ഹിന്ദുത്വയെ നേരിടാനുള്ള പ്രാപ്തി ഈ യാത്രയിലൂടെ കൈവന്നിട്ടുണ്ടോ? 

തെരഞ്ഞെടുപ്പിലെ വിജയമല്ല ലക്ഷ്യമെന്നും മറിച്ച് രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹവും ഒരുമയുമാണ് തന്റെ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്
ഹിന്ദുത്വയെ നേരിടാനുള്ള പ്രാപ്തി ഈ യാത്രയിലൂടെ കൈവന്നിട്ടുണ്ടോ? 

ന്ത്യന്‍ രാഷ്ട്രീയത്തില്‍ പദയാത്രകള്‍ക്കു നിര്‍ണ്ണായക പങ്കാണുള്ളത്. ഇതില്‍ പലതും അധികാരവിജയവും രാഷ്ട്രീയവിജയവും നേടിയിട്ടുമുണ്ട്. സ്വാതന്ത്ര്യസമരത്തിലേക്ക് ഇന്ത്യ നടന്നെത്തിയ ചരിത്രവഴിയിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായമായ ദണ്ഡിയാത്ര മുതല്‍ അദ്വാനിയുടെ രഥയാത്രവരെ ഈ ഗണത്തില്‍പ്പെടുന്നു. സബര്‍മതിയില്‍നിന്നു ദക്ഷിണ ഗുജറാത്തിലെ കടല്‍ത്തീര ഗ്രാമമായ ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 24 ദിവസത്തെ യാത്ര ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയാകെ ഉറക്കം കെടുത്തി. 61 വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ അദ്വാനിയുടെ രഥയാത്രയാണ് ഇന്നത്തെ ബി.ജെ.പിയുടെ ഭരണത്തിന് അടിത്തറയിട്ടത്. നടന്നുതീര്‍ത്ത വഴികളിലൂടെ അധികാരത്തിലെത്തിയ നേതാക്കള്‍ പലരുണ്ട്. മമത ബാനര്‍ജിയും വൈ.എസ്.ആര്‍. റെഡ്ഡിയും നരേന്ദ്ര മോദിയും എന്‍.ടി.ആറുമൊക്കെ പദയാത്രകളുടെ ഊര്‍ജ്ജത്തിലൂടെ അധികാരത്തിലെത്തിയവരാണ്. രാഹുലിന്റെ ഇപ്പോഴത്തെ ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്ന നരേന്ദ്ര മോദി പോലും ഗുജറാത്തില്‍ ഭരണം അവസാനിക്കാന്‍ ഒമ്പതു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഗൗരവ് യാത്ര നടത്തിയത്. ഹിന്ദുത്വഭരണത്തിനു വഴിയൊരുക്കുകയായിരുന്നു 1991-ലും 2011-ലും ബി.ജെ.പി നടത്തിയ ഏകതാനുയാത്രകള്‍. എന്നാല്‍, സ്വാതന്ത്ര്യാനന്തരം പദയാത്രകള്‍ നല്‍കുന്ന ജനകീയതയുടേയും രാഷ്ട്രീയ വിജയത്തിന്റേയും മാപിനി തെരഞ്ഞെടുപ്പുകളായി മാറിയെന്നതാണ് സവിശേഷത.

തെരഞ്ഞെടുപ്പിലെ വിജയമല്ല ലക്ഷ്യമെന്നും മറിച്ച് രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹവും ഒരുമയുമാണ് തന്റെ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തെ പുനര്‍വിചിന്തനം ചെയ്യാനുള്ള ധീരമായ ശ്രമമായി ഈ യാത്രയെ കാണേണ്ടതുണ്ട്. വാക്കുകളിലൂടെയും പ്രസംഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളില്‍നിന്ന് വേര്‍പെടുത്തിയ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ഒരു പുതിയ അദ്ധ്യായമെഴുതാനാണ് രാഹുലിന്റെ ശ്രമം. എത്രത്തോളം അത് വിജയിക്കുമെന്നറിയില്ലെങ്കിലും ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ അതൊരു വലിയ മാറ്റമാണ്. ആ മാറ്റം കണ്ടില്ലെന്നു നടിക്കാനുമാകില്ല. വിഭാഗീയതയും വര്‍ഗ്ഗീയതയും കലര്‍ന്ന സാമര്‍ത്ഥ്യപ്രയോഗങ്ങളിലൂടെ എളുപ്പത്തില്‍ രാഷ്ട്രീയ അധികാരം കൈക്കലാക്കുന്ന ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന സന്ദേശം തികച്ചും നിഷ്‌കളങ്കത നിറഞ്ഞ പ്രചോദനാത്മകമായ ആദര്‍ശമാണ്. അതിന്റെ പ്രയോഗസാധ്യതയില്‍ സംശയങ്ങളുണ്ടെങ്കില്‍പ്പോലും. 

