'നെയ്യാറിലെ ഭീകരന്റെ' ക്രൂരകൃത്യങ്ങള്‍; ഇനിയും ഒരു അപകടം എന്നത് ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു!

മനുഷ്യനും വന്യജീവികളും തമ്മിലുള്ള നിലയ്ക്കാത്ത സംഘര്‍ഷങ്ങള്‍
'നെയ്യാറിലെ ഭീകരന്റെ' ക്രൂരകൃത്യങ്ങള്‍; ഇനിയും ഒരു അപകടം എന്നത് ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു!

കേരളമെമ്പാടും പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയും പലയിടങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്ന ഒന്നാണല്ലോ മനുഷ്യനും വന്യജീവികളും തമ്മിലുള്ള നിലയ്ക്കാത്ത സംഘര്‍ഷങ്ങള്‍. നാഗരികതയിലേയ്ക്കുള്ള പരിണാമ പാതകളില്‍ 'നിശ്ചിതയിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൃഷി' പ്രചാരം നേടിത്തുടങ്ങിയ നാളുകള്‍ മുതല്‍ക്കു തന്നെ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലവിലുണ്ടായിരുന്നു എന്നത് സത്യമാണ്. കാലാന്തരത്തില്‍ തികഞ്ഞ അസഹിഷ്ണുതയിലേയ്ക്കും വൈരനിര്യാതന പരിവേഷത്തിലേയ്ക്കും അത് പകര്‍ന്നാടാന്‍ തുടങ്ങിയതിനു പിന്നിലെ ചരിത്രം ഇവിടെ ചികയുന്നില്ല. എന്നാല്‍, അതുകാരണം അപൂര്‍വ്വമായെങ്കിലും സംഭവിച്ചുപോകുന്ന മനുഷ്യ ജീവഹാനികളെ നമ്മള്‍ കാണാതെ പോകരുതുതാനും. അതുകൊണ്ടുതന്നെ മലയോര മേഖലകളില്‍ ഭീതി മൂര്‍ച്ഛിച്ച് ചിത്തഭ്രമത്തോളമെത്തുന്ന മാനസികാവസ്ഥയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്ന അനേകരായ മനുഷ്യാത്മാക്കളുടെ പരിദേവനങ്ങള്‍ക്കു മുന്നിലല്ലേ നിയമം അനുകമ്പ കാണിക്കേണ്ടതെന്ന വലിയ ചോദ്യം നമ്മുടെ മുന്നില്‍ വളര്‍ന്നു തഴയ്ക്കുന്നു! 

വനങ്ങളില്‍ സ്വച്ഛവിഹാരം നടത്തുന്ന  ആനകളുള്‍പ്പെടെയുള്ള ജീവികളെ പ്രകൃതിയിലെ അവയുടെ തനത് ജീവിതസാഹചര്യങ്ങളില്‍നിന്നും പിടിച്ചുമാറ്റി മൃഗങ്ങളുടെ ജന്മാവകാശങ്ങള്‍ കാലാകാലങ്ങളായി കവര്‍ന്നുപോന്ന മനുഷ്യന്റെ തന്നെ ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലാക്കുന്നതിനു പിന്നിലുള്ള ശുഷ്‌ക നൈതികതയ്ക്കു മുന്നിലാണോ 'മനുഷ്യസൃഷ്ടിതന്നെയായ നിയമം' കണ്ണ് അടച്ചുപിടിക്കേണ്ടിയിരുന്നത് എന്നതാണ് പ്രസക്തമാകുന്ന ഒരു ചോദ്യം. അതോ കാടതിരുകളില്‍ വസിക്കുന്ന അല്ലെങ്കില്‍ താമസിക്കാന്‍ വിധിക്കപ്പെട്ട നിരാലംബരായ അനേകം മനുഷ്യരുടെ ജീവിതത്തെത്തന്നെ കീഴ്മേല്‍ മറിക്കുന്ന തരത്തില്‍ വളര്‍ന്നുമുറ്റിയ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ ദുരന്തപരിണതികളുടെ നീണ്ട ചരിതമാണോ ഇവിടെ നിയാമക ശക്തിയായി വര്‍ത്തിക്കേണ്ടത്?  വിരുദ്ധോക്തികളാല്‍ വിന്യസിക്കപ്പെട്ട ഒരു പത്മവ്യൂഹത്തിലാണ് സമൂഹമനസ്സിന്ന് അകപ്പെട്ടിരിക്കുന്നത്!   

