ആന്റണിയേക്കാളും ലീഡര്‍ക്ക് പേടി ഉമ്മന്‍ ചാണ്ടിയെയായിരുന്നു

ആദര്‍ശം, ജനകീയത, ആള്‍ക്കൂട്ടം എന്നീ വിശേഷണങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ അസാമാന്യ തന്ത്രങ്ങളുടെ നേതാവായിരുന്നു എക്കാലവും ഉമ്മന്‍ ചാണ്ടി
ആന്റണിയേക്കാളും ലീഡര്‍ക്ക് പേടി ഉമ്മന്‍ ചാണ്ടിയെയായിരുന്നു

മ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ കേരളത്തിലെ കോണ്‍ഗ്രസ്സിലെ യഥാര്‍ത്ഥ തലമുറമാറ്റം പൂര്‍ത്തിയായി. ഒപ്പം അവസാനിക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ഒരു യുഗവും. ആദര്‍ശം, ജനകീയത, ആള്‍ക്കൂട്ടം എന്നീ വിശേഷണങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ അസാമാന്യ തന്ത്രങ്ങളുടെ നേതാവായിരുന്നു എക്കാലവും ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ജനകീയ അടിത്തറയും സ്വീകാര്യതയുമുള്ള  ഒരു നേതാവ് എ ഗ്രൂപ്പിന് ഇനിയില്ല. പ്രായോഗിക തന്ത്രങ്ങളുടെ മെയ്വഴക്കം സ്വന്തമാക്കിയവരുമില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിപ്പാളയത്തില്‍ തന്നെ ഗ്രൂപ്പുകളുടെ പടയുണ്ടാകാനും സാധ്യത കുറവാണ്. ഉണ്ടായാല്‍ തന്നെ അതു നയിക്കാന്‍ ശേഷിയുള്ള നേതാവും ആ ചേരിയിലില്ല. ഇതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ എ ഗ്രൂപ്പിന്റെ സമഗ്രാധിപത്യം അവസാനിക്കുകയാണ്. 

1957 മുതല്‍ ഗ്രൂപ്പും ചേരിയും പരിചിതമായ കോണ്‍ഗ്രസ്സില്‍ സ്വന്തം ശക്തികേന്ദ്രം വളര്‍ത്തിയെടുത്ത നേതാക്കള്‍ പലരുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരുന്ന സി.കെ. ഗോവിന്ദന്‍ നായരും കെ.പി. മാധവന്‍ നായരും പി.ടി. ചാക്കോയും ആര്‍. ശങ്കറുമൊക്കെ അത്തരം രാഷ്ട്രീയ ചേരികളെ നയിച്ചവരുമായിരുന്നു. കലാപവും കലഹങ്ങളും പാര്‍ട്ടിയില്‍ അസാധാരണമായിരുന്നില്ല. അക്കാലത്ത് പല ചേരികളായി കോണ്‍ഗ്രസ് ശൈഥില്യം നേരിട്ടെങ്കിലും പില്‍ക്കാലത്ത് ഗ്രൂപ്പ് കലഹം കൊടുമ്പിരികൊണ്ടത് കെ. കരുണാകരന്റേയും എ.കെ. ആന്റണിയുടേയും ചേരികള്‍ തമ്മിലായിരുന്നു. ഇവരില്‍നിന്നൊക്കെ ഉമ്മന്‍ ചാണ്ടി വ്യതിരിക്തനാകുന്നത് ചില വിശേഷതകള്‍കൊണ്ടാണ്. എക്കാലവും കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ സര്‍വ്വസൈന്യാധിപനായിരുന്നു ഉമ്മന്‍ചാണ്ടി. ആദര്‍ശവാനാക്കപ്പെട്ട എ.കെ. ആന്റണിയുടെ ഗ്രൂപ്പിന് സംഘടനാസ്വഭാവവും ഘടനയും നല്‍കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍നിന്ന് ആന്റണി പിന്‍മാറിയിട്ട് പോലും ആ ഗ്രൂപ്പ് നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് എക്കാലവും കഴിഞ്ഞു.

