ഹമാസ് ഭീകര സംഘടനയാണോ?

ഐക്യരാഷ്ട്രസഭയുടെ ഒട്ടുമിക്ക റിപ്പോർട്ടുകളിലും പലസ്തീൻ വിമോചനസേന എന്നാണ് പരാമർശിച്ചിട്ടുള്ളത്.
ഹമാസ് ഭീകര സംഘടനയാണോ?

മാസ് ഭീകര സംഘടനയാണോ?

അമേരിക്കയുടേയും ഇസ്രയേലിന്റേയും വളരെ അടുത്ത സുഹൃത്താണ് തുർക്കി പ്രസിഡന്റ് എർദോഗൻ. തുർക്കി NATO അംഗവുമാണ്.

അടുത്തിടെ ‘എർദോഗൻ’ ഹമാസ് ഭീകരസംഘടന അല്ല, സ്വാതന്ത്ര്യസമര സേനയാണെന്നു പ്രസ്താവിച്ചിരുന്നു. പത്തോളം ചെറുരാഷ്ട്രങ്ങൾ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഇസ്രയേലിന്റെ മനുഷ്യവിരുദ്ധ നീക്കങ്ങളിലും വംശീയ ഉന്മൂലനത്തിലുമുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഈ തീരുമാനം.

ഇന്ത്യ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ നമുക്കും ഹമാസ് വിമോചനസേനതന്നെ. ഐക്യരാഷ്ട്രസഭ ഹമാസിനെ ഭീകരസംഘടനയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല (UN still does not label, sanction Hamas as terror group. fox news. october 13. Adam Show). മാത്രമല്ല UN സെക്രട്ടറി ജനറൽ ഹമാസിന്റെ ആക്രമങ്ങൾ ശൂന്യതയിൽനിന്നുണ്ടായതല്ല എന്ന് ഹമാസിനെ ന്യായീകരിക്കുകയും ചെയ്തു. (October 25, 2023, UN News).

ഐക്യരാഷ്ട്രസഭയുടെ ഒട്ടുമിക്ക റിപ്പോർട്ടുകളിലും പലസ്തീൻ വിമോചനസേന എന്നാണ് പരാമർശിച്ചിട്ടുള്ളത്. ബി.ബി.സി ഇപ്പോഴും റിപ്പോർട്ട്‌ ചെയ്യുന്നത് ഹമാസ് എന്നു മാത്രമാണ്. ടെറോറിസ്റ്റുകൾ എന്ന് ഒരു തവണപോലും പരാമർശിച്ചിട്ടില്ല. ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയിൽ മിലിറ്റന്റ്‌ നാഷണലിസ്റ്റ് ഇസ്‌ലാമിക ഓർഗനൈസേഷൻ എന്നാണ് പരാമർശം.

ഹമാസ് എന്ന വാക്കു സൂചിപ്പിക്കുന്നതു പലസ്തീൻ നാഷണലിസ്റ്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് എന്നാണ്. 2017-ൽ ഹമാസ് പുറത്തിറക്കിയ ചാർട്ടിൽ സിയോണിസ്റ്റ് ശത്രുക്കളിൽനിന്നും പലസ്തീനെ മോചിപ്പിക്കുന്നതാണ്‌ സംഘടനയുടെ ലക്ഷ്യം എന്നു പറയുന്നു. അതിനു മുൻപുണ്ടായിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയിട്ടാണ് ഈ ചാർട്ട് പ്രകാശിപ്പിച്ചത് (A document of general principles and policies. Hamas 2017). പുതിയ സാഹചര്യത്തിൽ കൂടുതലായി രാഷ്ട്രീയവല്‍ക്കരണം ആവശ്യമെന്നു മനസ്സിലാക്കി ഹമാസ് പരിണമിച്ചുകൊണ്ടിരുന്നു.

ഒരു തീവ്രവാദി സംഘത്തിൽനിന്നും രാഷ്ട്രീയ സൈനിക സംഘടനയിലേക്കുള്ള ഹമാസിന്റെ മാറ്റം.

