വരാന്‍ പോകുന്ന ഭീകരതയുടെ വലിപ്പം ആദ്യം അറിഞ്ഞില്ല... ഒടുവില്‍, എല്ലാ ധാരണകളേയും കടപുഴക്കി എറിഞ്ഞു...

അഞ്ഞൂറോളം പേരുടെ ജീവനെടുത്ത, 15 ലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റേണ്ടിവന്ന, യു.എന്‍ സെക്രട്ടറി ജനറലിന്റെ വാര്‍ഷിക കണക്കെടുപ്പില്‍ ഒന്നാമതായി പരാമര്‍ശിച്ച വലിയ ദുരന്തം
വരാന്‍ പോകുന്ന ഭീകരതയുടെ വലിപ്പം ആദ്യം അറിഞ്ഞില്ല... ഒടുവില്‍, എല്ലാ ധാരണകളേയും കടപുഴക്കി എറിഞ്ഞു...

2018 നെ കേരളം ഭാവിയിലും ഓര്‍ക്കും, പ്രളയം നാശം വിതച്ച വര്‍ഷം എന്ന നിലയില്‍. അഞ്ഞൂറോളം പേരുടെ ജീവനെടുത്ത, 15 ലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റേണ്ടിവന്ന, യു.എന്‍ സെക്രട്ടറി ജനറലിന്റെ വാര്‍ഷിക കണക്കെടുപ്പില്‍ ഒന്നാമതായി പരാമര്‍ശിച്ച വലിയ ദുരന്തം 2018 ആഗസ്റ്റില്‍ ഉണ്ടായി. ഞാനപ്പോള്‍ വീണ്ടും അഗ്‌നിരക്ഷാസേനയുടെ മേധാവി ആയിരുന്നു.  2018-ന്റെ തുടക്കത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം ലോണിനായി ഞാന്‍ പരക്കം പായുകയായിരുന്നു; വ്യത്യസ്തമായൊരു രക്ഷാപ്രവര്‍ത്തനം. അത് പൂര്‍ത്തിയായ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നെ വിളിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ തുടരണോ അതോ ആഭ്യന്തരവകുപ്പിലേയ്ക്ക് മടങ്ങണോ എന്ന കാര്യം സംസാരിച്ചു. മടങ്ങാനാണ് താല്പര്യം എന്ന് ഞാന്‍ പറഞ്ഞു. വൈകാതെ വീണ്ടും അഗ്‌നിരക്ഷാസേനയിലെത്തി; ഐ.പി.എസില്‍ എന്റെ അവസാനത്തെ നിയമനം. 

മടങ്ങിയെത്തുമ്പോള്‍, അനുഭവത്തിന്റെ കൂടി വെളിച്ചത്തില്‍ കേരളത്തില്‍ അഗ്‌നിരക്ഷാസേന വഹിക്കേണ്ട പങ്കിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ദുരന്തങ്ങള്‍ മനുഷ്യനിര്‍മ്മിതമാകാം, പ്രകൃതിപ്രതിഭാസമാകാം, രണ്ടിന്റേയും മിശ്രിതവുമാകാം. രക്ഷാപ്രവര്‍ത്തനം ദൈവത്തിന്റെ മാത്രം ചുമതല ആയിരുന്ന ഒരുകാലവും മനുഷ്യരാശിക്കു ഉണ്ടായിരുന്നു. എന്നാലിന്ന്,  ആധുനിക വികസിത സമൂഹങ്ങളിലെല്ലാം ദുരന്തസാധ്യതകള്‍ വിലയിരുത്തി  സുസജ്ജമായ രക്ഷാസേന സദാ ജാഗ്രത പുലര്‍ത്തുന്നു. 

കേരളം സാമ്പത്തിക വികസനത്തില്‍ മുന്നോട്ടുപോയെങ്കിലും അഗ്‌നിരക്ഷാസേന ഏറെ പിന്നാക്കമായിരുന്നു. ഇന്ത്യയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രക്ഷാസേനയുടെ ആസൂത്രിതമായ വളര്‍ച്ച ഉണ്ടായില്ല.  പ്രകൃതിദുരന്തങ്ങളില്‍ പതിനായിരക്കണക്കിനു ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ള ഒറീസ്സ, ആന്ധ്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ രക്ഷാസേന ശക്തമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. കേരളത്തില്‍ 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924-ലെ ദുരന്തത്തിനു ശേഷം ഭീകര ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ലായിരുന്നു. അങ്ങനെ, പലവിധ കാരണങ്ങള്‍കൊണ്ട് അഗ്‌നിരക്ഷാസേന ശക്തിപ്പെടുത്തുന്നതിന് അര്‍ഹിക്കുന്ന പരിഗണന കേരളത്തില്‍ ലഭിച്ചില്ല.    