സെപ്റ്റംബര്‍ ഏഴിനു കന്യാകുമാരിയില്‍നിന്നു തുടങ്ങിയ യാത്ര കേരളവും തമിഴ്നാടും തെലങ്കാനയും ആന്ധ്രയും മഹാരാഷ്ട്രയും മധ്യപ്രദേശും യു.പിയും രാജസ്ഥാനും പിന്നിട്ട് കശ്മീരില്‍ അവസാനിക്കുമ്പോള്‍ 2800 കിലോമീറ്ററുകള്‍ പിന്നിടുന്നു. അഞ്ചുമാസം നീണ്ട ഈ യാത്രയ്ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞവര്‍ തന്നെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ നിര്‍ബ്ബന്ധിതമാക്കിയത് ഈ യാത്രയുടെ ജനപങ്കാളിത്തവും അത് പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ ചലനവും ഒന്നുകൊണ്ടുമാത്രമാണ്. യാത്രാവഴിയില്‍ പല തടസ്സങ്ങളും നേരിടേണ്ടി വന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ യാത്രയെ അവഗണിച്ചു. ബി.ജെ.പിയുടെ പരിഹാസം വേറെ. കൊവിഡ് പരത്തുന്നുവെന്നു വരെയുള്ള ആരോപണങ്ങള്‍. ഇവയെല്ലാം മറികടന്നാണ് രാഹുല്‍ ദിവസവും 20 കിലോമീറ്റര്‍ നടന്നിരുന്നത്. തുടക്കത്തില്‍ പരിഹാസവും പിന്നീട് അവഗണിക്കുകയും ചെയ്ത ബി.ജെ.പിയെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനപങ്കാളിത്തം ഞെട്ടിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്, വി.എച്ച്.പി നേതാവും രാമജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചംപത് റായ് എന്നിവര്‍ രാഹുലിനെ പ്രശംസിച്ചതോടെ യാത്രയെ ഗൗരവമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ യാത്ര റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശ്രീനഗറിലടക്കം യാത്രയുടെ സുരക്ഷാകാര്യങ്ങളിലും ഇരുകക്ഷികളും ഏറ്റുമുട്ടുകയും ചെയ്തു. 

യാത്രയിലുടനീളം രാഹുല്‍ ധരിച്ച വെള്ള ടീ ഷര്‍ട്ട് ട്രേഡ്മാര്‍ക്കായി. ചിരിച്ചും വാരിപ്പുണര്‍ന്നും മാധ്യമങ്ങളോട് സംസാരിച്ചും നടന്നുനീങ്ങിയ രാഹുലിനെ അവഗണിക്കാന്‍ എളുപ്പമായിരുന്നില്ല. എന്നാല്‍, മഹാരാഷ്ട്രയില്‍ വി.ഡി. സവര്‍ക്കറിനെ വിമര്‍ശിക്കുന്ന, അടല്‍ബിഹാരി വാജ്‌പേയിയുടെ സമാധിസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തിയതുള്‍പ്പെടെയുള്ള ചെയ്തികള്‍ ഒരു മധ്യമാര്‍ഗ്ഗ രാഷ്ട്രീയം കണ്ടെത്തുന്നതിനായാണ് രാഹുല്‍ ശ്രമിക്കുന്നതെന്നു കണക്കാക്കാം. ഇപ്പോഴത്തെ ഹിന്ദുത്വത്തിന്റെ പ്രയോഗവും വാജ്‌പേയിയുടെ കാലത്തുള്ള ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്താനാകാം ഒരുപക്ഷേ, ആ ശ്രമം. അങ്ങനെയെങ്കില്‍ അതൊരു മിഡില്‍ഗ്രൗണ്ട് കണ്ടെത്തലാണ്. അതൊരു അനുരഞ്ജനശ്രമവുമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയും ഇപ്പോഴത്തെ വ്യവസ്ഥ റാഡിക്കലായി മാറ്റണമെന്നു കരുതുന്ന പുരോഗമന വ്യവസ്ഥയുടേയും ഇടയിലുള്ള ഒരു മധ്യയിടമാണ് രാഹുല്‍ഗാന്ധി ലക്ഷ്യമിടുന്നതെന്നു വ്യക്തം. 

