മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഗാനരചനാജീവിതം 

പാട്ടിൽ വിരിഞ്ഞ നവനീത ചന്ദ്രിക
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഗാനരചനാജീവിതം 

പാട്ടിന്റെ രാജാങ്കണത്തിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടുപോയ ആ ‘അരിക്കച്ചവടക്കാര’നെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എങ്ങനെ മറക്കാൻ? ഇന്നും ചുണ്ടിൽ ചിരിയുണർത്തുന്ന ഓർമ്മ.

1960-കളുടെ അവസാനമാണ്. സിനിമയിൽ പാട്ടെഴുതിത്തുടങ്ങിയിട്ടില്ല മങ്കൊമ്പ്. ഗ്രന്ഥാലോകം മാസികയുടെ എഡിറ്റോറിയൽ ചുമതലകളുമായി തിരുവനന്തപുരത്ത് കഴിയുന്ന കാലം. കൗമുദി വാരികയിൽ ലേഖനമെഴുത്തുമുണ്ട്; പ്രധാനമായും സിനിമാ നിരൂപണങ്ങൾ. ആയിടക്കൊരിക്കൽ വയലാർ രാമവർമ്മയുടെ ഗാനങ്ങളിലെ ഈശ്വരനിഷേധത്തെക്കുറിച്ച് വിശദമായ ഒരു പഠനം എഴുതി കൗമുദി പത്രാധിപർ കെ. ബാലകൃഷണനെ ചെന്ന് കാണുന്നു മങ്കൊമ്പ്.

ലേഖനം വാങ്ങിവെച്ച ശേഷം വയലാറിനെ വിളിച്ചു വിവരം പറയുന്നു ബാലേണ്ണൻ. ലേഖനത്തിന്റെ ആശയമറിഞ്ഞപ്പോൾ വയലാറിനും സന്തോഷം. ഇടയ്ക്ക് സിനിമാ സംബന്ധിയായ കുറിപ്പുകൾ എഴുതാറുള്ളതുകൊണ്ട് മങ്കൊമ്പിനെ നേരത്തെ അറിയാം വയലാറിന്. “ഈശ്വര നിഷേധം ആണല്ലോ ചർച്ചാവിഷയം. എന്നാൽപ്പിന്നെ അത്തരത്തിലുള്ള എന്റെയൊരു കവിത കൂടി ഇരിക്കട്ടെ പുതിയ ലക്കത്തിൽ” എന്നായി വയലാർ. ബാലേണ്ണന് സന്തോഷം. ആ ലക്കം കൗമുദിയുടെ ആദ്യപേജിൽ വയലാറിന്റെ ജ്വാലാവിഭ്രാന്തി എന്ന കവിതയും മൂന്നാം പേജിൽ മങ്കൊമ്പിന്റെ ലേഖനവും അച്ചടിച്ചുവന്നത് അങ്ങനെയാണ്.

മെരിലാൻഡിന്റെ ‘വിപ്ലവകാരികൾ’ എന്ന സിനിമയ്ക്ക് പാട്ടെഴുതാൻ തിരുവനന്തപുരത്ത് വന്നിരിക്കുകയാണ് ആ സമയത്ത് വയലാർ. താമസം പതിവുപോലെ അരിസ്റ്റോ ഹോട്ടലിൽ. ഇഷ്ടകവിയെ നേരിൽ കണ്ടു പരിചയപ്പെടാൻ മോഹം തോന്നി തുടക്കക്കാരനായ മങ്കൊമ്പിന്. ആയിടെ ജനയുഗം വാരികയിൽ അടിച്ചുവന്ന മധുരപ്പതിനേഴ് എന്ന സ്വന്തം കവിതയുമായി വയലാറിനെ കാണാൻ ഒരുച്ചയ്ക്ക് അരിസ്റ്റോ ഹോട്ടലിൽ ചെന്നുകയറുന്നു മങ്കൊമ്പ്.

സ്നേഹവാത്സല്യങ്ങളോടെ യുവകവിയെ സ്വീകരിച്ചു വയലാർ. എഴുതിയ കവിത കൗതുകത്തോടെ വായിച്ചുനോക്കി. അഭിപ്രായങ്ങൾ പങ്കുവെച്ചു. ഉപദേശനിർദ്ദേശങ്ങളും നിരീക്ഷണങ്ങളുമായി സംഭാഷണം മുന്നേറുന്നതിനിടെ വാതിലിൽ അതാ ഒരു മുട്ട്.

