'നിള'യൊഴുകും വഴികള്‍ക്കുമുണ്ട് പറയാന്‍ കഥകള്‍...

തടസ്സമില്ലാത്ത പ്രവാഹഗതിക്കു വിഘ്നംവരാന്‍ കാരണങ്ങള്‍ പലതായിരുന്നു. ചെറുതും വലുതുമായ ജലസേചനപദ്ധതികള്‍ പുഴയുടെ ഒഴുക്കു തടസ്സപ്പെടുത്തിയിട്ടു ദശകങ്ങളായി
'നിള'യൊഴുകും വഴികള്‍ക്കുമുണ്ട് പറയാന്‍ കഥകള്‍...

ഗംഗ മുതല്‍ കാവേരി വരെയുള്ള മഹാനദികളുമായി ഭാരതപ്പുഴയെ താരതമ്യപ്പെടുത്താമോ? വേനല്‍ക്കാലങ്ങളില്‍ നീര്‍ച്ചാലുകളായി നേര്‍ത്തുപോകാറുള്ള ഭാരതപ്പുഴയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണോ? തപസ്സുകൊണ്ടു മെലിഞ്ഞുപോയ പാര്‍വ്വതിയോടാണ്, അന്നൊരിക്കല്‍ ജ്ഞാനിയായ ഒരു നിരീക്ഷകന്‍ ജി.എന്‍. പിള്ള ഭാരതപ്പുഴയെ വിശേഷിപ്പിച്ചത്.

തടസ്സമില്ലാത്ത പ്രവാഹഗതിക്കു വിഘ്നംവരാന്‍ കാരണങ്ങള്‍ പലതായിരുന്നു. ചെറുതും വലുതുമായ ജലസേചനപദ്ധതികള്‍ പുഴയുടെ ഒഴുക്കു തടസ്സപ്പെടുത്തിയിട്ടു ദശകങ്ങളായി. തമിഴ്നാട്ടിനു വെള്ളം കൊടുക്കാന്‍ നിര്‍മ്മിച്ച, പറമ്പിക്കുളം ആളിയാര്‍ ജലസേചന പദ്ധതി (1962) വരുത്തിയ നദീശോഷണത്തെക്കുറിച്ചാണ് പരിസ്ഥിതി വിദഗ്ദ്ധന്മാര്‍ക്കു മുഖ്യമായി വിരല്‍ ചൂണ്ടാനുള്ളത്. വടമലയുടെ അടിവാരത്ത് മലമ്പുഴഡാം പൂര്‍ണ്ണമായതോടെ (1955) പുഴയുടെ ഒഴുക്ക് പിന്നെയും നിലച്ചു. എണ്ണമറ്റ തടയണകളെപ്പറ്റിയും ഓര്‍ക്കാം. മണല്‍ഖനനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും കുറ്റപ്പെടുത്താം. വ്യാപകമായി നടന്നുവരുന്ന വനനശീകരണങ്ങളിലേക്കും വിരല്‍ചൂണ്ടാം.

എന്നിട്ടും പേരാറിനെ, നിളയെന്നു വിളിക്കാനാണ് നമ്മുടെ കവികള്‍ക്കിഷ്ടം. നിളാദേവി നിത്യം നമസ്‌തേ! എന്നാണ് വള്ളത്തോള്‍ എഴുതിയത്. നിളാതടത്തിലെ രാത്രിയെക്കുറിച്ചാണ് പി. കുഞ്ഞിരാമന്‍ നായര്‍ക്കു പാടാനുണ്ടായിരുന്നത്. തിരുവില്വാമലയ്ക്കടുത്തുള്ള ഐവര്‍മഠവും പാണ്ഡവര്‍ക്ഷേത്രവും പുഴയ്ക്കു സമ്മാനിച്ച പേരിലാണ് ഔദ്യോഗിക പരാമര്‍ശങ്ങള്‍ ഇപ്പോഴും. മറ്റൊരു നദിക്കും ലഭിക്കാത്ത അനശ്വരനാമം!

