വ്യവസ്ഥകളോടുള്ള സമരം

രഹന ഫാത്തിമമാരെ സൃഷ്ടിക്കുന്നതും സമൂഹവ്യവസ്ഥകളാണ് എന്നത് സമൂഹവും അധികാരകേന്ദ്രങ്ങളും മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
വ്യവസ്ഥകളോടുള്ള സമരം

ഹന ഫാത്തിമ: ശരീരം സമരം സാന്നിധ്യം' എന്ന ശീര്‍ഷകത്തില്‍ ഗൂസ്‌ബെറി ബുക്‌സ് പബ്ലിഷ് ചെയ്ത പുസ്തകത്തില്‍, രഹന ഫാത്തിമയുടെ നേര്‍മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ തുറന്നുപറച്ചിലില്‍ വായനക്കാരുടെ പരമാവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തന്നാലാവുംവിധം സത്യസന്ധതയോടെ മറുപടി നല്‍കാന്‍ രഹന ഉദ്യമിച്ചു എന്നുവേണം കരുതാന്‍. വീക്ഷണകോണുകളില്‍ വ്യത്യാസങ്ങള്‍ വന്നിരിക്കാം; വായനക്കാര്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. ജനം വീക്ഷിച്ച, വിയോജിച്ച ചിന്തകളോടും ചെയ്തികളോടും തന്റെ ഭാഗത്തുനിന്ന് മറയില്ലാതെ വിശദീകരിക്കാന്‍ രഹന ഫാത്തിമ ശ്രമിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാതെ തരമില്ല. പുരുഷനോ സ്ത്രീയോ ഭിന്നലിംഗക്കാരോ എന്ന ഭേദമില്ലാതെ, ശരീരം സ്വാതന്ത്ര്യപ്രകടനത്തിനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് എന്ന തിരിച്ചറിവ് രഹന ഫാത്തിമയെപ്പോലെ എല്ലാവരും ഉള്‍ക്കൊള്ളണമെന്നില്ല; എന്നുവെച്ച് അത് അപ്പാടെ നിരാകരിക്കാനും കഴിയുന്നതല്ല എന്നിടത്താണ് വിയോജിപ്പുകള്‍ ശക്തമാകുന്നത്. 

സ്ത്രീയുടെ ശാരീരിക ആവശ്യങ്ങളെപ്പറ്റിയും പ്രണയത്തെപ്പറ്റിയും ധീരതയോടെ തുറന്നെഴുതാന്‍ ധൈര്യം കാണിച്ച ആദ്യത്തെ എഴുത്തുകാരി മാധവിക്കുട്ടിയാണെന്നു പറയേണ്ടിവരും. അതിന്റെ ഫലമായി സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും ഒരുപാട് എതിര്‍പ്പുകളും അവഹേളനങ്ങളും സഹിച്ചും എഴുത്തില്‍ ധീരമായി മുന്നേറാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ 'എന്റെ കഥ' യാഥാര്‍ത്ഥ്യത്തേക്കാള്‍ ഭാവനയാണെന്ന് മാറ്റിപ്പറയേണ്ട ഘട്ടവും അവര്‍ക്ക് നേരിടേണ്ടിവന്നു എന്നതാണ് എഴുത്തുകാരിയുടെ അന്നത്തെ ദുര്‍ഗതി. പിന്നീട് ഏതാനും സ്ത്രീ എഴുത്തുകാര്‍ ശാരീരികലൈംഗിക  ആവശ്യങ്ങളും അനുഭവങ്ങളും തുറന്നെഴുതാന്‍ തയ്യാറായി. ഈയിടെ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച മായ എസ്. എഴുതിയ 'ശീലാവതികള്‍' എന്ന നോവലില്‍ മെന്‍സെസിനെക്കുറിച്ചും സ്ത്രീകള്‍ക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന 
സ്വയംഭോഗത്തിന്റെ ആവശ്യകതയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഓര്‍ഗാസം അനുഭവിക്കുക പോയിട്ട് അതിനെക്കുറിച്ച് പരാമര്‍ശിക്കാനോ എഴുതാനോ പോലുമുള്ള അവകാശം സ്ത്രീക്ക് സമൂഹം നല്‍കുന്നില്ല. ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയില്‍ ഭാര്യ 'ഫോര്‍പ്ലേ'യെക്കുറിച്ച് പറയുന്നതുപോലും അസഭ്യമായി കണക്കാക്കുന്ന ഭര്‍ത്താവിന്റെ അതേ മനോഭാവം ആണല്ലോ സമൂഹത്തിന്റേതും. 

