ആര്‍ക്കും എപ്പോഴും എന്തു കാര്യത്തിനും സമീപിക്കാവുന്ന ജനപ്രതിനിധിയായി ജീവിച്ച ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി ജനകീയനാണെന്ന് കേരളം മനസ്സിലാക്കിയത് ഓരോ മലയാളിയും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടൊന്നുമല്ല
ആര്‍ക്കും എപ്പോഴും എന്തു കാര്യത്തിനും സമീപിക്കാവുന്ന ജനപ്രതിനിധിയായി ജീവിച്ച ഉമ്മന്‍ ചാണ്ടി

മ്മന്‍ ചാണ്ടി ജനകീയനാണെന്ന് കേരളം മനസ്സിലാക്കിയത് ഓരോ മലയാളിയും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടൊന്നുമല്ല. പക്ഷേ, കുറച്ചു നേരമെങ്കിലും കൂടെയൊന്നു യാത്ര ചെയ്താല്‍ സാധാരണ മനുഷ്യരുമായി ആ മനുഷ്യന്‍ നിലനിര്‍ത്തിയ അസാധാരണമായ അടുപ്പത്തിന്റെ ആഴമറിയാന്‍ കഴിഞ്ഞിരുന്നു. കൂടെ യാത്ര ചെയ്ത്, 'നേതാവിനൊപ്പം' എന്ന റിപ്പോര്‍ട്ട് എഴുതാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍ പോയത് 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ഞായറാഴ്ച. രാവിലത്തെ തിരക്കുകള്‍ കഴിഞ്ഞ് ഇടുക്കിയിലേക്കു പുറപ്പെടുമെന്നും കാറില്‍ കൂടെ കയറിയാല്‍ മതിയെന്നുമാണ് നേരത്തേ പറഞ്ഞത്. അതനുസരിച്ച് എത്തിയപ്പോള്‍ ഒരു ടി.വി ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇതേ കാര്യത്തിനു വന്നിട്ടുണ്ട്. സാരമില്ല, അവര്‍ കാറില്‍ പിറകെ വന്നിട്ട് നിങ്ങള്‍ ഏറ്റുമാനൂരില്‍ ഇറങ്ങിക്കഴിഞ്ഞ് എന്റെ കൂടെ കയറിക്കൊള്ളും എന്ന് അദ്ദേഹം പറഞ്ഞു. തലേന്നു തന്നെ തിരുവനന്തപുരത്തുനിന്ന് ഏറ്റുമാനൂരിലെ വീട്ടിലെത്തിയിട്ട് ചെന്നിരിക്കുകയാണ്. പുതുപ്പള്ളിയില്‍നിന്ന് കാറില്‍ ഏറ്റുമാനൂരിലെത്താന്‍ അരമണിക്കൂര്‍ തന്നെ വേണ്ടിവരില്ല. അതിനിടയില്‍ എന്തു രാഷ്ട്രീയം ചോദിക്കാനും പറയാനുമാണ് എന്നോര്‍ത്തു. ''നമ്മള്‍ ഏറ്റുമാനൂരിലെത്താന്‍ രണ്ടു മണിക്കൂറെങ്കിലും എടുക്കും, കേട്ടോ'' ഒന്നിച്ച് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ മനസ്സിലുള്ളത് അങ്ങോട്ടു പറയുന്നതിനു മുന്‍പുതന്നെ ഇങ്ങോട്ടു പറഞ്ഞു. അതായത് രണ്ടു മരണവീടുകളിലും രണ്ടോ മൂന്നോ കല്യാണവീടുകളിലും കയറി, രണ്ടിടത്ത് മണ്ഡലത്തിലെ ആളുകളെ നേരിട്ടു കാണലും കഴിയുമ്പോള്‍ അത്രയുമോ അതില്‍ കൂടുതലോ സമയമാകും. കാര്‍ സാവധാനം റോഡിലേക്ക് ഇറങ്ങുമ്പോള്‍ പിന്നില്‍ ഇടതുഭാഗത്ത് ഉമ്മന്‍ ചാണ്ടി ഇരിക്കുന്നിടത്തേക്ക് കൈലിയുടുത്ത ഒരു മധ്യവയസ്‌കന്‍ വന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ അയാള്‍ കുനിഞ്ഞു. രണ്ടു പേരും തമ്മില്‍ സംസാരിച്ചത് ശബ്ദം താഴ്ത്തിയാണെങ്കിലും തൊട്ടടുത്ത് ഇരിക്കുന്നതുകൊണ്ട് എനിക്കത് കേള്‍ക്കാം. പ്രസക്തഭാഗം ഇങ്ങനെയാണ്: ഉമ്മന്‍ ചാണ്ടി പറയുന്നു: ''എടാവ്വേ, മറന്നുപോയതല്ല. അത്രയും എന്റെ കയ്യിലിപ്പോ കാണത്തില്ല. മൂന്നു തരാം.'' ''പോര കുഞ്ഞൂഞ്ഞേ, അതു പോരെന്നേ. അഞ്ചു കിട്ടിയാലേ എന്റെ കാര്യം നടക്കുകൊള്ളൂ. അതുകൊണ്ടാ. ഞാന്‍ തിരിച്ചു തരാന്നു പറഞ്ഞല്ലോ'' എന്ന് പുതുപ്പള്ളിക്കാരന്‍. ''വേണ്ട, മൂന്ന് നീ തിരിച്ചു തരണ്ട. ഞാനത് പറഞ്ഞല്ലോ'' എന്ന് ഉമ്മന്‍ ചാണ്ടി. വൈകാതെ അവര്‍ ഒരു ഒത്തുതീര്‍പ്പിലും തീരുമാനത്തിലുമെത്തി.