കൂടല്ലൂര്‍ എത്തുമ്പോഴാണ് ഭാരതപ്പുഴയുടെ യാതനാപര്‍വ്വം അവസാനിക്കുന്നത്. തിരുനാവയ്ക്കടുത്ത് എത്തുമ്പോഴേയ്ക്കും ഭാരതപ്പുഴ കേരളത്തിന്റെ ജീവനധാരയായി. ഇതിനിടെ ആരെയെല്ലാം സ്വീകരിച്ചു. എന്തെല്ലാം കണ്ടു. കുന്തിയെന്നും കണ്ണാടിയെന്നുമുള്ള പോഷകനദികളുടെ പേരുകളില്‍ തന്നെയുണ്ട് പ്രഹേളികാഭാവം. മറ്റൊരു പോഷകനദിയെ ഗായത്രിപ്പുഴയെന്നാണ് ജനങ്ങള്‍ വിളിച്ചത്. തോഴി എന്നര്‍ത്ഥമുള്ള ആളിയാറാണ് പറമ്പിക്കുളത്ത്. ആളിയാറിനെ, പത്രങ്ങള്‍ ചിലപ്പോള്‍ അലിയാരാക്കും! പ്രാചീന ശിലായുഗാവശിഷ്ടങ്ങള്‍ ഏറ്റവുമധികം ലഭിച്ചിട്ടുള്ളത് കാഞ്ഞിരപ്പുഴയുടെ തീരങ്ങളില്‍നിന്നാണ്. ഇവിടെയാണ് കാവേരിയില്‍ ചെന്നുചേരാന്‍ കിഴക്കോട്ടു ഒഴുകുന്ന തന്നിഷ്ടക്കാരിയായ ഭവാനി. കണ്ണാടിയുടേയും കുന്തിയുടേയും തൂതയുടേയും തീരങ്ങള്‍ മഹാശിലാവശിഷ്ടങ്ങളാല്‍ സമ്പന്നമാണ്. ഇരുമ്പ് ഉപയോഗിച്ച് കൊഴു (ുഹമവെമൃല) നിര്‍മ്മിച്ച് നെല്‍കൃഷി വ്യാപിപ്പിച്ച കര്‍ഷകരുടേതായിരുന്നു പേരാറിന്റെ തീരത്തെ മഹാശിലാസംസ്‌കാരം. മലമ്പുഴയിലെ മാത്രമല്ല, എടത്തറയിലേയും ചിറ്റിലഞ്ചേരിയിലേയും കാവശ്ശേരിയിലേയും മഹാശിലാവശിഷ്ടങ്ങളെക്കുറിച്ച് കാര്യമായ പടനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. തിരുവില്വാമലയിലെ മഹാശിലാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം 'ാമി' എന്ന പ്രസിദ്ധീകരണത്തില്‍ പുറത്തു വന്നിട്ടു മുക്കാല്‍ നൂറ്റാണ്ടായി.

തത്തമംഗലം, അയിരൂര്‍, വണ്ടാഴി, മീന്‍കര, ചിറ്റൂര്‍, കല്‍പ്പാത്തി, തൃത്താല, കൊടിക്കുന്ന്, മേഴത്താള്‍, പന്നിയൂര്‍, തിരുവില്വാമല, തിരുമുറ്റക്കോട്, കൊല്ലങ്കോട്, മംഗലം, ആലത്തൂര്‍, ചെറുവണ്ണൂര്‍ (ഷൊര്‍ണ്ണൂര്‍), കുളമുക്ക്, തിരൂര്‍, തിരുനാവായ, ചമ്രവട്ടം തുടങ്ങിയ പുഴയൊഴുകും വഴികള്‍ക്കുമുണ്ട് പറയാന്‍ കഥകള്‍. കവളപ്പാറയുടേയും പന്തീരുകുലത്തിന്റേയും ആഴ്വാഞ്ചേരി തമ്പ്രാക്കളുടേയും തിരുമലശ്ശേരിയുടേയും പൊന്നാനി തങ്ങള്‍മാരുടേയും പ്രതാപ കഥകള്‍.

സമുദ്രനിരപ്പില്‍നിന്ന് 2250 മീറ്റര്‍ ഉയരമുള്ള ആനമലയില്‍നിന്ന് ഉത്ഭവിച്ച്; കൊയമ്പത്തൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടി ഒഴുകി പൊന്നാനി അഴിമുഖത്ത് എത്തുന്ന ഭാരതപ്പുഴയുടെ നീളം 209 കിലോമീറ്ററാണ്.

