അറിവിനെ നിരോധിക്കാം, നശിപ്പിക്കാനാവില്ല

നമ്മള്‍ ആരായിരുന്നു? എങ്ങനെ ഇവിടെവരെയെത്തി? ഈ രണ്ടു സംശയങ്ങളും ചിന്താശീലരായ മനുഷ്യര്‍ എക്കാലവും ഉന്നയിച്ചുകൊണ്ടിരുന്നതാണ്
അറിവിനെ നിരോധിക്കാം, നശിപ്പിക്കാനാവില്ല

നുഷ്യസമുദായം വളര്‍ന്നു വികസിച്ച വഴികളെക്കുറിച്ച് യുക്തിയുക്തമായ വിശദീകരണം നല്‍കാന്‍ നവീന ജനിതകശാസ്ത്ര കണ്ടെത്തലുകള്‍ സഹായകരമാണ്. ഹോമോസാപ്പിയന്‍സിന്റെ വളര്‍ച്ചയും പടര്‍ച്ചയും സംബന്ധിച്ച് പുരാവസ്തുശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം എന്നിവയുടെ അന്വേഷണപഥങ്ങളില്‍ കൂടുതല്‍ തെളിച്ചമേകാന്‍ ജനിതകപഠനം പ്രയോജനപ്പെടുന്നു. 1859-ല്‍ വിശദീകരിക്കപ്പെട്ട പരിണാമസിദ്ധാന്തത്തെ പിന്‍പറ്റിയുള്ള ആധുനികമായ അറിവുകളാണ് ജനിതകശാസ്ത്രം. നമ്മള്‍ ആരായിരുന്നു? എങ്ങനെ ഇവിടെവരെയെത്തി? ഈ രണ്ടു സംശയങ്ങളും ചിന്താശീലരായ മനുഷ്യര്‍ എക്കാലവും ഉന്നയിച്ചുകൊണ്ടിരുന്നതാണ്. ഇതിന് ഏറെക്കുറെ തൃപ്തികരമായ മറുപടി ലഭിച്ചതിന്റെ സാക്ഷ്യമാണ് 'മനുഷ്യവംശത്തിന്റെ ജനിതകവഴി' (Who We Are? and How we Got Here) എന്ന പ്രശസ്ത പഠന ഗ്രന്ഥം.(1)

മനുഷ്യശരീരം കോശനിര്‍മ്മിതമാണ്. കോശങ്ങളില്‍ രണ്ടുതരം ജനിതക ശേഖരങ്ങളുണ്ട്. കോശമര്‍മ്മത്തിനകത്തുള്ള 23 ജോഡി ക്രോമസോമുകളും കോശമര്‍മ്മത്തിനു വെളിയില്‍ മൈറ്റോ കോണ്‍ഡ്രിയയിലുള്ള ഡി.എന്‍.എയുമാണ് അവ. കോശമര്‍മ്മത്തിനകത്തെ ക്രോമസോമുകള്‍ പാരമ്പര്യവഴിയില്‍ പകുതി അച്ഛനില്‍നിന്നും പകുതി അമ്മയില്‍നിന്നും ലഭിക്കുന്നതാണ്. എന്നാല്‍, ഓരോ മനുഷ്യര്‍ക്കും അവരുടെ DNA ലഭിക്കുന്നത് അമ്മയില്‍നിന്നു മാത്രമാണ്. അച്ഛനില്‍ അയാളുടെ അമ്മയില്‍നിന്നു ലഭിക്കുന്ന DNA ഉണ്ടെങ്കിലും അത് അയാളുടെ മക്കള്‍ക്കു കൈമാറുന്നില്ല. അതുപോലെത്തന്നെ y ക്രോമോസോമുകള്‍ ലഭിക്കുന്നത് അച്ഛനില്‍നിന്നുമാണ് (ആണ്‍കുട്ടികള്‍ക്ക്). ലളിതമായി പറഞ്ഞാല്‍ ഇതാണ് മനുഷ്യരുടെ ജനിതക ജാതകം. മനുഷ്യ സമുദായ വളര്‍ച്ച, കുടിയേറ്റങ്ങള്‍, സങ്കരങ്ങള്‍ എന്നീ സംഭവങ്ങളിലേയ്ക്ക് ഇവയുടെ കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായ തെളിവുകള്‍ നല്‍കുന്നുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ജനതയുടെ അമ്മ വഴിയുള്ള DNA -യുടെ പാരമ്പര്യം 40000-50000 വര്‍ഷമാണെങ്കില്‍ അച്ഛന്‍ വഴിയുള്ള y ക്രോമസോം പാരമ്പര്യം അയ്യായിരം വര്‍ഷങ്ങളുടേതു മാത്രമാണ്. ഇതില്‍നിന്നെത്താവുന്ന നിഗമനം. ഇന്ത്യയിലേക്കു കഴിഞ്ഞ 5000 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന കൂടിയേറ്റങ്ങള്‍ കൂടുതലും പുരുഷന്മാരുടേതാണെന്നാണ്. അവരും ഇന്നാട്ടിലെ സ്ത്രീകളുമായി ചേര്‍ന്നുള്ള സമിശ്രണത്തിന്റെ സന്തതികളാണ് ഇന്ത്യക്കാര്‍. അതില്‍തന്നെ ഉത്തരേന്ത്യന്‍ ജനതയാണ് കൂടുതല്‍ ഉള്‍പ്പെടുക. പുരുഷന്മാര്‍ ആരാണ്? എവിടെനിന്നു വന്നു? മിശ്രണം ചെയ്തുണ്ടായ ജനത ഏതാണ് തുടങ്ങിയ സംശയങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം ലഭ്യമാണ്.

