സാമൂഹ്യ പ്രശ്‌നങ്ങളോട് സർഗ്ഗാത്മക വഴിയിലൂടെ പ്രതികരിച്ച സമുജ്ജ്വല വ്യക്തിത്വം

ഇന്ത്യൻ ചിത്രകലയിൽ ആധുനികതയുടെ വിളവെടുപ്പിന് തീവ്രമായി പരിശ്രമിച്ച ധിഷണാശാലിയായ ചിത്രകാരനാണ് അടുത്തിടെ വിടപറഞ്ഞ വിവാൻ സുന്ദരം
സാമൂഹ്യ പ്രശ്‌നങ്ങളോട് സർഗ്ഗാത്മക വഴിയിലൂടെ പ്രതികരിച്ച സമുജ്ജ്വല വ്യക്തിത്വം

റുപതുകളിലും എഴുപതുകളിലും ലോകചിത്രകലയുടെ ഊർജ്ജം ഏറ്റുവാങ്ങി, ഇന്ത്യൻ ചിത്രകലയിൽ ആധുനികതയുടെ വിളവെടുപ്പിന് തീവ്രമായി പരിശ്രമിച്ച ധിഷണാശാലിയായ ചിത്രകാരനാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ വിവാൻ സുന്ദരം. 1971ൽ, പഠനം കഴിഞ്ഞ് ലണ്ടനിൽനിന്നും ഇന്ത്യയിൽ തിരികെയെത്തിയ വിവാൻ സുന്ദരം അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ ഭീകരതയ്‌ക്കെതിരെ കലാവിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിനും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതികരണം സംഘടിപ്പിക്കുന്നതിനും നേതൃത്വപരമായ പങ്ക് വഹിക്കുകയുണ്ടായി.

ലോകപ്രശസ്ത ചിത്രകാരി അമൃതാ ഷെർഗിളിന്റെ സഹോദരി ഇന്ദിരാ ഷെർഗിളിന്റേയും കല്യാൺ സുന്ദരത്തിന്റേയും മകനായി 1943 മെയ് 28ന് ഷിംലയിൽ ജനിച്ച വിവാൻ സുന്ദരം ബാല്യകാലത്ത് തന്നെ കലാഭിമുഖ്യം പ്രകടമാക്കുകയുണ്ടായി. എൺപത് തികയാനിരിക്കെ, കലാലോകത്തുനിന്നും വിടപറയുമ്പോൾ, സമകാലിക രാഷ്ട്രീയ, സാമൂഹ്യ പ്രശ്‌നങ്ങളോട് നിശിതമായി സർഗ്ഗാത്മക വഴിയിലൂടെ പ്രതികരിച്ച സമുജ്ജ്വല വ്യക്തിത്വത്തിന്റെ വേർപാടാണ് നാം തിരിച്ചറിയുന്നത്. കലാമേഖലയിൽ വിവാൻ സുന്ദരം പുലർത്തിപ്പോന്ന വ്യതിരിക്തമായ നിലപാട് മറ്റു പലരുടേയും കടമെടുപ്പിന്റെ ബാക്കിപത്രമാണ് എന്നു പറയാനേ വയ്യ. കാരണം, അന്വേഷണാത്മകമായ ത്വര സക്രിയമായി നിലനിർത്താൻ കഴിയുന്നവർക്കേ, ക്രിയാത്മക ഇടപെടൽ നടത്തുന്ന വ്യക്തിയായി വിഹരിക്കാൻ സാധിക്കുകയുള്ളൂ.

ലണ്ടനിലെ സ്‌പേസ് സ്‌കൂളിലും മറ്റു ചില വിദേശ കലാസ്ഥാപനങ്ങളിലും കലാപഠനം നിർവ്വഹിക്കാൻ സാധിച്ചതു തന്നെയാണ്, ഇന്ത്യനനുഭവങ്ങളുമായി മാത്രം ഇണങ്ങിപ്പോന്ന കലാകാരന്മാരിൽനിന്നും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. വിദേശ സർവ്വകലാശാലകൾ കലാപ്രവർത്തന മേഖലയിൽ, നവീന ആശയങ്ങളും അവതരണ സങ്കേതങ്ങളും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുമ്പോൾ, ലഭിച്ചുപോന്നത് എത്രയെങ്കിലും പ്രതിഭാശാലികളെ തന്നെയാണ്. വിവാൻ സുന്ദരത്തിന്റെ സർഗ്ഗാത്മക പ്രവർത്തനത്തിലെ നവീന തലങ്ങളേയും നമ്മൾ പരിശോധനാവിധേയമാക്കേണ്ടത് ഈ കലാ അന്തരീക്ഷത്തെ ചേർത്തുനിർത്തി കൊണ്ടുതന്നെയാണ്.

