന്‍ പഴത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും വണക്ക് കൂട്ടിച്ചേര്‍ത്തു.

കൃഷിപ്പണിക്കാരനെ കിട്ടാന്‍ പ്രയാസമാണെന്നും പത്തു ഡോളറാണ് ദിവസക്കൂലിയെന്നും മോംവണക്ക് അറിയിച്ചു. നീണ്ട കൈപ്പിടിയുള്ള മണ്‍വെട്ടി ഉപയോഗിച്ചു കുഴികളെടുക്കുന്ന ആ യുവതിയുടെ ഒരു ഫോട്ടോ എടുക്കണമെന്നു ആഗ്രഹിച്ചതാണ്. പരിചയക്കാരനായ മോംവണക്കിനോട് പ്രത്യേകിച്ച് സൗഹൃദമൊന്നും യുവതി കാണിക്കാത്തതുകൊണ്ട് ഫോട്ടോ എടുക്കാനുള്ള മോഹം ഞാനുപേക്ഷിച്ചു.

നാ​ഗാ ബ്രിഡ്ജ്.
സിയെം റിപ്പിനു സമീപം

ഗ്രാമീണരുടെ പരസ്പരമുള്ള അഭിവാദ്യങ്ങള്‍ കൗതുകം പകരുന്ന ഒരു കലാപ്രകടനമായിരുന്നു. സമപ്രായക്കാരേയും അതിഥികളേയും അച്ഛനമ്മമാരേയും അഭിവാദ്യം ചെയ്യുന്നത് പ്രത്യേകം പ്രത്യേകം കൈകൂപ്പലുകളിലൂടെ ആയിരുന്നു. എഴുന്നേറ്റാലുടനെ ചെയ്യേണ്ട ഭാര്യാവന്ദനമാണ് ഏറ്റവും കൗതുകകരം. ശിരസ്സിനു മുകളില്‍ കൈപ്പത്തികള്‍ ചേര്‍ത്തുപിടിച്ച് ബഹുമാനത്തോടെ വേണം ഭാര്യയെ ഭര്‍ത്താവ് വണങ്ങേണ്ടത്. മാതൃദായക്രമവും മറ്റും പഴങ്കഥയായെങ്കിലും ആചാരങ്ങളുടെ കെട്ടുപാടുകള്‍ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.

സീയെംറീപ്പ് പ്രോവിന്‍സിലേക്ക് കാര്‍ കടന്നപ്പോള്‍, പഴയൊരു പാലം കാണിച്ചു തരാന്‍ ഗൈഡ് കാര്‍ വഴിതിരിച്ചു വിടുകയുണ്ടായി. വെട്ടുകല്ലുകള്‍കൊണ്ട് തൊട്ടുതൊട്ടുള്ള ആര്‍ച്ചുകള്‍ കെട്ടി ഉയര്‍ത്തിയ ശേഷമായിരുന്നു പാലത്തിന്റെ നിര്‍മ്മാണം. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പാലത്തിന്റെ രണ്ടു കൈവരികളും നീണ്ടുകിടക്കുന്ന ഓരോ സര്‍പ്പങ്ങളെ ഓര്‍മ്മിപ്പിച്ചു. ഏഴു ഫണങ്ങളുള്ള ഓരോ ശിരസ്സുകളായിരുന്നു ഈ സര്‍പ്പങ്ങള്‍ക്ക്. കംബോഡിയായിലെ എല്ലാ പാലങ്ങളും ഓരോ നാഗാബ്രിഡ്ജുകളാണെന്നു പറയുന്നത് എത്ര ശരി! ഒരു സ്വപ്നത്തത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നു കംബോഡിയായില്‍ എത്തിയ ബ്രാഹ്മണന്‍, അന്നവിടെ ഭരണാധികാരിയായിരുന്ന നാഗദേവന്റെ മകളെ വിവാഹം കഴിച്ചുവെന്നും അതില്‍ ജനിച്ചവരാണ് കംബോഡിയയില്‍ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിച്ചതെന്നുമാണ് പുരാവൃത്തം. അണക്കെട്ടുകള്‍ നിര്‍മ്മിച്ചും വെള്ളപ്പൊക്കം തടഞ്ഞും കൃഷി വ്യാപകമാക്കിയും അവര്‍ കംബോഡിയന്‍ ജനതയ്ക്കു പ്രിയപ്പെട്ടവരായി.