കൊടും ദാരിദ്ര്യം ഒരുവശത്ത്... അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ സങ്കടങ്ങളും, 'ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചത് എന്ന നാട്ടുകാരുടെ ചോദ്യം ചെയ്യല്‍ കേട്ടുള്ള അമ്മയുടെ മനോനില തെറ്റലും എല്ലാം മൂത്ത മകളായ രഹന ഫാത്തിമയുടെ ജീവിതമാണ് കുട്ടിച്ചോറാക്കിയത്. മൂന്നുമൂന്നര വയസ്സുവരെ വീട്ടിലെ ജനല്‍കമ്പിയില്‍ തുടലില്‍ കെട്ടിയിട്ട് വളര്‍ത്തപ്പെട്ടവള്‍...'(പേജ് 21). ചേച്ചിയുടെ അശ്രദ്ധ മൂലം അനുജത്തിയുടെ തല ഭിത്തിയില്‍ ഇടിച്ചപ്പോള്‍ അരിശം മൂത്ത് പച്ചമുളക് അരച്ചെടുത്ത് യോനിയില്‍ തേച്ച അമ്മയെ അവള്‍ ഭയപ്പെട്ട് ജീവിച്ചു. 'വേലിചാടുന്ന പെണ്ണുങ്ങളുടെ യോനിയില്‍ മുളക് അരച്ച് തേച്ച് ശമിപ്പിക്കണമെന്ന ആണ്‍ വര്‍ത്തമാനം' അമ്മ പ്രയോഗികമാക്കിയപ്പോള്‍ തളരാതെ നിരന്തരം വേലികള്‍ ചാടിക്കൊണ്ടേയിരിക്കാന്‍ അവളില്‍ വാശിയേറിക്കാണും. തിക്തമായ ബാല്യകാലാനുഭവങ്ങള്‍ 'തന്റേടിയായ' രഹന ഫാത്തിമയെ മെനഞ്ഞെടുക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍.  

വിലക്കുകളുടെ ഓത്തുപള്ളി

'അക്ഷരങ്ങളില്‍നിന്നും അറിവില്‍നിന്നും നിര്‍ബ്ബന്ധിത അകലം പാലിച്ച് വീട്ടുജോലികളുടെ ആവര്‍ത്തനങ്ങളില്‍ യന്ത്രമായി പരിണമിച്ച് സ്വയം നഷ്ടപ്പെട്ട എന്റെ ഉമ്മ ഒരുകാലത്തെ മുസ്‌ലിം സ്ത്രീകളുടെ പരിച്ഛേദമാണ്.' (പേജ് 25). അള്ളാഹു പ്രവാചകന് നല്‍കിയ ആദ്യ പ്രബോധനം 'വായിക്കൂ' എന്ന് രഹന ഫാത്തിമ സമര്‍ത്ഥിക്കുന്നു. വിശുദ്ധ ഖുറാന്‍ പകര്‍ത്തി എഴുതാന്‍ പ്രവാചകനെ സഹായിച്ചത് ഭാര്യ ആയിഷയാണ്. ആദ്യകാലങ്ങളില്‍ കോളേജില്‍ പഠിക്കാന്‍ വന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിപ്പില്‍ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാതെ പുയ്യാപ്ലളയെ സ്വപ്നം കണ്ട് കല്യാണം വരെ കഴിയലായിരുന്നു എന്നതാണ് അനുഭവം. എന്നാല്‍, ഇക്കാലത്ത് വാശിയോടെ പഠിച്ച് യൂണിവേഴ്‌സിറ്റി റാങ്കുകള്‍ വരെ കരസ്ഥമാക്കുന്ന മുസ്‌ലിം യുവതികളെയാണ് കാണുക. പ്രവാചകന്റെ പ്രബോധനം അവര്‍ സ്വീകരിച്ചു എന്നതില്‍ അഭിമാനിക്കാവുന്നതാണ്.  'അറിവ് നിഷേധിക്കുന്നത് ചൂഷണത്തിനുള്ള, അടിച്ചമര്‍ത്തലിനുള്ള ആദ്യപടിയാണ്' എത്ര തീക്ഷ്ണമായ വാക്കുകളാണിത്. രാത്രിയില്‍ ബെഡ്ഡിന്റെ അടിയില്‍ കിടന്ന് കഥാപുസ്തകങ്ങള്‍ വായിച്ചിരുന്ന കുട്ടി രണ്ടുതവണ ജയിലില്‍ കിടന്നപ്പോഴും വായിക്കാന്‍ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് ശ്രദ്ധേയമായ വസ്തുതയാണ്. 