പൊട്ടിച്ചിതറിയും കുത്തിമറിഞ്ഞും ഓടിക്കിതച്ചും സമതലങ്ങളെ തലോടിയും ഒഴുകുന്ന പുഴ മായാജാലം കാണിച്ചത് തിരുമിറ്റക്കോടാണ്. ക്ഷേത്രത്തിന് നദി ഇവിടെ വിചിത്രമായ ഒരു അപ്രദക്ഷിണമാണ് നടത്തുന്നത്. ഒഴുക്കിനു വിപരീതമായി, തിരുനാവായയില്‍നിന്ന് കുളമുക്കുവരെ തോണികള്‍ അന്നെല്ലാം സഞ്ചരിച്ചിരുന്നു. തിരുനാവായയില്‍ എത്തുന്നവര്‍ക്ക് മാമാങ്കസ്മരണകളും കൂട്ടിനുണ്ടാകും. ബലിദര്‍പ്പണത്തിന് എത്തുന്നവരാണ്. ഇക്കാലത്തെ തിരുനാവായ ഭക്തന്മാരില്‍ ഏറെയും. മൗനനൊമ്പരങ്ങളും മഹാശാന്തതയും ഉള്ളില്‍ നിറച്ച തീര്‍ത്ഥാടകര്‍. താമരപ്പൂക്കള്‍ കോര്‍ത്ത മുകുന്ദമാലകളാണ് അവര്‍ക്കിവിടെ നവാമുകുന്ദന് സമര്‍പ്പിക്കാനുള്ളത്.

നിലപാടുതറയും കുന്നലക്കോന്മാരും

ബാസല്‍മിഷന്‍ 1862-ല്‍, സ്വന്തമാക്കിയ കുടക്കല്‍പ്പറമ്പിലാണ് മാമാങ്കോത്സവത്തിലെ നിലപാടുതറ. അതിനടുത്തായി മണിക്കിണറും. ക്രിസ്താബ്ദം 14-ാം ശതകം മുതല്‍ 1755 വരെ കോഴിക്കോട് ഭരിച്ചിരുന്ന കുന്നലക്കോന്മാരായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷന്മാര്‍. അവര്‍ വരുംമുന്‍പ്, വള്ളുവക്കോനാതിരിമാര്‍ക്കായിരുന്നു വാകയൂരെ രക്ഷാപുരുഷസ്ഥാനം. കാലസംഹാരിയെ വണങ്ങാനാണ് പടയാളികള്‍ തൃപ്രങ്ങോട്ടെത്തിയത്. ജ്യോതിഷം പഠിക്കാന്‍ ജിജ്ഞാസുക്കള്‍ തൃക്കണ്ടിയൂര്‍ പോയി.

മധ്യേഷ്യ മുതല്‍ ചൈന വരെ വ്യാപിച്ചിരുന്നു. കുന്നലക്കോന്മാരുടെ പ്രശസ്തി. മഹോദയപുരത്തെ പെരുമാക്കന്മാരുടെ സാമന്തന്മാരായിട്ടായിരുന്നു അവരുടെ തുടക്കം. അന്നവര്‍ അറിഞ്ഞിരുന്നത് ഏറനാട്ടു ഉടയവര്‍ എന്നായിരുന്നു. സഹോദരന്മാരായിരുന്ന മാനിച്ചനേയും വിക്കിരനേയുമാണ് രാജ്യസ്ഥാപകരായി കേരളോല്പത്തികള്‍ വാഴ്ത്താറുള്ളത്. ഏറനാട്ടിലെ നെടിയിരുപ്പിലായിരുന്നു തുടക്കം. മൂന്നു പന്തീരാണ്ടുകാലം യുദ്ധം ചെയ്തതും കെട്ടിലമ്മയേയും മേനോക്കിയേയും പാട്ടിലാക്കിയുമാണ് അവര്‍ പോര്‍ളാതിരിയെ തോല്‍പിച്ചോടിച്ച് കോഴിക്കോടിന്റെ അധിപതികളായത്. അതെല്ലാം കെ.വി. കൃഷ്ണയ്യരും ഡോ. എം.ജി.എസ്. നാരായണനും എന്‍.എം. നമ്പൂതിരിയും മറ്റും വിസ്തരിച്ചിട്ടുണ്ട്. ചൈനയില്‍നിന്നു ചീനമുളകും ചീനപ്പട്ടും വെളുത്തീയവും പിഞ്ഞാണങ്ങളും അറേബ്യയില്‍നിന്ന് അത്തറും ഈന്തപ്പഴവും സാമൂതിരിമാര്‍ വാങ്ങി. ഇവിടെനിന്നു കയറ്റി അയക്കാന്‍ കാലിക്കോ കൈത്തറിയും കുരുമുളകും ഉണ്ടായിരുന്നു. തിരുനാവായ പിടിച്ചെടുക്കണമെന്ന് സാമൂതിരിയെ ഉദേശിച്ചത് കോഴിക്കോട്ടെ തുറമുഖത്തിന്റെ മേലധികാരിയായ സഹബന്ദര്‍കോയ ആയിരുന്നു. കോയയുടെ ഉപദേശം സ്വീകരിക്കാമെന്നായി മങ്ങാട്ടച്ചനും മറ്റുപദേശകരും. തിരുനാവായയിലേക്കു പടനയിക്കാന്‍ സാമൂതിരി എത്തി. നെടുങ്ങനാട് അക്കാലമായപ്പോഴേയ്ക്ക് വള്ളുവനാട്ടില്‍ ലയിച്ചിരുന്നു. വള്ളുവനാടന്‍ പോരാളികളുടെ ധൈര്യവും വീര്യവുമെല്ലാം കോഴിക്കോടന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ വാര്‍ന്നുപോയി. അങ്ങാടിപ്പുറവും ചുറ്റുവട്ടവും നോക്കി ഒതുങ്ങിക്കഴിയാനാണ് വിജയി, പരാജിതനോടു നിര്‍ദ്ദേശിച്ചത്. പരാജിതനെ വധിക്കാന്‍ കേരളാചാരം അനുവദിച്ചിരുന്നില്ല.

