'രാജ്യത്തെ ഭരണക്കാരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സ്ത്രീ അവകാശ സംഘടനകള്‍ക്കും വിശ്വാസമില്ല'

പീഡനങ്ങള്‍ നിറഞ്ഞ ഒരു വിവാഹബന്ധവും വിവാഹമോചനം നേടലും മക്കളുടെ സംരക്ഷണം ഉറപ്പാക്കലും ഉള്‍പ്പെടെ നിരവധി വെല്ലുവിളികളെ അവര്‍ നേരിട്ടിരുന്നു
'രാജ്യത്തെ ഭരണക്കാരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സ്ത്രീ അവകാശ സംഘടനകള്‍ക്കും വിശ്വാസമില്ല'

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ദ്ധയും സാമൂഹിക പ്രവര്‍ത്തകയുമാണ് ഫ്‌ലാവിയ ആഗ്നെസ്. 1988 മുതല്‍ മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകയായ ഫ്‌ലാവിയ, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സമര്‍പ്പിതമായ സാംസ്‌കാരിക, നിയമ കേന്ദ്രമായ മജ്ലിസിന്റെ അദ്ധ്യക്ഷയുമാണ്. സ്ത്രീവിമോചനം ഇന്ത്യയില്‍ പൊതു സംവാദ മണ്ഡലത്തിന്റെ ഭാഗമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് ഫ്‌ലാവിയ ആഗ്നെസ് വഹിച്ചിട്ടുള്ളത്.

അഭിഭാഷകയാകുന്നതിനു മുന്‍പ് അവരുടെ ജീവിതയാത്ര ക്ലേശപൂര്‍ണ്ണമായിരുന്നു. പീഡനങ്ങള്‍ നിറഞ്ഞ ഒരു വിവാഹബന്ധവും വിവാഹമോചനം നേടലും മക്കളുടെ സംരക്ഷണം ഉറപ്പാക്കലും ഉള്‍പ്പെടെ നിരവധി വെല്ലുവിളികളെ അവര്‍ നേരിട്ടിരുന്നു. 1984-ല്‍ പ്രസിദ്ധീകരിച്ച അവരുടെ ആത്മകഥയായ 'My Story, Our Story of Rebuilding Broken Lives'ല്‍ അവര്‍ ഇക്കഥ വിവരിക്കുന്നുണ്ട്. സ്വന്തം അനുഭവങ്ങളില്‍നിന്നും തന്നെപ്പോലെ സ്ത്രീയെന്ന ഒറ്റക്കാരണംകൊണ്ട് തന്നെപ്പോലെ ഭര്‍ത്തൃപീഡനമടക്കമുള്ള ദുരിതകാണ്ഡങ്ങള്‍ താണ്ടേണ്ടിവന്ന മറ്റു സ്ത്രീകളുടെ അനുഭവങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഫ്‌ലാവിയ ആഗ്നെസ് ബലാത്സംഗ വിരുദ്ധ ക്യാംപയിനുകളില്‍ സജീവമായി പങ്കെടുത്തു. 1979-ല്‍ ഫോറം എഗൈന്‍സ്റ്റ് ഒപ്രഷന്‍ ഓഫ് വുമണ്‍ (FAOW) പ്രവര്‍ത്തകയായി. വിവാഹ നിയമം, വിവാഹമോചനം, സ്വത്തവകാശം എന്നിവ സംബന്ധിച്ച നിയമങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ അവര്‍ ലിംഗ പക്ഷപാതിത്വം, ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീവിരുദ്ധത എന്നിവയ്‌ക്കെതിരെയും നിയമം, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ചും നിരവധി ലേഖനങ്ങളും പുസ്തകങ്ങളും എഴുതി. Law and Gender Inequality: The Politics of Women's Rights in India, Family Laws and Constitutional Claims എന്നിവ പ്രധാന പുസ്തകങ്ങളാണ്. മധുശ്രീ ദത്ത, നിരാ അധാര്‍കര്‍ എന്നിവരുമായി ചേര്‍ന്ന് എഡിറ്റ് ചെയ്ത The Nation, the State and Indian Identity എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 

