തീരാത്ത ഉല്‍ക്കണ്ഠ കൊണ്ട് പ്രേക്ഷകര്‍ ചോദിച്ചുപോകും, ആരുടെ തോന്നലാണീ സിനിമ?

സിനിമയുടെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ കാണുന്ന കര്‍ട്ടനും കൂടെ കേള്‍ക്കുന്ന സംഗീതവുമെല്ലാം സിനിമയുടെ വഴിയില്‍ നാടകവുമുണ്ടെന്ന ധാരണകളിലേക്കു പ്രേക്ഷകനെ നയിക്കും
തീരാത്ത ഉല്‍ക്കണ്ഠ കൊണ്ട് പ്രേക്ഷകര്‍ ചോദിച്ചുപോകും, ആരുടെ തോന്നലാണീ സിനിമ?

ലയാളവും തമിഴും കലര്‍ന്നതാണ് 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമാ ശീര്‍ഷകം. രണ്ടു ഭാഷകളും ഒന്നിന്റെ നിഴലെന്നപോലെ അതിന്റെ പോസ്റ്ററില്‍ ചേര്‍ന്നുകിടക്കുന്നു. മലയാളത്തിലേയും തമിഴിലേയും നടീനടന്മാര്‍ അഭിനയിച്ച സിനിമയില്‍ രണ്ടു ഭാഷയിലുമുള്ള സിനിമാ ഭാഗങ്ങളും ഗാനങ്ങളും സംഭാഷണങ്ങളും സമൃദ്ധമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഭാഷ, നാടകം, അഭിനയം, ജീവിതം, ഉറക്കം, ഉണര്‍ച്ച എന്നിവയെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമയുടെ ആഖ്യാനം നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത്. മലയാളികള്‍ തമിഴ് സിനിമയായും തമിഴര്‍ മലയാള സിനിമയായും കാണുമെന്നു പ്രതീക്ഷിക്കുന്ന സിനിമയാണ് 'നന്‍പകല്‍ നേരത്ത് മയക്ക'മെന്നാണ് സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും നടന്‍ മമ്മുട്ടിയും അതിനെ വിശേഷിപ്പിച്ചത്. ആരുടെ തോന്നലുകളാണ് ഇത്രനേരം സ്‌ക്രീനില്‍ കണ്ടതെന്ന ആലോചന    സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരെ പിന്നെയും പിന്തുടര്‍ന്നെത്തും.

സിനിമയുടെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ കാണുന്ന കര്‍ട്ടനും കൂടെ കേള്‍ക്കുന്ന സംഗീതവുമെല്ലാം സിനിമയുടെ വഴിയില്‍ നാടകവുമുണ്ടെന്ന ധാരണകളിലേക്കു പ്രേക്ഷകനെ നയിക്കും. എന്നാല്‍, ഒരു നാടകം സിനിമയോടൊപ്പം ആദ്യന്തമുണ്ടായിരുന്നുവെന്ന് അവസാനരംഗത്തില്‍ അത്രനേരവും പ്രേക്ഷകരുടെ കാഴ്ച പതിയാത്ത നാടകവണ്ടിയുടെ ബോര്‍ഡ് കാണുമ്പോഴാണ് അറിയുന്നത്. സിനിമയുടെ ക്രെഡിറ്റ് സ്‌കോറിനൊപ്പം നാടകാവതരണത്തിന്റെ ധാരാളം നിശ്ചല ചിത്രങ്ങളുമുണ്ട്. ചില സംഭാഷണങ്ങളെല്ലാം നാടകാവതരണവുമായി കൂട്ടിയിണക്കപ്പെടുന്നത് അവസാന രംഗത്തോടെയാണ്. അതിനാല്‍ അവസാനത്തില്‍നിന്ന് ആദ്യത്തിലേക്കു തിരിച്ചു സഞ്ചരിക്കേണ്ട കാഴ്ചവണ്ടിയുമാണത്. ഒരു നാടകവണ്ടിയും അതില്‍ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു പോയി തിരിച്ചുവരുന്ന നാടകപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നതാണ് സിനിമ ആവിഷ്‌കരിക്കുന്ന പ്രഥമിക യാഥാര്‍ത്ഥ്യം. നാടകവണ്ടിയാണെങ്കിലും അതിലെ യാത്രക്കാരെല്ലാവരും നടീനടന്മാരല്ല. നാടകവും ജീവിതവും ഒരുമിച്ച് അതില്‍ യാത്ര ചെയ്യുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. തിരുവള്ളുവര്‍ എന്നു കേട്ടപ്പോള്‍ അത് നാടകത്തിനിടാന്‍ പറ്റിയ പേരാണെന്ന് അവരിലൊരാള്‍ക്കു തോന്നുന്നു. നാടകമേ ഉലകം എന്ന ആര്‍ക്കുമെപ്പോഴും പറയാവുന്ന വാക്യം കൊണ്ട് മറ്റൊരാള്‍ ജീവിതത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. 

കഥയും കാര്യവും പോലെയാണ് നാടകവും ജീവിതവും. ഒന്ന് യാഥാര്‍ത്ഥ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ മറ്റേത് അതിന്റെ വിപരീതമെന്നതാണ് പൊതുബോധം. നാടകത്തില്‍നിന്നു സിനിമയിലേക്ക് ഒരു നേര്‍വഴിയുണ്ട്. നാടകവണ്ടികളില്‍ കയറിയെത്തിയവയാണ് മലയാളത്തിലെ ആദ്യകാല സിനിമകളെല്ലാം. നാടകവും നാടകവണ്ടിയുമെല്ലാം പ്രമേയമായ മികച്ച സിനിമകള്‍ മലയാളത്തിലുണ്ട്. മലയാളത്തിലെ മികച്ച നാടകങ്ങള്‍ പലതും സിനിമകളായിട്ടുമുണ്ട്. സിനിമാഭാഷയിലേക്കു ലയിച്ചുകഴിഞ്ഞാല്‍ പിന്നെ നാടകം ബാക്കിയില്ലെങ്കിലും നാടകത്തിലെ ജീവിതം സിനിമയിലും നിലനില്‍ക്കും. എന്നാല്‍, 'നന്‍പകലി'ല്‍ അങ്ങനെയൊരു നാടകമില്ല. നടീനടന്മാരുടെ ജീവിതസംഘര്‍ഷമോ നാടകം നേരിടുന്ന പ്രതിസന്ധിയോ സിനിമയുടെ പ്രത്യക്ഷ വിഷയമല്ല. ദിവ്യാത്ഭുതങ്ങള്‍ക്കു കേളികേട്ട വേളാങ്കണ്ണി മാതാവിനെ കണ്ട് മടങ്ങുന്ന മദ്ധ്യതിരുവിതാംകൂര്‍ ക്രിസ്ത്യാനികളാണവര്‍. എന്നാല്‍, ഒരുച്ചമയക്കത്തോടെ അവരുടെ യാത്ര യാഥാര്‍ത്ഥ്യത്തിന്റെ ദേശാതിര്‍ത്തികള്‍ മാറ്റിവരയ്ക്കുന്നു.

