'കാലം എഴുതുന്ന വരികള്‍ എന്താണാവോ? ഏടുകളോരോന്നും വായിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു'

2019 പിറന്ന്, പുതുവര്‍ഷാഘോഷത്തിന്റെ ആലസ്യം മാറും മുന്‍പേ, ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തി എന്ന വാര്‍ത്ത പുറത്തുവന്നു. മുഖ്യമന്ത്രി അത് സ്ഥിരീകരിച്ചു
'കാലം എഴുതുന്ന വരികള്‍ എന്താണാവോ? ഏടുകളോരോന്നും വായിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു'

2019 പിറന്ന്, പുതുവര്‍ഷാഘോഷത്തിന്റെ ആലസ്യം മാറും മുന്‍പേ, ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തി എന്ന വാര്‍ത്ത പുറത്തുവന്നു. മുഖ്യമന്ത്രി അത് സ്ഥിരീകരിച്ചു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യുവതീപ്രവേശനം ഉറപ്പാക്കാന്‍ സര്‍ക്കാരും പൊലീസും ഒരു വശത്തും തടയാന്‍ സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍ മറുവശത്തും അണിനിരന്നപ്പോള്‍ 'നവോത്ഥാനം vs ആചാരസംരക്ഷണം' എന്ന യുദ്ധഭൂമിയായി ശബരിമല മാറിയിരുന്നു. 'അഭിമാനപോരാട്ട'ത്തില്‍ നവോത്ഥാന പക്ഷത്തിന്റെ വിജയമുഹൂര്‍ത്തമായിരുന്നു പുതുവര്‍ഷത്തിലെ സംഭവം. പോരാട്ടം മുറുകി ശബരിമലയിലെ അന്തരീക്ഷം ഭക്തജനങ്ങള്‍ക്കു ബുദ്ധിമുട്ടായപ്പോള്‍ കേരളാ ഹൈക്കോടതി നിയമിച്ച മൂന്നംഗ നിരീക്ഷണസമിതിയില്‍ ഞാനും അംഗമായിരുന്നു. ഹൈക്കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് സിരിജഗന്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍. അപ്രതീക്ഷിതമായിരുന്നു ശബരിമലയിലെ എന്റെ പുതിയ ചുമതല. കോടതി ഉത്തരവില്‍ സമിതിക്കു ചില അധികാരങ്ങളും നല്‍കിയിരുന്നു. പൊലീസ്, ശബരിമലയില്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന അമിതാധികാര പ്രയോഗം നടത്തുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു കോടതി ഇടപെടല്‍. അതിക്രമം ഏതു ഭാഗത്തുനിന്ന് ഉണ്ടായാലും അത് തടയാനുള്ള ഉത്തരവിടാന്‍ നിരീക്ഷണസമിതിയെ കോടതി അധികാരപ്പെടുത്തി. സര്‍ക്കാരും പൊലീസും ഇതിനെ അനുകൂലിച്ചില്ല. ആചാര സംരക്ഷണത്തിലൂന്നിയവര്‍ കോടതി ഉത്തരവില്‍ ആശ്വാസം കണ്ടു.

ചില മാധ്യമങ്ങള്‍  ശബരിമലയില്‍ സംസ്ഥാന പൊലീസ് മേധാവിക്കും സര്‍ക്കാരിനും മുകളില്‍ ഒരു 'സൂപ്പര്‍ ഡി.ജി.പി' ആയി ഞാനായിരിക്കും തീരുമാനമെടുക്കുക എന്ന് പ്രചരിപ്പിച്ചു. ക്രമസമാധാനം ഉറപ്പാക്കാനുള്ള പൊലീസിന്റെ ഉത്തരവാദിത്വം കോടതി അവഗണിച്ചിരുന്നില്ല. ഭക്തജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ മൂന്നംഗ സമിതിയിലൂടെ പൊലീസ് നടപടികളെ, വേണ്ടിവന്നാല്‍ തിരുത്തുവാനുള്ള ചുമതലയാണ് കോടതി വിഭാവനം ചെയ്തിരുന്നത്. 'സൂപ്പര്‍ ഡി.ജി.പി' എന്ന തെറ്റിദ്ധാരണ ഒഴിവാക്കാനും ശബരിമലയില്‍ പൊലീസിനെതിരെ ആക്ഷേപമുണ്ടായ സാഹചര്യം മനസ്സിലാക്കാനും ഞാനാദ്യം സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയെ കണ്ടു. സുപ്രീംകോടതി വിധിയിലൂന്നി  യുവതികള്‍ക്ക്, പ്രത്യേക പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍, കോടതി അലക്ഷ്യമാകും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലക്ഷക്കണക്കിനാളുകള്‍ ദിനംപ്രതി വരുന്ന ശബരിമലയില്‍, പൊതുസുരക്ഷയ്ക്ക് വിപുലമായ പൊലീസ് സംവിധാനം അവിടെയുണ്ട്. അതിനാല്‍  ഏതെങ്കിലും വ്യക്തിക്ക് പ്രത്യേക സുരക്ഷ നല്‍കിയില്ലെങ്കില്‍  കോടതി അലക്ഷ്യമാകില്ല എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. ഞങ്ങള്‍ വിയോജിച്ചു. 

