രാമായണ ചിത്രീകരണങ്ങൾ ഓർമ്മിപ്പിക്കുന്നത്

കേരളത്തിലേയ്ക്കു രാമായണസംസ്‌കാരം പ്രചരിപ്പിക്കാൻ ആഗ്രഹിച്ചവരുടെ സൃഷ്ടികൾ മാത്രമാണ് ഈ സ്ഥലമാഹാത്മ്യങ്ങൾ.
രാമായണ ചിത്രീകരണങ്ങൾ ഓർമ്മിപ്പിക്കുന്നത്

രാമനാട്ടുകരയും രാമന്തളിയും രാമപുരവുമെല്ലാം കേരളത്തിലുണ്ട്. ജടായുപാറയെപ്പറ്റിയും സീതത്തോടിനേയും കുറിച്ചുമെല്ലാം നമുക്ക് എത്ര എത്ര കഥകളാണ്. കേരളത്തിലേയ്ക്കു രാമായണസംസ്‌കാരം പ്രചരിപ്പിക്കാൻ ആഗ്രഹിച്ചവരുടെ സൃഷ്ടികൾ മാത്രമാണ് ഈ സ്ഥലമാഹാത്മ്യങ്ങൾ.

രാഘവപുരം, തൃപ്രയാർ, രാമമംഗലം, തിരുമണിവെങ്കിടപുരം, തിരുവില്വാമല, വെന്നിമല തുടങ്ങിയ സ്ഥലങ്ങളിലെ ശ്രീരാമക്ഷേത്രങ്ങൾ വാസ്തവത്തില്‍ മധ്യകാല ചരിത്രത്തിന്റെ സംഭാവനകളാണ്. മൂഴിക്കുളം, ഇരിങ്ങാലക്കുട, പായമ്മൽ തുടങ്ങിയ രാമസോദരന്മാരുടെ ക്ഷേത്രങ്ങളും ഇക്കാലത്ത് രൂപാന്തരപ്പെട്ടതാണ്. ഇവയെല്ലാം മുന്‍പ് ശാസ്താക്ഷേത്രങ്ങളോ വിഷ്ണു ക്ഷേത്രങ്ങളോ ആയിരുന്നു. ഇരിഞ്ഞാലക്കുടയിൽ ഒരു ജൈനാലയവും ഉണ്ടായിരുന്നുവത്രേ.

തുഞ്ചത്തെഴുത്തച്ഛന്റെ നേതൃത്വത്തില്‍ പ്രചരിച്ച കേരളീയരുടെ രണ്ടാം ഭക്തിപ്രസ്ഥാനത്തിന്റെ മാർഗ്ഗദർശി ഒരർത്ഥത്തിൽ രാമനായിരുന്നു. മുൻപുണ്ടായിരുന്ന ശാസ്താക്ഷേത്രങ്ങൾ ഉപദേവാലയങ്ങളാക്കിയ ശേഷമാണ് തൃപ്രയാറിലും തിരുവില്വാമലയിലും ശ്രീരാമക്ഷേത്രങ്ങൾ ഉണ്ടാകുന്നത്. ഇതിഹാസകാരന്റെ ആദർശപുരുഷൻ, നമുക്കും ദശാവതാരങ്ങളിൽ ഒന്നായി.

രാമായണത്തിൽ പ്രതിപാദിക്കുന്ന കഥയുടെ ആദിരൂപങ്ങൾ, ബി.സി. ആറാം നൂറ്റാണ്ടിനു മുൻപ് രൂപംകൊണ്ടിരിക്കാൻ ഇടയുണ്ടെന്ന് രാമായണ പണ്ഡിതന്മാരിൽ പലരും വാദിക്കുന്നു. ഋഗ്വേദത്തിലും അഥർവ്വവേദത്തിലും ഇക്ഷ്വാകുവംശത്തെ പരാമർശിക്കുന്നുവെന്നതാണ് അവരുടെ തെളിവ്. ഋഗ്വേദത്തിൽ ദശരഥൻ മാത്രമല്ല, സീതയുമുണ്ട്. എന്നാൽ ഈ സീത കൃഷിയുടെ അധിദേവതയാണ്.

