തുച്ഛമായ കൂലിയാണ്... പക്ഷേ, പതിനായിരക്കണക്കിനു കുടുംബങ്ങളുടെ അന്നദാതാവ് ഈ വ്യവസായമായിരുന്നു

സംസ്ഥാനത്ത തീരപ്രദേശങ്ങളിലെ നല്ലൊരു  ഭാഗങ്ങളില്‍ കയര്‍ത്തൊഴിലാളി പാക്കളങ്ങള്‍(പണിയെടുക്കുന്ന സ്ഥലങ്ങള്‍)കൊണ്ട് നിറഞ്ഞിരുന്നു
തുച്ഛമായ കൂലിയാണ്... പക്ഷേ, പതിനായിരക്കണക്കിനു കുടുംബങ്ങളുടെ അന്നദാതാവ് ഈ വ്യവസായമായിരുന്നു

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പരമ്പരാഗത വ്യവസായമായിരുന്നു കയര്‍. ഈ വ്യവസായത്തിലും അനുബന്ധ തൊഴിലുകളിലുമായി 10 ലക്ഷം പേര്‍ പണിയെടുത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു. സംസ്ഥാനത്ത തീരപ്രദേശങ്ങളിലെ നല്ലൊരു  ഭാഗങ്ങളില്‍ കയര്‍ത്തൊഴിലാളി പാക്കളങ്ങള്‍(പണിയെടുക്കുന്ന സ്ഥലങ്ങള്‍)കൊണ്ട് നിറഞ്ഞിരുന്നു. കയര്‍ പിരിക്കുന്നവരും തൊണ്ടുതല്ലുന്നവരുമായ ആയിരക്കണക്കിന് സ്ത്രീകള്‍ ഈ പ്രദേശങ്ങളില്‍ എല്ലാം ഒരു കാഴ്ചയുമായിരുന്നു. സ്ത്രീത്തൊഴിലാളികളുടെ നാടന്‍പാട്ടുകളും അവരുടെ സംസാരവുംകൊണ്ട് മുഖരിതമായിരുന്നു കയര്‍ പാക്കളങ്ങള്‍(കയര്‍ത്തൊഴിലാളികളുടെ പണിസ്ഥലം). തുച്ഛമായ കൂലിയാണ് ലഭിച്ചിരുന്നതെങ്കിലും പതിനായിരക്കണക്കിനു കുടുംബങ്ങളുടെ അന്നദാതാവ് ഈ വ്യവസായമായിരുന്നു. 

കേരളത്തില്‍ ആദ്യമായി ഒരു ട്രേഡ്യൂണിയന്‍ രൂപപ്പെടുന്നതു തന്നെ കയര്‍ത്തൊഴിലാളികളുടേതാണ്. ആലപ്പുഴയില്‍ 1940-കളില്‍  വാടപ്പുറം വാവയുടെ നേതൃത്വത്തില്‍  രൂപീകരിച്ച കയര്‍ത്തൊഴിലാളി യൂണിയനാണ് ഇതില്‍ ആദ്യത്തേത്. തുടര്‍ന്ന് കെ.വി. പത്രോസ്, ടി.വി. തോമസ്, ആര്‍. സുഗതന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ യൂണിയന്‍ ശക്തിപ്പെട്ട് മുന്നോട്ടുപോയി. കേരള ചരിത്രത്തിലെ പ്രധാന സംഭവവും ആവേശകരവുമായ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തവരില്‍ മഹാഭൂരിപക്ഷവും കയര്‍ത്തൊഴിലാളികളായിരുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും അധികം രാഷ്ട്രീയ ബോധമുള്ളവരും ഇടതുപക്ഷത്തിന്റെ ശക്തരായ സഹയാത്രികരുമായിരുന്നു ഈ തൊഴിലാളി വിഭാഗം. 