വധശിക്ഷ, ബലാത്സംഗം എന്നിവ സംബന്ധിച്ച് സാധാരണ വനിതാ വിമോചന പ്രവര്‍ത്തകരില്‍നിന്നും വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നയാളാണ് ഫ്‌ലാവിയ ആഗ്നെസ്. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്ന സംഭവങ്ങളില്‍ കുറ്റവാളികളാകുന്നവര്‍ക്ക് ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ വര്‍ഗ്ഗപരമായ പക്ഷപാതിത്വം സമൂഹത്തിനുണ്ടെന്ന് അവര്‍ കരുതുന്നു. ശക്തിമില്‍സ്, നിര്‍ഭയ കേസുകളില്‍ ഫ്‌ലാവിയ ആഗ്നെസ് കൈക്കൊണ്ട കുറ്റവാളികളുടെ ശിക്ഷ സംബന്ധിച്ച നിലപാടുകള്‍ വിവാദമുയര്‍ത്തിയിരുന്നു. 1990-ല്‍ മധുശ്രീ ദത്തയുമായി ചേര്‍ന്ന് അവര്‍ മജ്‌ലിസ് എന്നൊരു സന്നദ്ധസംഘടന സ്ഥാപിച്ചു. ഈ സംഘടന 50,000 സ്ത്രീകള്‍ക്ക് നിയമസഹായവും 150,000 പേര്‍ക്ക് കണ്‍സള്‍ട്ടന്‍സിയും ലഭ്യമാക്കി. സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമകളും മജ്ലിസ് നിര്‍മ്മിച്ചുപോരുന്നുണ്ട്. എല്ലാത്തരം മതമൗലികവാദത്തേയും എതിര്‍ക്കുകയും മതേതരത്വത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന സംഘടനയാണത്.

യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനുള്ള ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്‌ലിങ്ങളെ മാത്രമല്ല, ആദിവാസികളുള്‍പ്പെടെയുള്ള മറ്റു ചില വിഭാഗങ്ങളുടേയും അവകാശങ്ങളെ ബാധിക്കുന്നതാണെന്നും ഫ്‌ലാവിയ ആഗ്നെസ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്കെതിരായ ലിംഗ വിവേചനവും സാമ്പത്തിക അസമത്വവും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന അവര്‍, ഏകീകൃത കോഡ് അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും വാദിക്കുന്നു. ലിംഗവിവേചനം പരിഹരിക്കാനുള്ള നടപടികള്‍ 21-ാം നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടും റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ വൈമുഖ്യത്തില്‍ അവര്‍ നിരാശയാണ്.

ഫ്‌ലാവിയ ആഗ്നെസ് സമകാലിക മലയാളം വാരികയുമായി നടത്തിയ ഒരു ഓണ്‍ലൈന്‍ സംഭാഷണത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഭരണഘടനാപരമായ ധാര്‍മ്മികത, യൂണിഫോം സിവില്‍ കോഡ് എന്നിവ ചര്‍ച്ച ചെയ്യുമ്പോള്‍ ലിംഗപദവി കണക്കിലെടുത്തുകൊണ്ടുള്ള സമീപനത്തിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശാനാണ് അവര്‍ ശ്രമിച്ചത്. 

ഫ്‌ലാവിയ ആഗ്‌നെസുമായി നടത്തിയ അഭിമുഖത്തില്‍നിന്നും: 

ഫ്‌ളാവിയ ആഗ്നെസ്
ഫ്‌ളാവിയ ആഗ്നെസ്

ഒരു നിയമവിദഗ്ദ്ധ, സ്ത്രീവിമോചനം ലക്ഷ്യമിടുന്ന സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, വിശേഷിച്ചും ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ഹിന്ദുരാഷ്ട്രം ലാക്കാക്കിയുള്ള ശ്രമങ്ങളുടെ വെളിച്ചത്തില്‍, ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്? 

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, പ്രത്യേകിച്ച് ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ഇപ്പോഴത്തെ ശ്രമം ദുരുപദിഷ്ടമാണ്. ന്യൂനപക്ഷങ്ങളോട്, വിശേഷിച്ചും മുസ്‌ലിങ്ങളോടുള്ള വിദ്വേഷം സൃഷ്ടിക്കാനുള്ള, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പേയുള്ള വിഭജന ശ്രമമായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടത്.

