കശ്മീരും സുപ്രീംകോടതിവിധിയും:ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അന്തിമവിധി

ഈ പ്രമേയങ്ങളത്രയും ജമ്മു-കശ്‍മീരിനു നല്‍കിയ പ്രത്യേക പദവിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതും അതിന്റെ സവിശേഷാധികാരങ്ങളെ റദ്ദുചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ളതുമായിരുന്നു. “
കശ്മീരും സുപ്രീംകോടതിവിധിയും:ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അന്തിമവിധി

ശ്‍മീര്‍ സംബന്ധിച്ച് 1950 മുതല്‍ 27 പ്രമേയങ്ങളാണ് ആര്‍.എസ്.എസ്സിന്റെ ഉന്നതഘടകങ്ങളില്‍ പാസ്സാക്കിയിട്ടുള്ളത്. ഈ പ്രമേയങ്ങളത്രയും ജമ്മു-കശ്‍മീരിനു നല്‍കിയ പ്രത്യേക പദവിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതും അതിന്റെ സവിശേഷാധികാരങ്ങളെ റദ്ദുചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ളതുമായിരുന്നു. “രാജ്യം വിഭജിക്കുന്നതിനായി നല്‍കപ്പെട്ട പോസ്റ്റ്-ഡേറ്റഡ് ചെക്ക്” ആയിട്ടും മറ്റ് സംസ്ഥാനങ്ങളിലെ വിഭജനരാഷ്‍ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ടുമാണ് കശ്‍മീരിനു സവിശേഷാധികാരങ്ങള്‍ അനുവദിക്കുന്ന 370-ാം വകുപ്പിനെ ആ പ്രമേയങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ‘ഏക് നിഷാൻ, ഏക് വിധാൻ, ഏക് പ്രധാന്‍’ എന്നതാണ് ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് മുദ്രാവാക്യം. വൈവിദ്ധ്യം എന്ന വസ്തുതയെ പിറകോട്ടു തള്ളിമാറ്റി രാജ്യത്തിന്റെ ഏകത, വിശേഷിച്ചും സാംസ്‍കാരികമായത് ഉദ്ഘോഷിക്കുന്ന ഒന്നാണ് ആര്‍.എസ്.എസ്സിന്റെ രാഷ്‍ട്രീയം. ജമ്മു-കശ്‍മീരിനു നല്‍കിയ പ്രത്യേക പദവി റദ്ദുചെയ്തുകൊണ്ടു പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങളേയും സംസ്ഥാന വിഭജനത്തേയും ശരിവെച്ചുകൊണ്ട് ഡിസംബര്‍ 11-ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയോടുകൂടി ആര്‍.എസ്.എസ് അജന്‍ഡയിലുള്ള രണ്ടാമത്തെ ഹിന്ദുത്വമുദ്രാവാക്യവും ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ് (ഈ അജന്‍ഡയില്‍ അയോദ്ധ്യയിലെ രാമക്ഷേത്രമാണ് ഒന്നാമത്തേത്). ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു പുറമേ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് 370-ാം വകുപ്പ് പാര്‍ലമെന്റ് റദ്ദുചെയ്ത നടപടിയെ ശരിവെച്ചത്.