താലിബൻ, അൽഖ്വയ്ദ, ഐസ്, ഐസ് എന്നീ സംഘടനകളിൽനിന്നും ഹമാസിനെ വ്യത്യസ്തമാക്കുന്ന പ്രധാന വിഷയങ്ങൾ ഒന്നു നോക്കാം. ഹമാസിന്റെ ലക്ഷ്യം പലസ്തീൻ മോചനം മാത്രമാണ്. മറ്റുള്ളവർക്ക് ലോകം തന്നെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റണം എന്നുള്ളതാണ് ലക്ഷ്യം. ഹമാസ് യാഥാസ്ഥിതികരാണ്. പക്ഷേ, മതതീവ്രവാദികൾ അല്ല. ഹമാസ് ഗാസയിലെ മുസ്‌ലിമേതരരെ ആക്രമിച്ചിട്ടില്ല. ഹമാസിന്റെ ഭരണപരിധിയിൽ ക്രിസ്ത്യൻ പള്ളികളുണ്ട്. അവിടെ ഇസ്രയേൽ മാത്രമേ ബോംബിട്ടിട്ടുള്ളൂ. ഹമാസിന്റെ കീഴിൽ ഒരു പ്രശ്നവുമില്ലാതെ അവർ ജീവിച്ചിരുന്നു. ഹിജാബ് ധരിക്കേണ്ട എന്നുള്ളവർക്കു ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഗാസയിലുണ്ട്. ഹിജാബ് ധരിക്കാത്തവർക്കു നേരെ നടപടികളില്ല. അമേരിക്കൻ സംഗീതവും ടാറ്റൂവും അവർക്കു പ്രിയങ്കരമാണ്. സുന്നികളുടെ സംഘടന എന്നറിയപ്പെടുന്ന ഹമാസിനെ ഇറാനിലെ ഷിയാ ഭരണകൂടം പിന്തുണയ്ക്കുന്നു (what the world gets wrong about hamas. Monica Marks.Times. OCTOBER 30, 2023).

അപ്പോൾ ആരാണ് ഭീകരർ?

ഇസ്രയേലിന്റെ തുടക്കം തന്നെ ഒരു ഭീകരതയായിരുന്നു. 1948 മെയ് മാസത്തിൽ ബ്രിട്ടീഷുകാർ ‘പലസ്തീൻ മാൻഡേറ്റ്’ അവസാനിപ്പിച്ച് പലസ്തീൻ വിട്ട അന്നുതന്നെ സിയോണിസ്റ്റുകൾ ബലം പ്രയോഗിച്ച് അകത്തുകടന്ന് ഇസ്രയേൽ രാഷ്ട്രം സ്ഥാപിച്ചു. ലീഗ ഓഫ്‌ നേഷൻസിനോട്‌ സമ്മതം ചോദിച്ചില്ല. അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിച്ചില്ല. ധർമ്മ-നീതികൾ ആരും ഓർത്തില്ല. യൂറോപ്പിന്റെ തലയിൽനിന്നും ഒരു ബാധ ഒഴിവായി എന്ന മട്ടിൽ അവർ നിശ്ശബ്ദത പാലിച്ചു. ലോക പൊലീസായ അമേരിക്ക പൊലീസ് ട്രൗസര്‍ തയ്ക്കുന്നതേയുള്ളൂ. ഇസ്രയേലിന്റെ ഭാഷയിൽ അന്നുമുതൽ പലസ്തീൻ നിലവിലില്ലാതെയായി. 7,50,000 പലസ്തീൻകാർ അഭയാർത്ഥികളായി. ഈ പലസ്തീൻകാർക്കു മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇസ്രയേലിന്റെ ഭീകരത തുടങ്ങുന്നതേയുള്ളൂ. എന്നുപറഞ്ഞാൽ അന്നുമുതൽ ഈ മേഖലയിൽ യുദ്ധം തന്നെ.

1948-ലെ യുദ്ധത്തിൽ അറബ് രാജ്യങ്ങളെ തോൽപ്പിക്കുക മാത്രമായിരുന്നില്ല ഇസ്രയേലിന്റെ ലക്ഷ്യം. പരമാവധി പലസ്തീൻകാരെ ഇല്ലാതാക്കിയോ ഓടിച്ചോ കൂടുതൽ ഭൂമി കൈവശപ്പെടുത്തണം. മൂന്ന് സിയോണിസ്റ്റ് സംഘടനകളെയാണ് ഇസ്രയേൽ നേതൃത്വം ഇതിനുവേണ്ടി നിയോഗിച്ചത്. അതിൽ മികച്ചതും ആൾബലമുള്ളതും ‘ഹെഗന്ന’ ആയിരുന്നു. ലേവ, അർഗുൻ എന്നിവർ താരതമ്യേന ചെറുതും അതേസമയം കശ്മലന്മാരുമായിരുന്നു. അതേസമയം ഇവർ പ്രശസ്തിയോ സ്ഥാനമാനങ്ങളോ ആഗ്രഹിച്ചിരുന്നില്ല. പലസ്തീൻകാരെ ക്രൂരമായി ഇല്ലാതാക്കുകയെന്ന ഒരേയൊരു ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. 1948-ലെ യുദ്ധത്തിനിടയിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു പലസ്തീൻ കൂട്ടക്കൊല നടക്കുകയുണ്ടായി. ‘ദേർയാസിൻ’ എന്ന പലസ്തീൻ ഗ്രാമത്തിൽ അർഗുൻ, ലേവി ഗ്രൂപ്പുകൾ നടത്തിയ രാക്ഷസകൊല. പൊതുയുദ്ധം നടക്കവെ ദേർയാസീനിലേയും അടുത്ത ഗ്രാമങ്ങളിലേയും (ജൂത) ജനങ്ങൾ സമാധാനക്കരാർ ഉണ്ടാക്കി. ദേർയാസീനിലെ പലസ്തീൻകാരെ ജൂതർ വധിക്കാതിരിക്കാൻ അടുത്ത ഗ്രാമത്തിലെ ജൂതർ അതിർത്തിയിൽ കാവൽനിൽക്കും.

