പ്രശസ്തിയുടെ പൊന്‍തിളക്കത്തില്‍ നിന്ന് കുപ്രസിദ്ധിയിലേക്കും കുറ്റവാളിയെന്ന ലേബലിലേക്കും മാറിയ ചന്ദ കൊച്ചാര്‍

വിവാഹത്തിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് വായ്പാതട്ടിപ്പ് കേസില്‍ സി.ബി.ഐ ചന്ദ കൊച്ചാറിനേയും ദീപക് കൊച്ചാറിനേയും അറസ്റ്റ് ചെയ്യുന്നത്. വിരുന്നും വിവാഹസല്‍ക്കാരങ്ങളും അവര്‍ ഉപേക്ഷിച്ചു. വിവാഹവും മുടങ്ങി
പ്രശസ്തിയുടെ പൊന്‍തിളക്കത്തില്‍ നിന്ന് കുപ്രസിദ്ധിയിലേക്കും കുറ്റവാളിയെന്ന ലേബലിലേക്കും മാറിയ ചന്ദ കൊച്ചാര്‍

താര്‍ മരുഭൂമിയുടെ ഹൃദയഭാഗത്ത്, ഇന്ത്യയുടെ സുവര്‍ണ്ണ നഗരമെന്നറിയപ്പെടുന്ന ജയ്‌സാല്‍മീറായിരുന്നു അര്‍ജുന്റെ വിവാഹവേദി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.എം.ഡി ചന്ദയുടേയും ബിസിനസുകാരനുമായ ദീപക് കൊച്ചാറിന്റേയും മകനാണ് അര്‍ജുന്‍. ബിസിനസ് കുടുംബത്തില്‍നിന്നുള്ള സഞ്ജനയാണ് വധു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളെല്ലാം ആഡംബരപൂര്‍ണ്ണം. ഒരുക്കങ്ങളെല്ലാം മൂന്നുമാസം മുന്‍പേ തുടങ്ങി. മുംബൈയിലുള്ള ഒരു പ്രശസ്ത ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് മേല്‍നോട്ടച്ചുമതല. അതിഥികളെല്ലാം രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. നഗരത്തിലെ ആഡംബര ഹോട്ടലായ സൂര്യഗ്രഹ പാലസും മാരിയറ്റുമാണ് കൊച്ചാര്‍ കുടുംബം അതിഥികളെ താമസിപ്പിക്കാനായി തെരഞ്ഞെടുത്തത്. വിമാനത്താവളത്തില്‍നിന്ന് ഹോട്ടലിലേക്ക് വിരുന്നുകാരെയെത്തിക്കാന്‍ 150 ആഡംബര കാറുകള്‍. വിവാഹത്തിനു മുന്‍പ് മുംബൈയിലെ താജ് പാലസില്‍ പാര്‍ട്ടി. 
 
വിവാഹത്തിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് വായ്പാതട്ടിപ്പ് കേസില്‍ സി.ബി.ഐ ചന്ദ കൊച്ചാറിനേയും ദീപക് കൊച്ചാറിനേയും അറസ്റ്റ് ചെയ്യുന്നത്. വിരുന്നും വിവാഹസല്‍ക്കാരങ്ങളും അവര്‍ ഉപേക്ഷിച്ചു. വിവാഹവും മുടങ്ങി. അതൊരു പതനത്തിന്റെ ഉറപ്പിക്കലായിരുന്നു. പ്രശസ്തിയുടെ പൊന്‍തിളക്കത്തില്‍നിന്ന് കുപ്രസിദ്ധിയിലേക്കും കുറ്റവാളിയെന്നുമുള്ള ലേബലിലേക്കും മാറിയ ചന്ദ കൊച്ചാറിന്റെ ജീവിതം ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തിനു പുതുതല്ല. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ വനിതാപ്രതിഭകളുടെ പട്ടികയില്‍ ആദ്യസ്ഥാനക്കാരിയായിരുന്നു ചന്ദ. സ്വന്തം കഴിവുകൊണ്ട് ഉയരങ്ങള്‍ താണ്ടിയവര്‍. പദവിയും പ്രശസ്തിയും കൈക്കലാക്കിയവര്‍. 

എസ്.ബി.ഐയില്‍നിന്ന് വിരമിച്ച അരുന്ധതി ഭട്ടാചാര്യയും ആക്സിസ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്ന ശിഖ ശര്‍മ്മയും കഴിഞ്ഞാല്‍ ഏറ്റവുമധികം മാധ്യമ പരിലാളനകളേറ്റുവാങ്ങിയത് ചന്ദ കൊച്ചാറാണ്. വനിതാശാക്തീകരണത്തിന്റെ നേട്ടമായി വരെ ചന്ദ കൊച്ചാറിന്റെ കരിയര്‍ പ്രൊഫൈല്‍ വാഴ്ത്തപ്പെട്ടു. പലര്‍ക്കും അതുവരെ എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍നിന്നാണവര്‍ വീണുപോയത്. 

