ചിറകുകള്‍ ഇല്ലാത്തതുകൊണ്ടാണ് മനുഷ്യര്‍ ഇത്രമേല്‍ നിസ്വരായത്

ചുരത്തില്‍ ഏകദേശം അഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ പൊടുന്നനെ വഴി മോശമായി. ടാര്‍ കാണാനേയില്ല. കല്ലും ചെളിയും വണ്ടിയുടെ വേഗത നന്നേ കുറച്ചു. അല്പം കഴിഞ്ഞപ്പോള്‍ പെട്ടെന്നു മഴ തുടങ്ങി
ചിറകുകള്‍ ഇല്ലാത്തതുകൊണ്ടാണ് മനുഷ്യര്‍ ഇത്രമേല്‍ നിസ്വരായത്

ശ്രീനഗറില്‍നിന്നും യാത്രയാരംഭിച്ചപ്പോള്‍ മുതല്‍ ചരിത്രം സഞ്ചരിച്ച വഴികളിലൂടെയാണ് ഞങ്ങളും നീങ്ങിക്കൊണ്ടിരുന്നത്. ലഡാക്കിലെ ഓരോ കല്ലിലും മനുഷ്യവംശത്തിന്റെ പുരാലിഖിതങ്ങള്‍ കണ്ടെത്തിയാല്‍ അത്ഭുതപ്പെടാനില്ല. അത്രയ്ക്ക് പഴക്കമുണ്ട് ഈ സ്ഥലരാശിക്ക്. ഇവിടുത്തെ മനുഷ്യരും പ്രകൃതിയും ശാന്തഗംഭീരമായ മൗനികളാവുന്നതും ചരിത്രത്തിന്റെ ഈ കനം കൊണ്ടാവും. ഞങ്ങള്‍ മല കയറിക്കൊണ്ടിരുന്നു. കയറിക്കയറി ചെല്ലുമ്പോള്‍ ആകാശം തൊട്ടുതൊട്ടു വരുന്നു. വഴിയില്‍ മഞ്ഞു വീണിട്ടുണ്ട്. നീലമേഘങ്ങളുടെ ഷാമിയാനപ്പന്തലിനു കീഴെ ആദ്യമെത്തിയ വിരുന്നുകാരെപ്പോലെ ഞങ്ങള്‍ നാലുപേര്‍, ഞാനും സോജനും ജിഷാദും റയീസും. കേരളത്തിലെ നാല് ജില്ലകളില്‍നിന്നും വന്നവര്‍. ഞാന്‍ കോട്ടയംകാരന്‍. സോജന്‍ ഇടുക്കി, ജിഷാദ് കൊല്ലം, റയീസ് കോഴിക്കോട്. സൗഹൃദത്തിന്റെ പട്ടുപാത ഞങ്ങളിലൂടെ കടന്നുപോകുന്നു.

ചുരത്തില്‍ ഏകദേശം അഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ പൊടുന്നനെ വഴി മോശമായി. ടാര്‍ കാണാനേയില്ല. കല്ലും ചെളിയും വണ്ടിയുടെ വേഗത നന്നേ കുറച്ചു. അല്പം കഴിഞ്ഞപ്പോള്‍ പെട്ടെന്നു മഴ തുടങ്ങി. ആദ്യം ചെറുതായിട്ടും പിന്നേ ശക്തിയിലും മഴത്തുള്ളികള്‍ ഞങ്ങള്‍ക്കുമേല്‍ പതിച്ചുകൊണ്ടിരുന്നു. കുറച്ചു ദൂരം കൂടി പോയപ്പോള്‍ മഴ കുറഞ്ഞു. അപ്പോള്‍ മഞ്ഞുവീഴ്ചയാരംഭിച്ചു. ആദ്യമൊക്കെ ചെറിയ മുത്തുകള്‍ പോലുള്ള ആലിപ്പഴങ്ങളാണ് വീണതെങ്കില്‍ പോകെപ്പോകെ അത് ശക്തമായ ഹിമവാതമായി. ആകാശത്തുനിന്നും പറന്നിറങ്ങുന്ന മഞ്ഞിന്റെ കോടാനുകോടി ഇതളുകള്‍. ഇതിനിടയ്ക്ക് വഴിയില്‍ മഴവെള്ളം ഒഴുകി വലിയ കുഴികളും ചാലുകളും രൂപപ്പെട്ടിരിക്കുന്നു. 

എങ്ങോട്ടു നോക്കിയാലും തൂവെള്ള നിറം മാത്രം. കണ്ണുകള്‍ക്ക് അത് വല്ലാത്ത ആയാസമാണുണ്ടാക്കുന്നത്. അത്രയും നേരം വഴിയരികിലെ വലിയ പാറക്കൂട്ടങ്ങള്‍ കണ്ടു മടുത്ത ഞങ്ങള്‍ക്കിപ്പോള്‍ അവ കാണാത്തതാണ് സങ്കടം. അങ്ങനെയെങ്കിലും വേറെയൊരു നിറം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഇടയ്ക്ക് അപ്രതീക്ഷിതമായി അകലെയുള്ള മലകള്‍ക്കു മുകളില്‍ സൂര്യന്‍ തെളിയുന്നു. അപ്പോഴും ചാങ്‌ലയില്‍ ചാറ്റല്‍ മഴയും ഹിമവാതവും തന്നെയാണ്. ദൂരെനിന്നും എത്തിനോക്കുന്ന സൂര്യരശ്മിയില്‍ മഞ്ഞിന്റെ വെണ്‍കുപ്പായം വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ചെറുപ്പത്തില്‍ മുഖക്കണ്ണാടിയില്‍നിന്നും കണ്ണിലേക്ക് വെയില്‍ തെറിപ്പിക്കുന്നതുപോലെ കണ്ണടഞ്ഞു പോകുന്നു. 

ഇത് അപകടമാണ്. വണ്ടി പതിനായിരക്കണക്കിന് അടികള്‍ക്കു മേലെക്കൂടിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. വശങ്ങളില്‍ കാണുന്ന മഞ്ഞിന്റെ വിരിപ്പ് താഴെയുള്ള ഗര്‍ത്തങ്ങള്‍ മറച്ചുപിടിക്കുകയാണ്. ഒന്ന് തെന്നിയാല്‍ ചിലപ്പോള്‍ ഞങ്ങള്‍ പൊലിഞ്ഞുപോയേക്കാം. ചിലയിടങ്ങളില്‍ മഞ്ഞുപാളികളുടെ ഇടയിലൂടെത്തന്നെയാണ് പാത കടന്നുപോകുന്നത്. അവിടങ്ങളില്‍ മാത്രമാണൊരു ആശ്വാസം തോന്നുന്നത്. വണ്ടി മറിഞ്ഞാലും അഗാധങ്ങളായ കൊക്കയിലേക്ക് കൂപ്പു കുത്തുകയില്ലല്ലോ.

പെട്ടെന്ന് ജിഷാദിന്റേയും റയീസിന്റേയും വണ്ടി മറിഞ്ഞു. മഞ്ഞില്‍ കയറി തെന്നിപ്പോയതാണ്. ഞങ്ങള്‍ ഇറങ്ങി വണ്ടി നേരെയാക്കി. അതൊരു കയറ്റമായിരുന്നു. വീണുപോയ വണ്ടി നേരെയാക്കിയിട്ടും മുന്നോട്ടു പോകുന്നില്ല. ഒരുവിധം അത് തള്ളിക്കയറ്റാമെന്നു വെച്ചാല്‍ ശ്വാസം കിട്ടുന്നില്ല. റയീസ് കയ്യിലെ കുപ്പിവെള്ളം നെഞ്ചോട് ചേര്‍ത്ത് അനങ്ങാതെ നില്‍ക്കുകയാണ്. അവനോടു പതിയെ നടന്ന് കുന്നു കയറിക്കോളൂ എന്ന് പറഞ്ഞിട്ട് ഞാനും സോജനും കൂടി ഒരുവിധം വണ്ടി തള്ളിക്കൊടുത്തു. എങ്ങനെയോ ജിഷാദ് അത് ഓടിച്ച് മുകള്‍പ്പരപ്പിലെത്തിച്ചു. അപ്പോഴേക്കും റയീസുമെത്തിയിരുന്നു. സോജന്റേയും ജിഷാദിന്റേയും ഹെല്‍മറ്റുകളുടെ ഗ്ലാസ് ഷീല്‍ഡുകള്‍ക്കുമേല്‍ മുഴുവനും മഞ്ഞുവീണ് ഉറഞ്ഞിരിക്കുകയാണ്. അവരുടെ കണ്‍പീലികളും പുരികവും സാന്താക്ലോസിന്റേതുപോലെ വെളുത്ത പഞ്ഞിക്കെട്ടുകള്‍ ആയിരിക്കുന്നു. വണ്ടിയുടെ പുറകില്‍ ഇരുന്നവരായതുകൊണ്ട് ഞാനും റയീസും ഗ്ലാസ് ഷീല്‍ഡ് മാറ്റിയിരുന്നില്ല. പക്ഷേ, ഞങ്ങളുടെ കയ്യുറകളിലും കോട്ടിന്റെ കോളറിലും ഒക്കെ അവരുടേതുപോലെ തന്നെ നിറയെ മഞ്ഞാണ്. രണ്ടാളേയും കയറ്റിവിട്ടിട്ട് ഞങ്ങള്‍ തിരികെവന്ന് വണ്ടി എടുത്തു.