ലിംഗനീതിയും സമത്വവും ഉറപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതല്ലേ ഏകീകൃത സിവില്‍ കോഡ് എന്ന ആശയം? താങ്കളുടെ അഭിപ്രായത്തില്‍, ലിംഗനീതിയുടേയും നമ്മുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റേയും വിവിധ മതവിശ്വാസങ്ങളോട് സമഭാവനയോടെ പെരുമാറുക എന്ന ഭരണഘടനാ ധാര്‍മ്മികതയുടേയും പശ്ചാത്തലത്തില്‍ ഈ തത്ത്വങ്ങളോടൊക്കെ തന്നെ സന്തുലിതമായ ഒരു നിലപാട് കൈവരിക്കാന്‍ ഏകീകൃത സിവില്‍ കോഡുകൊണ്ടു കഴിയുമോ? 

ലിംഗനീതിയും സമത്വവും ഉറപ്പാക്കണം എന്ന കാര്യത്തില്‍ ഒരഭിപ്രായവ്യത്യാസവുമില്ല. അതിനു നിലവിലുള്ള വ്യക്തിനിയമങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുകയും 21-ാമത് ലോ കമ്മിഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം ലിംഗ വിവേചനം ഇല്ലാതാക്കുകയുമാണ് വേണ്ടത്. 2018 ഓഗസ്റ്റില്‍ കൊണ്ടുവന്ന കുടുംബ നിയമങ്ങള്‍ക്കുള്ളിലെ പരിഷ്‌കാരം എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് പരിഗണനയ്‌ക്കെടുക്കുകയും നടപ്പാക്കുകയും വേണമെന്നതാണ് പറയാനുള്ളത്.

വിപുലമായ സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ സങ്കീര്‍ണ്ണതകളെ തരണം ചെയ്തുകൊണ്ട്, മതേതരത്വത്തിന്റേയും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്റേയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു ഏകീകൃത സിവില്‍ കോഡ് ആവിഷ്‌കരിക്കാനും നടപ്പാക്കാനും കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഇങ്ങനെയൊ രു ശ്രമത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള വെല്ലുവിളികളും സാദ്ധ്യതകളും എന്തൊക്കെയാണ്? 

ഒന്നാമതായി, രാജ്യത്തെ ഭരണക്കാരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സ്ത്രീ അവകാശ സംഘടനകള്‍ക്കും വിശ്വാസമില്ല. ഇന്നത്തെ ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും ചരിത്രവും സി.എ.എയും എന്‍.ആര്‍.സിയും കൊണ്ടുവരുന്നതുപോലെയുള്ള വിവിധ നടപടികളും ഹിജാബ് വിവാദവും അവരുടെ ന്യൂനപക്ഷ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ പ്രകൃതം വെളിവാക്കുന്നതാണ്. ഇങ്ങനെയുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഭരണനേതൃത്വത്തിലുള്ള വിശ്വാസം എന്ന ഘടകത്തിന് അതീവ പ്രാധാന്യമുണ്ടെന്നാണ് എന്റെ അഭിപ്രായം. എന്തായാലും അത് അസാധ്യമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍, നിലവിലെ ഭരണനേതൃത്വത്തിന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശ്യശുദ്ധിയോ ഇല്ല. ഭരിക്കുന്നവരിലുള്ള വിശ്വാസം എന്ന ഘടകം കെട്ടിപ്പടുക്കുന്നതിനു ന്യൂനപക്ഷ സമുദായങ്ങളേയും അവരുടെ നേതൃത്വത്തേയും കൂടെ കൊണ്ടുപോകാന്‍ ഭരണാധികാരികള്‍ തയ്യാറാകേണ്ടതുണ്ട്. 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ഇപ്പോഴത്തെ ഭരണാധികാരികളുടെ താല്പര്യങ്ങള്‍ സാംസ്‌കാരികമായ വൈവിദ്ധ്യത്തെ ഇല്ലാതാക്കുന്നതിനും നിലവിലുള്ള ലിംഗപരമായ അസമത്വം വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുമെന്ന് വിവിധ സമുദായങ്ങളും ഫെമിനിസ്റ്റുകളുമൊക്കെ ആശങ്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഏകീകൃതമായ ഒരു നിയമ ചട്ടക്കൂടിനുവേണ്ടി പരിശ്രമിക്കുമ്പോള്‍ നമ്മള്‍ ഈ ആശങ്കകളെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത്? 