ചന്ദ കൊച്ചാര്‍
ചന്ദ കൊച്ചാര്‍

മാധ്യമങ്ങളുടെ വിഗ്രഹം

1961 നവംബര്‍ 17-ന് രാജസ്ഥാനിലെ ജോധ്പൂരില്‍ ജനനം. ജയ്പൂരിലെ സെന്റ് ആഞ്ചല സോഫിയ സ്‌കൂള്‍, മുംബൈ ജയ്ഹിന്ദ് കോളേജ്, ജമന്‍ലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലൊക്കെ ചന്ദ കൊച്ചാര്‍ പഠനമികവ് തെളിയിച്ചു. 1982-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്ന് സ്വര്‍ണ്ണ മെഡലോടെയാണ് അക്കൗണ്ടന്‍സിയില്‍ പഠനം പൂര്‍ത്തിയാക്കിയത്. മുംബൈ ജംനാലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍നിന്ന് ബിരുദാനന്തര ബിരുദം പാസ്സായതും സ്വര്‍ണ്ണമെഡലോടെ. 1984-ല്‍ തന്റെ 23-ാം വയസ്സിലാണ് ചന്ദ ഐ.സി.ഐ.സി.ഐ ബാങ്കില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ചേര്‍ന്നത്. തൊണ്ണൂറുകളില്‍ ബാങ്കിങ് മേഖലയിലേക്ക് ഐ.സി.ഐ.സി.ഐ പ്രവേശിച്ചപ്പോള്‍ പ്രധാനപ്പെട്ട പദവിയിലൊരാളായി അവര്‍ മാറി. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ശേഷം അവരുടെ കരിയര്‍ ഉയര്‍ച്ച. 

ആഗോളവല്‍കരണത്തിനു ശേഷം സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കാലഘട്ടമായിരുന്നു തൊണ്ണൂറുകള്‍. ആദ്യ വര്‍ഷങ്ങളില്‍ ടെക്സ്‌റ്റൈല്‍, പേപ്പര്‍, സിമന്റ് മേഖലകളിലെ പദ്ധതികള്‍ക്ക് അനുമതി നല്‍കലായിരുന്നു ചന്ദയുടെ ചുമതല. 1994-ലും 1996-ലും സ്ഥാനക്കയറ്റം ലഭിച്ച അവര്‍ 1998-ഓടെ ബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരുന്നൂറോളം ഇടപാടുകാരെ കൈകാര്യം ചെയ്യുന്ന ജനറല്‍ മാനേജറായി. വ്യത്യസ്ത വ്യവസായ മേഖലകളിലേക്ക് ബാങ്ക് ഇക്കാലയളവില്‍ മാറി. 2000-ത്തോടെ സാങ്കേതികവിദ്യയിലൂന്നിയുള്ള വ്യത്യസ്തമായ പുത്തന്‍ വിപണികളിലേക്കും കടന്നു. 2006-ഓടെ ചന്ദ ഐ.സി.ഐ.സി.ഐയുടെ എം.ഡിയായി.

ചെയര്‍മാന്‍ സ്ഥാനവും 

പിന്നീടങ്ങോട്ടുള്ള രാജ്യാന്തര കോര്‍പറേറ്റ് ബിസിനസ് കൈകാര്യം ചെയ്തിരുന്നത് ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയായിരുന്ന ചന്ദയായിരുന്നു. രാജ്യത്തെ ബിസിനസ് ജേര്‍ണലിസ്റ്റുകള്‍ അവരെ വാഴ്ത്തിപ്പാടി. മാധ്യമങ്ങളുടെ ലേഡിഹീറോയായിരുന്നു അവര്‍. മാനേജ്‌മെന്റ് മികവിന് വൊക്കാഡ് ഗോള്‍ഡ് മെഡല്‍, ജെ.എന്‍ ബോസ് ഗോള്‍ഡ് മെഡല്‍. ഫിനാന്‍സ് മാനേജ്‌മെന്റില്‍ ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍. 2011-ല്‍ പദ്മഭൂഷണ്‍. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ വനിതാതിളക്കം ആഘോഷിക്കാന്‍ ഈ പ്രൊഫൈല്‍ ധാരാളമായിരുന്നു. 

