ഒരു ജനതയുടെ സംസ്‌കാരത്തെയും ആചാരത്തെയും ജീവിതത്തെയും അതിന്റെ ചൂടും ചൂരും തെല്ലും ചോരാതെ കണ്ടറിഞ്ഞ്...

കരിന്തൊലിക്കുള്ളിലെ കാതലില്‍ കുളിരുള്ള സുഗന്ധം ഒളിപ്പിച്ചിട്ടുള്ള മറയൂരിലെ ചന്ദനക്കാടുകള്‍ പിന്നിട്ട് വീണ്ടും തെക്കോട്ട് പോയാല്‍ പാമ്പാര്‍ മുറിച്ചു കടന്ന് കോവില്‍ക്കടവിലെത്താം
ഒരു ജനതയുടെ സംസ്‌കാരത്തെയും ആചാരത്തെയും ജീവിതത്തെയും അതിന്റെ ചൂടും ചൂരും തെല്ലും ചോരാതെ കണ്ടറിഞ്ഞ്...

ണ്ട് പണ്ട്...

'കണ്ണന്‍ദേവന്‍' എന്ന കുട്ടിരാജാവ് കാന്തല്ലൂരും കീഴാന്തൂരും പെരുമലയൂരും ഒക്കെ ഉള്‍പ്പെടുന്ന അഞ്ചുനാടിന്റെ അധിപതിയായിരുന്ന കാലത്ത്, രാജാവിനു വേണ്ടി ഇരുമ്പ് ഉരുക്കി ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്ന ഇടമായിരുന്നത്രേ പെരുമലയൂര്‍ ഗ്രാമത്തിലെ 'കൊല്ലവളവ്.' അങ്ങനെയുള്ള ഗ്രാമത്തിന്റെ ഐതിഹ്യങ്ങള്‍ വീണുറങ്ങുന്ന കൊല്ലവളവിന് തെക്കേ ചരിവിലെ തട്ട് ഭൂമിയില്‍ സ്വന്തമായുള്ള തുണ്ടുഭൂമിയില്‍നിന്ന് വിഷമയമില്ലാത്ത കാരറ്റും റാഡിഷും കാബേജും മൂടോടെ പിഴുതെടുത്ത് ഞങ്ങള്‍ക്കുനേരെ നീട്ടി നില്‍ക്കുമ്പോള്‍ ഭഗവതിയപ്പന്‍ എന്ന 'ശീതകാല മലക്കറി' കര്‍ഷകന്റെ മുഖത്ത് സംതൃപ്തിയുടെ നിറപുഞ്ചിരി.

എല്ലാം 'മലയാള ഭഗവതി'യുടെ അനുഗ്രഹമാണെന്ന്  പെരുമലയൂരിലെ കര്‍ഷകപ്പെരുമയുടെ കണ്ണിയും ക്ഷേത്രക്കമ്മിറ്റിയുടെ അദ്ധ്യക്ഷനും വി.എഫ്.പി.സി.കെയുടെ പ്രസിഡന്റും  കൂടിയായ ഈ മനുഷ്യനും നിഷ്‌കളങ്കമായി വിശ്വസിക്കുന്നു.

