വത്തിക്കാന്റെ ഓരത്തു താമസിച്ച ഫ്രാന്‍സിസ് പാപ്പ 

ഒരിക്കലും മാര്‍പാപ്പയാകാന്‍ സാധ്യതയില്ലാതിരുന്ന വ്യക്തിയാണ്. കാരണം ഈശോ സഭക്കാര്‍ ആരും മാര്‍പാപ്പയായിട്ടില്ല; യൂറോപ്യനല്ലാത്ത ആരും മാര്‍പാപ്പ സ്ഥാനത്തേക്ക് വിളിക്കപ്പെട്ടിട്ടില്ല
വത്തിക്കാന്റെ ഓരത്തു താമസിച്ച ഫ്രാന്‍സിസ് പാപ്പ 

2023 മാര്‍ച്ച് 13-ന് ഈശോ സഭാംഗവും അര്‍ജന്റീനയിലെ ഒരു മെത്രാനുമായിരുന്ന ബര്‍ഗോളിയോ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് പത്തു വര്‍ഷമായി. ഒരിക്കലും മാര്‍പാപ്പയാകാന്‍ സാധ്യതയില്ലാതിരുന്ന വ്യക്തിയാണ്. കാരണം ഈശോ സഭക്കാര്‍ ആരും മാര്‍പാപ്പയായിട്ടില്ല; യൂറോപ്യനല്ലാത്ത ആരും മാര്‍പാപ്പ സ്ഥാനത്തേക്ക് വിളിക്കപ്പെട്ടിട്ടില്ല. ബെനഡിക്ട് പതിനാറാമന്‍ എന്ന ജര്‍മ്മന്‍കാരന്‍ റാറ്റ്സിംഗര്‍ പാപ്പസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പു നടന്നത്. വത്തിക്കാന്‍ ഭരണകാര്യാലയങ്ങളെ നിയന്ത്രിക്കാന്‍ സാധ്യമല്ലാതായപ്പോഴാണ് റാറ്റ്സിംഗര്‍ രാജിവെച്ചത് എന്നാണ് ലോകമാധ്യമങ്ങള്‍ എഴുതിയത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ലാറ്റിന്‍ അമേരിക്കക്കാരന്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതും ആശ്ചര്യകരമായിരുന്നു. അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയായിരുന്നില്ല. കുരിശുയുദ്ധ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖ ലംഘിച്ച് സുല്‍ത്താനെ കണ്ട് സൗഹൃദം സൃഷ്ടിച്ച ഫ്രാന്‍സിസ് വീണ്ടും സജീവമായി. അറബിലോകവും പാശ്ചാത്യലോകവുമായി നാഗരികതയുടെ യുദ്ധം പ്രവചിച്ച കാലഘട്ടത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയാകുന്നത്. അദ്ദേഹം വത്തിക്കാന്‍ അരമനയിലേക്ക് പ്രവേശിക്കാന്‍ സന്നദ്ധനായില്ല. അരമന പാപ്പാസ്ഥാനത്തിന്റെ കുഷ്ഠമാണ് എന്ന് തുറന്നു പറഞ്ഞു. വത്തിക്കാന്റെ ഓരത്തു താമസിച്ച അദ്ദേഹം വത്തിക്കാന്‍ കാര്യാലയങ്ങളുടെ അഴിച്ചുപണിക്ക് ഏഴു കര്‍ദ്ദിനാളന്മാരുടെ ഒരു സംഘടനയുണ്ടാക്കി. ഓരത്തുവസിക്കുന്നവരുടെ മേല്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി.

സാഹിത്യമനസ്സ് 

സഭാചരിത്രത്തിലെ പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയുടെ മനസ്സ് മനസ്സിലാക്കാന്‍ ഒരു യുവ ഈശോസഭക്കാരന്‍ എന്ന വിധത്തില്‍ അര്‍ജന്റീനയിലെ സന്താ ഫേ എന്ന സ്‌കൂളില്‍ സാഹിത്യാദ്ധ്യാപകനായിരുന്നു ഈ 28 വയസ്സുകാരന്‍. ''ദുരന്ത സാഹിത്യകാരന്മാരെ ഞാന്‍ ഇഷ്ടപ്പെടുന്നു'' എന്ന് 2013-ല്‍ പറഞ്ഞ അദ്ദേഹത്തിന്റെ പ്രിയ സാഹിത്യകാരന്‍ ദസ്തയേവ്സ്‌കിയായിരുന്നു. അദ്ദേഹത്തിന്റെ 'കരമസോവ് സഹോദരന്മാരാ'യിരുന്നു ഇഷ്ടകൃതി. എന്നാല്‍, ഈ മാര്‍പാപ്പയുടെ ഇഷ്ടകവി ജര്‍മ്മന്‍കാരനായിരുന്ന ഹെല്‍ഡര്‍ലീന്‍ ആയിരുന്നു. 1988 മേയ് മാസത്തില്‍ കാര്‍ഡിനല്‍ ബര്‍ഗോളിയോ കരമസോവ് സഹോദരന്മാരെ ഉദ്ധരിച്ചുകൊണ്ട് സഭാധികാരത്തെക്കുറിച്ചു പറഞ്ഞു: ''ദൈവത്തില്‍ വിശ്വസിക്കാത്ത ആരും ദൈവജനത്തില്‍ വിശ്വസിക്കുകയില്ല.'' പ്രിയപ്പെട്ട സാഹിത്യകാരന്റെ പ്രിയ നോവലിലെ 'മഹാകുറ്റവിചാരക'ന്റെ കഥ നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് മാര്‍പാപ്പയായത്. ''ദസ്തയേവ്സ്‌കിയില്‍ എന്താണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്'' എന്നു ചോദിച്ചപ്പോള്‍ ''ഭൂഗര്‍ഭത്തില്‍ നിന്നുള്ള കുറിപ്പുകള്‍'' (Notes from the Underground) അതു 'മുത്താ'ണ് എന്നു കൂട്ടിച്ചേര്‍ത്തു.

ബര്‍ഗോളിയോ ദസ്തയേവ്സ്‌കിയെ കണ്ടെത്തിയതു ശരിക്കും അദ്ദേഹത്തിന്റെ ഡോക്ടറല്‍ പഠനത്തിന്റെ ഭാഗമായി ബര്‍ലിന്‍ യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപകനായിരുന്ന റൊമാനോ ഗര്‍ദീനിയയെ പഠിച്ചപ്പോഴാണ്. ദസ്തയേവ്സ്‌കിയുടെ കഥാപാത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വിരുദ്ധ ധ്രുവസംഘട്ടനങ്ങളെ അതിമനോഹരമായി കണ്ടെത്തി വ്യാഖ്യാനിച്ചതു ഗര്‍ദീനിയായിരുന്നു. ഉന്നതവും ഉദാത്തവുമായ അസ്തിത്വബോധം മനുഷ്യനിലെ പ്രകൃതി വാസനകളുടെ പെട്ടെന്നുള്ളതും പ്രവചിക്കാനാവാത്തതുമായ കുത്തൊഴുക്കുകളുടെ സംഘട്ടനങ്ങളുടെ സമസ്യ സൃഷ്ടിയായി മനുഷ്യജീവിതത്തെ കണ്ടെത്തിയവനായി ദസ്തയേവ്സ്‌കിയെ മനസ്സിലാക്കി. ആ സാഹിത്യകാരന്റെ മൗലികത ''പൂര്‍ത്തിയാകാത്ത ചിന്ത'', ''എപ്പോഴും തുറന്നു കിടക്കുന്ന വിചാര''മാണ് എന്ന് 2013-ല്‍ ഒരഭിമുഖത്തില്‍ ബര്‍ഗോളിയോ പറഞ്ഞിട്ടുണ്ട്.

