'ജോയ് ലാന്‍ഡി'ലെ ഹൈദറിന്റെ ജീവിതം; യഥാസ്ഥിതിക, മതപര മതില്‍ക്കെട്ടിലെ ട്രാന്‍സ്‌ജെന്‍ഡര്‍

'ജോയ് ലാന്‍ഡി'ലെ ഹൈദറിന്റെ ജീവിതം; യഥാസ്ഥിതിക, മതപര മതില്‍ക്കെട്ടിലെ ട്രാന്‍സ്‌ജെന്‍ഡര്‍

2022 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി െ്രെപസ് കരസ്ഥമാക്കിയ, സൈം സാദിഖ് സംവിധാനം ചെയ്ത 'ജോയ് ലാന്‍ഡ്' തിയേറ്ററുകളിലെത്തുന്നതിനു തൊട്ടുമുന്‍പ് പാകിസ്താനില്‍ നിരോധിക്കപ്പെട്ടു

പാകിസ്താന്റെ സിനിമാചരിത്രത്തില്‍ ആദ്യമായി ഒരു ഫീച്ചര്‍ ഫിലിം കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത് പുരസ്‌കാരം നേടിയപ്പോള്‍ രാജ്യത്തെ സിനിമാമേഖല മാത്രമല്ല, ലോക ചലച്ചിത്രരംഗവും അതൊരാഘോഷമാക്കി മാറ്റി. 2022 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച്, ജൂറി െ്രെപസ് കരസ്ഥമാക്കിയ, സൈം സാദിഖ് (Joyland) സംവിധാനം ചെയ്ത 'ജോയ് ലാന്‍ഡ്' (Saim Sadiq), തിയേറ്ററുകളിലെത്തുന്നതിനു തൊട്ടുമുന്‍പ് പാകിസ്താനില്‍ നിരോധിക്കപ്പെട്ടു. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കെതിരായുള്ളതാണെന്ന കാരണത്താലാണ് സാദിഖിന്റെ ആദ്യ ഫീച്ചര്‍ ഫിലിം 'ജോയ് ലാന്‍ഡി'ന് പാകിസ്താന്‍ ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയത്. നൊബേല്‍ സമ്മാനജേതാവ് മലാല യുസഫ്‌സായി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രം നിരോധിച്ച നടപടിയില്‍, അവരടക്കമുള്ളവര്‍ പ്രതിഷേധിച്ചപ്പോള്‍, പാകിസ്താനില്‍ ചില പ്രദേശങ്ങളില്‍ മാത്രം, 'വിവാദ'ദൃശ്യങ്ങള്‍ നീക്കം ചെയ്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കി. ചിത്രം പശ്ചാത്തലമാക്കുന്ന ലാഹോറിലടക്കം, പഞ്ചാബ് പ്രവിശ്യ മുഴുവന്‍ നിരോധനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ചിത്രത്തിലെ സംഭാഷണങ്ങളില്‍ ഭൂരിഭാഗവും പഞ്ചാബി ഭാഷയിലാണെന്നത് അവഗണിച്ചുകൊണ്ടാണ് ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നത്. 

ലാഹോര്‍ നഗരത്തിലെ പ്രസിദ്ധമായ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് 'ജോയ് ലാന്‍ഡ്.' ദൈനംദിന ജീവിതത്തിലെ മടുപ്പില്‍നിന്നു താല്‍ക്കാലിക മോചനം തേടി ആളുകള്‍ വന്നെത്തുന്ന ആ പാര്‍ക്കിന്റെ പേരാണ് സൈം സാദിഖ് തന്റെ ചിത്രത്തിനു നല്‍കിയിരിക്കുന്നത്. 'ജോയ് ലാന്‍ഡി'ലെ കേന്ദ്ര കഥാപാത്രമായ ഹൈദറിന്റെ ജീവിതത്തില്‍ ആകസ്മികമായി നടക്കുന്ന ഒരു സംഭവം ഒടുവിലൊരു ദുരന്തമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലോകം സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം നേരിടുന്ന സംഘര്‍ഷങ്ങളും വ്യക്തിപരവും സാമൂഹികവുമായ അതിക്രമങ്ങളും തീവ്രമായി ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. യഥാസ്ഥിതികവും മതപരവുമായ മതില്‍ക്കെട്ടുകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹം ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു ചിത്രം സമഗ്രമായി പരിശോധിക്കുന്നു. ഈ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രമേയമാണ് ചിത്രത്തിന്റെ നിരോധനത്തിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. 

വിവാഹിതനായ യുവാവ് ഹൈദറും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ബീബയും തമ്മിലുള്ള അടുപ്പമാവിഷ്‌കരിക്കുന്ന 'ജോയ് ലാന്‍ഡ്', പാകിസ്താനില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥയെ വിമര്‍ശനവിധേയമാക്കുന്ന ചിത്രം കൂടിയാണ്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ കുടുംബജീവിതങ്ങള്‍ക്കിടയില്‍ ഒരു ഇടവേളയായെങ്കിലും ആനന്ദം തേടിപ്പോകുന്നവരെ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം, ലാഹോറിലെ ജീവിതങ്ങളാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. ചിത്രം പശ്ചാത്തലമാക്കുന്ന യാഥാസ്ഥിതിക കുടുംബത്തിലെ മൂന്ന് തലമുറകളില്‍, ഗൃഹനാഥന്‍ അബ്ബാസ്, അയാളുടെ രണ്ടു മക്കള്‍ സലിം, ഹൈദര്‍, അവരുടെ ഭാര്യമാരായ നുച്ചി, മുംതാസ് എന്നിവര്‍ക്കൊപ്പം മൂത്തമകനായ സലീമിന്റെ മൂന്ന് പെണ്‍മക്കളുമുണ്ട്. ഒരു ആണ്‍കുട്ടിക്കായി അബ്ബാസടക്കമുള്ള എല്ലാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും നുച്ചി വീണ്ടും ഒരു പെണ്‍കുട്ടിയെ പ്രസവിക്കുന്നതോടെ അവരെല്ലാവരും നിരാശരാകുന്നു. 

