'ചെലവുകള്‍ കുറയ്ക്കണം'

'ചെലവുകള്‍ കുറയ്ക്കണം'

സമ്പദ്വ്യവസ്ഥയില്‍ രൂപംകൊള്ളുന്ന പ്രശ്‌നങ്ങളോട് വിവിധ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വിപരീത സമീപനങ്ങള്‍ വ്യക്തമാക്കുന്നതാണ് അടുത്തടുത്ത ദിവസങ്ങളിലായി അവതരിപ്പിക്കപ്പെട്ട കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍

മ്പദ്വ്യവസ്ഥയില്‍ രൂപംകൊള്ളുന്ന പ്രശ്‌നങ്ങളോട് വിവിധ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വിപരീത സമീപനങ്ങള്‍ വ്യക്തമാക്കുന്നതാണ് അടുത്തടുത്ത ദിവസങ്ങളിലായി അവതരിപ്പിക്കപ്പെട്ട കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍. അമൃതകാല കുതിപ്പിനായുള്ള സപ്തഋഷി പദ്ധതി, പി.എം വികാസ്, പി.എം പ്രണാമം, ഗോബര്‍ധന്‍ യോജന, കണ്ടല്‍ പ്രദേശങ്ങള്‍ക്കായുള്ള മിഷ്ടി പദ്ധതി, നിര്‍മ്മിത ബുദ്ധി വികസിപ്പിക്കാനുള്ള ഗവേഷണ കേന്ദ്രങ്ങള്‍, ഹരിത ഹൈഡ്രജന്‍ പദ്ധതി തുടങ്ങി നിരവധി പരിപാടികളാണ് യൂണിയന്‍ ധനമന്ത്രിയായ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അതിദാരിദ്യം പരിഹരിക്കാനുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, ലൈഫ് മിഷന്‍, മേക്ക് ഇന്‍ കേരള തുടങ്ങിയവ കേരള ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലും പ്രഖ്യാപിച്ചു. ഓരോ പദ്ധതിയുടെയും മേന്മയും പോരായ്മയും തനതായ രീതിയില്‍ പരിഗണിക്കുന്നതിനപ്പുറം ബജറ്റില്‍ പ്രഖ്യാപിക്കുന്ന വിവിധ പരിപാടികളുടെയും വിവിധ മേഖലകളില്‍ നടത്താനുദ്ദേശിക്കുന്ന ചെലവ് ചെയ്യലിന്റേയും ഫലമായി സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക മാറ്റത്തിന്റെ ആകത്തുകയാണ് മുഖ്യമായി വിലയിരുത്തേണ്ടത്. എങ്കില്‍ മാത്രമേ ഏതൊരു ബജറ്റും സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കാന്‍ പോകുന്ന പൊതു സാമ്പത്തിക പ്രഭാവം (മാക്രോ ഇക്കണോമിക് ഇംപാക്ട്) മനസ്സിലാക്കാനും വിശകലനം ചെയ്യാനും കഴിയൂ. 

