പക്ഷപാതിത്വം ഒരു ചരിത്രമല്ല, തുടരുന്ന വര്‍ത്തമാനം കൂടിയാണ്, ആളിപ്പടരുന്ന 'മണിപ്പൂരി'ല്‍ അത് ലോകം കാണുന്നു

ഏക സിവില്‍ കോഡ് കാലത്ത്, ബഷീറിനെ വായിക്കുമ്പോള്‍ അനേകം പൊരുകളിലേക്ക് ആ വാക്കുകള്‍ വഴി തുറക്കുന്നുണ്ട്
പക്ഷപാതിത്വം ഒരു ചരിത്രമല്ല, തുടരുന്ന വര്‍ത്തമാനം കൂടിയാണ്, ആളിപ്പടരുന്ന 'മണിപ്പൂരി'ല്‍ അത് ലോകം കാണുന്നു

ഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' മുസ്ലിം കാലത്തിനു മുന്നില്‍ നിര്‍ത്തുന്ന പ്രമേയം, ജീവജാലങ്ങളും മനുഷ്യരും തമ്മിലുള്ള സഹവാസങ്ങളില്‍നിന്നു രൂപപ്പെടുന്ന ചില നിഷ്‌കളങ്കതകളും അതോടൊപ്പം ജൈവികത നഷ്ടപ്പെടാതെ വളരുന്ന സ്വാഭാവിക നാഗരികതയുമാണ്. രക്തം കുടിക്കുന്ന അട്ടയെ വെറുതെ വിടുന്ന കുഞ്ഞു പാത്തുമ്മ, കുരുവികള്‍ തമ്മില്‍ ശണ്ഠകൂടുന്നതിലും വ്യസനപ്പെടുന്നു. അപ്പോള്‍തന്നെ സാമ്പത്തികമായി തകര്‍ന്ന തന്റെ പിതാവിനെ ഉമ്മ ഒറ്റപ്പെടുത്തുന്നതും കുഞ്ഞു പാത്തുമ്മ അറിയുന്നു. ഇതിനിടയിലും കുഞ്ഞു പാത്തുമ്മയും ഉമ്മയും അത്ഭുതപരവശയാവുന്നത്, മറ്റു സ്ത്രീകള്‍ 'കാഫിരിച്ചികള്‍' ഇടുന്ന വസ്ത്രത്തിലാണ്. വസ്ത്രം, പാര്‍പ്പിടം, ശൗചാലയം, വിദ്യാഭ്യാസം, തറവാടിത്തം തുടങ്ങി മുസ്ലിം വ്യക്തി/കുടുംബ ജീവിതത്തില്‍ സ്ത്രീകള്‍ക്കുള്ള ഇടം നേടിക്കൊടുത്ത കൃതിയാണ് 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്.' ഇന്നും ആ നോവല്‍ പുതിയ വെളിച്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നുണ്ട്.

ഏക സിവില്‍ കോഡ് കാലത്ത്, ബഷീറിനെ വായിക്കുമ്പോള്‍ അനേകം പൊരുകളിലേക്ക് ആ വാക്കുകള്‍ വഴി തുറക്കുന്നുണ്ട്. ബഷീറിന്റെ കൃതികള്‍ മുന്നോട്ടു വെയ്ക്കുന്ന പ്രധാനപ്പെട്ട ദര്‍ശനം, മതവിമര്‍ശനവും വ്യക്തിഗതമായി ഓരോ ആളിലും ഉറപ്പോടെ നില്‍ക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധനങ്ങളുമാണ്. ഇത് വളരെ സ്വാഭാവികമായ രീതിയില്‍ ബഷീര്‍ എഴുതുന്നു. മതാനുഭവം മുസ്ലിം കുടുംബത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ മൗലികമായ എഴുത്താണ് ബഷീറിന്റെ 'ന്റുപ്പുപ്പുക്കൊരാനേണ്ടാര്‍ന്ന്.' ചരിത്രപരമായ വ്യക്തതകള്‍ക്കുവേണ്ടി ഒരു ആനക്കഥയാണ് ബഷീര്‍ പറയുന്നത്. ഈ ആന അദൃശ്യമായ ഒരു ഭൂതകാല പറമ്പിലാണ്. ആ കൃതിയില്‍ ഒരു ആനയുമില്ല. എന്നിട്ടുപോലും, 'ഇല്ലാത്ത ആന'യെ കുഞ്ഞു താച്ചുമ്മ ഓര്‍ത്തുകൊണ്ടിരുന്നു. അവരുടെ വാക്കുകളേയും ചെയ്തിതികളേയും ആ 'ഇല്ലാത്ത ആന' കഥകള്‍കൊണ്ട് അങ്ങേയറ്റം കുലമഹിമകൊണ്ടുള്ള വ്യാജ കഥകള്‍കൊണ്ടും സമ്പന്നമാക്കി. വാസ്തവത്തില്‍, മതവും ആ നിലയില്‍, കുലമഹിമ പറയാന്‍ ഉപയോഗിക്കുന്ന ബഷീറിയന്‍ ആനയാണ്. മതപ്രബോധകരുടെ ദൈനംദിന പ്രഭാഷണങ്ങള്‍ വിശ്വാസ സമൂഹത്തോട് എന്താണ് പറയുന്നത്?

