ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്സിനു മുന്നില്‍ 

എന്തൊരു സഹനസമരമായിരുന്നു ആ ദാമ്പത്യം. ഒരുമാത്ര ജെന്നി, മൂറിനെക്കാള്‍ മുന്നിലാണെന്ന് എനിക്കു തോന്നി
ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്സിനു മുന്നില്‍ 

വേനല്‍ക്കാലമായിരുന്നെങ്കിലും അന്ന് ലണ്ടനിലെ പ്രഭാതം സാമാന്യം തണുപ്പുള്ളതായിരുന്നു. ലണ്ടന്‍ വിക്ടോറിയ സ്റ്റേഷനില്‍ എത്തുമ്പോള്‍, കൂട്ടിനൊരു ചാറ്റല്‍മഴയുമുണ്ടായിരുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം നിറവേറ്റാനുള്ള യാത്രയിലായിരുന്നു. മുന്‍പ് കാറള്‍ മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അടുത്തവര്‍ എഴുതിയ ഒരപൂര്‍വ്വ പുസ്തകം വായിച്ചതു മുതല്‍. ഈ ആഗ്രഹം തീക്ഷ്ണമായി. ഇതിനുമുന്‍പ് ലണ്ടനില്‍ വന്നപ്പോള്‍ ആ ആഗ്രഹം നടക്കാതെ പോയി. അന്നത്തെ ലണ്ടന്‍ അനുഭവം ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടാതിരുന്നതും അതുകൊണ്ടായിരുന്നു. എന്നാല്‍, അതിനു കരുതിവെച്ച ദിവസം വന്നപ്പോള്‍, അല്ലറചില്ലറ ശാരീരികാസ്വാസ്ഥ്യങ്ങള്‍ മറന്ന് ഞാന്‍ ഉഷാറായി.

നോര്‍ത്ത് ലണ്ടനിലേയ്ക്കുള്ള യാത്രതന്നെ നല്ലൊരു അനുഭവം. അത്ഭുതമെന്നു പറയാവുന്ന ഭൂഗര്‍ഭ റെയില്‍വേയിലൂടെ, പല വണ്ടികള്‍ മാറിമാറിക്കയറി ‘ഹൈഗേറ്റി’നടുത്ത സ്റ്റേഷനിലിറങ്ങി. റോഡ് മുറിച്ചുകടന്ന്, ഒരു പാര്‍ക്കിലൂടെ കുറച്ചുനേരം യാത്ര. പിന്നെ ഹൈഗേറ്റ് സെമിത്തേരിയിലേക്കു കടന്നു. ഇനി എവിടെയാണ് മാര്‍ക്‌സിന്റെ ശവകുടീരം. ഞങ്ങളെ നയിച്ചത് മകള്‍ നിത്യയും അമൃതരാജുമായിരുന്നു. അവരുടെ മൊബൈല്‍ ‘സര്‍വ്വജ്ഞാനി’യാണല്ലോ. പുതിയ തലമുറയില്‍ എല്ലാം എളുപ്പം. ഓരോ നിമിഷവും എനിക്ക് ആകാംക്ഷയായിരുന്നു. കൂടെയുണ്ടായിരുന്ന പേരമക്കള്‍ ഹൃഷികേശിനും ഇഷാനിക്കും ഈ നടത്തത്തിനിടെ, ഇങ്ങനെയൊരു മനുഷ്യാത്ഭുതത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചു. അവര്‍ എന്നെ സഹിക്കുകയാണെന്ന് എനിക്കു മനസ്സിലായി. സാരമില്ല. മനസ്സിലെ ഉദ്വിഗ്നതയ്ക്ക് ഒരു പ്രകാശനം ആവശ്യമായിരുന്നു. മാര്‍ക്‌സിന്റെ ശ്മശാന സ്തൂപത്തിന്റെ ചിത്രവും വിവരണവും വായിച്ചിരുന്നതുകൊണ്ട് വ്യക്തമായ ഓര്‍മ്മ മനസ്സിലുണ്ടായിരുന്നു.

ലേഖകന്‍ മാര്‍ക്സിന്റെ സ്മാരകത്തിനു മുന്നില്‍
ലേഖകന്‍ മാര്‍ക്സിന്റെ സ്മാരകത്തിനു മുന്നില്‍