അതുപോലെ ജൂത ഗ്രാമത്തിന് പലസ്തീൻകാരും കാവൽനിൽക്കും. ഈ സമാധാന ഉടമ്പടി സർവ്വർക്കും അറിയാവുന്നതുകൊണ്ട് പ്രധാന സൈന്യം ചുമതല മറ്റു രണ്ടു ഭീകരർക്കുമായി പകുത്തുനൽകി. രാത്രിയിൽ ആരും പ്രതീക്ഷിക്കാത്ത നേരത്ത് രണ്ടു ഭീകരസംഘടനകളും രണ്ടു ഭാഗത്ത് നിന്നായി ദേർയാസിൻ ആക്രമിച്ചു. ബോംബിട്ട് വീടുകൾ തകർത്തു. ഉറങ്ങി കിടന്നവരേയും ഓടിപ്പോകാൻ ശ്രമിച്ചവരേയും വെട്ടി തുണ്ടമാക്കി തീകൊടുത്തു. കീഴടങ്ങാൻ തയ്യാറായവരെ നിഷ്‌കരുണം കൊന്നുതള്ളി. കുറച്ചുപേരെ ജറുസലേമിൽ കൊണ്ടുപോയി എറിഞ്ഞുകൊന്നു. ഏറ്റുമുട്ടിയവരെ മുഴുവൻ കൊന്നു. കൊല്ലപ്പെട്ടവരുടെ കണക്കിൽ ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. എങ്കിലും ആ ഗ്രാമത്തിൽ ഏതാണ്ട് മുഴുവൻ പേരും സ്ത്രീ-കുട്ടികളടക്കം 800-നും 1000-നും ഇടയ്ക്കു മനുഷ്യർ മരിച്ചുവീണു. ദേർയാസിൻ കൂട്ടക്കൊല എന്ന പേരിൽ ആ കൂട്ടക്കൊല അറിയപ്പെട്ടു (The village of deiryasin. Kanaana and Zeitawi. Berzeit press 1988) and Tolerence is a waste land. Saree Makdisi. california University Press).

ഓടിപ്പോകാതെ ഇസ്രയേലിൽ തുടർന്ന 1,50,000 പലസ്തീൻകാരുണ്ട്. അവരുടെ നില അതിലും ദയനീയം. ഗ്രാമങ്ങൾ ഓരോന്നോരോന്നായി ഇസ്രയേൽ കയ്യടക്കി, കേറി താമസിച്ചു. കുടിയേറ്റക്കാർ പതിവായി പലസ്തീൻകാരെ ആക്രമിച്ചുകൊണ്ടിരുന്നു (NAKBA AND SURVIVAL; The Story of Palestinians who Remained in Haifa and the Galilee 1948-1956. Adel Manna) കുടിയേറ്റക്കാർ ഭൂരിഭാഗവും കുറ്റവാളികളായിരുന്നു. അവർ വീടുകൾ കൊള്ളയടിച്ചു. പിന്നീട് തകർത്തു സ്ത്രീകളെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊല്ലുകയും കുട്ടികളെ പീഡിപ്പിച്ചു കൊല്ലുകയും ചെയ്യുന്നതായിരുന്നു അവരുടെ വിനോദം (nakba and survival). 7.5 ലക്ഷം പലസ്തീൻകാർ പലായനം ചെയ്തപ്പോൾ 1.5 ലക്ഷം പേർ എങ്ങും പോകാതെനിന്നു.