ജോലിയൊന്നുമില്ലാതെ വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുനടക്കുന്ന ഹൈദറിലാണ് ചിത്രം ആരംഭിക്കുന്നത്. ബ്യൂട്ടി പാര്‍ലറില്‍ ജോലിചെയ്ത് മുംതാസ് കുടുംബം സംരക്ഷിക്കുമ്പോള്‍, ഭര്‍ത്താവ് ഹൈദര്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നു. ജോലിക്കായുള്ള അന്വേഷണത്തിനിടയില്‍, വീടിനടുത്തുള്ള ഒരു നൈറ്റ് ക്ലബ്ബില്‍ ഡാന്‍സറായി അയാള്‍ക്കു ജോലി കിട്ടുന്നു. അവിടത്തെ മുഖ്യ നര്‍ത്തകിയായ, ട്രാന്‍സ്‌വുമണ്‍ ബീബയക്കൊപ്പം നൃത്തം ചെയ്യുകയെന്ന ജോലി തന്റെ യാഥാസ്ഥിതിക കുടുംബം അംഗീകരിക്കില്ലെന്ന് ഹൈദറിനറിയാം. അതിനാല്‍, സമൂഹത്തില്‍ മാന്യസ്ഥാനമുള്ള റാണാ കുടുംബത്തിലെ അംഗമെന്ന നിലയില്‍, തന്റെ യഥാര്‍ത്ഥ ജോലി അയാള്‍ക്ക് മറച്ചുവെക്കേണ്ടിവരുന്നു. ഡാന്‍സ് തിയേറ്ററിന്റെ മാനേജറായാണ് താന്‍ ജോലിചെയ്യുന്നതെന്ന് ഹൈദര്‍ എല്ലാവരോടും പറയുന്നു. ഇറോട്ടിക്ക് ഡാന്‍സറായി ബീബയ്‌ക്കൊപ്പം ജോലി ആരംഭിച്ച ഹൈദര്‍, അധികം താമസിയാതെ അവളുമായി അടുക്കുന്നു. അതോടെ അയാളുടെ ജീവിതത്തിന്റെ താളംതെറ്റുന്നു. പൊതുവെ ശാന്തമായി കടന്നുപോയിരുന്ന കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ തുടങ്ങുന്നതോടെ ഹൈദറിന്റെ മനസ്സ് സംഘര്‍ഷങ്ങളില്‍പെടുന്നു. ഒടുവില്‍ ഒരു വന്‍ ദുരന്തത്തില്‍ അയാളുടെ ജീവിതം അവസാനിക്കുന്നു.

ചിത്രത്തിലെ ഒരു രം​ഗം
ചിത്രത്തിലെ ഒരു രം​ഗം

ഹൈദര്‍, ബീബ, മുംതാസ് എന്നിവരിലൂടെ പുരോഗമിക്കുന്ന 'ജോയ് ലാന്‍ഡ്', അവരുടെ പരമ്പരാഗതവും യഥാസ്ഥിതികവുമായ ജീവിതങ്ങള്‍ക്കും സ്വാഭാവികമായ അഭിലാഷങ്ങള്‍ക്കുമിടയിലെ വൈരുദ്ധ്യങ്ങളും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളും മികച്ച രീതിയില്‍ ആവിഷ്‌കരിക്കുന്നു. സ്വവര്‍ഗ്ഗ ലൈംഗികത നിയമംമൂലം നിരോധിച്ച പാകിസ്താനില്‍, ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമീപനം തികച്ചും അവഗണനകളും പീഡനങ്ങളും നിറഞ്ഞതാണെന്ന് ചിത്രം അടിവരയിടുന്നു. അതുകൊണ്ടുതന്നെ ഹൈദറിനും ബീബയ്ക്കുമിടയില്‍ രൂപപ്പെടുന്ന ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം പാകിസ്താന്‍പോലെ മതവിശ്വാസങ്ങള്‍ക്കു സ്വാധീനമുള്ള ഒരു രാജ്യത്ത് ഇറോട്ടിക്ക് ഡാന്‍സ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സത്യം അത്ഭുതത്തോടെ മാത്രമേ പ്രേക്ഷകര്‍ക്കു സ്വീകരിക്കാന്‍ കഴിയുന്നുള്ളൂ.

ബീബയെന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതം സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നുവെന്ന സവിശേഷത 'ജോയ് ലാന്‍ഡി'നുണ്ട്. സഹോദരന്‍ സലീമിന്റെ ഭാര്യ നുച്ചിയുടെ പ്രസവസമയത്ത് ആശുപത്രിയില്‍വെച്ചാണ് ആദ്യമായി ഹൈദര്‍ ബീബയെ കാണുന്നത്. വസ്ത്രം മുഴുവന്‍ രക്തം പുരണ്ട്, ദൈന്യമായ മുഖഭാവത്തോടെയുള്ള ബീബയുടെ ആ ദൃശ്യം, ചിത്രമവസാനിച്ച് കഴിഞ്ഞാലും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുന്നു. ഡാന്‍സ് ഹാളിലെ പരിശീലനസമയത്ത്, പല അവസരങ്ങളില്‍ ബീബ മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുന്നു. അപ്പോഴൊക്കെ ധീരതയോടെ അവള്‍ അവയെ പ്രതിരോധിക്കുന്നു. ഹൈദര്‍ പലപ്പോഴും അവള്‍ക്കു സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു, അവള്‍ക്കു താങ്ങായി മാറുന്നു. ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ക്കുള്ള സീറ്റില്‍ ഇരുന്ന ബീബയെ അപമാനിച്ചവര്‍ക്കെതിരെ ഹൈദര്‍ പ്രതികരിക്കുന്ന ദൃശ്യം ഇതിന്റെ കൃത്യമായൊരു ദൃഷ്ടാന്തമാണ്.