മഴ മാറി. പെട്ടെന്ന് ഒരു തിരിവ് കഴിഞ്ഞപ്പോള്‍ കാറള്‍ മാര്‍ക്‌സിന്റെ സ്മാരക സ്തൂപം. കുറേനേരം ആ മുഖം നോക്കിനിന്നു. ചുറ്റും മരങ്ങളും വള്ളികളും ചെടികളും നിറഞ്ഞുനില്‍ക്കുന്നു. വഴുക്കുള്ള മാര്‍ബിള്‍ തലം. കുറച്ചു മുന്‍പെ പെയ്ത മഴ നിന്നു. അദ്ദേഹത്തിന്റെ ശിരസ്സ് നില്‍ക്കുന്ന സ്തൂപത്തില്‍ ഏറ്റവും മുകളില്‍ “എല്ലാ രാജ്യങ്ങളിലേയും തൊഴിലാളികളെ ഒന്നുചേരുവിന്‍” എന്നെഴുതിയിട്ടുണ്ട്. പിന്നെ അതിനു താഴെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാചകവും. “ദാര്‍ശനികര്‍ ലോകത്തെ പലവിധത്തിലും വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാല്‍, ലോകം എങ്ങനെ മാറ്റിയെടുക്കാം എന്നതാണ് പ്രശ്നം.” ഇതൊക്കെ വായിച്ചും ഓരോന്ന് ഓര്‍ത്തും ആ നനഞ്ഞ പ്രഭാതത്തില്‍ അവിടെ കുറേനേരം നിന്നു. നേരത്തെ പറഞ്ഞ ഓര്‍മ്മപ്പുസ്തകം മാര്‍ക്‌സിന്റെ വ്യക്തിജീവിതം അടുത്തറിഞ്ഞവര്‍ എഴുതിയത് ആയിരുന്നതിനാല്‍, ആ മനുഷ്യന്റെ ജീവിതാനുഭവങ്ങളുടെ തീക്ഷ്‌ണത അറിഞ്ഞിരുന്നു. പണ്ട് അദ്ധ്യാപനകാലത്ത്, മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ പഠിച്ചപ്പോഴും പഠിപ്പിച്ചപ്പോഴുമൊന്നും തോന്നാതിരുന്ന ഒരു സാത്മ്യം അദ്ദേഹത്തോട് എനിക്കു തോന്നിയിരുന്നു. ഇപ്പോള്‍ ആ പ്രതിമയുടെ മുന്നില്‍ നിന്നപ്പോള്‍ ‘മൂര്‍’ (അങ്ങനെയായിരുന്നു അദ്ദേഹത്തെ അടുത്ത വൃത്തങ്ങള്‍ വിളിച്ചിരുന്നത്) നീ എന്റേതായി. ഞാനറിഞ്ഞ നിന്റെ സകല സിദ്ധാന്തങ്ങളെക്കാളും നിന്നെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച് ഏറെയും തോറ്റ പടുക്കളെക്കാളും നിന്റെ മറവില്‍നിന്ന്, അധികാരം കയ്യടക്കിയവരെക്കാളുമൊക്കെ നീ എനിക്ക് പ്രിയങ്കരനായി.

മൂറി’നോട് എനിക്ക് നിസ്സീമമായ അലിവാണ് തോന്നിയത്; നിന്റെ പേരില്‍ നടക്കുന്ന വ്യവഹാരങ്ങളോട് അസഹിഷ്ണുതയും. ഉപജീവനത്തിന് വഴിയില്ലാതെ, വാടകയ്ക്കും വസ്ത്രത്തിനും ഗതിയില്ലാതെ നാടുവിട്ട് നാട് തേടി അലഞ്ഞ്, ലണ്ടനില്‍ വന്നുചേര്‍ന്ന നിന്റെ പേരില്‍ പല വഴിക്കും അതിജീവനവും ഉപജീവന അധികാരവും നടത്തുന്നവരുടെ നാട്ടില്‍നിന്നാണ് മാര്‍ക്‌സ്, ഞാനിവിടെ എത്തിയത്. നിന്നെക്കുറിച്ച് ഒരു പ്രബന്ധം ഇവിടെ അവതരിപ്പിക്കാനുള്ള മനസ്സ് എനിക്കില്ല. ആ കച്ചവടവും ഞങ്ങളുടെ കേരളത്തില്‍ നിറഞ്ഞാടുന്നുണ്ട്. അതൊക്കെ തല്‍ക്കാലം വിടാം. ഇവിടെ നടക്കുന്നത് നിന്റെ ദുരിതകാല ജീവിതത്തെക്കുറിച്ച് ആത്മബന്ധമുള്ളവര്‍ എഴുതിയ കുറിപ്പുകളിലെ ചില സംഗതികള്‍ പലരേയും അറിയിക്കാനുള്ള ശ്രമമാണ്. ഒരു വിപ്ലവകാരിയുടെ സ്വകാര്യ ദൈന്യങ്ങള്‍. ഹൈഗേറ്റില്‍നിന്ന് നിന്റെ മുഖം നോക്കിയപ്പോള്‍ അതൊക്കെ എന്റെ മനസ്സിലൂടെ കടന്നുപോയതുകൊണ്ടാണ് നീയും നിന്റെ കുടുംബവും എനിക്ക് പ്രിയപ്പെട്ടവരാകുന്നത്. നിന്റെ സിദ്ധാന്തങ്ങളും നിന്നെക്കുറിച്ച് എഴുതപ്പെട്ടതൊക്കെയും തരാത്ത ഒരു സാത്മ്യത്തിലാണ് ഞാനിപ്പോള്‍. മാര്‍ക്‌സിന്റെ ഭാര്യ ജെന്നി വോണ്‍ വെസ്റ്റ് ഫാലന്‍, മാര്‍ക്‌സ്, പേരമകന്‍ ഹാരിലാന്‍ഗ്വ, ഒരു മകളായ എലീനര്‍ മാര്‍ക്‌സ് പിന്നെ കുടുംബാംഗത്തെപ്പോലെത്തന്നെ അവര്‍ സ്വീകരിച്ചിരുന്ന ഹെലീന ഡെമ്യൂത്ത് (ലഞ്ചന്‍) എന്നിവരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. ജെന്നി, മാര്‍ക്‌സിനു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പെ (1881). മാര്‍ക്ക് 1883-ലും പ്രിയപ്പെട്ട പേരമകന്‍ ഹാരി അതേ വര്‍ഷം നാലുമാസങ്ങള്‍ കഴിഞ്ഞ്. ലഞ്ചന്‍ എന്ന് അവര്‍ വിളിച്ചിരുന്ന ഹെലീന 1890-ലും. മരണത്തിനു മുന്‍പെ മാര്‍ക്‌സ് ദമ്പതിമാര്‍, ലഞ്ചനെ കുടുംബ ശ്മശാനത്തില്‍ത്തന്നെ അടക്കണമെന്ന് പറഞ്ഞിരുന്നു. അതു ചെയ്തത് മാര്‍ക്‌സിന്റെ ആത്മസുഹൃത്തായ ഏംഗല്‍സും.