തിരുമാന്ധാംകുന്നിലമ്മയെക്കൂടി കോഴിക്കോട്ടേയ്ക്കു കൊണ്ടുപോകാന്‍ സാമൂതിരിക്കു മോഹമുണ്ടായിരുന്നു. ഭഗവതിയുടെ തിരുവളയെങ്കിലും കിട്ടിയല്ലോ എന്നായിരുന്നു ഒടുവില്‍ സാമൂതിരിയുടെ സമാധാനം. 13-ാം നൂറ്റാണ്ടില്‍ തിരുനാവായ സ്വന്തമാക്കിയ ശേഷമാണ് സാമൂതിരിമാര്‍ വീരരായന്മാരായത്. മഞ്ചേരിയും മലപ്പുറവും കോട്ടക്കലും അതോടെ സാമൂതിരി രാജ്യത്തിന്റെ ഭാഗമായി.

12 വര്‍ഷത്തിലൊരിക്കല്‍ തിരുനാവായയില്‍ നടക്കുന്ന മാമാങ്കവേളയില്‍ നിലപാടുതിറയില്‍ എത്തുന്ന സാമൂതിരിയെ നേരിടാന്‍ വള്ളുവനാട്ടുകാര്‍ക്കു ചാവേറുകളെ അയയ്ക്കാം. സ്വന്തം പേരില്‍ ബലിച്ചോറുരുളകള്‍ തയ്യാറാക്കി പിണ്ഡം വെച്ചശേഷം അത് മീനുകള്‍ക്കു ഊട്ടി അരയില്‍ ചെമ്പട്ടുകെട്ടി അവര്‍ തിരുനാവായ്ക്കു തിരിച്ചു. തിരുനാവായയില്‍ എത്തുംമുന്‍പ് അക്രമികളാല്‍ പലരും കൊല്ലപ്പെട്ടിരിക്കും. വഴിയോരങ്ങളില്‍ ഒടിയന്മാര്‍ സാമൂതിരിക്കുവേണ്ടി കാത്തുനില്‍ക്കും. എന്നിട്ടും കണ്ടര്‍മേനോനേയും പുതുമനപ്പണിക്കരേയും ചന്ത്രത്തില്‍ പണിക്കരേയും പോലുള്ളവര്‍ നിലപാടുതറയില്‍ കയറി, വാള്‍വീശി.