ബീബയുമായുള്ള ബന്ധം ഹൈദറിന്റെ കുടുംബജീവിതത്തിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ തികഞ്ഞ വൈകാരികതയോടെ 'ജോയ് ലാന്‍ഡ്' ആവിഷ്‌കരിക്കുന്നു. ഡാന്‍സ് തിയേറ്ററിന്റെ മാനേജറായാണ് താന്‍ ജോലിചെയ്യുന്നതെന്നു വീട്ടിലറിയിച്ചിരുന്ന ഹൈദറിന്, ഒരു പ്രത്യേക സാഹചര്യത്തില്‍ യഥാര്‍ത്ഥ ജോലി ഭാര്യ മുംതാസിനോട് വെളിപ്പെടുത്തേണ്ടിവരുന്നു. എന്നാല്‍, ഹൈദര്‍ പ്രതീക്ഷിച്ചിരുന്ന പ്രതികരണത്തില്‍നിന്നു വ്യത്യസ്തമായി, മുംതാസ് അയാളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. രാത്രി പലപ്പോഴും മുംതാസിനെ തനിച്ചാക്കി ഹൈദര്‍ ബീബയെ തേടി പോകുന്നു. ബീബയ്ക്കും മുംതാസിനുമിടയില്‍ ജീവിക്കുന്ന ഹൈദറനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം തീവ്രമായി ചിത്രം ആവിഷ്‌കരിക്കുന്നു. നടന്‍ അലി ജുനേ ജൊയുടെ ആദ്യ ചിത്രമാണെങ്കിലും മികച്ച രീതിയില്‍ത്തന്നെ 'ജോയ് ലാന്‍ഡി'ലെ ഹൈദറായി അദ്ദേഹം മാറുന്നു. താങ്ങാന്‍ കഴിയാത്ത സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിസ്സഹായനായ ഹൈദര്‍, തന്റെ സ്വത്വം നേരിടുന്ന പ്രതിസന്ധി ബീബയോട് തുറന്നുപറയുന്നു: 'ഞാന്‍ ആരുമല്ല, എന്റെ ജീവിതം ഞാന്‍ പലരില്‍നിന്നും കടമെടുത്തതാണ്.' ഒടുവില്‍, ജീവിതത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന ഹൈദര്‍, സ്വന്തം ജീവിതവും ജീവനും അവസാനിപ്പിച്ചുകൊണ്ടാണ് തന്റെ പ്രതിസന്ധിയില്‍നിന്നു മോചനം നേടുന്നത്. 

സംഘര്‍ഷങ്ങള്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന ബീബയുടെ ജീവിതം, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നേരിടാന്‍ സാധ്യതയുള്ള എല്ലാ അതിക്രമങ്ങളും അഭിമുഖീകരിക്കുന്നു. തന്റെ സര്‍വ്വ ശക്തിയുമുപയോഗിച്ച് അവള്‍ അവയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. ഡാന്‍സ് പരിശീലനരംഗത്ത് മാത്രമല്ല, പൊതുജീവിതത്തിലും ബീബ നിരന്തരം അപമാനിക്കപ്പെടുന്നു. തന്റെ ലൈംഗികതയെ പരിഹസിച്ച ഡാന്‍സ് ട്രൂപ്പിലെ അംഗത്തിന്റെ കഴുത്തിനു പിടിച്ച്, അയാളുടെ മുഖത്ത് ആഞ്ഞുതുപ്പുന്ന ബീബ, ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളുടെ ആത്മാഭിമാനത്തിന്റേയും പ്രതിരോധത്തിന്റേയും അടയാളമായി മാറുന്നു. ഒടുവില്‍, തനിക്ക് സ്‌നേഹസാന്ത്വനമായി മാറിയ ഹൈദറിനു നേരിട്ട ദുരന്തത്തിനു സാക്ഷിയാവുന്ന ബീബ, അതു കണ്ട് ജീവിതത്തിലാദ്യമായി തകര്‍ന്നുപോകുന്നു. 

ഹൈദറിന്റെ ഭാര്യ മുംതാസിന്റെ ജീവിതം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ഒടുവില്‍ അവള്‍ നേരിടുന്ന ദുരന്തവും 'ജോയ് ലാന്‍ഡ്' മുന്‍പോട്ട് വെയ്ക്കുന്ന ഒരു പ്രധാന പ്രമേയമാണ്. മറ്റു പല രാജ്യങ്ങളിലേയും പോലെ, പാകിസ്താനിലും പുരുഷന്‍ അധികാരകേന്ദ്രമായ കുടുംബത്തില്‍, സ്ത്രീകള്‍ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മുംതാസിന്റെ ജീവിതം വ്യക്തമാക്കുന്നത്. ഹൈദറെ വിവാഹം ചെയ്യുമ്പോള്‍ അവള്‍ ആവശ്യപ്പെട്ടിരുന്ന ഒരേ ഒരു കാര്യം, ജോലിക്കായി തന്നെ പുറത്ത് വിടണമെന്നതായിരുന്നു. മുംതാസ് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഹൈദറിനു ഡാന്‍സറായി ജോലി ലഭിക്കുന്നത്. അതോടെ, ഹൈദറിന്റെ പിതാവ് അബ്ബാസും സഹോദരന്‍ സലീമും മുംതാസിനോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. അതു ഫലപ്രദമായി തടയാന്‍ ഹൈദറിനു കഴിയുന്നില്ല. ഹൈദര്‍ തന്നില്‍ നിന്നകന്ന് ബീബയിലേയ്ക്കു വഴിമാറിപ്പോകുന്നത് തിരിച്ചറിയുന്ന മുംതാസിന്, താന്‍ ഒരു ആണ്‍കുട്ടിയുടെ അമ്മയാകാന്‍ പോകുന്നു എന്നറിയുമ്പോള്‍, കുടുംബത്തിലെ മറ്റെല്ലാവരേയും പോലെ സന്തോഷിക്കാന്‍ കഴിയുന്നില്ല. വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലേയ്ക്കു നീങ്ങുന്ന മുംതാസിന്റെ ജീവിതം, ഒടുവില്‍ ഒരു ദുരന്തത്തിലാണവസാനിക്കുന്നത്. പുരുഷന്‍ അധികാരം കയ്യടക്കുന്ന കുടുംബങ്ങളില്‍ സംഭവിക്കുന്നതുപോലെ, ഇവിടേയും മുംതാസ് ഒരു ഇരയായി മാറുന്നു. മുംതാസിന്റെ മരണത്തിനുശേഷവും ഈ അധികാരവ്യവസ്ഥ അവളെ വെറുതെ വിടുന്നില്ല. കുടുംബത്തിലെല്ലാവരും ആഗ്രഹിച്ച, ജനിക്കാന്‍ പോകുന്ന മകനെ ഇല്ലാതാക്കി എന്ന കുറ്റം, ഹൈദറിന്റെ സഹോദരന്‍ സലീം കൊല്ലപ്പെട്ട മുംതാസില്‍ ആരോപിക്കുന്നത് ഇതിന്റെ സൂചനയായാണ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. 

