കൂടല്ലൂരിന്റെ നാലതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ച് അവിടേക്ക് തിരിച്ചെത്തുന്ന എംടി

നിളാനദിയുടെ കരയില്‍നിന്ന് അറിയുന്നതും അറിയപ്പെടാത്തതുമായ നിരവധി ആധുനികവും  പൗരാണികവുമായ ദേശങ്ങളിലേക്കും കാലങ്ങളിലേക്കും കഥകളിലൂടെയും കഥകള്‍ക്കു പുറത്തും യാത്ര പോയി
കൂടല്ലൂരിന്റെ നാലതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ച് അവിടേക്ക് തിരിച്ചെത്തുന്ന എംടി

എം.ടിയുടെ എഴുത്തുദേശവും കാലവും വള്ളുവനാട്, നാലുകെട്ട്, മരുമക്കത്തായം തുടങ്ങിയ 'സ്ഥിരയാഥാര്‍ത്ഥ്യങ്ങള്‍'കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണെന്ന് തീരുമാനമായിട്ട് കാലമേറെയായി. എഴുത്തുകാരന്റെ തന്നെ വാക്കുകള്‍ ('അറിയാത്ത അത്ഭുതത്തെ ഉള്ളില്‍ പേറുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളാനദിയാണ് എനിക്കിഷ്ടം') അതിന്  സാധൂകരണവും നല്‍കി. കൂടല്ലൂരിന്റെ നാലതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുകയും അവിടേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തന്നെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. (വ്യത്യസ്തമായ ഭൂഭാഗങ്ങള്‍ തേടി ഞാന്‍ അലയാറുണ്ട്, പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേക്കു തിരിച്ചുവരുന്നു). കഥാകൃത്ത് എന്ന നിലയില്‍ സാഹിത്യജീവിതമാരംഭിച്ച അദ്ദേഹം പത്രാധിപര്‍, തിരക്കഥാകൃത്ത്, നാടകകൃത്ത്, സംവിധായകന്‍ തുടങ്ങി ആവിഷ്‌കാര മാധ്യമത്തിന്റെ ഭിന്നദേശങ്ങളിലൂടെയും സഞ്ചരിച്ചു. നിളാനദിയുടെ കരയില്‍നിന്ന് അറിയുന്നതും അറിയപ്പെടാത്തതുമായ  നിരവധി ആധുനികവും  പൗരാണികവുമായ ദേശങ്ങളിലേക്കും കാലങ്ങളിലേക്കും കഥകളിലൂടെയും കഥകള്‍ക്കു പുറത്തും യാത്ര പോയി.

എംടി/ ഫോട്ടോ: രാജൻ ചുങ്കത്ത്
എംടി/ ഫോട്ടോ: രാജൻ ചുങ്കത്ത്

ദേശദേശാന്തരങ്ങള്‍

നിളാനദിയുടെ കരയിലെ കൂടല്ലൂരെന്ന ഗ്രാമം എം.ടിയുടെ ജന്മദേശവും എഴുത്തിന്റെ നിലപാടു തറയുമായിരുന്നപ്പോഴും എങ്ങനെ ആ പ്രദേശം വിട്ടുപോകാമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന പുരുഷകഥാപാത്രങ്ങളെല്ലാം ആലോചിച്ചത്. അവരത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. എം.ടി. തന്നെ ആ ദേശം വിട്ട് പട്ടണവാസിയാവുകയും ഇടയ്ക്കിടെ തിരിച്ചെത്തുകയും ചെയ്തു. തകര്‍ന്നു പോയ ഫ്യൂഡല്‍ക്രമങ്ങള്‍ മറികടക്കാനുള്ള വഴികള്‍ തേടിയാണ് അവര്‍ അന്യനാട്ടിലേക്ക് ചേക്കേറിയത്. പാരമ്പര്യവും യാഥാര്‍ത്ഥ്യവും ചലനാത്മകവും തുടര്‍ച്ചയുമാണെന്നാണ് അവരെല്ലാം അത്തരം യാത്രകള്‍കൊണ്ടു തെളിയിച്ചത്. തിരിച്ചുവരുമ്പോള്‍ രൂപപരിണാമം വന്ന മണ്ണും മനുഷ്യരും വഴികളും അവരെ കാത്തിരിപ്പുണ്ടാവും. അങ്ങനെ കാത്തിരുന്നവരില്‍  ദുരിതപര്‍വ്വം താണ്ടുന്ന സ്ത്രീജീവിതങ്ങളുടെ നിശ്ചലമാതൃകകളായ അമ്മയും പെങ്ങളും നഷ്ടപ്രണയങ്ങളുമുണ്ടായിരുന്നു. പോകാനിടമില്ലാത്ത വലിയൊരു പുരുഷസമൂഹവും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രധാന കഥാപാത്രത്തിന്റെ യാത്രകള്‍ കുടുംബത്തിലും സമൂഹത്തിലും മാറ്റത്തിനു ഹേതുവായെങ്കിലും മറ്റെല്ലാവരും കര്‍ത്തൃത്വമില്ലാത്ത കാഴ്ചക്കാര്‍ മാത്രമായിരുന്നില്ല. അവരും മാറ്റവും മാറ്റത്തിന്റെ വാഹകരും തന്നെയായിരുന്നു.

പഴയ മാതൃകയിലുള്ള ഒരു കാര്‍ഷികവ്യവസ്ഥയില്‍നിന്നുള്ള പുറപ്പെട്ടുപോക്കായിരുന്നു അതെല്ലാം. അങ്ങനെ പോയവര്‍ തിരിച്ചെത്തുമ്പോള്‍ പഴയ വ്യവസ്ഥകള്‍ ആകെ താറുമാറായതായി കാണാം. 'നാലുകെട്ടി'ലെ അപ്പുണ്ണി അഞ്ചുവര്‍ഷക്കാലം വയനാട്ടില്‍ ജോലിയെടുത്ത് മടങ്ങിയെത്തുമ്പോള്‍ തറവാട്ടു സ്വത്ത് ഭാഗിക്കപ്പെട്ട് എങ്ങും വേലികളുയര്‍ന്നു കഴിഞ്ഞിരുന്നു. വയനാട്ടില്‍ അപ്പുണ്ണി ഏര്‍പ്പെട്ടത് തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട കണക്കെഴുത്തു ജോലികളിലായിരുന്നു. 'കാല'ത്തിലെ സേതു അന്യദേശത്തുപോയി പുതിയൊരാളായി തിരിച്ചെത്തുമ്പോള്‍ മുതലാളി എന്ന് വിളിക്കപ്പെടുന്നു. പുഴയ്ക്കുമേല്‍ പാലം വരുന്നു. പെട്ടിയുമെടുത്ത് കൂടെയെത്താന്‍ പാടുപെട്ടിരുന്ന പഴയ ചെറുമന്റെ സ്ഥാനത്ത് പിറകില്‍ വരുന്ന ചെറുപ്പക്കാരനായ ചെറുമന്‍ ഒപ്പമെത്തുന്നത് അറിയുന്നു. 'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടി സ്വദേശത്തുവെച്ചുതന്നെ വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയനായി. അത് ദേശത്തിലും പരിവര്‍ത്തനങ്ങളുണ്ടാക്കി. അയാളും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച് ആ ദേശം വിട്ടുപോവുകയാണ്. 'മഞ്ഞി'ലെ വിമലയുടെ അച്ഛന്‍ നേരത്തെ ജന്മദേശം വിട്ട് നൈനിറ്റാളില്‍ കുടിയേറിയതാണ്. 'വിലാപയാത്ര'യിലെ മക്കളെല്ലാം പല നാടുകളില്‍ കഴിയുന്നു. അവരുടെ അച്ഛന്‍ ദീര്‍ഘകാലം സിലോണിലായിരുന്നു. 'വാരണാസി'യിലെ സുധാകരന്‍ നിത്യ യാത്രികനാണ്. 