വിപരീതദ്വന്ദ്വങ്ങളെന്നു കരുതുന്ന പലതിനേയും പരസ്പരപൂരകമാക്കുന്ന പ്രക്രിയ സിനിമയിലെങ്ങുമുണ്ട്. നാടകവും ജീവിതവും പോലെ സിനിമയിലെ രണ്ടു പ്രധാന കാര്യങ്ങളാണ് ഉറക്കവും ഉണര്‍ച്ചയും. അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം സഹയാത്രികരെ ഉറക്കത്തില്‍നിന്നു വിളിച്ചുണര്‍ത്തുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. രണ്ടു പ്രാവശ്യം മുട്ടിവിളിച്ചിട്ടും പലരും ഉറക്കമുണരുന്നില്ല. കൗണ്ടറില്‍ താക്കോലേല്പിക്കാന്‍ നേരത്ത് ജെയിംസും ഉറക്കം ശരിയാവാത്തതിനെക്കുറിച്ചു പറയുന്നു. അവിടെ വച്ച് ''ഉറങ്ങുന്നത് മരണം, ഉറങ്ങി എഴുന്നേല്‍ക്കുന്നത് ജനനം'' എന്നര്‍ത്ഥമുള്ള തിരുക്കുറള്‍ വചനം മാനേജര്‍ ജെയിംസിനു വിശദീകരിച്ചു കൊടുക്കുന്നു. യാത്രയ്ക്കിടയില്‍ ഉച്ചമയക്കം വിട്ടുണര്‍ന്ന ജെയിംസ് വണ്ടി നിര്‍ത്തിച്ച് ഒരു തമിഴ് ഗ്രാമത്തിലേക്ക് നടന്നുപോകുന്നതോടെ യാഥാര്‍ത്ഥ്യമെന്ന പൂര്‍വ്വനിശ്ചിത സങ്കല്പം കലങ്ങിപ്പോകുന്നു. എങ്കിലും പ്രേക്ഷകര്‍ സ്വാഭാവിക രീതിയില്‍ കുറേദൂരം കൂടി യാഥാര്‍ത്ഥ്യമെന്ന കാര്യകാരണങ്ങളെ പിന്തുടരുന്നു.

തങ്ങളുടെ ആഗ്രഹപൂര്‍ത്തി വരുത്തുന്ന ദൈവം തമിഴിലാണുള്ളതെങ്കിലും ജെയിംസിനും കൂടെയുള്ളവര്‍ക്കുമൊന്നും തമിഴിനോട് ഒരു മമതയുമില്ലെന്ന് ആദ്യം തൊട്ടേ വ്യക്തമാണ്. അവരിലാര്‍ക്കും ആ ഭാഷ അറിയുകയുമില്ല. ലോഡ്ജിലെ കൗണ്ടറില്‍ തൂക്കിയ ചിത്രം ആരുടേതാണെന്ന് ജെയിംസ് അന്വേഷിക്കുന്നു. അത് തിരുവള്ളുവരുടെതാണെന്നു കേട്ട് ഇയാളുടെ പ്രതിമ കന്യാകുമാരിയിലുണ്ടല്ലോയെന്നും സുനാമിയില്‍ അതിനുമേലെ തിരയടിച്ചു കയറിയല്ലോ എന്നുമൊക്കെ ആകെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടാണ് ജെയിംസിന്റെ വര്‍ത്തമാനം. എന്നാല്‍, തിരുവള്ളുവര്‍ക്കുമേല്‍ ഒരു തിരയും കയറില്ലെന്ന ദൃഢവിശ്വാസം മാനേജര്‍ക്കുണ്ട്. തിരുവള്ളുവര്‍ എന്നത് നാടകത്തിനു നല്‍കാന്‍ പറ്റിയ പേരു മാത്രമാണ് ജെയിംസിന്. പിന്നീട് വാഹനത്തില്‍ തമിഴ് പാട്ടു കേട്ട് അസ്വസ്ഥനാവുകയും മലയാളം പാട്ടു വെയ്ക്കാനാവശ്യപ്പെടുകയും ചെയ്യുന്ന അയാള്‍ ഒരു നട്ടുച്ച മയക്കത്തില്‍ നിന്നുണരുന്നതോടെ വേറൊരാളാവുകയാണ്. ചോളവയലുകള്‍ക്കു നടുവില്‍ വണ്ടി നിര്‍ത്തിച്ച് പരിചിതമായ വഴികളിലൂടെ ഒരു തമിഴ് ഗ്രാമത്തിലേക്കു ചെന്നുകയറുകയും ചെന്നപാടെ അയയില്‍നിന്ന് ഒരു ലുങ്കിയെടുത്ത് തമിഴ് രീതിയില്‍ ഉടുത്ത് രണ്ടു കൊല്ലം മുന്‍പ് കാണാതായ സുന്ദരമായി മാറുകയും ചെയ്യുന്നു. പശുവിനു വൈക്കോലിട്ടു കൊടുക്കുകയും നായയെ ലാളിക്കുകയും അന്ധയായ സ്ത്രീക്കു വെറ്റില തെറുത്തു കൊടുക്കുകയും ചെയ്ത ശേഷം നേരെ അടുക്കളയിലേക്കാണ് ചെന്നുകയറുന്നത്. അടുക്കളയില്‍ സാധനങ്ങളൊന്നുമില്ലാത്തതിനു ഭാര്യയായ പൂവള്ളിയെ സ്‌നേഹപൂര്‍വ്വം ശാസിക്കുന്നു. പ്രകൃതി, പാര്‍പ്പിടം, വസ്ത്രം, ആഹാരം എന്നീ വഴികളിലൂടെയാണ് ജെയിംസ് സുന്ദരമായി മാറുന്നതും തമിഴ് സംസാരിക്കാനാരംഭിക്കുന്നതും. നാടും ജീവിതവും തന്നെയാണ് ഭാഷയായി മാറുന്നത്. ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിരുകള്‍ ആരുമറിയാതെ അലിഞ്ഞുപോകുന്നു. 

