കാച്ചിക്കുറുക്കിയ 'മഞ്ഞ്'; ഒന്നും നേടാതെ പോയ, മനുഷ്യസ്‌നേഹിയായ 'ഭീമന്‍'

എം.ടി. കൃതികളുടെ ലോകം തിരയുമ്പോള്‍. മഞ്ഞ്, രണ്ടാമൂഴം എന്നീ നോവലുകള്‍ വായിക്കുന്നു ലേഖകന്‍
കാച്ചിക്കുറുക്കിയ 'മഞ്ഞ്'; ഒന്നും നേടാതെ പോയ, മനുഷ്യസ്‌നേഹിയായ 'ഭീമന്‍'

1954-ജനുവരി ഒന്ന്. വെള്ളിയാഴ്ച മാതൃഭൂമി ദിനപത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ലോക ചെറുകഥാ മത്സരത്തില്‍, മലയാള വിഭാഗത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ ഒന്നാം സമ്മാനം നേടിയ വാര്‍ത്തയായിരുന്നു അത്. 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥയ്ക്കായിരുന്നു സമ്മാനം. അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നല്ലോ അത്. ഇന്നിപ്പോള്‍ ലോകത്ത് എവിടെനിന്നു നോക്കിയാലും കാണാവുന്ന ഉയരത്തിലാണ് എം.ടി. നില്‍ക്കുന്നത്. ആത്മാര്‍ത്ഥതയാണ് എഴുത്തിന്റെ ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് അദ്ദേഹം കാണിച്ചു തന്നു. നമ്മുടെ ഓര്‍മ്മകളേയും യാതനകളേയും ആസ്വദിക്കാതെ നമുക്കീ ലോകത്തോട് സംവദിക്കാനാവില്ലെന്നും കാണിച്ചുതന്ന എഴുത്തുകാരനാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും നിരവധി പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരേ ഒരിക്കല്‍ മാത്രമാണ് അദ്ദേഹവുമായി സംസാരിക്കാനവസരമുണ്ടായത്. കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ഇടശ്ശേരി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന അദ്ദേഹം അവിടെ ഒരു മുറിയില്‍ വിശ്രമിക്കുമ്പോഴാണ് ഞാനവിടെ കയറിച്ചെല്ലുന്നത്. അടുത്ത ചില കൂട്ടുകാര്‍ എം. ടിയെ കാണുന്നില്ലേ എന്നാരാഞ്ഞു. തീരെ സംസാരപ്രിയനല്ലാത്ത അദ്ദേഹത്തിനടുത്തു പോകുന്നതില്‍ എനിക്കല്പം സങ്കോചമുണ്ടായി. ഞാനടുത്തു ചെന്നപ്പോള്‍ കസേരയിലിരിക്കുന്ന അദ്ദേഹം എന്നെ നോക്കി. അപരിചിതനായ ഒരാളെ കണ്ട മുഖഭാവം. ഞാന്‍ എന്റെ പേരും സ്ഥലവും പറഞ്ഞപ്പോള്‍ കണ്ണുകള്‍ ചുളിച്ച് ആലോചനയിലേക്ക് വഴുതിപ്പോകുംപോലെ. വീണ്ടും മുഖത്ത് സൂക്ഷിച്ചുനോക്കി. 'ദാമോദരന്റെ മകനാണോ?' അദ്ദേഹമെന്റെ രണ്ട് കയ്യും പിടിച്ചു. പിന്നെ നനുത്ത ശബ്ദത്തില്‍ പറഞ്ഞു: 'ഞാനദ്ദേഹത്തെ നന്നായറിയും. ഞാന്‍ കുട്ടിയാവുമ്പോള്‍ അവരൊക്കെ മുതിര്‍ന്നവരാ. അവരൊക്കെയാണ് എന്റെ വഴികാട്ടികള്‍...' അന്നത്തെ എം.ടിയുടെ പ്രഭാഷണത്തില്‍ പൊന്നാനി കേന്ദ്ര കലാസമിതിയും അതിന്റെ പ്രവര്‍ത്തനങ്ങളും അതിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പുസ്തക പ്രസാധനശാലയും ചേട്ടന്‍ കൊടുത്ത പണംകൊണ്ട് അതില്‍ മെമ്പര്‍ഷിപ്പെടുത്തതും വിശദീകരിച്ച് സംസാരിച്ചു. അച്ഛന്റേയും (എന്‍. ദാമോദരന്‍) മറ്റും പേരുകള്‍ പലവട്ടം പരാമര്‍ശിച്ചു. പ്രഭാഷണം കഴിഞ്ഞ് കാറില്‍ കയറാന്‍ പോകുമ്പോഴും കാറില്‍ കയറിയിരുന്ന ശേഷവും അദ്ദേഹം എന്നെ നോക്കി യാത്ര പറഞ്ഞു. അതെനിക്ക് വല്ലാത്തൊരനുഭവമായിരുന്നു.

എംടി/ ഫോട്ടോ: അപ്സര ഉദയൻ
എംടി/ ഫോട്ടോ: അപ്സര ഉദയൻ

മഞ്ഞിലെ സ്ഥലവും കാലവും

എം.ടിയുടെ രചനകളില്‍ തികച്ചും വ്യത്യസ്തമായി നില്‍ക്കുന്ന ഒരു മികച്ച നോവലാണ് അദ്ദേഹം 1964ല്‍ പ്രസിദ്ധീകരിച്ച 'മഞ്ഞ്.' അഞ്ഞൂറില്‍പരം പേജുകളുള്ള ബൃഹത്തായ ഒരു നോവലായിട്ടായിരുന്നു, ഈ നോവല്‍ ആദ്യം പിറവിയെടുത്തത്. പിന്നീട് നിരവധി തവണ മാറ്റിയെഴുതിയ ശേഷമാണ് വെറും എണ്‍പത് പേജുള്ള ഒരു കൊച്ചു നോവലായി ഇത് മാറിയതെന്ന് എം.ടി. തന്നെ പറയുന്നുണ്ട്. അതുകൊണ്ട് 'മഞ്ഞി'നെ കാച്ചിക്കുറുക്കിയ നോവല്‍ എന്നു വിളിക്കുന്നു. മുഖ്യധാരാ കഥാപാത്രമായ വിമലയുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും ധാരധാരയായി ഒഴുകുന്ന ഓര്‍മ്മകളായിട്ടാണ് കഥ വികസിക്കുന്നത്. അതുകൊണ്ട് ബോധധാരാക്രമത്തിലെഴുതിയ ആദ്യ മലയാള നോവല്‍ എന്ന ഖ്യാതിയും മഞ്ഞിനുണ്ട്. വിഷാദത്തിന്റെ ലയം കലര്‍ന്ന പ്രതീക്ഷ എന്ന നിലയില്‍ എത്ര മധുരമാണെന്നോ കാത്തിരിപ്പിന്റെ കഥ. കാത്തിരിപ്പ് എന്ന നിത്യതരുണമായ ആ കാല്പനിക ഭാവമുണ്ടല്ലോ, അതാണ് മഞ്ഞിന്റെ പ്രാണചൈതന്യം. ഇത് ഗദ്യത്തിലെഴുതിയ കാല്പനിക കവിതയെന്നും വിശേഷിപ്പിക്കുന്നു. കഥ മനസ്സില്‍നിന്നൊഴുകുമ്പോള്‍ കവിതയാവുന്നു. അങ്ങനെ 'മഞ്ഞ്' ഒരു ഭാവഗീതമാണെന്നും നിരൂപകര്‍ അവകാശപ്പെടുന്നു.

വളരെ ലളിതമായൊരു കഥ, അവതരണശൈലികൊണ്ടും ഭാഷാപ്രയോഗം കൊണ്ടും കഥാപാത്ര സൃഷ്ടികൊണ്ടും മഹത്തരമാവുന്നുവെന്നതാണ് മഞ്ഞിന്റെ പ്രത്യേകത. സ്ഥലവും കാലവും കാലാവസ്ഥപോലും ഈ കഥയിലെ കഥാപാത്രങ്ങളാണ്. മഞ്ഞിലൂടെ എം.ടി. മലയാളത്തില്‍ ഒരു പുതിയ സൗന്ദര്യഭൂമിക സൃഷ്ടിക്കുകയായിരുന്നു.

മഞ്ഞ് ആദ്യം വായിച്ചതു മുതല്‍ മനസ്സില്‍ കയറിവന്ന ആഗ്രഹമാണ് നൈനിറ്റാള്‍ ഒന്ന് കാണണമെന്ന്. വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു, അതു സാക്ഷാല്‍ക്കരിക്കാന്‍. ന്യൂഡല്‍ഹിയില്‍നിന്നു ശതാബ്ദി എക്‌സ്പ്രസ്സില്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് കോത്ഗദാം സ്‌റ്റേഷനില്‍ തീവണ്ടിയിറങ്ങി. മലകള്‍ ചുറ്റിക്കയറി നൈനിറ്റാളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചിന്തകളില്‍ നിറഞ്ഞത് 'മഞ്ഞ്' എന്ന കൊച്ചു നോവലിലെ കഥയും കഥാപാത്രങ്ങളുമായിരുന്നു. വെള്ളയും കരിമ്പടവും വിരിച്ച്, മെയ് മാസത്തിലെ സഞ്ചാരികളെ കാത്തിരിക്കുന്ന നഗരത്തിലെത്തുമ്പോള്‍ വിളക്കുമരങ്ങളും കമ്പിക്കാലുകളുമെല്ലാം ചായം തേച്ച് മോടിപിടിപ്പിച്ചിരിക്കുന്നു. ഹോട്ടല്‍ മുറിയില്‍ തടാകത്തിനഭിമുഖമായി ജനല്‍പൊളികള്‍ തുറന്നിട്ടപ്പോള്‍ 'തണുത്ത കാറ്റ് ആവേശത്തോടെ വന്ന് കെട്ടിപ്പിടിച്ച ശേഷം മുറിയില്‍ കുറ്റബോധത്തോടെ പരുങ്ങിനിന്നു.' നഗരത്തിനും തടാകത്തിനും മുകളില്‍ വെണ്‍മേഘത്തുണ്ടുകള്‍ പാറിനടക്കുന്നു.