ഒരുവശത്ത് പാകിസ്താനില്‍ ജീവിക്കുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതം അതിന്റെ എല്ലാ തീക്ഷ്ണതയോടേയും ആവിഷ്‌കരിക്കുമ്പോള്‍, അവള്‍ക്കു ചുറ്റുമുള്ളവരുടെ ജീവിതദൃശ്യങ്ങളും 'ജോയ് ലാന്‍ഡ്' ശ്രദ്ധേയമായ രീതിയില്‍ പ്രേക്ഷകരിലെത്തിക്കുന്നു. രേഖീയവും മടുപ്പിക്കുന്നവയുമായ ജീവിതയാത്രകളില്‍ ഇടവേളകള്‍ ആവശ്യമാണെന്ന് അടിവരയിടുന്ന ചിത്രം, അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ കൃത്യമായി ആവിഷ്‌കരിക്കുന്നു. മടുപ്പാര്‍ന്ന ദൈനംദിന ജീവിതത്തില്‍നിന്ന് ആശ്വാസം തേടി 'ജോയ് ലാന്‍ഡ്' സന്ദര്‍ശിക്കുന്ന നുച്ചിയും മുംതാസും തങ്ങള്‍ അറിഞ്ഞോ അറിയാതേയോ ചെയ്തുപോയ തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പിരക്കുന്നു. 

കുടുംബനാഥനായ അബ്ബാസിന്റെ ഏകാന്തമായ വാര്‍ദ്ധക്യജീവിതത്തില്‍ അയല്‍ക്കാരി ഒരു തണലായി മാറുന്നു. അതൊടുവില്‍ രണ്ട് കുടുംബങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍ച്ചെന്ന് അവസാനിക്കുന്നു. ഹൈദറിന്റെ ജീവിതം കണ്ടെത്തുന്ന ഇടവേള, അയാളുടെ മാത്രമല്ല, മുംതാസിന്റേയും ജനിക്കാന്‍ പോകുന്ന കുട്ടിയുടേയും ജീവനെടുക്കുന്നു. 
സമകാലീന പ്രസക്തമായ പ്രമേയത്തോടൊപ്പം ശ്രദ്ധേയമായ രീതിയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ട ഒരു ചിത്രം കൂടിയാണ് 'ജോയ് ലാന്‍ഡ്.' സൂക്ഷ്മമായ ചിത്രീകരണം വഴി വൈകാരികത നിലനിര്‍ത്തുന്ന അതിന്റെ സവിശേഷമായ ആവിഷ്‌കരണം, രണ്ട് മണിക്കൂറിലേറെയുള്ള ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ സ്വാധീനിക്കുന്നു. വളരെ സൂക്ഷ്മതയോടെ ചിത്രീകരിച്ച, ഹൈദരും കുട്ടികളും ചേര്‍ന്നുള്ള ഒളിച്ചു കളിയുടെ ആദ്യദൃശ്യം മുതല്‍ നാം അതു തിരിച്ചറിയുന്നു. രക്തം പുരണ്ട വസ്ത്രമണിഞ്ഞ് നടന്നുവരുന്ന ബീബയുടെ കാഴ്ചകണ്ട് പകച്ചുനില്‍ക്കുന്ന ഹൈദറിന്റെ ദൃശ്യം തുടര്‍ന്ന് ചെന്നെത്തുന്നത് പിതാവിന്റെ നിര്‍ബ്ബന്ധമനുസരിച്ച് ആടിനെ കൊല്ലുന്ന ഹൈദറിലേക്കാണ്. അവിടെ വിഷമിച്ചു നില്‍ക്കുന്ന ഹൈദറിന്റെ കയ്യില്‍നിന്നു കത്തിവാങ്ങി കൃത്യം നിര്‍വ്വഹിക്കുന്നത് മുംതാസാണ്. ചുറ്റും തളംകെട്ടി നില്‍ക്കുന്ന രക്തം, ബീബയുടെ വസ്ത്രത്തിലെ രക്തക്കറയുമായി പ്രേക്ഷകര്‍ ചേര്‍ത്തു വെയ്ക്കുന്നു. ഇങ്ങനെ പരസ്പരബന്ധം കണ്ടെത്താന്‍ കഴിയുന്ന നിരവധി ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചാണ് സൈം സാദിഖ് 'ജോയ് ലാന്‍ഡ്' സൃഷ്ടിക്കുന്നത്. മുറിക്കകത്ത് ഒരുമിച്ചിരിക്കുന്ന ഹൈദറിന്റേയും ബീബയുടേയും ദൃശ്യം, സ്‌നേഹത്തിന്റേയും കരുണയുടേയും സാന്ത്വനങ്ങളുടേയും മികച്ച ആവിഷ്‌കാരമായി മാറുന്നത്, ഛായാഗ്രാഹകന്‍ ജൊ സാദേയുടെ ചിത്രീകരണത്തിന്റെ മികവായാണ് വിലയിരുത്തപ്പെടുന്നത്. അതേപോലെ ചിത്രത്തിനു സംഗീതം നല്‍കിയ അംബ്ദുള്ള സിദ്ധിക്ക്, ദൃശ്യങ്ങള്‍ക്ക് അനുയോജ്യമായ സംഗീതം നല്‍കി, ചിത്രത്തിന്റെ വൈകാരിക അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് മുന്‍പോട്ട് പോകുന്നു.

'ജോയ് ലാന്‍ഡി'ന്റെ പ്രമേയത്തില്‍ വിദേശ സംസ്‌കാരത്തിന്റെ സ്വാധീനം സംവിധായകന്‍ സൈം സാദിഖ് പൂര്‍ണ്ണമായും തള്ളിക്കളയുന്നു. പണ്ട് പാകിസ്താനില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളില്‍ രാജകുമാരന്മാരേയും രാജകുമാരിമാരേയും രാജകീയ ശീലങ്ങളും കവിതയും പഠിപ്പിച്ചിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരെ അക്കാലത്ത് ജനങ്ങള്‍ ബഹുമാനിച്ചിരുന്നതായി അദ്ദേഹം സൂചിപ്പിക്കുന്നു. അതുകൊണ്ട്, ബീബയെപ്പോലുള്ളവര്‍ക്കായി സിനിമാവഴി താന്‍ നടത്തുന്ന പോരാട്ടങ്ങള്‍, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സ്വാധീനത്താലല്ലെന്ന് സാദിഖ് ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് അവര്‍ക്കായി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നതിന് എത്രയോ മുന്‍പ് പാകിസ്താനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുണ്ടായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ചിത്രം ഇസ്ലാം മതവുമായോ മറ്റേതെങ്കിലും മതവിശ്വാസവുമായോ ഒരുതരത്തിലും ബന്ധപ്പെടുന്നില്ല. കരുണയും സ്‌നേഹവുമുള്ള, വിവാഹിതനായ ഒരു ചെറുപ്പക്കാരനും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും തമ്മിലുള്ള സ്‌നേഹബന്ധവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം നിരോധിക്കാന്‍ കാരണമായതെന്നാണ് സാദിഖ് വിശ്വസിക്കുന്നത്. 