ഡി വിനയചന്ദ്രൻ
ഡി വിനയചന്ദ്രൻ

ആ കയറ്റത്തിന്റെ താഴെയാണ് ഞങ്ങളുടെ ബൈക്ക് ഇരിക്കുന്നത്. ഞങ്ങള്‍ സാവധാനം സൂക്ഷിച്ച് മഞ്ഞില്‍ തെന്നിപ്പോകാതെ വണ്ടി മുകളിലേക്ക് ഓടിച്ചുകയറ്റി. മുകള്‍പ്പരപ്പിലൂടെ അധികദൂരം പോകും മുന്നേ വഴി വീണ്ടും ഇറക്കമിറങ്ങിത്തുടങ്ങി. ആ ഇറക്കത്തില്‍ അല്പദൂരം പോയപ്പോഴേക്കും ഞാനും സോജനും വീണു. വണ്ടി മഞ്ഞില്‍ക്കൂടി കുറെ ദൂരം തെന്നിപ്പോയി. ഭാഗ്യംകൊണ്ട് വഴിയുടെ വിളുമ്പില്‍നിന്നും താഴേയ്ക്ക് പതിക്കാതെ വണ്ടി നിരങ്ങിനിന്നു. ഒരുവിധം അത് നേരെയാക്കി ഞങ്ങള്‍ വീണ്ടുമോടിച്ചു തുടങ്ങി. മഞ്ഞുവീഴ്ച അതിശക്തമാണ്. മുന്നില്‍ ഒരു പത്ത് അടിക്കു മേലെ ഒന്നും കാണാന്‍ മേല. പുകമറയിലെന്നവണ്ണം ജിഷാദും റയീസും മറഞ്ഞുപോയിരിക്കുന്നു. അവരുടെ വണ്ടിയുടെ ശബ്ദംപോലും കേള്‍ക്കുന്നില്ല. മുന്നിലുണ്ടാവും. അത്രയേ ഇപ്പോള്‍ കരുതാനാവൂ.

കുറച്ചു ദൂരംകൂടി പോയപ്പോഴേക്കും ഞങ്ങള്‍ വീണ്ടും വഴുതിവീണു. ഞാന്‍ ഇറങ്ങി വണ്ടി തള്ളാന്‍ തുടങ്ങി. പക്ഷേ, കഴിയുന്നില്ല. ശ്വാസതടസ്സം വല്ലാതെ കഷ്ടപ്പെടുത്തുകയാണ്. ഹിമാലയം അതിന്റെ ഉയരംകൊണ്ട് ഞങ്ങളെ തോല്‍പ്പിക്കുകയാണ്. തല വേദനിക്കുന്നു. ആള്‍റ്റിട്യൂഡ് സിക്‌നെസ്സ് ആണ്. ഉയരം കുറവുള്ള സ്ഥലത്തേക്ക് എത്തുക മാത്രമാണ് ഏക പോംവഴി. പക്ഷേ, അതിന് ഇനിയും കിലോമീറ്ററുകള്‍ താണ്ടണം. തണുപ്പില്‍ താടി കൂട്ടിയിടിക്കുന്നു. വെള്ളം കയറിയ ഷൂവിനുള്ളില്‍ മരവിച്ച കാല്‍വിരലുകള്‍ അവിടെത്തന്നെയുണ്ടോ എന്നറിയില്ല. വീണ്ടും ശക്തമായ മഴ തുടങ്ങി. ഇടയ്ക്ക് ചില കാറുകള്‍ ഞങ്ങളെ കടന്നുപോകുന്നുണ്ട്. ആരും നിര്‍ത്തുന്നില്ല. നിര്‍ത്തിയിട്ടു കാര്യവുമില്ല. അതിശക്തമായ മഴയിലും മഞ്ഞുവീഴ്ചയിലും അവരെല്ലാം എത്രയും വേഗം കൂടണയാന്‍ വെമ്പുകയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

സോജനും ഇറങ്ങി. ഞങ്ങള്‍ രണ്ടാളും കൂടി വണ്ടി തള്ളി ഒരുവിധം കുറെ ദൂരം പോയി. ബൈക്കിന്റെ ഇരുവശങ്ങളിലും കെട്ടിവെച്ചിരിക്കുന്ന ലഗേജുകളും പെട്രോള്‍ കന്നാസുകളും എല്ലാം എടുത്ത് ദൂരെ എറിയാന്‍ തോന്നുന്നവിധം ആയാസകരമായ പ്രവൃത്തിയാണത്. സ്വന്തം ശരീരം പോലും ഭാരമായി മാറുന്ന ഇടങ്ങളില്‍ ഒരു വണ്ടിയും അതിന്റെ കൂടെ കുറെ കെട്ടുകളും തള്ളി ചെളിയും മഞ്ഞും വഴുക്കുന്ന പാതയിലൂടെ ഞങ്ങള്‍ വളരെ പതിയെ കുറേ ദൂരം താണ്ടി. എന്നിട്ട് വഴി പിന്നെയും നിരപ്പായ ഇടത്തുവെച്ച് വീണ്ടും വണ്ടിയില്‍ കയറി. ഇത്തവണയും ആശ്വാസത്തിന് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. മുന്നില്‍ മറ്റൊരു കയറ്റം. ഇപ്പോള്‍ ഇടതുവശത്താണ് ഗര്‍ത്തങ്ങള്‍. അതൊഴിവാക്കാനായി ഞങ്ങള്‍ വഴിയുടെ വലതുവശം ചേര്‍ന്ന് വണ്ടി ഓടിച്ചു. 

കുന്നിന്റെ മുകളില്‍നിന്നും താഴേയ്ക്ക് വീണുറഞ്ഞുപോയ ഹിമസൂചികള്‍ ഇടയ്ക്കിടയ്ക്ക് ദേഹത്ത് തട്ടുന്നു. അത്ര അടുത്തുകൂടി വണ്ടി ഓടിക്കുന്നതും അപകടമാണ്. എങ്ങാനും വലിയൊരു മഞ്ഞുകട്ട താഴേയ്ക്ക് പതിച്ചാലോ. ഞാന്‍ എന്റെ ആകാംക്ഷ പങ്കുവെച്ചു. 

'പക്ഷേ, ഇവിടെ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല. മുന്നോട്ടു പോകാന്‍ പറ്റുന്നത്രയും പോവുക. വീഴാതെ നോക്കാനാണ് പരമാവധി ശ്രദ്ധിക്കേണ്ടത്.'

സോജന്‍ അത് പറഞ്ഞതും വണ്ടി പിന്നെയും മറിഞ്ഞു! തെന്നിപ്പോകുന്നതിനിടയില്‍ ചാടിയിറങ്ങാന്‍ വൈകിയതിനാല്‍ വണ്ടി എന്റെ കാലില്‍ത്തന്നെ വന്നുവീണു. വേദനയുടെ ഒരു മിന്നല്‍ ഞൊടിയിടയില്‍ പാഞ്ഞുപോയി. പക്ഷേ, അടുത്ത നിമിഷത്തില്‍ അസ്ഥിയുറയുന്ന തണുപ്പില്‍ മരവിപ്പ് കാലിലൂടെ പടര്‍ന്നു. ഞാന്‍ ഫോണ്‍ എടുത്ത് ജിഷാദിനേയും റയീസിനേയും വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ, സിഗ്‌നലുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ സോജനോട് ചോദിച്ചു:

കാരുവിൽ നിന്ന് ലേയിലേക്കുള്ള റോഡ്/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
കാരുവിൽ നിന്ന് ലേയിലേക്കുള്ള റോഡ്/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

'എടോ എന്ത് ചെയ്യും?'

