കഥകള്‍ക്കു പുറത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന 'ചിത്ര' കഥകള്‍

വൈകുന്നേരങ്ങളില്‍, തൊഴിലിടത്തുനിന്നു വീട്ടിലേക്കു തിരിച്ചെത്തി, മേല് കഴുകി, ചുണ്ടിലൊരു ബീഡിയും പുകച്ച്, കൈലിമുണ്ടുടുത്ത് വായനശാലയിലെത്തുന്ന 'ആഴ്ചപ്പതിപ്പ്' വായനക്കാരുടെ ചിത്രകാരന്‍
കഥകള്‍ക്കു പുറത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന 'ചിത്ര' കഥകള്‍

മ്പൂതിരിയാണ് മലയാളികള്‍ക്ക് വരയുടെ തലവര. അത് ഒരൊറ്റ രേഖയുടെ മായികമായ രൂപപകര്‍ച്ചയാണ്. നമ്പൂതിരിയെ ഓര്‍ക്കുമ്പോള്‍ 'വര' എന്ന വാക്ക് മലയാള കലാസ്വാദകരുടെ തലവരയില്‍ തെളിയാന്‍ കാരണം, ആ വരയില്‍ സന്നിഹിതമായ മനുഷ്യരുടെ അനസ്യൂതമായ പരമ്പരകള്‍ കൊണ്ടാണ്. നമ്പൂതിരിയെക്കുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ പുസ്തകം പ്രസാധനം ചെയ്ത പബ്ലിഷര്‍ എന്ന നിലയില്‍ ഉള്ള ഓര്‍മ്മയുടെ ആനന്ദം കൂടി ഈ നിമിഷമുണ്ട്. ആ പുസ്തകത്തിന്റെ പബ്ലിഷറായിരിക്കുക എന്നത് അത്രമേല്‍ പ്രധാനപ്പെട്ട ഓര്‍മ്മയാണ്. ഗ്രെയ്റ്റ് ആര്‍ട്ടിസ്റ്റ് സീരിസില്‍ പുറത്തിറങ്ങിയ ചിത്ര പുസ്തകങ്ങള്‍ വാങ്ങുന്നതില്‍ സന്തോഷം കണ്ടെത്തിയ മലയാള ചിത്രകലാസ്വാദകര്‍ മലയാളത്തിലെ ചിത്രകാരന്മാരെ 'ആഴ്ചപ്പതിപ്പു വര'ക്കാരായിട്ടാണ് പരിഗണിച്ചിരുന്നത്. എന്നാല്‍, അതാത് 'കാല'ത്തെ മനുഷ്യര്‍, കഥാപാത്രങ്ങള്‍, ആനകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ കാലത്തിന്റെ വിച്ഛിന്ന ബിംബങ്ങള്‍ നമ്പൂതിരിയുടെ വിരലുകളിലൂടെ മലയാളിയുടെ വായനമുറികളില്‍ ആഴ്ചകളില്‍ പറന്നെത്തി.

നമ്പൂതിരി വായനക്കാരുടെ ചിത്രകാരനായിരുന്നു. ആ വരയുടെ കാലം ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്:

വൈകുന്നേരങ്ങളില്‍, തൊഴിലിടത്തുനിന്നു വീട്ടിലേക്കു തിരിച്ചെത്തി, മേല് കഴുകി, ചുണ്ടിലൊരു ബീഡിയും പുകച്ച്, കൈലിമുണ്ടുടുത്ത് വായനശാലയിലെത്തുന്ന 'ആഴ്ചപ്പതിപ്പ്' വായനക്കാരുടെ ചിത്രകാരന്‍. മാതൃഭൂമിയും കലാകൗമുദിയും സമകാലിക മലയാളവും അവര്‍ നമ്പൂതിരിയുടെ വരയിലൂടെ വായിച്ചു. ഇത് ചിത്ര സാക്ഷരതയുടെ ഒരു നാഴികക്കല്ലാണ്. രേഖകള്‍ എന്താണ് സംസാരിക്കുന്നത്? വാക്കുകളുടെ തുടരെഴുത്തുകളായി അവ സ്വതന്ത്ര ചിത്രങ്ങളായി നിന്നു. ലേ ഔട്ട് എന്ന പേജ് വിന്യാസത്തില്‍ നമ്പൂതിരിയുടെ വരകള്‍ ഒരു അനിവാര്യതയായി മാറി. അതുവരെയുണ്ടായിരുന്ന കാഴ്ചശീലങ്ങളില്‍നിന്നു മാറി പൊളിച്ചെഴുത്തും പുതുക്കവും നമ്പൂതിരി കൊണ്ടുവന്നു. ഈ പുതുക്കം കൊണ്ടുവന്നത് വരയുടെ ലോകത്ത് നമ്പൂതിരിയാണ്. വരയുടെ സ'വര്‍'ണമൊഴിവാക്കി നമ്പൂതിരി. അങ്ങനെ ബഷീര്‍ സാഹിത്യത്തില്‍ കൊണ്ടുവന്ന അവര്‍ണ ലാളിത്യം വരയില്‍ നമ്പൂതിരി സാക്ഷാല്‍ക്കരിച്ചു. ബഷീറിനെക്കുറിച്ച് എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയായ 'ബഷീര്‍ ദ മാനി'ല്‍ ബഷീറിനെ മുഖാമുഖമിരുന്ന് വരയുന്നത് നമ്പൂതിരിയാണ്. ബഷീര്‍ വാക്കില്‍ വരച്ചത്, നമ്പൂതിരി രേഖയില്‍ വരച്ചു. രണ്ടുപേരും ആ അര്‍ത്ഥത്തില്‍ നവോത്ഥാനത്തിന്റെ ചാലുകള്‍ തീര്‍ത്തു. ബഷീര്‍ സാഹിത്യത്തിലും നമ്പൂതിരി ചിത്രമെഴുത്തിലും കാലാതീതമായ ചില രസത്വരകങ്ങള്‍ക്കു തുടക്കം കുറിച്ചു. അവരെ ആ നിലയില്‍ അനുകരിക്കാന്‍ എളുപ്പവുമായിരുന്നില്ല.