ലിജോ ജോസ് പെല്ലിശ്ശേരി
ലിജോ ജോസ് പെല്ലിശ്ശേരി

അന്യഭാഷയും ദേശാന്തരതയും

ഭാഷകൊണ്ടു സൃഷ്ടിക്കപ്പെട്ടതാണ് ദേശാതിര്‍ത്തികളെല്ലാം. നിശബ്ദ സിനിമയുടെ കാലത്ത് ദേശാന്തരത സൃഷ്ടിക്കാന്‍ ദൃശ്യഭാഷ മാത്രം മതിയായിരുന്നു. പിന്നീട് ശബ്ദകാലം വന്നതോടെ ഭാഷകൊണ്ടാണ് ദേശാതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടത്. 'നന്‍പകലി'ല്‍ രണ്ടു ദേശങ്ങളെ വേര്‍തിരിക്കുന്നത് ഭാഷകള്‍ തന്നെയാണ്. തമിഴിനോട് ഒരു താല്പര്യവുമില്ലാതിരുന്ന ജെയിംസ് പെട്ടെന്ന് തമിഴ് സംസാരിക്കാന്‍ തുടങ്ങുന്നു. തമിഴ് ജീവിതവും ചലനങ്ങളുമായി ശരീരപരിണാമം സംഭവിക്കുന്നു. ചായയില്‍ മധുരം കൂടിയതിനെക്കുറിച്ച് പരാതിപ്പെട്ട ജെയിംസ്, പുതിയ ശരീരത്തില്‍ മധുരപ്രിയനാകുന്നു. തമിഴ് ഗാനങ്ങളും സിനിമാ സംഭാഷണങ്ങളും അനുകരിക്കുന്നു. സിനിമയുടെ അന്തരീക്ഷത്തിലാണ് തമിഴ് ജീവിതം അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, ജെയിംസിന്റെ സഹയാത്രികരിലൊരാള്‍ക്കും ആ ജീവിതവും ഭാഷയും പിടികിട്ടിയിട്ടില്ല. മലയാളി കാണുന്ന അന്യജീവിതം, അന്യഭാഷ എന്ന വേര്‍തിരിവില്‍ തന്നെയാണ് അവരതിനെ കാണുന്നത്. ഒരു പരിധിവരെ സിനിമയുടെ കാഴ്ചയുമാണത്.

തിരിച്ചു ചെല്ലാന്‍ ആവശ്യപ്പെടുന്ന കുടുംബത്തോടും സഹയാത്രികരോടും സുന്ദരം ക്ഷുഭിതനാകുന്നു. 'ഇത് എന്‍ ഊര്‍' എന്നു പറഞ്ഞു മണ്ണില്‍ കിടക്കുന്നു. അവരൊക്കെ എന്താണ് മലയാളം പറയുന്നതെന്നും മലയാളത്താന്മാര്‍ വന്നു തന്നോട് ഊരു വിട്ടുപോകാന്‍ ആവശ്യപ്പെടുന്നതെന്തിനാണെന്നും അയാള്‍ക്കു മനസ്സിലാവുന്നില്ല. ജെയിംസിന്റെ നടപ്പും ഇരിപ്പും വര്‍ത്തമാനങ്ങളുമെല്ലാം സുന്ദരത്തിന്റേതുപോലെയുണ്ടെന്ന് പൂവള്ളിക്കും സുന്ദരത്തിന്റെ പിതാവിനുമെല്ലാം അഭിപ്രായമുണ്ട്. പൂവള്ളി വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ. പഴയൊരു ഷര്‍ട്ട്, അതിന്റെ മണം, വാച്ച്, ഫോട്ടോ എന്നിവകൊണ്ട് ഭര്‍ത്താവിന്റേയും തന്റേയും ഭാഷയില്ലാത്ത ജീവചരിത്രം അവള്‍ രചിക്കുന്നു. രണ്ടു ഭാഷകള്‍ക്കിടയില്‍ അജ്ഞാതഭാഷയില്‍ വിനിമയം നടത്തുന്ന രണ്ടുപേര്‍ പൂവള്ളിയും ജെയിംസിന്റെ ഭാര്യ സാലിയുമാണ്.

സുന്ദരത്തിന്റെ ശരീരത്തിലേക്കും മനസ്സിലേക്കും പകര്‍ന്നാട്ടം നടത്തിയെങ്കിലും ആ ഗ്രാമത്തിലുള്ളവരാരും തന്നെ തിരിച്ചറിയുന്നില്ലെന്ന് ജെയിംസിനു ക്രമേണ മനസ്സിലാവുന്നുണ്ട്. വില്‍പ്പനക്കായി കൊണ്ടുപോയ പാല്‍ ആരും വാങ്ങാന്‍ കൂട്ടാക്കിയില്ല. തനിക്കു പരിചിതനായിരുന്ന ബാര്‍ബര്‍ ആറു മാസം മുന്‍പ് മരിച്ച കാര്യവും ഗ്രാമത്തില്‍ പുതിയ കോവില്‍ ഉയരുന്നതുമൊന്നും അയാളിലെ സുന്ദരം അറിഞ്ഞിട്ടില്ല. ബാര്‍ബറുടെ വൈകിയറിഞ്ഞ മരണവാര്‍ത്തയോടെ സുന്ദരമല്ല താനെന്ന തിരിച്ചറിവ് ഏറെക്കുറെ സമ്പൂര്‍ണ്ണമാവുകയാണ് (പിന്നെ ബാക്കിയുള്ളത് ബലികര്‍മ്മംപോലെയുള്ള ഉച്ചയൂണും മരണസമാനമായ ഉറക്കവും മാത്രമാണ്). ചുമരില്‍ തൂക്കിയ ബാര്‍ബറുടെ ചിത്രവും കണ്ണാടിയില്‍ കാണുന്ന സ്വന്തം ചിത്രവും തമ്മില്‍ സമീകരിക്കപ്പെടുന്നു. സുന്ദരം അപ്രത്യക്ഷനായ ശേഷം ഗ്രാമത്തില്‍ സംഭവിച്ച കാര്യങ്ങളാണ് അയാള്‍ക്ക് അജ്ഞാത മായിരിക്കുന്നത്. തിരോധാനത്തിനുശേഷം സുന്ദരത്തിന് ആ ഗ്രാമത്തില്‍ പിന്നെ ജീവിതമില്ല.
തമിഴ് സ്വത്വം അടയാളപ്പെടുത്താന്‍ ഉപയോഗിക്കപ്പെടുന്ന പഴയ സിനിമകളും ഗാനങ്ങളും അതിലെ സംഭാഷണങ്ങളിലെ പ്രകടനാത്മകതയും മുഴക്കങ്ങളും നാടകപ്രേമിയേയും സിനിമാ പ്രേമിയേയും ഒരുപോലെ ഭൂതകാലത്തില്‍ കൊണ്ടെത്തിക്കും. യഥാര്‍ത്ഥത്തില്‍ മലയാള/തമിഴ് സിനിമാ പാരമ്പര്യങ്ങള്‍കൊണ്ടാണ് മനുഷ്യജീവിതം സിനിമയില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ടെലിവിഷനിലും പൊതുസ്ഥലത്തുമെല്ലാം മുഴങ്ങുന്ന സിനിമാ സംഭാഷണങ്ങളും ഗാനങ്ങളും ചേര്‍ന്നു സിനിമയ്ക്കാകെ ഒരു തിയേറ്റര്‍ അന്തരീക്ഷം നല്‍കുന്നുണ്ട്. വസ്തുക്കളുടെ ഭൗതികതയെ മാത്രം ആസ്പദമാക്കി യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കുന്ന പൊതുപ്രവണതയുടെ ഭാഗമല്ല അത്.