ഹര്‍ജിക്കാരെ പ്രതിനിധീകരിച്ചു ഹാജരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ പാര്‍ലമെന്റിലുള്ള മൃഗീയമായ ഭൂരിപക്ഷം മുന്‍നിര്‍ത്തി പൂര്‍ണ്ണ സംസ്ഥാനപദവിയുള്ള ഒരു പ്രദേശത്തെ വിഭജിക്കുന്നതിന് യൂണിയന്‍ ഗവണ്‍മെന്റ് രാഷ്ട്രപതി മുഖേന എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി ഭരണഘടനാവിരുദ്ധമായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തുവെന്നാണ് ആരോപിച്ചത്. ഈ നടപടികള്‍ ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്നും ഭരണഘടനയോട് കാണിക്കുന്ന വഞ്ചനയാണെന്നും അവര്‍ വിശേഷിപ്പിക്കുകയും ചെയ്തു. 1957-ല്‍ ജമ്മു-കശ്മീര്‍ ഭരണഘടനാ അസംബ്ലി പിരിച്ചുവിട്ട് സംസ്ഥാന ഭരണഘടന രൂപീകരിച്ചതുകൊണ്ട് 370-ാം അനുച്ഛേദം സ്ഥിരമായ ഒരു സ്വഭാവം കൈവരിച്ചതായും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 368, 370-ാം വകുപ്പിനു ബാധകമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.) ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് 2019 ഓഗസ്റ്റ് 5, 6 തീയതികളിലെ രണ്ട് രാഷ്ട്രപതി ഉത്തരവുകളുടെ സാധുതയാണ് ശരിവെച്ചത്. ഭരണഘടനാ ഉത്തരവ് 272, 273 പ്രകാരം ഇന്ത്യന്‍ ഭരണഘടന ജമ്മു-കശ്‍മീരിനു പൂര്‍ണ്ണമായും ബാധകമാക്കുകയും 370-ാം വകുപ്പ് റദ്ദു ചെയ്യുകയും ചെയ്തിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നത് ജമ്മു-കശ്‍മീര്‍ അതിന്റെ പരമാധികാരം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇന്ത്യയുമായി ലയിച്ച മറ്റ് നാട്ടുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍നിന്ന് വ്യത്യസ്തമാണ് ജമ്മു-ക‍ശ്മീരുമായുള്ള ഇന്ത്യന്‍ യൂണിയന്റെ ബന്ധമെന്നും വാദമുണ്ടായിരുന്നു. സവിശേഷ ബന്ധം ആരോപിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370-നു പ്രവര്‍ത്തനക്ഷമമാകാന്‍ അനുമതി നല്‍കുന്ന ‘പരമാധികാരം’ എന്ന ഘടകം നിലവിലുണ്ടോ എന്ന് വിലയിരുത്തുന്നതിനു മുന്‍പ് ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ സംവിധാനവും ഹര്‍ജികളുടെ പശ്ചാത്തലത്തില്‍ കോടതി പരിശോധിച്ചതായും മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടനയിലെ ഒന്നാം വകുപ്പ് പ്രകാരം ഇന്ത്യ സ്റ്റേറ്റുകളുടെ ഒരു യൂണിയന്‍ ആണെന്നും ആര്‍ട്ടിക്കിള്‍ ഒന്നില്‍ പരാമര്‍ശിക്കുന്ന പാര്‍ട്ട് 3 സ്റ്റേറ്റുകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ജമ്മു-കശ്‍മീര്‍ എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. മുന്‍ ജമ്മു-കശ്‍മീര്‍ സംസ്ഥാനത്തിന്റെ ഭരണഘടന പ്രകാരവും സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. യൂണിയന്‍ ഒഫ് ഇന്ത്യയുമായി സ്റ്റേറ്റിനുള്ള ബന്ധം പരാമര്‍ശിക്കുന്ന അതിന്റെ ഭരണഘടനയിലെ മൂന്നാമത്തെ സെക്‌ഷന്‍ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. ജമ്മു-കശ്‍മീര്‍ ഭരണഘടനയുടെ 147-ാം സെക്‌ഷന്‍ മൂന്നാം സെക്‌ഷന്‍ ഭേദഗതി ചെയ്യുന്നതിനെ വിലക്കുന്നുമുണ്ട്. ജമ്മു-കശ്മീരിന് അതിന്റെ പരമാധികാരം ഉപേക്ഷിക്കാന്‍ ലയന കരാര്‍ അനിവാര്യമാണെന്ന വാദത്തിനു വിരുദ്ധമാണ് ഈ വ്യവസ്ഥകളെന്നുമത്രേ കോടതി വിലയിരുത്തിയത്. 1949 നവംബർ 25-ന് യുവരാജ് കരൺ സിംഗ് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനം പുറപ്പെടുവിച്ചപ്പോൾ, മറ്റേതൊരു നാട്ടുരാജ്യത്തേയും പോലെ അത് ‘ലയന’ത്തിനു തുല്യമായ ഫലമുണ്ടാക്കിയതായി കണക്കാക്കാമെന്നും. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ സംസ്ഥാനത്തെ മറ്റെല്ലാ ഭരണഘടനാ വ്യവസ്ഥകളേയും അസാധുവാക്കുക മാത്രമല്ല, അവ റദ്ദാക്കുകയും ചെയ്യും എന്ന പ്രഖ്യാപനം ഒരു ലയന ഉടമ്പടിക്കു സമാനമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍, ജസ്റ്റിസ് കൗള്‍ ഭരണഘടനാബെഞ്ചിന്റെ ഏകകണ്ഠവിധിയുടെ ഭാഗമായിരുന്നുവെങ്കിലും സംസ്ഥാന ഭരണഘടനാ അസംബ്ലി 370-ാം വകുപ്പ് പ്രകാരമുള്ള പരമാധികാരം എന്ന ഘടകത്തെ കണക്കിലെടുത്തിരുന്നതായി പറയുന്നു. എന്നിരുന്നാലും ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അന്തിമവിധിയില്‍ ഈ നിരീക്ഷണം ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നതും ശ്രദ്ധേയമാണ്.