നാട്ടുമ്പുറങ്ങളിലെ മിഴിവാര്‍ന്ന കാഴ്ചകളായ മയിലുകള്‍പോലും കാലാവസ്ഥാ വ്യതിയാനത്തിന്റേയും തദ്വാരാ സംജാതമാകുന്ന വനശോഷണത്തിന്റേയും പാരിസ്ഥിതികാപചയത്തിന്റേയും മികവാര്‍ന്ന രൂപകങ്ങളാണെന്നുള്ള വൈജ്ഞാനിക ജ്ഞാനം നിവര്‍ത്തിപ്പിടിക്കുന്ന ദര്‍പ്പണത്തിനു മുന്നില്‍ നിന്നുകൊണ്ട് വനം വകുപ്പ് പൊതുജനങ്ങളോട് എങ്ങനെ പോരടിക്കും? കുരങ്ങും കാട്ടുപന്നികളും മലയണ്ണാനുകളും വരെയുള്ളവ കെട്ടഴിക്കുന്ന നാശനഷ്ടങ്ങളുടെ അമ്പരപ്പിക്കുന്ന കണക്കുകളും ഇവിടെ പ്രതിപാദ്യമാക്കുന്നില്ല.

ഈ പശ്ചാത്തലത്തിലായിരുന്നു കേരളത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെക്കുറിച്ച് ഇന്നത്തെ മാതിരി നിരന്തര പരാതികള്‍ കേട്ടുതുടങ്ങുന്നതിനും മുന്‍പ് വനംവകുപ്പിന്റെ ഉറക്കം കെടുത്തിയിരുന്ന ഒരു വന്യജീവിയെ തേടിയുള്ള എന്റെ സഞ്ചാരം. ഒരര്‍ത്ഥത്തില്‍ എനിക്കത് വേരുകള്‍ തേടിയുള്ള ഒരു യാത്രയുമായിരുന്നല്ലോ. കാരണം രണ്ട് തുടര്‍ മരണങ്ങളും മനുഷ്യനുനേര്‍ക്കുള്ള അനവധികളായ ആക്രമണങ്ങളുംകൊണ്ടു പുകയുന്ന ഭൂമികയിലേയ്ക്കായിരുന്നല്ലോ സര്‍വ്വീസിലേയ്ക്കുള്ള എന്റെ ആദ്യ പ്രവേശനം തന്നെ. 

രണ്ട് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് 'നെയ്യാറിലെ ചീങ്കണ്ണികള്‍' അമ്പൂരിയിലും പരിസര പ്രദേശങ്ങളിലുമാകെ ഭീതി വിതച്ചിരുന്നുവെന്നത് ഇന്നത്തെ തലമുറയ്ക്ക് ഒരുവേള വെറും കേട്ടുകേള്‍വി മാത്രമായിരിക്കാം. അത്യന്തം അപകടകാരികളായി ജലസംഭരണിയിലാകെ വിരാജിച്ചിരുന്ന ആ ഉരഗങ്ങള്‍ നെയ്യാര്‍ റിസര്‍വ്വോയറിലെ ശാന്തമായ ജലപ്പരപ്പിനടിയിലും അഗസ്ത്യ ക്രൊക്കൊഡൈല്‍ പാര്‍ക്കിലും നെയ്യാര്‍ വനംവകുപ്പ് ഓഫീസിനടുത്ത് കൂടുകളിലുമായി ഇന്ന് ശാന്തരായി വര്‍ത്തിക്കുന്നുവെന്നതും പരമമായ സത്യം തന്നെയാണ്. അവയുടെ അടുത്തേയ്ക്കായിരുന്നു കാലമിനിയും മായ്ക്കാത്ത ഓര്‍മ്മകളുടെ വടുക്കളുമായി എന്റെ യാത്ര.

നെയ്യാറിലെ ചീങ്കണ്ണികൾ
നെയ്യാറിലെ ചീങ്കണ്ണികൾ

ചീങ്കണ്ണികളുടെ ചരിത്രം, നെയ്യാറിന്റേയും

നെയ്യാര്‍ എന്ന നദി പറമ്പിക്കുളം മാതിരി തന്നെ ചീങ്കണ്ണികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലൊന്നാണ്. 1958-ലാണ് 128 ചതുരശ്ര കിലോമീറ്റര്‍ വരുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെടുന്നത്. ഒരു വിനോദ സഞ്ചാര മേഖലയെന്ന നിലയിലും തിരുവനന്തപുരത്തുനിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള നെയ്യാര്‍ ഇന്ന് പ്രസിദ്ധമാണല്ലോ. 

