ഉദാത്തമായ ജീവിതം കുഞ്ഞാമന് കേരള സമൂഹം നിഷേധിച്ചു: ടി.ടി. ശ്രീകുമാര്‍

അനുഭവകഥകളിലേക്ക് ചുരുക്കാനാകാത്ത ധിഷണയുടെ പ്രഭാവങ്ങൾ
ഉദാത്തമായ ജീവിതം കുഞ്ഞാമന് കേരള സമൂഹം നിഷേധിച്ചു: ടി.ടി. ശ്രീകുമാര്‍

സാമാന്യമായ ബുദ്ധിശക്തിയും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ആത്മശക്തിയുമായിരുന്നു പ്രൊഫസർ കുഞ്ഞാമന്റെ ജീവിതത്തെ എക്കാലത്തും മുന്നോട്ടു നയിച്ചിരുന്നത്. തന്റെ ദീർഘകാലത്തെ ധൈഷണിക ജീവിതത്തെ താൻതന്നെ തെരഞ്ഞെടുത്ത അക്കാദമിക്‌ മേഖലയിൽ മാത്രമായി തളച്ചിടാതെ അദ്ദേഹം, സ്വന്തം സാമൂഹിക സ്വത്വത്തെക്കുറിച്ചുള്ള സൂക്ഷ്മമായ അവബോധത്തോടെ അർത്ഥപൂർണ്ണമായ സാമൂഹികമായ ഇടപെടലുകൾക്കുവേണ്ടി രാഷ്ട്രീയവൽക്കരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. എന്നാൽ, സ്വത്വരാഷ്ട്രീയമെന്നത് ഒരു അജണ്ടയായി അദ്ദേഹം സ്വീകരിച്ചിരുന്നില്ല. മറിച്ച് അദ്ദേഹം ശ്രമിച്ചത് സ്വത്വവുമായുള്ള പൊതുസമൂഹത്തിന്റെ സംവാദങ്ങളെ ജനാധിപത്യവൽക്കരിക്കാനാണ്. സ്വന്തം ജീവിതാനുഭവങ്ങളെ അതിനുള്ള ഉപാധിയാക്കുക എന്നൊരു സമീപനം അദ്ദേഹം ഉയർത്തിപ്പിടിച്ചു. അതില്‍ അദ്ദേഹം ഒരുപക്ഷേ, നമുക്കു മുൻപിലുള്ള ഏക ഉദാഹരണമോ അല്ലെങ്കിൽ കുറഞ്ഞപക്ഷം ഏറ്റവും ശക്തമായ ഉദാഹരണമോ ആണ്. “ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്‍മഞാനുളവാക്കി” എന്ന ജിയുടെ ഈരടിപോലെയായിരുന്നു അദ്ദേഹത്തിന് സ്വന്തം ദളിത് അസ്തിത്വം. സ്വത്വത്തെ പ്രതിനിധാനം ചെയ്യാനല്ല, സ്വത്വത്തിന്റെ പ്രതിനിധാനത്തെ പ്രശ്‌നവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനെ അവഗണിക്കുന്ന രാഷ്ട്രീയത്തോടാണ് അദ്ദേഹം പ്രതികരിച്ചുകൊണ്ടിരുന്നത്.

ചരിത്രപരമായി പാർശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ജനിച്ച അദ്ദേഹം സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കും നേടിയതിനു പിന്നിലെ നിശ്ചയദാർഢ്യം അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കപ്പെടുന്നുണ്ട്. ധനതത്ത്വശാസ്ത്രപഠനം സാങ്കേതികത്വവും സാമൂഹികാവബോധവും ഒരുമിച്ചുചേരുന്നതാണ്. അത് വികസനമാതൃകകളുടെ ഗണിതശാസ്ത്രത്തിന്റെ ഫോർമൽ യുക്തിയുടെ ഫൈനാൻസിന്റെ അമൂർത്തമായ ക്ലാസ്സിക്കൽ-നിയോ ക്ലാസ്സിക്കൽ ധനശാസ്ത്രത്തിന്റെ സൈദ്ധാന്തിക വഴികളിലെ സങ്കീർണ്ണതകളുടെ ചേരുവകൾ കലർന്നതാണ്. അതിൽ മികച്ച വിജയവും ഒന്നാം റാങ്കും നേടാൻ അസാമാന്യമായ പ്രതിഭയും കഠിനമായ പരിശ്രമവും ശ്രദ്ധയും ആവശ്യമുണ്ട്. തന്റെ ജീവിത പരിതോവസ്ഥകളുടെ അതീവ ദുഃഖകരമായ പശ്ചാത്തലത്തോട് മല്ലിട്ടാണ് അദ്ദേഹം ആ ഉന്നതവിജയം നേടിയെടുത്തത്. ഈ അക്കാദമിക വൈഭവമാണ് പ്രശസ്തമായ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ എംഫിൽ തുടർപഠനത്തിനും പിഎച്ച്.ഡി പഠനത്തിനും വഴിയൊരുക്കിയത്.