നിരീക്ഷണസമിതി ശബരിമലയിലെത്തിയപ്പോള്‍ സന്നിധാനത്ത്  കണ്ട കാഴ്ച അപ്രതീക്ഷിതമായിരുന്നു. പണ്ടൊക്കെ സന്നിധാനം ഭക്തരുടെ സാമ്രാജ്യമാണ്; നാനാഭാഗത്തു നിന്നും വരുന്ന അയ്യപ്പന്മാര്‍ ഭക്തിലഹരിയില്‍ ചെറുസംഘങ്ങളായി വ്യത്യസ്ത ശൈലികളിലുള്ള ശരണം വിളികളും അയ്യപ്പന്‍ പാട്ടും മേളവും കര്‍പ്പൂരം കത്തിക്കലും ഒക്കെയായി സ്വതന്ത്രവിഹാരം നടത്തുന്ന ഭക്തരുടെ ലോകം. പൊലീസും ദേവസ്വം ജീവനക്കാരും എല്ലാം അവിടെ അയ്യപ്പന്മാരുടെ സേവകരാണ്; ഭക്തിലഹരിയില്‍ എല്ലാം മറക്കുന്ന അയ്യപ്പന്മാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന സേവകര്‍. ഇപ്പോള്‍ സന്നിധാനം പൊലീസിന്റെ സാമ്രാജ്യം ആയി മാറിയിരുന്നു; എങ്ങും പൊലീസ് ബാരിക്കേഡുകള്‍; ഷൂസും ബെല്‍റ്റും ഒഴിവാക്കിയിരുന്ന പഴയ പൊലീസിനു പകരം ഒളിപ്പോരാളികളെ നേരിടാനെന്നപോലെ ചില വേഷപ്പകര്‍ച്ചകള്‍; ഭക്തര്‍ക്ക് എങ്ങും നിരോധിത മേഖലകള്‍. യുവതീപ്രവേശനത്തോടുള്ള പ്രതിഷേധം ശബരിമലയില്‍ പൊലീസിനു ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു എന്നത് വസ്തുതയാണ്. ജനകീയ പ്രതിഷേധം നേരിടാന്‍ കേരളാപൊലീസിനെപ്പോലെ അനുഭവപരിചയം ലോകത്ത് ഏതു സേനയ്ക്കാണ് ഉള്ളത്? പ്രതിഷേധക്കാരെ, പൊലീസ് നേരിട്ട രീതി വിശ്വാസികളെ ഫലത്തില്‍ പൊലീസില്‍നിന്ന് അകറ്റുന്നതായി. ഒറ്റ ഉദാഹരണം പറയാം. പരമ്പരാഗത ഭക്തര്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചിരുന്നുള്ളു. എന്നാല്‍ തമിഴ്നാട്ടില്‍നിന്നും വന്ന 'മനീതി സംഘാംഗങ്ങ'ളായ യുവതികള്‍ക്ക് നിലയ്ക്കലിനപ്പുറവും സ്വകാര്യ വാഹനങ്ങള്‍ പൊലീസ് അനുവദിച്ചു. പൊലീസിന്റെ ഈ വി.ഐ.പി  പരിഗണനയ്ക്ക് കാരണമെന്തായാലും അത് പരമ്പരാഗത അയ്യപ്പഭക്തരെ കൂടുതല്‍ പ്രകോപിപ്പിച്ചു. യുവതീപ്രവേശനത്തെ തടയാനിടയുള്ളവരെ കണ്ടെത്താനുള്ള പൊലീസ് നടപടികളും നിയന്ത്രണങ്ങളും ആക്ഷേപത്തിനു ഇടനല്‍കി. ഒരു ഹൈക്കോടതി ജഡ്ജിയുള്‍പ്പെടെ ഇതിനിരയായി. 

അതിരുകടന്ന നിയന്ത്രണങ്ങളോടും പൊലീസ് ഇടപെടലുകളോടും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിര്‍പ്പായിരുന്നു. പലരും നേരിട്ട് എന്നോടത് പറഞ്ഞു. ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയ പരിധികടന്ന നിയന്ത്രണങ്ങള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി നീക്കം ചെയ്യാനാണ് ഞാനാദ്യം ശ്രമിച്ചത്. ഓരോ മുടന്തന്‍ ന്യായം പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍, നിരീക്ഷണസമിതി കര്‍ശനമായ ഇടപെടലിലൂടെ പല നിയന്ത്രണങ്ങളും ക്രമേണ നീക്കി.