1977-ലാണ് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ശുദ്ധജല മുതലകളുടെ പ്രത്യുല്പാദനത്തിനായിട്ടാണ് നെയ്യാറില്‍ ആദ്യമായി ഒരു 'ബ്രീഡിംഗ് സെന്റര്‍' സ്ഥാപിച്ചത്. പിന്നീട് ബ്രീഡിംഗ് സെന്റര്‍ എന്ന പദപ്രയോഗം തന്നെ കാലഹരണപ്പെട്ടുപോയി എന്നത് ചരിത്രം. അവിടെ പരിപാലിച്ചു വളര്‍ത്തിയ 30 ചീങ്കണ്ണികളെ വലിയ ആഘോഷമായാണ് അവറ്റകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലൊന്നായ 9 ചതുരശ്ര കിലോമീറ്റര്‍ വരുന്ന നെയ്യാര്‍ റിസര്‍വ്വോയറിലേയ്ക്ക് 1983-ല്‍ തുറന്നുവിടുന്നത്. വീണ്ടും കുറേയെണ്ണത്തിനെക്കൂടി പലപ്പോഴായി തുറന്നുവിട്ടിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. 

അതെന്തായാലും നല്ല ഉദ്ദേശ്യം മാത്രം മുന്‍നിറുത്തി വനംവകുപ്പ് കൈക്കൊണ്ട ആ നടപടി വലിയ ഒരു അബദ്ധമായി മാറുന്നതാണ് തുടര്‍ന്നു കണ്ടത്. കൈത്തീറ്റ കൊടുത്ത് വളര്‍ത്തിയ ചീങ്കണ്ണികള്‍ വളര്‍ന്നെങ്കിലും വിശാലമായ നെയ്യാര്‍ ജലസംഭരണിയില്‍ത്തന്നെ സ്വാഭാവികമായുള്ള മറ്റ് ചീങ്കണ്ണികളെപ്പോലെ മത്സ്യങ്ങളെ നായാടി ജീവിക്കാന്‍ അവയ്ക്ക് കഴിയാതെയായി. തന്നെയുമല്ല, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പരിചയിച്ചു പഴകിയ മനുഷ്യരെ അവറ്റകള്‍ക്ക് തീരെ ഭയമില്ലാതാകുകയും ചെയ്തുവെന്ന് വേണം അനുമാനിക്കാന്‍. തുറന്നുവിട്ട ചീങ്കണ്ണികളില്‍ പലതും പരിചയിച്ചതുപോലെ തീറ്റസമയത്ത് തിരികെയെത്തിയപ്പോള്‍ അവയെ ജലസംഭരണിയിലേയ്ക്ക് തിരികെ തുരത്തുകയായിരുന്നുവെന്നും കേട്ടറിവുകളുണ്ട്.

1987-ലാണ് മനുഷ്യനുമേലുള്ള ചീങ്കണ്ണികളുടെ ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 3ന് കൃഷ്ണമ്മ പിള്ള എന്ന സ്ത്രീയാണ് മരക്കുന്നം നെക്കിപ്പല്‍ എന്ന സ്ഥലത്തുവച്ച് ആക്രമണത്തിനിരയായത്.1995 ഒക്ടോബര്‍ വര്‍ വീണ്ടുമൊരു ആക്രമണത്തിനുകൂടി ഇരയാവുകയുമുണ്ടായി. 

