ചന്ദ്രശേഖറെ വിദൂരമായെങ്കിലും ഓര്‍മ്മിപ്പിക്കുന്ന രാഹുല്‍ ഗാന്ധി

ദേശീയ രാഷ്ട്രീയത്തില്‍ ജനകീയമായ മൂല്യബോധങ്ങളുടെ പ്രതിരൂപമായി ചന്ദ്രശേഖര്‍ മാറി. ഒരേ സമയം ഇന്ത്യയിലെ സാധാരണക്കാരന്റേയും ആഴമുള്ള രാഷ്ട്രീയ ചിന്തകന്റേയും ശരീരഭാഷ അദ്ദേഹം പ്രകടിപ്പിച്ചു
ചന്ദ്രശേഖറെ വിദൂരമായെങ്കിലും ഓര്‍മ്മിപ്പിക്കുന്ന രാഹുല്‍ ഗാന്ധി

1981 സെപ്തംബറില്‍ കോട്ടയം ജില്ലയിലെ വെമ്പള്ളി സ്വദേശിയും വക്കീലുമായിരുന്ന എന്‍.ജെ. ആന്റണിയും അദ്ദേഹത്തിന്റെ സുഹൃത്ത് രാജമോഹനും അന്ന് ജനതാ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ചന്ദ്രശേഖറിന്റെ അടുക്കലെത്തി. ഇരുവരും ജനതാ പാര്‍ട്ടിയുമായി അടുപ്പമുള്ളവരായിരുന്നുവെങ്കിലും സാമ്പ്രദായിക കക്ഷിരാഷ്ട്രീയ വഴികളുമായി വിയോജിപ്പുള്ളവരായിരുന്നു. എം.എ. ജോണിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് പരിവര്‍ത്തനവാദി പ്രസ്ഥാനത്തില്‍ സജീവമായി ഉണ്ടായിരുന്ന ആളാണ് എന്‍.ജെ. ആന്റണി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ച ആള്‍. അടിയന്തരാവസ്ഥക്കാലത്ത് പരിവര്‍ത്തനവാദികളും നിരോധിതരായി. സ്വാഭാവികമായും ആന്റണി ജനതാ പാര്‍ട്ടിയിലെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ വിയോജിപ്പുകളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ചന്ദ്രശേഖറെ സ്വാഭാവികമായും ആന്റണിയും മറ്റും രാഷ്ട്രീയ ധാര്‍മ്മികതയുടെ, ജനാധിപത്യത്തിന്റെ കാവലാളായി കണ്ടു. അപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തില്‍ ജനകീയമായ മൂല്യബോധങ്ങളുടെ പ്രതിരൂപമായി ചന്ദ്രശേഖര്‍ മാറി. ഒരേ സമയം ഇന്ത്യയിലെ സാധാരണക്കാരന്റേയും ആഴമുള്ള രാഷ്ട്രീയ ചിന്തകന്റേയും ശരീരഭാഷ അദ്ദേഹം പ്രകടിപ്പിച്ചു. അക്കാലത്ത് ദേശീയതലത്തില്‍ രാഷ്ട്രീയരംഗം സംവാദമുഖരിതമായിരുന്നു. ഇ.എം.എസ്. ഉള്‍പ്പെടെയുളളവര്‍ രാഷ്ട്രീയ സംവാദങ്ങളെ സജീവമാക്കി നിലനിര്‍ത്തി. അടിയന്തരാവസ്ഥ സൃഷ്ടിച്ച സാമൂഹ്യ - രാഷ്ട്രീയ ഗതിഭേദങ്ങള്‍ ആ സംവാദങ്ങളെ ആഴമുള്ളതാക്കി. 

അക്കാലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ദ്വാരകാ പ്രസാദ് മിശ്ര, കബീറിന്റെ ഒരു ദോഹ ഉദ്ധരിച്ചാണ് ചന്ദ്രശേഖറെ വിശദീകരിക്കാന്‍ ശ്രമിച്ചത്. 