സേനയുടെ ഘടനയില്‍പോലും കാലാനുസൃതമായ, സമൂഹത്തിന് ഗുണകരമായ മാറ്റം സംഭവിച്ചിരുന്നില്ല. ഇന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എന്നു പറഞ്ഞാല്‍ ജില്ലയിലെ അഗ്‌നിരക്ഷാ സംവിധാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന് ആര്‍ക്കും മനസ്സിലാകും. അഗ്‌നിരക്ഷാ സേനയുടെ ഇടപെടല്‍ ആവശ്യമായി വരുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകനോ സാധാരണ പൗരനോ ജില്ലയില്‍ ഇതിന്റെ ചുമതലക്കാരന്‍ ആരാണ് എന്നറിയണം. നേരത്തെ പല ജില്ലാ കളക്ടര്‍മാര്‍ക്കുപോലും അതറിയില്ലായിരുന്നു. അത് കളക്ടര്‍മാരുടെ കുഴപ്പമായിരുന്നില്ല. അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ എന്നു പറഞ്ഞാല്‍ അത് ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എന്ന് എങ്ങനെ അറിയാനാണ്? ആ പേര് മാറ്റി ജില്ലാ ഫയര്‍ ഓഫീസര്‍ എന്നാക്കാനുള്ള പ്രൊപ്പോസല്‍ നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. ജില്ലാ സംവിധാനം തീരെ ദുര്‍ബ്ബലമായിരുന്നു.  സ്ഥാനപ്പേരിലെ മറ്റൊരു മാറ്റം അനിവാര്യമായതു താഴെ തട്ടിലായിരുന്നു. കേരളത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍, സിവില്‍ പൊലീസ് ഓഫീസര്‍ ആയതോടെ  ജയില്‍, എക്സൈസ്, വനം തുടങ്ങിയ വകുപ്പുകളിലെല്ലാം സമാനമായ മാറ്റം സംഭവിച്ചിരുന്നു. എന്നിട്ടും അഗ്‌നിരക്ഷാസേനയില്‍ അത് സംഭവിച്ചില്ല. കാലാനുസൃതമായ മാറ്റം ഈ വകുപ്പില്‍ ഏറ്റവും മന്ദഗതിയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പഴയ ഫയര്‍മാന്‍, ലീഡിംഗ് ഫയര്‍മാന്‍ എന്നതിനു പകരം യഥാക്രമം ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എന്നു മാറ്റാനുള്ള പ്രൊപ്പോസല്‍ നല്‍കുകയും സര്‍ക്കാര്‍ ഉടന്‍ അത് അംഗീകരിക്കുകയും ചെയ്തു. തൃശൂര്‍ അക്കാഡമിയില്‍ പുതുതായി അഗ്‌നിരക്ഷാസേനയില്‍ ചേര്‍ന്ന അംഗങ്ങളുമായി ഈ മാറ്റം വരുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ വളരെ ആഹ്ലാദപൂര്‍വ്വമാണ് അവരത് സ്വീകരിച്ചത്. പൊതുസമൂഹത്തില്‍ ഇറങ്ങിച്ചെന്ന് സുരക്ഷാകാര്യങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സേനാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങിയ ഘട്ടത്തില്‍ ഈ മാറ്റം  ഗുണകരമായി. സ്ത്രീകളേയും അഗ്‌നിരക്ഷാസേനയില്‍ നിയമിക്കണമെന്ന ആശയം വകുപ്പ് തലത്തില്‍ മുന്നോട്ടുവയ്ക്കുകയും സര്‍ക്കാരത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പി.എസ്.സി നടപടി പൂര്‍ത്തിയാകുന്നതോടെ സ്ത്രീകളും രക്ഷാസൈനികരാകും.  