ദസ്തയോവ്സ്കി
ദസ്തയോവ്സ്കി

അധികാരത്തിന്റെ അഴിച്ചില്‍ 

ഫ്രാന്‍സിസ് പാപ്പാസ്ഥാനം ഏറ്റെടുത്തപ്പോള്‍ നിരന്തരമായി നേരിടേണ്ടിവന്നതു സഭാധികാരത്തിന്റെ പ്രതിസന്ധിയാണ്. മക്കറിക് റിപ്പോര്‍ട്ട് അദ്ദേഹമാണ് ലോകത്തിലേക്ക് തുറന്നുവിട്ടത്. ഒരു വ്യക്തിയുടെ അധാര്‍മ്മികത എങ്ങനെ അദ്ദേഹത്തെ കര്‍ദ്ദിനാളാക്കി എന്ന വല്ലാത്ത വേദനിപ്പിക്കുന്നതും പണവും അധികാരവും അധര്‍മ്മവും ഒന്നിച്ചുവാണതുമായ കഥയായിരുന്നു. വൈദികരുടെ കുട്ടികളുടെമേല്‍ നടത്തിയ ലൈംഗികാതിക്രമ സമസ്യയുടെ ചുരുളഴിക്കുന്നതുമായ കഥ. ലാറ്റിനമേരിക്കയിലെ ചിലിയിലെ മെത്രാന്മാരും അവിടത്തെ ജനങ്ങളും രണ്ടു തട്ടിലായതും അതിന്റെ വലിയ വിടവും വര്‍ഷങ്ങളിലൂടെ നടന്ന അധികാര ദുര്‍വ്വിനിയോഗത്തിന്റെ ദുരന്തകഥയായിരുന്നു. സത്യം മനസ്സിലാക്കാന്‍ വളരെ സമയമെടുത്തെന്നറിഞ്ഞപ്പോള്‍ മാര്‍പാപ്പ ജനങ്ങളോട് പറഞ്ഞു: ''അതൊരു മാനസാന്തരമായിരുന്നു; ഒരു ബോംബാണ് പൊട്ടിയത്. ഈ വിഷയത്തില്‍ ധാരാളം മെത്രാന്മാരുടെ അഴിമതി ഞാന്‍ കണ്ടു.'' വത്തിക്കാന്‍ ഭരണകൂടത്തിനുള്ളിലെ അഴിമതിയും അദ്ദേഹം നേരില്‍ കണ്ടറിഞ്ഞതാണ്. ഈ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 'സിനഡാലിറ്റി' എന്ന പദപ്രയോഗത്തിലൂടെ സഭയുടെ അധികാരഘടന പരിഷ്‌കരിക്കാന്‍ തീരുമാനിക്കുന്നത്.

സിനഡ് എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം സമ്മേളിക്കുക, സംസാരിക്കുക, ഒന്നിച്ചു നടക്കുക എന്നാണ്. പരസ്പരം സംസാരിക്കുന്ന ഒരു സഭാസംവിധാനത്തിലേക്കാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാറ്റത്തിന്റെ വിപ്ലവം നടത്താന്‍ അദ്ദേഹം ശ്രമിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത് അധികാരത്തിന്റെ കാഴ്ചപ്പാട് മാറ്റത്തിന്റെ വ്യക്തി എന്ന വിധത്തിലായിരിക്കും. പൗരസ്ത്യസഭകള്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു വാക്കാണ് ഇവിടെ ഉപയോഗിക്കുന്നത്. ജനാധിപത്യം അഥവാ ഡെമോക്രസി എന്ന വാക്ക് ഒരിക്കല്‍പോലും ഒരിടത്തും ഉപയോഗിക്കുന്നില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമായി പറഞ്ഞു: ''വേറൊരു സഭയുണ്ടാക്കേണ്ട കാര്യമില്ല, മറിച്ച് ഭിന്നമായ സഭയുണ്ടാകണം.''

ഇവിടെ അര്‍ത്ഥമാക്കുന്നത് ഒരു വ്യത്യാസമാണ്. എന്തു വ്യത്യാസം? ദൈവികതയുടെ പുതുമ. അതില്ലാതായാല്‍ സഭയില്ലാതാകും. എല്ലാ മനുഷ്യരും തമ്മിലുള്ള സാഹോദര്യത്തിന്റെ ലോകത്തില്‍ കാണപ്പെടുന്ന അടയാളമായി സഭ മാറണം. ഇത് ഒരു സഭയുടെ സ്വകാര്യപ്രശ്‌നമല്ല. ലോകത്തിന്റെ മൗലിക പ്രശ്‌നമാണ്. ഇതു കുറെ മെത്രാന്മാരേയും വൈദികരേയും മാത്രം ബാധിക്കുന്ന പ്രശ്‌നവുമല്ല. വിവാദകലുഷിതമായ കാലഘട്ടത്തില്‍ അഗസ്റ്റിന്‍ എഴുതിയതാണ് സത്യം. ''ഞാന്‍ പറയാന്‍ തുടങ്ങിയതുപോലെ 'നീ പറയുന്നതും' 'ഞാന്‍ പറയുന്നതും' കേള്‍ക്കുകയല്ല, കര്‍ത്താവ് പറയുന്നതു കേള്‍ക്കാന്‍ കഴിയട്ടെ.'' എങ്ങനെയാണ് ഞാനും നീയും അവരും പറയുന്നതിലൂടെ ദൈവത്തിന്റെ അഥവാ യേശുക്രിസ്തുവിന്റെ ശബ്ദവും കേള്‍ക്കുക? അതു സത്യത്തിന്റെ സ്വരശ്രവണ പ്രശ്‌നമാണ്. അതാണ് സിനഡാലിറ്റിയുടെ പ്രശ്‌നം. ഈ പ്രശ്‌നത്തിലും അദ്ദേഹത്തെ നയിക്കുന്നതു ദസ്തയേവ്സ്‌കി തന്നെ. മഹാകുറ്റവിചാരകന്റെ കഥ പറഞ്ഞ ദസ്തയേവ്സ്‌കി ക്രിസ്തുവിനെ അഗാധമായി സ്‌നേഹിച്ചവനാണ്. അധികാരം സഭയുടെ നാശത്തിനു കാരണമാകുന്നു എന്നു കണ്ടെത്തിയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ 'വിഡ്ഢി'(The Idiot)യിലെ കഥാപാത്രമായ മിഷ്‌ക്കിനോട് ഇവാന്‍ പെദ്രോവിച്ച് ചോദിക്കുന്നു: ''റോമന്‍ കത്തോലിക്കാ സഭ അക്രൈസ്തവമാകുന്നതെങ്ങനെ? അതുപിന്നെ എന്താണ്?'' മിഷ്‌ക്കിന്‍ ആവേശത്തോടെ പറഞ്ഞു: ''അത് ഒന്നാമതു ക്രൈസ്തവമല്ല... രണ്ടാമതായി എന്റെ അഭിപ്രായത്തില്‍ നിരീശ്വരത്വത്തെക്കാള്‍ മോശമാണ്. അതെ, അതാണ് എന്റെ അഭിപ്രായം, നിരീശ്വരത്വം പ്രസംഗിക്കുന്നതു നിഷേധമാണ്. എന്നാല്‍, റോമനിസം അതിനുമപ്പുറത്താണ്. അതു അന്തിക്രിസ്തുവിനെ പ്രസംഗിക്കുന്നു. ഞാന്‍ ഉറപ്പായി പറയുന്നു, ഞാന്‍ ആണയിട്ടു പറയുന്നു. ഇത് എന്റെ വ്യക്തിപരമായ ബോധ്യമാണ്, അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ലൗകികവും സാര്‍വ്വത്രികവുമായ അധികാരമില്ലാതെ ഭൂമിയില്‍ തുടരാനാവില്ലെന്നു റോമന്‍ കത്തോലിക്കാ സഭ വിശ്വസിക്കുന്നു.'' ''ശരിക്കും സത്യസന്ധനായ ക്രിസ്ത്യാനി''യുടെ യഥാര്‍ത്ഥവും സാധകവും സുന്ദരവുമായ രൂപമെന്ന് ദസ്തയേവ്സ്‌കി തന്നെ വിശേഷിപ്പിച്ചിട്ടുള്ള കഥാപാത്രമാണ് മിഷ്‌ക്കിന്‍, കത്തോലിക്കാസഭ റോമാസാമ്രാജ്യത്തിന്റെ തുടര്‍ച്ചയാണ് എന്നു പറയുന്നത്. മനുഷ്യന്റെ മാനുഷിക വികാരങ്ങളെ പണമായി മാറ്റുന്ന അന്ധവിശ്വാസം. 'ദ ഇഡിയറ്റി'ല്‍ നോവലിസ്റ്റ് എഴുതി. ''പിശാച് ക്രിസ്തുവിനെ പ്രലോഭിപ്പിക്കുന്നു. അതിലാണ് ആഴമാര്‍ന്ന ക്രൈസ്തവികത ആരംഭിക്കുന്നത്.'' കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ അന്ത്യവാക്കുകള്‍ ഭാഗികമായി ദസ്തയേവ്സ്‌കി ഉദ്ധരിക്കുന്നു. അവ്യക്തമായ ഈ വാക്കുകള്‍ എന്താണ് സംവേദനം ചെയ്യുന്നത്? മര്‍ത്ത്യജീവിതത്തിന്റെ പൂരണമില്ലാത്ത ഭീകര സമസ്യയായി അതവസാനിക്കുന്നു. നിശ്ശബ്ദതകൊണ്ട് എന്ത് അര്‍ത്ഥമാക്കുന്നു? ഒന്നും പറയാതിരിക്കലല്ല, പറയാത്ത എന്തോ പറയുന്നു. പറയാതെ പറയുന്നു.