എം.എം. കുഞ്ഞാമന്‍
എം.എം. കുഞ്ഞാമന്‍

പ്രൊഫ. കുഞ്ഞാമന്റെ ജീവിതപാത തുടക്കം മുതൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്ന ആദ്യകാല ജീവിതത്തിലെ ജാതിവിവേചനവും പട്ടിണിയും മറികടക്കാൻ നിശ്ചയദാർഢ്യം മാത്രം മതിയായിരുന്നെങ്കിൽ, പിന്നീടുള്ള ജീവിതം അധികയോഗ്യതയുള്ള ഒരു പ്രതിഭാശാലി എങ്ങനെ സാമൂഹികമായി പിന്തള്ളപ്പെടുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറി. യഥാര്‍ത്ഥത്തില്‍ കേരളീയസമൂഹം ചർച്ചചെയ്യേണ്ടത് അദ്ദേഹത്തിന്റെ ബാല്യകാല ജീവിതമല്ല, മറിച്ച് ഔദ്യോഗിക ജീവിതവും രാഷ്ട്രീയ നിലപാടുകളുമാണ്. അദ്ദേഹത്തിന്റെ ബാല്യകാലജീവിതത്തിലെ സംഭവങ്ങൾ കുറേയൊക്കെ അൻപതുകളിലും അറുപതുകളിലും മറയാൻ മടിച്ചുനിന്ന കേരളത്തിലെ ഫ്യൂഡൽ സാമൂഹികാന്തരീക്ഷത്തിൽനിന്ന് ഉണ്ടായതാണ്. അവയെ കേരളംതന്നെ ഒരർത്ഥത്തിൽ ഭാഗികമായെങ്കിലും അറുപതുകളിലും എഴുപതുകളിലുമായി മറികടക്കുന്നുണ്ട്. എന്നാൽ, അൻപതുകളിലെ ആ ബാലൻ ഒരു യുവാവായി എഴുപതുകളിൽ എത്തുമ്പോൾ നേരിടാൻ തുടങ്ങിയ യാഥാർത്ഥ്യങ്ങൾക്കു കേരളചരിത്രത്തിൽ നിന്നല്ല, വർത്തമാനത്തിൽനിന്നാണ് ഉത്തരം കണ്ടെത്തേണ്ടത്. ഇതിനുള്ള മടിയാണ് ആദ്യകാല ജീവിതത്തിലെ ദുഃഖകരമായ സംഭവങ്ങൾക്കും അദ്ദേഹത്തിന്റെ മരണത്തിനും ഇടയിലുണ്ടായ ജീവിതത്തിന്റെ രാഷ്ട്രീയ പദപ്രശ്‌നം അഭിമുഖീകരിക്കാതെ വിട്ടുകളയുക എന്നത്. ഭൂരിപക്ഷം ചരമക്കുറിപ്പുകളും അറിഞ്ഞോ അറിയാതേയോ ചെയ്യാൻ ശ്രമിച്ചത് അതാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ കേവലം അനക്‌ഡോട്ടുകളിലേക്കു ചുരുക്കുക, ആ ജീവിതത്തെ ഉദാത്തീകരിക്കുക, എന്നാൽ അദ്ദേഹം ഉയർത്തിയ ദർശനത്തെ, കലാപത്തെ, രാഷ്ട്രീയ വിചാരങ്ങളെ, എസ്റ്റാബ്ലിഷ്‌മെന്റുമായി അദ്ദേഹം നടത്തിയ ദീർഘമായ കലഹങ്ങളെ, അവയുടെ പശ്ചാത്തലങ്ങളെ തമസ്‌കരിക്കുക. അതിനു വ്യക്തമായ കാരണങ്ങളുണ്ട്.

