'ചിത്രയാണ് പാടുന്നത് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അന്നത് ചെയ്തത്, ഒരു എതിരാളി എന്ന നിലയില്‍ ഒരിക്കലും കണ്ടിട്ടേയില്ല'

''പാട്ട് കേട്ടുതുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ ഭാവം മാറി. പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങല്‍. കൈകളില്‍ മുഖമമര്‍ത്തിയിരുന്നാണ് മുഴുവന്‍ കേട്ടുതീര്‍ന്നത്.''
'ചിത്രയാണ് പാടുന്നത് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അന്നത് ചെയ്തത്, ഒരു എതിരാളി എന്ന നിലയില്‍ ഒരിക്കലും കണ്ടിട്ടേയില്ല'

ത്മാവിലേക്ക് ഹിമകണംപോലെ വന്നുവീഴുന്ന പാട്ടുകള്‍. അവയില്‍ ചിലത് നമ്മെ ആഹ്ലാദഭരിതരാക്കുന്നു; ചിലത് മനസ്സില്‍ പ്രണയം നിറയ്ക്കുന്നു; ഇനിയും ചിലത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു; കരയിക്കുന്നു. 

ആദ്യ കേള്‍വിയിലേതന്നെ പൊട്ടിക്കരയിച്ചുകളഞ്ഞ ഒരു പാട്ടിനെക്കുറിച്ച് ഗായിക സുജാത പറഞ്ഞുകേട്ടിട്ടുണ്ട്. ''ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ അജ്ഞാതമായ വിഷാദം ഉണ്ടാകാറുണ്ട് എന്നത് സത്യമാണ്. എങ്കിലും കരച്ചിലടക്കാന്‍ കഴിയാതെപോയത് നടാടെയായിരുന്നു'' -സുജാത പറഞ്ഞു. ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സ് വിങ്ങും; കണ്ണുകള്‍ നിറയും.

ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ ഈണമിട്ട ആ ഗാനം പാടിയത് യേശുദാസും ചിത്രയും വിദ്യാസാഗറും ചേര്‍ന്നാണ്: ''യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം, ആര്‍ദ്രമാം സ്‌നേഹം തേടി നോവുമായ് ആരോ പാടി...'' 1999-ല്‍ പുറത്തുവന്ന 'നിറം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പാട്ട്.

''നിറത്തിലെ മിഴിയറിയാതെ എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ''യാത്രയായ് സൂര്യാങ്കുരം'' എന്ന പാട്ടിന്റെ ഫൈനല്‍ വേര്‍ഷന്‍ വിദ്യ കേള്‍പ്പിച്ചത്'' -സുജാത ഓര്‍ക്കുന്നു. ''പാട്ട് കേട്ടുതുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ ഭാവം മാറി. പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങല്‍. കൈകളില്‍ മുഖമമര്‍ത്തിയിരുന്നാണ് മുഴുവന്‍ കേട്ടുതീര്‍ന്നത്.'' അത്ഭുതത്തോടെ ആ ഭാവപ്പകര്‍ച്ച നോക്കിയിരിക്കുകയായിരുന്നു വിദ്യാസാഗര്‍. സംഗീതശില്പിയെ സംബന്ധിച്ചും അത്യപൂര്‍വ്വമായ അനുഭവമായിരുന്നല്ലോ അത്. 

വിദ്യാസാഗര്‍ പാടിയ വിരുത്തത്തില്‍നിന്നാണ് പാട്ടിന്റെ തുടക്കം: ''ആകാശമേഘം മറഞ്ഞേ പോയ്, അനുരാഗതീരം കരഞ്ഞേ പോയ്, ഒരു കോണിലെല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം...'' ചരണത്തിലുമുണ്ട് പെയ്‌തൊടുങ്ങാത്ത വിരഹവും വിഷാദവും നഷ്ടബോധവും: ''മായുന്നു വെണ്ണിലാവും നിന്‍ പാട്ടും, പൂഴിമണ്ണില്‍ വീഴും നിന്‍ കാലടിപ്പാടും, തോഴീ പെയ്യാതെ വിങ്ങിനില്‍പ്പൂ വിണ്‍മേഘം; കാത്തുനില്‍പ്പു ദൂരെ ഈ ശ്യാമയാം ഭൂമി വീണ്ടും, ഒരോര്‍മ്മയായ് മാഞ്ഞുപോവതെങ്ങു നിന്‍ രൂപം...'' 