വിവാൻ സുന്ദരത്തിന്റെ പെയിന്റിങ്
വിവാൻ സുന്ദരത്തിന്റെ പെയിന്റിങ്

കലയിലെ രാഷ്ട്രീയനിലപാട്

പത്രപ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഇപ്പോഴത്തെ പാക്പ്രദേശത്തുകാരനായ താരിഖ് അലിയുടെ ആഹ്വാനപ്രകാരം ലോകപ്രധാനമായ രണ്ട് പ്രകടനങ്ങളിൽ, പാരീസിലും ബർലിനിലും പങ്കെടുക്കാൻ വിവാൻ സുന്ദരം തയ്യാറായിരുന്നു. ഈ യാത്രയും പങ്കാളിത്തവും തന്നിലെ തൊഴിലാളിപക്ഷ രാഷ്ട്രീയനിലപാട് ക്രമപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രപ്രയോഗത്തെ കേവലമായ രേഖാത്മക പ്രയോഗം എന്നതിലേക്കാളുപരി, ക്രിയാത്മകവും സർഗ്ഗപരവുമായ ഇടപെടൽ തന്നെയായി വിവാൻ കണ്ടിരുന്നു. അതുകൊണ്ടുതന്നെ, ചിത്ര പ്രയോഗത്തിനാവശ്യമായ മാധ്യമം കണ്ടെത്തുന്നതിൽ മറ്റു പലരെക്കാളും ഏറെ സൂക്ഷ്മാലു ആയിരുന്നു. തന്റെ മാധ്യമത്തിലെ വിഭവശേഖരത്തിനായി ഏറെ സൂക്ഷ്മദൃക്കാവുന്നതിൽ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്റെ വർഗ്ഗപക്ഷപാതിത്വം കൂടിയാണ്. കലാപ്രവർത്തനത്തിലും പ്രയോഗത്തിലും ഏറെ വൈവിധ്യം എങ്ങനെ പുലർത്താനാവും എന്ന് അദ്ദേഹം അന്വേഷിക്കുകയുണ്ടായി. ഇതിനായി ഏകമാനതയുടെ അടയാളങ്ങൾ അല്ല സ്വീകാര്യം എന്നും വൈവിധ്യപൂർണ്ണമായ ഏതൊന്നിന്റെ സൂചനയും കലാപ്രവർത്തനത്തിൽ ഉൾപ്പെടുന്നു എന്നും വിവാൻ വിശ്വസിച്ചുപോന്നു. 'ഒരു കലാകാരന്റെ മനസ്സ് വായിക്കാൻ പ്രയാസമാണ്. അവന്റെ സൃഷ്ടികൾ മാത്രമാണ് അവന്റെ മനസ്സ് വായിക്കാൻ ഉപകരിക്കുന്നതായി ഉണ്ടാവുന്നത്' എന്ന് രേഖപ്പെടുത്തിയ വിവാൻ സുന്ദരത്തിന്റെ സൃഷ്ടികൾ ഏതർത്ഥത്തിലും വാചാലം ആയിരുന്നു. കലാസൃഷ്ടിയുടെ അടയാളപ്പെടുത്തലിനായുള്ള മാധ്യമം തിരഞ്ഞെടുക്കുന്നതിലും വിവാൻ തികച്ചും വേറിട്ട നിലപാട് സ്വീകരിച്ചതായി കാണാം.

ഉപയോഗശേഷമുള്ള എൻജിൻ ഓയിലും എണ്ണയും പുകക്കരികളും ചിത്രപ്രയോഗത്തിനായി വിവാൻ ഉപയോഗിച്ചിട്ടുണ്ട്. കലാവതരണത്തിനുള്ള മാധ്യമം വൻവില കൊടുത്ത് വാങ്ങിക്കേണ്ടിവരുന്ന പുതിയകാലത്ത്, വ്യാവസായികരംഗത്തെ ഭീമൻമാരുടെ നിലപാടുകൾക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് തന്നെയായി മാറുന്നുണ്ട് വിവാൻ സുന്ദരത്തിന്റെ മാധ്യമ തിരഞ്ഞെടുപ്പ്.