തടാകത്തെ ചാരി നീണ്ടുവളഞ്ഞുപോകുന്ന നടപാതയിലൂടെ നടക്കുമ്പോള്‍ ജനത്തിരക്കിനിടയിലും വന്യമായൊരു നിശ്ശബ്ദത എന്നെ പൊതിഞ്ഞു. 'എണ്ണമറ്റ നേര്‍ത്ത ശബ്ദങ്ങള്‍ കൂടിക്കലര്‍ന്ന് ശബ്ദമുണ്ടാവുമ്പോഴാണ് നിശ്ശബ്ദത തോന്നുന്നത്.' നിശ്ശബ്ദതയുടെ സംഗീതം. അതേ, കാടിനു സംഗീതമുണ്ട്, മഴയ്ക്കും കാറ്റിനും ഭാഷയും സംഗീതവുമുണ്ട്...

തടാകത്തിലേക്ക് കെട്ടിനിര്‍ത്തിയ പ്ലാറ്റ്‌ഫോമില്‍, കദമ്പു മരത്തിനു താഴെ ഏകാന്തതയില്‍ ലയിച്ച്, കെട്ടിക്കിടക്കുന്ന ജലാശയത്തിലേക്ക് നോക്കിനില്‍ക്കേ, നിമിഷങ്ങള്‍ വീണ്ടും നിശ്ശബ്ദതയുടെ നീര്‍ക്കയത്തിലേക്ക് താണുപോയി. വിമല ആവേശത്തോടെ മനസ്സിലേക്ക് കയറിവന്നു. കൂടെ ബോര്‍ഡിംഗ് ഹൗസിലെ പതിമൂന്നാം നമ്പര്‍ മുറിയും. പ്രതീക്ഷയെ അനിവാര്യമായും ആവരണം ചെയ്യുന്ന വിഷാദംപോലെ ആ നഗരത്തെ മഞ്ഞ് മൂടിക്കിടന്നു. ബോര്‍ഡിംഗ് ഹൗസിലെ പതിമൂന്നാം നമ്പര്‍മുറിയിലാണ് വിമല വര്‍ഷങ്ങളായി താമസിക്കുന്നത്. അവധിക്കാലത്തുപോലും അവിടെത്തന്നെ! അവരുടെ മനസ്സിനെ ചിത്രീകരിക്കുന്നതാണ് മുറിയും. ചിതറിക്കിടക്കുന്ന സാരികള്‍, മുകള്‍ത്തട്ടില്‍നിന്നും ഉറകുത്തി വീണ വെളുത്ത പൊടികള്‍, നിറം മങ്ങിയ കടലാസു പൂക്കള്‍, ഏപ്രില്‍ മാസമായിട്ടും ജനുവരിയില്‍ തൂങ്ങുന്ന കലണ്ടര്‍, വെളിച്ചം വീഴാത്ത മൂലയില്‍ പ്രതിഷ്ഠിച്ച കണ്ണാടി. ഓര്‍ക്കുമ്പോള്‍ നൊന്തുപോകുന്ന, കഴിഞ്ഞ കാലങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഇടതടവില്ലാത്ത ഒഴുക്കാണ് അവളുടെ മനസ്സു നിറയെ.

നാട്ടില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു ചെറുക്കന്‍ വലിയൊരു വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തോട്ടത്തിലെ കണക്കെഴുത്തുകാരനും തപാല്‍ മാസ്റ്ററുമായി ജീവിതം തുടങ്ങി. ഭാര്യയുടെ മിന്നു വിറ്റ് മദ്രാസ്സിലെ പഠനശേഷം ഉരുളക്കിഴങ്ങ് ഗവേഷണത്തിന്റെ അധിപനായി. കീഴ്ജീവനക്കാരേയും ഭാര്യയേയും മക്കളേയും അടക്കിഭരിച്ചിരുന്ന ആ മനുഷ്യനാണ് തന്റെ പിതാവ്. അദ്ദേഹം തളര്‍ന്നുവീണപ്പോള്‍ കുടുംബം ശിഥിലമായി. ഒന്നുറക്കെ സംസാരിക്കാന്‍ പോലും ഭയന്നിരുന്ന ആ വീട്ടില്‍ അപശബ്ദങ്ങള്‍ നിറഞ്ഞു. കരിമ്പടത്തിനിടയില്‍ അച്ഛന്‍ തളര്‍ന്ന്, കാലിപിള്ളേര്‍ ചുഴറ്റിയെറിഞ്ഞിട്ട ചേരയെപ്പോലെ നിസ്സഹായനായി കിടന്നു. നഷ്ടപ്പെട്ട തന്റെ സാമ്രാജ്യത്തിന്റെ തറക്കല്ല് വെട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് കിടക്കുമ്പോള്‍, അമ്മ, ക്രീമുകള്‍ കൊണ്ടും പൗഡര്‍ കൊണ്ടും പ്രായത്തെ തടഞ്ഞുനിര്‍ത്തി അടുത്ത വീട്ടിലെ തോമസ്സിന്റെ വീട്ടിലെ നിത്യസന്ദര്‍ശകയാവുന്നു. അനിയന്‍ അമ്മയുടെ രഹസ്യബന്ധം മുതലെടുത്ത് അമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് കഞ്ചാവ് വലിച്ചും ശീട്ട് കളിച്ചും കാലം കളയുന്നു. അനിയത്തി അടുത്ത വീട്ടിലെ ഡോക്ടറുടെ മകന് പ്രേമലേഖനങ്ങള്‍ കൈമാറി അണിഞ്ഞൊരുങ്ങി ജീവിക്കുന്നു. വീട്ടില്‍ പോകുമ്പോഴൊക്കെ അച്ഛനു മരണം ഒരനുഗ്രഹമായിരിക്കുമെന്ന് വിമലയ്ക്ക് തോന്നാറുണ്ട്.

ഒഴിവുകാലമായിരുന്നിട്ടും അച്ഛന്‍ മരിച്ചതിനു പിറ്റേന്നുതന്നെ വിമല ബോര്‍ഡിംഗ് ഹൗസിലേക്ക് തിരിച്ചു. ഇന്നലെകളുടേയും നാളേയുടേയും മദ്ധ്യത്തില്‍ ഒഴിവുകാലം കടന്നുപോകുമ്പോള്‍ മലകളുടെ കുഴിമാടത്തില്‍ അവള്‍ ഒരു തടവുകാരിയായി കഴിയുന്നു. വെയില്‍ തെളിയുമ്പോള്‍ കുന്നിന്‍ചെരുവില്‍ മഞ്ഞുരുകിയ വെള്ളിയൊഴുക്കുകള്‍ഇന്നലെകളുടെ കണ്ണീര്‍ചോലകള്‍പോലെ!'

ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് തന്റെ സര്‍വ്വസ്വവും സമര്‍പ്പിച്ച നീലക്കണ്ണുകളുള്ള സുധീര്‍കുമാര്‍ മിശ്രയെ ഓരോ സീസണിലും വിമല കാത്തിരിക്കുന്നുണ്ട്. വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ. തപാലാപ്പീസില്‍നിന്നും അമര്‍സിംഗ് തപാലുമായി വരുമ്പോഴെല്ലാം പ്രതീക്ഷകളുടെ ഒരു മായാലോകം നിമിഷങ്ങള്‍ കൊണ്ടവളുടെ മുന്നില്‍ ഉയരുകയും ഉടനെ നീര്‍ക്കുമിളപോലെ പൊടിഞ്ഞുപോവുകയും ചെയ്യുന്നു. വിമല ഓര്‍ക്കുന്നുണ്ട്: 'ആദ്യത്തെ പാപം. സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന ആദ്യത്തെ വേദന, ആദ്യത്തെ ആഹ്ലാദം, ആദ്യത്തെ നിര്‍വൃതി. വട്ടം വീശി വിടരുന്ന ഓളങ്ങളുടെ മദ്ധ്യത്തില്‍ താണുപോയ കല്ലിന്റെ അവ്യക്തസ്ഥാനം പോലെ ഓരോര്‍മ്മ മാത്രം.'