കെഎസ് ചിത്ര
കെഎസ് ചിത്ര

''പാട്ട് തീര്‍ന്നയുടന്‍ ഞാന്‍ ആദ്യം ചെയ്തത് ഫോണില്‍ ചിത്രയെ വിളിച്ച് അഭിനന്ദിക്കുകയാണ്. എത്ര ഭാവാര്‍ദ്രമായാണ് ചിത്രയും ദാസേട്ടനും ആ പാട്ടിന് ആത്മാവ് പകര്‍ന്നുനല്‍കിയിരിക്കുന്നത്'' -സുജാതയുടെ വാക്കുകള്‍. ''വരികളും ഈണവും ചേരുമ്പോഴുള്ള മാജിക് ആണ് ആ പാട്ടിനെ ഇത്രയൂം ഉദാത്തമാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല. പിന്നെ ദാസേട്ടന്റേയും ചിത്രയുടേയും അനുപമമായ ആലാപനവും.''

ചിത്രയുടെ ഗാനങ്ങളില്‍ സുജാതയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവ വേറെയുമുണ്ട്. ഒരു രാത്രികൂടി വിടവാങ്ങവേ (യേശുദാസിനൊപ്പം സമ്മര്‍ ഇന്‍ ബത്ലഹേം), പാതിരാമഴയേതോ (ഉള്ളടക്കം), രാജഹംസമേ (ചമയം), കഥപറഞ്ഞുറങ്ങിയ കാനനക്കുയിലെ (മധുരനൊമ്പരക്കാറ്റ്), കണ്ണാളനേ (ബോംബെ), ദേവനിന്‍ കോയില്‍ (അറുവതൈ നാള്‍) അങ്ങനെയങ്ങനെ. 'മധുരനൊമ്പരക്കാറ്റി'ല്‍ ഞാനും പാടിയിട്ടുണ്ട് ''ദ്വാദശിയില്‍'' എന്ന ഗാനം. പക്ഷേ, എന്റെ ഭര്‍ത്താവിന് അതിലുമിഷ്ടം ചിത്ര പാടിയ കഥപറഞ്ഞുറങ്ങിയ ''കാനനക്കുയിലേ'' -സുജാത ചിരിക്കുന്നു. ഒരുമിച്ചു പാടിയ പാട്ടുകളില്‍ വൈഡൂര്യക്കമ്മലണിഞ്ഞ് (ഈ പുഴയും കടന്ന്, സംഗീതം: ജോണ്‍സണ്‍) എന്ന ഗാനം സുജാതയ്ക്ക് മറക്കാനാവില്ല. 

രണ്ടു കൈവഴികള്‍ 

സുജാതയും ചിത്രയും. മലയാള സിനിമയുടെ മൂന്നു പതിറ്റാണ്ടുകളെ ധന്യവും ദീപ്തവുമാക്കിയ ശബ്ദങ്ങള്‍. ഏതാണ്ട് സമപ്രായക്കാരാണ് ഇരുവരും. നിര്‍മ്മലവും നിര്‍വ്യാജവും സുതാര്യവുമായ സ്‌നേഹത്തിന്റെ നിലയ്ക്കാത്ത ഒഴുക്കാണ് ചിത്രയുടെ ആലാപനം. അതില്‍ പ്രണയവും കുസൃതിയും പരിഭവവും അല്പം കൊഞ്ചലും കൂടി കലരുമ്പോള്‍ സുജാതയായി. ചിത്രയില്‍നിന്ന് സുജാതയിലേക്കുള്ള ദൂരം അളക്കാന്‍ ശ്രമിച്ചിട്ടില്ല; തിരിച്ചും. രണ്ടും ഒരേ നദിയുടെ കൈവഴികള്‍. ഒഴുകുന്നത് ഒരേ ദിശയിലേക്കെങ്കിലും പാതകള്‍ രണ്ടും വ്യത്യസ്തം. 