ആരാ?” വയലാറിന്റെ ചോദ്യം.

ഞാനാണ്. അരിച്ചെട്ടിയാർ.” കതകിനപ്പുറത്തുനിന്നു പതിഞ്ഞ ശബ്ദത്തിൽ മറുപടി. വാതിൽ പൂട്ടിയിട്ടില്ല, തുറന്ന് അകത്തു കടന്നുവന്നോളൂ എന്ന് വയലാർ.

അകത്തു കടന്നുവന്നയാൾ ഭവ്യതയോടെ പറഞ്ഞു: “വരാൻ പറഞ്ഞിരുന്നല്ലോ. അരി കൊണ്ടുവന്നിട്ടുണ്ട്.”

ശബ്ദം തെല്ലു കടുപ്പിച്ചായിരുന്നു വയലാറിന്റെ മറുപടി: “അരിയൊന്നും വേണ്ട. കൊണ്ടുപോകാൻ സൗകര്യപ്പെടില്ല.” കച്ചവടക്കാരൻ എന്നിട്ടും വിടാൻ ഭാവമില്ല. “കൊല്ലത്തുനിന്നു കാറിൽ എടുത്തിട്ടേക്കാം. എന്തായാലും ചോദിച്ചതല്ലേ? കൊണ്ടുപോയേ പറ്റൂ.”

ആഗതനെ ഒന്നുഴിഞ്ഞുനോക്കിയ ശേഷം വയലാറിന്റെ മറുചോദ്യം: “ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?” ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു താനെന്ന് മങ്കൊമ്പ്. എന്നാൽ, പുഞ്ചിരിയോടെയായിരുന്നു വയലാറിന്റെ അടുത്ത ഡയലോഗ്: “എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ.”

സംഭവഗതികൾ നിശ്ശബ്ദമായി നിരീക്ഷിച്ച് അന്തംവിട്ടിരുന്ന മങ്കൊമ്പിനെ നോക്കി വയലാർ ചോദിച്ചു: “ഇതാരാണെന്ന് മനസ്സിലായോ?” ഇല്ലെന്ന് തലയാട്ടിയപ്പോൾ അതാ വരുന്നു അമ്പരപ്പിക്കുന്ന ആ വെളിപ്പെടുത്തൽ: “ഇതാണ് സാക്ഷാൽ പരവൂർ ജി. ദേവരാജൻ.”

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍

ഞെട്ടിത്തരിച്ചുപോയി താനെന്ന് മങ്കൊമ്പ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ച മനുഷ്യനാണ് കൺമുന്നിൽ. ഉള്ളിൽ ഒരു വികാരസാഗരം ഇരമ്പുന്നു, ഹൃദയമിടിപ്പ് കൂടുന്നു. പിന്നെയൊന്നും ചിന്തിച്ചില്ല. നേരെ മാഷിന്റെ കാൽക്കൽ വീണു. ആ കാഴ്ച കണ്ട് പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു വയലാറും ദേവരാജനും.

ജീവിതത്തിലെ ഏറ്റവും മഹനീയ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അതെന്നു പറയും മങ്കൊമ്പ്. പിൽക്കാലത്ത് നിരവധി ഗാനസൃഷ്ടികളിൽ പങ്കാളിയായ സംഗീതകാരനുമായുള്ള ആദ്യ സമാഗമം. അരിക്കച്ചവടക്കാരന്റെ വേഷമണിഞ്ഞ് അന്ന് ജീവിതത്തിലേക്ക് കടന്നുവന്നയാൾ യഥാർത്ഥത്തിൽ ഹൃദയസംഗീതത്തിന്റെ ‘വിൽപ്പനക്കാരൻ’ ആയിരുന്നുവെന്നത് അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു യുവസാഹിത്യകാരൻ.