'എന്ത് ചെയ്യാന്‍, മുന്നോട്ടു പോവുക തന്നെ!'

ഞങ്ങള്‍ വണ്ടി നേരെയാക്കാന്‍ ശ്രമിച്ചു. വീഴുന്നതിനിടയില്‍ വണ്ടി നിന്നുപോയിരുന്നു. ഞങ്ങളാകെ പേടിച്ചു. എങ്ങാനും വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ആയില്ലെങ്കില്‍ എല്ലാം തീര്‍ന്നതുതന്നെ. നടക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് കാലില്‍ നല്ല വേദനയുണ്ട്. ഇനി ഇറങ്ങി വണ്ടി തള്ളുക സാധ്യമല്ല. അതൊന്നും പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. ഇവിടം ഇളവേല്‍ക്കാനൊന്നും പറ്റുന്ന സ്ഥലമല്ല. ഒരുവിധം ഞങ്ങള്‍ വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. നേരത്തെ കൂടെക്കൂടെ വന്നുകൊണ്ടിരുന്ന കാറുകള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. വണ്ടികളെല്ലാം പോയിക്കഴിഞ്ഞു. ഇനി ഞങ്ങള്‍ മാത്രമാണ്. പഴയതുപോലെ വീണ്ടും ഞങ്ങള്‍ ഒറ്റയ്ക്കായിരിക്കുന്നു! ലക്ഷ്യസ്ഥാനത്തെത്തുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത അവസ്ഥ. കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ ചിന്തകളുടെ അരികുകളില്‍ കടിച്ചുതൂങ്ങാന്‍ തുടങ്ങി. വിശപ്പും ദാഹവും ചൈതന്യമാകെ കാര്‍ന്നു തിന്നുന്നു. പേടി അതിന്റെ എല്ലാ അശ്ലീലത്തോടും നഗ്‌നതയോടും തീവ്രതയോടും കൂടി ശ്വാസഗതിയെ കൂടുതല്‍ ആയാസപ്പെടുത്തുന്നു. ഇതോടൊപ്പം പിന്നെയും പിന്നെയും വണ്ടി മറിയുകയാണ്. എട്ടു തവണ ഞാനും സോജനും മറിഞ്ഞുവീണു! 

ഏകാന്തതയുടെ കട്ടി കൂടുംതോറും മനുഷ്യര്‍ നിശ്ശബ്ദരായി പോവും. എനിക്കും സോജനുമിടയില്‍ അല്ലെങ്കില്‍ പറയാന്‍ കടലോളം കാര്യങ്ങളുള്ളതാണ്. ഇപ്പോള്‍ ഒന്നും വരുന്നില്ല. ഇടയ്ക്ക് സോജന്‍ ചോദിച്ചു;

'എടോ, താന്‍ പുറകില്‍ തന്നെയുണ്ടോ?' ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു. 

'താന്‍ എന്താ ഒന്നും പറയാത്തത്?' 

'എടോ, നമ്മള്‍ വീട്ടില്‍ തിരിച്ചെത്തുമോ?' 

'താന്‍ ഒന്ന് ചുമ്മാതിരുന്നേ!' 

'ഞാനാണ് ഇവിടെ പൊലിഞ്ഞുപോകുന്നതെങ്കില്‍ താന്‍ മായയോടും കമലയോടും എനിക്കവരെ ഒരുപാട് ഇഷ്ടമായിരുന്നു എന്ന് പറയണേ!'

'അപ്പോള്‍ ഞാനാണെങ്കിലോ?'

'താനാണെങ്കില്‍ എന്റെ കാര്യം പോക്കാ. ഈ മലമുകളില്‍നിന്നും ബൈക്ക് ഓടിക്കാനറിയാത്ത ഞാന്‍ എങ്ങനെ തിരിച്ചു വീട്ടില്‍ എത്താനാണ്! ചത്താലും താന്‍ തന്നെ പോയി പറയേണ്ടിവരും!'

ആ ഭീകരതയ്ക്കിടയിലും ഞങ്ങള്‍ ചിരിച്ചു. ഞങ്ങളുടെ ചിരിയൊച്ച മലയിടുക്കുകളില്‍ തട്ടി പ്രതിഫലിക്കും എന്ന് വെറുതെ വിചാരിച്ചെങ്കിലും അതുണ്ടായില്ല. സ്വന്തം ശബ്ദം പോലും ഞങ്ങളെ വിട്ട് എവിടെയോ പോയി ഒളിക്കുകയാണ്. മഴയുടെ കരകരപ്പു മാത്രമാണ് ചുറ്റിലും. അതാവട്ടെ, ഓഫാക്കാന്‍ മറന്ന പഴയ മര്‍ഫി റേഡിയോ പോലെ കൊടുമുടികള്‍ക്കിടയില്‍ നിര്‍ത്താതെ പെയ്തുകൊണ്ടേയിരുന്നു.

ഹെമിസ് മൊണാസ്ട്രി
ഹെമിസ് മൊണാസ്ട്രി

ചുരം വെറുതെവിട്ട നാലുപേര്‍

എത്രയോടിച്ചിട്ടും ചുരം അവസാനി ക്കുന്നില്ല. മഞ്ഞുവീഴ്ച മാറിയതുമാത്രമാണ് ആകെ ആശ്വാസം. പക്ഷേ, അതിനും കൂടെ കൂട്ടി മഴ പെയ്യുന്നുണ്ട്. എങ്ങാനും മലയിടിയുമോ? വഴിയില്‍ പലയിടത്തും റോഡ് തകര്‍ത്തുകൊണ്ട് വെള്ളം കുത്തിയൊഴുകുകയാണ്. അതിലൂടെ വണ്ടി ഒരുവിധം ഓടിച്ചുകയറ്റുമ്പോള്‍ കാലുകള്‍ രണ്ടും നനയുന്നു. അന്നേരം അസ്ഥികള്‍ മുഴുവനായി ഞെരിഞ്ഞൊടിയുന്നപോലെയുള്ള വേദന. തണുപ്പിന്റെ ചെന്നായ്ക്കള്‍ കൂട്ടത്തോടെ കടിച്ചുപറിക്കുന്ന കലമാനുകള്‍ പോലെ ഞങ്ങള്‍ നിസ്സഹായരാവുന്നു. അപ്പോഴാണത് സംഭവിച്ചത്.

വാഴ്‌വിന്റേത് ഒരു ഭ്രാന്തന്‍ ഊഞ്ഞാലാണ്. വര്‍ത്തമാനത്തില്‍നിന്നും ഭൂതത്തിലേക്കും ഭാവിയിലേക്കുമത് നിരന്തരം ആടിക്കൊണ്ടേയിരിക്കും. ആരൊക്കെ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും അത് അതിന്റെ വേഗത്തില്‍ മാറ്റം വരുത്തില്ല. നമുക്കാകെ ചെയ്യാന്‍ കഴിയുക ഇതിനിടയില്‍ 'വിസ്മയം പോലെ ലഭിക്കും നിമിഷങ്ങള്‍ക്കര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്കുക' മാത്രമാണ്. കവികള്‍ക്ക് മാത്രമേ പ്രപഞ്ചത്തെ ഒരു ബിന്ദുവിലേക്കു ചുരുക്കുവാനാവൂ. എല്ലാവര്‍ക്കും കവികളാവാന്‍ കഴിയില്ല. പക്ഷേ, ഒരു തവണ ഒന്ന് ഹിമാലയത്തിലേക്ക് പോകൂ. ശൂന്യതയുടെ ആഴം കണ്ട് നാം തലകുനിച്ചുപോകും, തീര്‍ച്ച. 'നാമെന്തറിയുന്നു നമ്മളെ തന്നെയും' എന്ന് ഡി. വിനയചന്ദ്രന്‍ എഴുതിയതെന്തുകൊണ്ടെന്ന് നമുക്ക് മനസ്സിലാവും.

