സഹാറാ സാമ്രാജ്യത്തിന്റെ വാഴ്ചയും വീഴ്ചയും

സഹാറ ഇന്ത്യ പരിവാര്‍ ചീഫ് ഗാര്‍ഡിയന്‍ സുബ്രതോ റോയിയുടെ സംഭവബഹുലമായ ജീവിതകഥ
സഹാറാ സാമ്രാജ്യത്തിന്റെ വാഴ്ചയും വീഴ്ചയും

ഭൂതകാലത്ത് കഴിഞ്ഞതെല്ലാം ആമുഖമാണെന്ന് പറഞ്ഞത് ഷേക്‌സ്‌പിയറാണ്. സുബ്രതോ റോയ് ജീവിതപുസ്തകമെഴുതിയിരുന്നെങ്കിൽ അതിലെ താളുകളൊന്നും എന്തിന്, വരികൾപോലും വിട്ടുകളയാനാകില്ല. അത്യന്തം സ്‌തോഭജനകമായിരുന്നു ആ ജീവിതം. ലാംബ്രട്ടയിൽനിന്ന് വിമാനങ്ങളിലേക്ക്, ഒടുക്കം തീഹാറിലെ ജയിൽമുറികളിലേക്ക്. അവിശ്വസനീയമായി തോന്നും സുബ്രതോ റോയിയുടെ ജീവിതകഥ. സഹാറ ഇന്ത്യ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് വർക്കറുമായ(അങ്ങനെ അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്) സുബ്രതോയുടെ ജീവിതത്തിൽ എല്ലാം അങ്ങേയറ്റമായിരുന്നു. ഭാഗ്യമായാലും നിർഭാഗ്യമായാലും ആഡംബരമായാലും ദാരിദ്ര്യമായാലും എല്ലാത്തിന്റേയും അങ്ങേയറ്റം അദ്ദേഹത്തിന് അനുഭവിക്കാൻ കഴിഞ്ഞു. ജീവിതം നാടകീയമാണ്, അമാനുഷികമായ അത്ഭുതങ്ങളുടെ കൂടിച്ചേരലുകളാണെന്നത് സത്യമാണ്.

പണം നല്ല സേവകനാണ്, അതേസമയം മോശം യജമാനനുമാണെന്ന് സുബ്രതോ റോയ് പറയുമ്പോൾ അതേറ്റവും വിശ്വസനീയമായി തോന്നും. തീഹാർ ജയിലിൽ കഴിയുന്ന കാലത്താണ് സുബ്രതോ റോയ് ജീവിതമന്ത്രങ്ങൾ എഴുതുന്നത്. മൂന്നു പുസ്തകങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാമത്തെ പുസ്തകമായിരുന്നു ലൈഫ് മന്ത്രാസ്. പണമുണ്ടെങ്കിൽ ജീവിതം സുന്ദരവും ആനന്ദപ്രദവുമാകുമെന്ന് ചിന്തിക്കുന്നവർക്ക് അതല്ല ജീവിതമെന്ന് തന്റെ ജീവിതം സാക്ഷ്യപ്പെടുത്തി അദ്ദേഹം കാണിച്ചുകൊടുക്കുന്നു. ഈ പുസ്തകത്തിൽ അദ്ദേഹം പറയുന്ന ഒരു കഥയുണ്ട്: ഒരാൾക്ക് ആഗ്രഹിക്കുന്നത്രയും സമ്പത്ത് കിട്ടിയെന്നു കരുതുക. അയാളുടെ കൊട്ടാരത്തിന്റെ എല്ലാ വാതിലുകളും അടച്ചിടപ്പെട്ട് ഏകാന്തവാസം അനുഭവിക്കേണ്ടിവരികയാണെങ്കിൽ അധികം വൈകാതെ തന്നെ അയാൾ മനോരോഗത്തിന് അടിപ്പെട്ടിരിക്കും. ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ യഥാർത്ഥ സമാധാനവും സന്തോഷവും നിങ്ങൾക്കു തിരിച്ചറിയാനാകും. ബഹുമാനവും സ്‌നേഹവുമൊക്കെ നേരിടാൻ നിങ്ങൾക്ക് ആരെയും ഈ ലോകത്ത് ആശ്രയിക്കേണ്ടിവരില്ല. അതെല്ലാം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. എല്ലാം നിങ്ങളുടെ കൈയിലാണ്. മുറിവുണക്കാൻ കാലമാണ് അനുയോജ്യമെന്നും സുബ്രതോ ഈ പുസ്തകത്തിൽ പറയുന്നുണ്ട്.