എനിക്കും ഇക്കാര്യത്തില്‍ സമാനമായ ആശങ്കകളുണ്ട്. എല്ലാത്തിനുമുപരി, ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ നമ്മള്‍ കൈകാര്യം ചെയ്യുന്നത് വ്യക്തിപരമായ വിശ്വാസങ്ങളും ആചാര നിയമങ്ങളുമൊക്കെയാണ്. പേനകൊണ്ട് ഒന്നു വെട്ടി ഇവ ഇല്ലാതാക്കാനാവില്ല. കോഡിഫൈ ചെയ്ത ഹിന്ദു നിയമംപോലും അതിനുള്ളിലെ ആചരിച്ചുപോരുന്ന നിയമങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഓരോ കമ്മ്യൂണിറ്റിയുടേയും വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ ലിംഗവിവേചനം ഇല്ലാതാക്കുകയും അവകാശങ്ങളുടെ കാര്യത്തില്‍ അവരെ പരസ്പരം അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ആദ്യപടി. ഘട്ടം ഘട്ടമായാണ് ഒരു പൊതുനിയമചട്ടക്കൂട് ഉണ്ടാക്കേണ്ടത്. 

എങ്ങനെയാണ് ഇക്കാര്യത്തില്‍ ഒരു നിയമം ആവിഷ്‌കരിക്കുമ്പോള്‍ ഒരു പൊതുനിയമചട്ടക്കൂടിനുള്ള ആവശ്യവും വിവിധ സമുദായങ്ങളുടെ അവകാശങ്ങളും ഭരണഘടനാപരമായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതത്വം പാലിക്കാന്‍ കഴിയുക? 

എല്ലാ സമുദായങ്ങളുടേയും വ്യക്തിനിയമങ്ങള്‍ പരിശോധിച്ച 21-ാം നിയമ കമ്മിഷന്‍ ഇത് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവകാശങ്ങളിലുള്ള ഐകരൂപ്യമാണ് (Uniformity) നിയമത്തിലെ ഐകരൂപ്യമല്ല ഒരു പൊതു നിയമചട്ടക്കൂടിനുണ്ടാകേണ്ടത്. അതിനു മുന്നോടിയായി നിയമവിദഗ്ദ്ധരുടേയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍നിന്നുള്ള, വിശേഷിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധികളുടേയും ഒരു കമ്മിറ്റി രൂപീകരിക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും വേണം. ബോധവല്‍ക്കരണം നടത്താനും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചട്ടക്കൂട് സൃഷ്ടിക്കാനും വിപുലമായ ചര്‍ച്ചകള്‍ അനിവാര്യമാണ്. ഇതിനു സമയമെടുക്കുമെങ്കിലും. വിപുലമായ ചര്‍ച്ചകളില്ലെങ്കില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന് ഒരു പൊതു സിവില്‍ നിയമചട്ടക്കൂടോ സിവില്‍ നിയമങ്ങളിലെ പരിഷ്‌കാരമോ അസാദ്ധ്യമാണ്.  

ഹിന്ദുത്വ രാഷ്ട്രീയം ശക്തമായ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താങ്കളുടെ അഭിപ്രായത്തില്‍, സ്ത്രീകളുടെ അവകാശങ്ങളുടേയും അന്തസ്സിന്റേയും സംരക്ഷണത്തിനായി ഒരു ജനത എന്ന നിലയില്‍ നമ്മള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്? 