ബി.സി. എട്ടാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയ്ക്കാണ് രാമായണകഥകൾക്ക് ഇന്നത്തെ ഘടന ലഭിച്ചതെന്നു വിശ്വസിക്കുന്നവരാണ് സംസ്‌കൃത സാഹിത്യചരിത്രം എഴുതിയ പാശ്ചാത്യ പണ്ഡിതനായ മക്‌ഡൊണലും രാമായണപഠനം തയ്യാറാക്കിയ യാക്കോബിയും ബി.സി. 380-ൽ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന മൗര്യസാമ്രാജ്യ തലസ്ഥാനമായ പാടലീപുത്രത്തെപ്പറ്റി രാമായണത്തിൽ സൂചനയില്ലെന്നതാണ് കാലഗണനയ്ക്ക് യാക്കോബി സ്വീകരിച്ച മാനദണ്ഡങ്ങളിലൊന്ന്. ബി.സി. മൂന്നാംനൂറ്റാണ്ടിന് ഇപ്പുറമുള്ള പഴക്കമേ പി.വി. കാണെ ഇന്നത്തെ രാമായണത്തിന് എന്നാൽ കല്പിക്കുന്നുള്ളു. തൈത്തീരിയ - ശതപഥ ബ്രാഹ്മണങ്ങളിലും ബ്രഹ്ദാരണ്യോപനിഷത്തിലും ജനകനെപ്പറ്റി പരാമർശിക്കുന്നുണ്ടെങ്കിലും വൈദികസാഹിത്യത്തിലെ ജനകനും രാമായണത്തിലെ ജനകനും രണ്ടാണ്.

രാമായണത്തിലെ വ്യത്യസ്തങ്ങളായ പാഠഭേദങ്ങളെപ്പറ്റി കാമിൽ ബുൽക്കെയും എ.കെ. രാമാനുജനും വിശദമായി ചർച്ചചെയ്യുന്നുണ്ട്. ജൈനർക്കും ബൗദ്ധർക്കുമെല്ലാം അവരവരുടേതായ രാമായണങ്ങൾ ഉണ്ടായിരുന്നു. അമ്പരപ്പിക്കുന്നതാണ് നാടോടി രാമായണങ്ങളിലെ കഥാവൈവിധ്യങ്ങൾ. വൈവിധ്യമുള്ള രാമായണങ്ങളിൽ (പശ്ചിമേഷ്യൻ, പൂർവ്വോത്തര, ദക്ഷിണാത്യപാഠങ്ങൾ) നിന്നുണ്ടായ ഒരു ആദർശപാഠമാണ്, ഇന്നത്തെ വാല്‌മീകിരാമായണമെന്ന് വാദിക്കുന്നവരുമുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിനും എ.ഡി. രണ്ടാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള കാലഘട്ടത്തിലെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകളാണ് ഇന്നു ലഭിക്കുന്ന വാല്‌മീകിരാമായണത്തിൽ പ്രതിഫലിക്കുന്നതെന്ന് പുരാതത്വപണ്ഡിതനായ എച്ച്.ഡി. സംഘാലിയാ അഭിപ്രായപ്പെടുന്നു. (1973) ഇന്നത്തെ ചോട്ടാനാഗ്പ്പൂരിൽ എവിടെയെങ്കിലും ആയിരുന്നു രാമായണത്തിലെ ലങ്കയെന്നും രാവണൻ, ഗോണ്ടുകളുടെ ഒരു തലവനായിരുന്നു എന്നും മറ്റും സംഘാലിയാ നിരീക്ഷിച്ചു. ഇന്നത്തെ ശ്രീലങ്കയാണ്, (സിലോൺ) ലങ്കയെന്നു ഉറപ്പിക്കാൻ തെളിവുകൾ ഇല്ലെന്നും അദ്ദേഹം വാദിച്ചു. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങൾ പട്ടുവസ്ത്രങ്ങൾ ധരിക്കുന്നതും പുരുഷകഥാപാത്രങ്ങൾ പരുത്തിവസ്ത്രങ്ങളോ നാരുകൾകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളോ ഉടുക്കുന്നതും കാലം കണ്ടെത്താൻ സഹായിക്കുന്നുവെന്നാണ് സംഘാലിയായുടെ അവകാശവാദം.