''ആഗ്രഹങ്ങളില്‍നിന്നു 
മോചിതനാകുമ്പോള്‍ 
ആകുലതകള്‍ അസ്തമിക്കും 
ഹൃദയം ബന്ധനങ്ങളില്‍നിന്നു 
വിമുക്തമാകും. ഒന്നിനും വേണ്ടി 
അതിയായി മോഹിക്കാത്തവന്‍ 
യഥാര്‍ത്ഥത്തില്‍ 
എല്ലാത്തിന്റേയും രാജാവാണ്.''

(അവലംബം: ഹരിവംശും രവിദത്ത് ബാജ്പേയിയും ചേര്‍ന്ന് എഴുതിയ Chandrasekhar; the last icon of ideological politics എന്ന പുസ്തകം)

13 കൊല്ലം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിനുശേഷമാണ് ചന്ദ്രശേഖര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെത്തുന്നത്. ആചാര്യ നരേന്ദ്ര ദേവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളും രാഷ്ട്രീയവും ചന്ദ്രശേഖറെ വളരെ സ്വാധീനിച്ചിരുന്നു. അതുപോലെ ജയപ്രകാശ് നാരായണനും. കോണ്‍ഗ്രസ്സിലെത്തിയപ്പോള്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തോട് താങ്കള്‍ ഇവിടെ എന്തുചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നു ചോദിക്കുന്നുണ്ട്. ശരിയായ സോഷ്യലിസ്റ്റ് പാതയിലൂടെ പാര്‍ട്ടിയെ വഴിനടത്തണമെന്നാണ് ആഗ്രഹം എന്നായിരുന്നു ചന്ദ്രശേഖറിന്റെ മറുപടി. അതിനു കഴിഞ്ഞില്ലെങ്കിലോ എന്ന ചോദ്യത്തിനു ഞാന്‍ കോണ്‍ഗ്രസ്സില്‍നിന്ന് അടര്‍ന്നുമാറും എന്നും അതില്‍നിന്നു പുതിയ രാഷ്ട്രീയ വഴിയൊരുക്കാന്‍ ശ്രമിക്കും എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

ചന്ദ്രശേഖർ ഭാരത് യാത്രയിൽ ജനങ്ങളോട് സംസാരിക്കുന്നു
ചന്ദ്രശേഖർ ഭാരത് യാത്രയിൽ ജനങ്ങളോട് സംസാരിക്കുന്നു