സംഗതി മനസ്സിലായില്ലേ? അവരുടെ എം.എല്‍.എയും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ (അന്നും മുന്‍ മന്ത്രി, മുന്‍ മുഖ്യമന്ത്രി, പിന്നീടും മുഖ്യമന്ത്രി) ഉമ്മന്‍ ചാണ്ടിയോട് നാട്ടിലൊരാള്‍ പണം കടം ചോദിക്കുകയാണ്. മൂന്ന് എന്നത് മൂവായിരമായിരിക്കാം, മൂന്നു ലക്ഷവുമാകാം. പക്ഷേ, ജന നേതാക്കള്‍ നിരവധി ജീവിച്ചു വിടപറഞ്ഞ കേരളത്തില്‍ അവരില്‍ എത്ര പേരോട് നാട്ടിലൊരു ആവശ്യക്കാരന് കൂട്ടുകാരനോടെന്നതുപോലെ കടം ചോദിക്കാന്‍ കഴിയും? നടന്നതും നടക്കാത്തതുമായ എണ്ണമറ്റ 'കുഞ്ഞൂഞ്ഞു കഥ'കളില്‍ ഒന്നല്ല, അനുഭവമാണിത്. 

അതിപ്പോ, ഉമ്മന്‍ ചാണ്ടി എന്ന പേര് ലോകത്ത് മറ്റാര്‍ക്കെങ്കിലും കേട്ടിട്ടുണ്ടോ എന്ന് പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ ഖുശ്ബു മമ്മൂട്ടിയോട് ചോദിക്കുന്നതു കേട്ടില്ലേ? അതു ശരിയാണല്ലോ, ഉമ്മന്‍ ചാണ്ടി എന്ന പേര് വേറെ കേട്ടിട്ടില്ലല്ലോ എന്ന് പ്രാഞ്ചിയേട്ടന്‍ അത്ഭുതത്തോടെ പറയുമ്പോള്‍ പ്രേക്ഷകരും അതു മനസ്സില്‍ പറഞ്ഞു; പിന്നീടു പലവട്ടം പരസ്പരവും പറഞ്ഞു. തന്നെപ്പോലെ മറ്റൊരാളില്ല എന്ന് ഒരു പേരിനപ്പുറമുള്ള യാഥാര്‍ത്ഥ്യമായി സ്വന്തം ജീവിതവും പ്രവര്‍ത്തനങ്ങളും കൊണ്ട് മാറ്റിയ രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ ചാണ്ടി. ആള്‍ക്കൂട്ടത്തിനൊപ്പമല്ലെങ്കില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു അദ്ദേഹത്തിന്; ആര്‍ക്കും എപ്പോഴും എന്തു കാര്യത്തിനും സമീപിക്കാവുന്ന ജനപ്രതിനിധിയും ഭരണാധികാരിയുമായി ജീവിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏതൊരു നേതാവിനും കിട്ടിയതിനേക്കാള്‍ വലിയ സ്‌നേഹാദരങ്ങള്‍ ജീവിതത്തിലും മരണാനന്തരവും കേരളം അദ്ദേഹത്തിനു നല്‍കുകയും ചെയ്തു. 1970-ല്‍ ആദ്യമായി നിയമസഭാംഗമായ ശേഷം 2021-ലെ തെരഞ്ഞെടുപ്പുവരെ തോല്‍ക്കാതെ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിക്കു പകരം ആര് എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മകനോ മകളോ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. പക്ഷേ, ഉമ്മന്‍ ചാണ്ടിയെപ്പോലെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായ ബഹുമാനം കിട്ടിയ നേതാക്കളുടെ ഏറ്റവും വലിയ തെളിവും ഉദാഹരണവുമാണ് ഇല്ലാതായിരിക്കുന്നത്. 