സ്‌കൂളിലേക്കാള്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ കൂടുതല്‍ ഓത്തുപള്ളിയിലാണ്. കൂട്ടുകാരുമൊത്ത് ക്ഷേത്രത്തില്‍ പോയത് ഓത്തുപള്ളിയില്‍ അറിഞ്ഞപ്പോള്‍ ഉസ്താദ് നിഷ്ഠൂരമായി നിര്‍ത്താതെ ചാട്ടവാറടി പ്രയോഗമാണ് നടത്തിയത്. അന്ന് അല്ലാഹുവിന്റെ ആലയത്തിന്റെ പടിയിറങ്ങുമ്പോള്‍ നിറകണ്ണുകളോടെ പരമകാരുണ്യവാന്റെ മിനാരത്തിലേക്ക് അവസാനമായി അവള്‍ നോക്കി. പൊന്‍കുന്നം വര്‍ക്കിയുടെ കഥയില്‍ പുരോഹിതന്‍ പള്ളിയില്‍വെച്ചു അദ്ദേഹത്തെ പള്ളിയില്‍നിന്നു പുറത്താക്കുന്ന 'മഹറോന്‍' ശിക്ഷയുടെ പ്രഖ്യാപനം വായിച്ചുകഴിഞ്ഞപ്പോള്‍ അവസാനമായി ക്രൂശിതരൂപം കാണാന്‍ പരിശ്രമിച്ചെന്നും ഭീമാകാരമായ വൈദികന്റെ ശരീരം മറച്ചതുമൂലം കര്‍ത്താവിനെ കാണാന്‍ കഴിഞ്ഞില്ലെന്നും എഴുതിയത് സമാന അനുഭവം തന്നെ. 

'ദീര്‍ഘകാലം ശരീരം കെട്ടിയിടപ്പെടുക, ശരീരത്തിന്റെ ചലനം തടയപ്പെടുക, ഇതിലൂടെയൊക്കെ കടന്നുപോയ ഒരു കുട്ടിയായ എനിക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം ശരീരത്തിന്റെ സ്വാതന്ത്ര്യം എന്നല്ലാതെ മറ്റൊന്നും ചിന്തയില്‍ വന്നിരുന്നില്ല' (പേജ് 31). സ്ത്രീകള്‍ രതിസുഖം അനുഭവിക്കേണ്ടതില്ലെന്നും കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മാത്രം ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ മതി എന്നുമുള്ള സമൂഹത്തിലെ ആണധികാര ചിന്തയാകാം FEMALE GENITAL MUTILATION (FGM) എന്ന നിര്‍ബ്ബന്ധിത പ്രക്രിയ ആഫ്രിക്കയിലെ മുപ്പതോളം രാജ്യങ്ങളിലേയും മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലും നിലവില്‍ വന്നത്. ബാല്യം മുതല്‍ 15 വയസ്സുവരെയുള്ള 200 മില്യണ്‍ പെണ്‍കുട്ടികള്‍ ഇതിനു ഇരകളായി ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. 

പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും നേരെയുള്ള മനുഷ്യാവകാശ ലംഘനമാണ് ഇതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! 