അതിനുള്ള മുഖ്യമായ സൂചകം വിവിധ ബജറ്റുകള്‍ നടത്താനുദ്ദേശിക്കുന്ന പൊതു ചെലവ് ചെയ്യലിന്റെ അളവാണ്. വരും വര്‍ഷത്തേക്കായി യൂണിയന്‍ ബജറ്റ് വിഭാവനം ചെയ്യുന്നത് 45 ലക്ഷം കോടി രൂപയുടെ പൊതു ചെലവ് ചെയ്യലാണ്. സമ്പദ്വ്യവസ്ഥയുടെ അളവായ 301.75 ലക്ഷം കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 14.92 ശതമാനം വരുന്ന ഇടപെടലാണ് ബജറ്റിന്റെ ഫലമായി ഉണ്ടാകാന്‍ പോകുന്നത്. കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കാനായി സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിതിയുമായി ചേര്‍ത്തുവെച്ച് വിലയിരുത്തേണ്ടതുണ്ട്. സാമ്പത്തിക സര്‍വ്വേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 'നടപ്പു' വര്‍ഷത്തെ കേവല വളര്‍ച്ചാനിരക്ക് 15.39 ശതമാനമാണ്. എന്നാല്‍, 'അടുത്ത' സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ച മാത്രമേ ബജറ്റ് വിഭാവനം ചെയ്യുന്നുള്ളൂ. അതായത് വരും വര്‍ഷത്തില്‍ സാമ്പത്തിക മാന്ദ്യം യൂണിയന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു എന്നര്‍ത്ഥം. ഈ സാഹചര്യത്തില്‍ മാന്ദ്യം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനായി സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെലവ് ചെയ്യല്‍ വര്‍ദ്ധിപ്പിക്കുകയുയാണ് വേണ്ടത്. അതിനുപകരം കഴിഞ്ഞ വര്‍ഷം നടത്തിയ 15.33 ശതമാനം പൊതു ചെലവ് ചെയ്യലില്‍നിന്നു യൂണിയന്‍ സര്‍ക്കാരിന്റെ ചെലവ് 14.92 ശതമാനമായി കുറയുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോള്‍ അതിനെ നേരിടാനായി പൊതു ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനു പകരം കുറവ് ചെയ്യുന്നതായാണ് ബജറ്റ് വ്യക്തമാകുന്നത്. സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാന്‍ ഇടയുള്ള പ്രയാസം നിറഞ്ഞ സാഹചര്യങ്ങളെ തീവ്രമാക്കുന്നതിന് ഇതു കാരണമാകും. 

എന്നാല്‍, കേരള സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് തികച്ചും വിഭിന്നമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ 'നടപ്പു' വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 12.23 ശതമാനമാണ്. 'അടുത്ത' സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് വിഭാവനം ചെയ്യുന്നത് 11.23 ശതമാനം വളര്‍ച്ചാനിരക്കാണ്. സംസ്ഥാനത്തും വളര്‍ച്ചാനിരക്ക് കുറയുന്നു എന്നര്‍ത്ഥം. എങ്കിലും അഖിലേന്ത്യാ തലത്തില്‍ പ്രതീക്ഷിക്കുന്ന 10.5 ശതമാനം വളര്‍ച്ചാനിരക്കിനേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചാനിരക്ക് കുറയുമെന്നതിനാല്‍ അതിനെ നേരിടാനുള്ള ശ്രമമാണ് സംസ്ഥാന ബജറ്റില്‍ കാണാന്‍ കഴിയുന്നത്. ബജറ്റ് കണക്കുകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ പൊതു ചെലവ് ചെയ്യല്‍ 1.76 ലക്ഷം കോടി രൂപയാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ (എസ്.ഡി.പി = സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) അളവായ 11.32 ലക്ഷം കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബജറ്റ് വിഭാവനം ചെയ്യുന്ന പൊതു ചെലവ് ചെയ്യല്‍ 15.55 ശതമാനമാണ്. നടപ്പുവര്‍ഷത്തിലെ ചെലവിനെ അപേക്ഷിച്ച് (16.38%) ഇതു കുറവാണെങ്കിലും യൂണിയന്‍ ബജറ്റിലെ 14.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന തലത്തിലാണെന്ന് കാണാവുന്നതാണ്. അതായത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന് മനസ്സിലാക്കുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടുന്നതിനായി പൊതു ചെലവ് ചെയ്യല്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് സംസ്ഥാന ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. 

ബജറ്റ് അവതരണത്തിനായി പാർലമെന്റിൽ എത്തുന്ന ധനമന്ത്രി നിർമല സീതാരാമൻ
ബജറ്റ് അവതരണത്തിനായി പാർലമെന്റിൽ എത്തുന്ന ധനമന്ത്രി നിർമല സീതാരാമൻ

യൂണിയന്‍ ബജറ്റ്: റവന്യൂ-മൂലധന ചെലവുകള്‍ 

റവന്യൂ ചെലവുകള്‍ ഉല്പാദനപരമല്ല എന്ന വിലയിരുത്തല്‍ പൊതുവേ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റവന്യൂ ചെലവുകള്‍ കുറയ്ക്കണമെന്ന ആവശ്യമാണ് ന്യൂ ക്ലാസിക്കല്‍ മാക്രോ എക്കണോമിക്‌സിന്റെ ചിന്താസരണിയുടെ സ്വാധീനത്തില്‍പെടുന്നവര്‍ നിരന്തരം ഉന്നയിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നവലിബറലിസത്തിന്റെ വക്താക്കളും ഇതുതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ വാദഗതിയുടെ സ്വാധീനം യൂണിയന്‍ ബജറ്റില്‍ പ്രകടമായിത്തന്നെ കാണാവുന്നതാണ്. 