ആദ്യം കാതിലും മനസ്സിലും വന്നുനിറഞ്ഞത് സുജാതയുടെ ശബ്ദമാണ്; ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപര യുഗസന്ധ്യയില്‍ എന്ന ലളിതഗാനത്തിന്റെ രൂപത്തില്‍. പി. സുശീലയുടേയും എസ്. ജാനകിയുടേയും ശബ്ദങ്ങള്‍ കേട്ടു ശീലിച്ച കാതുകള്‍ക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു. ബാല്യത്തിന്റെ കുസൃതികളും കുതൂഹലവും നിറഞ്ഞ ശബ്ദം. 'ടൂറിസ്റ്റ് ബംഗ്ലാവ്' (1975) എന്ന സിനിമയിലെ ''കണ്ണെഴുതി പൊട്ടുതൊട്ട്'' എന്ന പാട്ടിലും കേട്ടു അതേ കുതൂഹലം. 12 വയസ്സേ തികഞ്ഞിരുന്നുള്ളൂ അപ്പോള്‍ പുതുഗായികയ്ക്ക്. എങ്കിലും പാടിയ ആദ്യ പിന്നണി ഗാനം ശ്രദ്ധിക്കപ്പെടുകയും പലരും ഏറ്റുപാടുകയും ചെയ്തു എന്നത് സുജാതയുടെ സൗഭാഗ്യം. ആദ്യകാലത്ത് യുഗ്മഗാനങ്ങളില്‍ തളച്ചിടപ്പെട്ട സുജാതയെ ആ 'തടവി'ല്‍നിന്ന് മോചിപ്പിച്ചതും ഹൃദയപൂര്‍വ്വം സ്വീകരിച്ചതും തമിഴ് സിനിമയായിരുന്നു എന്നത് വിധിവൈചിത്ര്യമാകാം. മലയാളത്തില്‍പോലും സ്വന്തം പ്രതിഭ തെളിയിക്കാന്‍ പോന്ന വേറിട്ട ഗാനങ്ങള്‍ സുജാതയെ തേടിയെത്തിയത് അതിനുശേഷമാണ്.

അരവിന്ദന്റെ 'കുമ്മാട്ടി'ക്കു (1979) വേണ്ടി കാവാലത്തിന്റെ നാടന്‍പാട്ടുകളില്‍ കോറസ് പാടിക്കൊണ്ടാണ് ചിത്രയുടെ തുടക്കം. പിന്നെയും മൂന്നു വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു ആദ്യത്തെ ഹിറ്റിന്. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാട്-എം.ജി. രാധാകൃഷ്ണന്‍ കൂട്ടുകെട്ടിനുവേണ്ടി പാടിയ ''രജനീ പറയൂ'' എന്ന ഗാനത്തില്‍ തുടക്കക്കാരിയുടെ ആകാംക്ഷയും അങ്കലാപ്പും കുറവല്ലായിരുന്നെങ്കിലും ആ ശബ്ദത്തിലെ നിഷ്‌കളങ്കത മലയാളികള്‍ ശ്രദ്ധിച്ചു. 'എന്റെ മാമാട്ടിക്കുട്ടി അമ്മ'യിലെ ''ആളൊരുങ്ങി അരങ്ങൊരുങ്ങി'' കൂടി വന്നതോടെ മലയാള സിനിമയിലെ ചിത്രപൗര്‍ണ്ണമിക്ക് ഉദയമായി. പിന്നീടുള്ളത് ചരിത്രമാണ്.

സംഗീത സംവിധായകന്‍ മനസ്സില്‍ കാണുന്ന ഈണത്തിന് സ്വന്തം ആത്മാശം കൂടി പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിച്ചു സുജാതയും ചിത്രയും. ഇരുവരുടേയും പരിചരണങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നുമാത്രം. ശാസ്ത്രീയ സംഗീതത്തിന്റെ കൃത്യതയും തികവുമാണ് ചിത്രയെ നമ്മുടെ കാലത്തെ ഏറ്റവും റേഞ്ചുള്ള ഗായികമാരില്‍ ഒരാളാക്കി നിലനിര്‍ത്തിയത്. ലതാ മങ്കേഷ്‌കര്‍ പുലര്‍ത്തിയിരുന്ന ശ്രുതിബദ്ധമായ 'അച്ചടക്ക'മായിരുന്നു ആലാപനത്തില്‍ ചിത്രയുടെ മാതൃകയെങ്കില്‍ ആശാ ഭോസ്ലെയുടെ ആലാപനത്തിലെ 'അച്ചടക്കലംഘനം' അറിഞ്ഞോ അറിയാതേയോ പിന്തുടരുകയായിരുന്നു സുജാത. ഭാവപ്രധാനമാണ് സുജാതയുടെ മനോധര്‍മ്മ പ്രകടനംപോലും. പ്രണയഗാനങ്ങളുടെ രാജകുമാരിയായി സുജാതയെ കാലം അടയാളപ്പെടുത്തിയതും അതുകൊണ്ടാവാം. 