കരിന്തൊലിക്കുള്ളിലെ കാതലില്‍ കുളിരുള്ള സുഗന്ധം ഒളിപ്പിച്ചിട്ടുള്ള മറയൂരിലെ ചന്ദനക്കാടുകള്‍ പിന്നിട്ട് വീണ്ടും തെക്കോട്ട് പോയാല്‍ പാമ്പാര്‍ മുറിച്ചു കടന്ന് കോവില്‍ക്കടവിലെത്താം. അവിടെ നിന്നും ചെങ്കുത്തായ പാറക്കെട്ടുകളിലെ കയറ്റവും കൊടുംവളവുകളും പിന്നിട്ട് ഇമ്മിണി വലിയ ഒരു ഓട്ടുകിണ്ണം കണക്കെയുള്ള തോണിയില്‍ തിളച്ച് മറിയുന്ന ശര്‍ക്കര പാനിയുടെ മുകള്‍പ്പരപ്പിലെ കുമിള പൊട്ടി പുറത്തു വരുന്ന നിശ്വാസവായു നുകര്‍ന്നുകൊണ്ട് ശീതകാല പച്ചക്കറിവിളകളുടേയും പഴങ്ങളുടേയും നാടായ കാന്തല്ലൂരിലെത്തും. വീണ്ടും മുമ്പോട്ട് സഞ്ചരിച്ചാല്‍ മന്നവന്‍ചോല വനത്തിലൂടെ കുണ്ടളയിലേക്ക് നീളുന്ന കാട്ടുവഴി തുടങ്ങുന്നതിന് തൊട്ടുമുന്‍പ്, കാനനപാതയിലൂടെയുള്ള പൊതുസഞ്ചാരത്തിന് വനം വകുപ്പിന്റെ നിയന്ത്രണമുള്ള ഒരു അതിര്‍ത്തി ഗ്രാമമായി. അതാണ് കേരളത്തിലെ ഏറ്റവും വലിയ ചോലവനമായ മന്നവന്‍ചോലയുമായി അതിര് പങ്കിടുന്ന പെരുമല എന്ന പെരുമലയൂര്‍ ഗ്രാമം.

ദ്രാവിഡത്തനിമയുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും  നിലനില്പിനായി ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ടു നടക്കുന്ന ഒരു പറ്റം മനുഷ്യര്‍ കൃഷിയും കാലി വളര്‍ത്തലുമായി കഴിയുന്ന കൊച്ചു ഗ്രാമം. അഞ്ചുനാടിന്റെ മഞ്ഞും കുളിരും തേടിയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന ഏതാനും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഒഴിച്ച് മറ്റെല്ലായിടത്തും ഗ്രാമീണതയുടെ തെളിനീരൊഴുക്ക്. പണ്ട് മലയാളമെന്നോ തമിഴകമെന്നോ വേര്‍തിരിവില്ലായിരുന്ന കാലത്ത് പടിഞ്ഞാറേയ്ക്കുള്ള ഏതോ ഒരു പലായനസമയത്ത് ഒരിക്കലും നിലയ്ക്കാത്ത ഒരു നീരൊഴുക്കിന്റെ സമീപത്ത് കുടി പാര്‍ത്തു തുടങ്ങിയവരാകാം ഇവരുടെ പിന്‍മുറക്കാര്‍. തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയും ഭര്‍ത്തൃസ്‌നേഹത്തിന്റെ അടയാളവുമായ കണ്ണകിയും ഇവര്‍ക്കൊപ്പം പോന്നിട്ടുണ്ടാവണം. പില്‍ക്കാലത്ത് മലയാളഭഗവതി എന്ന പേരില്‍ പെരുമലയൂരില്‍ കുടിയിരുത്തപ്പെട്ട കണ്ണകി ശാന്തസ്വരൂപിണിയാണ്. ഗ്രാമദേവതയായ മലയാളഭഗവതി പെരുമലയൂര്‍കാര്‍ക്ക് അമ്മയും അഭീഷ്ടവരദായകിയും സര്‍വ്വോപരി പ്രകൃതി തന്നെയുമാണ്.

മലയാള ഭഗവതിക്കോവില്‍ കൂടാതെ പെരുമലയൂരില്‍നിന്ന് നോക്കിയാല്‍ കാണുന്ന കോമാന്‍ കുന്നിന്റെ അടിവാരത്തിലെ പാറക്കെട്ടില്‍ ഒരു ശ്രീരാമ ഗുഹാക്ഷേത്രവും കാണാം. ക്ഷേത്രത്തിനുള്ളിലെ ഗുഹ അങ്ങ് രാമേശ്വരം വരെ നീളുന്നു എന്നാണ് വിശ്വാസം. വനവാസകാലത്ത് സുന്ദരമാനിന്റെ വേഷത്തില്‍ വന്ന മാരീചനെ കണ്ട സീതാദേവി അത്ഭുത പരതന്ത്രയായി 'ഹോ... മാനേ...' എന്ന് വിളിച്ചെന്നും അങ്ങനെയാണ് ആ മലയ്ക്ക് 'കോമാന്‍കുന്ന്' എന്ന പേര് വന്നതെന്നുമാണ് പെരുമലയൂരിന്റെ വിശ്വാസപ്പഴമ.