എ ഗ്രൂപ്പിന്റെ പേരിന് ഉടമ ആന്റണിയായിരുന്നെങ്കിലും തന്ത്രങ്ങള്‍ മെനയാനോ അത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ നടപ്പാക്കാനോ ആന്റണിക്കു കഴിവില്ലായിരുന്നു. ആന്റണിയുടെ പേരില്‍ ആ ദൗത്യം ഏറ്റെടുത്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ ആന്റണിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയമായി വളര്‍ത്തിയെടുത്ത ചേരിയാണ് പില്‍ക്കാലത്ത് കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹങ്ങള്‍ നയിച്ചതും. ആന്റണി ഗ്രൂപ്പ് രാഷ്ട്രീയം മതിയാക്കിയപ്പോഴും എ ഗ്രൂപ്പിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി പോരാട്ടം തുടര്‍ന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ ശാപം ഗ്രൂപ്പുകളാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അതിലെ കാരണക്കാരനായി ഉമ്മന്‍ ചാണ്ടി മാറുകയും ചെയ്തു. ചേരിപ്പോരിന്റെ കളത്തില്‍ ഒതുക്കേണ്ടവരെ ഒതുക്കി വളര്‍ത്തേണ്ടവരെ വളര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി പയറ്റിത്തെളിഞ്ഞത്. അതിന് അദ്ദേഹത്തിന് അസാധാരണമായ മെയ്വഴക്കവുമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരാളില്ലാത്തതാകാം ഐ ഗ്രൂപ്പിനും കരുണാകരനും പില്‍ക്കാലത്ത് ദൗര്‍ബ്ബല്യമായത്. 