2
ഭാവനയെക്കുറിച്ചും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും സിനിമയെ മുന്‍നിര്‍ത്തിയല്ലാതെ ചിന്തിച്ച ഫ്രെഞ്ച് തത്ത്വചിന്തകനായ കാസ്റ്റോറിയാഡിസ് (Cornelius Castoriadis) മനുഷ്യന്‍ തന്നെ ഒരു ഭാവനയാണെന്നു കരുതി. സ്വപ്നങ്ങള്‍, കലാ-സാംസ്‌കാരിക വസ്തുക്കള്‍ എന്നിവയെല്ലാം മനുഷ്യഭാവനയില്‍നിന്നുണ്ടാവുന്ന സാമഗ്രികളാണെങ്കിലും സത്തയെക്കുറിചുള്ള അന്വേഷണങ്ങളിലൊന്നും അവ പ്രാഥമികമായി പരിഗണിക്കപ്പെടുന്നില്ല. പകരം മനുഷ്യഭാവനയില്‍നിന്ന് അകന്നുനില്‍ക്കുന്ന ഭൗതിക വസ്തുക്കളും പ്രകൃതിയുമൊക്ക പ്രഥമ പരിഗണന നേടുന്നതിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്.

സിനിമ മായക്കാഴ്ചകളോ ഭ്രമകല്പനകളോ (illusions or fantasies) അല്ല യാഥാര്‍ത്ഥ്യമാണ് സൃഷ്ടിക്കുന്ന(cinema produces realtiy)തെന്നതാണ് ദെല്യൂസി(Gilles Deleuze)ന്റേയും കാഴ്ചപ്പാട്. അതിനാല്‍ത്തന്നെ സിനിമ മറ്റേതെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമോ പ്രതിനിധാനമോ അല്ല. പില്‍ക്കാലത്ത് സിനിമയിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചു ചിന്തിച്ചവര്‍ (Richard Rushton/Tom Gunning) സിനിമകളാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്വഭാവം തന്നെ മാറ്റിയതെന്നു വിലയിരുത്തി. സിനിമ സ്വപ്നം കാണാന്‍ പുതിയ വഴികളൊരുക്കുകയും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ പുതിയ മണ്ഡലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ലൂമിയര്‍ സഹോദരന്മാരുടെ സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നുനില്‍ക്കുന്ന തീവണ്ടി എന്ന യാഥാര്‍ത്ഥ്യമല്ല, അത്തരമൊരു അത്ഭുതക്കാഴ്ചയൊരുക്കിയ യന്ത്രത്തിന്റെ യാഥാര്‍ത്ഥ്യമാണ് ആളുകളെ സന്തോഷ പരതന്ത്രരാക്കിയത്. സിനിമ എന്ന യാഥാര്‍ത്ഥ്യം തന്നെയാണ് അവരെ അത്ഭുതപ്പെടുത്തിയത്.

യാഥാര്‍ത്ഥ്യമെന്നത് അനുഭവങ്ങളുടെ ഭൗതികതയ്ക്കും അപ്പുറത്തു നില്‍ക്കുന്നതാണ്. ബോധമെന്നതുപോലെ അബോധവും നിത്യജീവിതത്തിന്റെ ഭാഗമാണ്. സിനിമ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വപ്നവും അബോധവുമെല്ലാം അതിലൂടെ ഫലപ്രദമായി ആവിഷ്‌കരിക്കാനാകുമെന്ന് സര്‍ റിയലിസ്റ്റുകള്‍ കരുതിയിരുന്നു. ചിത്രകലയില്‍ ഇതു ഫലപ്രദമായി നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍, അബോധത്തിന്റെ ബിംബങ്ങളൊന്നും ഫോട്ടോഗ്രാഫിപോലുള്ള യാഥാര്‍ത്ഥ്യങ്ങളായിരുന്നില്ല. ക്യാമറാ സൂത്രങ്ങള്‍കൊണ്ടു മാത്രമേ അവയുടെ സിനിമാവിഷ്‌കാരം സാദ്ധ്യമാകുമായിരുന്നുള്ളൂ. ശബ്ദയുഗം ആരംഭിച്ചതോടെ ആത്മഗതത്തിന്റെ രൂപത്തില്‍ ആന്തരിക യാഥാര്‍ത്ഥ്യങ്ങളും അബോധവുമെല്ലാം സിനിമയില്‍ ആവിഷ്‌കൃതമാവാന്‍ തുടങ്ങി. ഭാഷയാണ് അവിടെ സഹായത്തിനെത്തിയത്. അതോടെ ദൃശ്യങ്ങള്‍ക്കുണ്ടായിരുന്ന പ്രാമാണ്യം കുറയുകയും സിനിമ പൊതുവെ ആഖ്യാന സ്വഭാവം കൈക്കൊള്ളുകയും ചെയ്തു. ദൃശ്യബിംബങ്ങള്‍ മാത്രം ഉപയോഗിച്ച് അബോധ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിക്കാനുള്ള പരിശ്രമം സിനിമപോലൊരു കലയെ കൂടുതല്‍ ദുര്‍ഗ്രഹമാക്കുന്നതുമായിരുന്നു.