സഹയാത്രികര്‍ വിളിച്ചപ്പോള്‍ ചിന്തയില്‍നിന്നുണര്‍ന്ന് അവരോടൊപ്പം ചേര്‍ന്നു. വീണ്ടും മലകള്‍ ചുറ്റിക്കയറി ഉയരത്തിലെത്തിയപ്പോള്‍ അങ്ങ് ദൂരെ ഹിമാലയത്തിന്റെ അവ്യക്തമായ കാഴ്ച. താഴേയ്ക്ക് നോക്കുമ്പോള്‍, ഒരു കണ്ണിന്റെ ആകൃതിയില്‍ നൈനിറ്റാള്‍ തടാകത്തിന്റെ ദൂരക്കാഴ്ച. ഈ തടാകത്തെ നേത്രദേവതയുടെ ഇരിപ്പിടമായി വിശ്വാസികള്‍ കരുതുന്നു. 'താല്‍' എന്നാല്‍ ജലം എന്നര്‍ത്ഥം. നൈനിത്താല്‍ എന്നാല്‍ നൈനീദേവിയുടെ ജലംതടാകം. അഗ്‌നിയില്‍ ചാടി ജീവന്‍ വെടിഞ്ഞ സതീദേവിയുടെ മൃതദേഹം പരമശിവന്‍ ആകാശമാര്‍ഗ്ഗം കൊണ്ടുപോകുമ്പോള്‍ ദേഹം അബദ്ധത്തില്‍ ഭൂമിയിലേക്കു പതിച്ചുവത്രെ! ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായി ചിതറി വീഴുകയായിരുന്നു. അതില്‍ സതീദേവിയുടെ കണ്ണ് വന്നുവീണത് ഒരു തടാകത്തിലാണ്. ആ തടാകമാണത്രേ നൈനിത്താല്‍ തടാകമെന്ന് ഐതിഹ്യം. ഇതിനഭിമുഖമായി ഒരു നൈനി ദേവിക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ലവേഴ്‌സ് ട്രാക്കിലും ഡെവിള്‍സ് ട്രാക്കിലുമെത്തിയപ്പോള്‍ പഞ്ചാബിയായ സര്‍ദാര്‍ജിയെ ഓര്‍മ്മവന്നു. ഈ നോവലിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് കാന്‍സര്‍ രോഗിയായ സര്‍ദാര്‍ജി. ബോര്‍ഡിംഗ് സ്‌കൂളിന്റെ തൊട്ടടുത്ത വില്ലയില്‍ താമസിക്കുന്ന സര്‍ദാര്‍ജി സീസണില്‍ ആദ്യമായി വരുന്ന സഞ്ചാരിയാണ്. എക്ത്താരയുടെ അകമ്പടിയോടെ അയാളില്‍നിന്നും ഒഴുകിവരുന്ന നാടോടി പ്രണയഗാനങ്ങള്‍ വിമലയെന്ന മുപ്പത്തിയൊന്നുകാരിയെ ദുര്‍ബ്ബലയാക്കിയിരുന്നു. മുപ്പത്തിയൊന്നു വയസ്സുള്ള ഒരു സ്ത്രീ ഒരു പ്രണയഗാനം കേള്‍ക്കുമ്പോള്‍ ദുര്‍ബ്ബലയാവരുതെന്ന് അവള്‍ തന്നോടുതന്നെ താക്കീത് ചെയ്യുന്നുമുണ്ട്. 'ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന ഏകാന്തതയുടെ ഈ നടപാതയില്‍ ആരും കൂടെയുണ്ടാവുന്നത് ഇഷ്ടമല്ലാതിരുന്നിട്ടും' സര്‍ദാര്‍ജിയുടെ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ വിമലയ്ക്കാവുന്നില്ല. അവള്‍ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും അയാള്‍ വരാതിരുന്ന ആ സായാഹ്നത്തില്‍ അവള്‍ പ്രതിഷേധ സൂചകമായി ബുദ്ദുവിന്റെ തോണിയില്‍ രണ്ട് റൗണ്ട് തടാകം ചുറ്റുന്നു. അന്തരീക്ഷത്തിന്റെ മാറിലേക്ക് തറച്ചുനില്‍ക്കുന്ന അസ്ത്രംപോലുള്ള പാറക്കെട്ട്. ചുറ്റും മരണം വാ പിളര്‍ന്നു നില്‍ക്കുമ്പോഴും ജീവിതത്തിന്റെ തുഞ്ചത്ത് എന്നപോലെ ആ പാറക്കെട്ടിന്റെ തലപ്പിലേക്ക് വലിഞ്ഞുകയറി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി സര്‍ദാര്‍ജി ചോദിക്കുന്നു: 'ടീച്ചര്‍ജി, മരണത്തിന്റെ മുഖം കണ്ടിട്ടുണ്ടോ' എന്ന്.

എംടി/ ഫോട്ടോ: ജോയി ആലുവ
എംടി/ ഫോട്ടോ: ജോയി ആലുവ

ജീവിതം തിളങ്ങുന്ന മഞ്ഞ്

വിമലയുടെ വറ്റിവരണ്ട മനസ്സില്‍ ജീവിതത്തിന്റെ തെളിനീര് പൊടിയാന്‍ സര്‍ദാര്‍ജിയുടെ മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍ കാരണമായിരുന്നു. 'ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ച് ജീവിതത്തോട് വാങ്ങുക. മരിച്ചവരെക്കുറിച്ച് ചിന്തിക്കാതെ ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ചിന്തിക്കാന്‍' പറയുമ്പോഴും, 'ടീച്ചര്‍ജി, വല്ലപ്പോഴെങ്കിലും ഒന്നു ചിരിക്കണം. അല്ലെങ്കില്‍ ആ മഹാസിദ്ധി മറന്നുപോകും' എന്നു പറയുമ്പോഴും 'ടീച്ചര്‍ജി ചിരിക്കുമ്പോഴാണ് കൂടുതല്‍ ഭംഗി' എന്നു പറയുമ്പോഴും 'ടീച്ചര്‍ജി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, വഴിയില്‍ തടഞ്ഞ് നിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്' എന്നു പറയുമ്പോഴും വിമല ദുര്‍ബ്ബലയായിപ്പോയിട്ടുണ്ട്. ഒരു പ്രഭാതത്തില്‍, അപ്രതീക്ഷിതമായി യാത്ര പറയാന്‍ വന്ന സര്‍ദാര്‍ജി ഒരത്ഭുത കഥാപാത്രമായി വായനക്കാരുടെ ഹൃദയം കീഴടക്കുന്നുണ്ട്. നല്ല തണുപ്പുള്ള പ്രഭാതം. കണ്ണു തുറക്കും മുന്‍പേ വാതിലില്‍ തുരുതുരാ മുട്ടുകേട്ടു. ഉറക്കം ഞെട്ടി അവള്‍ നെഞ്ചിടിപ്പോടെ ചോദിച്ചു: 'കോന്‍ ഹേ?' 'ഞാനാണ് ബീബീജി.' അവള്‍ വാതില്‍ തുറന്നു. അമര്‍സിംഗ്. 'സര്‍ദാര്‍ജി വിളിക്കുന്നു.' 'ഇത്ര നേര്‍ത്തെ?'

'യാത്ര പറയാനാണ്.'

'ഉറക്കം നഷ്ടപ്പെടുത്തിയതില്‍ ക്ഷമിക്കണം, ടീച്ചര്‍ജി...'

'ഞാന്‍ പോകുന്നു ടീച്ചര്‍ജി.' 'എന്താണ് പറയേണ്ടതെന്നാലോചിച്ച് അവള്‍ വിഷമിച്ചു. 'ഇനിയും കാണാം.' അയാള്‍ ചിരിച്ചു. പിന്നീട് പറഞ്ഞു: 'എന്നു പറയാന്‍ എനിക്ക് ധൈര്യം പോരാ. ഏറിയാല്‍ നാലു മാസം എന്നാണ് നമ്മുടെ രക്ഷാകര്‍ത്താവ് പറയുന്നത്... ഓ അതുതന്നെ എനിക്ക് ലാഭമാണ്. അതിനു ദൈവത്തോട് നന്ദി പറയണം. ലങ്ങ് കാന്‍സറിന് ഒരു കൊല്ലമാണത്രെ അവധി. ഒരു നാലു മാസം നമുക്ക് ബോണസ്സായി തന്നിരിക്കുന്നു!'

അയാള്‍ പദപ്രയോഗത്തില്‍ രസിച്ചിട്ടെന്നപോലെ ചിരിച്ചു. വിമല ഒന്നും മിണ്ടിയില്ല. 'നമസ്‌തേ ടീച്ചര്‍ജി. നല്ലതു വരട്ടെ...'
'നമസ്‌തേ.' അയാള്‍ രണ്ട് നാലടി നടന്നശേഷം തിരിഞ്ഞുനിന്നു. അവള്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു.
'കടം ചോദിച്ച ഒരു സായാഹ്നം ബാക്കി കിടപ്പുണ്ട്. മറക്കരുതേ!' അയാള്‍ ഉറക്കെ ചിരിച്ചു. കാലുകള്‍ വലിച്ചു വലിച്ച് നടന്നുപോയി...

തടാകത്തിനും നടപാതയ്ക്കും മദ്ധ്യേയുള്ള മൈതാനത്തെ ചാരുബെഞ്ചില്‍ തടാകത്തിലേക്കു നോക്കി ഞാനിരുന്നു. ഒറ്റയായും കൂട്ടമായും തടാകത്തില്‍ സവാരി ചെയ്യുന്ന സഞ്ചാരികള്‍. ഓളപ്പരപ്പില്‍ തുഴകള്‍ വീഴുമ്പോള്‍ ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍... മനസ്സില്‍ കാര്‍മേഘങ്ങളെപ്പോലെ ഒരുപാട് വന്നു പരക്കുന്നത് വ്യക്തമായും അറിഞ്ഞു. ഒരു ബോട്ടുയാത്രയ്ക്കായി തടാകക്കരയിലേക്കു നടന്നു. തോണിക്കാര്‍ക്കിടയില്‍ ഞാന്‍ ബുദ്ദുവിനെ തിരഞ്ഞുകൊണ്ടിരുന്നു. ചെമ്പിച്ച മുടിയും വെള്ളാരം കണ്ണുകളും മുഖത്ത് നിറയെ വസൂരിക്കലകളും മഞ്ഞപ്പല്ലുകളുമുള്ള തോണിക്കാരന്‍ ബുദ്ദു. ബുദ്ദുവിന് വെള്ളക്കാരനായ അവന്റെ അച്ഛനെ കണ്ടെത്താനായിട്ടുണ്ടാവുമോ? വരും വരാതിരിക്കില്ല എന്ന കാത്തിരിപ്പിലായിരുന്നല്ലോ അവനും.