ദാരിദ്ര്യത്തിൽനിന്ന് കോടീശ്വരന്മാരായ സാധാരണ കഥകളേക്കാൾ വഴിത്തിരിവുകളുണ്ട് സുബ്രതോയുടെ കഥയിൽ. ഗൊരഖ്പൂരിൽ സിനിമാറോഡിലെ ഒറ്റമുറി ഓഫീസിൽനിന്ന് വെറും 2000 രൂപയിൽ നിന്നാണ് സുബ്രതോ തന്റെ പടർന്നുപന്തലിച്ച വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. 5,000 സ്ഥാപനങ്ങൾ, റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലാളികളുള്ള (12 ലക്ഷം പേർ) സ്ഥാപനമായി സഹാറ മാറി. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റേയും ഹോക്കി ടീമിന്റേയും ഫോർമുല വണ്ണിന്റേയും സ്‌പോൺസർമാരായിരുന്നു സഹാറ. ശരിക്കുമൊരു സാമ്രാജ്യം. ചിട്ടിയിൽ തുടങ്ങി റിയൽ എസ്റ്റേറ്റിലേക്കും മാധ്യമവ്യവസായത്തിലേക്കും വളർന്നു പന്തലിച്ച സഹാറ ഒരുകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ കോർപറേറ്റ് പേരായിരുന്നു. ഫിനാൻസ്, കൺസ്‌ട്രക്ഷൻ, മീഡിയ, സ്‌പോർട്‌സ്, പവർ, മാനുഫാക്ചറിങ്, ഡിജിറ്റൽ എഡ്യൂക്കേഷൻ എന്നിവയിലൊക്കെ ലക്‌നൗ ആസ്ഥാനമായ ഈ കമ്പനി വളർന്നു. ഇന്ത്യയിലെ 4700 നഗരങ്ങളിൽ കമ്പനിക്കു സാന്നിധ്യമുണ്ടായിരുന്നു.

സുപ്രീംകോടതിയില്‍ ഹാജരാകാനെത്തിയ സുബ്രത റോയ്
സുപ്രീംകോടതിയില്‍ ഹാജരാകാനെത്തിയ സുബ്രത റോയ്

