എല്ലാക്കാലത്തും ജനങ്ങളുടെ കാഴ്ചപ്പുറത്തുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി

എന്തായിരിക്കാം കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഉമ്മന്‍ ചാണ്ടി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ്സിനേയും ഐക്യജനാധിപത്യ മുന്നണിയേയും നയിക്കട്ടെ എന്നു തീരുമാനിക്കാന്‍ പ്രേരകമായ ഘടകം?
എല്ലാക്കാലത്തും ജനങ്ങളുടെ കാഴ്ചപ്പുറത്തുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി

ഴിഞ്ഞ നിയമസഭയുടെ കാലത്ത് പ്രതിപക്ഷനേതാവായി തിളങ്ങുന്ന പ്രകടനം നടത്തിയ രമേശ് ചെന്നിത്തല ആ പദവിയിലിരുന്ന് നാലരവര്‍ഷം പിന്നിട്ടതിനുശേഷമാണ് ഹൈക്കമാന്‍ഡ് ഒരു സുപ്രധാന തീരുമാനമറിയിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ ഐക്യജനാധിപത്യമുന്നണി നേരിടുന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരിക്കുമെന്നതായിരുന്നു ആ തീരുമാനം. ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷനായ ഒരു തെരഞ്ഞെടുപ്പു മേല്‍നോട്ട, തന്ത്ര രൂപീകരണസമിതിയാണ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പു വേദിയില്‍ നയിക്കുക എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടക്കം പത്തു പേരാണ് സമിതിയിലുണ്ടാകുക എന്നും തീരുമാനമുണ്ടായി. ഈ പത്തു പേരില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നീ സമിതി അംഗങ്ങള്‍ക്കു മത്സരിക്കാന്‍ അനുവാദവും കിട്ടി. 

എന്തായിരിക്കാം കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഉമ്മന്‍ ചാണ്ടി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ്സിനേയും ഐക്യജനാധിപത്യ മുന്നണിയേയും നയിക്കട്ടെ എന്നു തീരുമാനിക്കാന്‍ പ്രേരകമായ ഘടകം? പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ വന്ന പോരായ്മകളാണോ അത്തരമൊരു തീരുമാനത്തിലേക്കു നയിച്ചത്? തീര്‍ച്ചയായും അല്ല എന്നേ രമേശ് ചെന്നിത്തലയുടെ എതിര്‍പക്ഷത്തുള്ളവര്‍പോലും പറയും. എന്നിട്ടും ഉമ്മന്‍ ചാണ്ടി എന്ന പേരില്‍ എത്തിച്ചേരാനും സമിതിയിലെ പത്തുപേരില്‍ മത്സരിക്കാനുള്ള അനുമതി നല്‍കുന്നതില്‍ ഒന്നാം പേരുകാരനായി ഉമ്മന്‍ ചാണ്ടി വരുന്നതിനും ഒരേ ഒരു കാരണമേയുള്ളൂ. അത് രാഷ്ട്രീയ ശത്രുക്കള്‍ക്കിടയില്‍പോലും സുസമ്മതനായിരിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവാണ്. ഐക്യവും ജനാധിപത്യവും പേരില്‍ മാത്രമുള്ള മുന്നണിയാണ് അദ്ദേഹം നേതൃത്വം നല്‍കിപ്പോന്ന മുന്നണി എന്നൊരു പേരുദോഷമുണ്ട്. ആ പേരുദോഷത്തെ മറികടക്കാനും വ്യത്യസ്ത നിലപാടുകളില്‍ നില്‍ക്കുന്നവരെ പോലും ഒന്നിപ്പിച്ചുനിര്‍ത്തുന്നതില്‍ കെ. കരുണാകരനെപ്പോലെ സാമര്‍ത്ഥ്യം പ്രകടിപ്പിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയും. 