തിരുകൊച്ചിയിലെ കയര്‍ത്തൊഴിലാളികള്‍ക്ക് ആദ്യമായി ഒരു കൂലി നിശ്ചയിച്ചത് 1950-കളില്‍ അന്നത്തെ തൊഴില്‍മന്ത്രിയായിരുന്ന കുഞ്ഞിരാമനായിരുന്നു. എന്നാല്‍, ഈ കൂലി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. 1957-ല്‍ ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വരുമ്പോള്‍ കയര്‍ത്തൊഴിലാളികളുടെ ദിവസക്കൂലി പത്തണയായിരുന്നു. എന്നാല്‍, യൂണിയനുകളേയും തൊഴിലാളികളേയും പാഠം പഠിപ്പിക്കാന്‍ കയര്‍ ഉല്പാദകര്‍ ഈ കൂലി എട്ടണയായി വെട്ടിക്കുറച്ചു. ശക്തമായതും നീണ്ടുനിന്നതുമായ കയര്‍ത്തൊഴിലാളി സമരത്തെ തുടര്‍ന്നാണ് കൂലി വീണ്ടും പത്തണയായി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. 

1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് കയര്‍ത്തൊഴിലാളികള്‍ക്കായി കയര്‍ ഉല്പാദക സഹകരണസംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രൈമറി സംഘങ്ങളോടൊപ്പം ഉല്പാദകരില്‍നിന്ന് കയര്‍ സംഭരിക്കുന്നതിനുവേണ്ടി കൊല്ലം, ആലപ്പുഴ, കോഴിക്കോട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സെന്റര്‍ മാര്‍ക്കറ്റിങ്ങ് സഹകരണസംഘങ്ങള്‍ രൂപീകരിച്ചു. അന്നത്തെ തൊഴില്‍ വകുപ്പുമന്ത്രി ടി.വി. തോമസാണ് കയര്‍ മേഖലയിലെ ഈ പരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഈ സംഘങ്ങള്‍ വരുന്നതിനു മുന്‍പുതന്നെ നാമമാത്രമായി കയര്‍ ഉല്പാദകസംഘങ്ങള്‍ ഉല്പാദകര്‍ രൂപീകരിച്ചിരുന്നു. 

നേരത്തെ ഏറ്റവും നല്ല കയര്‍ ഉല്പാദിപ്പിച്ചിരുന്നത് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് മേഖലയിലായിരുന്നു. അഞ്ചുതെങ്ങ് കയറിന് വിദേശങ്ങളിലും നല്ല ഡിമാന്റായിരുന്നു.  അഴുക്കുതൊണ്ടില്‍നിന്നും ഉല്പാദിപ്പിക്കുന്ന ഈ കയര്‍ വളരെ പുതുമനിറഞ്ഞതായിരുന്നു. ഉപ്പുവെള്ളത്തിലാണ് ഈ കയര്‍ ഉല്പാദിപ്പിക്കാനുള്ള തൊണ്ട് അഴുക്കിയെടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ അഞ്ചുതെങ്ങ് കയറിനും ഡിമാന്റില്ലാത്ത സ്ഥിതിയാണ്.

കെവി പത്രോസ്
കെവി പത്രോസ്

ശക്തമായ കയര്‍ത്തൊഴിലാളി യൂണിയനുകള്‍ സംസ്ഥാനത്ത് ആദ്യം പ്രവര്‍ത്തിച്ചിരുന്നതും തിരുവനന്തപുരം ജില്ലയിലാണ്. 1950-കളില്‍ വാസുക്കുട്ടി, മുന്‍ എം.എല്‍.എ ആര്‍. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആര്‍.എസ്.പി ആഭിമുഖ്യത്തില്‍ ആദ്യമായി ജില്ലയില്‍ കയര്‍ മേഖലയിലെ യൂണിയന്‍ രൂപീകരിക്കുന്നത്. ആര്‍.എസ്.പി നേതാക്കളായ പങ്കജാക്ഷന്‍, വാമദേവന്‍ തുടങ്ങിയവരും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആര്‍. പ്രകാശം, വക്കം രവീന്ദ്രന്‍, കാട്ടായിക്കോണം സദാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കയര്‍ത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അന്നുണ്ടായിരുന്ന കയര്‍ത്തൊഴിലാളികളുടെ ദിവസക്കൂലിയായ എട്ടണ പത്തണയാക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭം ഈ കാലഘട്ടത്തിലാണ് നടന്നത്. 1960-കളില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ കയര്‍ത്തൊഴിലാളി യൂണിയനും എ.ഐ.ടി.യു.സി നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ല കയര്‍ വര്‍ക്കേഴ്സ് യൂണിയനും രൂപീകരിക്കുകയും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. 