ജിഷാദിനേയും റയീസിനേയും കണ്ടിട്ട് മണിക്കൂറുകളായിരിക്കുന്നു. അവര്‍ എവിടെപ്പോയെന്നറിയാന്‍ ഒരു വഴിയുമില്ല. വഴിയുടെ ഇരുവശങ്ങളിലും മാറി മാറി അന്തംവിട്ട കൊക്കകള്‍ അവസാനമില്ലാതെ വന്നുകൊണ്ടേയിരിക്കുന്നു. ഞാന്‍ താഴെ മഞ്ഞുമൂടിയ താഴ്‌വരയിലേക്ക് ആശങ്കയോടെ നോക്കിക്കൊണ്ടിരുന്നു. അവിടെയെങ്ങും ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നതു കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ! കുറേക്കൂടി കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. 

ഞങ്ങള്‍ മഴയുടെ പക്കീസ മാലകള്‍ വകഞ്ഞുമാറ്റി മുന്നോട്ട് പോകവേ സോജന്‍ പറഞ്ഞു:

'എടോ ഒരു കുഴപ്പമുണ്ട്!'

'എന്താടോ?'

'താന്‍ മുന്നോട്ടു നോക്കിക്കേ!'

കാർ​ഗിലിലെ തണുത്തുറഞ്ഞ നദി
കാർ​ഗിലിലെ തണുത്തുറഞ്ഞ നദി

ഞാന്‍ നോക്കി. ഞങ്ങള്‍ക്കു മുന്നില്‍ വഴി രണ്ടായി പിരിയുന്നു! വലത്തേയ്ക്കുള്ള വഴി മലയിറങ്ങി താഴേയ്ക്ക് പോകുമ്പോള്‍ ഇടത്തേയ്ക്കുള്ളത് നേരെ മലയുടെ പള്ളയിലൂടെതന്നെ മുന്നോട്ടു പോകുന്നു. ഏതു വഴിയാണ് പോകേണ്ടത്? ഞങ്ങള്‍ പരസ്പരം നോക്കി. അവിടെ വഴി പറഞ്ഞുതരാന്‍ ദിശാസൂചികളൊന്നുമില്ല. ചോദിക്കാമെന്നു വെച്ചാല്‍ ചുറ്റിലും ഒരു മണ്ണും മനുഷ്യനുമില്ലാത്ത വിജനതയാണ്. സത്യത്തില്‍ ചങ് ലായിലൂടെയുള്ള യാത്ര തുടങ്ങുമ്പോള്‍ വഴി എവിടെയാണെത്തുകയെന്നൊന്നും ഞങ്ങള്‍ക്കൊരു പിടിയുമില്ലായിരുന്നു. ആകെ അറിയാമായിരുന്നത് കാര്‍തുങ് ലാ വഴി പോയാല്‍ ഉള്ളതിനേക്കാള്‍ ദൂരം കുറവാണെന്നും ഈ വഴിയില്‍ കാരുവില്‍ ഒരു എ.ടി.എം ഉണ്ടെന്നും മാത്രമാണ്.

നേരമിരുട്ടുകയാണ്. അല്ലെങ്കിലും എത്രയോ മുന്നേ മഴയും മഞ്ഞും സൂര്യനെ മറച്ചുകഴിഞ്ഞിരുന്നു! ഇതിപ്പോള്‍ സമയമാപിനികളില്‍ സന്ധ്യ ചേക്കേറിയതിന്റെ വെറുമൊരു സൂചന മാത്രമാണ്. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. കൂടാരത്തിന്റെ വാതിലുകളടച്ച് മരുഭൂമിയെ പുറത്താക്കുന്ന വണിക്കിനെപ്പോലെ ചുറ്റിലുമുള്ള പര്‍വ്വതങ്ങള്‍ ഇരുട്ടിനെ കൂട്ടി ഞങ്ങളെ പുറത്താക്കുകയാണ്. രാത്രി പതുങ്ങിവന്ന് മലമടക്കുകളുടെ പടിവാതില്‍ ചാരുന്നു. കൊടുമുടികള്‍ക്കു പിന്നില്‍ അവസാനത്തെ ലാപ്പില്‍ സൂര്യന്‍ പതറിപ്പോകുന്നു. ചാരം ചൂടിയതുപോലെ മലകള്‍ വിളറുന്നു. മഴ ഇപ്പോഴും യാതൊരു ദാക്ഷിണ്യവുമില്ലാതെ പെയ്യുന്നുണ്ട്. ഞാന്‍ ഇറങ്ങി മുന്നേ പോയ വണ്ടികളുടെ ടയര്‍ പാടുകള്‍ തിരഞ്ഞു. അതിലെങ്ങാനും ഒരു ബുള്ളറ്റിന്റെ പാടുണ്ടോ? പക്ഷേ, മഴയും മഞ്ഞും എല്ലാ തെളിവുകളും മായ്ച്ചുകളഞ്ഞിരിക്കുന്നു!

ഞങ്ങള്‍ വണ്ടി വഴിയരികില്‍ നിര്‍ത്തി ഇറങ്ങി. എന്‍ജിന്‍ ഓഫ് ആക്കിയിട്ടില്ല. അങ്ങനെ ചെയ്താല്‍ ചിലപ്പോ വീണ്ടും സ്റ്റാര്‍ട്ടായില്ല എന്നു വരും. അത്രയ്ക്ക് തണുപ്പാണ്. നേരത്തെ ഒരു തവണ വണ്ടി നിന്നുപോയതിന്റെ ഓര്‍മ്മ മറഞ്ഞിട്ടില്ല. മുകളില്‍നിന്ന് നോക്കുമ്പോള്‍ താഴേയ്ക്കുള്ള വഴി താരതമ്യേന എളുപ്പമുള്ളതാണെന്നു തോന്നുന്നു. വണ്ടി ഓടിച്ചോടിച്ച് ഞങ്ങള്‍ മടുത്തു. അവസാനമില്ലാത്തപോലെ വഴി നീളുകയാണ്. ഇനിയും ഇങ്ങനെ പോവാന്‍ പറ്റില്ല. എവിടെയെങ്കിലും മനുഷ്യവാസമുള്ളിടത്തെത്തണം. അതും എത്രയും പെട്ടെന്ന് വേണം താനും. അപ്പോള്‍ പിന്നെ അങ്ങനെ തന്നെ, താഴേയ്ക്ക് പോകാം. എന്തായാലും ഉയരം കുറയുകയാണല്ലോ അതുകൊണ്ട് തലവേദന മാറുകയും ചെയ്യും. പക്ഷേ, ആ വഴി എവിടെയാണ് എത്തുക? ജിഷാദും റയീസും ഏതു വഴിയാവും പോയിട്ടുണ്ടാവുക? ഒന്നുമറിയില്ല. ഒന്നുമറിയില്ലെങ്കില്‍ പിന്നെ ആകാംക്ഷയില്ലല്ലോ! വരുന്നത് വരുന്നിടത്തുവെച്ച് കാണാം. അത്രതന്നെ. 

രണ്ടും കല്പിച്ച് ഞങ്ങള്‍ താഴേയ്ക്കു പോകാനായി വണ്ടി വഴിക്ക് വട്ടം തിരിക്കാന്‍ തുടങ്ങി. അപ്പോള്‍ എവിടെ നിന്നെന്നറിയാതെ ഒരു കാര്‍ ചീറിവന്നു. ഞങ്ങളെ കണ്ടതും ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ഞങ്ങളുടെ ഉദ്ദേശ്യം മനസ്സിലായിട്ടാവും അയാള്‍ 'ലേയിലേക്കാണോ' എന്ന് ചോദിച്ചു. 

'അതെ,' ഞങ്ങള്‍ മറുപടി പറഞ്ഞു.  

'എങ്കില്‍ താഴേയ്ക്ക് പോകരുത്. അങ്ങേയറ്റം അപകടം പിടിച്ച വളവുകളും തിരിവുകളുമുള്ള വഴിയാണ്. മാത്രമല്ല, രാത്രിയായതുകൊണ്ട് വണ്ടിയോടിക്കുക ഒട്ടും എളുപ്പമാകില്ല. നേരെ പോക്കോളുക. അതാണ് നല്ലത്.'