രണ്ട്:

നീണ്ടുമെലിഞ്ഞ പെണ്‍കുട്ടി/സ്ത്രീ എന്നതാണ് മലയാളി ആണ്‍ കൗമാരങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന സ്‌ത്രൈണ സൗന്ദര്യ സങ്കല്പം. വിവാഹ പരസ്യങ്ങളില്‍ പതിവായി കാണാറുള്ള 'വെളുത്തു മെലിഞ്ഞ സുന്ദരി.' ആ സുന്ദരികള്‍ നമ്പൂതിരിയുടെ വരകളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഇത്രയും നീണ്ടു വെളുത്തു മെലിഞ്ഞ സുന്ദരികള്‍ കേരളത്തിലുണ്ടാവാനിടയില്ലെങ്കിലും, നമ്പൂതിരിയുടെ വരയുടെ റിപ്പബ്ലിക്കില്‍ അവര്‍ രതിജന്യമായ ഭാവത്തോടെ അനുവാചകരെ വശീകരിച്ചു. മലയാളി ബോധതലത്തില്‍ ലാളിക്കുന്ന സുന്ദരിക്കോതകള്‍. ആ നിലയില്‍ നമ്പൂതിരി മലയാളി പുരുഷന്റെ പഞ്ചാരമനസ്സ് മനസ്സിലാക്കിയ ചിത്രമെഴുത്തുകാരനായിരുന്നു. അതുകൊണ്ടു കൂടിയാണ് പുതുവത്സര ഗ്രീറ്റിങ്ങ് കാര്‍ഡുകളില്‍ തൊണ്ണൂറുകളില്‍ നമ്പൂതിരി വരകള്‍ ഒരു തരംഗമായി പ്രത്യക്ഷപ്പെട്ടത്. ആ ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ മലയാളത്തിന്റെ ഒരു വരപ്പകര്‍ച്ച കൂടി കൗമാര ചിന്തകളിലെത്തിച്ചു. അന്യോന്യം കൈമാറിയ പ്രണയലിഖിതങ്ങള്‍ക്ക് നമ്പൂതിരി വരകള്‍ സാര്‍ത്ഥകമായ പശ്ചാത്തല ഭംഗിയൊരുക്കി. പ്രണയിനികള്‍ നമ്പൂതിരിച്ചിത്രങ്ങളില്‍ പ്രചോദിതരായി, അവര്‍ അന്യോന്യം ആസക്തികളുടെ ഒരു സാങ്കല്പിക ലോകത്ത് കെട്ടിപ്പിടിച്ചു നിന്നു.