നൈനാ ദേവിയുടെ ക്ഷേത്രത്തില്‍ കൂട്ടമണികള്‍ മുഴങ്ങി... പെട്ടെന്ന് കാലാവസ്ഥ മാറി ചാറ്റല്‍ മഴ ശക്തിയായി. താമസസ്ഥലത്തെ മുറിയിലെത്തുമ്പോള്‍ ഷീറ്റുകളിലും കാറുകള്‍ക്കു മുകളിലും കല്ലുകള്‍ വാരിയെറിയുന്ന തോന്നല്‍. ഇത്തിരി ഭീതിയോടെ നോക്കുമ്പോള്‍ ആകാശത്തുനിന്നും ഐസ്‌കട്ടകള്‍ ഭൂമിയിലേയ്ക്ക് പതിക്കുന്നു. നയനാനന്ദകരമായ കാഴ്ച.

കുമയൂണ്‍ കുന്നുകളിറങ്ങി മടക്കയാത്ര ചെയ്യുമ്പോള്‍ ഞാന്‍ ആലോചനകളില്‍ മുഴുകിയിരിപ്പായിരുന്നു. ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയാണല്ലോ!...

***
ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയില്‍ മഞ്ഞുപെയ്യുന്ന ഒരു ഏപ്രില്‍ മാസത്തില്‍ ഐസ്‌കട്ടകള്‍ വാരിയെറിഞ്ഞും ചവുട്ടിത്തെറിപ്പിച്ചും നൃത്തം ചവിട്ടിയും പ്രായം മറന്ന് ഉല്ലസിച്ചു കഴിയവേ, ദേവദാരു വൃക്ഷക്കാടുകള്‍ക്കിടയില്‍ അതിമനോഹരമായ ഒരു കൊച്ചുക്ഷേത്രം ഞങ്ങളെ ഹഠാദാകര്‍ഷിച്ചു. മരപ്പലകകള്‍കൊണ്ട് ഭിത്തികള്‍ നിര്‍മ്മിച്ച ഈ പുരാതന ക്ഷേത്രത്തിലെ ദേവത ഹിഡിംബി എന്ന രാക്ഷസ സ്ത്രീയാണ്. ഇരുട്ടില്‍ കാണുന്ന ചെറിയ ഗുഹയില്‍ ഹിഡിംബിയുടെ വലിയ പാദമുദ്രയ്ക്ക് ചുറ്റും ദീപങ്ങളും അലങ്കാരങ്ങളും വനപുഷ്പങ്ങളും. അരക്കില്ലത്തുനിന്നും രക്ഷപ്പെട്ട പാണ്ഡവരും മാതാവായ കുന്തിയും ഈ വനത്തിലാണത്രെ എത്തിച്ചേര്‍ന്നതും ദീര്‍ഘകാലം വസിച്ചതും. തളര്‍ന്നുറങ്ങുന്ന അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഭീമനാണ് കാവലിരുന്നത്.

മനുഷ്യഗന്ധം മണത്തറിഞ്ഞ ഹിഡിംബന്‍ എന്ന രാക്ഷസന്‍ അവരെ പിടിച്ചുകൊണ്ടുവരാന്‍ ഹിഡിംബിയെ അയച്ചു. എന്നാല്‍, ഭീമനെ കണ്ട ഹിഡിംബി പ്രണയമുഗ്ദ്ധയായി. സഹോദരിയെ തിരഞ്ഞുവന്ന ഹിഡിംബന്‍ ഭീമനുമായി ഏറ്റുമുട്ടി മരണം വരിച്ചു. ഏകയായ ഹിഡിംബിയെ ഭീമന്‍ വധുവായി സ്വീകരിച്ചു. ഇവര്‍ക്കുണ്ടായ പുത്രനാണ് ഘടോല്‍ക്കചന്‍. ഹിഡിംബി ക്ഷേത്രത്തിനു കുറച്ചുമാറി ദേവദാരു വൃക്ഷച്ചുവട്ടില്‍ ത്രിശൂലവും കരവാളുകളും കാട്ടുപൂക്കളുടെ മാലകളുമായി ഘടോല്‍ക്കചനും ഒരു സ്മാരകമുണ്ട്. അവിടെനിന്നപ്പോള്‍ മഹാഭാരതം കഥയും അതിനെ ആസ്പദമാക്കി പലരും രചിച്ച ഗ്രന്ഥങ്ങളും സ്മൃതിപദത്തില്‍ തെളിഞ്ഞു. എന്നാല്‍ എം.ടി. രചിച്ച 'രണ്ടാമൂഴം' എന്ന നോവലും അതിലെ കഥകളും മാനുഷിക ദൗര്‍ബ്ബല്യങ്ങളും ശക്തികളുമെല്ലാമുള്ള ഒരാദിമ പ്രതിരൂപമായ ഭീമനും മനസ്സില്‍ പടര്‍ന്നുകയറി നിറഞ്ഞൊഴുകുകയായിരുന്നു.

മഹാഭാരത കഥയെ അടിസ്ഥാനമാക്കി, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള എം.ടിയുടെ സ്വതന്ത്ര സൃഷ്ടിയാണ് 'രണ്ടാമൂഴം' എന്ന നോവല്‍. ഭീമന് പെരുത്ത ശരീരം മാത്രമല്ല, മനസ്സുമുണ്ടെന്നും മഹാഭാരത ഭീമന്‍ മനുഷ്യനും തളര്‍ച്ചയറിയാത്ത യോദ്ധാവും ഭാരതയുദ്ധത്തില്‍ കേന്ദ്ര സ്ഥാനം വഹിച്ച വ്യക്തിയാണെന്നും എം.ടി. വിശദീകരിക്കുന്നുണ്ട്. 'നേതൃസ്ഥാനത്തിനു വേറെ ആളുണ്ടെങ്കിലും ശത്രുവിന്റെ ആക്രമണത്തിന്റെ മുഴുവന്‍ കരുത്തും ഏല്‍ക്കുന്ന സ്ഥാനത്ത് വര്‍ത്തിക്കുന്ന യോദ്ധാവിന്റെ മിടുക്കിലാണ് ജയപരാജയങ്ങള്‍. അതിന് ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത് ഭീമനാണ്. മറുപക്ഷത്ത് ഭീമന്‍ എന്ന ഒറ്റക്കാരണത്താല്‍ ധൃതരാഷ്ട്രര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. യുദ്ധം ജയിച്ചെങ്കിലും ഒന്നും നേടാത്ത നായകന്‍ കൂടിയാണ് ഭീമന്‍ എന്ന് എം.ടി. വിവരിക്കുന്നു. ഭീമന്റെ ജീവിതത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന കഥാപാത്രങ്ങള്‍ കുന്തിയും ദ്രൗപദിയുമാണ്. പിന്നെ വിദുരരും.

ഭീമന്റെ കുടവയറും ഊശാന്‍ താടിയും എല്ലാവരാലും പരിഹസിക്കപ്പെട്ടിരുന്നു. ജ്യേഷ്ഠസഹോദരനായ യുധിഷ്ഠിരന്‍ 'മന്ദാ' എന്നു മാത്രമാണ് സംബോധന ചെയ്തത്. കുട്ടിയായിരുന്ന കാലത്ത്, ഭക്ഷണപ്രിയം കണ്ട് അമ്മ, ദാസിമാരില്‍ മൂത്തവളോട് കളിയായി പറഞ്ഞു: 'രണ്ടാമത്തെ ഉണ്ണി വൃകോദരന്‍ തന്നെ. എന്തു കഴിച്ചാലും വിശപ്പാണ്' സ്‌നേഹത്തോടെ, ലാളനയോടെ അമ്മ പറഞ്ഞ വാക്ക് പിന്നെ അടുക്കളത്തളങ്ങളില്‍ തന്റെ പരിഹാസപ്പേരായി. പുറത്തളങ്ങളിലും അങ്കണങ്ങളിലും കൂടിയെത്തിയപ്പോള്‍ അത് ഭീമന്റെ പര്യായവുമായി. വനത്തില്‍ വെച്ച് തന്റെ നേരെ ചീറിയടുത്ത തേറ്റയുള്ള മൃഗത്തെ കൊന്ന സമയം ഭീമന്‍ അവന്റെ കരുത്തിനെപ്പറ്റി ബോധവാനായിരുന്നു. 'ജ്യേഷ്ഠന് ഞാനിപ്പോഴും മന്ദനായിരിക്കാം. കൗരവര്‍ക്ക് വെറും വൃകോദരനും. പക്ഷേ, ഭീമന്‍ മഹാബലവനായിത്തന്നെ വളരുന്നു. ഭീമന്റെ ദയകൊണ്ട് രക്ഷപ്പെട്ട ശത്രുക്കളേയും കരുത്തുകൊണ്ട് രക്ഷപ്പെട്ട മിത്രങ്ങളേയും എം.ടിയുടെ ഈ ഭാരതകഥയില്‍ യഥേഷ്ടം കാണാനാവും.
എം.ടി. ഭീമനെ അവതരിപ്പിച്ചിട്ടുള്ളത്, പെരുത്ത ശരീരവും മല്ലയുദ്ധകാരനുമായ ഒരു 
യോദ്ധാവായിട്ട് മാത്രമല്ല. നല്ല മനസ്സും മാനുഷികമായ ദൗര്‍ബ്ബല്യങ്ങളും ശക്തിയുമെല്ലാമുള്ള ഒരു മനുഷ്യനായിട്ടാണ്. കാമമോഹ വൈരാഗ്യങ്ങള്‍ മറച്ചുപിടിക്കേണ്ട ബാദ്ധ്യതയില്ലാത്ത പ്രാകൃതനായ യോദ്ധാവ്. തത്ത്വചിന്തകളുടേയും ആര്യനിയമങ്ങളുടേയും കെട്ടുപാടുകളില്ലാത്ത വെറും മനുഷ്യന്‍. ആ കിരാതന്റെ നിഷ്‌കളങ്കത ദ്രൗപദിയുമായുള്ള ബന്ധത്തില്‍ പലേടത്തും പ്രകടമാണ്.