റൊമാനോ ​ഗദീനി
റൊമാനോ ​ഗദീനി

പാരസ്പര്യം പറയുന്ന വഴി 

ദസ്തയേവ്സ്‌കി തന്റെ നോവലുകളില്‍ ക്രിസ്തുവിന്റെ അധികാരത്തെ, ദൈവികമായ സത്യത്തെ എങ്ങനെയാണ് അവതരിപ്പിക്കുന്നത്? അധികാരത്തിന്റെ ആഖ്യാനമുകരമായി ദസ്തയേവ്സ്‌കി സംഭാഷണത്തെ തന്റെ നോവലുകളില്‍ എങ്ങനെ വിനിയോഗിക്കുന്നുവെന്നതു വ്യാഖ്യാനിക്കുന്ന റഷ്യന്‍ ചിന്തകനാണ് മിഖായേല്‍ ബക്ത്തീന്‍. അദ്ദേഹം സ്റ്റാലിന്റെ കാലഘട്ടത്തില്‍ ജീവിച്ചു. ദസ്തയേവ്സ്‌കിയുടെ നോവലുകള്‍ പരസ്പരവിരുദ്ധവും സന്ധിയില്ലാത്തതുമായ വൈവിധ്യത്തില്‍ നടത്തുന്ന ഭാഷണ പലമയാണ് എന്നതാണ് യാഥാര്‍ത്ഥ്യം, അവിടെ കര്‍ത്താവ് അഥവാ സ്രഷ്ടാവ് എന്ന എഴുത്തുകാരന്‍ എവിടെ? ഭാഷണ പലമയില്‍ വൈവിധ്യത്തിന്റെ ഭാഷണങ്ങള്‍ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമാണ്. എല്ലാവരിലും ഭാഷണമുഖമുണ്ട്. ഈ കഥാപാത്രങ്ങളിലൂടെയാണ് കര്‍ത്താവിന്റെ ഉദ്ദേശ്യങ്ങള്‍ സംവഹിക്കപ്പെടുന്നത്. അവരുടെ ഭാഷണങ്ങളിലൂടെ എഴുത്തുകാരന്റെ ഉദ്ദേശ്യങ്ങള്‍ കടന്നുവരുന്നു. ബഹുസ്വരത നോവലില്‍ പ്രവേശിച്ച് നോവല്‍ ഉണ്ടാക്കപ്പെടുകയാണ്.

ബക്തീന്റെ വീക്ഷണത്തില്‍ ദസ്തയേവ്സ്‌കിയുടെ നോവലുകള്‍ സംഭാഷണത്തിന്റെ സത്യമാണ് വെളിവാക്കുന്നത്. എഴുത്തുകാരന്‍ കഥാപാത്രങ്ങളിലൂടെ പ്രവേശിക്കുന്നു. എഴുത്തുകാരന്‍ ഫലത്തില്‍ നിശ്ശബ്ദനാണ്. സംഭാഷണം സത്യത്തിന്റെ ബഹുസ്വരതയാണ് വെളിവാക്കുന്നത്. ബഹുസ്വരതയില്‍ പ്രകാശിക്കുന്ന സംഭാഷണ സത്യത്തിന്റെ ഒരു രൂപമാണ്. സംഭാഷണം സര്‍ഗ്ഗാത്മക നടപടിയുടെ രൂപമാണ്. അതു പല ശബ്ദങ്ങളുടേയും കാഴ്ചപ്പാടുകളുടേയും വളര്‍ച്ചയാണ്. സത്യം ആരുടേയും തലച്ചോറിലിരിക്കുന്നില്ല. പാരസ്പര്യത്തിന്റെ ഭാഷണത്തില്‍ കണ്ടെത്തുന്നതാണ്. ഭാഷണത്തില്‍ വിലയിരുത്തലും വിലമതിക്കലുമുണ്ട്. സാമൂഹികമായ വിലയിരുത്തലാണ് ഭാഷ. ഭാഷ ഭാഷിക്കുന്നവനു മുന്‍പുള്ളവരിലേക്കും ശേഷമുള്ളവരിലേക്കും കടന്നുനില്‍ക്കുന്നുണ്ട്. കാരണം ഭാഷ ഒരുവന്റെ സ്വകാര്യ സ്വത്തല്ല. ഭാഷയാണ് സാമൂഹികതയുടെ ഭാഷണമാകുന്നത്. സംഭാഷിക്കുന്നവന്‍ സംഭാഷിക്കുമ്പോള്‍ ഭൗതികനല്ല, സാമൂഹികനാണ്. ഭാഷണ നടപടി സാമൂഹിക നടപടിയാണ്.