എന്നാല്‍ അന്ന് തെരഞ്ഞെടുപ്പിനുശേഷം എന്ത് എന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമുണ്ടാകാതെ പോയതാണ് ഐക്യജനാധിപത്യ മുന്നണിയുടെ പരാജയത്തിലേക്കു നയിച്ച കാരണങ്ങളിലൊന്ന് എന്ന് ഒരു വിഭാഗം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേരിട്ട തദ്ദേശതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടേയും കോണ്‍ഗ്രസ്സിന്റേയും ഒളിമങ്ങിയ പ്രകടനമായിരുന്നില്ല തീര്‍ച്ചയായും ഹൈക്കമാന്‍ഡിനെ അങ്ങനെയൊരു തീരുമാനത്തിലേക്കു നയിച്ചത്. മറിച്ച് മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഡല്‍ഹിയിലേക്കു ഹൈക്കമാന്‍ഡിനു മുന്‍പാകെ വിളിച്ചുവരുത്തി ഹൈക്കമാന്‍ഡിനെക്കൊണ്ടു തന്റെ നേതൃത്വത്തിലായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് എന്നു പറയിപ്പിക്കാന്‍ ചാണ്ടിക്കു കഴിഞ്ഞതിനു പിറകിലെ ഘടകവും ചാണ്ടിയുടെ നേതൃപാടവത്തില്‍ മറ്റാരേക്കാളും വിശ്വാസം ഹൈക്കമാന്‍ഡിനുണ്ടായിരുന്നു എന്നതുകൊണ്ടാണ്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ അസന്ദിഗ്ദ്ധമായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വൈരം നിമിത്തം സാദ്ധ്യമായില്ല. 

ധനകാര്യ മന്ത്രിയായിരുന്ന കാലം‌
ധനകാര്യ മന്ത്രിയായിരുന്ന കാലം‌

തെരഞ്ഞെടുപ്പു സമിതിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിയോഗിക്കുമ്പോള്‍ ഒന്നാമന്‍ ചാണ്ടിയാണ് ചെന്നിത്തലയല്ല എന്നു കൃത്യമായ അര്‍ത്ഥം വരുന്നുണ്ട്. സാധാരണയായി പ്രതിപക്ഷ നേതാവ് തന്നെയാണ് സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ മുന്നണിയേയും പാര്‍ട്ടിയേയും നയിക്കുക. എന്നാല്‍, ഉമ്മന്‍ ചാണ്ടിയാണ് നയിക്കുന്നത് എന്നു വരുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി തന്നെ വരും എന്ന് ഉറപ്പ് അണികള്‍ക്കും അനുഭാവികള്‍ക്കും ഉണ്ടാകേണ്ടതാണ്. എന്നാല്‍, അക്കാര്യത്തില്‍ സംശയമുണ്ടായി എന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിച്ചത്. ചാണ്ടിയുടെ നേതൃത്വം താല്‍ക്കാലികമായി അംഗീകരിപ്പിക്കാന്‍ എ ഗ്രൂപ്പിനു കഴിഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ വിജയമായി കണക്കാക്കാന്‍ കഴിയുമായിരുന്നെങ്കിലും ജയിക്കുന്ന പക്ഷം ചാണ്ടിയായിരിക്കും മുഖ്യമന്ത്രിയായിരിക്കുക എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല എന്നതാണ് തെരഞ്ഞെടുപ്പു വിജയത്തെ ബാധിച്ചത് എന്നും വിലയിരുത്തലുണ്ടായി. 

ഉമ്മന്‍ ചാണ്ടി എന്നത് എക്കാലവും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും ഒരു വിജയമന്ത്രമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാന്ത്രികവടിയേന്തി പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കുന്നതിന് അദ്ദേഹത്തിനു കഴിയുമെന്ന വിശ്വാസം പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും ഉണ്ടായിരുന്നു താനും. എന്നിരുന്നാലും 2006-ലും 2016-ലും കോണ്‍ഗ്രസ്സിനേയും ഐക്യജനാധിപത്യ മുന്നണിയേയും നയിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്നതും മറന്നുകൂടാ. 