അങ്ങനെ കോമാന്‍ കുന്നിനുമപ്പുറത്തെ തീര്‍ത്ഥമലയില്‍നിന്ന് ഇടതടവില്ലാതെ ഒഴുകിയെത്തുന്ന തെളിനീരും മലയുടെ അടിവാരത്തില്‍ കുടികൊള്ളുന്ന ശ്രീരാമദേവനും തമിഴകത്തു നിന്നും വന്ന മലയാളഭഗവതിയും ഒരു ഭാഗത്തും ഉത്സവങ്ങളും ഗ്രാമവാസികളുടെ വിശ്വാസവും ആചാരങ്ങളും കൃഷിയും ഒക്കെ മറുഭാഗത്തും ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് പെരുമലയൂരിന്റെ ജീവിതചിത്രം പൂര്‍ണ്ണമാകുന്നത്.

കുംഭമാസക്കുളിരില്‍ മലയാളക്കര ശിവരാത്രി ഉറങ്ങാതെ ആലോഷിക്കുമ്പോള്‍ പിറ്റേന്ന് മലയാളഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയാവും പെരുമലയൂരുകാര്‍. ചായങ്ങള്‍ കലര്‍ത്തിയ അരിപ്പൊടിക്കോലങ്ങള്‍ എല്ലാ വീടുകളുടെയും കോലായില്‍ എഴുതിയിട്ടുണ്ടാവും. ദൂരെ ദിക്കുകളില്‍ കല്യാണം കഴിച്ച് അയച്ചിട്ടുള്ള പെണ്‍മക്കള്‍ പോലും ഉത്സവം കൂടാനായി കുടുംബ സഹിതം മലകയറി എത്തുന്ന ദിവസമാണത്. ക്ഷേത്രവും പരിസരങ്ങളും  മഞ്ഞില്‍ കുളിച്ച ദീപാലങ്കാരങ്ങളില്‍ നിറശോഭയോടെ നില്‍ക്കും. ഉച്ചഭാഷിണിയിലൂടെ തമിഴിലുള്ള  ഭക്തിഗാനങ്ങളും ഭക്തര്‍ക്കുള്ള അറിയിപ്പുകളും വെടിവഴിപാടുകള്‍ക്കൊപ്പം ഇടവിട്ട് വന്നുകൊണ്ടേയിരിക്കും. സന്ധ്യക്കു മുന്‍പ് തന്നെ കോവില്‍ക്കടവിനടുത്തുള്ള ചെറുവാട് കുടിയിലെ കറുപ്പന്റെയും അറുമുഖത്തിന്റെയും നേതൃത്വത്തിലുള്ള  പരമ്പരാഗത വാദ്യസംഘം ക്ഷേത്രത്തിനു സമീപം കൂട്ടിയിരിക്കുന്ന ആഴിക്കു ചുറ്റും ചൂടുകാഞ്ഞു കൊണ്ട് തനത് താളങ്ങളുടെ വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കും. പീപ്പിയും സാല്‍റയും കട്ടയും കിടിമുട്ടിയും ഉരുമിയും കൊണ്ട് തീര്‍ക്കുന്ന താളവിന്യാസങ്ങള്‍ക്കൊപ്പിച്ച് പെരുമലയിലെ യുവത കുംഭക്കുളിരിനെ കൂട്ടുപിടിച്ച് മെല്ലെ ചുവടുകള്‍ വയ്ക്കും.