ഈ പദയാത്രയിലൂടെ രാഹുല്‍ ഗാന്ധി ഹിന്ദുത്വയുടെ കടുത്ത എതിരാളിയായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നതിനു സംശയമില്ല. എന്നാല്‍, അതിനെ നേരിടാനുള്ള പ്രാപ്തി ഈ യാത്രയിലൂടെ കൈവന്നിട്ടുണ്ടോ എന്നതാണ് സംശയം. 'ചൗക്കിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് 2019-ല്‍ രാഹുല്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ വിദ്വേഷവും വ്യക്തിഹത്യയുമുണ്ടായിരുന്നു. വിദ്വേഷ പ്രചാരണങ്ങളെ അനുകൂലമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതില്‍ മോദി വിജയിക്കുകയും ചെയ്തു. ഇനി അത്തരമൊരു അവസരം നല്‍കരുതെന്ന കണക്കുകൂട്ടലിലാണ് രാഹുല്‍ സ്‌നേഹവും സാഹോദര്യവും ഐക്യവും മുദ്രാവാക്യമാക്കിയത്.

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം സാമൂഹ്യസൗഹാര്‍ദ്ദമാണ് രാഷ്ട്രീയത്തിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും. എന്നാല്‍ അടിസ്ഥാനപരമായി ഈ ചിന്തയില്‍ ചില പ്രശ്‌നങ്ങളുണ്ട്. ആദ്യ പ്രശ്‌നം മത്സരത്തില്‍നിന്നും പോരാട്ടത്തില്‍നിന്നും രാഷ്ട്രീയത്തിനു രക്ഷപ്പെടാനാകില്ല എന്നതു തന്നെ. നിലവിലെ ഹിന്ദുത്വ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തെ നേരിടാനോ ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷമായി വെല്ലുവിളി ഉയര്‍ത്തുന്നതില്‍നിന്ന് ഒളിച്ചോടാനോ രാഹുലിനു കഴിയില്ല. അതേസമയം അധികാരം പിടിച്ചടക്കാനുള്ള വഴി എന്നതിലുപരി സാമൂഹിക പരിവര്‍ത്തനത്തിന്റെ ഒരു മാധ്യമമായി രാഷ്ട്രീയത്തെ കരുതുന്നത് തികച്ചും അയഥാര്‍ത്ഥ്യവുമല്ല. മഹാത്മാഗാന്ധി മുതല്‍ വിനോബ ഭാവെ മുതല്‍ ജയപ്രകാശ് നാരായണന്‍ വരെ, രാഷ്ട്രീയത്തെ ധാര്‍മ്മികമായി കണ്ട വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും നീണ്ട ചരിത്രം ഇന്ത്യയ്ക്കുണ്ട്. ഹിന്ദുത്വവും മാര്‍ക്സിസവും പോലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ഭരണകൂട അധികാരത്തെ കാണുന്നത് അതിന്റെ അവസാനമായല്ല, മറിച്ച് അവര്‍ ലക്ഷ്യമിടുന്ന സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപകരണവുമായാണ്.

രാഹുൽ ​ഗാന്ധി രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ സോണിയാ ​ഗാന്ധിക്കൊപ്പം
രാഹുൽ ​ഗാന്ധി രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ സോണിയാ ​ഗാന്ധിക്കൊപ്പം