സര്‍വ്വസമ്മതനായിരിക്കുന്നതിന്റെ രഹസ്യം 

കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തില്‍ പ്രവാചകന്റേതെന്ന് വിശ്വസിക്കപ്പെടുന്ന തിരുകേശം സൂക്ഷിക്കാന്‍ കോഴിക്കോട്ട് വന്‍തുക ചെലവിട്ട് പള്ളി പണിയാന്‍ ശ്രമം തുടങ്ങിയപ്പോള്‍ തിരുകേശ വിവാദത്തിലിടപെട്ട് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നു നടത്തിയ body refuse എന്ന പ്രയോഗം വിവാദമുയര്‍ത്തിയിരുന്നു. ആ സന്ദര്‍ഭത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയോട് ഇതു സംബന്ധിച്ച് എന്താണ് അഭിപ്രായമെന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചത്, ''അയ്യോ... അത്തരം വലിയ കാര്യങ്ങളെക്കുറിച്ചൊന്നും എനിക്കു പറയാന്‍ അറിഞ്ഞുകൂടാ...'' എന്നായിരുന്നു. തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടിക്ക് ഇതേക്കുറിച്ചൊക്കെ കൃത്യമായ അഭിപ്രായമുണ്ട് എന്ന് ഉറപ്പാണ്. പക്ഷേ, ഏതു സന്ദര്‍ഭത്തില്‍ എവിടെ പറയണം എന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാം എന്നു മാത്രമാണ് നമുക്കു മനസ്സിലാക്കാനുള്ളത്. ഇന്ന് ഏകീകൃത സിവില്‍ കോഡ് വിഷയത്തിലെന്നപോലെ, 2015-ല്‍ ഗോമാംസം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തില്‍ വിവാദമുയര്‍ന്നപ്പോള്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എന്ന ആരോപണമുണ്ടായി. ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു ആദ്യം അക്കാര്യത്തില്‍ വെടിപൊട്ടിച്ചത്. ''ബീഫ് വിവാദത്തില്‍ ഞങ്ങള്‍ സി.പി.എമ്മിനെപ്പോലെയല്ല'' എന്നാണ് ഇതുവഴി കമ്യൂണിസ്റ്റ് വിരുദ്ധരായ കേരളത്തിലെ രാഷ്ട്രീയ ഹിന്ദുക്കളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത്. മതനിരപേക്ഷത ഉദ്‌ഘോഷിക്കുമ്പോഴും പ്രതിലോമകരമായ മതതാല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുന്നതില്‍ മറ്റേതു കോണ്‍ഗ്രസ് നേതാവിനേക്കാളും അദ്ദേഹം ഉത്സുകനായിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ യാഥാസ്ഥിതിക ഹിന്ദുക്കളെ സന്തോഷിപ്പിക്കുംവിധം നല്‍കിയ സത്യവാങ്മൂലം എല്‍.ഡി.എഫ് തിരുത്തിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്തായാലും ഏതു ദിശയിലേക്കാണ് കാറ്റു വീശുന്നതെന്ന് കൃത്യമായി വിവേചിച്ചറിഞ്ഞ് കോണ്‍ഗ്രസ് എന്ന കപ്പലിനെ നയിക്കാന്‍ പ്രാപ്തനായിരുന്നു ഉമ്മന്‍ ചാണ്ടി.

ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയിലൂടെ രാഷ്ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നുവന്നയാളാണ് ഉമ്മന്‍ ചാണ്ടി. തന്ത്രപരമായ നിലപാടുകളും രാഷ്ട്രീയമായ മെയ്‌വഴക്കവും ജനങ്ങള്‍ക്കിടയ്ക്ക് വെള്ളത്തിലെ മത്സ്യമെന്നപോലെ കഴിയാനുള്ള ശേഷിയുമാണ് അദ്ദേഹത്തെ പകരംവെയ്പില്ലാത്ത നേതാവാക്കിയത്. വിമോചനസമരത്തിന് ഊക്കു പകര്‍ന്നതെന്ന് ഇ.എം.എസ്. വിലയിരുത്തിയ ഒരണ സമരത്തിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അരങ്ങേറ്റം. വിമോചനസമരം എന്തു പങ്കാണ് നമ്മുടെ സാമൂഹ്യവളര്‍ച്ചയില്‍ വഹിച്ചതെന്നു പില്‍ക്കാലത്ത് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നുണ്ട്. കെ.എസ്.യുവിന്റെ ഹൈസ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.യു ജില്ലാ സെക്രട്ടറി പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറി (അക്കാലത്ത് ഇന്നത്തെപ്പോലെ ജംബോ കമ്മിറ്റികളില്ല. ഒട്ടനേകം സെക്രട്ടറിമാരുമില്ല). 1967-ല്‍ എ.കെ. ആന്റണിക്കു പകരക്കാരനായി കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായി.