പെരുമലയൂർ ഭ​ഗവതി ക്ഷേത്രം
പെരുമലയൂർ ഭ​ഗവതി ക്ഷേത്രം

ഈ സമയത്ത് പെരുമലയിലെ ഓരോ വീട്ടിലും 'മാവിളക്ക്' തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരിക്കും. അരിപ്പൊടി പാകത്തിന് വെള്ളം ചേര്‍ത്ത് കുഴച്ച് കിണ്ണങ്ങള്‍ക്കുള്ളില്‍ മറ്റൊരു തളികയാക്കി പരുവപ്പെടുത്തിയെടുത്ത്, വശങ്ങളില്‍ വെറ്റിലയും പഴവും പൂക്കളും കൊണ്ട് അലങ്കരിച്ച് മധ്യത്തില്‍ എണ്ണയൊഴിച്ച് തിരി കത്തിച്ചാണ് മാവിളക്ക് തയ്യാറാക്കുന്നത്. ഇരുട്ട് വീണുകഴിയുമ്പോള്‍ കൊല്ലവളവിന് സമീപം ഒത്തുകൂടുന്ന സ്ത്രീകളും പെണ്‍കുട്ടികളും കയ്യില്‍ മാവിളക്കുമേന്തി വാദ്യഘോഷങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ഗ്രാമദേവതയായ മലയാളഭഗവതിയുടെ സന്നിധിയിലെത്തി നേദിച്ച് അവരവരുടെ വീടുകളിലേക്ക് തിരികെ പോകും.

തമിഴകത്തിന്റെ സാംസ്‌കാരികത്തനിമ എടുത്ത് കാട്ടുന്ന തികച്ചും അസാധാരണമായ ഒരു ചടങ്ങ്.

പിറ്റേന്ന് നേരം വെളുക്കുമ്പോഴേയ്ക്ക് പെരുമലയുടെ മുഖം തന്നെ മാറിയിട്ടുണ്ടാവും. വഴിയും ക്ഷേത്ര പരിസരവും ഭക്തരെക്കൊണ്ട് നിറയും. പാതയോരത്തെ പുല്‍ത്തകിടികള്‍ വഴിവാണിഭക്കാര്‍ കൈയടക്കും. അവരുമായി വിലപേശുന്ന സ്ത്രീകളും കുട്ടികളും അണിഞ്ഞിരിക്കുന്ന നിറമുള്ള പുത്തന്‍ ചേലയുടെ ഊടിനും പാവിനും സമ്പന്നതയുടെ പളുപളുപ്പ് നന്നെ കുറയും. എന്തിനേറെ പറയുന്നു വഴിവാണിഭക്കാരും അവര്‍ നിരത്തി വച്ചിരിക്കുന്ന മാലകള്‍ക്കും വളകള്‍ക്കും ചാന്ത് സിന്ദൂരങ്ങള്‍ക്കും ഒക്കെ പാരസ്പര്യത്തിന്റെ ഒറ്റച്ചരടില്‍ കൊരുത്തിടാന്‍ കഴിയുന്ന മലയോര ഗ്രാമീണതയുടെ നിഷ്‌കളങ്ക ഭാവമായിരിക്കും. 

അധികം താമസിയാതെ കോമാന്‍കുന്നിന്റെ അടിവാരത്തു നിന്നും ശ്രീരാമദേവന്‍ സഹോദരിസ്ഥാനം കൊടുത്തിട്ടുള്ള മലയാള ഭഗവതിയുടെ സന്നിധിയിലേക്ക് ഛപ്രമഞ്ചത്തിലേറി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വരവാകും. വിഗ്രഹത്തിനു പകരം ശ്രീരാമചൈതന്യം ഉള്‍ച്ചേര്‍ന്നിട്ടുള്ള രാമബാണമാണ് മഞ്ചലേറി വരുന്നത്. തുടര്‍ന്നാണ് ഉത്സവത്തിന്റെ ഭാഗമായുള്ള ഏറ്റവും പ്രധാന ചടങ്ങിന് ആരംഭം കുറിക്കുന്നത്.

ഭഗവതി ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്കു ശേഷം  മുഖ്യ പൂജാരിയും പരിവാരങ്ങളും ദേവീസമേതരായി ഗ്രാമത്തിലേക്ക് വെള്ളമൊഴുകിയെത്തുന്ന നീര്‍ച്ചാലിന്റെ വരമ്പിലൂടെ തീര്‍ത്ഥമലയിലേക്ക് തിടുക്കത്തില്‍ യാത്രയാകും. ഏറ്റവും മുന്നില്‍ പോകുന്ന മുഖ്യപൂജാരിയുടെ കയ്യിലെ ശൂലം മലയാള ഭഗവതിയെയാണ് പ്രതിനിധീകരിക്കുന്നത്. അനുജത്തിക്ക് തുണയായി ശ്രീരാമദേവനും സംഘത്തോടൊപ്പം മല കയറും.