റീബില്‍ഡ് ബ്രാന്‍ഡ്

നിലവിലുള്ള സ്വന്തം പ്രതിച്ഛായ മാറ്റാന്‍ ഈ യാത്രയിലൂടെ രാഹുലിനു കഴിഞ്ഞുവെന്നതാണ് പ്രത്യേകത. പപ്പു എന്ന പരിഹാസവിശേഷണത്തിനു ചുറ്റിത്തിരിയുന്ന ആര്‍പ്പുവിളികളില്‍ നിന്നുള്ള മാറ്റം അതാണ് സൂചിപ്പിക്കുന്നത്. വൈകിയാണെങ്കിലും ഗാന്ധികുടുംബത്തിന്റെ അധികാരപാരമ്പര്യത്തിന്റെ ബാധ്യതയും ഉപേക്ഷിക്കപ്പെട്ടു. ചെയ്യുന്നതും പറയുന്നതുമെല്ലാം മണ്ടത്തരം എന്ന രീതിയിലുള്ള എതിരാളികളുടെ പ്രചരണത്തിനും കഴമ്പില്ലാതായി. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൊവിഡ് കാലത്തെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതിഭീകരമായ രീതിയില്‍ കൊവിഡ് വ്യാപനം നടക്കുമെന്നും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടനടി ഇടപെടണമെന്നുമുള്ള രാഹുലിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ട്രംപിന്റെ സന്ദര്‍ശനം മുന്‍നിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതിന്റെ രൂക്ഷിതഫലം പിന്നീട് രാജ്യം അനുഭവിച്ചു. കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്നും അതിനു പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നും ബദല്‍ രാഷ്ട്രീയ സമീപനം അനിവാര്യമാണെന്നുമുള്ള വാക്കുകള്‍ രാഷ്ട്രീയ വിവേകത്തിന്റെ ഉദാഹരണമാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഇത് അറിയാമായിരുന്നെങ്കിലും വൈകി വിവേകമുദിച്ചത് കോണ്‍ഗ്രസ്സിനും രാഹുലിനുമാണ്.

പാര്‍ട്ടി നേതാക്കള്‍ക്കു മാത്രമല്ല, ബി.ജെ.പിയെ രാഷ്ട്രീയമായി പിന്തുണയ്ക്കാത്തവര്‍ക്കുപോലും രാഹുലിനു മറ്റൊരു രാഷ്ട്രീയബദല്‍ കണ്ടെത്താനാകില്ലെന്ന വിശ്വാസപക്ഷക്കാരായിരുന്നു. രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലെ പരാജയം, സംസ്ഥാനങ്ങളിലെ അധികാരനഷ്ടം, എം.എല്‍.എമാരുടെ ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് എന്നിവയൊക്കെ അതിനു കാരണങ്ങളായിരുന്നു. പാര്‍ട്ടിയുടെ പഴയ പ്രതാപത്തെ കൂട്ടുപിടിച്ച് ഇനിയൊരു വിജയം അസാധ്യമാണെന്ന തിരിച്ചറിവ് ഇന്ന് അദ്ദേഹത്തിനുണ്ടെന്നു കരുതാം. എങ്കിലും വേണ്ടത്ര ഏകോപനമില്ലാതെയാണ് ഈ യാത്ര തുടങ്ങിയതെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ രാഹുല്‍ യാത്രയുടെ തുടക്കത്തില്‍ ശ്രമിച്ചിരുന്നില്ല. അത്തരമൊരു ധാരണയുടെ പിന്‍ബലത്തിലായിരുന്നെങ്കില്‍ ഈ യാത്രയുടെ പരിണതി മറ്റൊന്നായേനെ എന്നു കരുതുന്നവരും കുറവല്ല. മറ്റു പാര്‍ട്ടി നേതാക്കളുമായി വളരെക്കുറച്ച് സൗഹൃദബന്ധം മാത്രം നിലനിര്‍ത്തുന്ന അദ്ദേഹത്തിന് അത് വെല്ലുവിളി തന്നെയാണ്. എന്നിട്ടും രാഷ്ട്രീയ സമീപനത്തില്‍ രാഹുലിനുള്ള ആത്മാര്‍ത്ഥതയെ ആരും ചോദ്യം ചെയ്തില്ല എന്നതും പ്രത്യേകതയായി കാണേണ്ടതാണ്. 

ഇങ്ങനെയൊക്കെയാണെങ്കിലും രാഹുലിന്റെ ജനകീയത കൂടുന്നുണ്ടെന്നതാണ് വസ്തുത. ഒരു വര്‍ഷം മുന്‍പു വരെ കര്‍ണാടകയില്‍ 38.8 ശതമാനം വോട്ടര്‍മാരാണ് രാഹുലിനു പിന്തുണ നല്‍കിയത്. ഭാരത് ജോഡോ യാത്ര കഴിഞ്ഞതോടെ അത് 57.7 ശതമാനമായി. പിന്നീട് അതില്‍ ചെറിയ കുറവുണ്ടെങ്കില്‍പ്പോലും അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ കണക്കുകള്‍ നിര്‍ണ്ണായകമാണ്. ഒരു വര്‍ഷം മുന്‍പു വരെ മധ്യപ്രദേശില്‍ 45.7 ശതമാനം വോട്ടര്‍മാര്‍ രാഹുലില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. യാത്ര കഴിഞ്ഞതോടെ അത് 54 ശതമാനമായി മാറി. നിലവില്‍ 56.3 ശതമാനം വോട്ടര്‍മാരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. തെലങ്കാനയിലും സ്ഥിതി മറ്റൊന്നല്ല. ഒരു വര്‍ഷം മുന്‍പ് വരെ 34.6 ശതമാനം പേരാണ് പിന്തുണ നല്‍കിയിരുന്നത്. ഇപ്പോഴത് 55.6 ശതമാനമാണ്. രാജസ്ഥാനില്‍ 32.8 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നത് ഇപ്പോള്‍ 40.8 ശതമാനമായി. ഈ കണക്കുകള്‍ ശരിയെങ്കില്‍ രാഹുല്‍ റീബ്രാന്‍ഡിങ് ഒരുപരിധിവരെ വിജയം കണ്ടെന്നു വേണം കരുതാന്‍. യാത്രയിലൂടെ പ്രതിച്ഛായയിലുണ്ടാക്കിയ മാറ്റം വിമര്‍ശനങ്ങളെ അതിജീവിക്കാനും രാഷ്ട്രീയ നേതാവിനുണ്ടാകേണ്ട പക്വത ആര്‍ജ്ജിക്കാനും ബലം നല്‍കുമെന്നു കരുതാം.