ജീവിതത്തിന്റെ പുറമ്പോക്കുകകളില്‍ കഴിയുന്നവരെ തിരശ്ശീലയിലെത്തിക്കുന്ന നിരവധി സിനിമകള്‍ ലോകമെമ്പാടും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന സമകാലീന ചലച്ചിത്ര അവസ്ഥയില്‍, പാകിസ്താന്‍ പശ്ചാത്തലമാക്കി, ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും യാഥാസ്ഥിതിക കുടുംബവ്യവസ്ഥ നേരിടുന്ന സംഘര്‍ഷങ്ങളും മികച്ചരീതിയില്‍ 'ജോയ് ലാന്‍ഡ്' ആവിഷ്‌കരിക്കുന്നുവെന്നത് സന്തോഷകരമാണ്. 2022 കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, ആദ്യമായി കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന പാകിസ്താനി ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായി മാറിയിരുന്നു. അവിടെ ജൂറി െ്രെപസും ഘഏആഠ പ്രമേയം ആവിഷ്‌കരിക്കുന്ന മികച്ച ചിത്രത്തിനുള്ള ക്വീര്‍ പാം പുരസ്‌കാരവും 'ജോയ് ലാന്‍ഡ്' നേടി. 2023 ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി പാകിസ്താനില്‍നിന്നു മത്സരിക്കുന്നത് 'ജോയ് ലാന്‍ഡാ'ണ്. ഏഷ്യാപസിഫിക്ക് ഫിലിം അവാര്‍ഡ്, ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം എന്നിവ 'ജോയ് ലാന്‍ഡ്' കരസ്ഥമാക്കിയിട്ടുണ്ട്. 

ലാഹോറിലെ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ ജനിച്ച സൈം സാദിഖ്, 2014ല്‍ ലാഹോര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ആന്ത്രോപ്പോളജിയില്‍ ബിരുദവും 2019ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സില്‍നിന്ന് എം.എഫ്.എയില്‍ ബിരുദവും നേടി. സാദിഖ് 2019ല്‍ നിര്‍മ്മിച്ച, 'നൈസ് ടോക്കിങ്ങ് ടു യു', ട്രാന്‍സ്‌ജെന്‍ഡര്‍ ഡാന്‍സ് ട്രൂപ്പിനെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം 'ഡാര്‍ലിങ്ങ്' എന്നിവ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലാഹോറില്‍ തന്റെ വീടിന്റെ പരിസരത്ത് താമസിച്ചിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതമാണ് തന്നെ അവരുടെ അസാധാരണവും ദുരന്തപൂര്‍ണ്ണവുമായ ലോകത്തെത്തിച്ചതെന്നു വെളിപ്പെടുത്തുന്ന സാദിഖ്, അതുവഴിയാണ് താന്‍ 'ഡാര്‍ലിങ്ങ്', 'ജോയ് ലാന്‍ഡ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതെന്നു സൂചിപ്പിക്കുന്നു. 

സൈം സാദിഖ്
സൈം സാദിഖ്

അഭിമുഖം

'ജോയ് ലാന്‍ഡ്' അതിനായി ലോകമൊരു സ്‌പെയ്‌സ് കണ്ടെത്തിക്കഴിഞ്ഞു 

'ജോയ് ലാന്‍ഡ്' സംവിധായകന്‍ സൈം സാദിഖുമായി സ്റ്റീഫന്‍ സൈറ്റോ നടത്തിയ അഭിമുഖം 

(സൈം സാദിഖ്/സ്റ്റീഫന്‍ സൈറ്റോ) 

ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് 'ജോയ് ലാന്‍ഡി'ന്റെ തിരക്കഥ, ഷോര്‍ട്ട്ഫിലിം 'ഡാര്‍ലിംഗി'നു മുന്‍പ് താങ്കള്‍ എഴുതിയിരുന്നു. 'ഡാര്‍ലിംഗ്' നിര്‍മ്മിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായോ? 

'ജോയ് ലാന്‍ഡി'ന്റെ സ്‌ക്രിപ്റ്റ് കരട്‌രൂപത്തില്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ഷോര്‍ട്ട് ഫിലിം 'ഡാര്‍ലിംഗ്' നിര്‍മ്മിച്ചതോടെ പല വിശദാംശങ്ങളും അതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. അവയില്‍ പ്രധാനപ്പെട്ടത് അലീന(ചിത്രത്തില്‍ ട്രാന്‍സ് ജെന്റര്‍ ബീബയായി അഭിനയിച്ച)യുമായുള്ള ബന്ധംവഴി നേടിയ അനുഭവങ്ങളാണ്. 'ഡാര്‍ലിംഗ്' നിര്‍മ്മിച്ചപ്പോള്‍ ഞങ്ങള്‍ക്കു ചര്‍ച്ച ചെയ്യാനായി കൂടുതല്‍ സമയം കിട്ടിയിരുന്നില്ല. എന്നാല്‍, വികസിപ്പിക്കാന്‍ പറ്റിയ ഒരു സ്പാര്‍ക്ക് അവരിലുണ്ടെന്ന് അന്നുതന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. 'ഡാര്‍ലിംഗി'ന്റെ ഷൂട്ടിങ്ങിനിടയില്‍ അവരുമായി ചേര്‍ന്നു തിരക്കഥ എഴുതാന്‍ എനിക്കു മൂന്നു വര്‍ഷം ലഭിച്ചു. ഒരു വ്യക്തി എന്ന നിലയില്‍ അലീന, ബീബയില്‍നിന്നു വളരെ വ്യത്യസ്തയാണ്. സ്‌നേഹത്തോടെ എല്ലാവരുമായും ഇടപഴകുന്ന അവര്‍, ചിത്രത്തിലെ ബീബയുടെ നേരെ വിപരീത സ്വഭാവക്കാരിയാണ്. ഒരു ട്രാന്‍സ് അഭിനേത്രി എന്ന നിലയില്‍ അവരുടെ യഥാര്‍ത്ഥ പ്രകൃതമാണ് നാം ചിത്രത്തില്‍ കാണുന്നതെന്ന് കരുതരുത്.