ക്ഷേത്രഖജനാവിന്റെ സൂക്ഷിപ്പും മുഖ്യപൂജാരിപ്പട്ടവും 'കണക്കന്‍ വീട്ടി'ലെ മുതിര്‍ന്ന ആണിന് പാരമ്പര്യമായി കൈമാറിക്കിട്ടുന്ന അവകാശമാണ്. തൊണ്ണൂറോടടുക്കുന്ന ഗോവിന്ദസ്വാമിയാണ് നിലവിലെ മുഖ്യ പൂജാരിയെങ്കിലും ആരോഗ്യനില മോശമായതിനാല്‍ മൂത്ത മകന്‍ കൃഷ്ണനാണ് പൂജാകാര്യങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത്. ഈ സമയത്ത് ക്ഷേത്ര പരിസരം ഭക്തജനങ്ങളെക്കൊണ്ട് നിറയും. ആര്‍പ്പുവിളികളും കരിമരുന്ന് പ്രയോഗവും കൊണ്ട് അന്തരീഷം ഭക്തിസാന്ദ്രമായി മാറും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള തീര്‍ത്ഥമലയാത്ര, ചെങ്കുത്തായ മലമടക്കുകളിലെ കാട്ടുപാതയിലൂടെയും വന്യമൃഗങ്ങളുടെ ആവാസഭൂമിയിലൂടെയുമാണ്. ആയതിനാല്‍ ശബരിമലയ്ക്ക് പോകുന്നതിന് സമാനമായ വ്രതാനുഷ്ഠാനങ്ങളോടെയാണ് ഭക്തസംഘം മലകയറ്റം നടത്തുന്നത്. രാവിലെ പതിനൊന്ന് മണിയോടെ യാത്ര തുടങ്ങുന്ന തീര്‍ത്ഥയാത്രാസംഘം വൈകുന്നേരം നാലുമണിയോടെ തിരികെയെത്തും. തീര്‍ത്ഥമലയുടെ ഉച്ചിയിലുള്ള തീര്‍ത്ഥക്കുളമാണ് സംഘത്തിന്റെ ലക്ഷ്യം. അവിടെയെത്തുന്നതിന് മുമ്പു തന്നെ സംഘാംഗങ്ങള്‍ കയ്യില്‍ കരുതിയിട്ടുള്ള പശുവിന്‍ പാല്‍ തീര്‍ത്ഥക്കുളത്തിലേക്ക് ഒഴുകുന്ന നീര്‍ച്ചാലില്‍ അര്‍പ്പിക്കും. ശേഷം കുളത്തിലിറങ്ങി എണ്ണ ഉപയോഗിക്കാതെ കുളത്തിലെ പാല്‍നിറം പൂണ്ട പച്ചവെള്ളത്തിലാണത്രേ പൂജയ്ക്കായി അവിടെ തിരിതെളിക്കുന്നത്. പിന്നീട് ആചാരപ്രകാരമുളള പൂജകള്‍ നടത്തും. ആ പാത്രങ്ങളില്‍ കുളത്തിലെ ജലം ശേഖരിച്ച് തിരികെ ഗ്രാമത്തിലേക്ക് മടങ്ങും. മടക്കയാത്രയില്‍ മുടിമലയിലെ ശിവക്ഷേത്രത്തിലും തീര്‍ത്ഥം തളിച്ച് പൂജ നടത്തുന്നത് പതിവാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം കിട്ടുന്ന ഈ തീര്‍ത്ഥജലത്തിനായി കാത്തിരിക്കുകയാണ് പെരുമലയൂരിലെ വിശ്വാസികളായ നൂറ്റിയന്‍പതോളം വരുന്ന കര്‍ഷക കുടുംബങ്ങള്‍. രാവിലെ തയ്യാറാക്കി വയ്ക്കുന്ന ഭക്ഷണം ഈ തീര്‍ത്ഥം തളിച്ച ശേഷമാണ് അവര്‍ വൈകുന്നേരം കഴിക്കുന്നത്. ആ ഭക്ഷണം എത്രയാളുകള്‍ക്ക് വിളമ്പിയാലും തീരില്ലത്രേ. ശേഷിക്കുന്ന തീര്‍ത്ഥജലം കൃഷിയിടങ്ങളില്‍ കൊണ്ടുപോയി തളിക്കുന്നതോടെ അടുത്ത വര്‍ഷം ഉറപ്പാക്കിയ നൂറ് മേനി വിളവ് സ്വപ്നം കണ്ടാവും അന്നത്തെ ഉറക്കം.