ഞങ്ങള്‍ തിരിച്ചെന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ മുന്നേ അയാള്‍ വണ്ടി എടുത്ത് ചീറിപ്പാഞ്ഞ് താഴേയ്ക്കു പോയി. ഞങ്ങളോട് ആ വഴി പോകരുതെന്ന് അയാള്‍ ഇപ്പോള്‍ പറഞ്ഞതല്ലേയുള്ളൂ? എന്നിട്ട് അയാളെന്തിന് അതിലെ പോകുന്നു? ഒരുപക്ഷേ, ഫോര്‍ വീലര്‍ ആയതുകൊണ്ട് ടൂ വീലറിനോളം അപകടം കാണില്ല. എന്തായാലും ഇവിടെയിനി അയാളുടെ മുന്നറിയിപ്പിനെ സംശയിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ ഈ തണുപ്പുറഞ്ഞ മലമുകളില്‍വെച്ച് തികച്ചും അപരിചിതരായ ഞങ്ങളെ വഴിതെറ്റിച്ചിട്ട് അയാള്‍ക്കെന്തു കിട്ടാനാണ്? ഞങ്ങള്‍ വണ്ടി നേരെ കുന്നിന്റെ പള്ളയിലൂടെ ഓടിച്ചു.

പുതിയതായി വീതി കൂട്ടിയ വഴിയാണത്. മഴയും മഞ്ഞും മാറി മാറി അതില്‍ അനേകായിരം ചെറുതും വലുതുമായ കുഴികള്‍ എടുത്തിട്ടുണ്ട്. വണ്ടി ഒന്നില്‍നിന്നും മറ്റൊന്നിലേക്കു ചാടിച്ചാടിയാണ് പോകുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇതൊരു വല്ലാത്ത സ്ഥലം തന്നെയായിരിക്കും. ചക്രവാളത്തോളം പരന്നുകിടക്കുന്ന മലനിരകള്‍ ഇവിടെനിന്നാല്‍ നമുക്ക് കാണാന്‍ കഴിയും. പൊട്ടിപ്പൊളിഞ്ഞ ആ വഴിയിലൂടെ പിന്നെയും ഒരു മണിക്കൂറോളം ഡ്രൈവ് ചെയ്തിട്ടാണ് ഞങ്ങള്‍ കാരുവിലെത്തിയത്. വഴിയുടെ അറ്റത്ത് കാരുവിന്റെ വെളിച്ചങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ ജിഷാദിനേയും റയീസിനേയും ഇനി എവിടെപ്പോയി കണ്ടെത്തുമെന്ന ആശങ്കയിലായി ഞങ്ങള്‍. അവര്‍ ഇതേവഴിയിലൂടെ തന്നെയാവുമോ പോന്നിട്ടുണ്ടാവുക? ഇവിടെത്തന്നെയാണോ അവരും എത്തിച്ചേര്‍ന്നിരിക്കുക? വണ്ടി നഗരചത്വരത്തിലേക്ക് കയറിയതും വഴിയരികില്‍നിന്നും ഇരുട്ടിലൂടെ ഒരു വിളി 'അളിയാ!' 

ഹിമാനികൾ/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
ഹിമാനികൾ/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

കടകളെല്ലാമടച്ച് കാരു പതിയെ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. വഴിയില്‍ കണ്ട ഒരാളോട് താമസിക്കാന്‍ ഒരിടം കിട്ടുമോയെന്നു ഞങ്ങള്‍ ചോദിച്ചു. അയാള്‍ ഞങ്ങള്‍ക്ക് പാതിയടച്ച ഒരു ഹോട്ടല്‍ ചൂണ്ടിക്കാണിച്ചു തന്നു. ഇവിടെ എവിടെയാണ് എ.ടി.എം? അതും അയാള്‍ കാണിച്ചുതന്നു. ഞങ്ങള്‍ പണവും എടുത്ത് വഴിയരികിലുള്ള ആ ഹോട്ടലില്‍ ചെന്നുകയറി. ഹോട്ടലിന്റെ അടുക്കളയോട് ചേര്‍ന്ന ഒരു ഇടുക്കുമുറിയാണ് ഞങ്ങള്‍ക്ക് താമസിക്കാനായി കിട്ടിയത്. ആ കുടുസ്സുമുറിക്ക് അവര്‍ ആവശ്യപ്പെട്ടത് അന്യായമായ തുകയാണെന്നറിഞ്ഞിട്ടും അന്ന് രാത്രി ഞങ്ങള്‍ക്ക് പൈസയേക്കാള്‍ വില ഈറന്‍ മാറി ഉറങ്ങാനൊരിടം എന്നതിനായിരുന്നു. ഹോട്ടലുകാര്‍ തന്ന രുചിയില്ലാത്ത ചപ്പാത്തിയും ദാലും കഴിച്ച് ഈര്‍പ്പം കൊണ്ട് മണത്തു തുടങ്ങിയ ഷൂസും നനഞ്ഞൊട്ടിയ ബാഗുകളും ഒരുവിധം മുറിയുടെ മൂലയ്‌ക്കൊതുക്കി ഞങ്ങള്‍ ഉള്ള ഇടത്തില്‍ ചുരുണ്ടു. 

മലകളെ കീഴടക്കി മനുഷ്യവാസമുള്ളിടത്ത് എത്തിയതിന്റെ ഒരു ഗമയും ഞങ്ങള്‍ക്കപ്പോള്‍ തോന്നിയില്ല. ചങ് ലാ വെറുതെ വിട്ടവര്‍ മാത്രമാണ് ഞങ്ങളെന്ന് അപ്പോഴും നന്നായി അറിയാമായിരുന്നു. വഴിയിലാകെ 'ആയത്തുല്‍ ഖുര്‍സി'യും ചൊല്ലി വണ്ടി ഓടിച്ചതിനെക്കുറിച്ചായിരുന്നു ജിഷാദിനും റയീസിനും പറയാനുണ്ടായിരുന്നത്. അവരും വഴി പിരിയുന്നിടത്ത് ശങ്കിച്ചു നിന്നിരുന്നു. പിന്നെ എന്തോ ഉള്‍വിളിപോലെ ഇടത്തോട്ടു പോരാന്‍ തീരുമാനിക്കുകയായിരുന്നു. പല തവണ അവരുടെ വണ്ടിയും മറിഞ്ഞു. ഞങ്ങളെ കാണാത്തതില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും മഞ്ഞും തണുപ്പും വഴിയില്‍ കാത്തുനില്‍ക്കാന്‍ അനുവദിക്കാത്തവണ്ണം തളര്‍ത്തിയതുകൊണ്ട് വരുന്നത് വരട്ടെയെന്നു കരുതി മുന്നോട്ട് പോവുകയാണുണ്ടായത്.

വാഹനങ്ങളുടെ തേരട്ട 
  
പിറ്റേന്നു രാവിലെ ഞങ്ങള്‍ കാരുവിലുള്ള ഹെമിസ് മൊണാസ്റ്ററി കാണാന്‍ പോയി. പക്ഷേ, എന്തോ കാര്യത്താല്‍ അവിടെ അന്ന് ആളുകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ട് മൊണാസ്റ്ററിയും നടന്ന് കുറെ കാഴ്ചകള്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് മടങ്ങേണ്ടിവന്നു. ഹെമിസ് പുറമെ നിന്ന് കാണുമ്പോള്‍ തന്നെ അതിന്റെ പഴക്കവും പ്രൗഢിയും പ്രതാപവും കൊണ്ട് നമ്മെ അതിശയിപ്പിക്കും. ലഡാക്കില്‍ ഏറ്റവും സമ്പന്നമായ ബുദ്ധവിഹാരമാണ് പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഹെമിസ് മൊണാസ്റ്ററി. ലഡാക്കി രാജവംശവുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഒരു മൊണാസ്റ്ററിയാണിത്. ലഡാക്കിലേയും സന്‍സ്‌കാറിലേയും ഏതാണ്ടെല്ലാ പ്രധാനപ്പെട്ട മൊണാസ്റ്ററികളും ഹെമിസിന്റെ കീഴിലാണ്. അങ്ങനെ നോക്കുമ്പോള്‍ 2500 ഏക്കറോളം ഭൂമി ഹെമിസിന്റെ അധീനതയിലുണ്ട്. കാരുവില്‍നിന്നും ഇന്‍ഡസ് നദി മുറിച്ചുകടന്ന് മാര്‍സ്‌തെലാങ് എന്ന ഗ്രാമത്തിലെത്തുമ്പോള്‍ അവിടെ സ്‌റ്റോക്ക്കാന്‍ഗ്രി മലനിരകളിലാണ് ഈ ബുദ്ധവിഹാരം സ്ഥിതിചെയ്യുന്നത്.