ബാങ്കിങ് മേഖലയിലെ അതികായനായ കെ.വി. കാമത്തിന്റെ പിന്‍ഗാമിയായിട്ടാണ് ചന്ദ പിന്നെ ലോകത്തെ ഞെട്ടിച്ചത്. മികച്ച സേവനപാരമ്പര്യമുള്ളവരെയൊക്കെ മറികടന്നായിരുന്നു 2009 ഏപ്രില്‍ 30-ന് കാമത്ത് ചന്ദയെ സി.ഇ.ഒ സ്ഥാനത്തിരുത്തിയത്. ഐ.സി.ഐ.സി.ഐ ബാങ്ക് ചെയര്‍മാന്‍ കെ.വി. കാമത്ത് സി.ഇ.ഒ സ്ഥാനം ചന്ദയ്ക്ക് നല്‍കുമ്പോള്‍ കമ്പനിയിലെ ഏറ്റവും മുതിര്‍ന്ന, പ്രധാനപ്പെട്ട വ്യക്തി ശിഖ ശര്‍മ്മയായിരുന്നു. റീട്ടെയ്ല്‍ ബിസിനസ് കൈകാര്യം ചെയ്തിരുന്ന ശിഖ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു. ഇവരെ മറികടന്നാണ് കാമത്ത് ചന്ദയെ സി.ഇ.ഒയാക്കിയത്. ഇതേത്തുടര്‍ന്നാണ് ശിഖ ഐ.സി.ഐ.സി.ഐ വിട്ട് ആക്സിസില്‍ ചേര്‍ന്നതും. ഏതായാലും ചന്ദയുടെ നിയമനത്തെ ശരിവയ്ക്കുംവിധം കാര്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡിനെ ബോധ്യപ്പെടുത്താന്‍ കാമത്തിനായി. ആശങ്കകള്‍ കാരണം നിക്ഷേപഫണ്ടുകള്‍ കൂട്ടമായി പിന്‍വലിക്കുന്നത് വിദഗ്ദ്ധമായി തടയാന്‍ ചന്ദയുടെ മാനേജ്‌മെന്റ് മികവിനു കഴിഞ്ഞിരുന്നു. മാത്രമല്ല, ബാങ്കിങ് മേഖലയിലെ വിശ്വാസ്യതയുള്ള ബ്രാന്‍ഡായി ഐ.സി.ഐ.സി.ഐ ബാങ്ക് മാറി. ചെറുകിട ബാങ്കിങ് മേഖലയുടെ ശക്തിയില്‍ ഐ.സി.ഐ.സി.ഐ പുതിയ നേട്ടങ്ങളുണ്ടാക്കി. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പുതിയ ഇടപാടുകാരെത്തി. രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ സാമ്പത്തികശക്തിയായി ബാങ്ക് മാറി. വായ്പാരംഗത്തും മറ്റു ബാങ്കുകളെ അതിവേഗം പിന്നിലാക്കി. 2001-2005 വരെ മികച്ച റീട്ടെയ്ല്‍ ബാങ്കായിരുന്നു ഐ.സി.ഐ.സി.ഐ. ചെലവ്, വായ്പ, കറന്റ് അക്കൗണ്ട് തുടങ്ങിയ മേഖലകളില്‍ മികച്ച പ്രകടനം ബാങ്ക് കാഴ്ചവച്ചു. ചന്ദയുടെ ബിസിനസ് തന്ത്രങ്ങളെല്ലാം വിജയം കണ്ടു. സ്വാഭാവികമായും അതിനുള്ള പ്രതിഫലം കൂടിയായി സി.ഇ.ഒ സ്ഥാനം. 

ഇതിനിടെ ഇന്ത്യ-റഷ്യ ബിസിനസ്സ് ഫോറം, യു.എസ്. സി.ഇ.ഒ. ബിസിനസ് ഫോറം എന്നിവയില്‍ ചന്ദ കൊച്ചാര്‍ അംഗമായി. ഐ.എം.എഫ് സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനം മുതല്‍ പ്രധാനമന്ത്രി നിയമിക്കുന്ന വ്യാപാര വ്യവസായി കൗണ്‍സില്‍ അംഗത്വം വരെ ഇവര്‍ വഹിച്ചു. 2011-ല്‍ രാജ്യം അവര്‍ക്കു പത്മഭൂഷണ്‍ നല്‍കി. 2009-ല്‍ ഫോര്‍ബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം ചന്ദ കൊച്ചാറുമുണ്ടായിരുന്നു. പട്ടികയില്‍ സോണിയ പതിമൂന്നാം സ്ഥാനത്തും ചന്ദാ ഇരുപതാം സ്ഥാനത്തുമായിരുന്നു. പിന്നീടുള്ള ആറ് വര്‍ഷങ്ങളിലും പട്ടികയില്‍ ഇടം നേടാന്‍ അവര്‍ക്കു സാധിച്ചു. ഇതിനു പുറമെ ഫോര്‍ച്ച്യൂണ്‍ മാസികയുടെ ലോകത്ത് ബിസിനസ്സ് രംഗത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ 2005 മുതല്‍ സ്ഥിരം സാന്നിധ്യവുമായിരുന്നു ചന്ദാ കൊച്ചാര്‍. 2015-ല്‍ ടൈം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടാനും അവര്‍ക്കായി.