കവിതയുടെ അസ്‌ക്യതയുണ്ട്, അല്ലേ?” വയലാർ പേരു പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ മാഷിന്റെ ചോദ്യം. അന്നൊന്നും സങ്കല്പിച്ചിട്ടില്ല സ്വന്തം വരികൾക്ക് ഒരിക്കൽ ദേവരാജ സംഗീതത്തിന്റെ മാന്ത്രികസ്പർശമേൽക്കാൻ ഭാഗ്യമുണ്ടാകുമെന്ന്; ആ ഗാനങ്ങളിൽ പലതും മലയാളികൾ ഏറ്റുപാടുമെന്നും. ശ്രീകോവിൽ ചുമരുകൾ ഇടിഞ്ഞുവീണു (കേണലും കളക്ടറും), രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, കണ്ണാംപൊത്തിയിലേലേ (അമ്മിണി അമ്മാവൻ), കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ (മിസ്സി), ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന ശാരികേ, സുഗന്ധീ സുമുഖീ (കർണ്ണപർവം), പാലാഴിമങ്കയെ പരിണയിച്ചു, വർണ്ണചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്), നവനീത ചന്ദ്രികേ തിരി താഴ്ത്തൂ, ശംഖനാദം മുഴക്കുന്നു (അവൾക്ക് മരണമില്ല), സംക്രമസ്നാനം കഴിഞ്ഞു (ഇനിയെത്ര സന്ധ്യകൾ)... മങ്കൊമ്പ് - ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരഗാനങ്ങളുടെ പട്ടിക ഇനിയും നീളും.

രാജസൂയം കഴിഞ്ഞു

ഹരിഹരൻ സംവിധാനം ചെയ്ത ‘അമ്മിണി അമ്മാവൻ’ (1976) ആണ് ഇരുവരും ഒരുമിച്ച ആദ്യചിത്രം. “അതിനും വർഷങ്ങൾ മുൻപേ സംഭവിക്കേണ്ടതായിരുന്നു ഞങ്ങളുടെ കൂടിച്ചേരൽ” -മങ്കൊമ്പ് പറയുന്നു. മാഷിനുവേണ്ടി ആദ്യമെഴുതിയത് വെളിച്ചം കാണാതെപോയ ഒരു ചിത്രത്തിലാണ് - എൻ. ശങ്കരൻ നായർ സംവിധാനം ചെയ്യാനിരുന്ന ‘പോക്കറ്റടിക്കാരി’യിൽ. (വർഷങ്ങൾക്കുശേഷം പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ പുറത്തുവന്ന പോക്കറ്റടിക്കാരിയുമായി ബന്ധമില്ല ഈ പടത്തിന്.)

രവീന്ദ്ര ജെയിന്‍, ഹരിഹരന്‍, യേശുദാസ്, ഹേമലത തുടങ്ങിയവര്‍ക്കൊപ്പം ‘സുജാത’യിലെ ആശ്രിതവത്സലനേ എന്ന പാട്ടിന്റെ സൃഷ്ടിക്കിടെ
രവീന്ദ്ര ജെയിന്‍, ഹരിഹരന്‍, യേശുദാസ്, ഹേമലത തുടങ്ങിയവര്‍ക്കൊപ്പം ‘സുജാത’യിലെ ആശ്രിതവത്സലനേ എന്ന പാട്ടിന്റെ സൃഷ്ടിക്കിടെ

ആദ്യത്തെ പാട്ട് എഴുതിക്കൊടുക്കുമ്പോൾ ചെറിയൊരു ഭീതിയുണ്ടായിരുന്നു- ഇഷ്ടപ്പെടാത്ത രചന ചുരുട്ടിക്കൂട്ടി വലിച്ചെറിയുന്നതാണ് മാഷിന്റെ രീതി എന്നു കേട്ടിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ചും. സംഭവിച്ചത് മറിച്ചാണ്. മുഴുവൻ വായിച്ചു നോക്കിയ ശേഷം അർത്ഥഗർഭമായി ഒന്ന് മൂളി, ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു: “കമ്പാർട്ട്‌മെന്റ് മാറിക്കയറിയ ആളാണ്, അല്ലേ? പേടിക്കേണ്ട; എന്തായാലും സീറ്റ് കിട്ടും.” പത്രപ്രവർത്തനത്തിൽനിന്നു പാട്ടെഴുത്തിലേക്ക് തിരിഞ്ഞതിനെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്നോർക്കുമ്പോൾ എത്ര അർത്ഥവത്തായിരുന്നു ആ പ്രവചനം എന്നു തോന്നും.

