ഇടതുപക്ഷത്തിന്റെ നെയിം സ്ലിപ്പ് ഒട്ടിച്ച അസംബ്ലിയില്‍ നില്‍ക്കാത്ത ടി.പി. രാജീവന്‍ 

മാപ്പിള/നോണ്‍ മാപ്പിള - ഇവരുടെ സഹവാസമേഖലയാണ് ടി.പി. രാജീവന്റെ നോവലുകള്‍ 
ഇടതുപക്ഷത്തിന്റെ നെയിം സ്ലിപ്പ് ഒട്ടിച്ച അസംബ്ലിയില്‍ നില്‍ക്കാത്ത ടി.പി. രാജീവന്‍ 

രു ഫോട്ടോസ്റ്റാറ്റ് എഴുത്തുകാരനായിരുന്നില്ല, ടി.പി. രാജീവന്‍. ഏതെങ്കിലും തരത്തിലുള്ള പ്രചോദനങ്ങളുണ്ടെങ്കില്‍, അത് സ്വന്തം നാടിന്റെ വേരില്‍ കെട്ടിപ്പിടിച്ച ആ ഹൃദയം തന്നെയായിരുന്നു. സഞ്ചാരി, വിവര്‍ത്തകന്‍, കവി, നോവലിസ്റ്റ് - ഇതില്‍ ഏതാണ് കൂടുതല്‍ മിഴിവാര്‍ന്ന ടി.പി. രാജീവന്‍? നോവലില്‍ ടി.പി. രാജീവന്‍ അതുവരെയില്ലാത്ത ജിജ്ഞാസകള്‍ കൊണ്ടുവന്നു.

'ആകാംക്ഷകളുടെ ആവിഷ്‌കാര'ങ്ങളിലാണ് എഴുത്തുകാര്‍ പതറിപ്പോകുന്ന സന്ദര്‍ഭം. വെടിമരുന്നുപോലെ നിറച്ചുവെച്ച ജിജ്ഞാസകളാണ് ടി.പി. രാജീവന്റെ പ്രധാനപ്പെട്ട രണ്ടു നോവലുകള്‍. പാലേരിമാണിക്യം/ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും - ഈ രണ്ടു നോവലുകളും 'ജിജ്ഞാസ' എന്ന ഏറ്റവും മനുഷ്യസഹജമായ ഒരു വികാരതലം സ്പര്‍ശിച്ചു. മലയാളനോവല്‍ അതിന്റെ നാലുവരി പാതകളില്‍ ഓടിത്തുടങ്ങുന്നത് ഈ നോവലുകള്‍ക്കു ശേഷമാണ്. വേറൊരു തരത്തില്‍ പുനത്തില്‍ വിട്ടു പോയ ഭാഗങ്ങള്‍ ആ നാലുവരി പാതയിലൂടെ പോയി രാജീവന്‍ പൂരിപ്പിച്ചു. ആ കാലത്തേക്കും ദേശത്തിന്റെ പല അടരുകളിലേക്കും കാല്‍നടക്കാരനെപ്പോലെ കടന്നുപോയി. നോവലില്‍ അനുഭവങ്ങളുടെ അനവധി സാന്‍ഡ്വിച്ചുകള്‍ രാജീവന്‍ നിറച്ചുവെച്ചു. അന്ധവിശ്വാസിയായ ആ മനുഷ്യന്‍ നോവലെഴുതുമ്പോള്‍ മുഴുവന്‍ നേരം ഒരു ആഭിചാരകനായി, മാന്ത്രികമായ തലച്ചോറുമായി ഇരുന്നു...