ഈയിടെ വാരിസ് ദിരീ (WARIS DIRIE) എന്ന സൊമാലിയന്‍ മോഡല്‍ യുവതിയുടെ പ്രതിഷേധ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 'അപരിച്ഛേദിത പെണ്‍മകള്‍ വൃത്തികെട്ടവള്‍ ആണ്' എന്നാണ് അവിടങ്ങളിലെ കണ്ടെത്തല്‍. 

ആ മോഡലിന്റെ സഹോദരിമാര്‍, ഭര്‍ത്തൃവീട്ടിലെ ക്രൂരമായ പരിച്ഛേദന പ്രവര്‍ത്തനത്തിലെ രക്തസ്രാവം മൂലം മരണമടഞ്ഞത് ദുഃഖത്തോടെയും രോഷത്തോടെയുമാണ് അവള്‍ വിവരിക്കുന്നത്. ഈ കാടത്ത ആചാരത്തെ പ്രതികാര മനസ്സോടെയാണ് ശക്തരായ സ്ത്രീകള്‍ സമീപിക്കുന്നത്. അതാണ് രഹന ഫാത്തിമയുടെ ജീവിതത്തിലും സംഭവിച്ചത് എന്നുവേണം മനസ്സിലാക്കാന്‍.  

മര്‍ദ്ദിക്കപ്പെട്ട ശരീരത്തെ സ്‌നേഹിക്കാനും  ലോകത്തെ കാണിക്കാനും പീഡിപ്പിക്കപ്പെട്ട ഉടലില്‍ കാമുകചുംബനങ്ങള്‍ ഏറ്റുവാങ്ങാനും പച്ചമുളക് എരിഞ്ഞ യോനിയില്‍ അമൃതധാര ഏറ്റുവാങ്ങാനും ശരീരത്തെ ആഘോഷിച്ച് നീതി നേടാനും അവള്‍ കൊതിച്ചുകൊണ്ടിരുന്നു. 

റിയല്‍ എസ്‌റ്റേറ്റ് ഓഫീസിലേയും ഹോള്‍സെയില്‍ കടയിലേയും ജോലികള്‍ക്കിടയില്‍ ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍ അവള്‍ക്കു അനുഭവിക്കേണ്ടിവന്നു. സി.ഡി കടയില്‍ ജോലി ചെയ്യുമ്പോള്‍ ഒന്നര വര്‍ഷത്തോളം കൂട്ടുകാരനായ മനുവിന്റെ കൂടെ മുറി പങ്കിടേണ്ടിവന്നു. ഇടയ്‌ക്കൊക്കെ ശാരീരികബന്ധം സംഭവിച്ചിരുന്നു എന്ന് തുറന്നെഴുതാനുള്ള ആര്‍ജ്ജവം ഫാത്തിമ കാണിക്കുന്നുണ്ട്. ശ്വാസം പോലെ, വിശപ്പും ദാഹവും പോലെ ലൈംഗികത ശരീരത്തിന്റെ ആവശ്യമാണെന്നാണ് അവളുടെ കണ്ടെത്തല്‍. സി.ഡി റിക്കോര്‍ഡിങ്ങ് വരുമാനം തികയാതെ വന്നപ്പോള്‍ തട്ടുകട നടത്തുക എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭക എന്ന നിലയില്‍ ഒരുപാട് മണ്ഡലങ്ങള്‍ കീഴടക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് ഫാത്തിമയ്ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ്. ഏതു തട്ടകത്തിലും 'പൂര്‍ണ്ണമായ സമര്‍പ്പണം' അവള്‍ക്കു നിര്‍ബ്ബന്ധമായിരുന്നു, അബ്ബായുടെ മരണത്തെത്തുടര്‍ന്ന് ബി.എസ്.എന്‍.എല്ലില്‍ കിട്ടിയ ജോലിയുടെ ആദ്യശമ്പളം അമ്മയെ ഏല്പിക്കാന്‍ അവള്‍ മുന്‍കയ്യെടുത്തു. പക്ഷേ, വൈകാതെ അവള്‍ പൊലീസ് സ്‌റ്റേഷന്‍ കയറേണ്ടിവന്നു. അമ്മയാണ് പരാതിക്കാരി എന്ന വസ്തുത അക്ഷരാര്‍ത്ഥത്തില്‍ അവളെ പരിഭ്രാന്തയാക്കി.

