'രതിയിലും മൃതിയിലും അത് ആവര്‍ത്തിക്കുകയാണ്, സര്‍വ്വലോകത്തേയും സംഹരിക്കുന്ന കാലമായി' 

ബയോപിക്കുകള്‍ എന്ന ഗണത്തില്‍ വരുന്ന ഓപ്പണ്‍ഹൈമര്‍ മൂവി, മതത്തെ, ജാതികളേയും രാഷ്ട്രീയം ഉപയോഗിച്ചതുപോലെ, ഒരുപക്ഷേ, അതിലേറെ വിനാശകരമായി ശാസ്ത്രത്തേയും രാഷ്ട്രീയം ദുരുപയോഗിച്ചതിന്റെ കഥയാണ്
'രതിയിലും മൃതിയിലും അത് ആവര്‍ത്തിക്കുകയാണ്, സര്‍വ്വലോകത്തേയും സംഹരിക്കുന്ന കാലമായി' 

നുഷ്യരാശിക്ക് അഗ്‌നി അറിവ് പകര്‍ന്ന പ്രൊമിത്യൂസിനെ ലോകത്തിനു നല്‍കിയ ഗ്രീക്ക് മിത്തോളജിയില്‍ തുടങ്ങി സര്‍വ്വലോക സംഹാരിയായ കാലമാണ് ഞാന്‍ എന്ന വ്യാസന്റെ ഗീതയിലെ വാക്കുകളില്‍ അവസാനിക്കുന്ന ഒരു അസാധാരണ ബയോപിക്. മുക്കാല്‍ നൂറ്റാണ്ടിനിപ്പുറം വീണ്ടും നമ്മുടെ ബോധത്തില്‍ തീമഴയായി കാലം വര്‍ഷിച്ച ഒരു സെല്ലുലോയ്ഡ് ആറ്റംബോബാണ് ഓപ്പണ്‍ഹൈമര്‍. 

ദേവന്മാരില്‍നിന്നും മോഷ്ടിച്ച് മനുഷ്യരാശിക്ക് അഗ്‌നി പകര്‍ന്ന കുറ്റമായിരുന്നു പ്രൊമിത്യൂസിന്റേത്. ഗ്രീക്ക് വിശ്വാസപ്രകാരം സര്‍വ്വവികാരങ്ങളുടേയും പ്രഭവകേന്ദ്രമായിരുന്നു കരള്‍. അങ്ങ് കോക്കസസ് പര്‍വ്വതനിരകളില്‍ മരണം കാത്തുകിടന്ന, കഴുകന്മാര്‍ കരള്‍ കൊത്തിവലിച്ച പ്രൊമിത്യൂസും ഇങ്ങ് സര്‍വ്വലോകവും സംഹരിക്കാന്‍ ശക്തനെങ്കിലും ഒടുവില്‍ ഒരു വേടന്റെ അമ്പിനാല്‍ തീര്‍ന്ന പാര്‍ത്ഥസാരഥിയും വലിയ പ്രതീകങ്ങളാണ്. സംസ്‌കൃതം പഠിച്ച് ഗീത വായിച്ച, ജര്‍മ്മന്‍ പഠിച്ച് മാര്‍ക്‌സിനെ വായിച്ച ഓപ്പണ്‍ ഹൈമറുടെ, ആ പൗരാണിക കഥാപാത്രങ്ങളുടെ അതേ അവസ്ഥയിലേക്കുള്ള, യാത്ര എന്തുമാത്രം ചിന്താസൗന്ദര്യത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്! 

പ്രതിഭകളുടെ ജീവിതം, അതിലെ ആത്മസംഘര്‍ഷങ്ങളും വിഷയമാവുന്ന ചലച്ചിത്രങ്ങള്‍ പലപ്പോഴും ചരിത്രം വിട്ടുപോയ ഭാഗം പൂരിപ്പിക്കുക എന്ന മഹാദൗത്യം നിര്‍വ്വഹിക്കുന്നുണ്ട്. ബയോപിക്കുകള്‍ എന്ന ഗണത്തില്‍ വരുന്ന ഓപ്പണ്‍ഹൈമര്‍ മൂവി, മതത്തെ, ജാതികളേയും രാഷ്ട്രീയം ഉപയോഗിച്ചതുപോലെ, ഒരുപക്ഷേ, അതിലേറെ വിനാശകരമായി ശാസ്ത്രത്തേയും രാഷ്ട്രീയം ദുരുപയോഗിച്ചതിന്റെ കഥയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്തെ രാഷ്ട്രീയ സമവാക്യങ്ങളുടെ വിനാശകരമായ ചരിത്രം.