മാര്‍ക്‌സിന്റെ കുടുംബത്തിലെ എല്ലാവരും മരണാനന്തരം അടക്കം ചെയ്യപ്പെട്ടത് ഇവിടെയായിരുന്നില്ല. നേരത്തെ മരിച്ച മൂന്നു മക്കള്‍ ലണ്ടനിലെ മറ്റു സിമത്തേരികളിലായിരുന്നു അടക്കം ചെയ്യപ്പെട്ടത്. ‘മുഷ്’ എന്ന പേരില്‍ വിളിക്കപ്പെട്ടിരുന്ന എഡ്ഗര്‍ ടോട്ടന്‍ ഹാമിലെ വൈറ്റ്ഫീല്‍ഡ് ചാപ്പലില്‍ അന്ത്യവിശ്രമംകൊണ്ടു. മാര്‍ക്‌സിനേറ്റവും പ്രിയപ്പെട്ട ജെന്നി മാര്‍ക്‌സ് അടക്കം ചെയ്യപ്പെട്ടത് പാരീസിനടുത്ത് ആര്‍ഗറ്റ്യൂല്‍ എന്ന സ്ഥലത്തായിരുന്നു. ജീവിതത്തിന്റെ വസന്തകാലത്തുതന്നെ കൊഴിഞ്ഞുവീണ, ആ മകളുടെ മരണം മൂറിന് എന്നും വേദനയായിരുന്നു. എന്നാലും മാര്‍ക്‌സിന്റെ ഭാര്യ ജെന്നി വോണ്‍ വെസ്റ്റ് ഫാലനെ വിവാഹശേഷം പരിചയിക്കാന്‍ അവരുടെ അമ്മ കൂടെ അയച്ച ഹെലീനയ്ക്കായി ഇവിടെ ഒരു സ്ഥലം നേരത്തെ ഒരുക്കിയിരുന്നു. ജീവിതത്തില്‍ എല്ലാം ഉപേക്ഷിച്ച അവര്‍, ഈ അപൂര്‍വ്വ കുടുംബത്തെ സകല ദുരിതങ്ങളിലൂടെയും സേവിച്ച് അവരുടെ കാലശേഷം ഏംഗല്‍സിനൊപ്പം ജീവിച്ചു.

1881 ഡിസംബര്‍ രണ്ടിനായിരുന്നു ജെന്നിയുടെ മരണം. തുടര്‍ന്ന് മൂത്തമകളും മരിച്ചു. മാര്‍ക്‌സിന്റെ പിന്നീടുള്ള ഹ്രസ്വകാല ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. മാര്‍ക്‌സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിപ്ലവം ചിന്തയും സ്നേഹവും തമ്മിലുള്ള സംഗമമായിരുന്നു. നിരന്തരമായ സ്‌ഫോടനാത്മക ചിന്തകള്‍. അതിലുപരി ഭാര്യയും മക്കളും അലിഞ്ഞുചേര്‍ന്ന സ്നേഹം. മാര്‍ക്‌സും ഭാര്യയും അത്യപൂര്‍വ്വ കുടുംബമായിരുന്നെന്ന്, അദ്ദേഹത്തിന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജെന്നിയുടെ മരണത്തോടെ മൂര്‍ തളര്‍ന്നു. ജെന്നിയില്ലാതെ ഒരു മാര്‍ക്‌സ് അസാധ്യമായിരുന്നു. ഇതേറ്റവും അറിയാവുന്നത് മാര്‍ക്‌സിനുതന്നെയായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സാമ്പത്തിക തകര്‍ച്ച. നിത്യരോഗങ്ങള്‍, ഒന്നൊന്നായി മക്കളുടെ മരണങ്ങള്‍, കുട്ടികളുടെ ശവസംസ്കാരത്തിനുപോലും പണമില്ലായ്മ, വാടകക്കാരന്റേയും കടക്കാരന്റേയും ഭീഷണി. അപ്പോഴൊക്കെ കൂടെ ജെന്നിയും ലഞ്ചനും മാത്രം. അല്പം പണം ഒത്തുകിട്ടിയാല്‍, ഓഫീസ് വിട്ട് ഓടിയെത്തി, മൂറിനെ സഹായിക്കുന്ന ഏംഗല്‍സ് അഥവാ മാര്‍ക്‌സ് കുടുംബത്തിന്റെ ‘ജനറല്‍’. പട്ടാളച്ചിട്ടക്കാരനായിരുന്ന ഫ്രെ‍ഡറിക് അവര്‍ക്ക് ‘ജനറല്‍’ ആയിരുന്നു.

1881 ഡിസംബര്‍ 2-ാം തീയതി ജെന്നി മാര്‍ക്‌സ് ശാന്തമായി മരിച്ചു; ആ ജീവിതം പോലെ ശാന്തമായി. മരണം അടുത്തെന്നറിഞ്ഞ അവര്‍ മെല്ലെ മന്ത്രിച്ചു: “കാള്‍ എന്റെ ശക്തി ഇല്ലാതാവുന്നു” അവരുടെ മനസ്സിലാക്കാവുന്ന വാക്കുകള്‍ ഇതുമാത്രമായിരുന്നു. 1881 ഡിസംബര്‍ 5-ാം തീയതി അവരെ ഹൈഗേറ്റിലെ ഏതാണ്ട് അജ്ഞാതമായ ഈ സ്ഥലത്ത് നിത്യനിദ്രയ്ക്കായി കിടത്തി. ചില ചങ്ങാതിമാരൊഴികെ ആരും അന്ത്യയാത്രയിലില്ലായിരുന്നു. അതൊരു പൊതുചടങ്ങുമല്ലായിരുന്നു. മാര്‍ക്‌സിന്റെ അടുത്ത സ്നേഹിതന്‍ ഏംഗല്‍സ് അവിടെ അന്ത്യഭാഷണം നടത്തി. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം മൂറിന്റെ മൂത്തമകളും മരിച്ചു. പിന്നെ, മാര്‍ക്‌സ് ഒരിക്കലും ജീവിതത്തിന്റെ ഒഴുക്കുകളിലേയ്ക്കു തിരിച്ചുവന്നില്ല. രോഗം, ദുരിതം, ഒറ്റപ്പെടല്‍. ഒരു വിപ്ലവകാരിയുടെ ഭൗതിക ദൈന്യം.