നടപ്പു വര്‍ഷത്തെ അപേക്ഷിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 43,000 കോടി രൂപയുടെ വര്‍ധനവു മാത്രമാണ് റവന്യൂ ചെലവിനത്തില്‍ ബജറ്റ് വിഭാവനം ചെയ്യുന്നത്. ജി.ഡി.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേവലം 0.14 ശതമാനം മാത്രമാണിത്. അതുകൊണ്ടുതന്നെ റവന്യൂ ചെലവ് നിയന്ത്രിക്കുന്നതില്‍ യൂണിയന്‍ ബജറ്റ് വലിയ വിജയം നേടിരിക്കുന്നു എന്ന പ്രചാരണം വ്യാപകമായി തന്നെ നടക്കുന്നുണ്ട്. എന്നാല്‍, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. റവന്യൂ ചെലവുകള്‍ ഉല്പാദനപരമല്ല എന്ന വാദഗതിയുടെ സ്വാധീനഫലമായാണ് ബജറ്റിന്റെ രീതിശാസ്ത്രം പ്രകാരം റവന്യൂ ചെലവില്‍ ഉള്‍പ്പെടുന്ന വിവിധ സബ്സിഡികള്‍ യൂണിയന്‍ ബജറ്റ് കുറവ് ചെയ്തിരിക്കുന്നത്. ഭക്ഷ്യ സബ്സിഡിയില്‍ ഏതാണ്ട് 90,000 കോടിയും വളം സബ്സിഡിയില്‍ 50,000 കോടിയും പെട്രോളിയം സബ്സിഡിയില്‍ ഏതാണ്ട് 7,000 കോടിയും കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണ്. മൊത്തം 1.47 ലക്ഷം കോടി രൂപയുടെ സബ്സിഡിയാണ് യൂണിയന്‍ ബജറ്റ് ഒറ്റയടിക്ക് പിന്‍വലിച്ചിരിക്കുന്നത്. 

ഈ സബ്സിഡി ചെലവുകളെല്ലാം ഉല്പാദന പ്രക്രിയയെ നേരിട്ട് സഹായിക്കുന്നവയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമെന്നുമില്ല. അത് അവഗണിച്ച് ഇവയൊന്നും ഉല്പാദനപരമല്ല എന്നു വാദിക്കുന്നതിന്റെ കാരണം ഇവയെല്ലാം സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പ്രയോജനം നല്‍കുന്ന ചെലവ് ചെയ്യലുകള്‍ ആണെന്നതാണ്. വാസ്തവത്തില്‍, സാധാരണ ജനങ്ങള്‍ക്കു ഗുണം ചെയ്യുന്ന ചെലവ് ചെയ്യലുകള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള കപട വാദം മാത്രമാണ് റവന്യൂ ചെലവുകള്‍ ഉല്പാദനപരമല്ല എന്ന മുഖ്യധാരാ പ്രചാരണങ്ങള്‍. 

എന്നാല്‍, സബ്സിഡി ചെലവുകളെല്ലാം ഒറ്റയടിക്ക് കുത്തനെ വെട്ടിക്കുറച്ചെങ്കിലും അതനുസരിച്ചുള്ള കുറവ് റവന്യൂ ചെലവില്‍ സംഭവിച്ചില്ല എന്നത് സവിശേഷമായി കാണേണ്ടതുണ്ട്. സബ്സിഡി ഇനത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ ചെലവ് വെട്ടിക്കുറച്ചിട്ടും റവന്യൂ ചെലവ് 43,000 കോടി രൂപ കണ്ട് വര്‍ദ്ധിക്കുന്നതായാണ് ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് ആകെത്തുകയായി 1.9 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് 'മറ്റ് റവന്യൂ ചെലവ് ഇനങ്ങളില്‍' സംഭവിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ജനസാമാന്യത്തിനു ലഭ്യമായിരുന്ന സബ്സിഡി വഴിയുള്ള ധനസഹായം റവന്യൂ ചെലവുകള്‍ ഉല്പാദനപരമല്ല എന്ന കപട വാദമുയര്‍ത്തികൊണ്ട് നിഷേധിച്ചു എന്നത് മാത്രമാണ് റവന്യൂ ചെലവ് നിയന്ത്രിച്ചതിന്റെ ഫലമായി സംഭവിച്ചിരിക്കുന്നത്. 

