കഥാപാത്രങ്ങള്‍ക്കുള്ളിലെ പച്ചയായ മനുഷ്യര്‍

ലോക സിനിമയിലെ ഫെമിനിസ്റ്റ് സംവിധായകരില്‍ ശ്രദ്ധേയയായ ജര്‍മ്മന്‍ ചലച്ചിത്രകാരി മാര്‍ഗ്രറീറ്റ് ഫൊണ്‍ ട്രോട്ടയുടെ ചിത്രങ്ങളെക്കുറിച്ച്
കഥാപാത്രങ്ങള്‍ക്കുള്ളിലെ പച്ചയായ മനുഷ്യര്‍


I never judge, I just show. 
I am not saying, Do not do thta

- Margarethe von Trotta

വിപ്‌ലവം സ്വപ്‌നം കണ്ട, പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകയും യുദ്ധവിരുദ്ധ പ്രവര്‍ത്തകയുമായ റോസാ ലക്‌സംബര്‍ഗ് (ഞീമെ ഘൗഃമായൗൃഴ, 19191971), ജര്‍മനിയിലെ വിപ്ലവസംഘടനയായിരുന്ന റെഡ് ആര്‍മി  ഫാക്ഷന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖയായ  ഗഡ്രന്‍ എന്‍സ്ലിന്‍ (Gudrun Ensslin, 1940-1977), ജര്‍മനിയിലെ ജൂതവംശജയായ രാഷ്ട്രീയ തത്ത്വശാസ്ത്രവിദഗ്ദ്ധ ഹന്ന ആരെന്റ് (Hannah Arendt, 1906-1975), ഓസ്ട്രിയന്‍ കവയിത്രി ഇങ്ഗ് ബോര്‍ഗ് ബാക്ക്മാന്‍ (Ingeborg Bachmann, 1926-1973) എന്നിങ്ങനെ വൈവിദ്ധ്യം നിറഞ്ഞ പ്രവര്‍ത്തനമേഖലകള്‍ തിരഞ്ഞെടുത്ത വനിതകളുടെ ബൗദ്ധികപൊതുസ്വകാര്യ ജീവിതങ്ങള്‍ തിരശ്ശീലയില്‍ ആവിഷ്‌കരിച്ച ജര്‍മന്‍ നവ സിനിമ സംവിധായിക (Margarethe von  Trotta) എണ്‍പത്തൊന്നാം വയസ്സിലും ചലച്ചിത്രരംഗത്ത് സജീവമാണ്.  ലോകത്തില്‍ വൈജ്ഞാനികരാഷ്ട്രീയ മേഖലകളില്‍ പുതു ചരിത്രം സൃഷ്ടിച്ച പ്രതിഭാധനരായ ഈ സ്ത്രീകള്‍ നേരിട്ട   മാനസിക സംഘര്‍ഷങ്ങളും ഏകാന്തതയും വിഭ്രാന്തികളും സൂക്ഷ്മവും വികാരതീവ്രവുമായി ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ലോക സിനിമയില്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ക്ക് പുതിയ നിര്‍വ്വചനം നല്‍കിയ  ട്രോട്ട, ഫെമിനിസ്റ്റ് സംവിധായികമാരില്‍ ഏറ്റവും തലമുതിര്‍ന്ന ചലച്ചിത്രകാരിയെന്ന നിലയില്‍ ശ്രദ്ധേയയാണ്. രാഷ്ട്രീയസാഹിത്യവൈജ്ഞാനിക മേഖലകളില്‍ പുതു ചരിത്രം സൃഷ്ടിച്ച  സ്ത്രീകളുടെ കൃത്യമായ ജീവിതാവിഷ്‌കാരങ്ങളായ ബയോപിക്കുകളും സമാനമായ കഥകള്‍ പ്രമേയങ്ങളായി സ്വീകരിച്ച് ട്രോട്ട നിര്‍മ്മിച്ച മറ്റു ഫീച്ചര്‍ ഫിലിമുകളും സ്ത്രീപക്ഷ പ്രതിരോധ സിനിമാരംഗത്ത് വര്‍ഷങ്ങളായി സജീവചര്‍ച്ചകള്‍ക്കു  വിഷയമായിക്കൊണ്ടിരിക്കുകയാണ്.

പ്രവാസികളായ റഷ്യന്‍ വംശജരുടെ നിയമാനുസൃതമല്ലാത്ത മകളായി 1942ല്‍ ബര്‍ലിനില്‍ ജനിച്ച മാര്‍ഗ്രറീറ്റ്  ഫൊണ്‍ ട്രോട്ട, രണ്ടാം  ലോക മഹായുദ്ധത്തിനു ശേഷം അമ്മയ്‌ക്കൊപ്പം ഡസ്സല്‍ഡോര്‍ഫി(Düsseldorf)ലേക്ക് താമസം മാറ്റി. അച്ഛനില്ലാതെ വളര്‍ന്നതിനാല്‍, ട്രോട്ട അമ്മയുമായി  വളരെ  അടുത്തിരുന്നു. നാല് ഭാഷകള്‍ അറിയാമായിരുന്ന അമ്മ, വിവിധ ഓഫീസുകളില്‍ ജോലിചെയ്ത് മകളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും അവര്‍ക്കതിനു കഴിയാതെ വന്നു. അങ്ങനെ, പലപ്പോഴും വിശപ്പടക്കാനായി മാര്‍ഗ്രറീത്തയ്ക്ക് മറ്റുള്ളവരോട്  ഭക്ഷണത്തിനായി  യാചിക്കേണ്ടിവന്നു. 'അക്കാലത്തെക്കുറിച്ച് ഞാനിപ്പോഴും ചിന്തിക്കാറുണ്ട്. ആകെയുണ്ടായിരുന്ന ഒരു കൊച്ചുമുറിയില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഫര്‍ണിച്ചര്‍. ആ ഒരു മുറിയില്‍ അമ്മയും ഞാനും ഭക്ഷണം പാകം ചെയ്യുകയും അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു. മുറിയിലെ വെളിച്ചം കാരണം ഉറക്കം വരാതാകുമ്പോള്‍,  കുടകൊണ്ട് മുഖം മറയ്ക്കാറുള്ളത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.' ആ ദരിദ്രകാല ജീവിതത്തിന്റെ ഓര്‍മ്മകളില്‍നിന്ന് എണ്‍പത്തൊന്നാം വയസ്സിലും ട്രോട്ടയ്ക്ക് മോചനം ലഭിച്ചിട്ടില്ല. ജീവിതത്തിലെ ഇത്തരമനുഭവങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ക്ഷുഭിതയായ ഒരു പോരാളിയായി അവരെ മാറ്റിയില്ലെന്നത് അത്ഭുതകരമായൊരു വസ്തുതയായി അവശേഷിക്കുന്നു. അതേസമയം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന കരുത്തുറ്റ നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ച ട്രോട്ട,  ലോകസിനിമാരംഗത്തെ പ്രമുഖ  സ്ത്രീപക്ഷ സംവിധായികയാണ്.
 
ജര്‍മന്‍ നവതരംഗസിനിമയിലെ  പ്രമുഖ സംവിധായികയായി വിലയിരുത്തപ്പെടുന്ന ട്രോട്ട, 1960കളുടെ അവസാനത്തിലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്, ജീവിക്കാനായി ചില കടകളില്‍ ജോലികള്‍ ചെയ്ത ട്രോട്ട, സിനിമയിലുള്ള താല്പര്യം കാരണം, അന്ന് സിനിമയുടെ കേന്ദ്രമായിരുന്ന പാരീസിലേക്കു താമസം മാറ്റി. അവിടെ വെച്ചാണ് തനിക്ക് 'യഥാര്‍ത്ഥ സിനിമ'കള്‍ കാണാന്‍ കഴിഞ്ഞതെന്നു വിലയിരുത്തുന്ന ട്രോട്ട, ലോക സിനിമയിലെ ക്ലാസ്സിക്കുകള്‍ കണ്ട് അത്ഭുതപ്പെട്ടു. അങ്ങനെ ഒരു കലാരൂപമായി സിനിമയെ അവര്‍ തിരിച്ചറിയാന്‍ തുടങ്ങി. 'ഹിച്‌കോക്കിന്റേയും ബര്‍ഗ്മാന്റേയും  സിനിമകളും ഫ്രെഞ്ച് നവതരംഗ ചിത്രങ്ങളും കണ്ട്, അവയാല്‍ സ്വാധീനിക്കപ്പെട്ട ഞാന്‍, സ്വയം ഇങ്ങനെ പറഞ്ഞു: 'ഇതാണ് ഞാനെന്റെ ജീവിതത്തില്‍ ചെയ്യാന്‍ പോകുന്നത്. പക്ഷേ, എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്കൊരു പരിധിയുണ്ടായിരുന്നു.' ജര്‍മനിയില്‍ തിരിച്ചെത്തി അഭിനയരംഗത്ത് പ്രവേശിച്ച അവര്‍, വിവാഹിതയും അധികം താമസിയാതെ  ഒരു കുഞ്ഞിന്റെ അമ്മയുമായി. നാല് വര്‍ഷം എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ബ്ബന്ധിതയായ അവര്‍, ഭര്‍ത്താവില്‍നിന്നു പിരിഞ്ഞ്, മറ്റൊരു വിവാഹം കഴിച്ച് സിനിമാരംഗത്ത് തിരിച്ചു വന്നു. ജര്‍മന്‍ നവതരംഗ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ്  തന്റെ പുതിയ സിനിമാജീവിതത്തിന് ട്രോട്ട തുടക്കം കുറിക്കുന്നത്. നടിയായും തിരക്കഥാരചനയില്‍  സംവിധായകരെ സഹായിച്ചും ട്രോട്ട  ജര്‍മന്‍ സിനിമാമേഖലയില്‍  സജീവ സാന്നിദ്ധ്യമായി മാറി.  1971ല്‍ പ്രസിദ്ധ ജര്‍മന്‍ സംവിധായകന്‍ ഫൊയ്ക്കാ  ഷ്‌ലീന്‍ഡ്രോഫു (Volker Shondroff) സംവിധാനം ചെയ്ത ''ദ സഡന്‍ വെല്‍ത്ത് ഓഫ് ദ പുവര്‍ പീപ്പിള്‍ ഓഫ് കൊമ്പാച്ചി''ല്‍ അഭിനയിച്ച ട്രോട്ട,  സംവിധായകനൊപ്പം അതിന്റെ തിരക്കഥാരചനയില്‍ പങ്കാളിയുമായിരുന്നു. പ്രശസ്ത ജര്‍മന്‍ സംവിധായകനായ ഫാസ്ബിന്ദറു (Fassbinder)ടേയും തന്റെ മുന്‍ ഭര്‍ത്താവ് വോക്കര്‍ ഷ്‌ലോണ്‍ ഡ്രോഫിന്റേയും ചിത്രങ്ങളില്‍ അഭിനയിക്കയും അവര്‍ക്കൊപ്പം തിരക്കഥാരചന നടത്തുകയും ചെയ്ത ട്രോട്ട, അവയില്‍നിന്ന് നേടിയ അനുഭവങ്ങളിലൂടെയാണ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യാന്‍  തുടങ്ങുന്നത്.

1968, മാര്‍ഗ്രറീറ്റ്  ഫൊണ്‍ ട്രോട്ടയുടെ ജീവിതത്തില്‍ മാത്രമല്ല,  ലോക വനിതാവിമോചന പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണ്ണായക വര്‍ഷമായിരുന്നു. സ്വന്തം അനുഭവമാണ്, അന്ന് ജര്‍മനിയില്‍ നിലവിലുണ്ടായിരുന്ന ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ പൊരുതാന്‍ ട്രോട്ടയ്ക്ക് പ്രേരണ നല്‍കിയത്. ജര്‍മനിയിലെ മാധ്യമങ്ങളില്‍ സ്ത്രീകള്‍ ലൈംഗികവസ്തുക്കളായി ചിത്രീകരിക്കപ്പെടുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും ട്രോട്ടയുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോര്‍മുഖങ്ങളില്‍ സജീവമായിരുന്ന ആ കാലം അവരിങ്ങനെ ഓര്‍മ്മിക്കുന്നു: 

ദ സെവൻ വെൽത്ത് ഓഫ് ദ പുവർ പീപ്പിൾ ഓഫ് കൊമ്പാച്ച്
ദ സെവൻ വെൽത്ത് ഓഫ് ദ പുവർ പീപ്പിൾ ഓഫ് കൊമ്പാച്ച്