'എൻജിൻ ആന്റ് ചാർക്കോൾ ഡ്രോയിംഗ്' എന്ന കലാപരമ്പര വിവാൻ രേഖപ്പെടുത്തിയത് 1991ൽ ആയിരുന്നു. ഗൾഫ് യുദ്ധത്തിന്റെ കൊടുംഭീകരത ലോകജനതയുടെമേൽ ഏല്പിച്ച ദുരിത സമാനമായ ആഘാതത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു പ്രസ്തുത സൃഷ്ടി. എണ്ണ ഉല്പാദന കാര്യത്തിൽ പറുദീസ എന്നു വിശേഷിപ്പിക്കുന്ന ഗൾഫ് നാടുകൾ യുദ്ധഭീകരതയിൽ കത്തിയാളുമ്പോൾ എണ്ണ എന്ന ഗൾഫ് ഉല്പന്നത്തിന്റെ അവശിഷ്ട ഭാഗം ഏതുവിധത്തിലാണ് സർഗ്ഗപ്രക്രിയയ്ക്ക് വളമാക്കാൻ സാധിക്കുക എന്ന് വിവാൻ അന്വേഷിക്കുകയുണ്ടായി.

കൈക്കടലാസുകളിൽ (handmade paper) എൻജിൻ ഓയിൽകൊണ്ട് കറുത്ത പശ്ചാത്തലത്തിലുള്ള ചിത്രം രേഖപ്പെടുത്തിയതിനു പിന്നിൽ, വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു എന്ന് വിവാൻ തന്നെ പറഞ്ഞിട്ടുണ്ട്. മുംബയിലെ വേശ്യാവൃത്തി ഇതിവൃത്തമാക്കിക്കൊണ്ട് ഒട്ടേറെ നാടകം രചിച്ച നാടകപ്രവർത്തകനാണ് പ്രതാപ് ശർമ്മ. ഇദ്ദേഹത്തിന്റെ നാടകം ചിത്രപരമ്പരയ്ക്ക് വിഷയമാക്കുകയുണ്ടായി വിവാൻ സുന്ദരം. ഉപയോഗശൂന്യമായി തള്ളുന്ന പല വസ്തുക്കളും കലാപ്രവർത്തനത്തിന് ഉപയോഗിക്കാമെന്നും ഇക്കാരണം കൊണ്ടുമാത്രം കലാവസ്തുക്കളുടെ മേന്മ കുറഞ്ഞുപോകുന്നില്ലെന്നും ലോകത്തിനു കാണിച്ചുകൊടുത്ത പ്രധാന കലാകാരൻ വിഖ്യാതനായ പാബ്ലോ പിക്കാസോ ആയിരിക്കും. ഇതിനു സമാനമായ മാതൃക തന്നെയാണ് വിവാൻ സുന്ദരവും പരീക്ഷിക്കുന്നത്. പാരീസിലെ പിക്കാസോ മ്യൂസിയത്തിലെ പിക്കാസോയുടെ ശില്പങ്ങൾ ശില്പനിർമ്മിതിയിലെ മാധ്യമ ലാളിത്യം വിളിച്ചറിയിക്കുന്നുണ്ട്. ടിൻ ഷീറ്റുകളും (ടിൻ ഫാക്ടറിയിൽനിന്നും ലഭിക്കുന്ന ഉപയോഗശൂന്യമായവ) ജീവിതപരിസരത്തുനിന്നും അലച്ചിലില്ലാതെ കണ്ടെത്താൻ കഴിയുന്ന വസ്തുക്കളും വിവാൻ സ്വതസിദ്ധമായ മാതൃകയിൽ പരീക്ഷിക്കുകയുണ്ടായി.