മൂലധന ചെലവിന്റെ കാര്യത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് യൂണിയന്‍ ബജറ്റ് എന്നതാണ് പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നത്. യൂണിയന്‍ സര്‍ക്കാരിന്റെ മൂലധന ചെലവ് 10 ലക്ഷം കോടിയില്‍ എത്തിയിരിക്കുകയാണ് (10 ട്രില്ല്യണ്‍). ജി.ഡി.പിയുടെ 3.32 ശതമാനമാണിത്. എന്നാല്‍, യൂണിയന്‍ സര്‍ക്കാരിന്റെ മൂലധന ചെലവും പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന ചെലവും ഒന്നിച്ച് എടുത്താല്‍ ജി.ഡി.പിയുടെ 3.9 ശതമാനം മാത്രമേ ഇതു വരുന്നുള്ളൂ. ഇതാവട്ടെ 2020-'21 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ച മൂലധന നിക്ഷേപത്തിനു തുല്യവുമാണ്! അങ്ങനെ വിലയിരുത്തുമ്പോള്‍ യൂണിയന്‍ ബജറ്റ് കണക്കുകളില്‍ കാണാന്‍ കഴിയുന്ന മൂലധന ചെലവിലുള്ള വര്‍ദ്ധനവ് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനച്ചെലവില്‍ ഉണ്ടായ കുറവിന്റെ ഫലമാണെന്നു കാണാവുന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, വ്യാവസായിക മേഖലയിലുള്ള മൂലധന ചെലവ് കുറച്ചുകൊണ്ട് മറ്റു മേഖലയിലുള്ള മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുക മാത്രമാണ് ബജറ്റ് ചെയ്തിരിക്കുന്നത്. 

മൂലധനച്ചെലവില്‍ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു വഴിമാറ്റം സംഭവിച്ചിരിക്കുന്നത് എന്നു കാണാവുന്നതാണ്. റെയില്‍വേ, ഹൈവേ, വാര്‍ത്താവിനിമയം എന്നീ മേഖലകളിലാണ് കാര്യമായ വര്‍ദ്ധനവ് വന്നിരിക്കുന്നത്. മൂലധന സ്വഭാവമുള്ള മറ്റു ചെലവ് ചെയ്യല്‍ കൂടി ചേര്‍ത്താല്‍ ഫലത്തിലുള്ള മൂലധന ചെലവ് 13.7 ലക്ഷം കോടിയായി (ജി.ഡി.പിയുടെ 4.54%) വര്‍ദ്ധിക്കുമെങ്കിലും വ്യാവസായിക മേഖലയില്‍നിന്നുള്ള പൊതുമേഖലയുടെ പിന്‍മാറ്റം കാണാതിരിക്കാനാവില്ല. പൊതുമേഖല പിന്‍വാങ്ങുന്നതിനനുസരിച്ച് സ്വകാര്യ മേഖല കടന്നുവന്നു പ്രസ്തുത വിടവ് നികത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനര്‍ത്ഥം പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഉദാരവല്‍ക്കരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും തുടര്‍ച്ച അടിവരയിട്ട് വ്യക്തമാക്കുകയാണ് യൂണിയന്‍ ബജറ്റ് ചെയ്യുന്നതെന്നാണ്. 