മാക്സ് മുള്ളർ
മാക്സ് മുള്ളർ

ജനതകളുടെ മിശ്രണം

പുരാവസ്തു ശാസ്ത്രപ്രകാരം പതിനായിരത്തോളം വര്‍ഷം മുന്‍പ് ഇന്ത്യയിലുണ്ടായിരുന്നത് വേട്ടക്കാരായ ഗോത്രങ്ങളാണ്. 45000 വര്‍ഷം മുന്‍പെ ആഫ്രിക്കയില്‍നിന്നു നടന്നെത്തിയ നായാടി, വേട്ട സമൂഹത്തിന്റെ പിന്മുറക്കാര്‍. ഇവരുമായി 9000 വര്‍ഷം മുന്‍പ് കാര്‍ഷികവൃത്തിയുടെ സാങ്കേതികവിദ്യയുമായി പശ്ചിമേഷ്യയിലെ സാഗ്രോസ് പ്രദേശത്തുനിന്ന് ഇന്ത്യയിലെത്തിയ ജനത മിശ്രണം ചെയ്തു. സൈന്ധവ നാഗരികതയുടെ ഉപജ്ഞാതാക്കള്‍ ഇവരാണ്. മെഹര്‍ഗഢിലെ കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചുള്ള പുരാവസ്തു തെളിവുകള്‍ ഇതു സമര്‍ത്ഥിക്കുന്നു. ഈ സൈന്ധവ് (ഹാരപ്പന്‍) ജനതയുമായാണ് നേരത്തെ സൂചിപ്പിച്ച 5000-3000 വര്‍ഷങ്ങള്‍ക്കിടയില്‍ തുടരെത്തുടരെ നടന്ന കുടിയേറ്റക്കാരുമായി സമ്മിശ്രണം നടക്കുന്നത്. അതില്‍ പ്രധാനികളായ ജനത ഇന്നേയ്ക്ക് 4000 വര്‍ഷം മുന്‍പ് മധ്യേഷ്യന്‍ മേഖലയിലെ പുല്‍മേടുക(സ്റ്റെപ്പികള്‍-ടലേുുല)ളില്‍ നിന്നുമെത്തിയ കാലിമേച്ചില്‍ക്കാരുടെ സമൂഹമാണ്. ഇടയന്മാരും പുരുഷാധിപത്യ സ്വഭാവക്കാരുമായ യമ്നായകളാണ് ഈ ജനസമൂഹം (2) ശ്രേഷ്ഠന്മാര്‍ എന്ന അര്‍ത്ഥത്തില്‍ അവര്‍ ആര്യന്മാരെന്നു സ്വയം വിശേഷിപ്പിച്ചു.

ഇവരില്‍തന്നെ ഒരു വിഭാഗം ഇറാനിലേക്ക് സഞ്ചരിച്ച് അവിടെയുള്ളവരുമായി മിശ്രണം നടന്നു. ഇന്ത്യയ്ക്കു വെളിയില്‍നിന്നു വന്ന യമ്നായകളുടെ ജനിതക പ്രത്യേകതകളാണ് ഇന്ത്യയിലെ y ക്രോമസോമായി കണ്ടെത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് (1850ല്‍) മാക്‌സ്മുള്ളറെന്ന ജര്‍മ്മന്‍ പണ്ഡിതന്‍ മധ്യേഷ്യയില്‍നിന്നുള്ള ആര്യന്‍ ജനതയുടെ കടന്നുവരവിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. കോക്കസസ് മേഖലയില്‍നിന്ന് യൂറോപ്പിലേയ്ക്കും ഇന്ത്യയിലേയ്ക്കും കുടിയേറ്റം നടന്നതായി നിരീക്ഷിച്ചത് അന്നു ലഭ്യമായിരുന്ന അറിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. 1944-'48 കാലത്ത് ഇന്ത്യന്‍ ആര്‍ക്കിയോളജി വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലായിരുന്ന മോര്‍ട്ടിമര്‍ വീലര്‍ ആര്യന്മാരുടെ അധിനിവേശഫലമായി സിന്ധൂനദീതട നാഗരികത തകര്‍ക്കപ്പെട്ടുവെന്ന സിദ്ധാന്തം അവതരിപ്പിച്ചു. എന്നാല്‍, തെളിവുകളുടെ അഭാവത്താല്‍ അധിനിവേശമെന്ന കൊളോണിയല്‍ ആഖ്യാനം പുറന്തള്ളപ്പെടുകയും ആര്യന്മാരുടെ (ഇന്‍ഡോ-യൂറോപ്യന്മാര്‍) കുടിയേറ്റമാണ് നടന്നതെന്നു തെളിയിക്കപ്പെടുകയും ചെയ്തു. സിന്ധൂനദീതട തകര്‍ച്ചയ്ക്കു കാരണം നദികളുടെ ഉറവവറ്റലും വരള്‍ച്ചയുമായിരുന്നുവെന്ന വിശ്വാസ്യയോഗ്യമായ അറിവുകളും ഇന്നുണ്ട്. പുരാവസ്തു- ഭാഷാ-ചരിത്ര വിജ്ഞാനീയങ്ങള്‍ക്കു ജനിതക അറിവുകളുടെ പിന്തുണ ലഭിച്ചതോടെ ഇന്നത്തെ ഇന്ത്യന്‍ ജനത പുറമേനിന്നു വന്നവരുടെയും സമ്മിശ്രണങ്ങള്‍ക്കു വിധേയമായിട്ടുള്ളവരുടേയും പിന്‍ഗാമികളാണ് സ്ഥാപിതമായിട്ടുണ്ട്. ഇതു വിവരിക്കുന്ന 'ഔട്ട് ഓഫ് ആഫ്രിക്ക' സിദ്ധാന്തത്തിന് അന്താരാഷ്ട്ര തലത്തില്‍ സാര്‍വ്വത്രിക അംഗീകാരം ലഭിച്ചിട്ടുണ്ട് -ഇന്ത്യയിലെ സമീപകാല സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുടക്കീഴില്‍ അഭയം തേടിയ ശാസ്ത്രജ്ഞരൊഴിച്ച് ഇതിനെ അനുകൂലിക്കുന്നു. ആഫ്രിക്കയില്‍നിന്നുള്ള ഹോമോസാപ്പിയന്‍സിന്റെ സഞ്ചാരത്തെ സ്ഥിരീകരിക്കുന്നതാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടക്കുന്ന ജനിതകശാസ്ത്ര പഠനങ്ങളെന്നര്‍ത്ഥം.