മറ്റൊന്നുകൂടി പറഞ്ഞു മാസ്റ്റർ: “പാട്ടെഴുത്തും നിരൂപണവും ഒരുമിച്ചു വേണ്ട. രണ്ടു തോണിയിലും കാൽ വെച്ചാൽ അപകടമാണ്. നിന്റെ പാട്ട് ഇഷ്ടപ്പെടുന്നവരെ ശത്രുക്കളാക്കുന്നതെന്തിന്?” കൗമുദി വാരികയിൽ അക്കാലത്ത് ‘സാഹിത്യം പോയ വാരത്തിൽ’ എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്യുന്നുണ്ട് മങ്കൊമ്പ്. തലേ ആഴ്ചത്തെ ആനുകാലികങ്ങളിൽ വന്ന രചനകളെക്കുറിച്ചുള്ള വിലയിരുത്തൽ. എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിനും മുൻപുള്ള കാലമാണെന്നോർക്കണം. “മാഷിന്റെ ഉപദേശം ഞാൻ ശിരസാ വഹിച്ചു. നിരൂപണം അതോടെ നിർത്തി. പാട്ടെഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.” സമയോചിതമായ ആ ഉപദേശത്തിന് മാസ്റ്ററോട് ഇന്നും മനസ്സുകൊണ്ട് നന്ദി പറയാറുണ്ട് താനെന്ന് മങ്കൊമ്പ്.

അന്നെഴുതിക്കൊടുത്ത ഗാനത്തിന്റെ പല്ലവി മറന്നിട്ടില്ല മങ്കൊമ്പ്: വെള്ളോട്ടുരുളിയിൽ പാൽ പായസവുമായി വെണ്ണിലാവേ നീ വന്നാലും, തങ്കത്താമരവിരൽ കൊണ്ടെനിക്കൊരു തുള്ളി വിളമ്പിത്തന്നാലും... “ചരണത്തിലെ ഒരു വാക്ക് മാത്രം മാസ്റ്റർ മാറ്റിഎന്നാണ് ഓർമ്മ. പടം പുറത്തു വന്നിരുന്നെങ്കിൽ ഞങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെട്ടേനെ അത്.” തുടർന്ന് അമ്മിണി അമ്മാവൻ, കേണലും കളക്ടറും, മിസ്സി തുടങ്ങിയ ചിത്രങ്ങൾ. “പാട്ടിന്റെ വരികൾ കയ്യിൽ കിട്ടിയാൽ ഒന്നുരണ്ടാവർത്തി ശ്രദ്ധിച്ചു വായിക്കും മാസ്റ്റർ. നീണ്ട മൗനമാണ് പിന്നെ. ഗാനത്തിന്റെ ആശയം മനസ്സിലേക്ക് ആവാഹിക്കുകയാണ്. പിറ്റേന്നു പാട്ട് റെക്കോർഡ് ചെയ്തു കേൾക്കുമ്പോൾ നമ്മൾ അമ്പരന്നുപോകും.”

മങ്കൊമ്പിന്റെ രചനകളിൽ ശ്രീകോവിൽ ചുമരുകൾ ഇടിഞ്ഞുവീണു എന്ന പാട്ടിനോട് പ്രത്യേകിച്ചൊരു മമതയുണ്ടായിരുന്നു ദേവരാജന്. ഗാനസൃഷ്ടിയുടെ സാങ്കേതിക വശത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലും എഴുത്തുകളിലും മാസ്റ്റർ പതിവായി ഉദാഹരിച്ചു കേട്ടിട്ടുള്ള പാട്ടാണത്. “ഇടിഞ്ഞുവീഴുന്ന ഭാവമാണ് ആ പാട്ടിൽ വേണ്ടത്” -മാസ്റ്റർ എഴുതി. “വീഴുന്ന ഭാഗങ്ങൾ, വീഴ്ചയുടെ ആഘാതത്തിൽ വീണ്ടും മേലോട്ട് പൊന്തിയ ശേഷം ഒരിക്കൽകൂടി താഴെ വീണു ചിതറുന്നു. ശ്രീകോവിൽ എന്നു തുടങ്ങുന്നിടത്ത് ഭക്തിഭാവവും ‘ചുമരുക’ എന്ന ഭാഗത്ത് ഇടിഞ്ഞുവീഴുന്ന ഭാവവും ‘ളിടി’ എന്ന സ്ഥലത്ത് ഭൂനിരപ്പിന്റെ പ്രതീതിയും വേണം. ‘ഞ്ഞു’ എന്ന അക്ഷരത്തിൽ ആഘാതത്തിന്റെ ഭാവസ്വരമായി വലിയ നിഷാദവും ‘വീണു’ എന്ന വാക്കിൽ വീണ്ടും പൊന്തി, രിഷഭത്തിലേക്ക് മടങ്ങിയ ശേഷം ഷഡ്ജത്തിൽ താഴേക്കു വീഴുന്ന ഭാവവും ഉണ്ടാക്കി. പതിവിനു വിപരീതമായി ശുദ്ധ രിഷഭത്തിൽ തുടങ്ങിയിരിക്കുന്ന ഗാനം കാമവർധിനിരാഗത്തിലാണ് ചെയ്തിരിക്കുന്നത്” (ദേവരാഗങ്ങളുടെ രാജശില്പി - ചലച്ചിത്ര അക്കാദമി). വെറുമൊരു സിനിമാപ്പാട്ടിനു പിന്നിൽ ഇത്രയും സൂക്ഷ്മവും ശാസ്ത്രീയവുമായ അപഗ്രഥനം ഉണ്ടെന്നത് അത്ഭുതകരമായ അറിവായിരിക്കും പലർക്കും. അതായിരുന്നു ജി. ദേവരാജൻ എന്ന ജീനിയസ്.