മാത്രമല്ല, ബജറ്റ് വിഭാവനം ചെയ്യുന്ന ഉയര്‍ന്ന മൂലധനച്ചെലവ് കൈവരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലുള്ള സംശയവും ബജറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിച്ച തനത് മൂലധന ചെലവ് 7.5 ലക്ഷം കോടിയായിരുന്നു. എന്നാല്‍, 7.28 ലക്ഷം കോടി മാത്രമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. ഉല്പാദന ത്രാണിയുടെ പരിമിതിയാണ് (കപ്പാസിറ്റി കണ്‍സ്ട്രെന്റ്) ഇതിനു കാരണമായത്. അതുകൊണ്ടുതന്നെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് പ്രതീക്ഷിക്കുന്ന വരും വര്‍ഷത്തില്‍ ബജറ്റ് വിഭാവനം ചെയ്യുന്നതുപോലെ മൂലധന ചെലവ് വര്‍ദ്ധിക്കുമോ എന്ന കാര്യം കാത്തിരുന്ന് മാത്രമേ കാണാന്‍ കഴിയൂ. 

നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെഎൻ ബാല​ഗോപാൽ
നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെഎൻ ബാല​ഗോപാൽ

സംസ്ഥാന ബജറ്റ്: റവന്യൂ-മൂലധന ചെലവുകള്‍ 

നടപ്പുവര്‍ഷത്തെ റവന്യൂ ചെലവിന്റെ കാര്യത്തില്‍ വലിയ നിയന്ത്രണമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി അനാവശ്യമായ റവന്യൂ ചെലവുകള്‍ നിയന്ത്രണം വിട്ട വര്‍ധിക്കുകയാണെന്നും അത് സംസ്ഥാനത്തെ കടക്കെണിയില്‍ തള്ളുകയാണെന്നുമുള്ള വ്യാപക പ്രചരണം നടക്കുകയായിരുന്നല്ലോ. റവന്യൂ ചെലവുകള്‍ ഉല്പാദനപരമല്ലെന്നും അതിനാല്‍ കുറയ്ക്കണമെന്നും യൂണിയന്‍ സര്‍ക്കാരും നിരന്തരം ആവശ്യപ്പെടുകയായിരുന്നു. അതെല്ലാം സര്‍ക്കാരിനെ സ്വാധീനിച്ചു വെന്നാണ് ബജറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേവലം 3000 കോടി രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് നടപ്പു വര്‍ഷത്തില്‍ സംഭവിച്ചിരിക്കുന്നത് (എസ്.ഡി.പി.യുടെ 0.3%). എന്നാല്‍, വരും വര്‍ഷത്തില്‍ 10,000 കോടി രൂപയുടെ (എസ്.ഡി.പിയുടെ 0.9%) വര്‍ദ്ധനവ് ബജറ്റ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ ഏറിയപങ്കും (6000 കോടി) വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയ സാമൂഹിക, സാമ്പത്തിക സേവനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കുള്ള ധനസഹായത്തിനും വേണ്ടിയാണ്. ബജറ്റിന്റെ രീതി ശാസ്ത്രപ്രകാരം വിദ്യാഭ്യാസ ആരോഗ്യ ചെലവുകളെല്ലാം റവന്യൂ ചെലവ് എന്ന ഇനത്തിലാണ് ഉള്‍പ്പെടുത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം മൂലധന സ്വഭാവമുള്ള ചെലവുകളാണ്. ഭൗതിക മൂലധനമല്ല മറിച്ച് മനുഷ്യ മൂലധനമാണ് സൃഷ്ടിക്കുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളൂ. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അതുവഴി മനുഷ്യന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന ചെലവ് ചെയ്യലുകളെല്ലാം മനുഷ്യ മൂലധനമാണ് സൃഷ്ടിക്കുന്നതെന്ന വിലയിരുത്തല്‍ നടത്തിയത് നൊബേല്‍ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞനായ ഗാരി ബെക്കര്‍ ആണ്. അതുകൊണ്ടുതന്നെ ഇത്തരം റവന്യൂ ചെലവുകള്‍ മൂലധനച്ചെലവ് എന്ന രീതിയിലാണ് യഥാര്‍ത്ഥത്തില്‍ പരിഗണിക്കേണ്ടത്. 