മൊണാസ്റ്ററിയുടെ മുന്നിലെ വഴിയില്‍നിന്ന് നോക്കുമ്പോള്‍ ചുറ്റിനുമുള്ള മലനിരകളില്‍ കുറെ ചെറിയ ചെറിയ കെട്ടിടങ്ങള്‍ കാണാം. അവയും ഹെമിസിന്റെ ഭാഗമാണ്. അത് സന്ന്യാസിമാരുടെ താമസയിടങ്ങളോ മറ്റോ ആണ്. എല്ലായിടവും ബുദ്ധിസ്റ്റ് പ്രാര്‍ത്ഥനാ പതാകകള്‍ പാറുന്നു. വലിയ പ്രാര്‍ത്ഥനാ വീലുകളും കാണാം. ശ്വേതനിറമാര്‍ന്ന മൊണാസ്റ്ററിയുടെ കൂറ്റന്‍ഭിത്തികളില്‍ തവിട്ടു നിറത്തില്‍ തടികൊണ്ടുള്ള ജനാലകളും വാതിലുകളുമുണ്ട്. പുറമേയ്ക്കുതന്നെ യാത്രികരെ അതിശയിപ്പിക്കുന്ന കൊത്തുപണികളും ചിത്രപ്പണികളുംകൊണ്ട് സമ്പന്നവുമാണ് ഹെമിസ്. ഹെമിസ് ഉത്സവം ലഡാക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്ന് നേരത്തെ നമ്മള്‍ കണ്ടതാണ്. ഗുരു പദ്മസംഭവ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഞങ്ങള്‍ ഹെമിസിന്റെ ചുറ്റും കറങ്ങി നടന്നിട്ട് തിരികെ കാരുവിലേക്കു പോന്നു.

അവിടെത്തന്നെയുള്ള മറ്റൊരു ഹോട്ടലില്‍നിന്നും ഭക്ഷണവും കഴിച്ച് ഞങ്ങള്‍ വീണ്ടും ലേയിലേക്കുള്ള യാത്ര ആരംഭിച്ചു. കാരുവില്‍നിന്നും ലേയിലേക്ക് 34 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് പാതിമുക്കാലും നിരപ്പായ വഴിയാണ്. സിന്ധുവിന്റെ കരപറ്റി അങ്ങനെ ഒഴുകിപ്പോകുന്ന വഴി. ഇടയ്ക്ക് ഷേ പാലസും തിസ്‌കെ മൊണാസ്റ്ററിയും വരും. ഷെയുടെ പ്രത്യേകതയും നമ്മള്‍ നേരത്തെ കണ്ടതാണ്. കാരുവില്‍ നിന്നുള്ള ഈ വഴി യഥാര്‍ത്ഥത്തില്‍ മണാലിയില്‍നിന്നും ലേയിലേക്കു വരുന്ന കീലോങ്‌ലെ ഹൈവെ ആണ്. ഞങ്ങള്‍ ഉച്ചയായപ്പോഴേക്കും ലേയിലെത്തി. ബൈക്ക് തിരിച്ചു കൊടുക്കാനും മടക്കയാത്രയ്ക്കുള്ള ഒരുക്കത്തിനുമായി അന്നുകൂടി ഞങ്ങള്‍ അവിടെ തങ്ങിയിട്ട് പിറ്റേന്നാണ് തിരിച്ചുപോന്നത്.

ലേയില്‍നിന്നും പഴയതുപോലെ ബസില്‍ കാര്‍ഗില്‍ വഴി ശ്രീനഗറിലേക്കാണ് മടക്കയാത്ര. നേരം വെളുത്തപ്പോള്‍ പട്ടണം ഉണരുന്നതിനു മുന്നേ ഞങ്ങള്‍ യാത്ര തിരിച്ചു. വണ്ടി മുന്നോട്ടു പോകവേ കൊടുമുടികള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു നാടകത്തില്‍ അഭിനയിച്ചുകഴിഞ്ഞ നടന്മാരെപ്പോലെ ഞങ്ങള്‍ ബസിന്റെ ഇരിപ്പിടങ്ങളില്‍ ചടഞ്ഞിരുന്നു. എല്ലാവര്‍ക്കും നിരന്തരമുള്ള യാത്ര കാരണം നല്ല ക്ഷീണമുണ്ട്. ബസ് ചുരങ്ങള്‍ താണ്ടി ഗ്രാമങ്ങളിലൂടെയും പിന്നീട് വിജനമായ വിശാലതകളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു. ഉച്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കാര്‍ഗിലില്‍ എത്തി. അന്ന് വൈകുന്നേരം തന്നെ ശ്രീനഗറിലേക്കു പോകണം. രാത്രിയില്‍ സോജി ലാ കടന്നു നേരം പുലരുമ്പോള്‍ ശ്രീനഗര്‍. അവിടെ ഒരു ദിവസം കൂടി തങ്ങിയിട്ട് പിറ്റേന്നു രാവിലെ ഡല്‍ഹിയിലേക്കും പിന്നെ നാട്ടിലേക്കും.
 
തിരിച്ചുള്ള യാത്രകള്‍ വീട്ടിലേക്കുള്ളവയാകുമ്പോള്‍ എന്തുകൊണ്ടോ വിട്ടുപോരുന്ന നാടിന്റെ ഓര്‍മ്മകളേക്കാളും സ്വന്തം നാട്ടുപച്ചയുടെ കുളിരാണ് കൂടുതല്‍. കാര്‍ഗിലില്‍നിന്നുള്ള ബസ് പുറപ്പെടാന്‍ നാല് മണിക്കൂര്‍ സമയമുണ്ട്. അത്രയും സമയം ഒരു ഹോട്ടലില്‍ തല്‍ക്കാലത്തേക്ക് മുറിയെടുത്ത് ഞങ്ങള്‍ ഒന്നു നടുവ് നിവര്‍ത്തി. സന്ധ്യ മയങ്ങുന്നു. ബസ് വന്നിട്ടില്ല. കുറേ നേരം കൂടി നോക്കി നിന്നപ്പോള്‍ വണ്ടി വന്നു. ബാഗുകള്‍ ലഗേജ് കംപാര്‍ട്ടുമെന്റില്‍ വെച്ചിട്ട് ഞങ്ങള്‍ കയറിയിരുന്നു. സ്ലീപ്പര്‍ കോച്ചാണ്. വണ്ടിയില്‍ വേറെയും കുറെ യാത്രക്കാരുണ്ട്. എല്ലാവരും ആ പ്രദേശങ്ങളില്‍ തന്നെ ഉള്ളവരാണ്. കുറെ ചെറുപ്പക്കാര്‍ കലപില കൂട്ടിക്കൊണ്ട് വണ്ടിയില്‍ കയറി. പിന്നെ ഉമ്മയും ബാപ്പയും കുട്ടികളുമടങ്ങുന്ന ഒരു കുടുംബം. ഇപ്പോള്‍ ഞങ്ങളേയും കൂടെ കൂട്ടി ആകെ 15 പേര്‍ വണ്ടിയിലുണ്ട്. 

ബസ് യാത്രയാരംഭിച്ചു. ഞാന്‍ മൊബൈലില്‍ മെഹ്ദി ഹസ്സനെ പതിയെ കേട്ടുകൊണ്ട് കണ്ണടച്ച് കിടന്നു.
 
'റഫ്ത റഫ്ത വോ മേരി 
ഹസ്തി കാ സാമാന്‍ ഹോ ഗയേ!
പെഹലി ജാന്‍, ഫിര്‍ ജാന്‍എജാന്‍
ഫിര്‍ ജാന്‍എജാനാ ഹോ ഗയി'

വൈകുന്നേരത്തെ കാറ്റൊഴിഞ്ഞ കടല്‍ പോലെ മെഹ്ദി സാബ് ഉറക്കത്തിന്റെ തീരങ്ങളില്‍ വന്ന് ചെറുങ്ങനെ തഴുകുകയാണ്. പാട്ടുകൊണ്ട് പട്ടുതൂവാല നെയ്ത പാട്ടുകാരന്‍. കാര്‍ഗിലില്‍ നിലാവ് കോരിക്കോരിയൊഴിച്ചു തണുപ്പിച്ച രാത്രിയാണിത്. മുന്നിലെ മലകള്‍ക്കപ്പുറം പാകിസ്താന്‍. അപരദേശത്തിന്റെ അതിര്‍ത്തികള്‍ കടന്ന് എനിക്കായി മാത്രം മെഹ്ദി പാടുന്നു. ഓര്‍മ്മകളോരോന്നായി വന്നു തീരത്തണയുന്നു!