370-ാം വകുപ്പ് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായതുകൊണ്ട് അതിനെ മാറ്റിത്തീര്‍ക്കുന്ന ഒരു നീക്കവും സാധുതയുള്ളതല്ലെന്നായിരുന്നു അത് റദ്ദ് ചെയ്യുന്നതിനെതിരെയുള്ള ഹര്‍ജിക്കാരുടെ മുഖ്യമായ മറ്റൊരു വാദം. 370 (3) പ്രകാരം, ജമ്മു-കശ്‍മീര്‍ ഭരണഘടനാ അസംബ്ലിയുടെ ശിപാർശ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഒരു മുൻവ്യവസ്ഥയായി നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ജമ്മു-കശ്മീര്‍ സംസ്ഥാനത്തിനു സ്വന്തമായി ഭരണഘടന രൂപീകരിച്ചത് ജമ്മു-കശ്മീര്‍ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒരു സഭയാണ്. 1951 മെയ് ഒന്നിനാണ് സ്റ്റേറ്റിന്റെ തലവനായ കരണ്‍സിംഗ് അസംബ്ലി രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 75 സീറ്റുകളിലും ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സാണ് വിജയിച്ചത്. 1957 ജനുവരി 26-ന് ഈ സഭ ഇല്ലാതാകുകയും ചെയ്തു. അഞ്ച് വർഷത്തിനിടെ 56 ദിവസമാണ് സഭ സമ്മേളിച്ചത്. 1956 നവംബർ 17-ന് ജമ്മു-കശ്മീർ ഭരണഘടന അംഗീകരിക്കുകയും ജമ്മു-കശ്മീർ സംസ്ഥാനത്തിനു സ്വന്തമായി ഭരണഘടന ചട്ടക്കൂട് ഉണ്ടാകുകയും ചെയ്തു. 1957 ജനുവരി 26-നാണ് ഈ ഭരണഘടന നിലവില്‍ വരുന്നത്. ഈ ഭരണഘടനാ അസംബ്ലി ഇല്ലാതായതിനാല്‍ 370-ാം വകുപ്പ് റദ്ദു ചെയ്യുന്നതിനുള്ള ഭരണഘടനാസംവിധാനം ഇല്ലെന്നും അതുകൊണ്ട് വകുപ്പ് റദ്ദു ചെയ്യാനാകില്ലെന്നും കപില്‍ സിബല്‍ വാദിച്ചു. ആർട്ടിക്കിൾ 370-ാം വകുപ്പ് ‘താൽക്കാലിക’ സ്വഭാവമുള്ള ഒന്നായിട്ടാണ് എല്ലായ്‌പോഴും സങ്കല്പിക്കപ്പെട്ടിട്ടുള്ളതെന്നായിരുന്നു ചന്ദ്രചൂഡും കൗളും ഇതിനോടു പ്രതികരിച്ചുകൊണ്ടു പറഞ്ഞത്. ഇടക്കാലത്തേക്കു മാത്രമായി ഉണ്ടാക്കിയ ഒരു സംവിധാനമായിരുന്നു 370-ാം വകുപ്പ്. ജമ്മു-കശ്‍മീര്‍ സംസ്ഥാനത്തിനു സ്വന്തമായി ഭരണഘടന ഉണ്ടാകും വരെ ഇന്ത്യന്‍ യൂണിയനും ജമ്മു-കശ്‍മീരിനും ഇടയിലുള്ള ബന്ധം നിര്‍വ്വചിക്കുന്നതിനു നിയമപരമായ ഒരു ഘടകം അനിവാര്യമായിരുന്നു. അതായിരുന്നു 370-ാം വകുപ്പ്. ജമ്മു-കശ്‍മീരിന്റെ ഭരണഘടന രൂപീകരിക്കപ്പെടുന്നതോടെ അതിന്റെ പ്രസക്തി ഇല്ലാതായി. 