കൃഷിക്കും വാണിജ്യത്തിനും തുല്യപ്രാധാന്യം നല്‍കിയ ആദ്യത്തെ കേരളീയ ഭരണാധികാരികള്‍ സാമൂതിരിമാരായിരുന്നു. കേരളാചാരങ്ങള്‍ കാലഹരണപ്പെട്ടത്; അവര്‍ പണ്ടേ തിരിച്ചറിഞ്ഞു. പന്നിയൂര്‍ക്കാരുടെ അഹന്തയെ ഒരിക്കലും സാമൂതിരിമാര്‍ അംഗീകരിച്ചില്ല. കോരപ്പുഴയ്ക്കും ചാലക്കുടിപ്പുഴയ്ക്കും ഇടയ്ക്കുള്ള ദേശങ്ങളില്‍ പുതിയൊരുണര്‍വ്വ് അക്കാലത്ത് പ്രകടമായി. വെട്ടത്തരചനും പരപ്പൂര്‍ സ്വരൂപിയും സാമൂതിരിയുടെ ആജ്ഞാനുവര്‍ത്തികളായി. നിലമ്പൂരും കൊല്ലങ്കോട്ടും സാമൂതിരി സ്വന്തക്കാരെ നിയോഗിച്ചു. കുതിരവട്ടത്തു നായരെ നടുവട്ടം പ്രദേശത്തേയ്ക്കയച്ചു. കൊച്ചിയെ നിരന്തരം വേട്ടയാടി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പെരുമ്പടപ്പുകാര്‍ പറങ്കികളെ ആശ്രയിച്ചു. പറങ്കികളുടെ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ സാമൂതിരി തുടക്കത്തില്‍ പതറി. കപ്പല്‍സൈന്യത്തിന് കുഞ്ഞാലിമാര്‍ നേതൃത്വം കൊടുത്തതോടെ പറങ്കികളെ നേരിടാന്‍ തന്നെ സാമൂതിരി ഉറച്ചു. കോഴിക്കോടിന്റെ സൈന്യം 1503 മാര്‍ച്ച് ഒന്നിന് കൊച്ചിയിലേക്കു പടയാളികളുമായി നീങ്ങി. കവളപ്പാറയില്‍നിന്നും ഇടപ്പള്ളിയില്‍നിന്നും എത്തിയ യോദ്ധാക്കള്‍ കോഴിക്കോടിനെ പിന്തുണച്ചു. 1504-ല്‍ കൊടുങ്ങല്ലൂരിനും പറങ്കികള്‍ക്കും മുന്നില്‍ കീഴടങ്ങേണ്ടി വന്നു. 1506 മുതല്‍ യുദ്ധങ്ങള്‍ ഒന്നിനു പുറകേ ഒന്നായി രുധിരകേളി നടത്തി. ഡച്ചുകാര്‍ കൊച്ചി സ്വന്തമാക്കുന്ന എ.ഡി. 1663 വരെ, അതു തുടര്‍ന്നു. തുടക്കത്തില്‍ മിത്രങ്ങളായിരുന്ന ഡച്ചുകാരും പിന്നീട് സാമൂതിരിയുടെ ശത്രുക്കളായി.

ഭാരതപ്പുഴ
ഭാരതപ്പുഴ

മങ്ങാട്ടച്ചനും പാറനമ്പിയും തിനയഞ്ചേരി എളേതും ധര്‍മ്മോത്തുപണിക്കരും ആഗ്രഹിച്ചതുപോലെയായിരുന്നില്ല, എന്നാല്‍ ചരിത്രത്തിന്റെ തീരുമാനം. കുഞ്ഞാലിമാര്‍ സാമന്ത രാജാവിനെപ്പോലെ ഔദ്ധത്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. സാമൂതിരിയുടെ സഹായത്തോടെ അവരെ നശിപ്പിക്കാന്‍ പറങ്കികള്‍ പദ്ധതിയിട്ടു. പറങ്കികളുടെ കെണിയില്‍പെട്ട സാമൂതിരി സൈന്യം ഇരിങ്ങലില്‍ ഒരു കോട്ട കെട്ടിപ്പാര്‍ത്തിരുന്ന കുഞ്ഞാലിയെ 1608-ല്‍ വളഞ്ഞു. കീഴടങ്ങിയ കുഞ്ഞാലിയെ സാമൂതിരി പറങ്കികള്‍ക്കു നിര്‍ദ്ദയം വിട്ടുകൊടുത്തു. അവര്‍ അയാളെ ഗോവയില്‍ കൊണ്ടുപോയി വധിച്ചു. കുഞ്ഞാലിയെ വീരപുരുഷനായി ആരാധിച്ചിരുന്ന സാമൂതിരിയുടെ മുസ്ലിം പ്രജകള്‍ അതോടെ തങ്ങളുടെ സംരക്ഷകനില്‍ നിന്നകന്നു. പൊന്നാനിയിലേയും കുണ്ടോട്ടിയിലേയും തങ്ങള്‍മാര്‍ അപ്പോഴും സാമൂതിരിമാരെ തള്ളിപ്പറഞ്ഞില്ല. പറങ്കികള്‍ തളര്‍ന്നപ്പോള്‍, ലന്തക്കാര്‍ അവരുടെ കോട്ടകള്‍ സ്വന്തമാക്കി (1663). സാമൂതിരിയുടെ പിന്തുണയോടെയായിരുന്നു അവര്‍ കോട്ടകള്‍ പിടിച്ചെടുത്തത്. വൈകാതെ ഇരുവരും വഴിപിരിഞ്ഞു. 1701 മുതല്‍ 1721 വരെയുള്ള കാലം, ശക്തിപരീക്ഷണങ്ങളുടേതായിരുന്നു. സാമൂതിരി പിന്നെയും പിന്നെയും ദുര്‍ബ്ബലനായി. കൊച്ചിയെ ഡച്ചുകാര്‍ പിന്തുണച്ചത് ഉപാധികളോടെ ആയിരുന്നു.