ഫെഡ്രറിക് ഏംഗല്‍സ്
ഫെഡ്രറിക് ഏംഗല്‍സ്

ഏംഗല്‍സ് എഴുതി: “1883 മാര്‍ച്ച് 14-ന് ഉച്ചയ്ക്ക് മൂന്നു മണിയാവാന്‍ പതിനഞ്ചു മിനിറ്റുകള്‍ ഉള്ളപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ചിന്തകന്‍ ചിന്തിക്കാതായി.” ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു മാര്‍ക്‌സ്. അടുത്തുള്ളവര്‍ ഒരുപക്ഷേ, രണ്ടോ മൂന്നോ നിമിഷങ്ങള്‍ മാത്രമായിരുന്നു വിട്ടുനിന്നത്. അവര്‍ വന്നപ്പോള്‍ മാര്‍ക്‌സ് ഉറങ്ങിയിരുന്നു, എന്നെന്നേയ്ക്കുമായി. ഹൈഗേറ്റ് ശ്മശാനത്തിലെ മാര്‍ക്‌സിന്റെ പ്രതിമയില്‍നിന്നും എനിക്കു കിട്ടിയ പ്രചോദനം അദ്ദേഹത്തിന്റെ മഹാസിദ്ധാന്തങ്ങളുടേതായിരുന്നില്ല. അതൊക്കെ മനുഷ്യവികസനത്തിന്റെ പരിണാമവ്യാകരണങ്ങളായിരുന്നല്ലോ. ഞാനോര്‍ത്തത്, മാര്‍ക്‌സ് എന്ന മനുഷ്യന്‍ എത്രമാത്രം കഷ്ടപ്പെട്ടാണ് തന്റെ രചനകളിലും വിപ്ലവപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടത് എന്നതായിരുന്നു.

ഇന്നത്തെ മാര്‍ക്‌സിസ്റ്റുകള്‍ അറിയേണ്ട ആ കഥയിലേക്ക് ഒരു ചെറുദര്‍ശനം തരുന്നത് ജെന്നി മാര്‍ക്‌സ് എഴുതിയ കുറിപ്പുകളില്‍നിന്നും അവര്‍ ജോസഫ് വെയ്ഡെ മെയറിനെഴുതിയ ചില കത്തുകളില്‍നിന്നുമാണ്. ഏതാണ്ട് 1865 കാലത്ത് എഴുതിയ ആ കത്തുകളും ആത്മകഥാകുറിപ്പുകളുമായിരുന്നു, മാര്‍ക്‌സിന്റെ ജീവിതത്തിലെ ഭൗതികദുരിതങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഏറെയൊന്നും വായനക്കാരില്‍ അതെത്തിയിരുന്നില്ല. മാര്‍ക്‌സ് സുഖലോലുപനായി ജീവിക്കുകയാണെന്ന ദുരാരോപണം ഒരുപക്ഷത്തുനിന്നുണ്ടായപ്പോള്‍, സത്യാവസ്ഥ അറിയിക്കാന്‍ വിശ്വസ്തയായ ഭാര്യയുടെ ആത്മാര്‍ത്ഥ ശ്രമമായിരുന്നു അത്. മാര്‍ക്‌സിന്റെ പ്രസിദ്ധീകരണങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് തകര്‍ന്നത്, പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ പൊലീസ് കയറിവന്ന് അറസ്റ്റുകള്‍, രാജ്യാന്തര പലായനങ്ങള്‍ എന്നിവയെല്ലാം അവര്‍ ആ കുറിപ്പില്‍ ഓര്‍മ്മിച്ചെഴുതുന്നു. ഇതിനൊക്കെ ഉപരി മക്കളുടെ മാറിമാറി വരുന്ന രോഗങ്ങള്‍. വാടക കൊടുക്കാനില്ലാത്ത സ്ഥിതിയില്‍, വീട്ടുടമസ്ഥ ഭക്ഷണവും അവിടെ താമസത്തിനുള്ള അധികാരവും നിഷേധിക്കുന്നു. നാലു കുട്ടികളേയുംകൊണ്ട് ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയംതേടുന്നു. 1850-കളിലെ ഏതാനും വര്‍ഷങ്ങള്‍ ആ കുടുംബത്തിന്റെ ദുരിതം പാരമ്യത്തിലെത്തിയ വര്‍ഷങ്ങളായിരുന്നു. വിപ്ലവപ്രവര്‍ത്തനം ആരോപിച്ച് മാര്‍ക്‌സിന്റെ കുറേ കൂട്ടുകാരെ അറസ്റ്റുചെയ്ത് ജയിലിലാക്കി. അവരുടെ ഒരു മകന്‍ രോഗം ബാധിച്ചു മരിച്ചു.