ആദ്യകാല നോവലുകളുടെ അതേ കാലത്ത് എഴുതപ്പെട്ട പല ചെറുകഥകളിലും 'ദേശപരിധി' ലംഘിക്കപ്പെടുകയോ അന്യദേശങ്ങളേയും ഉള്‍ക്കൊള്ളുന്നവിധം വികസിക്കുകയോ ചെയ്യുന്നതു കാണാം. ചിലര്‍ക്കെല്ലാം ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് ദേശം. 'വളര്‍ത്തുമൃഗങ്ങള്‍' (1954) എന്ന കഥയുടെ ഭൂപ്രദേശം വള്ളുവനാടോ നാലുകെട്ടോ അല്ല; സ്ഥിരതയൊട്ടുമില്ലാത്ത സര്‍ക്കസ് കൂടാരമാണ്. അതേ വര്‍ഷമെഴുതിയ 'ഓളവും തീരവും' എന്ന കഥയിലെ ജീവിതവും നാലുകെട്ടുകള്‍ക്കുള്ളിലല്ല. 'നീലക്കുന്നുകള്‍' എന്ന കഥയില്‍ തമിഴ്‌നാട്ടില്‍ താമസമാക്കിയ, തമിഴ് സംസാരിക്കുന്ന സഹോദരിയുടെ ഭൂതകാലവും ഓര്‍മ്മയുമാണ് വള്ളുവനാട്. 'വിത്തുകള്‍' എന്ന കഥയില്‍ അമ്മയുടെ ശ്രാദ്ധത്തിന് ഒരുമിച്ചുകൂടുന്ന മക്കളെല്ലാവരും ചേര്‍ന്ന് ഓര്‍മ്മയില്‍ പുനഃസൃഷ്ടിക്കുന്നതാണ് പഴയ ദേശം. 'ഷെര്‍ലക്ക്' എന്ന കഥയിലെ ഭൂപ്രദേശം അമേരിക്കയാവുമ്പോള്‍ ഭാഷയും ആഖ്യാനവുമെല്ലാം അതിനനുസരിച്ച് വ്യത്യസ്തമാവുന്നു. ഭാഷയുടെ വിനിമയക്ഷമത തന്നെ അതിലെ പ്രമേയമാവുന്നു. കുമാരേട്ടനെ കല്യാണം കഴിക്കുകയും പിന്നീട് ബന്ധം വേര്‍പെടുത്തുകയും ചെയ്ത ചേച്ചിക്കു സംഭവിച്ച മാറ്റം ബാലു നോക്കിക്കാണുകയാണ്. വാനപ്രസ്ഥം, ശിലാലിഖിതം, ഡാര്‍ എസ് സലാം, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, ശത്രു തുടങ്ങിയ നിരവധി കഥകള്‍ വള്ളുവനാടിന്റെ ദേശപരിധിക്കു പുറത്താണ്. 

വര്‍ഷങ്ങളുടെ വ്യത്യാസത്തിലെഴുതപ്പെട്ട നിന്റെ ഓര്‍മ്മയ്ക്ക്, വിലാപയാത്ര, കഡുഗണ്ണാവഒരോര്‍മ്മക്കുറിപ്പ് എന്നീ കഥകള്‍ ചേര്‍ത്തുവെച്ചാല്‍ ഈ പരിണാമത്തിന്റെ സൂക്ഷ്മമാപിനിയായിത്തീരും. 'നിന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥയിലെ അച്ഛനും മകനും ലീല എന്ന പെണ്‍കുട്ടിയും പിന്നീട് പല കാലങ്ങളിലും ദേശങ്ങളിലും വെച്ച് കാണുന്നതിന്റെ (കാണാതിരിക്കുന്നതിന്റേയും) ഓര്‍മ്മകളാണ് മറ്റു രണ്ടു കഥകള്‍. 'കഡുഗണ്ണാവ'യില്‍ സിലോണാണ് പ്രധാന ആഖ്യാന സ്ഥലം. സ്വദേശമെന്നപോലെ അന്യദേശവും മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു. പ്രസിഡന്റായിരുന്ന പ്രേമദാസയുടെ വധത്തിനുശേഷമുള്ള ഒരു കാലത്താണ് കഥയിലെ ആഖ്യാതാവായ വേണു അവിടെ ചെല്ലുന്നത്. അച്ഛനും ഇപ്പോഴില്ല. 1922ലാണ് ഡി.എച്ച്. ലോറന്‍സ് സിലോണ്‍ സന്ദര്‍ശിച്ചത്. അതേ വര്‍ഷമാണ് അച്ഛനും സിലോണിലെത്തുന്നത്. 'വിലാപയാത്ര'യില്‍ മറ്റൊരു മകനായ രാജനാണ് സിലോണ്‍ യാത്ര നടത്തുന്നത്.