ചിത്രത്തിൽ നിന്നുള്ള രം​ഗം
ചിത്രത്തിൽ നിന്നുള്ള രം​ഗം

ഏതു തരം ആഖ്യാനവുമെന്നപോലെ സിനിമയും റിയലിസവുമായുള്ള ചില ഉടമ്പടികളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, സിനിമയുടെ ആഖ്യാനഘടന പില്‍ക്കാലത്ത് പലവിധത്തില്‍ കുഴഞ്ഞുമറിഞ്ഞു. ഭൂതവും വര്‍ത്തമാനവും സ്ഥലകാലങ്ങളും അവയില്‍ പലവിധത്തില്‍ കൂടിക്കലര്‍ന്നു. സംസ്‌കാരവും ഭാഷകളും അബോധങ്ങളും ഇന്നു സിനിമയില്‍ പലവിധത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു. സിനിമ അതിന്റെ സ്വന്തം യാഥാര്‍ത്ഥ്യം സ്വയം നിര്‍മ്മിച്ചു കൊണ്ടേയിരിക്കുന്നു.

ഏതു ഭ്രമാത്മകതയേയും പരസ്പരം കൂട്ടിയിണക്കുന്ന പാലം റിയലിസത്തിന്റേതാണ്. ശൂന്യതയില്‍നിന്നു ഭ്രമാത്മകതയ്ക്കു രൂപം കൊള്ളാനാവില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ പ്രത്യക്ഷത്തില്‍ യഥാര്‍ത്ഥവും നേര്‍രേഖയിലുള്ളതുമായ ആഖ്യാനഘടന പിന്തുടരുന്നവയാണ്. എന്നാല്‍, ആഖ്യാനത്തിന്റെ ഒരു ഘട്ടത്തില്‍ ഭ്രമാത്മകമെന്നോ മാജിക്കല്‍ റിയലിസമെന്നോ പറയാവുന്ന ഘടനയിലേക്കു സിനിമ മാറുന്നു. ഈ മാറ്റം അതുവരെ പിന്തുടര്‍ന്നു പോന്ന ആഖ്യാനത്തോട് വിച്ഛേദം പുലര്‍ത്താത്തതിനാല്‍ പ്രേക്ഷകന് അതു പിന്തുടരാന്‍ ആയാസം വേണ്ടിവരുന്നില്ല. അങ്ങനെ സിനിമ ആകെത്തന്നെ ഒരു ഭ്രമാത്മകാനുഭവമായി പുനഃക്രമീകരിക്കാനോ റിയലിസ്റ്റ് ഘടനയില്‍ത്തന്നെ അതിനെ നിലനിര്‍ത്താനോ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകനു ലഭിക്കുന്നു. സിനിമയിലാകെ നിലനിന്ന ഭ്രമാത്മകമായ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം അതോടെ തിരിച്ചറിയപ്പെടുകയും ചെയ്യും.

'ആമേന്‍' എന്ന സിനിമയില്‍ കുമരംകരി എന്ന ഗ്രാമം സാങ്കല്പികമെങ്കിലും അവിടുത്തെ ജീവിതസന്ദര്‍ഭങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. ഫാദര്‍ വിന്‍സന്റ് വട്ടോളി എന്ന കഥാപാത്രം യാഥാര്‍ത്ഥ്യമായിരുന്നോ എന്ന സംശയമുയരുമ്പോഴും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ സംഭവിച്ചതെല്ലാം യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. അത്ഭുതപ്രവൃത്തികളിലൂടെയല്ല വിന്‍സന്റ് വട്ടോളി വരുന്നതും പോകുന്നതും.

'ഇ.മ.യൗ'വില്‍ ഇതു മരണവും ജീവിതവും കൂടിക്കലര്‍ന്ന ഒരു നിഴല്‍നാടകമായിത്തീരുന്നു. മഴകൊണ്ട് സൃഷ്ടിക്കപ്പെടുന്ന മാന്ത്രിക യാഥാര്‍ത്ഥ്യത്തിന്റെ ഒരന്തരീക്ഷവും അതിലുണ്ട്. അതിനിടയില്‍ ഭക്ഷണവും ചവിട്ടുനാടകവും അടിപിടികളുമെല്ലാം ചേര്‍ന്ന ജീവിതാഘോഷവും നടക്കുന്നു. മറുകര തേടി ആത്മാക്കള്‍ നിരന്നുനില്‍ക്കുന്ന അന്ത്യരംഗത്തോട് ഇതെല്ലാം ചേര്‍ത്തു വെക്കുമ്പോള്‍ യാഥാര്‍ത്ഥ്യം പതിവുകാഴ്ചയല്ലാതാവും. 'അങ്കമാലി ഡയറീസി'ല്‍ അത് ഭക്ഷണവും പന്നിമാംസവും കൈബോംബും സംഘര്‍ഷങ്ങളും ചേര്‍ന്ന അസാധാരണമായ ഭൗതികലോകമാണ്. 'ജെല്ലിക്കെട്ടി'ല്‍ ഒരു പോത്ത് വിരണ്ടോടിയ പോത്തിനെ പിന്തുടരുന്നതിനു സമാന്തരമായി ഭക്ഷണാഘോഷങ്ങളും പ്രണയവും പകയുമെല്ലാം കൊണ്ടാടപ്പെടുന്നു. ആസന്നമരണനായൊരാള്‍ കാണുന്ന സ്വപ്നമോ യാഥാര്‍ത്ഥ്യമോ ആയ പോത്തിന്റെ ദൃശ്യംകൊണ്ട് അവസാന രംഗം അതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയും ചെയ്യുന്നു. ആ ഒറ്റരംഗംകൊണ്ട് അതുവരെ ഓടിയ പോത്തും പിന്നാലെ ഓടിയ മനുഷ്യരുമെല്ലാം യാഥാര്‍ത്ഥ്യത്തിന്റെ വ്യത്യസ്തമായ ആഖ്യാനമാവുന്നു. 'ചുരുളി'യില്‍ യാഥാര്‍ത്ഥ്യവും അതീതയാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍ത്തി വിഭജനം ജീപ്പ് മരപ്പാലം കടക്കുന്നതോടെ തന്നെ ആരംഭിക്കുന്നുണ്ട്. അവിടെ ഒരേ ഭാഷയുടെ വ്യാകരണ നിയമങ്ങള്‍ക്കകത്ത് മറ്റൊരു ഭാഷ നിലനില്‍ക്കുന്നുണ്ട്. ഭാഷയും ജീവിതക്രമങ്ങളും വേറൊന്നായ മറ്റൊരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അക്കരെ നിന്നെത്തിയവര്‍ക്കും ബോദ്ധ്യമാവുന്നു. കഥകള്‍ക്കുമേല്‍ കഥകളും വഴിതെറ്റിയ യാത്രയുമായി അവര്‍ അതിനകത്തു കറങ്ങുകയാണ്. 