അവര്‍ പറയാന്‍ ശ്രമിക്കുന്നത് ഇത്രയുമാണ്: ഓരോ മതത്തിനും ഓരോ ആനയുണ്ട്. ആ ആന നമുക്കു മാത്രമായി ഒടേതമ്പുരാന്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. മിക്കവാറും ഈ ആന, കൊമ്പനാനയാണ്. സമുദായത്തിലും കുടുംബാധികാരങ്ങള്‍ക്കും മീതെ കൃത്യമായ രീതിയില്‍ മേല്‍ക്കൈ നേടുന്ന ആണ്‍ സ്വഭാവമുള്ള ആന. 'ന്റുപ്പുപ്പുക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവലിലൂടെ മതാനുഭവത്തിന്റെ അധികാര വിന്യാസങ്ങള്‍ കുടുംബത്തിനകത്ത് കടന്നുവരുന്നത് വളരെ ലളിതമായി ബഷീര്‍ പറഞ്ഞുപോകുന്നു. ഈ 'തറവാടിത്ത' ആനയെ കാലങ്ങളായി കൊണ്ടുനടക്കുന്ന പാപ്പാന്മാരാണ് പൗരോഹിത്യം. മതത്തെ അതിന്റെ തുടക്കത്തിലുണ്ടായിരുന്ന വിമോചന സാധ്യതകളെപ്പോലും ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ സ്ത്രീവിരുദ്ധമായ വായനകളായി പൗരോഹിത്യം അവതരിപ്പിച്ചു. മുസ്ലിം സ്ത്രീയുടെ വസ്ത്രം അതിലൊരു പ്രധാനപ്പെട്ട ഊന്നലാണ്. ബഷീറിന്റെ ഈ നോവലില്‍, കുഞ്ഞു താച്ചുമ്മയും കുഞ്ഞു പാത്തുമ്മയും, നിസാര്‍ അഹമ്മദിലും പെങ്ങളിലും കാണുന്ന കുറ്റം, അവര്‍ 'കാഫ്രീച്ചിങ്ങ'ളുടെ വസ്ത്ര'ധാരണ'കള്‍ പിന്തുടരുന്നു എന്നതാണ്.

ചില ഭാഗങ്ങള്‍: 

ഒന്ന്:

ഒരു ദിവസം ഉച്ചയ്ക്ക് അയല്‍പക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പല്‍പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞു പാത്തുമ്മ കണ്ടു.

ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്‍ക്കുകയാണ്.

''ഓ, കുപ്പായത്തിന്റടീ പറ്റു കുപ്പായം... മുണ്ടിന്റടീ... ഹോ!'' എന്ന് കുഞ്ഞു പത്തുമ്മ മനസ്സില്‍ വിചാരിച്ചു. ഉടന്‍ അവള്‍ക്കൊരു പുകച്ചിലുണ്ടായി.

''പടച്ചോനെ, ആ കൊച്ചു കാഫ്രിച്ചി കുളിച്ചാമ്പോക് കേണ്! കന്നട്ട കടിച്ചു കൊല്ലും!''

രണ്ട്:

''നിഞ്ഞ് എന്ത് ജാതിയാ?''

പവ്വറുകാരി സാരിക്കാരി പറഞ്ഞു:

''മുസ്സിം!''

യാ റബ്ബുല്‍ ആലമീന്‍! കുഞ്ഞു പാത്തുമ്മ ചോദിച്ചു:

''ഞങ്ങട മാതിരിയാ?''