എകെ ആന്റണി, ഉമ്മൻ ചാണ്ടി
എകെ ആന്റണി, ഉമ്മൻ ചാണ്ടി

മാറ്റത്തിന്റെ കാറ്റ്  

1967-ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കോണ്‍ഗ്രസ് നേരിട്ടപ്പോള്‍ പ്രതിപക്ഷനിരയില്‍ നയിക്കാന്‍ ഒരു നേതാവ് പോലുമില്ലായിരുന്നു. അങ്ങനെ 49-ാം വയസ്സില്‍ കെ. കരുണാകരന്‍ പ്രതിപക്ഷനേതാവായി. അത് ഒരു തലമുറ മാറ്റമായിരുന്നു. സപ്തകക്ഷി മുന്നണിയുടെ രണ്ട് വര്‍ഷത്തെ ഭരണത്തിനു ശേഷം 1970-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആ വര്‍ഷമാണ് ഉമ്മന്‍ ചാണ്ടിയുടെ കന്നിമത്സരവും. 1969-ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നില്‍ക്കാനായിരുന്നു എ.കെ. ആന്റണിയടക്കമുള്ള നേതാക്കളുടെ തീരുമാനം. പത്തുവര്‍ഷത്തിനു ശേഷം, അടിയന്തരാവസ്ഥയ്ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസ് പിളര്‍ന്നു. അന്ന് ആന്റണി നിന്നത് കോണ്‍ഗ്രസ് യുവിനൊപ്പമാണ്. വയലാര്‍ രവിയും എം.എം. ഹസനും വി.എം. സുധീരനുമടക്കമുള്ള നേതാക്കള്‍ അന്ന് ആന്റണിക്കൊപ്പമുണ്ടായിരുന്നു. മറുചേരിയില്‍ ഇന്ദിരാ കോണ്‍ഗ്രസ്സിനെ നയിച്ച് കരുണാകരനും. രാജന്‍ കേസിലെ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് കരുണാകരന്‍ രാജിവച്ചപ്പോള്‍ ആന്റണി മുഖ്യമന്ത്രിയായി. ചിക്കമംഗളുരുവിലെ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ആദര്‍ശധീരനായ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതാണ് പിന്നീട് ഉമ്മന്‍ചാണ്ടി നട്ടുവളര്‍ത്തിയ ആന്റണിയുടെ പേരിലുള്ള എ ഗ്രൂപ്പിന്റെ രൂപീകരണ സാഹചര്യം. പാര്‍ട്ടി തന്നെ പിളര്‍ന്നപ്പോഴുണ്ടായ എയില്‍ നിന്ന് എ ഗ്രൂപ്പുണ്ടായി.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായി കരുണാകരന്‍ വാഴുന്ന കാലത്താണ് ഉമ്മന്‍ ചാണ്ടി ഒന്നാം നേതൃനിരയിലേക്ക് വരുന്നത്. കരുണാകരന്റെ അധികാരശക്തിയെ വെല്ലുവിളിച്ച് വളര്‍ന്നുവന്ന പുതുതലമുറ നേതാക്കളില്‍ ഏറ്റവും പ്രമുഖനായിരുന്നു ഉമ്മന്‍ ചാണ്ടി. 1970-ല്‍ പുതുപ്പള്ളിയില്‍ നടന്ന ത്രികോണപോരാട്ടത്തില്‍ സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ  ആയിരുന്ന ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ എത്തുന്നത്. യുവനേതാക്കളെ വളര്‍ത്തിയെടുത്ത ലീഡറുമായി അടിയന്തരാവസ്ഥക്കാലത്താണ് ഉമ്മന്‍ ചാണ്ടി അകന്നത്. പല കാരണങ്ങളായി പല ഘട്ടങ്ങളിലായി ആ ഭിന്നത തുടര്‍ന്നു. ഈ കാലഘട്ടങ്ങളില്‍ ആന്റണിയേക്കാളും ലീഡര്‍ക്ക് പേടി ഉമ്മന്‍ ചാണ്ടിയെയായിരുന്നുവെന്ന് നേതാക്കള്‍ പറയാറുണ്ടായിരുന്നു. അതായത് ഉമ്മന്‍ ചാണ്ടിയുടെ അത്രയും തന്നെ നേതൃപാടവവും പ്രാഗത്ഭ്യവുമുള്ള വയലാര്‍ രവി അടക്കമുള്ള നേതാക്കളുണ്ടായിട്ടും കരുണാകരന്‍ ഭയപ്പെട്ടിരുന്നത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു.

1991-ല്‍ ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി. 1992-ലെ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിക്കെതിരെ കരുണാകരന്‍ മത്സരിപ്പിച്ചത് വയലാര്‍ രവിയെയാണ്. ആന്റണി ഗ്രൂപ്പിലെ പ്രധാനിയായിരുന്ന വയലാര്‍ രവിയെ അടര്‍ത്തിയെടുത്ത് നടത്തിയ നീക്കം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നായിരുന്നു. എ ഗ്രൂപ്പിന്റെ സകല തന്ത്രങ്ങളും പിഴച്ചുപോയ സന്ദര്‍ഭം. പതിനെട്ട് വോട്ടിന് ആന്റണി തോറ്റു. പട നയിച്ച ഉമ്മന്‍ ചാണ്ടിക്ക് അത് ഉണങ്ങാത്ത മുറിവായിരുന്നു. ഇതിനിടയില്‍ തുടര്‍ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ച് നായനാര്‍ സര്‍ക്കാര്‍ രാജിവച്ചു. അപ്രതീക്ഷിതമായുണ്ടായ രാജീവ് ഗാന്ധിയുടെ വധം യു.ഡി.എഫിനെ അധികാരത്തിലുമെത്തിച്ചു. മുഖ്യമന്ത്രി കരുണാകരനാകുമെന്ന് ഉറപ്പായിരുന്നു. മന്ത്രിസ്ഥാനങ്ങളെ ചൊല്ലി കലഹം മൂര്‍ച്ഛിച്ചു. അന്ന് ജി. കാര്‍ത്തികേയന്‍, എം.ഐ. ഷാനവാസ്, രമേശ് ചെന്നിത്തല എന്നിവരെ കൂടെക്കൂട്ടാന്‍ എ ഗ്രൂപ്പിനായി. മൂന്നു പേരും കരുണാകരന്റെ വിശ്വസ്തരായിരുന്നു. നേതൃമാറ്റം തന്നെയായിരുന്നു എ ഗ്രൂപ്പിന്റെ ആവശ്യം. 1994-ല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ പൊട്ടിത്തെറി രൂക്ഷമായി. എ ഗ്രൂപ്പിന് സീറ്റ് നല്‍കാതിരിക്കാന്‍ ലീഗിന് ആ സീറ്റ് കരുണാകരന്‍ നല്‍കി. എ ഗ്രൂപ്പിന്റെ അന്നത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു ഡോ. എം.എ. കുട്ടപ്പന്‍. 