ഇന്ത്യൻ കലാപരിസരത്ത് ഏറെ സ്മരിക്കപ്പെടുന്ന കാലം എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആദ്യകാലവും തന്നെയാണ്. എന്തുകൊണ്ടെന്നാൽ ഈ കാലം സമ്മാനിച്ചത്, കലാമേഖലയിൽ അന്വേഷണാത്മക സഞ്ചാരത്തിന്റെ തിരി തെളിയിക്കൽ തന്നെയാണ് ഈ കാലത്ത് രാജ്യാന്തര പ്രശസ്തരായ ഗുലാം മുഹമ്മദ് ഷെയ്ഖ്, നളിനി മാലിനി, ജോഗൻ ചൗധരി തുടങ്ങിയവരുടെ സമകാലികനായി ചിത്രശില്പ സഞ്ചാരം നടത്താൻ വിവാൻ സുന്ദരം തയ്യാറായിട്ടുണ്ട്. വിവാൻ സുന്ദരത്തിന്റെ പെയിന്റിംഗുകളെ രണ്ട് മേഖലയായി തരംതിരിക്കാൻ എളുപ്പം സാധിക്കും. അമൂർത്തവും അർദ്ധ അമൂർത്തവും. ഏകവർണ്ണത്തിന്റെ ഭിന്നസ്ഥായിലുള്ള ചിത്രങ്ങളാണ് വിവാൻ സുന്ദരത്തിന്റെ കലാലോകത്ത് ഏറെയുള്ളത്. മറ്റു സമകാലികരായ ചിത്രകാരന്മാരുടെ ചിത്രങ്ങളിൽനിന്നും ഏറെ വ്യത്യസ്തം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ക്യാൻവാസുകൾ. എണ്ണമറ്റ ബഹുവർണ്ണ ചിത്രങ്ങളും ശില്പങ്ങളും രചിച്ച പാബ്ലോ പിക്കാസോ ഓർമ്മപ്പെടുന്നത് നിറരാഹിത്യ ചിത്രം എന്നു പറയാവുന്ന 'ഗുർണിക്ക'യുടെ പേരിലാണ്. ചാരനിറത്തിന്റെ വകഭേദങ്ങളോടെ രൂപപ്പെടുത്തിയ 'ഗുർണിക്ക' എക്കാലവും ഓർമ്മിക്കുന്നതുപോലെ വിവാൻ സുന്ദരത്തിന്റെ ഏകവർണ്ണ പ്രയോഗത്തിലെ ചിത്രങ്ങൾ തന്നെയാണ് മികച്ച നിലയിൽ കലാലോകത്ത് വിലയിരുത്തപ്പെടുന്നത്. അത്തരം ചിത്രങ്ങളിൽ അദ്ദേഹം അങ്ങിങ്ങായി അടയാളപ്പെടുത്തുന്ന വെൺമ (ചിത്രപ്രതലത്തിന്റെ വെളുപ്പ്) എത്രമാത്രം പ്രൗഢി ഉള്ളതാണെന്ന് അത്തരം ചിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നിറപ്രയോഗത്തിലെ അനാർഭാട സ്വീകാര്യതയും വിഷയത്തോടുള്ള വ്യത്യസ്തമായ സമീപനവും വിവാൻ സുന്ദരം എന്ന ചിത്രകാരനെ ലോക കലാഭൂപടം വരെ എത്തിച്ചിട്ടുണ്ട്.

'ചിത്രങ്ങൾ കൂടാതെ ശില്പങ്ങളുടെ ഇൻസ്റ്റലേഷനും നിരവധിയായി വിവാൻ സുന്ദരം നിർമ്മിച്ചിട്ടുണ്ട്. ജനജീവിതത്തിന്റെ ദൈന്യതയുടെ ആഴം സ്പർശിക്കുന്ന ശില്പങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. ശില്പങ്ങളിലും നവീനാശയങ്ങളുടെ വീണ്ടെടുപ്പ് അദ്ദേഹം സാധ്യമാക്കിയിട്ടുണ്ട്. 

അർദ്ധ അമൂർത്തത ശില്പമേഖലയിൽ പരീക്ഷണാത്മകതയോടെ വിവാൻ സുന്ദരം സൃഷ്ടിച്ചത് ആധുനിക ഇന്ത്യൻ കലാപ്രസ്ഥാനത്തിന്റെ പഠിതാക്കൾക്ക് ഏറെ ഗുണം ചെയ്യുന്നത് തന്നെയായി മാറിയിട്ടുണ്ട്. വിവാൻ സുന്ദരത്തിന്റെ ആദ്യ അദ്ധ്യാപകനായ കെ.ജി. സുബ്രഹ്മണ്യം പറഞ്ഞിരുന്നത് 'നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം' എന്നായിരുന്നു. 1992ൽ കെ.ബി. ഗോയൽ എഴുതിയത് 'വിവാൻ സുന്ദരം പ്രതിബദ്ധതയുള്ള കലാകാരനാണ്. എന്നാൽ, അതിലുപരി അത് തന്നോടുതന്നെ പ്രണയിക്കുന്ന മനസ്സാണ്' എന്നാണ്. ഈ അഭിപ്രായങ്ങൾ സമീപകാല രചനകൾക്കുകൂടി ബാധകമാണെന്നു തോന്നും അദ്ദേഹത്തിന്റെ പിന്നീടുള്ള രചനകൾ കണ്ടാൽ.

ഫോട്ടോകളുടെ വിവിധ ഇമേജുകൾ, പാഴ്‌വസ്തുക്കൾ എന്നിവയാൽ സമ്പന്നമായിരുന്ന കലാവസ്തു നിർമ്മാണം ഉൾപ്പെടെ കലാലോകത്ത്, തന്റെ പ്രബുദ്ധ രാഷ്ട്രീയചിന്തയും കലാമനസ്സും കോർത്തിണക്കി നടത്തിയ യാത്ര എന്നും ഓർക്കാൻ പാകത്തിലുള്ളതു തന്നെയാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com