അതേസമയം, അലീന ജീവിതത്തില്‍ അഭിമുഖീകരിച്ച പല തിക്താനുഭവങ്ങളിലൂടെ ബീബയും കടന്നുപോകുന്നുണ്ട്. വൈകാരികവും ശാരീരികവുമായ അതിക്രമങ്ങളും അവയ്ക്കു നേരെയുള്ള പ്രതിരോധങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. അവ നേരിടാന്‍ ഈ ലോകത്തില്‍ ഒരു വഴി മാത്രമേ ഉള്ളൂ. അതിനാല്‍, തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പതിവായി ഞാന്‍ അവരെ വിളിച്ചു ചോദിക്കാറുണ്ട്: 'ഞാന്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഈ സീനില്‍ ഇനിയെന്താണ് സംഭവിക്കുക? അതു റിയലിസ്റ്റിക്കാകുമോ? നിങ്ങളായിരുന്നു ഇതിലുള്‍പ്പെട്ടിരുന്നതെങ്കില്‍ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക?' ഇത്തരത്തിലുള്ള ചര്‍ച്ച ഷൂട്ടിങ് സമയത്ത് എനിക്കു വലിയ സഹായമായി മാറിയിട്ടുണ്ട്. ബീബ എന്ന കഥാപാത്രത്തെ യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍, അകലെനിന്നല്ലാതെ വളരെ അടുത്തുനിന്ന് സത്യസന്ധമായി കാണാന്‍ അതോടെ എനിക്കു കഴിഞ്ഞു. തിയേറ്ററിന്റെ സാധ്യതകള്‍ തിരിച്ചറിയാനും ഷോര്‍ട്ട്ഫിലിം 'ഡാര്‍ലിംഗ്' എനിക്കു സഹായകരമായി മാറിയിട്ടുണ്ട്. ഒരു സ്‌പെയ്‌സ് എന്ന നിലയില്‍ അതിനെ കാണാനും 'ജോയ് ലാന്‍ഡി'ല്‍ ബീബയ്ക്കു പിന്നില്‍ പശ്ചാത്തലത്തില്‍ ഒരു ഡാന്‍സ് ഗ്രൂപ്പില്‍ ആണ്‍കുട്ടികളെ ഒരുക്കാനും ഇതുമൂലം എനിക്കു സാധിച്ചു

'ഡാര്‍ലിംഗി'ന്റെ കൊറിയോഗ്രാഫി സമയത്താണോ താങ്കള്‍ അലീനയുടെ കഴിവ് തിരിച്ചറിഞ്ഞത്? 

അവര്‍ 'ഡാര്‍ലിംഗി'ന്റെ ഓഡിഷനില്‍ പങ്കെടുത്തിരുന്നു. അന്ന് പാകിസ്താനില്‍ ട്രാന്‍സ് അഭിനേതാക്കള്‍ കാര്യമായി ആരുംതന്നെ ഉണ്ടായിരുന്നില്ല. ട്രാന്‍സിന്റെ ഇടയില്‍നിന്ന് അഭിനയിക്കാന്‍ താല്പര്യമുള്ളവരെ കണ്ടെത്താന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തിയിരുന്നു. അപ്പോഴാണ് ഓഡിഷനായി അലീന വരുന്നത്. പക്ഷേ, കാഴ്ചയില്‍ ഒരു ഉറക്കംതുങ്ങി പെണ്‍കുട്ടിയായി കാണപ്പെട്ട അവര്‍ക്ക് അഭിനയിക്കാന്‍ പറ്റുമെന്ന് ഞാന്‍ അന്നു കരുതിയിരുന്നില്ല. അങ്ങനെയാണ് അഭിനയിക്കാനായി മറ്റൊരാളെ ഞാന്‍ കണ്ടെത്തുന്നത്. നല്ലൊരു ഡാന്‍സറായ അലീനയെ കാണാനായി പിന്നീട് ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയി. അന്നു ഞാന്‍ കണ്ട അലീന തികച്ചും വ്യത്യസ്തയായിരുന്നു. 

വീടിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ അവര്‍ അഭിനയിക്കാന്‍ പറ്റുന്ന അവസ്ഥയിലേക്കു വന്നു. നേരത്തെ നിശ്ചയിച്ച് ഞാന്‍ ഒപ്പം കൂട്ടിയ അഭിനേത്രി, അലീനയാണ് ആ റോളിനു കൂടുതല്‍ യോജിക്കുകയെന്ന് തിരിച്ചറിഞ്ഞതോടെ അതില്‍നിന്നു പിന്മാറി.

റസ്തി, അലി തുടങ്ങിയ മറ്റു അഭിനേതാക്കളുടെ കാര്യം എങ്ങനെയാണ്? 

റസ്തി (മുംതാസ് ആയി അഭിനയിച്ച റസ്തി ഫാറൂഖ്) ഷൂട്ടിന് ഒന്നരമാസം മുന്‍പ് മാത്രമാണ് എന്നെ കാണാന്‍ വരുന്നത്. കാരണം, ഇന്ത്യയില്‍നിന്നുള്ള ഒരു നടിയെയാണ് തുടക്കത്തില്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം അതു നടന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് റസ്തി ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു. എന്റെ ഒരു ഷോര്‍ട്ട്ഫിലിമില്‍ അവര്‍ അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ, നേരത്തെ നിശ്ചയിച്ച ഇന്ത്യന്‍ നടിയെ മാറ്റേണ്ടതായിവന്നപ്പോള്‍ റസ്തിയോട് ആ റോളില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഷൂട്ട് തുടങ്ങാന്‍ പോകുകയായിരുന്നു. തിരക്കഥ വായിച്ച് കഥാപാത്രവുമായി പ്രണയത്തിലായ റസ്തി ഉടന്‍ അതിനു സമ്മതിച്ചു.