വിശ്വാസം വെറും ആചാരങ്ങളായി രൂപാന്തരം മാറുന്ന കാലത്ത് മലമുകളില്‍ എക്കാലത്തുമുള്ള ജലസമൃദ്ധിയെ നിലനിര്‍ത്തുന്നതിന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വേലിക്കല്ല് ഇടകലര്‍ത്തി 
നാട്ടിക്കൊണ്ടാണ് തീര്‍ത്ഥക്കുളത്തിലേക്കുള്ള പ്രവേശനവിലക്ക് ഇവിടെ സാധിക്കുന്നത്. അഞ്ചുനാട്ടിലെ  മാനവരാശിയുടെ നിലനില്‍പ്പ് എന്ന ഉദാത്തമായ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് പണ്ടാരോ തുടങ്ങിവച്ച ശീലങ്ങള്‍ തുടരുന്ന പെരുമലയൂരുകാര്‍ പരിസ്ഥിതി സംരക്ഷണം പുസ്തകം വായിച്ച് പഠിച്ചവരോ അത് പ്രസംഗിച്ച് നടക്കുന്നവരോ അല്ല. അത് തലമുറകളായി കൈമാറി വരുന്ന ഒരു ജീവിതശൈലിയാണ്. ചില ഇടങ്ങള്‍ ചവിട്ടി അശുദ്ധമാക്കാതെ ദൂരെ നിന്നും ധ്യാനനിരതമായ മനസ്സോടെ നോക്കിക്കാണണമെന്ന കാടറിവിന്റെ ബാലപാഠമാണിത്. 

പണ്ടെന്നോ പെരുമലയില്‍ താവളമുറപ്പിച്ച ഹിന്ദു ചെട്ടി വിഭാഗത്തില്‍പ്പെട്ട നൂറ്റിയന്‍പതോളം കുടുംബങ്ങളാണ് വിശ്വാസത്തെയും കൃഷിയെയും ഇഴചേര്‍ത്ത് പെരുമലയുടെ നെറുകയില്‍ ശീതകാല പച്ചക്കറി കൃഷി നടത്തി കുടുംബം പോറ്റുന്നത്. തലമുറകള്‍ മുമ്പോട്ട് പോകെ ഭൂമി തുണ്ടുതുണ്ടായി മക്കള്‍ക്ക് വീതം വച്ചു പോകുക വഴി പലരും പത്തും പതിനഞ്ചും സെന്റിന് മാത്രമാണ് അവകാശികള്‍. കാരറ്റും കാബേജും ബീന്‍സും വെളുത്തുള്ളിയുമാണ് പ്രധാന വിളകള്‍. റാഡിഷും സ്ട്രോബറിയും പാഷന്‍ ഫ്രൂട്ടും ഓറഞ്ചും ആപ്പിളും വിളയുന്ന പെരുമല മൂന്നാര്‍ കാണാനിറങ്ങുന്ന നല്ലൊരു ശതമാനം സഞ്ചാരികളുടെയും കണ്ണില്‍പെടാത്ത സമ്പന്നമല്ലാത്ത ഇടമാണ്. ഒരുപക്ഷേ, ഈ സമ്പന്നതയില്ലായ്മ തന്നെയാവാം ഈ ഗ്രാമത്തിന്റെ ഐശ്വര്യവും.