സ്‌കൂട്ടറിൽ തുടങ്ങി ജയിലിലേക്ക്

1948 ജൂൺ 10-ന് ബിഹാറിലെ അരാരിയിൽ സുധീർചന്ദ്ര റോയിയുടേയും ഛബി റോയിയുടേയും മകനായി സുബ്രതോ ജനിച്ചു. ബാല്യകാലം കൽക്കട്ടയിൽ. അച്ഛന് യു.പിയിലെ ദിയോറിയ ജില്ലയിലെ പഞ്ചസാരമില്ലിൽ ജോലി കിട്ടിയതോടെ കുടുംബം ഗൊരഖ്പൂരിലേക്ക് കുടിയേറി. ലാംബ്രട്ട സ്‌കൂട്ടറിൽ പലഹാരങ്ങൾ വിറ്റാണ് റോയി മെക്കാനിക്കൽ എന്‍ജിനീയറിങ് ഡിപ്ലോമ പഠനം പൂർത്തിയാക്കിയത്. 1976-ൽ പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് എന്ന ചിട്ടിക്കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്ക് ചുവടുവച്ചത്. പിയർലെസ് ഗ്രൂപ്പിന്റെ പ്രവർത്തനരീതികളായിരുന്നു മാതൃക. റിക്ഷാവലിക്കുന്നവരും ചെറുകിട വ്യാപാരികളും തൊഴിലാളികളുമായ മൂന്നുകോടി വരുന്നവരിൽനിന്ന് നിക്ഷേപം സ്വീകരിച്ചാണ് അദ്ദേഹം സാമ്രാജ്യം സൃഷ്ടിച്ചത്. ലക്‌നൗ നഗരത്തിന് തലയെടുപ്പായിരുന്നു സഹാറയുടെ ആസ്ഥാനമായ സഹാറ ടവർ. ഏറ്റവും മുകളിലത്തെ നിലയിലെ ആഡംബരപൂർണ്ണമായ ഓഫീസിലിരുന്ന് സുബ്രതോ റോയ് പുതിയ സാമ്രാജ്യങ്ങൾ സ്വപ്‌നം കണ്ടു. ഇതിനിടയിൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നാക്കി. കോർപറേറ്റ് ഘടനകളെ പൊളിച്ചെഴുതി പുതിയ ഫിലോസഫി തന്നെ കൊണ്ടുവന്നു. കളക്‌റ്റീവ് മെറ്റീരിയലിസം എന്നതായിരുന്നു ആ തിയറി. ഭാരതീയതയുടെ പേരിൽ ഒന്നാകണമെന്നും ഇന്ത്യൻ ദേശീയതയാണ് ഹൃദയങ്ങളിൽ വേണ്ടതെന്നും സഹാറ വാദിച്ചു.

ലക്‌നൗവിലെ ഏറ്റവും മുന്തിയ സ്ഥലമായ ഗോമതിനഗറിലാണ് റോയ് തന്റെ കൊട്ടാരവീടായ സഹാറ ഷഹർ ഒരുക്കിയത്. അക്ഷരാർത്ഥത്തിൽ അതൊരു ആഡംബര ടൗൺഷിപ്പായിരുന്നു. ഈ ടൗൺഷിപ്പിനകത്ത് 270 ഏക്കറിലൊരുക്കിയ വീട്ടിലാണ് ഭാര്യയും രണ്ട് മക്കളുമായി സുബ്രതോ റോയ് കഴിഞ്ഞിരുന്നത്. 1995-ൽ മുലായം സിങ് സർക്കാരാണ് ലക്‌നൗ മുനിസിപ്പൽ കോർപറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 170 ഏക്കർ റോയിക്കു നൽകിയത്. ചില നിയമക്കുരുക്കുകളിൽപ്പെട്ടതോടെ 270 ഏക്കറും അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും കിട്ടിയ സ്ഥലത്ത് അദ്ദേഹം വലിയ ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും ആഡംബര ഗസ്റ്റ്ഹൗസുകളും പണിഞ്ഞു. മാളുകളും ഫ്ലാറ്റുകളും കോട്ടേജുകളും അതിൽ പണിതുയർത്തി. ഹെലിപ്പാഡും പെട്രോൾ പമ്പുമടക്കം സർവ്വതും അതിനകത്തുണ്ടായിരുന്നു. ഭാരത് മാതയുടെ ഒരു വലിയ പ്രതിമയാണ് മുൻഗേറ്റിൽ സ്വാഗതം ചെയ്യുക. ആകാശം മുട്ടെ പൊക്കിയുയർത്തിയ മതിൽക്കെട്ടിനുള്ളിൽ ഹെലികോപ്റ്ററുകൾ വന്നിറങ്ങുന്നത് മാത്രം കാണാം. ലിമോസിനുകളിൽ സെലിബ്രിറ്റി അതിഥികൾ ഇവിടേക്ക് ഒഴുകി.

സുബ്രത റോയ്
സുബ്രത റോയ്

1992-ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ദിനപത്രം തുടങ്ങി. പിന്നാലെ സഹാറ ടിവി ചാനലും ആരംഭിച്ചു. 12 ലക്ഷത്തോളം ജീവനക്കാരും ഒൻപതു കോടി നിക്ഷേപകരും സഹാറയ്ക്കുണ്ടായിരുന്നു. ഇത് രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ ഏതാണ്ട് 13 ശതമാനമാണ്.