അത്ഭുതവിസ്മയങ്ങളോടെ ഇന്ദിരാഗാന്ധി ചന്ദ്രശേഖറെ നോക്കി. രാഷ്ട്രീയ ഇച്ഛാശക്തിയുടെ ദൃഢത നിറഞ്ഞ വ്യക്തിത്വത്തെ ഇന്ദിരാഗാന്ധി അഭിമുഖീകരിക്കുകയായിരുന്നു. അധികാര കേന്ദ്രീകൃതമല്ലാത്ത രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്നവര്‍ മനസ്സിലാക്കിയിരിക്കണം. അടിയന്തരാവസ്ഥ പ്രഖാപിച്ച അന്നു രാത്രിയില്‍ത്തന്നെ, അപ്പോഴും കോണ്‍ഗ്രസ്സുകാരനായ അദ്ദഹം അറസ്റ്റ് ചെയ്യപ്പെട്ടു. '77 ജനുവരിയിലാണ് അദ്ദഹം പുറത്തു വരുന്നത്. അപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തില്‍ ചന്ദ്രശേഖര്‍ മുന്‍നിരയിലെത്തിയിരുന്നു. ജനതാ പരീക്ഷണത്തിന്റെ പരാജയം ചന്ദ്രശേഖറെ വീണ്ടും അസ്വസ്ഥനാക്കി. കോണ്‍ഗ്രസ്സ് മടങ്ങിവന്നു. പുതിയ വഴികള്‍ തെളിയേണ്ടതുണ്ടെന്ന് ചന്ദ്രശേഖര്‍ക്കും തോന്നിയിരിക്കണം. അവിശ്വസനീയമായ സങ്കീര്‍ണ്ണതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടല്ലോ. ഭീമമായ നിലയില്‍ '77-ല്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും വീണ്ടും ഉയിര്‍ത്തുവന്നു. ഇന്ദിര വീണ്ടും പ്രധാനമന്ത്രിയായി. ജനങ്ങളിലേക്കു വീണ്ടും കൂടുതല്‍ അടുക്കേണ്ടതുണ്ടെന്ന് ചന്ദ്രശേഖര്‍ ചിന്തിക്കുന്ന നാളുകളിലാണ് എന്‍.ജെ. ആന്റണിയും സുഹൃത്തും ദില്ലിയിലെത്തി ചന്ദ്രശേഖറെ കാണുന്നത്. നവമായ രാഷ്ട്രീയ ആശയരൂപീകരണത്തിനും ക്രിയാത്മക രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമായി, ഇന്ത്യയുടെ തെക്കു മുതല്‍ വടക്കുവരെ ഒരു പദയാത്ര നടത്തണമെന്ന ആശയം അവര്‍ മുന്നോട്ടുവച്ചു. വെറും പ്രസംഗയാത്രയല്ല. അടിസ്ഥാന തലത്തില്‍ സമൂഹത്തിലെ ഭിന്നതലങ്ങളിലെ ആളുകളുമായി ഇടപഴകി, സംവദിച്ച്, ആശയങ്ങള്‍ രേഖപ്പെടുത്തി ഒരു യാത്ര. അത്യന്തം ജനകീയമായ സ്വഭാവമായിരിക്കണം, യാത്രയ്ക്കുണ്ടാകേണ്ടത്. വിവിധ തൊഴിലുകള്‍ ചെയ്യുന്ന സാധാരണ മനുഷ്യര്‍, കൃഷിക്കാര്‍, നിര്‍മ്മാണ ജോലികളിലുള്ളവര്‍, അദ്ധ്യാപകര്‍, സാമ്പത്തിക വിദഗ്ദ്ധര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍... ഓരോ ദിവസവും യാത്ര തങ്ങുന്ന ഇടങ്ങളില്‍ ഇവരുമായൊക്കെ സംവദിക്കണം. അതൊക്കെ സഫലമായി സാദ്ധ്യമാക്കാനുള്ള നേതാവ് എന്ന നിലയിലാണ് അവര്‍ ചന്ദ്രശേഖറെ കാണുന്നത്. വിശാലമായ ദേശീയ രാഷ്ട്രീയ ശ്രദ്ധയിലേക്ക് ചന്ദ്രശേഖറെ എത്തിക്കാന്‍ ഈ യാത്രയ്ക്ക് കഴിയുമെന്നവര്‍ വിശ്വസിച്ചു. 

എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയും പാര്‍ലമെന്റംഗവുമായിരുന്ന ഡോക്ടര്‍. സരോജിനി മഹിഷി, കിഴക്കന്‍ ദില്ലിയില്‍നിന്നുള്ള പാര്‍ലമെന്റംഗം കിഷോര്‍ ലാല്‍ എന്നിവരെ യാത്ര സൃഷ്ടിക്കാവുന്ന ഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ ചന്ദ്രശേഖര്‍ നിയോഗിച്ചു. എന്നാല്‍, അവര്‍ അനുകൂല അഭിപ്രായം നല്‍കിയില്ല. അക്കാലത്ത് യുവജനത പ്രസിഡന്റായിരുന്ന സുധീന്ദ്ര ബദോറിയയെ ചെറുപ്പക്കാരുമായി ഒരിക്കല്‍ക്കൂടി സംസാരിക്കാന്‍ ചന്ദ്രശേഖര്‍ ചുമതലപ്പെടുത്തി. ബദോരിയ അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. അങ്ങനെ പദയാത്ര നടത്താന്‍ തന്നെ ചന്ദ്രശേഖര്‍ തീരുമാനിച്ചു. സാബര്‍മതിയില്‍നിന്ന് ദണ്ഡി കടപ്പുറത്തേയ്ക്ക് ഗാന്ധി നടത്തിയ പദയാത്ര അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം. അതിവേഗത്തില്‍ ആ നടത്തയിലൂടെ ഗാന്ധി ചരിത്രത്തിലേക്കു തന്നെ നടന്നുകയറുകയായിരുന്നുവല്ലോ. സാമ്രാജ്യത്വത്തിനെതിരെ കുറുക്കിയ ഉപ്പ്, സത്യത്തിനും നീതിക്കും വേണ്ടി ഏതു ലളിതമായ സമരമുറയും അഹിംസാത്മകമായി, ഫലപ്രദമയി ഉപയോഗിക്കാമെന്നതിന്റെ സാക്ഷാല്‍ക്കാരമായി മാറി.