സിനിമയില്‍, ഓപ്പണ്‍ഹൈമര്‍ സൈക്കാട്രിസ്റ്റും ഫിസിഷ്യനും കമ്യൂണിസ്റ്റുമായ കാമുകി ജീന്‍ ടാറ്റ്ലോക്കുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പറയുന്നത് ഭഗവദ്ഗീതയിലെ അതേ വാചകമാണ്. നല്ല വായനക്കാരനും സംസ്‌കൃതമടക്കം പല ഭാഷകള്‍ അറിയുകയും ചെയ്ത ഓപ്പണ്‍ ഹൈമറിന്റെ ഷെല്‍ഫില്‍ ഭഗവദ്ഗീതയും ഉണ്ടായിരുന്നു. ലൈംഗികബന്ധവേളയില്‍ തന്റെ നഗ്‌നമാറിനു മുന്നില്‍ ജീന്‍ ഭഗവദ്ഗീത തുറന്നുവച്ച ഒരു സീനുണ്ട്. അതിലെ ഒരു വരി അദ്ദേഹം മൊഴിമാറ്റി ചൊല്ലുന്നു -അയാം ബികം ഡെത്ത്, ഡിസ്ട്രോയര്‍ ഓഫ് വേള്‍ഡ്സ്. പിന്നീട് ട്രിനിറ്റി ടെസ്റ്റില്‍ ബോംബ് പൊട്ടുന്നത് കാണുമ്പോള്‍, അതേ വാചകം വീണ്ടും സിനിമാസ്വാദകരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. രതിയിലും മൃതിയിലും അത് ആവര്‍ത്തിക്കുകയാണ്, സര്‍വ്വലോകത്തേയും സംഹരിക്കുന്ന കാലമായി. ഗീതയിലെ വരിയില്‍ പക്ഷേ, ഒരു ചെറിയ മൊഴിമാറ്റ പിശക് വന്നിട്ടുണ്ട് - സംസ്‌കൃതത്തിലെ കാലത്തെ ഓപ്പണ്‍ ഹൈമര്‍ കാലനായി എടുത്തുപോയതാവാനാണ് സാധ്യത. 

''കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ'' എന്നാണ് ഗീതയിലെ വാചകം. കാലോസ്മി എന്നാല്‍ ഞാന്‍ കാലമാണ് എന്നര്‍ത്ഥം. ഞാന്‍ കാലനാണ് എന്നു മാറിപ്പോയപ്പോള്‍ ഓപ്പണ്‍ഹൈമറുടെ മൊഴിമാറ്റം അയാം ബികം ഡെത്ത്, ഡിസ്ട്രോയര്‍ ഓഫ് വേള്‍ഡ്സ് എന്നായിപ്പോയി. 

ഹിരോഷിമയിലും നാഗസാക്കിയിലും നേരിട്ട ജീവഹാനിയും ഭീകരതയും തീരാദുരിതങ്ങളും വേട്ടയാടിയ ഓപ്പണ്‍ഹൈമര്‍, കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനെതിരെ ട്രൂമാനോട് സംസാരിക്കുന്നുണ്ട്. അത് ഓപ്പണ്‍ഹൈമറിന്റെ ബലഹീനതയായാണ് ട്രൂമാന്‍ കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍, ബോംബ് വര്‍ഷിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തനിക്കു മാത്രമാണെന്ന് ട്രൂമാന്‍ അവകാശപ്പെടുമ്പോള്‍ ഓപ്പണ്‍ഹൈമര്‍ ഒരു നിമിത്തം മാത്രമായി ചുരുങ്ങുന്നുണ്ട്. ഗീതയിലെ കൃഷ്ണന്റെ റോളിലേക്കാണ് അവിടെ ട്രൂമാന്‍ ഉയരുന്നത്. ഒരു ഷെയ്ക്സ്പീരിയന്‍ ട്രാജഡിയെ അനുസ്മരിപ്പിക്കും വിധം കൈകളില്‍ ചോര പരാമര്‍ശം ഓപ്പണ്‍ഹൈമര്‍ നടത്തിയപ്പോള്‍ ട്രൂമാന്‍ നീട്ടുന്നത് രണ്ടു ടിഷ്യൂ പേപ്പറുകളാണ്.

ഫ്ളോറൻസ് പ​ഗ്
ഫ്ളോറൻസ് പ​ഗ്

ബൗദ്ധിക വ്യാപാരങ്ങളുടെ കേന്ദ്രമായി മസ്തിഷ്‌കത്തെ കാണുമ്പോള്‍ വികാരവ്യാപാരങ്ങളുടെ കേന്ദ്രമായാണ് നമ്മള്‍ കരളിനെ കാണുന്നത്. അതുകൊണ്ടാണ് പ്രണയലോകത്ത് കരളിന്റെ കരളും കരളിന്റെ കാതലും ഒക്കെയുണ്ടാവുന്നത്. ഭാരതീയ-ഗ്രീക്ക് ബൗദ്ധിക വ്യാപാരങ്ങളില്‍ ഏറെ കൊടുക്കല്‍വാങ്ങലുകള്‍ നടന്നിട്ടുണ്ട്. പ്രൊമിത്യൂസില്‍ തുടങ്ങി കൃഷ്ണനില്‍ അവസാനിക്കുന്ന, പ്രൊമിത്യൂസിനെപ്പോലെ കരള്‍ കൊത്തിവലിക്കപ്പെട്ട, കൃഷ്ണനെപ്പോലെ ശരമേറ്റ ഓപ്പണ്‍ഹൈമറുടെ ബയോപിക് ഒരു ദൃശ്യാനുഭവമാണ്. അഭിനയചാതുരിയാലും അതിമനോഹരവും ചടുലവും തീവ്രവുമായ സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരുടെ ചിന്തകളെ, ധാരണകളേയുമാണ് പടം പിടിച്ചുലയ്ക്കുന്നത്. സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ പറയുന്നുണ്ട്, ഓപ്പണ്‍ ഹൈമറുടെ ജീവിതം ഒരു സ്വപ്നമാണ്, അത്രതന്നെ പേടിസ്വപ്നവും.