ശരീരം രാഷ്ട്രീയം പറയുമ്പോള്‍

മുസ്‌ലിം ആയി ജനിച്ചു എന്നതില്‍ കവിഞ്ഞ് ഒരു മതവും അവളെ തളച്ചിടാന്‍ അവള്‍ സ്വയം സമ്മതിച്ചില്ല. ക്രിസ്തീയ ദേവാലയങ്ങളിലും അമ്പലങ്ങളിലും അവള്‍ പ്രവേശിച്ച് ദൈവാരാധന നടത്തി. സൂര്യഗായത്രി എന്ന പേരില്‍ ഗുരുവായൂര്‍ അമ്പലദര്‍ശനവും അവള്‍ക്കു സിദ്ധിച്ചിരുന്നു. ശബരിമലക്കയറ്റം വെറും ആക്ടിവിസം അഥവാ ശ്രദ്ധ ക്ഷണിക്കല്‍ ആയിരുന്നില്ല എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. 

കൂട്ടിക്കൊടുപ്പുകാരി, വേശ്യ എന്നിങ്ങനെയുള്ള തെറിവിളികള്‍ നാട്ടിലും സോഷ്യല്‍ മീഡിയയിലും ഫാത്തിമയ്ക്ക് പുത്തരി അല്ലായിരുന്നു. തിരിച്ചും തെറിവിളിച്ചാലെ അവയ്ക്ക് അല്പമെങ്കിലും ശമനം ഉണ്ടാകൂ എന്നവള്‍ തിരിച്ചറിഞ്ഞു. ഒപ്പം അവള്‍ തലയുയര്‍ത്തി നടന്നു; അവളുടെ അബ്ബാ പറഞ്ഞിട്ടുണ്ട് തെറ്റ് ചെയ്യാത്തിടത്തോളം തല കുനിക്കരുത് എന്ന്. അങ്ങനെ തല ഉയര്‍ത്തി നടക്കുമ്പോള്‍ ശിക്ഷിക്കുന്നവരാണ് സ്വയം ശിക്ഷിക്കപ്പെടുന്നത് എന്ന് ആല്‍ബെര്‍ട്ട്  കാമുവിന്റെ 'The Myth of Ssiyphus'
എന്ന പുസ്തകത്തിലൂടെ അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. വസ്ത്രധാരണം സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന കണ്ടെത്തല്‍ ബിക്കിനി മോഡലിങ്ങിലേക്ക് അവളെ ചെന്നെത്തിച്ചു. ലൈംഗിക ദാരിദ്ര്യം ഉള്ള നമ്മുടെ നാട്ടില്‍ 'ഡേറ്റിങ് ഗ്രൂപ്പുകള്‍' ആരംഭിക്കാനും അവള്‍ മുന്‍കയ്യെടുത്തു. 2016ല്‍ പുലിക്കളിയിലും ഒരു പെണ്‍പുലിയായി രംഗപ്രവേശം ചെയ്യാന്‍ ഫാത്തിമയ്ക്ക് കഴിഞ്ഞു. കളരിയില്‍ പരിശീലനം നേടാന്‍ ചെന്നെങ്കിലും പരാജയം ഏറ്റുവാങ്ങാന്‍ അവള്‍ വിധിക്കപ്പെട്ടു. ഗുസ്തിയില്‍ ഒരു കൈനോക്കാനുള്ള ഉദ്യമം അവള്‍ക്ക് തുണയായി ഭവിച്ചു. ഫാത്തിമ കൈവെയ്ക്കാത്ത തട്ടകം ഒന്നുമില്ല എന്നു പറയേണ്ടിവരും. 