ഒരേ കാലഘട്ടത്തില്‍, ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ മത്സരം ഉണ്ടാകുന്നത് സ്വാഭാവികം. ഇരുവരും പ്രശസ്തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്നവരെങ്കില്‍ പ്രത്യേകിച്ചും. ''ചിത്രയുമായി മത്സരമില്ലേ എന്നു ചോദിച്ചാല്‍ പൂര്‍ണ്ണമായി നിഷേധിക്കാന്‍ പറ്റില്ല. പക്ഷേ, തികച്ചും ആരോഗ്യകരമായ മത്സരമാണത്. ഗായിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ ചിത്രയെ ഏറെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. ചിത്രയ്ക്ക് എന്നോടും അതേ സ്‌നേഹമുണ്ടെന്ന് എനിക്ക് നന്നായറിയാം'' -സുജാതയുടെ വാക്കുകള്‍.

പരോക്ഷമായിട്ടാണെങ്കിലും സ്വന്തം ആലാപനം മെച്ചപ്പെടുത്താന്‍ ചിത്ര വളരെയേറെ സഹായിച്ചിട്ടുണ്ടെന്നു പറയാന്‍ മടിയില്ല സുജാതയ്ക്ക്. ''നേരത്തെ തന്നെ ഞാന്‍ സിനിമയില്‍ എത്തിയിരുന്നെങ്കിലും അവസരങ്ങള്‍ കൂടുതലായി ലഭിച്ചുതുടങ്ങിയത് ഏറെ വൈകിയാണ്. ആ ഘട്ടത്തില്‍ ചിത്രയായിരുന്നു ഇവിടെ എല്ലാ അര്‍ത്ഥത്തിലും നമ്പര്‍ വണ്‍. ചിത്രയുടെ കൂടി സാന്നിധ്യമുള്ള മേഖലയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ആലാപനം വളരെയേറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞതും അക്കാലത്താണ്. ശബ്ദനിയന്ത്രണം, ഭാവം, ഉച്ചാരണം തുടങ്ങി എല്ലാ മേഖലകളിലും നിലവാരം മെച്ചപ്പെടുത്തിയേ പറ്റൂ. ഈ യത്‌നത്തില്‍ ഞാനറിയാതെ തന്നെ എനിക്കു പ്രചോദനമായത് ചിത്രയാണ്.''

പി സുശീല, എസ് ജനകി, കെഎസ് ചിത്ര
പി സുശീല, എസ് ജനകി, കെഎസ് ചിത്ര

ട്രാക്ക് പാടിയപ്പോള്‍ 

അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. 1980-കളില്‍ സുജാതയ്ക്കുവേണ്ടി ട്രാക്ക് പാടിയിട്ടുണ്ട് ചിത്ര. ആലപ്പി രംഗനാഥ് ഈണം പകര്‍ന്ന തരംഗിണിയുടെ ഒരു ആല്‍ബത്തിനു വേണ്ടി. സിനിമ - ആല്‍ബം ഗാനങ്ങളും യേശുദാസിന് ഒപ്പമുള്ള സ്റ്റേജ് പരിപാടികളുമായി സുജാതയ്ക്ക് തിരക്കേറിവരുന്ന കാലമായിരുന്നു അത്. ചിത്രയാകട്ടെ, തുടക്കക്കാരിയും. ഇരുവരും കാലാന്തരത്തില്‍ മലയാള സിനിമാസംഗീതത്തിന്റെ ഹൃദയവും ആത്മാവുമായി മാറി എന്നത് വിധിനിയോഗമാകാം. ചിത്രയ്ക്കുവേണ്ടി ബോംബെയിലെ ''കണ്ണാളനേ'' എന്ന ഗാനത്തില്‍ കോറസ് പാടിയ അനുഭവം സുജാത പങ്കുവെച്ചതോര്‍ക്കുന്നു. ''ചിത്രയാണ് പാടുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അന്നത് ചെയ്തത്. ഒരു എതിരാളി എന്ന നിലയില്‍ ഒരിക്കലും ചിത്രയെ കണ്ടിട്ടേയില്ല.''