'ജീവിതത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങിയ കാലമായിരുന്നു അത്. എന്നാല്‍ അവയെങ്ങനെ യാഥാര്‍ത്ഥ്യങ്ങളാക്കാമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു വ്യക്തമായ ധാരണകളൊന്നുമുണ്ടായിരുന്നില്ല. അത് എളുപ്പമായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.' പ്രതികൂല ജീവിതസാഹചര്യങ്ങള്‍ കാരണം  ജന്മനാ ട്രോട്ടയുടെ രക്തത്തില്‍ പ്രതിഷേധത്തിന്റെ അഗ്‌നി  കലര്‍ന്നിരുന്നു. അവരില്‍ ഒരു റിബല്‍ വളര്‍ന്നുവന്നതിനു പല കാരണങ്ങള്‍ കണ്ടെത്താന്‍  കഴിയും. ജന്മംകൊണ്ട് ഒരു ജാരസന്തതി,  റഷ്യന്‍ പ്രവാസികളായ മാതാപിതാക്കന്മാര്‍ കാരണം സ്വന്തം രാജ്യമേതെന്നു കൃത്യമായി  പറയാന്‍ കഴിയാത്ത അവസ്ഥ.  പലപ്പോഴും ഭക്ഷണത്തിനായി യാചിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും  കുലീന കുടുംബ പാരമ്പര്യം. ജീവിതം തന്റെ മുന്‍പില്‍ കൊണ്ടുവന്നതെല്ലാം സ്വീകരിക്കാന്‍ തയ്യാറാകാത്ത വ്യക്തിത്വം. അതേസമയം, കരിപുരണ്ട സ്വന്തം ഭൂതകാലത്തില്‍ ലജ്ജിക്കാതെ, തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ നടക്കാനുള്ള ചങ്കൂറ്റം. അങ്ങനെ, വഴങ്ങുന്ന സ്വഭാവവും പ്രതിഷേധത്തിന്റെ അഗ്‌നിയും ഒരേപോലെ ട്രോട്ടയുടെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി.  ട്രോട്ടയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലും  ഇതു  കാണാന്‍ കഴിയും. അങ്ങേയറ്റം കരുത്തോടെ പ്രതിഷേധിക്കുമ്പോഴും മനസ്സിന്റെ അടിത്തട്ടില്‍ നിറയുന്ന വിഷാദത്താല്‍ നീറുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ട്രോട്ട ചിത്രങ്ങളില്‍ കാണാന്‍ കഴിയും. സംവിധായകയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ഈ ചിത്രങ്ങളില്‍ പലപ്പോഴും പ്രേക്ഷകര്‍ അഭിമുഖീകരിക്കുന്നത്, കഥാപാത്രങ്ങളില്‍ പലപ്പോഴും ട്രോട്ടയെത്തന്നെയാണ് അവര്‍  കണ്ടുമുട്ടുന്നത്. തങ്ങളുടേതായ വഴികളില്‍ സംഭാവനകള്‍ നല്‍കുന്ന സ്ത്രീകളുടെ വ്യക്തിത്വ പ്രതിസന്ധികളും അവരുടെ   ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളുമാണ്  ട്രോട്ട ചിത്രങ്ങളുടെ  പ്രധാന പ്രമേയങ്ങള്‍. വ്യക്തികള്‍ക്കിടയിലുള്ള നിലപാട് വ്യത്യാസങ്ങള്‍ എങ്ങനെയൊക്കെ അവരെ ബാധിക്കുന്നുവെന്ന് ട്രോട്ട ചിത്രങ്ങള്‍  ആഴത്തില്‍ പരിശോധിക്കുന്നു. പൊതു സ്വകാര്യ ജീവിതങ്ങളിലെ  വൈരുദ്ധ്യങ്ങളും അവയുണ്ടാക്കുന്ന പ്രതിസന്ധികള്‍ അനുഭവിക്കുന്നവരും ആന്തരികവും ബാഹ്യവുമായ ശക്തിയുള്ളവരും ഇല്ലാത്തവരും വികാരം, വിചാരം ഇവയെ ഒരുമിച്ചു ചേര്‍ക്കാന്‍ കഴിയാതെ സന്ദിഗ്ദ്ധതകള്‍ അനുഭവിക്കുന്നവരും സ്വപ്‌നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെ വൈരുദ്ധ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ നേരിടുന്നവരും  ഈ ചിത്രങ്ങളില്‍ കടന്നുവരുന്നു. വ്യത്യസ്തങ്ങളായ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളാണെങ്കിലും ഒരേ ഭാഗത്താണെന്ന തോന്നലുകളാല്‍ അവര്‍ സ്വയം പീഡിപ്പിക്കുന്നു. ഈ അന്വേഷണങ്ങള്‍ കഥാപാത്രങ്ങള്‍ക്കുള്ളിലെ പച്ചയായ മനുഷ്യരിലാണ് ട്രോട്ടയെ എത്തിക്കുന്നത്.

1975ല്‍  സിനിമകള്‍ സംവിധാനം ചെയ്യാന്‍ തുടങ്ങിയ ട്രോട്ട, ദ ലോസ്റ്റ് ഹോണര്‍ ഓഫ് കാതറിന ബ്ലും സംവിധായകന്‍ ഫൊയ്ക്കാ ഷ്‌ലീന്‍ഡ്രോഫു(Volker Shondroff)മായി ചേര്‍ന്ന്, തിരക്കഥയെഴുതി സംവിധാനം ചെയ്തു. പ്രസിദ്ധ ജര്‍മന്‍ എഴുത്തുകാരന്‍ Heinrich Böll (1917-1985)ന്റെ അതേ പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ രാഷ്ട്രീയ ചിത്രം പൊലീസ്, പൊതുസമൂഹം, മാധ്യമപ്രവര്‍ത്തകര്‍  എന്നിവരാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു സാധു സ്ത്രീയുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ഷ്‌ലീന്‍ഡ്രോഫുമൊന്നിച്ചുള്ള ട്രോട്ടയുടെ  സിനിമാ പങ്കാളിത്തം, 1976ലെ Coupé de Grace ഓടെ അവസാനിച്ചു. അതിന്റെ തിരക്കഥാ രചനയില്‍ മാത്രമേ ട്രോട്ട സഹകരിച്ചിരുന്നുള്ളൂ. അതിനു ശേഷം  അവര്‍ സ്വന്തമായി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയായിരുന്നു.

1979ലെ സിസ്‌റ്റേഴ്‌സ്, ഓര്‍ ദ ബാലന്‍സ് ഓഫ് ഹാപ്പിനസ് മുതല്‍ 2023 ലെ Ingeborg Bachmann - Journey into the Desert വരെയുള്ള ഫീച്ചര്‍ ഫിലിമുകളും എട്ടോളം ടെലിവിഷന്‍ ചിത്രങ്ങളും /സീരിയലുകളും ഇതേ വരെ (2023) ട്രോട്ട സംവിധാനം ചെയ്തുകഴിഞ്ഞു. ഇവയ്ക്കു പുറമെ നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കയും ചെയ്തിട്ടുണ്ട്. പ്രമുഖ സ്ത്രീകളുടെ ബയോപിക്കുകള്‍ക്ക് പുറമെ കഥാചിത്രങ്ങളും ട്രോട്ട സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ നേരിട്ടും അല്ലാതേയും ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പീഡനങ്ങള്‍, ജോലി സ്ഥലത്തും ഭര്‍ത്താക്കന്മാരില്‍നിന്നും അവരനുഭവിക്കുന്ന അതിക്രമങ്ങള്‍, രാഷ്ട്രീയബൗദ്ധിക രംഗങ്ങളില്‍ അവര്‍ നേരിടുന്ന ലിംഗപരവും വംശപരവുമായ വേര്‍തിരിവുകള്‍ എന്നിവയാണ് ആ ചിത്രങ്ങള്‍ പരിശോധിക്കുന്നത്. അവയ്‌ക്കൊപ്പം ഗര്‍ഭഛിദ്രനിരോധനനിയമം പോലുള്ള ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങളും ട്രോട്ട തന്റെ ചിത്രങ്ങളില്‍ വിമര്‍ശനവിധേയങ്ങളാക്കുന്നു.

ദ ലോസ്റ്റ് ഹോണർ ഓഫ് കാതറീന ബ്ലൂം
ദ ലോസ്റ്റ് ഹോണർ ഓഫ് കാതറീന ബ്ലൂം

ട്രോട്ടയുടെ 'സിസ്‌റ്റേഴ്‌സ് ഓര്‍ ബാലന്‍സ് ഓഫ് ഹാപ്പിനെസ്സ്' 1980ലെ ജര്‍മന്‍ ഫിലിം അവാര്‍ഡുകളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കൂടാതെ 1981ല്‍ നടന്ന ക്രെറ്റെല്‍ ഇന്റര്‍ നാഷണല്‍ വുമണ്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ അവാര്‍ഡും അത് കരസ്ഥമാക്കി. തങ്ങളാരാണെന്നും ജീവിതത്തില്‍ തങ്ങള്‍ക്കെന്തൊക്ക ചെയ്യാന്‍ കഴിയുമെന്നും കൃത്യമായി അറിയുന്നവര്‍പോലും ചിലപ്പോള്‍ ദുര്‍ബ്ബലരുടെ ഇരകളാവുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ചിലപ്പോള്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുന്നു. ജീവിതത്തില്‍ പലപ്പോഴും നാം അഭിമുഖീകരിക്കുന്ന ഈ അനുഭവങ്ങളാണ് ട്രോട്ടയുടെ 'സിസ്‌റ്റേഴ്‌സ് ഓര്‍ ബാലന്‍സ് ഓഫ് ഹാപ്പിനെസ്സിന്റെ പ്രമേയം. ജീവിതവിജയം നേടിയ മേരി, ഒരു കമ്പനിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ്. ബിരുദ വിദ്യാര്‍ത്ഥിനിയായ സഹോദരി അന്നയെ ഒപ്പം താമസിപ്പിച്ച് മേരി സംരക്ഷിക്കുന്നു. ജീവിതത്തില്‍ ഉന്നമനം ആഗ്രഹിച്ചുകൊണ്ട്, അതിനായി കഠിനപ്രയത്‌നം ചെയ്യുന്ന മേരിയില്‍നിന്ന് തികച്ചും വ്യത്യസ്തയാണ് സ്വപ്‌നജീവിയായ അന്ന. തന്റെ റൊമാന്റിക് സ്വപ്‌നങ്ങള്‍ തകരുന്നതോടെ, ചേച്ചി മേരിയില്‍ കുറ്റമാരോപിച്ചുകൊണ്ട് അന്ന ആത്മഹത്യ ചെയ്യുന്നു. അതോടെ തന്റെ ആദ്യ സ്‌നേഹം  ഉപേക്ഷിച്ച മേരി,  ഏകാന്തതയുടെ തടവറയില്‍ ഒറ്റപ്പെടുന്നു. മേരിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മിറിയം അവള്‍ക്കൊപ്പം താമസിക്കാന്‍ വരുന്നതോടെ താല്‍ക്കാലികമായെങ്കിലും കാര്യങ്ങള്‍ മാറുന്നു. ഒരു ദിവസം മിറിയം അന്നയുടെ ഡയറി വായിക്കാനിടയാകുന്നു. അതോടെ മേരിക്കും  അന്നയ്ക്കുമിടയില്‍ നിലനിന്നിരുന്ന ബന്ധത്തിന്റെ യഥാര്‍ത്ഥ അവസ്ഥ അവള്‍ തിരിച്ചറിയുന്നു. സഹോദരിമാര്‍ക്കിടയിലുണ്ടായിരുന്ന അകല്‍ച്ച മനസ്സിലാക്കിയ മിറിയം, മേരിയോട് പിണങ്ങി അവളെ ഉപേക്ഷിച്ചു പോകുന്നു. അതോടെ, മേരി ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെടുന്നു. 

മൂന്ന് പെണ്‍കുട്ടികളുടെ  വ്യത്യസ്ത മാനസിക അവസ്ഥകള്‍ സൂക്ഷ്മമായി ട്രോട്ട ഈ ചിത്രത്തില്‍ വിശകലനം ചെയ്യുന്നു. സ്‌നേഹത്തിനും ചുഷണങ്ങള്‍ക്കുമിടയിലെ ഇടുങ്ങിയ അതിര്‍വരമ്പ് സൂക്ഷ്മമായി ചിത്രം പരിശോധിക്കുന്നു. തനിക്ക് സംഭവിച്ച മാനസികാഘാതത്തില്‍നിന്ന് മോചനം നേടി ജീവിതത്തിലേക്ക് തിരിച്ചുവരുന്ന മേരിയിലാണ് സംവിധായിക 'സിസ്‌റ്റേഴ്‌സ് ഓര്‍ ബാലന്‍സ് ഓഫ് ഹാപ്പിനെസ്സ്' അവസാനിപ്പിക്കുന്നത്.