1852 ഫ്രാന്‍സിസ്‌ക എന്ന അവരുടെ മകള്‍ ഗുരുതരമായി ന്യൂമോണിയ ബാധിച്ചു മരിച്ചു. ആ പിഞ്ചു മൃതദേഹം പിന്‍മുറിയില്‍ കിടത്തി അവര്‍ മുന്‍ഭാഗത്ത് നിലത്ത് കിടയ്ക്കവിരിച്ചു കിടന്നു. ഉറക്കമില്ലാത്ത കാളരാത്രി. സഹായിക്കാനാരുമില്ല. തൊട്ടടുത്തുണ്ടായിരുന്ന ഒരു ജര്‍മന്‍ കുടിയേറ്റക്കാരന്റെ വീട്ടിലേയ്ക്ക് ജെന്നി ഓടിച്ചെന്ന് എന്തെങ്കിലും തരണമെന്ന് യാചിച്ചു. അയാള്‍ നല്‍കിയ രണ്ട് പൗണ്ട് വലിയ സഹായമായാണ് ആ സമയത്തു തോന്നിയത്. അതുകൊണ്ട് വാങ്ങിയ ശവപ്പെട്ടിയിലാണ് ആ കുഞ്ഞിനെ ഭൂമിക്കേല്പിച്ചത്. “ജനിച്ച ആ കുട്ടിക്ക് ഒരു കളിത്തൊട്ടില്‍ ഇല്ലായിരുന്നു. മരിച്ചപ്പോള്‍ കുറേ നേരത്തേക്ക് ഒരു ശവപ്പെട്ടിയും” - ജെന്നിയുടെ കുറിപ്പിലെ ഹൃദയഭേദകമായ വരികള്‍ ഇങ്ങനെ.

ജെന്നി മാര്‍ക്സ്
ജെന്നി മാര്‍ക്സ്

1850-കളുടെ ആരംഭത്തില്‍ ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രൈബ്യൂണില്‍ മാര്‍ക്‌സിന്റെ ലേഖനങ്ങള്‍ സ്ഥിരമായി വന്നതോടെ, സാമാന്യം ദാരിദ്ര്യമുക്തമായ ജീവിതത്തെക്കുറിച്ച് ജെന്നി എഴുതുന്നു: വൈകാതെ ദുരിതം ആ കുടുംബത്തിലേക്കു വീണ്ടും എത്തി. മാറാത്ത ഒരു രോഗം കുഞ്ഞ് എഡ്ഗറിനെ ബാധിച്ചു. ഒരു വര്‍ഷം നല്ല ചികിത്സ കിട്ടാതെ കിടന്ന എഡ്ഗറിന്റെ മരണം ആ ദമ്പതികളെ ആകെ തളര്‍ത്തി. ജെന്നിയുടെ ഭാഷയില്‍ മൂര്‍ ആകെ തകര്‍ന്ന നിലയില്‍. വസ്ത്രങ്ങള്‍ വരെ പണയമായ നാളുകള്‍. പാല്‍ക്കാരനും റൊട്ടിക്കാരനും വാടകക്കാരും അകത്തുള്ള മഹാപ്രതിഭയെ തേടി പണത്തിനായി ശല്യപ്പെടുത്തിയ നാളുകള്‍. ഇതൊന്നുമായിരുന്നില്ല ജെന്നിയുടെ പ്രശ്നം. അവര്‍ എഴുതി: “മൂറിന്റെ എഴുത്തും ചിന്തയും തകരാറിലാക്കുന്ന ദൈനംദിന പ്രശ്നങ്ങള്‍ സഹിക്കവയ്യാതായി.” ട്രൈബ്യൂണിലെ ലേഖനങ്ങളില്‍ പലതിനും അവര്‍ പണം നല്‍കാതായി. കുടുംബ ബജറ്റ് ആകെ താളം തെറ്റി. അതിനിടയില്‍ അവരുടെ ഏഴാമത്തെ സന്തതി ജനിച്ച ഉടനെ മരിച്ചു. ട്രൈബ്യൂണില്‍നിന്നുള്ള വരുമാനം പൂര്‍ണ്ണമായും നിര്‍ത്തുന്നതായി അവര്‍ അറിയിച്ചു.

ഈ സമയത്തായിരുന്നു മാര്‍ക്‌സിനെ ഗുരുതരമായൊരു രോഗം ബാധിച്ചത്. അതില്‍നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടുവന്നപ്പോള്‍ ‘ക്യാപിറ്റലി’ന്റെ പ്രസിദ്ധീകരണത്തിനായി പബ്ലിഷറെ കണ്ടെത്തലായിരുന്നു പ്രശ്നം. അതിനായി കഠിനശ്രമം തുടങ്ങി. ഊഹിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ് അദ്ദേഹം തന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും പൂര്‍ത്തിയാക്കിയിരുന്നത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ മൂലധനം ദാരിദ്ര്യവും കുടുംബദുരിതങ്ങളുമായിരുന്നു. ഇതിനിടയിലും തന്റെ പഠനമുറിയില്‍ ഏംഗല്‍സിനൊപ്പം മണിക്കൂറുകള്‍ നടന്ന്, ഗവേഷണപ്രബന്ധങ്ങളുടെ ഘടനയും നിഗമനങ്ങളും ഭാഷയും ശുദ്ധീകരിക്കുമായിരുന്നു. ഒപ്പംതന്നെ നീണ്ട പകലുകള്‍ ലണ്ടനിലെ ലൈബ്രറിയിലും ചെലവഴിക്കും. മൂറിനെ കഴിയുന്നത്ര ഒന്നും അറിയിക്കരുതെന്നായിരുന്നു ജെന്നിയുടെ നിശ്ചയം. മാഞ്ചസ്റ്ററിലെ തന്റെ ജോലിയില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ പരമാവധി മൂറിന്റെ വീട്ടിലെത്തിച്ച് ആ കുടുംബത്തെ മുഴുപട്ടിണിയില്‍നിന്നു രക്ഷിക്കാന്‍ ഏംഗല്‍സ് ശ്രദ്ധിച്ചു. ഒപ്പം തന്നെ തന്റെ നിരീക്ഷണങ്ങളുടെ മൂര്‍ച്ച ഉപയോഗിച്ച് മാര്‍ക്‌സിന്റെ പഠനങ്ങളെ ശുദ്ധീകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ‘മൂലധന’ത്തിന്റെ രൂപപ്പെടുത്തലില്‍ ഏംഗല്‍സും ഉണ്ടായിരുന്നു. എന്നാല്‍, പുസ്തകചട്ടയിലൊന്നും തന്റെ പേര് വരരുതെന്ന് അദ്ദേഹം നിര്‍ബ്ബന്ധിക്കുകയും ചെയ്തിരുന്നു. തന്റെ സ്വര്‍ണ്ണാഭരണങ്ങളും ഫര്‍ണിച്ചറും എന്തിന്, അത്യാവശ്യത്തിനൊഴികെയുള്ള വസ്ത്രങ്ങളും വരെ വില്‍ക്കേണ്ടിവന്നതിന്റെ ദുരിതം ജെന്നി വെയ്ഡ്‌മയ്റെ അറിയിച്ചു.