കെ കരുണാകരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി, കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല
കെ കരുണാകരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി, കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല

ഇന്നത്തെ രാഷ്ട്രീയം 

അതിശക്തമായി രാഷ്ട്രീയം പറയാറുള്ള നേതാവായിരുന്നില്ല ഉമ്മന്‍ ചാണ്ടി. അതായത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശം, ഫാസിസം, വര്‍ഗ്ഗീയത, സ്ത്രീപക്ഷം, തുല്യത തുടങ്ങിയ വലിയ രാഷ്ട്രീയ പ്രയോഗങ്ങളൊന്നും അദ്ദേഹം അധികം പറഞ്ഞുകേട്ടിട്ടില്ല. അത്തരം പരാമര്‍ശങ്ങള്‍ പ്രസംഗങ്ങളിലും പ്രസ്താവനകളിലും തീരെ കുറയ്ക്കുകയും കഴിയുന്നത്ര ഒഴിവാക്കുകയുമാണ് ചെയ്തു കണ്ടത്. എങ്കിലും ഉമ്മന്‍ ചാണ്ടി പതിവിലും ഗൗരവത്തില്‍ രാഷ്ട്രീയം പറഞ്ഞ ചില സന്ദര്‍ഭങ്ങളുണ്ട്. ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ മരിച്ച, രാജ്യം ഞെട്ടിയ സംഭവത്തിലാണ് അത്തരം പ്രതികരണങ്ങളിലൊന്ന് ഉണ്ടായത്. 2021 ജൂലൈയിലായിരുന്നു അത്: ''ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനസ്സാക്ഷിക്കു മുന്നില്‍ ഫാ. സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മ്മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും'' -ഉമ്മന്‍ ചാണ്ടി അന്നു പറഞ്ഞു. ''എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ. സ്റ്റാന്‍ സ്വാമി വിടപറയുന്നത്. 84 വയസ്സുള്ള വൈദികനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വ്വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഒന്‍പതു മാസമായി ജയിലില്‍ കഴിഞ്ഞ അദ്ദേഹം പലവിധ രോഗങ്ങളാല്‍ വലഞ്ഞിരുന്നു. അദ്ദേഹത്തിനു ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മിഷനും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്ത പൗരപ്രമുഖരുമെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും പ്രയോജനം ഉണ്ടായില്ല.'' ഇത്രയും പറഞ്ഞപ്പോഴും ആരാണ് ഉത്തരവാദി എന്നും ഏതു രാഷ്ട്രീയമാണ് സ്റ്റാന്‍ സ്വാമി അടക്കമുള്ളവരെ വേട്ടയാടിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞില്ല. അതിനര്‍ത്ഥം സംഘപരിവാറിനോട് എന്തെങ്കിലും മൃദു സമീപനമുണ്ടായിരുന്നു എന്നല്ല. അത്രയുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മാക്‌സിമം. നിയമസഭയിലും പുറത്തും അതാണ് അനുഭവം. 2021 മാര്‍ച്ചില്‍ ട്രെയില്‍ യാത്രയ്ക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരെ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകരും പൊലീസും നടത്തിയ അതിക്രമങ്ങളെ ന്യായീകരിക്കാന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ശ്രമിച്ചപ്പോള്‍ അത് ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിനു മറ്റൊരു തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് വളരെ ഗൗരവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നു. എപ്പോഴും തങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാത്ത ഒരു പ്രധാന ക്രിസ്ത്യന്‍ കോണ്‍ഗ്രസ് നേതാവ് ഈ വിധം രൂക്ഷമായി പ്രതികരിക്കുന്നത് നിസ്സാരമായി കാണരുതെന്ന് കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞതായി കേരളത്തിലെ ബി.ജെ.പി നേതാക്കളില്‍ ചിലര്‍ പറഞ്ഞുകേട്ടിരുന്നു. സംഘപരിവാറിനെതിരേ പതിവായി രൂക്ഷഭാഷയില്‍ സംസാരിക്കില്ല എന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനു വിശ്വാസ്യത കുറയാന്‍ കാരണമായതേ ഇല്ല. സത്യസന്ധമായും ആത്മാര്‍ത്ഥതയോടെയുമാണ് തങ്ങള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടി നില്‍ക്കുന്നത് എന്നതില്‍ ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു സംശയമുണ്ടായിരുന്നില്ല എന്നതാണ് കാരണം. അതേസമയം, ഭൂരിപക്ഷ സമുദായങ്ങള്‍ അകല്‍ച്ച കാണിച്ചുമില്ല. കോണ്‍ഗ്രസ്സിലെ നായര്‍ നേതാക്കളെക്കാള്‍ നായര്‍ സമുദായത്തിനും (എന്‍.എസ്.എസ്സിനു മാത്രമല്ല) കോണ്‍ഗ്രസ്സിലെ ഈഴവ നേതാക്കളെക്കാള്‍ ഈഴവ സമുദായത്തിനും (എസ്.എന്‍.ഡി.പിക്ക് മാത്രമല്ല) സ്വീകാര്യനാകാന്‍ കഴിഞ്ഞ നേതാവ് ഉമ്മന്‍ ചാണ്ടി ആയിരുന്നു. അത് പല സന്ദര്‍ഭങ്ങളിലും കേരളം കാണുകയും തിരിച്ചറിയുകയും ചെയ്തു. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കം കേസുകളും പോരും തെരുവിലെ കയ്യാങ്കളിയുമായി മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒരു പക്ഷത്തിന്റെ ആളായി മാറി എന്ന ക്യാംപെയ്ന്‍ മറുഭാഗത്ത് വ്യാപകമായ ഒരു ഘട്ടമുണ്ടായി. അപ്പോഴും അതിന് പരസ്യമായോ അല്ലാതേയോ ഉള്ള മറുപടികളില്‍ അദ്ദേഹം പ്രകോപിതനായില്ല എന്നത് വ്യക്തിപരമായി എല്ലാവരും സമ്മതിക്കുന്നു. സഭാ തര്‍ക്കത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കുന്നതില്‍ വിജയിച്ചില്ല എന്നത് രണ്ടു വട്ടം മുഖ്യമന്ത്രി ആയ കേരളത്തിലെ ഏറ്റവും നയതന്ത്രജ്ഞനായ നേതാവിനെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു.