ഹൈദറായി അഭിനയിച്ച അലി ജുനേ ജൊയുടെ കാര്യം വ്യത്യസ്തമാണ്. ഹൈദറിനായി ആറു മാസത്തോളം നടന്ന ഓഡിഷനില്‍ അറുന്നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, മിക്കവാറും എല്ലാവരും പുറത്തായി. വളരെ പ്രയാസമുള്ള ഹൈദറിന്റെ വേഷം ചെയ്യാന്‍ ആരും തയ്യാറായില്ല. കൂടാതെ അതൊരു ഗ്ലാമര്‍ റോളുമല്ലല്ലോ. അവസാനമായാണ്, നേരത്തെ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന അലി വരുന്നത്. 

ഉടന്‍തന്നെ അയാളാണ് ഇതു ചെയ്യാന്‍ അനുയോജ്യനായ ആളെന്ന് എനിക്കു തോന്നി. മൂന്നു പേരുടേയും (അലീന, റസ്തി, അലി) ആദ്യ ചിത്രമാണ് ഇതെങ്കിലും എല്ലാവരും മികച്ചരീതിയില്‍ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഹൈദറിന്റെ റോള്‍, ജീവിതത്തില്‍ വന്ന മികച്ച ഒരു അവസരവും വെല്ലുവിളിയുമായി കൈകാര്യം ചെയ്ത അലി, ആറുമാസം കഠിനാദ്ധ്വാനം ചെയ്താണ് കഥാപാത്രമായി മാറുന്നത്. ജീവിതത്തിലെ ഇരുണ്ട ഇടങ്ങളിലൂടെ സഞ്ചരിക്കുന്ന ഹൈദര്‍, തന്റെ സങ്കീര്‍ണ്ണമായ മനസ്സില്‍ എപ്പോഴും കാരുണ്യം സൂക്ഷിക്കുന്നുണ്ട്. ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങള്‍ക്കും അനുയോജ്യരായ അഭിനേതാക്കളെ ലഭിച്ചു എന്ന കാര്യത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

'ജോയ് ലാന്‍ഡ്', ലാഹോറിലെ ഒരു പ്രധാന അമ്യൂസ്‌മെന്റ് പാര്‍ക്കാണല്ലോ. നഗരത്തിന്റെ ഭൂമിശാസ്ത്രമനുസരിച്ച്, അടുത്തടുത്തുള്ള ഈ രണ്ട് ലോകങ്ങളും പരസ്പരം കൂട്ടിമുട്ടുന്നതായി കാണാം. ഇത് കഥ സൃഷ്ടിക്കുന്നതിനു താങ്കളെ സഹായിച്ചിട്ടുണ്ടോ? 

കഥയുടെ ഘടന അങ്ങനെത്തന്നെയാണ്. ഹൈദറിന് ഈ രണ്ട് ലോകങ്ങളിലേക്കും കടന്നു ചെല്ലേണ്ടതുണ്ട്. ഒന്ന് അയാള്‍ കുടുംബവുമായി ഒന്നിച്ചുകഴിയുന്ന വീടിന്റെ അന്തരീക്ഷവും മറ്റൊന്ന് ലൈംഗിക സ്വാതന്ത്ര്യമുള്ള തിയേറ്ററുമാണ്. അവിടെ എല്ലാവരും വരുന്നു, പോകുന്നു, പക്ഷേ, ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. ആളുകള്‍ തങ്ങളേയും തങ്ങളുടെ ധര്‍മ്മികതയേയും പ്രൊജക്ട് ചെയ്യുന്ന രീതി ഈ രണ്ട് ലോകങ്ങളിലും വ്യത്യസ്തങ്ങളാണ്. അതു തിരിച്ചറിഞ്ഞതോടെ, ഈ വൈരുദ്ധ്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുണ്ടെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. തങ്ങള്‍ ആരാണന്നും സമൂഹത്തില്‍ തങ്ങളെങ്ങനെയാണ് നിലനില്‍ക്കുന്നതെന്നുമുള്ള ചിന്തകള്‍ക്കിടയിലെ വ്യത്യാസം ചിത്രത്തില്‍ കാണാന്‍ കഴിയുന്നുണ്ട്.
തീര്‍ച്ചയായും 'ജോയ് ലാന്‍ഡ്' ഒരു കേന്ദ്രമാണ്, നിര്‍വ്വാണത്തിന്റേയോ ആനന്ദത്തിന്റേയോ ഒരു സ്ഥലം. കുറച്ചു സമയത്തേക്കെങ്കിലും തങ്ങളുടെ സങ്കോചങ്ങള്‍ മാറ്റിവെച്ച് സ്വതന്ത്രരാകാന്‍ പറ്റിയ ഒരു സ്ഥലത്തിനായി കഥാപാത്രങ്ങള്‍ നടത്തുന്ന ഈ അന്വേഷണം എന്നെ ആകര്‍ഷിച്ചു, കാരണം ആനന്ദം തേടിയുള്ള അവരുടെ ഈ അന്വേഷണം അവരെ ഒരുമിച്ചുനിര്‍ത്തുന്നു.

ദൃശ്യങ്ങളിലെ വൈകാരികതയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നോ? 

ക്യാമറമാന്‍ ജൊ സാദെയും ഞാനും ചേര്‍ന്നു ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വാതില്‍പുറ കാഴ്ചകള്‍ കൂടുതല്‍ ചലനാത്മകവും വീടുകള്‍ക്കകത്തെ ദൃശ്യങ്ങള്‍ മിക്കവാറും നിശ്ചലങ്ങളായുമാണ് ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. അങ്ങനെ ഓരോ ദൃശ്യത്തിലേയും വൈകാരിക അവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഛായാഗ്രഹണ മാര്‍ഗ്ഗം ഞങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

അഭിനേതാക്കളെ നിശ്ചയിച്ച ശേഷം, ചിത്രത്തിന്റെ നിര്‍മ്മാണരീതിയില്‍ വല്ല മാറ്റങ്ങളും താങ്കള്‍ വരുത്തിയിരുന്നോ? 