ദുരിതപൂര്‍ണ്ണമായ അക്കാലത്തെ ഒരു ദിവസമാണ് അതേപടി അവര്‍ ആ കത്തില്‍ ചേര്‍ത്തത്. മാര്‍ക്‌സിന്റെ പേരില്‍ രാഷ്ട്രീയ വ്യവഹാരത്തില്‍ ലാഭം കൊയ്യുന്ന നമ്മളില്‍ പലരും ഇത് വായിക്കണം. ആ വിശ്വസ്തയായ ഭാര്യയുടെ വരികള്‍ മതി, കാര്യവിവേചനശേഷിയുണ്ടെങ്കില്‍ മാര്‍ക്‌സിന്റെ പേരില്‍ ജീവിതം കാര്‍ണിവലാക്കി മാറ്റുന്ന പലര്‍ക്കും ഒരു ആത്മവിചാരണ നടത്താന്‍. ഒരുദിവസം വിശന്ന കുഞ്ഞ് അമ്മയുടെ മുലപ്പാല്‍ ആര്‍ത്തിയോടെ കുടിച്ചതും തൊലിപൊട്ടി രക്തം കുഞ്ഞിന്റെ വായിലായതും ഹൃദയഭേദകമായ ഭാഗമാണ്. ഈ സമയത്താണ് വീട്ടുടമയ്ക്ക് മാര്‍ക്‌സ് കുടുംബം നല്‍കാനുള്ള അഞ്ചു പൗണ്ടിനായി ആള്‍ വരുന്നതും. പണം നല്‍കിയവര്‍ വീടുകയറിവന്ന് തുണി, കിടക്ക തുടങ്ങി സകല വകകളും കൂട്ടത്തില്‍ മകളുടെ ആട്ടുതൊട്ടിലും കളിപ്പാട്ടങ്ങളും എല്ലാം എടുത്ത് സ്ഥലംവിട്ടു. കളിപ്പാട്ടം നഷ്ടപ്പെട്ട മകള്‍ ഉറക്കെ കരഞ്ഞ് ഒരു മൂലയിലിരുന്ന രംഗം മറക്കാനാവുന്നില്ല. തണുത്തു മരവിച്ച് കുട്ടികളേയുംകൊണ്ട് ജെന്നിക്ക് നിലത്തുകിടക്കേണ്ടിവന്നു.

എലനോര്‍ മാര്‍ക്സ്
എലനോര്‍ മാര്‍ക്സ്

പിറ്റേന്ന് മാര്‍ക്‌സ് വീടുതേടി നടന്നെങ്കിലും നാലുകുട്ടികളുള്ള ഒരു കുടുംബത്തിന് വീട് നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. പിന്നെ ഒരു വീട് കിട്ടിയപ്പോള്‍ കിടക്കകളും അത്യാവശ്യത്തിനുള്ള തുണികളുമൊഴികെ ബാക്കി തുണികളും എല്ലാം വിറ്റ് പാല്‍ക്കാരനും അപ്പക്കടയ്ക്കും ഉള്ളതൊക്കെ കടം വീട്ടി അവര്‍ വീടുവിട്ടിറങ്ങി. ഒരു മഹാവിപ്ലവകാരിയുടെ പിച്ചക്കാരനായുള്ള യാത്ര. മാര്‍ക്‌സിനെക്കുറിച്ച് പൊതുവെ പറഞ്ഞറിഞ്ഞ കഥകളിലൊന്നും ഈ ദുരിതപര്‍വ്വം ഇല്ലായിരുന്നു. നാലു കുട്ടികളും ഭാര്യയും ലഞ്ചനുമായി സൂര്യാസ്തമയമായപ്പോള്‍ കാറള്‍ മാര്‍ക്‌സ് എന്ന മഹാമനുഷ്യന്‍, വിപ്ലവത്തിനു വ്യാകരണമെഴുതിയ മഹാപ്രതിഭ ശൂന്യമനസ്സുമായി വീടുവിട്ടിറങ്ങി. ഇതില്‍ അതിശയോക്തിയില്ല. അനുഭവം പറഞ്ഞത് ജെന്നി മാര്‍ക്‌സ് തന്നെയാണ്. ഇത്തരം ദിനസരിദുരിതങ്ങള്‍ വലിയൊരു പരിവര്‍ത്തനത്തിനുള്ള പഠനമൊരുക്കുന്ന തന്റെ ഭര്‍ത്താവിനെ തടസ്സപ്പെടുത്തുന്നതിലുള്ള സങ്കടമാണ് കത്തില്‍ പല ഭാഗത്തും നിറഞ്ഞുനിന്നത്.