കരിനിഴൽ വീണ ജീവിതം

1990-കളിൽ രാഷ്ട്രീയ പാർട്ടികളെല്ലാം സഹാറയ്ക്കു പിന്നിൽ അണിനിരന്നു. യു.പിയിലെ മുൻനിര നേതാക്കളുമായെല്ലാം അടുപ്പം സുബ്രതോ റോയിക്കുണ്ടായിരുന്നു. 1985 മുതൽ 1988 വരെ യു.പി മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ്സിലെ വീർ ബഹദൂർ സിങ്ങുമായി അടുത്ത ബന്ധം സുബ്രതോ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മുലായംസിങ് യാദവായി കൂട്ടുകാരൻ. 1992-ൽ സമാജ് വാദി പാർട്ടി രൂപീകരിച്ചപ്പോൾ ആ പാർട്ടിക്കുള്ളിലെ സെലിബ്രിറ്റി സർക്കിളിൽ അമിതാഭ്ബച്ചൻ, അമർസിങ്, അനിൽ അംബാനി എന്നിവർക്കൊപ്പം സുബ്രതോയുമുണ്ടായിരുന്നു. പാർലമെന്റിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ നിർണ്ണായക പങ്കും വഹിച്ചു.

1996-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ലക്‌നൗവിൽ എ.ബി. വാജ്‌പേയിക്കെതിരെ ചലച്ചിത്രതാരം രാജ് ബബ്ബാറിനെ നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രചരണചുമതല ഏറ്റെടുത്തത് സുബ്രതോ റോയിയായിരുന്നു. നിൽക്കാനറിയാവുന്ന ഒരു ബിസിനസുകാരൻ കൂടിയായിരുന്നു അദ്ദേഹം. ആ തെരഞ്ഞെടുപ്പിൽ വാജ്പേയി ജയിക്കുകയും പ്രധാനമന്ത്രിയാകുകയും ചെയ്തു. അതിനുശേഷം ലക്‌നൗവിലെത്തിയ ആദ്യ പരിപാടിയിൽ പ്രസംഗിക്കുമ്പോൾ ആകാശത്തുനിന്ന് പൂക്കൾ വർഷിച്ചത് സഹാറയുടെ ഹെലികോപ്റ്ററുകളായിരുന്നു.

1995 മുതൽ 2006 വരെയുള്ള കാലയളവിൽ ലക്‌നൗവിലേയും സുബ്രതോയുടെ ജീവിതത്തിലേയും ബോളിവുഡ് തിളക്കം കൂടി. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും സൽമാൻ ഖാനും തുടങ്ങി ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും റോയിയുടെ പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കാനെത്തി. 1999-ൽ കല്യാൺ സിങ് നയിക്കുന്ന ബി.ജെ.പി സർക്കാരാണ് സഹാറയ്‌ക്കെതിരേ ആദ്യമായി ഒരു നടപടിയെടുക്കുന്നത്. കയ്യേറ്റ ഭൂമിയാണെന്ന് തെളിഞ്ഞതോടെ സഹാറാ ശഹറിന്റെ മതിൽക്കെട്ടുകൾ ഇടിച്ചുനിരത്താൻ സർക്കാർ ഉത്തരവിട്ടു. പിന്നീട് 2008-ൽ മായാവതി സഹാറ ഷഹറിന്റെ മുകളിലൂടെ ഒരു ഫ്ലൈ ഓവർ നിർമ്മിക്കാൻ ഉത്തരവിടുകയും അതിനായി ഭൂമി ഏറ്റെടുക്കുകയും ചെയ്തു.