ബജറ്റിലെ മൂലധന ചെലവുകള്‍ പദ്ധതി ചെലവ് (പ്ലാന്‍ എക്‌സ്പെന്‍ഡിച്ചര്‍), പദ്ധതിയേതര ചെലവ് (നോണ്‍ പ്ലാന്‍ എക്‌സ്പെന്‍ഡിച്ചര്‍) എന്നീ ശീര്‍ഷകങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി ചെലവില്‍ ഉള്‍പ്പെടുന്ന തനത് മൂലധന ചെലവ് 9800 കോടിയാണ്. അതു മാത്രം പരിഗണിച്ച് സംസ്ഥാനത്തിന്റെ മൂലധന ചെലവ് വളരെ കുറവാണെന്ന അഭിപ്രായം ചിലരൊക്കെ ഉയര്‍ത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വായ്പ മൂലധന ചെലവ് തന്നെയാണ്. അതുപോലെ തന്നെ പദ്ധതിയേതര വിഭാഗത്തില്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന മൂലധനച്ചെലവുകളും തനതു സ്വഭാവമുള്ള മൂലധന ചെലവുകള്‍ തന്നെയാണ്. നടപ്പുവര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണത്താല്‍ മാത്രമാണ് അവയെ പദ്ധതിയേതര ചെലവിനത്തില്‍ കണക്കാക്കുന്നത്. എന്നു കരുതി അത്തരം മൂലധനച്ചെലവുകള്‍ അതല്ലാതെയായി മാറുന്നില്ല. ഇവ രണ്ടും കൂടി 6900 കോടി രൂപ വരും. അങ്ങനെ പരിഗണിക്കുമ്പോള്‍, ബജറ്റ് കണക്കുകള്‍ പ്രകാരമുളള മൊത്തം മൂലധനച്ചെലവ് 16,728 കോടി രൂപയാണെന്നു കാണാവുന്നതാണ്. 

എന്നാല്‍, അതോടൊപ്പം കിഫ്ബി പദ്ധതികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന 2025 കോടി രൂപ കൂടി ചേര്‍ക്കേണ്ടതുണ്ട്. ബജറ്റിനു പുറത്തുളള ചെലവെന്ന നിലയിലാണ് കിഫ്ബി നടത്തുന്ന മൂലധന ചെലവുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. അതിനാല്‍ ബജറ്റ് കണക്കുകളില്‍ അതു ചേര്‍ത്തിട്ടില്ല. പക്ഷേ, പ്രസ്തുത ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. അത് പ്രകാരം മൊത്തമുള്ള മൂലധനച്ചെലവ് പരിഗണിക്കുമ്പോള്‍ കിഫ്ബി വഴിയുള്ള മൂലധന ചെലവുകൂടി ചേര്‍ക്കാവുന്നതാണ്. ഫലത്തില്‍ ബജറ്റ് വിഭാവനം ചെയ്യുന്ന മൂലധന ചെലവ് 18,753 കോടിയാണ് (എസ്.ഡി.പിയുടെ 1.66%). ഇത് കൊവിഡ് പ്രതിസന്ധിക്കു മുന്‍പ് (2019-20) സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന മൂലധന ചെലവായ 9600 കോടിയുടെ (എസ്.ഡി.പിയുടെ 1.13%) ഇരട്ടിയോടടുത്ത തുകയാണ്. എസ്.ഡി.പിയുടെ ശതമാനത്തില്‍ പരിഗണിച്ചാലും മൂലധന ചെലവില്‍ കാര്യമായ വര്‍ദ്ധനവ് ബജറ്റ് നടത്തിയിരിക്കുന്നതായി കാണാന്‍ കഴിയുന്നതാണ്. 

നിർമല സീതാരാമൻ
നിർമല സീതാരാമൻ

റവന്യൂ വരുമാനം: ഒരു താരതമ്യം 

കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ മുന്നോട്ടുവെയ്ക്കുന്ന വിവിധ ചെലവുകള്‍ നടത്തിയെടുക്കാനുള്ള വരുമാന മാര്‍ഗ്ഗങ്ങളാണ് ഇനി വിശകലനം ചെയ്യാനുള്ളത്. യൂണിയന്‍ ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ നികുതിവരുമാന വര്‍ദ്ധനവ് 11.69 ശതമാനമാണ്. നികുതിയേതര വരുമാന വര്‍ദ്ധനവ് 15.2 ശതമാനവും. മൊത്തത്തിലുള്ള വരുമാന വര്‍ദ്ധനയാവട്ടെ 12.09 ശതമാനവും. 