എംടി
എംടി

ദ്രൗപതിയും പഞ്ചപാണ്ഡവരും

മത്സരപരീക്ഷയില്‍ വിജയിയായ അര്‍ജ്ജുനന് വധുവായി ലഭിച്ച അതീവ സുന്ദരിയായ ദ്രൗപദിയുമായി പാണ്ഡവര്‍ അഞ്ചു പേരും താമസസ്ഥലത്തെത്തുമ്പോള്‍ 'അമ്മേ, ഇന്നൊരു ഭിക്ഷ കിട്ടിയിട്ടുണ്ട്' എന്ന് അമ്മയോട് പറയുന്നു. ഭിക്ഷയെന്തെറിയാത്ത അമ്മ 'എല്ലാവരും കൂടി ഉപയോഗിച്ചോളൂ' എന്ന് മറുപടി പറയുമ്പോള്‍ പാണ്ഡവര്‍ അമ്പരന്നു പോകുന്നു. തങ്ങളില്‍ ഒരാള്‍ക്ക് വധുവായി വന്നവളെ അഞ്ച് പേരുംകൂടി ഉപയോഗിക്കുകയോ? അമ്മയുടെ വാക്ക് ധിക്കരിക്കാന്‍ പാടില്ലെന്നായിരുന്നു, യുധിഷ്ഠിരന്റെ നിലപാട്. അദ്ദേഹത്തിനു കണ്ട മാത്രയില്‍തന്നെ ദ്രൗപദിയില്‍ മോഹമുണ്ടായിട്ടുണ്ട്. അമ്മയായ കുന്തിയുടെ വാക്കില്‍ തൂങ്ങിയുള്ള വാദമുഖങ്ങള്‍ മോഹത്തിലൂടെയും കാമത്തിലൂടെയും ഉണ്ടായ ചാപല്യമായി ഭീമന്‍ തിരിച്ചറിയുന്നു. ആദ്യ ഊഴം തനിക്കാകാമെന്ന യുധിഷ്ഠിരന്റെ വാക്കിലുള്ള ധ്വനി, ഭീമനില്‍ അമര്‍ഷം ജ്വലിപ്പിക്കുന്നു. 'എന്നെ വിട്ടേക്കൂ. എനിക്കുവേണ്ടി ഒരു പെണ്ണ് കാട്ടില്‍ കാത്തിരിക്കുന്നുണ്ട്. എന്റെ ബീജം വഹിക്കുന്നവള്‍. കുരുവംശക്കാരുടെ കൂടെ കഴിയാന്‍ യോഗ്യതയില്ലാത്തവളാണെങ്കിലും എനിക്കവള്‍ മതി. പിന്നെ വിവാഹപ്രായമാകാത്ത മാദ്രീസുതരേയും (നകുലന്‍സഹദേവന്‍) വിട്ടേക്കുക. ജടിലക്കും വാര്‍ക്ഷിക്കും തുണക്കാരുണ്ടാവട്ടെ നമ്മുടെ യുഗത്തിലും...' യുധിഷ്ഠിരന്‍, സപ്തര്‍ഷിമാരുടെ ഭാര്യയായിരുന്ന ജടിലയേയും വാര്‍ക്ഷിയേയും ചൂണ്ടി ബഹുഭര്‍ത്തൃത്വമാവാം എന്ന് യുധിഷ്ഠിരന്‍ സൂചിപ്പിച്ചതിനുള്ള പരിഹാസവും ഈര്‍ഷ്യയും തനിക്ക് ഹിഡിംബിയോടുള്ള സ്‌നേഹവും ഈ ഭാഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

'ഭീമന്‍ വരും. ഇല്ലെങ്കില്‍ സേവകരെ അയക്കും. ഹിഡിംബി കാത്തിരിക്കുന്നു' എന്ന വിവരം ഭീമനെ അസ്വസ്ഥനാക്കുന്നു. ഹിഡിംബിയുമായുണ്ടായ സമാഗമവും വിയോഗവും അത്രയും ഹൃദയസ്പര്‍ശിയായിട്ടാണ് എം.ടി. ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ളത്.

അരക്കില്ലത്തുനിന്നും രക്ഷപ്പെട്ട് ഒരുപാട് യാത്രാബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ച് വനത്തിലെത്തിയ പാണ്ഡവരും അമ്മയും ഏറെ ക്ഷീണിതരായിരുന്നു. ദാഹജലം പോലുമില്ലാതെ അവശയായ അമ്മയ്ക്ക് ജലമന്വേഷിച്ചിറങ്ങിയ ഭീമന്‍ താന്‍ കണ്ട പൊയ്കയില്‍ നീന്തിക്കളിച്ച് ജലമെടുക്കുമ്പോള്‍ ചോര്‍ന്നുപോകുന്നതു കണ്ട് പരിഹസിച്ച് ചിരിച്ച് മറഞ്ഞുനില്‍ക്കുന്ന ഹിഡിംബിയെന്ന രാക്ഷസ സ്ത്രീ അവസാനം ഭീമന്റെ സഹായത്തിനും തദ്വാര അമ്മയുടേയും സഹോദരങ്ങളുടേയും സഹായത്തിനും എത്തുന്നു. യാദൃച്ഛികമായി വനത്തില്‍ വെച്ച് ഹിഡിംബി സഹോദരനായ ഭീകര രാക്ഷസന് ഹിഡിംബനോട് മല്ലയുദ്ധം നടത്തേണ്ടിവരികയും അവനെ വധിക്കുകയും വേണ്ടി വരുന്നു. ആരുമില്ലാതെ ഏകയായിത്തീര്‍ന്ന ഹിഡിംബിയില്‍ അനുരാഗമുണ്ടാവുകയും അവളെ വധുവായി സ്വീകരിക്കുകയും ചെയ്യുന്ന ഭീമന്‍ അവളെ തങ്ങളുടെ കൂടാരത്തിലേക്ക് കൂട്ടുന്നുണ്ട്. അമ്മയെ പരിചരിച്ചും ഭീമന് വധുവായും കഴിഞ്ഞ ഹിഡിംബി അവര്‍ക്കും പാണ്ഡവര്‍ക്കും വേണ്ട ഭക്ഷണസാധനങ്ങളടക്കം ആവശ്യമുള്ളവ സുലഭമാക്കാന്‍ ഒപ്പമുണ്ടാവുന്നു; അവരില്‍ ഒരാളായിക്കൊണ്ട്. ഇതിനിടയില്‍ ഭീമനില്‍നിന്നും ഹിഡിംബി ഗര്‍ഭിണിയാവുന്നു. പെട്ടെന്നാണ് കാട്ടില്‍നിന്നും യാത്രയാവാനായിയെന്ന വിവരം അമ്മയില്‍ നിന്നറിയുന്നത്. ഏകചക്രയിലേക്ക് മാറാനും അവിടെ ബ്രാഹ്മണ വേഷത്തില്‍ കഴിയാനുമാണ് യാത്ര. 'കാട്ടിലെ കഷ്ടപ്പാട് ഇനി വയ്യ' എന്ന സമാധാനമായിരുന്നു ഏവര്‍ക്കും.

അമ്മ, യാത്രയ്ക്ക് തിരക്കുകൂട്ടി. വഴിയാത്രയ്ക്കുള്ള ഫലമൂലങ്ങള്‍ ഒരുക്കുകയായിരുന്നു ഹിഡിംബി. അമ്മ ഭീമനെ നോക്കി പറഞ്ഞു: 'ഹിഡിംബി കൂടെ വരുന്നത് ശരിയല്ല.'

കുരുവംശത്തിന്റെ കൂടെ കഴിയാന്‍ അര്‍ഹതയില്ലാതിരുന്ന ഏകയായ അവളെ കാട്ടില്‍ ഉപേക്ഷിച്ചുവേണം യാത്ര! യുധിഷ്ഠിരനും അതുതന്നെ പറയുന്നു! പ്രക്ഷുബ്ധവും തീക്ഷ്ണവുമായ ഭീമന്റെ മനസ്സുപോലെത്തന്നെ മുഖവും. എന്തോ പൊതിഞ്ഞുകെട്ടിക്കൊണ്ടിരുന്ന ഹിഡിംബി അതു നിര്‍ത്തിവെച്ച് കുന്തിയെ നോക്കി. പിന്നെ ഭീമനെത്തന്നെ നോക്കിയിരുന്നു. അവളുടെ കണ്ണുകളെ നേരിടാനാവാതെ ഭീമന്‍ തിരിഞ്ഞുനിന്നു. അടുത്തു വന്ന സഹദേവനോട് ഭീമന്‍ പറഞ്ഞു:

'അവള്‍ ഗര്‍ഭിണിയാണ്.'

'അമ്മക്കതറിയാം' എന്ന സഹദേവന്റെ മറുപടി.