കന്യാകുമാരിയിലെ ഗാന്ധിസ്മൃതി മണ്ഡപത്തില്‍നിന്ന് ദില്ലിയിലെ രാജ്ഘട്ട് വരെ പദയാത്ര പ്രഖ്യാപിക്കപ്പെട്ടു. 50 സഹയാത്രികര്‍. 1983 ജനുവരി ആറിന് കന്യാകുമാരിയില്‍നിന്നു പദയാത്ര തുടങ്ങി. പദയാത്ര ജനതാ പാര്‍ട്ടിയുടെ പരിപാടിയല്ല എന്ന് ചന്ദ്രശേഖര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. യാത്രയ്ക്കുവേണ്ടി പണപ്പിരിവ് നടത്തരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. കടന്നുപോകുന്ന ഇടങ്ങളിലെ ആളുകളുടെ സ്വമേധയാ ഉള്ള സഹകരണമാണ് യാത്രയെ പുലര്‍ത്തേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആ രീതിയില്‍ത്തന്നെ യാത്ര തുടര്‍ന്നു. ഗ്രാമങ്ങളും നഗരങ്ങളും യാത്രയെ ഏറ്റെടുത്തു. രാപാര്‍ക്കുന്ന താവളങ്ങളില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ ആളുകളുമായി അദ്ദേഹം സംസാരിച്ചു. അവര്‍ക്കു പറയാനുള്ളതു പൂര്‍ണ്ണമായും കേട്ടു. ചര്‍ച്ചകളിലെ പ്രധാന കാര്യങ്ങള്‍ രേഖപ്പെടുത്തി. ദീര്‍ഘമായ നടത്തത്തിലുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, തികഞ്ഞ സഹനത്തോടെ നേരിട്ടു. യാത്രയ്ക്ക് ജനകീയമായ മുഖം രൂപപ്പെട്ടു. ചെറുപ്പക്കാരും മുതിര്‍ന്നവരും അവരവരുടെ ഇടങ്ങളില്‍ യാത്രയെ അനുഗമിച്ചു. 4260 കിലോമീറ്റര്‍ പിന്നിട്ട് 1983 ജൂണ്‍ 25-ന്, അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ ആ യാത്ര രാജ്ഘട്ടില്‍ സമാപിച്ചു. യാത്ര കോട്ടയം ജില്ലയിലൂടെ കടന്നുപോകവേ, ഏറ്റുമാനൂര്‍ മുതല്‍ കുറവിലങ്ങാട് വരെ ഞാനും നടന്നിരുന്നു. പല രാഷ്ട്രീയ കക്ഷികളിലെ ആളുകളും പദയാത്രയെ അനുഗമിച്ചിരുന്നതായി ഞാനോര്‍ക്കുന്നു. സാധാരണ ജനങ്ങള്‍ ആരുടേയും പ്രേരണയില്ലാതെ യാത്രയെ അനുഗമിക്കുന്നതും കണ്ടു. ദേശീയ രാഷ്ട്രീയത്തില്‍ ചന്ദ്രശേഖറെ വീണ്ടും ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാന്‍ യാത്രയ്ക്കു കഴിഞ്ഞിരുന്നു. ശുദ്ധജലം, പോഷകഗുണമുള്ള ഭക്ഷണം, പ്രാഥമിക വിദ്യാഭ്യാസം, കീഴാള വിഭാഗങ്ങളുടെ സാമൂഹികമായ അന്തസ്സ്, സമുദായൈക്യം തുടങ്ങിയ കാര്യങ്ങളിലാണ് ചന്ദ്രശേഖര്‍ പ്രധാനമായും സംവദിച്ചത്. ഗാന്ധിയന്‍ ആശയങ്ങളുടെ തന്നെ കാലികമായ ഉപയോഗം. യാത്രാച്ചെലവുകള്‍ കടന്നുപോയ ഇടങ്ങളിലെ ആളുകള്‍ തന്നെ വഹിച്ചു. വെറും 3500 രൂപയില്‍ തുടങ്ങിയ യാത്ര അവസാനിക്കവെ, ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വഴി