എന്നാല്‍, ഈ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡേവിഡ് റെയിഷ്, ഈ നിഗമനങ്ങള്‍ അവതരിപ്പിക്കുന്നതിനിടെ, ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരില്‍നിന്നുണ്ടായ എതിര്‍പ്പും ശാസ്ത്രീയ വഴികളിലൂടെ അതിനെ മറികടന്നതെങ്ങനെയെന്നും 'ഭാരതത്തെ സൃഷ്ടിച്ച സംഘര്‍ഷണം' എന്ന ആറാം അദ്ധ്യായത്തില്‍ വിവരിക്കുന്നു. ഇന്ത്യയിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെക്കുലര്‍ ആന്റ് മോളിക്യൂലര്‍ ബയോളജി(CCMB)യിലെ ശാസ്ത്രജ്ഞരുമായി ഡേവിഡ് റെയിഷും സഹശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ സഹകരിച്ചിരുന്നു. മുന്നൂറിലധികം വിവിധ സമൂഹങ്ങളില്‍നിന്നായി പതിനെണ്ണായിരത്തോളം ജനിതക സാമ്പിളുകള്‍ ശേഖരിക്കപ്പെട്ടിരുന്ന സ്ഥാപനമാണ് ഇഇങആ.
ഇവയില്‍നിന്നും ഭൂപ്രകൃതി, സംസ്‌കാരം, ഭാഷ, സാമ്പത്തിക ശ്രേണി, ആദിവാസി സമൂഹം എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭാഗത്തില്‍പെട്ട മനുഷ്യരുടെ ജനിതക സാമ്പിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇന്ത്യയില്‍ എത്തിയിട്ടില്ലാതിരുന്ന സിംഗിള്‍ ന്യൂക്ലിയോ ടൈഡ് പോളിമോര്‍ഫിസം (SNP) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്, അമേരിക്കയില്‍ ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തില്‍ ഇവ പരിശോധിച്ചതു്. ഇതിനാവശ്യമായ സാമ്പിളുകള്‍ ഇഇങആയിലെ ശാസ്ത്രജ്ഞരായ ലാല്‍ജി സിങ്ങും തങ്കരാജും ചേര്‍ന്ന് ഹാര്‍വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. മേലെ പറഞ്ഞ സാങ്കേതികവിദ്യ ഇന്ത്യയിലില്ലെന്ന ഒരൊറ്റ കാരണം കൊണ്ടാണ് സാമ്പിളുകള്‍ ഇന്ത്യക്കു പുറമേയ്ക്കു കൊണ്ടുപോകാന്‍ അനുമതി കിട്ടിയത്.