ദസ്തയേവ്സ്‌കിയുടെ കലാലോകം സംഭാഷണത്തിന്റേയാണ്. സംഭാഷണം ലക്ഷ്യമാണ്, വഴിയല്ല. അതു നടപടിയുടെ പൂമുഖമല്ല, നടപടിയാണ്. സംഭാഷണത്തില്‍ വിലസിക്കുകയാണ്, തന്നെത്തന്നെ കാണിക്കുന്നു. കാണിക്കുക മാത്രമല്ല, ബന്ധപ്പെടുകയാണ്. സംഭാഷണത്തിന് അവസാനമില്ല. സംഭാഷണം നിരന്തരമായി നീളുന്നു. അതാണ് ജീവിതം. അതില്‍ പരസ്പരം ആനന്ദിക്കുന്നു, ആശ്ചര്യപ്പെടുന്നു, സമ്മേളിക്കുന്നു. ജീവിതത്തിനു മിനിമം രണ്ടു ശബ്ദങ്ങള്‍ വേണം. സംഭാഷണത്തില്‍ ഒരു വാക്കു പറയുമ്പോള്‍ അത് എനിക്കും നിനക്കുമിടയില്‍ നില്‍ക്കുന്നു. പാലത്തിന്റെ രണ്ടറ്റത്തും രണ്ടു പേര്‍ ഞാനും നീയും പരസ്പരം പിന്‍വലിയുന്നു. ആ പിന്‍വലിയലിലാണ് ഞാനും നീയും താരശോഭയോടെ കഥകള്‍ പറയുന്നത്. എന്റെ കഥ നിന്നെക്കുറിച്ചും നിന്റെ കഥ എന്നെക്കുറിച്ചുമാകുന്നു. ഇവിടെ വിശ്വാസബോധമാണ് വേണ്ടത്. ഇവിടെ പ്രകാശിതമാകുന്നതു ഭാഷണമല്ല, ഭാഷണം സാധ്യമാക്കുന്ന ഉന്നതമായ മൂല്യബോധമാണ്. സംഭാഷണത്തില്‍ പരസ്പരം ചോദിക്കുന്നതു ധര്‍മ്മമാണ്, കൊടുക്കുന്നതും സ്വീകരിക്കുന്നതും ധര്‍മ്മമാണ്. അതു സംഭവിക്കുന്നതു വലിയ ആതിഥ്യത്തിലാണ്. ഇതു വെറും സംഭാഷണമല്ല, അന്യനെ വീട്ടിലേക്കു വിളിച്ചു വീടുണ്ടാക്കലാണ്. എന്റെ വീട് നിന്റെ വീടിന്റെ അന്യതയിലൂടെ കടന്നുപോകുന്നു. ഇതു വെളിവാക്കുന്നതു ഭാഷയായി തോന്നാം. എന്നാല്‍, മനുഷ്യന്റെ ആന്തരികവും ധാര്‍മ്മികവുമായ മനഷ്യസത്തയാണ് ഭാഷാകൂട്ടായ്മ ഉണ്ടാക്കുന്നത്. അതിന്റെ ആഘോഷമാണ് ഭാഷണം.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ

നിശ്ശബ്ദമാക്കുന്ന അധികാരഭാഷ 

ഈ സംഭാഷണത്തിന്റെ ജീവിതമണ്ഡലത്തിലാണ് റോമന്‍ കത്തോലിക്കാസഭയുടെ അധികാരത്തിന്റെ ഭാഷയായി ഒരു ചൊല്ല് നിലനിന്നത്. Roma locuta, causa finita est റോം പറഞ്ഞു, പ്രശ്‌നം അവസാനിച്ചു. ഇതു ചരിത്രപരമായി വിശുദ്ധ അഗസ്റ്റിന്റെ ഒരു വാചകമാണ്. റോമിന്റെ നിശ്ശബ്ദമാക്കുന്ന വാക്ക് എന്ന് അഗസ്റ്റിന്‍ അര്‍ത്ഥമാക്കി എന്നു വരുന്നില്ല. ഇതനുസരിച്ച് റോം പറയുന്നതോടെ പറയല്‍ അവസാനിക്കുന്നു. പക്ഷേ, ആധുനിക കാലഘട്ടം ഈ തത്ത്വത്തിന്റെ നിരന്തരമായ ലംഘനങ്ങളുടേതാണ്. വര്‍ത്തമാനം അവസാനിപ്പിക്കുന്ന ഭാഷണം അന്ത്യവിധിയാണ്. അതു നിശ്ശബ്ദമാക്കുന്നു. അങ്ങനെ അധികാരത്തിന്റെ പണി വായപൂട്ടലായി മാറി. ഒരു മാര്‍പാപ്പതന്നെ ഭാഷണവഴിയാണ് സഭയുടെ ജീവിതവഴി എന്നു പറയുന്നു. ഇതൊരു കാഴ്ചപ്പാട് മാറ്റത്തിന്റേയാണ്, പാരഡൈ മാറ്റം. ഇവിടെ കാഴ്ചപ്പാട് മാറ്റത്തിന്റെ രൂപമായി ദസ്തയേവ്സ്‌കിയുടെ നോവല്‍ രൂപം നില്‍ക്കുന്നു. സ്റ്റാലിനു കീഴില്‍ ജീവിച്ച ബക്ത്തീന്‍ മധ്യകാല യൂറോപ്പിന്റെ അധികാര വീക്ഷണം 'സത്യത്തിന്റെ ഏക' ഭാഷയായിരുന്നു എന്നു പറയുന്നു. ഏറ്റവും അമൂര്‍ത്തവും സാര്‍വ്വത്രികവുമായ വ്യാകരണഭാഷ. എല്ലാറ്റിനേയും കേന്ദ്രത്തിലേക്കു വലിച്ചടുപ്പിക്കുന്ന ഭാഷ. കേന്ദ്രീകരണത്തിന്റെ ഭാഷ. അതു യൂറോപ്യന്‍ ഭാഷകളെ ഐക്യപ്പെടുത്തി, ഒരു ഭരണഭാഷയുടെ ആധിപത്യം. അത് എല്ലാ ഭാഷകളേയും സത്യവചനം കൊണ്ട് പ്രകാശിപ്പിച്ചു. എല്ലാ വൈവിധ്യങ്ങളും ഒന്നാക്കപ്പെട്ടു. പക്ഷേ, അതു ജീവിക്കുന്ന ഭാഷയായിരുന്നില്ല. അതു ലത്തീനായിരുന്നു - മൃതഭാഷ. യൂറോപ്യന്‍ ഭാഷകളുടെ പലമ ഒരു ഭാഷയിലേക്ക് ഒതുക്കപ്പെട്ടു. ഒരു ഭാഷയില്‍ ഐക്യപ്പെട്ട ലോകം. പക്ഷേ, ഇതു ഭാഷയായിരുന്നോ? ഈ ഭാഷയില്‍ എല്ലാ വാക്കുകളുടെ അര്‍ത്ഥം നിശ്ചിതമായിരുന്നു. ഒന്നും കൂടാനോ കുറയ്ക്കാനോ ഇല്ല. ഇവിടെ ആവര്‍ത്തനം മാത്രമായിരുന്നു സാധ്യം. അതുകൊണ്ടുതന്നെ ജനങ്ങള്‍ ആ ഭാഷ പറയാതായി. ആ ഭാഷ ഒരു പ്രത്യയശാസ്ത്രമായി ഒരു ഐഡിയോളജി ഭാഷണം. മൃതമാക്കുന്ന മൃതഭാഷ.

ഇതുണ്ടാക്കിയത് ഒരുവന്റെ മാത്രം അഹം ഭാഷണത്തിന്റെ ഏകവചനഭാഷയാണ് - സ്വഗതം. ഇവിടെ ഒരാള്‍ മാത്രം ജീവിച്ചു. സംഭാഷണത്തിനു രണ്ടാള്‍ വേണം. സ്വഗതങ്ങള്‍ മനസ്സിലാക്കപ്പെടുകയില്ല, നിശ്ശബ്ദമാക്കാം. പരസ്പരധാരണകള്‍ ഉണ്ടാക്കില്ല. ജീവിക്കുന്ന ഭാഷ സ്വഗതമല്ല, സംഭാഷണമാണ്. ജീവിതം അതില്‍ മാത്രമേ സാധ്യമാകൂ, ഞാന്‍ ജീവിതത്തില്‍ പറയുന്ന വാക്ക് എന്റെയല്ല. അതു ജീവിതകേളിയിലെ ഒരു വാക്കാണ്. ആ വാക്കിനു പിന്നില്‍ ചരിത്രമുണ്ട്. അതിന്റെ അര്‍ത്ഥം ഞാന്‍ ഉണ്ടാക്കുന്നതല്ല. അതിന്റെ അര്‍ത്ഥം സ്വകാര്യമല്ല. അതിന് അന്തിമമായ അര്‍ത്ഥം നിശ്ചയിക്കാന്‍ എനിക്കാവില്ല. ഞാന്‍ സംഭാഷിക്കുമ്പോള്‍ ഒരു സമ്മേളനത്തിന്റെ സംഭാഷണ ശൃംഖലയിലാണ് ഞാന്‍ ബന്ധിക്കുന്നത്. ഞാന്‍ സംഭാഷിക്കുമ്പോള്‍ ഒരു അസ്തിത്വകേളിയില്‍ ഞാന്‍ പങ്കുചേരുന്നു. ജീവിതഭാഷ വൈരുദ്ധ്യാധിഷ്ഠിതമല്ല. സംഭാഷണം പൊതുസമ്മതത്തിലേക്കാണ് നീങ്ങുന്നത്. ഡയലക്റ്റിക് ഭാഷയില്‍ അതു സംഭവിക്കില്ല.