അയോദ്ധ്യ, ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഹെറാത്തി എന്ന പ്രദേശത്താണെന്നു വാദിക്കുന്നവരുടെ പഠനങ്ങൾ, ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ത്രേതായുഗത്തിൽ സംഭവിച്ചതാണെന്നു ഭക്തന്മാർ വിശ്വസിക്കുന്ന രാമായണ സംഭവങ്ങൾക്കു ചരിത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വ്യാഖ്യാനം നൽകുകയാണെങ്കിൽ പുതിയ പുതിയ കണ്ടെത്തലുകൾക്ക് ഇനിയും സാധ്യതകളുണ്ട്. അയോദ്ധ്യ (സരയൂതീരം), നന്ദിഗ്രാമം (ഗോമതിതീരം), ഭരദ്വാജാശ്രമം (ഗംഗാതീരം), ചിത്രകൂടം (മന്ദാകിനി തീരം) തുടങ്ങിയ രാമായണ സ്ഥലികളിൽ ആര്‍ക്കിയോളജിക്കല്‍ ഉത്ഖനനങ്ങൾ നടത്തിയ ബി.ബി. ലാലിന്റെ നേതൃത്വത്തിലുള്ള പുരാതത്വാന്വേഷണസംഘം (1975-1980), NBPW എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നോർത്തേൺ ബ്ലാക്ക്‌വെയർ പോട്ടറിയുടെ കാലമായിരുന്ന ബി.സി. ഏഴാം നൂറ്റാണ്ടിലാണ്, രാമായണ സംഭവങ്ങൾക്ക് പ്രസക്തി കണ്ടെത്തിയത്. ആര്യാവൃത്തം, സൈന്ധവതടത്തിൽനിന്ന് ഗംഗാതീരത്തിലേക്കു വ്യാപിച്ചകാലം ഇതായിരുന്നെന്നും ബി.ബി. ലാൽ വിലയിരുത്തി.

ഹിമാലയം മുതൽ രാമേശ്വരം വരെയുള്ള ദേശങ്ങൾ ഇന്നത്തെ വാല്‌മീകിരാമായണത്തിൽ പരാമര്‍ശിക്കപ്പെട്ടു. സമുദ്രതീരത്തിനു തെക്കുള്ള ലങ്കയേയും വിവരിക്കുന്നു. വനവാസത്തിനായി രാമൻ കോസലത്തുനിന്നു തിരിക്കുന്നത് തെക്കോട്ടേയ്ക്കാണ്. വേദശ്രുതി എന്ന പുഴയാണ് രാമനും സീതയും ലക്ഷ്‌മണനും ആദ്യം പിന്നിട്ടത്. പിന്നെ ഗോമതിനദി. അതുകഴിഞ്ഞ് സൃന്ദിക (പ്രയാഗ). അനന്തരം ഗംഗ. രാമലക്ഷ്മണന്മാരും സീതയും മന്ദാകിനി തീരത്തുള്ള ചിത്രകൂടത്തിൽ താമസിക്കുമ്പോഴാണ് കോസലത്തേയ്ക്കു രാമൻ മടങ്ങണമെന്ന് അഭ്യർത്ഥിച്ച് ഭരതൻ സൈന്യത്തിന്റെ അകമ്പടിയോടെ എത്തുന്നത്. ഭരതൻ രാമപാദുകങ്ങളുമായി മടങ്ങി. സാത്‌ന, രാംടേക്, പഞ്ചവടി, തുൽജാലൂർ, കോപ്പാൾ, ഹംപി, തിരുച്ചിറപ്പള്ളി, രാമനാഥപുരം എന്നിവിടങ്ങൾ പിന്നിട്ടാണ് രാമലക്ഷ്മണന്മാർ ലങ്കയിൽ എത്തിയെന്നാണ് സാമ്പ്രദായിക പണ്ഡിതന്മാരുടെ വീക്ഷണം. ലങ്കയിൽനിന്നു മടങ്ങുമ്പോൾ സീതാരാമലക്ഷ്‌മണന്മാരെ ഭരതൻ സ്വീകരിക്കുന്നത് നന്ദിഗ്രാമത്തിൽവെച്ചാണെന്നും അവർ പറയും.