ജനങ്ങൾക്കിടയിൽ
ജനങ്ങൾക്കിടയിൽ

തിരിച്ചറിവുകള്‍ 

ഉമ്മന്‍ ചാണ്ടിയെ ഉലച്ച സോളാര്‍ കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്ന 2021 മാര്‍ച്ച് അവസാനം അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ നാലുവരി പ്രസ്താവനയുണ്ട്. അത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. അന്‍പതു വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല.'' സോളാര്‍ കേസിന്റെ തുടക്കം മുതല്‍ ഇതുതന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സമീപനം. 2018-ല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മുന്‍കൂര്‍ ജാമ്യമെടുക്കണം എന്ന് അദ്ദേഹത്തെ ഉപദേശിച്ച കോണ്‍ഗ്രസ് നേതാക്കളുണ്ട്. പക്ഷേ, അതിനു തയ്യാറായില്ല. പൊലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നിട്ടും അറസ്റ്റ് ഉണ്ടാകില്ല എന്ന ഉറപ്പ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ബോധ്യമായിരുന്നു. തന്നെ അറസ്റ്റ് ചെയ്താല്‍ അത് സര്‍ക്കാരിന് ഉണ്ടാക്കാവുന്ന പ്രതിസന്ധിയെക്കുറിച്ച് ശരിയായി അറിയാവുന്നവരാണ് കേരളം ഭരിക്കുന്നത് എന്നതില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല. എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു എന്നും ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് തന്റെ ശക്തി എന്നും മനസ്സാക്ഷിയാണ് വഴികാട്ടി എന്നും അന്നു പറഞ്ഞതുതന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്താവന. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്നും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞതിലുണ്ട് രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയെ മനസ്സിലാക്കിയതിന്റെ എല്ലാ മാനങ്ങളും. 

ഒരേ മണ്ഡലത്തില്‍നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തിയത് ഉള്‍പ്പെടെ അപൂര്‍വ്വ നേട്ടങ്ങള്‍ നേട്ടങ്ങളായല്ല ഉമ്മന്‍ ചാണ്ടി കണ്ടത്. ജനങ്ങള്‍ക്കു തന്നോടുള്ള വിശ്വാസമാണെന്നു തികച്ചും സ്വാഭാവികമായി പറഞ്ഞുപോകാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അവരുടെ പരിഗണനയായി ഉമ്മന്‍ ചാണ്ടി ആ തുടര്‍വിജയങ്ങളെ കണ്ടു. അതിനു തിരിച്ചു നല്‍കുന്ന പരിഗണനയായാണ് പുതുപ്പള്ളിയെ എന്നും ചേര്‍ത്തുപിടിച്ചത്. പക്ഷേ, തിരിച്ചു നല്‍കിയത് പരിഗണനയാണ് എന്ന് ഒരു അഭിമുഖത്തിലും പറയാതിരിക്കാനുള്ള സൂക്ഷ്മത അദ്ദേഹത്തിന് ഉണ്ടായിരുന്നു. പുതുപ്പള്ളിയോട് പ്രത്യേകിച്ചും കേരളത്തോടാകെയും തനിക്ക് ഉത്തരവാദിത്വമുണ്ട് എന്നു മരണം വരെ ഉറച്ചു വിശ്വസിച്ച പ്രതിബദ്ധതയുടെ പേര് കൂടിയായി ഉമ്മന്‍ ചാണ്ടി മാറി. 

കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസ്സിലൂടെയും ഉമ്മന്‍ചാണ്ടി സംസ്ഥാന കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലെത്തി എന്നു പറയുന്നതിനേക്കാള്‍ ശരി, നേതൃനിരയിലെ വേറിട്ട നേതാവായി എന്നു പറയുന്നതാകും. മറ്റു പലരേയുംപോലെ ആര്‍ക്കും ഒരു ഉപകാരവും ചെയ്തുകൊടുക്കാത്ത ആദര്‍ശകാപട്യത്തിന്റെ തടവുകാരനായിട്ടോ ആശ്രിതവാല്‍സല്യത്തിന്റെ മറവില്‍ അഴിമതിക്കാരായിട്ടോ ആയിരുന്നില്ല; മറിച്ച്, ആര്‍ക്കും ഏതുനേരത്തും എത്തിപ്പിടിക്കാവുന്ന ആളായിരുന്നുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി വേറിട്ട നേതാവായത്. 2001-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറും ആയിരുന്നു. അന്ന് എം.എല്‍.എ ഹോസ്റ്റലിലെ യു.ഡി.എഫ് കണ്‍വീനറുടെ മുറിക്കു മുന്നില്‍ ആള്‍ക്കൂട്ടം ഒഴിഞ്ഞ നേരം ഉണ്ടായിരുന്നില്ല. പുതുപ്പള്ളി എം.എല്‍.എ എന്ന നിലയില്‍ കാണാന്‍ വരുന്നവരും മുന്നണി കണ്‍വീനറെ കാണാന്‍ വരുന്നവരുമായി എപ്പോഴും ജനക്കൂട്ടം. മുഖ്യമന്ത്രി എ.കെ. ആന്റണിയാണെങ്കില്‍ പൊതുവെ അധികം സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്ന ആളുമല്ല. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരക്കുണ്ടായിരുന്നില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും ആര്‍ക്കും ഒരു ശുപാര്‍ശക്കത്തിനോ ഒരു ഫോണ്‍വിളിക്കോ സമീപിക്കാവുന്ന ഇടമായി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് മാറി; പ്രതീക്ഷിച്ചും വിശ്വസിച്ചും സമീപിക്കാവുന്ന ഇടം. ആ സര്‍ക്കാരിന്റെ കാലാവധി 19 മാസം ബാക്കി നില്‍ക്കുമ്പോഴാണ് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വലിയ തോല്‍വി ഉണ്ടായതും കോണ്‍ഗ്രസ്സിന് കേരളത്തില്‍നിന്ന് ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിയാതിരുന്നതും. എ.കെ. ആന്റണി രാജിവച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. ആള്‍ക്കൂട്ടം എം.എല്‍.എ ഹോസ്റ്റലില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു മാറി. സെക്രട്ടേറിയറ്റില്‍, പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദര്‍ശകരോട് അനാവശ്യ കാര്‍ക്കശ്യം കാണിക്കരുത് എന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിയില്‍നിന്നുതന്നെ ഉണ്ടായി. തന്നെ കാണാന്‍ വരുന്നവര്‍ക്കു മാത്രമല്ല, തന്റെ ഓഫീസിലോ സെക്രട്ടേറിയേറ്റിലോ എന്തെങ്കിലും ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നു തീരുമാനിച്ചു നടപ്പാക്കി കാണിച്ചു. അതിനു മുന്‍പ് ഭരണസിരാകേന്ദ്രം അത്രയ്ക്ക് സുതാര്യമായി ജനങ്ങളെ സ്വീകരിച്ചിട്ടില്ല. അതിനുശേഷം കണ്ടതും 2011-ല്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോഴാണ്. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരുമുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ അതു കണ്ടെത്തി പരിഹരിക്കാനാണ് നിര്‍ദ്ദേശം കൊടുത്തത്. രണ്ടാംതവണ മുഖ്യമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി ഇല്ലാത്ത നേരത്ത് അദ്ദേഹത്തിന്റെ കസേരയില്‍ ഒരാള്‍ കയറി ഇരുന്ന സംഭവം ഉണ്ടായി. മാനസികാരോഗ്യക്കുറവുള്ള ആളാണ് എന്നു മനസ്സിലാക്കി അയാളോട് വിട്ടുവീഴ്ച ചെയ്യുകയാണ് ചെയ്തത്. 