കാലഗതിയില്‍ വന്ന മാറ്റങ്ങളെപ്പറ്റി, സാമൂതിരിമാര്‍ അപ്പപ്പോള്‍ തിരിച്ചറിഞ്ഞില്ല. എഴുത്തച്ഛന്റേയും പൂന്താനത്തിന്റേയും താക്കീതുകളും അവര്‍ കേട്ടില്ല. മൈസൂറിലും ആര്‍ക്കോട്ടും തിരുവിതാംകൂറിലുമുണ്ടായ ഭരണമാറ്റങ്ങള്‍ കണ്ടില്ല. മാമാങ്കോഘോഷങ്ങളിലെ വൈതാളിക പ്രശംസകളില്‍ സാമൂതിരിമാര്‍ ഭ്രമിച്ചുപോയി. മാമാങ്കാഘോഷത്തെപ്പറ്റി ഹാമില്‍ട്ടണ്‍ സായിപ്പ് വിസ്തരിച്ച് എഴുതിയത് 1695-ല്‍ ആയിരുന്നു. പോരാളികള്‍ക്കു പരാക്രമങ്ങള്‍ കാണിക്കാനും വ്യാപാരികള്‍ക്കു വാണിജ്യപ്രതാപം കാണിക്കാനുള്ള മേളയായിരുന്നു അന്നൊക്കെ മാമാങ്കം.

സാമൂതിരിയെ നേരിടാന്‍, ഇനിമുതല്‍ തങ്ങളെ സഹായിക്കണമെന്ന് കൊച്ചിത്തമ്പുരാന്‍ തിരുവിതാംകൂര്‍ രാജാവിനോട് 1762-ല്‍ ശുചീന്ദ്രത്ത് വന്നു അപേക്ഷിച്ചു. കൂറുമാറി, തിരുവിതാംകൂര്‍ പക്ഷത്തെത്തിയ ലന്ത സൈനികരുടെ നേതൃത്വത്തില്‍ പുതിയ സൈനിക തന്ത്രങ്ങള്‍ പഠിച്ചവരായിരുന്നു തിരുവിതാംകൂറിലെ പുള്ളിപ്പട്ടാളക്കാര്‍. അവര്‍ സാമൂതിരിയുടെ പോരാളികളെ തൃശൂരിനു വടക്കോട്ടേയ്ക്കു ഓടിച്ചു. മാപ്രാണത്തും കൊടുങ്ങല്ലൂരും 
ചേലക്കരയും നടന്ന ഏറ്റുമുട്ടലുകളില്‍ സാമൂതിരിയുടെ സൈന്യം ദയനീയമായി പരാജയപ്പെട്ടു (1763). സാമൂതിരി ക്ഷമാപണവുമായി ഏറാള്‍പ്പാടിനെ പത്മനാഭപുരത്തേയ്ക്ക് അയച്ചു. കാഴ്ചവയ്ക്കാന്‍ വെള്ളിപ്പണവും വീരാളിപ്പട്ടും ഉണ്ടായിരുന്നു.