നാലുകെട്ടുകളും ആധുനിക അണുകുടുംബങ്ങളും കടന്ന് എം.ടി. നടത്തിയ ഭൂതദേശ സഞ്ചാരങ്ങള്‍ ദൃഢയാഥാര്‍ത്ഥ്യങ്ങളുടെ പുനര്‍നിര്‍മ്മാണമായി മാറി. 'രണ്ടാമൂഴം' എന്ന മഹാഭാരത യാത്ര കുറേക്കൂടി പഴയ കാലഘട്ടത്തിലെ കുടുംബകഥ തന്നെയാണ്. പല കാരണങ്ങളാല്‍ രണ്ടാമനായ ഭീമനെ ഒന്നാമനാക്കാനുള്ള പരിശ്രമം. ഭീമന്റെ ശരീരബലവും ദ്രൗപദിയുടെ ശരീരസൗന്ദര്യവും ചേര്‍ന്ന് പരസ്പരം പൂരിപ്പിക്കപ്പെടുന്ന യുദ്ധവും കാമവും അതിന്റെ അന്തര്‍ധാരയാണ്. മഹാപ്രസ്ഥാനത്തിനിടയ്ക്ക് ദ്രൗപദി വീണപ്പോള്‍ തിരിഞ്ഞുനിന്നതും അവളെ ശുശ്രൂഷിച്ചതും ഭീമനാണ്. ദ്രൗപദിക്കുവേണ്ടി ജീവിച്ച ആളായിരുന്നു ഭീമന്‍. എം.ടിയുടെ സാഹിത്യത്തിലൊന്നും ഇത്തരമൊരു പുരുഷ കഥാപാത്രം വേറെയില്ല. തിരക്കഥകളില്‍ 'ഒരു വടക്കന്‍ വീരഗാഥ'യിലും 'വൈശാലി'യിലും 'പെരുന്തച്ചനി'ലും  വിദൂരമായ ഭൂതദേശങ്ങളിലേക്കു സഞ്ചരിച്ചപ്പോള്‍ കണ്ടെടുക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ പല നായക/പ്രതിനായകത്വങ്ങളേയും അപ്രസക്തമാക്കി. ദേശകാലങ്ങളില്‍ വലിയ അന്തരങ്ങളുള്ള രണ്ടു വീരന്മാരാണ് ഭീമനും ചന്തുവും. ഭീമന് ദ്രൗപദിയെന്നപോലെയായിരുന്നു ചന്തുവിന് ഉണ്ണിയാര്‍ച്ച. രണ്ടാളും പരാജയപ്പെട്ടതും അവര്‍ക്കു മുന്നില്‍ മാത്രമാണ്. ദ്രൗപദി 'അടുത്ത ജന്മത്തില്‍ ഒന്നാമനായി പിറക്കാന്‍' ഭീമനെ ആശംസിച്ചുവെങ്കില്‍ ചന്തുവിന്റെ തല തന്റെ മുന്നില്‍ ഹാജരാക്കാനാണ് ഉണ്ണിയാര്‍ച്ച മക്കളോടാവശ്യപ്പെട്ടത്. ചന്തുവും ഭീമനും സ്ത്രീകളെ ഉള്‍ക്കൊണ്ട പുരുഷവീരന്മാരായിരുന്നെങ്കില്‍ എം.ടിയുടെ ആധുനികകാല നായകന്മാര്‍ സ്ത്രീകള്‍ക്കു മുന്നില്‍ ദുര്‍ബ്ബലരായി. ചിലരത് ഏകപക്ഷീയമായ ലൈംഗികതയുടെ മഹോത്സവങ്ങളാക്കിയപ്പോള്‍ മറ്റു ചിലര്‍  ഷണ്ഡന്റെ അമര്‍ഷങ്ങളുമായി കഴിഞ്ഞു ('ഷണ്ഡന്റെ അമര്‍ഷത്തോടെ നിന്റെ തണുത്ത മെത്തയ്ക്കരികില്‍ നില്‍ക്കുന്നു').

കര്‍ഷകനും യാത്രികനും

കുറച്ചു കൃഷിസ്ഥലം പാട്ടത്തിനു കിട്ടിയ ചെറിയ കൃഷിക്കാരനായിട്ടാണ് എം.ടി. ജ്ഞാനപീഠപ്രസംഗത്തില്‍ തന്റെ എഴുത്തുജീവിതത്തെ വിശേഷിപ്പിച്ചത്. ഭൂമിയുടെ ജന്മാവകാശത്തെക്കുറിച്ച് അദ്ദേഹം ഉത്ക്കണ്ഠപ്പെടുന്നില്ല. നിളാനദിയെന്ന ബന്ധനം  ദൂരയാത്രകളെ വിലക്കുംപോലെ കാര്‍ഷിക ജീവിതവും യാത്രകളെ തടയുകയും സമൂഹത്തെ ഒരു നിശ്ചിതസ്ഥലത്ത് തളച്ചിടുകയും ചെയ്യും.

പാട്ടവ്യവസ്ഥയും ജന്മി കുടിയാന്‍ കോയ്മകളും അസ്ഥിരമാക്കിയാണ് ഭൂപരിഷ്‌കരണം നടപ്പില്‍ വന്നത്. ഭൂപരിഷ്‌കരണമാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയതെന്ന്  എം.ടി.ക്കു ബോദ്ധ്യമുണ്ട്. കൃഷി മതിയാക്കി നാടുവിടാന്‍ പലരേയും സന്നദ്ധരും പ്രാപ്തരുമാക്കിയത് ഭൂപരിഷ്‌കരണമാണ്. മരുമക്കത്തായം, കൂട്ടുകുടുംബം എന്നിവയുടെ പരിണാമം പുതിയ കുടുംബക്രമങ്ങള്‍ക്കൊപ്പം സാമ്പത്തിക ക്രമങ്ങളേയും കൊണ്ടുവന്നു. അവ രണ്ടും ചേര്‍ന്ന് അനിവാര്യമാക്കിയ ഭൂമിയുടെ പുനഃക്രമീകരണവും രാഷ്ട്രീയവുമാണ് ഭൂപരിഷ്‌കരണത്തിന്റെ മൂര്‍ത്തരൂപം കൈവരിച്ചത്. അതുതന്നെയാണ് ഗള്‍ഫ് കുടിയേറ്റങ്ങളേയും തുടര്‍ന്നുണ്ടായ വിശ്വാസ പുനരുജ്ജീവനങ്ങളേയുമെല്ലാം  സാദ്ധ്യമാക്കിയതും. വീട്ടിലും നാട്ടിലും സംഭവിക്കുന്ന പലവിധ മാറ്റങ്ങളുടെ  അനുഭവസ്ഥരാണെങ്കിലും എം.ടിയുടെ കഥാപാത്രങ്ങളിലാരും അവയെക്കുറിച്ച് മിണ്ടുന്നില്ല.

ഭൂപരിഷ്‌കരണം പ്രായോഗികമായി നടപ്പിലാവുന്നതിനു മുന്‍പുതന്നെ  ദേശം വിട്ടു പോവേണ്ടി വന്ന ആദ്യകാല നോവലുകളിലെ പുരുഷന്മാര്‍ തിരിച്ചെത്തുമ്പോള്‍ ഭൂമി അതേ രൂപത്തില്‍ അവിടെയില്ല. കഥാപാത്രത്തെപ്പോലെ വസ്തുവകകള്‍ക്കും മാറ്റം വന്നിരുന്നു. വലിയ തറവാടുകള്‍ ഭാഗം വെച്ചു പിരിഞ്ഞു. ഭൂമി പല കഷണങ്ങളായി ഭാഗിക്കപ്പെട്ടു. അവയില്‍ ധാരാളം വെളിച്ചം കടക്കുന്ന ചെറിയ വീടുകളുണ്ടാകാന്‍ പോകുന്നു. അപ്പുണ്ണി നാടുവിടുമ്പോള്‍ നിലവിലുണ്ടായിരുന്ന മലബാര്‍ തിരിച്ചുവരുമ്പോഴേക്ക് കേരളമായിക്കഴിഞ്ഞിരുന്നു.