1967-ലെ യുദ്ധത്തോടെ വെസ്റ്റ്ബാങ്കും ഗാസയും ഇസ്രയേൽ പിടിച്ചെടുത്തു. ഇസ്രയേലിന്റെ ഭൂവിസ്തൃതി മൂന്നിരട്ടി വർദ്ധിച്ചു. ഓടിപ്പോയവർ നാട്ടിലേക്കടുക്കാൻ കഴിയാതെ അഭയാര്‍ത്ഥി ക്യാമ്പുകളിൽ സ്ഥിരതാമസക്കാരായി.

1973-ലെ അറബ്- ഇസ്രയേൽ യുദ്ധത്തിൽ അറബ് രാജ്യങ്ങൾ പരാജയപ്പെട്ടെങ്കിലും അതിനു പ്രധാന കാരണങ്ങൾ ഏകോപനമില്ലായ്മയും ആസൂത്രണപ്പിഴവുമായിരുന്നു. ഈ യുദ്ധത്തിൽ ഇസ്രയേൽ ഗാസയും വെസ്റ്റ്ബാങ്കും ഗോലാൻ ഹൈറ്റും കൂടി പിടിച്ചടക്കി.

ഈജിപ്തിനും സിറിയയ്ക്കും പലസ്തീൻ വിഷയം പ്രധാന വിഷയമായിരുന്നില്ല. പലസ്തീൻ അവർക്ക് ഒരു മറമാത്രമായിരുന്നു. ആ മേഖലയിലെ മേൽനിയന്ത്രണമായിരുന്നു പ്രധാന വിഷയം.

ഹമാസിനെക്കുറിച്ചുള്ള ചർച്ച തുടരുന്നതിനു മുൻപ് ഇസ്രയേലിന്റെ ആവിർഭാവം പരിശോധിക്കേണ്ടിയിരിക്കുന്നു.

ജൂതന്മാർ ഒരു സംസ്കാരവുമായി ഇഴുകിച്ചേരുന്നവരല്ല. ഏതു ദേശത്തിലായാലും അവർ അവരുടെ തനിമ നിലനിർത്താൻ ശ്രമിച്ചു. ഒരു രാജ്യത്തിന്റേയും ദുഃഖം അവരെ ബാധിച്ചിരുന്നില്ല.

അതുകൊണ്ട് അവർ സർവ്വർക്കും വെറുക്കപ്പെട്ടവരായി.

ഒരു രാജ്യത്തേയും യുദ്ധം അവരെ ബാധിച്ചില്ല. യുദ്ധം ഏതു രീതിയിൽ മുന്നോട്ടു പോകണമെന്നും യുദ്ധാനന്തരം നയരൂപീകരണത്തെ സ്വാധീനിക്കാനും തക്കവിധം അവർ സാമ്പത്തികശക്തിയുള്ളവരും പ്രബലരുമായി നിലനിന്നു. 19-ാം നൂറ്റാണ്ടിൽത്തന്നെ അവർ ഒറ്റപ്പെട്ടിരുന്നു (Antisemitism: how the origins of history’s oldest hatred still hold sway today. Gervase Phillips February 27, 2018. The Conversation).

അക്കാലത്താണ് തിയോഡോർഹെർസിൽ സിയോണിസം എന്ന ആശയം പുറത്തുവിടുന്നത്. “മറ്റു സംസ്കാരങ്ങളിൽ ലയിക്കാമായിരുന്നു. എന്നാൽ, ജൂതവിരോധം എവിടെയും നിലനിന്നിരുന്നതിനാൽ അതു പ്രായോഗികമല്ല.” അതുകൊണ്ടു സ്വന്തം രാജ്യം കരുപിടിപ്പിക്കണമെന്ന ആശയം സിയോണിസത്തിന്റെ അടിത്തറയായി. ഓട്ടോമൻ സാമ്രാജ്യം ആശയം തള്ളി. 1903-ൽ ബ്രിട്ടൻ, ഉഗാണ്ടയിൽ 15500 സ്‌ക്വയർ കിലോമീറ്റർ സ്ഥലം നല്‍കാമെന്നേറ്റു. സിയോണിസ്റ്റ്‌ ലീഡർ തിയോഡോർഹെർസിലിനും മറ്റും ഇത് ഏതാണ്ട്‌ സമ്മതവുമായി. എന്നാൽ, റഷ്യൻ ജൂതന്മാർ നഖശിഖാന്തം പദ്ധതിയെ എതിർത്തു. 1903-ൽ നടന്ന ജൂത ഉച്ചകോടിയിൽ ഭിന്നത പുറമേയ്ക്ക് പ്രകടമായി. ഒടുവിൽ ഒരു പഠനകമ്മിറ്റി രൂപീകരിച്ചു പ്രശ്നം തൽക്കാലത്തേക്കു മാറ്റിവെച്ചു.