കറുത്ത അരയന്നത്തിന്റെ വരവും പോക്കും

കേരളത്തില്‍, ഒരു വര്‍ഷം ഏകദേശം 1500 ജീവനുകള്‍ ജലാശയ അപകടങ്ങളില്‍ പൊലിയുന്നുണ്ട് എന്നത് ഇന്റലിജെന്‍സില്‍ ജോലി ചെയ്യുമ്പോള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം, രക്ഷാപ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താം എന്നതില്‍ രക്ഷാസേനയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കേണ്ടിയിരുന്നു. എല്ലാ ജില്ലകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കുക, കമ്മ്യൂണിറ്റി റെസ്‌ക്യൂ വാളണ്ടിയര്‍മാരുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങി ചില നടപടികള്‍ സ്വീകരിച്ചു. ഒപ്പം രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടുന്ന റബ്ബര്‍ ബോട്ടുകള്‍, ജലാശയങ്ങളുടെ അടിയിലേയ്ക്കു പോയി അപകടത്തില്‍ പെട്ടവരെ കണ്ടെത്തുന്നതിനാവശ്യമായ സ്‌കൂബാഡൈവിംഗ് ഉപകരണങ്ങള്‍ ഇവ കൂടുതല്‍ ആര്‍ജ്ജിക്കുവാനുള്ള ശ്രമവും തുടങ്ങി. മികച്ച ശാരീരികക്ഷമതയും സാഹസികതയും ആവശ്യമായ സ്‌കൂബാഡൈവിംഗ് ടീമുകളെ എല്ലാ ജില്ലകളിലും സജ്ജമാക്കി. ഒരുകാലത്ത് നേവി ഡൈവര്‍മാരെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. 

ഇങ്ങനെ പതിയെ മുന്നോട്ടുപോകവേ, എല്ലാ ധാരണകളേയും കടപുഴക്കി എറിഞ്ഞുകൊണ്ട് ആഗസ്റ്റില്‍ പ്രളയം വന്നു. അപകടത്തെക്കുറിച്ച് സൂചനയില്ലാതെ സ്വന്തം വീട്ടില്‍ ഉറങ്ങാന്‍ കിടന്ന മനുഷ്യര്‍, വീട്ടില്‍ വെള്ളം കയറിയപ്പോള്‍ പുതിയ അഭയസ്ഥാനം തേടേണ്ട അവസ്ഥ വന്നു. വരാന്‍ പോകുന്ന ഭീകരതയുടെ വലിപ്പം ആദ്യം അറിഞ്ഞില്ല. കേരളം, ചെറുതും വലുതുമായ എത്രയോ വെള്ളപ്പൊക്കങ്ങള്‍ കണ്ടിട്ടുണ്ട്. മലയോരങ്ങളില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും സൃഷ്ടിക്കുന്ന അപകടവും നമുക്ക് തീര്‍ത്തും അന്യമായിരുന്നില്ല. തുടക്കത്തില്‍ പഴയപോലെ ''ഇതും കടന്നുപോകും; നമുക്കൊന്നും വരില്ല, എവിടെയോ ചില ഭാഗ്യഹീനര്‍ക്കു മാത്രം അപകടം സംഭവിക്കും'' എന്ന് പലരും കരുതിയിരിക്കണം. പുഴയോരങ്ങളിലും താഴ്ന്ന ഇടങ്ങളിലും താമസിക്കുന്നവര്‍ മാത്രമല്ല, പട്ടണപ്രദേശങ്ങള്‍ പോലും സുരക്ഷിതമല്ലെന്നും ജനങ്ങള്‍ മാറിത്താമസിക്കണമെന്നും അറിയിപ്പ് നല്‍കിയപ്പോള്‍ പലരും അത് പുച്ഛിച്ചുതള്ളി. അമ്പതും അറുപതും വര്‍ഷമായി ഒരു സ്ഥലത്ത് സുരക്ഷിതമായി താമസിക്കുന്നവര്‍ അങ്ങനെ ചിന്തിക്കാം. വീടാണ് സുരക്ഷ എന്ന ബോധം മനസ്സിന്റെ അടിത്തട്ടില്‍ ഉണ്ടാകണം. Black Swan (കറുത്ത അരയന്നം) എന്ന പ്രയോഗം ഇപ്പോള്‍ പല രംഗങ്ങളിലും കൂടുതല്‍ ഉപയോഗിച്ചു കാണുന്നുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത, പ്രവചനാതീതമെന്നു കരുതുന്ന സംഭവത്തെയാണത്  സൂചിപ്പിക്കുന്നത്.  പ്രളയം, ആഗസ്റ്റ് മദ്ധ്യത്തോടെ ഭീകരരൂപം കൈവന്നപ്പോഴാണ് കറുത്ത അരയന്നം നാട്ടിലും വീട്ടിലും എത്തിയെന്ന് നമ്മളറിഞ്ഞത്. 

ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലായ ആ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു നമ്മുടെ പൊലീസും അഗ്‌നിരക്ഷാ സേനയും മാത്രമാണുണ്ടായിരുന്നത്. അംഗബലം പൊലീസിനാണെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും വൈദഗ്ദ്ധ്യവും ഉള്ളത് അഗ്‌നിരക്ഷാസേനയ്ക്കാണ്. കേന്ദ്രസേനയും മത്സ്യത്തൊഴിലാളികളും ഒന്നും അപ്പോള്‍  രംഗത്തില്ല.     2018-ലെ ആ മണ്‍സൂണ്‍ കാലത്തിന്റെ തുടക്കം തന്നെ കോഴിക്കോട് കട്ടിപ്പാറയില്‍ 14 പേരുടെ ജീവനപഹരിച്ച ഉരുള്‍പൊട്ടലോടെയാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ അതിവൃഷ്ടി മൂലം ഉണ്ടായിക്കൊണ്ടിരുന്ന ചെറുതും വലുതുമായ സാഹചര്യങ്ങള്‍ നേരിടുന്നതില്‍ അഗ്‌നിരക്ഷാസേന വ്യാപൃതമായിരുന്നു. എല്ലാ പ്രവചനങ്ങളേയും തെറ്റിച്ചുകൊണ്ട് കനത്തമഴ ആരംഭിച്ചതോടെ ആദ്യം അപകടം പ്രതീക്ഷിച്ചത് എറണാകുളത്തായിരുന്നു. ആഗസ്റ്റ് ആദ്യവാരം തന്നെ അഗ്‌നിരക്ഷാസേന അവിടെ സജ്ജമായിരുന്നു. ടെക്നിക്കല്‍ ഡയറക്ടര്‍ ആര്‍. പ്രസാദിന്റെ നേതൃത്വത്തില്‍ 15 സ്‌കൂബാവാനുകളും അനുബന്ധ രക്ഷാ ഉപകരണങ്ങളും മുന്നൂറില്‍ പരം ജീവനക്കാരും അടങ്ങുന്ന ഒരു സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിംഗ് അവിടെ കേന്ദ്രീകരിച്ചു. റബ്ബര്‍ ബോട്ടില്‍  സഹപ്രവര്‍ത്തകരുമൊത്ത് ഞാനവിടെ ചുറ്റിക്കറങ്ങുമ്പോള്‍ പ്രസിദ്ധമായ ആലുവാ ശിവക്ഷേത്രം മിക്കവാറും വെള്ളത്തിനടിയിലായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലുള്ള തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന മികച്ച കഥ പ്രസിദ്ധമാണല്ലോ. കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്ന ദേവനില്‍നിന്നാണ് കഥ തുടങ്ങുന്നത്. ആലുവയില്‍ ഞാന്‍ കണ്ടതും അതുതന്നെ. 

ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമേ റെഡ് അലര്‍ട്ട് ആദ്യം പ്രഖ്യാപിച്ചിരുന്നുള്ളൂ. പെരിയാറിന്റെ ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങള്‍ കുറെ വെള്ളത്തിനടിയിലായി. എങ്കിലും വിവിധ സംസ്ഥാന ഏജന്‍സികള്‍ സഹകരിച്ച് വെള്ളപ്പൊക്കം മുന്നില്‍ക്കണ്ട് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ നാശനഷ്ടമില്ലാതെ ആ ഘട്ടം തരണം ചെയ്തു. ഗുരുതരമായ ഈ സാഹചര്യം ഒരുവിധം തരണം ചെയ്തപ്പോള്‍ നേരിയ ആശ്വാസം തോന്നി. പക്ഷേ, അതിലും വലുത് വരാനിരിക്കുകയായിരുന്നു. 

ആഗസ്റ്റ് 14 മുതല്‍ പേമാരിയും അനുബന്ധ പ്രശ്‌നങ്ങളും പലേടത്തും ഭയാനകമായ സാഹചര്യം സൃഷ്ടിച്ചു. കരകവിഞ്ഞൊഴുകുന്ന നദികളും അതിവേഗം അപകടനിലയിലേയ്ക്കുയരുന്ന ഡാമുകളും, പലേടത്തും ഉണ്ടായ ഉരുള്‍പൊട്ടലുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച അവസ്ഥ ഭീകരമായിരുന്നു. ഒരുപക്ഷേ, അഗ്‌നിരക്ഷാസേനയുടെ ഏറ്റവും നിര്‍ണ്ണായക സംഭാവനയുണ്ടായത് ആ ഘട്ടത്തിലാണ്. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ പലേടത്തും രാത്രി നേരത്ത് വീടുകള്‍ക്കുള്ളില്‍ വെള്ളം കയറുമെന്നായപ്പോള്‍ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ടിവന്നു. ആ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും കമ്യൂണിറ്റി റസ്‌ക്യു വോളണ്ടിയര്‍മാരും എല്ലാം സജീവ പങ്കാളികളായി. ഞങ്ങളുടെ കൈവശമുള്ള റബ്ബര്‍ ബോട്ടുകള്‍ക്കു പുറമേ, പ്രാദേശികമായി കിട്ടിയ നാടന്‍ വഞ്ചികളും എല്ലാം ഉപയോഗിച്ച് ആദ്യ ഘട്ടത്തില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നതിനിടയില്‍ ജനങ്ങളെ ഉയര്‍ന്ന, സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞു. യഥാസമയം അപകടമേഖലകളില്‍നിന്ന് ജനങ്ങളെ താരതമ്യേന സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റാന്‍ കഴിഞ്ഞതുകൊണ്ടാണ് വലിയ തോതില്‍ മുങ്ങിമരണത്തില്‍ ജീവഹാനി സംഭവിക്കാതിരുന്നത്.  പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഞ്ഞൂറോളം പേരില്‍ പലരും അപകടത്തില്‍പ്പെട്ടത്, ഉരുള്‍പൊട്ടലിലും മണ്ണൊലിപ്പുകളിലും ഒക്കെയായിരുന്നു. ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ഉണ്ടായ അനവധി സംഭവങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്നുപോലും ആളുകളെ രക്ഷിക്കാന്‍ അതിസാഹസികമായ ഇടപെടലാണ് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ നടത്തിയത്. 