അദ്ദേഹം ബാല്യകാലത്തു നേരിട്ട പീഡനങ്ങൾക്ക് ഇവിടെ സാമാന്യമായെങ്കിലും പരിഹാരങ്ങളുണ്ട്. അവ നേരിടാൻ പാർശ്വവൽകൃതരെ പ്രാപ്തരാക്കുന്ന ഒരു ഭരണഘടനയുണ്ട്. എന്നാൽ ഔദ്യോഗിക ജീവിതത്തിൽ നേരിട്ട പ്രശ്‌നങ്ങൾ സിസ്റ്റമിക്കായി ഇന്നും കേരളത്തിൽ നിലനിൽക്കുന്ന വിവേചനമാണ്. അതിനു പരിഹാരം കാണുകയല്ല, മറിച്ച് ശൂദ്രാധിപത്യ കേരളം ഒളിഞ്ഞും തെളിഞ്ഞും അത്‌ നിലനിർത്താനാണ് ശ്രമിക്കുന്നത്. ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള വിസമ്മതമാണ് അദ്ദേഹത്തെ അദ്ദേഹത്തിന്റെ ജീവിതത്തെ ആദർശവൽക്കരിക്കുന്നതിലൂടെയും അദ്ദേഹത്തെ കേവലം മഹാനായി വാഴ്‌ത്തുപാട്ടുകളിലും അമൂർത്തമായ ഉപമകളിലും ഉൽപ്രേക്ഷകളിലും സംഗ്രഹിക്കുന്നതിലൂടെയും ചരമക്കുറിപ്പുകൾപോലും ചെയ്യുന്നത്. നമുക്കിടയിൽ അദ്ദേഹം ഏതോ ഉദാത്തമായ ജീവിതം നയിക്കുകയല്ല ചെയ്തത്. ഉദാത്തമായ ഒരു ജീവിതം അദ്ദേഹത്തിനു കേരളീയ സമൂഹം നിഷേധിക്കുകയായിരുന്നു. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ കെൽപ്പില്ലാത്ത അലങ്കാരവാക്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും ദര്‍ശനത്തോടും ജീവിതത്തോടും മരണത്തോടും നീതിപുലർത്തുന്നില്ല.

വ്യക്തമായ അക്കാദമിക് യോഗ്യത ഉണ്ടായിരുന്നിട്ടും കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ പദവി നേടാനുള്ള അദ്ദേഹത്തിന്റെ യാത്ര കാലതാമസങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞതായിരുന്നു. അത് തന്റെ ദളിത് സ്വത്വവുമായി ബന്ധപ്പെട്ടതാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയ കാലത്ത് അദ്ദേഹത്തോടൊപ്പം നിൽക്കാൻ അത്തരമൊരു തിരിച്ചറിവുള്ള ഒരു പൊതുബുദ്ധിജീവിപോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് കാട്ടിത്തരുന്ന കേരളത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചാണ് നമ്മൾ വാസ്തവത്തിൽ സംസാരിക്കേണ്ടത്. അന്നത്തെ രാഷ്ട്രീയ സമൂഹത്തിന്റെ ശൂദ്രാധിപത്യബോധത്തിൽനിന്ന് കേരളം മുന്നോട്ടുപോയി എന്നത് ഉറപ്പിച്ചു പറയാൻ കഴിയാത്തവിധം നിരവധി കുഞ്ഞാമൻമാർ നമ്മുടെ ചുറ്റും ഇപ്പോഴുമുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ആ ആദ്യകാല ജീവിതസമരത്തെ നേരിടാൻ ചരമക്കുറിപ്പുകൾപോലും മടികാണിക്കുന്നത്തിനു പിന്നിലെ കാരണം. ഫ്യൂഡലിസം അവസാനിക്കുകയും ഫ്യൂഡൽ അധീശത്വം സാമൂഹിക ജീവിതത്തിന്റെ രക്തത്തിലേക്കു സംക്രമിക്കുകയും ചെയ്ത കാലംകൂടിയാണ് എഴുപതുകൾ എന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരു സമൂഹമെന്ന നിലയിൽ നമുക്കുണ്ടായ ഏറ്റവും വലിയ പരാജയത്തെയാണ് കാട്ടിത്തരുന്നത്.