ബോധത്തിന്റെ പുറത്തേക്കുള്ള പ്രവാഹമാണ് ഭാഷ. ബോധം എപ്പോഴും അപരബോധമാണ്. അതുകൊണ്ട് പ്രത്യക്ഷത്തില്‍ ഏകവചനഭാഷണവും സ്വഗതവും സംഭാഷണമാണ്. എന്റെ ഭാഷണം എന്റെ വെളിപാടാണ്, എപ്പോഴും അപരനെക്കുറിച്ചുള്ള പറയലിലാണ് ഞാന്‍ എന്നെക്കുറിച്ചു പറയുന്നത്. എനിക്കു ഞാനാകാന്‍ അപരബന്ധം അനിവാര്യമാണ്. എന്റെ ബോധം ഉണരുന്നത് അപരബോധത്തിന്റെ പൊതിച്ചിലിലാണ്. എനിക്കു ബോധം സാധ്യമാകുന്നത് ആന്തരിക സംഭാഷണത്തിലാണ്. മറ്റുള്ളവരുടെ വാക്കുകളുടെ ലോകത്തിലാണ് ഒരുവന്‍ ജീവിക്കുന്നത്. ഒരു മൃഗവും ചരിത്രത്തിലേക്ക് ജനിക്കുന്നില്ല. മനുഷ്യനാണ് സാമൂഹികമായി ജനിക്കുന്നത്. ബോധം സാമൂഹിക സാംസ്‌കാരിക നടപടിയാണ്. പറയുന്ന ഒരു വാക്ക് ഒരു പാലം സൃഷ്ടിക്കുന്നു. രണ്ടു പേര്‍ക്ക് ബന്ധിക്കാനുള്ള ഒരു ഇടം. ഭാഷണം എന്നത് ഒരാളുടെ സ്വകാര്യകര്‍മ്മമല്ല. ഇതാണ് ധര്‍മ്മജീവിതത്തിന്റെ സ്വാഭാവിക വഴി. ഭാഷണവഴി ധര്‍മ്മവഴിയാണ്.

ബഹുസ്വരതയില്‍ അധികാരം 

ബഹുസ്വരതയുടെ നോവലില്‍ സ്രഷ്ടാവ് അഥവാ എഴുത്തുകാരന്‍ എവിടെ? ബഹുസ്വരതയുടെ ജീവിതത്തിന്റെ ഭാഷാകേളിയില്‍ സത്യത്തിന്റെ അഥവാ നന്മയുടെ അധികാരം എവിടെ? ഈ ഭാഷണത്തിന്റെ പലമയില്‍ അധികാരം എന്താണ്? ഭാഷണത്തിന്റെ രഹസ്യം സാമൂഹികതയാണ് എന്നു കണ്ടു. നോവലില്‍ അധികാരസ്വരം, അതിന്റെ കര്‍ത്താവിന്റെ സ്വരവും സാന്നിധ്യവുമാണ്. ദൈവം ഈ ഭാഷണകേളിയില്‍ എവിടെയാണ്? ഇതു ദസ്തയേവ്സ്‌കിയുടെ നോവലുകള്‍ എങ്ങനെ കാണിക്കുന്നു എന്നാണ് ബക്തീന്‍ എഴുതിക്കാണിക്കുന്നത്. സംഭാഷണം നടത്തുന്നവരില്‍ ഒരാളല്ല ദൈവം, സത്യത്തിന്റെ സ്വരം നോവല്‍ ഭാഷകളുടെ പലമയുടെ കഥനമാണ്. നോവലിലെ വൈവിധ്യങ്ങളില്‍ ഒരു സ്വരമല്ല അധികാരത്തിന്റേത്. കഥാപാത്രങ്ങളേ നോവലിലുള്ളൂ. ആ കഥാപാത്രങ്ങളില്‍ ഒന്നല്ല ദൈവം. നോവലില്‍ കഥ പറയുന്നവനുണ്ട്. അത് ഒരു കഥാപാത്രമാകാം ആഖ്യാതവാകാം. നോവല്‍ ഒരു വാചകധാരയാണ്. ആ വിധത്തില്‍ ഒരു അസംബ്ലിയോ പാര്‍ലമെന്റോ പോലെയാണ്. കഥ പറയുന്നവന്‍ പലപ്പോഴും കഥയിലില്ല. കഥ സംഭവിക്കുകയാണ്. അതിന്റെ സംഭവിപ്പിക്കല്‍ മറഞ്ഞിരിക്കുന്നു; പിന്‍വലിഞ്ഞു നില്‍ക്കുന്നു. നോവലിസ്റ്റ് നോവലിലില്ല. കഥാപാത്രങ്ങളിലൂടെ മാത്രമേ നോവലിസ്റ്റിനു സംഭവിക്കാനാവൂ. കഥാപാത്രങ്ങളിലൂടെ സ്രഷ്ടാവ് സംസാരിക്കുമ്പോള്‍ ഒരു ഭാഷണത്തിനു പിന്നില്‍ രണ്ടാളുകളുടെ അഥവാ രണ്ട് ഉദ്ദേശ്യങ്ങളുടെ സാന്നിധ്യമുണ്ട്, നാടകവേദിയില്‍ നടീനടന്മാര്‍ സംസാരിക്കുന്നതു സ്വന്തം ഭാഷയല്ല, വേദിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന പ്രോംപ്റ്റര്‍, പറഞ്ഞുകൊടുക്കലുകാരന്‍ പറയുന്നതാണ്. കഥാപാത്രം പ്രേരിതമായി സംസാരിക്കുന്നു. അയാള്‍ അയാളല്ലാത്ത കഥാപാത്രമാകുന്നു. അവിടെ ഒരു ഭാഷണത്തിനു രണ്ട് അര്‍ത്ഥങ്ങള്‍ സംഭവിക്കാം. കഥാപാത്രങ്ങളിലൂടെയല്ലാതെ കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയല്ലാതെ കഥാകൃത്ത് സംസാരിക്കില്ല. കര്‍ത്താവ് പിന്‍വലിഞ്ഞു നില്‍ക്കുന്നു - കഥയെ നയിക്കുന്ന, കഥാപാത്രങ്ങളിലൂടെ...