കൃഷി ബിംബങ്ങളും അവയുമായി ബന്ധപ്പെട്ട ഫോക്‌ലോറുകളുംകൊണ്ടു സമൃദ്ധമാണ് എം.ടിയുടെ ആദ്യകാല നോവലുകളും കഥകളും. 'അസുരവിത്ത്' ഒരു കൃഷി വിജ്ഞാനകോശവും കൂടിയാണ്. സമ്പൂര്‍ണ്ണ കാര്‍ഷികജീവിതം നയിച്ചയാളാണ് ഗോവിന്ദന്‍കുട്ടി. ധാരാളം കാര്‍ഷിക ബിംബങ്ങളും പാട്ടക്കാരന്‍ കൂടുതല്‍ ശക്തനാകുന്നതിന്റെ സൂചനകളും അതിലുണ്ട്. കാളകളുടേയും പോത്തുകളുടേയും എണ്ണവും ഗുണവുംകൊണ്ട് നിര്‍ണ്ണയിക്കപ്പെട്ട സാമൂഹ്യസ്ഥാനങ്ങളും അതിന്റെ ഭാഗമായിരുന്നു. എണ്ണച്ചക്കിനു ചുറ്റും നടക്കുന്ന ഒരു  മണുങ്ങന്‍ മൂരിയായി ഗോവിന്ദന്‍കുട്ടിക്കു സ്വയം തോന്നുന്നു. നോവലിന്റെ അവസാനത്തില്‍ ഗോവിന്ദന്‍കുട്ടി ആഗ്രഹിക്കുന്ന തിരിച്ചുവരവ് കാര്‍ഷിക ജീവിതത്തിലേക്കാണോ പൂര്‍വ്വമതത്തിലേക്കാണോ എന്നു വ്യക്തമല്ല. അസാദ്ധ്യമെന്നു കരുതാവുന്ന ഒരു തിരിച്ചുവരവാണത്. കോളറ ബാധിച്ച് ഗ്രാമം ഏതാണ്ട് നാമാവശേഷമായിട്ടുണ്ട്. കാര്‍ഷികജീവിതമോ മതേതരജീവിതമോ സാദ്ധ്യമാകാത്തവിധം കലങ്ങിപ്പോയ ഗ്രാമമാണത്. കാര്‍ഷികജീവിതം തന്നെ മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്നതിന്റെ ചിത്രം നോവലിന്റെ ആദ്യഭാഗത്തിലുണ്ട്. 1921ലെ മലബാര്‍ കലാപത്തിലെ കാരണങ്ങളിലൊന്ന് ജന്മി  കുടിയാന്‍ ബന്ധങ്ങളായിരുന്നു. അതിന്റെ അനന്തരകാലവും ദേശവുമാണ് 'അസുരവിത്ത്.' 

എംടി
എംടി

'കാല'വും 'നാലുകെട്ടും' കാര്‍ഷികജീവിതത്തിന്റെ പലതരം സംഘര്‍ഷ സ്ഥാനങ്ങള്‍ കൂടിയാണ്. 'നാലുകെട്ടി'ലെ അപ്പുണ്ണിയുടെ അച്ഛന്‍ കോന്തുണ്ണി നായര്‍ നല്ലൊരു കൃഷിക്കാരനായിരുന്നു. കോന്തുണ്ണിനായരും സെയ്താലിക്കുട്ടിയും ചേര്‍ന്നാണ് വയലില്‍ കപ്പക്കൃഷി ചെയ്തത്. അതിന്റെ അനന്തരഗതിയിലാണ് കോന്തുണ്ണി നായര്‍ കൊലചെയ്യപ്പെട്ടത്. അപ്പുണ്ണിയുടെ വയനാട് യാത്ര അപരിചിതമായ  എസ്‌റ്റേറ്റ് സംസ്‌കാരത്തിലേക്കാണ്.

നാടുവിട്ടുപോയ വിമലയുടെ അച്ഛന്‍ നൈനിറ്റാളിലെത്തി പുതിയതരം കാര്‍ഷിക വൃത്തിയിലാണ് ഏര്‍പ്പെട്ടത്. അത് ആപ്പിള്‍ തോട്ടവും ഉരുളക്കിഴങ്ങു ഗവേഷണവുമായിരുന്നു. കൂട്ടുകുടുംബ/മരുമക്കത്തായ ഘടനയില്‍നിന്ന് ഭിന്നമായ പുതിയ കാര്‍ഷിക ജീവിതമാണത്. പരന്നുകിടക്കുന്ന തോട്ടങ്ങളുടെ അധിപനായി വാണ അച്ഛനു  വീട്ടില്‍ സിംഹാസനം പോലെയുള്ള കസേരയുണ്ട്. വീട്ടിലെ രാജാവായിരുന്നു അച്ഛന്‍ എന്ന് വിമല ഓര്‍ക്കുന്നു. അപ്പുണ്ണിയും സേതുവുമെല്ലാം ജോലിയാവശ്യാര്‍ത്ഥം ചെന്നെത്തിയ പുതിയ കാര്‍ഷികജീവിതത്തിന്റെ കൂടുതല്‍ മൂര്‍ത്തവും ആധുനികവുമായ ഇടങ്ങളിലൊന്നാണ് ആപ്പിള്‍ തോട്ടവും ഉരുളക്കിഴങ്ങു ഗവേഷണവും. തുലാവര്‍ഷത്തില്‍ കുതിര്‍ന്ന് വിറങ്ങലിച്ചുനില്‍ക്കുന്ന കവുങ്ങിന്‍ തോപ്പുകളെയാണ് നൈനിറ്റാളിലിരുന്ന് വിമല ഓര്‍ക്കുന്നത്. ലീലയുടെ അച്ഛന്‍ (നിന്റെ ഓര്‍മ്മയ്ക്ക്) സിലോണില്‍ തേയിലത്തോട്ടത്തിലെ മാനേജരായിരുന്നു.

സിനിമയുടെ തീവണ്ടികള്‍

താന്നിക്കുന്നിന്റെ നെറുകയില്‍ നിന്നാല്‍ മെയില്‍ വണ്ടി പാലം കടക്കുന്നതു കാണാം. അതിലാണ് ഗ്രാമത്തിലേക്കുള്ള കത്തുകള്‍ വരുന്നത്. 'പഥേര്‍ പാഞ്ചലി' (സത്യജിത്‌റേ)യിലെ തീവണ്ടി ദൃശ്യം പോലെ ഒരു വിസ്മയക്കാഴ്ചയാണത്. 'പഥേര്‍ പാഞ്ചലി'യിലെ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌കാരം എം.ടിയെ ആകര്‍ഷിച്ചിരുന്നു. ഓരോ തവണ കാണുമ്പോഴും പുതിയ അനുഭവങ്ങള്‍ നല്‍കുന്ന സിനിമ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. നിളയുടെ മറുകരയിലൂടെ കൂകിപ്പാഞ്ഞു പോകുന്ന തീവണ്ടി എം.ടിയുടെ കഥകളിലെ ആവര്‍ത്തിക്കപ്പെടുന്ന സാന്നിദ്ധ്യമാണ്. അത് അന്യദേശങ്ങളുമായി ഗ്രാമത്തെ ഇണക്കുന്ന യന്ത്രസാന്നിദ്ധ്യമെന്നതിലേറെ ആധുനികതയുടേയും യാത്രകളുടേയും പ്രതീകമാണ്. 