ചരിത്രത്തില്‍ മറഞ്ഞിരിക്കുന്ന സത്യത്തെ വലിച്ചു പുറത്തിടുകയും ചരിത്രകാരരുടെ പരിമിതിയെ അതിജീവിക്കുകയും ചെയ്യുകയാണ് ബയോപിക്കുകളുടെ ധര്‍മ്മം തന്നെ. ചരിത്രമായി നമ്മള്‍ കരുതിയത് മിത്താണെന്നറിയും മിത്തായി പതിഞ്ഞത് ചരിത്രമാണെന്നും. ആ ഒരു കാഴ്ചയില്‍ ഓപ്പണ്‍ഹൈമര്‍ മുഴുവനായും വിജയമാണെന്നു പറയുക സാധ്യമല്ല. ഭഗവദ്ഗീതയെ സ്‌ക്രീനിലേക്ക് ആവാഹിച്ചെങ്കിലും അതിനു കാരണമായ ഇന്ത്യന്‍ അണുശക്തിയുടെ പിതാവ് ഹോമി ജെ. ഭാഭയെ മറന്നു എന്നതിലാണ്, ഒരു ഘട്ടത്തില്‍ ഓപ്പണ്‍ഹൈമറെ ഇന്ത്യയിലേക്കു ക്ഷണിച്ച നെഹ്‌റുവിനേയും മറന്നിടത്താണ് അതു ചരിത്രം മറന്നുപോവുന്നത്. പശ്ചാത്യബോധം ഇന്ത്യയോടു പുലര്‍ത്തുന്ന ഒരു ബൗദ്ധിക അയിത്തം ആവാനേ തരമുള്ളു. 

പ്രതിഭകള്‍, പ്രണയം, ആത്മസംഘര്‍ഷങ്ങളും 

സ്വന്തം ലൈംഗികതയെ, സ്വയം ഒരു സ്വവര്‍ഗ്ഗാനുരാഗിയാണോ എന്നു സംശയിച്ച ജീന്‍ ടാറ്റ്ലോക്ക് 1936-ലാണ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറെ കാണുന്നത്. ഓപ്പണ്‍ഹൈമര്‍ ബെര്‍ക്ക്ലിയില്‍ ഫിസിക്‌സ് പ്രൊഫസറായിരിക്കുമ്പോള്‍ ജീന്‍ അവിടെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്പാനിഷ് റിപ്പബ്ലിക്കന്മാര്‍ക്കായി നടത്തിയ ഒരു ധനസമാഹരണ വേളയിലാണ് അവര്‍ കണ്ടുമുട്ടിയതും ഡേറ്റിംഗ് തുടങ്ങിയതും. അതത്രമേല്‍ പ്രണയാര്‍ദ്രമായൊരു ബന്ധമായിരുന്നെങ്കിലും അയാളുടെ വിവാഹാഭ്യര്‍ത്ഥനകള്‍ ജീന്‍ നിരസിക്കുകയായിരുന്നു. 1930-കളുടെ അവസാനത്തില്‍ ഓപ്പണ്‍ഹൈമറിന് റാഡിക്കല്‍ രാഷ്ട്രീയത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും താല്പര്യമുണര്‍ത്തിയതില്‍ ജീനുമായുള്ള പ്രണയ ബന്ധം ഏറെ പങ്കുവഹിച്ചിരുന്നു. 1940 നവംബര്‍ ഒന്നിന് കിറ്റി ഹാരിസണെ വിവാഹം ചെയ്ത ഓപ്പണ്‍ഹൈമര്‍ ശേഷവും ജീനുമായുള്ള കൂടിക്കാഴ്ചകള്‍ തുടര്‍ന്നു. 

ജീനിന്റെ, അവരുടെ സുഹൃത്തുക്കളുമായുള്ള ഓപ്പണ്‍ഹൈമറിന്റെ ബന്ധമാണ് 1954-ലെ സെക്യൂരിറ്റി ഹിയറിംഗില്‍ അദ്ദേഹത്തിനെതിരെ തെളിവായി ഉപയോഗിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആറ്റോമിക് എനര്‍ജി കമ്മിഷന്‍ ജനറല്‍ മാനേജര്‍ മേജര്‍ ജനറല്‍ കെന്നത്ത് ഡി. നിക്കോള്‍സിന് എഴുതിയ കത്തില്‍, ഓപ്പണ്‍ഹൈമര്‍ അവരുടെ ബന്ധത്തെ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്. '1936-ലെ വസന്തകാലത്ത്, യൂണിവേഴ്സിറ്റിയിലെ പ്രശസ്തനായ ഇംഗ്ലീഷ് പ്രൊഫസറുടെ മകള്‍ ജീന്‍ ടാറ്റ്ലോക്കിനെ ഞാന്‍ പരിചയപ്പെട്ടത് സുഹൃത്തുക്കള്‍ വഴിയാണ്. ആ ശരത്കാലത്താണ് ഞാന്‍ അവളെ പ്രണയിക്കാന്‍ തുടങ്ങിയത്, പരസ്പരം ഏറെയടുത്തതും. ഞങ്ങള്‍ രണ്ടുതവണയെങ്കിലും വിവാഹത്തോട് അടുത്തിരുന്നു. 1939-നും 1944-ല്‍ അവളുടെ മരണത്തിനും ഇടയില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. അവളുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വത്തെക്കുറിച്ച് അവള്‍ എന്നോട് പറഞ്ഞിരുന്നു. അവള്‍ പാര്‍ട്ടിയുമായി ചിലപ്പോള്‍ അടുത്തു, ചിലപ്പോള്‍ അകന്നു. അവള്‍ അന്വേഷിച്ചത് ഒരിക്കലും ലഭിച്ചതായി തോന്നിയിട്ടില്ല. അവളുടെ താല്പര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവള്‍ ഈ നാടിനേയും രാജ്യത്തെ ജനങ്ങളേയും ജീവിതത്തേയും സ്‌നേഹിച്ചു. അവള്‍, പല കമ്യൂണിസ്റ്റുകാരുടേയും സഹയാത്രികരുടേയും സുഹൃത്തായിരുന്നു, പിന്നീട് ഞാന്‍ പരിചയപ്പെടാന്‍ ഇടയായ പലരുമടക്കം. എന്റെ ഇടതുപക്ഷ അനുഭാവത്തിനും കുടിയേറ്റ തൊഴിലാളികളോടുള്ള ഐക്യപ്പെടലിനും അങ്ങു ദൂരെ സ്പെയിനിലെ ലോയലിസ്റ്റുകളോടുള്ള അനുഭാവത്തിനും ഒക്കെയും കാരണം മുഴുവനായും ജീന്‍ ടാറ്റ്ലോക്ക് ആണെന്ന ധാരണ ശരിയല്ല. അതിലേക്കു നയിച്ച മറ്റു ചില കാരണങ്ങളും ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. സൗഹൃദത്തിന്റെ പുതിയ ബോധം, ലോകത്തേയും ഞാന്‍ ഇഷ്ടപ്പെട്ടു. അപ്പോഴൊക്കെയും ഞാനെന്റെ രാജ്യത്തിന്റേയും സമയത്തിന്റേയും ജീവിതത്തിന്റേയും ഭാഗമാകാന്‍ പോവുകയാണെന്നാണ് തോന്നിയത്.