കോണ്‍ഗ്രസ്സിന്റെ റീലോഞ്ച്

2023-ല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒമ്പതു സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ വിധിയെഴുത്താകും രാഹുല്‍ റീബ്രാന്‍ഡിങ്ങിന്റെ അന്തിമഫലം തീരുമാനിക്കുക. കര്‍ണാടകയിലും മധ്യപ്രദേശിലും തിരിച്ചുവരവ് സാധ്യമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. രാജസ്ഥാനും ഛത്തീസ്ഗഡും നിലനിര്‍ത്താമെന്നും പാര്‍ട്ടി കരുതുന്നു. ദേശീയപാര്‍ട്ടി എന്ന നിലയിലുള്ള തിരിച്ചുവരവിന് ഇത് അനിവാര്യമാണ്. 543 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 2014-ല്‍ 44 സീറ്റിലും 2019-ല്‍ 52 സീറ്റുകളിലുമായി ഒതുങ്ങി. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ കക്ഷിനിലയാണ് ഇത്. 2019-ലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം  രാജിവച്ചു. ഇതിനുപുറമേ പാര്‍ട്ടിയില്‍നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്കും കൂടി. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ രാജിവെപ്പിച്ച് ബി.ജെ.പിയിലേക്കു പോയ ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയനായത്. നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ സോണിയാന്ധിക്കു കത്തെഴുതിയതും ഈ വര്‍ഷമാണ്. ഗാന്ധികുടുംബത്തെ മുതിര്‍ന്ന നേതാക്കള്‍ വെല്ലുവിളിക്കുന്നതു അപൂര്‍വ്വതയായി.

2022-ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസം നല്‍കുന്ന വിജയങ്ങളില്ലെന്നതും സവിശേഷതയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 77-ല്‍നിന്ന് 17 ആയി. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് കോണ്‍ഗ്രസ്സിനു വിജയിക്കാനായത്. പ്രിയങ്ക ഗാന്ധിയുടെ പ്രചരണമൊന്നും വോട്ടായി പ്രതിഫലിച്ചില്ല. ആസാമിലും ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പിയുടെ അധികാരലബ്ധി തടയാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞതുമില്ല. പഞ്ചാബില്‍ ചെറുത്തുനില്‍പ്പില്ലാതെ ആം ആദ്മി പാര്‍ട്ടിക്കു കീഴടങ്ങി. ആകെ ആശ്വാസം ഹിമാചല്‍ പ്രദേശിലെ വിജയമാണ്. ഈ പശ്ചാത്തലത്തിലാണ് 2022 മേയില്‍ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ സോണിയാഗാന്ധി പദയാത്ര നടത്തണമെന്നു പ്രഖ്യാപിച്ചത്. അവസാന തുറുപ്പുചീട്ട് എന്നാണ് അന്ന് ജയറാം രമേശ് ഇതിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിയോഗിച്ചതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കോണ്‍ഗ്രസ്സിന്റെ അതിജീവന ശ്രമത്തിന്റെ ഭാഗമായത് അങ്ങനെയാണ്.