ട്രാന്‍സ്‌ജെന്‍ഡറുകളും ശബരിമലയും

ശബരിമല ദര്‍ശനത്തിനു പോയ ഏതാനും ട്രാന്‍സ്‌ജെന്‍ഡറുകളെ ഏരുമേലിയില്‍ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവര്‍ തിരുവനന്തപുരത്തു വന്ന് എനിക്കൊരു നിവേദനം തന്നു. പിന്നീടവര്‍ അയ്യപ്പദര്‍ശനം നടത്തി. ട്രാന്‍സ്‌ജെന്‍ഡറുകളുമായി സംസാരിച്ചതില്‍ എരുമേലി പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലാണ് അവരെ മാനസികമായി വ്രണപ്പെടുത്തിയതെന്നു വ്യക്തമായി. പൊലീസിന് ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു. ''നീ ആണോ പെണ്ണോ?'' ''ഞാന്‍ ട്രാന്‍സ്ജെന്‍ഡര്‍'' എന്ന ഉത്തരം പൊലീസിനു സ്വീകാര്യമല്ല. എരുമേലി പൊലീസിന്റെ വിജ്ഞാനകോശത്തില്‍ ആണും പെണ്ണും അല്ലാതെ മറ്റൊരു ലിംഗാവസ്ഥയ്ക്ക് സ്ഥാനമില്ലായിരുന്നു. ഏതാണ്ട് എരുമേലി പൊലീസിന്റെ അതേ വീക്ഷണമുള്ള പൊതുസമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡറുകളുടെ ജീവിതം അത്രയ്ക്ക് ദുസ്സഹമാണെന്നു നേരത്തേ എന്റെ ഉള്ളില്‍ പതിഞ്ഞിരുന്നില്ല. 

ശബരിമലവിധിയോട് കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരു സമീപനം സ്വീകരിച്ചത് അധികാരം എന്ന പരമമായ പ്രലോഭനത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടലും കിഴിക്കലും നടത്തിയാണ്. അതനുസരിച്ച് ഭാഷ്യം ചമയ്ക്കാനും ചരിത്രത്തെ വ്യാഖ്യാനിക്കാനും കുറെ ബുദ്ധിജീവികളും തത്ത്വജ്ഞാനികളും കൂടി കളംപിടിച്ചു. അതിനിടയില്‍ ലിംഗസമത്വക്കാരും നിറഞ്ഞാടിയപ്പോള്‍ യഥാര്‍ത്ഥ വിശ്വാസികളുടെ മനസ്സ് വേദനിച്ചു. ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വിശ്വാസം ഒരു വൈകാരിക യാഥാര്‍ത്ഥ്യമാണ്. ജീവിതഭാരം അസഹ്യമാകുന്ന മനുഷ്യന്‍ അതിറക്കിവെയ്ക്കുന്ന മനസ്സിന്റെ ചുമടുതാങ്ങിയാണ് വിശ്വാസം. 

എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയില്‍ പൊലീസിന് അടിതെറ്റി. ഒന്നോ രണ്ടോ പേരെ ഒളിച്ചുകടത്തിയാല്‍ നടപ്പാകുന്നതാണോ സുപ്രീംകോടതി വിധിയും ലിംഗസമത്വവും? ജനാധിപത്യത്തില്‍ നിയമപാലനത്തിന്റെ അന്തസ്സുള്ള വഴി സ്വീകരിക്കുന്നതിനു പകരം കുറുക്കുവഴി തേടുന്ന കുരുട്ടുബുദ്ധിക്കു സ്ഥാനമില്ല. നിയമപാലനത്തെക്കുറിച്ചും അധികാര പ്രയോഗത്തെക്കുറിച്ചുമുള്ള അടിസ്ഥാന കാഴ്ചപ്പാടിന്റെ പ്രശ്‌നമാണിത്. യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ചവരെ ൃലഹശഴശീൗ െളമിമശേര െ(മതഭ്രാന്തന്മാര്‍) എന്നാണ് ഹൈക്കോടതിയില്‍ പൊലീസിനുവേണ്ടി ഫയല്‍ ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. കാഴ്ചപ്പാട്  തെറ്റുമ്പോള്‍, യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന  വിശ്വാസി മതഭ്രാന്തനാകും; ഹൈക്കോടതി ജഡ്ജി സുരക്ഷാഭീഷണിയാകും; വിരമിച്ച രണ്ട് ഹൈക്കോടതി ജഡ്ജിമാരും, ഞാനും അടങ്ങുന്ന സമിതി പൊലീസിന്റെ ക്രമസമധാനപാലനത്തിനു ഭീഷണിയാകും. 