സിസ്റ്റേഴ്സ് ഓർ ബാലൻസ് ഓഫ് ഹാപ്പിനെസ്
സിസ്റ്റേഴ്സ് ഓർ ബാലൻസ് ഓഫ് ഹാപ്പിനെസ്

മരിയന്‍ ഏന്‍ഡ് ജൂലിയന്‍ 

അടുത്ത ചിത്രം മരിയന്‍ ഏന്‍ഡ് ജൂലിയ(Marianne and Julienne)ന്റെ ആശയം സിസ്‌റ്റേഴ്‌സിന്റെ തിരക്കഥ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍  ട്രോട്ടയുടെ മനസ്സിലുണ്ടായിരുന്നു. സിസ്‌റ്റേഴ്‌സുമായി ബന്ധപ്പെടുന്ന ചിത്രം, പരസ്പരാശ്രയത്തോടെ ജീവിക്കുന്ന രണ്ടു സഹോദരിമാരുടെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജര്‍മനിയിലെ ഇടതുപക്ഷ ഗറില്ല ഗ്രൂപ്പ്, റെഡ് ആര്‍മി ഫാക്ഷനു  രൂപം നല്‍കിയ വിപ്ലവകാരി ഗുഡ്രുന്‍ എന്‍സ്ലിന്‍ (Gudrun Ensslin, 1940-1977)ന്റേയും ക്രിസ്റ്റ്യാനേയുടേയും ജീവിതങ്ങളാണ് ട്രോട്ട ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. റെഡ് ആര്‍മി ഫാക്ഷന്റെ നേതാവ് ആന്‍ഡ്രിയസ് ബാദറി(Andreas Baader)ന്റെ രാഷ്ട്രീയ പാത പിന്തുടര്‍ന്ന എന്‍സ്ലില്‍, അഞ്ച് ബോംബാക്രമണകേസുകളില്‍ ശിക്ഷിക്കപ്പെട്ട്  ജയിലില്‍ കഴിയുമ്പോഴാണ് ആന്‍ഡ്രിയസ് ബാദറിനൊപ്പം അവിടെ വെച്ച് കൊല്ലപ്പെടുന്നത്. ജയില്‍മുറികളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട, ആ സംഘടനയില്‍പെട്ട എല്ലാവരേയും അധികൃതര്‍ നിഷ്ഠുരമായി കൊല ചെയ്യുകയായിരുന്നു. മരിയനെന്ന കഥാപാത്രത്തിനെ സൃഷ്ടിക്കുമ്പോള്‍ എന്‍സ്ലിനാണ് ട്രോട്ടയുടെ മനസ്സിലുണ്ടായിരുന്നത്. സഹോദരിമാര്‍ക്കിടയിലെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കൊപ്പം സ്‌നേഹസാന്ത്വനങ്ങളും ചിത്രം ആവിഷ്‌കരിക്കുന്നു. സിസ്‌റ്റേഴ്‌സിനും മരിയന്‍ ഏന്‍ഡ് ജൂലിയനും ഇത്തരം ചില സമാനതകളുണ്ടാകുമ്പോഴും അവയുടെ  പശ്ചാത്തലങ്ങള്‍ തമ്മില്‍ വലിയ അന്തരങ്ങളുണ്ട്. ഫെമിനിസ്റ്റായ ജൂലിയന്‍, ഒരു പുരോഗമന സ്ത്രീ മാസികയുടെ എഡിറ്ററാണ്. നിരോധിക്കപ്പെട്ട വിപ്ലവസംഘടനയായ അല്‍ ഫത്താഹ (Al Fatah)യുടെ  പ്രവര്‍ത്തകയാണ് മരിയന്‍. രണ്ട് സഹോദരിമാരും തങ്ങളുടേതായ രീതികളില്‍ രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഗര്‍ഭഛിദ്രമടക്കമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി തന്റെ മാസിക വഴിയും പൊതുയിടങ്ങളിലും ജൂലിയന്‍ പ്രക്ഷോഭം നയിക്കുന്നു. വിപ്ലവസംഘടനയില്‍ ചേര്‍ന്ന മരിയന്‍, കൊലപാതകമടക്കമുള്ള അതിന്റെ രഹസ്യപ്രവര്‍ത്തനങ്ങളില്‍  സജീവയാകുന്നു.

ജയിലില്‍ കഴിയവെ, സംശയകരമായ സാഹചര്യത്തില്‍ 'ആത്മഹത്യ' ചെയ്ത മരിയനെക്കുറിച്ച് ആശങ്കപ്പെട്ട്, അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി ശ്രമിക്കുന്ന ജൂലിയന്‍, അതിനായി തെളിവുകള്‍ ശേഖരിക്കുന്നു. സഹോദരിയെപ്പറ്റി ആലോചിച്ചുകൊണ്ട് അസ്വസ്ഥയായി മുറിയില്‍ നടക്കുന്ന ജൂലിയന്റെ ദൃശ്യത്തിലാണ് ട്രോട്ട ചിത്രമാരംഭിക്കുന്നത്. ചുവരിലുള്ള, കൊല്ലപ്പെട്ട സഹോദരി മരിയന്റെ ഫോട്ടോയിലേക്ക് ഇടയ്ക്കിടെ ജൂലിയന്‍ കണ്ണോടിക്കുന്നു. തുടര്‍ന്ന്  മുന്‍കാല സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുചെല്ലുന്നത്. ജയിലില്‍ കഴിയുന്ന മരിയന്റെ മകന്‍ ജാനുമായി ജൂലിയന്റെ വീട്ടിലേക്കു വരുന്ന അവളുടെ ഭര്‍ത്താവ് വെനെര്‍, കുട്ടിയെ ഏല്പിച്ച് അധികദിവസങ്ങള്‍ കഴിയും മുന്‍പ് ആത്മഹത്യ ചെയ്യുന്നു. അതിനു ശേഷം മരിയനും ജൂലിയനും നേരിട്ട് കാണുന്നു.  തന്റെ രാഷ്ട്രീയ വഴികള്‍ സ്വീകരിക്കാന്‍ മരിയന്‍ ജൂലിയനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിനു തയ്യാറാവുന്നില്ല. അതേ സമയം,   മകന്റെ ഭാവിജീവിതത്തെപ്പറ്റി മരിയന്‍ അതിയായി ആശങ്കപ്പെടുന്നുമുണ്ട്. ഭര്‍ത്താവിന്റെ ആത്മഹത്യയെക്കുറിച്ച് ജൂലിയനില്‍ നിന്നറിയുന്ന മരിയന്‍, അതില്‍ ഒട്ടുമത്ഭുതപ്പെടുന്നില്ല.

ഒരു ദിവസം പുലര്‍ച്ചെ രണ്ട് വിപ്ലവപ്രവര്‍ത്തകരുമായി മരിയന്‍ ജൂലിയന്റെ ഫ്‌ലാറ്റില്‍ വരുന്നു. ജൂലിയനോട് കാപ്പിയുണ്ടാക്കാന്‍ ആജ്ഞാപിക്കുന്ന മരിയന്‍, അവരുടെ അലമാര തുറന്ന് വസ്ത്രങ്ങള്‍ മുഴുവന്‍ വലിച്ചുവാരി പുറത്തിട്ട ശേഷം, തനിക്കു യോജിച്ച ഒന്നുമില്ലെന്നു  പറഞ്ഞ് മറ്റുള്ളവര്‍ക്കൊപ്പം പെട്ടെന്നു പുറത്തേക്കു പോകുന്നു. ഇതില്‍ അസ്വസ്ഥയും പ്രകോപിതയുമാകുന്ന മരിയനെ ആശ്വസിപ്പിക്കുന്ന കാമുകന്‍ വോള്‍ഫ് ഗാങ് പലപ്പോഴും സംഘര്‍ഷഭരിതമായ അവരുടെ ജീവിതത്തില്‍ തണലാവുന്നു.

റോസാലക്സംബർ​ഗ്
റോസാലക്സംബർ​ഗ്

സമൂഹത്തില്‍  മാറ്റങ്ങളുണ്ടാക്കാനായി  രണ്ട് വഴികള്‍ തിരഞ്ഞെടുത്ത സഹോദരിമാരുടെ പ്രവര്‍ത്തനങ്ങള്‍, അവ അവരുടേയും അവര്‍ക്കൊപ്പമുള്ളവരുടേയും ജീവിതങ്ങളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുന്ന ചിത്രം, അവരുടെ ബാല്യകാല ജീവിതസന്ദര്‍ഭങ്ങളും അവയ്‌ക്കൊപ്പം  ചേര്‍ത്തുവെയ്ക്കുന്നു. ബാല്യകാലം മുതല്‍, എപ്പോഴും മറ്റുള്ളവരില്‍നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ജൂലിയനെ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകുന്ന മരിയനോട്, അത് ഒരുതരത്തിലുള്ള അടിമത്ത്വമാണെന്നാണ് അവള്‍ പറയുന്നത്. തനിക്കു തെറ്റാണെന്നു ബോധ്യമുള്ള വസ്തുതകളെ എതിര്‍ക്കുന്ന ജൂലിയന്‍, വസ്ത്രധാരണത്തിന്റെ പേരില്‍ സ്വന്തം പിതാവുമായി അകലുന്നു. പതിവായി  നടക്കാറുള്ള  പാര്‍ട്ടിയില്‍, മറ്റു കുട്ടികളില്‍നിന്ന് വ്യത്യസ്തയായി തനിച്ച്  നൃത്തം ചെയ്യുന്ന ജൂലിയന്‍  എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. സ്‌കൂളില്‍ റില്‍ക്കെയുടെ കവിതയെ വിമര്‍ശിച്ച ജൂലിയനെ അദ്ധ്യാപിക ക്ലാസ്സില്‍നിന്നു പുറത്താക്കുമ്പോള്‍ ഭാവഭേദമില്ലാതെ അവള്‍ പുറത്തേക്കു പോകുന്നു. നാസി ഉന്മൂലനത്തിന്റെ  ഫുട്ടേജുകള്‍ കണ്ടുനില്‍ക്കാന്‍ കഴിയാതെ, കരഞ്ഞുകൊണ്ട് പുറത്തുപോകുന്ന മരിയനെ ജൂലിയന്‍ ആശ്വസിപ്പിക്കുന്നു. പതിനഞ്ചാം വയസ്സിലും സുരക്ഷിതമായൊരിടം തേടി  പിതാവിന്റെ മടിയിലിരിക്കുന്ന മരിയന്റെ ജീവിതം പിന്നീട് അപകടകരമായ വഴികളിലാണ് ചെന്നെത്തുന്നത്. അത് കുടുംബാംഗങ്ങളേയും ബാധിക്കുന്നു. തീവ്രവാദിയായ മരിയന്റെ ചേച്ചിയായതിന്റെ പേരില്‍ ജൂലിയന്‍ എപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാവുന്നു.

മരിയന്റേയും ജൂലിയന്റേയും രാഷ്ട്രീയ വിശ്വാസങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍, ജൂലിയന്‍ നടത്തുന്ന  ജയില്‍ സന്ദര്‍ശനങ്ങളിലാണ് വെളിപ്പെടുത്തപ്പെടുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ വഴി രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന മരിയന്‍, തന്റെ വഴികള്‍ സ്വീകരിക്കാന്‍ സഹോദരിയോട് പലപ്പോഴും  ആവശ്യപ്പെടുന്നു. എന്നാല്‍, അത് നിഷേധിക്കുന്ന ജൂലിയന്‍, സ്ത്രീകള്‍ക്കെതിരെയുള്ള  ഗര്‍ഭഛിദ്ര നിരോധനനിയമം പോലുള്ള ഭരണകൂട നിലപാടുകള്‍ക്കും സ്ത്രീ ചൂഷണങ്ങള്‍ക്കുമെതിരെയുള്ള പ്രക്ഷോഭങ്ങളുമായാണ്  തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുന്നത്. ആദ്യമായി ജയിലില്‍ ചെന്നപ്പോള്‍ ജൂലിയനെ കാണാന്‍ വിസമ്മതിക്കുന്ന മരിയന്‍, പിന്നീട് അതിനു തയ്യാറാവുന്നു. പരസ്പരം സ്‌നേഹിച്ചും ആശ്വസിപ്പിച്ചും കഴിഞ്ഞ ബാല്യകൗമാര കാലങ്ങളെക്കുറിച്ച് അവര്‍ ഓര്‍ക്കുന്നു. ആ  ഓര്‍മ്മകളില്‍, അന്യോന്യം ആലിംഗനം ചെയ്തുകൊണ്ട് അവര്‍ കുറച്ച് സമയത്തേക്കെങ്കിലും  പരസ്പരം സ്‌നേഹസാന്ത്വനങ്ങളാവുന്നു. എന്നാല്‍  അവര്‍ ജയിലില്‍ വെച്ച് നടത്തുന്ന രാഷ്ട്രീയ സംവാദങ്ങള്‍ ആക്രോശങ്ങളിലാണ് അവസാനിക്കുന്നത്. സഹോദരിയുടെ ആരോഗ്യം മോശമായി വരുന്നതില്‍ ജൂലിയന്‍ ആശങ്കപ്പെടുന്നു. മകളെക്കുറിച്ച് ഓര്‍ത്ത് ദു:ഖിക്കുന്ന  മാതാവിനേയും കൂട്ടി ജൂലിയന്‍ ജയിലില്‍ പോയി മരിയനെ കാണുന്നു. താന്‍ എഡിറ്റ് ചെയ്യുന്ന മാസികയില്‍ മരിയനെക്കുറിച്ച് എഴുതാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജൂലിയന്‍ അതിനു തയ്യാറാവുന്നില്ല. അവസാനകാലത്ത് മരിയന്‍ ജയിലില്‍ വെച്ച് ആവശ്യപ്പെട്ട എല്ലാ സാധനങ്ങളും ജൂലിയന്‍ അവള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. മരിയനെക്കുറിച്ച് ജൂലിയന്റെ അഭിപ്രായം, അവള്‍ക്കൊപ്പം താമസിക്കുന്ന,  പലപ്പോഴും അവള്‍ക്കു സാന്ത്വനമാകുന്ന  കാമുകന്‍  വോള്‍ഫ് ഗാങ്ങ് ഇങ്ങനെ രേഖപ്പെടുത്തുന്നു: 'സ്വപ്‌നത്തില്‍ ജൂലിയന്‍ മരിയനാകണമെന്ന് ആഗ്രഹിക്കുന്നു, എന്നാല്‍ അതിനു വിരുദ്ധമായാണ് അവള്‍ ജീവിക്കുന്നത്.' ഇത് സാധൂകരിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ കാണാന്‍ കഴിയുന്നു. 

സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത്, ജൂലിയനും വോള്‍ഫ് ഗാങ്ങും നടത്തിയ ഒരു യാത്രയിലാണ്  മരിയന്റെ മരണവാര്‍ത്ത അവരറിയുന്നത്. വാര്‍ത്തയറിഞ്ഞ്  തകര്‍ന്നുപോകുന്ന ജൂലിയന്‍, തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിലെ സത്യാവസ്ഥ  കണ്ടെത്താനായി അവര്‍ നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്ന് ചിത്രം ആവിഷ്‌കരിക്കുന്നത്. വോള്‍ഫ് ഗാങ്ങിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്ന ജൂലിയന്‍, മരിയന്‍ കൊലചെയ്യപ്പെട്ടതാണെന്ന നിഗമനത്തിലാണെത്തുന്നത്. എന്നാല്‍, അത് പൊതുസമൂഹത്തിനു മുന്‍പിലെത്തിക്കാനുള്ള അവളുടെ നീക്കങ്ങള്‍ ഫലം കാണാതെ പോകുന്നു. കാരണം, അപ്പോഴേക്കും മൂന്നാം ലോക രാജ്യങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍പോലെയുള്ള പുതിയ വിഷയങ്ങളിലേക്കു ലോകത്തിന്റെ ശ്രദ്ധ മാറിക്കഴിഞ്ഞിരുന്നു. മരിയന്റെ ജീവിതമുണ്ടാക്കുന്ന മറ്റൊരു പ്രത്യാഘാതം രേഖപ്പെടുത്തിക്കൊണ്ടാണ് ട്രോട്ട ചിത്രം അവസാനിപ്പിക്കുന്നത്. മരിയന്റെ മകന്‍ ജാന്‍ താമസിക്കുന്ന സ്ഥലത്തെത്തുന്ന  അവളുടെ ശത്രുക്കള്‍, ബലം പ്രയോഗിച്ച് അവന്റെ ശരീരത്തില്‍ പൊള്ളലേല്പിക്കുന്നു. ഗുരതരമായി പൊള്ളലേറ്റ അവന് വിദഗ്ദ്ധ ചികിത്സ തേടേണ്ടിവരുന്നു. തന്റെ മാതാവ് ചെയ്ത തെറ്റുകള്‍ക്കു ശിക്ഷ നേരിടുന്ന  ജാന്‍, അവരുടെ ഫോട്ടോ കീറി ചവറ്റു പെട്ടിയിലിടുന്ന ശ്രദ്ധേയമായ ദൃശ്യം ട്രോട്ട ചിത്രത്തിലുള്‍പ്പെടുത്തുന്നു. അവന്റെ തെറ്റിദ്ധാരണ മാറ്റാനായി, മരിയന്‍ നല്ലവളായിരുന്നുവെന്ന് ജാനിനോട് പറയുന്ന ജൂലിയനോട്, മാതാവിന്റെ മുഴുവന്‍ കഥയും പറയാന്‍ അവനാവശ്യപ്പെടുന്നു. അതു കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന ജൂലിയനില്‍  ചിത്രം അവസാനിക്കുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ജര്‍മനി പശ്ചാത്തലമാക്കുന്ന 'മരിയന്‍ ഏന്‍ഡ് ജൂലിയനി'ലെ മരിയനും ജൂലിയനും  ക്രിസ്തുമത  വിശ്വാസങ്ങളനുസരിച്ച് ശാന്തമായ ജീവിതം നയിക്കുന്ന  ഒരു പാതിരിയുടെ മക്കളാണ്. പിതാവിന്റേയും സ്‌കൂളിലെ  അദ്ധ്യാപികയുടേയും മുഖത്തുനോക്കി സ്വന്തം അഭിപ്രായങ്ങള്‍ തന്റേടത്തോടെ  തുറന്നുപറയുന്ന മൂത്ത മകള്‍ ജൂലിയനില്‍നിന്ന് വ്യത്യസ്തയാണ്   കുഞ്ഞാടിന്റെ നിഷ്‌കളങ്കതയുള്ള മരിയന്‍. എന്നാല്‍, കാലം കഴിയുമ്പോള്‍ അടിമുടി  മാറുന്ന ജൂലിയന്‍, ബോംബാക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ തയ്യാറാകുന്ന ഭീകരസംഘടനയിലെ സജീവ പ്രവര്‍ത്തകയാകുന്നു. എന്നാല്‍, ജൂലിയന്‍, സമാധാനപരമായി പ്രക്ഷോഭങ്ങള്‍ നയിക്കുന്ന സ്ത്രീവിമോചന പ്രസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ, കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്വഭാവ കൈമാറ്റങ്ങള്‍ ട്രോട്ടയുടെ പല ചിത്രങ്ങളിലും  കാണാന്‍ കഴിയും. ജൂലിയനെ ചിത്രീകരിക്കുമ്പോള്‍, ജര്‍മനിയില്‍ അന്നുണ്ടായിരുന്ന വിപ്ലവസംഘടനയുടെ തലപ്പത്തുണ്ടായിരുന്ന, അതിന്റെ  ബുദ്ധികേന്ദ്രമായ എന്‍സ്ലിന്റെ ജീവിതമായിരുന്നു ട്രോട്ടയുടെ മനസ്സിലുണ്ടായിരുന്നത്. എല്ലാ രാഷ്ട്രീയ വിശ്വാസഭിന്നതകള്‍ക്കിടയിലും മരിയനും ജൂലിയനും തമ്മിലുള്ള സഹോദരിബന്ധം നിലനില്‍ക്കുന്നതായി രേഖപ്പെടുത്തുന്ന ചിത്രം, ജര്‍മനിയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായൊരു കാലഘട്ടത്തെ ശക്തമായി ആവിഷ്‌കരിക്കുന്ന ഒരു ബയോപിക്കാണ്. മുന്‍ ചിത്രം സിസ്‌റ്റേഴ്‌സില്‍, സ്വയം തകര്‍ച്ചയിലെത്തുന്ന ഇളയ സഹോദരിയെപ്പോലെ, 'മരിയന്‍ ഏന്‍ഡ് ജൂലിയനി'ല്‍ ഇളയസഹോദരി മരിയന്റെ ജീവിതം അവസാനിക്കുന്നു. സിസ്‌റ്റേഴ്‌സ് പോലെ സഹോദരിമാര്‍ തമ്മിലുള്ള ബന്ധം സൂക്ഷ്മമായി പരിശോധിക്കുന്ന മരിയന്‍ ഏന്‍ഡ് ജൂലിയന്‍, നാസി ഭീകരതയുടേയും  മൂന്നാം ലോക രാജ്യങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പട്ടിണിയടക്കമുള്ള ദുരിതങ്ങളുടേയും  ഫുട്ടേജുകള്‍ ചേര്‍ത്തുവെച്ചുകൊണ്ട് ദുരന്തങ്ങള്‍ നിറഞ്ഞ ചരിത്രവും ലോകത്തിന്റെ സമകാലീന അവസ്ഥയും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു.

1981ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലയണ്‍, ഫിപ്രസി പുരസ്‌കാരങ്ങള്‍ നേടിയ ട്രോട്ട ചിത്രമാണ് 'മരിയന്‍ ഏന്‍ഡ് ജൂലിയന്‍.'

റോസൻസ്ട്രസ്
റോസൻസ്ട്രസ്

റോസാ ലക്‌സംബര്‍ഗ്

പ്രശസ്ത ജര്‍മന്‍ സംവിധായകന്‍ ഫാസ്ബിന്ദറു(Fassbinder)ടെ ചലച്ചിത്ര പദ്ധതിയായാണ് റോസാ ലക്‌സംബര്‍ഗ് (Rosa Luxemburg) ആരംഭിച്ചതെങ്കിലും, അദ്ദേഹത്തിന്റെ അകാലചരമം മൂലം ട്രോട്ട അത് എറ്റെടുക്കയായിരുന്നു. മെലോഡ്രാമയുടെ അതിപ്രസരം  കാരണം അദ്ദേഹമെഴുതിയ തിരക്കഥ ഉപേക്ഷിച്ച്, രണ്ടു വര്‍ഷത്തിലധികം നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ചിത്രത്തിനായി പുതിയ തിരക്കഥ എഴുതിക്കൊണ്ട് ട്രോട്ട തന്റെ പദ്ധതിക്ക് തുടക്കം കുറിച്ചു. മുന്‍ ചിത്രം മരിയന്‍ ഏന്‍ഡ് ജൂലിയനിലെ നടി ബാര്‍ബറ സുകോവയെ റോസയായി ട്രോട്ട ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു. റോസാ ലക്‌സംബര്‍ഗിന്റെ കരുത്തും ബലഹീനതകളും കൃത്യമായി ചിത്രത്തില്‍ ആവിഷ്‌കരിക്കുന്ന സുകോവ അതിലെ അഭിനയത്തിന് 1986 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പ്രകൃതിയോടും മനുഷ്യനോടുമുള്ള അതിരുകളില്ലാത്ത സ്‌നേഹവും കരുണയും പീഡനങ്ങള്‍ അനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും ഒരിക്കലും അവസാനിക്കാത്ത യുദ്ധവിരോധവും എല്ലാം ചേര്‍ന്ന സങ്കീര്‍ണ്ണമായ റോസയുടെ വ്യക്തിത്വം ട്രോട്ടയും സുകോവയും ചേര്‍ന്ന് തികഞ്ഞ വൈകാരികതയോടെ ചിത്രത്തില്‍ സൃഷ്ടിക്കുന്നു.

പോളണ്ടില്‍ ജനിച്ച്, ജര്‍മന്‍ പൗരത്വം സ്വീകരിച്ച  റോസാ ലക്‌സംബര്‍ഗ്(Rosa Luxemburg), ജര്‍മന്‍ സോഷ്യല്‍ ഡമോക്രറ്റിക്  പാര്‍ട്ടിയുടെ (SPD) സ്ഥാപകനേതാക്കളില്‍ പ്രമുഖയാണ്.  അവരുടെ  ജീവിതത്തില്‍ നിര്‍ണ്ണായക സംഭവങ്ങള്‍ നടക്കുന്ന 1900-1919 കാലഘട്ടം  ആവിഷ്‌കരിക്കുന്ന  'റോസാ ലക്‌സംബര്‍ഗ്', പോളണ്ടിലെ മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയായ ലിയോ ജോഗിചെസു(Leo Jogiches)മായി അവര്‍ക്കുണ്ടായിരുന്ന വ്യക്തിപരവും രാഷ്ട്രീയപരവുമായ ബന്ധവും സ്വന്തം അനുയായികളുടെ കൈകളില്‍ ഒടുങ്ങുന്ന  അവരുടെ രാഷ്ട്രീയ ജീവിതവും തികഞ്ഞ വൈകാരികതയോടെ ചിത്രീകരിക്കുന്നു. സോഷ്യലിസ്റ്റ് കാലഘട്ടത്തില്‍ യൂറോപ്പില്‍  ഏറ്റവും ശ്രദ്ധേയയായിരുന്ന  ചരിത്രവനിതയുടെ ജീവിതം ഒരു ബയോപിക്കായി ആവിഷ്‌കരിക്കുമ്പോള്‍ നിരവധി വെല്ലുവിളികള്‍ ട്രോട്ടയ്ക്ക് നേരിടേണ്ടിവന്നു. വളരെ കൃത്യമായി  തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന ആവേശപ്രസംഗങ്ങള്‍ നടത്തുന്ന നേതാവും   അണികളെ സ്വന്തം ആത്മാര്‍ത്ഥത ബോധ്യപ്പെടുത്താന്‍ കഴിവുള്ള വ്യക്തിയുമായ റോസ  ഒരു ഭാഗത്തും സ്വകാര്യ ജീവിതത്തില്‍ സ്‌നേഹസാന്ത്വനങ്ങള്‍ ആഗ്രഹിക്കുന്ന, അമ്മയാകാന്‍ അഭിലാഷമുള്ള  ഒരു സാധാരണ സ്ത്രീ മറുവശത്തും. ഇവയ്ക്കിടയില്‍ റോസ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നടി സുകോവ മികച്ച രീതിയില്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു. റോസാ ലക്‌സംബര്‍ഗിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുന്ന പുസ്തകങ്ങളും മറ്റു രേഖകളും കൂടാതെ,  അക്കാലത്ത് സുഹൃത്തുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവരെഴുതിയ കത്തുകളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ട്രോട്ട ഉപയോഗിച്ചിട്ടുണ്ട്. ജയിലറകളില്‍ കഴിയുമ്പോഴും പ്രകൃതിയിലും പക്ഷികളിലും  പുന്തോട്ട നിര്‍മ്മാണത്തിലും അതീവ തല്പരയായ റോസാ ലക്‌സംബര്‍ഗിന്റെ ആണ്‍പെണ്‍ സുഹൃത്തുക്കളുമായുള്ള രാഷ്ട്രീയവും സ്വകാര്യവുമായ ബന്ധം  ചിത്രം തികഞ്ഞ വൈകാരികതയോടെ ദൃശ്യവല്‍ക്കരിക്കുന്നു.