സംഘര്‍ഷങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ ശരീരം ആയുധമാക്കുന്നതിന്റെ അങ്ങേയറ്റത്തെ ഉദാഹരണമാണിത്. മണിപ്പൂരില്‍ ഇപ്പോള്‍ നടന്നതുപോലെ രണ്ടു കുക്കി സ്ത്രീകളെ നഗ്‌നരായി നടത്തിച്ചതും മാനഭംഗപ്പെടുത്തിയതുമെല്ലാം. നമ്മുടെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ ഇടപെടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഗവണ്‍മെന്റുകളോട് ആവശ്യപ്പെടുകയും ഗവണ്‍മെന്റുകള്‍ അതിനു തയ്യാറായില്ലെങ്കില്‍ കോടതി ഇടപെടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്തായാലും ഒരു ജനാധിപത്യക്രമത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ നിയന്ത്രണരഹിതമായി തുടര്‍ന്നുകൂടാ. സംഘര്‍ഷ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ എല്ലായ്പോഴും സ്ത്രീകളുടെ അന്തസ്സും സമത്വാവകാശങ്ങളും ഉറപ്പാക്കാനും സംരക്ഷിക്കാനും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി സമൂഹവും ഭരണകൂടവും പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ ചിന്ത നമ്മുടെ ജനാധിപത്യത്തിന്റെ മൂലക്കല്ലായി മാറേണ്ടതുണ്ട്.

ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ പലപ്പോഴും മതപരമായ വിവേചനവും ലിംഗാധിഷ്ഠിത അക്രമവും ഉള്‍പ്പെടെ, അടിച്ചമര്‍ത്തലിന്റെ ഒന്നിലധികം രൂപങ്ങളെ (Multilayers of oppression) അഭിമുഖീകരിക്കുന്നു. ന്യൂനപക്ഷ പശ്ചാത്തലത്തില്‍നിന്നുള്ള സ്ത്രീകള്‍ നേരിടുന്ന സവിശേഷമായ പരാധീനതകള്‍ പരിഹരിക്കുന്നതിനും അവര്‍ക്കു മതിയായ സംരക്ഷണം നല്‍കുന്നതിനും ഒരു ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണോ? 

ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നുള്ള സ്ത്രീകള്‍ നേരിടുന്ന പ്രത്യേക പരാധീനതകള്‍ പരിഹരിക്കുന്നതിനും അവര്‍ക്കു മതിയായ സംരക്ഷണം നല്‍കുന്നതിനും ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. വാസ്തവത്തില്‍ അതു വിപരീത ദിശയില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാക്കുകയാണ് ചെയ്യുന്നത്. ഹിന്ദുത്വവാദികളുടെ ഒരു ഗവണ്‍മെന്റ് ഏകീകൃത സിവില്‍ കോഡിനുവേണ്ടി പരിശ്രമിക്കുന്നത് അവരെ താന്താങ്ങളുടെ മതത്തിലുള്ള പിന്തിരിപ്പന്‍, മൗലികവാദ മതനേതൃത്വങ്ങളുടെ പിടിയിലകപ്പെടുത്താനാണ് സഹായിക്കുക. എന്നാല്‍, നമ്മള്‍ അവര്‍ക്ക് ഇടം നല്‍കുകയാണെങ്കില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ സ്വന്തം സമുദായത്തിലോ നിയമവേദികളിലോ അവരുടെ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകും.

ന്യൂനപക്ഷത്തെ കീഴ്പെടുത്താനും വരുതിയില്‍ നിര്‍ത്താനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒരു ഉപായമായിട്ട് ഉപയോഗിക്കുന്നത് ഇന്ത്യയില്‍ മാത്രമല്ല. മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കുന്നതിന് (Othering) ഉതകുന്ന രീതിയിലാണ് ഏകീകൃത സിവില്‍ കോഡിനു വേണ്ടിയുള്ള ചര്‍ച്ചകള്‍പോലും 'ഡിസൈന്‍' ചെയ്യപ്പെടുന്നത്. സൂക്ഷ്മാര്‍ത്ഥത്തില്‍ എന്‍.ഡി.എ ഗവണ്‍മെന്റിന്റെ ഏകീകൃത സിവില്‍ കോഡ് നീക്കങ്ങളും മണിപ്പൂരിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഒരൊറ്റ പാക്കേജിന്റെ ഭാഗമായിട്ടു വരുന്നതാണെന്ന് വിമര്‍ശനമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആഗോളതലത്തില്‍ മറ്റു മനുഷ്യാവകാശ സംഘടനകളുമായും പൗരാവകാശ ഗ്രൂപ്പുകളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ച് സ്ത്രീ അവകാശങ്ങള്‍, മതജാതിഭേദമെന്യേ സംരക്ഷിക്കുന്നതിന് അധികാരികളെ നിര്‍ബ്ബന്ധിക്കാന്‍ കഴിയില്ലേ? 