പൂമഠത്തെ പെണ്ണിന്റെ റെക്കോര്‍ഡിങ്: മങ്കൊമ്പ്, ദേവരാജന്‍, ഹരിഹരന്‍, യു. രാജഗോപാല്‍, ജി.പി. വിജയന്‍
പൂമഠത്തെ പെണ്ണിന്റെ റെക്കോര്‍ഡിങ്: മങ്കൊമ്പ്, ദേവരാജന്‍, ഹരിഹരന്‍, യു. രാജഗോപാല്‍, ജി.പി. വിജയന്‍

1975-ൽ വയലാർ കഥാവശേഷനായതോടെ ശരിക്കും ഏകാകിയായി മാറി ദേവരാജൻ. 1960-കളിലും ’70-കളുടെ തുടക്കത്തിലും വയലാർ - ദേവരാജൻ ടീമിന്റെ ക്ലാസിക് ഗാനങ്ങളുടെ പിന്തുണയോടെ ഉദയായുടെ ബാനറിൽ അസംഖ്യം ഹിറ്റ് ചിത്രങ്ങൾ മെനഞ്ഞെടുത്ത കുഞ്ചാക്കോയുമായും അക്കാലത്ത് അകൽച്ചയിലാണ് മാസ്റ്റർ. വയലാർ - ദേവരാജൻ എന്ന വിജയസഖ്യത്തിനു വിരാമമിട്ട് ഒരു സുപ്രഭാതത്തിൽ വയലാർ - സലിൽ ചൗധരി കൂട്ടുകെട്ടിലേക്ക് ചുവടുമാറിയ നിർമ്മാതാവിനു മാപ്പ് നൽകാൻ മാസ്റ്ററുടെ മനസ്സ് വിസമ്മതിച്ചിരിക്കാം. ദേവരാജന്റെ അഭാവത്തിൽ ഉദയാ ചിത്രമായ ചീനവലയിൽ വയലാറിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം.കെ. അർജുനൻ.

ചീനവല പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപ് വയലാർ കഥാവശേഷനായതോടെ അടുത്ത പടമായ ‘ചെന്നായ വളർത്തിയ കുട്ടി’യിൽ പാട്ടെഴുതാൻ പുതിയൊരാളെ തേടേണ്ടിവന്നു കുഞ്ചാക്കോക്ക്. നറുക്കുവീണത് മങ്കൊമ്പിനാണ്. സംഗീത സംവിധായകൻ അർജുനൻ തന്നെ. “അയലത്തെ സുന്ദരി, ബാബുമോൻ എന്നീ സിനിമകളിലെ പാട്ടുകൾ ഹിറ്റായതാവണം എന്നെ തിരഞ്ഞെടുക്കാൻ കാരണം. നസീർ സാറും ഉമ്മറും അടൂർ ഭാസിയും എന്റെ പേര് ചാക്കോച്ചനോട് നിർദ്ദേശിച്ചതായും പിന്നീടറിഞ്ഞു” -മങ്കൊമ്പ്. അഷ്ടമംഗല്യ സുപ്രഭാതത്തിൽ (സുശീല), പഞ്ചമിച്ചന്ദ്രിക വന്നു നീരാടും (പട്ടണക്കാട് പുരുഷോത്തമൻ, ജാനകി), വാസനചെപ്പു തകർന്നൊരെൻ ജീവിത (യേശുദാസ്) തുടങ്ങി ചെന്നായ വളർത്തിയ കുട്ടിക്കുവേണ്ടി മങ്കൊമ്പ് എഴുതിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