1970-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തി സംസ്ഥാന നിയമസഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടു. രണ്ടുവട്ടം പുതുപ്പള്ളിയില്‍നിന്നും വിജയിച്ചത് സി.പി.എമ്മായിരുന്നു. എന്നാല്‍, ആദ്യ മത്സരത്തില്‍തന്നെ ഏഴായിരത്തില്‍ പരം വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി എതിര്‍ സ്ഥാനാര്‍ത്ഥിയെ മലര്‍ത്തിയടിച്ചു. ഈ മത്സരത്തില്‍ രണ്ടാം സ്ഥാനത്തായാല്‍പോലും തങ്ങള്‍ ജയിച്ചതായി കണക്കുകൂട്ടുമെന്നായിരുന്നു അന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രസംഗിച്ചത്. 111 സീറ്റുനേടി കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും വിജയിച്ച 1977-ലെ തെരഞ്ഞെടുപ്പിലും പുതുപ്പള്ളിയില്‍നിന്നും ഉമ്മന്‍ ചാണ്ടി വിജയിച്ചു. തൊഴില്‍ മന്ത്രിയുമായി. എന്നാല്‍, രാജന്‍കേസിനെ തുടര്‍ന്ന് കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എ.കെ. ആന്റണി പകരക്കാരനായി. എന്നാല്‍, അപ്പോഴും ഉമ്മന്‍ ചാണ്ടി മന്ത്രിസ്ഥാനത്തുതന്നെ തുടര്‍ന്നു. അ രമ േവമ െിശില ഹശ്‌ല െഎന്ന ചൊല്ലിനെ സാധൂകരിക്കുംപോലെ ഉമ്മന്‍ ചാണ്ടിയെ അസാമാന്യ മെയ്‌വഴക്കം അപ്പോഴും തുണച്ചു. 

പ്രക്ഷുബ്ധമായിരുന്നു ആ കാലം. അതിന്റെ അലയൊലികള്‍ സംസ്ഥാന രാഷ്ട്രീയത്തിലും പ്രകടമായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടുകൊല്ലം കഴിയുമ്പോഴേക്കും കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കും അതിന്റെ അപകടം ബോദ്ധ്യമായിത്തുടങ്ങി. ഇന്ദിരാഗാന്ധിയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ക്കും അവരുടെ അനുചരവൃന്ദങ്ങള്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കും മനസ്സിലായിത്തുടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയിലും അതിന്റെ നേതൃത്വത്തിലും ഇന്ദിരാഗാന്ധിയെ തള്ളിപ്പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ദിരയും നരസിംഹറാവുവുമൊക്കെ രാജിവെയ്ക്കുകയും പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിലേക്കു നീങ്ങുകയും ചെയ്തു. 1978 ജനുവരിയില്‍ ഇന്ദിരാഗാന്ധി സമാന്തര എ.ഐ.സി.സി വിളിച്ചുചേര്‍ക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) എന്നൊരു പാര്‍ട്ടി ഉദയം ചെയ്യുകയും ചെയ്തു. കേരളത്തില്‍ കരുണാകരന്‍ ഇന്ദിരാഗാന്ധിയുടെ പക്ഷത്ത് ഉറച്ചുനിന്നപ്പോള്‍ ആന്റണിയും വയലാര്‍ രവിയും ഇന്ദിരാവിരുദ്ധവിഭാഗത്തിനു നേതൃത്വം നല്‍കിയ ദേവരാജ് അര്‍സിനൊപ്പം നിലകൊണ്ടു. ഇന്ദിരയുടെ കഷ്ടകാലത്ത് അവരെ കൈവിടാന്‍ ഉമ്മന്‍ ചാണ്ടി തുനിഞ്ഞത് വിമര്‍ശന യോഗ്യമെങ്കിലും രാഷ്ട്രീയം സാദ്ധ്യതകളുടെ മാത്രമല്ല, പ്രായോഗികതയുടേയും കലയാണ് എന്ന് അന്നേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അല്പായുസ്സായ ആന്റണി മന്ത്രിസഭയില്‍ അദ്ദേഹം തൊഴില്‍മന്ത്രിയായി തുടര്‍ന്നു. എന്നാല്‍, വൈകുംമുന്‍പേ ആന്റണി പാളയത്തില്‍ പടയ്ക്കു കാരണമായി. അടിയന്തരാവസ്ഥയ്ക്കു കാരണക്കാരിയായ ഇന്ദിരയെ ചിക്കമംഗലൂരില്‍ പിന്തുണയ്ക്കാന്‍ അര്‍സ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ആന്റണി രാജിവെച്ചു. അന്ന് ആന്റണിക്കൊപ്പം ഇറങ്ങിപ്പോന്ന ഉമ്മന്‍ ചാണ്ടി, പി.കെ. വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ അംഗമായില്ല. എന്നാല്‍, തുടര്‍ന്നങ്ങോട്ട് എല്ലാക്കാലത്തും കരുണാകരന്‍ നയിച്ച കോണ്‍ഗ്രസ് വിഭാഗത്തിനെതിരെ ശക്തമായ പോരിനു അദ്ദേഹം നേതൃത്വം നല്‍കിപ്പോന്നു. ആ പോരാകട്ടെ, പില്‍ക്കാലത്ത് കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ കെ. കരുണാകരന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ കലാശിക്കുകയും ചെയ്തു. 