അപൂർവമായൊരു കുടുംബ ചിത്രം
അപൂർവമായൊരു കുടുംബ ചിത്രം

പോരും പേരുദോഷങ്ങളും 

കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ത്താണ് കൗശലക്കാരന്‍, തന്ത്രജ്ഞന്‍, ഭീഷ്മാചാര്യന്‍, ചാണക്യന്‍ തുടങ്ങിയ പേരുകള്‍ പ്രചരിച്ചിട്ടുള്ളത്. മാധ്യമങ്ങള്‍ ഓരോ കാലത്ത് നല്‍കിയ പേരുകളും വിശേഷണങ്ങളും. ഇടതുപക്ഷ നേതാക്കളെ അത്തരം വ്യക്തിപരമായ തന്ത്രങ്ങളുടേയോ കൗശലങ്ങളുടേയോ സൂത്രങ്ങളുടേയോ ആളുകളായി മാധ്യമങ്ങളും ജനങ്ങളും കണ്ടില്ല. സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായ കാലത്ത് വി.എസ്സിനെ ചില കള്ളികളിലാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇതിന് അപവാദം. പിന്നീട് പിണറായിയെ അതിന്റെ മറുപക്ഷമായും പ്രതിഷ്ഠിച്ചു. കെ. കരുണാകരനും പിന്നീട് ഉമ്മന്‍ ചാണ്ടിയുമാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ തന്ത്രങ്ങളുടേയും കൗശലങ്ങളുടേയും പേരില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നേതാക്കള്‍. 1991-1996 കാലയളവിലെ യു.ഡി.എഫ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി കെ. കരുണാകരനെ മാറ്റി എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിയെ കരുണാകരനെ വീഴ്ത്തിയ തന്ത്രങ്ങളുടെ സൂത്രധാരനായി രാഷ്ട്രീയ കേരളം കണ്ടുതുടങ്ങിയത്. 1994 അവസാനത്തോടെ കരുണാകരന്‍ രാജിവച്ചു. അതിനു മാസങ്ങള്‍ക്കു മുന്‍പേ ആ മന്ത്രിസഭയില്‍നിന്ന് ഉമ്മന്‍ ചാണ്ടി രാജിവച്ച് എ ഗ്രൂപ്പിന്റെ കരുണാകരവിരുദ്ധ നീക്കങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. 1994 സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ടു. അത് കോണ്‍ഗ്രസ്സിലെ ഉള്‍പ്പാര്‍ട്ടി പോരിന്റെ ഭാഗമായ ഇടപെടലായിരുന്നു. പിറ്റേ മാസമാണ് കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മാലി സ്വദേശി മറിയം റഷീദയുടെ അറസ്റ്റ് ഉണ്ടാകുന്നത്; തുടര്‍ന്ന് മറ്റ് അറസ്റ്റുകളും. പക്ഷേ, ചാരക്കേസിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും കെ. കരുണാകരനെ വേട്ടയാടി താഴെയിറക്കി എന്ന പ്രചാരണമാണ് ഇന്നുമുള്ളത്. കരുണാകരന്റെ മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ കെ. മുരളീധരനും പത്മജാ വേണുഗോപാലും ഉള്‍പ്പെടെ ഒരു ഘട്ടത്തില്‍ ഇത് പരസ്യമായോ അല്ലാതേയോ പറഞ്ഞിട്ടുമുണ്ട്. ചാരക്കേസ് പ്രതികളിലൊരാളായിരുന്ന നമ്പി നാരായണന്‍ നിരപരാധിയും മനുഷ്യാവകാശധ്വംസനത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ രക്തസാക്ഷിയുമാണെന്നു വലിയ പ്രചാരണമുണ്ടായപ്പോള്‍ കെ. കരുണാകരനും നീതി വേണം എന്ന പ്രചാരണവും അതിനൊപ്പം ഉണ്ടായി. ആ സമയത്താണ് കരുണാകരനെ ചാരക്കേസ് പറഞ്ഞ് ഇറക്കിവിട്ടതിന്റെ മുഖ്യ സൂത്രധാരനായി ഉമ്മന്‍ ചാണ്ടി രണ്ടാമതും ശക്തമായി ചിത്രീകരിക്കപ്പെട്ടത്. ഐ.ജി ആയിരുന്ന രമണ്‍ ശ്രീവാസ്തവ ചാരക്കേസില്‍പെട്ടപ്പോള്‍ കെ. കരുണാകരന്‍ ശ്രീവാസ്തവയ്ക്ക് വേണ്ടി നിന്നു എന്നത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരുന്നു. അതവര്‍ പരസ്യമായിത്തന്നെ പറയുകയും ചെയ്തു. പക്ഷേ, നേതൃമാറ്റം വേണമെന്നും കരുണാകരന്‍ മാറണമെന്നും നേരത്തേ തന്നെ പറഞ്ഞതിന്റെ തുടര്‍ച്ചയായി ചാരക്കേസ് കൂടി ചേരുകയാണ് ഉണ്ടായത്. അതാണ് വസ്തുത. 