ഏഴര ലക്ഷമായി ഉയര്‍ന്നു. ഇന്നു വളരെ ചെറുത് എന്നു തോന്നാമെങ്കിലും അന്നത് വലിയ തുക തന്നെ. അതുകൊണ്ടാണ് ചന്ദ്രശേഖര്‍ ഭാരത യാത്രാട്രസ്റ്റ് തുടങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതയാത്രാ കേന്ദ്രങ്ങള്‍ സ്ഥാപിതമായി. ഹരിയാനയിലെ ഭോണ്ട്സി (ആവീിറട്യ) ആണ് അതില്‍ പ്രധാനം. കേരളത്തില്‍ അഗളിയിലായിരുന്നു ഭാരതയാത്രാ കേന്ദ്രം സ്ഥാപിതമായത്. തമിഴ്നാട്ടില്‍ സേലത്തിനടുത്ത് ഏര്‍ക്കാട് എന്ന സ്ഥലത്തായിരുന്നു ആദ്യത്തെ കേന്ദ്രം സ്ഥാപിച്ചത്. ഈ യാത്ര ദേശീയ തലത്തില്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും തുടര്‍ പദ്ധതികള്‍ എത്രത്തോളം വിജയിച്ചു എന്നതു സംശയകരമാണ്. അതിനുള്ള വിപുലമായ പ്രവര്‍ത്തക ശൃംഖല രൂപപ്പെട്ടില്ല. പക്ഷേ, ചന്ദ്രശേഖര്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധേയനാകുകയും ക്രമേണ പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു. യാത്രയില്‍ ഉയര്‍ന്നുവന്ന ജനകീയമായ രാഷ്ട്രീയ ദിശാബോധം, ഭരണകൂടാധിപനാകവെ, പുലര്‍ത്താനായോ എന്നത് സംവാദവിഷയമാണ്. എന്നാല്‍, ലാളിത്യത്തിന്റേയും സത്യസന്ധതയുടേയും ധാര്‍മ്മികതയുടേയും ചില മുദ്രകള്‍ ഭരണകൂട സിരാകൂടങ്ങളിലും ജനമനസ്സുകളിലും അടയാളപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പദയാത്രാവേളയില്‍ ഒരിക്കല്‍ ഒരു കാനന പ്രദേശത്ത് അന്തിമയങ്ങും നേരം എത്തുമ്പോള്‍ പ്രായമായ ഒരു സ്ത്രീ വിളക്കുമായി, തന്റെ കുടിലിനു മുന്നില്‍ യാത്രികരെ കാത്തുനിന്നത് ചന്ദ്രശേഖര്‍ പിന്നീട് പലവട്ടം അനുസ്മരിച്ചിരുന്നു. ഭാരതഗ്രാമങ്ങളിലെ സാധാരണക്കാര്‍ തന്നില്‍നിന്നു ചിലത് പ്രതീക്ഷിക്കുന്നു എന്നത് അദ്ദേഹത്തെ കൂടുതല്‍ വിനീതനാക്കി. സബര്‍മതിയില്‍നിന്നു ദണ്ഡിയിലേക്കുള്ള ആ നടപ്പ് തന്നെയായിരുന്നു, അദ്ദേഹത്തിന്റെ നടത്തത്തിന്റെ ചരിത്രപരമായ പ്രേരണ. യാത്രയുടെ ആശയം മുന്നോട്ടുവെച്ച എന്‍.ജെ. ആന്റണിയുമായി അവസാനം വരെ അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തി. യാത്ര വെമ്പള്ളിയിലൂടെ കടന്നുപോകവെ ആന്റണിയുടെ ഭിന്നശേഷിക്കാരനായ അനുജനെ വീട്ടിലെത്തി കണ്ടു. നിശ്ചയമായും ആ യാത്ര, 40 കൊല്ലം മുന്‍പുള്ള ആ കാലത്ത് അടിയന്തരാവസ്ഥാശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തിയിരുന്നു. പില്‍ക്കാലം ആരും അതേറ്റുവാങ്ങിയില്ലെങ്കിലും.