നോർത്ത് ആഫ്രിക്ക, മെസപ്പൊട്ടോമിയ, ബ്രസീൽ, മെക്സിക്കോ, കാനഡ, ടെക്സാസ്, ബ്രിട്ടീഷ് ഗിനിയ, സുരിനാം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇസ്രയേലിനുവേണ്ടി സ്ഥലം പരിശോധിക്കുകയുണ്ടായി (Before Israel, Jews considered settling in western Kenya The East African SEPTEMBER 04, 2015). അപ്പോഴേക്കും ലോകമഹായുദ്ധം പടിവാതിൽക്കലെത്തി. ജൂതന്മാരുടെ സാമ്പത്തികശക്തി ഉള്ളറിഞ്ഞു കണ്ട ബ്രിട്ടൻ ഒടുവിൽ പലസ്തീനിൽതന്നെ ജൂതന്മാർക്കു രാഷ്ട്രം കൊടുക്കാമെന്നേറ്റു.

ഓട്ടോമാൻ ഭരണം നിലനിൽക്കവേ തന്നെ 1839-ലെ ടാൻസീമത് പരിഷ്‌കരണത്തിന്റെ മറവിൽ ജൂതന്മാർ കുടിയേറ്റം തുടങ്ങിയിരുന്നു (TANZIMAT). 1880-ൽ പലസ്തീനിലെ ജൂത ജനസംഖ്യ 24000 മാത്രമായിരുന്നു. അതായതു മൊത്തം ജൂതരുടെ 2-5 ശതമാനം അത് 1907 ആയപ്പോഴേക്കും 80000 ആയി. ഇസ്രയേൽ രൂപീകരണ സമയത്ത് 1948-ൽ ലക്ഷക്കണക്കിന് ജൂതന്മാർ കുടിയേറി. പലസ്തീൻകാർ ആകട്ടെ, 7.5 ലക്ഷം പേർക്ക്‌ നാടുവിട്ടു പലായനം ചെയ്യേണ്ടിവന്നു. ഇസ്രയേലിന്റെ ജനസംഖ്യയിൽ ഏതാണ്ട് 82 ശതമാനം ജൂതരായി. അതായത് 1880-ൽ ലോകത്തിലെ മൊത്തം ജൂതജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമുണ്ടായിരുന്ന ഇസ്രയേലിൽ 1948 ആയപ്പോഴേക്കും 35 ശതമാനത്തിനു മുകളിലായി. ഇന്നും ജൂതജനസംഖ്യയുടെ 40-45 ശതമാനം മാത്രം. അമേരിക്കയിൽ അതിൽ കൂടുതൽ ജൂതന്മാരുണ്ട്. ഇസ്രയേലിന്റെ കണക്കനുസരിച്ച് പലസ്തീൻ ഇല്ലാതായി. ഇസ്രയേൽ കയ്യടക്കി ബാക്കിയുള്ള സ്ഥലം ജോർദ്ദാനും ഈജിപ്തും കൊണ്ടുപോയി. 1967-ലെ യുദ്ധത്തോടെ അതും ഇസ്രയേൽ കൈവശപ്പെടുത്തി. ഇസ്രയേലിന് ഇന്ന്‌ ഐക്യരാഷ്ട്രസഭയിൽ അംഗത്വമുണ്ട്. പലസ്തീന് ഗസ്റ്റ്‌റോൾ മാത്രം.

1905-ൽ ജൂതന്മാർക്കായി ഒരു രാഷ്ട്രം ഉണ്ടാക്കുന്നതിന് ബ്രിട്ടൻ മാൻഡേറ്റ് ഉണ്ടാക്കി. ഇന്റർനാഷണൽ ലീഗ് അത് അംഗീകരിച്ചു. അതിന് പേരോ ‘പലസ്തീൻ മാൻഡേറ്റ്.’ ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഏതാണ്ട് 70 വർഷത്തിലധികം ഒരു ജനത വേലിക്കപ്പുറത്തു കരുണക്കായി കാത്തുനിൽക്കുന്നു. ഇന്ത്യ ജനിക്കുമ്പോൾ നിലവിലുണ്ടായിരുന്ന പലസ്തീൻ ഇന്നില്ല. മധ്യസ്ഥ ചർച്ചകളിൽ കാഴ്ചക്കാരെപ്പോലെ പെരുമാറിയ പി.എൽ., പാശ്ചാത്യരുടെ സമ്മർദ്ദത്തിൽ വീണു.