ജനസ്ഥാനം, പഞ്ചവടി, പ്രസ്രവണഗിരി, കിഷ്‌കിന്ധ, ഋശ്യമൂകാലയം, രാമേശ്വരം, ലങ്ക എന്നിവിടങ്ങളിലേയ്ക്കു കവി അനുവാചകരെ പിന്നീട് കൂട്ടിക്കൊണ്ടുപോകുന്നു. വിദേഹം, മാളവം, കാശി, കോസലം, മഗധം, പുണ്ഡ്രം, വംഗം, സൗരാഷ്ട്രം, ശൂരം, ആഭീരം, ബാല്ഹീകം, പുളിന്ദം, ശൗരസേനം, പ്രസ്ഥലം, കുരു, മുദ്രകം, കാംബോജം, യവനം, ശകം, ആരട്ടകം, ഋഷീകം, ചീനം, പരമചീനം, കലിംഗം, കൗശികം, ആന്ധ്രം, ചോളം, പാണ്ഡ്യം, കേരളം എന്നിവിടങ്ങളിലേയ്ക്കാണ് വാനരസംഘത്തെ സീതാന്വേഷണത്തിന് സുഗ്രീവൻ അയച്ചത്. ഇന്ത്യൻ വംശജർ, ദക്ഷിണ പൂർവ്വേഷ്യയിലേക്ക് (തായ്‌ലൻഡ്, കമ്പോഡിയ, വിയറ്റ്‌നാം, ജാവ, സുമാട്ര, മലയാ) വ്യാപിച്ചപ്പോൾ, രാമായണം ആ ദേശങ്ങളിലും പ്രചരിച്ചു. രാമനും മുന്‍പായിരുന്നു കൃഷ്ണന്റെ ജീവിതകാലമെന്നു സൂചിപ്പിക്കാനും ബി.ബി. ലാൽ തയ്യാറായി. അമ്പും വില്ലും ഉപയോഗിച്ചായിരുന്നു പ്രധാനമായും രാമരാവണയുദ്ധം. ഖഡ്ഗധാരിയായ രാവണന് അശ്വസൈന്യവും ഗജസൈന്യവും പ്രത്യേകം പ്രത്യേകം ഉണ്ടായിരുന്നു.

മകൻ, ഭർത്താവ്, സഹോദരൻ, സുഹൃത്ത്, യുദ്ധതന്ത്രജ്ഞൻ, ഭരണാധികാരി തുടങ്ങിയ നിലകളിലുള്ള രാമന്റെ പ്രവൃത്തികളാണ്, ആ വ്യത്യസ്ത കഥാപാത്രത്തെ ലോകസാഹിത്യത്തിലെ ഒരനശ്വര കഥാപാത്രമാക്കിയത്. സുമിത്ര, ലക്ഷ്‌മണനോടു പറയുന്നത് നമുക്കും ഇവിടെ ഓർക്കാം. “ജ്യേഷ്ഠനെ പിതാവെന്നു കണക്കാക്കണം. സീതയെ അമ്മയെന്നു കരുതണം. അടവിയെ അയോദ്ധ്യാ രാജധാനിയെന്നു വിചാരിച്ചുകെള്ളണം.” ഭാര്യാ-ഭർത്തൃ ബന്ധത്തേയും മാതൃ-പുത്ര ബന്ധത്തേയും സഹോദരബന്ധത്തേയും പിതൃ-പുത്ര ബന്ധത്തേയും സുഹൃത് ബന്ധത്തേയുമെല്ലാം പുനർനിർവ്വചിച്ചതാണ് രാമായണത്തിന്റെ മറ്റൊരു അസാധാരണത്വം.

വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് രാമായണത്തിന്റെ ആകർഷണീയതയിൽ പ്രധാനം. രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ, മണ്ഡോദരി, മാരീചൻ, ശൂർപ്പണഖ, ഖരൻ തുടങ്ങിയവരാണ് രാക്ഷസകഥാപാത്രങ്ങളിൽ പ്രധാനികൾ. ഹനുമാൻ, സുഗ്രീവൻ, താര, ബാലി, സരമ, അംഗദൻ, നീലൻ എന്നിങ്ങനെ എത്ര എത്ര വാനര കഥാപാത്രങ്ങള്‍! രാമലക്ഷ്മണന്മാരും സീതയും. ദശരഥൻ, കൗസല്യ, കൈകേയി, സുമിത്ര, ഭരതൻ, ശത്രുഘ്‌നൻ, ഗുഹൻ, ശബരി, ജടായു, സമ്പാതി തുടങ്ങിയവരെല്ലാം ഉജ്ജ്വലകാന്തിയോടെ ഇതിഹാസത്തിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്നു. ഘോരരാക്ഷസന്മാരുടെ കാവലിൽ ഉപവാസകൃശയായി മലിനവേഷധാരിയായി രാമമന്ത്രവുമായി അശോകവനത്തിൽ കഴിയുന്ന സീതയാണ് രാമായണത്തിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രം. ധർമ്മാധർമ്മ സംഘർഷങ്ങളെ നിരന്തരം അഭിമുഖീകരിക്കുന്ന രാമനും അസാധാരണനായ ഒരു കഥാപാത്രം തന്നെ.