ആക്രമണങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുന്നത് വനംവകുപ്പ് ഞെട്ടലോടെ നോക്കിനിന്ന നാളുകളാണ് പിന്നീടുണ്ടായത്! അമ്പൂരി, പന്ത, കരുമംകുളം, കാഞ്ചിമൂട് എന്നിവിടങ്ങളിലൊക്കെ വളര്‍ത്തുമൃഗങ്ങളെ ലക്ഷ്യമിട്ടും മനുഷ്യര്‍ക്കുനേരേയും പലപ്പോഴായി ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. സ്ഥായിയായ അംഗഭംഗങ്ങള്‍ വന്നും കൈകാലുകള്‍ ഒടിഞ്ഞു തൂങ്ങിയും മുട്ടുകള്‍ തകര്‍ന്നും പോയ പലരും തന്നെ തലനാരിഴയ്ക്കാണ് മരണവക്ത്രത്തില്‍നിന്നു രക്ഷപ്പെട്ടതും. പുറമേ ശാന്തവും സ്വച്ഛവുമായ നെയ്യാര്‍ ജലസംഭരണിയുടെ പുറംപരപ്പ് ചുറ്റുപാടും വസിക്കുന്നവരിലും അല്ലാത്തവരുമായ മനുഷ്യരുടെ മനസ്സിലും ചോരയിറ്റുന്ന പല്ലുകളുടെ ബീഭത്സതയായി പടര്‍ന്നു പടരാന്‍ അധികസമയം വേണ്ടിവന്നില്ല എന്നതാണ് സത്യം. 

വനംവകുപ്പ് നിരന്തരമായി നടത്തിയ ബോധവല്‍ക്കരണ പരിപാടികള്‍ക്കും കാര്യമായ പ്രയോജനങ്ങള്‍ നേടാനായില്ല എന്നതാണ് ഇവിടെ എടുത്തുപറയേണ്ടുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. കാരണം, 'അഞ്ചുചങ്ങല' പ്രദേശത്തുള്‍പ്പെടെ റിസര്‍വ്വോയറിന്റെ ചുറ്റിനും താമസിക്കുന്ന നൂറുകണക്കിനാള്‍ക്കാര്‍ക്ക് ആ ജലസംഭരണിയായിരുന്നു ഏക ജലസ്രോതസ്സ്. നിയമം അനുശാസിക്കുന്ന കൈവശരേഖകള്‍ ഇല്ലാത്ത അവിടത്തെ താമസക്കാരുടെ വേപഥുകള്‍ അപ്പോഴേയ്ക്കും എമ്പാടും നൃശംസതയ്ക്ക് പാത്രീഭവിച്ചു കഴിഞ്ഞിരുന്ന 'നെയ്യാറിലെ ഭീകരന്റെ' ക്രൂരകൃത്യങ്ങളുമായി തികച്ചും തന്ത്രപരമായി വിളക്കിച്ചേര്‍ക്കപ്പെടുകയായിരുന്നുവോ എന്നത് ഇന്നും സന്ദേഹങ്ങള്‍ക്കു വഴിവയ്ക്കുന്നു.

പുലര്‍കാലങ്ങളിലും സന്ധ്യമയങ്ങുന്ന നേരങ്ങളിലുമായിരുന്നു കൂടുതല്‍ ചീങ്കണ്ണി ആക്രമണങ്ങളും സംഭവിച്ചിരുന്നത്. കുളിക്കാനും തുണിയലക്കാനുമായി ജലസംഭരണിയിലെ കടവുകളില്‍ ഒറ്റയ്ക്ക് ഇറങ്ങുന്നവരെ ലക്ഷ്യമിട്ടായിരുന്നു അതില്‍ അധികവും. എന്നിരുന്നാലും റിസര്‍വ്വോയറിലെ ആഴമേറിയ ഭാഗങ്ങളില്‍ നീന്തുമ്പോള്‍ പോലും ഒരാളുടെ നേരേയും ആക്രമണങ്ങളൊന്നും തന്നെ ഇന്നോളം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതുണ്ട്. ചീങ്കണ്ണികളുടെ പ്രജനന കാലമായ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ അവ പൊതുവേ ആക്രമണകാരികളായി കാണപ്പെടുക പതിവാണുതാനും.

കൈത്തീറ്റ കൊടുത്തു വളര്‍ത്തിയ ചീങ്കണ്ണികള്‍ മിക്കതും തുറന്ന് വിട്ടപ്പോള്‍ ആളുകള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന മായം, അമ്പൂരി, കോട്ടമണ്‍പുറം, കാഞ്ചിമൂട്, മരക്കുന്നം, കോലിയക്കോട് ഭാഗങ്ങളിലായാണ് ചേക്കേറിയിട്ടുണ്ടാവുക എന്ന് അനുമാനിക്കപ്പെടുന്നു. കാരണം വനാന്തര്‍ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചുകിടക്കുന്ന നെയ്യാര്‍ ജലസംഭരണിയില്‍ കൊമ്പൈക്കാണി, തെന്മല എന്നിവിടങ്ങളില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചീങ്കണ്ണികളെ കാണുക പതിവാണെങ്കിലും അവയൊന്നും അവിടങ്ങളിലെ ആദിവാസികളെ ആക്രമിച്ചതായി നാളിന്നോളം കേട്ടുകേള്‍വിയില്ല. സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ജനിച്ചുവളര്‍ന്ന അവ ജലസംഭരണിയില്‍ത്തന്നെ ഇര തേടാന്‍ പ്രാവീണ്യം സിദ്ധിച്ചവയും മനുഷ്യരെ ഭയക്കുന്നവയുമാണെന്നു കരുതപ്പെടുന്നു. 