അത്തരമൊരു സാഹചര്യത്തിലാണ് ആതുര ശുശ്രൂഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു ട്രസ്റ്റ് 1987-ൽ ഹമാസായി മാറുന്നത്. അതുവരെ പി.എൽ.ഒ നടത്തിയ സൈനിക സമ്മർദ്ദമാർഗ്ഗം അവര്‍ ഉപയോഗിച്ചു. നിരവധി യുദ്ധങ്ങളും സൈനിക അടിച്ചമർത്തലും ഉണ്ടായിട്ടും ഹമാസ് പിടിച്ചുനിന്നു

1997-ലായിരിക്കണം ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഖാലിദ് മിഷാലിനെ വിഷംകൊടുത്തു കൊല്ലാന്‍ ശ്രമിച്ചു. ജോർദ്ദാന്റെ അന്ത്യശാസനത്തിനു വഴങ്ങി മറുമരുന്നു കൊടുത്തതുകൊണ്ടു അദ്ദേഹം മരിച്ചില്ല. അദ്ദേഹമാണ് കോഴിക്കോട്ടെ ലീഗിന്റെ ഐക്യദാർഢ്യ സമ്മേളനത്തിൽ ഓൺലൈനിലൂടെ പ്രസംഗിച്ചത്. സ്ഥാപകനായ ഷെയ്ഖ്‌ നിയാസിൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കന്മാരെ യുദ്ധത്തിലല്ലാതെ വധിച്ചു.

വാസ്തവത്തിൽ ഇസ്രയേലിൽ നടന്ന ആദ്യ ഭീകരാക്രമണം ഇസ്രയേലികൾതന്നെ നടത്തിയതായിരുന്നു. ഇര, ആയിരക്കണക്കിനു ജൂതന്മാരെ രക്ഷിച്ച കൗണ്ട് ഫോൾക്ക് ബർണാഡോട്ടേ. അദ്ദേഹം സ്വീഡിഷ്‌ റെഡ്‌ക്രോസ്സിൽ പ്രവർത്തിക്കവെ രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനകാലത്തു 30000 ജൂതന്മാരെ ഹിറ്റ്‌ലറിന്റെ കണ്ണ്‌വെട്ടിച്ച് രക്ഷപ്പെടുത്തി (ദി കർട്ടൻ ഫാൾസ്; ലാസ്റ്റ് ഡേയ്‌സ് ഓഫ് ദി തേർഡ്‌റീഷ്. ബെർണാഡോട്ടേ. തർജ്ജമ; കൗണ്ട് ഇക് ലെവൻ ഹോപ്ട്. ന്യൂയോർക് 1945). 1945-ൽ യുദ്ധാനന്തരം ഐക്യരാഷ്ട്ര സഭ, അറബ്-ഇസ്രയേൽ ഭിന്നിപ്പിന് മധ്യസ്ഥനായി അദ്ദേഹത്തെ നിയോഗിച്ചു. അദ്ദേഹത്തിന്റെ മധ്യസ്ഥത സിയോണിസ്റ്റ് താല്പര്യങ്ങൾ സംരക്ഷിച്ചേക്കില്ല എന്ന ധാരണയിൽ ജൂതർ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചു. ലേവി എന്ന ജൂത സൈനിക സേന അദ്ദേഹത്തെ 1948-ൽ ജറുസലേമിൽവെച്ച് വധിച്ചു. വധ പദ്ധതിയിൽ പങ്കാളിയായ ഇസാക്ഷമീർ പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രിയുമായി (വോക്കിങ് വിത്ത് ദി ഷോക്കിങ് മർഡർ ഓഫ് എമാൻ ഹുഫ്രീഡ് 30000 പ്രിസണേഴ്‌സ് ഫ്രം നാസീസ്. റ്റെഡ് ഷ്വാർസ്. ന്യൂയോർക്. 1992).