വിലാപയാത്ര
വിലാപയാത്ര

തിരിച്ചടി ഇങ്ങനെ

2010-ലാണ് സഹാറ തിരിച്ചടി നേരിട്ടു തുടങ്ങിയത്. രജിസ്റ്റർ ചെയ്യാത്ത കടപത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ സെബി അന്വേഷണം തുടങ്ങി. റോഷൻലാൽ എന്ന നിക്ഷേപകൻ നാലു വർഷം മുൻപ് നൽകിയ പരാതിയായിരുന്നു ഇതിനെല്ലാം അടിസ്ഥാനം. പിന്നീടങ്ങോട്ട് തട്ടിപ്പുകഥകളൊന്നൊന്നായി പുറത്തുവന്നു. ദുരൂഹമായ ഇടപാടുകളിലൂടെ മൂന്നുകോടി നിക്ഷേപകരിൽനിന്ന് 20,000 കോടി സഹാറ സമാഹരിച്ചെന്ന് സെബി കണ്ടെത്തി. .എഫ്‌.സി.ഡി വഴി പുറത്തിറക്കി സമാഹരിച്ച തുക മുഴുവൻ തിരിച്ചുനൽകണമെന്ന് സെബി ആവശ്യപ്പെട്ടു. .എഫ്.സി.ഡി വഴിയുള്ള ധനസമാഹരണത്തില്‍ പൂർണ്ണമായും ഓഹരികളാക്കി മാറ്റണമെന്ന് നിര്‍ബന്ധമില്ല. അന്‍പതോ അതിൽ കൂടുതലോ നിക്ഷേപകരിൽനിന്ന് കടപത്രങ്ങൾ വഴി ധനസമാഹരണത്തിന് സെബിയുടെ അനുമതി വേണമെന്ന നിയമം സഹാറ പാലിച്ചതുമില്ല.

ഇതോടെ സെബിയും സഹാറയും തമ്മിൽ നിയമയുദ്ധവും തുടങ്ങി. 2010 നവംബറിലാണ് രണ്ട് സഹാറാ ഗ്രൂപ്പ് കമ്പനികളെ (സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപറേഷൻ, സഹാറാ ഹൗസിങ് ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ) ഫണ്ട് സമാഹരണത്തിൽനിന്നും വിലക്കിയത്. തുടർന്ന് ഇത് തെറ്റായ ഉത്തരവാണെന്ന് സമർത്ഥിച്ച് കമ്പനി പത്രപരസ്യം നൽകി. സെബി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. .എഫ്‌.സി.ഡി നിക്ഷേപകരുടെ വിവരങ്ങൾ നൽകാൻ സുപ്രീംകോടതി സഹാറയോട് 2011 ജനുവരിയിൽ ആവശ്യപ്പെട്ടു. സഹാറയുടെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കരുതെന്ന് സെബിയും ആർ.ബി.ഐയും പത്രപരസ്യം നൽകി. നിക്ഷേപകരുടെ അപേക്ഷകൾ 2011 മാർച്ച് 18-ന് സഹാറ നൽകി. നിക്ഷേപകരുടെ അപേക്ഷകൾ സെബി ഓഫീസിൽ എത്തിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 127 ട്രക്കുകളിൽ 31,669 കാർട്ടണുകൾ നിറയെ അപേക്ഷാ ഫോമുകൾ. ഒപ്പം രണ്ടു കോടി വൗച്ചറുകളും. മുംബൈ നഗരത്തിനു പുറത്ത് ട്രക്കുകൾ സൃഷ്ടിച്ച ഗതാഗതക്കുരുക്ക് വാർത്തയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു സുബ്രതോ റോയ് സൃഷ്ടിച്ച സാമ്രാജ്യത്തിന്റെ വലുപ്പം. ഏതായാലും 2011 ജൂൺ 23-ന് 15 ശതമാനം പലിശയും ചേർത്ത് പണം തിരികെ നിക്ഷേപകർക്കു നൽകണമെന്ന് സെബി ഉത്തരവിട്ടു. സുപ്രീംകോടതിയിലും സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനേയുമൊക്കെ സഹാറ സമീപിച്ചെങ്കിലും സെബി ഉത്തരവ് നടപ്പാക്കണമെന്നു തന്നെയായിരുന്നു വിധി.