കെഎം മാണിക്കൊപ്പം
കെഎം മാണിക്കൊപ്പം

1980-ല്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശത്രുവായ ജനതാപാര്‍ട്ടിയുമായിവരെ സഖ്യമുണ്ടാക്കി. എല്ലാ ഇടതുപക്ഷവിരുദ്ധ വോട്ടുകളേയും ഏകോപിപ്പിക്കലായിരുന്നു അക്കാലത്ത് ആ പാര്‍ട്ടിയുടെ ലക്ഷ്യം. സമാന്തരമായി മറ്റൊന്നുകൂടി അരങ്ങേറുന്നുണ്ടായിരുന്നു. എല്ലാ ഇടതുപക്ഷ പാര്‍ട്ടികളുടേയും പുനരൈക്യമായിരുന്നു അത്. ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കപ്പെട്ടു. ദേവരാജ് അര്‍സ് വിഭാഗം ഇല്ലാതായപ്പോള്‍ അക്കാലത്ത് ആന്റണി കോണ്‍ഗ്രസ്സുകാരനായി ചാണ്ടി. പിന്നീട് ആന്റണി കോണ്‍ഗ്രസ്സും ഇടതുപക്ഷവും ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചതും ഇന്ദിര വീണ്ടും ശക്തിയാര്‍ജ്ജിച്ചു എന്നു മനസ്സിലാക്കി കോണ്‍ഗ്രസ്സിലേക്കു തന്നെ തിരിച്ചുപോയതും ചരിത്രം. ആദ്യത്തെ നായനാര്‍ മന്ത്രിസഭയില്‍ ചാണ്ടിയും വി.എം. സുധീരനും മന്ത്രിമാരാകണമെന്നതായിരുന്നു ആന്റണിയുടെ താല്പര്യം. എന്നാല്‍, ഇടതുപക്ഷ രാഷ്ട്രീയത്തോട് എന്നും ശക്തമായ എതിര്‍പ്പ് മനസ്സില്‍ സൂക്ഷിച്ച ചാണ്ടി കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചേരാന്‍ തയ്യാറായില്ല. നായനാര്‍ മന്ത്രിസഭയെ അട്ടിമറിക്കുന്നതിനും വലതുപക്ഷ വോട്ടുകളുടെ ഏകീകരണം തുടര്‍ന്നും സാദ്ധ്യമാക്കുംവിധം ഇന്ദിരാ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഒരു ബദല്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനു താല്പര്യപ്പെട്ടവരില്‍ ഒന്നാമനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ.സി. ജോണ്‍ 'കേരള രാഷ്ട്രീയം: ഒരു അസംബന്ധ നാടകം' എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്. 