അബു ഹാനി എന്ന പേരിൽ പ്രസിദ്ധനായ ഒരു ലെബനൻ പലസ്തീൻ അഭയാർത്ഥിയുണ്ടായിരുന്നു. അയാൾ പിന്നെ തീവ്രവാദിയാകുകയും ’60-’70 കാലഘട്ടത്തിലെ വിമാന റാഞ്ചിയായി മാറുകയും ചെയ്തു. 1976-ൽ ഫ്രാൻസിന്റെ ഒരു വിമാനം റാഞ്ചി. 200-ഓളം ബന്ദികളുമായി എന്റബെ (ഉഗാണ്ട. അന്ന് പ്രസിഡന്റ് ഇദി അമീൻ) വിമാനതാവളത്തിലെത്തി. ഇസ്രയേൽ കമാൻഡോകൾ നടത്തിയ ഒരു ഓപ്പറേഷനിലൂടെ തടവുകാരെ രക്ഷിച്ചു. അബുഹാനി 1978-ലാണ് മരിച്ചത്. ലുക്കിമിയ ആയിരുന്നു മരണകാരണം എന്ന് ഔദ്യോഗിക അറിയിപ്പ്. 2006-ലാണ് യാഥാർത്ഥ പ്രതിയെ ലോകം മനസ്സിലാക്കുന്നത്. ഒരു മൊസ്സാദ് ഏജന്റ്. ചോക്ക്‌ലേറ്റ് ഇഷ്ടമായിരുന്ന അബുഹാനിക്ക്‌ ബെൽജിയൻസ്‌ ചോക്ക്‌ലേറ്റിൽ വിഷം കലർത്തിക്കൊന്നു, (സ്‌ട്രൈക്കിങ് ബാക്. ആരോൺ ജെക്ലെയിൻ. 2016) പറഞ്ഞാൽ തീരാത്തത്ര ഹമാസ്, ഫത്ത നേതാക്കളേയും നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും യുദ്ധത്തിൽകൂടി അല്ലാതെ അവർ കൊന്നു.

2004 നവംബർ 14-നാണ് യാസർ അരാഫത് ആശുപത്രിയിൽവെച്ച് മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. അൽജസീറയും യൂറോപ്-മധ്യേഷ്യയിലേയും പ്രസിദ്ധരായ ഡോക്ടര്‍മാരും അറാഫത്തിന്റെ ഭാര്യയും മകളും മരുമകനും എല്ലാം വിശ്വസിക്കുന്നത് പ്ലൂട്ടോണിയം ഭക്ഷണത്തിൽ കലർത്തി കൊടുത്ത് അറാഫത്തിനെ വധിച്ചു എന്നാണ് (Arafat and the Dream of Palestine: An Insider’s Account, Abu Sarif. 2011). 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടി. ഹമാസിന്റെ സർക്കാരിനെ പി.എൽ.ഒയും മറ്റു രാഷ്ട്രങ്ങളും അംഗീകരിച്ചില്ല. അങ്ങനെ രാഷ്ട്രീയം കുഴഞ്ഞു മറിഞ്ഞുകിടക്കവെ 2008-ൽ ഡിസംബർ 24-ന് ഇസ്രയേലിന്റെ തെക്കൻ ഭാഗങ്ങളുടെ സുരക്ഷയുടെ പേരിൽ പ്രധാനമന്ത്രി ഓൾ മാർട്ട് ഗാസ സ്ട്രിപ്പ് ആക്രമിക്കാൻ IDF-നെ ചുമതലപ്പെടുത്തി. മൂന്നാഴ്ച നീണ്ടു നിന്ന യുദ്ധത്തിൽ ഹമാസ് പരാജയപ്പെട്ടെങ്കിലും സൈനികശക്തി രൂപപ്പെടുത്താനുള്ള വ്യക്തികളെ നിലനിർത്തി. ഒറ്റപ്പെട്ട ഗറില്ലകളുടെ ആക്രമത്തിൽനിന്നും മാറി ശാസ്ത്രീയമായ ഒരു സൈന്യത്തെ പടുത്തുയർത്തി. ഇന്ന് ഹമാസ് ഒരു സൈന്യമുള്ള രാഷ്ട്രീയ പാർട്ടിയാണ്(ഹമാസ് മിലിറ്ററി വിങ് ഇൻ ദി ഗാസാ സ്റ്റോറി. ഡവലപ്‌മെന്റ്, പാറ്റെൺസ് ഓഫ് ആക്ടിവിറ്റി ആൻഡ്‌ ഫോർകാസ്റ്റ്. ഗേ അവിയദ്)