യുദ്ധവിരുദ്ധ പ്രചരണം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട്  ജയിലില്‍ കഴിയുന്ന റോസാ ലക്‌സംബര്‍ഗിലാണ് സംവിധായിക ചിത്രം ആരംഭിക്കുന്നത്. താന്‍ കഴിയുന്ന സെല്‍ അലങ്കരിക്കുകയും ജയില്‍ ജീവനക്കാര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന റോസാ ലക്‌സംബര്‍ഗ്. വിപ്ലവം  വിജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന അവര്‍, എല്ലാ പ്രതിസന്ധികളും  ധൈര്യസമേതം അതിജീവിച്ച് മുന്‍പോട്ടു പോകാന്‍ തീരുമാനിക്കുന്നു. റോസായ്‌ക്കൊപ്പം പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്മാര്‍ പല സന്ദര്‍ഭങ്ങളിലായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. കാള്‍ ലീകെനെച്ച്(Karl Liebknecht), കാള്‍ കൗട്‌സ്‌കി (Karl Kautsky), അയാളുടെ പത്‌നിയും റോസായുടെ അടുത്ത സുഹൃത്തുമായ ലൂയി  കൗട്‌സ്‌കി,  മറ്റൊരു സുഹൃത്ത് ക്ലാരാ സെത്കിന്‍ അവരുടെ മകന്‍ കോസ്റ്റ്ജ സെത്കിന്‍, ആഗസ്റ്റ് ബബെല്‍ എന്നിവര്‍ ഇവരിലുള്‍പ്പെടുന്നു. രാഷ്ട്രീയസാമൂഹ്യരംഗങ്ങളില്‍ പുരുഷന്റെ മേധാവിത്വവും അതിനെതിരെ റോസയുടെ ശക്തമായ പ്രതികരണങ്ങളും പല ഘട്ടങ്ങളില്‍ ചിത്രം രേഖപ്പെടുത്തുന്നു. ഒരു ദൃശ്യത്തില്‍ ക്ലാരാ സെത്കിനെപ്പോലെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗസ്റ്റ് ബബെല്‍ റോസയോട് ആവശ്യപ്പെടുമ്പോള്‍, വലിയ കാര്യങ്ങള്‍ പുരുഷന്മാര്‍ക്കു വിട്ടുകൊടുക്കാനാണോ  എന്ന ക്ലാരയുടെ ചോദ്യത്തിന് അനുബന്ധമായി റോസാ പറയുന്നു: 'അവര്‍ക്കതിന് കഴിയുമായിരുന്നെങ്കില്‍ ഞാനെതിര്‍ക്കില്ലായിരുന്നു.'

മരിയൻ ഏൻഡ് ജൂലിയൻ
മരിയൻ ഏൻഡ് ജൂലിയൻ

റോസായുടെ യുദ്ധവിരുദ്ധ നിലപാടുകളും അതിനായുള്ള പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ചിത്രം മികച്ച രീതിയില്‍ ആവിഷ്‌കരിക്കുന്നു. യൂറോപ്പിലെ പന്ത്രണ്ട്  പ്രധാന നഗരങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങളിലൂടെ, വരാന്‍പോകുന്ന യുദ്ധത്തിനെതിരെ പ്രചരണം നടത്താന്‍ അവര്‍ പരിപാടിയിടുന്നു. തങ്ങളുടെ നിലപാടുകളില്‍നിന്നു വ്യതിചലിച്ച സംഘടന എസ്.പി.ഡിയില്‍നിന്ന് വേറിട്ട്, കാള്‍ ലീകെനെച്ച്, ക്ലാരാ സെത്കിന്‍  എന്നിവരുമായി ചേര്‍ന്ന് പുതിയ പ്രസ്ഥാനമായ 'ദ സ്പാര്‍ട്ടക്കസ് ലീഗി'ന് റോസാ  രൂപം കൊടുക്കുന്നു. സോഷ്യലിസ്റ്റ് ഭരണ രൂപീകരണത്തിലും  1918ലെ ജര്‍മന്‍ വിപ്ലവശ്രമത്തിലും 'ദ സ്പാര്‍ട്ടക്കസ് ലീഗ്' പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ആ ശ്രമങ്ങളെല്ലാം ഭരണകൂടം പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. പഴയ സഹപ്രവര്‍ത്തകരാല്‍ കാള്‍, റോസാ എന്നിവര്‍ വധിക്കപ്പെടുന്നു. ക്രൂരമായി കൊല ചെയ്യപ്പെട്ട റോസയുടെ മൃതദേഹം നിഷ്‌കരുണം അവര്‍ പുഴയില്‍ തള്ളുന്നു.

ലോകചരിത്രത്തില്‍ തന്നെ അപൂര്‍വ്വ വ്യക്തിത്വമായ റോസാ ലക്‌സംബര്‍ഗിന്റെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ ചിത്രം, ബാര്‍ബറ സുകോവയുടെ അഭിനയമികവിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. തനിക്ക് അന്താരാഷ്ട്ര അംഗീകാരം നേടിത്തന്ന റോസാ ലക്‌സംബര്‍ഗിന്റെ അഭിനയാനുഭവങ്ങള്‍ പ്രശസ്ത നടി സുകോവ ഇങ്ങനെ ഓര്‍മ്മിക്കുന്നു: 'ചിത്രത്തിലെ അഭിനയത്തിനായുള്ള  തയ്യാറെടുപ്പില്‍ ഞാന്‍ വാസ്തവത്തില്‍ ചരിത്രവനിത റോസാ ലക്‌സംബര്‍ഗുമായി സ്‌നേഹത്തിലായി. 

ഷൂട്ടിങ് സമയത്ത് അവരുടെ ആശയങ്ങളുടെ സ്വാധീനം കാരണം, ഒരുതരം ശാന്തതയും വെളിച്ചവും എനിക്ക് കൈവന്നു. വാക്കുകള്‍കൊണ്ട്  അത് വിശദീകരിക്കാന്‍ കഴിയില്ല. റോസയുടെ മനസ്സിലുണ്ടായിരുന്ന കരുണയും അവരുടെ ധൈര്യവും വാക്കുകളിലൂടെ വിവരിക്കാന്‍ പറ്റാത്തവയാണ്. അവയിലൂടെയാണ് ദീര്‍ഘകാലത്തെ ജയില്‍ ജീവിതം അവര്‍ക്ക് അതിജീവിക്കാന്‍ സാധിച്ചത്.' റോസയുടെ ജീവിതം പുന:സൃഷ്ടിച്ചതിനു തന്റെ അഭിനയജീവിതത്തില്‍ അന്താരാഷ്ട്ര അംഗീകാരമാണ് നടി സുകോവയ്ക്ക് ലഭിച്ചത്. 1986 കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ നോമിനിയും ആ വര്‍ഷത്തെ ജര്‍മന്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രവുമായിരുന്നു റോസാ ലക്‌സംബര്‍ഗ്.

പൊതുബൗദ്ധികസ്വകാര്യ ജീവിതങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍  നേരിടുന്ന സംഘര്‍ഷങ്ങളും വ്യഥകളും ട്രോട്ടയുടെ പതിവ് പ്രമേയങ്ങളാണ്. വ്യക്തി ബന്ധങ്ങളിലെ തീവ്രമായ വൈകാരികത, പൊതുജീവിതത്തിലെ ആത്മാര്‍ത്ഥതയോടും ആവേശത്തോടും അവര്‍ ചേര്‍ത്തുവെയ്ക്കുന്നു. സാധാരണ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളില്‍നിന്ന്, ഉന്നത ബൗദ്ധിക നിലവാരത്തിലുള്ളവര്‍ക്കും മോചനമില്ലെന്ന് അവരുടെ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തനമേഖലകളിലും സ്വകാര്യജീവിതത്തിലും  പുരുഷന്റെ മേധാവിത്വത്തെ പല രീതിയില്‍ ഇവര്‍ക്ക്  നേരിടേണ്ടിവരുന്നു. ഇതിന്റെ കൃത്യമായ മറ്റൊരു ദൃഷ്ടാന്തമാണ് 'റോസാ ലക്‌സംബര്‍ഗ്.' 

സോഞ്ജുഷയ്ക്ക് എഴുതുന്ന എഴുത്തുകളുടെ രൂപത്തില്‍, റോസായുടെ ചിന്തകള്‍ ചിത്രത്തിന്റെ ആദ്യാവസാനം കേള്‍ക്കാന്‍ കഴിയും. 'എന്തുകൊണ്ടാണ് കുറച്ചുപേര്‍ ചേര്‍ന്ന് മറ്റുള്ളവരുടെ ഭാവി നിര്‍ണ്ണയിക്കുന്നത് എന്ന ചോദ്യത്തില്‍ നിന്നാരംഭിക്കുന്ന ചിത്രത്തില്‍, റോസാ തന്നെ അതിനു മറുപടി നല്‍കുന്നു: മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രം തന്നെ കുറച്ചുപേര്‍ മറ്റുള്ളവരുടെ വിധി നിര്‍ണ്ണയിക്കുന്നതിലാണ് അടിസ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നത്.' റോസയുടെ ജീവിതം മറ്റുള്ളവര്‍ തീരുമാനിക്കുന്നതും അവരുടേയും സഹപ്രവര്‍ത്തകന്‍ കാളിന്റേയും ജീവിതം അവര്‍ അവസാനിപ്പിക്കുന്നതുമായ ദൃശ്യങ്ങളിലാണ് ചിത്രം പൂര്‍ത്തിയാവുന്നത്. തന്റെ നിലപാടുകളില്‍ ഉറച്ചു വിശ്വസിക്കുകയും അവയ്ക്കായി എത്ര പീഡനങ്ങള്‍ സഹിക്കാനും തയ്യാറാവുകയും ചെയ്യുന്ന റോസയെ ആവിഷ്‌കരിക്കുന്ന ചിത്രം, ആരോടും  തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന അവരെ പല ദൃശ്യങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തിക്കുന്നു. പോളണ്ടിലും റഷ്യയിലും ജര്‍മനിയിലുമായി കടന്നുപോകുന്ന അവരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം, അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നു. നിസ്സാര സംഭവങ്ങള്‍പോലും കടുത്ത മാനസിക സംഘര്‍ഷങ്ങളിലെത്തിക്കുന്ന റോസയെ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. 'എന്റെ ആന്തരികലയം ഒരു ചെറിയ സംഭവംകൊണ്ടുപോലും തകര്‍ന്നുപോകുന്നു. അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്' റോസാ പറയുന്നു. ആണ്‍സുഹൃത്ത് മറ്റൊരു സ്ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് അറിയുന്ന റോസാ, അയാള്‍ക്ക് അവരോട് സ്‌നേഹമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നു. അതിനു  നിഷേധാര്‍ത്ഥത്തിലുള്ള മറുപടി കേള്‍ക്കുമ്പോള്‍ അവര്‍ തകര്‍ന്നുപോകുന്നു. അതോടെ അയാളെ തന്റെ ജീവിതത്തില്‍നിന്ന് റോസാ മാറ്റിനിര്‍ത്തുന്നു. സ്‌നേഹത്തില്‍ അടിസ്ഥാനപ്പെടുത്താത്ത ശാരീരിക ബന്ധം റോസയുടെ ചിന്തകള്‍ക്കപ്പുറത്താണ്. ഒരു ഘട്ടത്തില്‍, എല്ലാവരില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന റോസയ്ക്ക് തന്റെ പ്രിയപ്പെട്ട പൂച്ച മാത്രം കൂട്ടാവുന്നു. ഒടുവില്‍ ഒരു ദിവസം അതും മരിക്കുന്നു. ദീര്‍ഘകാലമായി ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തില്‍നിന്ന് അകന്നുകഴിയുമ്പോള്‍, അടുത്ത സുഹൃത്ത് ക്ലാരയുടെ മകന്‍ കോസ്റ്റ്ജയുമായി റോസാ അടുത്തിടപഴകുന്നു. എന്നാല്‍  തന്റെ രാഷ്ട്രീയം അയാളില്‍ അടിച്ചേല്പിക്കാന്‍ തയ്യാറാകാതെ, സ്വന്തം താല്പര്യമനുസരിച്ച് ജീവിക്കാനാണ്  അവര്‍ കൊസ്റ്റ്ജയോട് ആവശ്യപ്പെടുന്നത്.

റോസയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍  അവരുടെ ജയില്‍ ജീവിതകാലത്താണ്   ചിത്രം ആവിഷ്‌കരിക്കുന്നത്. ജയില്‍ ജോലിക്കാരി എലിസബത്തുമായി നല്ല ബന്ധം സ്ഥാപിക്കുന്ന  അവര്‍, അവര്‍ക്കു വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കുന്നു. ജയിലിനകത്തു സ്വന്തമായി പുന്തോട്ടമുണ്ടാക്കി അവിടെയിരിക്കുമ്പോള്‍, ആ ശാന്തത മറ്റാര്‍ക്കും അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് അവര്‍ വിഷമിക്കുന്നു. റോസാ ലക്‌സംബര്‍ഗ് എന്ന ചരിത്രവനിതയുടെ പൊതു, സ്വകാര്യ ജീവിതങ്ങള്‍ തികഞ്ഞ വൈകാരികതയോടെ ആവിഷ്‌കരിക്കുന്ന റോസാ ലക്‌സംബര്‍ഗ്, ട്രോട്ടയുടെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ്. അതേപോലെ റോസയുടെ ജീവിതസംഘര്‍ഷങ്ങളുടെ മികച്ച ആവിഷ്‌കാരം കൂടിയാണത്.