ബോഡി പൊളിറ്റിക്‌സ് പ്രകാരം രാഷ്ട്രീയം പറയാനുള്ള ടൂള്‍ ആണ് ശരീരം. 'പുരുഷശരീരത്തിന് ഇല്ലാത്ത അശ്ലീലമൊന്നും സ്ത്രീശരീരത്തിനില്ല' എന്നതാണ് ഫാത്തിമയുടെ ബോധ്യം. ഒരിക്കല്‍ പങ്കെടുത്ത ഫാഷന്‍ ഷോ പൊലീസ് റെയ്ഡിലാണ് ചെന്നെത്തിയത്. നടത്തിപ്പുകാരന്‍ ഡ്രഗ്‌സിന് അടിമപ്പെട്ടിരുന്നു എന്നതാണ് കാരണമായത്. വേറൊരിക്കല്‍ 'മാവോയിസ്റ്റ്' എന്ന് മുദ്രകുത്തപ്പെട്ടു. ചുംബനസമരത്തിലും മനുവിനോടൊപ്പം രഹന ഫാത്തിമയും പങ്കെടുക്കുകയുണ്ടായി. 

'അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയും കപടസദാചാരവും അഭിസംബോധന ചെയ്യപ്പെടുക, തുറന്നുകാണിക്കപ്പെടുക എന്ന ധര്‍മ്മമാണ് കിസ്സ് ഓഫ് ലൗ മൂവ്‌മെന്റ് ചെയ്തത്.' കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട കിസ്സ് ഓഫ് ലൗവില്‍ പങ്കെടുക്കാനെത്തിയ രഹന ഫാത്തിമയേയും മനുവിനേയും പ്രിവെന്റീവ് അറസ്റ്റ് എന്ന പേരില്‍ അറസ്റ്റ് ചെയ്ത് നീക്കി. 

'ഏക' എന്ന സിനിമയും ആ തട്ടകത്തിലേക്കുള്ള ഫാത്തിമയുടേയും കൂട്ടരുടേയും കാല്‍വെയ്പായിരുന്നു. ആ സിനിമ ഒരു വിജയം ആയില്ലെങ്കിലും അവസാനം വരെ പൊരുതി നില്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നു. കഥാപാത്രം ആവശ്യപ്പെടുന്ന നഗ്‌നതയില്‍ അഭിനയിക്കാന്‍ കേരളത്തിലെ നടികള്‍ ധൈര്യപ്പെട്ടില്ല. അഭിനയം തനിക്ക് വഴങ്ങില്ലെന്ന് അറിഞ്ഞിട്ടും മറ്റൊരു നിവൃത്തിയും ഇല്ലാഞ്ഞതിനാല്‍, അതിനും ഫാത്തിമ തന്നെ ഒരുമ്പെട്ടിറങ്ങി. നഗ്‌നത എന്നാല്‍ നിഷ്‌കളങ്കത എന്നാണ് സംവിധായകന്‍ അര്‍ത്ഥമാക്കുന്നത്. ഒടുവില്‍ ഏക ക്രൂരമായാണ് സെന്‍സര്‍ ചെയ്യപ്പെട്ടത്. പിന്നീട് ബി.എസ്.എന്‍.എല്ലിലെ ജോലി നഷ്ടപ്പെടാന്‍ ഏകയിലെ നഗ്‌നതയിലുള്ള അഭിനയവും ഒരു കാരണമായി. 

ശബരിമല വിഷയം പിന്നീട് കത്തിക്കാളുകയുണ്ടായി. മനുവിന്റെ അമ്മയോടൊപ്പം മുന്‍പ് മുസ്‌ലിമായ രഹനയുടെ ഉമ്മ ശബരിമല കയറിയിരുന്നു. കോടതിവിധിയുടെ പിന്‍ബലത്തില്‍, ഗുരുവായൂര്‍ അമ്പലത്തില്‍ പോയതുപോലെ ശബരിമല ദര്‍ശനത്തിനും രഹന ഫാത്തിമ മുന്നിട്ടിറങ്ങി. അങ്ങനെ അവരുടെ കാര്യത്തില്‍ കോടതിവിധിയും വെറും നോക്കുകുത്തിയായി. സംഘികള്‍ അവരെ സി.പി.എംകാരിയാക്കി; കമ്യൂണിസ്റ്റുകള്‍ അവളെ സംഘിയാക്കി; മറ്റുള്ളവര്‍ മാവോയിസ്റ്റ്, ആക്റ്റിവിസ്റ്റ് എന്നൊക്കെ മുദ്രകുത്തി. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ കുറ്റം ചാര്‍ത്തി അവള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അങ്ങനെ രഹന ഫാത്തിമ സുപ്രീം കോടതി വിധിയുടെ രക്തസാക്ഷിയായി. 