ചെങ്ങന്നൂരില്‍ എം.എല്‍.എ സജി ചെറിയാന്‍ ഉല്‍ക്കണ്ഠപ്പെട്ട് ആയിരക്കണക്കിനാളുകള്‍ മരണപ്പെടുമോ എന്ന് വിളിച്ചുപറഞ്ഞപോലുള്ള ഭീതി ചിലേടത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കുമുണ്ടായി എന്നതാണ് വാസ്തവം. ഫീല്‍ഡില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരില്‍നിന്നു വലിയ ഭീതിയുയര്‍ത്തിയ ഫോണ്‍വിളികള്‍ വന്നു. അങ്കമാലി ഫയര്‍‌സ്റ്റേഷനിലെ ഒരു ജീവനക്കാരന്‍ ഭയാശങ്കകളോടെ എന്നെ വിളിച്ചതോര്‍ക്കുന്നു. ഫയര്‍മാന്‍ നേരിട്ട് വകുപ്പ് മേധാവിയെ വിളിക്കാമോ എന്ന ആമുഖത്തോടെയാണ് അയാള്‍ തുടങ്ങിയത്. ധൈര്യം കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞത് ചാലക്കുടിയോടടുത്ത് പാറക്കടവ് എന്ന പ്രദേശത്ത് ധാരാളം ആളുകള്‍ അകപ്പെട്ടിട്ടുണ്ടെന്നും അവരെ രക്ഷിക്കാനാകുന്നില്ലെന്നും വെള്ളം ഉയരുന്നതിനാല്‍ നേരം വെളുക്കുമ്പോള്‍ അവിടെ നൂറുകണക്കിനു ശവങ്ങളായിരിക്കും എന്നൊക്കെയാണ് പറഞ്ഞത്. മനസ്സിന്റെ സ്വസ്ഥത മാത്രമല്ല, സമനിലയും നഷ്ടപ്പെട്ട പോലെയാണ് ആ ഉദ്യോഗസ്ഥന്‍ സംസാരിച്ചത്.  ഞാനയാളോട് ''നിങ്ങളെല്ലാപേരുംകൂടി പത്ത് പേരെയെങ്കിലും രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യൂ, മറ്റു നടപടികള്‍ ഞാന്‍ സ്വീകരിക്കാം'' എന്നു പറഞ്ഞ് ധൈര്യം കൊടുക്കാന്‍ ശ്രമിച്ചു.  പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് നിരാശാഭരിതമായ എത്രയോ ഫോണ്‍വിളികള്‍ എനിക്ക് വന്നു. തല്‍ക്കാലം സുരക്ഷിതരെങ്കിലും ആഹാരവും വെള്ളവുമില്ലാതെ ഒറ്റപ്പെട്ടിരുന്ന പലരുടേയും ഫോണ്‍വിളികളും ധാരാളം ഉണ്ടായി.

മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍

ഓരോ ദിവസവും സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഏകോപനയോഗം ഫലപ്രദമായിരുന്നു. കേന്ദ്ര-സംസ്ഥാനതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പൊതുവേ എല്ലാപേരും സഹകരിച്ച് മുന്നോട്ടുപോകുന്ന അന്തരീക്ഷം സൃഷ്ടിക്കാനായി. പ്രശ്‌നങ്ങള്‍ക്കു വേഗം പരിഹാരം കാണാന്‍ അത് സഹായകമായി. എയര്‍ഫോഴ്‌സ് സതേണ്‍ കമാന്റിന്റെ മേധാവി എയര്‍മാര്‍ഷല്‍ സുരേഷ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായിരുന്നു ഊന്നല്‍. പിന്നീട് സ്വന്തം വീടുപേക്ഷിച്ച് ക്യാമ്പുകളിലേയ്ക്ക് മാറിയ ലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമം, അവസാനഘട്ടത്തില്‍ പൊതു ഇടങ്ങളും വീടുകളും എല്ലാം ശുചിയാക്കി പഴയ അവസ്ഥയിലേയ്ക്കുള്ള തിരികെപോക്ക് അങ്ങനെ എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് തീരുമാനമെടുത്ത് മുന്നോട്ടുപോയി. ക്യാമ്പുകളുടെ നടത്തിപ്പിലും അന്തേവാസികളുടെ ക്ഷേമത്തിലും പ്രത്യേക താല്പര്യം മുഖ്യമന്ത്രി എടുക്കുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം സാധാരണനില കൈവരിക്കുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളിലും അഗ്‌നിശമനസേനാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. സ്‌കൂളുകളും പൊതുവീഥികളും ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍പോലും വലിയ പങ്കാണ് സേനാംഗങ്ങള്‍ വഹിച്ചത്. 

രക്ഷാപ്രവര്‍ത്തനത്തില്‍, സാഹസികതയുടേയും അര്‍പ്പണബോധത്തിന്റേയും അഭിമാനകരമായ എത്രയോ പ്രവര്‍ത്തനങ്ങള്‍ അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചു. എറണാകുളത്ത് പ്രളയജലം ഒഴുക്കിവിടാനുള്ള തടസ്സം നീക്കാന്‍ ഒരു ക്രെയിനിന്റെ ചങ്ങലയില്‍ തൂങ്ങിച്ചെന്ന് അതിന്റെ കൊളുത്ത് ഉദ്ദേശിച്ച സ്ഥലത്ത് ഘടിപ്പിക്കുന്നതില്‍ ദിനൂപ് എന്ന റെസ്‌ക്യൂ ഓഫീസര്‍ വിജയിച്ചെങ്കിലും അതിനിടയില്‍ അയാളെ പാമ്പ് കടിച്ചു.  ഇരുന്നൂറില്‍പ്പരം ജീവനക്കാരുടെ തന്നെ വീടുകളും 18 ഫയര്‍‌സ്റ്റേഷനുകളും പ്രളയത്തില്‍പ്പെട്ടിരുന്നു. എന്നിട്ടും നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റാന്‍ കഴിയാതെ തുടര്‍ച്ചയായ ദിവസങ്ങളില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ 113 ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. പാമ്പുകടിയേറ്റ 3 പേരും ഉണ്ടായിരുന്നു. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു നയിക്കുന്നതില്‍ പ്രാപ്തനും പരിചയസമ്പന്നനുമായ ടെക്നിക്കല്‍ ഡയറക്ടര്‍ ആര്‍. പ്രസാദ് വിലപ്പെട്ട സേവനമാണ് നല്‍കിയത്.

സാധാരണ നില പതുക്കെ കൈവന്നതോടെ പ്രളയം എന്ത്, എങ്ങനെ എന്നെല്ലാം പല വിവാദങ്ങളും ഉയര്‍ന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടയില്‍ പ്രത്യക്ഷപ്പെട്ട ആ കറുത്ത അരയന്നത്തിനു മുന്നില്‍ പകച്ചുനില്‍ക്കാതെ, സംസ്ഥാന ഗവണ്‍മെന്റും രക്ഷാസേനകളും മത്സ്യത്തൊഴിലാളികളടക്കമുള്ള പൗരസമൂഹവും ഉജ്ജ്വലമായ പ്രവര്‍ത്തനമാണ് ആ ദിനങ്ങളില്‍ നടത്തിയത് എന്നതില്‍ സംശയമില്ല. അല്ലായിരുന്നുവെങ്കില്‍  ദുരന്തത്തിന്റെ വ്യാപ്തിയും തീവ്രതയും, കേരളത്തിന്റെ ജനസാന്ദ്രതയും മറ്റ് പ്രതികൂല ഘടകങ്ങളും  കണക്കിലെടുക്കുമ്പോള്‍ മരണം ഇതിനും അപ്പുറം ആകാമായിരുന്നു. എങ്കിലും അവസാന വാക്ക് പ്രകൃതിയുടേതു തന്നെ എന്നു തോന്നുന്നു. ആഗസ്റ്റ് 17 മുതല്‍ ക്രമമായി പലേടത്തും മഴയുടെ തീവ്രത കുറയാന്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ദുരന്തത്തിന്റെ അന്തിമ ചിത്രം? അനുഭവത്തില്‍നിന്നും പ്രകൃതിയില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനേ മനുഷ്യനു കഴിയൂ. 