പെരുമലയൂരിലെ കൃഷിയിടങ്ങൾ
പെരുമലയൂരിലെ കൃഷിയിടങ്ങൾ

രാജഭരണമൊക്കെ ഇപ്പോള്‍ പഴങ്കഥയായെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ പെരുമല ഉള്‍പ്പെടുന്ന കാന്തല്ലൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റിനാണ് പെരുമലയൂരുകാര്‍ കണ്ണന്‍ദേവന്‍ രാജാവിന്റെ സ്ഥാനം കല്പിച്ചുനല്‍കിയിരിക്കുന്നത്. മലയാള ഭഗവതി ക്ഷേത്രത്തിന്റെയും ശ്രീരാമ ക്ഷേത്രത്തിന്റെയും നിയന്ത്രണം ഒരു പൊതു കമ്മിറ്റിയുടെ കീഴിലാണ്.

കോട്ടയത്തെ മത്തായിമാരുടെ എണ്ണത്തിനൊപ്പമാണ് പെരുമലയൂരില്‍ ഭഗവതിയപ്പന്‍മാരുടെ എണ്ണം. എങ്കിലും കണ്ണന്‍ദേവന്‍ രാജാവിന്റെ മന്ത്രിസ്ഥാനം ഇന്ന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റിന്റെ രൂപത്തില്‍ നിര്‍വ്വഹിച്ചു വരുന്ന ഭഗവതിയപ്പനാണ് പെരുമലയിലെ താരം. മുന്‍കാലങ്ങളില്‍ കാന്തല്ലൂരിലും ചുറ്റുപാടും വിളയിക്കുന്ന പച്ചക്കറിവിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. മധുരയിലെ കച്ചവടക്കാര്‍ കൃഷിക്ക് മുന്‍കൂര്‍ പണം നല്‍കി കര്‍ഷകരെ കെണിയില്‍പ്പെടുത്തി വിളകള്‍ കൊണ്ടുപോവുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണിയിലുള്ള സര്‍ക്കാരിന്റെ ഇടപെടീല്‍ 
പെരുമലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുവെന്ന് ഭഗവതിയപ്പന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഫാം ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള 'വാണിജ്യസാക്ഷരത' ഇനിയും സ്വായത്തമായിട്ടില്ലാത്ത ഒരു ജനതയാണ് പെരുമലയൂരിലേത്. എങ്കിലും പെരുമലയിലെ പച്ചവിരിച്ച ക്യാരറ്റ് പാടങ്ങള്‍ക്കിടയിലും വെളുത്തുള്ളിത്തടങ്ങള്‍ക്കിടയിലും സഞ്ചാരികള്‍ക്കായി ചില മണ്‍വീടുകള്‍ മുളച്ചുപൊന്തിത്തുടങ്ങിയിട്ടുണ്ട്.

കാന്തല്ലൂര്‍ കാണാനെത്തുന്നവരെ ഈ കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങളില്‍ രാപ്പാര്‍ക്കാന്‍ വിളിച്ചു തുടങ്ങിയിരിക്കുന്നു എന്ന് സാരം. നാട്ടാരില്‍ ഒരാളായി ഇഴുകിച്ചേര്‍ന്ന് ഒരു ജനതയുടെ സംസ്‌കാരത്തെയും ആചാരത്തെയും ജീവിതത്തെയും അതിന്റെ ചൂടും ചൂരും തെല്ലും ചോരാതെ കണ്ടറിഞ്ഞാവണം സഞ്ചാരങ്ങള്‍ നടത്തേണ്ടതെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഇവിടേയ്ക്ക് വരാം. പുലര്‍ച്ചെ എഴുന്നേറ്റ് കുളിരണിഞ്ഞ് കിടക്കുന്ന പച്ചക്കറിത്തോട്ടങ്ങളിലൂടെ ഊരിലെ കര്‍ഷകര്‍ക്കൊപ്പം നടക്കാം. തമിഴ് കലര്‍ന്ന മലയാളം കേട്ടും പറഞ്ഞും അവരോടൊത്ത് വിളവെടുക്കാം. വിളവുകള്‍ വില കൊടുത്ത് വാങ്ങി അവരുടെ ജീവിതതാളത്തിന് താങ്ങായി മാറാം. ശേഷം അവരുടെ കളങ്കമില്ലാത്ത ചിരി കണ്ട് മലയിറങ്ങാം...

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com