കുന്തി എഴുന്നേറ്റ് അവളുടെ സമീപത്ത് ചെന്നു. ശിരസ്സില്‍ കൈവെച്ച് പറഞ്ഞു: 'എന്റെ പുത്രവധുവായി ആദ്യം വന്നവളാണ് നീ. നിനക്ക് സല്‍പുത്രനുണ്ടാവട്ടെ. എന്നും നിന്റെ സ്‌നേഹവും പരിചരണവും ഞാനോര്‍മ്മിക്കും.' യാത്രയ!ക്കൊരുങ്ങി നില്‍ക്കുന്ന സഹോദരന്മാര്‍ യുധിഷ്ഠിരന്റെ പുറകെ നടന്നു. ഭീമനെ ശാസനയോടെ നോക്കി അമ്മയും നടക്കാന്‍ തുടങ്ങി. അമ്പും വില്ലും ചുമലില്‍ കെട്ടിവെച്ച് ഭീമന്‍ പിന്നെയും അവിടെത്തന്നെ നിന്നു. അമ്മ സംശയിച്ച് വീണ്ടും തിരിച്ചു വന്നു.
'നിന്റെ പുത്രന്‍ വലുതാവുമ്പോള്‍ എന്നെ കാണാനയക്കണം. എന്റെ അഞ്ച് മക്കള്‍ക്കും അവനായിരിക്കും മൂത്തമകന്‍.' പിന്നെ അവര്‍ നടന്നു. ഭീമന്‍ അവളുടെ മുന്നില്‍ നിന്നു.

വൈലോപ്പിള്ളിക്കും തകഴിക്കുമൊപ്പം എംടി/ ഫോട്ടോ: പുനലൂർ രാജൻ
വൈലോപ്പിള്ളിക്കും തകഴിക്കുമൊപ്പം എംടി/ ഫോട്ടോ: പുനലൂർ രാജൻ

'നിനക്കായി, പിറക്കാന്‍ പോകുന്ന എന്റെ സന്തതിക്കായി ഒരടയാളമായിക്കൂടി വിലപിടിപ്പുള്ള യാതൊന്നും തരാനില്ലാത്ത ദരിദ്രനാണിപ്പോള്‍ ഭീമസേനന്‍.' ഭീമന്റെ പാദങ്ങള്‍ തൊട്ടു നമസ്‌കരിച്ച അവളെ എഴുന്നേല്‍പ്പിച്ച് ശിരസ്സില്‍ ചുണ്ടുകളമര്‍ത്തി വിടപറയാനുള്ള വാക്കുകള്‍ കിട്ടാതെ അയാള്‍ നിന്നു. പിന്നെ നേര്‍ത്ത ഇരുട്ടില്‍ അകന്നുപോകുന്ന രൂപങ്ങളുടെ ഒപ്പമെത്താന്‍ വേണ്ടി തിരക്കിട്ട് നടന്നു. വായനക്കാരുടെ മനസ്സില്‍പോലും വേദനാജനകമായ വികാരങ്ങളുണര്‍ത്തുന്ന ഒരു വിയോഗമായിട്ടാണ് എം.ടി. ഈ ഭാഗം വിവരിക്കുന്നത്.

പാണ്ഡവ പത്‌നിയായ പാഞ്ചാലിക്ക് ഇത്തിരി ഇഷ്ടക്കൂടുതല്‍ അര്‍ജ്ജുനനോടാണെങ്കിലും തന്റെ പല ആഗ്രഹങ്ങളും സഫലീകരിക്കാന്‍ അവള്‍ ഭീമനെയാണ് സമീപിക്കാറ്. കാറ്റില്‍ ഒഴുകിവന്ന ഒരു പൂമണമാസ്വദിച്ച് ആ പൂവ് തനിക്ക് വേണമെന്നാവശ്യപ്പെട്ടതുകൊണ്ടാണ്, ഭീമന്‍ പൂവ് തേടി നടന്നത്. അവസാനം ഒരു കുബേരന്റെ പൊയ്കക്കരുകിലെ പൂന്തോട്ടത്തില്‍നിന്നും പൂ പറിച്ചു. ആക്രമിച്ചു കടന്നവനെ കിങ്കരന്മാരായ പാറാവുകാര്‍ തടഞ്ഞുവെച്ചു. യുധിഷ്ഠിര രാജാവിന്റെ സഹോദരനാണെന്ന സത്യം തെളിയിക്കാന്‍ അദ്ദേഹമെത്തും വരെ കിങ്കരന്മാരുടെ കുന്തമുനക്കു മുന്നില്‍ ഭീമനു കഴിയേണ്ടിവന്നു. സഹോദരങ്ങള്‍ക്കും ദ്രൗപദിക്കുമൊപ്പം വന്നെത്തുമ്പോള്‍ ഭീമന്റെ പ്രവൃത്തിയില്‍ യുധിഷ്ഠിരന്‍ കോപാകുലനായിരുന്നു. ക്രുദ്ധരായ സഹോദരങ്ങള്‍ക്കൊപ്പം സ്വതന്ത്രനായി നടന്നുപോകുന്ന ഭീമന്‍, താന്‍ പറിച്ചെടുത്ത പുഷ്പങ്ങള്‍ ദ്രൗപദിക്കു സമ്മാനിച്ചു. അവള്‍ അതുടനെ യുധിഷ്ടിരന് കൊടുത്തു. അദ്ദേഹം ദേഷ്യത്തോടെ അതു വഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു. നടന്നുനീങ്ങുന്നവരുടെ കാല്‍ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്നു കിടക്കുന്ന പൂക്കളെ നോക്കി ഭീമന്‍ നെടുവീര്‍പ്പിട്ടു. ഇതിനുവേണ്ടിയായിരുന്നോ താനത്രയും ത്യാഗങ്ങള്‍ സഹിച്ച് ഈ പൂക്കള്‍ സംഘടിപ്പിച്ചതെന്ന ചിന്ത ഭീമനെ അലട്ടി.

ഭീമനും ദ്രൗപതിയും

ദ്രൗപദിക്ക് ശൈലാഞ്ചം എന്ന മലയുടെ മുകളില്‍ കയറണമെന്നും സ്വര്‍ഗ്ഗതുല്യമായ അവിടം കണ്ട് വിശ്രമിക്കണമെന്നുമുള്ള ആഗ്രഹം ഭീമനെ അറിയിച്ചതിനെത്തുടര്‍ന്ന് ആശ്രമവാസികളുടെ വിവരണം കേട്ട് ദ്രൗപദി അത്രയ്ക്കും ആകൃഷ്ടയായതായി ഭീമനു മനസ്സിലായി. സൗഗന്ധികം പറിക്കാന്‍ പോയ കഥ അത്ര പഴയ അനുഭവമല്ലെന്ന് ഓര്‍ത്തിട്ടും ഭീമന്‍ അവളുടെ ആഗ്രഹ സഫലീകരണത്തിനു തയ്യാറാവുന്നു. രണ്ടുനാള്‍ കഴിഞ്ഞാല്‍ യുധിഷ്ഠിര രാജാവിന്റെ വത്സരം അവസാനിച്ച് ഭീമന്റെ ഊഴമാവുകയാണെന്നും അവള്‍ ഭീമനെ പ്രലോഭിപ്പിക്കുന്നുണ്ട്. ശൈലാഞ്ചത്തില്‍ വലിഞ്ഞുകയറി അവിടുത്തെ താമസക്കാരായ വേടന്മാരെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവിടെനിന്നകറ്റി ദ്രൗപദിക്ക് വിശ്രമിക്കാന്‍ കാട്ടുപൂക്കള്‍ വിരിച്ച് കാട്ടുവള്ളികള്‍കൊണ്ടലങ്കരിച്ച് ഭീമന്‍ സൗകര്യമൊരുക്കി. പിറ്റേന്ന് ഉല്ലാസയാത്രയ്ക്കുള്ള ഭക്ഷണങ്ങള്‍ പൊതിഞ്ഞുകെട്ടി യാത്ര തിരിക്കാനാവുമ്പോള്‍ ചിരിച്ചുകൊണ്ട് ഒരു കാട്ടരുവിപോലെ ദ്രൗപദി ഭീമനടുത്തു വന്നു. അവള്‍ പറഞ്ഞു: 'അര്‍ജ്ജുനന്‍ വന്നു. അറിഞ്ഞില്ലല്ലോ. ഇന്നു രാത്രി നമുക്ക് അര്‍ജ്ജുനന്റെ യാത്രാവിവരങ്ങള്‍ കേട്ടിരിക്കാം.' ഭീമന്‍ നിരാശനായി. പുറത്ത് കെട്ടിവെച്ച ആയുധങ്ങള്‍ അഴിച്ച് നിലത്തിട്ടു. അന്നു രാത്രിയില്‍ തീക്കുണ്ഡത്തിനടുത്ത് അര്‍ജ്ജുനന്റെ യാത്രാവിശേഷങ്ങള്‍ കേട്ടിരുന്നു. യുദ്ധകാര്യങ്ങള്‍ പറഞ്ഞപ്പോള്‍ 'അതു പറയൂ' എന്ന് പറഞ്ഞ് ദ്രൗപദി പ്രോത്സാഹിപ്പിച്ചു. സുന്ദരികളാല്‍ വേട്ടയാടിയ കഥ പറഞ്ഞപ്പോള്‍ ദ്രൗപദി, താല്പര്യമില്ലാതെ കുടിലിനകത്തേക്ക് പോയി. അന്ന്, നാല് വര്‍ഷങ്ങള്‍ക്കുശേഷം ദ്രൗപദിയോടൊത്ത് ഭീമന്‍ ശയിക്കാന്‍ പോകുന്ന ദിനം. ദ്രൗപദി തനിക്കായി കാത്തിരിക്കുന്ന ഈ രാത്രിയില്‍ പകുതിയും കഴിഞ്ഞ നിരാശയോടെ ഭീമന്‍ കുടിലിലേയ്ക്ക് നടന്നു. ദ്രൗപദി ഉറങ്ങിക്കഴിഞ്ഞിരുന്നു. മങ്ങിയ ഇരുട്ടില്‍ കിടക്കുന്ന അവളെ കുനിഞ്ഞ് നോക്കിയപ്പോള്‍ ചുണ്ടുകളില്‍ നേരിയ മന്ദഹാസം. തൊണ്ടയനക്കി വിളിക്കാന്‍ ഭാവിക്കുമ്പോള്‍ ദ്രൗപദി കണ്ണു തുറക്കാതെ പിറുപിറുക്കുന്നു: 'പറയൂ, കാലകേയ വധം മുഴുവന്‍ പറയൂ...' ഭീമന്‍ നിവര്‍ന്നുനിന്നു. 'വേണ്ട, എനിക്കീ രാത്രിയില്‍, മനസ്സ് അര്‍ജ്ജുനനെ സ്വപ്നം കാണുന്ന അവളുടെ തണുത്ത ശരീരം വേണ്ട.' ഒരു പുല്‍പായയെടുത്ത് പുറത്ത് തീകുണ്ഡത്തിനു ചുറ്റും അനുജന്മാര്‍ കിടക്കുന്നതിനിടയ്ക്ക് വിരിക്കാന്‍ സ്ഥലമന്വേഷിച്ച് ഭീമന്‍ കുടിലില്‍നിന്നും പുറത്തു കടന്നു.