അകാലത്തില്‍ പൊലിഞ്ഞ തന്റെ കാമുകിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഓപ്പണ്‍ഹൈമറെ അമേരിക്ക വിചാരണ ചെയ്തത് നോക്കിയാല്‍ വര്‍ഗ്ഗശത്രുഗണത്തിലുള്ള ഒരാളോടുള്ള പ്രണയത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത രീതിയായിരുന്നു അതും! രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കമ്യൂണിസവുമായുള്ള ബന്ധം ഓപ്പണ്‍ഹൈമറിന്റെ പില്‍ക്കാല ജീവിതത്തില്‍ ശാപമായി; ഒരു ന്യൂക്ലിയര്‍ ഫിസിസിസ്റ്റെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിനെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സൈക്കാട്രിസ്റ്റും ഫിസിഷ്യനുമായ ജീനുമായുള്ള ബന്ധം ഏറെ ബൗദ്ധികമായിരുന്നു അവരുടെ രാഷ്ട്രീയ ബോധത്തിന്റെ, ചിന്തകളുടെ നിഴലിലായിരുന്നു ഓപ്പണ്‍ഹൈമറിന്റെ രാഷ്ട്രീയ-സാമൂഹിക ബോധം. പക്ഷേ, ചരിത്രത്തിലെ യഥാര്‍ത്ഥ ജീവിതത്തില്‍ ബൗദ്ധിക സാന്നിദ്ധ്യമായ ജീന്‍, സ്‌ക്രീനില്‍ ഏതാണ്ട് വെറും ലൈംഗിക സാന്നിദ്ധ്യമാവുകയാണ് ചെയ്തത്. ഓപ്പണ്‍ഹൈമറിന്റെ സാന്നിധ്യവും വാത്സല്യവും പ്രതീക്ഷിച്ച്, ഒടുവില്‍ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവാതെ ജീന്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നു എന്നതുപോലെയായി സ്‌ക്രീനിലെ ജീന്‍. സത്യത്തില്‍ ഓപ്പണ്‍ഹൈമറുടെ രാഷ്ട്രീയ ബോധത്തിന്റെ സാമൂഹിക ചിന്തകളുടേയും സ്രോതസ്സായ ജീന്‍, അദ്ദേഹത്തിന്റെ വിവാഹ അഭ്യര്‍ത്ഥനകള്‍ തള്ളുകയാണ് ചരിത്രത്തില്‍. 

അണുക്കളെ എന്നപോലെ മനുഷ്യരേയും ചേര്‍ത്തുനിര്‍ത്തുന്നത് ഒരു ആകര്‍ഷണശക്തിയാണ്. എത്ര മനോഹരമായാണ് ചില രംഗത്തിലൂടെ ആയൊരു സത്യം ചലച്ചിത്രം സ്ഥാപിച്ചെടുക്കുന്നത്. വെറും രണ്ടുപേര്‍ക്കിടയിലെ ആ ആകര്‍ഷണശക്തി മതി പലപ്പോഴും ലോകത്തെത്തന്നെ മാറ്റിമറിക്കാന്‍. മസ്തിഷ്‌കത്തോടൊപ്പം മനസ്സും തലയ്‌ക്കൊപ്പം ഹൃദയവും സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്തു സുന്ദരമായാണ്. വിരഹത്തിന്റെ വിസ്ഫോടനം എത്രമേല്‍ ദുരന്തവുമാണ്!