1994-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. അക്കാലത്താണ് കരുണാകരനെ ഏറെക്കാലം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം വരുത്തിയ വിവാദമായ പാമോയില്‍ ഇറക്കുമതി കരാര്‍ ഒപ്പുവെച്ചത്. അതിന്റെ പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞവരുണ്ട്. ഏതായാലും ഗ്രൂപ്പ് വഴക്കിനൊടുവില്‍ എം.എ. കുട്ടപ്പന് ലീഡര്‍ കെ. കരുണാകരന്‍ രാജ്യസഭ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കരുണാകരനോട്  യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് 1994 ജൂണ്‍ 16-ന് ധനകാര്യമന്ത്രി സ്ഥാനം രാജിവെച്ചു. നേതൃമാറ്റംകൊണ്ടേ പാര്‍ട്ടി രക്ഷപ്പെടൂവെന്നാണ് രാജിവെച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഉമ്മന്‍ ചാണ്ടി പറഞ്ഞത്. 20 എം.എല്‍.എമാരെ കൂടെക്കൂട്ടി എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിച്ചു. പിന്നാലെയാണ് കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ വരവ്. അന്ന് ലീഡര്‍ക്കെതിരേ പട നയിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു മുന്നില്‍. ഒടുവില്‍ 1995 മാര്‍ച്ച് 16-ന് കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചു. മാര്‍ച്ച് 22-ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റു. പാര്‍ട്ടിയില്‍ പിടിമുറുക്കി വളരുന്ന ഉമ്മന്‍ ചാണ്ടിയെയാണ് പിന്നീട് കണ്ടത്. ഈ അവസരങ്ങളിലെല്ലാം എ ഗ്രൂപ്പിനെ നയിച്ചത് ആന്റണിയുടെ നിഴല്‍പോലെ നടന്ന ഉമ്മന്‍ചാണ്ടിയായിരുന്നു.

2000-ത്തില്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറും. കെ. കരുണാകരന്റെ മറുചേരിയുടെ പിന്തുണയില്ലാത്ത 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആന്റണി രാജിവെച്ചു. പകരം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. വക്കം പുരുഷോത്തമനെ മറികടന്നാണ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. 2006-2011 കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി. നിവൃത്തിയില്ലാതെയാണ് കരുണാകരന്‍ പാര്‍ട്ടി വിട്ടത്. അതിനുള്ള സമ്മര്‍ദ്ദം ഒരുക്കിയതും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളായിരുന്നു. തിരിച്ചെത്താന്‍ പലവഴി ശ്രമം നടത്തിയപ്പോള്‍ പാര്‍ട്ടി വിട്ടവരെ തിരിച്ചെടുക്കേണ്ടതില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. പ്രായോഗികതയില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു പലതവണ കഴിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് 2011-ലെ ശെല്‍വരാജിന്റെ പാര്‍ട്ടിമാറ്റം. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രണ്ട് സീറ്റിന്റെ  ഭൂരിപക്ഷത്തിലാണ്  അധികാരത്തിലേറിയത്. ഇടതുപക്ഷത്തുനിന്ന് ശെല്‍വരാജിനെ മറുകണ്ടം ചാടിച്ചാണ് ഉമ്മന്‍ ചാണ്ടി അന്ന് വീണ്ടും മുഖ്യമന്ത്രിയായത്. 