മൂന്നു മണിയോടെ സീയെംറീപ്പില്‍ ഞങ്ങളെത്തി. നദിയോരങ്ങളിലെ വഞ്ചിവീടുകള്‍ കാണാനാണ് ഞങ്ങള്‍ ആദ്യം പോയത്. ടോണ്‍ലെ സാപ്പ് കായലിലാണ് ചെറുതും വലുതുമായ ഈ വീടുകള്‍. സീയെംറീപ്പ് നദി ചെന്നുചേരുന്നത് ടോണ്‍ലെസാപ്പ് കായലിലാണ്. തെക്കന്‍ വിയറ്റ്‌നാമില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളുടെ പിന്‍മുറക്കാരാണിവര്‍. പാചകം ചെയ്യുന്ന വീട്ടമ്മമാരേയും അലസമായി ചാരിയിരുന്ന് ദിവാസ്വപ്നം കാണുന്ന ഗൃഹനാഥന്മാരേയും സ്ഥലപരിമിതികള്‍ മറന്ന് ഊഞ്ഞാലാടുന്ന കുട്ടികളേയും നൗകാഗൃഹങ്ങളില്‍ കണ്ടു. പൊലീസ് സ്റ്റേഷനും പ്രൈമറി സ്‌കൂളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സ്‌കൂള്‍ വിടുമ്പോള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാടന്‍വഞ്ചികള്‍ തുഴഞ്ഞ് അച്ഛനമ്മമാര്‍ എത്തുന്ന കാഴ്ച കൗതുകകരമായിരുന്നു.

ആഗസ്റ്റ് 4. അതിരാവിലെ അങ്കോര്‍വാട്ടിലേക്കു പുറപ്പെട്ടു. ഹോട്ടലില്‍നിന്നു ആറു കിലോമീറ്ററേയുള്ളൂ. അങ്കോര്‍വാട്ടും മറ്റും സംരക്ഷിക്കുന്ന അപ്‌സര അതോറിറ്റിയുടെ മുന്‍പില്‍ കാര്‍ എത്തി. 37 ഡോളര്‍ ആയിരുന്നു ഒരു സീനിയര്‍ സിറ്റിസണില്‍നിന്നു അവര്‍ ഈടാക്കിയിരുന്ന ഫീസ്. അതേ ടിക്കറ്റ് ഉപയോഗിച്ച് രണ്ടു പ്രാവശ്യം കൂടി ഇവിടെ കാണാം.

ശിരസ്സ് നഷ്ടപ്പെട്ട ബു​​ദ്ധൻ,
അങ്കോർവാട്ട് ക്ഷേത്ര
മ്യൂസിയത്തിൽ

ബയാന്‍

ജയവര്‍മ്മന്‍ ഏഴാമന്‍ നിര്‍മ്മിച്ച ലോകേശ്വര ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. ലോകേശ്വരനും അവലോകിതേശ്വരനും ഒന്നാണ്. ഹിന്ദുക്കളുടെ ശിവനാണ്, ബൗദ്ധരുടെ അവലോകിതേശ്വരന്‍. 16 മകുടങ്ങളോടുകൂടിയതാണ് പ്രധാന ക്ഷേത്രം. ഓരോ മകുടങ്ങളുടേയും നാലുവശങ്ങളില്‍ ലോകേശ്വരന്റെ ശിരസ്സുകള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. എല്ലാംകൂടി 64 ശിരസ്സുകള്‍. നാല്‍പ്പതില്‍ കുറയാത്ത മണല്‍ക്കല്ലുകളില്‍ ശില്പഭാഗങ്ങള്‍ നിര്‍മ്മിച്ചശേഷം അവ യോജിപ്പിച്ചാണ് ഓരോ ശിരസ്സും പൂര്‍ണ്ണമാക്കുന്നത്. ധ്യാനനിരതമായ കണ്ണുകളും യോഗിയുടെ നിസ്സംഗമായ ചുണ്ടുകളുമായിരുന്നു ഓരോ ശിരസ്സിലും. ജയവര്‍മ്മന്‍ ഏഴാമന്റെ പ്രതിച്ഛായയിലാണ് ലോകേശ്വരന്റെ ശിരസ്സുകള്‍ ഓരോന്നും നിര്‍മ്മിച്ചിരുന്നത്. പിന്‍ഗാമി സൂര്യവര്‍മ്മന്‍ രണ്ടാമന്‍ ഒരു ശിവഭക്തനായിരുന്നു. ഉദയാദിത്യവര്‍മ്മന്‍ രണ്ടാമന്‍ അനന്തശയന വിഷ്ണുവിനെയാണ് പ്രധാനമായും പൂജിച്ചിച്ചിരുന്നത്.