കുറെ കഴിഞ്ഞപ്പോള്‍ സീറ്റ് പുറകിലേക്ക് ചെരിച്ചു വെച്ച് ഞാന്‍ കിടന്നു. അധികം വൈകാതെ രാത്രി കൊടുമുടികളേയും താഴ്‌വാരങ്ങളേയും വിഴുങ്ങി. ഉറക്കം നല്ലവണ്ണം പിടിച്ച സമയത്ത് എന്തോ ഒരു പന്തികേട്. കുറേ നേരമായി വണ്ടി നീങ്ങുന്നില്ലേ? ഞാന്‍ പതിയെ എഴുന്നേറ്റു. പുറത്തു അങ്ങിങ്ങ് കുറച്ചു വെളിച്ചങ്ങള്‍. ഏതോ താഴ്‌വാരത്തിലാണ് ഞങ്ങളും വണ്ടിയും. ബസ് നിര്‍ത്തിയിട്ടിരിക്കുകയാണ്. എന്തുപറ്റി? നോക്കാമെന്നു കരുതി പുറത്തേക്കിറങ്ങിയതും ചെന്നായക്കൂട്ടത്തെപ്പോലെ തണുപ്പ് ഓടിച്ചിട്ടു വളഞ്ഞ് അസ്ഥികള്‍വരെ കടിച്ചുപറിച്ചു. തിരികെ അകത്തു കയറി. വഴിയില്‍ ഞങ്ങള്‍ മാത്രമല്ല, നിരവധി വാഹനങ്ങള്‍ വേറെയുമുണ്ട്. എന്തായാലും നേരം വെളുത്തിട്ടു നോക്കാം. ഒരുവിധം പിന്നെയും ഉറങ്ങാന്‍ കിടന്നു. 

പ്രഭാതത്തില്‍ പുലരിവെയിലിന്റെ നേര്‍ത്ത കിരണങ്ങള്‍ മുഖത്ത് തട്ടിയപ്പോള്‍ ഞങ്ങളുണര്‍ന്നു. നോക്കുമ്പോള്‍ വഴിയില്‍ നിറയെ വാഹനങ്ങളാണ്. പുതിയവ വന്നുകൊണ്ടിരിക്കുന്നു. രാത്രി വന്നവര്‍ ആണുങ്ങളും പെണ്ണുങ്ങളും അടുത്തുള്ള ഒരു കംഫര്‍ട്ട് സ്‌റ്റേഷന്റെ മുന്നില്‍ കൂട്ടം കൂടി നില്‍പ്പുണ്ട്. ബസിനോട് ചേര്‍ന്ന് വഴിയരികില്‍ ഒരു ചായക്കട. അവിടെയും ആളുകള്‍ കൂട്ടം കൂടിയിരിക്കുന്നു. ഞങ്ങള്‍ പുറത്തിറങ്ങി അവിടെ കൂടിയിരിക്കുന്നവരോട് കാര്യമന്വേഷിച്ചു. ചായക്കടക്കാരന്‍ ഒഴുക്കന്‍ മട്ടില്‍ 'ആഗേ രാസ്താ നഹി ഹേ ഭയ്യാ' എന്നു പറഞ്ഞു. എന്ത് മുന്നില്‍ വഴിയില്ലെന്നോ? ഇയാള്‍ എന്ത് ഭ്രാന്താണ് ഈ പറയുന്നത്? യാത്രക്കാരില്‍ ഒരാള്‍ കാര്യം പറഞ്ഞു. രാത്രിയില്‍ വലിയ മണ്ണിടിച്ചിലില്‍ മുന്നിലെവിടെയോ വഴി മുഴുവനും കൊക്കയിലേക്ക് പതിച്ചിരിക്കുകയാണ്. പട്ടാളക്കാര്‍ പുതിയ വഴി വെട്ടുന്നുണ്ട്. അവരുടെ പണി കഴിഞ്ഞാലേ ഇനി പോകാന്‍ പറ്റൂ! 

ഞങ്ങള്‍ ചുറ്റും നോക്കി. വിശാലമായ ഒരു താഴ്‌വരയിലാണ് ഞങ്ങളിപ്പോള്‍. ചുറ്റിനും വലിയ കൊടുമുടികള്‍. അവയുടെ മുകളില്‍ തെളിഞ്ഞ നീലാകാശം കുടപിടിച്ചിരിക്കുന്നു. മലഞ്ചെരുവില്‍ നിന്നും ഒരു നീര്‍ച്ചാല്‍ ഒഴുകിവരുന്നുണ്ട്. അതൊഴുകും വഴിയില്‍ ചതുപ്പുകള്‍. ചതുപ്പില്‍ ആ തണുപ്പിലും കുളിക്കുന്ന പക്ഷികള്‍. ഞങ്ങള്‍ പ്രഭാതകൃത്യങ്ങള്‍ നടത്തിയിട്ട് വീണ്ടും തിരിച്ച് ബസിനുള്ളില്‍ കയറി കുറേ നേരം കൂടി ഇരുന്നു. 

വിശക്കുന്നുണ്ട്. പുറത്തിറങ്ങി ചായക്കടയില്‍ ചെന്ന് കഴിക്കാന്‍ എന്തുണ്ടെന്നു ചോദിച്ചു. കടക്കാരന്‍ പുഞ്ചിരിച്ചുകൊണ്ട് മാഗി ഉണ്ടെന്നു പറഞ്ഞു. മാഗി എങ്കില്‍ മാഗി. അതേക്കൂട്ട് ഓരോ പ്ലേറ്റ് വാങ്ങി തിന്നിട്ട് ഞങ്ങള്‍ താഴ്‌വരയിലൂടെ വെറുതെ നടക്കാന്‍ തീരുമാനിച്ചു. അവിടെ ഒരു പട്ടാള ക്യാമ്പുണ്ട്. അതിന്റെ ഗെയ്റ്റില്‍ കാവല്‍ക്കാരായി രണ്ടുമൂന്നു പട്ടാളക്കാരും. ഞങ്ങള്‍ അവരെ കടന്നു പിന്നെയും മുന്നോട്ടുപോയി. ഇപ്പോള്‍ വഴിയുടെ ഇരുപുറവും പതിനഞ്ചടിയോളം ഉയരത്തില്‍ മഞ്ഞുമലകളാണ്. അതിനിടയിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിനു പോകാന്‍ പാകത്തില്‍ പട്ടാളക്കാര്‍ വഴി വെട്ടിയെടുത്തിരിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ മണ്‍വഴിയില്‍ നിറയെ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. 

ഞങ്ങള്‍ തിരിച്ചു പോന്നു. പിന്നെയും ബസിന്റെയടുത്തെത്തി താഴ്‌വരയുടെ വലതുവശത്തേയ്ക്കു നടന്നു. അവിടെയാണ് ആ അരുവി. അതിന്റെ കരയിലെ ചതുപ്പുകളില്‍ ഇരതേടുന്ന പക്ഷികളെ കണ്ടുകൊണ്ട് കുറേ നേരം ഇരുന്നു. നേരം ഉച്ചയായപ്പോള്‍ ഒച്ചിഴയുന്ന വേഗത്തില്‍ വാഹനങ്ങളുടെ തേരട്ട ശ്രീനഗര്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നു. ഞങ്ങള്‍ തിരിച്ചു വണ്ടിയില്‍ കയറി. നേരത്തെ കണ്ട മഞ്ഞുമലകളെ കീറിയുണ്ടാക്കിയ ഇടുക്കുവഴിയിലൂടെ ഞങ്ങളേയും വഹിച്ചുകൊണ്ട് ബസ് വശങ്ങളിലെ മഞ്ഞുപാളികളില്‍ തട്ടിയുരഞ്ഞാണ് മുന്നോട്ടു നീങ്ങുന്നത്. 