ഒന്നിനൊന്നു വ്യത്യസ്തമാണെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളെ ചേര്‍ത്തു നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. അവയിലൊന്നു യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷവും സമന്വയവുമാണ്. ഭാഷയുടെ ഫോക്ലോര്‍ സാദ്ധ്യതകളും വൈവിദ്ധ്യങ്ങളും സിനിമകളില്‍ നന്നായി ഉപയോഗപ്പെടുത്തിയ സംവിധായകനാണ് ലിജോ ജോസ്. ഫോക്ലോറുകള്‍, ഭാഷ, ഭക്ഷണം, ക്രിസ്തീയത, ജനസഞ്ചയം എന്നിവയെല്ലാം അവയുടെ പൊതു ഘടകങ്ങളാണ്. 'നന്‍പകല്‍' ഈ ഘടനയില്‍ അല്പം ഭേദഗതി വരുത്തുന്നു. മറ്റു സിനിമകളെ അപേക്ഷിച്ച് ജനക്കൂട്ടം ചെറുതാവുകയും അവരുടെ വൈകാരിക സ്വഭാവത്തിനും ഉച്ചസ്ഥായിയിലുള്ള വിനിമയങ്ങള്‍ക്കും സിനിമയിലാകെ നിലനില്‍ക്കുന്ന കാര്‍ണിവല്‍ അന്തരീക്ഷത്തിനും മാറ്റമുണ്ടാവുകയും ചെയ്യുന്നു. മലയാള ഭാഷയുടെ വൈവിദ്ധ്യങ്ങള്‍ മുന്‍ സിനിമകളില്‍ പല മട്ടിലുപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടെ മറ്റൊരു ലിപി ഘടനയും വ്യാകരണ നിയമവും ദേശാതിര്‍ത്തിയുമുള്ള തമിഴാണ് വൈരുദ്ധ്യങ്ങള്‍ക്ക് അടിസ്ഥാനം. വസ്ത്രം മാറിയുടുക്കുന്നതോടെ അതിസാധാരണമായി ഭാഷയും ജീവിതവും മറ്റൊന്നാവുന്ന മാജിക്കല്‍ റിയലിസത്തിലേക്ക് പ്രേക്ഷകരും പ്രവേശിക്കുന്നു. വീടുവിട്ടുപോയ തമിഴ് ഗ്രാമീണന്‍ സുന്ദരമായി ജെയിംസ് മാറുന്നതോടെ സിനിമ യഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു തലത്തിലേക്കു പ്രവേശിക്കുന്നു. മാന്ത്രികമായി അപ്രത്യക്ഷനായ സുന്ദരത്തിന്റേയും കുടുംബത്തിന്റേയും യാഥാര്‍ത്ഥ്യമാണ് മാന്ത്രിക ഘടനയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അതോടെ യാത്രയും ഉറക്കവും പാട്ടും വര്‍ത്തമാനങ്ങളുമായി വിരസമായി കഴിഞ്ഞിരുന്ന കഥാപാത്രങ്ങളും സിനിമയും കഥാപരിണാമത്തെക്കുറിച്ചുള്ള പലവിധ ഉദ്വേഗങ്ങളിലേക്കു കടക്കുകയാണ്. അതുവരെയുള്ള യാഥാര്‍ത്ഥ്യവും അതിന്റെ തുടര്‍ച്ചയല്ലാത്ത പുതിയ യാഥാര്‍ത്ഥ്യവും സിനിമയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സന്ധിയാവുമെന്നു സിനിമയിലും പുറത്തുമുള്ള പ്രേക്ഷകര്‍ പ്രതിക്ഷിക്കുന്നു. തുടര്‍ന്നങ്ങോട്ട് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ആശങ്കകളിലും തോന്നലുകളിലേക്കും പ്രേക്ഷകര്‍ക്കും പ്രവേശിക്കേണ്ടിവരുന്നു.

ജെയിംസും സഹയാത്രികരും അവരുടെ യാത്രകളും വാഹനവുമെന്നപോലെ മറ്റൊരു യാഥാര്‍ത്ഥ്യമാണ് അപ്രത്യക്ഷനായ സുന്ദരനും അയാളുടെ ഭാര്യയും കുടുംബവുമെല്ലാം. അതൊരു തമിഴ് ഗ്രാമമാണെന്നതും ജെയിംസിന്റേയും കൂട്ടരുടേയും ജീവിതപശ്ചാത്തലമല്ല അവരുടേതെന്നതുമാണ് വാഹനത്തിലുള്ളവരുടെ കാഴ്ചയില്‍ അതിനെ മറ്റൊരു യാഥാര്‍ത്ഥ്യമാക്കുന്നത്. ജെയിംസ് അതിനോടിടപഴകി തുടങ്ങുകയും സുന്ദരം എന്ന ഗ്രാമീണനായി മാറുകയും ചെയ്യുമ്പോഴാണ് സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളുമാരംഭിക്കുന്നത്. ജെയിംസ് തമിഴ് രീതിയില്‍ മുണ്ടുടുക്കുകയും തമിഴ് സംസാരിക്കുകയും നാടുകാരോട് പഴയ സിനിമാ ഡയലോഗ് പറയാനാരംഭിക്കുകയും ചെയ്യുമ്പോള്‍ സഹയാത്രികര്‍ക്ക് അത് അസാധാരണവും അവ്യവസ്ഥയുമായി മാറുന്നു. അയാള്‍ അഭിനയിക്കുകയാണോ എന്നൊരാള്‍ സംശയിക്കുന്നു. വാഹനത്തിലുള്ളവരുടെ പിന്നാലെ ഗ്രാമത്തിലെത്തുന്ന പ്രേക്ഷകര്‍ക്ക് ഭാഷയും വേഷങ്ങളും വീടുകളും ഇടുങ്ങിയ വഴികളും ഉച്ചനേരത്തെ ഉറക്കവും തൊട്ട് അവിടെ കാണുന്നതെല്ലാം അസാധാരണമാണ്. വെറും നിലത്തിരുന്നു കറുത്ത കണ്ണടയും വെച്ച് രാവിലെ മുതല്‍ ടി.വി 'കണ്ടാസ്വദിച്ച്' പൊട്ടിച്ചിരിക്കുന്ന അന്ധയായ വൃദ്ധയും അതിലൊന്നാണ്. അവര്‍ കാണുന്ന (കേള്‍ക്കുന്ന) തെല്ലാം അവരുടെ മാത്രം കാഴ്ചയാണ്. ഒച്ചയും ഗന്ധവും സ്പര്‍ശവുമൊക്കെയായിട്ടാണ് അവര്‍ ലോകത്തെ അറിയുന്നത്. കറുത്ത കണ്ണട തന്നെ തമിഴ് സിനിമയുടെ ഭൂതകാലത്തിന്റെ പ്രതീകമാണ്. അവിടെ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരേ ഒരു മുഖവും ആ വൃദ്ധയുടേതാണ്. അവര്‍ മാത്രം ഉറങ്ങുന്നതായി ആരും കാണുന്നില്ല. എങ്കിലും അവരുടെ നിലമറന്നുള്ള ചിരിയില്‍ എന്താണ് മറഞ്ഞിരിക്കുന്നതെന്ന് ആര്‍ക്കറിയാം. അന്ധയായ ആ സ്ത്രീ വഴി മാത്രമേ ജെയിംസിനു സുന്ദരമായി മാറി ആ വീട്ടില്‍ കയറിപ്പറ്റാന്‍ കഴിയുമായിരുന്നുള്ളൂ. 