കമ്പോസിംഗ് വേളയിൽ കുഞ്ചാക്കോയും ഉണ്ടാകും കൂടെ” - മങ്കൊമ്പിന്റെ ഓർമ്മ. “പാട്ടുകളും ഈണവും അങ്ങേയറ്റം ലളിതവും ഏതു സാധാരണ പ്രേക്ഷകനും മൂളാൻ കഴിയുന്നതും ആവണം എന്ന കാര്യത്തിൽ നിർബ്ബന്ധമുണ്ട് അദ്ദേഹത്തിന്. അഷ്ടമംഗല്യ സുപ്രഭാതം ചാക്കോച്ചന് ഏറെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു. എന്റെ ഗാനങ്ങളിൽ എനിക്കും വളരെ പ്രിയപ്പട്ടതാണ് ആ ഗാനം. പ്രത്യേകിച്ച്, ഇന്ദ്രനീല തടാകമായ് മാറും ഈ മിഴികൾ നീ കണ്ടുവോ എന്നു തുടങ്ങുന്ന ചരണം.”

നിലപാടുകളുടേയും രാജൻ

ചെന്നായ വളർത്തിയ കുട്ടിയുടെ ഗാനസൃഷ്ടിക്കിടെ ഒരിക്കൽ മങ്കൊമ്പ് കുഞ്ചാക്കോയോട് ചോദിച്ചു: “ദേവരാജൻ മാസ്റ്ററെ ഉദയായിലേക്ക് തിരിച്ചുകൊണ്ടുവന്നുകൂടെ? ഉദയായ്ക്ക് മാസ്റ്ററോടും മാസ്റ്റർക്കു തിരിച്ചും ഉള്ള കടപ്പാട് അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ?” ദേവരാജൻ തിരിച്ചു വരണമെന്നാണ് തന്റേയും ആഗ്രഹമെന്ന് കുഞ്ചാക്കോയുടെ മറുപടി. ഒന്നുരണ്ടു തവണ നേരിട്ടു ചെന്ന് അദ്ദേഹത്തെ ക്ഷണിച്ചതുമാണ്. പക്ഷേ, ഇനി ഉദയായിലേക്ക് ഇല്ല എന്ന നിലപാടിൽ കടുകിട മാറ്റം വരുത്താൻ ഒരുക്കമല്ലായിരുന്നു അദ്ദേഹം.

വാശിക്കാരനാണ്. വീണ്ടുമൊരിക്കൽ കൂടി ക്ഷണിച്ച് അപമാനിതനാകാൻ ഞാനില്ല. താങ്കൾക്ക് ദേവനെ ഉദയായിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെങ്കിൽ സന്തോഷം.” കുഞ്ചാക്കോയുടെ ഈ വാക്കുകൾ നൽകിയ ആത്മവിശ്വാസവുമായി ദേവരാജനെ ചെന്നു കാണുന്നു മങ്കൊമ്പ്. പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല. ക്ഷമയോടെ എല്ലാം കേട്ട ശേഷം മാസ്റ്റർ പറഞ്ഞ വാക്കുകൾ വിസ്മയത്തോടെ കേട്ടിരുന്നു മങ്കൊമ്പ്: “ഉദയായുടെ പടങ്ങളിൽ ഇപ്പോൾ സംഗീതം ചെയ്യുന്നത് അർജുനനാണ്- എന്റെ ശിഷ്യൻ. അയാളുടെ കഴിവിൽ ആർക്കും സംശയമുണ്ടാവില്ല. ചെയ്ത പാട്ടുകളും ഒന്നാന്തരം. മാത്രമല്ല, ശിഷ്യനെ ഒഴിവാക്കി ഗുരു ആ സ്ഥാനത്ത് കയറിയിരുന്നു എന്നു കേൾക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യവുമല്ല. എന്നെങ്കിലും അർജ്ജുനന്റെ കഴിവുകളിൽ അതൃപ്തി തോന്നി പുതിയൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരാൻ അവർ ആലോചിക്കുകയാണെങ്കിൽ മാത്രം എന്നെ പരിഗണിക്കാം.” ഒരു കാര്യം കൂടി പറഞ്ഞു ദേവരാജൻ മാസ്റ്റർ. “ആ മാറ്റത്തിനു പിന്നിലെ കാരണം എനിക്ക് കൂടി ബോധ്യപ്പെടണം എന്നു മാത്രം.”