നിരീക്ഷണസമിതി അംഗമെന്ന നിലയില്‍ ആദ്യത്തെ ശബരിമല സന്ദര്‍ശനത്തിനു ശേഷം ഞാന്‍ മുഖ്യമന്ത്രിയെ കണ്ടു. ശബരിമലയില്‍, പ്രത്യേകിച്ച് സന്നിധാനത്തില്‍, പൊലീസിന്റെ ചില നടപടികള്‍ തെറ്റാണ് എന്ന എന്റെ കാഴ്ചപ്പാട് പറഞ്ഞു. അക്ഷമ പ്രകടമാക്കാതെ അദ്ദേഹമത് കേട്ടു. പൊലീസ് മേധാവികളും രഹസ്യാന്വേഷണ വിഭാഗങ്ങളും ഉപദേശകരുമടങ്ങുന്ന ഔദ്യോഗിക പൊലീസ് സംവിധാനത്തില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ച വിവരങ്ങള്‍ വ്യത്യസ്തമായിരുന്നിരിക്കാം; ഞാനതിനു പുറത്തായിരുന്നല്ലോ. മലയിറങ്ങും മുന്‍പ് ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. സമിതി അംഗമായിരിക്കുമ്പോള്‍, പലേടത്തുവച്ചും സാധാരണക്കാര്‍, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ സവിശേഷമായ പരിഗണന എനിക്കു നല്‍കുന്നതായി അനുഭവപ്പെട്ടു. അതെന്നെയും സ്പര്‍ശിച്ചു എന്നുതന്നെ പറയണം. ശബരിമലയുമായി ബന്ധപ്പെട്ട അവരുടെ  ഉല്‍ക്കണ്ഠകള്‍ക്കുള്ള ആശ്വാസം എന്നിലൂടെ ഉണ്ടാകും എന്നവര്‍ കരുതിയിരിക്കാം. ഏതായാലും സൂപ്പര്‍ ഡി.ജി.പിയൊന്നുമാകാതെ, പൊലീസിന്റെ അതിരുകടന്ന അധികാര പ്രയോഗത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ സമിതിക്കു കഴിഞ്ഞു എന്നുമാത്രം പറയട്ടെ.

2019 അവസാനിക്കുമ്പോഴേക്കും കൊവിഡ് 19 എന്ന് പിന്നീട് ലോകാരോഗ്യസംഘടന പേരിട്ട പുതിയ ഭീഷണിയുടെ വിവരം ചൈനയിലെ വുഹാനില്‍നിന്നു മെല്ലെ പുറത്ത് വരാന്‍ തുടങ്ങി. ഇന്ത്യയിലെ ആദ്യ കൊവിഡ് കേരളത്തിലെത്തിയത് 2020 ജനുവരിയിലായിരുന്നു. അതിനു മുന്‍പെ കൊവിഡ് വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. പുതിയ പ്രതിഭാസത്തെക്കുറിച്ച് ലോകത്തിന്റെ എല്ലാ കോണുകളില്‍നിന്നുമുള്ള വാര്‍ത്തകളും ഞാന്‍  ശ്രദ്ധിച്ചിരുന്നു. അഗ്‌നിരക്ഷാസേനയ്ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടെന്നു വിദൂരമായിപ്പോലും ആദ്യം ചിന്തിച്ചില്ല . അവിചാരിതമായാണ് ചൈനയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഫയര്‍ഫോഴ്‌സിന്റെ വിവരം ശ്രദ്ധയില്‍പ്പെട്ടത്. അതില്‍ നിന്നാണ് നമ്മുടെ അഗ്‌നിരക്ഷാസേനയും അതിലേയ്ക്കിറങ്ങിയത്. 

വൈറസ് ഭീഷണി നേരിടുന്നതിനു പൊതുജനാരോഗ്യവുമായി  ബന്ധപ്പെട്ടവരുടെ സംസ്ഥാനതല അവലോകനം മുഖ്യമന്ത്രി എല്ലാ ദിവസവും തുടങ്ങിയിരുന്നു. ഒരു ദിവസം മുഖ്യമന്ത്രി എന്നെ ഓഫീസില്‍ വിളിപ്പിച്ച് ദൈനംദിന അവലോകനങ്ങളില്‍ എന്നോടും പങ്കെടുക്കണമെന്ന് പറഞ്ഞു. ''നമുക്ക് പ്രളയം നേരിട്ടതുപോലെ ഇതും നേരിടണം'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതൊരു നല്ല സന്ദേശമായിരുന്നു. ഭരണസംവിധാനം ഒരുമയോടെ പ്രളയം നേരിട്ട അനുഭവം വിലപ്പെട്ടതായിരുന്നു. കേരളത്തില്‍ കൊവിഡ് വ്യാപനഭീഷണി വര്‍ദ്ധിച്ചതോടെ അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങളുപയോഗിച്ചുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് 124 ഫയര്‍ സ്റ്റേഷനുകളിലും ക്രമേണ സജീവമായി. കൊവിഡ് രോഗ ബാധിതരെ ചികിത്സിച്ചിരുന്ന ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍, തെരുവുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം അണുനശീകരണം നടത്തി. കൊവിഡിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരളാ സിവില്‍ ഡിഫന്‍സിന്റെ അംഗങ്ങളും ഹോം ഗാര്‍ഡുകളും ഓരോ ഫയര്‍ സ്റ്റേഷനു കീഴിലും ഉണ്ടായിരുന്നു. അവരുടെ സേവനവും കൊവിഡ് പ്രതിരോധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതില്‍ ഹോം ഗാര്‍ഡുകള്‍ മികച്ച സംഭാവന നല്‍കി. രാജ്യത്ത് പലേടത്തും ജോലി ചെയ്തിട്ടുള്ള അവര്‍ ബഹുഭാഷാജ്ഞാനം ഉള്ളവരാണല്ലോ.  