ചങ്ങമ്പുഴയുടെ 'രമണനി'ലെ വരികള്‍ കൈമാറിയ ആ കാലമല്ല, നമ്പൂതിരിയുടെ വരക്കാലം. ആളുകളുടെ തലവര മാറിത്തുടങ്ങിയ കാലമായിരുന്നു. എം.ടിയുടെ രണ്ടാമൂഴം മൗനനൊമ്പരമായി ആളുകള്‍ വായിച്ചുകൊണ്ടിരുന്നു. രമണനില്‍നിന്ന് ഭീമനിലേക്ക് വായനയുടെ നിശ്ശബ്ദ സഞ്ചാരം. കാമനകളിലും ഉപേക്ഷകളിലും രമണനും ഭീമനും ഹൃദയമുറിവുകള്‍ ഒരുപോലെ പങ്കിട്ടു. രമണനെ വായിച്ച മലയാളികള്‍ രണ്ടാമൂഴത്തിലെത്തുമ്പോള്‍ ക്ലാസിക് മൗനങ്ങളുടെ ഉള്ളലച്ചില്‍ തേടി. ഈ അഭിരുചിയുടെ വഴിമാറ്റങ്ങള്‍ക്കിടയില്‍ നമ്പൂതിരിയുടെ വരയുമുണ്ട്. രണ്ടാമൂഴത്തിലെ വര, ആ നോവലിനു കിട്ടിയ മൗലികമായ ചിത്രവായനയാണ്.

മൂന്ന്:

നമ്പൂതിരി വരച്ച ഒരു കുട്ടിയുടെ ചിത്രമാണ് 'ശൈശവം' എന്ന കഥാസമാഹാരത്തിനു കവര്‍ചിത്രമായി ചേര്‍ത്തത്. കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്ന ആ ആന്തോളജിയുടെ കവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ കുട്ടി ഏകാന്തതയുടെ ഒരറ്റത്ത് നില്‍ക്കുന്ന കുട്ടിയാണ്. നമ്പൂതിരി തന്നെ നിര്‍ദ്ദേശിച്ചതാണ് ആ ചിത്രം. ആ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ എത്ര നിഷ്‌കളങ്കമായി ബാല്യത്തെ നമ്പൂതിരി വരച്ചു എന്നു ബോധ്യമാകും. ആ കുട്ടി, കേരളീയ ബാല്യത്തിന്റെ ഒരു ജീവത്തായ വരയാണ്. ഒറ്റനില്‍പില്‍ ഒരു ചിത്രകഥ.

നമ്പൂതിരിയുടെ ചിത്രങ്ങള്‍, കഥകള്‍ക്കു പുറത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രകഥകളാണ്. കഥയില്‍ നിന്ന്/നോവല്‍ സന്ദര്‍ഭങ്ങളില്‍നിന്നു മാറ്റിനിര്‍ത്തിയാലും അവയ്ക്ക് മൂല്യമുണ്ട്. 

വരയില്‍ ബാല്യത്തില്‍നിന്നുതന്നെ രൂപപ്പെട്ട സഹജമായ ചിത്രവാസന നമ്പൂതിരിക്കുണ്ടായിരുന്നു. നടന്നുനടന്നുണ്ടായ വഴികള്‍പോലെ, വരഞ്ഞുരഞ്ഞുണ്ടായവയാണ് ആ 'വര'ത്താരകള്‍. ചിത്രകലയില്‍ ആ കലാകാരന്‍ ഒരു രേഖാപഥം തന്നെ തീര്‍ത്തു.

നാല്:

എം.വി. ദേവന്‍, എ.എസ്., ചന്‍സ്, മദനന്‍, ഷെരീഫ്, ദേവപ്രകാശ് തുടങ്ങി പുതുവരനിരയിലെ ശ്രദ്ധേയരായ സുധീഷ് കോട്ടേമ്പ്രം, മണി കാക്കര, സചീന്ദ്രന്‍ കാറഡുക്ക വരെയുള്ള ഒരു ചിത്രം വര തലമുറയില്‍ നമ്പൂതിരിയുടെ സ്വാധീനം നില നില്‍ക്കുന്നത്, 'വര'യെ എഴുത്തിന്റെ 'അരികു വല്‍ക്കരണ'ങ്ങളില്‍നിന്നു മാറ്റി, മുഖ്യധാരയിലാക്കി എന്നതാണ്. എഴുത്തുകാരുടെ ചെല്ലം ചുമക്കുന്നവര്‍ എന്ന നിലവിട്ട്, സ്വതന്ത്രമായ കയ്യാള പദവി നമ്പൂതിരി ചിത്രകാര്‍ക്ക് നേടിക്കൊടുത്തു. നമ്പൂതിരിക്കു മുന്നേ എ.എസ്. ഇതു തുടങ്ങിവെച്ചിരുന്നു. 'പേജ് ഡക്കറേഷന്‍' എന്ന പ്രാഥമിക ചിത്രതലം നിലനില്‍ക്കേതന്നെ അവരുടെ ചിത്രപ്പണികള്‍ക്കു വേറിട്ട വ്യക്തിഗതമാനങ്ങളുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു 'നമ്പൂതിരി സ്‌കെച്ച്' എന്നു തോന്നുംവിധം ഉജ്ജ്വലമായ പ്രഭാവമുണ്ടായിരുന്നു, സാധനകള്‍കൊണ്ടു നൂറു നൂറു രേഖകള്‍ തീര്‍ത്ത ആ വിശേഷ വിരലുകള്‍കൊണ്ടു സാധിച്ച ചിത്രങ്ങള്‍ക്ക്. വായിച്ച കഥ മറന്നിട്ടും കണ്ട ചിത്രം മറക്കാത്ത ഓര്‍മ്മയുടെ മായികമായ ഒരു തലം ആ രേഖകള്‍ വായന ഹൃദയങ്ങളില്‍ പതിപ്പിച്ചു. ദീര്‍ഘമായ സമര്‍പ്പണം അതിനു പിന്നിലുണ്ടായിരുന്നു.