നിർമാല്യം
നിർമാല്യം

മലയാളസിനിമ വാതില്‍പ്പുറ ചിത്രീകരണങ്ങളിലൂടെയും സമകാലിക പ്രമേയങ്ങളിലൂടെയും യാഥാര്‍ത്ഥ്യത്തിന്റെ നവീനാനുഭവങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. എ. വിന്‍സന്റ്, പി.എന്‍. മേനോന്‍ തുടങ്ങിയ സംവിധായകരുടെ നേതൃത്വത്തില്‍ പുതിയ ആവിഷ്‌കാരമുഖങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 'മുറപ്പെണ്ണ്' (1965) എന്ന തിരക്കഥയിലൂടെ എം.ടിയുടെ  സിനിമാപ്രവേശം. 'മുറപ്പെണ്ണ്' അപരിചിതമായ ഒരു സാമൂഹ്യലോകവും ഭാഷയും സിനിമയില്‍ കൊണ്ടുവന്നു. ദൃശ്യസമ്പന്നവും സിനിമയുടെ വ്യാകരണത്തെ സസൂക്ഷ്മം പിന്തുടര്‍ന്നതുമായ  എം.ടിയുടെ തിരക്കഥകള്‍ സിനിമയുടെ വിജയസൂത്രമായി. സിനിമയുടെ നിര്‍മ്മാണത്തില്‍ തിരക്കഥയുടെ പ്രാധാന്യം സ്ഥാപിച്ചെടുക്കുന്നവയായിരുന്നു ആ തിരക്കഥകള്‍.  'സ്‌ക്രിപ്‌റ്റെഴുതുമ്പോള്‍ മനസ്സില്‍ ആ സിനിമ ഓടിക്കൊണ്ടിരിക്കണം. മനസ്സിന്റെ സ്‌ക്രീനില്‍ ഓരോ സീക്വന്‍സും കാണാന്‍ കഴിയും' എന്ന് തിരക്കഥാരചനയെ അദ്ദേഹം വിശദീകരിക്കുന്നു. 'മുറപ്പെണ്ണി'ലെ പുതുഭാഷ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍,  വള്ളുവനാടന്‍ ഭാഷ എന്ന പേരില്‍  അത് പ്രചാരം നേടി. ജനജീവിതവുമായി ഇടകലര്‍ന്ന ഒരു നാട്ടുഭാഷയുടെ  സിനിമാപ്രവേശമായിരുന്നു അത്. ഓപ്പോള്‍ എന്ന ബന്ധസൂചക പദം ഈ വിധത്തിലാണ്  കേരളമാകെ പരിചിതമായത്. എന്നാല്‍, മലയാളത്തിലെ മറ്റു ഭാഷാഭേദങ്ങള്‍ക്ക് സിനിമയിലിടം കിട്ടാന്‍ പിന്നെയും കാലം കഴിഞ്ഞു.

സിനിമയെ സാഹിത്യത്തില്‍നിന്നു മോചിപ്പിക്കാന്‍ പി.എന്‍. മേനോന്‍, പി.എ. ബക്കര്‍, എം.ടി. എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശ്രമങ്ങളുടെ സാക്ഷാത്ക്കാരമാണ് 'ഓളവും തീരവും' (1970) എന്ന സിനിമ.  അതുവരെ ദൃശ്യവല്‍ക്കരിക്കപ്പെട്ട വള്ളുവനാടും ഭാഷയുമല്ല അതിലുണ്ടായിരുന്നത്. മലയാള സിനിമയിലെ നവതരംഗത്തിനു നാന്ദികുറിച്ച സിനിമയായി 'ഓളവും തീരവും' കണക്കാക്കപ്പെടുന്നു. 'പള്ളിവാളും കാല്‍ചിലമ്പും' (1954) എന്ന തന്റെ കഥ പുതുക്കിയെടുത്തും  സ്ഥലപരമായി വള്ളുവനാടിന്റെ  പ്രാന്തപ്രദേശങ്ങളിലേക്കു സഞ്ചരിച്ചുമാണ് 'നിര്‍മ്മാല്യം' (1973) എന്ന ആദ്യ സിനിമ അദ്ദേഹം സംവിധാനം ചെയ്തത്. 

വടക്കന്‍പാട്ടു സിനിമകള്‍ മലയാളത്തില്‍ ഒരു പ്രത്യേക ജനുസ്സായി നിലനില്‍ക്കുന്നവയാണ്. ഉദയാസ്റ്റുഡിയോയില്‍ നിന്നാണ് അത്തരം സിനിമകളിലേറെയും പുറത്തിറങ്ങിയത്. വടക്കന്‍ പാട്ടുകളിലെ കഥാപാത്രങ്ങളെ ആദര്‍ശവല്‍ക്കരിച്ചും വീരപരിവേഷത്തോടെയും അവതരിപ്പിക്കപ്പെട്ട സിനിമകളായിരുന്നു അവയെല്ലാം. വ്യത്യസ്തമായ ഭൂഭാഗവും കാലവും വീരചരിത്രവും ദൃശ്യവല്‍കരിക്കപ്പെട്ടതിന്റെ കൗതുകങ്ങളായിരുന്നു അത്തരം സിനിമകള്‍ക്കു ലഭിച്ച പ്രേക്ഷക പിന്തുണയുടെ നിദാനം. ആരോമലിനെ ചതിച്ചുകൊന്ന ചതിയനായിട്ടാണ് വടക്കന്‍ പാട്ടുകളില്‍ ചന്തു വ്യവഹരിക്കപ്പെടുന്നത്. എന്നാല്‍,  'ചതിയന്‍ ചന്തു'വിനെ  'ഒരു വടക്കന്‍ വീരഗാഥ'യിലൂടെ 'ചതിക്കപ്പെട്ട ചന്തു'വായി എം.ടി. പുനഃസൃഷ്ടിച്ചു. 

'വൈശാലി'യിലും 'പെരുന്തച്ചനി'ലും 'ഒരു വടക്കന്‍ വീരഗാഥ'യിലുമെല്ലാം എം.ടി. ഭൂതകാലദേശങ്ങളിലേക്കു പ്രവേശിക്കുന്നു. സംഭാഷണങ്ങള്‍ മാനകഭാഷയിലാകുന്നു. 'പെരുന്തച്ചന്‍' പറയിപെറ്റ പന്തിരുകുലമെന്ന വള്ളുവനാടന്‍ മിത്തുകളിലുള്‍പ്പെട്ടതാണ്. സമീപഭൂതകാലത്തില്‍ നിന്നാണ് കുറിയേടത്തു താത്രിയുടെ ചരിത്രമായ 'പരിണയം' എന്ന സിനിമയ്ക്കാധാരമായ തിരക്കഥയുണ്ടാവുന്നത്. നക്‌സലൈറ്റ് ജീവിതം (ആരണ്യകം, പഞ്ചാഗ്‌നി), പ്രവാസജീവിതം (വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍) തുടങ്ങി രാഷ്ട്രീയവും സാമൂഹ്യവും ആധുനികവുമായ ജീവിതസന്ദര്‍ഭങ്ങളാണ് മറ്റു തിരക്കഥകളെല്ലാം. തിരക്കഥകളിലൂടെ വള്ളുവനാടന്‍ ഭാഷയ്ക്ക് അസ്തിത്വം നല്‍കിയ എം.ടി. തന്നെയാണ് വൈവിദ്ധ്യമാര്‍ന്ന ഇതരദേശങ്ങളിലേക്കും ജീവിതാവസ്ഥകളിലേക്കും സിനിമയെ നയിച്ചത്.