ധാരാളം മാറ്റങ്ങള്‍ അതിനുശേഷം വരുത്തിയിട്ടുണ്ട്. ചിത്രത്തില്‍ എനിക്കിഷ്ടപ്പെട്ട ദൃശ്യങ്ങളൊന്നും തന്നെ നേരത്തെ പ്ലാന്‍ ചെയ്തവയല്ല. ഉദാഹരണത്തിന്, ചിത്രത്തില്‍ ബീബയുടെ മുറിക്കകത്തുവെച്ചുള്ള ദൃശ്യത്തില്‍ അവള്‍ ഹൈദറിനു മദ്യം വെച്ചുനീട്ടുന്നുണ്ട്. അതു വാങ്ങാന്‍ ശ്രമിക്കുന്ന ഹൈദറുടെ കയ്യില്‍നിന്നു ഗ്ലാസ്സ് താഴെ വീണുടയുന്നു. ഗ്ലാസ്സ് ഉടഞ്ഞു പോകരുതെന്നാണ് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അതു നടന്നില്ല. ഗ്ലാസ്സുടയാതിരിക്കാന്‍ തറയില്‍ പരവതാനികള്‍ വിരിച്ചിരുന്നെങ്കിലും അവകൊണ്ട് ഗുണമൊന്നുമുണ്ടായില്ല. രണ്ടുപേരും ചേര്‍ന്നു ഗ്ലാസ്സ് കഷണങ്ങള്‍ പെറുക്കിയെടുക്കുന്നതും മറ്റും ആ സന്ദര്‍ഭമനുസരിച്ച് അവര്‍ തന്നെ സ്വയം ചെയ്തിരുന്നതാണ്. അവര്‍ അവസരത്തിനൊത്ത് മികച്ച രീതിയില്‍ അതു ചെയ്തു. ചിത്രത്തില്‍ നേരത്തെ പ്ലാന്‍ ചെയ്ത പല ദൃശ്യങ്ങള്‍ക്കും ഇതുപോലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 

ചിത്രത്തിലെ സാങ്കേതിക വിദഗ്ദ്ധരെക്കുറിച്ചു പറയുകയാണെങ്കില്‍, കിഴക്കും പടിഞ്ഞാറും ഉള്ളവരെ അവിടെ കാണാന്‍ കഴിയുന്നുണ്ട്. ഇതു ചിത്രത്തിനു ഗുണകരമായി മാറിയിട്ടുണ്ടോ? 

ചിത്രത്തിന്റെ ക്രൂ മിക്കവാറും പാകിസ്താന്‍കാര്‍ തന്നെയാണ്. ലെബനോനില്‍നിന്നുള്ള ക്യാമറ മേന്‍ ജൊ സാദെ മാത്രമാണ് പുറത്തുനിന്നുള്ള ആള്‍. സാംസ്‌കാരികമായി പാകിസ്താനുമായി അടുത്തുനില്‍ക്കുന്ന രാജ്യമാണല്ലോ ലെബനോന്‍. വൈകാരികമായി പറയുകയാണെങ്കില്‍, ചിത്രം മറ്റെവിടെയെങ്കിലും നടക്കാവുന്നതാണെങ്കിലും പട്ടണത്തിന്റേയും ഭാഷയുടേയും കാര്യത്തില്‍ അത് പാകിസ്താനില്‍തന്നെ ആയിരിക്കണമെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. അതുമൂലം അവിടെയുള്ളവര്‍ക്ക് അത് ഗുണം ചെയ്യുമല്ലോ. ക്യാമറമാനു പുറമേ ചിത്രം എഡിറ്റ് ചെയ്ത ജാസ്മിന്‍ ടെനൂച്ചി ബ്രസീലില്‍നിന്നുള്ള ആളാണ്. മറ്റൊരു രാജ്യത്തിലെ കഥ എങ്ങനെ നല്ലരീതിയില്‍ എഡിറ്റ് ചെയ്യാമെന്നത് ഒരു പ്രധാന കാര്യമാണല്ലോ. കഥ നടക്കുന്ന സമൂഹത്തിനു പുറത്തു നിന്നൊരാള്‍ അതു ചെയ്തു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മിക്കവാറും പേര്‍ അമേരിക്കക്കാരാണ്, എഡിറ്റര്‍ ബ്രസീലില്‍നിന്ന്, ക്യാമറമാന്‍ ലെബനോന്‍കാരന്‍, മറ്റു ക്രൂവും അഭിനേതാക്കളും പാകിസ്താനില്‍ നിന്നുള്ളവര്‍. പല പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ഒരു കഥയിലൂടെ ഒരുമിച്ചുചേരുക എന്നത് രസകരമായ ഒരു കാര്യമാണല്ലോ. ചിത്രം മുന്‍പോട്ട് വെയ്ക്കുന്ന പ്രമേയത്തിന്റെ അന്താരാഷ്ട്ര പ്രസക്തിയാണ് ഇതു സൂചിപ്പിക്കുന്നത്. അതു കാരണമാണ് 'ജോയ് ലാന്‍ഡ്' കാന്‍ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ കാരണമായത്.

അതിന്റെ പ്രതിധ്വനി ലോകം മുഴുവന്‍ കേള്‍ക്കാന്‍ കഴിയുന്നത് എങ്ങനെയാണ് നോക്കിക്കാണുന്നത്? 

അതു വളരെ വളരെ ആനന്ദകരമാണ്. 2021 നവംബര്‍ 19നാണ് ഞങ്ങള്‍ ഷൂട്ട് പൂര്‍ത്തിയാക്കിയത്. എല്ലാവരും കഠിനാധ്വാനം ചെയ്താണ് അതു മുഴുമിപ്പിച്ചത്. അതിനുമപ്പുറം, ചിത്രത്തിന് ഒരു അനുഗ്രഹം എവിടെനിന്നോ ലഭിച്ചിട്ടുണ്ട്. അതുവഴി ചിത്രം സ്വയം പൂര്‍ത്തിയായതാണെന്നാണ് ഞങ്ങള്‍ കരുതുന്നത്, ഞങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രം. മെയ് മാസം മുതല്‍ ഞങ്ങള്‍ ചിത്രം കാണുകയാണ്. ചിത്രം ലോകത്തില്‍ അതിനായി സ്വയം ഒരു സ്‌പെയ്‌സ് കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അവ ഞങ്ങള്‍ക്കു സ്വപ്നത്തില്‍ വരെ സങ്കല്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളാണ്. പ്രദര്‍ശനങ്ങള്‍ക്കിടയില്‍ ആളുകള്‍ വൈകാരികമായി, ചിത്രത്തോടും കഥാപാത്രങ്ങളോടും പ്രതികരിക്കുന്നത് അത്ഭുതകരമായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. 

പ്രേക്ഷകരുടെ പ്രതികരണത്തെപ്പറ്റി ഞാന്‍ ഇതിനു മുന്‍പൊരിക്കലും ചിന്തിച്ചിരുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ട സിനിമ ഞാന്‍ നിര്‍മ്മിച്ചു എന്നുമാത്രം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com