സത്യത്തിനു പ്രത്യേക ഭാഷയില്ല. എല്ലാ ഭാഷണങ്ങളിലും അത് ഒളിഞ്ഞിരിക്കാം. മറഞ്ഞിരുന്നു അതിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു. സ്വതന്ത്രവും പരസ്പരം ലയിപ്പിക്കുന്നതുമായ ഭാഷാ ഖണ്ഡങ്ങളുടെ പലമയിലാണ് നോവല്‍. അതു ഭാഷകളുടെ ഭാഷണമാണ്, എന്താണ് നടക്കുന്നത്? സാമൂഹികബന്ധങ്ങള്‍. വിഡ്ഢിത്തം പറഞ്ഞുകൊണ്ട് എഴുത്തുകാരന്‍ വിവേകം പഠിപ്പിക്കും. വിഡ്ഢികളുടെ കണ്ണുകളിലൂടെ ലോകം കാണിച്ച് ലോകത്തിന്റെ മാമൂലുകളുടെ അസഹനീയമായ വ്യാജം വെളിവാക്കാം. കാലത്തിന്റെ കോലവും വക്രീകരിച്ച് കാണിച്ച് കാലക്കേട് കാണിക്കാം. ഇല്ലാത്ത കഥ പറഞ്ഞു വര്‍ത്തമാനത്തെ വിമര്‍ശിക്കാം, ഭാവി സങ്കല്പിക്കാം. അവസാന വാക്ക് ആരും പറയുന്നില്ല. അതു പറയാതെ സ്വതന്ത്രമായി ഭാവി കാണിക്കുന്നു. ഭാഷണകേളിയില്‍ നാം കേളിയിലാണ്, അതു വെറും കേളിയിലാണ്, അതു കാര്യത്തിന്റെ കാര്യമില്ലായ്മയുടെ കഥനവുമാണ്. ദരീദ എഴുതി: സാഹിത്യം ജനാധിപത്യമാണ്, ജനാധിപത്യം സാഹിത്യമാണ്. ജനാധിപത്യത്തിന്റെ സാഹിത്യത്തില്‍ ദൈവമുണ്ട്, അസന്നിഹിതനായി. അതാണ് സാഹിത്യത്തിന്റെ സത്യം. സാഹിത്യം വലിയൊരു രഹസ്യം പറയുന്നു. സാഹിത്യം ഭാവിയുടെ കഥകള്‍ പറയുന്നു. സാഹിത്യം പ്രവാചികമാണ്. അതു മന്ത്രവാദമല്ല. ഭാവി ശൂന്യമാണ്, ശൂന്യമായ കാലം. ഓരോ നിമിഷവും വാതിലാണ്, സത്യവും നീതിയും കടന്നുവരുന്ന വാതില്‍ - മനുഷ്യന്റെ രക്ഷ വരുന്ന വഴി. എവിടെനിന്ന്? ഈ വാതില്‍ മനുഷ്യവ്യക്തിയിലാണ്, മനുഷ്യന്‍ എന്ന അത്ഭുതത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞതു സോഫോക്ലീസ് എന്ന നാടകകൃത്താണ്. മനുഷ്യന്റെ ആന്തരികതയുടെ അത്ഭുതം. വാക്കു ജനിക്കുന്നതു മനുഷ്യന്റെ ആന്തരികതയുടെ 'കുഴി'യിലാണ്. പ്രോംപ്റ്ററിന്റെ നാടകവേദിക്കടിയിലെ കുഴിയില്‍. ജനാധിപത്യത്തിന്റെ ദൈവശാസ്ത്രം ജനിക്കുന്നത് എല്ലാ മനുഷ്യരിലുമുള്ള ഈ ആന്തരികതയുടെ കുഴിയിലാണ്. ഭാഷണവും ഭാഷയും അവിടെനിന്നുണ്ടാകുന്നു. എന്നില്‍ ഞാനല്ലാത്ത ഒരു സ്രോതസ്സ്.

കത്തോലിക്കാസഭയുടെ ചരിത്രത്തിലും ചിന്തയിലും സമത്വം ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്നതു ലോകത്തിലോ സ്വര്‍ഗ്ഗത്തിലോ അല്ല. തെറ്റുകുറ്റങ്ങളുടെ വേദനയനുഭവിക്കുന്ന ശുദ്ധീകരണസ്ഥലത്താണ്. അവിടെയാണ് എല്ലാവരും യാതൊരു വിവേചനവുമില്ലാതെ സ്വന്തം തെറ്റുകുറ്റങ്ങളനുസരിച്ച് ശിക്ഷയ്ക്കു വിധേയമാകുന്നത്. ''ശുദ്ധീകരണ സ്ഥലമാണ് ക്രൈസ്തവ ജനാധിപത്യം'' -ഒരു ചിന്തകന്‍ എഴുതി. ''അവിടെയാണ് ആനുപാതിക സമത്വത്തിന്റെ നീതി നടപ്പിലാക്കുന്നത്. രാജകുമാരനും മാര്‍പാപ്പയും സാധാരണക്കാരനും ഒന്നുപോലെ പാപങ്ങളുടെ ഗൗരവമനുസരിച്ച് ശിക്ഷിക്കപ്പെടുന്നു.''