പാട്ട് ഇഷ്ടപ്പെട്ടാൽ അത് തുറന്നു പറയണം എന്നില്ല ദേവരാജൻ മാസ്റ്റർ. പക്ഷേ, അദ്ദേഹത്തിന്റെ മുഖത്തുനിന്ന് നമുക്കതു വായിച്ചെടുക്കാൻ പറ്റും. “നവനീത ചന്ദ്രികേ തിരി താഴ്ത്തൂ നക്ഷത്ര യാമിനീ മിഴികൾ പൊത്തൂ” എന്ന വരി വായിച്ചപ്പോൾ ആ മുഖത്ത് വിരിഞ്ഞ നേർത്ത മന്ദസ്മിതം മങ്കൊമ്പ് ഇന്നുമോർക്കുന്നു. വാണി ജയറാമിനു പാടാൻ വേണ്ടി എഴുതിയ ആ പാട്ട് യേശുദാസിന്റെ ശബ്ദത്തിലും റെക്കോർഡ് ചെയ്താൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടതും മാസ്റ്റർ തന്നെ. മേലാറ്റൂർ രവിവർമ്മ സംവിധാനം ചെയ്ത ‘അവൾക്ക് മരണമില്ല’ (1978) എന്ന ചിത്രത്തിൽ വേറെയുമുണ്ട് ശ്രദ്ധേയ ഗാനങ്ങൾ. ആലിലത്തോണിയിൽ (യേശുദാസ്, മാധുരി), ശംഖനാദം മുഴക്കുന്നു (മാധുരി) എന്നിവ ഓർക്കുക. കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ കുളിച്ചുതൊഴാൻ വന്ന വാർമുകിലേ, കണ്ണീർപൂവേ കമലപ്പൂവേ, ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന, പാലാഴി മങ്കയെ പരിണയിച്ചു, പാലരുവീ നടുവിൽ എന്നിവയാണ് ദേവരാജൻ ചിട്ടപ്പെടുത്തിയ സ്വന്തം രചനകളിൽ മങ്കൊമ്പിനു പ്രിയപ്പെട്ടവ.

ജീവിതഗന്ധിയായ ഇമേജറികളും കാവ്യബിംബങ്ങളും മാത്രമേ രചനകളിൽ കടന്നുവരാവൂ എന്നു നിർബ്ബന്ധമുണ്ട് മങ്കൊമ്പിന്. “എന്റെ സ്നേഹവും പ്രണയവും ഭക്തിയും വേദനയും നഷ്ടബോധവും ഒക്കെയുണ്ട് എന്റെ രചനകളിൽ. പ്രതിഭാശാലികളായ കുറെ സംഗീത സംവിധായകരുടെ കരസ്പർശമേൽക്കാൻ ഭാഗ്യമുണ്ടായതുകൊണ്ട് ആ പാട്ടുകളിൽ ഭൂരിഭാഗവും ഹിറ്റായി. മാന്ത്രികമായ ആലാപനംകൊണ്ട് അവയെ അനുഗ്രഹിക്കാൻ യേശുദാസിനേയും ജയചന്ദ്രനേയും ജാനകിയേയും സുശീലയേയും പോലുള്ള ഗായകർ ഉണ്ടായിരുന്നു എന്നത് മറ്റൊരു സൗഭാഗ്യം.” പതിറ്റാണ്ടുകൾ പിന്നിട്ട സിനിമാ ജീവിതത്തിൽ മങ്കൊമ്പ് മലയാളികൾക്കു സമ്മാനിച്ച ഗാനങ്ങളുടെ നിര എത്ര വൈവിധ്യമാർന്നതും വർണ്ണാഭവുമെന്ന് നോക്കുക: ലക്ഷാർച്ചന കണ്ടു (അയലത്തെ സുന്ദരി - ശങ്കർ ഗണേഷ്), നാടൻ പാട്ടിന്റെ മടിശ്ശീല (ബാബുമോൻ - എം.എസ്. വിശ്വനാഥൻ), ആഷാഡമാസം ആത്മാവിൻ മോഹം (യുദ്ധഭൂമി - ആർ.കെ. ശേഖർ), ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ, നാദങ്ങളായ് നീ വരൂ, തുമ്പപ്പൂ കാറ്റിൽ (നിന്നിഷ്ടം എന്നിഷ്ടം - കണ്ണൂർ രാജൻ), എന്റെ മനസ്സൊരു ശ്രീകോവിൽ (പ്രാർത്ഥന - ദക്ഷിണാമൂർത്തി), ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ, തൃപ്രയാറപ്പാ (ഓർമ്മകൾ മരിക്കുമോ - എം.എസ്.വി), കാളിദാസന്റെ കാവ്യഭാവനയെ, താലിപ്പൂ പീലിപ്പൂ (സുജാത - രവീന്ദ്ര ജെയ്ൻ), ഗംഗയിൽ തീർത്ഥമാടിയ (സ്നേഹത്തിന്റെ മുഖങ്ങൾ - എം.എസ്. വിശ്വനാഥൻ), ഒരു പുന്നാരം കിന്നാരം (ബോയിംഗ് ബോയിംഗ് - രഘുകുമാർ), കാമിനിമാർക്കുള്ളിൽ (ലവ് മാരേജ് - ആഹ്വാൻ സെബാസ്റ്റ്യൻ), ഈ ജീവിതമൊരു പാരാവാരം, ദേവാമൃത ഗംഗയുണർത്തും (ഇവനെന്റെ പ്രിയപുത്രൻ - കെ.ജെ. ജോയ്).