ഹൈദറുടെ കുതിരപ്പട

പാലക്കാടിന്റേയും അറയ്ക്കലിന്റേയും പിന്തുണയോടെയാണ് ഹൈദറും സൈന്യവും കോഴിക്കോടും കോലത്തുനാടും ആക്രമിച്ചത് (1766). ഹൈദറുടെ കുതിരപ്പടയ്ക്കു മുന്‍പില്‍ പ്രതിരോധതന്ത്രങ്ങള്‍ പയറ്റാന്‍ കോഴിക്കോടന്‍ കാലാള്‍പ്പടയ്ക്കു കഴിഞ്ഞില്ല. രക്ഷപ്പെടാന്‍ കാടുകയറിയ നായന്മാര്‍ ഹൈദര്‍ മൈസൂറിലേക്കു മടങ്ങിയപ്പോള്‍ ഗറില്ലായുദ്ധത്തിന് ഒരുങ്ങി. ഹൈദര്‍ സൈന്യവുമായി മലബാറിലേയ്ക്കു വീണ്ടുമെത്തി. സാമൂതിരി വെടിമരുന്നറയ്ക്കു തീയിട്ടു വെന്തുമരിച്ചു; തനിക്കുവേണ്ടി പോരാടിയവരെ എരിതീയിലേയ്ക്ക് എറിഞ്ഞുകൊടുത്തശേഷം (1773).

ഹൈദറും ടിപ്പുവും കൂടി മലബാര്‍ 24 വര്‍ഷം ഭരിച്ചു. ടിപ്പുവിന് മലബാറിന്റെ ആസ്ഥാനം ഫറോക്കിലേക്കു മാറ്റണമെന്നുണ്ടായിരുന്നു. തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ടിപ്പുവും സൈന്യവും തെക്കോട്ടു പുറപ്പെട്ടു (1789). രണ്ടാംതവണ മൈസൂര്‍ക്കടുവാ നെടുങ്കോട്ട ആക്രമിച്ചു (1790). സൈന്യം ആലുവാവരെ എത്തിയപ്പോഴാണ് ശ്രീരംഗപട്ടണം കര്‍ണാട്ടിക് സൈന്യത്താല്‍ വളയപ്പെട്ട വൃത്താന്തം സുല്‍ത്താന്‍ അറിയുന്നത്. ടിപ്പുവും സൈന്യവും കോയമ്പത്തൂര്‍ വഴി ശ്രീരംഗപട്ടണത്തേയ്ക്കു പുറപ്പെട്ടു. സാമൂതിരിയും കോലത്തിരിയും ശേഖരിവര്‍മ്മനും തങ്ങളുടെ കിരീടങ്ങള്‍ പുതിയ യജമാനനായ ഇംഗ്ലീഷുകാര്‍ക്കു സമര്‍പ്പിച്ചു. മാലിഖാന വാങ്ങി. അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ 1793-ല്‍ വെട്ടം വിസ്തൃതമായി. പൊന്നാനി ഇപ്പോള്‍ കളിയരങ്ങുകളിലെ മുന്‍ പാട്ടുകാരന്റെ പേരുകൂടിയാണ്. എതിര്‍ക്കാന്‍ ഇറങ്ങിയ പഴശ്ശിത്തമ്പുരാനും രവിവര്‍മ്മയ്ക്കും ഏറെക്കാലം ഇംഗ്ലീഷ് സൈന്യത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.