ഇതിനുശേഷം കൂലിക്കൂടുതലിനും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി പല സമരങ്ങളും തിരുവനന്തപുരം ജില്ലയില്‍ നടന്നിട്ടുണ്ട്. 1990-കളില്‍ എ.ഐ.സി.ടി.യു ആഭിമുഖ്യത്തിലുള്ള ഈ ലേഖകന്‍ പ്രസിഡന്റായ കേരള കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നിലവിലുള്ള പ്രതിദിന കൂലിയായ 50 രൂപ 90 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ പണിമുടക്ക് സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള കയര്‍ യൂണിയനും, മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള കയര്‍ യൂണിയനും ഈ പണിമുടക്കില്‍ സജീവമായി പങ്കെടുത്തു. എന്നാല്‍ സി.ഐ.ടി.യു ഈ പണിമുടക്കുമായി സഹകരിച്ചില്ല. അന്നത്തെ കയര്‍വകുപ്പ് മന്ത്രി സുധാകരന്‍ വിളിച്ചുകൂട്ടിയ യൂണിയനുകളുടെ അനുരഞ്ജന സമ്മേളനത്തില്‍ വച്ച് പണിമുടക്ക് ഒത്തുതീര്‍പ്പിലാക്കുകയും ദിവസക്കൂലി 82 രൂപയായി ഉയര്‍ത്തുകയും ചെയ്തു. സി.ഐ.ടി.യു ഇല്ലാതെ വിജയകരമായി നടന്ന കയര്‍ത്തൊഴിലാളി സമരമായിരുന്നു ഇത്.  തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കൂലി കൂടുതലിനുവേണ്ടി കയര്‍ത്തൊഴിലാളികള്‍ പണിമുടക്ക് നടത്തുകയും കൂലി വര്‍ദ്ധന നേടിയെടുക്കുകയും ചെയ്തു. 

സംസ്ഥാനത്തെ കയര്‍ത്തൊഴിലാളികള്‍ക്ക് മിനിമം വേജസ് പ്രഖ്യാപിക്കുന്നത് 1970-കളില്‍ അച്ചുതമേനോന്‍ മന്ത്രിസഭയിലെ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനായിരുന്നു. രണ്ട് രൂപ നാല്‍പ്പത് പൈസ കൂലിയും തൊണ്ണൂറുപൈസ വേരിയബിള്‍ ഡി.എയും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, അന്ന് സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും ഈ കൂലി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. വേരിയബിള്‍ ഡി.എ 90 പൈസയിലാണ് ഉല്പാദകരില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. 

ന്യായവിലയ്ക്ക് ഉല്പാദകരില്‍നിന്ന് കയര്‍ സംഭരിച്ചാല്‍ മാത്രമേ നിശ്ചയിച്ച കൂലി നല്‍കാന്‍ കഴിയുകയുള്ളു എന്ന് കയര്‍ ഉല്പാദകരുടെ അഭിപ്രായത്തെ മാനിച്ച് കയര്‍ സംഭരിക്കാന്‍ വേണ്ടി പ്രാദേശിക ഡിപ്പോകള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുറക്കുകയും ന്യായവിലയ്ക്ക് 
കയര്‍ സംഭരിക്കാനും തുടങ്ങി. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കൂലി നടപ്പിലാക്കുകയും കയര്‍ മേഖലയില്‍ പുതിയ ഒരു ഉണര്‍വ്വ് അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്തു. കൂടുതല്‍ കയര്‍ സൊസൈറ്റികള്‍ ഈ സമയത്ത് ആരംഭിച്ചു. കയര്‍ വ്യവസായം എല്ലാ നിലയിലും പുഷ്ടിപ്പെട്ട സമയമായിരുന്നു അത്. 

കയര്‍ ഉല്പാദകര്‍ക്കും സൊസൈറ്റികള്‍ക്കും ന്യായമായ വിലയ്ക്ക് തൊണ്ട് ലഭ്യമാക്കുന്നതിനു വേണ്ടി തൊണ്ട് നിയന്ത്രണ ഉത്തരവ് സര്‍ക്കാര്‍ പാസ്സാക്കിയെടുത്തു. 1970-കളില്‍ കയറിനു രാജ്യത്തിന് അകത്തും പുറത്തും നല്ല ഡിമാന്റുണ്ടായിരുന്നു. കയറിന്റെ പുഷ്‌കലകാലമായിരുന്നു ഇത്. 