യാത്രയില്‍ പലയിടത്തും വീണ്ടും മണ്ണിടിഞ്ഞു. അന്നേരമെല്ലാം കിഴുക്കാന്‍തൂക്കായ പര്‍വ്വതമുനമ്പുകളില്‍ ഞങ്ങള്‍ ഉയിരും കയ്യിലെടുത്ത് കാത്തിരുന്നു. കുറേ നേരമങ്ങനെ കിടക്കുമ്പോള്‍ വീണ്ടും ഡ്രൈവര്‍ ഹോണ്‍ മുഴക്കിയിട്ട് വണ്ടി എടുക്കും. പക്ഷേ, ആ യാത്ര അധികനേരമുണ്ടാകില്ല. ഒന്നോ രണ്ടോ കിലോമീറ്ററുകള്‍ കഴിയുമ്പോഴേക്കും വീണ്ടും പഴയതുപോലെ തന്നെ. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ വെളിയിലിറങ്ങി നോക്കും. പ്രത്യേകിച്ച് ഒന്നും കാണാനില്ല. അടിഭാഗം കാണാനാവാത്ത കൊക്കകള്‍, മാനം മുട്ടുന്ന കൊടുമുടികള്‍, അവയ്ക്കിടയില്‍ കുറെ മനുഷ്യര്‍, അവരുടെ വാഹനങ്ങള്‍. വഴിയിലൊരിടത്ത് താഴെയെവിടെയോ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിക്കുന്നതിന്റെ ഒച്ച കേട്ട് ഞങ്ങള്‍ ഇറങ്ങി കുറച്ചു ദൂരം നടന്നു. 

അവിടെ ഒരു മലയുടെ ചെരിവ് ഒന്നാകെ ഇടിഞ്ഞുപോയിരിക്കുകയാണ്. ഇനി യാത്ര സാധ്യമാകണമെങ്കില്‍ അതിലെ വേറെ വഴി വെട്ടണം. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികള്‍ തകൃതിയായി പണിയെടുക്കുന്നു. അവര്‍ വലിയ പാറകള്‍ ബുള്‍ഡോസര്‍ കൊണ്ട് താഴേയ്ക്ക് തള്ളിയിടുന്നുണ്ട്. വഴിയുടെ വിളുമ്പില്‍നിന്നും അവ അങ്ങ് താഴെയെവിടെയോ പോയി ഒടുങ്ങുന്നു. ആദ്യമൊക്കെ വലിയ ശബ്ദം കേള്‍ക്കാമെങ്കിലും ആഴത്തിലേക്ക് പോകുംതോറും ഒരു പൊട്ടുപോലെ എന്തോ ഒന്ന് നിലംതൊട്ടു ചിതറുന്നതു മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അവിടെനിന്നും കുറേ നേരം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ക്ക് പോരാന്‍ കഴിഞ്ഞത്.

പിന്നെയും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഒടുവില്‍ ജനവാസകേന്ദ്രത്തിലെത്തിയപ്പോള്‍ വിശപ്പും ദാഹവും കേടായ വയറും ഒക്കെക്കൂടി ഞങ്ങള്‍ നന്നേ ക്ഷീണിച്ചിരുന്നു. സോനാമാര്‍ഗില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്തു കണ്ട കടയില്‍ കയറി എന്തൊക്കെയോ കഴിച്ചു. അവിടെനിന്നും രാത്രിയോടടുപ്പിച്ചാണ് ഞങ്ങള്‍ ശ്രീനഗറില്‍ എത്തിയത്. അന്നുകൂടി യാക്കൂബിന്റെയടുത്ത് തങ്ങിയിട്ടു പിറ്റേന്ന് ഞങ്ങള്‍ തിരിച്ചു പോന്നു.

പിന്‍കുറി

എന്തുകൊണ്ടാവാം പക്ഷികള്‍ ആത്മഹത്യ ചെയ്യാത്തത്? അതിജീവന സ്വപ്നങ്ങളുടെ അവസാന മുനമ്പില്‍വെച്ച് ആയിരിക്കുന്നയിടം വിട്ട് ദൂരേയ്ക്ക് പറന്നുപോവാന്‍ അവയ്ക്ക് കഴിയുന്നതു കൊണ്ടാവുമോ? എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പറക്കാന്‍ കഴിയാത്തതുകൊണ്ടാണ് മനുഷ്യര്‍ സ്വയംഹത്യ ചെയ്യുന്നതെന്ന്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് ഇനിയൊന്നും ആരോടും പറയാനില്ലാതെ ഉണ്മയുടെ അതിഭീകരമായ ഭാരവും പേറി ജീവിതത്തെ അത്രമേല്‍ പ്രണയിച്ചു പോകുന്ന ആ നിമിഷമാണ് അത് സംഭവിക്കുന്നത്. ഓര്‍ത്തുനോക്കൂ, ആ നിമിഷം ആ കയര്‍ തുമ്പില്‍നിന്നും ദൂരെ ഒരിടത്തേയ്ക്ക് പറന്നുപോവാന്‍ നമുക്ക് കഴിയുമായിരുന്നെങ്കിലെന്ന്. അവിടെ ഏതോ ഒരു തീരത്ത് ഇരതേടി കഴിയാന്‍ നമുക്ക് സാധിക്കുമായിരുന്നെങ്കിലെന്ന്. ചിറകുകള്‍ ഇല്ലാത്തതുകൊണ്ടാണ് മനുഷ്യര്‍ ഇത്രമേല്‍ നിസ്വരായത്.
ഇടതു കാലിന്റെ പാദം ഒടിഞ്ഞുതൂങ്ങിയ ഒരു മംഗോളിയന്‍ മണല്‍ക്കോഴിയെ ഒരിക്കല്‍ ഞാന്‍ പുതുവൈപ്പ് കടപ്പുറത്തു നിന്നും കണ്ടു. ഓരോ തിര വരുമ്പോഴും തീരത്ത് ഓടിയെത്തി ഇര തേടുകയാണ് ഈ നീര്‍പ്പക്ഷികളുടെ രീതി. തിര ഇറങ്ങുന്ന നേരം ഈറനായ മണല്‍പ്പരപ്പില്‍ പുതഞ്ഞുപോവാതിരിക്കാന്‍ പാകത്തിന് ഇവയുടെ വിരലുകള്‍ നീണ്ടതും പാദം പരന്നതുമായിരിക്കും. അവയിലൊന്ന് ഒടിഞ്ഞുപോവുന്നത് ആ പക്ഷിയുടെ ജീവിതം എത്രമേല്‍ ദുഷ്‌കരമാക്കിയിട്ടുണ്ടാവും എന്നോര്‍ത്തു നോക്കൂ. പക്ഷേ, ഞാന്‍ കാണുമ്പോള്‍ മറ്റു പക്ഷികളെക്കാള്‍ വേഗത്തില്‍ ഓടി ഇര തേടുകയായിരുന്നു അത്. മറ്റാര്‍ക്കും കിട്ടാത്ത അത്രയും ചെറുജീവികളെ അത് തീരത്തുനിന്നും കൊത്തി വിഴുങ്ങിക്കൊണ്ട് തലങ്ങും വിലങ്ങും ഞൊണ്ടിപ്പാഞ്ഞു. കൂട്ടുകാര്‍ തീരത്ത് മുന്നോട്ടേയ്ക്കുള്ള കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചപ്പോള്‍ ഈ പക്ഷിമാത്രം പിന്നോട്ടേയ്ക്ക് ഉള്ള കാല്‍പ്പാടുമായി വ്യത്യസ്തയായി. 

അതേ, അതാണ് ജീവിതം. ചുമ്മാതങ്ങ് ഓടുക. ആരും കണ്ടില്ലെങ്കിലും പോവും വഴിക്കെല്ലാം, ചെല്ലുന്ന അകലങ്ങളിലെല്ലാം നമുക്ക് കാണാന്‍ ഒരുപാടുണ്ട്. പുഴയോരത്തുനിന്നും ഒരു കല്ലെടുത്ത് ഉമ്മ കൊടുത്തിട്ട് പുഴയില്‍ തന്നെ ഇട്ടിട്ടു പോരുക, മലമുകളില്‍ കാറ്റു വരുമ്പോള്‍ അതിന്റെ കാതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുടെ പേര്‍ മറ്റാരും കേള്‍ക്കാതെ പറയുക, കാട്ടില്‍ വന്‍ മരത്തിന്റെ പൊക്കിളില്‍ ഒന്ന് തൊട്ടിട്ട് തിരിച്ചിറങ്ങുക, തീരത്ത് ഒറ്റയ്ക്കു നില്‍ക്കുക. എല്ലാം കൈവിട്ടു പോവുമെന്നു തോന്നിയാല്‍ ചുമ്മാതങ്ങു യാത്ര പോവുക.

(അവസാനിച്ചു)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com