2006 മുതലുള്ള ഉപരോധം! ഭക്ഷണം, വൈദ്യുതി, വെള്ളം, മരുന്ന് എല്ലാം തടയപ്പെട്ടു. ഇപ്പോൾ ഒലിവിന്റെ വിളവെടുപ്പ് കാലമാണ്. കർഷകർക്ക് അവരുടെ വിള ഭൂമിയിലേക്ക് കടക്കാനേ കഴിയുന്നില്ല. നാളെ ഒരുപക്ഷേ, കയ്യേറ്റ ജൂതന്മാർ ബലമായി അവരുടെ വിള കൊയ്തുകൂടെന്നില്ല. സമുദ്രാതിർത്തിയിൽ കണ്ടെത്തിയ വെണ്ണശേഖരം അമേരിക്കക്കാർ കൈവശപ്പെടുത്തി. പലസ്തീൻ മേഖലയ്ക്ക് പുറത്തുള്ള അഭയാര്‍ത്ഥികള്‍ക്ക് ഒരു രാജ്യത്തേയും പൗരത്വമില്ല. ഗാസയിലെ വെസ്റ്റ്ബാങ്കിലുമുള്ളവർക്ക് പൗരത്വമില്ല. ഏതാണ്ട് 50 ലക്ഷത്തോളം വരുന്ന ഒരു ജനതയുടെ കഥയാണ്. ഒക്ടോബര്‍ ഏഴിൽ തുടങ്ങിയ യുദ്ധം വെടി നിർത്തലിൽ എത്തിയപ്പോൾ ഇസ്രയേൽ ഹമാസിനു കൈമാറേണ്ട 300 പേരടങ്ങുന്ന ഒരു ലിസ്റ്റുണ്ട്. ആ ലിസ്റ്റിലെ മുഴുവൻ പേർക്കും ഇസ്രയേൽ പൗരത്വമില്ല. ഗാസയിലും വെസ്റ്റ്ബാങ്കിലും താമസിക്കുന്ന ജനത ആരാണ്? ഇസ്രയേൽ അധിനിവേശിച്ചെടുത്ത ഗാസ്സയിലും വെസ്റ്റ്ബാങ്കിലുമുള്ള പലസ്തീനികൾക്കു ഒരു സ്വാതന്ത്ര്യവുമില്ല. അതായത് ഗാസയും വെസ്റ്റ്ബാങ്കും ഇസ്രയേലിനു വേണം. അവിടത്തെ ജനങ്ങളെ വേണ്ട. അവിടെ കോളനിയുണ്ടാക്കും.

പലസ്തീൻ ജനതയുടെ ഓരോ തലമുറയും ആയുധമെടുത്തു പോരാടിയത് ഈ കയ്യേറ്റവും കുടിയേറ്റവും ഇല്ലാതാക്കാനാണ്. ഒരു കണക്കനുസരിച്ചു ഹമാസ് പോരാളികളിൽ നിരവധി സ്ത്രീകളുണ്ട്.

ഇസ്രയേലിന്റെ ലക്ഷ്യം വംശീയ ശുദ്ധീകരണമാണ്. അത് ഘട്ടം ഘട്ടമായി അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നു (എത്തിനിക്ക്‌ ലീൻസിങ്. ലാൻപാപ്പേ).

സൈന്യങ്ങൾ തന്ത്രം മാറ്റും.

ജനങ്ങളെ കീഴടക്കുമ്പോൾ പ്രതിരോധം ന്യായീകരിക്കപ്പെടും”

മഴ ചാറിത്തുടങ്ങി. മറ്റൊരു തെറിപ്പൻ അറബിക്‌ നഷീദ്. ‘സലാംയാമഹ്ദി’ ഇമാം അൽമഹ്ദിക്ക്‌ സലാം എല്ലാ ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ഈ പാട്ടു പടയോട്ടത്തിന്റെ പാട്ടായി. ഒരു കുഞ്ഞിന്റെ കരഞ്ഞുകൊണ്ടുള്ള മുഖം. രക്ഷകാ വരൂ രക്ഷകാ വരൂ. രാഷ്ട്രത്തിനു തീ പിടിക്കുന്നു. കുട്ടികൾ ആ തീ കെടാത്ത യാഗാഗ്നിയായി മാറ്റുന്നു. അമ്മമാർ കുട്ടികളെ പടച്ചട്ട അണിയിക്കുന്നു. അതിനുശേഷം അവരും ആയുധമെടുക്കുന്നു. സലാംയാമസ്ദി നോം ചോസ്‌കി പറഞ്ഞതുപോലെ അമേരിക്കയേയും ഇസ്രയേലിനേയും ഭീകര ഭരണകൂടങ്ങളായി പ്രഖ്യാപിക്കണം. താമസിച്ചാൽ പലസ്തീന്റെ കണ്ണീർ കടലായി മാറും. അതിൽ ഇസ്രയേൽ മുങ്ങി ഇല്ലാതാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com