ചന്ദ കൊച്ചാറും മുകേഷ് അംബാനിയും
ചന്ദ കൊച്ചാറും മുകേഷ് അംബാനിയും

വിവാദത്തിന്റെ പടുകുഴിയില്‍

ഐ.സി.ഐ.സി.ഐ ബാങ്ക് 2012-ലാണ് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചത്. പിന്നീട് ഇത് നിഷ്‌ക്രിയ ആസ്തിയായി. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായാണ് ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നല്‍കിയതെന്ന ആരോപണം അന്തരീക്ഷത്തിലുണ്ടായിരുന്നു.  ഈ വായ്പകള്‍ കിട്ടാക്കടമായി ബാങ്ക് എഴുതിത്തള്ളി. പ്രതിഫലമായി വീഡിയോകോണ്‍ ഉടമ വേണുഗോപാല്‍ കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് കോടികള്‍ മാറ്റി. ഇതാണ് അടിസ്ഥാനപരമായി നടന്ന കാര്യം. 

വേണുഗോപാല്‍ ദൂതിന്റെ ഉടമസ്ഥതയിലുള്ള സുപ്രീം എനര്‍ജി എന്ന കമ്പനി ദീപക് കൊച്ചാറിന്റെ നുപവര്‍ റിന്യൂവബിള്‍സ് എന്ന കമ്പനിയില്‍ നടത്തിയ നിക്ഷേപം വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണെന്ന് സി.ബി.ഐ വാദിക്കുന്നു. പുറത്തറിയാതിരിക്കാന്‍ ഇരുകമ്പനികളുടേയും ഉടമസ്ഥര്‍ ഈ കാലയളവില്‍ മാറിമറിയുന്നു. എല്ലാ ബാങ്കിങ് ചട്ടങ്ങളും ലംഘിച്ചുകൊണ്ട് 2009 മുതല്‍ 2011 വരെ വീഡിയോകോണ്‍ കമ്പനികള്‍ക്കു വായ്പ ലഭിച്ചു. വീഡിയോകോണിനു ലഭിച്ച എല്ലാ വായ്പകളും ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി ചുമതലയേറ്റതിനു ശേഷമായിരുന്നു. 

ഇതിനു പുറമെ, നുപവറില്‍ വേണുഗോപാലിനുള്ള ഓഹരിയും സുപ്രീം എനര്‍ജിയുടെ ഉടമസ്ഥാവകാശവും കുഴഞ്ഞുമറിഞ്ഞ നിരവധി കൈമാറ്റങ്ങളിലൂടെ കൊച്ചാറിലെത്തിയെന്നും സി.ബി.ഐ പറയുന്നു. സി.ബി.ഐ മാത്രമല്ല, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) തുടങ്ങിയ ഏജന്‍സികളും ഇതില്‍ അന്വേഷണം നടത്തി. 2016 മാര്‍ച്ചില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് അരവിന്ദ് ഗുപ്തയില്‍ നിന്നൊരു കത്ത് കിട്ടുന്നതോടെയാണ് കൊച്ചാര്‍ കുടുംബത്തിന്റെ ശനിദശ തുടങ്ങുന്നത്. ഐ.സി.ഐ.സി.ഐ. ബാങ്കുമായി ബന്ധപ്പെട്ട വെട്ടിപ്പുകള്‍ വ്യക്തമാക്കിയിരുന്ന ആ കത്ത് അന്ന് അവഗണിക്കപ്പെട്ടു. എസ്സാര്‍ ഗ്രൂപ്പില്‍നിന്നും നുപവറിന് 453 കോടി രൂപയുടെ വായ്പ അനുവദിക്കപ്പെട്ടെന്ന് രണ്ടാമതുമൊരു കത്ത് 2018-ല്‍ കിട്ടി. ഇത് അനധികൃതമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങളെല്ലാം ഒളിപ്പിച്ച് വയ്ക്കാനാണ് ഐ.സി.ഐ.സി.ഐ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ആഭ്യന്തര പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്നും ബാങ്ക് വാദിച്ചു.
 