''അല്ല; ഞങ്ങള്‍ ശരിയായ ഇസ്ലാമീങ്ങളാണ്!''

ശരിയായ ഇസ്ലാമീങ്ങള്‍...! കാത് രണ്ടും കുത്തി അലിക്കത്തിട്ടിട്ടില്ല! തട്ടു കാതില്‍ പൊന്നിന്റെ രണ്ടു പൂവുണ്ട്! ഉടുത്തിരിക്കുന്നത് സാരിയാണ്! ഇട്ടിരിക്കുന്നത് ബ്ലൗസ് എന്ന കുപ്പായമാണ്! അതിന്റെ അടിയില്‍ ഒരു നുണുങ്ങ് പറ്റു കുപ്പായവുമുണ്ട്!

ബഷീര്‍ ഈ നോവലില്‍ മുസ്ലിം സ്ത്രീകളുടെ വേഷം പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. 'മാറുമറയ്ക്കല്‍' സമരം പോലെ, 'സ്വന്തം ശരീരത്തിന്റെ അന്തസ്സും സ്വകാര്യതയും' കാത്തു സംരക്ഷിക്കാന്‍ വേണ്ടി ഒരു സമരധാരയിലേക്ക് മുസ്ലിം സ്ത്രീകള്‍ക്ക് ഇറങ്ങേണ്ടിവന്നിട്ടില്ല. കീഴാളര്‍ അനുഭവിച്ച പ്രക്ഷുബ്ധമായ അത്തരം സമരാനുഭവങ്ങള്‍ ഇല്ലാതിരുന്നിട്ടുകൂടി, 'ശരീരം/വസ്ത്രം/വിശ്വാസം' ഈ ആചാരപ്പുലിവാലുകളില്‍നിന്നു മുസ്ലിം സ്ത്രീ സമൂഹം ഒരിക്കലും മുക്തമാവുകയുമുണ്ടായില്ല. 'വസ്ത്ര സമേതം' അവര്‍ എല്ലാ കാലത്തും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി. 

'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവലില്‍ സ്ത്രീയുടെ ശരീരമല്ല, നഗ്‌നതയല്ല, വസ്ത്രമാണ് മുഖ്യ പ്രമേയത്തിലെ ആകര്‍ഷണീയമായ ഒരു ഘടകം. നാഗരികതയുമായി ബന്ധപ്പെട്ട ഒരു ആശയമാണ് അതിലൂടെ ബഷീര്‍ സ്ത്രീകളുടെ നാവിലൂടെ സമുദായത്തെ കേള്‍പ്പിക്കുന്നത്. സ്ത്രീയുടെ വസ്ത്രം എന്നത് ഇസ്ലാം 'മുസ്ലിം പൗരത്വ'ത്തിന്റെ തന്നെ ഭാരമേറിയ ഒരു മതാത്മക ഉത്തരവാദിത്വമായിട്ടാണ് കാണുന്നത്. ഒരുതരം അടഞ്ഞ വസ്ത്രത്തിനകത്ത് ചുരുങ്ങാനും അതില്‍നിന്നു പുറത്തേക്ക് വളരാനും വിസമ്മതിക്കുന്ന ഒരു 'മതാത്മക ആശ്രിതത്വം' സ്ത്രീകള്‍ ഇസ്ലാമിനകത്ത് അനുഭവിക്കുന്നുണ്ട്. യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ വളര്‍ന്ന കുഞ്ഞു താച്ചുമ്മയും മകള്‍ കുഞ്ഞു പാത്തുമ്മയും നാഗരികതയോട് മുഖാമുഖം നില്‍ക്കുന്ന ആയിഷയുടെ വസ്ത്രധാരണത്തില്‍ അസ്വസ്ഥമാവുന്നത് ഈ മതത്തിന്റെ ലിംഗപരമായ കാര്‍ക്കശ്യങ്ങളുടെ ഇടയില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നതു കൊണ്ടാണ്. ചോദ്യത്തിനതീതമായ സര്‍വ്വവ്യാപിയായ ഇസ്ലാമികത്വമാണത്. അതിനെതിരെ ലിംഗ തുല്യത, സമത്വം എന്നൊക്കെ പറയുമ്പോള്‍ ആണ്‍ പൗരോഹിത്യം ഹാലിളകി വരും. ഹാലിളകിയ ഈ ആണത്തത്തെ ഒട്ടകങ്ങളെ വരിവരിയായി നിര്‍ത്തുന്നതുപോലെ, നിര്‍ത്തുകയാണ് സി.പി.എം ചെയ്യുന്നത്. മുസ്ലിം ലീഗ് അങ്ങനെ ചെയ്യുന്നതില്‍ അത്ഭുതമില്ല. ആണുങ്ങള്‍ക്കുവേണ്ടി ആണുങ്ങളാല്‍ നിയന്ത്രണവിധേയമാക്കുന്ന, ആണുങ്ങള്‍ മാത്രം കയറുന്ന ഒരു ബോട്ടാണ് മുസ്ലിം ലീഗ്. അത് ലിംഗസമത്വം എന്ന കാറ്റിലും കോളിലും പെട്ട് മുങ്ങിപ്പോവാതിരിക്കേണ്ടത് ആ പാര്‍ട്ടിയുടെ ബാധ്യതയാണ്.