കൂടിയാട്ടത്തിലൂടെയാണ് കേരളീയർ രാമായണത്തെ ആദ്യമായി പരിചയപ്പെട്ടത്. ശക്തിഭദ്രന്റെ (എട്ടാംനൂറ്റാണ്ട്) ആശ്ചര്യചൂഡാമണിയാണ് നമ്മുടെ ആദ്യകാല ദാരുശില്പികളുടേയും പ്രചോദനം. നിത്യപാരായണത്തിനായി രചിച്ച എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമോ ധ്യാനമന്ത്രങ്ങളൊ ആയിരുന്നു, ചുവർച്ചിത്രങ്ങൾ വരച്ചവരെ പൊതുവേ പ്രചോദിപ്പിച്ചത്. രാഷ്ട്രീയമായും സാംസ്‌കാരികമായും കേരളം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരുന്ന നാളുകളിലായിരുന്നു അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചന. വേണ്ടതിനും വേണ്ടാത്തതിനും പരസ്പരം കലഹിച്ചും സ്വയം പര്യാപ്തതയിൽ അഭിരമിച്ചും കഴിഞ്ഞിരുന്ന നാട്ടുരാജ്യങ്ങൾ പറങ്കികളുടെ വരവോടെ രണ്ടുചേരികളായി. നിരർത്ഥക യുദ്ധങ്ങളിൽനിന്നുള്ള മോചനം ഭക്തിയിലൂടെ സാധ്യമാകണമെന്ന് എഴുത്തച്ഛൻ ആഗ്രഹിച്ചു. ആത്യന്തിക വിജയം ധർമ്മത്തിന്റെ പക്ഷത്തിനാണെന്നും അദ്ദേഹം വിശ്വസിച്ചു.

മട്ടാഞ്ചേരി കൊട്ടാരത്തിലെ പള്ളിയറയിലെ പതിനേഴാം നൂറ്റാണ്ടിലെ രാമായണ ചിത്രീകരണങ്ങൾക്കു കേരളീയ കലാചരിത്രത്തിൽ അത്യധികം പ്രാധാന്യമുണ്ട്. പുത്രകാമേഷ്ടിയാഗം മുതൽ ആരംഭിക്കുന്ന രാമായണ സംഭവങ്ങൾ, സീതാരാമന്മാരുടെ നന്ദിഗ്രാമപ്രവേശനത്തോടെ അവസാനിക്കുന്നു. അശുഭവൃത്താന്തങ്ങള്‍ ഒഴിവാക്കാനെന്നോണം ഉത്തരരാമായണ സംഭവങ്ങൾ കേരളീയ കലാകാരന്മാർ പൊതുവേ ചിത്രീകരിക്കാറില്ല. ദശരഥപത്നിമാരുടെ പ്രസവം, താടകാവധം, ശൂർപ്പണഖയെ പിന്തിരിപ്പിക്കുന്നത്, ഹനുമാന്റെ പരാക്രമങ്ങൾ, രാമരാവണയുദ്ധം എന്നിവയാണ് മട്ടാഞ്ചേരിയിലെ രാമായണചിത്രങ്ങളിൽ പ്രധാനം. പത്മനാഭപുരത്തെ ശ്രീരാമസ്വാമിക്കോവിലിലാണ് രാമായണം മരപ്പലകകളിൽ മനോഹരമായി കൊത്തിവച്ചിട്ടുള്ളത് (പതിനെട്ടാം നൂറ്റാണ്ട്). ശ്രീരാമപട്ടാഭിഷേകത്തോടെ ഇവിടെയും രാമായണം പൂർത്തിയാകുന്നു. നാടകീയത, സംവിധാനഭംഗി, കഥാപാത്രങ്ങളുടെ അംഗോപാംഗ പൊരുത്തം എന്നിവയാണ് രാമസ്വാമിക്കോവിലിലെ രാമായണാഖ്യാനങ്ങളെ ശ്രദ്ധേയങ്ങളാക്കിയത്.