തുടര്‍ന്നുവന്ന സര്‍ക്കാരുകളിലെ ഭൂരിപക്ഷ കയര്‍ വകുപ്പ് മന്ത്രിമാരും ഈ വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി പല നടപടികള്‍ എടുക്കുകയും ചെയ്തു. ഇത്തരം നടപടികളില്‍ ഒന്നാണ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം. ഈ പദ്ധതി അനുസരിച്ച് കൂലിയില്‍ ഒരു ഭാഗം കയര്‍ ഡിപ്പാര്‍ട്ട്മെന്റാണ് നല്‍കുന്നത്. നിലവില്‍ കയര്‍പിരി തൊഴിലാളികളുടെ കൂലിയായ 350 രൂപയില്‍ 110 രൂപ കയര്‍ പ്രോജക്ട് ഓഫീസുകള്‍ വഴി കയര്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കുകയാണ് ചെയ്യുന്നത്. സപ്പോര്‍ട്ട് വേജസ് കൂലിയുടെ നേര്‍പകുതിയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഈ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.  കയര്‍ത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത് ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്. അന്ന് കയര്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് കെ.ആര്‍. ഗൗരിയമ്മയാണ്.

ടിവി തോമസ്
ടിവി തോമസ്

ഇതൊക്കെയാണെങ്കിലും സംസ്ഥാനത്തെ കയര്‍ത്തൊഴിലാളികളുടെ സ്ഥിതി ഇപ്പോള്‍ വളരെ പരിതാപകരമാണ്. മൂന്ന് പതിറ്റാണ്ട് മുന്‍പുവരെ അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ അവശേഷിച്ചിരിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും പരോക്ഷമായി ബന്ധപ്പെട്ട് പണിചെയ്യുന്നവരുമായ അന്‍പതിനായിരത്തിനകത്ത് തൊഴിലാളികള്‍ മാത്രമാണ്.
 
കയറിന്റെ വിലയിടിവാണ് വലിയ പ്രതിസന്ധി ഈ വ്യവസായത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട് കയര്‍ നമ്മുടെ കയറിനെക്കാള്‍ വലിയ വിലക്കുറവില്‍ കേരളത്തിലെ കമ്പോളങ്ങളില്‍ വിറ്റഴിക്കുകയാണ്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കയറും കയര്‍ ഉല്പന്നങ്ങളും സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും വാങ്ങി പ്രയോജനപ്പെടുത്തിയാല്‍ തന്നെ ഇതിന്റെ മാര്‍ക്കറ്റിങ് മേഖല വിപുലപ്പെടും.

സംസ്ഥാനത്തെ കയറിന്റെ നിലവാരം ഇടിഞ്ഞതും കയറിന്റെ ഗുണനിലവാരം മോശമായതും ഇതിന്റെ മാര്‍ക്കറ്റ് ഇടിവിനു പ്രധാന കാരണമായി. ഒരുകാലത്ത് ഉപ്പ് വെള്ളത്തില്‍ അഴുക്കിയ തൊണ്ടിലെ കയര്‍നാരില്‍ പിരിച്ചെടുത്ത സംസ്ഥാനത്തെ കയറിന് ഇന്ത്യന്‍ മാര്‍ക്കറ്റിലും ലോകമാര്‍ക്കറ്റിലുമെല്ലാം നല്ല ഡിമാന്റുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അതൊക്കെ ഒരു പഴങ്കഥയാണ്. 

കേരളത്തില്‍ ഈ മേഖലയില്‍ യന്ത്രവല്‍ക്കരണം ഫലപ്രദമായി നടക്കുകയും ചെയ്യുന്നു. കേരളത്തില്‍ നീണ്ട വര്‍ഷങ്ങള്‍ യന്ത്രവല്‍ക്കരണത്തിന് എതിരായ വലിയ പ്രക്ഷോഭമാണ് നടന്നിട്ടുള്ളത്. തൊണ്ടുതല്ല് യന്ത്രത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് പൊലീസ് വെടിവെയ്പില്‍ വാഴമുറ്റത്തെ അമ്മു രക്തസാക്ഷിയായത്. അതുകൊണ്ട് തന്നെ യന്ത്രവല്‍ക്കരണം ഇവിടെ വളരെ താമസിച്ചാണ് നടന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ യന്ത്രവല്‍ക്കരണത്തില്‍ കൂടിയുള്ള ഉല്പാദനം വര്‍ദ്ധിക്കുകയും അവര്‍ കമ്പോളം പിടിച്ചെടുക്കുകയും ചെയ്തതിനു ശേഷമാണ് യഥാര്‍ത്ഥത്തില്‍ ഈ സംസ്ഥാനത്ത് യന്ത്രവല്‍ക്കരണ കയര്‍ ഉല്പാദനം ആരംഭിച്ചതു തന്നെ. ഉല്പാദനശേഷി കൂടിയ ആധുനിക യന്ത്രങ്ങള്‍ ഇപ്പോള്‍ ഇവിടെ ഉപയോഗിക്കുന്നുമില്ല എന്നുള്ളതും ഈ വ്യവസായത്തിന്റെ ഇവിടത്തെ പിന്നോക്കം പോകലിന് ഒരു കാരണമായി.