ഈ ചോദ്യത്തിനുള്ള ഉത്തരം കരുതുന്ന അത്ര ലളിതമല്ല. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് എല്ലാ സ്ത്രീകളുടേയും മതപരവും സാംസ്‌കാരികവുമായ പശ്ചാത്തലം കണക്കിലെടുക്കാതെ തന്നെ എല്ലാ സ്ത്രീകളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏകീകൃത സിവില്‍ കോഡ് ആവശ്യമാണ് എന്നതാണ് ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ അവകാശവാദം. എന്നാല്‍, ഇതു സത്യത്തില്‍നിന്നും വളരെ ദൂരെയാണ്, കാരണം കോഡിഫൈഡായ ഹിന്ദുനിയമം ആചരിച്ചുപോരുന്ന നിയമങ്ങള്‍ക്കു (Customary laws) തഴച്ചുവളരുന്നതിനു ധാരാളം സാധ്യതകള്‍ നല്‍കുന്നുണ്ട്. ആഗോള മനുഷ്യാവകാശ സംഘടനകളുടെ കുടുംബനിയമങ്ങളോടുള്ള സമീപനം ഏറെ രേഖീയമാണ് (Linear) ആണെന്നു കാണാം. കൂടാതെ ഇന്ത്യയെപ്പോലെ വൈവിധ്യവും ബഹുസ്വരവുമായ രാജ്യത്തിന് അനുയോജ്യമല്ലാത്ത പാശ്ചാത്യ മാതൃകയാണ് അവര്‍ സ്വീകരിച്ചുപോരാറുള്ളത്.

വ്യക്തിനിയമങ്ങളും ഏകീകൃത സിവില്‍ കോഡും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു തര്‍ക്കവിഷയമാണ്. താങ്കളുടെ അനുഭവത്തില്‍, സന്തുലിതവും നീതിയുക്തവുമായ ഒരു ഏകീകൃത സിവില്‍ കോഡ് കൈവരിക്കുന്നതിന് ഇന്ത്യയ്ക്ക് സാധ്യമായ മാതൃകകളായി വര്‍ത്തിക്കുന്ന മറ്റു രാജ്യങ്ങളില്‍നിന്നോ പ്രദേശങ്ങളില്‍നിന്നോ വിജയിച്ച ചില ഉദാഹരണങ്ങള്‍ ഏതൊക്കെയാണ്? 

സന്തുലിതവും ഏകീകൃതവുമായ സിവില്‍ കോഡ് നേടിയെടുക്കുന്നതില്‍ ഇന്ത്യയ്ക്ക് സാധ്യമായ മാതൃകകളായി വര്‍ത്തിക്കാന്‍ കഴിയുന്ന മറ്റു രാജ്യങ്ങളില്‍നിന്നോ പ്രദേശങ്ങളില്‍നിന്നോ ഉള്ള വിജയകരമായ ഉദാഹരണങ്ങളെക്കുറിച്ച് എനിക്കു വേണ്ടത്ര അറിവില്ല. എന്നാല്‍, വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും വിപുലമായ സാധ്യതകള്‍ നല്‍കുന്ന, കുടുംബനിയമങ്ങള്‍ (Family laws) രൂപപ്പെടുത്തുമ്പോള്‍തന്നെ നിരവധി ഗോത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ആചാര നിയമങ്ങളെ (Customary laws) പരിഗണിച്ചുകൊണ്ടും ബഹുലതയ്ക്കും ബഹുസ്വരതയ്ക്കും ഇടം നല്‍കിക്കൊണ്ടുള്ളതുമായ ദക്ഷിണാഫ്രിക്കന്‍ മാതൃക പഠനവിധേയമാക്കേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. 