ദിവസങ്ങള്‍ക്കുശേഷം ഇവയുടെ പരിശോധനാഫലം അവതരിപ്പിക്കുന്നതിന് റെയിഷും സഹശാസ്ത്രജ്ഞന്‍ നിക്പാറ്റ്ഴസനും ഹൈദരാബാദിലെത്തി. അവരെത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ ചുരുക്കം ഇന്നത്തെ ഭാരതീയര്‍ തീര്‍ത്തും വ്യത്യസ്തങ്ങളായ രണ്ടു മനുഷ്യഗണങ്ങളുടെ സമ്മിശ്രണമാണെന്നും അതിലൊന്ന് പടിഞ്ഞാറന്‍ യൂറേഷ്യക്കാരുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റമാണെന്നുമായിരുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അതിനോടു ശക്തമായി വിയോജിച്ചു. ഇത്തരമൊരു സൂചന രാഷ്ട്രീയമായി പ്രക്ഷുബ്ധാന്തരീക്ഷമുണ്ടാക്കുമെന്നവര്‍ ഭയന്നു. മനുഷ്യന്റെ കുടിയേറ്റം ഭാരതത്തില്‍നിന്നു പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും തിരിച്ചായിക്കൂടെ എന്നും അവര്‍ ചോദിച്ചു. കാരണം അവരുടെ കൈവശമുണ്ടായിരുന്ന മൈറ്റോകോണ്‍ഡ്രിയയില്‍ ഡി.എന്‍.എ പഠനഫലങ്ങള്‍ ഭാരതപൂര്‍വ്വികര്‍ എത്രയോ പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ഇന്ത്യയില്‍തന്നെ വസിച്ചിരുന്നവരാണെന്നതായിരുന്നു. എന്നാല്‍, രണ്ടു വ്യത്യസ്ത സമൂഹങ്ങളുടെ ഗാഢമായ സമ്മിശ്രണമുണ്ടായിട്ടുണ്ടെന്നുള്ളത് തങ്ങളുടെ ഗവേഷണഫലങ്ങളില്‍ സുവ്യക്തമായിരുന്ന ഡേവിഡ് റെയിഷിനു ഇവരെ അതു് ബോധ്യപ്പെടുത്തേണ്ടിയിരുന്നു. കൂടുതല്‍ ആശയവ്യക്തതയിലേക്ക് നീങ്ങാന്‍ ഈ വെല്ലുവളി അവരെ പ്രേരിപ്പിച്ചു. 

മോർട്ടിമർ വിലർ
മോർട്ടിമർ വിലർ

ഇതിന്റെ ഫലമായുണ്ടായ കണ്ടെത്തല്‍ അല്പം ദീര്‍ഘമെങ്കിലും പ്രസക്തമായതുകൊണ്ട് ഇവിടെ നല്‍കുന്നു. ''പ്രാചീനമായ ആ ഭാരതീയ വംശങ്ങള്‍ക്കു ഞങ്ങള്‍ പുതിയ ചില നാമങ്ങള്‍ കണ്ടെത്തി. പ്രാചീന ഉത്തര ഭാരതീയരും പ്രാചീന ദക്ഷിണ ഭാരതീയരും) എന്നായിരുന്നു ആ പേരുകള്‍'' ഈ രണ്ടു വിഭിന്ന വംശീയ വിഭാഗങ്ങളുടെ സമ്മിശ്രണമാണ് ഇന്നത്തെ ഇന്ത്യയിലെ ജനത. ആ മിശ്രണം സംഭവിക്കുന്നതിനു മുന്‍പ് ഈ രണ്ടു വിഭാഗങ്ങളും ഇന്നത്തെ യൂറോപ്യരേയും ചൈനീസ് വംശജരേയുംപോലെ അങ്ങേയറ്റം വൈജാത്യമുള്ളവരായിരുന്നു. എളുപ്പത്തിനായി ഈ വിഭാഗങ്ങളെ നമുക്ക് ANI എന്നും ASI എന്നും തുടര്‍ന്നു സംബോധന ചെയ്യാം. യൂറോപ്യന്‍ മധ്യേഷ്യക്കാര്‍, പശ്ചിമേഷ്യക്കാര്‍, കോക്കസസ്സിലെ ജനത എന്നിവരോടെല്ലാം ജനിതക ബന്ധമുള്ളവരാണ്. ANI ഭാരതത്തിനു വെളിയിലുള്ള മറ്റൊരു ജനതയുമായും ബന്ധമില്ലാത്ത മറ്റൊരു സമൂഹത്തില്‍നിന്നും ഉരുത്തിരിഞ്ഞവരാണ് അടക. ANIയും ASI-യും ഭാരതത്തില്‍വെച്ച് നാടകീയമായി മിശ്രണം ചെയ്യപ്പെട്ടു. ഇന്ന് ഇന്ത്യയിലുള്ളവരില്‍ ഒട്ടുമിക്ക ആളുകളും സങ്കരജനത തന്നെയാണ്. ആ സങ്കരണത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നേയുള്ളൂ. ആ മിശ്രണത്തിലൂടെ അവരുടെ പൈതൃകത്തിന് ഒരു വശത്ത് പടിഞ്ഞാറേ യൂറേഷ്യക്കാരുമായിട്ടും മറുഭാഗത്ത് കിഴക്കനേഷ്യക്കാരും ദക്ഷിണേഷ്യക്കാരുമായിട്ടാണ് ബന്ധങ്ങളുള്ളത്. ആത്യന്തികമായി പറയാനുള്ളത് ഇതാണ്: സങ്കരങ്ങളില്ലാത്ത ജനിതകശുദ്ധി ഭാരതത്തിലെ ഏതെങ്കിലുമൊരു സമൂഹത്തിനോ സമുദായത്തിനോ പ്രത്യേകമായി അവകാശപ്പെടാനാകില്ല.''(3)

ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തില്‍ അപഗ്രഥിച്ച ഭാരതീയ വിഭാഗങ്ങളുടെ എല്ലാ ജനിതക സാമ്പിളുകളും ANI ASI മിശ്രണമുള്ളതാണെന്നും ആ മിശ്രണങ്ങളുണ്ടായ കാലഘട്ടം കഴിഞ്ഞ 4000 വര്‍ഷങ്ങള്‍ക്കും 2000 വര്‍ഷങ്ങള്‍ക്കുമിടയിലാണെന്നും അവര്‍ കണ്ടെത്തി. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരിലെ മിശ്രണം അടുത്തകാലത്തും ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്നവരിലെ മിശ്രണം കൂടുതല്‍ പഴയകാലത്തും സംഭവിച്ചുവെന്ന അറിവ് അവരിലും കൗതുകമുണര്‍ത്തി. ഉത്തരേന്ത്യന്‍ ജനതയില്‍ അചക ജനിതക മിശ്രണം പലതവണ സംഭവിച്ചിരിക്കാം. കാരണം ഇടവേളകളിലായി കടന്നുവരുന്ന കുടിയേറ്റക്കാരുമായി ഇവര്‍ക്കു ബന്ധമുണ്ടാവുക സ്വാഭാവികം. എന്നാല്‍, ആ കുടിയേറ്റക്കാര്‍ തെക്കോട്ടു സഞ്ചരിക്കുക പൊതുവെ കുറവായതുകൊണ്ടാകും ആദ്യം കുടിയേറിയ ASI പൈതൃകവുമായുള്ള മിശ്രണം താരതമ്യേന കുറഞ്ഞിരിക്കുന്നത്. ഈ ശാസ്ത്രീയ നിരീക്ഷണങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന പുതിയ രണ്ടു പ്രബന്ധങ്ങള്‍ 2019-ല്‍ അന്താരാഷ്ട്ര പ്രശസ്തങ്ങളായ സയന്‍സ്, സെല്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ജനതയുടെ രൂപീകരണത്തെക്കുറിച്ച് അതിപ്രധാന വിവരങ്ങള്‍ ഇതിലൂടെ ലഭ്യമായി. വാഗീഷ് നരസിംഹന്‍, നിക് പാറ്റേഴ്‌സണ്‍, വസന്ത് ഷിന്‍ഡെ, ഡേവിഡ് റെയ്ഷ്, പ്രിയ മൂര്‍ജാനി തുടങ്ങി നൂറോളം ശാസ്ത്രജ്ഞന്മാരുടെ സംയുക്ത സംരംഭമാണ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനം- The Formation of Human Populations in South and Cetnral Asia(4) മധ്യേഷ്യയിലും തെക്കെ ഏഷ്യയുടെ വടക്ക് ഭാഗങ്ങളിലും കഴിഞ്ഞ 8000 വര്‍ഷങ്ങള്‍ക്കിടെ ജീവിച്ചിരുന്നതായി കണക്കാക്കിയ 523 വ്യക്തികളുടെ ഡി.എന്‍.എ പരിശോധിച്ചാണ് അവര്‍ നിഗമനത്തിലെത്തിയത്.

ഇന്നത്തെ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവയടങ്ങിയ തെക്കെ ഏഷ്യയിലെ ജനതയുടെ മിശ്രണത്തെക്കുറിച്ചുള്ള പഠനം നേരത്തേയുള്ള അറിവുകള്‍ ശരിവെയ്ക്കുന്നു. സിന്ധുനദീതട സംസ്‌കാര തകര്‍ച്ചയ്ക്കുശേഷം കിഴക്കോട്ടു നീങ്ങിയ ഹാരപ്പന്‍ ജനതയും സ്റ്റെപ്പി പൈതൃകമുള്ള വടക്കു-പടിഞ്ഞാറന്‍ ജനതയും മിശ്രണം ചെയ്ത് (ANI ഗ്രൂപ്പും) തെക്കു-കിഴക്കു ജനതയുമായി മിശ്രണം വഴി (ASI ഗ്രൂപ്പും) രൂപീകരിച്ചതു നേരത്തെ വിശദീകരിച്ചുവല്ലോ. ഈ തെക്കു-കിഴക്കു ജനതയുടെ യഥാര്‍ത്ഥ പിന്മുറക്കാര്‍ തെക്കേ ഇന്ത്യയിലെ ആദിവാസി ഗ്രൂപ്പുകളാണ്. IVCക്കുശേഷമുള്ള അചക ASI സംഘങ്ങളുടെ പിന്മുറക്കാരാണ് തെക്കെ ഏഷ്യന്‍ ജനത എന്നര്‍ത്ഥം.