ഇപ്പോള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിങ്ങള്‍ മാത്രം അസ്വസ്ഥമാവുന്നതില്‍, ഗോത്ര രീതികളോട് മുഖാമുഖം നില്‍ക്കുന്ന, ഭൂതകാലക്കൊമ്പുള്ള ആ ആനയെ കാണാം. ആണുങ്ങളാണ് ഏക സിവില്‍ കോഡ് എന്ന വിഷയത്തില്‍ ബേജാറാവുന്നത്. ആണ്‍ പൗരോഹിത്യത്തിന്റെ കയ്യില്‍ ബാക്കിയുള്ള ചെറിയ അധികാരങ്ങള്‍പോലും അതു കാരണം നഷ്ടപ്പെടുമെന്ന ഭയം 'ആണിസ്ലാമി'നുണ്ട്. ഇസ്ലാമിനു മാത്രമായി ഉണ്ടെന്നു പറയുന്ന ഒരു 'ആന'ക്കഥയുടെ പൊരുള്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭയം. വസ്ത്രത്തിലോ അനുഷ്ഠാനങ്ങളിലോ വിശ്വാസത്തിലോ ഏക സിവില്‍ കോഡ് സ്പര്‍ശിക്കുമെന്നു തോന്നുന്നില്ല. വിവാഹം, സ്വത്തവകാശ പിന്തുടര്‍ച്ചകള്‍ തുടങ്ങിയവയില്‍ ആയിരിക്കും മിക്കവാറും അതിലെ ഊന്നല്‍.

ഏക സിവില്‍ കോഡ് ഒരു മുസ്ലിം വിഷയമായിട്ടല്ല കാണേണ്ടത്. കൂടുതല്‍ മാനവികതയുള്ള, നാഗരിക ജനാധിപത്യ ബോധവും ലിംഗ തുല്യതയുമുള്ള ഒരു സാമൂഹിക സങ്കല്പമാണ് അത് ലക്ഷ്യം വെക്കുന്നതെങ്കില്‍, ഇന്ത്യന്‍ സമൂഹ മനസ്സ് മാത്രമല്ല, ഭരണകൂടവും ആ വിധത്തില്‍ പാകമായിട്ടില്ല. സാമുദായികമോ വംശീയമോ ആയി പക്ഷപാതിത്വം കാണിക്കാത്ത, അധികാര പ്രയോഗങ്ങളില്‍ നിര്‍ഭയമായ നീതിബോധവും അത്രതന്നെ തുല്യതാ ബോധവുമുള്ള ഭരണകൂടം നിലവിലുണ്ടാവുമ്പോള്‍ മാത്രമാണ് ഇത്തരം ആശയങ്ങള്‍ ഇന്ത്യന്‍ മനസ്സ് അംഗീകരിക്കുകയുള്ളൂ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയും അതിലൂന്നിക്കൊണ്ടുള്ള അധികാര പ്രയോഗങ്ങളും എത്രമാത്രം പക്ഷപാതപരമായിട്ടാണ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതെന്നതിനു ദൈനംദിന തെളിവുകള്‍ തന്നെ ധാരാളമുണ്ട്. പക്ഷപാതിത്വം ഒരു ചരിത്രമല്ല, തുടരുന്ന വര്‍ത്തമാനം കൂടിയാണ്. ഏറ്റവുമൊടുവില്‍ ആളിപ്പടരുന്ന 'മണിപ്പൂരി'ല്‍ അത് ലോകം കാണുന്നുണ്ട്.