2001 ജനുവരി മാസം രണ്ടാം തീയ്യതി. സമയം രാവിലെ 10.30. കോട്ടമണ്‍ പുറത്തിനടുത്ത് കാഞ്ചിമൂട് എന്ന സ്ഥലം. ഏറ്റവും ഭയപ്പെട്ടതുതന്നെ അന്ന് സംഭവിച്ചു! കടവത്ത് കുളിക്കാനിറങ്ങിയ  പി. രാജമ്മ എന്ന സ്ത്രീ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു! നേരം ഏറെ വൈകി അവരുടെ ശവശരീരം കരുമംകുളത്തിനടുത്ത് കണ്ടുകിട്ടിയെങ്കിലും ചീങ്കണ്ണികളെ തുറന്നുവിട്ട വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളിലേക്കാണത് വഴിവച്ചത്. 

ആ ഞെട്ടലില്‍നിന്നും മോചിതരാകും മുന്‍പേ വീണ്ടും അതുതന്നെ സംഭവിച്ചു. 2001 ആഗസ്റ്റ് 16-ന് മായംകരുമംകുളത്തിനടുത്തെ വീട്ടില്‍ തലേന്ന് മാമോദീസ കഴിഞ്ഞ് ഇറച്ചിപ്പാത്രങ്ങളും മറ്റും കഴുകിയ കടവില്‍ പിറ്റേന്ന് രാവിലെ ഒറ്റയ്ക്ക് കുളിക്കാനായിറങ്ങിയ  ജെയിംസ് നാടാര്‍ ആയിരുന്നു ഇത്തവണത്തെ ഹതഭാഗ്യവാന്‍. അതോടുകൂടി ജനപ്രക്ഷോഭങ്ങള്‍ക്ക് തികച്ചും വന്യമായ മറ്റൊരു മാനം കൈവരികയായിരുന്നു. അന്ന് സംഭവം അറിഞ്ഞെത്തിയ ഞാനുള്‍പ്പെടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുന്നതിലും അസഭ്യവര്‍ഷം ചൊരിയുന്നതിലും കയ്യേറ്റത്തിനു മുതിരുന്നതുവരേയ്ക്കും കാര്യങ്ങള്‍ ചെന്നെത്തി. 

അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ആക്രോശങ്ങളും അസഭ്യവര്‍ഷവും വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ നെയ്യാര്‍ ഡാം പൊലീസിന്റേയും അമ്പൂരി പഞ്ചായത്തിലെ ജനപ്രതിനിധികളുടേയും സമയോചിതമായ ഇടപെടലുകളാണ് ഞങ്ങളെ അന്ന് രക്ഷിച്ചതെന്ന് പറയാതെ വയ്യ. എന്നിരുന്നാലും കൊല്ലപ്പെട്ടയാളിന്റെ മൃതദേഹം വൈകിയും കണ്ടുകിട്ടാത്തത് അപ്പോഴും സാഹചര്യം വല്ലാതെ വഷളാക്കിക്കൊണ്ടിരുന്നു. അവസാനം അപകടകാരിയായ ആ ചീങ്കണ്ണിയെ വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കുന്നതുവരെ ഞങ്ങളെ അവര്‍ സ്വതന്ത്രരാക്കിയതുമില്ല! 