ബി.സി 3000-ത്തിന്റെ തുടക്കത്തില്‍ യൂറേഷ്യന്‍ സ്റ്റെപ്പിയില്‍നിന്നു കൂട്ടംകൂട്ടമായി ജനങ്ങള്‍ യൂറോപ്പിലേക്കും നീങ്ങിയിരുന്നു. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളുടെ പടര്‍ച്ചയും ഇതുമൂലമുണ്ടായി. നേരത്തെ തന്നെ ലഭിച്ചിരുന്ന ഈ നിഗമനത്തിനോടു ചേര്‍ത്താണ് വാഗീഷ് നരസിംഹത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. വരണ്ട പുല്‍മേടുകളില്‍നിന്നു യൂറോപ്പിലേയ്ക്കുള്ള നീക്കത്തിനു സമാന്തരമായി വലിയൊരു വിഭാഗം ഘട്ടങ്ങളിലായി തെക്കെ ഏഷ്യയിലേയ്ക്കും സഞ്ചരിച്ചു. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷ തെക്കെ ഏഷ്യയിലേയ്ക്കു വ്യാപിക്കുന്നതിനു ഇതു കാരണമായി. വസന്ത്ഷിന്‍ഡേ, വാഗീഷ് നരസിംഹന്‍, ഡേവിഡ് റെയ്ഷ് തുടങ്ങിയ ജനിതക ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരുമായ 28 പേരാണ് സെല്‍ മാസികയില്‍ വന്ന An Ancient Harappan Genome Lacks Ancestry from Steppe Pastorilists or Iranian Farmers എന്ന പ്രബന്ധം തയ്യാറാക്കിയത്(5). പ്രബന്ധത്തിന്റെ തലവാചകം തന്നെ യൂറേഷ്യന്‍ പുല്‍മേടുകളിലെയോ (Steppe) ഇറാനിയന്‍ കര്‍ഷകരുടേയോ ജനിതക പാരമ്പര്യം പ്രാചീന ഹാരപ്പന്‍ ജനതയില്‍ കാണാനായില്ല എന്നു വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ വിശദീകരണമാണ് പ്രബന്ധം.

രാഖീഗഡില്‍നിന്നു ലഭിച്ച 4500 വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീയുടെ ശരീരാവശിഷ്ടങ്ങളുടെ ഡി.എന്‍.എ ആസ്പദമാക്കിയാണ് ഈ ഗവേഷണം നടന്നത്. സിന്ധൂനദീതട സംസ്‌കാര(IVC)ത്തിന്റെ പ്രധാന പുരാവസ്തു ഗവേഷണസ്ഥലമാണ് രാഖീഗഡ്. ബി.സി 2600-1900 കാലഘട്ടത്തില്‍ പക്വതയാര്‍ജ്ജിച്ച IVC പ്രാചീന നാഗരികതയുടെ ഉത്തമ പര്യായമായിരുന്നു. കൃത്യമായ നഗരാസൂത്രണം, അഴുക്കുചാലുകള്‍, കളപ്പുരകള്‍, അളവുതൂക്ക സമ്പ്രദായം ഇവയെല്ലാം ഈ പ്രദേശങ്ങളില്‍ കാണാനായി. തെക്കെ ഏഷ്യയിലെ ഹാരപ്പ (പഞ്ചാബ്), മോഹംജദാരോ (സിന്ധ്), രാഖീഗഡ് (ഹരിയാന), ദോളവിര (കച്ച്/ഗുജറാത്ത്) ഗാന്‍വെറിവാല തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചാണ് ഹാരപ്പന്‍ സംസ്‌കാരം വളര്‍ന്നുവന്നത്.

മേലെ വിശദീകരിച്ച രണ്ട് അന്താരാഷ്ട്ര പ്രബന്ധങ്ങളുടേയും സൂക്ഷ്മമായ വായന നേരത്തെയുള്ള രണ്ടു നിഗമനങ്ങളെ ശരിവെയ്ക്കുന്നു. ഒന്ന്. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷ (സംസ്‌കൃതം) സംസാരിക്കുന്ന ശ്രേഷ്ഠനെന്ന അര്‍ത്ഥത്തില്‍ ആര്യനെന്നു സ്വയം വിശേഷിപ്പിച്ച ജനത യൂറേഷ്യന്‍ സ്റ്റെപ്പിയില്‍നിന്ന് ഇന്ത്യയിലേക്കു കടന്നുവരികയും ഇവിടെയുള്ള ജനങ്ങളുമായി കൂടിക്കലര്‍ന്നു വളരുകയും ചെയ്തവരാണ്. ഇന്ത്യയിലെ വൈദിക സംസ്‌കാരം സൃഷ്ടിച്ചത് ഈ ജനതയാണ്.രണ്ട്. ലോകത്തെ പ്രാചീന സംസ്‌കാരങ്ങളില്‍ പ്രമുഖമായ ഹാരപ്പന്‍ ജനതയുടെ തുടര്‍ച്ചയല്ല വൈദിക സംസ്‌കാരം. അവര്‍ സംസാരിച്ചിരുന്നത് ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയുമല്ല. അതായത് സംസ്‌കൃതത്തിന്റെ ആദിമ സ്ഥലമല്ല സൈന്ധവ സംസ്‌കാരം.

'രാഖിഗഢിലെ പുരാവസ്തു-ജനിതക പഠനങ്ങളുടെ ഫലത്തെ മുന്‍പില്‍വെച്ച് ഇന്ത്യാ ടുഡേയുടെ കെയ് ഫ്രെയ്സ് രസകരമായ ഒരു ചോദ്യോത്തരം അവതരിപ്പിക്കുന്നുണ്ട്. The Complications of Genetics എന്ന ലേഖനത്തില്‍. (6)

ചോദ്യം: വേദ ഹൈന്ദവ സംസ്‌കാരത്തിന്റേയും സംസ്‌കൃത ഭാഷയുടേയും മൂലസ്രോതസ്സ് ഹാരപ്പന്‍ നാഗരികതയായിരുന്നോ?