കൊവിഡ് ക്രമമായി വര്‍ദ്ധിച്ചുതുടങ്ങിയ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ വന്നു. അതോടെ കഥമാറി. ജനജീവിതം നിശ്ചലമായപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ കിറ്റ് വിതരണം, കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയ ആശ്വാസനടപടികള്‍ ആരംഭിച്ചു. അഗ്‌നിരക്ഷാസേനയുടെ മുഴുവന്‍ വിഭവശേഷിയും സമൂഹത്തിനു ഗുണകരമായി പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി ഞങ്ങള്‍ പരിശോധിച്ചു. ആധുനികവല്‍ക്കരണത്തിലൂടെ ആയിടെ മാത്രം പ്രവര്‍ത്തനക്ഷമമായ  വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ജില്ലാതല ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രയോജനപ്പെട്ടു. 

അന്ന് നൂറില്‍പരം ആംബുലന്‍സുകള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. മലമ്പ്രദേശങ്ങള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍, ആദിവാസി മേഖലകള്‍ തുടങ്ങി സര്‍ക്കാര്‍ സേവനങ്ങളെത്താന്‍ താരതമ്യേന ബുദ്ധിമുട്ട് കൂടുതലായ സ്ഥലങ്ങളുണ്ട്. അവിടെ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്ക് അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സുകള്‍ ആദ്യം ലഭ്യമാക്കി. തുടര്‍ന്ന്   കാന്‍സര്‍ രോഗികള്‍, ഡയാലിസിസ്സിനു പോകേണ്ടവര്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ക്കും അത് ഉപകരിച്ചു. 

എനിക്കു സന്തോഷം തോന്നിയ കാര്യം തൊഴില്‍നഷ്ടം കൊണ്ടും ഒറ്റപ്പെടല്‍ കൊണ്ടും പൊറുതിമുട്ടിയ ജനങ്ങള്‍ക്കു സാധ്യമായ എന്തു സഹായവും ചെയ്യാന്‍ അഗ്‌നിരക്ഷാസേനയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ മുന്നോട്ട് വന്നതാണ്. നാട്ടുകാര്‍ക്ക് എന്തിനും വിളിക്കാവുന്ന നമ്പര്‍ ആയി മാറി 101. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പ്രായാധിക്യമുള്ള അമ്മയും മുംബൈയില്‍നിന്നും താല്‍ക്കാലികമായി വന്ന മകളും മാത്രമുള്ള വീട്ടില്‍ വെളുപ്പിന് അമ്മയ്ക്ക് അസ്വാസ്ഥ്യമുണ്ടായപ്പോള്‍ സഹായത്തിന് 101 വിളിച്ചു. ചെങ്കല്‍ചൂള ഫയര്‍‌സ്റ്റേഷനിലെ ആംബുലന്‍സും ജീവനക്കാരും എത്തി അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് ആ മുതിര്‍ന്ന വനിത മരണപ്പെട്ടു. അമ്മയുടെ മൃതദേഹവുമായി മകള്‍ ഒറ്റയ്ക്ക്. അവരുടെ ഏക സഹോദരന്‍ എറണാകുളത്തായിരുന്നു. ലോക്ക്ഡൗണില്‍ സഹായിക്കന്‍ ആരുമില്ലാത്ത ഘട്ടത്തില്‍ ശാന്തികവാടത്തില്‍ ശവസംസ്‌കാരത്തിനുള്ള ഏര്‍പ്പാടുകളുള്‍പ്പെടെ എല്ലാം ചെയ്തതും അഗ്‌നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍. അന്തിമോപചാരത്തിലും മകളോടൊപ്പം പങ്കെടുത്തത് രക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ മാത്രം. 