വീഡിയോകോണിനു മാത്രമല്ല, എസ്സാര്‍ ഗ്രൂപ്പിനു നല്‍കിയ വായ്പയുടെ പേരിലും ആക്ഷേപങ്ങളുണ്ടായി. തുടക്കത്തില്‍ ബാങ്ക് ബോര്‍ഡിന്റെ മുഴുവന്‍ പിന്തുണയും അവര്‍ക്കു കിട്ടി. ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്തുവന്നതോടെ പിന്തുണ കുറഞ്ഞു. വീഡിയോകോണിന് അനധികൃതമായി വായ്പ നല്‍കിയതിനു പ്രത്യുപകാരമായി വന്‍തുക സ്വീകരിക്കുന്നതടക്കം എല്ലാം മാധ്യമങ്ങളില്‍ വന്നുതുടങ്ങി. ഇതോടെ നടപടിയെടുക്കാന്‍ ബാങ്ക് ബോര്‍ഡ് നിര്‍ബ്ബന്ധിതരായി. ജൂണില്‍ എല്ലാ പദവികളില്‍നിന്നും മാറിനിന്നെങ്കിലും ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും അവരെ മാറ്റിനിര്‍ത്താനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. ആരോപണങ്ങളുടെ നിജാവസ്ഥ തേടാന്‍ ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണയേയും നിയമിച്ചു.

രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങുന്ന ചന്ദ കൊച്ചാർ
രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങുന്ന ചന്ദ കൊച്ചാർ

2019 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന അവര്‍ നേരത്തേ വിരമിക്കലിന് അപേക്ഷ നല്‍കി. തന്റെ ഭാഗത്തുനിന്ന് ബാങ്കിന്റെ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ഭര്‍ത്താവും വീഡിയോകോണ്‍ ഗ്രൂപ്പുമായി നടന്ന ബിസിനസ് ഇടപാടുകളില്‍ തനിക്ക് പങ്കില്ല എന്നുമായിരുന്നു കൊച്ചാറിന്റെ വാദമെങ്കിലും ബോര്‍ഡ് ഇത് മുഖവിലയ്‌ക്കെടുത്തില്ല. ചന്ദയുടെ നേതൃത്വത്തില്‍ വളര്‍ന്നു വലുതായ ബാങ്ക് തന്നെ അവരെ പുറത്താക്കി. ഇതിനെതിരെ ബോംബെ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും അവര്‍ സമീപിച്ചെങ്കിലും ഇരുകോടതികളും അനുകൂല വിധി നല്‍കാന്‍ തയ്യാറായില്ല. 2019 ആദ്യം പുറത്തുവന്ന ജസ്റ്റിസ് ശ്രീകൃഷ്ണയുടെ റിപ്പോര്‍ട്ടും കൊച്ചാറിന് എതിരായിരുന്നു. ഇതിനിടെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. വൈകാതെ സി.ബി.ഐ കേസില്‍ ഇ.ഡിയും കേസെടുത്തു. കൊച്ചാറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യമനുവദിക്കുകയും ചെയ്തു. അതേസമയം, 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2023-ലാണ് സി.ബി.ഐ അറസ്റ്റ് നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. മകന്റെ വിവാഹത്തിന് കുറച്ചു ദിവസം മാത്രമുള്ളപ്പോള്‍ അവരെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണ് എന്നാണ് അവര്‍ ആരോപിച്ചത്.

ഔദ്യോഗിക ജീവിതത്തിന് ഇങ്ങനെയൊരു പടിയിറക്കം ചന്ദ കൊച്ചാറും കോര്‍പറേറ്റ് ലോകവും പ്രതീക്ഷിച്ചിരുന്നില്ല. ഒട്ടേറെ പ്രതിസന്ധികളില്‍നിന്ന് ബാങ്കിനെ രക്ഷിച്ച ചന്ദയുടെ പടിയിറക്കം ക്രമക്കേടിന്റേയും അഴിമതിയുടേയും ആരോപണങ്ങളോടെ നിറംമങ്ങിയായിരുന്നു. പ്രലോഭനങ്ങളില്‍ വീഴുമ്പോള്‍, പിടിക്കപ്പെടില്ലെന്ന വിശ്വാസം രൂഢമാകുമ്പോള്‍ ചെയ്തുപോയ തെറ്റുകള്‍. പക്ഷേ, അത് രാജ്യത്തെ ബാങ്കിങ് ചരിത്രത്തിലെ മങ്ങിയ ചരിത്രമായി മാറി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com