പുണ്ഡരീകപുരം (തലയോലപ്പറമ്പ്) പത്മനാഭപുരം കൊട്ടാരം, മൊറാഴ, ആർപ്പൂക്കര, ചെമ്മൻതിട്ട, തൃക്കൊടിത്താനം, തിരുവട്ടാർ തുടങ്ങിയ ക്ഷേത്രങ്ങളിലെ രാമായണചിത്രങ്ങൾ ഗംഭീരങ്ങളാണ്. വരുണനെ കീഴടക്കാൻ അസ്ത്രമയയ്ക്കുന്ന രാമനും വീരരാമനുമാണ് കേരളീയ ശില്പികളുടെ ഇഷ്ടപ്രമേയങ്ങൾ. പുത്രകാമേഷ്ടിയാഗവും ചാപഭജ്ഞനവും മാരീചവധവും ജടായുപരാക്രമവും അശോകവനത്തിലെ സീതയും രാമരാവണയുദ്ധവും രാവണപതനവും കവിയൂരേയും വാഴപ്പള്ളിയിലേയും പൂവപ്പുഴയിലേയും ഏറ്റുമാനൂരേയും ശില്പികളുടെ ഇഷ്ടപ്രമേയങ്ങളായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച രാമായണ ശില്പങ്ങളിലൊന്ന് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാൽ എനിക്കു നൽകാനുള്ള ഉത്തരം തിരുവങ്ങാട് ശില്പം എന്നാണ്. കൊരട്ടിയിലേയും ഏറ്റുമാനൂരേയും കവിയൂരേയും രാമായണശില്പങ്ങൾക്കും ഇതേ പ്രാധാന്യമുണ്ട്. ചുനക്കര ക്ഷേത്രത്തിലെ രാവണനാണ് പ്രതിനായക ശില്പങ്ങളിൽ ഗംഭീരം. കടവല്ലൂരെ രാവണന്റെ പ്രതാപവും മറക്കില്ല. അങ്കോർവാട്ടിലെ (പതിനൊന്നാം നൂറ്റാണ്ട്) രാമായണശില്പങ്ങൾ പിന്തുടരാൻ എനിക്ക് ഒരു ദിവസം പൂ‍ര്‍ണ്ണമായും വേണ്ടിവന്നു. ഇതിഹാസങ്ങൾകൊണ്ടാണ് കംബോഡിയൻ മനസ്സുകളെ ഇന്ത്യൻ കച്ചവടക്കാർ സ്വാധീനിച്ചത്. ബോറബദ്ദൂർ, പ്രംബാനൻ (ഇൻഡോനേഷ്യ) എന്നിവിടങ്ങളിലെ രാമായണശില്പങ്ങൾ ശൈലേന്ദ്രരാജാക്കന്മാരുടെ കാലത്ത് (ഒൻപതാം നൂറ്റാണ്ട്) നിർമ്മിച്ചവയാണ്.

ഭാവിഭാഗധേയങ്ങൾ പരീക്ഷിക്കപ്പെട്ടിരുന്ന നമ്മുടെ ദേശവാഴികൾക്കും നാടുവാഴികൾക്കും രാമായണം ഒരു രക്ഷാക്കവചമായിരുന്നുവെന്നാണ് മുന്‍കാല രാമായണ ചിത്രീകരണങ്ങൾ ഓർമ്മിപ്പിക്കുന്നത്. നിർവ്വചനങ്ങൾക്കപ്രാപ്യമായ, അവിചാരിതമായ പ്രാതികൂല്യങ്ങളെ നിരന്തരം നേരിടേണ്ടിവരുന്ന മനുഷ്യജീവിതത്തേയും അതിജീവനത്തേയും അവതരിപ്പിക്കുകയായിരുന്നു രാമായണത്തിന്റെ ദൗത്യം. കാവ്യഭംഗിയും തത്ത്വചിന്തയും രാഷ്ട്രീയസമസ്യകളും സമന്വയിച്ചപ്പോള്‍ രാഘവീയം അവിസ്മരണീയമായി. കാലദേശങ്ങൾ, കുടുംബബന്ധങ്ങൾക്കു പുതിയ പുതിയ അർത്ഥതലങ്ങൾ കണ്ടെത്തും. മൂലരാമായണത്തിന് ഇത്രയധികം പാഠഭേദങ്ങൾ അങ്ങനെയാണ് ഏഷ്യയിൽ ഉണ്ടായത്. ബാലിയിലെ രാമായണം ലക്ഷ്മണരേഖയ്ക്കു പ്രാധാന്യം കൊടുത്തതും കംബോഡിയൻ രാമായണം സഹോദരപത്നിയെ അപഹരിച്ച ബലവാനായ ബാലിയെ നിന്ദിക്കുന്നതും അതുകൊണ്ടാണ്. എല്ലാ രാമായണങ്ങളിലേയും പ്രിയങ്കരനായ ജനകീയ കഥാപാത്രം ഹനുമാനാണ്.

ചിത്രങ്ങള്‍ വരച്ചത് ഗുരുവായൂര്‍ മ്യൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com