രാഹുൽ ​ഗാന്ധി പ്രിയങ്കക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ
രാഹുൽ ​ഗാന്ധി പ്രിയങ്കക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ

പത്ത് പ്രസ്താവനകള്‍

1. ബി.ജെ.പിയെ എന്റെ ഗുരുവായി കാണുന്നു. അവര്‍ എനിക്ക് വഴി കാണിക്കുകയും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ പഠിപ്പിക്കുകയും ചെയ്യുന്നു

2. ഞാന്‍ 2800 കിലോമീറ്റര്‍ നടന്നു. അതത്ര വലിയ കാര്യമല്ല. കര്‍ഷകരും ഫാക്ടറി തൊഴിലാളികളും ദിവസവും ഒരുപാടു ദൂരം നടക്കുന്നു.

3. ഈ യാത്രയില്‍ എവിടെയും നിങ്ങള്‍ വെറുപ്പു കണ്ടിട്ടുണ്ടാവില്ല. ഏതാനും ചില ആളുകളാണ് ഈ വെറുപ്പു പരത്തുന്നത്.

4. എന്റെ വാക്കുകള്‍ കുറിച്ചിടുക- ബി.ജെ.പിയെ കോണ്‍ഗ്രസ് തോല്‍പ്പിച്ചിരിക്കും. കോണ്‍ഗ്രസ് മരിക്കുന്നുവെന്നത് ബി.ജെ.പിയുടെ പ്രചാരണമാണ്. എന്നെ അപമാനിക്കാനും ശ്രമം നടന്നു. മാധ്യമങ്ങളും അതേറ്റെടുക്കുന്നു. ഈ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ കോണ്‍ഗ്രസ്സുണ്ട്.

5. ബി.ജെ.പിയെ നേരിടാന്‍ ധൈര്യമില്ലാത്തവരാണ് കോണ്‍ഗ്രസ് വിടുന്നത്. അങ്ങനെയുള്ളവര്‍ പോകട്ടെ. അത്തരക്കാര്‍ എത്രത്തോളം പോകുന്നോ അത്രയും സന്തോഷം. അവരെ ഞങ്ങള്‍ക്കു വേണ്ട.

6. ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് പൂര്‍ണ്ണമായും തെറ്റാണ്. ഞങ്ങള്‍ ഒരേതലത്തിലുള്ള വ്യക്തികളല്ല. അതുകൊണ്ടുതന്നെ ഗാന്ധിയേയും എന്നെയും ഒരു രീതിയിലും താരതമ്യപ്പെടുത്തരുത്. ഗാന്ധി മഹാനായ വ്യക്തിയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ ജീവിതംതന്നെ മാറ്റിവച്ചയാളാണ്. ഗാന്ധിയുടെ പേരിനൊപ്പം ഒരിക്കലും എന്റെ പേരു ചേര്‍ത്തുവയ്ക്കരുത്.

7. ചരിത്രത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് ആര്‍.എസ്.എസ് ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു. വി.ഡി. സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്നു സ്‌റ്റൈപന്‍ഡും കൈപ്പറ്റിയിരുന്നു. അന്ന് ബി.ജെ.പി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, സ്വാതന്ത്ര്യസമരത്തില്‍ അവര്‍ക്ക് ഒരു പങ്കുമില്ല.

8. ഞങ്ങള്‍ ഫാസിസ്റ്റ് പാര്‍ട്ടിയല്ല. ചര്‍ച്ചകളേയും വിവിധ കാഴ്ചപ്പാടുകളേയും സ്വാഗതം ചെയ്യുന്നു.

9. ഇന്ത്യയെ മതത്തിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയുമെല്ലാം പേരില്‍ വിഭജിക്കാമെന്ന് ബി.ജെ.പി കരുതുന്നു. ബ്രിട്ടീഷുകാരും ഇതുതന്നെയാണ്  ചെയ്തത്. രാജ്യത്തെ വിഭജിക്കുക, ജനങ്ങളെ തമ്മിലടിപ്പിക്കുക, ആ തക്കത്തിന് ഇന്ത്യയുടെ സമ്പത്ത് കവരുക. ഒരുകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയെ നിയന്ത്രിച്ചെങ്കില്‍ ഇന്നു രണ്ടോ മൂന്നോ വ്യവസായികള്‍ നിയന്ത്രിക്കുന്നു. 

10. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിയുമായി സന്ധി ചെയ്യുന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. അവരുമായി കൈകോര്‍ത്താല്‍ എല്ലാം എളുപ്പമാകും. പ്രശ്‌നങ്ങള്‍ വഴിമാറും. നിര്‍ഭാഗ്യവശാല്‍, ഞാന്‍ പഠിച്ചിട്ടുള്ളത് അതല്ല. അത് എന്റെ രീതിയുമല്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com