ജെന്നിയുടെ അമ്മ മരിക്കുമ്പോള്‍ നല്‍കിയ ഭേദപ്പെട്ടൊരു സംഖ്യകൊണ്ട് അവരുടെ ജീവിതം തല്‍ക്കാലം സുഖകരമായിരുന്നെങ്കിലും വീണ്ടും അമേരിക്കന്‍ പ്രതിസന്ധിയുണ്ടായതിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞു. കുടുംബം പഴയപടി കടത്തിലായി. വെയ്ഡെമെയറുടെ ഭാര്യ ലൂസിക്ക് എഴുതിയ കത്തിലാണ് പുതിയ ദുരിതങ്ങളെക്കുറിച്ച് പറയുന്നത്. മാര്‍ക്‌സിന്റെ ലേഖനങ്ങള്‍ പകര്‍ത്തി എഴുതുന്നതിനിടയില്‍ ഒരു ദിവസം ജെന്നി കടുത്ത പനി ബാധിച്ച് തളര്‍ന്നുവീണു. അവര്‍ക്ക് വസൂരിയാണെന്ന് ഡോക്ടര്‍ വിധിയെഴുതി. പിന്നെ നീണ്ട വിശ്രമം, മൂറിന്റെ പരിചരണം. അദ്ദേഹത്തിനു രോഗം പകരുമോ എന്നായിരുന്നു ജെന്നിയുടെ വേവലാതി. മുഖത്ത് വസൂരിക്കലകളുമായി ജെന്നി ജീവിതത്തിലേക്കു തിരിച്ചുവന്നു. അതിനിടയില്‍ പഴയ കരള്‍രോഗം മൂര്‍ച്ഛിച്ച് മൂര്‍ കിടപ്പിലുമായി. അല്പനാളുകള്‍ക്കകം, അവരുടെ എല്ലാമായ ഹെലീന്‍ ഡെമ്യൂത്ത് (ലഞ്ചന്‍) കിടപ്പിലായി.

ജെന്നിയുടെ കത്ത് അങ്ങനെ നീണ്ടുപോകുമ്പോള്‍, ഒരു മഹാജീവിതം അനുഭവിച്ച ദുരിതപര്‍വ്വങ്ങളാണ് പുറത്തുവരുന്നത്. നിരന്തരമായ ദാരിദ്ര്യം, സഹായിക്കാനാരുമില്ലാത്ത അവസ്ഥ, രാജ്യംവിട്ട് മറ്റൊരു രാജ്യത്തേക്കുള്ള പലായനം, വാടകയില്ലാത്തതുകൊണ്ട് വീടൊഴിയല്‍, കുന്നുകൂടിയ കടം, രോഗം, മരണങ്ങള്‍. ഇതിനിടയിലും എല്ലാം മറന്ന് എഴുത്തിലും ഏംഗല്‍സുമായി ഗൗരവതരമായ ചര്‍ച്ചകളിലും നിറയാന്‍ മൂറിന് അപാരകഴിവായിരുന്നു. ആ സമയത്താണ് ജര്‍മന്‍ തൊഴിലാളികള്‍ സമരപഥത്തിലെത്തിയത്. മാര്‍ക്‌സിന്റെ നിസ്സീമമായ താങ്ങ് അവര്‍ക്കുണ്ടായിരുന്നു. ഒരു ദിവസം ഏതാനും ഗാര്‍ഡുകള്‍ വന്ന് മാര്‍ക്‌സിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. സഹായത്തിനായി പല വഴികള്‍ തേടിയ ജെന്നിയും ജയിലിലായി. ദുര്‍ന്നടപ്പുകാരികളുടെ കൂടെ ഒരു ഇരുണ്ട സെല്ലില്‍ ചെന്നുവീണ ജെന്നി നിര്‍ത്താതെ കരഞ്ഞ് രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരായ അവര്‍ കുറ്റക്കാരിയല്ലെന്നു മനസ്സിലാക്കിയ മജിസ്‌ട്രേറ്റ് ജെന്നിയെ വെറുതെവിട്ടു. വീട്ടില്‍ കരഞ്ഞുകഴിച്ചുകൂട്ടിയ മക്കള്‍. സംഭവം പത്രങ്ങളില്‍ വലിയ വാര്‍ത്തയായി.

ആ കുടുംബജീവിതത്തിലെ അതിതീവ്ര ദുരിതങ്ങളേയും ചിലപ്പോള്‍ വന്നെത്താറുള്ള സന്തോഷങ്ങളേയും എല്ലാം ഒറ്റയടിക്ക് മറക്കുന്ന മൂറിന്റെ സ്വഭാവത്തെക്കുറിച്ചുമെല്ലാം മക്കളും അടുത്ത സുഹൃത്തുകളുമെഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ നമുക്ക് ഊഹിക്കാനാവാത്ത മഹത്വമുള്ള ഒരു ജീവിതത്തിലേക്ക് ഉള്‍നോട്ടം തരുന്നു. ‘ദ എയ്റ്റീന്‍ത്ത് ബ്രൂമെയര്‍’ എന്ന അതിഗഹനമായ കൃതി എഴുതുമ്പോള്‍, മാര്‍ക്‌സ് പുറത്തുപോയിരുന്നേയില്ല എന്ന് എഡ്ഗര്‍ ട്രാന്‍ഗ്വേ എന്ന ഫ്രെഞ്ച് കമ്യൂണിസ്റ്റ് നേതാവ് എഴുതുന്നു. അതിന്റെ കാരണമായിരുന്നു പ്രധാനം. അക്കാലത്ത് അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മിക്കതും പണയത്തിലായിരുന്നു!