ഒരു പ്രയാസവുമില്ലാതെ ഒരു സ്റ്റേ പോലുമില്ലാത്ത ശബരിമല വിധി നടപ്പിലാക്കാതിരിക്കാൻ എല്ലാ ശൂദ്രാധികാരശക്തികളും കൈകോർക്കുന്ന, ഭരണസംവിധാനത്തെത്തന്നെ അതിനായി ദുരുപയോഗം ചെയ്യുന്ന, സാമ്പത്തിക സംവരണം മറ്റാരെയുംകാൾ നന്നായും വേഗത്തിലും നടപ്പിലാക്കാൻ മത്സരിക്കുന്ന ഒരു രാഷ്ട്രീയ സമൂഹമാണ് നമ്മുടേത് എന്ന യാഥാർത്ഥ്യത്തെയാണ് കുഞ്ഞാമൻ സാർ തന്റെ നിത്യജീവിതംകൊണ്ട് നേരിട്ടത്. അദ്ദേഹം നേരിട്ടതിനേക്കാൾ വലിയ പ്രതിബന്ധങ്ങളാണ് കേരളത്തിലെ ദളിത് ഉദ്യോഗാര്‍ത്ഥികളിൽ പലരും ഇന്നും നേരിടുന്നത് എന്ന വസ്തുത പറയാതെ കേവലമൊരു ഭൂതകാലമായി കുഞ്ഞാമൻ സാറിന്റെ ജീവിതകഥയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല.

വെല്ലുവിളികൾ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല എന്നത് എല്ലാവര്‍ക്കും ഇപ്പോഴും അനുവർത്തിക്കാൻ കഴിയണമെന്നില്ല. അദ്ദേഹത്തിന്റെ ജീവിതം നേരിട്ട വെല്ലുവിളികൾ ഇല്ലാതാക്കുക എന്നത് സാമൂഹികമായ ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. അതിനുള്ള നിശ്ചയദാർഢ്യം കേരളത്തിലെ രാഷ്ട്രീയ സമൂഹവും സിവിൽ സമൂഹവുമാണ് കാണിക്കേണ്ടത്. ആർക്കെങ്കിലും പകർത്താവുന്ന മഹത്തായ ജീവിതമായി അദ്ദേഹത്തെ ഉദാത്തവൽക്കരിക്കുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ വ്യക്തിപരമായ പോരാട്ടങ്ങളിലേക്കു തളച്ചിട്ട രാഷ്ട്രീയ സാഹചര്യത്തെ മാറ്റാൻ നിശ്ചയദാർഢ്യം കാട്ടുകയാണ് വേണ്ടത്.

തന്റെ സാമൂഹിക സ്വത്വം അടിച്ചേല്പിക്കുന്ന തടസ്സങ്ങളെ യോഗ്യതയിലൂടെയും നിരന്തരമായ പോരാട്ടങ്ങളിലൂടേയും അദ്ദേഹം മറികടന്നുവെന്ന് നമുക്കറിയാം. പക്ഷേ, ആ അനുഭവങ്ങളുടെ വെളിച്ചത്തിലും സ്വന്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിലും അദ്ദേഹം എത്തിച്ചേർന്ന നിഗമനങ്ങളോട്, നിരീക്ഷണങ്ങളോട് എന്താണ് നമ്മുടെ പ്രതികരണമെന്നത് പ്രധാനമാണ്. അദ്ദേഹത്തിന്റെ കഥ ഒരു ദളിത് അക്കാദമിക് അഭിമുഖീകരിക്കുന്ന വിവേചനങ്ങളുടെ കദനകഥയല്ല. അങ്ങനെ മാത്രമായി അതിനെ ചിത്രീകരിക്കുന്നത് വലിയ നീതികേടാണ്. നമ്മുടെ അക്കാദമിക് സമ്പ്രദായത്തിനുള്ളിൽ ആഴത്തിൽ വേരൂന്നിയ പക്ഷപാതങ്ങളെ മറികടക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ ജീവിതവും മരണവും.