മൃതദേഹവുമായി ചീങ്കണ്ണി മറ്റു ഭാഗത്തേയ്ക്ക് രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കാനായി അപകടം നടന്ന സ്ഥലത്ത് അപ്പോഴേയ്ക്കും റിസര്‍വ്വോയറിനു കുറുകേ ഞങ്ങള്‍ വലകെട്ടിത്തിരിച്ചിരുന്നു. ഏതാണ്ട് അരമണിക്കൂറിന്റെ ഇടവേളയില്‍ ശ്വാസമെടുക്കാനായി ജലോപരിതലത്തില്‍ പൊന്തിയിരുന്ന ചീങ്കണ്ണിയെ പിന്നീട് നെയ്യാറിലെത്തിയ സ്പെഷ്യല്‍ ആംഡ് പൊലീസുകാര്‍ ജലാശയത്തിന്നിരുവശവും തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി അടുത്ത പ്രാവശ്യം ഉയര്‍ന്നപ്പോള്‍ത്തന്നെ വെടിവച്ചുകൊല്ലുകയായിരുന്നു. എന്നാല്‍, പിറ്റേ ദിവസം ഉച്ചയോടുകൂടി മൃതദേഹം ജലോപരിതലത്തില്‍ പൊന്തുമ്പോള്‍ പൊലീസിനും വനംവകുപ്പുദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഓരത്ത് അനാഥമായി വിറങ്ങലിച്ചു കിടന്ന ചീങ്കണ്ണിയുടെ ശവശരീരത്തിനും പുറമേ പരേതന്റെ അടുത്ത കുറച്ച് ബന്ധുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നുവെന്നത് മനുഷ്യരുടെ സ്വാര്‍ത്ഥ ചോദനകളുടെ തിക്തമായ ഒരോര്‍മ്മപ്പെടുത്തലായി ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. 

എന്നിരുന്നാലും ഈ രണ്ട് മരണങ്ങളിലുമുണ്ടായ കേവല സാദൃശ്യത ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. രണ്ട് അപകടങ്ങളിലും ചീങ്കണ്ണിയുടെ കടി ഇരയുടെ തോള്‍ ഭാഗത്തായിട്ടായിരുന്നു. അതായത് ഒരു കാരണവശാലും കയ്യ് വിടുവിച്ചെടുക്കാന്‍ പറ്റാത്ത ഭാഗത്ത്. മുന്‍പ് കൈക്കുഴയിലും മുട്ടിനു കീഴ്പോട്ടുമൊക്കെ ഉണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ ആ ഭാഗം മുറിഞ്ഞുപോയതാകാം ഒരുവേള ജീവഹാനിക്ക് ഇടവരാത്തത്. 

പ്രശ്നപരിഹാരം

2002-ല്‍ നാഷണല്‍ ജ്യോഗ്രഫി ചാനലില്‍നിന്ന് മുന്‍കൂര്‍ തയ്യാറാക്കിയ ചോദ്യാവലിയുമായി അവതാരികയുള്‍പ്പടെയുള്ള ഒരു സംഘം ഓസ്ട്രേലിയയില്‍നിന്ന് ചീങ്കണ്ണികളുടെ ഭീതിദമായ കഥകള്‍ ചിത്രീകരിക്കാനായി അക്കാലത്ത് നെയ്യാറിലെത്തിയിരുന്നുവെന്ന് പറയുമ്പോള്‍ത്തന്നെ സംഭവങ്ങളുടെ ഏകദേശ രൂപം പിടികിട്ടുമല്ലോ. 

എന്തായാലും അതോടുകൂടി വളര്‍ത്തി വലുതാക്കി റിസര്‍വ്വോയറിലേയ്ക്കുവിട്ട 'അപകടകാരികളായ' ചീങ്കണ്ണികളെ പിടിച്ചുമാറ്റുന്നതിനുള്ള തീരുമാനം താല്‍ക്കാലികമായെങ്കിലും വനംവകുപ്പ് കൈക്കൊള്ളുകയുണ്ടായി. കാരണം, ഇനിയും ഒരു അപകടം കൂടിയെന്നത് ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു!

നെയ്യാറിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികള്‍ക്ക്  പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള വനസംരക്ഷണത്തിനായി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വനാശ്രിത സമൂഹത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റികള്‍) റിസര്‍വ്വോയറിലെ അപകടകാരികളായ ചീങ്കണ്ണികളെ പിടിക്കുന്നതിനുള്ള അധികാരം നല്‍കുകയായിരുന്നു തുടര്‍ന്നു ചെയ്തത്. പിടിക്കുന്ന ഓരോ ചീങ്കണ്ണിക്കും പതിനായിരം രൂപാ വീതം ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. കാരണം, മറ്റ് മൃഗങ്ങളെ മാതിരി വെള്ളത്തിനടിയിലെ ചീങ്കണ്ണികളെ നിരന്തരം നിരീക്ഷിച്ചും കൂടുകള്‍ സ്ഥാപിച്ചു കാത്തിരുന്നും പിടികൂടുന്നത് അത്രമേല്‍ അനായാസകരമായ പ്രവൃത്തിയല്ലല്ലോ. 