അടുത്ത പ്രധാന ചിത്രം റോസന്‍സ്ട്രസ്സ് (Rosenstrasse) 2003ലാണ് മാര്‍ഗറീത്ത ഫോണ്‍ ട്രോട്ട സംവിധാനം ചെയ്യുന്നത്. ഹിറ്റ്‌ലറുടെ ജൂത ഉന്മുലനത്തിനെതിരെ നടന്ന പ്രധാന സ്ത്രീ പ്രതിരോധമായ, 'റോസന്‍സ്ട്രസ്സ് പ്രതിഷേധ'(Rosenstrasse Protest)മെന്ന ചരിത്രസംഭവമാണ് ചിത്രത്തിന്റെ പ്രമേയം. 1943 ഫെബ്രുവരി 27നും മാര്‍ച്ച് 6നുമിടയില്‍ ബര്‍ലിനിലെ റോസന്‍സ്ട്രസ്സ് തെരുവില്‍, ജൂതരെ തടവുകാരാക്കിവെച്ച ജയിലിനു മുന്‍പില്‍ നടന്ന പ്രതിരോധത്തിന്റെ മുന്‍നിരയില്‍ അവരുടെ   ഭാര്യമാരും മറ്റ് ബന്ധുക്കളുമാണുണ്ടായിരുന്നത്. അന്യായമായി തടവില്‍വെച്ച തങ്ങളുടെ ഭര്‍ത്താക്കന്മാരേയും ബന്ധുക്കളേയും വിട്ടയക്കാന്‍ ജൂതവംശജരല്ലാത്ത സ്ത്രീകള്‍ നടത്തിയ ഈ പ്രതിരോധം, ദിവസങ്ങള്‍ നീണ്ടുനിന്നു. അതിന്റെ ഫലമായി  ഏകദേശം 1800ലേറെ ജൂത തടവുകാരെ നാസി ഭരണകൂടത്തിനു മോചിപ്പിക്കേണ്ടിവന്നു.

ഹന്ന ആരെന്റ്
ഹന്ന ആരെന്റ്

ഹിറ്റ്‌ലറുടെ ഭീകരതയ്‌ക്കെതിരെ, തടവിലാക്കപ്പെട്ട ജൂതവംശജരുടെ ഭാര്യമാരും ബന്ധുക്കളും നടത്തിയ റോസന്‍സ്ട്രസ്സ് പ്രതിഷേധത്തിന്റെ ദൃശ്യവല്‍ക്കരണം, ജൂതവംശജനെ വിവാഹം ചെയ്തതിന്റെ പേരില്‍ ജര്‍മന്‍കാരി ലെന ഫിഷര്‍ നേരിട്ട പീഡനങ്ങള്‍ ചിത്രീകരിച്ചുകൊണ്ടാണ് ട്രോട്ട ആവിഷ്‌കരിക്കുന്നത്. 1943 ഫെബ്രുവരി 27ന് ഗെസ്റ്റപ്പോ ഗുണ്ടകളും ജര്‍മന്‍ പട്ടാളക്കാരും പൊലീസും ചേര്‍ന്ന്, ബര്‍ലിനില്‍ അവശേഷിച്ച  ജൂതരെ റോസന്‍സ്ട്രസ്സ് തെരുവിലെ ഒരു കെട്ടിടത്തില്‍ തടവുകാരാക്കി വെച്ചു. അവരില്‍ ലെന ഫിഷറുടെ ഭര്‍ത്താവ് ഫാബിയന്‍ ഫിഷറുമുണ്ട്. അയാളുടെ മോചനത്തിനായി ലെന നടത്തുന്ന ശ്രമങ്ങള്‍ ചിത്രീകരിച്ചുകൊണ്ട് റോസന്‍സ്ട്രസ്സെ പുരോഗമിക്കുന്നു. അതിനിടയില്‍, ജര്‍മന്‍ പട്ടാളം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ തന്റെ അമ്മയെ തിരയുന്ന കൊച്ചു പെണ്‍കുട്ടി റുത്തിനെ ലെന കാണുന്നു, ആരുമില്ലാത്ത അവളുടെ സംരക്ഷണം ലെന ഏറ്റെടുക്കുന്നു. ലെന, റുത് എന്നിവരുടെ ജീവിതങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ട്രോട്ട ചിത്രം മുന്‍പോട്ടു കൊണ്ടുപോകുന്നത്.

മതവിശ്വാസങ്ങളില്‍ തീരെ താല്പര്യം കാണിക്കാതെ ജീവിച്ചിരുന്ന  ജൂത സ്ത്രീ റുത്, ഭര്‍ത്താവ് മരിച്ചതോടെ അവ കൃത്യമായി പിന്തുടരാന്‍  മക്കളോട് ആവശ്യപ്പെടുമ്പോള്‍ അവരാകെ അത്ഭുതപ്പെടുന്നു. ഈ  ദൃശ്യത്തിലാണ് ട്രോട്ട റോസന്‍സ്ട്രസ്സ്  ആരംഭിക്കുന്നത്. മുറിക്കകത്തുള്ള  ടെലിവിഷന്‍ ആരും കാണാതിരിക്കാനായി  തുണികൊണ്ട് മൂടിവെയ്ക്കയും ജനലുകള്‍ അടച്ചിടുകയും ചെയ്യുന്ന അവരെ കണ്ട് എല്ലാവരും അതിശയിക്കുന്നു. ഫോണ്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സമ്മതിക്കാതിരിക്കുന്ന അവരെ കണ്ട് മകള്‍ ഹന്നയും മകനും മറ്റു  ബന്ധുക്കളും  അത്ഭുതപ്പെടുന്നു. ഹന്നയുടെ പ്രതിശ്രുത വരന്‍ ലൂയിയോട്, അയാള്‍ ജൂതവംശജനല്ലെന്നതിന്റെ പേരില്‍ വീട്ടില്‍നിന്നു പുറത്തുപോകാന്‍ അവരാവശ്യപ്പെടുന്നു. അതിനുമുന്‍പ് ഭൂതകാലത്തെക്കുറിച്ച് ആരോടുമൊന്നും വെളിപ്പെടുത്താതിരുന്ന റുത്തിന്റെ ജീവിതത്തെപ്പറ്റി അവരുടെ ബന്ധുവില്‍നിന്ന് ചില സൂചനകള്‍ ലഭിക്കുന്ന ഹന്ന, അതേക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്, ലെന ഫിഷറെന്ന ജര്‍മന്‍ സ്ത്രീയുടെ സംരക്ഷണത്തിലായിരുന്നു റുത് എന്നറിയുന്ന ഹന്ന, തൊണ്ണൂറ് വയസ്സുള്ള ലെനയെ പോയി കാണാന്‍ തീരുമാനിക്കുന്നു. അമേരിക്കന്‍ ചരിത്രഗവേഷകയെന്ന പേരില്‍, തന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്താതെ, ജര്‍മനിയില്‍ തനിച്ചു കഴിയുന്ന ലെന ഫിഷറുടെ അടുത്തെത്തുന്ന ഹന്ന, അവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അങ്ങനെയാണ് ലെനയുടേയും  റുത്തിന്റേയും മറ്റനേകം ജര്‍മന്‍ സ്ത്രീകളുടേയും ദുരന്തങ്ങള്‍ നിറഞ്ഞ ഭൂതകാലജീവിതം ഹന്നയറിയുന്നത്. ജൂതരെ വിവാഹം ചെയ്തതിന്റെ പേരില്‍ അന്ന് ജര്‍മന്‍ സ്ത്രീകള്‍ നേരിട്ട പീഡനങ്ങള്‍  തീവ്രതയോടെ ചിത്രം ആവിഷ്‌കരിക്കുന്നു. നാസികള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ അത്യപൂര്‍വ്വമായ റോസന്‍സ്ട്രസ്സ് പ്രതിരോധത്തിന്റെ വിശദാംശങ്ങള്‍  വെളിവാക്കപ്പെടുന്നു. ഈ അനുഭവങ്ങളുടെ തീവ്രമായ ആവിഷ്‌കാരമാണ് ട്രോട്ടയുടെ റോസന്‍സ്ട്രസ്സ്. 

മാനവിക ചരിത്രം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ അക്രമങ്ങള്‍ ലെനയുടെ വിവരണങ്ങള്‍ക്കിടയിലുള്ള ഫ്‌ലാഷ്ബാക്കുകളിലൂടെ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം, തങ്ങളുടെ ഭര്‍ത്താക്കന്മാരുടേയും   മറ്റ് ബന്ധുക്കളുടേയും മോചനത്തിനായി, സ്വന്തം ജീവന്‍ അവഗണിച്ചും ജര്‍മന്‍ സ്ത്രീകള്‍ നടത്തുന്ന സമാനതകളില്ലാത്ത സമരത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ്. തന്റെ ഭര്‍ത്താവ് ഫാബിയന്‍ ഫിഷറെ അന്വേഷിക്കുന്ന ലെനയും എട്ട് വയസ്സുകാരി റുത്തും അവര്‍ക്കൊപ്പമുണ്ട്. റോസന്‍സ്ട്രസ്സ് തെരുവില്‍,  തങ്ങളുടെ ഭര്‍ത്താക്കന്മാരെ തടവിലിട്ട കെട്ടിട്ടത്തിനു മുന്‍പില്‍ രാവും പകലും ഒരേപോലെ കാവല്‍നില്‍ക്കുന്ന സ്ത്രീകള്‍, ഹിറ്റ്‌ലറുടെ പട്ടാളത്തിന്റെ തോക്കിനു മുന്‍പില്‍ പതറുന്നില്ല. 'ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ തിരിച്ചു തരൂ' എന്ന് ശക്തമായി ആവശ്യപ്പെടുന്ന അവരുടെ മുന്‍നിരയില്‍ ലെനയും റുത്തുമുണ്ട്. 

ജൂത വയലിനിസ്റ്റ് ഫാബിയന്‍ ഫിഷറെ വിവാഹം ചെയ്ത ജര്‍മന്‍ പ്രഭുകുമാരി ലെന,  ഭര്‍ത്താവിന്റെ മോചനത്തിനു സഹായിക്കാനായി, നാസി ഭരണത്തില്‍ സ്വാധീനമുള്ള പിതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍  അവരെ തള്ളിപ്പറയുന്നു. മറ്റു ചിലര്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാനാണ് അവരോട് ആവശ്യപ്പെടുന്നത്. എന്നാല്‍,  നാസി പട്ടാളമേധാവിയായി റഷ്യയില്‍ യുദ്ധം ചെയ്ത്, മുറിവേറ്റ് തിരിച്ചെത്തിയ സഹോദരന്‍ ആര്‍തര്‍ അവരെ സഹായിക്കുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന റോസന്‍സ്ട്രസ്സ് പ്രതിഷേധങ്ങള്‍ക്കു ശേഷം തടവുകാര്‍ മോചിപ്പിക്കപ്പെടുന്നു. ഒരിക്കലും പരസ്പരം കാണാന്‍ കഴിയില്ലെന്നു കരുതിയവര്‍ തമ്മിലുള്ള കൂടിക്കാഴ്ചകളുടെ വികാരതീവ്രമായ ദൃശ്യങ്ങള്‍ക്കൊടുവില്‍, തെരുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന റുത്. തന്റെ അമ്മയ്ക്കായുള്ള അവളുടെ കാത്തിരിപ്പ് വെറുതെയാകുന്നു. തങ്ങളുടെ സ്വന്തം മകളായി സ്വീകരിച്ചുകൊണ്ട് ലെനയും ഫാബിയാനും അവളെ ഒപ്പം കൊണ്ടുപോകുന്നു. പിന്നീട്, റുത്തിന്റെ അമ്മയുടെ സഹോദരി അവളെ അമേരിക്കയിലേക്ക് കൂടെ കൊണ്ടുപോകുന്നത് വരെ ലെനയ്ക്കും ഫാബിയനുമൊന്നിച്ച് അവള്‍ ജീവിക്കുന്നു. ലെനയും റുത്തും തമ്മിലുള്ള ബന്ധം അവിടെ അവസാനിക്കുമ്പോള്‍, തന്റെ അമ്മ റുത് 
ബാല്യകാലത്ത് നേരിട്ട പീഡനങ്ങള്‍ ഹന്ന തിരിച്ചറിയുന്നു. അതോടൊപ്പം ജൂതരെ വിവാഹം ചെയ്തതിന്റെ പേരില്‍ ജര്‍മന്‍ സ്ത്രീകള്‍ അനുഭവിച്ച ദുരന്തങ്ങളും അവര്‍ മനസ്സിലാക്കുന്നു. ഹന്നയുടേയും ലൂയിയുടേയും വിവാഹത്തില്‍ പങ്കെടുക്കുന്ന റുത്തിന്റെ ദൃശ്യത്തിലാണ് ട്രോട്ട റോസന്‍സ്ട്രസ്സ് അവസാനിപ്പിക്കുന്നത്.

ജോലിസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ഫാബിയന്‍ ഫിഷറെക്കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, ജൂത ക്യാമ്പില്‍ അമ്മയെ തിരയുന്ന കൊച്ചുകുട്ടി റുത്തിനെ കാണുന്ന ലെന, അവളെ തനിക്കൊപ്പം 
താമസിപ്പിക്കുന്നു. പിന്നീട് ലെനയ്‌ക്കൊപ്പം ജീവിക്കുന്ന റുത്,  ഭര്‍ത്താവ് ജൂതനായതിന്റെ പേരില്‍  പിതാവില്‍നിന്നും പുറംലോകത്തുനിന്നും അവരനുഭവിക്കുന്ന പീഡനങ്ങള്‍ തിരിച്ചറിയുന്നു. ഭൂതവര്‍ത്തമാന കാലങ്ങളിലൂടെ മുന്‍പോട്ടു പോകുന്ന ചിത്രം, റോസന്‍സ്ട്രസ്സ് സംഭവം, ലെനയുടെ ഓര്‍മ്മകളിലൂടെ ആവിഷ്‌കരിക്കുന്നു. ജൂതരെ വിവാഹം 
ചെയ്തതിന്റെ പേരില്‍ ജര്‍മന്‍ സ്ത്രീകള്‍ നേരിട്ട അപമാനവും പീഡനങ്ങളും തീവ്രതയോടെ ചിത്രം രേഖപ്പെടുത്തുന്നു. വയലിനിസ്റ്റായ ഫാബിയനൊപ്പമുള്ള ലെനയുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞതും അതേപോലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായ കാലഘട്ടങ്ങള്‍ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു.

ചിത്രത്തില്‍, നാസി ക്യാമ്പില്‍വെച്ച് റുത്തിന് അവളുടെ അമ്മ നല്‍കിയ മോതിരം, ഹിറ്റ്‌ലറുടെ ജൂതവേട്ടയുടെ ചിഹ്നമായി മാറുന്നു. ലെനയ്‌ക്കൊപ്പമുള്ള ജീവിതമവസാനിപ്പിച്ച് ബന്ധുവിന്റെ കൂടെ അമേരിക്കയിലേക്ക് പോകുമ്പോള്‍ റുത്  തന്റെ ജീവന്‍ സംരക്ഷിച്ച ലെനയ്ക്ക് നല്‍കിയ മോതിരം  ഒരു നിധിപോലെ വര്‍ഷങ്ങളോളം അവര്‍ സൂക്ഷിച്ചുവെച്ചിരുന്നു.  ഒടുവില്‍ തന്നെ തിരക്കിവന്ന  ഹെന്നയ്ക്ക് അവരത് സമ്മാനിക്കുന്നു. എന്നാല്‍, അമ്മയുടെ പൂര്‍വ്വകാല ജീവിതമറിഞ്ഞ ഹെന്ന, അതവര്‍ക്ക്  നല്‍കുന്നു. എന്നാല്‍  ഹെന്നയുടെ വിരലില്‍ അത് തിരികെ അണിയിക്കുന്ന റുത്, ലോകം കണ്ട ഏറ്റവും ക്രൂരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അങ്ങനെ അടുത്ത തലമുറയിലേക്ക് കൈമാറുന്നു. മനുഷ്യചരിത്രത്തിലെ  മഹാദുരന്തം  മറക്കാതിരിക്കാനും  അവ ആവര്‍ത്തിക്കരുതെന്ന് ഓര്‍മ്മിപ്പിക്കാനുമുള്ള ഒരു അടയാളമായി റുത് ഹന്നയുടെ വിരലിലണിയിച്ച ആ മോതിരം മാറുന്നു.

ജൂതര്‍ക്കെതിരെ നാസികള്‍ നടത്തിയ അതിക്രമങ്ങള്‍ ആവിഷ്‌കരിക്കുന്ന നിരവധി ചിത്രങ്ങള്‍ക്കിടയില്‍ റോസന്‍സ്ട്രസ്സ് വേറിട്ടുനില്‍ക്കുന്നു. ജൂതരല്ലാത്തവര്‍, നാസി ആക്രമണങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ ആവിഷ്‌കാരമെന്നതിനു പുറമെ,  ജര്‍മന്‍ സ്ത്രീകള്‍ ജൂതരുടെ മോചനത്തിനായി നടത്തിയ ശക്തമായ ഒരു  പ്രതിരോധത്തിന്റെ ദൃശ്യവല്‍ക്കരണം കൂടിയാണിത്. നാസികള്‍ക്കെതിരെ ചരിത്രത്തില്‍ നടന്ന ഈ പ്രധാന പ്രക്ഷോഭത്തെ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ട്രോട്ട ചിത്രീകരിക്കുന്നു. നാസികള്‍ക്കൊപ്പം നില്‍ക്കേണ്ടിവരികയും ജൂതര്‍ക്കുവേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആര്‍തര്‍, നാസികള്‍ നാട്കടത്തിയ  ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിയാതെ മരിക്കുന്ന ക്ലാര  തുടങ്ങിയവരുടെ ജീവിതങ്ങളും തീവ്രമായി ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു.

റോസന്‍സ്ട്രസ്സ് പ്രതിഷേധം നിരവധി പുസ്തകങ്ങള്‍ക്കും പ്രമേയമായി മാറിയിട്ടുണ്ട്. നാതന്‍ സ്‌റ്റോള്‍ട്‌സ് ഫസിന്റെ (Nathan Stotlzfus), Resistance of the Heart: Intermarriage and the Rosenstrasse Protest in Nazi Germany അവയില്‍ ശ്രദ്ധേയമാണ്. ജൂത ഉന്മൂലനങ്ങള്‍ക്കെതിരെ ചരിത്രത്തില്‍ നടന്ന പോരാട്ടങ്ങളുടെ വേറിട്ടൊരു ആവിഷ്‌കാരമായാണ് ട്രോട്ടയുടെ റോസന്‍സ്ട്രസ്സ് സിനിമാ ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. 

ഹന്ന ആരെന്റ്

2012ലാണ് ട്രോട്ട 'ഹന്ന ആരെന്റ്' (Hannah Ardent) സംവിധാനം ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ചരിത്രകാരി, രാഷ്ട്രീയതത്ത്വചിന്താ സൈദ്ധാന്തിക എന്നീ നിലകളില്‍ പ്രസിദ്ധയായ ഹന്ന ആരെന്റ്  (Hannah Ardent,1906-75), ജര്‍മനിയില്‍ ജനിച്ച്, അമേരിക്കയിലേക്ക് കുടിയേറാന്‍ നിര്‍ബ്ബന്ധിതയായ  ജൂതവംശജയാണ്. 1951ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അവിടെ  സ്ഥിരതാമസക്കാരിയായ അവരുടെ ലോകപ്രസിദ്ധ ഗ്രന്ഥം  'The Origins of Totalitarianism' അതേ വര്‍ഷത്തിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ചരിത്രം, തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ, ജേര്‍ണലിസം തുടങ്ങി വിവിധ വിഷയങ്ങളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ ആരെന്റ്, പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാലയില്‍ ആദ്യത്തെ വനിതാ പ്രൊഫസറായി ജോലിചെയ്ത ശേഷം, ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂള്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചില്‍ അദ്ധ്യാപികയായി നിയമിക്കപ്പെട്ടു. കുപ്രസിദ്ധമായ ഗെസ്റ്റപ്പോ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിച്ച്, ജൂത ഉന്മൂലനങ്ങള്‍ക്കു നേതൃത്വം കൊടുത്ത  അഡോള്‍ഫ് എക്മാന്റെ (Adolf Echmann) വിചാരണ അടിസ്ഥാനമാക്കി ആരെന്റ് എഴുതിയ ലേഖനങ്ങള്‍  'ദ ന്യൂയോര്‍ക്കറി'ല്‍ പ്രസിദ്ധീകരിച്ചതോടെ, ലോകം മുഴുവന്‍ ജൂതവിരുദ്ധയായി അവര്‍ വിശേഷിപ്പിക്കപ്പെട്ടു. 'സ്വന്തം വംശത്തിലെ അറുപത് ലക്ഷം രക്തസാക്ഷികളെ വഞ്ചിച്ച വ്യക്തി'യാണ് ആരെന്റെന്ന് ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ലോകം കണ്ട ഏറ്റവും ക്രൂരവും ഹീനവുമായ നരഹത്യ നാസി ഹോളോകാസ്റ്റിന്റെ മുഖ്യ സൂത്രധാരന്‍ അഡോള്‍ഫ് എക്മാന്റെ 1961ലെ വിചാരണ കേന്ദ്ര പ്രമേയമായ ഹന്ന ആരെന്റ്, 'ദ ന്യൂയോര്‍ക്കറി'നായി അത് റിപ്പോര്‍ട്ട് ചെയ്യുന്ന ആരെന്റിനേയും അതവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് പ്രധാനമായും ആവിഷ്‌കരിക്കുന്നത്. ഏകാന്തമായ രാത്രിയില്‍ വിജനമായ റോഡിലൂടെ നടന്നുവരുന്ന എക്മാന്‍ പിടിക്കപ്പെടുന്ന ദൃശ്യത്തില്‍ ട്രോട്ട ഹന്ന ആരെന്റ് ആരംഭിക്കുന്നു. തുടര്‍ന്ന്, വ്യാജരേഖകളുപയോഗിച്ച് രക്ഷപ്പെട്ട എക്മാനെ ഇസ്രയേലി ഇന്റലിജന്‍സ് മൊസ്സാദ് (Mossad) അര്‍ജന്റീനയില്‍നിന്ന്  തടവലാക്കിയെന്ന വാര്‍ത്തയറിയുന്ന ആരെന്റില്‍  ചിത്രം തുടരുന്നു. എക്മാനെ  ജെറുസലേമിലെത്തിച്ച ശേഷം, അവിടെവെച്ച് വിചാരണ ചെയ്യാന്‍ തീരുമാനിക്കപ്പെടുന്നു. 1961ല്‍ നടന്ന ഈ വിചാരണ ചിത്രം  വിശദമായിത്തന്നെ  ദൃശ്യവല്‍ക്കരിക്കുന്നു. 'ദ ന്യൂയോര്‍ക്കറി'നായി എക്മാന്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരെന്റ് ജറുസലേമിലെത്തുന്നു. അവിടെ തനിക്ക് ഏറെ പ്രിയപ്പെട്ട മാര്‍ഗ്ഗദര്‍ശിയായ കര്‍ട്ടിനെ കാണുന്ന അവര്‍, അയാളുടെ ആതിഥ്യം സ്വീകരിക്കുന്നു. കണ്ണാടിക്കൂടിനകത്തിരുന്ന്  ജൂതരുടെ വിചാരണ നേരിടുന്നു എക്മാന്‍. മാനവചരിത്രം നേരിട്ട ഏറ്റവും ക്രൂരമായ നരഹത്യയുടെ  വിചാരണ ചിത്രീകരിച്ച ഫുട്ടേജുകള്‍ ഉപയോഗിച്ചുകൊണ്ട്, ജൂത ഇരകളുടെ അനുഭവങ്ങള്‍ തീവ്രതയോടെ ട്രോട്ട ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു. എല്ലാവരുടേയും വാദങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ആരെന്റ്, ഗ്യാസ് ചേമ്പറുകളുടേയും മരണക്യാമ്പുകളുടേയും അനുഭവങ്ങള്‍ വിവരിക്കുന്ന ജൂതരുടെ പീഡനങ്ങളുടെ വിശദാംശങ്ങള്‍  നേരിട്ടറിയുന്നു. സ്വന്തം അനുഭവങ്ങള്‍ വിശദീകരിക്കാന്‍ കഴിയാതെ കുഴഞ്ഞുവീഴുന്നവര്‍, ജീവിതത്തിലെ ഇരുണ്ട പീഡനകാലത്തെക്കുറിച്ച് ഒന്നും പറയാനാവാതെ പിന്‍വാങ്ങുന്നവര്‍, ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദനകള്‍ ഇവയൊക്കെ അനുഭവിച്ച് ആരെന്റ് തകര്‍ന്നുപോകുന്നു.  കോടതിയിലവര്‍ കേള്‍ക്കുന്നത്, തനിക്കാരെയും കൊല്ലാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്നും ജൂതരോട് യാതൊരു വെറുപ്പുമില്ലെന്നുമുള്ള എക്മാന്റെ വാദങ്ങളാണ്.  മേലുദ്യോഗസ്ഥരുടെ ആജ്ഞകള്‍ അനുസരിച്ചുകൊണ്ട്, സ്വന്തം ചുമതല നിര്‍വ്വഹിക്കുക  മാത്രമാണ് താന്‍ ചെയ്തിരുന്നതെന്ന് എക്മാന്‍ നല്‍കുന്ന മൊഴി അവരെ അത്ഭുതപ്പെടുത്തുന്നു. 