ഈ ഭാഗങ്ങളൊക്കെ ഇവിടെ ചേര്‍ത്തത്, ജീവിതത്തോട് നിരന്തരം മല്ലടിച്ച ആ മഹാന്‍ ഇത്ര അതീവ വിശകലനാത്മകമായ കൃതികളൊക്കെ എഴുതി എന്നോര്‍ത്ത് അത്ഭുതപ്പെടാനാണ്. ഇതിനിടയില്‍ ഒരുപാട് ഭാഷകളും അദ്ദേഹം പഠിച്ചു. ഡാന്തെയുടേയും ഷെയ്‌ക്‌സ്‌പിയറുടേയും കൃതികള്‍ മനപ്പാഠമാക്കി. ലോകമെങ്ങുമുള്ള സമരങ്ങളുടെ അടുത്തറിവു നേടി. ഈ അസാധ്യമായ ജീവിതത്തിനു പിന്നില്‍ ജെന്നി വോണ്‍ വെസ്റ്റ്ഫാലനായിരുന്നു. അവര്‍ എല്ലാ ദുരിതങ്ങളിലും മൂറിന്റെകൂടെയുണ്ടായിരുന്നു. അക്കാലത്തെ പ്രസ് മുഴുവനും അദ്ദേഹത്തിനെതിരായിരുന്നു. ബൂര്‍ഷ്വാ ആര്‍മിയും സര്‍ക്കാരും വിടാതെ വേട്ടയാടി. ഈ ദുരിതങ്ങള്‍ക്കിടയില്‍ മക്കളുടെ മരണം.

എന്തൊരു സഹനസമരമായിരുന്നു ആ ദാമ്പത്യം. ഒരുമാത്ര ജെന്നി, മൂറിനെക്കാള്‍ മുന്നിലാണെന്ന് എനിക്കു തോന്നി. ഈ ലേഖനം മാര്‍ക്‌സിന്റെ ബൗദ്ധികജീവിതത്തെക്കുറിച്ചാവില്ലെന്ന് കരുതി തന്നെയാണ് തുടങ്ങിയത്. അത് ലോകത്തിനറിയാവുന്നതാണ്. തന്റെ അറിവുകളുടെ ചിന്തകളുടെ വിപ്ലവ ഇടപെടലുകളുടെ മനുഷ്യവികാസത്തിന്റെ വ്യാകരണനിര്‍മ്മിതിയുടെ ശിക്ഷയായിരുന്നു അദ്ദേഹം ഏറ്റുവാങ്ങിയത്. 1881 ഡിസംബര്‍ രണ്ടിന് ജെന്നി മരിക്കുന്നതോടെ കുറേ മാസങ്ങളോളം മാര്‍ക്‌സ് തകര്‍ന്ന നിലയിലായിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1883-ല്‍ മെയ്റ്റ്ലാന്റെ പാര്‍ക്കിലെ വീട്ടിലെ ചാരുകസേരയിലിരുന്ന് മാര്‍ക്‌സ് നിത്യനിദ്രയിലായി. സമയം ഉച്ച ഏതാണ്ട് മൂന്നുമണി.

ഒരു മനുഷ്യനെ അറിയാന്‍ അദ്ദേഹത്തിന്റെ എഴുത്ത് വായിച്ചാല്‍ മാത്രം പോര. അതില്‍ അയാളുടെ പകുതി സത്തപോലും ഉണ്ടാവില്ല. ആ ജീവിതം വായിച്ചറിയണം. ആ നനഞ്ഞ പ്രഭാതത്തില്‍ ഞാന്‍ മാര്‍ക്‌സിനു മുന്നില്‍ ഒരുപാട് ഓര്‍ത്തുനിന്നു. പണ്ട് കവി വിഷ്ണു നാരായണന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. അദ്ദേഹം ഗ്രീസില്‍ പോകാനിടയായപ്പോള്‍ അദ്ധ്യാപനകാലത്ത് ഗ്രീക്ക് കൃതികള്‍ ക്ലാസ്സുമുറികളില്‍ പഠിപ്പിച്ചതിലെ അപാകതയോര്‍ത്ത് ആ മണ്ണില്‍നിന്ന് പ്രാര്‍ത്ഥിച്ച് മാപ്പുപറഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ ഞാനും ഏതാണ്ട് ആ അവസ്ഥയിലായിരുന്നു. മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളുടെ യാന്ത്രിക വ്യാഖ്യാനത്തില്‍ എന്റെ വിദ്യാര്‍ത്ഥികളെ ബന്ധിച്ചുനിര്‍ത്തി അക്കാദമിക്ക് അപരാധം ചെയ്തതിന് ഞാന്‍ ‘മൂറി’നോട് തെറ്റ് ഏറ്റുപറഞ്ഞു.

അത്രയെങ്കിലും ഞാന്‍ ചെയ്യണം. പക്ഷേ, എന്റെ നാട്ടില്‍ ഈ മഹാനെ ദുര്‍വ്യാഖ്യാനം ചെയ്ത്, രാഷ്ട്രീയ വ്യവഹാരങ്ങളിലൂടെ ‘മിച്ചമൂല്യം’ നേടുന്നവരുടെ മുന്നില്‍ നമ്മള്‍ നിസ്സഹായരാണ്. മാര്‍ക്‌സ്, അങ്ങയുടെ പേരില്‍ ഞങ്ങള്‍ ചെയ്തുകൂട്ടുന്നതിനൊക്കെ ക്ഷമ. പിന്നെ മൂറിനോടും ജെന്നിയോടും യാത്ര പറഞ്ഞ് ഞാന്‍ തിരിഞ്ഞുനോക്കാതെ നടന്നു.

ഈ റിപ്പോർട്ട് വായിക്കാൻ 
ഫലവത്താകുമോ ‘ഇന്ത്യ’ മുന്നണി?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com