എന്റെ മരണത്തിന് ആരും ഉത്തരവാദികൾ അല്ല എന്ന് അദ്ദേഹം ഒരു കുറിപ്പെഴുതിവയ്ക്കുന്നത് അദ്ദേഹത്തിന്റെ മനസ്സാക്ഷിയുടെ തെളിച്ചമാണ്. അതിന്റെ പേരിൽ കൈ കഴുകാൻ വ്യവസ്ഥയ്ക്കോ അതിന്റെ വക്താക്കൾക്കോ കഴിയില്ല. അതുകൊണ്ടുതന്നെ. പ്രൊഫ. കുഞ്ഞാമനെ അനുസ്മരിക്കുമ്പോൾ, അക്കാദമിക് മേഖലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അംഗീകരിക്കുക മാത്രമല്ല, അക്കാദമികരംഗത്ത് നിലനിൽക്കുന്ന ജാതിയുടേയും അസമത്വത്തിന്റേയും പ്രശ്നങ്ങളെക്കുറിച്ചുള്ള വിമർശനാത്മക പ്രതിഫലനത്തിനു തയ്യാറാവുക എന്നുകൂടിയാണ് അർത്ഥം.

ഇടതുപക്ഷ രാഷ്ട്രീയവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം വിമര്‍ശനാത്മകമായിരുന്നു എന്നു മാത്രം പറയുന്നതിലും അർത്ഥമില്ല. അദ്ദേഹം എന്തിനോടാണ് വിമർശനാത്മക സമീപനം സ്വീകരിച്ചത് എന്ന് ചർച്ച ചെയ്യുന്നതിലൂടെ മാത്രമേ അദ്ദേഹത്തോട് നീതിചെയ്യാൻ കഴിയുകയുള്ളു. അടിസ്ഥാനപരമായ പ്രശ്‌നങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നൽ. സൈദ്ധാന്തികമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സംഘാടനപരവും പ്രായോഗികമായ വശങ്ങളെക്കാൾ അവയുടെ പിന്നിലുള്ള സൈദ്ധാന്തിക നിലപാടുകളെയാണ് അദ്ദേഹം പരിശോധിച്ചുകൊണ്ടിരുന്നത്. പ്രായോഗിക തലത്തിൽ ഒരു അനുഭാവിയായി തുടരുമ്പോഴും രാഷ്ട്രീയ സമൂഹത്തിന്റെ, ഭരണകൂടത്തിന്റെ ഭാഗമെന്ന നിലയിൽ എന്ത് കുതറലാണ് പൊതുബോധത്തിൽനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ളത് എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിക്കൊണ്ടിരുന്നത്. രണ്ടാം ഭൂപരിഷ്‌കരണം, ജനാധിപത്യവൽക്കരണം, അധികാരപ്രയോഗം തുടങ്ങി നിരവധി മേഖലകളിലെ പൊളിച്ചെഴുത്തുകളാണ് അദ്ദേഹത്തിന്റെ വിമർശനം ലക്ഷ്യംവച്ചത്.

ദളിത് പ്രശ്‌നം കേവലമായ ഒരു സ്വത്വപ്രശ്‌നം എന്നതിലുപരി ജനാധിപത്യവൽക്കരണത്തിന്റെ ചോദ്യമായി, അധികാരത്തിന്റെ പ്രശ്‌നമായി സ്വകാര്യ സ്വത്തുടമസ്ഥതയുടെ പ്രശ്‌നമായി മൂലധനത്തിലുള്ള പങ്കിന്റെ പ്രശ്‌നമായി ആധുനികവൽക്കരിച്ച സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് എങ്ങനെ ഇടപെടാൻ കഴിയുമെന്ന ചിന്തയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ രചനകൾ കൂടാതെ എന്റെ വിദ്യാർത്ഥി ജീവിതകാലത്തും അതിനുശേഷവും അദ്ദേഹവുമായി നടത്തിയിട്ടുള്ള സംഭാഷണങ്ങളിൽനിന്ന് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണിത്. മായാവതിയുടെ രാഷ്ട്രീയത്തെ ബൂർഷ്വ ലിബറൽ പാർട്ടിയുടേയോ കമ്യൂണിസ്റ്റ് പാർട്ടിയുടേയോ ചട്ടക്കൂടിലൂടെയല്ല അദ്ദേഹം കണ്ടിരുന്നത്. കാൻഷിറാമും മായാവതിയും സൃഷ്ടിച്ച ആത്മഗൗരവത്തിന്റെ ഒരു പ്രാഥമികതലം മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കേരളത്തിലും ബംഗാളിലും നിലനിൽക്കുന്ന വർഗ്ഗരാഷ്ട്രീയത്തിന് ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു.