ഇരുട്ടിന്റെ ആത്മാവ്
ഇരുട്ടിന്റെ ആത്മാവ്

ഇരുട്ടിന്റെ ആത്മാവും ശരീരവും

ആധുനികതയുടെ അപരസങ്കല്പവും ദ്വന്ദ്വങ്ങളും  വലിയതോതില്‍ കടന്നുവരാത്തവയാണ് .ടിയുടെ രചനാലോകം. മാത്രവുമല്ല, അപരത്തെ ആത്മമായി ലയിപ്പിച്ചെടുക്കുന്ന രാസവിദ്യയും അതിലുണ്ട്. 'നാലുകെട്ട്' എന്ന നോവലിന്റെ തുടക്കം മുതല്‍ അപ്പുണ്ണിയുടെ ശത്രുപക്ഷത്തുള്ള സെയ്താലിക്കുട്ടി ക്രമേണ ഉറ്റമിത്രമായി മാറുന്നു. അതോടെ നാലുകെട്ടില്‍ പ്രവേശിക്കാനും അമ്മാവന്മാരോട് നേര്‍ക്കുനേര്‍ നില്‍ക്കാനുമുള്ള പ്രാപ്തി നേടുകയും ചെയ്യുന്നു. തന്റെ പിതാവായ കോന്തുണ്ണിനായരെ കൊലപ്പെടുത്തിയത് സെയ്താലിക്കുട്ടിയാണെന്നാണ് അപ്പുണ്ണിയും നാട്ടുകാരുമെല്ലാം വിശ്വസിക്കുന്നത്. അത് വിശദീകരിക്കാന്‍ സെയ്താലിക്കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അപ്പുണ്ണി അതില്‍ തല്പരനാകുന്നില്ല. 'അസുരവിത്തി'ല്‍  മതപരമായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഗോവിന്ദന്‍കുട്ടി പ്രതികാരബുദ്ധിയോടെ ഇസ്‌ലാം മതത്തില്‍ ചേരുന്നത്. എന്നാല്‍, പുതിയ മതത്തേയും തിരസ്‌കരിച്ച് മതേതര ജീവിതത്തിന്റെ മാതൃകയായി ഗോവിന്ദന്‍കുട്ടി യാത്ര തുടരുന്നു. അബ്ദുള്ള എന്ന പുതിയ പേരുപോലും അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. മതം മാറിയപ്പോള്‍ പ്രധാനമായും മാറിയത് ശരീരമായിരുന്നു. ശരീരം ഒരു സ്ഥിരയാഥാര്‍ത്ഥ്യമല്ല. 

രാത്രിയും ഇരുട്ടും കറുപ്പും പ്രതീകങ്ങളും ദ്വന്ദ്വങ്ങളുമായി എം.ടിയുടെ കഥാഭൂമികയിലെ സംഘര്‍ഷസ്ഥാനങ്ങളായി നിലകൊള്ളുന്നു. 'ഇരുട്ടിന്റെ ആത്മാവി'ലെ (1957) വേലായുധന് ഭ്രാന്തനെന്ന മുദ്ര കിട്ടുന്നതോടെ വെളിച്ചവും പകലും സാമൂഹ്യജീവിതവും അസംബന്ധമായി  മാറുന്നു. വേലായുധനും മറ്റുള്ളവരും തമ്മില്‍ യാതൊരു വിനിമയവും സാദ്ധ്യമല്ലാതെ വരുന്നു. ഭാഷതന്നെ അപ്രാപ്യമാകുന്നു. ഒടുവില്‍ നിസ്സഹായനായി 'ഞാന്‍ ഭ്രാന്തനാണ്' എന്നു പ്രഖ്യാപിക്കുമ്പോള്‍ അയാള്‍ക്ക് ഭ്രാന്തില്ല എന്ന് എല്ലാവര്‍ക്കുമറിയാം. വേലായുധന്‍ പറയുന്ന ഒരസത്യം മറ്റുള്ളവര്‍ക്കു മനസ്സിലാകാത്ത ഒരു ഭാഷാസന്ദര്‍ഭത്തിലാണ് 'ഇരുട്ടിന്റെ ആത്മാവ്' പര്യവസാനിക്കുന്നത്. ഭ്രാന്തന്മാര്‍ എപ്പോഴും ഭാഷയ്ക്ക് പുറത്താണ്.

ഇരുട്ടിത്തുടങ്ങിയ ഒരു സന്ധ്യാനേരത്താണ് 'നാലുകെട്ട്' ആരംഭിക്കുന്നത്. രാത്രികളാണ് അപ്പുണ്ണിക്കു പല പുതിയ അനുഭവങ്ങളും നല്‍കുന്നത്. പകലിലും ഇരുട്ട് കുടിയേറിയ നാലുകെട്ട് പൊളിച്ച് വെളിച്ചം കടക്കുന്ന വീടുണ്ടാക്കാനാണ് നോവലിന്റെ അവസാനത്തില്‍ അപ്പുണ്ണി തീരുമാനിക്കുന്നത്. 'കാലം' തുടങ്ങുന്നതും അവസാനിക്കുന്നതും രാത്രിയിലാണ്. 'വാരണാസി' ശ്മശാനനഗരത്തിലെ രാത്രിയില്‍ അവസാനിക്കുന്നു.

ഇരുട്ടിന്റേയും കറുപ്പിന്റേയും രൗദ്രഭാവങ്ങള്‍ ആവാഹിച്ചതാണ് 'രണ്ടാമൂഴം'. കറുത്ത കടലിനെ അവതരിപ്പിച്ചുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. നോവലിന്റെ അവസാനത്തില്‍ മഹാപ്രസ്ഥാനത്തില്‍നിന്നു തിരിച്ചുനടന്ന ഭീമന്‍ കാമത്തിന്റെ തിരികള്‍ കെടാത്ത കറുത്ത സുന്ദരിയെത്തേടി കാട്ടിലേക്കുതന്നെ മടങ്ങുന്നു. വീണുകിടക്കുന്ന ശ്യാമമേഘം പോലെ താഴത്തു കാണുന്ന വനഭൂമിയിലെത്താന്‍ വേണ്ടി ഭീമസേനന്‍ നടന്നു. 'കൂട്ടംകൂടി നിന്ന ഇരുട്ടു പോലെ'യാണ് ഘടോല്‍ക്കചന്റെ മൃതദേഹം ഭീമന്‍ കാണുന്നത്. രണ്ടാമൂഴത്തിലെ പ്രധാന സംഭവങ്ങളില്‍ പലതും സംഭവിക്കുന്നത് രാത്രിയിലാണ്.