എന്തായാലും ആ നടപടി ഉടനടി ഫലം കണ്ടുതുടങ്ങി. പ്രശ്നബാധിത പ്രദേശങ്ങളിലെ പുട്ടുകല്ല്, മായം എന്നീ ഇ.ഡി.സികള്‍ ചേര്‍ന്ന് ഒന്‍പതോളം വലിയ ചീങ്കണ്ണികളെത്തന്നെ ഇങ്ങനെ പിടിച്ച് മാറ്റിയതായാണ് ഓര്‍മ്മ. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഇതില്‍ രണ്ടുമൂന്നെണ്ണം ചത്തുപോകുകയുണ്ടായി എന്നിരിക്കിലും ദേശത്തിന്റെ നാലതിരുകള്‍ക്കുമപ്പുറം കൊടിയ നൃശംസതയ്ക്ക് പാത്രീഭവിക്കുമായിരുന്ന നെയ്യാറിലെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് അതോടെ അവസാനമായി എന്നതാണ് സത്യം!

ഇന്ന് റിസര്‍വ്വോയറിലുള്ളവയ്ക്കു പുറമേ മുപ്പതോളം കൂടുകളിലായി 11 ചീങ്കണ്ണികളും നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലിനു സമീപം വ്‌ലാവെട്ടിയിലെ അഗസ്ത്യ പാര്‍ക്കില്‍ 6 എണ്ണവുമാണുള്ളത്. അപൂര്‍വ്വമായെങ്കിലും നെയ്യാറിന്റെ തീരങ്ങളില്‍ ചീങ്കണ്ണികളെ കാണാറുമുണ്ട്. ആക്രമണത്തിന് ഇരയായവര്‍ക്കും അല്ലെങ്കില്‍ അവരുടെ അവകാശികള്‍ക്കും വനംവകുപ്പ് നഷ്ടപരിഹാരത്തിനു പുറമേ താല്‍ക്കാലികാടിസ്ഥാനത്തിലോ സ്ഥിരമായിത്തന്നെയോ തൊഴിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ചില കേസുകളെങ്കിലും നിലവിലുണ്ടായിരുന്നുതാനും!

ഇന്ത്യന്‍ മുതലകള്‍ മൂന്നുവിധം

ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി കാര്യമായ പരിണാമങ്ങള്‍ക്കൊന്നും വിധേയമാകാത്ത ഉരഗജീവികളാണ് മുതലകള്‍ എന്നു പറയാം. മൂന്ന് തരം മുതലകളാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. 

അതിലൊന്നാണ് Fresh water mugger എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ശുദ്ധജലത്തില്‍ മാത്രം വസിക്കുന്ന നെയ്യാറിലെ ചീങ്കണ്ണികള്‍. (ശാസ്ത്രനാമം: Crocodylus palustris). 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ സംരക്ഷണ പ്രാധാന്യമര്‍ഹിക്കുന്ന ഇവയെ ഷെഡ്യൂള്‍ ഒന്നിലാണ് (Schedule I in Wildlife Protection Act, 1972) ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും. ഇന്ത്യയ്ക്കു പുറമേ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഈ ഇനത്തിലെ മുതലകളെ കണ്ടുവരുന്നു.  

രണ്ടാമത്തെ വിഭാഗം Salt water crocodile അഥവാ ഉപ്പുമുതല എന്നറിയപ്പെടുന്നവയാണ്. ഇവ ഇന്ത്യയുടെ കിഴക്കന്‍ മേഖലകളിലും ഓസ്ട്രേലിയ, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കാണപ്പെടുന്നു. (ശാസ്ത്രനാമം: Crocodylus porosus).  

Gharial അഥവാ മീന്‍മുതല എന്നറിയപ്പെടുന്നവയാണ് മൂന്നാമത്തെ ഇനം. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഗംഗ, ബ്രഹ്മപുത്ര, മഹാനദി എന്നീ നദികളിലാണിവ കാണപ്പെടുന്നത്. മുതലകളില്‍ ഏറ്റവും നീളം കൂടിയവയും ഇവയാണ്. (ശാസ്ത്രനാമം: Gavialis gangeticus).

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com