അദ്ദേഹം അദ്ധ്യാപകനും പിഎച്ച്.ഡി വിദ്യാർത്ഥിയുമായിരുന്ന കാലം മുതൽ സംവരണത്തോട് വ്യക്തിപരമായി എടുത്ത ഒരു നിലപാടുണ്ട്. അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയമായി പലരും തെറ്റിദ്ധരിക്കുന്നത്. സംവരണംകൊണ്ട് ജാതിയെ മറികടക്കാൻ കഴിയില്ല എന്നതിൽ ആർക്കാണ് അഭിപ്രായവ്യത്യാസമുള്ളത്. ഇവിടെ അദ്ദേഹത്തിന്റെ ഈ അഭിപ്രായം നാം ഉൾക്കൊള്ളേണ്ടത് കേവലമായ ഒരു നിലപാട് എന്ന നിലക്കല്ല. അദ്ദേഹം പലപ്പോഴും പലരോടാണ് സംസാരിക്കുന്നത്. ഇടതുപക്ഷത്തോടും ദളിത് രാഷ്ട്രീയത്തോടും ലിബറൽ രാഷ്ട്രീയത്തോടും അദ്ദേഹം സംസാരിക്കുന്നുണ്ട്. അപ്പോഴൊക്കെ വ്യത്യസ്തമായ വ്യവഹാരമാതൃകയാണ് അദ്ദേഹം പിന്തുടർന്നിട്ടുള്ളത്. സംവരണത്തെ ആത്യന്തികമായ ലക്ഷ്യമായി കാണരുതെന്നത് അദ്ദേഹം ദളിത് രാഷ്ട്രീയം കൂടുതൽ വിപുലീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ടു പറയുന്നതാണ്. ഇന്ത്യൻ സമൂഹത്തിൽ വർഗ്ഗത്തേക്കാൾ ജാതി പ്രധാനമാണെന്ന ചിന്തയിലേക്ക് അദ്ദേഹം മാറിയിരുന്നു എന്നത് വിസ്മരിച്ചുകൊണ്ട് ഇത്തരം നിലപാടുകൾ പരിശോധിക്കാനോ വിശകലനം ചെയ്യാനോ കഴിയില്ല. അദ്ദേഹത്തിന്റെ ജീവിതമെന്ന പുസ്തകം പൊതുമണ്ഡലത്തിൽ എത്തിയപ്പോൾ ഉണ്ടായ രാഷ്ട്രീയമായ തുറവികളെ ഓർമ്മിക്കുക. സംവരണത്തെക്കുറിച്ചു പറയുമ്പോഴും കൂടുതൽ പ്രധാനം രണ്ടാം ഭൂപരിഷ്‌കരണമാണ് എന്ന അദ്ദേഹത്തിന്റെ നിലപാട് വിട്ടുകളയുന്നതിൽ അർത്ഥമില്ല. ആ മുദ്രാവാക്യത്തിന്റെ പ്രാധാന്യം അദ്ദേഹം കൂടുതൽ ഉറപ്പിക്കുകയുമാണ് സംവരണം ചർച്ചയാക്കുമ്പോൾ പോലും ചെയ്യുന്നത്. ദളിത് മൂലധന സമാഹരണത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നതിന്റെ മുന്നോടികൂടിയാണ് സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില വിമർശനാത്മക നിലപാടുകൾ. ഇവിടെ അദ്ദേഹം സംസാരിക്കുന്നത് ഭരണകൂടത്തോടല്ല, ദളിത് സാമൂഹികതയോടും പൊതുമണ്ഡലത്തോടുമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അവർണ്ണവൽക്കരണം എന്ന പ്രശ്‌നം അദ്ദേഹം ചർച്ചചെയ്യുമ്പോൾ മോദിയുടേയും മുർമുവിന്റേയുമെല്ലാം ഉദാഹരണം കടന്നുവരുന്നത് കേവലം പേരുകൾ എന്ന നിലക്കാണ്. അത് അവരുടെ രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിന്റെ അനുഭാവമല്ല. അക്കാദമിക് ആയി ഒരു പ്രവണതയെ വിശകലനം ചെയ്യുന്നത് ദൈനംദിന രാഷ്ട്രീയത്തിന്റേയും സാമൂഹിക മാധ്യമ സംവാദങ്ങളുടേയും അളവുകോലുകൾകൊണ്ട് മനസ്സിലാക്കാം എന്ന് കരുതുന്നത് അബദ്ധമാവും. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അവർണ്ണവൽക്കരണമില്ലാതെ എങ്ങനെയാണ് ബി.ജെ.പിക്ക് വിജയിക്കുവാൻ കഴിയുക? ഈ കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് എന്ന, അവർണ്ണ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു അജണ്ട, തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി വച്ചിട്ടുപോലും അവർ അതിനു മുഖംതിരിഞ്ഞുനിന്നു എന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഒരു അധീശ വ്യവഹാരം എന്ന നിലയിൽ അവർണ്ണർക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞ സാധൂകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഈ പ്രക്രിയയുടെ അപകടത്തിലേക്കാണ് കുഞ്ഞാമൻ സാർ വിരൽചൂണ്ടുന്നത്. അമൂർത്തമായ വിശകലനങ്ങളുടെ മറവിൽ ഈ യാഥാർത്ഥ്യം കാണാതെ പോകുന്നതിനെയാണ് അദ്ദേഹം വിമർശിക്കുന്നത്. മാധ്യമങ്ങളുടെ അജണ്ടയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു എന്നത് അവരുടെ വിജയമായിരിക്കാം. പക്ഷേ, അദ്ദേഹത്തെപ്പോലെ ഒരു തികഞ്ഞ അക്കാദമിക്ക് രാഷ്ട്രീയം സംസാരിക്കുന്ന ഭാഷയും അതിന്റെ വ്യവഹാരപരമായ അടിസ്ഥാനങ്ങളും അറിയാതെ അദ്ദേഹത്തിന്റെ നിലപാടുകൾ കൈകാര്യം ചെയ്തത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്തിട്ടുള്ളത് എന്ന് പറയാതെ വയ്യ.