മാപ്പിള/നോണ്‍ മാപ്പിള - ഇവരുടെ സഹവാസമേഖലയാണ് ടി.പി. രാജീവന്റെ നോവലുകള്‍. ആ നിലയില്‍ അത്, പ്രത്യേകിച്ചും പാലേരിമാണിക്യം - ഇരുണ്ടതും പ്രകോപിപ്പിക്കുന്നതുമായ ജന്മി-കുടിയാന്‍ ബന്ധത്തിന്റെ ആഴത്തട്ട് കാണിച്ചുതരുന്നു. പെണ്ണിന്റെ ശരീരത്തിലും അധികാരത്തിന്റെ സര്‍വ്വേക്കല്ല് ആഴത്തില്‍ കുത്തിക്കയറ്റിയ ഒരു ജന്മിയുടെ കഥ എന്നത് മാത്രമല്ല, ഒരുകാലത്തെ ജീവിതം എങ്ങനെയൊക്കെ മണ്ണിലും ചോരയിലും പുരണ്ടതാണെന്നും ആ നോവല്‍  പകര്‍ത്തി. ഹിംസ പ്രണയം പോലെ തന്നെ ആകാംക്ഷ നിറഞ്ഞതായി. രക്തത്തിന്റേയും പകയുടേയും നിത്യമുദ്രകള്‍. ഒരു ജന്മി മാപ്പിളയുടെ ഇരട്ടമുഖം ആ നോവല്‍ കാണിച്ചുതന്നു.

കേരളത്തില്‍ ആരായി അറിയപ്പെടാനാണ് ഒരെഴുത്തുകാരന്‍ ആഗ്രഹിക്കുക? സംശയമില്ല, ഇടതുപക്ഷത്തിന്റെ നെയിം സ്ലിപ്പ്  എഴുത്തുബുക്കില്‍ ഒട്ടിച്ച ഒരാളാവാന്‍ മിക്കവാറും എഴുത്തുകാര്‍ ആഗ്രഹിക്കും. കേരളത്തില്‍ അത് എഴുത്തുകാര്‍ അച്ചടക്കത്തോടെ അണിചേര്‍ന്നു നില്‍ക്കുന്ന അസംബ്ലിയാണ്. ആ അസംബ്ലിയില്‍ ടി.പി. രാജീവന്‍ നിന്നില്ല. തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു ടി.പി. രാജീവന്‍. പാര്‍ട്ടിയെക്കുറിച്ചു പറയുമ്പോഴെല്ലാം ഒരു പുച്ഛച്ചിരി ആ മുഖത്തുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസ്സിനോടൊപ്പം രാഷ്ട്രീയമായി/സാംസ്‌കാരികമായി ചേര്‍ന്നുനിന്നു. എത്ര വലിയ തട്ടാനൂതിയാലും പുതുതായി സാംസ്‌കാരികമായി ഒന്നുമുണ്ടാക്കാത്ത കോണ്‍ഗ്രസ്സിനുവേണ്ടിയാണ് ആ രാഷ്ട്രീയ ധിഷണ ദുര്‍വ്യയം ചെയ്തത്. പു.ക.സയ്ക്ക് ബദല്‍ ഇന്നുമില്ല എന്ന സാംസ്‌കാരിക സങ്കടം അദ്ദേഹം പങ്കുവെച്ചിരുന്നു. ടി.പി. രാജീവന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ അദ്ദേഹം നിന്ന രാഷ്ട്രീയ സ്ഥലത്തെക്കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്.

മാസിഡോണിയയിൽ കണ്ടുമുട്ടിയ
കവി ലെനയോടൊപ്പം

പ്രണയത്തെക്കുറിച്ച് എത്ര മനോഹരമായിട്ടാണ് ആ മനുഷ്യന്‍ എഴുതിയത്. പ്രണയ ശതകം/ കൗമാരങ്ങളുടെ നെറ്റിയില്‍ ആ എഴുത്തുകാരന്‍ ഗാഢമായി പതിപ്പിച്ച നൂറ് ഉമ്മകളാണ്. അത്രയും ഹൃദയാലിംഗനങ്ങള്‍. എനിക്കറിയാവുന്ന എണ്‍പതുകാരിയായ ഒരമ്മൂമ്മ അവരുടെ പേരക്കിടാവിന് പരമ്പരാഗതമായി കൈമാറിയ സ്വര്‍ണ്ണാഭരണത്തോടൊപ്പം, വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഈ പ്രണയപുസ്തകം കൂടിയുണ്ടായിരുന്നു. അത് മാതൃഭൂമി ഓണപ്പതിപ്പില്‍ ഒറ്റ ലക്കത്തില്‍ തന്നെ കൊടുത്തപ്പോള്‍ ''എത്ര പേജുകളാണ് അയാള്‍ കവര്‍ന്നത്'' എന്നു നെറ്റിചുളിച്ച അസ്വസ്ഥനായ ഒരു എഴുത്തുകാരനോട് ഈ ലേഖകന്‍ പറഞ്ഞു, ''അത്രയും ഹൃദയങ്ങളാണ് ആ മനുഷ്യന്‍ കവര്‍ന്നത്.''