370-ാം വകുപ്പിന് അന്ന് പ്രസക്തി നല്‍കിയ മറ്റൊരു കാരണം സംസ്ഥാനത്തു നിലനിന്ന യുദ്ധസാഹചര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രണ്ടുതരത്തിലാണ് നിയമപരമായി 370-ാം വകുപ്പ് റദ്ദു ചെയ്യുന്ന നടപടി ഗവണ്‍മെന്റ് സാദ്ധ്യമാക്കിയത്. ഭരണഘടനയുടെ 367-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ആദ്യം ഭരണഘടനാ ഉത്തരവു പുറപ്പെടുവിച്ചു. ഇതുപ്രകാരം ജമ്മു-കശ്‍മീരിലെ ഭരണഘടനാ അസംബ്ലി ലെജിസ്ലേറ്റീവ് അസംബ്ലി എന്ന് വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് പ്രഖ്യാപിച്ച ഉത്തരവു പ്രകാരം 370-ാം വകുപ്പ് റദ്ദു ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ അനുമതി തേടി. ഇതിനെ ജസ്റ്റിസ് കൗള്‍ അംഗീകരിച്ചപ്പോള്‍ ഇങ്ങനെയൊരു ‘വളഞ്ഞവഴി’ അനാവശ്യമായിരുന്നു എന്നാണ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു-കശ്മീര്‍ ഭരണഘടനാ അസംബ്ലി ഇല്ലാതായെങ്കിലും 370(3) വകുപ്പു പ്രകാരം 370-ാം വകുപ്പ് റദ്ദു ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം ഇല്ലാതാകുന്നില്ല. രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ള ഒരു സംസ്ഥാനത്ത് സംസ്ഥാന അനുമതിയില്ലാതെ പൂര്‍വ്വസ്ഥിതിയിലേക്ക് ആക്കാന്‍ കഴിയാത്ത ഒരു നടപടി സ്വീകരിക്കാന്‍ യൂണിയന്‍ ഗവണ്‍മെന്റിന് അനുമതിയില്ലെന്നതായിരുന്നു ഹര്‍ജിക്കാരുടെ മറ്റൊരു വാദം; 356-ാം വകുപ്പിന്റെ പശ്ചാത്തലത്തില്‍. എന്നാല്‍, പ്രസിഡന്റു മുഖേനയുള്ള ഈ നടപടിയുടെ സാധുത ശരിവെയ്ക്കുന്നത് അതിനു പിറകിലുള്ള ഉദ്ദേശ്യത്തിന്റെ സ്വഭാവമാണെന്ന് ഉദ്ധരിക്കുന്ന എസ്.ആര്‍. ബൊമ്മേ V/s യൂണിയന്‍ ഒഫ് ഇന്ത്യ കേസിലെ വിധി ചൂണ്ടിക്കാണിച്ചാണ്. ഈ നടപടി ദുരുപദിഷ്ടമാണെന്നോ ഒറ്റനോട്ടത്തില്‍ തന്നെ യുക്തിസഹമല്ലാത്തത് എന്നോ രാഷ്‍ട്രപതിയുടെ ഇച്ഛയോടെ അല്ലാതെയെന്നോ വരുമ്പോഴേ ഇതു അസാധുവാകുന്നുള്ളൂവെന്നായിരുന്നു ഭരണഘടനാബെഞ്ചിന്റെ വിധി.