നിക്ഷേപകരിൽനിന്നു സമാഹരിച്ച 24,000 കോടി രൂപ പലിശസഹിതം അവർക്കു തിരികെ നൽകാൻ 2012-ൽ കോടതി ഉത്തരവിട്ടു. കേസിൽ നേരിട്ടു ഹാജരാകാനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കാതെ വന്നതോടെ സുബ്രതോ റോയിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത അഭിഭാഷകൻ റാം ജഠ്മലാനി ഉൾപ്പെടെ കോടതിയിൽ വാദിച്ചെങ്കിലും സുപ്രീംകോടതി വഴങ്ങിയില്ല. ഇങ്ങനെ എല്ലാ വഴികളും അടഞ്ഞതോടെ സുബ്രതോ ലക്‌നൗ പൊലീസിൽ കീഴടങ്ങി. 2014-ൽ സുബ്രതോ റോയി അറസ്റ്റിലായി. സുബ്രതോയുടെ ജയിൽവാസവും ആഡംബരപൂർണ്ണമായിരുന്നു. 57 ദിവസമാണ് സുബ്രതോ ജയിലിൽ കിടന്നത്. ആസ്തി വിറ്റ് സെബിക്കു നൽകുന്നതിനായി ഇടപാടുകാരുമായി ചർച്ച നടത്തുന്നതിന് ശീതികരിച്ച മുറി, ഇന്റർനെറ്റ്, വീഡിയോ, ഫോൺ സൗകര്യം എന്നിവ ഉപയോഗിച്ചു. ഇതിന് 31 ലക്ഷം രൂപ സഹാറാ ഗ്രൂപ്പ് തീഹാർ ജയിലിനു നൽകി. ഓഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ 30 വരെയാണ് പ്രത്യേക സൗകര്യങ്ങൾ ഉപയോഗിച്ചു റോയ് താമസിച്ചത്. റോയിക്ക് ജാമ്യം ലഭിക്കാൻ സെബിയിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ പണം സമാഹരിക്കാനാണ് ഹോട്ടലുകൾ വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതൊന്നും യാഥാർത്ഥ്യമായില്ല.

സുബ്രതോയുടെ മിക്ക സ്വത്തുവകകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചു. മരിച്ചുപോയ അമ്മയുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനായി റോയിക്ക് 2017 മേയിൽ നാലാഴ്ചത്തേക്ക് ആദ്യ ജാമ്യം അനുവദിച്ചു, പിന്നീട് അത് ഒക്ടോബർ 24 വരെ നീട്ടി. അതിനുശേഷം പല കാരണങ്ങളാൽ ജാമ്യം നീട്ടുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ, 2020-, പലിശയും പിഴയും ഉൾപ്പെടെ 62,600 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയില്ലെങ്കിൽ സുബ്രതോയുടെ പരോൾ റദ്ദാക്കുമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2023-ൽ നിക്ഷേപകർക്ക് 45 ദിവസത്തിനുള്ളിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന ഒരു സഹാറ റീഫണ്ട് പോർട്ടലും കേന്ദ്രം ആരംഭിച്ചു. സുബ്രതോയുടെ വാഴ്ചയും വീഴ്ചയും കണ്ട സഹാറാ ഷെഹറിന്റെ വൻകവാടങ്ങൾ ഒരിക്കൽക്കൂടി തുറന്നു. ശ്മശാനം പോലെ വിജനമായി കിടന്ന ഈ ടൗൺഷിപ്പിലേക്ക് ഒരു ദശാബ്ദത്തിനുശേഷം ആളുകളെത്തി. സുബ്രതോയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനുളള ആളുകളായിരുന്നു അത്.