സംസ്ഥാന ബജറ്റ് പ്രകാരം സംസ്ഥാനത്തിന്റെ തനതു റവന്യൂ വരുമാനം 15.46 ശതമാനമായും നികുതിയേതര വരുമാനം 11.29 ശതമാനമായും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് യൂണിയന്‍ ബജറ്റിലെ റവന്യൂ വര്‍ദ്ധനവിന്റെ തോതിനു തുല്യമാണ്. എന്നാല്‍, ധനകാര്യകമ്മിഷനില്‍നിന്നും ലഭിക്കുന്ന വരുമാന വിഹിതത്തിന്റെ കാര്യത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഏതാണ്ട് 14.71 ശതമാനത്തിന്റെ കുറവാണ് ഈ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു വലിയ റവന്യൂ പ്രതിസന്ധിയാണ് സംസ്ഥാന സര്‍ക്കാരിനു സൃഷ്ടിച്ചിട്ടുള്ളത്. ജി.ഡി.പിയുടെ അനുപാതത്തില്‍ പരിശോധിച്ചാല്‍ കണക്കുകളുടെ കാര്യത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കും. അതനുസരിച്ച് മൊത്തം റവന്യൂവരുമാനം യൂണിയന്‍ ബജറ്റില്‍ ജി.ഡി.പിയുടെ 8.72 ശതമാനമാണെങ്കില്‍ സംസ്ഥാന ബജറ്റില്‍ അത് 11.96 ശതമാനമാണ്. ഇതു സൂചിപ്പിക്കുന്നത് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്ന തോതിന്റെ കാര്യത്തിലും പിരിച്ചെടുക്കുന്ന അളവിന്റെ കാര്യത്തിലും യൂണിയന്‍ ബജറ്റുമായി താരതമ്യം ചെയ്താല്‍ സംസ്ഥാന ബജറ്റ് ഏറെ മുന്‍പിലാണെന്നതാണ്. 

ചുരുക്കി പറഞ്ഞാല്‍, സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ച കുറയുമെന്നു മനസ്സിലാക്കുന്ന സാഹചര്യത്തില്‍ പൊതു ചെലവ് ചെയ്യല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് സംസ്ഥാന ബജറ്റ് ലക്ഷ്യം വച്ചിരിക്കുന്നത്. ഉയര്‍ന്ന നിലയിലുള്ള പൊതു ചെലവ് ചെയ്യലിനുവേണ്ടി ഏതൊക്കെ പരിമിതമായ വരുമാന സ്രോതസ്സുകളാണോ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ഉള്ളത് അതെല്ലാം തന്നെ ഉപയോഗിച്ചുകൊണ്ട് ജി.ഡി.പിയുടെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ യൂണിയന്‍ ബജറ്റ് വിഭാവനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ നികുതി പിരിച്ചെടുക്കാനും അത് വര്‍ദ്ധിക്കുന്നതിന്റെ തോത് ഉയര്‍ത്താനുമാണ് സംസ്ഥാന ബജറ്റ് പരിശ്രമിച്ചിരിക്കുന്നത്. 

ഈ വ്യത്യസ്ത സമീപനം കേരള സംസ്ഥാനം മുന്നോട്ടു വെയ്ക്കുന്ന സവിശേഷമായ വികസന പരിപ്രേക്ഷ്യത്തിന്റെ പ്രതിഫലനമാണ്. സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ സജീവ ഇടപെടല്‍ ആവശ്യപ്പെടുന്ന സമീപനം കൂടിയാണിത്. ഇതിന്റെയെല്ലാം അനന്തരഫലമായി പൊതുവില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തുന്ന വികസന തന്ത്രമാണ് സംസ്ഥാനം പ്രയോഗിക്കേണ്ടത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമ്പദ്വ്യവസ്ഥയിലെ സര്‍വ്വ മേഖലയില്‍നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ പിന്‍വലിക്കാനുള്ള സാമ്പത്തിക പദ്ധതി എന്ന നിലയിലാണ് നടപ്പാക്കിയിട്ടുള്ളത്. അതില്‍നിന്നു തികച്ചും വിഭിന്നമായ വികസന സമീപനവും തന്ത്രവും സംസ്ഥാനം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ നേര്‍ പ്രതിഫലനമായി മാറുകയാണ് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com