അഞ്ച്:

വ്യക്തിപരമായ ഓര്‍മ്മകളില്‍, അദ്ദേഹത്തിന്റെ 'നമ്പൂരിത്തം' നിറഞ്ഞ പരിഭ്രമങ്ങളുടെ കഥയാണ് ഓര്‍മ്മവരുന്നത്. അതിലൊന്ന് തീവണ്ടി യാത്ര നടത്തുമ്പോഴുള്ള പരിഭ്രമങ്ങളാണ്. വടക്ക്, തെക്ക് തുടങ്ങിയ സംഭവങ്ങള്‍. റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ ദിഗ്ഭ്രമം ബാധിക്കും.

''ങ്ങട്ടാ തെക്ക്, ങ്ങട്ടാ വടക്ക്... ആകെ ഒരു പരിഭ്രമമാണ് ട്ടോ.'' 

തീവണ്ടി പാലം കടക്കുമ്പോഴുള്ള പരിഭ്രമമാണ് മറ്റൊന്ന്.

''പുഴേടെ മീതെയുള്ള വെറും രണ്ട് രേഖയല്ലേ റെയില്‍ പാളം. പുഴക്ക് മീതെ ഒര് ഇല്ലസ്ട്രേഷന്‍.''

അതു കേള്‍ക്കുമ്പോള്‍ ആ മുഖത്തെ നിഷ്‌കളങ്കതയിലേക്ക് ഉറ്റുനോക്കി.

ഞങ്ങളുടെ നാട്ടില്‍ തൊപ്പിയും കാലന്‍ കുടയും കൈലിയുമുടുത്തു നടക്കുന്ന ചില മനുഷ്യരെ കാണുമ്പോള്‍ ചിലപ്പോള്‍ നമ്പൂതിരിച്ചിത്രങ്ങള്‍ ഓര്‍മ്മകള്‍ വന്നു. അദ്ദേഹത്തോട് അത് ചോദിച്ചപ്പോള്‍ ചിരിച്ചു.

''പൊന്നാനിയാണല്ലോ ഞാന്‍. അവിടെ ആരാപ്പാ ഇല്ലാത്തത്... എല്ലാ മനുഷ്യരും ണ്ട്...''

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചുള്ള ഒരു നിര്‍വ്വചനം കൂടിയാണത്:

ആ ചിത്രരേഖകളില്‍ എല്ലാ മനുഷ്യരുമുണ്ട്. മനുഷ്യര്‍ പാര്‍ക്കുന്ന കടലാസു കരകള്‍.

എം.ടിയും എം. മുകുന്ദനും വി.കെ.എന്നും വാക്കില്‍ പടര്‍ന്നു. മ്പൂതിരി വരയിലും.

വാക്കില്‍ വരച്ചത് വരയില്‍ തെളിഞ്ഞു. അവ മനുഷ്യരെക്കുറിച്ചുള്ള തെളിവുകള്‍ തന്നെയാണ്. 

എം.ടിക്ക് തൊണ്ണൂറു വയസ്സായി. നമ്പൂതിരിയുടെ ചുവരില്‍ എം.ടിയുടെ ഒരു നമ്പൂതിരി സ്‌കെച്ചുണ്ട്. 'രണ്ടാമൂഴ'ത്തിന്റെ എഴുത്തുകാരനോടുള്ള ആദരംകൊണ്ടായിരിക്കുമോ, അത്? ഒരേ നാടിന്റെ രണ്ട് കൈവഴികള്‍. ഒരാള്‍ എഴുത്തില്‍, മറ്റൊരാള്‍ വരയില്‍. അറിയാത്ത അത്ഭുതങ്ങളുടെ സമുദ്രങ്ങളേക്കാള്‍, തന്നിഷ്ടങ്ങളെ പിന്തുടര്‍ന്ന രണ്ടു പേര്‍.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com