ലോകം എന്തുകൊണ്ട് ശാസ്ത്രത്തില്‍ നിക്ഷേപിക്കണം എന്ന ചോദ്യത്തിനുള്ള എക്കാലത്തേയും ഉത്തരമാണ് മാന്‍ഹാട്ടന്‍ പ്രൊജക്ട് - ഒരു ഭീകരതയെ മറ്റൊരു ഭീകരതയാല്‍ മാറ്റിയെഴുതിയ ലോകഗതി. യു.എസ് ആര്‍മി കോര്‍പ്സ് ഓഫ് എന്‍ജിനീയറിംഗ് മേജര്‍ ജനറല്‍ ലസ്ലി ഗ്രോവ്സിന്റെ നിയന്ത്രണത്തിലെ പ്രൊജക്ടിനു കീഴില്‍ ലോസ് അലാമോസ് ബോംബ് നിര്‍മ്മാണ ലബോറട്ടറിയുടെ ഡയറക്ടര്‍ ആയിരുന്നു ന്യൂക്ലിയര്‍ ഫിസിസിസ്റ്റ് ആയിരുന്ന ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ഇന്നത്തെ കണക്കിന് ഏതാണ്ട് 2400 കോടി യു.എസ് ഡോളര്‍ ചെലവിട്ട ഒരു പദ്ധതി എന്നു പറയുമ്പോള്‍, അതിന്റെ സാമൂഹിക-രാഷ്ട്രീയ പ്രാധാന്യം എന്തുമാത്രമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

ഓപ്പണ്‍ഹൈമറിന്റെ പതനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ലെവി സ്ട്രോസ്. ദേശീയ സുരക്ഷയോടുള്ള വഴങ്ങാത്ത നിലപാടില്‍ വ്യക്തിഗത അവകാശങ്ങളെ അവഗണിക്കുന്ന ഒരാളായാണ് സ്ട്രോസ് കാണപ്പെട്ടത്. പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യങ്ങള്‍, സുരക്ഷാ ആശങ്കകള്‍, വ്യക്തിപരമായ സംശയങ്ങള്‍ എന്നിവയില്‍ വേരൂന്നിയതാണ് കമ്യൂണിസത്തേയും ഇടതുപക്ഷത്തേയും വെറുക്കുന്ന സ്ട്രോസിന്റെ നിലപാടുകള്‍. വ്യക്തിപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രങ്ങള്‍ക്കു ചരിത്രത്തിന്റെ ഗതിയെ എങ്ങനെ രൂപപ്പെടുത്താം എന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലായി ആ ഭൗതിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനും ഇടയിലെ രസതന്ത്രം. 

ക്രിസ്റ്റഫർ നോളൻ
ക്രിസ്റ്റഫർ നോളൻ

ഒരു കുപ്പിയിലെ രണ്ടു തേളുകള്‍ 

ഹിരോഷിമയേയും നാഗസാക്കിയേയും തീര്‍ത്തും തകര്‍ത്ത ബോംബുകള്‍ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും പ്രയോഗിക്കുകയും ചെയ്ത ഓപ്പണ്‍ഹൈമര്‍ 1953-ല്‍, റഷ്യ-അമേരിക്ക സൂപ്പര്‍പവര്‍ ആയുധപന്തയത്തിന്റെ ശൈശവാവസ്ഥയില്‍ എഴുതി: നമ്മുടെ ഇരുപതിനായിരാമത്തെ ബോംബ് യു.എസ്.എസ്.ആറിന്റെ രണ്ടായിരാമത്തെ ബോംബിനെ മറികടക്കുകയില്ല, ഒരുവിധത്തിലും. അതിന് അദ്ദേഹം പറഞ്ഞ ഉപമ നോക്കൂ: അമേരിക്കയും റഷ്യയും ഒരു കുപ്പിയിലെ രണ്ട് തേളുകളെപ്പോലെയാണ്, രണ്ടിനും പരസ്പരം കൊല്ലാന്‍ കഴിയും, പക്ഷേ, സ്വന്തം ജീവന്‍ പണയപ്പെടുത്തി മാത്രം. ആ ഡയലോഗ് സിനിമയിലുണ്ട്. അതു പകരുന്ന ബോധം ലോകത്തിന് ഉള്‍ക്കൊള്ളാനായെങ്കില്‍, ചുരുങ്ങിയത് യു.എസിനെങ്കിലും എന്നാരും ആഗ്രഹിക്കും. അത് ഉള്‍ക്കൊള്ളാനായെങ്കില്‍ ഈ ലോകം എത്രമേല്‍ സുന്ദരമായേനെ, ജീവിക്കാന്‍ കൊള്ളാവുന്നത് ആയേനെയെന്നും. 

പക്ഷഭേദമില്ലാതെ ആജ്ഞാശക്തികളാവേണ്ട സാംസ്‌കാരിക നായകരും എഴുത്തുകാരും സ്വകാര്യ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്നത് നമ്മള്‍ കാണുന്നു. പക്ഷേ, ശാസ്ത്രലോകത്തെ പ്രതിഭകള്‍ നമ്മുടെ കണ്‍മുന്നില്‍ ഇല്ലാത്തതുകൊണ്ട് അവരുടെ അടിമത്തം പൊതുവേ ചര്‍ച്ചചെയ്യപ്പെടാറില്ല. മഹാപ്രതിഭകളായ ശാസ്ത്രജ്ഞര്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി മാറിയപ്പോഴാണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ക്രൂരതയുടെ കൂടിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തത്. കീഴടങ്ങാന്‍ നല്ല സമയം നോക്കിയിരുന്ന ജപ്പാനെയാണ് ബോംബിട്ടത്. ജപ്പാന്‍ മനുഷ്യരാശിയോട് ചെയ്ത ക്രൂരതകളൊന്നും അമേരിക്കന്‍ ക്രൂരതയെ റദ്ദുചെയ്യുന്നില്ല. 