ചുരുക്കമിതാണ്, വംശീയമായി ഏക മാനങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയും അതിനുവേണ്ടി നില കൊള്ളുകയും ചെയ്യുന്ന ഭരണകൂടത്തില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാവുന്ന ഒരു ആശയമല്ല. സ്വതന്ത്രമായ യുക്തിചിന്തയേയും ലിംഗസമത്വവും നിര്‍ഭയവും പക്ഷപാതരഹിതമായ നീതി നിര്‍വ്വഹണങ്ങളുമുള്ള ഒരു ഭരണകൂടം ഏക സിവില്‍ കോഡ് എന്ന ആശയവുമായി വരുമ്പോള്‍ ഏതു സമുദായവും അതിനെ പിന്തുണയ്ക്കും. അല്ലെങ്കില്‍, മത മഹിമയായി ഒരു ആനക്കഥ പറയുന്ന യാഥാസ്ഥിതികരെ നിസാര്‍ അഹമ്മദുമാര്‍ മാറ്റും.

അങ്ങനെ മതയാഥാസ്ഥിതികത എന്ന ആന, വെറും കുയ്യാനയായി മാറും. അതിനു പക്ഷപാതരഹിതമായ നീതിബോധവും വംശീയമായി ഏക വംശീയകൂറും പ്രകടിപ്പിക്കാത്ത അക്ഷരാര്‍ത്ഥത്തില്‍ തന്നെ സെക്കുലറായ ഭരണകൂടം വരണം. ഭരണഘടനയുടെ അന്തസ്സത്ത മനസ്സിലാക്കുന്ന ഭരണകൂടമുണ്ടാവുമ്പോള്‍ ഇത്തരം തുല്യതയ്ക്കുവേണ്ടിയുള്ള നിയമങ്ങളെ സ്ത്രീകള്‍ തന്നെ പിന്തുണച്ചു രംഗത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനുവേണ്ടി പക്ഷേ, ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

ചിരിക്കാനെന്താണ് വഴി? 

'തമാശകള്‍ എങ്ങനെയാണുണ്ടാവുന്നത്' എന്നൊരു ചോദ്യം ടി.വി. കൊച്ചുബാവയുടെ 'പാഠഭേദം' എന്ന നോവലെറ്റിലെ കഥാപാത്രം ചോദിക്കുന്നുണ്ട്. ആയ കാലത്ത് ചിരിച്ചു ചിരിച്ച് മണ്ണ് കപ്പിയതിനു കയ്യും കണക്കുമില്ലാത്ത വയോധികന്റെ ചോദ്യമാണത്. വാര്‍ധക്യത്തിന്റെ ജനാല തുറന്നിട്ട് മഴയിലേക്കും നിലാവിലേക്കും ഓണവെയിലിലേക്കും തുമ്പികളുടെ ഉത്സാഹത്തിമിര്‍പ്പിലേക്കും കാറ്റിലുമൊക്കെ നോക്കി ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ അയാള്‍ക്ക് ഒരുപാട് തമാശനിറഞ്ഞ ഓര്‍മ്മകളുണ്ട്. അത്തരം ഓര്‍മ്മകളുടെ തുടര്‍ച്ചയിലാണ് ആ ചോദ്യമുണ്ടാവുന്നത്.

ആറു വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത വായിക്കുമ്പോള്‍, 'ക്രൂരതകള്‍ എങ്ങനെയാണുണ്ടാവുന്നത്' എന്ന ചോദ്യമല്ല, ഈ നെറികെട്ട കാലത്തും 'തമാശകള്‍ എങ്ങനെയാണുണ്ടാവുന്നത്' എന്ന ചോദ്യമാണ് വരുന്നത്. വിനോദ വ്യവസായങ്ങളുടെ കാലത്ത് ദു:ഖങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയസ്സ് മാത്രം. കാലവും ലോകവും മനുഷ്യരെ 'ചിരിക്കുന്ന മൃഗങ്ങള്‍' എന്നു നിര്‍വ്വചിച്ചുകൊണ്ടിരിക്കുന്നു. എത്രയോ ദിവസം ഉറക്കം നഷ്ടപ്പെടുത്തേണ്ട ഓര്‍മ്മകളുണ്ടാവുമ്പോഴും തൊട്ടടുത്ത നിമിഷം, ചിരിക്കുന്ന മൃഗമായി റീലുകള്‍ നോക്കി നാം ചിരിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com