വിധിയും തലവിധിയും

വൈവിദ്ധ്യവും അതിലെ ഐക്യവുമാണ് ഇന്ത്യന്‍ ജീവിതത്തിന്റെ കാതല്‍. യൂറോപ്യന്‍ കൊളോണിയല്‍ വാഴ്ചയുടെ കാലത്ത് നാം കണ്ട ‘സ്വതന്ത്രവും സമാധാനപരവും സമത്വപൂര്‍ണ്ണവുമായ ഒരു ദേശരാഷ്ട്രം’ എന്ന സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് എല്ലാ വൈവിധ്യത്തേയും നാം ആ സ്വപ്നത്തിന്റെ നൂലില്‍ കോര്‍ത്ത് മനോഹരമായ ഒരു മാല കെട്ടാന്‍ തീരുമാനിച്ചത്. നമ്മുടെ ഐക്യം പുറമേനിന്നും അടിച്ചേല്പിക്കപ്പെട്ട ഒന്നല്ല. അത് വിവിധ സമൂഹങ്ങള്‍ നേരത്തെ പറഞ്ഞ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി സ്വയം തിരഞ്ഞെടുത്ത ഒന്നാണ്. ചുരുക്കത്തില്‍ കൊളോണിയല്‍വിരുദ്ധ സമരത്തിന്റേയും അതിന്റെ തുടര്‍ച്ചയായി ഒരു പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേയും ഉല്പന്നമാണ് നമ്മുടെ ദേശരാഷ്ട്രം.

1618 ഭാഷകള്‍, ആറു നരവംശ വിഭാഗങ്ങള്‍, ആറു പ്രധാന മതങ്ങള്‍, ഓരോ മതത്തിലും നിരവധി അവാന്തര വിഭാഗങ്ങള്‍, 29 പ്രധാന മത-സാംസ്കാരികോത്സവങ്ങള്‍ എന്നിവയാണ് ഇന്ത്യ എന്ന നാടിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ സവിശേഷത. ഈ വൈവിദ്ധ്യത്തെ കണക്കിലെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. അങ്ങനെയാണ് നാം ഒരു മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ റിപ്പബ്ലിക് ആകുന്നത്. അതേസമയം, ‘ഒരു രാജ്യം, ഒരു വംശം, ഒരു സംസ്കാരം, ഒരു ഭാഷ, ഒരു രാഷ്ട്രം’ എന്ന മുദ്രാവാക്യമാണ് ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിപ്പോരുന്നത്. വൈവിദ്ധ്യങ്ങളുടെ ഐക്യത്തിനു (Unity) പകരം ഏകീകരിക്കലിലാണ് (Unification) അവരുടെ ഊന്നല്‍. വൈവിദ്ധ്യങ്ങളെ നിരാകരിച്ചുകൊണ്ട് ഒരു ഉറച്ച ഏകീകൃത രാഷ്ട്രത്തെ അവര്‍ വിഭാവനം ചെയ്യുന്നു.

ഓരോ പ്രദേശത്തേയും ഭാഷാപരവും സാംസ്‍കാരികവുമൊക്കെയായ ഈ വൈവിദ്ധ്യത്തെ അംഗീകരിക്കുന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ട് സംസ്ഥാനങ്ങള്‍ക്കു ചില നിര്‍ണ്ണായക അധികാരങ്ങള്‍ കൂടി ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ട്. അവയുടെ സ്വത്വത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ആര്‍ട്ടിക്കിള്‍ ഒന്ന് “India that is Bharat, shall be a Union of States” എന്നു നിര്‍വ്വചിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളെ കൊളോണിയല്‍ ഭരണാധികാരികള്‍ പ്രവിശ്യകള്‍ (Provinces) എന്നാണ് നിര്‍വ്വചിച്ചിരുന്നതെങ്കില്‍ State എന്നാണ് വ്യത്യസ്ത പ്രാദേശിക സമൂഹങ്ങള്‍ക്കു നല്‍കിയിട്ടുള്ള വിശേഷണം. അതായത് ഈ പ്രാദേശിക സമൂഹങ്ങള്‍ക്ക് ഒരു പരിധിവരെ ഭരണാധികാരവും നല്‍കിയിരിക്കുന്നു. നമ്മുടെ ഭരണഘടനപ്രകാരം അവയുടെ സ്വത്വത്തെ ശകലീകരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ഒരു നടപടിയും അതത് പ്രാദേശിക ജനസമൂഹങ്ങളുടെ, പ്രതിനിധിസഭകളുടെ സമ്മതമില്ലാതെ സാദ്ധ്യമല്ല.