ആദ്യകാല ജീവിതത്തില്‍, ഓപ്പണ്‍ഹൈമര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നില്ല. 1930-കളിലെ രാഷ്ട്രീയമാറ്റം, ലോകമെമ്പാടുമുണ്ടായ സാമ്പത്തിക മാന്ദ്യവും ഫാസിസത്തിന്റെ ഉയര്‍ച്ചയുമാണ് അദ്ദേഹത്തില്‍ രാഷ്ട്രീയ താല്പര്യം ഉണര്‍ത്തിയത്. പലപ്പോഴായി അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന, തന്റെ പ്രണയി ജീന്‍ ടാറ്റ്ലോക്കുമായുള്ള ബന്ധമാണ് ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ സാമൂഹിക വലയം വിശാലമാക്കിയത്. അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും കമ്യൂണിസ്റ്റ് സഹയാത്രികരുമായി അതു വിശാലമായി വളര്‍ന്നു. കൂട്ടത്തില്‍ 1937 അവസാനത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ സഹോദരന്‍ ഫ്രാങ്ക് ഓപ്പണ്‍ഹൈമറും ഉള്‍പ്പെടുന്നു. ബെര്‍ക്ക്ലിയിലെ ഓപ്പണ്‍ഹൈമറിന്റെ സുഹൃത്തായ ഡേവിഡ് ഹോക്കിന്‍സ് തന്റേയും ഓപ്പണ്‍ഹൈമറിന്റേയും രാഷ്ട്രീയ നിലപാടിനെ 'pulling the New Deal to the left. That was our mission in life' എന്നായിരുന്നു വിശേഷിപ്പിച്ചത്. കമ്യൂണിസ്റ്റ് ദാര്‍ശനിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഓപ്പണ്‍ഹൈമറുടെ വീട് പലതവണ ആതിഥേയത്വം വഹിച്ചു. മൂവിയിലെ അദ്ദേഹത്തിന്റെ കഥാപാത്രം ദാസ് ക്യാപിറ്റല്‍ താന്‍ മൂന്നുതവണ വായിച്ചിട്ടുണ്ടെന്നു പറയുന്നുണ്ട്. ഒരിക്കലും ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ലെങ്കിലും മാന്‍ഹട്ടന്‍ പ്രൊജക്റ്റ് സുരക്ഷാ ചോദ്യാവലിയിലെ ഒരു ചോദ്യത്തിന് അദ്ദേഹത്തിന്റെ ചിന്തയും നര്‍മ്മവും നിറഞ്ഞ മറുപടി പ്രസിദ്ധമാണ്. ഒരുപക്ഷേ, ഞാന്‍ പടിഞ്ഞാറന്‍ തീരത്തെ എല്ലാ കമ്യൂണിസ്റ്റ്-മുന്നണി സംഘടനകളുടേയും ഭാഗമായിരിക്കാം. 

1943-ന്റെ തുടക്കത്തില്‍, മാന്‍ഹട്ടന്‍ പ്രോജക്റ്റിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, ഓപ്പണ്‍ഹൈമറിനെ ഫ്രെഞ്ച് ബെര്‍ക്ക്ലി പ്രൊഫസറും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പഴയ സുഹൃത്തുമായ ഹാക്കോണ്‍ ഷെവലിയര്‍ സമീപിച്ചു. സോവിയറ്റിലേക്കു വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു മാര്‍ഗ്ഗം തനിക്ക് അറിയാമെന്ന് ഷെവലിയര്‍ ഓപ്പണ്‍ഹൈമറോട് പറഞ്ഞു. ഷെവലിയറുടെ ഓഫര്‍ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. ഓപ്പണ്‍ഹൈമറുടെ ശരിയായ ജീനിയസ് ആറ്റംബോംബിന്റെ അറിവ് സോവിയറ്റ് യൂണിയനു നല്‍കാതിരുന്നതിലാണ്. അതു സംഭവിച്ചിരുന്നെങ്കില്‍ ആ ബോംബുകള്‍ ജനാധിപത്യത്തിനു മീതെയായിരുന്നു പിന്നീട് പതിക്കുക. 

ഓപ്പണ്‍ഹൈമറിന്റെ കമ്യൂണിസ്റ്റ് അഫിലിയേഷനുകളെപ്പറ്റി ഏറെ ഭയം ഉണ്ടായിരുന്നിട്ടുകൂടി മാന്‍ഹട്ടന്‍ പ്രോജക്റ്റിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നതിന് അതു തടസ്സമായില്ല. ജനറല്‍ ലെസ്ലി ആര്‍ ഗ്രോവ്സ് ഓപ്പണ്‍ഹൈമറെ ആദ്യം പരിഗണിച്ചപ്പോള്‍, അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ഭൂതകാലം വിഷയമായി. അതു പരിഗണിക്കാതെ തന്നെ അദ്ദേഹത്തിന് ക്ലിയറന്‍സ് നല്‍കാന്‍ ജനറല്‍ ഗ്രോവ്സ് തന്റെ അധികാരം ഉപയോഗിച്ചു. സിനിമയില്‍ ഒരിടത്ത് ഒരു ശാസ്ത്രജ്ഞന്റെ കാര്യത്തില്‍ സംശയം വന്ന സാഹചര്യത്തില്‍ പകുതി തമാശയായി, കാര്യമായും ജനറല്‍ ഓപ്പണ്‍ഹൈമറോട് പറയുന്നുണ്ട് - അയാളെ നമുക്കു തട്ടിക്കളയാം. അതും ഒരു നയതന്ത്രമാവാം. അത്രമേല്‍ സൂക്ഷ്മമായ തലത്തിലേക്കു സിനിമ ആസ്വാദകരെ കൊണ്ടുപോവുന്നുണ്ട്.