വിഷയ സങ്കീര്‍ണ്ണതയുടേയും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുടേയും പശ്ചാത്തലത്തില്‍, ക്രിയാത്മക സംവാദത്തേയും എല്ലാ ഘടകങ്ങളേയും ഉള്‍ക്കൊള്ളുക എന്ന തത്ത്വത്തേയും എല്ലാ പൗരന്മാരുടേയും-അവരുടെ മതപരമോ സാംസ്‌കാരികമോ ആയ പശ്ചാത്തലം പരിഗണിക്കാതെ- അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയേയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സിവില്‍ കോഡിനെക്കുറിച്ചുള്ള പൊതു സംവാദം എങ്ങനെയാണ് വളര്‍ത്തിയെടുക്കാനാകുക? 

ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണിത്. ഇന്ത്യയെപ്പോലെ സാംസ്‌കാരിക വൈവിദ്ധ്യവും ബഹുസ്വരതയും ഉള്ള ഒരു രാജ്യത്ത്, ഇപ്പോള്‍ ഭൂരിപക്ഷസമുദായത്തിന്റെ രാഷ്ട്രീയം സര്‍വ്വരംഗത്തും അധീശത്വം പുലര്‍ത്തുകയും ന്യൂനപക്ഷങ്ങളെ തള്ളിമാറ്റുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് ഏതാണ്ട് അസാധ്യമാണ് എന്നുതന്നെ പറേയണ്ടിയിരിക്കുന്നു, ഹിന്ദുരാഷ്ട്ര സംസ്ഥാപനം എന്ന വിഷയം ചക്രവാളത്തില്‍ ഉയര്‍ന്നുവരുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ പ്രതിബദ്ധത ഏറെക്കുറേ ഉണ്ടാകാനിടയില്ല എന്നുതന്നെയാണ്. എല്ലാ വ്യക്തിനിയമങ്ങളിലും അന്തര്‍ഭവിച്ചിട്ടുള്ള ലിംഗവിവേചനം തുടച്ചുനീക്കുന്നതിനുള്ള സൂചനകള്‍ നല്‍കിയ 21-ാമത് ലോ കമ്മിഷന്‍ റിപ്പോര്‍ട്ടിലേക്ക് മടങ്ങുക എന്നതാണ് ഇപ്പോള്‍ കരണീയമായിട്ടുള്ളത്. വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ചര്‍ച്ചകള്‍ ഉയരണം. 21-ാം ലോ കമ്മിഷനെ അടിസ്ഥാന രേഖയായി എടുത്തു പ്രവര്‍ത്തിക്കുകയും ക്രമേണ മുന്നോട്ട് പോകുകയും ചെയ്യണം. 

പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ലിംഗപദവി, മതം, രാഷ്ട്രീയം എന്നിവ ഇന്ത്യയിലെ സ്ത്രീകളുടെ അനുഭവങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിശാലമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സ്ത്രീവിമോചന പ്രസ്ഥാനങ്ങളും മതമൗലികവാദത്തിനെതിരെ പോരാടുന്നവരും തമ്മില്‍ എങ്ങനെയാണ് സഖ്യമുണ്ടാക്കേണ്ടത്? 

ഇത് ഇതിനകം തന്നെ പല സന്ദര്‍ഭങ്ങളിലും സാധ്യമായിട്ടുണ്ട്. എന്നാലും ഇപ്പോഴും ചില വിഷയങ്ങളില്‍ ഭിന്നത അവര്‍ക്കിടയിലുണ്ട്. ഇക്കാര്യത്തില്‍ ന്യൂനപക്ഷ മതനേതൃത്വത്തോടൊപ്പം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു ചിലര്‍ കരുതുന്നു. എന്നാല്‍, UCC വിഷയകാര്യത്തില്‍ മതനേതൃത്വത്തെ പൂര്‍ണ്ണമായി അടുപ്പിക്കേണ്ടെന്നും സര്‍ക്കാരുമായി നേരിട്ട് എന്‍ഗേജ് ചെയ്യുകയുമാണ് വേണ്ടതെന്നും വേറൊരു കൂട്ടര്‍ കരുതുന്നു. The second approach seems easier as then we will be on the same page as the government with its anti-minority leadership stand.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com