ഒരു സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലാണെങ്കിൽ പാർലമെന്റിന് ഏകപക്ഷീയമായി അതിന്റെ സംസ്ഥാന പദവി ഇല്ലാതാക്കി കേന്ദ്രഭരണപ്രദേശമാക്കി മാറ്റാൻ കഴിയുമെന്ന് വിധിച്ചുകൊണ്ടും ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള നടപടി ശരിവെച്ചുകൊണ്ടുമുള്ള സുപ്രീംകോടതി വിധി ഫെഡറല്‍ വ്യവസ്ഥയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതാണെന്നു ഭരണഘടനാവിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, പ്രദേശങ്ങൾ, അതിർത്തികൾ, സംസ്ഥാനങ്ങളുടെ പേരുകൾ എന്നിവയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്ന് അനുസരിച്ച്, ഇതിൽ നടപടിയെടുക്കുന്നതിനു മുന്‍പേ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി രാഷ്ട്രപതി അത്തരമൊരു നിയമം സംസ്ഥാന നിയമസഭയിലേക്ക് റഫർ ചെയ്യേണ്ടതുണ്ട്. എന്നാല്‍, 2019-ല്‍ ജമ്മു-കശ്മീര്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായതിനാല്‍ ജമ്മു-കശ്മീർ പുനഃസംഘടന ബില്‍ രാഷ്ട്രപതി പാര്‍ലമെന്റിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്. അതായത് നിയമസഭയുടെ അധികാരം പാര്‍ലമെന്റാണ് വിനിയോഗിച്ചത്. ഇക്കാര്യത്തിലുണ്ടായ രാഷ്‍ട്രപതിയുടെ നീക്കം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ബൊമ്മേ കേസിലെ വിധി ഉദ്ധരിച്ച് അതിനു സാധുത നല്‍കുകയാണ് സുപ്രീംകോടതി ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, കൗതുകകരമായ ഒരു കാര്യം യൂണിയന്റെ അധികാരം വിപുലമാക്കാന്‍ ബൊമ്മേ വിധിയെ സുപ്രീംകോടതി ആശ്രയിച്ചപ്പോള്‍, 1994-ല്‍ ബൊമ്മേ കേസില്‍ ഒന്‍പത് ജഡ്ജിമാരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധി, ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതിയുടെ അധികാര വിനിയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

മോദി ഗവണ്‍മെന്റിന്റെ കാലത്ത് ഉപദേശീയതാ സ്വത്വങ്ങളെ തകര്‍ത്ത് ഫെഡറലിസത്തെ ശക്തമായ കേന്ദ്രം എന്ന തത്ത്വത്തിന് അനുകൂലമായി മാറ്റിയെടുക്കുക എന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ജമ്മു-കശ്‌മീര്‍ സംബന്ധിച്ച നടപടികള്‍. ഹിന്ദുത്വവാദികള്‍ രണ്ടുതരത്തിലുള്ള നീക്കങ്ങളാണ് ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഫെഡറലിസത്തിന്റെ തത്ത്വങ്ങള്‍ക്കെതിരെ നടത്തുന്നത്. സംസ്ഥാനങ്ങളെ ഭരണ സൗകര്യത്തിനുള്ള യൂണിറ്റുകള്‍ മാത്രമായി കാണുകയും അതിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ അസ്തിത്വത്തെ നിരാകരിക്കുകയും ചെയ്യുന്നതോടൊപ്പം സംസ്ഥാനങ്ങള്‍ക്കു ഭരണഘടനാപരമായി അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുകയെന്നതാണ് ഒന്നാമത്തേത്. ഈ നീക്കത്തിനു നിയമപരമായ സാധുതയാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.

സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെ ശകലീകരിക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിനു പിന്തുണ നല്‍കുകയും അത് ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തേത്. രാജ്‍വംശി വിഭാഗക്കാര്‍ ജീവിക്കുന്ന ഉത്തര ബംഗാളിനെ വേറിട്ടൊരു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പി എം.പി ജോണ്‍ ബര്‍ളയുള്‍പ്പെടെയുള്ളവരുടെ ആവശ്യവും കൊങ്ങു വിഭാഗക്കാര്‍ ജീവിക്കുന്ന ഉത്തര തമിഴ്‍നാട് കൊങ്ങു ദേശം എന്ന സംസ്ഥാനമാക്കണമെന്ന ബി.ജെ.പി ആവശ്യമുയര്‍ത്തിയതും ഇതിന് ഉദാഹരണങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com