കാള്‍ മാര്‍ക്‌സിന്റെ ദാസ് കാപ്പിറ്റലിനെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ കമ്യൂണിസ്റ്റായ തന്റെ കാമുകി ജീന്‍ ടാറ്റ്ലോക്കിനെ ഓപ്പണ്‍ഹൈമര്‍ എതിര്‍ക്കുന്നത് ഒരു പുഞ്ചിരിയോടെയാണ്. ഉടമസ്ഥാവകാശം, സ്വകാര്യസ്വത്ത് ഒക്കെയും മോഷണമാണ് എന്ന് ജീന്‍ പറയുമ്പോള്‍ ചിരിച്ചുകൊണ്ടുള്ള ഓപ്പണ്‍ഹൈമറുടെ മറുപടി നോക്കണം: ''ക്ഷമിക്കണം, ഞാന്‍ അത് ജര്‍മ്മന്‍ ഭാഷയില്‍ വായിച്ചു.'' സത്യത്തില്‍ അന്ധന്റെ ആനക്കാഴ്ചയാക്കി കമ്യൂണിസത്തെ മാറ്റിയത് മൊഴിമാറ്റമാണോ എന്ന് ആരും സംശയിച്ചേക്കാം. 

ഇന്ത്യയും ഓപ്പണ്‍ഹൈമറും 

ഡാനിഷ് ഫിസിസിസ്റ്റും ഫിലോസഫറും നോബല്‍ ജേതാവുമൊക്കെയായ നീല്‍സ് ബോര്‍ ഒരിക്കല്‍ പറഞ്ഞു: നമ്മള്‍ യഥാര്‍ത്ഥമെന്നു പറയുന്നതെല്ലാം യഥാര്‍ത്ഥമെന്നു കണക്കാക്കാന്‍ കഴിയാത്ത വസ്തുക്കളാല്‍ നിര്‍മ്മിതമാണ്. ഗീതയില്‍നിന്നും മുന്നോട്ടെടുത്ത മാനവികതയുടെ പുതിയ ചിന്തകളാവണം ഓപ്പണ്‍ഹൈമറെ ഉലച്ചത്, ജീവിതത്തില്‍ വഴിത്തിരിവായത്. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച, മനുഷ്യനു സങ്കല്പിക്കാനാവാത്ത ദുരിതങ്ങള്‍ വിതച്ച അണുവിസ്ഫോടനത്തിന്റെ പ്രത്യാഘാതം താങ്ങാനുള്ള കരുത്ത് ഒരു പുരാണഗ്രന്ഥത്തിലെ രണ്ടുവരിക്കുണ്ടാവുക സാധ്യമല്ല. ബോംബിന്റെ നിര്‍മ്മാണഘട്ടത്തില്‍ ഉയര്‍ന്ന ധാര്‍മ്മിക ആശങ്കകളെക്കുറിച്ച് സഹപ്രവര്‍ത്തകരെ ആശ്വസിപ്പിച്ചെങ്കിലും ദുരന്തമുഖത്ത് പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല. വ്യാസന്‍ ഇന്നായിരുന്നെങ്കില്‍, കൃഷ്ണന്റെ സ്ഥാനത്ത് ഓപ്പണ്‍ഹൈമറും ആയിരുന്നെങ്കില്‍ വേടന്റെ അമ്പിനായിരിക്കില്ല, വ്യാസന്‍ ഓപ്പണ്‍ഹൈമറെ വിട്ടുകൊടുക്കുക പൊട്ടാസ്യം സൈനൈഡിന് ആവുമായിരുന്നു. 

കേംബ്രിഡ്ജില്‍ കോസ്മിക് കിരണങ്ങളില്‍ ഗവേഷണം നടത്തുന്ന സമയത്താണ് ഭാഭ കേംബ്രിഡ്ജിലെ സീനിയര്‍, പിന്നീട് ബെര്‍ക്ക്ലിയില്‍ ജോലി ചെയ്തിരുന്ന ഓപ്പണ്‍ഹൈമറെ പരിചയപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞരുമായി ഭാഭയ്ക്ക് ബൗദ്ധികവും വ്യക്തിപരവുമായ ബന്ധമുണ്ടായിരുന്നു, 1940-ല്‍ ഒരു ഘട്ടത്തില്‍, ബെര്‍ക്ക്ലിയില്‍ ഒരു റിസര്‍ച്ച് പൊസിഷനായി ഭാഭ നോക്കിയെങ്കിലും യുദ്ധം അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഫണ്ടമെന്റല്‍ ഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണത്തിനു തുടക്കമിട്ട ഭാഭ, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിന്തുണയോടെ ഇന്ത്യന്‍ ആണവോര്‍ജ്ജ പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കി. ഓപ്പണ്‍ഹൈമര്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കു മാര്‍ഗ്ഗദര്‍ശിയായിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയിലെ യുവ ഭൗതിക ശാസ്ത്രജ്ഞനായ അല്ലാടി രാമകൃഷ്ണന് പ്രിന്‍സ്റ്റണില്‍ ഒരു വര്‍ഷത്തെ ഫെലോഷിപ്പ് ഓപ്പണ്‍ഹൈമര്‍ വാഗ്ദാനം ചെയ്തു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം 1962-ല്‍ മദ്രാസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിലേക്കു നയിച്ചത് ആ പ്രചോദനമാണ്. 