അധികം വൈകാതെ കുട്ടികള്‍ അമ്മയുടെ നഗ്‌നശരീരത്തില്‍ ചിത്രം വരച്ച പോര്‍ണോഗ്രാഫിക്ക് കേസ് സംജാതമായി. 

ആ കേസും അവളെ ജയിലിലേക്ക് ആനയിച്ചു. മക്കള്‍ പോണ്‍ സൈറ്റിലെ വടിവൊത്ത ആര്‍ട്ടിഫിഷ്യല്‍ സ്ത്രീശരീരങ്ങളേക്കാള്‍ സ്വന്തം അമ്മയുടെ ശരീരം കണ്ടാണ് വളരേണ്ടത് എന്നാണ് ഫാത്തിമയുടെ പക്ഷം. ഇളയ മകന്‍ ഒരു സ്ത്രീയുടെ ബ്രെസ്റ്റ് കാണണം എന്ന ആഗ്രഹം സ്വന്തം അമ്മയെ അറിയിച്ചപ്പോള്‍ അത് കാണിച്ചുകൊടുത്ത ഒരു പ്രൊഫസര്‍ അമ്മയെ എനിക്കറിയാം. 

ആ സ്ത്രീ അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്താഞ്ഞതിനാല്‍ ശിക്ഷിക്കപ്പെടാതെ പോയതാകാം. പുരുഷാധിപത്യ കപടസംസ്‌കാര സമൂഹത്തിന്റെ മുന്നില്‍ അത് ലൈംഗികപ്രവൃത്തിയാണ്. തെയ്യത്തിനോ പുലിക്കളിക്കോ പിതാവിന്റെ ശരീരത്തില്‍ പെണ്‍മക്കള്‍ വരക്കുന്നതിനെ ചിത്രപ്പണിയോ കലയോ ആയി സമൂഹത്തിനു കാണാന്‍ കഴിയുന്നു; എന്നാല്‍ സ്ത്രീശരീരത്തിലാണെങ്കില്‍ അത് ലൈംഗികതയാണ്. പുരുഷന്റെ ലിംഗം മാത്രമാണ് ലൈംഗികത; സ്ത്രീശരീരം മൊത്തം ലൈംഗികതയാണ് എന്നാണ് സമൂഹവ്യവസ്ഥ വിലയിരുത്തുന്നത്. ശരീരത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന രഹന ഫാത്തിമ ഇതെല്ലാം ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതകളായി കാണുന്നു. 

വ്യവസ്ഥകളോടുള്ള സമരമാണ് രഹന ഫാത്തിമയുടെ ജീവിതം ഉടനീളം. സമൂഹവ്യവസ്ഥകളാണ് അവരെ സൃഷ്ടിക്കുന്നത്. AFSPA മൂലം മണിപ്പൂരിലെ നാട്ടില്‍ അരങ്ങേറിയ പട്ടാളക്രൂരത എറോം ശര്‍മ്മിളയെ സൃഷ്ടിച്ചു; പൂര്‍ണ്ണനഗ്‌നരായ മണിപ്പൂരി സ്ത്രീകളുടെ പട്ടാളക്യാമ്പിലേക്കുള്ള മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടു. രഹന ഫാത്തിമമാരെ സൃഷ്ടിക്കുന്നതും സമൂഹവ്യവസ്ഥകളാണ് എന്നത് സമൂഹവും അധികാരകേന്ദ്രങ്ങളും മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! അവരുടെ കാഴ്ചപ്പാടുകളും മനോനിലപാടുകളും മനസ്സിലാക്കാന്‍ ഈ നേര്‍മൊഴികള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com