ഉത്തരം: അല്ല.

ചോദ്യം: അവരുടെ ജീനുകള്‍ ഇന്നത്തെ ഇന്ത്യന്‍ ജനതയില്‍ വ്യക്തമായി നിലനില്‍ക്കുന്നുണ്ടോ?

ഉത്തരം: തീര്‍ച്ചയായും ഉണ്ട്.

ചോദ്യം: അവര്‍ പൊതുവിഭജനപ്രകാരം ആര്യന്‍ വിഭാഗത്തിലാണോ ദ്രാവിഡ വിഭാഗത്തിലാണോ ഉള്‍പ്പെടുക?

ഉത്തരം: ദ്രാവിഡ വിഭാഗം.

ചോദ്യം: ഹാരപ്പന്‍ ജനതയ്ക്ക് കൂടുതല്‍ സാമീപ്യം ദക്ഷിണേന്ത്യക്കാരോടോ ഉത്തരേന്ത്യക്കാരോടോ?

ഉത്തരം: ദക്ഷിണേന്ത്യക്കാരോട്.

2019-ലാണ് പ്രസിദ്ധീകരിച്ചതെങ്കിലും ഈ പ്രബന്ധം ശാസ്ത്രജ്ഞര്‍ക്കും താല്പര്യമുള്ളവര്‍ക്കും നേരത്തെ വിതരണം ചെയ്തിരുന്നു. 2015-ല്‍ തുടങ്ങിയ ഗവേഷണമാണ്. ഗവേഷണത്തിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ വൈകിയതിനെക്കുറിച്ച് ഒരിക്കല്‍ കെയ് ഫ്രെയ്സ് ശാസ്ത്രജ്ഞനായ വസന്ത ഷിന്‍ഡേയോടു നേരിട്ടു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി: 

ഗവേഷണഫലം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നായിരുന്നു. അതായതു് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ സൈദ്ധാന്തിക അടിത്തറയായ 'ഹിന്ദുത്വ'യുടെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ് കണ്ടെത്തല്‍. വൈദിക ഹൈന്ദവമാണ് ഇന്ത്യന്‍ നാഗരികതയുടെ അടിസ്ഥാനമെന്നതിനുള്ള ന്യായീകരണമാണ് അവര്‍ക്കു വേണ്ടത്. അതാകട്ടെ, ഹാരപ്പന്‍ (IVC) സംസ്‌കാരത്തില്‍നിന്നു തുടങ്ങുകയും വേണം. ഇതിനെതിരായിരുന്നു രാഖീഗഢ് ഗവേഷണഫലങ്ങള്‍.

ശാസ്ത്രമാസികകളില്‍ പ്രസിദ്ധംചെയ്തു വന്നതിനുശേഷമാണ് രാഖീഗഢ് ഗവേഷണഫലം വെളിപ്പെടുത്തുന്ന പത്രസമ്മേളനം പ്രൊഫ. വസന്ത് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്നത്. വലിയ വിവാദമായി ഈ പത്രസമ്മേളനം. ശാസ്ത്ര നിഗമനങ്ങള്‍ക്കു വിരുദ്ധമായിരുന്നു ചില പ്രമുഖ പത്രങ്ങള്‍ നല്‍കിയ വാര്‍ത്ത. ആരെയോ ഭയന്നിട്ടെന്നപോലെ ഗവേഷണഫലത്തെ വളച്ചൊടിച്ചായിരുന്നു ഷിന്‍ഡെയുടെ അവതരണമെന്നതായിരുന്നു പ്രധാന കാരണം. പ്രബന്ധ നിഗമനങ്ങള്‍ക്കു നിരക്കാത്തതും കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വപദ്ധതിയെ പിന്താങ്ങുന്നതുമായിരുന്നു ആ പത്രസമ്മേളനം. സെല്‍, സയന്‍സ് എന്നീ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ വന്നതും താന്‍ കൂടെ തയ്യാറാക്കിയതുമായ പ്രബന്ധ നിഗമനങ്ങളെയാണ് വസന്ത് ഷിന്‍ഡെ തള്ളിക്കളഞ്ഞത്. സമകാലിക രാഷ്ട്രീയാധികാരത്തെ ന്യായീകരിക്കുംവിധം ശാസ്ത്രജ്ഞന്മാരുടെ പക്ഷം പിടിക്കല്‍ സ്വതന്ത്ര മാധ്യമങ്ങളിലും ശാസ്ത്രജ്ഞന്മാര്‍ക്കിടയിലും പ്രതിഷേധമുണര്‍ത്തി. ഈ രണ്ടു പ്രബന്ധങ്ങളില്‍നിന്നും വസന്ത് ഷിന്‍ഡെയുടെ പേര് നീക്കണമെന്ന ആവശ്യമുയര്‍ന്നു. ഇന്ത്യയിലെ ആധുനിക ചരിത്രകാരന്മാര്‍ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ തള്ളിക്കളഞ്ഞ ആര്യന്‍ അധിനിവേശമെന്ന കൊളോണിയല്‍ വാദം വീണ്ടും ഇവര്‍ ചര്‍ച്ചയാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പെ നിരാകരിക്കപ്പെട്ട പദ്ധതിയാണിത്. എന്നാല്‍, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷ സംസാരിക്കുന്ന (ആര്യന്മാരുടെ) ഘട്ടമായുള്ള കുടിയേറ്റവും ഹാരപ്പന്‍ ജനതയുമായുള്ള കൂടിച്ചേരലുമെന്ന ആധുനിക ചരിത്ര ആഖ്യാനത്തെ നിരന്തരം തള്ളി പ്രചരണം നടത്തുകയാണ് ഇന്ന് സംഘപരിവാര്‍ മാധ്യമങ്ങള്‍.