യുദ്ധാരംഭത്തില്‍ എതിര്‍ഭാഗത്ത് യുദ്ധം ചെയ്യുന്ന പിതാമഹനേയും ആചാര്യനേയും മറ്റു ബന്ധുമിത്രാദികളേയും കണ്ട അര്‍ജ്ജുനന്‍, അസ്വസ്ഥനായി തേര് തിരിച്ചുവിടാന്‍ കൃഷ്ണനോടപേക്ഷിച്ചുവത്രെ. ഈ അവസരത്തില്‍ കൃഷ്ണന് അര്‍ജ്ജുനനെ കുറെയേറെ ഉപദേശിക്കേണ്ടിവന്നു.

യുദ്ധത്തില്‍ എതിരാളി ആര് മരിച്ചാലും അതു യുദ്ധ ധര്‍മ്മമാണ്. ജനിച്ചവര്‍ക്കെല്ലാം മരണമുണ്ട്. മരിച്ചവര്‍ക്കു ജനനവും. ആത്മാവിനു മരണമില്ല. അതു നശിക്കാതെ നില്‍ക്കുന്നുണ്ട്. മനുഷ്യര്‍ പഴയ വസ്ത്രങ്ങള്‍ മാറി പുതിയ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ദേഹങ്ങള്‍ മാറ്റി പുതിയ ദേഹങ്ങള്‍ സ്വീകരിക്കുന്നു. ദേഹിയുടെ വസ്ത്രം മാറലാണ് മരണം. ഉപദേശങ്ങള്‍ ഇങ്ങനെ നീളുന്നു. എന്നാല്‍, അര്‍ജ്ജുന പുത്രനായ അഭിമന്യു മരിച്ചപ്പോള്‍ കൃഷ്ണന്റേയും അര്‍ജ്ജുനന്റേയും കരുവാളിച്ച മുഖം കണ്ട ഭീമന്‍ ചിന്തിക്കുന്നു: 'സ്വന്തം ചോരയും കുടുംബവുമാവുമ്പോള്‍ ജീര്‍ണ്ണ വസ്ത്രങ്ങളുടെ ഉപമ നാം മറക്കുന്നു...'

ഭീമപുത്രനായ ഘടോല്‍ക്കചന്‍ കര്‍ണ്ണനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചപ്പോള്‍, കാട്ടാളന്റെ മരണത്തില്‍ ദുഃഖിക്കാതെ ആഘോഷിക്കാനാണ് കൃഷ്ണന്‍ പറഞ്ഞത്. ഒരു പിതാവിന്റെ മനസ്സും വേദനയും ഇവര്‍ അറിയുന്നില്ലല്ലോ എന്ന് ഭീമന്‍ വിഷാദിക്കുന്നുണ്ടപ്പോള്‍.

ഒന്നും നേടാതെ പോയ ഭീമന്‍

യുദ്ധം അവസാനിച്ചപ്പോള്‍ വിജയം പാണ്ഡവര്‍ക്കായിരുന്നല്ലോ. ബന്ധുമിത്രാദികളും ആചാര്യന്മാരും പിതാമഹനും സമ്പത്തും മുഴുവന്‍ നഷ്ടപ്പെട്ട യുധിഷ്ഠിരന്‍ തികച്ചും നിരാശനായിരുന്നു. ഇനി ഒരു രാജ്യഭരണം ഏറ്റെടുക്കാന്‍ അദ്ദേഹം അശക്തനാണെന്ന് തിരിച്ചറിഞ്ഞ്, തന്റെ അനിയന്‍ ഭീമനോട് അഭിഷേകം ചെയ്ത് രാജ്യഭരണം ഏറ്റെടുക്കാന്‍ യുധിഷ്ഠിരന്‍ ആവശ്യപ്പെടുന്നുണ്ട്. ഭീമനെ ജ്യേഷ്ഠന്‍ നിര്‍ബ്ബന്ധിക്കുന്നുമുണ്ട്. എല്ലാവരും നിര്‍ബ്ബന്ധിച്ചപ്പോള്‍ അങ്ങനെയാവാം എന്നൊരു ചിന്ത ഭീമനേയും പിടികൂടി. അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കവേ, ദ്രൗപദി ഭീമനെ പതിവില്ലാത്ത ഭയഭക്തി ബഹുമാനത്തോടെ സമീപിക്കുന്നു. ദ്രൗപദിയുടെ ആ സമയത്തെ മുഖഭാവത്തെ, 'അസ്തമയം കണ്ട നീലത്താമരയുടെ നിശ്ശബ്ദതയാണാ മുഖത്ത്' എന്നാണ് എം.ടി. വിശേഷിപ്പിക്കുന്നത്. ഭീമന്‍ ദ്രൗപദിയോട് പറഞ്ഞു: 'അഭിഷേകത്തിന്റെ ദിവസം നിശ്ചയിക്കയായി.'

'നിശ്ചയിച്ചോ' എന്ന ചോദ്യമായിരുന്നു ദ്രൗപദിയുടേത്.

ജ്യേഷ്ഠന്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും താന്‍ അവസാന വാക്ക് കൊടുത്തിട്ടില്ലെന്നും ആഹ്ലാദം പുറത്തു കാട്ടാതെ ഭീമന്‍ പറഞ്ഞു.

'അതറിഞ്ഞുതന്നെയാണ് ഞാന്‍ വന്നത്' എന്നായിരുന്നു ദ്രൗപദിയുടെ മറുപടി. അവളുടെ ഗൂഢസ്മിതവും അഭിനന്ദന വാക്കുകളും പ്രതീക്ഷിച്ചു നിന്ന് ഭീമന്‍ കണ്ടത് അവളുടെ കലങ്ങിയ കണ്ണുകളാണ്.

'കാട്ടിലും ദാസ്യപ്പണിയിലും ഒക്കെ കഴിയുമ്പോള്‍, ഒരിക്കല്‍ ഇവിടെ വരുമെന്ന് മോഹമുണ്ടായിരുന്നു. അതും ദ്രൗപദിക്ക് 
നിഷേധിക്കുകയാണോ? ഭീമന്‍ സ്തബ്ധനായി. ദ്രൗപദി തുടര്‍ന്നു:

'എനിക്ക് വാനപ്രസ്ഥത്തിന് പ്രായമായിട്ടില്ല. മനസ്സും വന്നുകഴിഞ്ഞിട്ടില്ല. ജ്യേഷ്ഠന്‍ വനവാസത്തിനും സന്ന്യാസത്തിനും 
പോകുമ്പോള്‍... ദ്രൗപദി ഞാനിവിടെയുണ്ടല്ലോ എന്നാണ് ഭീമന്‍ ചിന്തിച്ചത്.

'പണ്ഡിതയല്ലെങ്കിലും നിയമങ്ങളറിയാം. ഒന്നുകില്‍ ഞാനദ്ദേഹത്തെ അനുഗമിക്കണം. അല്ലെങ്കില്‍ ഭീമ പത്‌നിയായ ബലന്ധരയുടെ ഔദാര്യത്തില്‍ ഇവിടെ ഏതെങ്കിലും ഒരു കോണില്‍ അന്തപ്പുരത്തില്‍ കഴിയണം. അങ്ങ് അഭിഷിക്തനാവുമ്പോള്‍ രാജ്ഞിയാവുന്നത് ബലന്ധര തന്നെ.' ദ്രൗപദി പിന്നെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കാല്‍ക്കീഴിലെ ഭൂമിയോട് പറഞ്ഞു: 'എന്നും സൈരന്ധ്രിയാവാന്‍ പിറന്നവളായിരിക്കാം പാഞ്ചാലി.'

ദ്രൗപദി തിരിച്ചുപോയി.

ഭീമന്റെ മന്ദിരത്തില്‍ രണ്ട് പേര്‍ കാത്തുനില്‍ക്കുന്നു. അമ്മയും വിദുരരും. അമ്മ പറഞ്ഞു: 'വാനപ്രസ്ഥത്തിന്റെ കഥ ഞാനും കേട്ടു.' താന്‍ എന്തുചെയ്യണമെന്ന് കല്പിക്കാന്‍ അമ്മയോടപേക്ഷിച്ച ഭീമന്‍ കേട്ടത് വിദുരരുടെ മറുപടിയാണ്.
 