പക്ഷേ, 2004-ലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു തോല്‍വിക്കും ആന്റണിയുടെ നേതൃമാറ്റത്തിനും മുമ്പുതന്നെ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഐ, എ ഗ്രൂപ്പ് പോര് അതിന്റെ മൂര്‍ധന്യത്തിലായിരുന്നു. അതിന്റെ അനന്തരഫലങ്ങള്‍ പലതായിരുന്നു. ആദ്യമൊക്കെ നിഷ്പക്ഷനായി നിന്നെങ്കിലും പിന്നീട് പരസ്യമായി ഐ ഗ്രൂപ്പ് നേതാവായി മാറിയ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് രാജിവയ്പിച്ച് ആന്റണി സര്‍ക്കാരില്‍ വൈദ്യുതിമന്ത്രിയാക്കി. വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തില്‍ വി. ബലറാം എം.എല്‍.എയെ രാജിവയ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച മുരളീധരന്‍ തോറ്റു. ആറു മാസത്തോളം മന്ത്രിയായിരുന്ന മുരളീധരന്‍ നിയമസഭ കാണാതെ രാജിവച്ചു. 19 എം.എല്‍.എമാരെ രാജിവയ്പിച്ച് കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍) രൂപീകരിച്ചു. ഡി.ഐ.സി(കെ)യെ എല്‍.ഡി.എഫില്‍ എടുക്കാം എന്നായിരുന്നു സി.പി.എമ്മിന്റെ വാഗ്ദാനം. അതു വിശ്വസിച്ചാണ് കോണ്‍ഗ്രസ് വിടാനും പുതിയ പാര്‍ട്ടിയുണ്ടാക്കാനും കരുണാകരനും മുരളീധരനും അമിതാവേശം കാണിച്ചത്. പി.കെ. വാസുദേവന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനെ കരുണാകരനും കാര്യമായി സഹായിക്കുകയും ചെയ്തു. പക്ഷേ, അടിയന്തരാവസ്ഥയിലെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തിലൊരു പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ എടുക്കുന്നതിന് സി.പി.എമ്മില്‍ എതിര്‍പ്പുണ്ടായി. വി.എസ്. അച്യുതാനന്ദനാണ് ആ എതിര്‍പ്പിന്റെ മുന്നില്‍ നിന്നത്. ഉപതെരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങിയ സി.പി.ഐയും എതിര്‍ത്തു. അവര്‍ക്ക് മുന്നണിയിലെ രണ്ടാം കക്ഷി സ്ഥാനം നഷ്ടപ്പെടുമോ എന്നായിരുന്നു പേടി. ഡി.ഐ.സിയെ വേണ്ട എന്ന് എല്‍.ഡി.എഫ് തീരുമാനിച്ചു. ഡി.ഐ.സി അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായി. ആന്റണിയേയും എ ഗ്രൂപ്പിനേയും ഇല്ലാതാക്കാന്‍ ശ്രമിച്ച കെ. കരുണാകരനേയും ഐ ഗ്രൂപ്പിനേയും തകര്‍ക്കാനുള്ള അന്നത്തെ നീക്കത്തിനെല്ലാം ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അവരുടെ മുഖ്യശത്രുവുമായി മാറി. എന്നാല്‍, കരുണാകരനെ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളില്‍, പിന്നീട് കെ.പി.സി.സി പ്രസിഡന്റായി വന്ന രമേശ് ചെന്നിത്തലയ്ക്കൊപ്പം ശ്രമിച്ചു വിജയിച്ചത് ഉമ്മന്‍ ചാണ്ടിയും കൂടിയായിരുന്നു. പകയും അകല്‍ച്ചയും മാറുകയും കരുണാകരന്റെ അവസാന കാലത്ത് ഉമ്മന്‍ ചാണ്ടിയുമായി നല്ല ബന്ധത്തിലാവുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ടവരെയൊക്കെ തിരിച്ചുകൊണ്ടുവന്നത് 2005 മുതല്‍ 2021 വരെ 16 കൊല്ലം കേരളത്തിലെ കോണ്‍ഗ്രസ്സിലെ പ്രധാന നേതാക്കളായി നിന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. ആറു വര്‍ഷം പുറത്തുനിന്ന കെ. മുരളീധരന്‍ താഴാവുന്നിടത്തോളം താണുകേണ് കോണ്‍ഗ്രസ്സില്‍ തിരിച്ചുവരവിനു ശ്രമിച്ചപ്പോള്‍ ഇവരൊന്നിച്ചാണ് തല്‍ക്കാലം വേണ്ട എന്നു തീരുമാനിച്ചത്. പിന്നീട് തിരിച്ചുകൊണ്ടുവന്നതും ഇവരൊന്നിച്ചെടുത്ത തീരുമാനം. കെ. കരുണാകരനു ശേഷം വിശാല ഐ ഗ്രൂപ്പും പിന്നീട് ഐ ഗ്രൂപ്പും സജീവമായെങ്കിലും അവരും കേന്ദ്രത്തിലേക്കു പോയ എ.കെ. ആന്റണിയുടെ അഭാവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും പരസ്യമായ ഗ്രൂപ്പ് പോരിനു പ്രാമുഖ്യം കൊടുത്തില്ല. എങ്കിലും രണ്ടു ചേരി സജീവമായിത്തന്നെ നിലനിന്നു. അതിലൊന്നിന്റെ ഒന്നാംനിരയിലെ ഒരേയൊരു നേതാവ് ഉമ്മന്‍ ചാണ്ടിയായിരുന്നു; ഒപ്പം കോണ്‍ഗ്രസ്സിലെ ഏറ്റവും ജനകീയ നേതാവും. 

കെ മുരളീധരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി
കെ മുരളീധരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി

കേരളത്തില്‍നിന്നു മാറ്റി തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയ ശേഷവും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാക്കളിലൊരാള്‍ ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു. പക്ഷേ, കേരളഘടകത്തിന്റെ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറയാതിരിക്കാനുള്ള ശ്രദ്ധ അദ്ദേഹം കാണിച്ചു.