മമ്മൂട്ടി നൻപകൽ നേരത്ത് മയക്കം
മമ്മൂട്ടി നൻപകൽ നേരത്ത് മയക്കം

3
ഒരു സിനിമയും കണ്ട് കാണികളാരും വെറുതെ പിരിഞ്ഞുപോവുകയില്ല. സിനിമയില്‍ കഥ തേടുന്നവര്‍ യുക്തിപരമായ പര്യവസാനമുണ്ടായൊ എന്നു ചിന്തിച്ചു വീട്ടിലെത്തിയാലും തിയേറ്ററില്‍ നിന്നിറങ്ങിയിട്ടുണ്ടാവില്ല. അയുക്തികതകളുടെ ആകാശഗോപുരങ്ങളും സംസ്‌കാരം, ഭാഷ, ചരിത്രം, സിനിമയുടെ വ്യാകരണം തുടങ്ങി യുക്തിയുടെ ചില അസ്ഥിവാരങ്ങളിലാണ് നിലനില്‍ക്കുന്നത്. ആഖ്യാനം കൊണ്ടുതന്നെ ആഖ്യാന നൈരന്തര്യത്തേയും ഇല്ലാതാക്കുന്നത് പുതിയ കാര്യമല്ല. അതുവരെ യഥാര്‍ത്ഥമായതെല്ലാം അയഥാര്‍ത്ഥമോ ഭ്രമാത്മകമോ ആയി മാറുകയും ചെയ്യും. 'നന്‍പകലി'ല്‍ അവസാന രംഗത്തില്‍ നാടകവണ്ടിയുടെ നെയിം ബോര്‍ഡും (സാരഥി തിയറ്റേഴ്സ്) അവര്‍ അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരും (ഒരിടത്ത്) വെളിവാകുകയും ജെയിംസ് അതില്‍ കയറി യാത്രയാവുകയും നായ പിന്നാലെ ഓടിച്ചെല്ലുകയും ചെയ്യുമ്പോള്‍ അതു യുക്തിപരമായ പര്യവസാനമായി ആര്‍ക്കും അനുഭവപ്പെടാനിടയില്ല. നാട്ടുകാരോടും പൂവള്ളിയോടും ഒരു നോട്ടം കൊണ്ട് യാത്ര പറഞ്ഞ് മടങ്ങിപ്പോരുകയാണെങ്കിലും സുന്ദരം ജെയിംസിനെ പൂര്‍ണ്ണമായി വിട്ടുപോയിട്ടില്ല. ജെയിംസ് തന്നെ അവര്‍ക്കു വഴി കാണിക്കുകയും ബസിലിരുന്നു ഗ്രാമത്തിലേക്കു തിരിഞ്ഞുനോക്കുകയും ചെയ്യുന്നു. ബസിനു പുറകേ ഓടിവരുന്ന നായയിലുമുണ്ട് സുന്ദരം.

എല്ലാവരും മതിമറന്നുറങ്ങുന്ന ഒരു ഉച്ചമയക്കത്തിലൂടെ രണ്ടു ഭാഷകളും ദേശങ്ങളൂം സംയോജിക്കുന്നു. എന്നാല്‍, ഉറക്കമുണര്‍ന്ന് ജെയിംസിനെ വീണ്ടെടുക്കുന്നതോടെ അതു വിയോജനമാവുകയും ചെയ്യുന്നു. ആകാശവും മേഘങ്ങളും ബലിക്കാക്കകളും നിറഞ്ഞ മാന്ത്രികാന്തരീക്ഷത്തില്‍ ഒരു കൂട്ട ഉറക്കത്തിനുശേഷം ജെയിംസ് പുനര്‍ജ്ജനിക്കുമ്പോള്‍ സുന്ദരം എന്ന ജീവിതം റദ്ദാവുന്നില്ല. ഒരിക്കല്‍ ജീവിച്ചുകഴിഞ്ഞ ആ ജീവിതം അയഥാര്‍ത്ഥമെന്നു തോന്നാമെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ പിന്തുടര്‍ച്ചയാണ്. അതിന്റെ യുക്തിപരമായ നിലനില്‍പ്പ് ഭൂതകാലത്തിലാണ്. സുന്ദരം ജീവിച്ചത് അയാളിലല്ല, മറ്റുള്ളവരിലാണ്. ജെയിംസിന്റെ ജീവിതത്തിലെ 'സുന്ദരകാണ്ഡം' അയാള്‍ മറന്നാലും ഗ്രാമീണരും സഹയാത്രികരും മറക്കുകയില്ല. പൂവള്ളി ഒരുകാലത്തും മറക്കാനിടയില്ല. അയഥാര്‍ത്ഥ ജീവിതത്തിനു യാഥാര്‍ത്ഥ്യത്തിന്റെ മുദ്ര സിനിമയിലൂടെ ലഭിക്കുന്നു. സിനിമ നിര്‍മ്മിക്കുന്ന യാഥാര്‍ത്ഥ്യമാണത്.