ഇന്ദിരയുടെ അടിയന്തരാവസ്ഥാ ഭരണത്തിനെതിരെ കലഹിച്ചു പുറത്തുപോയ വിഭാഗത്തിനൊപ്പം നിന്നയാളാണ് ഉമ്മന്‍ ചാണ്ടി.  ആദര്‍ശാകുലതകളില്ലാത്തതെന്നു വിലയിരുത്താവുന്ന തരത്തിലുള്ള പ്രായോഗികതയോളമെത്തുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍. ആന്റണിയും സുധീരനും 'ആദര്‍ശത്തിന്റെ അസ്‌കിത'കളുള്ളവരായി വാഴ്ത്തപ്പെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെമേല്‍ അത്തരം അധികഭാരങ്ങളൊന്നും വന്നുചേര്‍ന്നില്ല. അടിയന്തരാവസ്ഥയില്‍ ചിന്തിയ ചോരയുടെ ചൂടാറുംമുന്‍പേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ ക്യാംപിലേക്ക് തിരിച്ചുചെന്നുവെന്ന ആക്ഷേപം മറുപടി അര്‍ഹിക്കുന്നതല്ലെന്ന് അദ്ദേഹം കരുതി. കുറച്ചുകാലം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയെ ശരിവെയ്ക്കുകയും നാട്ടില്‍ അച്ചടക്കവും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് അതു സഹായകമായെന്നും പ്രകീര്‍ത്തിക്കുകയും ചെയ്തു. വികസനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിനു മൂലധനത്തിന്റെ തടസ്സങ്ങളില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തുന്നതിന് അച്ചടക്കവും സമാധാനവും ആവശ്യമാണെന്നു നവലിബറല്‍ കാലത്തെ മറ്റേതു ഭരണാധികാരിയേയുംപോലെ അദ്ദേഹവും കരുതി. 

ജനകീയനായ നേതാവ് 

മണ്ഡലത്തില്‍ പോത്തിനു വെകിളിപിടിച്ച ഒരു കഥ ഉമ്മന്‍ ചാണ്ടിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ സരസമായി പ്രതിപാദിക്കുന്ന 'കുഞ്ഞൂഞ്ഞ് കഥ'കളിലുണ്ട്. പോത്തിനു വെകിളിപിടിച്ച വിവരം മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ മുഖ്യമന്ത്രിയെ ഒരാള്‍ ഫോണ്‍ വഴി അറിയിച്ചു. അറിയിച്ചയാള്‍ എവിടെയാണെന്ന് ആരാഞ്ഞ ചാണ്ടി പോത്തിന്റെ അടുത്തൊന്നും പോകരുതെന്നും അപകടമാണെന്നും മാറിനില്‍ക്കണമെന്നും ഉപദേശിച്ചു. തന്നെ കുറിച്ച് വേവലാതിപ്പെടേണ്ടെന്നും താന്‍ ഒരു മരത്തിന്റെ മുകളിലാണെന്നും ബാല്യകാലസഖിയിലെ മജീദിനെപ്പോലെ എല്ലാം അവിടെയിരുന്നു കാണുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. ശരിക്കും എല്ലാക്കാലത്തും ജനങ്ങളുടെ കാഴ്ചപ്പുറത്തുണ്ടായിരുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ആര്‍ക്കും എപ്പോഴും അദ്ദേഹത്തിന്റെയടുത്ത് എത്താമായിരുന്നു. ആ ജനകീയതയായിരുന്നു അദ്ദേഹത്തെ വേറിട്ട ഒരു നേതാവാക്കിയത്. 

എന്നാല്‍, ഈ ജനകീയതയ്ക്കപ്പുറം സമ്പദ്‌വ്യവസ്ഥയുടേയും സാമൂഹ്യാവസ്ഥയുടേയും നേരുകളെ കുറിച്ചൊന്നും വലിയ വേവലാതികളില്ലായിരുന്നു അദ്ദേഹത്തിന്. ആലംബഹീനരുടേയും അശരണരുടേയും സഹായത്തിനെത്തുന്ന ഒരൊപ്പ്, ഒരു ഫോണ്‍വിളി എന്നതിലപ്പുറം മനുഷ്യപക്ഷത്തുനിന്നും ആഴമേറിയ ഒരു ഇടപെടലിന് അദ്ദേഹം താല്പര്യപ്പെട്ടില്ല. മറിച്ച് സമ്പദ്‌വ്യവസ്ഥയിലും മറ്റും കടുത്ത വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം അതിവേഗം ബഹുദൂരം മുന്നേറിയ നാളുകളായിരുന്നു ചാണ്ടിയുടെ ഭരണകാലം. എന്നാല്‍, അപൂര്‍വ്വ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം തൊഴിലാളി പക്ഷത്തു നിന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com