എറണാകുളത്തെ ഒരു ഗാനമേളയിലാണ് ചിത്ര ആദ്യമായി യേശുദാസിനൊപ്പം വേദി പങ്കിട്ടത്. സുജാത പാടേണ്ട പരിപാടിയായിരുന്നു അത്. ''അസുഖം മൂലം എനിക്ക് മാറിനില്‍ക്കേണ്ടിവന്നു. അങ്ങനെയാണ് ചിത്ര ദാസേട്ടനുമൊത്ത് പാടാന്‍ എത്തുന്നത്. അസുഖമായിരുന്നെങ്കിലും ചിത്ര പാടുന്നതു കേള്‍ക്കാന്‍ ഞാന്‍ സദസ്സിന്റെ മുന്‍നിരയില്‍തന്നെ സ്ഥാനം പിടിച്ചു. അന്നത്തെ എന്റെ ഇരിപ്പ് കണ്ട് അല്പം വിറയലോടെയാണ് താന്‍ ഓരോ പാട്ടും പാടിത്തീര്‍ത്തതെന്ന് പിന്നീട് ചിത്ര പറഞ്ഞുകേട്ടിട്ടുണ്ട്. ഈ നിഷ്‌കളങ്കത, തുറന്ന മനസ്സ് തന്നെയാണ് ചിത്രയിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നത്. ഇന്നും നല്ലൊരു പാട്ട് കേട്ടാല്‍ ഫോണ്‍ വിളിച്ച് ചിത്രയെ അഭിനന്ദിക്കാന്‍ മറക്കാറില്ല സുജാത. തിരിച്ചും അങ്ങനെ തന്നെ.

വോക്കല്‍ ക്വാളിറ്റിക്കപ്പുറത്ത് ഓരോ ഗാനത്തിനും ചിത്ര നല്‍കുന്ന പൂര്‍ണ്ണതയാണ് തന്നെ ആകര്‍ഷിച്ചിട്ടുള്ളതെന്ന് പറയും സുജാത. ''കംപ്യൂട്ടറിന്റെ തികവുണ്ട് ചിത്രയുടെ ആലാപനത്തിന്. എല്ലാ നോട്ട്സും കൃത്യമായി വന്നുവീണിരിക്കും. പലപ്പോഴും വിസ്മയത്തോടെ ചിത്രയുടെ ആലാപനം ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.''

അസൂയയുടേയോ സ്പര്‍ദ്ധയുടേയോ പ്രശ്‌നം ഒരിക്കലും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു സുജാത. ''എനിക്ക് എന്റെ ശൈലി; ചിത്രയ്ക്ക് ചിത്രയുടേയും. ഈ ശൈലികള്‍ തമ്മില്‍ കൂട്ടിമുട്ടേണ്ട കാര്യവുമില്ലായിരുന്നു. ചിത്രയുടെ സ്വഭാവത്തില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് വിനയമാണ്. അഹങ്കാരമോ അഹംഭാവമോ ചിത്രയുടെ നിഘണ്ടുവില്‍ ഇല്ല.''

ഹൃദയം തുറന്ന് സുജാത സംസാരിച്ചുകൊണ്ടിരിക്കേ എങ്ങോ പോയി മറഞ്ഞ ഒരുകാലത്തിന്റെ ആര്‍ദ്രമായ ഓര്‍മ്മകളിലേക്കു തിരികെ നടക്കുന്നു മനസ്സ്. സംഗീതം സ്‌നേഹസുരഭിലമായിരുന്ന കാലം. ഓര്‍ത്തുനോക്കൂ, നമ്മളല്ലേ യഥാര്‍ത്ഥ ഭാഗ്യവാന്മാര്‍? അതുല്യരായ ഈ രണ്ടു ഗായകപ്രതിഭകളുടെ കാലത്ത് ജീവിച്ചിരിക്കാനും അവരുടെ പാട്ടുകള്‍ മതിവരുവോളം ആസ്വദിക്കാനും കഴിഞ്ഞു എന്നതൊരു ചെറിയ കാര്യമാണോ?

ഈ ലേഖനം‌‌ കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com