ക്ഷേത്രത്തിന്റെ പുറംപ്രാകാരങ്ങളിലെ ഭിത്തികള്‍ ഉദ്യതശില്പങ്ങളാല്‍ അലംകൃതങ്ങളായിരുന്നു. ചരിത്രമുഹൂര്‍ത്തങ്ങളും ദൈനംദിന ജീവിതസന്ദര്‍ഭങ്ങളും ഈ ഭിത്തികളില്‍ ആകര്‍ഷകമായി ചിത്രീകരിച്ചിരുന്നു. ടോണ്‍ലെസാപ്പ് കായലില്‍ വെച്ച് ശ്യാം രാജാവിന്റെ (തായ്ലന്റ് രാജാവിന്റെ) നാവികസൈന്യത്തെ പരാജയപ്പെടുത്തിയ കംബോഡിയന്‍ രാജാവിനേയും അദ്ദേഹത്തിന്റെ സൈന്യത്തേയും 15 അടി ഉയരമുള്ള പില്‍ക്കാല നിര്‍മ്മിതിയില്‍ കാണാനുണ്ടായിരുന്നു. ആനകളും കുതിരകളും കാലാള്‍പ്പടയും നാവികസൈന്യത്തെ സഹായിക്കാന്‍ എത്തിയിരുന്നു. അങ്ങാടിയുടേയും പൊതുസ്ഥലങ്ങളുടേയും രാജകൊട്ടാരത്തിന്റേയും പ്രഭുഭവനങ്ങളുടേയും മറ്റും ചിത്രീകരണങ്ങളും ഈ ഭിത്തികളെ അലങ്കരിച്ചിരുന്നു. കാതുനീട്ടിയ സ്ത്രീകളും പിന്‍കുടുമക്കാരായ പുരുഷന്മാരും ശില്പങ്ങളില്‍ കാണാം. രാജകൊട്ടാരങ്ങള്‍ ബഹുനിലകളില്‍ നിര്‍മ്മിക്കപ്പെട്ടവ ആയിരുന്നു. പാകം ചെയ്യാന്‍ കൊണ്ടുവരപ്പെട്ട ഒരു കാട്ടുപന്നിയേയും കോഴിപ്പോരിലെ വിജയിയെ കണ്ടുപിടിക്കാനുള്ള ഉത്സാഹക്കാരേയും ഇവിടെ കാണാം. മാറുമറക്കാത്തവരായിരുന്നു സ്ത്രീകള്‍. പുഷ്പകിരീടം അണിഞ്ഞവരായിരുന്നു നര്‍ത്തകിമാര്‍. കടഞ്ഞെടുത്ത അഴികളോടുകൂടിയവയായിരുന്നു വീടുകളിലെ ജനലുകള്‍. മാര്‍ച്ചട്ട അണിഞ്ഞവരോ നീളന്‍ ഉടുപ്പു ധരിച്ചവരോ ആയിരുന്നു അന്നത്തെ പട്ടാളക്കാര്‍. ഗരുഡന്‍, സിംഹങ്ങള്‍, സര്‍പ്പങ്ങള്‍ എന്നിവയെല്ലാം മതപരമായ അര്‍ത്ഥകല്പനകളെ ആവാഹിച്ചിരുന്നു. കാളവണ്ടികളായിരുന്നു സാധാരണക്കാരുടെ വാഹനങ്ങള്‍. തേരുകളായിരുന്നു രാജാക്കന്മാര്‍ക്ക്.

പ്രതിദിനം 800 മുതല്‍ 1000 പേരാണ് ഇപ്പോള്‍ അങ്കോര്‍വാട്ട് സന്ദര്‍ശിക്കുവാന്‍ വിദേശങ്ങളില്‍ നിന്നെത്തുന്നത്. 5000 മുതല്‍ 8000 വരെ ആളുകള്‍ മുന്‍കാലങ്ങളില്‍ ഇവിടെ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു. ജപ്പാനില്‍നിന്നും ആസ്‌ട്രേലിയായില്‍നിന്നും വരുന്നവരായിരുന്നു ടൂറിസ്റ്റുകള്‍. വളരെക്കുറച്ചു പേരേ ഇന്ത്യയില്‍ നിന്നെത്താറുള്ളൂവെന്നാണ് ഗൈഡ് പറഞ്ഞത്. തായ്ലന്റിലെ പട്ടായയാണല്ലോ ഇന്ത്യയുടെ പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനം!