എക്മാന്റെയടക്കമുള്ളവരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയ ശേഷം ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ആരെന്റ്, വിചാരണയെക്കുറിച്ച് ദ ന്യൂയോര്‍ക്കറില്‍ ദീര്‍ഘമായി എഴുതുന്നു. ഈ പരമ്പര പിന്നീട് 'എക്മാന്‍ ഇന്‍ ജെറുസലെം' (Eichmann in Jerusalem)  എന്ന പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതില്‍ എക്മാന്‍ ചെയ്ത കുറ്റങ്ങളെ അപലപിക്കുന്ന ആരെന്റ്, അയാള്‍ വെറുമൊരു സാധാരണ മനുഷ്യനാണെന്നറിഞ്ഞതില്‍ തനിക്കുള്ള അത്ഭുതം     രേഖപ്പെടുത്തുന്നു.   ലോകപ്രസിദ്ധമായ   'തിന്മയുടെ നിസ്സാരത'(banaltiy of evil)യെന്ന  പ്രയോഗമുപയോഗിച്ച് എക്മാന്‍ ചെയ്ത കുറ്റങ്ങള്‍ അവര്‍ വിശദീകരിക്കുന്നു. സ്വന്തം ചിന്താശക്തിയുപയോഗിച്ച് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ തിരിച്ചറിയാന്‍ അയാള്‍ക്കു  കഴിവുണ്ടായിരുന്നില്ലെന്നാണ് അവരതില്‍  അഭിപ്രായപ്പെടുന്നത്. ഹോളോകാസ്റ്റ് അടക്കമുള്ള  നാസി ക്രൂരതകളില്‍  ചില ജൂത നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും  മറ്റൊരു പ്രധാന കണ്ടെത്തലായി ആരെന്റ് തന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നു.

ആരെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ  ആരംഭിച്ച വിവാദങ്ങളും   വിശദമായി ചിത്രം  പരിശോധിക്കുന്നു. അതോടെ 'ദ ന്യൂയോര്‍ക്കര്‍' എഡിറ്റര്‍ ഷോണിന് നിരന്തരം ഭീഷണി ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ തുടങ്ങി. ആരെന്റിന്റെ റിപ്പോര്‍ട്ടിലെ ഒരു പേജിനു നൂറിലധികം എന്ന കണക്കില്‍ വരുന്ന കോളുകള്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായി  മാറാന്‍ തുടങ്ങി. ഇതേ പോലെ ആരെന്റിനും ഭീഷണിക്കത്തുകളും ഫോണ്‍കോളുകളും നേരിട്ടുള്ള കയ്യേറ്റ ശ്രമങ്ങളും നേരിടേണ്ടിവരുന്നു. നേരത്തെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രശംസിച്ചിരുന്ന വിശ്വസ്തനായിരുന്ന കര്‍ട്ട്, മരണക്കിടക്കയില്‍വെച്ച് ആരെന്റിനു നേരെ ഒന്നു നോക്കാന്‍ പോലും വിസമ്മതിക്കുന്നു. ജൂതരടക്കം ഒരു സമൂഹത്തേയും താന്‍ സ്‌നേഹിക്കുന്നില്ലെന്ന് കര്‍ട്ടിനോട് വെളിപ്പെടുത്തുന്ന ആരെന്റ്, സുഹൃത്തുക്കളോട്  മാത്രമേ തനിക്ക് അടുപ്പമുള്ളൂ എന്നു തുറന്നു പറയുന്നു. ഹാന്‍സ് അടക്കമുള്ള  വളരെ അടുത്ത  ചില സുഹൃത്തുക്കളും ആരെന്റിനെ തള്ളിപ്പറയുന്നു. 'നാസി വേശ്യ'യെന്ന് അവരെ സംബോധന ചെയ്യുന്നവരേയും ആരെന്റിന് അഭിമുഖീകരിക്കേണ്ടിവരുന്നു. കടുത്ത മാനസികസംഘര്‍ഷങ്ങളില്‍പ്പെടുന്നുണ്ടെങ്കിലും സ്വന്തം നിലപാടില്‍നിന്നു പുറകോട്ട് പോകാന്‍ ആരെന്റ്  തയ്യാറാകുന്നില്ല. താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേരത്തെ നിശ്ചയിച്ച സെമിനാര്‍ ഉപേക്ഷിക്കാനുള്ള  അധികൃതരുടെ നിര്‍ദ്ദേശം മറികടന്ന്,  തിങ്ങിനിറഞ്ഞ ഹാളില്‍ കൃത്യമായി തന്റെ വാദങ്ങള്‍  അവര്‍ മുന്‍പോട്ട് വെയ്ക്കുന്നു. ആ പ്രഭാഷണത്തില്‍, ചിന്തയെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ കാര്യമായി ഉയര്‍ത്തിക്കാട്ടുന്ന അവര്‍, ലോകത്തിന്റെ ചിന്തിക്കാത്ത അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നു. ചിത്രത്തില്‍ ആരെന്റ്  നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണിത്. 'ചിന്തിക്കാനുള്ള കഴിവില്ലാത്തതു കാരണം, സാധാരണക്കാര്‍പോലും ചരിത്രത്തില്‍  കാണാന്‍ കഴിയാത്ത രൂപത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. തെറ്റും ശരിയും തമ്മിലും മനോഹരമായതും അങ്ങനെയല്ലാത്തവയും  തമ്മിലും  വേര്‍തിരിച്ചു കാണാന്‍ ചിന്തകൊണ്ട് മാത്രമേ സാദ്ധ്യമാവുകയുള്ളു. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഇക്കാലത്ത്, ചിന്തയിലൂടെ  ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള കരുത്ത്  ആളുകള്‍ക്കു ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' ആരെന്റ് പറയുന്നു. നിറഞ്ഞ കയ്യടികളോടെയാണ്  എക്മാനെക്കുറിച്ചുള്ള  അവരുടെ  നിരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികളും മറ്റുള്ളവരും സ്വീകരിക്കുന്നത്. തുടര്‍ന്ന്, തന്റെ യഥാര്‍ത്ഥ തെറ്റ് ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നിരാശയോടെ നിരീക്ഷിക്കുന്ന ആരെന്റിന്റെ ദൃശ്യം. Evil is not radical, but it always etxreme, but good is radical എന്നു തിരിച്ചറിഞ്ഞ  ആരെന്റ്, മരണം വരെ തിന്മയെന്ന വിഷയം പഠിച്ചുകൊണ്ടേയിരുന്നു. ഈ വാചകത്തോടെയാണ്  ട്രോട്ട, ഹന്ന ആരെന്റ് അവസാനിപ്പിക്കുന്നത്.

ആരെന്റും പ്രശസ്ത ജര്‍മന്‍ തത്ത്വചിന്തകനായ മാര്‍ട്ടിന്‍ ഹീഡെഗറു(Martin Heidegger,1889-1976)മായുള്ള ബന്ധം ഹന്ന ആരെന്റിന്റെ  ഒരു അനുബന്ധ പ്രമേയമാണ്. ആരെന്റിന്റെ അദ്ധ്യാപകനും കാമുകനുമായിരുന്ന ഹീഡെഗെര്‍ 1933ല്‍ പരസ്യമായി നാസി പാര്‍ട്ടിയില്‍ ചേര്‍ന്നത് വിവാദങ്ങളുണ്ടാക്കിയിരുന്നു. രണ്ടാം  ലോകമഹായുദ്ധത്തില്‍ ജര്‍മനി ചെയ്ത ക്രൂരതകളുടെ  പേരില്‍ അദ്ദേഹം  പശ്ചാത്തപിക്കുകയോ മാപ്പപേക്ഷ നടത്തുകയോ ചെയ്തില്ല. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഹീഡെഗറുടെ ക്ലാസ്സ് ആരാധനയോടെ കേള്‍ക്കുന്ന ആരെന്റ്, പിന്നീട്  പ്രായമായ ഹീഡെഗറോട് വിയോജിക്കുന്ന ആരെന്റ് എന്നിവര്‍  ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ തനിക്കു വേണ്ടത്ര അറിവില്ലെന്ന ഹീഡെഗറുടെ അഭിപ്രായത്തെ വിമര്‍ശിച്ചുകൊണ്ട് നാസി വിഷയത്തില്‍ (ജൂത വിരുദ്ധ നിലപാട് സ്വീകരിച്ച ഹീഡെഗര്‍ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.) പരസ്യപ്രസ്താവന നടത്താന്‍ ആരെന്റ് ആവശ്യപ്പെടുന്നു.

ആരെന്റിനും ജീവിതകാലം മുഴുവന്‍ അവരുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും നിരുപാധിക പിന്തുണ നല്‍കിയ  ഭര്‍ത്താവ് ഒലശിൃശരവ ആഹüരവലൃറുടെ അദ്ധ്യാപനവും എഴുത്തും അടങ്ങിയ ജീവിതവും ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു. 1960കളില്‍, അമേരിക്കയിലെ മാന്‍ഹട്ടനില്‍ ജീവിക്കുന്ന ദമ്പതികള്‍, എഴുത്തും വായനയും ചര്‍ച്ചകളും കോക്‌ടെയില്‍ പാര്‍ട്ടികളുമായി ജീവിതം സന്തോഷപൂര്‍വ്വം മുന്‍പോട്ട് കൊണ്ടുപോകുന്നു. ആരെന്റിന്റെ സുഹൃത്തുക്കളേയും അവര്‍ക്കിടയിലെ ബന്ധങ്ങളും ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. 1960കളിലെ ന്യൂയോര്‍ക്കില്‍, ഹഡ്‌സന്‍ നദിക്കരയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന ബുദ്ധിജീവികള്‍, സംവാദങ്ങളിലും ചര്‍ച്ചകളിലും  സജീവമായിരുന്ന, ക്ലാസ്സ്മുറികളില്‍ സിഗരറ്റ് അനുവദിക്കപ്പെട്ടിരുന്ന കാലം ചിത്രം രേഖപ്പെടുത്തുന്നു. ട്രോട്ടയുടെ പതിവ് നടി സുകൊവ, മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ വഴി ആരെന്റിന്റെ മാനസിക സംഘര്‍ഷങ്ങള്‍ സമഗ്രമായി തിരശ്ശീലയില്‍ ആവിഷ്‌കരിക്കുന്നു. ഹന്ന ആരെന്റെന്ന ചരിത്രവനിതയുടെ ജീവിതസംഘര്‍ഷങ്ങള്‍ ട്രോട്ട സമഗ്രമായി ഈ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു.

2017ലെ കോമഡി 'ഫോര്‍ഗെറ്റ് എബൌട്ട് നിക്കി'(Forget about Nick)ന് ശേഷം, 2018ല്‍, തന്നെ ഏറെ സ്വാധീനിച്ച ബര്‍ഗ്മനെക്കുറിച്ചുള്ള ഡോക്യുമെന്ററി 'സെര്‍ച്ചിങ് ഫോര്‍ ഇങ് മാന്‍ ബര്‍ഗ്മാന്‍' (Searching for Ingmar Bergman) ട്രോട്ട എഴുതി സംവിധാനം ചെയ്തു. അതിനു ശേഷമുള്ള അവരുടെ ചിത്രം Ingeborg Bachmann Journey into the Desert (2023), ഓസ്ട്രിയന്‍ കവിയും എഴുത്തുകാരിയുമായ Ingeborg Bachmann (1926-73)ന്റെ ബയോപിക് ആണ്. ബര്‍ലിന്‍, സൂറിച്ച്, റോം എന്നിവിടങ്ങളില്‍ ജീവിച്ച അവര്‍ക്ക്, സ്വിസ് നാടകകൃത്തായ മാക്‌സ് ഫ്രിഷ്, മ്യൂസിക് കമ്പോസറായ ഹാന്‍സ് വേര്‍ണര്‍ ഹെന്‍സ് എന്നിവരുമായുള്ള ബന്ധം ആവിഷ്‌കരിക്കുന്ന ചിത്രം, 73ാമത് ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെയറിനായി മത്സരിച്ചിട്ടുണ്ട്.

ഇന്ന് ജീവിച്ചിരിക്കുന്ന ഫെമിനിസ്റ്റ് 

സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയയായ  മാര്‍ഗ്രറീറ്റ് ഫൊണ്‍ ട്രോട്ട, വേറിട്ട വഴികളില്‍ സഞ്ചരിച്ചുകൊണ്ട്,  രാഷ്ട്രീയസാഹിത്യവൈജ്ഞാനിക മേഖലകളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ ചരിത്രവനിതകളുടെ ജീവിതങ്ങള്‍  ചലച്ചിത്രങ്ങളായി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കു ശരിയെന്നു തോന്നുന്ന വഴികളില്‍ സഞ്ചരിക്കുമ്പോള്‍ അവരനുഭവിച്ച ഒറ്റപ്പെടലും ഏകാന്തതയും മാനസിക സംഘര്‍ഷങ്ങളും തീവ്രമായി ഈ ചിത്രങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു. എണ്‍പത്തൊന്നാം വയസ്സിലും ചലച്ചിത്ര പ്രവര്‍ത്തനങ്ങളില്‍ സജീവമായ ട്രോട്ട, തന്റെ കഥാപാത്രങ്ങളില്‍നിന്നു കരുത്ത് സംഭരിച്ചുകൊണ്ടാണ് മുന്‍പോട്ടു പോയിക്കൊണ്ടിരിക്കുന്നത്. 

സ്വതന്ത്രമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ദുരന്തങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്ന ആരെന്റിന്റെ സിദ്ധാന്തത്തെ  ട്രോട്ടയുടെ  ചിത്രങ്ങള്‍ പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com