മനുഷ്യത്വം വിട പറയുന്നു 

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായത് 2006-'11 കാലത്ത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അന്നു നേടിയ ശ്രദ്ധ 2011-ല്‍ അദ്ദേഹത്തെ യു.ഡി.എഫിന്റെ സ്വാഭാവിക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മാറ്റി. പക്ഷേ, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു. രണ്ടാം തവണയാണെങ്കിലും അഞ്ചു വര്‍ഷം മുഴുവനായും മുഖ്യമന്ത്രിയാകാനുള്ള അവസരം എന്ന നിലയില്‍ അതു നഷ്ടപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായുമില്ല. അത് രമേശിനും ഉമ്മന്‍ ചാണ്ടിക്കും ഇടയില്‍ അകല്‍ച്ചയുണ്ടാക്കി എന്നതൊരു വസ്തുത. പരസ്യമായി സര്‍ക്കാരിനെതിരെ രമേശും ഐ ഗ്രൂപ്പും നിന്നില്ല എന്നുമാത്രം. അത് 2004-ലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ജാഗ്രത ആയിരുന്നു. പക്ഷേ, സര്‍ക്കാരും പാര്‍ട്ടിയും മോരും മുതിരയും പോലെത്തന്നെ തുടര്‍ന്നു. അത് പരിഹരിക്കാനാണ് 2014 ജനുവരി ഒന്നിന് ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്ത് രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയത്. എന്‍.എസ്.എസ് നേതൃത്വത്തിന്റെ താക്കീത് പരിഗണിച്ചാണ് ഉമ്മന്‍ ചാണ്ടി രമേശിനെ ആഭ്യന്തരമന്ത്രിയാക്കിയത് എന്ന പ്രചരണം തെറ്റായിരുന്നു. സര്‍ക്കാരിന്റെ തുടക്കം മുതല്‍ രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നു. പല കാരണങ്ങളാല്‍ രമേശ് അതിനു നിന്നില്ല. ഒരു പ്രധാന കാരണം, ആഭ്യന്തരവകുപ്പ് ആയിരുന്നില്ല തുടക്കത്തില്‍ രമേശിനുവേണ്ടി ഉമ്മന്‍ ചാണ്ടി ആലോചിച്ചത് എന്നതായിരുന്നു. സോളാര്‍ കേസ് ഉമ്മന്‍ ചാണ്ടിയെ നാണം കെടുത്തുകയും സരിതാ നായര്‍ എന്ന സംരംഭകയുടെ ആരോപണങ്ങള്‍ അദ്ദേഹത്തെക്കൂടി വ്യക്തിപരമായി ഉന്നം വയ്ക്കുകയും ചെയ്തതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലേയും മുഴുവന്‍ ജീവിതത്തിലേയും ഏറ്റവും വലിയ ആഘാതമായത്. സരിതയുടെ വിവാദ കത്ത് സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി മാറ്റി. അതിലെ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളും അല്ലാത്ത മാധ്യമങ്ങളും ചര്‍ച്ച ചെയ്തു. എന്നാല്‍, അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് ആ കത്ത് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതിനു സ്റ്റേ വാങ്ങി. അന്നുമുതലാണ് മാധ്യമങ്ങള്‍ അതിലെ മോശം പരാമര്‍ശങ്ങള്‍ ചര്‍ച്ചയാക്കുന്നതു നിര്‍ത്തിയത്. 

ജന സമ്പർക്ക പരിപാടി (ഫയൽ)
ജന സമ്പർക്ക പരിപാടി (ഫയൽ)

ജനങ്ങള്‍ക്കു സമീപിക്കാവുന്ന ജനപ്രതിനിധിയായി മറ്റു നിരവധി ജനപ്രതിനിധികള്‍ക്ക് എന്നേക്കും നല്‍കിയ മാതൃക, മനുഷ്യത്വത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുത്ത ഭരണാധികാരി എന്ന നിലയിലെ നിരവധി പ്രവര്‍ത്തനങ്ങള്‍, എല്ലാത്തിനുമപ്പുറം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള ഉറച്ച പ്രതിബദ്ധതയില്‍നിന്ന് ഒരിക്കലും മാറിനടക്കുകയോ മാറിച്ചിന്തിക്കുക പോലുമോ ചെയ്യാത്ത കോണ്‍ഗ്രസ് നേതാവ് തുടങ്ങി ഉമ്മന്‍ ചാണ്ടി എന്തൊക്കെ നന്മകളുടെ പ്രതീകമായിരുന്നോ അതെല്ലാം കേരളത്തിന്റെ അരനൂറ്റാണ്ടിലധികം കാലത്തെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ചും വാഴ്ത്തിയും പ്രചരിച്ച ആയിരത്തിയൊന്നു കഥകളേക്കാള്‍ കാലങ്ങളോളം നിലനില്‍ക്കുന്ന കൊച്ചുകൊച്ച് ഉപകാരങ്ങള്‍ കേരളത്തിലും പുറത്തുമുള്ള എത്രയോ മലയാളികള്‍ക്ക് അദ്ദേഹം ചെയ്തുകൊടുത്തിരിക്കുന്നു. അങ്ങനെയാകണം നേതാവ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com