ചന്ദ്രശേഖറും എൻജെ ആന്റണിയും
ചന്ദ്രശേഖറും എൻജെ ആന്റണിയും

ഇന്ത്യന്‍ രാഷ്ട്രീയ നൈതികത ആശങ്കാകുലമായ അവസ്ഥയിലെത്തി നില്‍ക്കുന്ന കാലത്താണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ചന്ദ്രശേഖറുടെ യാത്രയുടെ ചില സ്വഭാവരീതികള്‍ ഈ യാത്രയും പുലര്‍ത്തുന്നുണ്ട്. സാമൂഹ്യമായ പുതിയൊരു ഉണര്‍വ്വും ഐക്യവും ഈ യാത്ര ലക്ഷ്യമാക്കുന്നു. സംഘടനാപരമായി കോണ്‍ഗ്രസ്സിനെ ഉണര്‍ത്താന്‍ ഈ യാത്ര ഉപകരിക്കുമെങ്കില്‍, അത് ഭാവിയില്‍ നമ്മുടെ ജനാധിപത്യഘടനകളെ നിലനിര്‍ത്താനും വളര്‍ത്താനും സഹായകമായേക്കാം. ഏതെങ്കിലും തരത്തില്‍ ഗുണകരമാകാവുന്ന രാഷ്ട്രീയ സംവാദങ്ങളെങ്കിലും ഈ യാത്രയുടെ അനന്തരമായി സംഭവിക്കട്ടെ. ആരോപണ - പ്രത്യാരോപണ രാഷ്ട്രീയ കാലത്ത്, അതില്‍നിന്നു മാറി അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുന്ന പുതിയൊരു കാലം രൂപപ്പെടട്ടെ. പതിവുപോലെ ഇടതുപക്ഷത്തെ പ്രമുഖ കക്ഷി, യാത്രയെ പരിഹസിച്ചു കൊണ്ടേയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശരീരഭാഷയില്‍ വന്ന വ്യതിയാനം ചന്ദ്രശേഖറെ വിദൂരമായെങ്കിലും ഓര്‍മ്മിപ്പിക്കുന്നു. ബംഗാള്‍ എന്ന കവിതയില്‍ കെ.ജി.എസ് 50 കൊല്ലം മുന്‍പ് എഴുതിയത് വീണ്ടും പ്രസക്തമായ കാലമാണിത്.

''തറവാടിന്റെ അടിത്തറ കുലദേവത
വഴികള്‍ പുഴകള്‍ സൈന്യം നാട് നഗരം
എല്ലാം നടുവേ പിളര്‍ന്നവരാണ്
എന്തിനും തമ്മില്‍ത്തല്ലാണ്
കുരുതിയാണ്
കള്ളച്ചൂതും അജ്ഞാതവാസവുമാണ്
നടവഴികളില്‍
ചതിച്ചൊട്ടകളാണ്
നാക്കില്‍ ചോരക്കൊതിയാണ്
വാക്ക് വിഷപ്പൊതിയാണ്...''