ടി.പി. രാജീവനോട് സംസാരിച്ചിരിക്കുക എന്തൊരു രസമാണ്. സമയവും കാലവും ചരിത്രവും നുണകളും ഇടകലര്‍ന്ന, വാ തുറക്കുമ്പോള്‍ ചിരിയോടെ വരുന്ന വര്‍ത്തമാനം കേട്ടുകേട്ടിരുന്നു പോകും. വിട എന്നു പറയാനാവാത്ത വിട/പ്രണയശതകം കവറില്‍ ഉമ്മവെച്ച്. കാരണം, ആ നോവലുകളേക്കാള്‍, പ്രണയവൈരാഗ്യങ്ങളുടേയും ജാതിവെറിയുടേയും കാലത്ത്, ആ പുസ്തകം, അനുരാഗികളുടെ നിത്യവേദമാണ്.

പ്രണയത്തിന്റെ രഹസ്യം, ആത്മനിര്‍വൃതികള്‍, പൂമ്പാറ്റച്ചിറകുകള്‍
കെ.ടി.എന്‍ കോട്ടൂര്‍/എഴുത്തും ജീവിതവും എന്ന നോവല്‍ രഞ്ജിത്ത് സിനിമയാക്കിയപ്പോള്‍, അതുകണ്ട് ഒരു കുറിപ്പ് എഴുതിയിരുന്നു. രാജീവേട്ടനെ അത് കേള്‍പ്പിച്ചിരുന്നില്ല. നേരില്‍ കണ്ടപ്പോഴൊക്കെ കുഞ്ഞുകുഞ്ഞു തമാശകള്‍ പറഞ്ഞ് നേരം പോയതറിഞ്ഞിരുന്നില്ല.

നീ 
സ്വയം കലങ്ങുന്ന 
മനസ്സാണ് 
കാര്‍മേഘം.
സ്വയം തെളിയുന്ന 
മനസ്സാണ് 
ആകാശം.
നീ കലങ്ങിയത് 
എഴുതാന്‍ വേണ്ടിയായിരുന്നു.
മഴയ്ക്ക് ശേഷം വരുന്ന 
മഞ്ഞവെയില്‍  പോലെ.
മഴയത്ത് നീ വിയര്‍ക്കുകയും
വെയിലത്ത് നനയുകയും ചെയ്യുന്നല്ലോ 
ചെക്കാ.
ഒന്നു കലങ്ങിത്തെളിയാന്‍ 
ഒരു കുടം കള്ള് 
ഒരു കുടം കള്ള്.
ഒരു കുടം കള്ളിനാല്‍ 
തെളിഞ്ഞതാണീ
ആകാശം.
ഒരു കുടം കള്ള് കുടിച്ച് 
ഒരു തുമ്പി കല്ല് പെറുക്കുന്നു,
കല്ല് പെറുക്കുന്നു.
വെള്ളക്കരം കൂട്ടാത്ത 
പുഴക്കരയില്‍ 
കള്ളും മീനുമൊരുക്കി 
ഒരു പെണ്ണ് 
നിന്നെ കാത്തിരിക്കുന്നു.

മാഷെ കാണുമ്പോഴൊക്കെ ഈ കുറിപ്പ് കേള്‍പ്പിക്കണമെന്ന് തോന്നിയിരുന്നു. പക്ഷേ, വലിയ ആഴങ്ങള്‍ കണ്ട മനുഷ്യന് എന്തുതോന്നും?

അതുകൊണ്ട് കേള്‍പ്പിച്ചില്ല. അദ്ദേഹം പറയുന്നത് കേട്ടുകേട്ടിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com