കയര്‍ വ്യവസായ പുന:സംഘടനയ്ക്കായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ സമിതിയെ നിയമിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ടി.വി. തോമസിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കയര്‍ പുന:സംഘടന പദ്ധതിയും തച്ചടി പ്രഭാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ആനത്തലവട്ടം ആനന്ദന്‍ സമിതി റിപ്പോര്‍ട്ടുമെല്ലാം സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ തന്നെ കയര്‍ വ്യവസായത്തെ ശക്തിപ്പെടുത്താന്‍ കഴിയും. 

തിരുവനന്തപുരം പാണത്തുറയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികൾ
തിരുവനന്തപുരം പാണത്തുറയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികൾ

കയര്‍ വ്യവസായ വികസനത്തിനായി ഉണ്ടാക്കപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കയര്‍ബോര്‍ഡ് ഇന്ന് വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കയര്‍ റിബേറ്റിനും കയര്‍ത്തൊഴിലാളി പെന്‍ഷനും മറ്റും നല്‍കിയിരുന്ന സാമ്പത്തിക സഹായം ഇപ്പോള്‍ ഈ ബോര്‍ഡ് നല്‍കുന്നില്ല. കേരളത്തെക്കാള്‍ പ്രാധാന്യം തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങള്‍ക്കാണ് കയര്‍ബോര്‍ഡ് ഇപ്പോള്‍ നല്‍കിവരുന്നത്. 

കേരളത്തിന്റെ കുത്തകയായിരുന്ന കയര്‍വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണ് ഇന്നുണ്ടായിരിക്കുന്നത്. 

കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. കയര്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ കയര്‍ സംഭരിക്കാന്‍ ചുമതലപ്പെട്ട കയര്‍ഫെഡ് ഉല്പാദകരില്‍നിന്നും ഇപ്പോള്‍ കയര്‍ ശേഖരിക്കുന്നില്ല. ഫണ്ടില്ലെന്നുള്ളതാണ് കയര്‍ഫെഡിന്റെ ന്യായീകരണം. ഈ സ്ഥാപനത്തിന് കയര്‍ സംഭരിക്കാനുള്ള ഫണ്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു ബാദ്ധ്യതയുണ്ട്. കയര്‍ഫെഡ്, കയര്‍ സംഭരണം നിര്‍ത്തിയതുമൂലം സ്വകാര്യ കയര്‍ ഉല്പാദകരുടേയും കയര്‍ സഹകരണസംഘങ്ങളുടേയും ഉല്പാദിപ്പിച്ച കയര്‍ ആകെ ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. ആവശ്യമായ ഫണ്ട് കയര്‍ഫെഡിന് അനുവദിച്ച് കയര്‍ സംഭരണം ഫലപ്രദമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വൈകിയ വേളയിലെങ്കിലും തയ്യാറായില്ലെങ്കില്‍ ഈ മേഖലയിലെ സ്ഥിതി ഗുരുതരമായി മാറും. കഴിഞ്ഞ ഏഴുമാസക്കാലമായി കയര്‍ത്തൊഴിലാളികളുടെ കൂലിയില്‍ സര്‍ക്കാര്‍ നല്‍കേണ്ട സപ്പോര്‍ട്ട് വേജസ് നല്‍കാതിരിക്കുകയാണ്. ഇതുമൂലം തൊഴിലാളികള്‍ വലിയ ദുരിതത്തിലാണ്. 

(ലേഖകന്‍ കേരള കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റാണ്.)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com