ക്യാമറ നിശ്ചലമായിരിക്കുകയും മനുഷ്യര്‍ക്കും വസ്തുക്കള്‍ക്കും യഥേഷ്ടം ചലിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്ത സിനിമയില്‍ നിശ്ചലഫ്രെയിമുകളുടെ ഘോഷയാത്രയാണ്. രണ്ടു ഭാഷയില്‍ രണ്ടു സംസ്‌കാരങ്ങളില്‍നിന്നുള്ള ഇരുനോട്ടങ്ങള്‍ വീതം ജെയിംസ് അഥവാ സുന്ദരനില്‍ കേന്ദ്രീകരിക്കുന്ന ഫ്രെയിമില്‍ സിനിമയുടെ സത്ത മുഴുവനുമുണ്ട്. ജനലിലൂടെ പൂവള്ളിയും മകളും നോക്കുന്ന അതേ സന്ദര്‍ഭത്തില്‍ അപ്പുറത്തിരുന്ന് ജെയിംസിന്റെ ഭാര്യയും മകനും വിദൂരതയിലേക്കു നോക്കുന്നു. അവര്‍ കാണുന്നതും ഒരാളെയാവില്ല. ആ നാലു കാഴ്ചകളും അവരുടെ തോന്നലുകളും ഇതിലും മേന്മയോടെ ആവിഷ്‌കരിക്കാന്‍ സിനിമയുടെ ഫ്രെയിമിനകത്തല്ലാതെ സാദ്ധ്യമാവുകയില്ല. യഥാര്‍ത്ഥത്തില്‍ ആ നാലു നോട്ടങ്ങളും ഒന്നിനൊന്നു പൂരകമാണ്. നഷ്ടപ്പെട്ടുവെന്നോ നേടിയെന്നോ ഉറപ്പില്ലാത്ത ഫ്രെയിമിനു പുറത്തുള്ള ഒരാളെയാണ് അവര്‍ ഉറക്കമൊഴിച്ചു നോക്കിയിരിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ ഭാഷയും ദേശവും സ്ഥാനവ്യത്യാസങ്ങളും ഒന്നായിത്തീരുന്നു. ആത്മഗതങ്ങള്‍ക്കു ദൃശ്യഭാഷ നല്‍കുന്നതിന്റെ മികച്ച അനുഭവങ്ങളിലൊന്നാണത്. മറ്റൊരു ഫ്രെയിമില്‍ രാത്രിയില്‍ തെരുവു വിളക്കിന്റെ വെളിച്ചത്തില്‍ വയലിനു നടുവില്‍ നാടകവണ്ടി നില്‍ക്കുന്ന ഒരു നിശ്ചലദൃശ്യമുണ്ട്. അതു ഗ്രാമത്തില്‍നിന്നുള്ള ഒരു വിദൂരക്കാഴ്ചയാണ്. സമീപദൃശ്യത്തില്‍ വാഹനത്തിനകത്ത് വെളിച്ചവും തമിഴ് സിനിമാപ്പാട്ടുകളുമുണ്ട്. ചോള വയലുകളേയും നടുവില്‍ നിശ്ചലമായി നില്‍ക്കുന്ന നാടകവണ്ടിയേയും തഴുകി ഒരു കാറ്റ് കടന്നുപോകുന്നു. എല്ലാവരും പങ്കുചേരുന്ന ഉച്ചമയക്കത്തിന്റെ വിവിധ ഫ്രെയിമുകളിലൊന്നില്‍ ഒരു ചെറിയ കുട്ടി മാത്രം കണ്ണു തുറന്ന് ലോകത്തെ കാണുന്നു. 

ആരുടെ തോന്നലാണീ സിനിമയെന്ന് യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച തീരാത്ത ഉല്‍ക്കണ്ഠ കൊണ്ട് പ്രേക്ഷകര്‍ വീണ്ടും ചോദിച്ചുപോകും. പ്രധാനമായും ജെയിംസിന്റെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനാലും അയാളുടെ രണ്ടു മയക്കങ്ങള്‍ക്കും ഉണര്‍ച്ചകള്‍ക്കും ഇടയിലാണ് സിനിമയിലെ ക്രിയാംശമെന്നതിനാലും കണ്ടതെല്ലാം ജെയിംസിന്റെ തോന്നലായി കണക്കാക്കാന്‍ എളുപ്പമാണ്. ജെയിംസ് ചെന്നുകയറുമ്പോള്‍ പൂവള്ളിയടക്കം എല്ലാവരും ഉറക്കത്തിലാണ്. വൃദ്ധ മാത്രമാണ് ഉണര്‍ന്നിരിക്കുന്നത്. ഉറക്കവും ഉണര്‍വും തമ്മില്‍ ഭേദമില്ലാത്തതാണ് അവരുടെ ജീവിതം. ആവിഷ്‌കാര ഭാഷയില്ലാത്തതാണ് അവരുടെ തോന്നലുകള്‍. വയലുകള്‍ കടന്നു സുന്ദരം വരുന്നതും പശുവിനു വൈക്കോലിട്ടു കൊടുക്കുന്നതും അന്ധയായ അമ്മയ്ക്കു മുറുക്കാന്‍ കൊടുക്കുന്നതും തന്നെ ശാസിക്കുന്നതും മറ്റും ഉച്ചമയക്കത്തിനിടയില്‍ പൂവള്ളിക്കും സങ്കല്പിക്കാവുന്നതാണ്. സുന്ദരം ജെയിംസായി മടങ്ങുമ്പോള്‍ സിനിമ മറച്ചുപിടിക്കുന്ന പിന്‍വിളികളിലൊന്ന് പൂവള്ളിയുടേതാണ്. എങ്കിലും വണ്ടിയില്‍ കയറിയശേഷം ജെയിംസ് വയലുകള്‍ക്കപ്പുറത്തേക്കു നോക്കുന്നുണ്ട്.

അലിഞ്ഞുപോകുന്ന വാസ്തവികതയുടേയും അവാസ്തവികതയുടേയും അതിരുകളുടെ ദൃശ്യാഖ്യാനത്തില്‍ സുന്ദരത്തെ ഓര്‍ക്കാനും അതു വിലക്കുകളില്ലാതെ പരസ്യപ്പെടുത്താനുമുള്ള അവകാശം ഒരു നായയ്ക്കു കൂടി കല്പിച്ചു നല്‍കിയിരിക്കുന്നു. അതു മയങ്ങിയവരുടെ ഭൂപടത്തിലും അനുഭൂതിയുടെ ചരിത്രത്തിലും പ്രത്യേകം രേഖപ്പെടുത്തേണ്ട കാര്യമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com