അദ്ദേഹത്തിന്റെ ആത്മകഥ ദുരിതപൂർണ്ണമായ ജീവിതകഥനമല്ല എന്ന് അത് വായിച്ചിട്ടുള്ളവർക്കറിയാം. തന്റെ ജീവിതത്തിന്റെ പശ്ചാത്തലം ആദ്യ അദ്ധ്യായങ്ങളിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. അതിനപ്പുറം രാഷ്ട്രീയവും സൈദ്ധാന്തികവുമായ പ്രശ്‌നങ്ങളിൽ തന്റെ നിലപാടുകൾ രേഖപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. അത് എഡിറ്റ് ചെയ്ത പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കണ്ണൻ പിൻകുറിപ്പിൽ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്: “ഒരുപക്ഷേ, അനുസരിക്കാതിരിക്കുകയും വിധേയപ്പെടാതിരിക്കുകയും ചോദ്യം ചെയ്യുകയും ധിക്കരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക സ്വത്വത്തെ ഈ ക്രൂരമായ സംവിധാനത്തിന് അഭിമുഖം വയ്ക്കാനുള്ള പരീക്ഷണമാണ് അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതം. അത്തരമൊരു പരീക്ഷണ ജീവിതത്തിന്റെ ജയവും തോൽവിയും അപ്രസക്തമാണ്.”

ഈ പരീക്ഷണ ജീവിതത്തിലൂടെ അദ്ദേഹം എത്തിച്ചേർന്ന നിഗമനങ്ങളും നിരീക്ഷണങ്ങളും ശക്തമായിത്തന്നെ ആത്മകഥയിൽ വെളിവാക്കപ്പെടുന്നുണ്ട്. കേരളത്തിലെ ബ്യൂറോക്രസിയുടെ ശക്തിയെക്കുറിച്ച്, പാർട്ടിയുടെ വികസന വിചാരമാതൃകയുടെ പ്രശ്‌നങ്ങളെക്കുറിച്ച്, ദളിത് മൂലധനത്തെക്കുറിച്ച്, ദളിതർ മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ മൂട്ടയായി ജനിക്കേണ്ടിവരുമെന്ന ആക്ഷേപഹാസ്യത്തിലൂടെ പ്രഖ്യാപിക്കുന്ന കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിന്റെ ശൂദ്രാധിപത്യത്തെക്കുറിച്ച്, പ്രികേറിയറ്റ് എന്ന് അദ്ദേഹം വിളിക്കുന്ന മൂന്നാം വർഗ്ഗത്തെക്കുറിച്ച്, മാർക്‌സിസത്തിന് ക്ലാസ്സിക്കൽ അർത്ഥത്തിൽ തിരിച്ചുവരവില്ലാത്തത് എന്തുകൊണ്ടെന്നതിനെക്കുറിച്ച്, അട്ടിമറിക്കപ്പെട്ട ഭൂപരിഷ്‌കരണത്തെക്കുറിച്ച്, അങ്ങനെ കേരളത്തിലെ സാമൂഹിക ജീവിതത്തിലെ മൂർത്തമായ ചില വശങ്ങളെ ആ ആത്മകഥ വിശകലനം ചെയ്യുന്നുണ്ട്. നാം ഏറ്റെടുക്കേണ്ടത് ആ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും നിലപാടുകളുമാണ്.