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ശില്പങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ വരുത്തിയിരുന്നു. തകര്‍ന്നുപോയ ക്ഷേത്രങ്ങള്‍ കല്‍ക്കൂമ്പാരങ്ങളായി കിടക്കുന്നത് ഒന്നുരണ്ടിടത്തു കണ്ടു. എന്നാണിവയെല്ലാം പുനഃക്രമീകരിക്കപ്പെടുക? ഭുജത്തിനു താഴെ കൈകള്‍ നഷ്ടപ്പെട്ട വിധത്തിലാണ് നോംപെന്‍ പാര്‍ക്കിലെ ജയവര്‍മ്മന്‍ ഏഴാമന്റെ പ്രതിമ. ജയവര്‍മ്മന്റെ കണ്ടുകിട്ടിയ പ്രതിമകളില്‍ പലതിനും ഭുജങ്ങള്‍ ഇല്ലായിരുന്നെന്നും എന്നാല്‍ കൈകള്‍ ഛേദിക്കപ്പെട്ട ഒരു രാജാവായിരുന്നില്ല അദ്ദേഹമെന്നും ആര്‍ക്കിയോളജിസ്റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെക്കു-കിഴക്കനേഷ്യയിലെ മനുഷ്യരുടെ അനന്തവൈചിത്ര്യത്തെക്കുറിച്ചാണ് ബയോണ്‍ റിലീഫുകള്‍ ഓര്‍മ്മിപ്പിച്ചത്. വൈവിധ്യമുള്ള മനുഷ്യരുടെ സ്വഭാവങ്ങള്‍ ചിത്രീകരിക്കാനുള്ള അന്നത്തെ കലാകാരന്മാരുടെ പ്രാവീണ്യത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടാണ് ബയാനില്‍നിന്നു അങ്കോര്‍തോമിലേക്കു ഞങ്ങള്‍ പോയത്.

അങ്കോര്‍തോം 

ബ്രഹ്മാണ്ഡത്തിന്റെ സൂക്ഷ്മാംശത്തിന്റെ ഒരാവിഷ്‌കരണമാണ് പടിഞ്ഞാറ് പ്രവേശന ഗോപുരങ്ങളുള്ള അങ്കോര്‍തോം. (12ാം നൂറ്റാണ്ട്) ക്ഷേത്രവും കൊട്ടാരവും ചേര്‍ന്ന് അങ്കോര്‍തോം പൂര്‍ത്തിയാക്കുന്നത് സൂര്യവര്‍മ്മന്‍ രണ്ടാമനായിരുന്നു. ഉദയവര്‍മ്മന്‍ രണ്ടാമന്‍ എന്ന രാജാവ് നേരത്തെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 413,000 ചതുരശ്ര അടിയാണ് മന്ദിര സമുച്ചയത്തിന്റെ വിസ്തീര്‍ണ്ണമെന്നു ജയിംസ് ഫെര്‍ഗുസണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 600 അടിയാണ് ഏറ്റവും ഉയരമുള്ള ഗോപുരത്തിന്. ശിവനുവേണ്ടി നിര്‍മ്മിച്ചതാണ് പ്രധാന ക്ഷേത്രം. വൈഷ്ണവ ക്ഷേത്രങ്ങളും അതോടൊപ്പം ഉണ്ടായിരുന്നു. 15 അടിയോളം ഉയരമുള്ള എലിഫെന്റ് ടെറസ്സ് എന്ന് ഇന്നറിയപ്പെടുന്ന വിസ്തൃത പ്ലാറ്റ്‌ഫോമില്‍ എഴുന്നള്ളിയായിരുന്നു കംബോജ രാജാക്കന്മാര്‍ അവരുടെ പ്രജകള്‍ക്കു ദര്‍ശനം കൊടുത്തിരുന്നത്. ഈ ഭാഗത്തെ നിരനിരയായുള്ള ഗജശില്പങ്ങളാണ് എലിഫെന്റ് ടെറസ്സ് എന്ന പേരിനു കാരണം. കുഷ്ഠരോഗിയായ സൂര്യവര്‍മ്മന്‍ രണ്ടാമന്റെ അന്തിമ സംസ്‌കാരവും ഇവിടെ വെച്ചായിരുന്നുവത്രേ. വിയറ്റ്‌കോങ്ങ് ഒളിപ്പോരാളികളെ തുരത്താന്‍ അമേരിക്ക 1969-ല്‍ നടത്തിയ ഷെല്ലിങ്ങില്‍ അങ്കോര്‍തോമിന്റെ പല ഭാഗങ്ങളും തകര്‍ന്നുപോയിരുന്നു. 1980-'91 കാലത്തെ ആഭ്യന്തര കലാപവും അങ്കോര്‍തോമിനു സാരമായ കേടുപാടുകള്‍ വരുത്തി. ഭാരതീയ കലയുടെ വിഗ്രഹശാസ്ത്ര നിയമങ്ങളും സൗന്ദര്യശാസ്ത്രവും പിന്‍തുടരുന്ന ഖെമര്‍കാല തെക്കുകിഴക്കേഷ്യയിലെ മനുഷ്യരെയാണ് പക്ഷേ, ചിത്രീകരിച്ചത്. സ്ത്രീ-പുരുഷന്മാര്‍ക്ക് പൊതുവേ മലേഷ്യന്‍ ചുണ്ടുകളായിരുന്നു. മാറിടങ്ങളാകട്ടെ, ഇന്ത്യന്‍ ശില്പങ്ങളില്‍നിന്നു വ്യത്യസ്തമായി ആദര്‍ശവല്‍ക്കരണങ്ങളെ നിരാകരിച്ചിരുന്നു. ശരീരപേശികള്‍ക്ക് ഇന്ത്യന്‍ ശില്പങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദൃഢതയുണ്ടായിരുന്നു.