ഈ ശുദ്ധീകരണത്തിന്റെ വേദനയും കണ്ണീരും വിലാപവും നടക്കുന്നത് ആന്തരികതയുടെ ആത്മാര്‍ത്ഥതയിലാണ്. എന്താണ് മനുഷ്യന്റെ ആന്തരികബോധം? അതുമായുള്ള സത്യസന്ധമായ ബന്ധത്തില്‍നിന്നാണ് ഭാഷ ജനിക്കുന്നതും പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നതും നടപടികള്‍ നടക്കുന്നതും. ഇത് എല്ലാ വ്യക്തികളിലേയും രഹസ്യലോകമാണ്. ആന്തരികതയുടെ സുതാര്യബന്ധത്തില്‍ ആന്തരികത ഏതോ അന്യതയുമായി ബന്ധിക്കുന്നു. ആന്തരികത അന്യതയുമായി ഒന്നിക്കുന്നു. അവിടെനിന്നാണ് തര്‍ജ്ജമകള്‍ ഉണ്ടാകുന്നത്. ഭാഷിക്കലും പറയലും തര്‍ജ്ജമയല്ലേ? എല്ലാം ആന്തരികതയില്‍നിന്നു വരുന്നു. പക്ഷേ, അത് എന്താണ്, അതു ഞാനാണോ? ആന്തരികതയില്‍നിന്ന് എല്ലാം നാമകരണം ചെയ്യപ്പെടുന്നു, ലോകവും ദൈവവും മനുഷ്യരും ഉണ്ടാകുന്നു. ചിന്തയും സങ്കല്പവും അവിടെനിന്നാണ്. കാവ്യത്തിന്റെ ഉറവിടവും അതു തന്നെ. ഈ ആന്തരികതയുടെ ശ്രദ്ധയും ശ്രവണവുമായി ജീവിതം മാറുന്നു. ആന്തരികത വായിക്കുന്നു - അവിടെയാണ് ഭാഷ തുടങ്ങുന്നത്. ഞാനുമായുള്ള ആന്തരിക സംഭാഷണം തര്‍ജ്ജമ ചെയ്താണ് ഭാഷണം. ഓരോ ഭാഷണവും ആന്തരികതയുടെ തര്‍ജ്ജമയാണ്. ജീവന്റെ വചനം ഉള്ളില്‍നിന്നു വരുന്നു. കാവ്യവും കലയും ധര്‍മ്മവും അവിടെനിന്നു വരുന്നു. നമ്മുടെ കാലഘട്ടത്തില്‍നിന്നു നാം അന്യരായിരിക്കുന്നു. ലോകത്തിന്റെ മണിക്കൂര്‍ നമ്മില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. കാലത്തിന്റെ കവി കവിയുടെ കാലം സൃഷ്ടിക്കുന്നു. എന്റെ വീട്ടിലേക്കുള്ള വഴി വിദേശത്തുകൂടി കൂടെയാണ്. ആകാശത്തിന്റെ അഗ്‌നിയും ഭൂമിയുമായുള്ള അടുപ്പവും തമ്മില്‍ കലഹിക്കുന്നു. ആന്തരികത അദൃശ്യമായി ഗുഹയായി തുടരുന്നു. ഈ ആന്തരികതയുടെ മൊഴി ആരുടെയാണ്? ഞാന്‍ എന്ന എന്റെ പേര് വെറും മുഖംമൂടി. ഞാന്‍ എന്ത് എന്ന് എനിക്കറിയില്ല. ആന്തരികതയോട് സത്യസന്ധമായി ബന്ധിക്കുന്നവന്‍ ശ്രദ്ധയും ശ്രവണവുമുള്ളവനാണ്. അവന്‍ കേള്‍ക്കുന്ന അന്യതയെ; അന്യതയുമായി ബന്ധിക്കുന്നു, ആത്മാര്‍ത്ഥമായ അന്യതയുമായി ബന്ധത്തിലാണ്. വിചിത്ര കേന്ദ്രമായി ബന്ധിക്കുമ്പോള്‍ ആരാണ് ശരിയായ ആള്‍? എന്റെ പേര് വെറും മുഖം മൂടി മാത്രമാകുന്നു. എഴുത്തും കാവ്യവും ആരുടേയുമല്ലാതാകുന്നത് ഇവിടെയാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രിയ കവി ഹെല്‍ഡര്‍ലീന്‍ കവികള്‍ക്ക് എഴുതി: ''ദൈവത്തിന്റെ ഇടിവെട്ടിന്റേയും കൊടുങ്കാറ്റിന്റേയും ആകാശത്തിനു താഴെ ശിരോകവചമില്ലാതെ നില്‍ക്കുക. പിതാവിന്റെ ഇടമിന്നലിനെ കൈകളില്‍ പിടിച്ചെടുത്ത് ആ സ്വര്‍ഗ്ഗീയദാനത്തെ പാട്ടില്‍പൊതിഞ്ഞ് ജനങ്ങള്‍ക്കു കൊടുക്കുക.'' സീനായ് മലയുടെ മുകളില്‍നിന്ന മോസസ്സിന് ഈ അനുഭവമാണ് ഉണ്ടായത്. താഴെ നിന്ന ജനം കേട്ടത് ഇടിമുഴക്കമാണ്. മോസസ്സ് അതു തര്‍ജ്ജമ ചെയ്ത് ജനത്തിനു കൊടുത്തു: അതു പത്തുകല്പനകളായിരുന്നു (പുറപ്പാട് 19:19) ബ്രഹദാരണിക ഉപനിഷദ്കാരനും ഇതുതന്നെ കേട്ടു. അവിടെ തര്‍ജ്ജമ നടന്നു: ദത്ത, ദയത്വം, ദമ്യത. തര്‍ജ്ജമയില്‍ പൊരുത്തമുണ്ട്, വ്യത്യാസവുമുണ്ട്. രണ്ടു സാഹചര്യങ്ങളും അതിനെ ദൈവവചനമാക്കി. അഹം ബ്രഹ്മാസ്മി എന്ന ഭാരതീയ പാരമ്പര്യം പറഞ്ഞപ്പോള്‍ യേശു പറഞ്ഞു: ''ഞാനും എന്റെ പിതാവും ഒന്നാണ്.'' അഗസ്റ്റിന്‍ ''നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല'' എന്നു ഏറ്റുപറഞ്ഞു. ഈ ആന്തരികത എല്ലാവര്‍ക്കുമുണ്ട്. ഈ സാധ്യതയില്ലാത്തവരില്ല. എല്ലാവര്‍ക്കും അധികാരത്തിന്റെ ശ്രോതസ്സുമായി ബന്ധമുണ്ട്. ആരൊക്കെ ഈ ബന്ധത്തിന്റെ ആര്‍ജ്ജവം നിലനിര്‍ത്തുന്നു, ആരൊക്കെ കാപട്യത്തിന്റെ മുഖംമൂടിയണിയുന്നു - അത് അറിയാന്‍ എളുപ്പമല്ല. 

തര്‍ജ്ജമകള്‍ ഭിന്നമാകാം, സത്യവിരുദ്ധമാകാം, പാളിയതാകാം. കര്‍ത്താവ് എന്ന അധികാരം നിശ്ശബ്ദമാണ്. എഴുത്തില്‍ എഴുത്തുകാരന്‍ മരിക്കണം. മരിച്ചാല്‍ മാത്രമേ അധികാരം എഴുത്തില്‍ സംസാരിക്കുകയുള്ളൂ. ബക്ത്തീന്‍ എഴുതി ''സ്രഷ്ടാവിനെക്കുറിച്ച് ഒന്നും പറയാനാവില്ല... അതുകൊണ്ട് പ്രാഥമിക സ്രഷ്ടാവ് നിശ്ശബ്ദനാണ്. സ്രഷ്ടാവിന്റെ മുഖംമൂടി ഒരു ആചാരമാണ്. പറച്ചിലുകള്‍ ഒരു മുഖത്തില്‍നിന്നാണ്. അതിന്റെ മുഖംമൂടി അപ്രത്യക്ഷമാണ്. അങ്ങനെയൊരു സ്രഷ്ടാവില്ല.'' സറാത്തുസ്ര എന്നു പറയുന്ന പേര് ഒരു മുഖംമൂടിയാണ്. ഉംബേര്‍ത്തോ എക്കോ പറഞ്ഞു: ''ഇന്നലത്തെ റോസ് അതിന്റെ പേരില്‍ നിലനില്‍ക്കുന്നു. നാം ശൂന്യമായ പേരുകളെ പുല്‍കുന്നു.'' ഈ ശൂന്യമായ പേരുകള്‍ക്കു പിന്നില്‍ ആര്? ഹേഗല്‍ അതു ശുദ്ധ അരൂപിയെന്നു വിളിച്ചു. മാര്‍ക്‌സിന് അതു ചൂഷിതനായ തൊഴിലാളിയാണ്. മാര്‍പാപ്പ അധികാരകസേരയില്‍നിന്ന് ഔദ്യോഗികമായി പറയുമ്പോള്‍ അതു ക്രിസ്തുവാണ്.

ഈ അധികാരം എല്ലാവര്‍ക്കും ലഭ്യമാണ്, എല്ലാവര്‍ക്കും തര്‍ജ്ജമയില്‍ തെറ്റാം. ആര്‍ക്കു തെറ്റി, ആര്‍ക്കു തെറ്റുന്നില്ല; ഇതറിയാന്‍ എളുപ്പമല്ല. അവിടെയാണ് എല്ലാവരേയും കേള്‍ക്കുക എന്നതിന്റെ പ്രസക്തിയും പ്രാധാന്യവും. ''വലിയ വിവാദങ്ങള്‍ക്കു ശേഷം'' ''അത്യാവശ്യ കാര്യങ്ങളേക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണ് നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി.'' ഇതു ഛേദനാചാരം ക്രിസ്തുവിശ്വാസികള്‍ക്ക് ആവശ്യമാണോ എന്ന വിവാദത്തില്‍ പരസ്പര കൂടിയാലോചനകള്‍ക്കു ശേഷം അപ്പസ്തോലന്മാര്‍ എടുത്ത തീരുമാനത്തിന്റെ റിപ്പോര്‍ട്ടാണ് ലൂക്കാ എഴുതിയത് (നടപടി 15:28). 16ാം നൂറ്റാണ്ടിലെ മിസ്റ്റിക്കും സഭാപ്രബോധകയായി അംഗീകരിക്കപ്പെട്ട ആവിലായിലെ ത്രേസ്യ എന്ന കന്യാസ്ത്രീ എഴുതി: ''നന്മയും ബലവുമുള്ളവരും കഴിവുള്ളവരുമായവരെ ഈ കാലഘട്ടം അകറ്റുന്നു എന്നു ഞാന്‍ കുറ്റപ്പെടുത്തുന്നു, അവര്‍ സ്ത്രീകളായതുകൊണ്ടുമാത്രം.'' ഇതു നൂറ്റാണ്ടുകളിലൂടെയുള്ള സഭയിലെ പ്രലാപമാണ്. കേരളത്തിന്റെ സഭയിലെ സ്ത്രീകളുടെ കാര്യവും ഭിന്നമല്ല. ആണത്തം ദൈവികമാക്കി അടിച്ചുഭരിക്കുന്ന ആണത്തഭാഷയുടെ ആധിപത്യം തുടരുന്നു.