കവി, നിരൂപകൻ, പത്രാധിപർ, പരിഭാഷകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്; സാഹിത്യത്തിലും സിനിമയിലുമായി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കൈകാര്യം ചെയ്ത റോളുകൾ അങ്ങനെ നിരവധി. എങ്കിലും സാധാരണക്കാരനായ മലയാളി ഇന്നും മങ്കൊമ്പിനെ ഓർക്കുന്നതും തിരിച്ചറിയുന്നതും പാട്ടെഴുത്തുകാരനായിത്തന്നെ. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി എഴുതുന്ന പാട്ട് കാലമേറെ കഴിഞ്ഞിട്ടും ശ്രോതാവിന്റെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നു എന്ന അറിവ് ഏതു ഗാനരചയിതാവിനെയാണ് ആനന്ദിപ്പിക്കാത്തത്. അത്തരം അനുഭവങ്ങൾ അപൂർവ്വമല്ല മങ്കൊമ്പിന്റെ ജീവിതത്തിൽ.

കുറച്ചുകാലം മുൻപ് എറണാകുളത്ത് ഒരു കലാസംഘടനയുടെ ആഭിമുഖ്യത്തിൽ എം.എസ്. വിശ്വനാഥൻ അനുസ്മരണം നടക്കുന്നു. ഞാനുമുണ്ട് വേദിയിൽ. പരിപാടി ഉദ്ഘാടനം ചെയ്തത് ജസ്റ്റിസ് ബി. കെമാൽ പാഷ. ഹൈക്കോടതിയിൽ ന്യായാധിപനാണ് അന്ന് അദ്ദേഹം. പ്രസംഗത്തിൽ ജസ്റ്റിസ് പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിനെ തൊട്ടു: കേരളത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ വിധിച്ച ജഡ്ജിമാരിൽ ഒരാളാണ് ഞാൻ. ഓരോ വിധിപ്രസ്താവം കഴിയുമ്പോഴും മനസ്സ് അസ്വസ്ഥമായിരിക്കും. എവിടെയെങ്കിലും തെറ്റുപറ്റിയിട്ടുണ്ടോ എനിക്ക്? ഏതെങ്കിലുമൊരു സൂക്ഷ്മവശം കാണാതെ പോയിട്ടുണ്ടോ? ഇതൊക്കെയാകും ചിന്ത. ആത്മസംഘർഷത്തിന്റെ ആ നിമിഷങ്ങളിൽ പലപ്പോഴും ആശ്വാസമാകുക സംഗീതമാണ്; പ്രത്യേകിച്ച് ഗസലുകളും പഴയ ചലച്ചിത്രഗാനങ്ങളും. അക്കൂട്ടത്തിൽ ഞാൻ പതിവായി കേൾക്കാറുള്ള ഒരു പാട്ടുണ്ട്: ആശ്രിത വത്സലനേ കൃഷ്ണാ. വലിയൊരു സാന്ത്വനമാണ് എനിക്ക് ആ പാട്ട്. അതെഴുതിയ ആളെ ഇന്നു പരിചയപ്പെടാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യം.”

നിറകണ്ണുകളോടെ ആ വാക്കുകൾ കേട്ട് വേദിയിൽ തലകുനിച്ചിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ; ‘സുജാത’ എന്ന സിനിമയുടെ സംവിധായകൻ ഹരിഹരനും നിർമ്മാതാവ് പി.വി. ഗംഗാധരനും സംഗീത സംവിധായകൻ രവീന്ദ്ര ജെയിനിനും മനസ്സുകൊണ്ട് നന്ദി പറഞ്ഞു അദ്ദേഹം. അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഗാനരചനാ ജീവിതം സാർത്ഥകമായി എന്നു തോന്നിയ നിമിഷങ്ങളിൽ ഒന്ന്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com