നാ​ഗ ശില്പം 
നാ​ഗ ശില്പം 

താ-പ്രോഹ് 

വന്‍ വൃക്ഷങ്ങളുടെ നടുവിലായിരുന്നു പിന്നീട് പോയ പ്രോഹ് ക്ഷേത്രങ്ങള്‍. ആല്‍മരങ്ങളുടെ ഭീമാകാരങ്ങളോടുകൂടിയ താങ്ങുവേരുകളുടെ ധൃതരാഷ്ട്രാലിംഗനത്തിലായിരുന്നു മിക്ക ക്ഷേത്രങ്ങളും. ഹാരിപ്പോട്ടറുടെ മാന്ത്രികലോകത്തിന്റെ ചിത്രീകരണങ്ങള്‍ക്കായി ഹോളിവുഡ് നിര്‍മ്മാതാക്കള്‍ പലപ്പോഴും ആശ്രയിച്ചിരുന്നത് ഈ ക്ഷേത്രസമുച്ചയത്തെ ആയിരുന്നു. ശിവനെ, ലിംഗരൂപത്തിലും അവലോകിതേശ്വര വിഗ്രഹ സങ്കല്പത്തിലും പൂജിച്ചിരുന്ന ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. ക്ഷേത്രങ്ങളോടനുബന്ധിച്ച് ആതുരാലയങ്ങളും ഗ്രന്ഥശാലകളും ഉണ്ടായിരുന്നു. വിഹാരങ്ങള്‍ പലതും അന്നത്തെ മഹാവിദ്യാലയങ്ങളായിരുന്നു.