ഹൈക്കോടതി നിരീക്ഷണ സമിതിയിൽ അം​ഗമായിരുന്നപ്പോൾ ശബരിമല സന്ദർശിക്കുന്നു
ഹൈക്കോടതി നിരീക്ഷണ സമിതിയിൽ അം​ഗമായിരുന്നപ്പോൾ ശബരിമല സന്ദർശിക്കുന്നു

ക്വാറന്റൈന്‍ ശിക്ഷയായപ്പോള്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സംസ്ഥാനതല അവലോകനയോഗം ഫലപ്രദമായിരുന്നു. ഒരു ചെറിയ സംഭവം സൂചിപ്പിക്കട്ടെ. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തികടന്ന് കേരളത്തിലേയ്ക്ക് വരുന്നവരുടെ ക്വാറന്റൈന്‍ ആയിരുന്നു വിഷയം. അറിയിപ്പും രേഖകളും ഒന്നും ഇല്ലാതെ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലം ഇരട്ടിയാക്കും എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. അതില്‍ ഒരു അപാകം എനിക്കു തോന്നി. ക്വാറന്റൈന്‍ എന്നത് ഒരു പൊതുജനാരോഗ്യ സംരക്ഷണ ഉപാധിയാണെന്നും അതൊരു ശിക്ഷ ആക്കുന്നത് നിയമപ്രശ്നമായേക്കും എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്തിരുന്ന ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ തീരുമാനത്തെ ന്യായീകരിച്ച് അല്പം രൂക്ഷതയോടെ മറുപടി പറഞ്ഞു . ഞാന്‍ നിശബ്ദത പാലിച്ചു. ഏതാനും ദിവസം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ അവലോകനത്തിനു ശേഷം ആരോഗ്യമന്ത്രി എന്റെ അടുത്ത് വന്ന് പഴയ ക്വാറന്റൈന്‍ വിഷയം സംസാരിച്ചു. അന്ന്, ഞാന്‍ പറഞ്ഞതായിരുന്നു ശരിയെന്ന് ആരോഗ്യവകുപ്പില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തപ്പോള്‍ മനസ്സിലായി എന്നു വ്യക്തമാക്കി. എനിക്കു വലിയ ആദരവ് തോന്നി. അധികാര സ്ഥാനങ്ങളില്‍ വിശാലമനസ്‌കത പൊതുവേ കുറവാണല്ലോ.   

ബുദ്ധിമുട്ടിലായ മനുഷ്യര്‍ക്ക് ഏറ്റവും പ്രയോജനകരമായ ഒരിടപെടലായിരുന്നു ജീവന്‍രക്ഷാ മരുന്ന് വിതരണം. പതിനായിരക്കണക്കിനു വീടുകളില്‍ അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ മരുന്നുമായെത്തിയിട്ടുണ്ട്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. പിന്നീട് അത് കേരളത്തിലുടനീളം വ്യാപിച്ചു. ആധുനിക വല്‍ക്കരണത്തില്‍ പുതുതായി ലഭിച്ച മോട്ടോര്‍സൈക്കിളുകളില്‍ അഗ്‌നിരക്ഷാസേനയിലെ ജീവനക്കാര്‍ ഉള്‍പ്രദേശങ്ങളില്‍പ്പോലും മരുന്നു വിതരണം നടത്തി. 

ഞങ്ങളുടെ ഉദ്യോഗസ്ഥരെ വല്ലാതെ സ്പര്‍ശിച്ച എത്രയോ അനുഭവങ്ങളുണ്ടായി. മുഴുവന്‍ മരുന്ന് വാങ്ങാന്‍ പണമില്ലാഞ്ഞ് വേദന സംഹാരിമാത്രം വാങ്ങിയിരുന്ന കാന്‍സര്‍ രോഗിയായ ഒരു വീട്ടമ്മയുടെ കാര്യം കേട്ടതോര്‍ക്കുന്നു. ചേര്‍ത്തലയ്ക്കടുത്ത് ഒരു വീട്ടില്‍ മരുന്നുമായി ചെന്ന ഉദ്യോഗസ്ഥനു വിലയായ 250 രൂപ നല്‍കിയത് മിക്കവാറും നാണയത്തുട്ടുകളായിരുന്നു; പണമില്ലാതെ അവസാനം കുട്ടിയുടെ കുടുക്ക പൊട്ടിച്ചെടുത്ത ശേഖരം. ഇങ്ങനെ ഞാനറിഞ്ഞതും അറിയാത്തതുമായ എത്രയോ സംഭവങ്ങള്‍. മരുന്നുമായി ചെന്നപ്പോള്‍ കൂരയുടെ ദുരവസ്ഥ കണ്ട്, മെച്ചപ്പെട്ട പുര കെട്ടിക്കൊടുത്ത സംഭവങ്ങള്‍ കൊല്ലത്തും പാലക്കാടും ഉണ്ടായി. തൃശൂരില്‍ അര്‍ഹതപ്പെട്ട ഒരു കുടുംബത്തിനു വീടുവെച്ച് നല്‍കണമെന്നു ജീവനക്കാര്‍ ആലോചിച്ചപ്പോള്‍ അതിനുള്ള സ്ഥലം അവര്‍ക്കില്ലായിരുന്നു. അവിടുത്തെ സ്റ്റേഷന്‍ ഓഫീസര്‍ ലാസര്‍, സ്വന്തം ഭൂമിയില്‍ നിന്നും 3 സെന്റ് ദാനമായി നല്‍കി. അതില്‍ ജീവനക്കാര്‍ വീടുവെച്ചു നല്‍കി. തങ്ങളുടെ കടമകള്‍ക്കപ്പുറം രക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ സ്വന്തമായോ കൂട്ടായോ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച എത്രയോ സംഭവങ്ങള്‍. 

അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ആനുകൂല്യത്തിന് അര്‍ഹതയുള്ളതാണ് എന്നെഴുതി. അതിനുശേഷം സമൂഹത്തിന്റെ പൊതു അവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് അങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നില്ല എന്നും പറഞ്ഞു. സര്‍വ്വീസ് സംഘടനകളോടൊന്നും ആലോചിക്കാതെയാണ് ചെയ്തതെങ്കിലും അവരെല്ലാം എന്റെ നിലപാടിനെ പൂര്‍ണ്ണമായി പിന്താങ്ങി. അതായിരുന്നു അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ ഉണ്ടായ മാറ്റം. 

'പാവം സേന' എന്ന് പണ്ടൊരു മേധാവി പരിതപിച്ച അഗ്‌നിരക്ഷാസേന പാവം മനുഷ്യരുടെ രക്ഷാസേനയായി മാറിയത് കൊവിഡ് കാലത്താണ്. അത്തരമൊരു സേനയുടെ തലപ്പത്തുനിന്നു വിരമിക്കാന്‍ എനിക്കവസരം തന്ന ജീവനക്കാരോടുള്ള സ്‌നേഹവും കടപ്പാടും വലുതാണ്. പ്രളയകാലത്തും കൊവിഡുകാലത്തും എന്റെ വലംകൈ ആയി പ്രവര്‍ത്തിച്ച ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദും ഞാനും ഒരുമിച്ചാണ് വിരമിച്ചത്. യാത്ര അയയ്ക്കലിന്റെ വേളയില്‍ ഞാനനുഭവിച്ച സ്‌നേഹത്തിന്റെ ഊഷ്മളത ഹൃദയം തുടിക്കുന്ന കാലം മുഴുവന്‍ ഒപ്പമുണ്ടാകും എന്നുമാത്രം പറയട്ടെ. 
ദീര്‍ഘകാലം എന്നെ സഹിച്ച പ്രിയപ്പെട്ട വായനക്കാരാ, വിടപറയും മുന്‍പെ ഏതാനും വരികള്‍ കൂടി കുറിക്കട്ടെ.

അടിയന്തരാവസ്ഥയുടെ നാല്‍പത്തഞ്ചാം വാര്‍ഷികം ഓര്‍മ്മിപ്പിച്ച് ഇന്ദിരാഗാന്ധിയുടെ ചിത്രവുമായി പുറത്തുവന്ന വാരികയിലാണ് 'മനസ്സില്‍ ശേഷിച്ചതി'ന്റെ തുടക്കം.  അധികാരം അപകടകാരിയായ ആയുധമാണെന്ന അവബോധം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. അപകടം പിടിച്ച ആ ആയുധം കൈയില്‍ വന്നു എന്ന് അമ്പരപ്പോടെ ഞാന്‍ തിരിച്ചറിഞ്ഞത് പരിശീലനകാലത്ത് വടകര പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുമ്പോഴാണ്. 

അധികാരത്തിന്റെ ശരിയായ പ്രയോഗമായിരുന്നു പൊലീസ് ജീവിതത്തിന്റെ വെല്ലുവിളി. മറ്റ്  ശക്തികളുമായുള്ള സംഘര്‍ഷം ഓരോ ചുവടുവയ്പിലും ഉണ്ട്. അതില്‍ പ്രധാനമാണ് രാഷ്ട്രീയം. നിയമം പൊലീസ് ഉദ്യോഗസ്ഥനെ ഏല്പിക്കുന്ന അധികാരത്തെ തെറ്റായി സ്വാധീനിക്കാന്‍ രാഷ്ട്രീയം  ശ്രമിച്ചേക്കും. അതിനു കൂട്ടുനില്‍ക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടാകാം. ഈ സംഘര്‍ഷം വടകര പൊലീസ് സ്റ്റേഷനില്‍ തുടങ്ങിയത് സര്‍വ്വീസിന്റെ അവസാനം വരെ നീണ്ടു. കൊലപാതകക്കേസുകളില്‍ പോലും കുറ്റവാളിയെ രക്ഷിക്കാനും നിരപരാധിയെ പ്രതിയാക്കാനുമുള്ള സമ്മര്‍ദ്ദം രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് എന്റെ മേല്‍ ചെലുത്തിയിട്ടുണ്ട്.  തെറ്റു് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യാനും മറിച്ചും ഉള്ള സമ്മര്‍ദ്ദങ്ങളുമുണ്ടായിട്ടുണ്ട്. അതൊക്കെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യം. അധികാരം എന്ന ആയുധം തിരികെ ഏല്പിക്കുമ്പോള്‍ ആര്‍ക്കെങ്കിലും എതിരെ ഒരു പെറ്റിക്കേസ് പോലും തെറ്റായി ചാര്‍ജ്ജുചെയ്യാന്‍ നിര്‍ബ്ബന്ധിച്ചതായി ഒരു സഹപ്രവര്‍ത്തകനും സ്വകാര്യമായി പോലും പറയില്ല എന്ന തോന്നല്‍, അല്ല ബോദ്ധ്യം ഉള്ളിലുണ്ട്.