സോഫോക്ലിസ് 
സോഫോക്ലിസ് 

ദൈവസഭയിലെ ആണത്തം

കത്തോലിക്കാസഭയില്‍ ഈ വിഷയം വ്യക്തമായി തീരുമാനങ്ങളാക്കിയതു ജര്‍മന്‍ കത്തോലിക്കാസഭയുടെ സിനഡാണ്. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ വളരെ ശാന്തമായി സ്ത്രീകളെ വത്തിക്കാന്‍ കാര്യാലയങ്ങളിലേക്കു നിയമിച്ചു. മെത്രാന്മാരെ തെരഞ്ഞെടുക്കുന്ന കാര്യാലയത്തില്‍വരെ അവര്‍ സന്നിഹിതരായി. മാത്രമല്ല, ഈ ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിലേക്കു 70 അല്‍മായരെ - അവരില്‍ പകുതിയും സ്ത്രീകളാണ് - നിയമിക്കാന്‍ തീരുമാനിച്ചു. 400 അംഗങ്ങളില്‍ 70 പേര്‍. ഇതു മെത്രാന്മാരുടെ സിനഡായിരുന്നു. അവര്‍ക്കു മാത്രമാണ് വോട്ടവകാശവും. എന്നാല്‍, വോട്ടവകാശം ഈ 70 പേര്‍ക്കും നല്‍കിക്കൊണ്ട് വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു.

ഇതിനു ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രേരിപ്പിക്കുന്നത് എല്ലാ ക്രൈസ്തവരും തമ്മിലുള്ള സമത്വമാണ്. അവിടെ അല്‍മായരുണ്ട്, പുരുഷന്മാരും സ്ത്രീകളും വൈദികരും മെത്രാന്മാരും - എല്ലാവരും ഒരേ ഒരു വിശ്വാസബോധ(sensus fidelium)ത്തില്‍ സമത്വമനുഭവിക്കുന്നവരാണ്. ഇതൊരു ജനാധിപത്യ ബോധമാണ്. കത്തോലിക്കാസഭയില്‍ ഇതു നിലനില്‍ക്കുന്നതു സന്ന്യാസ പാരമ്പര്യത്തിലാണ് വിശുദ്ധ ബെനഡിക്ടിന്റെ സന്ന്യാസ നിയമങ്ങളാണ് യൂറോപ്പില്‍ വ്യാപകമായത്. അതനുസരിച്ചു ജീവിക്കുന്ന സന്ന്യാസികള്‍ സിസ്റ്റേഴ്സിന്‍ സന്ന്യാസികള്‍ എന്നു വിളിക്കപ്പെട്ടു. അവരുടെ ആധികാരിക സമ്മേളനങ്ങള്‍ക്ക് ചാപ്റ്റര്‍ എന്നാണ് വിളിച്ചിരുന്നത്, ഇന്ന് അതിനു സിനാക്‌സിസ് എന്നു പറയുന്നു. ചാപ്റ്റര്‍ കൂടിയിരുന്ന ഭവനങ്ങളെ അവര്‍ പാര്‍ലമെന്റ് എന്നു വിളിച്ചിരുന്നു. ഈ വാക്ക് ബ്രിട്ടനിലെ ജനപ്രതിനിധി സഭയ്ക്ക് ഉപയോഗിക്കുന്നു. സന്ന്യാസത്തില്‍ അധികാരി തെരഞ്ഞെടുക്കപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെടാനും തെരഞ്ഞെടുക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഈ സമിതിയില്‍ ഏറെ പ്രധാനമാകുന്നതു കേള്‍ക്കലാണ്. കേള്‍ക്കല്‍ ഒരു അട്ടിമറി പ്രവര്‍ത്തനമാണ്. നാളേക്കുവേണ്ടിയുള്ള പ്രവാചകവചനം ഏതു വ്യക്തിയില്‍നിന്നും ഉണ്ടാകാം. അത് അപ്രതീക്ഷിതമായ ഇടങ്ങളില്‍നിന്നും വരാം. പ്രതീക്ഷിക്കുന്നിടത്തുനിന്ന് ഉണ്ടാകാതേയുമിരിക്കാം. ഇവിടെയാണ് എല്ലാവരും സംസാരിക്കുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും. 

ദൈവത്തിന്റെ ഉച്ചഭാഷണിയല്ല പ്രവാചകന്‍. ഞാന്‍ എന്റെ വക്താവ് തന്നെ. പക്ഷേ, ഞാന്‍ എനിക്കു തുല്യനാകാതെ ഞാന്‍ എന്നെ മറന്നു സംസാരിക്കുന്നു. ഞാന്‍ ഞാനല്ലാതെ പറയുന്നു. അപരവ്യാകുലതയില്‍നിന്നുള്ള ഭാഷണം എന്റെ ബോധത്തിലേക്കു കള്ളനെപ്പോലെ കടന്നുവന്ന കല്പന എന്നെക്കൊണ്ട് പറയിപ്പിക്കുന്നു. ഈ കേള്‍വിയുടെ നല്ല മനസ്സ് ഒരു കവിഹൃദയമാണ്. കേള്‍വി അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കാളിദാസനെക്കുറിച്ച് വാല്‍മീകി പറഞ്ഞത് ഒരു വെളിപാടാണ് ''കവി കരച്ചിലിന്റെ പിന്നാലെ പോകുന്നവനാണ്.'' കരച്ചില്‍ കേള്‍ക്കാനുള്ള ഹൃദയമാണ് സമ്മേളനങ്ങളിലെ കാതല്‍. ദസ്തയേവ്സ്‌കിയുടെ ഏറ്റവും വിലമതിക്കുന്ന എഴുത്തു ''ഭൂഗര്‍ഭത്തില്‍നിന്നുള്ള കുറിപ്പുകളാണ്'' എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഭൂഗര്‍ഭങ്ങളില്‍നിന്നുള്ള കുറിപ്പുകള്‍ മനുഷ്യന്റെ ആന്തരികതയുടെ ആത്മാര്‍ത്ഥമായ തര്‍ജ്ജമകളാണ്. അതില്‍ അദ്ദേഹം എഴുതിയതു ലോകസുന്ദരിയായ ക്ലിയോപാട്രയുടെ ഒരു പെരുമാറ്റരീതിയെക്കുറിച്ചാണ്. സ്വര്‍ണ്ണസൂചികൊണ്ട് തനിക്കു നല്‍കപ്പെട്ട അടിമസ്ത്രീകളുടെ വക്ഷസ്സില്‍ കുത്തുമ്പോല്‍ അവര്‍ നിലവിളിക്കുന്നതും അലറുന്നതും കേട്ട് അതില്‍ ആ സുന്ദരി അഭിരമിച്ചിരുന്നു. ദസ്തയേവ്സ്‌കി എഴുതി: ''പീഡനം മ്ലേച്ഛമാണ് എന്നു നാം കരുതുന്നു. എന്നിട്ടും പൂര്‍വ്വാധികം ഉന്മേഷത്തോടെ അതുതന്നെ ചെയ്യുന്നു. ഏതാണ് മ്ലേച്ഛതരം? നിങ്ങള്‍ തന്നെ നിശ്ചയിക്കുക.'' അധികാരത്തിന്റെ സ്ഥാനത്തു കയറി ഈ പീഡനസുഖത്തില്‍ അഭിരമിക്കുന്നവരെ നിയന്ത്രിക്കാന്‍ ആര്‍ക്കു കഴിയും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com