താ-പ്രോഹ് ക്ഷേത്രങ്ങളില്‍ പലതും പുനര്‍നിര്‍മ്മിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ്. 1986-ല്‍ ഇതു സംബന്ധിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. കംബോഡിയായിലെ ആഭ്യന്തര കലാപങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തടസ്സമായി. 2007 മുതല്‍ 2010 വരെയുള്ള കാലത്താണ് പുരാസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയത്. താങ്ങുവേരുകളെ നിര്‍ജ്ജീവമാക്കിയശേഷം അവ നിലനിര്‍ത്തുക എന്ന ഒരു രീതിയാണ് ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ഇവിടെ പരീക്ഷിച്ചത്. വേരുകള്‍ പൂര്‍ണ്ണമായി വേര്‍പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അവശേഷിക്കുന്ന കല്‍ക്കെട്ടുകള്‍ പൂര്‍ണ്ണമായും തകരുമെന്നും നിര്‍മ്മാണം പിന്നീട് ആദ്യം മുതലേ വേണ്ടിവരുമെന്നുമായിരുന്നു ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകളുടെ നിഗമനം. ആത്മാര്‍ത്ഥതയില്ലാത്ത ഒരുവക കാട്ടിക്കൂട്ടലാണ് ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ഇവിടെ കാണിച്ചതെന്നു അസത്യം പറയുന്ന ഒരു ഗൈഡിനെ ഞാന്‍ അവിടെ കണ്ടു. ചൈനയുടെ പ്രചാരവേലയാണ് ഇതെല്ലാമെന്നാണ് മോംവണക്ക് വിശദീകരിച്ചത്. ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കൃതജ്ഞതാപൂര്‍വ്വം അംഗീകരിക്കുന്ന യുനെസ്‌കോയുടെ ബോര്‍ഡ് അയാള്‍ ഞങ്ങള്‍ക്കു കാണിച്ചുതന്നു. കെ.എച്ച്. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരാവസ്തു വിദഗ്ദ്ധര്‍ പുതിയൊരു നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

2004-നുശേഷം മുടങ്ങിക്കിടന്ന പുരാസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് വീണ്ടും ആരംഭിച്ചതായും ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ സാംസ്‌കാരിക സഹമന്ത്രി കിഷന്‍ റെഡ്ഡി ഇവിടെ വന്നിരുന്നതായും ഗൈഡ് അറിയിച്ചു. സീയെംറീപ്പിലേയ്ക്ക് ഇന്ത്യയുടെ ഒന്നോ രണ്ടോ പ്രധാന നഗരങ്ങളില്‍നിന്നു നേരിട്ടുള്ള വ്യോമഗതാഗതം വൈകാതെ ആരംഭിക്കുമെന്നും അന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചുവത്രേ. സ്‌കോ (SCO) എന്ന താളവാദ്യവും ത്രോ (throw) എന്ന തന്ത്രിവാദ്യവും വായിക്കുന്ന ഏതാനും പേരെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനഭാഗത്തും പുറത്തേയ്ക്കുള്ള വഴിയോരത്തും കണ്ടു. ആഭ്യന്തര കലാപകാലത്ത് (1978-1992) നെല്‍വയലുകളിലും റോഡിലും മറ്റും ഗറില്ലകള്‍ കുഴിച്ചിട്ടിരുന്ന മൈനുകള്‍ പൊട്ടി കൈകാലുകള്‍ നഷ്ടപ്പെട്ടവരായിരുന്നു ഈ സംഗീതോപാസകര്‍. പുള്ളുവക്കുടങ്ങളുടേയും പുള്ളുവവീണയുടേയും മാന്ത്രികധ്വനികളുടെ ലോകത്ത് പെട്ടെന്ന് എത്തപ്പെട്ടതായി തോന്നി. കൃഷ്ണമണികള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു അന്ധഗായകനെ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു.

സ്പൈഡർ സിറ്റിയിലെ
കച്ചവടക്കാരി

അങ്കോര്‍വാട്ട് 

ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ അങ്കോര്‍വാട്ടിനു മുന്നിലെത്തി. അഞ്ചു ഗോപുരങ്ങളോടുകൂടിയ സമചതുര ക്ഷേത്രം. ഇരുന്നൂറോളം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രത്തിന്റെ ദൃശ്യം മുന്നിലുള്ള തടാകത്തില്‍ തലകീഴായി പ്രതിഫലിച്ചിരുന്നു. വിഷ്ണുപദമായാണ്, അങ്കോര്‍വാട്ടിനെ പുരാതന ഖെമര്‍ രാജാക്കന്മാര്‍ വിഭാവനം ചെയ്തിരുന്നത് ഘനീഭവിച്ച കുറെ പന്തങ്ങളെയാണ് ക്ഷേത്രഗോപുരങ്ങള്‍ അകലക്കാഴ്ചയില്‍ ഓര്‍മ്മിപ്പിച്ചത്. വൈലോപ്പിള്ളിയുടെ 'അഗ്‌നിസ്മിതം' എന്ന ധ്വന്യാത്മക പ്രയോഗമാണ് എനിക്കപ്പോള്‍ ഓര്‍മ്മവന്നത്. പടിക്കെട്ടുകള്‍ കയറി ഒന്നാംപ്രകാരത്തില്‍ എത്തിയപ്പോള്‍ അഷ്ടഭുജനായ മഹാവിഷ്ണുവിന്റെ 12 അടിയോളം ഉയരമുള്ള പ്രതിമ കണ്ടു. വിഷ്ണുവിന്റെ കാല്‍ച്ചുവട്ടില്‍ ഇരുന്ന് പാലിഭാഷയിലുള്ള മന്ത്രങ്ങള്‍ ഉരുവിട്ടിരുന്ന ബുദ്ധസന്ന്യാസി പ്രതിമയെ ബുദ്ധനായാണ് ആരാധിക്കുന്നത്. കംബോഡിയായുടെ പരമ്പരാഗത വേഷങ്ങളില്‍ എത്തിയ വധൂവരന്മാരുടെ പ്രിയപ്പെട്ട ഒരു ഫോട്ടോ-ഷൂട്ട് സ്ഥാനംകൂടിയായിരുന്നു ഈ വിഷ്ണുസന്നിധി. ചുണ്ടുകളില്‍ ഒരു മൃദുസ്മിതവുമായി മഹാവിഷ്ണു എല്ലാം കാണുന്നു.