അധികാരം നേരാംവണ്ണം ഉപയോഗിച്ചാല്‍ അത് മനുഷ്യനും സമൂഹത്തിനും നല്‍കുന്ന പ്രയോജനം എത്ര വലുതാണ്? ഏണിപ്പടികള്‍ കയറുമ്പോഴും നിസ്സഹായനായ മനുഷ്യനു വേണ്ടി നിയമം നല്‍കുന്ന അധികാരം, അല്ല ഉത്തരവാദിത്വം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍നിന്നും പിന്തിരിഞ്ഞു നിന്നിട്ടില്ല. ''മിസ്റ്റര്‍ ഹേമചന്ദ്രന്‍ ഇതില്‍ എന്തിന് ഇടപെടുന്നു?'' എന്ന ചോദ്യം വിരുദ്ധ ധ്രുവങ്ങളിലുള്ള മന്ത്രിമാരില്‍നിന്നു ഞാന്‍ കേട്ടിട്ടുണ്ട്. ആരും തെറ്റിദ്ധരിക്കണ്ട; വലിയ ധൈര്യമൊന്നും എനിക്കില്ല. കുട്ടിക്കാലത്ത്, സമപ്രായക്കാരെ അപേക്ഷിച്ച് ഞാന്‍ ഭീരുവായിരുന്നു. നിയമപരമായി അധികാരവും ചുമതലയുമുള്ള ഒരു കസേരയില്‍ ഇരിക്കുകയും നീതി നിഷേധിക്കപ്പട്ട ഒരു മനുഷ്യന്‍ മുന്നില്‍ വരികയും ചെയ്യുമ്പോള്‍ 'ആ നേതാവ് സമ്മതിക്കുന്നില്ല', അല്ലെങ്കില്‍ 'ഈ ഉദ്യോഗസ്ഥന്‍ കോപിക്കും' എന്നൊക്കെ പറഞ്ഞ് മാറിനില്‍ക്കാന്‍  മനസ്സ് വന്നില്ല എന്നേയുള്ളു. സര്‍വ്വീസില്‍ കുറെ നല്ല അവസരങ്ങള്‍ ലഭിച്ചുവെന്നും ചിലതൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെന്നും ഉള്ള തോന്നല്‍ എനിക്കുണ്ട്. അത് സാദ്ധ്യമായത് കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ, ഉദ്യോഗസ്ഥ പശ്ചാത്തലം സഹായകമായതുകൊണ്ടാണ്. സഹപ്രവര്‍ത്തകരില്‍നിന്നും ജനങ്ങളില്‍നിന്നും ലഭിച്ച പിന്തുണ വലുതാണ്. അറിയുന്നതും അറിയാത്തതുമായ ധാരാളം ആളുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്. 
പിന്നാലെ വരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഒന്ന് പറഞ്ഞുകൊള്ളട്ടെ. ഏണിപ്പടികള്‍ കയറി മുന്നേറുമ്പോള്‍ പൊലീസ് സേവനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ മറക്കാതിരിക്കുക. അധികാരവും സ്ഥാനമാനങ്ങളും ഇല്ലാതാകുമ്പോള്‍ ജീവിതത്തില്‍ എന്ത് മൂല്യങ്ങളാണ് നിങ്ങളെ നയിച്ചത് എന്ന ചോദ്യം ഉള്ളിലുയരാം. ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്കു മാത്രമേ ബാധ്യതയുള്ളൂ. 

'കാവ്യപുസ്തകമല്ലോ ജീവിതം' എന്ന് തുടങ്ങുന്ന സിനിമാഗാനം മനോഹരമാണ്. കണക്കെഴുതാന്‍ ഏടുകളില്ലാത്ത കാവ്യപുസ്തകമാണ് ജീവിതം  എന്ന പ്രിയകവി  പി. ഭാസ്‌കരന്റെ സങ്കല്പം എനിക്കിഷ്ടമാണ്. ആ പുസ്തകത്തില്‍, വായിച്ച വരികള്‍ ഞാനാസ്വദിച്ചിട്ടുണ്ട്. കാലം ഇനി എഴുതുന്ന വരികള്‍ എന്താണാവോ? അറിയില്ല. എന്തായാലും, ഏടുകളോരോന്നും വായിക്കാനായി ഞാന്‍ കാത്തിരിക്കുന്നു; പണ്ടത്തെ സ്‌കൂള്‍ കുട്ടിയുടെ കൗതുകത്തോടെ.

(അവസാനിച്ചു)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com