കാലത്തിലേക്ക് സത്യസന്ധമായ ഒരു നോട്ടം രാഹുല്‍ ഗാന്ധിക്കു സാധിക്കുന്നുവെങ്കില്‍ അതു തന്നെ ഈ യാത്രയുടെ സഫലത. ഈ യാത്ര ഒരു രാജാവിനേയും നിശ്ചയമായും പരിഭ്രാന്തനാക്കില്ല. പക്ഷേ, ശിഥിലമായിത്തുടങ്ങിയ ഒരു രാഷ്ട്രീയ സംഘടനയ്ക്ക് ഉണര്‍വ്വ് നല്‍കി, അതിനെ രാഷ്ട്രീയ സംവാദ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ യാത്രയ്ക്കു കഴിയുന്നുണ്ട്. ചന്ദ്രശേഖറിന്റെ ശരീരഭാഷ ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകന്റേതായിരുന്നു. വെട്ടിയൊതുക്കാത്ത നരച്ച താടിയില്‍ നമ്മുടെ രാഷ്ട്രീയ ചര്‍ച്ചകളുടെ വ്യാകരണവും പ്രതീക്ഷാനിര്‍ഭരമായ ഭാവനകളും സ്വരൂപിക്കപ്പെട്ടാല്‍ ചില ഗതിഭേദങ്ങളുണ്ടായെന്നു വരാം. കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് നടത്തത്തിന്റെ ഈ പാദക്ലേശങ്ങളില്‍നിന്നാവട്ടെ.
ചന്ദ്രശേഖറിന്റെ പദയാത്രയുടെ ആശയം മുന്നോട്ട് വെച്ച്, അതിനായി പരിശ്രമിച്ച എന്‍.ജെ. ആന്റണി, ഇക്കഴിഞ്ഞ ആഗസ്റ്റില്‍ വിടപറഞ്ഞ് നടന്നകന്നു. അഗളിയിലെ ഭാരത യാത്രാ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്ന അദ്ദേഹം നല്ല വായനക്കാരനും ചിത്രകാരനും ഫോട്ടോഗ്രാഫറും പ്രകൃതി കൃഷി ശീലിച്ച ആളും ചിന്തകനുമായിരുന്നു. രാഷ്ട്രീയത്തിന്റെ സമാന്തര പാതകളിലൂടെ വഴി നടന്ന ആള്‍. ആ വഴിമാറി നടപ്പാണ് പദയാത്രയുടെ ആശയതലം. അത് ചന്ദ്രശേഖര്‍ വിശാലമായി ഉള്‍ക്കൊണ്ടു. 

എൻജെ ആന്റണി ചന്ദ്രശേഖറിനൊപ്പം
എൻജെ ആന്റണി ചന്ദ്രശേഖറിനൊപ്പം

1977-ല്‍ മൊറാര്‍ജി ദേശായി, ഇന്ദിരാഗാന്ധിയെ അവരുടെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നൊഴിപ്പിക്കാന്‍ പദ്ധതിയിട്ടു. ചന്ദ്രശേഖര്‍ അതിനെ എതിര്‍ത്തു. സ്വരാജ് ഭവനും ആനന്ദ ഭവനും രാഷ്ട്രത്തിനു സമര്‍പ്പിച്ച കുടുംബത്തില്‍നിന്നു വരുന്ന സ്ത്രീയെ ഒരു ചെറിയ ബംഗ്ലാവില്‍ നിന്നൊഴിപ്പിക്കുന്നത് മോശമാണെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. മൊറാര്‍ജി നീക്കത്തില്‍നിന്നു പിന്‍വാങ്ങി. തന്നെ രണ്ട് കൊല്ലം തടവിലാക്കിയ ആളാണ് ഇന്ദിര എന്നതൊന്നും അദ്ദേഹത്തിനു പ്രശ്‌നമായിരുന്നില്ല. വ്യക്തിവിദ്വേഷങ്ങളുടെ രാഷ്ട്രീയം അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ല.
ചന്ദ്രശേഖറിന്റെ പരുക്കന്‍ രൂപഭാവങ്ങള്‍ക്കുള്ളില്‍ സമൂഹാഭിമുഖമായ ആര്‍ദ്രതയുണ്ടായിരുന്നു. മൂല്യബോധങ്ങളുണ്ടായിരുന്നു. അതില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ രൂപഭാവങ്ങളിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുണ്ടോ? ജനങ്ങളിലേക്ക് നേരിട്ടു നടന്നുചെല്ലാന്‍ ഇനിയും നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കു കഴിഞ്ഞേക്കും എന്ന സൂചന ഇതിലുണ്ടോ?

എന്നാല്‍, ഇതു രൂപത്തിന്റെ പ്രശ്‌നമേയല്ല. പറയുന്ന വാക്കിന്റെ, ചെയ്യുന്ന കര്‍മ്മത്തിന്റെ പ്രശ്‌നമാണ്. മഹാത്മാഗാന്ധിയില്‍ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം പൂര്‍ണ്ണമായും ഇല്ലായിരുന്നു എന്ന കാര്യമാണ് എപ്പോഴും ഓര്‍ക്കേണ്ടത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com