ദക്ഷിണപൂര്‍വ്വേഷ്യയിലെ തനതു വേഷങ്ങള്‍ ധരിച്ച അര്‍ദ്ധ മംഗോളിയന്‍ ഛായകളുള്ള മനുഷ്യരേയും ദൈവങ്ങളേയുമാണ് അങ്കോര്‍ ശില്പങ്ങളില്‍ കണ്ടത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ദ്രവര്‍മ്മന്റെ കാലം മുതല്‍ ആരംഭിച്ചിരുന്നു. സൂര്യവര്‍മ്മന്‍ രണ്ടാമന്‍ ക്ഷേത്രം ഇന്നത്തെ നിലയില്‍ വിപ്ലവമാക്കി. 1200-ഓളം ഖെമര്‍-സംസ്‌കൃത ലിഖിതങ്ങളാണ് ഖെമര്‍ ക്ഷേത്രങ്ങളില്‍നിന്നു ലഭിച്ചത്. വിശാലമായ രണ്ടു പ്രകാരങ്ങള്‍കൂടി കടന്നുവേണം ഏറ്റവും ഉയരമുള്ള മുഖ്യശ്രീകോവിലില്‍ എത്താന്‍. ഗര്‍ഭിണികളും ഹൃദ്രോഗികളും ഇവിടേയ്ക്കു പ്രവേശിക്കേണ്ടതില്ലെന്ന് എഴുതിവെച്ചിരിക്കുന്ന ബോര്‍ഡ് ശ്രീകോവിലിനു മുന്‍പില്‍ കാണാം. കുത്തനെയുള്ള കല്‍പ്പടികള്‍ക്കു മരപ്പലകകള്‍കൊണ്ട് പുതിയ ആവരണങ്ങള്‍ നിര്‍മ്മിച്ചിരുന്നു.