ഞങ്ങള്‍ പഠിച്ച ഒരു പാഠം കേരളത്തില്‍ ജലസുരക്ഷ ഉയര്‍ത്തുന്ന പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതയാണ്. തുടര്‍ച്ചയായ പേമാരിയില്‍ കരകവിഞ്ഞ്, പലേടത്തും വഴിമാറി ഒഴുകിയ പുഴകള്‍, നാടും നഗരവും നഗരവീഥികളും ഹൈവേകളും എല്ലാം കീഴടക്കിയപ്പോള്‍ പലേടത്തും രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളി അഭൂതപൂര്‍വ്വമായിരുന്നു. ദൈനംദിനം കടലുമായി മല്ലിടുന്ന മത്സ്യത്തൊഴിലാളികളെപ്പോലും അമ്പരപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായി. വിശാലമായ പുഴയായി ഒഴുകിയിരുന്ന പ്രളയജലം നഗരത്തിന്റെ മതിലുകള്‍ക്കുള്ളിലെ ഇടുങ്ങിയ വീഥികളിലെത്തിയപ്പോള്‍ അസാധാരണ വേഗമുള്ള പ്രവാഹമായി അതുമാറി. റെയില്‍വേ ക്രോസില്‍ നില്‍ക്കുമ്പോള്‍ മുന്നിലൂടെ അതിവേഗം പായുന്ന തീവണ്ടിയുടെ പ്രതീതി ജനിപ്പിച്ചു ആ കുത്തൊഴുക്ക്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്ന ഇതുപോലുള്ള ധാരാളം ഘടകങ്ങളുണ്ട്. ഇത് ഗൗരവമായെടുത്ത് ഈ രംഗത്ത് അനുഭവസമ്പത്തും മെച്ചപ്പെട്ട പരിശീലന ശേഷിയുമുള്ള ഒഡീഷയിലെ സൗകര്യങ്ങള്‍ പഠിക്കാന്‍ അഗ്‌നിരക്ഷാസേനയുടെ പരിശീലനത്തില്‍ പരിചയസമ്പന്നനായിരുന്ന ആര്‍.എഫ്.ഒ രാജേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അവിടെ അയച്ചു. ഒഡീഷയില്‍നിന്നുമുള്ള സേനാംഗങ്ങള്‍ അവരുടെ റബ്ബര്‍ ബോട്ടടക്കമുള്ള ഉപകരണങ്ങളുമായി കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. അങ്ങനെ പല രീതിയില്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ വൈദഗ്ദ്ധ്യം വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ഒരു പരിശീലനകേന്ദ്രം തുടങ്ങിയേ മതിയാകൂ എന്ന് വ്യക്തമായിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ സ്‌കൂബാ പരിശീലനം നല്‍കുന്നതിനു പരിമിതമായ സൗകര്യങ്ങളുള്ള ഒരു കേന്ദ്രം വകുപ്പുതലത്തില്‍ ഞാന്‍ തന്നെ നേരത്തെ തുടങ്ങിയിരുന്നു. ആ കേന്ദ്രത്തെ ഒരു റീജിയണല്‍ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജലസുരക്ഷയില്‍ വിദഗ്ദ്ധപരിശീലനം നല്‍കാനുതകുന്ന ഒരു കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് ഒരു പ്രൊപ്പോസല്‍ നല്‍കി. സര്‍ക്കാര്‍ അത് അംഗീകരിച്ച് ഉത്തരവായി. കേരളത്തിന്റെ ഭൂപ്രകൃതിയും മാറിവരുന്ന കാലാവസ്ഥാ സവിശേഷതകളും നഗരവല്‍ക്കരണത്തിന്റെ സ്വഭാവവുമെല്ലാം പരിഗണിച്ച് സുരക്ഷാരംഗത്തെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതില്‍ വൈദഗ്ദ്ധ്യം  നേടേണ്ടത് ഭാവികേരളത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമാണ്. 