വിദ്യാർത്ഥി ജീവിതകാലത്തും അതിനുശേഷവും നിരവധി വർഷക്കാലം അദ്ദേഹവുമായി സംവദിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ. എന്നോട് വ്യക്തിപരമായി അദ്ദേഹം കാട്ടിയിട്ടുള്ള സ്‌നേഹസൗജന്യങ്ങൾ നിസ്സീമമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ നിരന്തരം സന്ദർശനം നടത്തുന്ന വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഞാൻ. അത്തരം സന്ദർശനങ്ങൾ അക്കാലത്തെ ഏറ്റവും പുതിയ ധൈഷണിക ഇടപെടലുകളെക്കുറിച്ചും പ്രമുഖ അക്കാദമിക് പണ്ഡിതരുടെ പുതിയ പഠനങ്ങളെക്കുറിച്ചും ഭരണകൂടനയങ്ങളെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളിലേക്കാണ് നയിക്കുക. ഞാന്‍ ഐ.എം.ജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന കാലത്തും അദ്ദേഹം അവിടുത്തെ പരിപാടികളില്‍ സഹകരിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളുടെ കാലത്ത് കഴിയുന്നത്ര അദ്ദേഹത്തോടൊപ്പം നില്‍ക്കാനും സാന്ത്വനിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഏതാണ്ട് ഏകകാലത്താണ് അദ്ദേഹം കേരളം വിടുന്നതും ഞാൻ വിദേശപഠനത്തിനും അദ്ധ്യാപനത്തിനുമായി പോകുന്നതും. പിന്നീട് തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് അവസരമില്ലാതായി. ഞാൻ മടങ്ങിവരുന്ന സമയത്ത് അദ്ദേഹവുമായി ബന്ധപ്പെടുകയും അദ്ദേഹം എനിക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

അദ്ദേഹത്തിൽനിന്ന് പഠിക്കാനും അദ്ദേഹത്തോട് നിരന്തരം സംഭാഷണങ്ങളിൽ ഏർപ്പെടാനും കഴിഞ്ഞതിന്റെ ബൗദ്ധികമുദ്രകൾ എന്നിലുണ്ട് എന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകൃതമായതോടെ അദ്ദേഹത്തിനുണ്ടായ സെലിബ്രിറ്റി സ്റ്റാറ്റസ് യഥാര്‍ത്ഥത്തില്‍ മീഡിയയ്ക്കു മാത്രമേ ഗുണം ചെയ്തുള്ളു എന്ന പക്ഷക്കാരനാണ് ഞാൻ. എങ്കിലും അതിന്റെ ഒരു ഗുണവശം ഞാൻ കാണാതെ പോകുന്നില്ല. അത് കുഞ്ഞാമൻ എന്ന മനുഷ്യൻ മുന്നോട്ടുവച്ച നിലപാടുകൾ കേരളീയ സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ പ്രേരകമായി എന്നതാണ്. അദ്ദേഹത്തെ മനസ്സിലാക്കിയില്ലെങ്കിലും മനസ്സുലക്കപ്പെടേണ്ട ആളാണ് അദ്ദേഹമെന്ന വിചാരത്തിലേക്ക് അത് കേരളീയ സമൂഹത്തെ നയിച്ചു. അതുകൊണ്ടുതന്നെ, ചരമക്കുറിപ്പുകളുടെ അതിനാടകീയതകളിൽ അദ്ദേഹത്തിന്റെ ചിന്തകളെ അസ്തമിപ്പിക്കാതിരിക്കാൻ നാം നടത്തുന്ന ബൗദ്ധികമായ ജാഗ്രതയാണ് അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും നല്ല അനുസ്മരണം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com