ജീൻ ടാറ്റ്ലോക്ക്
ജീൻ ടാറ്റ്ലോക്ക്

പി.സി മഹലനോബിസിന്റേയും ശാന്തി സ്വരൂപ് ഭട്നാഗറിന്റേയും ആശയമായ 'വിദേശ ശാസ്ത്രജ്ഞരുടെ ഹ്രസ്വ സന്ദര്‍ശനം' എന്ന പദ്ധതി നടപ്പിലായത് ആ കാലത്താണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ ക്ഷണിക്കപ്പെട്ട വിദേശ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഓപ്പണ്‍ഹൈമര്‍ ഉണ്ടായിരുന്നു. ഒപ്പം നീല്‍സ് ബോര്‍, നോബര്‍ട്ട് വീനര്‍, പി.എം.എസ് ബ്ലാക്കറ്റ്, ജോസഫ് നീധാം, ജെബിഎസ് ഹാല്‍ഡെയ്ന്‍ എന്നിവരും. അവരില്‍ ഭൂരിഭാഗത്തേയും നേരിട്ടറിയാവുന്ന പ്രധാനമന്ത്രി നെഹ്റുവാണ് ക്ഷണക്കത്തില്‍ ഒപ്പിട്ടത്. ഓപ്പണ്‍ഹൈമര്‍ ഒഴികെയുള്ള എല്ലാവരും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും മറ്റ് ഗവേഷണ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു, കൂടുതല്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്കായുള്ള ആലോചനകളും നടന്നു. യു.എസ് നിയന്ത്രണങ്ങളാല്‍ ഓപ്പണ്‍ഹൈമറിന്റെ സന്ദര്‍ശനം സാധ്യമായില്ല. ഓപ്പണ്‍ഹൈമറിനേയും 1945-നു ശേഷമുള്ള അദ്ദേഹത്തിന്റെ നിലപാടിനേയും നെഹ്റു പരസ്യമായി അഭിനന്ദിച്ചു. 1959-ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് സെഷന്‍ ഉദ്ഘാടനം ചെയ്യവേ നെഹ്റു ഓപ്പണ്‍ഹൈമറുടെ ഗീതാജ്ഞാനത്തെ പരാമര്‍ശിച്ചുകൊണ്ടാണ്, ശാസ്ത്ര നേട്ടങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി ഓര്‍ക്കണം എന്നു ശാസ്ത്രജ്ഞരെ ഓര്‍മ്മപ്പെടുത്തിയത്. 

ഓപ്പൺഹൈമറിലെ വിവാദ ​രം​ഗം
ഓപ്പൺഹൈമറിലെ വിവാദ ​രം​ഗം

ഓപ്പണ്‍ഹൈമറുടെ പ്രക്ഷുബ്ധ ജീവിത പശ്ചാത്തലത്തില്‍, ഞെട്ടിപ്പിക്കുന്ന ഒരു ഓഫറാണ് ഇന്ത്യയില്‍നിന്നും പോയത്. ഹോമി ജെ. ഭാഭയുടെ ആവശ്യപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഓപ്പണ്‍ഹൈമറിന് വാഗ്ദാനം ചെയ്തത് ഇന്ത്യന്‍ പൗരത്വമായിരുന്നു, ഇഷ്ടമുള്ള കാലത്തോളം ഇന്ത്യയില്‍ താമസിക്കാനുള്ള ക്ഷണം. 

ആരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാക്കപ്പെടുന്നതിനു മുന്‍പേ അമേരിക്ക വിടുന്നത് കൂടുതല്‍ സംശയങ്ങള്‍ക്കു വഴിതെളിക്കുമെന്നതിനാല്‍ അദ്ദേഹം ആ ഓഫര്‍ സ്വീകരിച്ചില്ല. അദ്ധ്യാപനവും ഗവേഷണവുമായി അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. ഇന്ത്യയിലേക്കു താമസം മാറാനും ഒരു പുതിയ തുടക്കം സ്വീകരിക്കാനുമുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും തന്റെ രാജ്യത്തോടുള്ള അര്‍പ്പണബോധത്തില്‍, രാജ്യത്തെ താന്‍ വഞ്ചിച്ചില്ലെന്ന ബോധ്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.

ഏറ്റവും വലിയ തമാശ ഇത്രയൊക്കെ ഇന്ത്യന്‍ ബന്ധങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ചര്‍ച്ചചെയ്യാതെ പോയ ഒരു ബയോപികില്‍ ജീനിന്റെ മാറിലെ ഭഗവദ്ഗീതയാണ് പ്രശ്‌നമെങ്കില്‍ പരിഹാരം എളുപ്പമാണ്, ബേപ്പൂര്‍ സുല്‍ത്താന്റെ ഒരു ഭഗവദ്ഗീതയും കുറേ മുലകളും ഒരാവര്‍ത്തി വായിപ്പിച്ചാല്‍ മാറിയേക്കാവുന്ന നിസ്സാര രോഗമാണത്. സംസ്‌കൃതത്തില്‍ ഗീത വായിച്ച് വികാരങ്ങളെ വിചാരങ്ങളാല്‍ നേരിട്ട, ജര്‍മന്‍ ഭാഷയില്‍ മാര്‍ക്‌സിനെ വായിച്ച, കമ്യൂണിസ്റ്റ് സഹയാത്രികനായ ഓപ്പണ്‍ഹൈമറുടെ മഹത്വവും ജീനിയസ്സും ആറ്റംബോബിന്റെ തിയറി റഷ്യയ്ക്ക് നല്‍കിയില്ല എന്നതിലാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com