2018-ലെ പ്രളയത്തിനു ശേഷം എല്ലാ ജില്ലകളിലും പോയി അവിടുത്തെ പ്രശ്‌നങ്ങളും  സുരക്ഷാ സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തിയിരുന്നു. വയനാട് ജില്ലയില്‍ പ്രളയകാലത്ത് മലയോര മേഖലകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സ്ഥലങ്ങളിലും എത്ര സാഹസികമായാണ് പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പ്രവര്‍ത്തിച്ചത് എന്നു ബോദ്ധ്യമായി. വെറും മൂന്ന് നിലയങ്ങള്‍ മാത്രമുള്ള വയനാട് അഗ്‌നിരക്ഷാസേനയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതും സേനയുടെ ജില്ലാതല സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യവും ഇപ്പോഴും സര്‍ക്കാര്‍ പരിഗണനയിലാണെന്നു തോന്നുന്നു. ചുമതലാബോധമുള്ള പൗരസമൂഹത്തിനു രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും എത്ര വലിയ സംഭാവന ചെയ്യാനാകും എന്നും നമ്മെ ബോദ്ധ്യപ്പെടുത്തി 2018-ലെ പ്രളയം. പൗരസമൂഹത്തിന്റെ ശക്തി ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ 2017-ല്‍ അഗ്‌നിരക്ഷാവകുപ്പ് രൂപം നല്‍കിയ കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ സ്‌കീമിലെ പരിശീലനം ലഭിച്ച അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 1968-ല്‍ കേന്ദ്രനിയമ പ്രകാരം നിലവില്‍ വന്ന സിവില്‍ ഡിഫന്‍സിന്റെ മുഖ്യലക്ഷ്യം യുദ്ധകാല സുരക്ഷ ആയിരുന്നു. എന്നാല്‍, 2010-ല്‍ ഉണ്ടായ നിയമഭേദഗതിയോടെ ദുരന്തനിവാരണ പ്രവര്‍ത്തനവും സിവില്‍ ഡിഫന്‍സിന്റെ ഭാഗമായി. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകരിക്കുവാനുള്ള ആശയം അഗ്‌നിരക്ഷാസേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി 2018-ലെ പ്രളയകാല അനുഭവങ്ങള്‍. അതേത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റ് അഗ്‌നിരക്ഷാസേനയുടെ ചുമതലയില്‍ കേരള സിവില്‍ ഡിഫന്‍സ് രൂപീകരിച്ച് ഉത്തരവായി. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സുരക്ഷ സംബന്ധിച്ച വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എല്‍.പി.ജി സിലിണ്ടര്‍ തീപിടിച്ചാല്‍ എങ്ങനെ സുരക്ഷിതമായി അണയ്ക്കാം എന്ന വീഡിയോ കണ്ട ആലപ്പുഴ മുതുകുളം സ്വദേശി, പത്ത് വയസ്സുകാരനായ അഖില്‍, ആ അറിവ് പ്രയോജനപ്പെടുത്തി സ്വന്തം അമ്മുമ്മയെ അഗ്‌നിബാധയില്‍നിന്നും രക്ഷപ്പെടുത്തിയ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിവില്‍ ഡിഫന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ ആ കുട്ടിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആ കുട്ടിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി അഭിനന്ദിച്ചു.    

2018-ലെ പ്രളയകാലാനുഭവങ്ങളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി 'അതിജീവനം' എന്ന പേരില്‍ ഒരു പുസ്തകം അഗ്‌നിരക്ഷാസേന തയ്യാറാക്കി. അതിന്റെ ആമുഖത്തില്‍ ഞാനെഴുതിയ ഏതാനും വരികള്‍ ഉദ്ധരിക്കട്ടെ. ''കാലം പുതിയ വെല്ലുവിളികളുയര്‍ത്തും; സംശയമില്ല. അത് നേരിടാനുള്ള കരുത്ത് ആര്‍ജ്ജിക്കുവാന്‍ കഴിയണം. അതിനായി നമുക്ക് കാത്തുനില്‍ക്കാനാവില്ല. അഗ്‌നിരക്ഷാ സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടേയും കര്‍മ്മശേഷി അതിന്റെ പൂര്‍ണ്ണതയില്‍ വികസിപ്പിച്ച്, പ്രൊഫഷണലിസത്തിന്റെ പാതയിലൂടെ മുന്നേറാം. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ആ യാത്രയില്‍ നമുക്ക് സേവനസന്നദ്ധരായ മുഴുവന്‍ പൗരന്‍മാരേയും പങ്കുചേര്‍ക്കാം. ഭാവിയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ആ കൂട്ടായ്മയ്ക്ക് കഴിയും. സന്ദിഗ്ദ്ധഘട്ടങ്ങളില്‍ 2018-ന്റെ ഓര്‍മ്മ നിത്യ പ്രചോദനമായി അതിജീവനത്തിന്റെ പുതിയ ശക്തി പകരുകയും ചെയ്യും.'' 

അതേ, മലയാളിക്ക് അതിജീവനത്തിന്റെ അഭിമാനകരമായ ഓര്‍മ്മയാണ് 2018.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com