25,000 കോടി രൂപ എന്ന് കിട്ടും? സഹാറ ഗ്രൂപ്പിന്റെ അമരക്കാരൻ സുബ്രത റോയ് വിടവാങ്ങുമ്പോൾ ഈ കമ്പനികളിൽനിന്ന് സെബി പിടിച്ചെടുത്ത 25,000 കോടി രൂപ ഇനി നിക്ഷേപകരിലേക്ക് തിരികെയെത്തുമോ എന്ന ആശങ്കയാണ് സജീവമായത്. ചെറുകിടക്കാരായ 30 ദശലക്ഷം നിക്ഷേപകർക്കാണ് 2012 ഓഗസ്റ്റിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സഹാറ മൂലധനം തിരിച്ചുനൽകേണ്ടത്. ഇത് സെബിയിൽ സഹാറ കെട്ടിവെയ്ക്കുകയും ചെയ്തു. തുടർന്ന് സഹകരണസംഘങ്ങളുടെ സെൻട്രൽ രജിസ്ട്രാർമാർ വഴി റീഫണ്ട് നൽകാൻ 5000 കോടി മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തൊട്ടുപിന്നാലെ കേന്ദ്രസർക്കാർ അതിനുള്ള നടപടികളും തുടങ്ങി.

Sahara Credit Co-operative Society, Saharayn Universal Multipurpose Society, Humara India Credit Co-operative Society, Stars Multipurpose Co-operative Society എന്നിങ്ങനെ നാലു കോർപറേറ്റീവ് സൊസൈറ്റികളാണ് സർക്കാർ രൂപീകരിച്ചത്. mocrefund.crcs.gov.in എന്ന പേരിൽ 26 സംസ്ഥാനങ്ങളിലെ നിക്ഷേപകരെ സഹായിക്കാനായി സർക്കാർ റീഫണ്ട് പോർട്ടൽ വെബ്‌സൈറ്റും തുടങ്ങി. 2002-ലെ സഹകരണ ചട്ടപ്രകാരമാണ് ഈ ഏജൻസികൾ ലക്‌നൗ, ഭോപ്പാൽ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തത്. 18 ലക്ഷം പേർ ഇതിനകം ഈ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, 2023 മാർച്ച് 32 വരെ സഹാറ കെട്ടിവച്ച 25,163 കോടിയിൽ 138 കോടി മാത്രമാണ് നിക്ഷേപകർക്ക് സർക്കാർ നൽകിയത്. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് സെബിക്ക് അപേക്ഷ നൽകിയത് 17,500 പേര്‍. ബാക്കിയുള്ള അക്കൗണ്ടുകളുടെയോ അപേക്ഷകളുടെയോ കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

സെബിയുടെ 2022-2023 കാലയളവിലെ വാർഷിക റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് 53,687 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കിട്ടിയത് 19,650 അപേക്ഷകൾ. ഇതിൽ 48,326 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് 17,526 അപേക്ഷകളിൽ റീഫണ്ട് നൽകി. 67.98 ശതമാനം പലിശസഹിതം 138.07 കോടിയാണ് നൽകിയത്. എന്നാൽ, ബാക്കിയുള്ള അപേക്ഷകളിൽ രേഖകളില്ലാത്തതിനാൽ ഒഴിവാക്കിയെന്നാണ് സെബി പറയുന്നത്. കൃത്യമായ രേഖകളില്ലാത്തതിനാൽ കൊടുക്കാൻ പറ്റാത്ത ഈ പണത്തെക്കുറിച്ചാണ് ചർച്ചകൾ സജീവമായത്. സഹാറയുടെ നിക്ഷേപകരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്. അന്നന്ന് പണിയെടുത്ത് മിച്ചംപിടിച്ചവരുടെ പണമാണ് അവർ ഇതിലേക്കു നിക്ഷേപിച്ചതും. റീഫണ്ട് പണം കിട്ടുമെന്ന് കരുതി മക്കളുടെ കല്യാണം വരെ തീരുമാനിച്ചവരുണ്ട്. പലരും ചികിത്സയ്ക്കു വേണ്ടി ഈ പണം കിട്ടുമെന്ന് പ്രതീക്ഷിച്ചു. കിട്ടാതായപ്പോൾ പലരും ആത്മഹത്യ ചെയ്തു.