നൂറു കണക്കിനു ശിരസ്സറ്റ ബുദ്ധപ്രതിമകള്‍ ക്ഷേത്രത്തിന്റെ ഇടനാഴികകളില്‍ കാണാനുണ്ടായിരുന്നു. ബുദ്ധക്ഷേത്രമായി അങ്കോര്‍വാട്ട് മാറിയത് 15-ാം നൂറ്റാണ്ടിലായിരുന്നു. ഖെമര്‍റൂഷ് ഭരണകാലത്താണ് ബുദ്ധപ്രതിമകള്‍ക്കു ശിരസ്സ് നഷ്ടപ്പെട്ടത്. അങ്കോര്‍വാട്ടില്‍ പാളയമടിച്ചിരുന്ന ഗറില്ലകള്‍ ബുദ്ധശിരസ്സുകള്‍ അറുത്തെടുത്തത്, യൂറോപ്പിലേയും അമേരിക്കയിലേയും സമ്പന്ന മ്യൂസിയങ്ങള്‍ക്കു വില്‍ക്കാനായിരുന്നു. ശില്പവിസ്മയമായിരുന്നു എല്ലാ അര്‍ത്ഥത്തിലും അങ്കോര്‍വാട്ട്. ഹളേബീഡ് ക്ഷേത്രങ്ങളോ ഖജുരാഹോയിലെ ക്ഷേത്രങ്ങളോ അങ്കോര്‍വാട്ടിന്റെ മുന്‍പില്‍ തലകുനിക്കും. പുറംപ്രകാരത്തിലെ രാമായണ-മഹാഭാരത ചിത്രീകരണങ്ങള്‍ ആസ്വദിച്ചു കാണാന്‍ തന്നെ ഒരു ദിവസം പൂര്‍ണ്ണമായി വേണം. വിഗ്രഹശാസ്ത്ര ശാഠ്യങ്ങളില്ലാത്ത പ്രതിമകളായിരുന്നു അങ്കോര്‍വാട്ടില്‍. ശൗര്യമൂര്‍ത്തിയായ അര്‍ജ്ജുനന്റേയും അക്ഷോഭ്യനായ വീരരാമന്റേയും ശില്പങ്ങള്‍ വീണ്ടും വീണ്ടും കണ്ടു. പോത്തിന്റെ പുറത്തിരിക്കുന്ന യമധര്‍മ്മന്റെ 16 കൈകള്‍ കണ്ടപ്പോള്‍, ബ്രഹദാകാരം പൂണ്ട ഒരു വിചിത്ര ജീവിയെയാണ് ഓര്‍മ്മവന്നത്. പുതിയ ലോകത്തിന്റെ സപ്താശ്ചര്യങ്ങളില്‍ ഒന്നായി അങ്കോര്‍വാട്ടിനെ കലാചരിത്രകാരന്മാര്‍ വാഴ്ത്തുന്നതു വെറുതേയല്ല. ആധുനിക കംബോഡിയായുടെ കൊടിയടയാളം അങ്കോര്‍വാട്ടാണ്.

അഹിംസയെ പരമധര്‍മ്മമായി കാണുന്ന ബുദ്ധമതത്തിന്റെ അനുയായികള്‍ക്കു എന്തുകൊണ്ട് ഇങ്ങനെ കൊടുംക്രൂരന്മാരാകന്‍ സാധിച്ചു? സീയെംറീപ്പിലേക്കു മടങ്ങുമ്പോള്‍ മോംവണക്ക് ചോദിച്ചു. 17 ലക്ഷം നിരപരാധികളെ കൊന്ന ഖെമര്‍റൂഷ് കലാപകാലത്തെ ഓര്‍ത്തായിരുന്നു ഈ സങ്കടച്ചോദ്യം. 16 വര്‍ഷമായി കുറ്റവാളികളെ ശിക്ഷിക്കാനുള്ള വിചാരണ ഐക്യരാഷ്ട്രസഭ തുടങ്ങിയിട്ട്. ക്യൂസാംഫന്‍, നുവോന്‍ചീയ, കയാങ്ഗുക് എന്നിവരാണ് പോള്‍പാര്‍ട്ടിനു പുറമേയുള്ള കുറ്റവാളികള്‍. ക്യൂസാംഫന്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരുപ്പുള്ളത്. ''പ്രത്യയശാസ്ത്ര ഭ്രാന്തന്മാര്‍ ഭരണാധികാരികളാകുമ്പോള്‍ എന്താണ് സംഭവിച്ചുകൂടാത്തത്? ബുദ്ധനും മതവുമൊന്നുമല്ല അതിനു പ്രേരണ'' - ഞാന്‍ പറഞ്ഞു.

നാ​ഗാ ബ്രിഡ്ജിലെ ശില്പങ്ങൾ
നാ​ഗാ ബ്രിഡ്ജിലെ ശില്പങ്ങൾ

1980-ലെ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ പി. ഗോവിന്ദപ്പിള്ള സാറിനോടു ഖെമര്‍റൂഷ് ഭരണധികാരികള്‍ നടത്തിയ കൂട്ടക്കൊലകളെപ്പറ്റി കൂടുതലറിയാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് ഞാനോര്‍ത്തു. 
പി.ജിയുടെ ചിരിയില്‍ ഒതുങ്ങിയ മറുപടിയില്‍ അദ്ദേഹത്തിന്റെ നിസ്സഹായത ഞാന്‍ വായിച്ചു.

സ്റ്റാലിനും മാവോയുമായിരുന്നു പോള്‍പോട്ടിന്റെ വഴികാട്ടികള്‍. പി.ജിക്ക് അതെങ്ങനെ മറച്ചുവെയ്ക്കാന്‍ കഴിയും? എങ്ങനെ സമ്മതിക്കാന്‍ കഴിയും.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com