'കുട്ട്യേടത്തി'യില്‍ കുട്ട്യേടത്തി കറുത്തും ജാനുവേടത്തി വെളുത്തുമാണ്. എങ്കിലും കുട്ട്യേടത്തിയോടാണ് വാസുവിന് ഇഷ്ടം. സ്വാതന്ത്ര്യത്തിന്റെ പര്യായമായ കുട്ട്യേടത്തി മരം കയറുകയും ജാതിയില്‍ താഴ്ന്നവനെ പ്രണയിക്കുകയും ചെയ്യുന്നു. മുഖത്തെ വൈരൂപ്യം മാറ്റാന്‍ സ്വയം ശസ്ത്രക്രിയ നടത്തി കൂടുതല്‍ വിരൂപയായി മാറിയ കുട്ട്യേടത്തി ഒരു രാത്രിയില്‍ ഉത്തരത്തില്‍ തൂങ്ങിയാടി. 'കര്‍ക്കിടകം' ദാരിദ്ര്യവും നിരാലംബ ബാല്യവും മഴക്കാലവുമെല്ലാം ചേര്‍ന്ന ഇരുട്ടിനെയാണ് ആവിഷ്‌കരിക്കുന്നത്. ഉറക്കം വരാതെ കിടക്കുമ്പോള്‍ 'കറുത്ത കര്‍ക്കിടക രാത്രിയുടെ മാളങ്ങളില്‍നിന്ന് ആയിരം സ്വരങ്ങള്‍ കേള്‍ക്കുന്നു.' 'നീലക്കുന്നുകളി'ല്‍ കഥയുടെ ഒരു ഖണ്ഡത്തിന്റെ പേരുതന്നെ രാത്രികള്‍ എന്നാണ്. വേറൊന്നിന്റെ പേര് വെളിച്ചം എന്നുമാണ്. 'പരിശുദ്ധമായ നഗരം' എന്ന ആദ്യകാല കഥ സന്ധ്യ, രാത്രി, പാതിര, പുലരി എന്നീ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. 'കറുത്ത ചന്ദ്രന്‍' എന്ന കഥയിലെ പത്മം 'നനയുന്ന കണ്ണുകള്‍ ജാലകമറയ്ക്കപ്പുറത്തെ ഇരുണ്ട രാത്രിയിലേക്കുയര്‍ത്തി' വെറുങ്ങലിച്ചപോലെ കിടക്കുന്നു. 'വിത്തുകളി'ല്‍ അമ്മയുടെ പിണ്ഡം കൊത്താന്‍ കാത്തിരിക്കുന്ന കാക്കകളോട് ഉണ്ണി പ്രാര്‍ത്ഥിച്ചു: 'കാക്കകളേ, നിങ്ങളിതു കൊത്തരുത്. ഈ കറുത്ത വൃത്തികെട്ട പക്ഷികള്‍ മണ്‍മറഞ്ഞ നല്ലവരുടെ ആത്മാക്കളല്ലാതിരിക്കട്ടെ.' വൃദ്ധനും വിരൂപനുമാണ് സര്‍ദാര്‍ജിയെന്ന് 'മഞ്ഞി'ലെ വിമല ആദ്യമേ മനസ്സിലാക്കുന്നു. അയാളുടെ നെറ്റിയിലെ മുക്കാല്‍ ഭാഗവും കറുപ്പുനിറം വ്യാപിച്ചു കിടക്കുന്ന കല വിമലയില്‍ വെറുപ്പുണ്ടാക്കുന്നു. എങ്കിലും 'ക്താര' മീട്ടി സുന്ദരമായി പാടുന്ന അയാള്‍ വിജ്ഞനും തത്ത്വജ്ഞാനിയുമാണെന്ന് പിന്നീട് വിമല തിരിച്ചറിയുന്നു. ഇരുവരും ചേര്‍ന്ന് സായാഹ്ന സവാരി നടത്തുന്നു. സര്‍ദാര്‍ജി മരണത്തെ തത്ത്വചിന്താപരമായി അവതരിപ്പിക്കുന്നു (മരണം രംഗബോധമില്ലാത്ത കോമാളിയാണ്). പാറക്കെട്ടില്‍ വലിഞ്ഞുകയറി വിമലയ്ക്കു മുന്നില്‍ മരണത്തിന്റെ മുഖം കാണിച്ചുകൊടുക്കുന്നു. വൃദ്ധനും വിരൂപനും വിജ്ഞനുമായ സര്‍ദാര്‍ജിയോട് ഇടപെടുന്നതിനു സമാനമായാണ് ബുദ്ധിമാന്ദ്യമുള്ള യുവാവായ ബുദ്ദുവിനോടും വിമല ഇടപെടുന്നത്. വിരുദ്ധ ധ്രുവങ്ങളിലുള്ള ഈ രണ്ടാളുകളോടുമാണ് വിമലയുടെ ഗാഢസമ്പര്‍ക്കങ്ങള്‍.

മുറപ്പെണ്ണ്
മുറപ്പെണ്ണ്

ഒരു രാത്രിയില്‍ തുടങ്ങി മറ്റൊരു രാത്രിയില്‍, വെളിച്ചപ്പാടിന്റെ മരണത്തോടെ അവസാനിക്കുകയാണ് നിര്‍മ്മാല്യം എന്ന സിനിമ. രാത്രിയുടെ ഇരുണ്ട നിശ്ശബ്ദതയിലേക്ക് അമ്പലവും പരിസരവുമൊക്കെ താണുപോകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സിനിമയ്ക്കാധാരമായ കഥയുടെ തുടക്കം. സിനിമയില്‍ രാത്രിക്കും ഇരുട്ടിനും കൂടുതല്‍ ദൃശ്യാത്മകതയുണ്ട്. ഉണ്ണി നമ്പൂതിരിയും അമ്മിണിയും വിടപറയുന്ന രംഗവും മയമുണ്ണിയും ഭാര്യ നാരായണിയും തമ്മിലുള്ള രംഗങ്ങളുമെല്ലാം സന്ധ്യാനേരത്താണ്. യാഥാര്‍ത്ഥ്യത്തിന്റെ ഭൂമിയും ആകാശവും യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരത്തിന്  എം.ടി. ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തുന്നു. യാഥാര്‍ത്ഥ്യത്തെ മൂര്‍ത്തമാക്കിയ സാമൂഹ്യചിന്തകള്‍ പലപ്പോഴും അദൃശ്യമാവുന്നു. തന്റെ ഗ്രാമത്തില്‍നിന്നു കണ്ടെത്തിയ മനുഷ്യരുടെ വിദൂരമാതൃകകളാണ് എം.ടിയുടെ പല കഥാപാത്രങ്ങളും. എന്നാല്‍, പേരുകള്‍ മാറ്റിയും ഇതര സന്ദര്‍ഭങ്ങളില്‍ പ്രതിഷ്ഠിച്ചുമൊക്കെ യാഥാര്‍ത്ഥ്യം പുനഃക്രമീകരിക്കപ്പെടുന്നു. എങ്കിലും അവയില്‍ ഭൂരിപക്ഷത്തിനും ഗ്രാമത്തില്‍നിന്നും കുടുംബത്തില്‍നിന്നും മാതൃകകള്‍ കണ്ടെത്താനാവുമെന്നതിനാല്‍ കൂടല്ലൂര്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ജന്മദേശമായി തുടരുന്നു.