വസന്ത് ഷിൻഡെ
വസന്ത് ഷിൻഡെ

ഇന്ത്യയില്‍നിന്ന് യൂറോപ്പടക്കമുള്ള പ്രദേശങ്ങളിലേക്കു കുടിയേറ്റം നടത്തിയെന്നും ഇന്ത്യയിലാണ് ആദിമ ജനത ഉണ്ടായതെന്നും വസന്ത് ഷിന്‍ഡെ അടക്കമുള്ള സംഘപരിവാര്‍ ശാസ്ത്രജ്ഞര്‍ പ്രചരിപ്പിക്കുന്നു. 2019-ലെ ഈ പ്രബന്ധങ്ങളുടെ അന്താരാഷ്ട്ര അംഗീകാരം കണ്ടില്ലെന്നു നടിച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം. മലയാളത്തില്‍ ജന്മഭൂമിയുടെ 2021 ജൂണ്‍ 23-നു വന്ന അഭിമുഖത്തിന്റെ തലവാചകം ''ഹാരപ്പ കാലഘട്ടം മുതല്‍ വൈദിക കാലഘട്ടത്തിലൂടെ ഇന്നോളം സംസ്‌കാരിക തുടര്‍ച്ച; ആര്യന്‍ അധിനിവേശസിദ്ധാന്തം പൊളിച്ച് ഡോ. രാജവേദം'' എന്നായിരുന്നു. ഹൈദരാബാദ് ഐ.ഐ.ടിയില്‍നിന്നു എന്‍ജിനീയറിംഗ് ബിരുദവും പിന്നീടു പിഎച്ച്.ഡിയും നേടിയ ഇദ്ദേഹം ഒരു വിദേശ സംഘപരിവാര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ജനിതക ശാസ്ത്രത്തിന്റെ കാവിവല്‍ക്കരണത്തിന്റെ അവസാന ഉദാഹരണമാണ് 2023 ഏപ്രില്‍ ഈ വിഷയത്തില്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച പരമ്പര. ഹിന്ദുവിന്റെ ചരിത്രം അനാദിയാണെന്ന ഗോള്‍വാല്‍ക്കറുടെയും ഭാരതം ഹിന്ദുവിന്റെ പിതൃഭൂമിയും പുണ്യഭൂമിയുമാണെന്ന സവര്‍ക്കറുടേയും സിദ്ധാന്തങ്ങളുടെ വിപുലീകരണത്തിനു ജനിതകശാസ്ത്രത്തേയും ചരിത്രവസ്തുതകളേയും തെറ്റായി ഉപയോഗിക്കുകയാണ്. ആര്യന്മാരാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍ (ഇന്ത്യക്കാര്‍) ബാക്കിയുള്ളവര്‍ മ്ലേച്ഛമാര്‍ (വിദേശികള്‍), ഉന്മൂലനം ചെയ്യേണ്ടവര്‍ എന്ന ചിന്താഗതിയെ മുച്ചൂടും തള്ളിക്കളഞ്ഞ ശാസ്ത്രസത്യങ്ങളെ ഭയപ്പെടുന്നതാരെന്നു വ്യക്തം! പരിണാമസിദ്ധാന്തം മുതല്‍ കഴിഞ്ഞ വര്‍ഷം ജീവശാസ്ത്രം നൊബേല്‍ കരസ്ഥമാക്കിയ സ്വാന്തേ പാബോയുടെ കണ്ടെത്തലുകള്‍ വരെ വെളിച്ചമായി ലോകത്തിന്റെ മുന്നിലുണ്ടെന്നതാണ് ആശ്വാസം. അറിവിനെ നിരോധിക്കാം, നശിപ്പിക്കാനാവില്ല. അതാണ് പരമസത്യം. 

അനുബന്ധം 

1. ഡേവിഡ് റെയ്ഷ് എഴുതിയത്. മലയാള പരിഭാഷ: മനുഷ്യവംശത്തിന്റെ ജനിതക വഴി. 
2. Early Indians-Toney Joseph (2018) P: 170-175
3. മനുഷ്യവംശത്തിന്റെ ജനിതക വഴി P: 195
4. Narasimhan et a 1. Science, 6 September 2019
5. Shinde et al, Cell, 17 October 2019
6. Which of Us Are Aryans - Romila Thappar et al, P: 119-120. ALEPH

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com