വയലാർ രവി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്റണി
വയലാർ രവി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്റണി

തന്ത്രങ്ങളും അട്ടിമറികളും

ഇടതുപക്ഷത്തേക്ക് കെ.എം. മാണി മാറിയേക്കുമെന്നു വന്നപ്പോഴാണ് ബാര്‍ കോഴക്കേസ് വന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും കരുതുന്നു. കെ.എം. മാണി രാജിവെച്ചപ്പോള്‍ പി.ജെ. ജോസഫിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തി മാണിയുടെ നീക്കത്തിനു തടയിട്ടത് മറ്റൊരു തന്ത്രം. വീരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡി എല്‍.ഡി.എഫിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് കെ.പി. മോഹനനെ കൂട്ടത്തില്‍ നിര്‍ത്തി പിളര്‍പ്പ് ഭീഷണി ഉയര്‍ത്തിയത്. പാമോയില്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടപ്പോള്‍ വിശ്വസ്തനായ തിരുവഞ്ചൂരിനെയാണ്.  രാഷ്ട്രീയ-വ്യക്തി ജീവിതത്തിനും തീരാകളങ്കമായി മാറിയ സോളാര്‍ കേസില്‍ സി.പി.എം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം അവസാനിപ്പിക്കേണ്ടിവന്നതും അദ്ദേഹത്തിന്റെ തന്ത്രത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരുകാലത്തും ദേശീയ രാഷ്ട്രീയം തന്റെ രാഷ്ട്രീയ ഭൂമികയായി ഉമ്മന്‍ ചാണ്ടി കണക്കാക്കിയിട്ടില്ല. കേരളത്തിലെ അണികളുടെ സ്വാധീനമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. രമേശ് ചെന്നിത്തലയെപ്പോലെ ഹൈക്കമാന്റില്‍ സ്വാധീനം ഉമ്മന്‍ ചാണ്ടിക്ക് ഒരിക്കലുമുണ്ടായിട്ടുമില്ല. ദേശീയതലത്തില്‍ സംഘടനയിലെ ഉന്നത പദവികളൊന്നും ആഗ്രഹിച്ചിട്ടുമില്ല, തേടിവന്നിട്ടുമില്ല.
 
വിശ്വസ്തര്‍ക്കായി അദ്ദേഹം ഹൈക്കമാന്റിനോട് കലഹിച്ചു. അവഗണിക്കപ്പെട്ടപ്പോള്‍ പിണങ്ങി പുതുപ്പള്ളിയിലെത്തി. എല്ലാ കാലത്തും ആശ്രിതവത്സലനായി അദ്ദേഹം നിലകൊണ്ടു. ഇത്തവണ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍പോലും, തന്റെ ഗ്രൂപ്പിലുള്ളവരെപ്പോലും കൂടെ നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല. ഇതിനിടെ കൂടെ നിന്ന ചിലര്‍ ഗ്രൂപ്പ് രഹിതരായി, ചിലര്‍ മറുചേരിയിലെത്തി. നിരാശപ്പെടാതെ പരിഭവങ്ങളില്ലാതെ വിശ്രമരഹിതനായി ജനങ്ങളാല്‍ ചുറ്റപ്പെട്ട് ജനങ്ങള്‍ക്കായി ജീവിതം അദ്ദേഹം സമര്‍പ്പിച്ചു, അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com