'രാജ്യവാസികള്‍ കാത്തിരിക്കുകയാണ്, യുധിഷ്ഠിരന്‍ രാജാവാകുന്ന സുദിനം.' തുടര്‍ന്ന് കുന്തി പറഞ്ഞു: 'ജ്യേഷ്ഠന്‍ തന്നെ 
രാജാവാകണം. ധര്‍മ്മശാസ്ത്രവും രാജ്യനീതിയും അറിയാത്ത നീ യോഗ്യനല്ല. അതുകൊണ്ട് തയ്യാറല്ല എന്ന് ഉറപ്പിച്ച് പറയണം...' ഭീമന്‍ അകത്തെ നിഗൂഢക്ഷോഭങ്ങളൊതുക്കാന്‍ മൗനം പൂണ്ടുനിന്നു. പിന്നെ ചിരിച്ചു. ആദ്യം ദ്രൗപദി. ഇപ്പോള്‍ അമ്മ. 'ഞാന്‍ രാജാവോ? വൃകോദരന്‍ ഹസ്തിനപുരിയിലെ രാജാവോ? വിഡ്ഢിത്തം. ജ്യേഷ്ഠന്റെ ഫലിതം. ജ്യേഷ്ഠന്‍ എന്നും ഫലിതം പറഞ്ഞിരുന്നത് എന്നോടാണ്. മന്ദന്‍ രാജാവ്...!'

'ഒരു വിനാഴിക മാത്രം മനസ്സില്‍ ഹസ്തിനപുരം ഭരിച്ചു സ്ഥാനത്യാഗം ചെയ്ത രാജാവ്. 

പിന്നീട് ഇരുട്ടിലും ചിരിച്ചു. മഹാബലര്‍ കരയാന്‍ പാടില്ലല്ലോ?' പിന്നീട് ഭീമനോടാലോചിക്കപോലും ചെയ്യാതെ യുധിഷ്ഠിരന്റെ അഭിഷേകം നടന്നു.

എല്ലാം അവസാനിപ്പിച്ചു കഴിഞ്ഞു. വനവാസത്തിനു പോയ ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും കാട്ടു തീയിലകപ്പെട്ട് മരണമടഞ്ഞു. സ്വയം ജീവത്യാഗം ചെയ്ത വിദുരര്‍ യുധിഷ്ഠിരന്റെ പിതാവായിരുന്നുവെന്ന സത്യം ജ്യേഷ്ഠനില്‍നിന്നും ഭീമനറിഞ്ഞു. അര്‍ജ്ജുനന്‍ വധിച്ച കര്‍ണന്‍ അമ്മയുടെ മൂത്ത പുത്രനും തങ്ങളുടെ ജ്യേഷ്ഠസഹോദരനുമായിരുന്നെന്ന സത്യം തേരാളിയായ വിശോകനില്‍നിന്നും ഭീമനറിഞ്ഞു... ദ്വാരക കടല്‍ വീഴുങ്ങുന്ന അവസാന കാഴ്ചകണ്ട് അവര്‍ മഹാ പ്രസ്ഥാനത്തിനുള്ള യാത്രയ്ക്കായി ഒരുങ്ങിനിന്നു. മഹാപ്രസ്ഥാനത്തിനു പോകുമ്പോള്‍ തിരിഞ്ഞു നോക്കരുതെന്നാണ് നിയമം. പിന്നിട്ട വഴിയിലേക്കു മാത്രമല്ല, പിന്നിട്ട കാലങ്ങളിലേക്കും ജീവിതത്തിലേക്കുപോലും. യുധിഷ്ഠിരന്‍ നടന്നുതുടങ്ങിയപ്പോള്‍ രണ്ടാമൂഴം തനിക്കാണെന്ന ബോധത്തോടെ ഭീമനും നടന്നു. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര! പരലോകത്തിലെ പുണ്യങ്ങളെപ്പറ്റി വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത ഭീമനു കഴിഞ്ഞ കാലവും സ്ഥലങ്ങളും ഓര്‍ക്കാതിരിക്കാനായില്ല. നിമ്‌നോന്നതങ്ങള്‍ കടന്ന് മറുപുറമെത്തിയപ്പോള്‍ മുന്നില്‍ മുള്‍ച്ചെടികള്‍ മാത്രം വളരുന്ന നോക്കെത്താദൂരത്തോളം മരുപറമ്പായിരുന്നു. അകലെ കാണുന്ന മഹാമേരു കടന്നാല്‍ യാത്ര അവസാനിക്കാറായി. പിന്നെ യോഗനിദ്രയില്‍ ശാന്തമായി എല്ലാം അവസാനിക്കും.

!ഒരു തേങ്ങലും അടക്കിയ വിലാപവും കേട്ട് ഭീമന്‍ നിന്നു. ആ ശബ്ദം തനിക്കേതു കോലാഹലത്തിനിടയിലും തിരിച്ചറിയാം. മുന്നില്‍പോകുന്ന യുധിഷ്ഠിരന്‍ കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ ഭീമന്‍ വിളിച്ചുപറഞ്ഞു:

'നില്‍ക്കൂ ജ്യേഷ്ഠാ, ദ്രൗപദി വീണുപോയി.' യുധിഷ്ഠിരന്‍ വേഗം കുറക്കാതെ പിന്തിരിഞ്ഞു നോക്കാതെ പറഞ്ഞു: 'അത്ഭുതമില്ല. ഉടലോടെ ദേവപഥത്തിലെത്താനുള്ള ആത്മവീര്യം അവള്‍ പണ്ടേ നഷ്ടപ്പെടുത്തി.'

ഭീമന് അമ്പരപ്പാണുണ്ടായത്. ശ്രേഷ്ഠ പത്‌നിയെക്കുറിച്ചാണോ യുധിഷ്ഠിരന്‍ പറയുന്നത്? കാറ്റില്‍ ഒഴുകിയെത്തിയ യുധിഷ്ഠിരന്റെ വാക്കുകള്‍ ഭീമന്‍ വ്യക്തമായി കേട്ടു: 'അവള്‍ അര്‍ജ്ജുനനെ മാത്രമേ സിനേഹിച്ചിരുന്നുള്ളൂ. രാജസൂയത്തില്‍ എന്റെ അരികെ ഇരിക്കുമ്പോഴും അവളുടെ കണ്ണുകള്‍ അര്‍ജ്ജുനനിലായിരുന്നു. യാത്ര തൂടരൂ. വീഴുന്നവര്‍ക്കായി കാത്തുനില്‍ക്കാതെ യാത്ര തുടരൂ...'

എംടി/ ഫോട്ടോ: പുനലൂർ രാജൻ
എംടി/ ഫോട്ടോ: പുനലൂർ രാജൻ

അര്‍ജ്ജുനനും നകുലനും സഹദേവനും 

തിരിഞ്ഞുനോക്കാതെ, അമ്പരന്നുനില്‍ക്കുന്ന ഭീമനെ മറികടന്ന് നടന്നുനീങ്ങി. പരലോകത്തിലെ പുണ്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ, നടന്ന വഴിയിലൂടെ ഭീമന്‍, തളര്‍ന്ന കാലുകള്‍ വലിച്ച് തിരിച്ചു നടന്നു. തളര്‍ന്നു കിടക്കുന്ന ദ്രൗപദിയുടെ സമീപം ഭീമന്‍ ഇരുന്നു. എഴുന്നേറ്റിരുന്ന ദ്രൗപദിയുടെ മുഖത്ത് വരണ്ട നിരാശ പരക്കുന്നതായി ഭീമനു തോന്നി. ഭീമന്‍ പറഞ്ഞു: 'ഇവിടെ ഞാനുണ്ട്.' അവള്‍ ശാന്തി തേടിപ്പോയവരുടെ വഴിയേ മിഴികളയച്ചു. പിന്നെ അമ്പരന്നിരിക്കുന്ന ഭീമന്റെ മുഖത്തേക്കു നോക്കി. പ്രയാസപ്പെട്ടിളകിയ അവളുടെ ചുണ്ടുകള്‍ പറഞ്ഞത് ഭീമനു വ്യക്തമായില്ല. നന്ദിയാണോ പ്രാര്‍ത്ഥനയാണോ ക്ഷമാപണമാണോ എന്നറിയാന്‍ ഭീമന്‍ വെമ്പി. ദ്രൗപദിയുടെ ശിരസ്സ് ചാഞ്ഞു. ഭീമന്‍ വിഷാദത്തോടെ അവള്‍ കണ്ണ് തുറക്കുന്നത് കാത്ത് അവളെത്തന്നെ നോക്കിയിരുന്നു. ഭീമന്‍ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി. ദ്രൗപദി ഒരിക്കല്‍ക്കൂടി കണ്ണുകള്‍ തുറന്നടച്ചു. ശരീരം നിശ്ചലമായി.

ഒരു ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ നേട്ടങ്ങള്‍ക്കുവേണ്ടി ജീവിച്ച്, ഒന്നും നേടാതെ പോയ ഒരു മനുഷ്യസ്‌നേഹിയെയാണ് രണ്ടാമൂഴത്തില്‍ ഭീമനിലൂടെ എം.ടി. വരച്ചുവെച്ചിരിക്കുന്നത്.

(പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ പുസ്തകത്തിലെ മലയാളത്തിന്റെ 'മധുരമൊഴികള്‍' ഒരു അദ്ധ്യായം)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com