ഒപ്പുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും നിക്ഷേപരേഖകൾ കമ്പനി രേഖകളിലില്ലെന്നും പറഞ്ഞ് ഒട്ടേറെ നിക്ഷേപകരുടെ അപേക്ഷകൾ തള്ളുന്നതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമേ സഹാറാ നിക്ഷേപകരുടെ കൂട്ടായ്മയുടെ പ്രസിഡന്റായ അഭയ് ദേവ ശുക്ല സുബ്രതാ റോയിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. റീഫണ്ട് പോർട്ടൽ തുറന്നതോടെ ഒട്ടേറെ കേസുകളിൽനിന്ന് സുബ്രതയ്ക്ക് രക്ഷപ്പെടാൻ നിയമപരമായി സഹായമൊരുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നാണ് അഭയുടെ വാദം. സുബ്രതോയല്ലാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാരും ഇന്ത്യയിലില്ല, പിന്നെ എങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ പണം തിരികെ കിട്ടും. അദ്ദേഹം ചോദിക്കുന്നു. 99 ശതമാനം നിക്ഷേപകർക്കും പണം തിരികെ കിട്ടാൻ പോകുന്നില്ല. പല കാരണങ്ങൾ പറഞ്ഞ് ക്ലെയിമുകളെല്ലാം തള്ളുകയാണ്. ഇത് കൂടാതെ പരമാവധി 10,000 രൂപയാണ് ഇപ്പോൾ നൽകുന്ന റീഫണ്ട് തുകയെന്നും അദ്ദേഹം പറയുന്നു. മധ്യപ്രദേശിൽ മാത്രം ഒന്നരക്കോടി നിക്ഷേപകരുണ്ടെന്നാണ് അഭയ് പറയുന്നത്. ഇവരുടെ കുടുംബാംഗങ്ങളും കൂടിയാകുമ്പോൾ മൂന്നു കോടിയിലധികം ആൾക്കാരെ ഇത് ബാധിക്കും. മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം വരും ഇത്. എന്നാൽ കമ്പനിയുടെ കണക്കിൽ 13 ലക്ഷം പേർ മാത്രം.

യു.പിയിൽ 85 ലക്ഷം പേരാണ് സഹാറയിൽ നിക്ഷേപിച്ചത്. ഏകദേശം 22,000 കോടി രൂപ. ബിഹാറിൽ 55 ലക്ഷം, ജാർഖണ്ഡിൽ 24 ലക്ഷം, രാജസ്ഥാനിൽ 18 ലക്ഷം, ഒഡിഷയിൽ 20 ലക്ഷം, ബംഗാളിൽ 14 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപകരുടെ എണ്ണം. ഗുജറാത്തിലും ആസാമിലും എട്ട് ലക്ഷം നിക്ഷേപകരുണ്ട്. ഛത്തീസ്ഗഡിൽ ആറു ലക്ഷവും ഹരിയാനയിലും ഡൽഹിയിലും അഞ്ച് ലക്ഷവും നിക്ഷേപകരുണ്ട്. ആന്ധ്ര-തെലങ്കാന മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നാലു ലക്ഷം നിക്ഷേപകരുണ്ട്. റെക്കോഡുകളില്ലെന്ന പേരിൽ ഭൂരിഭാഗം ക്ലെയിമുകളും തള്ളുകയാണെന്ന് ബിഹാറിലെ മുസഫർപൂരിലെ സഹാറാ ഏജന്റ് ശങ്കർ പണ്ഡിറ്റ് പറയുന്നു. എന്റെ ഗ്രാമത്തിലെ 550 പേരാണ് റീഫണ്ടിനായി അപേക്ഷിച്ചത്. 45 ദിവസത്തിനകം പണം കിട്ടുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. 100 ദിവസം കഴിഞ്ഞിട്ടും ആർക്കും പണം കിട്ടിയില്ല. 13,600 പേർ അംഗങ്ങളായ സഹാറ നിവേഷക് മോർച്ച എന്ന പേരിൽ ഫെയ്‌സ്ബുക്ക് കമ്യൂണിറ്റി പേജുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com