കുത്തുമാടങ്ങളില്‍, ഉത്സവകാലങ്ങളില്‍ കെട്ടിയ ആയപ്പുടവയിലെ നിഴല്‍രൂപങ്ങള്‍ വന്നുംപോയുമിരുന്നു. പൂതനുംതിറയിലേയും മുഖംമൂടികള്‍ ഓട്ടുചിലങ്കകള്‍ കുലുക്കി കുംഭം, മീനം മാസങ്ങളില്‍ വയല്‍വരമ്പുകള്‍ പിന്നിട്ടു. കോല്‍ക്കളിക്കാര്‍ പെരുനാള്‍ രാവുകളെ ആഹ്ലാദഭരിതമാക്കി. പാലക്കാടന്‍ കരിമ്പനകള്‍ കാറ്റില്‍ ഉറഞ്ഞു. കല്‍പ്പാത്തിയിലും തൃപ്പാളൂരും കാച്ചാംകുറിശ്ശിയിലും പന്നിയൂരും തിരുമിറ്റക്കോട്ടും തിരുവില്വാമലയിലും തൃത്താലയിലും തിരുനാവായയിലും തൃപ്രങ്ങോട്ടും ശംഖനാദങ്ങള്‍ മുഴങ്ങി. പൂജാമണികള്‍ നാദവൈഖരികള്‍ മുഴക്കി. തിരുനാവായയിലെ ഓത്തന്മാര്‍ മഠത്തില്‍നിന്നു വേദമന്ത്രങ്ങള്‍ വീണ്ടും കേട്ടു. വാകയൂര്‍ നിലപാടുതറ എന്നന്നേക്കുമായി നിശ്ചലമായി. പൊന്നാനിയിലേയും തിരൂരങ്ങാടിയിലേയും വാങ്കുവിളികള്‍ ഉച്ചസ്ഥായിയിലായി. മദിരാശിയില്‍നിന്നു ചാലിയം വരെ റെയില്‍വേപാത നിര്‍മ്മിച്ചു. ആവിവണ്ടികള്‍ കൂകി ഓടാന്‍ തുടങ്ങി. ദേശീയവാദികളുടെ സ്വാതന്ത്ര്യ പ്രമേയങ്ങള്‍ക്ക് പാലക്കാടും ഒറ്റപ്പാലവും സാക്ഷിയായി. വള്ളത്തോളും ഇടശ്ശേരിയും ഉറൂബും എം.ടിയും വി.കെ.എന്നും സി. രാധാകൃഷ്ണും പുതിയ നിളാചരിതങ്ങള്‍ എഴുതി. പുഴയുടെ ഇരുകരകളിലായിരുന്നു കുഞ്ചന്റേയും വി.കെ.എന്നിന്റേയും തിരനോട്ടങ്ങള്‍.

മണിക്കിണറും നിലപാടുതറയും ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളാണ്. സ്മാര്‍ത്തവിചാരണയ്ക്കു വിധേയരായവരെ പുനരധിവസിപ്പിച്ച ശ്രീരാമകൃഷ്ണശിഷ്യന്റെ-നിര്‍മ്മലാനന്ദ 
സ്വാമിയുടെ-സമാധി പാലപ്പുറത്ത് ഇപ്പോഴുമുണ്ട്. ശോകനാശിനീതീരത്തെ എഴുത്തച്ഛന്‍ പീഠത്തിലും ഒരു നിലവിളക്കുണ്ട്.

എല്ലാം കണ്ടും കേട്ടും ഭാരതപ്പുഴ ഒഴുകുന്നു. ശോഷിച്ചാണെങ്കിലും പുഴ ഇനിയും ഒഴുകട്ടെ. ഇന്നലെകളുടെ ധീരസ്മൃതികളും പ്രത്യാശയുടെ നറുതേനും നുണഞ്ഞു നുണഞ്ഞ്. ഭാരതപ്പുഴയെ കൊല്ലാന്‍ വരുന്ന കാലദൂതന്മാരെ ഓടിക്കാന്‍ തൃപ്രങ്ങോട്ടപ്പനോടു പ്രാര്‍ത്ഥിക്കാം.

''ഒരിക്കല്‍കൂടി
നിന്‍ അമൃതപുണ്യാഹ
സ്മൃതി നെറുകയിലണിഞ്ഞിരിക്കട്ടെ
നിലാവിന്‍
പുനുണക്കുഴി, താരക
മദം കിനിയുന്ന രജനിതന്‍
നാഭിച്ചുഴിയായ്, സന്ധ്യതന്‍
പുനര്‍ജ്ജനി നൂഴും ഹൃദ്യമായ്, കാല-
സ്മിതമായ് മുന്‍പെന്നോ വഴിഞ്ഞ
നിന്‍മുഖം മനസ്സിലോര്‍ക്കട്ടെ.''

(പി.ടി. നരേന്ദ്രമേനോന്‍, 
നിളയ്ക്ക് ഒരു നിലത്തിറക്കിച്ചിന്ത്)

നോക്കെത്താതെ മന്ദഹസിച്ചു കിടക്കുന്ന വെണ്‍മണല്‍ത്തിട്ടുകളെപ്പറ്റിയാണ് എം.ടിയും 'ഓളവും തീരവും' എന്ന കഥയില്‍ എഴുതിയത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com