സമകാലിക ജീവിതം നാലുകെട്ടുകളിലെ ഇരുട്ടിന്റേയും ദാരിദ്ര്യത്തിന്റേയും കുടുംബപരിവര്‍ത്തനങ്ങളുടേയും രൂപത്തിലാണ് എം.ടി. ആവിഷ്‌കരിച്ചത്. വ്യക്തി/കുടുംബ ജീവിതങ്ങളിലെ സംഘര്‍ഷങ്ങളും ഭൗതിക ദുഃഖങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന സമകാലിക ജീവിതസന്ദര്‍ഭങ്ങള്‍ അവയിലുണ്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വൈയക്തികാനുഭവമായി മാറുമ്പോഴാണ് അവയ്ക്ക് മൂര്‍ത്തത കൈവരുന്നത്. മലബാര്‍ കലാപത്തെക്കുറിച്ച് അതിന്റെ കേന്ദ്രപ്രദേശത്തു ജീവിച്ച ആളായിരുന്നിട്ടുകൂടി എം.ടി. നേരിട്ടൊന്നും എഴുതിയില്ല. എന്നാല്‍, 'നാലുകെട്ടി'ലേയും 'അസുരവിത്തി'ലേയും മറ്റുപല ചെറുകഥകളിലേയും മുസ്‌ലിം ജീവിതങ്ങളും ഗോവിന്ദന്‍കുട്ടിയുടെ മതം മാറ്റവും മതേതരത്വത്തിന്റെ സൂചനകളുമെല്ലാം കലാപാനന്തരകാലത്ത് ജനങ്ങളാര്‍ജ്ജിച്ച അനുഭവങ്ങളുടെ ആഖ്യാനങ്ങളാണ്. ഭൂപരിഷ്‌കരണം പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും ഭൂമി നഷ്ടമാകുന്നതിന്റെ ഭീതിയും എല്ലാവരും 'ജന്മി'യാകുന്നതിനെക്കുറിച്ചുള്ള പരിഹാസങ്ങളും അതിലെങ്ങുമുണ്ട്. മാറ്റമില്ലാത്തതെന്നു  കരുതപ്പെട്ടിരുന്ന ജന്മിവ്യവസ്ഥയുടെ നാശമാണ് തങ്ങളുടെ ദാരിദ്ര്യത്തിനു കാരണമെന്ന് അവരില്‍ ചിലരെല്ലാം കരുതുന്നു. എന്നാല്‍, ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരു വിഭാഗം വാണിജ്യകൃഷി നടത്തിയും മോട്ടോര്‍വാഹന വ്യവസായത്തിലേക്കു പ്രവേശിച്ചും  മാറാന്‍ പോകുന്ന ലോകത്തെ മുന്‍കൂട്ടി കണ്ടവരുമായിരുന്നു. 

ബഹുവിധ യാഥാര്‍ത്ഥ്യങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് എം.ടി. ആദ്യമായി സംവിധാനം ചെയ്ത സിനിമയായ 'നിര്‍മ്മാല്യം' രൂപപ്പെട്ടത്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതപ്പെട്ട 'പള്ളിവാളും കാല്‍ചിലമ്പും' എന്ന കഥയാണ് അതിനാധാരമെങ്കിലും സിനിമയിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളൊന്നും കഥയിലുള്ളതല്ല. മൂക്കുതല എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് സിനിമ ചിത്രീകരിച്ചതെങ്കിലും മറ്റുപല ഭൂപ്രദേശങ്ങളും വസ്തുക്കളും കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച പുതിയൊരു മൂക്കുതലയാണ് സിനിമയിലുള്ളത്. ഭാരതപ്പുഴ, ദേശമംഗലം മന, പോസ്‌റ്റോഫീസിലേക്കുള്ള  വഴിയിലെ കുന്ന് എന്നിവയെല്ലാം സിനിമയുടെ സാങ്കേതികതകൊണ്ട് ഒട്ടിച്ചുചേര്‍ത്താണ് സിനിമയിലെ ഗ്രാമം സൃഷ്ടിക്കപ്പെട്ടത്. 'നീലത്താമര' എന്ന സിനിമ രണ്ടു തവണ (1979/2009) നിര്‍മ്മിക്കപ്പെട്ടപ്പോള്‍ അവയ്‌ക്കോരോന്നിനും എം.ടി. തന്നെ എഴുതിയ തിരക്കഥകള്‍ യാഥാര്‍ത്ഥ്യത്തിന്റെ രണ്ടു മുഖങ്ങളാണ്.

എംടി/ ഫോട്ടോ: ജോയി ആലുവ
എംടി/ ഫോട്ടോ: ജോയി ആലുവ

ഭീമന്റെ കണ്ണിലൂടെ കാണുന്ന മഹാഭാരതമാണ് 'രണ്ടാമൂഴം.' ഭീമന്‍ നായകസ്ഥാനത്തേക്കുയര്‍ത്തപ്പെട്ടതോടൊപ്പം പല അപ്രധാന കഥാപാത്രങ്ങളും മിഴിവുള്ളവരാവുകയും ചെയ്യുന്നു. കാട്ടാളരും കാട്ടാളജീവിതവുമാണ് അതിലൊന്ന്. ഇതിഹാസകാലവും അതിന്റെ യാഥാര്‍ത്ഥ്യവും പുതിയൊരു വിധത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു. അതിന് യുക്തിപൂര്‍വ്വമായ അന്വേഷണങ്ങളാണ് അദ്ദേഹത്തെ സഹായിച്ചത്. രണ്ടാമൂഴത്തിലെ പഞ്ചപാണ്ഡവരുടെ പിതൃത്വം കൂടുതല്‍ യുക്തിസഹമാക്കപ്പെടുന്നു. 'ഒരു വടക്കന്‍ വീരഗാഥ'യിലൂടെ 'ചതിക്കപ്പെട്ട ചന്തു'വിനെ സൃഷ്ടിക്കാനും യുക്തിപരമായ പുനരാലോചനകളാണ് അദ്ദേഹത്തെ സഹായിച്ചത്.

എം.ടിയുടെ ആദ്യകാല കഥകളിലെ കഥാപാത്രങ്ങളുടെ വിപുലനങ്ങളോ സംഗ്രഹങ്ങളോ ആണ് പില്‍ക്കാല കഥാപാത്രങ്ങളെങ്കിലും അവര്‍ വിഹരിച്ച ഭൂമിയും ആകാശവും വേറെയാണ്. മാനവികമായ ശക്തിയും ദൗര്‍ബ്ബല്യങ്ങളുമാണ് അവരെ ഭൂമിയിലെന്നപോലെ ആകാശത്തും ചേര്‍ത്തുനിര്‍ത്തുന്നത്. സ്ഥലകാല സമന്വിതമായ ശരീരവും ആത്മാവും ചേര്‍ന്ന ആ കഥാപാത്രങ്ങള്‍ ഭൂമിയില്‍നിന്ന് ആകാശത്തേയും ആകാശത്തുനിന്ന് ഭൂമിയേയും നോക്കിക്കാണുന്നു. അവ രണ്ടും സ്ഥിരമല്ലെന്ന് ഓര്‍മ്മകളെ സാക്ഷിയാക്കി അവര്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com